Friday, September 13, 2019

ഗുരു മൂന്നാംകിട ദൈവമല്ല, ഒന്നാംകിട മനുഷ്യന്‍

ഒരു കാല്‍നൂറ്റാണ്ടു മുന്നേയുള്ള നാടിനെ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ
മാറിയ സാമൂഹികാവസ്ഥയും പുതിയസമവാക്യങ്ങളും നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ ചിന്തകളെ റീവൈന്‍ഡ് ചെയ്ത് ജാതീയമായ സാമൂഹികക്രമത്തെയും നാട്ടുജീവിതത്തെയും വീണ്ടെടുക്കുമ്പോഴാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ ശ്രീനാരായണഗുരുവിന്റെ പങ്ക് കാണാനാവുക. ഓര്‍ക്കണം, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറാമെന്നതിന് ഒരു രാജവിളംബരം വേണ്ടിവന്ന നാടാണിത് - 1936 ക്ഷേത്രപ്രവേശന വിളംബരം.

മലയാളഭാഷയില്‍, ഞാന്‍ വായിച്ച ഏറ്റവും ഹൃദ്യമായ വരികള്‍
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍'
എന്നതാണ്. 
ആശാനും ഗുരുവും സമ്മേളിച്ച കാലാതീതമായ വരികള്‍. ആശാന്റെ ഭാവനാലോകവും ഗുരുവിന്റെ ചിന്താലോകവും ചേര്‍ത്തു വാറ്റിയെടുത്ത പകരം വെയ്ക്കാനില്ലാത്ത വരികള്‍. മഠങ്ങളുടെ ചുവരുകളിലല്ല, കേരളത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളുടെ ചുവരുകളിലും ആളുകളെ സ്വാഗതം ചെയ്യേണ്ട വരികളാണവ, മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും ചില്ലിട്ടുവെയ്‌ക്കേണ്ട വരികള്‍.

1968ല്‍ കറുത്തവരുടെ പൗരാവകാശങ്ങള്‍ക്കായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, അദ്ദേഹം കൊലചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പ് ടെന്നസിയില്‍ നടത്തിയ പൗരാവകാശ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ ബാനര്‍ 'ഞാനൊരു വ്യക്തിയാണ്,.  മനുഷ്യന്‍' എന്നാണ്. അതിനും വര്‍ഷങ്ങള്‍ മുന്നേയായിരുന്നു ഗുരു ഇവിടെ അതേ പ്രഖ്യാപനം നടത്തിയത്. ഈ ലോകത്ത് കാലത്തിനു മുന്നേ നടന്ന പ്രതിഭകളില്‍ ഒരാളാണു ഗുരു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ കാല-ദേശാതീതമാവുന്നത്.

ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട - അതായത് നാലുജാതികള്‍ ഉണ്ടാക്കിയതു ഞാനാണ് എന്നു ഭഗവാനെക്കൊണ്ടു ബ്രാഹ്മണന്‍  പറയിച്ചു കൂട്ടിച്ചേര്‍ത്തതായി കുട്ടികൃഷ്ണമാരാര്‍ പറഞ്ഞ ആ ഗീതാവാക്യത്തിനുള്ള കൃത്യമായ മറുപടികളാണ് താഴെയുള്ള താഴെയുള്ള ഗുരുവചനങ്ങളത്രയും.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

ജാതിക്കുമപ്പുറം മതത്തിന്റെ വേലിക്കെട്ടുകള്‍ കൂടി തകര്‍ത്തെറിഞ്ഞു പുതിയ സമൂഹ സൃഷ്ടിയുടെ സ്വപ്‌നമാണ്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ്ിത്
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

എന്നീ പ്രഖ്യാപനങ്ങളില്‍...

അവിടെ നിന്നും ഗുരുചിന്തകള്‍ വീണ്ടും മുന്നോട്ടു പോവുകയാണ് - വിശ്വാസമല്ല, അറിവാണ് ആയുധമെന്ന പ്രഖ്യാപനത്തിലേയ്ക്ക്, ശക്തമായ സംഘടനകളുടെ തിരുത്തല്‍ ശേഷിയിലേക്ക്, സാമ്പത്തിക പുരോഗതിയിലൂടെയുള്ള സാമൂഹികവിപ്ലവത്തിലേയ്ക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുവാനും സംഘടനകൊണ്ടു ശക്തരാകുവാനും പ്രയത്‌നം കൊണ്ടു സമ്പന്നരാകുവാനും ഗുരു ഉപദേശിച്ചു.

