Thursday, November 17, 2016

സഹകരണപ്രസ്ഥാനങ്ങളും വഴിതെറ്റുന്ന വിമര്‍ശനങ്ങളും

ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്‌
കേരളത്തിലെ സഹകരണപ്രസ്ഥാനം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. വെളുത്ത പണവും കറുത്ത പണവും നാടുവാഴുമ്പോള്‍, കറുത്തതുപോവട്ടെ, വെളുത്തതുതന്നെ കണികാണാനില്ലാതിരുന്ന കാലത്ത് അവരുടെ ആവശ്യങ്ങള്‍ക്കായി ഒരു ജനത കൈകോര്‍ത്തതിന്റ ഫലമാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍. എന്റെ സ്ഥലമായ പന്ന്യന്നൂര്‍ പഞ്ചായത്തിലെ മനേക്കരയില്‍ ഒരു ക്ഷീരോത്പാദക സഹകരണസംഘമുണ്ട്. ക്ഷീരകര്‍ഷകരുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തിയത് ആ സഹകരണപ്രസ്ഥാനമാണ്. ഞാനോര്‍ക്കുന്നുണ്ട്, അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന നാരായണേട്ടനെ, നാരായണന്‍ നമ്പ്യാര്‍ എന്ന നാട്ടുകാരുടെ ഓക്ക നമ്പ്യാര്‍. അവിടെ ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റുക എന്ന ദൗത്യമായിരുന്നില്ലെങ്കില്‍, നമുക്ക് അപ്രാപ്യമായ പദവിയില്‍ എവിടെയോ വിരാജിക്കേണ്ടിയിരുന്ന മഹാപ്രതിഭ. അദ്ദേഹവും സ്‌നേഹപൂര്‍വ്വം പതിറ്റാണ്ടുകള്‍ക്കിപ്പുറവും പാല്‍പവി എന്നു നാട്ടുകാര്‍ വിളിക്കുന്ന കൊഞ്ഞങ്കണ്ടി പവിയേട്ടനും പാലും തൂക്കി വീടുകളാകെ കയറിയിറങ്ങി വിതരണം തുടങ്ങിയേടത്തുനിന്നു തുടങ്ങുകയാണ് ആ സംഘത്തിന്റെ വിജയഗാഥ. മറ്റൊരു സ്ഥാപനം പന്ന്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 1988 ല്‍ ഞാനോര്‍ക്കുന്നുണ്ട്, പത്തുരൂപ അംഗത്വത്തില്‍ എത്ര പേര്‍ ആ സ്ഥാപനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടെന്ന്. അന്നത്തെ കാര്‍ഷികവായ്പയായ 1000 രൂപയെ ആശ്രയിച്ച് ജീവിതം കെട്ടിപ്പടുത്ത എത്ര പേര്‍ നാട്ടിലുണ്ടായിരുന്നെന്നും. മനേക്കരയിലിന്നുള്ള ബാങ്കിന്റെ മെമ്പര്‍മാരില്‍ കുറച്ചുപേരുടെയെങ്കിലും അപേക്ഷാഫോറം പൂരിപ്പിച്ചിട്ടുണ്ടാവുക ഞാനായിരിക്കും. അന്നത്തെ നിക്ഷേപ സമാഹരണത്തിന്റ ബുദ്ധിമുട്ടുകളും നന്നായറിയാം. വീടുകളില്‍ പോയി ഉള്ളതു നിക്ഷേപിക്കുവാനും പരിചയമുള്ളവരെകൊണ്ട് നിക്ഷേപിപ്പിക്കുവാനുള്ള ശ്രമങ്ങളുമൊക്കെയാണ് നടന്നിരുന്നത്.

പിന്നീട് ഞാന്‍ അടുത്തറിഞ്ഞൊരു സ്ഥാപനമാണ് റബ്‌കോ. എത്രയോ ജീവനക്കാര്‍ ജോലിചെയ്യുന്നിടം. ഇനി, വാഗ്ഭടാനന്ദന്‍ എന്ന മഹാപ്രതിഭ തിരിതെളിച്ച് ഒരു സ്ഥാപനമുണ്ട്, ലോകത്തെ ഏതു കോര്‍പ്പറേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോടും കിടപിടിക്കാന്‍ കെല്പുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ക്ക് ഒരുനേരം വച്ചുണ്ണാനുള്ള വക ലക്ഷ്യമുട്ടു തുടങ്ങിയ ഊരാളുങ്കല്‍ ഇന്നൊരു മഹാപ്രസ്ഥാനമാണ്, അതു കെട്ടിപ്പടുത്തതും വളര്‍ന്നതും വെള്ളപ്പണം കൊണ്ടുതന്നെയാണ്. ഇതൊന്നും കള്ളപ്പണത്തിന്റ പുറത്താണ് കെട്ടിപ്പടുത്തിയതെന്ന് ഞാന്‍ കരുതുന്നില്ല.  ഇപ്പറഞ്ഞവരുടെയൊന്നും ഹാജര്‍പട്ടികയില്‍ 10000 ഫിക്റ്റീഷ്യസ് ജീവനക്കാരുണ്ടായിരുന്നില്ല, അതുണ്ടായിരുന്നത് പേരില്‍ മാത്രം സത്യമുണ്ടായിരുന്ന ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് - സത്യത്തില്‍.

ഇനി ചരിത്രത്തിലേക്കു കടന്നാല്‍ സഹകരണപ്രസ്ഥാന ആശയങ്ങളും കടല്‍കടന്നെത്തിയതാവണം. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും സഹകരണസ്ഥാപനങ്ങളുടെ ആശയസംഹിതകളില്‍ വേരുകളുണ്ടാവാം. ന്യായമായും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ചൂഷണത്തിനെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമാവണം സഹകരണപ്രസ്ഥാനങ്ങള്‍. കാരണം, ഐക്യകേരളം രൂപീകരിക്കപ്പെടുന്നതിനു മുന്നേതന്നെ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്ും നിലവിലുള്ളതായി കാണുന്നു. കേരളസംസ്ഥാന രൂപീകരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 വരുന്നത്. ഇന്നലത്തെ ഉദാരവല്ക്കരണ മഴക്കു മുളച്ച കോര്‍പ്പറേറ്റ് തവരകളും 'വീണുകിട്ടിയ' ഇടിക്കുമുളച്ച കൂണുകളും ചിലത് സഹസ്രകോടികളുടെ കഥപറയുമ്പോള്‍ സഹകരണപ്രസ്ഥാനങ്ങളുടെ വഴി അതായിരുന്നില്ല, അതാവാന്‍ കഴിയുകയുമില്ല. 

ഇനി ഇന്നത്തെ പ്രതിസന്ധിയിലേക്കു വരാം. 2016 ജനുവരി 10ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ക്വോട്ട് ചെയ്ത് എഴുതുന്നു - 30000 കോടിയോളം രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളിലുണ്ട്. റിപ്പോര്‍ട്ട് തുടരുന്നു, ഉറവിടം വെളിപ്പെടുത്തപ്പെടാത്ത മലബാര്‍ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് വകുപ്പ് 11000 നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ഒരു കാര്യം വ്യക്തമാണ്. ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ നല്കിയിട്ടുണ്ട്. പ്രചരണം മറിച്ചാണ്. എങ്ങിനെയാണ് അതു മറച്ചുപിടിക്കാന്‍ കഴിയുക? നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തില്ലാതായിപ്പോയോ?

ഇനി തിരിച്ചു പത്രത്തിലേക്ക്. ഈ നോട്ടീസ് അയച്ചുവിളിപ്പിച്ചവരില്‍ നിന്നും നികുതിയിനത്തില്‍ 29.62 കോടി രൂപ് പിരിച്ചെടുത്തിട്ടുണ്ട്. നോട്ടീസിനോടു പ്രതികരിക്കാത്ത 4000 നിക്ഷേപകര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നിരീക്ഷണത്തിലാണെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ പറയുന്നു. അപ്പോള്‍ മലബാര്‍ മേഖലയില്‍ KYC ഫോറം നല്കിയില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. നല്കാത്തവര്‍ക്ക് ഇനിയും നല്കാവുന്നതേയുള്ളൂ. ഇനി നിലവിലെ ഇന്‍കം ടാക്‌സ് നിയമമനുസരിച്ച് അത്തരം നികുതിവെട്ടിപ്പു കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ഇന്‍കംടാക്‌സ് വകുപ്പിനു നല്കിയാല്‍ അവരില്‍ നിന്നും വകുപ്പ് പിരിച്ചെടുക്കുന്ന നികുതിയുടെ 5% പ്രതിഫലമായി വിവരം നല്കിയ വ്യക്തിക്കു ലഭിക്കുന്നതുമാണ്. ചിലരുടെയെങ്കിലും പേരുവിവരം കൊടുത്താല്‍ തന്നെ ലക്ഷാധിപതികളാവാനുള്ള ചാന്‍സുള്ളപ്പോള്‍ ബാങ്ക് ജീവനക്കാര്‍ സ്വയം പേടിയുണ്ടെങ്കില്‍ ആരെയെങ്കിലും ബിനാമിയാക്കി അതു കൊടുക്കാനുള്ള ചാന്‍സുമുണ്ട്.

നിലവിലുള്ള നിയമം വച്ച് 3000 സ്‌ക്വയര്‍ ഫീറ്റിനു മീതെയുള്ള വീടുകള്‍ നിര്‍മ്മിച്ചവരോട് പണത്തിന്റെ ഉറവിടം നല്കാന്‍ വകുപ്പ് നോട്ടീസ് നല്കിയിട്ടുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. അതിനുമീതെയുള്ള വീടുകള്‍ സാധാരണക്കാര്‍ക്ക് പണിയാനാവില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  ഇതിന് ബാങ്കില്‍ പോവേണ്ട കാര്യമൊന്നുമില്ലല്ലോ?  അത്തരം വീടുകളുടെ വിവരങ്ങള്‍ നല്കാന്‍ വീടുകളുടെ പ്ലാന്‍ അംഗീകരിച്ച പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും മറ്റു സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടാല്‍ മതിയാവുന്നതാണെന്നു തോന്നുന്നു. അവര്‍ നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇനി അവസാനിപ്പിക്കാം. 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്. കേരളം ഇന്ത്യയില്‍ തന്നെയായ സ്ഥിതിക്ക് ഈ കണക്ക് ശരിയാവാം, ചില്ലറ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം മാത്രം.  2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കെയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. മറ്റൊരു കണക്കു പ്രകാരം ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. ഇതൊക്കെ സര്‍ക്കാരിന്റെ തന്നെ കണക്കുകളാവുമ്പോള്‍, മൈക്രോ മൈനോറിറ്റിയായ കള്ളപ്പണക്കാരെ ശിക്ഷിക്കാനായി, സഹകരണപ്രസ്ഥാനത്തെ, അതിലെ നിക്ഷേപകരും ഗുണഭോക്താക്കളും ജീവനക്കാരുമായവരെ പെരുവഴിയാധാരമാക്കേണ്ട അവസ്ഥ ഉണ്ടെന്നുതോന്നുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുവേണം നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ എന്ന് അതതു ഭരണസമിതികള്‍ കൃത്യമായി ജീവനക്കാരെ ബോധവല്ക്കരിക്കണം. അതുനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാവുകയും വേണം. പ്രതിസന്ധികള്‍ ഉടന്‍ അവസാനിക്കട്ടെ.


ബുദ്ധിജീവികളുടെ കൈയ്യിലിരിപ്പുകള്‍

A snapshot of The Guardian's opinion page
ഇന്നലെയാണ് സായിപ്പിന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രൊഫസര്‍ ജയതി ഘോഷിന്റെ കടുപ്പപ്പെട്ട മുദ്രാവാക്യങ്ങള്‍ അച്ചടിച്ചുകണ്ടത്. ലേഖനം എന്നും പറയാം. സായിപ്പിന്റെ ഭാഷയില്‍ ഒപീനിയന്‍ സെക്ഷനിലാണ് സംഗതി. മുദ്രാവാക്യങ്ങളെല്ലാം വായിച്ചപ്പോഴേക്കും കണ്ണുതള്ളിപ്പോയി. ഇനി ആരാണ് ജയതി ഘോഷ്, ആരാണീ ഗാര്‍ഡിയന്‍ എന്നുകൂടി നോക്കണം.

എന്തുചെയ്യാം, സായിപ്പുണ്ടായിരുന്നതുവരെ സുന്ദരിയും സുശീലയുമായിരുന്നു ഇന്ത്യ. സായിപ്പ് നാടുനീങ്ങിയതോടെയാണ് കണ്ട തെണ്ടികളെല്ലാം കൈവെച്ച് ആ സുന്ദരി പെരുവഴിയിലെ അഭിസാരികയായിപ്പോയത് എന്നു മേനി നടിക്കുന്ന, ഇവിടുത്തെ നേട്ടങ്ങളും സംസ്‌കാരവുമെല്ലാം സായിപ്പിന്റെ സംഭാവനയാണെന്നു വിശ്വസിക്കുന്ന,  ഇവിടത്തുകാര്‍ പണ്ടുപണ്ടേ, വാത്മീകിയുടെ കാലം തൊട്ടെ കൊള്ളക്കാരും പാമ്പാട്ടികളും ഒന്നിനും കൊള്ളാത്തവരും അവരുടെ നേതാക്കള്‍ തലയില്‍ ചളിമാത്രമുള്ളവരും തൃണസമാനരും മാത്രമാണെന്നു പ്രഖ്യാപിച്ച, രാജ്ഞിദാസനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നാട്ടിലെ കടലാസാണ് ഗാര്‍ഡിയന്‍. തൃശൂര്‍പൂരത്തിന്റെ ഫോട്ടോയെടുത്ത് ജനസംഖ്യാമഹാവിസ്‌ഫോടനത്തിന്റെ വക്കിലെ ഇന്ത്യയെ പറ്റി വേദനിച്ചവരുടെ മറ്റൊരു പതിപ്പ്. രാഷ്ട്രപുരോഗതിയില്‍ അസഹിഷ്ണുക്കളായവരുടെ പത്രം. അതിലപ്പുറം ഒരിന്ത്യാ സ്‌നേഹം ഗാര്‍ഡിയനുള്ളതായി അറിവില്ല.

ജയതി ഘോഷ് ഇന്ത്യയിലെ ജെ.എന്‍.യു കേന്ദ്ര സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം പ്രൊഫസറാണ്. അതായത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്നര്‍ത്ഥം. ഇന്ത്യാഗവണ്‍മെന്റിന്റെ ഒരു പോളിസി ഡിസിഷനാണ് ഡിമോണിറ്റൈസേഷന്‍ എന്നറിയാത്ത ഒരാളായിരിക്കില്ല ഘോഷ്. സായിപ്പിന്റെ കടലാസില്‍ അവര്‍ പ്രഖ്യാപിക്കുന്നത് മോദി പബ്ലിസിറ്റി ലക്ഷ്യമിട്ട് നടത്തിയ ഒരു നീക്കമല്ലാതെ മറ്റൊന്നുമല്ല ഡിമോണിറ്റൈസേഷന്‍ എന്നാണ്. അവരുടെ പ്രധാന ദു:ഖം എന്തുകൊണ്ട് ആവശ്യമായ സമയം നല്‍കി നോട്ടുകള്‍ പിന്‍വലിച്ചില്ലെന്നതും. അവിടെയാണ് കളി. ഡിമോണിറ്റൈസേഷന്‍ എന്ന സംഗതി തന്നെ അവസാനത്തെ ആയുധമാണ്. അത്തരം ഒരു സംഗതി, എവിടെയും നടപ്പിലാക്കുക കടുത്ത തീരുമാനം ആവശ്യമായി വരുമ്പോഴാണ്. ഒരു ലക്ഷ്യത്തിന്റെ തീവ്രതക്കനുസൃതമായാണ് അതിലേക്കുള്ള മാര്‍ഗം ലോകത്തെവിടെയായാലും നിശ്ചയിക്കപ്പെടുക. ഇന്നൊരു പേജ് വായിച്ചു മടക്കിവച്ച് രണ്ടാഴ്ചകഴിഞ്ഞ് ബാക്കി വായിക്കേണ്ട നോവലല്ല കടുത്ത നയതീരുമാനങ്ങള്‍ എന്നറിയാത്തവരല്ല സാമ്പത്തിക ശാസ്ത്രജ്ഞര്‍.  ചര്‍ച്ചില്‍ പറഞ്ഞ മെന്‍ ഓഫ് സ്‌ട്രോ മാത്രമാണ് താന്‍ എന്നു തെളിയിക്കുകയാണ് ഘോഷ് ഓരോ വരികളിലൂടെയും. ഇവിടുത്തെ ഫെയ്‌സുബുക്കു ബുദ്ധിജീവികള്‍ എഴുതിവച്ചതിലപ്പുറം ഒന്നും പറയാന്‍ അവര്‍ക്കില്ല.

85ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്നത് കറന്‍സിയിലാണെന്നു ജയതി ഘോഷ് എഴുതുന്നു. തീര്‍ച്ചയായും അതേ, എന്നാല്‍ അവരുടെ കൂലി മിനിമം വേജസ് ആക്ട് പ്രകാരം വെറും 200ല്‍ താഴെയാണെന്നെത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. 200 രൂപ കൂലിക്കാര്‍ക്ക് 500 കൊടുത്ത് ബാക്കി ടിപ്പാക്കിയാവണം മുതലാളിമാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത് എന്നു പറയാത്തതു ഭാഗ്യമായിവേണം കരുതാന്‍. ഇനി ഇതു പറഞ്ഞ ഘോഷ് മറ്റൊരിടത്തു പറയുന്നു - ചെറുകിട കച്ചവടക്കാര്‍ക്ക് ബ്ലേഡ് അഥവാ മണിലെന്‍ഡേഴ്‌സില്‍ നിന്നുകൂടി ആവശ്യത്തിനു കാശ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ ബ്ലേഡ് ഏര്‍പ്പാട് നിയമവിരുദ്ധവും, കള്ളപ്പണക്കാരുടെ പണിയാണെന്നും, രാജ്യം അതിനെതിരെയുള്ള പ്രവര്‍ത്തനത്തിലാണെന്നു അറയാത്ത പാവം സാമ്പത്തിക വിദഗ്ധയാവണം ഘോഷ്.

സായിപ്പില്ലേ, സന്തോഷായിക്കോട്ടെ എന്നു കരുതിക്കാണണം. ജയതി ഘോഷ് വച്ചുകാച്ചുകയാണ് -  ഇന്ത്യന്‍ സ്ത്രീകളില്‍ 80 ശതമാനത്തിനും ബാങ്ക് അക്കൗണ്ടില്ല. ഇനി ഈ പ്രപഞ്ചസത്യം ഗവേഷക കണ്ടെത്തിയതാവട്ടെ, ഒരു യു.എന്‍.ഡി.പി റിപ്പോര്‍ട്ടിനെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ ഡിസംബര്‍ 2015 എഴുതിയ ഒരു റിപ്പോര്‍ട്ടും.  ഗംഗ പിന്നെയുമൊഴുകിയ കാര്യമൊന്നും ഗവേഷകയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ജന്‍ധന്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകളെക്കുറിച്ചും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, അധാര്‍ ലിങ്കിങ് എന്നതിനെക്കുറിച്ചൊന്നും പ്രൊഫസര്‍ അറിഞ്ഞതേയില്ലെന്നു തോന്നുന്നു. അക്കാര്യങ്ങളൊന്നും, ആ വഴിയിലെ ഇന്ത്യയുടെ മുന്നേറ്റമൊന്നും പ്രൊഫസര്‍ക്ക് വിഷയമല്ല. ഈ അറിവില്ലായ്മയും നമുക്കു പൊറുക്കാം - ഞാനുദ്ദേശിച്ച അറിവ്, വിവരമല്ല നന്ദിയാണ്. ഈ ജനതയുടെ നികുതിപ്പണമാണല്ലോ ശമ്പളമായി വാങ്ങുന്നത്. അതിനുള്ള നന്ദി വേണമെന്നില്ല, പക്ഷേ നന്ദികേടാവരുത് എന്നേയുള്ളൂ.

'And Indian women, 80% of whom don’t have a bank account, may now find they have to use their stashes of cash, and risk losing control of it, especially in the face of domestic abuse.' ഗാര്‍ഡിയന്റെ ഭാഷയില്‍ വേള്‍ഡ്‌സ് ലീഡിങ് ഇക്കണോമിസ്റ്റിന്റെ മഹത്തായ ഗവേഷണത്തിന്റെ കണ്ടെത്തലാണ് മുകളിലിട്ടത്. വയങ്കരം എന്നോ ഫീഗരം എന്നോ മലയാളത്തില്‍ പറയേണ്ടുന്ന സംഗതി.

അവര്‍ ലേഖനം അവസാനിപ്പിക്കുന്നത് ഈ വാചകത്തിലാണ് - Modi’s penchant for optics rather than substance was always annoying; but this time it has acquired truly damaging proportions. ഇനി എല്ലായിടത്തും മോദിയെ ഏതാണ്ടൊരു ഹിറ്റ്‌ലറാക്കി അവതരിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ്  ഗാര്‍ഡിയനിലെ ഈ ലേഖനം. എങ്ങിനെയെന്നാവും ഇല്ലേ?  എന്റെ അറിവില്‍ ജെ.എന്‍.യു കേന്ദ്രസര്‍വ്വകലാശാലയാണ്. ഇപ്പോഴത്തെ അവസ്ഥയെ അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റു മുതലാളിമാരും ലൈക്കു തൊഴിലാളികളും ഒന്നാലോചിക്കണം - ഇതെഴുതുവാനുള്ള അവരുടെ സ്വാതന്ത്രം ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ്.

Monday, November 14, 2016

500 - 1000 നോട്ടൗട്ടും ശങ്കരാടിയന്‍ ദര്‍ശനങ്ങളും

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും  നമ്മുടെ റിസര്‍വ്വ് ബാങ്കിനു സമാനമായൊരു
 പണിപറ്റിച്ചിട്ട് നാളേറെയായിട്ടില്ല. 500 യൂറോ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.  യു.എസ് ട്രെഷറി സിക്രട്ടറി ലോറന്‍സ് സമ്മേഴ്‌സും പ്രഖ്യാപിച്ചു - നൂറു ഡോളറിന്റെ നോട്ടുകളെ തിരിച്ചുവിളിച്ചു മടക്കിവെക്കുന്നതായി.  എല്ലാവരും പറഞ്ഞത് ഒരേകാരണമാണ് - ഇമ്മിണി ബല്യ മൂല്യംവച്ച് ദൈനംദിന ഇടപാടുകളില്‍ ഉപകാരമില്ലെന്നു മാത്രമല്ല, ഉപദ്രവം അസാരം ഉണ്ടുതാനും. സംഗതി സത്യത്തില്‍ ദരിദ്രന്റെയും സാധാരണക്കാരന്റെയും ശത്രുവാണ്.  കൈയ്യില്‍ കിട്ടിയപ്പോള്‍ പൊട്ടിക്കാന്‍ നെട്ടോട്ടമോടിയതിന്റെ നാല്പതിലൊന്നു സാധനം പിന്‍വലിച്ചപ്പോള്‍ ഓടിയിട്ടില്ലെന്നതാണ് പരമമായസത്യം. വലിയമൂല്യമുള്ള കറന്‍സികള്‍, അത് യൂറോയായാലും ഡോളറായാലും സഹായിക്കുന്നതായി സായിപ്പ് കണ്ടെത്തിയ വിഭാഗം കള്ളപ്പണക്കാരും നികുതിവെട്ടിപ്പുകാരും വ്യാജനോട്ടടിക്കാരുമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതു വൈകിവന്ന വിവേകം എന്നു പറയാം. പക്ഷേ അതുമാത്രം നമ്മളാരും പറയരുത്. പകരം രചിക്കേണ്ടത് മോഡേണ്‍ നാരായണീയമാണ് - നയിച്ചു നിക്ഷേപിച്ച കോടിക്കണക്കിനു രൂപ പിന്‍വലിക്കാനായി ക്യൂനിന്ന് ബോധംകെട്ടുവീണ ദരിദ്രനാരായണന്റെ കദനകഥ പറയുന്ന നാരായണീയം.
രാമാ... ശ്രീരാമാ രാഗത്തില്‍ ആലപിക്കുക...
ബാങ്കേ, സ്റ്റേറ്റ് ബാങ്കേ, തേടിവരുന്നൂ ഞാന്‍...
നിന്‍ നോട്ടിന്‍ മലര്‍വാടീ.... തേടിവരുന്നൂ ഞാന്‍
ടെന്‍സ് റ്റു ഹണ്ട്രഡ്‌സ് (ഗദ്ഗദത്തോടെ)...തേടിവരുന്നൂ ഞാന്‍...

2013 ല്‍  ഇന്ത്യാമഹാരാജ്യത്തെ ശരാശരി കൂലി 255.65 രൂപയായിരുന്നു. 2014ല്‍ അത് 272.19 ആയി. പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മന്ത്രാലയമാണ്.  ഇമ്മിണി ബല്യ ഈ കണക്കു പോട്ടെ. ഈ രാജ്യത്തെ മിനിമം വേജസ് ആക്ട് പ്രകാരം പുതിക്കുയ കൂലിയെത്രയാണെന്നറിയുമോ ബുദ്ധിജീവികള്‍ക്ക്? അതു വെറും 137 ഉലുവയാണ്. അങ്ങിനെ ദിവസക്കൂലി മേടിച്ച മഹാഭൂരിപക്ഷമാണ്  അതെല്ലാം സ്വരുക്കൂട്ടി 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാക്കി അട്ടിയിട്ട് അതിന്റെ മീതെ ഇപ്പോള്‍ സുഖമായി അന്തിയുറങ്ങുന്നത്.
 ചുരുങ്ങിയത് കേരളമല്ല ഇന്ത്യ എന്നറിയണമായിരുന്നു. തലയില്‍ നേര്‍ബുദ്ധിയൊഴിച്ച് ബാക്കി ഒരുവിധം നീരോട്ടമൊക്കെയുള്ള നമ്മുടെ ബുദ്ധി-മാന്‍മാര്‍ക്ക് പ്രതിഭകളുടെ വാദങ്ങള്‍ വച്ച് ശ്രീനിവാസന് അടുത്ത സിനിമയുടെ വക ഫ്രീയായി കിട്ടിക്കാണും.  500-1000 നോട്ടില്ലാത്തതുകൊണ്ടും ഉള്ളത് പുറത്തിറക്കാന്‍ പറ്റാത്തതുകൊണ്ടും മാത്രം ആത്മഹത്യയുടെ വക്കിന്റെവക്കില്‍ സ്ഥിതിചെയ്യുന്ന ആദിവാസികളുടെ കരളലിയിക്കുന്ന കഥകള്‍,  രണ്ടുകോണകം ഒരിക്കലും ഒന്നായെടുക്കാനില്ലാതിരുന്ന ആന്ധ്രയിലെ കര്‍ഷകരുടെ ആയിരം നോട്ടുപൊട്ടിക്കാനാവാതെയുള്ള ദീനരോദനം. ഹോ!കണ്ണു നിറഞ്ഞുപോവുകയാണ്...