ഏതുവഴിയിലൂടെയും സമ്പന്നരാവാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന കാലമാണ്.  സമ്പത്തുകൊണ്ടു എല്ലാ കൊള്ളരുതായ്മകളെയും റദ്ദുചെയ്യാവുന്ന കാലവുമാണ്. ആ കാലത്ത് പ്രയത്‌നത്തില്‍ മാത്രം ഊന്നിയ സാമ്പത്തിക ഉന്നമനം, സമ്പദ്‌സൃഷ്ടി എന്നതു എന്തുമാത്രം പ്രസക്തവും സുന്ദരവുമായ ആശയമാണ്. സായിപ്പിന്റെ കൊട്ടിഘോഷിക്കുന്ന കോണ്‍ഷ്യസ് കാപ്പിറ്റലിസം വേറെയെന്താണ്? 

സമ്പത്തിനോടോ സുഖജീവിതത്തിനോടോ മമതയില്ലാത്ത ഒരു യോഗിയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ അവസാന പ്രഖ്യാപനം. എല്ലാ പ്രവാചകരെയും പരീക്ഷിക്കാനായി ദൈവം കുറച്ചു ശിഷ്യരെ അങ്ങോട്ടയച്ചുകൊടുക്കും എന്നു പറഞ്ഞതാരാണെന്നറിയില്ല. അജ്ജാതി ശിഷ്യരെ കൊണ്ടു പൊറുതിമുട്ടിയ പ്രവാചകന് ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു വിളംബരം പുറപ്പെടുവിപ്പിക്കേണ്ടിവന്നതും ചരിത്രം. ക്ഷേത്രത്തില്‍ ജാതിഭേദമന്യേ പ്രവേശിക്കാമെന്ന ആ രാജവിളംബരം പോലെ താന്‍ ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന ഗുരുവിളംബരവും നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഒരുജാതി ഒരുമതത്തില്‍ നിന്നും മതാതീതനായി ഉയര്‍ന്ന ഗുരുവാണ് വിളംബരത്തില്‍.

കാലത്തിനുമുന്നേ, അത്യുന്നതങ്ങളില്‍ സഞ്ചരിക്കുന്നവരെ എത്തിപ്പിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍, വലിച്ചു താഴെയിട്ടു നമുക്കൊപ്പം നടത്തിക്കുന്നതാണ് നടപ്പുരീതി. 'ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം'' എന്ന അയ്യങ്കാളി വചനത്തോടെ, ഗുരുസ്മരണ മുഴുമിപ്പിക്കുന്നു.

Wednesday, August 21, 2019

പെണ്ണിന്റെ വഴിവിട്ടജീവിതം Vs പുരുഷുവിന്റെ കൈവിട്ടകളി

സ്വയം എങ്ങിനെ ജീവിക്കണം എന്നറിയില്ലെങ്കിലും മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കണം എന്നു നല്ല ബോധ്യമുള്ള മഹാന്‍മാരെയാണ് നമ്മള്‍ സദാ-ചാരന്‍മാര്‍ എന്നുവിളിയ്ക്കുക. അവര്‍ക്കറിയാവുന്ന ഏക പണിയാണ് ഒളിച്ചുനോട്ടം. ഈ സമൂഹത്തില്‍ ഭൂരിപക്ഷവും അങ്ങിനെയുള്ളവരാവണം. അല്ലെങ്കില്‍ വഫയുടെ വഴിവിട്ട ജീവിതം എന്നൊരു തലക്കെട്ടു വായിക്കേണ്ടിവരില്ലായിരുന്നു.