അവര്‍ പറയുന്നതെല്ലാം കേള്‍ക്കുമ്പോള്‍ ആരായാലും ചോദിച്ചുപോവും... സത്യത്തില്‍ ഈ രാജ്യത്തെ കൊടുംഭീകരന്‍ ആരാണ്? ഈ മെഗാശോദ്യത്തിന് ഒരു ക്ലൂ വേണമെന്നു പറയുന്നവനെ താമസിയാതെ തൂക്കിക്കൊല്ലേണ്ടതാണ്, ആരാച്ചാര്‍ ഹാജരില്ലെങ്കില്‍ കല്ലെറിഞ്ഞോ കിട്ടിയിവടികൊണ്ട് തല്ലിക്കൊല്ലുകയോ ആവാം. ഓപ്ഷനില്ലാത്ത ഒറ്റ ഉത്തരമാണത്. കൊടുംഭീകരന്‍മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. ആളൊരു ഒന്നൊന്നര ഫാസിസ്റ്റും കൂടിയാണ്. ഹിറ്റ്‌ലര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ബോലോ ഭാരത്മാതാ കീന്നും വിളിച്ചു പറന്നുവന്ന് അവിടുതതേക്കു ശിഷ്യപ്പെടുമായിരുന്നു.  ഇനി ഏറ്റവും വലിയ ഭീകരസംഘടന ഏതാണ്?  സംശയം വാക്കിലോ നോക്കിലോ കാണിച്ചെങ്കില്‍ മുക്കാലിയില്‍ കെട്ടി ചുരുങ്ങിയത് മൂവെട്ടിരുപത്തിനാലടിക്കണം. അതാണ് ആര്‍.ബി.ഐ. എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന റിസര്‍വ്വ് ബാങ്ക്.

ഈ ഭീകരസംഘടനയുടെ കണക്കു പ്രകാരം 2014-15ല്‍ ആകെയുള്ള പണത്തിന്റെ 39% 1000ന്റെ നോട്ടുകളും 45% 500ന്റെ നോട്ടുകളുമാണ്. അതായത് ചെറിയ ബുദ്ധിയില്‍ ഒരു കണക്കു കൂട്ടിയാല്‍ മഹാഭുരിപക്ഷത്തിനും ആവശ്യമില്ലാത്തതാണ്  ഈ 84% പണവും. ഇനി കണ്ണു തുറന്നു നോക്കണം. ലോകത്തിന്റെ കണക്കു വച്ച് 80ശതമാനത്തിലേറെ പണവും 20 ശതമാനത്തില്‍ താഴെവരുന്നവരുടെ കൈകളിലാണ്. അവിടെ നിന്നും നാം ഇന്ത്യയിലോട്ടു വന്നാല്‍ 2015 ഒക്ടോബറിലെ ക്രഡിറ്റ് സൂയിസ് റിപ്പോര്‍ട്ടു ഒന്നു നോക്കുന്നത് മനസ്സിനു നല്ലതാണ്. അതായത് 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്.  പോരാ, ഈ ഒരു ശതമാനത്തിന്റെ കൈയ്യില്‍ 2000ല്‍ ഉണ്ടായിരുന്നത് 36.8 ശതമാനം മാത്രമായിരുന്നു. അതാണ് അവസ്ഥ. ഇനി, 2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കൈയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. പോരാ, 2000ല്‍ ഈ 10 ശതമാനത്തിന്റെ കൈയ്യിലുണ്ടായുരുന്നത് 65.9 ശതമാനമായിരുന്നു. ഒന്നുകൂടി വൃത്തിയാക്കിയാല്‍ ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. അപ്പോള്‍ ഈ നടപടികള്‍ ഉറക്കം കെടുത്തുന്നത് ആരെയാണെന്ന്  സ്വന്തം ബുദ്ധി തട്ടിന്‍പുറത്തുകയറ്റിവയ്ക്കാത്ത ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.

ഈ സമ്പത്തിന്റെ ശതമാനക്കണക്കില്‍, ഒരു കഴഞ്ച് സാമൂഹ്യശാസ്ത്രം  ലയിപ്പിച്ചെടുത്താല്‍ കിട്ടുന്നതാണ് വ്യാപകമായ നെഞ്ചത്തടിയുടെയും നിലവിളിയുടെയും നിരര്‍ത്ഥകത. ആദ്യം പറയുന്നു. ജനം 500ഉം 1000വും മാറ്റാനാവാതെ പൊറുതിമുട്ടുന്നു, കള്ളപ്പണക്കാര്‍ക്കു ബേജാറില്ല. സംഗതി പൊളിഞ്ഞു.  പ്രധാനമന്ത്രിയെ വെടിവെച്ചുകൊല്ലണം. സത്യത്തില്‍ ഇന്ത്യാമഹാരാജ്യത്തെ ശരാശരി പ്രതിദിന വരുമാനം മുന്നൂറുരൂപയില്‍ താഴെയുള്ളവരെക്കൊണ്ടാണ് ഈ പറഞ്ഞത്. മന്ദബുദ്ധികളുടെ സംവാദം അവിടെനിന്നും ബഹുദൂരം പിന്നെയും മുന്നോട്ടുപോയി. നോട്ടുകള്‍ അസാധുവാക്കിയിട്ടും കള്ളപ്പണക്കാരാരും ബേജാറാവാത്തതു ഒന്നുകൊണ്ടുമാത്രം ബേജാറായിപ്പോയ ബുദ്ധിജീവികളുടെ അടുത്ത കടുപ്പപ്പെട്ട നിരീക്ഷണം വന്നു.  ഇത് കേരളത്തിലെ സഹകരണമേഖലയെ പൊളിക്കാനുള്ള നീക്കമാണ്, അതിനുമാത്രമുള്ള നീക്കമാണ്.  കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് ഇനി സിങ്കപ്പൂരിലെ നിയമമായിരിക്കുമോ ബാധകം എന്നു സംശയം ചിലര്‍ക്കെങ്കിലും തോന്നിക്കാണണം. റിസര്‍വ്വ് ബാങ്കിന്റെ കീഴിലുള്ള സഹകരണബാങ്കുകള്‍ക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് നിലവില്‍ നിയമമുണ്ടോയെന്നറിയില്ല. ഇനി ഇല്ലെങ്കില്‍, എല്ലാ സഹകരണബാങ്കുകളുടെയും ബോര്‍ഡ് യോഗം കൂടി അതങ്ങു തീരുമാനിച്ചാല്‍ മതിയാവും. ആ മിനിറ്റ്‌സിന്റെ ഓരോ കോപ്പി, ഫോര്‍ ഇമ്മീഡിയറ്റ് ആന്റ് നെസസ്സറി ആക്ഷന്‍ എന്നൊരു കുറിപ്പോടെ ആര്‍.ബി..ഐ ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാന്‍ മറക്കരുതെന്നുമാത്രം. സഹകരണബാങ്കുകളുടെ സകല പ്രശ്‌നങ്ങള്‍ക്കും അതോടുകൂടി ഒരു ശാശ്വതപരിഹാരമാവാതിരിക്കില്ല.

അങ്ങു വടക്കുനിന്നൊരു വാര്‍ത്ത കാണുന്നു. പണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പേരെഴുതിയ കോട്ട് 4.3 കോടി രൂപക്ക് കച്ചവടം നടത്തി ഞെട്ടിച്ച  ലാല്‍ജിഭായ് പട്ടേലിനെ ഓര്‍ക്കുന്നുണ്ടാവും. രക്ഷയില്ലെന്നു കണ്ട് 500ും 1000വുമായി കൂട്ടിവച്ച ചില്ലറ സമ്പാദ്യം, അതായത് വെറും 6000 കോടി മൂപ്പര്‍ സര്‍ക്കാരിലേക്കടച്ചു എന്നു കേള്‍ക്കുന്നു. വാര്‍ത്ത സത്യമാണെങ്കില്‍, സപ്തംബര്‍ 30 വരെ കള്ളപ്പണം വെളുപ്പിക്കാനുള്ള അന്ത്യശാസനത്തിലും കുലുങ്ങാത്ത കേളനാണ്, ഇപ്പോ പാലം പൊളിഞ്ഞ് ഖജനാവില്‍ തന്നെ വീണിട്ടുള്ളത്.

ഇനി ഈ അദ്ഭുതപ്രവൃത്തിയില്‍ ഹലാക്കായ ഒരു വിഭാഗം
വിതുമ്പിക്കരയുന്നുണ്ട്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്.  നമ്മുടെ ആത്മീയാചാര്യരാണ്. തെക്കോട്ടുള്ള വാക്കും വടക്കോട്ടുള്ള പ്രവൃത്തിയും ഏറ്റുമുട്ടുമ്പോള്‍ ചിതറുന്ന ആത്മീയവെളിച്ചത്തില്‍ കണ്ണഞ്ചിപ്പോവുന്ന അനുയായികളുടെ കണ്‍കണ്ട ദൈവങ്ങളാണവര്‍. നേരെവാ നേരെപോ എന്നുചിന്തിക്കുന്നവരുടെ കണ്ണിലെ പക്കാ ക്രിമിനലുകളും. നാട്ടിലെ നിയമങ്ങള്‍ മുഴുവനായും ലംഘിച്ചുകൊണ്ട് നോട്ടുകള്‍ സ്വന്തം ഗോഡൗണുകളില്‍ അട്ടിയിട്ടുകൊണ്ട് ലോകത്തിനു ആത്മീയവെളിച്ചവും നേരിന്റെ മാര്‍ഗവും മുടങ്ങാതെ ഉപദേശിക്കുന്ന മഹാസന്ന്യാസികളും സന്ന്യാസി ശ്രേഷഠരും. ഒരു ഫെയ്‌സ്ബുക്ക് ബുദ്ധിമാന്‍ കണക്കുകൂട്ടിയതു കണ്ടു. ഒരു ദിവസത്തെ ഹര്‍ത്താലിനുള്ള നഷ്ടം വച്ച് ഈ സാമ്പത്തിക അടിയന്തരാവസ്ഥ അഥവാ ഹര്‍ത്താല്‍ 50 ദിവസം നിന്നാലുള്ള സഹസ്രകോടികളുടെ നഷ്ടത്തിന്റെ കണക്ക്. നമ്മുടെ പഴയ മലര്‍പ്പൊടിക്കാരന്റെ ആ കഥ പറഞ്ഞയാളോട് നാളിതുവരെയായി എനിക്കിത്ര ബഹുമാനം തോന്നിയിരുന്നില്ല.  നമ്മുടെ കടുപ്പപ്പെട്ട ബുദ്ധിജീവികള്‍ അഥവാ മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍മാര്‍ ആയിരത്തിന്റെ അകാലചരമത്തില്‍ വിലപിച്ചത് ആരെങ്കിലും ശേഖരിക്കുകയാണെങ്കില്‍, നമ്മുടെ സാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടാവും. രമണന്‍ പോലൊരു മഹാകാവ്യം.

ആയിരം നോട്ടൊന്നു മാറീടുവാന്‍
ഞാനും വരട്ടെയോ നിന്റെ ക്യൂവില്‍
പാടില്ല, പാടില്ല ക്യൂവിന്‍ നിയമം
പാടെ മറന്നൊന്നും ചെയ്തുകൂടാ.....




Thursday, November 10, 2016

ട്രംപ്: ദി ആര്‍ട് ഓഫ് ദ ഡീല്‍, കളിയും കാര്യവും






ട്രംപ്: ദി ആര്‍ട് ഓഫ് ദ ഡീല്‍ എന്നൊരു പുസ്തകമുണ്ട്. 1987ല്‍ പ്രസിദ്ധീകരിച്ചതും ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ തുടര്‍ച്ചയായി ആഴ്ചകളോളം ഒന്നാംസ്ഥാനം നേടിയ പുസ്തകം. ഡൊണാള്‍ഡ് ട്രംപ് പുസ്തകം ടോണി ഷ്വാര്‍ട്‌സുമായി ചേര്‍ന്നെഴുതി എന്നു ട്രംപും, അല്ല ഗോസ്റ്റ് റൈറ്ററായി താന്‍ മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തും മൂപ്പരുടെ ഫോണ്‍സംഭാഷണങ്ങള്‍ ഒളിഞ്ഞുകേട്ടു തെളിച്ചെഴുതി എന്നു ഷ്വാര്‍ട്‌സും പറയുന്നു. ഒളിഞ്ഞുകേട്ടു എന്നുവച്ചാല്‍ ട്രംപിന്റെ സമ്മതപ്രകാരം ട്രംപിന്റെ ബിസിനസ് കാര്യ സംഭാഷണങ്ങളും മറ്റും എക്സ്റ്റന്‍ഷന്‍ ഫോണിലൂടെ കേട്ടു എന്നുമാത്രം. ട്രംപിന്റെ ശൈലിയും കൈയ്യിലിരിപ്പും വച്ചു നോക്കിയാല്‍ അതു സംഭവിക്കാവുന്നതേയുള്ളൂ. എങ്കിലും ട്രംപ് മാന്യനാണ്. കരാര്‍പ്രകാരമുള്ള കാശു കൃത്യം കൃത്യമായി കൊടുത്തു, പോരാത്തതിന് പുസ്തകത്തിന്റെ കവര്‍ പേജില്‍ ടോണി ഷ്വാര്‍ട്‌സിന്റെ പേര് തന്റെ പേരിന്റെ അതേ വലുപ്പത്തില്‍, അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തുകാരന്‍ സ്വയം അവകാശപ്പെടുന്നതുപോലെ വെറുമൊരു ഗോസ്റ്റ് റൈറ്ററായിരുന്നെങ്കില്‍ അതുതന്നെ ട്രംപിന്റെ ഔദാര്യം എന്നു പറയണം. പിന്നീടു കിട്ടിയ റോയല്‍റ്റി അതിലേറെ വലിയ ഔദാര്യവും.


ഒരു പകുതിപ്രജ്ഞയില്‍ ട്രംപിന്റെ ജീവിതവും മറുപകുതിപ്രജ്ഞയില്‍ ട്രംപിന്റെ കച്ചവടവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഒട്ടനവധി ബിസിനസ്സുകാരില്‍ ഒരാള്‍മാത്രമായ ട്രംപിനെ അമേരിക്കയാകമാനം അറിയപ്പെടുന്ന വന്‍വിജയിയായ ബിസിനസ്സുകാരനാക്കിയത് ബിസിനസ്സായിരുന്നില്ല, ഈ പുസ്തകമായിരുന്നൂവെന്നു നിരീക്ഷിക്കപ്പെടുന്നു. ട്രംപിന്റെ കൂര്‍മ്മബുദ്ധിയുടെ വേരുകള്‍ അവിടെയാണ്. ഒട്ടനവധി വൈരുദ്ധ്യങ്ങളുടെ വിളനിലമായാണ് പിന്നീട് ടോണി ഷ്വാര്‍ട്‌സ് ട്രംപിനെ വിശേഷിപ്പിക്കുന്നത്. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമായതുകൊണ്ടായിരുന്നു മൂപ്പരുടെ ബിസിനസ് കാര്യങ്ങള്‍ നേരിട്ടുള്ള കോളുകളിലൂടെ തന്നെ അറിയാന്‍ ശ്രമിച്ചത് എന്നു ഷ്വാര്‍ട്‌സ് പറയുന്നതും നമുക്ക് തള്ളിക്കളയാനാവില്ല. കാരണം അതു ചെയ്യുവാന്‍ ട്രംപ് അനുവദിച്ചു എന്നതു തന്നെ. 

ബിസിനസ് സാമ്രാജ്യത്തില്‍ നിന്നും അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് ട്രംപിന് നടന്നുകയറാന്‍ ചവിട്ടുപടിയായതും ഈ പുസ്തകം തന്നെയെന്നു വിലയിരുത്തപ്പെടുന്നു. അത്രമേലാണ് ഒരു പുസ്തകത്തിന്റെ സ്വാധീനം എന്നറിയുന്നിടത്താണ് രസകരമായ വസ്തുത. കാരണം, എല്ലാവര്‍ക്കും താത്പര്യം വിജയത്തിലേക്കുള്ള കുറുക്കുവഴികളാണ്, ജീവിതവിജയത്തിലേക്കുള്ള നേര്‍വഴിയികളല്ല. മറ്റുള്ളവര്‍ വെട്ടിയ വഴിയിലൂടെ സുരക്ഷിതമായി നടന്നുകയറുന്ന തീര്‍ത്ഥാടനമാണ് ഭൂരിഭാഗത്തിന്റെ ജീവിതവും. സ്വന്തം വഴിവെട്ടുന്ന സാഹസികയാത്രികര്‍ അപൂര്‍വ്വമാണ്. ഇനി സ്വന്തം വഴി വെട്ടുന്നവര്‍കൂടി, മറ്റുള്ളവരുടെ സാഹസികയാത്രയുടെ അനുഭവം കണ്ടറിയുക സാഭാവികം. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ഒരു പക്ഷേ വായിക്കപ്പെടുന്നത് ലീഡര്‍ഷിപ്പ്, ബിസിനസ് വിജയവിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാവുന്നത് സ്വാഭാവികം. 

തിരഞ്ഞെടുപ്പു പ്രചരണവേളയില്‍, തന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നായി ട്രംപ് ഉയര്‍ത്തിക്കാട്ടിയത് ഈ പുസ്തകമായിരുന്നു. സ്വന്തം കൃതിക്കു മീതെയൊരു ഗ്രന്ഥം അദ്ദേഹത്തിന്റെ കണക്കിലുള്ളത് ബൈബിള്‍ മാത്രമാണെന്നു തുറന്നുപറയുകയും ചെയ്തു. അങ്ങിനെ പ്രചരണത്തില്‍, ജീസസിനെയും കൂടെ കൂട്ടി. പുസ്തകം വീണ്ടും വിറ്റു. പ്രചരണവും പൊടിപൊടിച്ചു കച്ചവടവും. പുസ്തം മുന്നോട്ടുവെയ്ക്കുന്നത് 11 വിജയമന്ത്രങ്ങളാണ്. അതിലാദ്യത്തേത് തിങ്ക് ബിഗ്, അതായത് ഉന്നതമായ ചിന്ത. അതിലവസാനത്തെ മന്ത്രം ഹാവ് ഫണ്‍ എന്നതാണ്. ഇതു രണ്ടും എത്രത്തോളം തന്റെ വളര്‍ച്ചയില്‍ സഹായിച്ചു എന്നതിന് ഈ പ്രചരണകോലാഹലം തന്നെയായിരുന്നു സാക്ഷി.  കാരണം ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടാവുമെന്ന് ട്രംപല്ലാതെ ലോകത്താരും കരുതിയിരുന്നില്ല. അവസാനം പറഞ്ഞ ഹാവ് ഫണ്‍ ഒരു കുറവുമില്ലാതെ നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവും അദ്ദേഹത്തെ പറ്റി പ്രചരിച്ച കൈകളികഥകളാവണം. 

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപുമായി തനിക്കുണ്ടായിരുന്ന അനുഭവസമ്പത്തു പങ്കുവെക്കുവാന്‍ സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലിയിലെത്തിയ ഷ്വാര്‍ട്‌സ് താന്‍ 30 വര്‍ഷം മുന്നേ എഴുതി പ്രശസ്തനാക്കിയ ബിസിനസ്സുകാരന്‍ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ മത്സരിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ലെന്നും, അതിനു കൊള്ളില്ലെന്നും തുറന്നടിച്ചു. മൂപ്പര്‍ പുസ്തകമെഴുതാനുണ്ടായ കാരണം സിമ്പിള്‍ - സരസ്വതിയെ തള്ളി മഹാലക്ഷ്മിയോടൊപ്പം ശയിച്ചു. പിന്നെ എഴുത്തുകാരനെന്ന് നാലാളറിയാനുള്ള കുറുക്കുവഴി. ന്യായമായും ഷ്വാര്‍ട്‌സിന്റെ ഒരു വിരല്‍ ട്രംപിനു നേരെ ഉയരുമ്പോള്‍ നാലുവിരലും അയാള്‍ക്കുനേരെ തന്നെ തിരിയുന്ന സ്ഥിതി. ധാര്‍മ്മികത ട്രംപിന്റേതുമാത്രമല്ല, ചോദ്യം ചെയ്യപ്പെട്ടത് ഷ്വാര്‍ട്‌സിന്റേതുകൂടിയാണ്.  താന്‍ ന്യൂയോര്‍ക്കില്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഗാന്റ് സെന്‍ട്രല്‍ സ്റ്റേഷനിലെ സ്വപ്‌ന ഹോട്ടല്‍ സമുച്ചയപദ്ധതി നടപ്പിലാക്കാനായി അവിടുള്ള വാടകക്കാരെ ഒഴിപ്പിക്കാന്‍ ട്രംപ് നടത്തിയ കുതന്ത്രങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ ട്രംപിന്റെ മുഖം കവര്‍ പേജാക്കി അച്ചടിച്ചുവന്നതോടെയായിരുന്നു ഗോസ്റ്റ് റൈറ്ററായി ഉയരുന്ന തലത്തിലേക്കു ബന്ധം വളര്‍ന്നതെന്ന് അയാള്‍ പറയുന്നു. അതായത് ആ വിമര്‍ശനത്തെ ട്രംപ് ഒന്നുകില്‍ സഹിഷ്ണുതയോടെ കണ്ടു അല്ലെങ്കില്‍ വലിയ വിലകൊടുത്തു അവസാനിപ്പിക്കുന്നതിലും നല്ലത് ചെറിയ വിലയ്ക്ക് കച്ചവടമുറപ്പിക്കലാണെന്നു ബുദ്ധിപൂര്‍വ്വം തീരുമാനിച്ചു. ഏതായാലും മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഒരുപക്ഷേ അതാകുമായിരുന്നു അയാളുടെ അവസാനത്തെ ഫീച്ചര്‍. 


കടപ്പാട്: ന്യൂയോര്‍ക്കര്‍.കോം
അസ്സലൊരു തഗ് അഥവാ തെമ്മാടിയുടെ അല്ലെങ്കില്‍ കൊള്ളക്കാരന്റെ പരിവേഷമായിരുന്നു മൂപ്പര്‍ മുഖചിത്രത്തിലൂടെയും, വിവരണത്തിലൂടെയും ട്രംപിനു ചാര്‍ത്തിക്കൊടുത്തതെന്നു അയാള്‍ തന്നെ പറയുന്നു.  പക്ഷേ വ്യത്യസ്തനാമൊരു കച്ചവടരക്കാരനാം ട്രംപ് അതേറെ ഇഷ്ടപ്പെട്ടു. വൃത്തികെട്ട സ്വന്തം ഫോട്ടോ വൃത്തിയായി ഫ്രെയിം ചെയ്ത് മൂപ്പര്‍ സ്വന്തം ഓഫീസില്‍ തലക്കുമുകളില്‍ പ്രതിഷ്ഠിച്ചു. ട്രംപിന്റെ നിരീക്ഷണത്തില്‍ നെഗറ്റീവ് പബ്ലിസിറ്റി എന്നൊന്നുണ്ടായിരുന്നില്ല. അതും ഒരു പബ്ലിസിറ്റി തന്നെയെന്നു കൂട്ടി. പിന്നെ താമസിച്ചില്ല, എഴുത്തുകാരനെ വിളിച്ച് ആത്മകഥയുടെ പണികൂടി അങ്ങേല്‍പിച്ചു. അങ്ങിനെ നോക്കുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ തറയില്‍ കെട്ടിപ്പൊക്കിയ സമാനതകളില്ലാത്ത വ്യക്തിത്വമാവുന്നു ട്രംപ്. 18 മാസത്തോളം എട്ടുപത്തു മണിക്കൂര്‍ കൂടെ നടന്നിട്ടും പിടികിട്ടാത്ത നിഗൂഢതയായി എഴുത്തുകാരനു ട്രംപ്.  വാക്കു വടക്കോട്ടെങ്കില്‍ വാസു തെക്കോട്ടേക്കെന്ന ശൈലി. അപ്പോഴാണ്, അക്കാര്യം തുറന്നുപറഞ്ഞ് ഫോണ്‍സംഭാഷണങ്ങള്‍ സമാന്തരലൈനിലൂടെ കേള്‍ക്കാനുള്ള സമ്മതവും എഴുത്തുകാരന്‍ നേടിയത്. എല്ലാം നോക്കുമ്പോള്‍ ട്രംപ് അങ്ങിനെയാണ്, വൈരുദ്ധ്യങ്ങളുടെ രാജകുമാരന്‍.

വാ വിട്ട വാക്കും കൈവിട്ട പുസ്തകവുമെന്നായി പിന്നീട് കാര്യങ്ങള്‍. ഗോസ്റ്റ് റൈറ്റര്‍ അഥവാ അദൃശ്യരചയിതാവ് ട്രംപുമായി തെറ്റി. എങ്കിലും പുസ്തകം ഒരു ഡസനിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഷ്വാര്‍ട്‌സുമായി ചേര്‍ന്നെഴുതി എന്നു ട്രംപും, ചില്ലറ വരികള്‍ കുത്തിക്കളഞ്ഞതല്ലാതെ, ട്രംപ് ഒരു വരിപോലും എഴുതിയില്ലെന്നു ഷ്വാര്‍ട്‌സും, തനിക്കു ഒരു പോസ്റ്റുകാര്‍ഡുപോലും ട്രംപില്‍ നിന്നു കിട്ടിയിട്ടില്ലെന്നു ആദ്യ പബ്ലിഷറും - മൊത്തം ജഗപൊഗ.  2016 ജൂലൈയില്‍  ദ ന്യൂയോര്‍ക്കറില്‍ ഷ്വാര്‍ട്‌സ് തുറന്നടിച്ചു - ആ പുസ്തകം എഴുതിയതില്‍ ഞാനിന്നു ഖേദിക്കുന്നു. ഇന്നായിരുന്നെങ്കില്‍ ആ പുസ്തകത്തിന് ദി സോഷ്യോപത് (സാമൂഹ്യവിരുദ്ധന്‍)  എന്നു പേരിടുമായിരുന്നു എന്നും വച്ചു കാച്ചി. എ.ബി.സി യുടെ ഗുഡ് മോര്‍ണിങ് അമേരിക്ക എന്ന പരിപാടിയില്‍ ഒന്നുകൂടി ഷ്വാര്‍ട്‌സ് മുന്നോട്ടുപോയി ഒരു പന്നിക്ക് ലിപ്സ്റ്റിക് ഇട്ടുകൊടുത്ത പണിയായി പുസ്തകത്തെ സ്വയം വിലയിരുത്തി. ഒരാവേശത്തിന് കിണറ്റില്‍ ചാടി എന്നു പറഞ്ഞാല്‍ മതിയല്ലോ?  ഇന്നോളം പുസ്തകത്തിന്റെ പേരിലുള്ള മുഴുവന്‍ അവകാശവും ഉപേക്ഷിക്കുവാനും റോയല്‍റ്റിയായി ലഭിച്ചതു മുഴുവന്‍ തിരിച്ചടക്കാനുമായി ട്രംപിന്റെ അറ്റോര്‍ണി ഷ്വാര്‍ട്‌സിന് നോട്ടീസയച്ചിരിക്കുന്നു. രാജ്യം അമേരിക്കയായതുകൊണ്ടും പ്രസിഡണ്ട് ട്രംപ് ആയതുകൊണ്ടും ഷ്വാര്‍ട്‌സിന്റെ തല തല-സ്ഥാനത്തുതന്നെ തുടരുമെന്നു നമുക്കു പ്രതീക്ഷിക്കാം, നിയമം നിയമത്തിന്റെ വഴിക്കും. മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍, ഗോസ്റ്റ് റൈറ്ററിലെ റൈറ്റര്‍ ഇല്ലാതാവുകയും ഗോസ്റ്റ് അവശേഷിക്കുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിനു വലിയ താമസമുണ്ടാവുമായിരുന്നില്ല. 

തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ട്രംപിനെതിരായി ഷ്വാര്‍ട്‌സ് ആവുന്നതെല്ലാം ചെയ്തു. തന്റെ പിഴയായി, വലിയ പിഴയായി ആ പുസ്തകത്തെ വിശേഷിപ്പിച്ചു. അതിലുള്ള വാചകങ്ങള്‍ വായിച്ചു വിവരിച്ചു. ഒടുവില്‍ നെഗറ്റീവ് പബ്ലിസിറ്റി എന്ന ഒരു സംഗതിയില്ലെന്നും എല്ലാം പബ്ലിസിറ്റിയൊന്നുമാത്രമാണെന്നുമുള്ള ട്രംപ് നീരീക്ഷണം ശരിയാക്കി ഹില്ലരി റോധം ക്ലിന്റണ്‍ അടിയറപറഞ്ഞു. ഹില്ലരിയുടെ വിജയം സുനിശ്ചിതമെന്നു കരുതിയ ലോകം വാപൊളിച്ചു, അത്രമേല്‍ ഉറപ്പില്ലാതെ ഷ്വാര്‍ട്‌സും എതിര്‍പ്രചരണത്തിനു തുനിയുമായിരുന്നില്ല. 


www.fortunedotcom.files.wordpress.com
             നിയുക്ത പ്രസിഡണ്ട് ജനതയെ അഭിസംബോധന
ചെയ്യുന്നു (കടപ്പാട്: ഫോര്‍ച്യൂണ്‍.കോം)
ആഹ്ലാദപ്രകടനത്തിനും രാജ്യത്തെ അഭിസംബോധനചെയ്യാനും തയ്യാറെടുപ്പു നടത്തിയിരുന്ന ഹില്ലരിയെ പരാജയപ്പെടുത്തിയ ട്രംപ് ജനതയെ അഭിസംബോധന ചെയ്ത ശൈലി കാണേണ്ടതാണ്. തന്നിലെ വൈരുദ്ധ്യങ്ങളുടെ ആകെത്തുകയും അവിടെ പ്രകടമാക്കി. പതിവിനു വിപരീതമായി, അക്രമണോത്സുകമായ ശൈലി വെടിഞ്ഞ് ആരെയും കൈയ്യിലെടുക്കുന്ന സംഭാഷണചാതുരിയോടെ തുടക്കം. അമിതാഹ്ലാദമേതുമില്ലാതെ, തന്റെ വിജയം കൂടെനിന്നവര്‍ക്കായി വീതിച്ചുകൊടുക്കുന്ന ഒരു മാതൃകാനേതാവായി ആയൊരൊറ്റ പ്രസംഗത്തിലൂടെ ട്രംപ്. തലേദിവസം വരെ ഹില്ലരിയെ ജയിലിലടക്കുമെന്നു പറഞ്ഞ ട്രംപ്, അവര്‍ രാഷ്ട്രത്തിനു നല്കിയ സംഭാവനകളെ വാഴ്ത്താനും മറന്നില്ല. ട്രംപിന്റെ ശൈലിവച്ച്, ഇനിയും പ്രതീക്ഷിക്കാം, ഒരു പക്ഷേ ഷ്വാര്‍ട്‌സ് തന്നെ ട്രംപിന്റെ ശിഷ്ടകാല പ്രഡിഡന്‍ഷ്യല്‍ ജീവിതവും അടയാളപ്പെടുത്തുന്നത്. 




Wednesday, October 5, 2016

കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും ( മന്‍ കി ബാത് (സപ്റ്റംബര്‍ 2016)


എന്റെ പ്രിയ നാട്ടുകാരേ, നമസ്‌കാരം. ജമ്മുകശ്മീരിലെ ഉറി മേഖലയിലെ തീവ്രവാദി ആക്രമണത്തില്‍ നമ്മുടെ രാജ്യത്തിനു നഷ്ടമായത് 18 ധീരപുത്രന്മാരെയാണ്.  നമ്മുടെ ഈ വീരസന്തതികളെ ഞാന്‍ പ്രണമിക്കുന്നു, അദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ഭീരുക്കളുടെ ഈ പൈശാചികകൃത്യം രാജ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്.  മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദു:ഖം, സഹോദരനെ നഷ്ടപ്പെട്ട സഹോദരങ്ങളുടെ ദു:ഖം, പ്രിയപ്പെട്ടവനെ നഷ്ടമായ ഭാര്യയുടെ ദു:ഖം, അച്ഛനെ നഷ്ടമായ മക്കളുടെ ദു:ഖം, അങ്ങിനെമാത്രമായി ഈ തീവ്രദു:ഖം മാറുകയില്ല. സത്യത്തില്‍, ഇത് രാഷ്ട്രത്തിന്റെ നഷ്ടമാണ്.  അതുകൊണ്ടുതന്നെ, പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ ആ ദിവസം പറഞ്ഞത് ആവര്‍ത്തിക്കുന്നു - കുറ്റവാളികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടും.

പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ സായുധസേനയില്‍ പൂര്‍ണവിശ്വാസമുള്ളവരാണു നാം.  ഇത്തരം സകല ഗൂഢാലോചനകളും അവരുടെ ധീരതക്കുമുന്നില്‍ തകര്‍ന്നടിയും, ധീരതയുടെ കൊടുമുടികള്‍ കീഴടക്കി അവര്‍ മുന്നേറുന്നതുകൊണ്ടാണ് നാം 125 കോടി സഹജീവികളും സസന്തോഷം സമാധാനപൂര്‍വ്വം കഴിയുന്നത്. അവരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. മനസ്സിലുള്ളത് വിളിച്ചുപറയാനുള്ള അവകാശം, നാം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുണ്ട്, നാമതു ചെയ്യുകയും ചെയ്യുന്നു. പക്ഷേ സൈന്യമോ, അവര്‍ പറയുന്നില്ല, പ്രവര്‍ത്തിക്കുക മാത്രം ചെയ്യുന്നു.

ഇന്നു, വിശിഷ്യാ കശ്മീരില്‍ ജീവിക്കുന്നവരോട് ചില കാര്യങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ദേശവിരുദ്ധ ശക്തികളുടെ യഥാര്‍ത്ഥ മുഖം കശ്മീരിലെ ജനത നന്നായി തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. സത്യം ഒന്നൊന്നായി അവര്‍ക്കുമുന്നില്‍ വെളിപ്പെടുമ്പോള്‍, അത്തരം ശക്തികളില്‍ നിന്നും അവര്‍ അകന്നുപോയ്‌ക്കൊണ്ടേയിരിക്കുന്നു, അവര്‍ സമാധാനത്തിന്റെ വഴിയില്‍ മുന്നേറാന്‍ തുടങ്ങിയിരിക്കുന്നു. എത്രയും പെട്ടെന്ന് എല്ലാ വിദ്യാലയങ്ങളും കലാലയങ്ങളും കൃത്യമായി തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങുവാനാണ് കശ്മീരിലെ ഒരോ രക്ഷിതാവും ആഗ്രഹിക്കുന്നത്. രാജ്യം മുഴുവനുമുള്ള വിപണികളിലേക്ക് തന്റെ പഴവര്‍ഗങ്ങളും പാകമായ വിളവുകളും എത്തണമെന്നാണ് കശ്്മീരിലെ ഓരോ കര്‍ഷകനും ആഗ്രഹിക്കുന്നത്. സാമ്പത്തിക കാര്യങ്ങള്‍ ശരിയായ ദിശയിലേക്കുള്ള കൃത്യമായ പാളങ്ങളിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി പോയ കാലങ്ങളിലെ വ്യാപാര വസന്തം പുനസൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കിക്കുയായിരുന്നു. നമുക്കറിയാം, പ്രശ്‌നപരിഹാരങ്ങളിലേക്കുള്ള നമ്മുടെ മാര്‍ഗം സമാധാനത്തിന്റേതും ഐക്യത്തിന്റെതും സ്വരച്ചേര്‍ച്ചയുടേതുമാണ്, വികസനത്തിലേക്കും പുരോഗതിയിലേക്കുള്ളതും അതേ മാര്‍ഗമാണ്.  ഭാവിതലമുറകള്‍ക്കുവേണ്ടി വികസനത്തിന്റെ കുടുതല്‍ ഉയരങ്ങള്‍ നാം താണ്ടേണ്ടതുണ്ട്.  എനിക്കുറപ്പാണ്, ഒന്നിച്ചിരുന്നുകൊണ്ട് നമുക്ക് നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്, മുന്നോട്ടേക്കുള്ള മാര്‍ഗങ്ങള്‍ ആരായാവുന്നതാണ്, കശ്മീരിലെ ഭാവിതലമുറകള്‍ക്കുവേണ്ടിയുള്ള മികച്ചവഴികള്‍ കണ്ടെത്താവുന്നതുമാണ്.  കശ്മീരിലെ ജനതയുടെ സുരക്ഷ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്.  നീതി-നിയമ-നിര്‍വ്വഹണ സംവിധാനങ്ങളുടെ നടത്തിപ്പിനായി ചില നടപടികള്‍ സര്‍ക്കാരിനു കൈക്കൊള്ളേണ്ടതുണ്ട്.  നമ്മുടെ എല്ലാ കഴിവുകളുടെയും, അധികാരത്തിന്റെയും, നിയമങ്ങളുടെയും ശാസനകളുടെയും പരമമായ ലക്ഷ്യം  കശ്മീരിലെ ജനതയുടെ സന്തോഷവും സമാധാനവുമാണെന്ന്് സുരക്ഷാസൈന്യത്തോടും ഞാന്‍ പറയുന്നു. അതു കൃത്യമായി നാം പാലിക്കും. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍, പുതിയ ആശയങ്ങള്‍ അവര്‍ക്കു പങ്കുവെയ്ക്കുകയുമാവാം. ഈ ദിവസങ്ങളിലായി എത്രയൊക്കെയോ കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സകലമൂലകളില്‍ നിന്നുമുള്ള വ്യത്യസ്ത വീക്ഷണങ്ങളുള്ള എത്രയോ വ്യക്തികളില്‍ നിന്നും കാര്യങ്ങള്‍ അറിയുവാനുള്ള അവസരം എനിക്കു ലഭിക്കുന്നുണ്ട്, അതാവട്ടെ നമ്മുടെ ശക്തമായ ജനാധിപത്യത്തിനു കൂടുതല്‍ കരുത്തു പകരുകയും ചെയ്യുന്നു.   അടുത്തായി, ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹര്‍ഷവര്‍ദ്ധന്‍ എനിക്കു മുന്നില്‍ വച്ചത് അത്തരമൊരു വ്യത്യസ്തമായ ചിന്തയാണ്.  അവന്‍ എനിക്കെഴുതി - ഉറി ആക്രമണത്തിനുശേഷം ഞാന്‍ അത്യധികം മാനസികമായ വേദനയിലായിരുന്നു, അതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നു തീവ്രമായി തോന്നുകയും ചെയ്തിരുന്നു.  പക്ഷേ ഇളം പ്രായത്തിലുളള എന്നെപ്പോലുള്ളൊരു വിദ്യാര്‍ത്ഥിക്കു എന്താണുചെയ്യാന്‍ കഴിയുന്ന ഒരു തിരിച്ചറിവ് ഉണ്ടാവുന്നില്ല. അതുകൊണ്ട് രാജ്യസേവനത്തിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നൊരു മാര്‍ഗമാണ് ഞാനന്വേഷിച്ചത്. അതുകൊണ്ടു തന്നെ, സാധാരണയില്‍ കവിഞ്ഞ് ഇനിയെന്നും ഒരു മൂന്നു മണിക്കൂര്‍ അധികം പഠനത്തിനായി ചിലവഴിക്കുമെന്ന് ഞാനൊരു പ്രതിജ്ഞ ചെയ്തിരിക്കുന്നു. കഴിവുറ്റൊരു പൗരനായി ഞാന്‍ മാറും, അങ്ങിനെ രാജ്യത്തെ ഞാന്‍ നന്നായി സേവിക്കും.

പ്രിയ സഹോദരന്‍ ഹര്‍ഷവര്‍ദ്ധന്‍, രോഷജനകമായ ഈ അന്തരീക്ഷത്തില്‍, ഈ ചെറിയപ്രായത്തിലും ആരോഗ്യപരമായ ചിന്തിക്കാന്‍ നിനക്കു കഴിയുന്നു.  എങ്കിലും പ്രിയപ്പെട്ട കൂട്ടീ, നമ്മുടെ ജനങ്ങളുടെ അമര്‍ഷത്തിന്റെ തീവ്രത അത്രയേറെയാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ ദേശീയചേതനയുടെ പ്രതീകമായി അതു മാറുകയാണ്.  വല്ലതും ചെയ്യണമെന്നൊരു നിശ്ചയദാര്‍ഢ്യം ആ അമര്‍ഷത്തിനുണ്ട്. അതേ! ആ ക്രോധവും അമര്‍ഷവും തന്നിലൂടെ പ്രതിഫലിച്ചത് തികച്ചും സൃഷ്ടിപരമായാണ്. കുട്ടിയറിയണം, 1965 ലെ യുദ്ധകാലത്ത് ലാല്‍ ബഹാദൂര്‍ ശാസ്ത്രിജിയുടെ നേതൃത്വത്തിലായിരുന്നു നമ്മള്‍. അന്നും ഇതുപോലെ രാജ്യമെങ്ങും രോഷവും ദേശാഭിമാനപരമായ ആവേശവും അതിന്റെ പാരമ്യതയില്‍ അലയടിക്കുന്ന കാലം. എന്തെങ്കിലും സംഭവിക്കണമെന്ന്, അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെന്ന്  എല്ലാവരും ആഗ്രഹിച്ചു.  രാഷ്ട്രത്തിന്റെ വൈകാരികപ്രപഞ്ചത്തെ തൊട്ടുണര്‍ത്തുന്ന വിധത്തിലാണ്, ജയ് ജവാന്‍, ജയ് കിസാന്‍ എന്നൊരു മന്ത്രത്തിലൂടെ  അദ്ദേഹം ജനതയുടെ ഉള്ളുണര്‍ത്തിയത്, രാജ്യത്തിനുവേണ്ടി അധ്വാനിക്കാനായി പ്രചോദനമേകിയത്.  തോക്കിന്റെയും ബോംബിന്റെയും കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടയിലും ഒരു ജനതയ്ക്കു മുഴുവന്‍ ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള വ്യത്യസ്തമായൊരു മാര്‍ഗം നമുക്കുമുന്നില്‍ തുറന്നിട്ടത്് ശാസ്ത്രിജിയാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍, വൈകാരികമായ അതിതീവ്രതക്ക് ഒരു ശമനം ആവശ്യമായി വന്നപ്പോഴെല്ലാം,  അമര്‍ഷത്തിന്റെതായ ആ ഊര്‍ജപ്രവാഹത്തെ സൃഷ്ടിപരമായ സാമൂഹ്യസേവനങ്ങളിലേക്ക് തിരിച്ചുവിട്ട് സാമൂഹികപരീക്ഷണങ്ങള്‍ അത്യധികം വിജയകരമായി നടത്തിയത് മഹാത്മജിയായിരുന്നു. ഇപ്പോള്‍, നാമെല്ലാം, നമ്മുടെ സായുധസേനകളും, സര്‍ക്കാര്‍ ജീവനക്കാരും നിസ്വാര്‍ത്ഥമായി നമ്മുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയാണെങ്കില്‍, പ്രിയപ്പെട്ടവരേ നാമോരുത്തരും നമ്മുടെ സൃഷ്ടിപരമായ സംഭാവനകള്‍ ദേശസ്‌നേഹത്തിന്റെ നിറവോടെ ചെയ്യുകയാണെങ്കില്‍, നമ്മുടെ രാഷ്ട്രം തീര്‍ച്ചയായും കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കുന്നതാണ്.