വഴിവിട്ട ജീവിതം എന്നാല്‍ എന്താണ്?  സ്വകാര്യസ്വത്തു സമ്പാദനകാലം തുടങ്ങിയതുമുതല്‍ അതു നിലനിര്‍ത്താനും വളര്‍ത്താനുമായി അന്നത്തെ വിവരം വച്ചു മനുഷ്യര്‍ കണ്ടെത്തി നിശ്ചയിച്ച ചില വഴിയുണ്ട്. കൂട്ടത്തിലുള്ള മനുഷ്യര്‍ക്കു സദാ ചരിക്കുവാനായി സദാചാരത്തിന്റെ ഒരു നാട്ടുപാത. കൂട്ടം തെറ്റി സ്വന്തം പാത വെട്ടി നടന്നവര്‍ പണ്ടേയുണ്ട്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ആനത്താരകള്‍ ഉണ്ട്. ഒറ്റയാനു സ്വന്തം വഴി വേറയുമുണ്ട്.

എന്തിനേറെ, ഒരു അര നൂറ്റാണ്ടുമുന്നേ മനുഷ്യന്‍ ജീവിക്കാനായി ചിലവിട്ട കാശ് എന്തിനൊക്കെ വേണ്ടിയായിരുന്നു?  ഇന്നു ചിലവാക്കുന്നതില്‍ എത്ര സംഗതികള്‍ അന്നുണ്ടായിരുന്നു? അരിയും തുണിയും പൊരയും - അതിനു തികയാത്തതായിരുന്നു അന്നത്തെ മഹാഭൂരിഭാഗത്തിന്റെയും വരുമാനം. ഇതു മൂന്നിനുമായി ചിലവാക്കുന്നതിന്റെ എത്ര ഇരട്ടിയാണ് അവരുടെ മക്കളിന്നു മറ്റാവശ്യങ്ങള്‍ക്കായി ചിലവിടുന്നത്?  ഈ ആവശ്യങ്ങളെന്തെങ്കിലും അന്നുണ്ടായിരുന്നോ? ഇല്ല.

എരിയുന്ന വയറിലെ തീയ്ക്ക് ശമനം വന്നാല്‍ തീര്‍ന്നു മനുഷ്യന്റെ പ്രശ്‌നങ്ങള്‍ എന്നായിരുന്നു ഒരുമാതിരിപ്പെട്ടവരുടെയൊക്കെ ചിന്തകള്‍. പരിധികളില്ലാത്തതാണ് മനുഷ്യന്റെ ആഗ്രഹങ്ങള്‍. ആ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ലോകം വളരും, മനുഷ്യബന്ധങ്ങള്‍ മാറിമറിയും, പഴയതു പുനര്‍നിര്‍വ്വചിക്കപ്പെടും.  പഴയ ഓലച്ചൂട്ടുവെളിച്ചം മൊബൈല്‍ ഫ്‌ളാഷുകളാവും.            വയറു കായാന്‍ ഇടയാക്കരുതേ എന്നു പ്രാര്‍ത്ഥിച്ചവര്‍ ഊരകായാന്‍ ഇടയാക്കരുതേ എന്നു പ്രാര്‍ത്ഥന കാലാനുസൃതമായി പുതുക്കും.

സ്വാഭാവികമായും സദാചാരത്തിന്റെ പഴയ നാട്ടുവഴികള്‍ ഇന്നത്തെ സമൂഹത്തിനു  കാട്ടുവഴികളാവും.  ആ വഴി മതിയെന്നു നിശ്ചയിക്കുന്നവര്‍ക്കു കല്ലും മുള്ളും കാലിനു മെത്തയാവും. അല്ലാത്തവരോ?
അതായത് പഴമയുടെ നാട്ടുവഴിയിലൂടെ നടക്കാന്‍ ഇഷ്ടമില്ലാത്തൊരാള്‍ സ്വന്തമായൊരു വഴിവെട്ടി സഞ്ചരിക്കുന്നതിനെയാണ് നാം വഴിവിട്ട ജീവിതം എന്നു വിളിക്കുക. അതു ആണാവുമ്പോള്‍ കുഴപ്പമില്ല. ആണത്തത്തിന്റെ വകയില്‍ പെടുത്തി ആദരിച്ച്, ഇലയും മുള്ളും ന്യായത്തില്‍ പൊലിപ്പിക്കുകയുമാവാം.  പെണ്ണായാല്‍ വഴിവിട്ടജീവിതം കൂഴപ്പമായി, വാര്‍ത്തയായി, വേര്‍പിരിയലായി.

ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് ഒരു രാത്രി സുന്ദരിയായ യശോധരയെയും മകന്‍ രാഹുലനെയും ഉപേക്ഷിച്ചിറങ്ങിയത് സിദ്ധാര്‍ത്ഥന്‍. ആ പോക്കില്‍ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി നിര്‍വ്വാണം പ്രാപിച്ചു. ഇനിയൊന്നു മാറ്റിപ്പിടിച്ചുനോക്കൂ. സിദ്ധാര്‍ത്ഥനു പകരം പാതിരാത്രിയില്‍ യശോധര സിദ്ധുവിനെയും രാഹുലനെയും ഉപേക്ഷിച്ചു നാടുവിടട്ടെ. നിര്‍വ്വാണമല്ല, യശോധരയെ കാത്തിരിക്കുക നിര്യാണമാവുമായിരുന്നു. അന്നു പത്രങ്ങളുണ്ടായിരുന്നെങ്കില്‍ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു വഴിവിട്ടജീവിതത്തിനിറങ്ങിയ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്നാകുമായിരുന്നു വാര്‍ത്ത.

എഴുത്തും വായനയും ഒരാളെ സാക്ഷരരാക്കും, മനുഷ്യരാക്കുകയില്ല. അങ്ങിനെ എഴുത്തും വായനയും അറിയുന്ന, ബോധത്തില്‍ പൂര്‍വ്വികരായ കുരങ്ങിനെക്കാള്‍ താഴെയായ നമുക്കു വിറ്റുകാശാക്കാന്‍ എന്തുകൊണ്ടും പറ്റിയത് പെണ്ണിന്റെ വഴിവിട്ട ജീവിതമാണ്, പുരുഷുവിന്റെ കൈവിട്ട കളിയല്ല.  പെണ്ണിന്റെ വഴിവിട്ട ജീവിതത്തിനാണ് നല്ല മാര്‍ക്കറ്റ്, പുരുഷുവിന്റെ കൈവിട്ടകളിക്കല്ല. സ്വന്തം നിലയില്‍ ഒളിച്ചുനോക്കാന്‍ കഴിയാത്തവരുടെ ലൈംഗികദാരിദ്ര്യത്തിനു ഒരു പരിധിവരെ പരിഹാരമാവുകയാണ് ദേശീയപത്രങ്ങളൊക്കെയും എന്നു തോന്നുന്നു.






Friday, March 15, 2019

രാജ്‌നാരായണിലൂടെ ഇന്ദിരാഗാന്ധി വഴി മായാവതിയിലേക്ക്

രംഗം ഒന്ന്:


Photocredit to google
1971 ലെ അഞ്ചാം ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്. സിംഹത്തിന്റെ മനസ്സും ഗാന്ധിജിയുടെ ശീലങ്ങളുമുള്ള വ്യക്തി എന്നു ഡോ. റാംമനോഹര്‍ ലോഹ്യ വിശേഷിപ്പിച്ച രാജ്‌നാരായണ്‍ 1971ല്‍ ഇന്ദിരാഗാന്ധിയെ റായ്ബറേലിയില്‍ നേരിടുന്നു. ഇന്ദിരാഗാന്ധി ജയിക്കുന്നു. ആകെ 518 സീറ്റുകളില്‍ 352 സീറ്റുകളുമായി ഇന്ദിരാഗാന്ധി അധികാരത്തിലേറുന്നു. പരിമിതമെങ്കിലുമായ ഇന്നത്തെ സുതാര്യതയുടെ യുഗമല്ല ഏതാണ്ട് അരനൂറ്റാണ്ടുമുന്നേയുള്ള കാലം.  റായ്ബറേലിയിലെ തിരഞ്ഞെടുപ്പു ക്രമക്കേടുകള്‍ക്കെതിരേ രാജ്‌നാരായണ്‍ കോടതി കയറുന്നു.  ജൂണ്‍ 12, 1975ന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന്റെ അരോപണങ്ങള്‍ ശരിവെയ്ക്കുന്നു, ഇന്ദിരാഗാന്ധിയെ അയോഗ്യയാക്കുന്നു, അടുത്ത ആറു വര്‍ഷക്കാലം തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്യുന്നു. വന്‍ ഭൂരിപക്ഷമുണ്ടായിട്ടും, മറ്റൊരാളെ പ്രധാനമന്ത്രിയാക്കാന്‍ താത്പര്യമില്ലാതിരുന്ന ഇന്ദിരാഗാന്ധി അധികാരം കൈപ്പിടിയിലൊതുക്കുവാനായി രാജ്യത്തെ അടിയന്തിരാവസ്ഥയിലേയ്ക്കു തള്ളിവിട്ട് പരമാധികാരത്തിലേയ്ക്കു നീങ്ങുന്നു. രാജ്യത്ത് അടിയന്തിരാവസ്ഥ. 