പ്രിയപ്പെട്ട ജനങ്ങളേ, പാരാലിമ്പിക്‌സില്‍ പങ്കെടുത്ത നമ്മളുടെ താരങ്ങളുടെ ചരിത്രനേട്ടങ്ങളെയും അവരുടെ അവിസ്മരണീയമായ പ്രകടനത്തെയും കുറിച്ച് നരേന്ദ്രമോദി ആപ്പില്‍ എഴുതിയിരുന്നത് ശ്രീ. ടി. എസ്. കാര്‍ത്തികാണ്.  നമ്മുടെ താരങ്ങളുടേത് സ്തുത്യര്‍ഹമായ നേട്ടമാണെന്നും മന്‍ കി ബാത്തില്‍ അതേക്കുറിച്ച് സംസാരിക്കണമെന്നും എഴുതിയത് ശ്രീ. വരുണ്‍ വിശ്വനാഥനാണ്. നമ്മളിലോരോരുത്തര്‍ക്കും പാരാലിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങളോട് വൈകാരികമായൊരു ഹൃദയബന്ധമുണ്ട്.  കായികപരമായ നേട്ടങ്ങള്‍ക്കതീതമായി, പാരാലിമ്പിക്‌സും അതിലെ നമ്മുടെ താരങ്ങളുടെ പ്രകടനവും മാറ്റിമറിച്ചിരിക്കുന്നത് മാനവികതയുടെ നേരെയുള്ള നമ്മുടെ സമീപനത്തെയാണ്, അംഗപരിമിതരോടുള്ള സമീപനത്തെയാണ്. പരിമിതികളോടേറ്റുമുട്ടി വിജയം വരിച്ച പ്രിയ സഹോദരി  ദീപ മാലികിന്റെ വാക്കുകള്‍ അവിസ്മരണീയങ്ങളാണ്, 'സത്യത്തില്‍ ഈ മെഡലിലൂടെ ഞാന്‍ പരാജയപ്പെടുത്തിയിരിക്കുന്നത് എന്റെ പരിമിതികളെത്തന്നെയാണ്'.  അതിതീവ്രമാണ് ആയൊരു നിരീക്ഷണത്തിന്റെ കരുത്ത്. ഇത്തവണ 19 താരങ്ങളാണ്, 3 വനിതകളടക്കം പാരാലിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ശാരീരികമായ കരുത്തും ആര്‍ജിതമായ കഴിവും മാറ്റുരയ്ക്കുന്ന സാധാരണ കായികമേളകളില്‍ നിന്നും അംഗപരിമിതരുടെ കായിക മാമാങ്കങ്ങളെ വ്യത്യസ്തമാക്കുന്നത് ശാരീരികക്ഷമതയ്ക്കും കഴിവുകള്‍ക്കുമുപരിയായുള്ള അവരുടെ ആത്മനിയന്ത്രണവും നിശ്ചയദാര്‍ഢ്യവുമാണ്.

രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഒരു ഓടുമടക്കം നാലു മെഡലുകള്‍ നേടിയ നമ്മുടെ താരങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം നമ്മെ സംബന്ധിച്ചിടത്തോളം ആനന്ദകരവും ആശ്ചര്യജനകവുമായി തോന്നിയേക്കാം.  നമ്മുടെ സഹോദരനായ ദേവേന്ദ്ര ഝജാരിയ ജാവ്‌ലിനില്‍ നേടിയത് സ്വര്‍ണമെഡലാണ്, 12 വര്‍ഷത്തിനുശേഷം അദ്ദേഹം വിജയം ആവര്‍ത്തിക്കുകയായിരുന്നു. 12 വര്‍ഷം ഒരു വലിയ കാലയളവാണ്, പ്രായമേറും, പിന്നെ ഒരുതവണ കൈവരിച്ച സുവര്‍ണനേട്ടത്തോടുള്ള അനുരാഗം കുറയുകയും ചെയ്യും. നാമറിയണം, 12 വര്‍ഷത്തെ ഇടവേളകള്‍ക്കു ശേഷവും അവിസ്മരണീയമായ രണ്ടാമത്തെ സ്വര്‍ണത്തിലേക്ക് അദ്ദേഹം നടന്നുകയറിയത് ശാരീരിക അവശതകളും ഏറിവരുന്ന പ്രായവുമെല്ലാം ആ പ്രതിഭയുടെ ദൃഢനിശ്ചയത്തിനും  ആത്മനിയന്ത്രണത്തിനും മുന്നില്‍ ഒന്നുമല്ലാതായപ്പോഴാണ്. മറ്റൊരു വസ്തുത അദ്ദേഹം അംഗപരിമിതനായി ജനിച്ചൊരാളായിരുന്നില്ല, ഒരു വൈദ്യൂതാഘാതത്തില്‍ പെട്ട് അദ്ദേഹത്തിന് ഒരു കൈ നഷ്ടപ്പെടുകയായിരുന്നു. 23 വയസ്സില്‍ നേടിയ ഒരു കായികമാമാങ്കവിജയം പന്ത്രണ്ടുവര്‍ഷത്തിനുശേഷം 35 വയസ്സില്‍ വീണ്ടും ആവര്‍ത്തിക്കാനാവശ്യമായ നിരന്തര പ്രയത്‌നത്തെയും നിതാന്തമായ പരിശ്രമത്തെയും കുറിച്ചാണ്  നാമാലോചിക്കേണ്ടത്. മാരിയപ്പന്‍ തങ്കവേലും സ്വര്‍ണമെഡല്‍ നേടിയത് ഹൈ ജംബിലാണ്.  വെറും അഞ്ചുവയസ്സാവുമ്പോഴേക്കും വലതു കാല്‍ നഷ്ടമായ വ്യക്തി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ദാരിദ്ര്യം പോലും വഴിമാറുകയായിരുന്നു. നമ്മുടെ വന്‍നഗരങ്ങളില്‍ നിന്നൊന്നുമല്ല അദ്ദേഹം വന്നത്, അദ്ദേഹം കടന്നുവന്നത് ഒരു ധനിക കുടുംബത്തില്‍ നിന്നല്ല, മധ്യവര്ഗ കുടുംബത്തില്‍ നിന്നുപോലുമായിരുന്നില്ല.  ശാരീരികമായ വെല്ലുവിളികളെയും മറ്റെല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 21 വയസ്സില്‍ അദ്ദേഹം രാജ്യത്തിനായി മെഡല്‍ നേടിയത് അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ്. രാജ്യത്തിനു വേണ്ടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പ്രതിഭയാണ് ദീപ മാലിക് -  എത്രയെ വിജയങ്ങള്‍, അവയുടെ ആവര്‍ത്തനങ്ങള്‍.

ഹൈജംമ്പിലാണ് വരുണ്‍ സി ഭാട്ടി ഓട്ടുമെഡല്‍ നേടിയത്. പാരാലിമ്പിക്‌സില്‍ നേടുന്ന മെഡലുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്, നമ്മുടെ സമുഹത്തിലും രാജ്യത്തും അയല്‍രാജ്യങ്ങളില്‍ പോലുമുള്ള അംഗപരിമിതരായ സഹോദരീസഹോദരന്‍മാരുടെ മനോവ്യാപാരങ്ങളില്‍ അതുളവാക്കുന്ന പരിവര്‍ത്തനം ചെറുതല്ല. അവരെ നമുക്കു തുല്യരായി കാണുവാനുള്ള പ്രചോദനം മാത്രമല്ല, അവരോടുള്ള നമ്മുടെ മനോഭാവത്തെ തന്നെയാണ് ഈ നേട്ടം മാറ്റിമറിച്ചിരിക്കുന്നത്. എന്തുമാത്രം അതിശയകരമായ പ്രകടനമാണ് സത്യത്തില്‍ അംഗപരിമിതരായവര്‍ കാഴ്ചവെച്ചത് എന്നറിയുന്നവര്‍ വളരെ ചുരുക്കമാണ്. കുറച്ചുദിവസങ്ങള്‍ മുന്നേ ഒളിമ്പിക്‌സ് നടന്നതും അതേ വേദിയിലാണ്.  ഒളിമ്പിക്‌സ് ഗെയിംസില്‍ കുറിക്കപ്പെട്ട റിക്കോര്‍ഡ് അംഗപരിമിതര്‍ തിരുത്തുമെന്ന ആര്‍ക്കെങ്കിലും ഭാവനയില്‍ കൂടി കാണാനാവുമോ?  ഇത്തവണ അതു സംഭവിച്ചു. പാരാലിമ്പിക്‌സില്‍ 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ അള്‍ജീറിയയുടെ അബ്്‌ദെലാതിഫ് ബാക്കാ 1.7 സെക്കന്റില്‍ 1500 മീറ്റര്‍ താണ്ടി മാറ്റിയെഴുതിയത് ജനറല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ താരത്തിന്റെ റിക്കോര്‍ഡാണ്. എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതല്ല. അംഗപരിമിതരുടെ മത്സരത്തില്‍ നാലാമതായി ഓടിയെത്തി മെഡലില്ലാതെ പോയ ആള്‍ എടുത്ത സമയം ജനറല്‍ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ആളെടുത്ത സമയത്തില്‍ കുറവായിരുന്നു എന്ന സത്യമാണ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ മുഴുവന്‍ പാരാലിമ്പിക്‌സ് താരങ്ങളെയും ഞാന്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. ഇന്ത്യന്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുവാന്‍ പര്യാപ്തമായ ഒരു പദ്ധതി പുരോഗമിക്കുകയാണ്, ഒപ്പം പാരാലിമ്പിക്‌സിനായുള്ള സൗകര്യങ്ങളും.

പ്രിയപ്പെട്ട നാട്ടുകാരേ, പോയ ആഴ്ചയിലെ ഗുജറാത്തിലെ നവ്‌സാരിയില്‍ എനിക്കുണ്ടായ അനുഭവം അസാധാരണമാണ്.  അത്രമേല്‍ വികാരഭരിതമായ ഒരു നിമിഷം. അംഗപരിമിതര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച് ഒരു മെഗാ കാമ്പായിരുന്നു വേദി. ആ ഒറ്റനാള്‍കൊണ്ട് അവിടെ എഴുതിച്ചേര്‍ക്കപ്പെട്ടത് എത്രയോ ലോകറിക്കോര്‍ഡുകളായിരുന്നു. ദാങ് ജില്ലയിലെ അതിവിദൂര വനമേഖലയില്‍ നിന്നും വന്ന ഗൗരി ഷാര്‍ദുല്‍, ഒരു കൊച്ചുപെണ്‍കുട്ടി, പ്രകാശലോകം അപ്രാപ്യമായ ആ കുരുന്ന് ഇതിഹാസകാവ്യമായ രാമായണം അപ്പാടെ ഹൃദിസ്ഥമാക്കി ആലപിക്കുകയാണ്.  അവള്‍ എനിക്കു മുന്നില്‍ രാമായണത്തിലെ ചില ഭാഗങ്ങള്‍ ആലപിച്ചു, അവളുടെ കഴിവ് ഞാന്‍ അവിടെ പരിചയപ്പെടുത്തിയപ്പോള്‍ അവിടെ കൂടിയവര്‍ക്ക് അതൊരു വിസ്മയമായി.  അന്നവിടെ ആ പൊതുചടങ്ങില്‍  അംഗപരിമിതരായവരുടെ ജീവിതവിജയകഥകളുടെ പുസ്തകം പ്രകാശിപ്പിക്കാന്‍ എനിക്കൊരവസരം ലഭിച്ചു. ആര്‍ക്കും ജീവിതവിജയത്തിനു പ്രചോദനമാകുന്ന എന്തെല്ലാം സംഭവങ്ങള്‍! നവസാരിയില്‍  ഗവണ്‍മെന്റും അന്നൊരു റിക്കോര്‍ഡിന്നുടമയായി എന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. അന്നവിടെ കേവലം 8 മണിക്കൂറിനുള്ളില്‍ കേള്‍വിശക്തിയില്ലാതെപോയ 600 പേര്‍ക്ക് ശ്രവണസഹായിയന്ത്രം വിജയകരമായി വച്ചുപിടിപ്പിച്ചു റിക്കോര്‍ഡ് സൃഷ്ടിച്ചത് സര്‍ക്കാരാണ്്. ഗിന്നസ് ബുക്കിന്റെ താളുകളില്‍ ആ വമ്പിച്ച നേട്ടം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒരൊറ്റ ദിവസത്തിനുള്ളില്‍ അംഗപരിമിതരായവര്‍ സൃഷ്ടിച്ചെടുത്ത മൂന്നു ലോകറിക്കോര്‍ഡുകള്‍ നമുക്ക് അഭിമാനാര്‍ഹമാണ്.

പ്രിയപ്പെട്ട എന്റെ നാട്ടുകാരേ, രണ്ടുവര്‍ഷം മുന്നേ ബാപ്പുജിയുടെ ജന്മനാളായ ഒക്ടോബര്‍ 2നാണ് നമ്മള്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കിയത്. വൃത്തി നമ്മുടെ മുഖമുദ്രയാവണം എന്നു ഞാന്‍ അന്നു പറഞ്ഞിരുന്നു, എല്ലാവരും അവരുടെ ദൗത്യമായി അതേറ്റെടുക്കണം എന്നും മാലിന്യം അറുപ്പോടെ നോക്കിക്കാണുന്ന ഒരു പരിസ്ഥിതിബോധം നാം സൃഷ്ടിച്ചെടുക്കണമെന്നും ഞാന്‍ പറയുകയുണ്ടായി.  ഈ വരുന്ന ഗാന്ധിജയന്തി ദിനത്തോടെ ആ മഹാദൗത്യത്തിനു രണ്ടുവയസ്സു തികയുമ്പോള്‍, തികഞ്ഞ ആത്മവിശ്വാസത്തോടെ ഞാന്‍ പറയും 125 കോടി ജനതയിലും ശുചിത്വത്തെക്കുറിച്ച് വര്‍ദ്ധിതമായ ഒരു അവബോധം സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്്. ്അതേ, ഞാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു, ശുചിത്വത്തിലേക്ക് ഒരടി മുന്നോട്ട്, നമുക്ക് ഇന്ന് അഭിമാനത്തോടെ പറയാം ഒരടികൂടി മുന്നോട്ടുപോവാന്‍ നമ്മളില്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. ഈ രാഷ്ട്രം സമ്പൂര്‍ണ ശുചിത്വമെന്ന ലക്ഷ്യത്തിലേക്ക് 125 കോടി ചുവടുകള്‍ മുന്നോട്ടുവച്ചു എന്നുതന്നെയാണ്  അതര്‍ത്ഥമാക്കുന്നത്. നമ്മുടെ ചുവടുകള്‍ ശരിയായ ദിശയിലായിരുന്നു, ആ പ്രയത്‌നത്തിന്റെ ഫലങ്ങളാവട്ടെ മാധുര്യമേറിയതുമാണ്. ചെറിയ പരിശ്രമങ്ങള്‍ കൊണ്ടുവരുന്ന വന്‍നേട്ടങ്ങളുടെ ഗാഥയാണ് ശുചിത്വ മിഷന്‍. നാം ആരോ ആവട്ടെ, സാധാരണക്കാര്‍, ഭരണാധികാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമരാമത്ത്് വകുപ്പുജീവനക്കാര്‍, റെയില്‍വേ, ബസ് സ്റ്റോപ്പുകള്‍,  വിദ്യാലയങ്ങള്‍ അല്ലെങ്കില്‍ കലാലയങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, ആബാലവൃദ്ധം ജനങ്ങള്‍, ഗ്രാമീണര്‍, കര്‍ഷകസ്ത്രീകള്‍ - അങ്ങിനെ എല്ലാവരും ശുചിത്വമിഷന്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍  ഒരുപാട് സംഭാവനകള്‍ നല്കിയിട്ടുണ്ട്്. മാധ്യമരംഗത്തെ സുഹൃത്തുക്കളുടെ രചനാത്മകമായ ഇടപെടലുകള്‍ നല്കിയ സംഭാവനയും സ്മരണീയമാണ്. ശുചിത്വകാര്യത്തില്‍ ഇനിയും നമുക്കു ബഹുദൂരം മുന്നോട്ടു പോവേണ്ടതുണ്ട്. തുടക്കം കേമമായിരുന്നു, ഇതുവരെയും. പൂര്‍ണമനസ്സാലെയുള്ള പരിശ്രമം ഉണ്ടായിട്ടുണ്ട്, വിജയം നമ്മുടേതാണെന്ന അചഞ്ചലമായ വിശ്വാസവും രൂപപ്പെട്ടിരിക്കുന്നു. ആയൊരു ദൃഢവിശ്വാസമാണ് വലുത്. ഗ്രാമീണ ഇന്ത്യയെപറ്റി പറയുമ്പോള്‍, ഇതിനകം നാമേതാണ്ട് 2 കോടി 50 ലക്ഷത്തോളം ടോയ്‌ലറ്റുകള്‍ പണിതിരിക്കുന്നു, വരും വര്‍ഷത്തിനകം ഒന്നരക്കോടി കൂടി പണിയുകയാണ് പദ്ധതിലക്ഷ്യം. പൊതുശുചിത്വനിലവാരമെന്ന കാഴ്ചപ്പാടില്‍, നമ്മുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍, വിശിഷ്യ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സ് വാനോളമുയരണമെങ്കില്‍ നാം ആദ്യം വേണ്ടത് തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജനശീലം അവസാനിപ്പിക്കുകയാണ്. ODF (Open Defacation Free) കാമ്പയിന്‍ ലക്ഷ്യം വെക്കുന്നത് ആയൊരു ലക്ഷ്യത്തിലേക്കാണ്. ഈയൊരു ലക്ഷ്യത്തിലേക്കെത്തിച്ചേരുന്നതിനായുള്ള ആരോഗ്യകരമായ ഒരു മത്സരം തന്നെ വില്ലേജ്, ജില്ല, സംസ്ഥാനാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്്. ആന്ധ്രാ പ്രദേശും ഗുജറാത്തു കേരളവും താമസിയാതെ ആ ലക്ഷ്യം കൈവരിക്കുന്നതാണ്. ഈയിടെയായി ഞാന്‍ ഗുജറാത്ത് സന്ദര്‍ശിച്ചു, മഹാത്മജിയുടെ ജന്മഭൂമിയായ പോര്‍ബന്ധര്‍ 100 ശതമാനം ODF മേഖലയായി ഒക്ടോബര്‍ രണ്ടിനു പ്രഖ്യാപിക്കപ്പെടുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നു.  ആ വലിയ ലക്ഷ്യം സാധിപ്പിച്ചെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ആ ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ അവിശ്രമം പരിശ്രമിക്കുന്ന മുഴുവന്‍ പേര്‍ക്കും ആശംസകള്‍. നമ്മുടെ കുട്ടികളുടെ ആരോഗ്യത്തിനായി, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അന്തസ്സുയര്‍ത്തുന്നതിനായി ഈയൊരു മഹാവിപത്ത് അവസാനിപ്പിക്കണമെന്ന്് മുഴുവന്‍ ജനങ്ങളോടുമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ആയൊരു ഉഗ്രശപഥവുമായി നമുക്കു മുന്നേറാം. സാങ്കേതികരംഗത്ത് വിപ്ലവം സാധ്യമാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ യുവസുഹൃത്തുക്കളോട് എനിക്ക് ഒരു പ്രത്യേക പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുവാനുണ്ട്. ശുചിത്വമിഷന്റെ നിജസ്ഥിതിയെപറ്റി അറിയുവാനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്, അതിനായി ഗവണ്‍മെന്റ് ഒരു പ്രത്യേക ടെലിഫോണ്‍ നമ്പര്‍ അനുവദിച്ചിട്ടുമുണ്ട്് - 1969.  നമുക്കറിയാം മഹാത്മജി ജനിച്ചത് 1969ലാണ്. 1969 ല്‍ നാം ആ മഹാത്മാവിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയും ചെയ്തു. 2019 ല്‍ നാം ആഘോഷിക്കാന്‍ പോവുന്നത് അദ്ദേഹത്തിന്റെ 150ാം ജന്മവാര്‍ഷികമാണ്.  ഈ നമ്പറില്‍ വിളിച്ചാല്‍ നിങ്ങളുടെ നഗരത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണരംഗത്തെ പുരോഗതി അറിയുവാന്‍ സാധിക്കുന്നതാണ്, ഒപ്പം തന്നെ ടോയ്‌ലറ്റ് നിര്‍മ്മിക്കുവാനുള്ള നിങ്ങളുടെ അപേക്ഷ സമര്‍പ്പിക്കുവാനും സാധിക്കുന്നതാണ്.  ഈയൊരു സൗകര്യം എല്ലാവരും ഉപയോഗിക്കണം എന്നു ഞാന്‍ അപേക്ഷിക്കുകയാണ്.  ഇതിനു പുറമേ, ശുചിത്വത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ അറിയിക്കുവാനായി സ്വച്ഛ് ഭാരത് ആപ് പ്രചാരത്തിലുണ്ട്. പരാതികള്‍ നല്കുക മാത്രമല്ല, അതിന്മേല്‍ കൈക്കൊണ്ട നടപടികളുടെ പുരോഗതിയും അതിലൂടെ അറിയാവുന്നതാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതികളെല്ലാം മുഴുവനായും ഉപയോഗപ്പെടുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഈയൊരു മഹാലക്ഷ്യത്തിലേക്കായി കോര്‍പ്പറേറ്റ് ലോകത്തിന്റെ സംഭാവനകളും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  സ്വച്ഛ് ഭാരത് മിഷനില്‍ കര്‍മ്മനിരതമാവാന്‍ ആഗ്രഹിക്കുന്ന യുവപ്രൊഫഷനലുകളെ സ്വച്ഛ് ഭാരത് ഫെലോസ് ആയി സ്‌പോണ്‍സര്‍ ചെയ്ത് അവരെ വിവിധ ജില്ലകളിലേക്ക് സേവനത്തിനായി അയക്കാവുന്നതാണ്.