ലോക്‌നായക് ജയപ്രകാശ് നാരായന്റെയും രാജ്‌നാരായന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജെ.പിയെയും രാജ്‌നാരായണനെയും അടക്കം നേതാക്കളെ മുഴുവനും അറസ്റ്റുചെയ്ത് രഹസ്യകേന്ദ്രങ്ങളിലേയ്ക്കു മാറ്റുന്നു.  1977 ജനുവരിയില്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച് പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നു. ജനതാ സഖ്യത്തിന്റെ ഭാഗമായി രാജ്‌നാരായണ്‍ വീണ്ടും റായ്ബറേലിയില്‍ ഇന്ദിരാഗാന്ധിയെ നേരിടുന്നു 50000ത്തില്‍ പരം വോട്ടുകള്‍ക്ക് ഇന്ദിരാഗാന്ധി രാജ്‌നാരായണിനു മുന്നില്‍ അടിയറവു പറയുന്നു. 

തുടര്‍ന്നു വന്ന മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ ഇന്ദിരാഗാന്ധിയെ തളച്ച രാജ്‌നാരായണ്‍ വീരപരിവേഷത്തോടെ അംഗമാവുന്നു. 

രംഗം രണ്ട്:


Photocredit to drambedkarbooks.com
1977ല്‍ ജാതികളുടെ നിര്‍മാര്‍ജനം എന്ന വിഷയത്തില്‍ രാജ്‌നാരായണ്‍ മുഖ്യപ്രഭാഷകനായി എത്തുന്നു. പ്രസംഗമധ്യേ അദ്ദേഹം  ദളിത് എന്ന വാക്കിനുപകരം ഹരിജന്‍ എന്നാവര്‍ത്തിച്ചുപയോഗിക്കുന്നു.

അന്നവിടെ ഐ.ഐ.എസ് നു തയ്യാറെടുക്കുന്ന ഇരുപതുകളില്‍ പ്രായമുള്ള ഒരു സ്‌കൂള്‍ അധ്യാപികയ്ക്കു കൂടി പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നു. 

ഒരു ജനത മുഴുവന്‍ വീര-താരാരാധനയോടെ കാണുന്ന ആ ജനനേതാവിനെ വലിച്ചുകീറിക്കൊണ്ടാണ് യുവതി തുടങ്ങിയതുതന്നെ.   ഹരിജന്‍ എന്ന സംബോധനയിലൂടെ ദളിത് ജനസമൂഹത്തെ രാജ്‌നാരായണണ്‍ അപമാനിക്കുകയാണെന്ന് അവര്‍ തുറന്നടിച്ചു.  ഹരിജന്‍ എന്ന പദത്തിന് എന്താണു ഭരണഘടനാമൂല്യമെന്നവര്‍ ചോദിച്ചു. ഞാന്‍ ഒന്നുകില്‍ ഒരു എസ്.സി ആണ് അല്ലെങ്കില്‍ ഒരു ദളിത് ആണ്, ഹരിജന്‍ അല്ല എന്നവര്‍ ആവര്‍ത്തിച്ചു. ഞാന്‍ ഹരിജന്‍ അഥവാ ദൈവത്തിന്റെ മകളാണ് എങ്കില്‍ രാജ്‌നാരായണ്‍ ആരാണ് എന്നു കൂടി അവര്‍ അദ്ദേഹത്തെ മുന്‍നിര്‍ത്തി ചോദിച്ചു. പിശാചിന്റേതാണോ എന്നുകൂടി ചോദിച്ചേ നിര്‍ത്തിയുള്ളൂ. ഇന്ദിരാഗാന്ധിയെ വിറപ്പിച്ചുനിര്‍ത്തിയ രാജ്‌നാരായണ്‍ വിറങ്ങലിച്ചത് നിന്നുത് ആ യുവതിയുടെ മയമില്ലാത്ത ചോദ്യങ്ങള്‍ക്കു മുന്നിലായിരുന്നു. 

ആ യുവതി ആരായിരുന്നു?

മറ്റാരുമല്ല, മായാവതി. 

രംഗം മൂന്ന്

2008ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മായാവതിയെ ലോകം സ്‌നേഹിക്കും എന്ന ടൈറ്റിലില്‍ സ്വാമിനാഥന്‍ അയ്യരുടെ ലേഖനം ടൈംസ് ഓഫ് ഇന്ത്യയില്‍. അടുത്തു വരുന്നതു തൂക്കുമന്ത്രിസഭയാണെങ്കില്‍ എറ്റവും നല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുക മായാവതിക്കാണെന്നു അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോഴുള്ള പ്രതികരണം രസകരമായിരുന്നു. അഴിമതിക്കാരി, സംസ്‌കാരമില്ലാത്ത പ്രകൃതം,  സര്‍വ്വോപരി തത്വദീക്ഷിയില്ലാത്ത നേതാവ്. അങ്ങനെയൊരാള്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നില്ക്കാന്‍ പറ്റുമോ?  ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ ഒരാളാവണ്ടേ നമ്മുടെ പ്രധാനമന്ത്രി? ശരാശരി മധ്യവര്‍ഗ ഇന്ത്യന്‍ ബോധത്തിന്റെ പ്രതിഫലനം ആവാക്കുകളില്‍ നമുക്കു വായിക്കാവുന്നതേയുള്ളൂ. 

ഇന്ത്യ പോലൊരു മഹത്തായ സംസ്‌കാരത്തില്‍ മായാവതി പ്രധാനമന്ത്രിയാവുമ്പോഴല്ലേ, ഭൂമുഖത്തെതന്നെ കരുത്തുറ്റ ജനാധിപത്യമായി നാം വിലയിരുത്തപ്പെടുകയെന്ന് അദ്ദേഹം തിരിച്ചു ചോദിക്കുന്നു. അത്രയും ഭീകരമായ അടിച്ചമര്‍ത്തലുകളെ നേരിട്ട ഒരു സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു വനിതയും ലോകത്തെ ഒരു രാജ്യത്തിന്റെയും നേതൃത്വത്തിലില്ല എന്നുമദ്ദേഹം അവരടോടു പറയുന്നു. ഇന്ത്യയില്‍ പൊതുവേ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ്, വിശിഷ്യാ ദളിത് സ്ത്രീകള്‍. അങ്ങിനെയുള്ള ഒരിടത്തില്‍ നിന്നും ദേശീയ നേതൃത്വത്തിലേയ്ക്ക് ഒരു ദളിത് ഉയരണമെങ്കില്‍ മഹാത്ഭുതങ്ങളിലൊന്നാണത്. അതിലും ഇരട്ടിമഹാത്ഭുതമാണ് ഒരു ദളിത് വനിത ദേശീയനേതൃത്വത്തിലേയ്ക്ക് ഉയര്‍ന്നുവന്നത് എന്നുമദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മഹത്തായ ജനാധിപത്യ ഇന്ത്യന്‍ സമൂഹത്തില്‍ പ്രധാനമന്ത്രിയായി അവര്‍ വരുമ്പോള്‍ ലോകത്തെ മുഴുവന്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും അതൊരു ആവേശമായി മാറും എന്നുമദ്ദേഹം അന്നെഴുതി. 

പൊതുവേ ഏഷ്യയിലെയും ഇന്ത്യയിലെ തന്നെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ന്ന വനിതകള്‍ പലരും കുലമഹിമയുടെ പേരിലായിരുന്നു, അവരിലെ മഹത്വം അടിച്ചേല്‍പിക്കപ്പെട്ടതും. അതൊന്നും അവകാശപ്പെടാനില്ലാത്ത ഇന്ത്യന്‍ വനിതയാണ് മായാവതി. വീട്ടില്‍ തന്നെ സംസാരിക്കാന്‍ ഭയക്കുന്നവരാണ് ദളിത് സ്ത്രീകളെങ്കില്‍, നീതിക്കുവേണ്ടി ചെറുപ്പത്തിലേ, അധ്യാപിക ആയിരിക്കുമ്പൊഴേ ശബ്ദമുയര്‍ത്തിയ അറിയപ്പെടുന്ന പബ്ലിക് സ്പീക്കറായിരുന്നു അവര്‍. നിയമബിരുദധാരിയും. 

അഴിമതിയുടെ ട്രാക് റിക്കോര്‍ഡുകളിലൂടെ സഞ്ചരിച്ച്, അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം അഴിമതി ദളിത് ശാക്തീകരണത്തിന്റെ ഭാഗമായി വരെ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും ആ പഴയ ലേഖനത്തില്‍ അദ്ദേഹം മറച്ചുവെയ്ക്കുന്നില്ല. ഇനി ഇന്ത്യയ്ക്ക് ഒരു തൂക്കു മന്ത്രിസഭയും കരുത്തുറ്റ പ്രതിപക്ഷവുമാണ് മുന്നിലെങ്കില്‍ ഭരണനേതൃത്വത്തിലെ അഴിമതിക്കു കടിഞ്ഞാണിടുക പ്രയാസമല്ല. അപ്പോള്‍ സ്വാഭാവികമായും പത്തുകൊല്ലത്തിനിപ്പുറവും അവരുടെ സാധ്യത മങ്ങുന്നില്ല. വേഷംകെട്ടലുകളുടെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മായാവതിയെ ആരൊക്കെയോ ഭയക്കുന്നു എന്നു തോന്നുന്നു.  

ഇനി അവര്‍ അഴിമതിക്കാരിയെങ്കില്‍, നോക്കണം,  അഴിമതിയുടെ അന്തകരായി
Photocredit to The Indian Express 
കൊട്ടിഘോഷിച്ച് എഴുന്നള്ളിയവരുടെ ഇരിപ്പുവശം കൂടി കണ്ട ജനതയാണു നാം. കുലമഹിമയുടെയും വംശാവലിയുടെയും കിന്നരവര്‍ത്തമാനത്തിന്റെ സ്ഥാനം ജനാധിപത്യത്തിന്റെ പുറമ്പോക്കിലാണെങ്കില്‍ എന്തുകൊണ്ട് മായാവതിയെ മുന്നില്‍ നിര്‍ത്തി പടയൊരുക്കാന്‍ ആരും ശ്രമിക്കുന്നില്ല? മായാവതി ആരുമായും സഖ്യത്തിനില്ലെന്നു പറഞ്ഞതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല. 


1980കളിലെ മുദ്രാവാക്യം ഓര്‍ക്കുക നന്നായിരിക്കും. വോട്ട് ഹമാരാ, രാജ് തുമാരാ, നഹി ചലേഗാ നഹി ചലേഗാ.  വോട്ടുംവാങ്ങി ദളിതരെ എന്നും പൂജ്യം കൊണ്ടു ഗുണിച്ചു പൂജ്യരാക്കുന്ന ഏര്‍പ്പാടിന്റെ അന്ത്യം കുറിക്കാന്‍ ഏറ്റവും അനുയോജ്യം ഒരു ദളിത്‌വനിത രാജ്യം ഭരിക്കുക തന്നെയാണ്. ജാതിനിര്‍മ്മാര്‍ജനം പ്രഭാഷണങ്ങള്‍ മുറയ്ക്ക് നടക്കുകയും ജാതിമാത്രം മരണമില്ലാതെ തുടരുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ദുരവസ്ഥ. നാളെ ഒരു തൂക്കു മന്ത്രിസഭയാണു വരുന്നതെങ്കില്‍ ജനാധിപത്യം സാധ്യതകളുടെ കലയാണെന്നു തെളിയിച്ചുകൊണ്ട്,  പക്ഷമേതുമാവട്ടെ
മാറിനിന്ന മായാവതി കിങ്ങ് ആയില്ലെങ്കില്‍ കിങ്‌മേക്കര്‍ തന്നെ ആയെന്നും വരാം.