ശുചിത്വമിഷന്‍ കാമ്പയിന്‍ വിശ്വാസങ്ങളുടെയോ ശീലത്തിന്റെയോ ഭാഗമായി മാത്രം ഒതുങ്ങരുത്. ആധുനികലോകത്ത്  ശുചിത്വം ആരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുമ്പോള്‍, റവന്യൂ മോഡലുമായി അതിനെ യോജിപ്പിക്കേണ്ടതുണ്ട്. മാലിന്യത്തില്‍ നിന്നും സമ്പത്തിലേക്ക് എന്നത്് അതിന്റെ ഭാഗമാവണം. ശുചിത്വമിഷനോടൊപ്പം തന്നെ അനിവാര്യമായും മാലിന്യത്തില്‍ നിന്നും ജൈവവളത്തിലേക്ക് നാം നീങ്ങേണ്ടതാണ്. ഖരമാലിന്യങ്ങള്‍ ജൈവവളമായി രൂപപ്പെടുത്തിയെടുക്കാനുള്ള ഒരു നയപരമായ ഇടപെടലിനു സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. ആ ജൈവവളം വാങ്ങിക്കുവാനായി വളനിര്‍മ്മാണ ശാലകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ ശേഖരിക്കുന്ന വളം അവര്‍ക്ക് ജൈവകൃഷിയില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്. കമ്പനികളെ സംബന്ധിച്ചിടത്തോളം, മണ്ണിന്റെ ആരോഗ്യത്തെപറ്റി ഉത്ക്കണ്്ഠാകുലരായ കര്‍ഷര്‍ക്ക് ഇതെത്തിച്ചു കൊടുക്കാവുന്നതാണ്, അമിതരാസവളപ്രയോഗങ്ങളിലൂടെ മണ്ണിന്റെ ഗുണം നഷ്ടമായെന്ന പരാതിയുള്ളവര്‍ക്കും ഇതൊരു പരിഹാരമാര്‍ഗമാണ്. ഈ പദ്ധതിയുടെ വിജയത്തിനായി വലിയ സംഭാവനയാണ് ശ്രീ. അമിതാഭ് ബച്ചന്‍ജി നല്കിയിട്ടുള്ളത്, അദ്ദേഹമാണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍. പുതിയ സംരംഭങ്ങളും ചിലവുകുറഞ്ഞതും ലാഭകരവുമായ പദ്ധതികളുമായി മാലിന്യത്തില്‍ നിന്നും സമ്പത്തിലേക്ക് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി മുന്നിട്ടിറങ്ങാന്‍ യുവതയെ ഞാന്‍ ക്ഷണിക്കുന്നു. അനുയോജ്യമായ സാങ്കേതികവിദ്യകളുപയോഗിച്ചുകൊണ്ട് വന്‍തോതിലുള്ള ഉത്പാദനം താങ്ങാവുന്ന ചിലവില്‍ സാദ്ധ്യമാക്കുവാന്‍ അവര്‍ക്കു കഴിയുന്നതേയുള്ളൂ. ഒരുപാട് തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത, സാമ്പത്തിക ഇടപെടലുകള്‍ക്കുള്ള അവസരങ്ങള്‍, മാലിന്യത്തില്‍ നിന്നും സമ്പത്തുല്പാദനം എല്ലാം നേടിയെടുക്കാവുന്നതേയുള്ളൂ. ഇന്‍ന്തോസാന്‍ എന്നൊരു പ്രത്യേക പരിപാടി - ഇന്ത്യാ സാനിറ്റേഷന്‍ കോണ്‍ഫറന്‍സ് സപ്റ്റംബര്‍ 25 മുതല്‍ ഒക്്‌ടോബര്‍ 2 വരെ നടക്കുകയാണ്. ശുചിത്വം വിഷയമാവുന്ന ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുക്കുന്നവരില്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും മേയര്‍മാരും മെട്രോപൊളിറ്റന്‍ കമ്മീഷണര്‍മാരും ഉണ്ട്. സാങ്കേതി വിദ്യകള്‍കൊണ്ട് എന്തൊക്കെ നേടാം? എന്തായിരിക്കണം സാമ്പത്തികമാതൃക?  പൊതുജനപങ്കാളിത്തം എങ്ങിനെ നേടാം? ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ എങ്ങിനെയൊക്കെ വര്‍ധിപ്പിക്കാം?  ഇങ്ങിനെ എല്ലാ ഗഹനമായ വിഷയങ്ങളും ചര്‍ച്ചചെയ്യാനുള്ള വേദിയാണത്. ശുചിത്വത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകളുടെ പ്രവാഹം ഞാന്‍ കാണുന്നു. 107 ഗ്രാമങ്ങളില്‍ ടോയ്‌ലറ്റ് നിര്‍മ്മാണ ലക്ഷ്യവുമായി ഗുജറാത്ത് ടെക്‌നോളജിക്കല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തുടക്കമിട്ട ബോധവല്ക്കരണ യജ്ഞത്തെക്കുറിച്ച് ഞാനീയടുത്താണ് വായിച്ചത്. 9000ത്തോളം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ അവര്‍ വിനിയോഗിച്ചത് സ്വന്തം അധ്വാനശേഷിയാണ്. കുറച്ചുനാള്‍ മുന്നേ വന്നൊരു വാര്‍ത്ത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവാം - വിങ് കമാന്റര്‍ പരംവീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു സംഘം ശുചിത്വസന്ദേശ പ്രചരണാര്‍ത്ഥം ഗംഗയില്‍  നീന്തിയത് 2800 കിലോമീറ്ററാണ്, ദേവ് പ്രയാഗ് മുതല്‍ ഗംഗാസാഗര്‍ വരെ. സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പുകള്‍ക്കായി ഒരു വാര്‍ഷിക ശുചിത്വ കലണ്ടര്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഒരോ വകുപ്പും ശുചിത്വമിഷനില്‍ ഒരു പതിനഞ്ചുദിവസം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. കുടിവെള്ള - പൊതുശുചിത്വ - പഞ്ചായത്തീരാജ് വകുപ്പുകള്‍ സംയുക്തമായി അതതു മേഖലകളില്‍ ഒരു പൊതുമാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഈ വരുന്ന ഒക്്‌ടോബര്‍ ഒന്നുമുതല്‍ 15 വരെ നീണ്ടുനില്ക്കുന്ന 15 ദിവസക്കാലം പ്രവര്‍ത്തിക്കുന്നതാണ്. ഒക്ടോബര്‍ 16 മുതല്‍ 31 വരെയുള്ള 15 ദിവസം, കൃഷി-കര്‍ഷകക്ഷേമ-ഭക്ഷ്യസംസ്‌കരണ-ഉപഭോക്തൃകാര്യ വകുപ്പുകള്‍ സംയുക്തമായി ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കും. മുഴുവന്‍ ജനങ്ങളോടും സൗകര്യപ്രദമായ രീതിയില്‍ അതില്‍ ഭാഗവാക്കാകുവാന്‍ ഞാന്‍ അപേക്ഷിക്കുന്നു. ശുചിത്വ സര്‍വ്വെ കാമ്പയിനും ഈ ദിവസങ്ങളില്‍ നടക്കുന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമെന്നു ഞാന്‍ കരുതുന്നു. മുന്നേ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ പൊതുജനസമക്ഷം അവതരിപ്പിക്കപ്പെട്ടത് പ്രസ്തുത സര്‍വ്വേ 73 നഗരങ്ങളില്‍ നടത്തിയ ശേഷമാണ്.  ജനസംഖ്യ ഒരുലക്ഷത്തിലധികമുള്ള 500 നഗരങ്ങളിലാണ് ഈ സര്‍വ്വേ ഇനി നടക്കാന്‍ പോവുന്നത്. നമ്മള്‍ അടുത്തുള്ളവരെക്കാളും പിന്നിലാണെങ്കിലും അടുത്തതവണ മുന്നേറുമെന്ന ആത്മവിശ്വാസം, ശുചിത്വകാര്യത്തില്‍ ആരോഗ്യകരമായ ഒരു മത്സരാന്തരീക്ഷം  സൃഷ്ടിച്ചെടുക്കുകയാണ് സര്‍വ്വേകളുടെ ലക്ഷ്യം. നാമെല്ലാവരും നമുക്കാവുംവിധം ഈയൊരു മഹത്തായ ലക്ഷ്യത്തില്‍ പങ്കാളികളാവുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ഒക്ടോബര്‍ രണ്ട്, ഗാന്ധിജിയുടെയും ശാസ്ത്രിജിയുടെയും ജന്മദിനമാണ്. സ്വച്ഛ് ഭാരത് മിഷന് രണ്ടു വയസ്സു തികയുന്നതും അന്നാണ്. ഗാന്ധിജയന്തി തൊട്ട് ദീപാവലി വരെയുള്ള ദിനങ്ങളില്‍ മുഴുവനാളുകളോടും ഖാദിഉല്പന്നങ്ങള്‍ വാങ്ങുവാനും ഞാനഭ്യര്‍ത്ഥിക്കുകയാണ്. അതുവഴി എത്രയോ ദരിദ്ര ജനസഹസ്രങ്ങള്‍ക്ക് ഒരു മണ്‍ചെരാത് തെളിച്ചുകൊണ്ട് ദീപാവലി ആഘോഷിക്കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഒക്ടോബര്‍ രണ്ട് ഒരു ഞായറാഴ്ചയാണ്, അതുകൊണ്ട് തീര്‍ച്ചയായും എവിടെയെങ്കിലും എന്തെങ്കിലും തരത്തിലുള്ള ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ നമുക്കു പങ്കെടുക്കാന്‍ സാധിക്കുന്നതാണ്.  ലഭ്യമായ ഒരു നാലുമണിക്കൂര്‍ അല്ലെങ്കില്‍ രണ്ടുമണിക്കൂര്‍ നിങ്ങളെ ഞാന്‍ ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷിക്കുന്നു, ഒപ്പം അതിന്റെ ഫോട്ടോകള്‍ നരേന്ദ്രമോദി ആപ്പില്‍ പോസ്റ്റുചെയ്യുമെന്നും. ഇനി അതൊരു വീഡിയോ ആണെങ്കില്‍, ആ വീഡിയോ ഷെയര്‍ ചെയ്യൂ. നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ, ഈ മഹാദൗത്യത്തിനു ലഭിക്കുന്ന പുത്തനുണര്‍വ്വും ഊര്‍ജ്വസ്വലതയും നമുക്കു തൊട്ടറിയാവുന്നതായിരിക്കും. നമുക്ക് മഹാത്മജിയെയും ശാസ്ത്രിജിയെയും സ്മരിക്കാം, ഈ രാഷ്ട്രത്തിനുവേണ്ടി പ്രതിജ്ഞയെടുക്കാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, വിട്ടുനല്കുന്നതിലെ ആനന്ദം സ്വീകരിക്കുന്നതിനെക്കാള്‍ എത്രയോ വലുതാണ്, മഹത്തരവും. അതു പലരും മനസ്സിലാക്കിയിട്ടുണ്ടാവില്ല. അതു അമാനുഷികമായ അനുഭൂതികൂടിയാണ്. പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുവാന്‍ ഞാന്‍ ആഹ്വാനം ചെയ്തപ്പോള്‍ ലഭിച്ച, സ്വമനസ്സാലെ അതുപേക്ഷിച്ചവരുടെ ആ പ്രതികരണമുണ്ടല്ലോ, അന്നാണ് ഞാന്‍ അതു മനസ്സിലാക്കിയത്. നമ്മുടെ രാഷ്ട്രത്തിന്റ നാള്‍വഴികളില്‍ അതൊരു സംഭവമായിരുന്നു, മുന്നോട്ടുള്ള പ്രയാണത്തിനു പ്രചോദനമേകിയ ത്യാഗത്തിന്റെ ഒരദ്ധ്യായം. ഇപ്പോള്‍ ഒരുപാട് യുവതീയുവാക്കള്‍, പലരും കോര്‍പ്പറേറ്റ് ലോകത്തുള്ളവര്‍, വിദ്യാലയങ്ങളിലും എന്‍.ജി.ഒകളിലും കര്‍മ്മനിരതരായവര്‍, അവര്‍ സംയുക്തമായി ജോയ് ഓഫ് ഗിവിങ് വീക് അഥവാ വിട്ടുനല്കുന്നതിലെ ആഹ്‌ളാദത്തിന്റെ ആഴ്ച ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ. ആ മഹായജ്ഞത്തിന്റെ ലക്ഷ്യം ഭക്ഷണപദാര്‍ത്ഥങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് ആവശ്യക്കാരായവര്‍ക്ക് എത്തിക്കുകയാണ്. ഞാന്‍ ഗുജറാത്തിലായിരുന്ന വേളയില്‍ നമ്മുടെ തൊഴിലാളികളെല്ലാം തെരുവുകളിലിറങ്ങി ഉപേക്ഷിച്ച കളിപ്പാട്ടങ്ങള്‍ ശേഖരിച്ച് സമീപപ്രദേശങ്ങളിലെ അംഗന്‍വാടികളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. കളിപ്പാട്ടങ്ങള്‍ കണികാണാന്‍ കിട്ടാതിരുന്നു കുട്ടികളുടെ കണ്ണുകളിലെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.  പല നഗരങ്ങളിലും ഈ വിട്ടുനല്കലിന്റെ വാരം ആഘോഷിക്കുന്ന യുവതയ്ക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നാം നല്‌കേണ്ടതാണെന്നാണ് എനിക്കു തോന്നുന്നത്. ഇതൊരുതരത്തിലുള്ള ദാനോത്സവമാണ്, ആ ദൗത്യവുമായി മുന്നോട്ടുപോവുന്ന യുവതയ്ക്ക് മംഗളാശംസകള്‍.

എന്റെ പിയപ്പെട്ടവരേ, ഇന്ന് സപ്റ്റംബര്‍ 25 ആണ്. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ്ജിയുടെ ജന്മദിനം, ജന്മശതാബ്ദിയുടെ തുടക്കവും. എന്നെപ്പോലുള്ള എത്രയോ പ്രവര്‍ത്തകരെ സ്വാധീനിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു ബീജാവാപം ചെയ്ത, ആ ലക്ഷ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പ്രതിഭയാണ് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായ്. ഇന്ത്യയുടെ വേരുകളെ തൊട്ടറിയുന്ന ഒരു രാഷ്ട്രീയദര്‍ശനത്തിന്റെ സപ്പോര്‍ട്ടറായിരുന്നു അദ്ദേഹം, നമ്മുടെ സാംസ്‌കാരിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം ഏകാത്മമാനവ ദര്‍ശനമെന്ന സ്വന്തം തത്വശാസ്ത്രം മുന്നോട്ടുവച്ച പ്രതിഭ. സര്‍വ്വജനഹിത-സര്‍വ്വജനസുഖ-അന്ത്യോദയ സിദ്ധാന്തങ്ങളെല്ലാം അദ്ദേഹത്തിന്റെ സംഭാവനകളാണ്.  നീണ്ട ക്യൂവിലെ അവസാനത്തെ ആളെപറ്റിയാണ് ഗാന്ധിജി സംസാരിച്ചത്. ദരിദ്രരില്‍ ദരിദ്രനായവന് വികസനത്തിന്റെ ഗുണം എത്തുന്നതെങ്ങിനെയാണ്? - അദ്ദേഹത്തിന്റെ ചോദ്യം അതായിരുന്നു. എല്ലാ കൈകള്‍ക്കും തൊഴില്‍, എല്ലാ പാടത്തും വെള്ളം - അദ്ദേഹം മുന്നോട്ടുവച്ച സാമ്പത്തിക കാര്യപരിപാടി മുഴുവന്‍ ഈയൊരു വാചകത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഗരീബ് കല്യാണ്‍ വര്‍ഷ് അഥവാ ദരിദ്രരുടെ ക്ഷേമ വര്‍ഷമായി അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കപ്പെടട്ടെ. ദാരിദ്ര്യം കുറയ്ക്കുന്നതിനായി നാമെല്ലാം, സമൂഹവും സര്‍ക്കാരുമടക്കം എല്ലാവരും വികസനത്തിന്റെ പ്രയോജനം ദരിദ്രജനകോടികളിലേക്കെത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു വേണ്ടത്. ഞാന്‍ ജീവിക്കുന്ന പ്രദേശം അറിയപ്പെടുന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പേരിലാണ് - റെയ്‌സ് കോഴ്‌സ് റോഡ് - ദീന്‍ ദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദിയുടെ ഭാഗമായി നമ്മളതിനു പുനര്‍നാമകരണം ചെയ്യുന്നു - ലോക് കല്യാണ്‍ മാര്‍ഗ്് - ലോകക്ഷേമമാര്‍ഗം. ആദരപൂര്‍വ്വം, നാമേവര്‍ക്കും പ്രചോദനമേകിയ ആ പ്രതിഭയുടെ സ്്മരണക്കുമുന്നില്‍, ആ ബൗദ്ധിക പൈതൃകത്തിനുമുന്നില്‍  ഞാന്‍ പ്രണമിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രണ്ടു വര്‍ഷം മുന്നേ ഒരു വിജയദശമി നാളിലാണ് ഞാന്‍ മന്‍ കി ബാത് ആരംഭിക്കുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്തുന്നതോ അവ എടുത്തു കാട്ടുന്നതോ ആയ ഒരു പ്രോഗ്രാമായി അതു മാറാതിരിക്കാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ട്. മന്‍ കി ബാത്, രാഷ്ട്രീയമായ നേട്ടത്തിനുള്ള ഒരു പരിപാടിയോ ആരോപണ-പ്ര്ത്യാരോപണങ്ങളുടെ വേദിയോ ആയും മാറരുത്. ഈ രണ്ടുവര്‍ഷവും ഞാന്‍ അതിജീവിച്ച സമ്മര്‍ദ്ദങ്ങള്‍ നിരവധിയായിരുന്നു, ചിലപ്പോള്‍ പ്രകോപനങ്ങളും, അവയ്‌ക്കെതിരെ ധാര്‍മ്മികരോഷത്തോടെ പ്രതികരിച്ചുപോകുവാനുള്ള മനസ്സിന്റെ പ്രലോഭനങ്ങള്‍ വേറെയും. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകള്‍ കൊണ്ട് ഈ വൈതരണികളെല്ലാം മറികടന്ന് ഇന്ത്യയിലെ സാധാരണക്കാരുമായി എനിക്കു സംവദിക്കാനായത് മന്‍ കി ബാതിലൂടെയാണ്. ഈ രാജ്യത്തെ സാധാരണക്കാര്‍ എങ്ങിനെയൊക്കെയാണ് എനിക്കു പ്രചോദനമായിക്കൊണ്ടേയിരിക്കുന്നത്? എന്തൊക്കെയാണ് സാധരാണ ജനതയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും? എന്നില്‍ എന്നും കുടികൊള്ളുന്ന സാധാരണക്കാരനെയാണ് മന്‍ കി ബാതിലൂടെ സദാ എടുത്തുകാട്ടുവാന്‍ ഞാനാഗ്രഹിക്കുന്നത്. എന്റെ ജനതയ്ക്ക് മന്‍ കി ബാത് അവരറിയേണ്ട കാര്യങ്ങളുടെ സ്രോതസ്സാവാം. എന്നെ സംബന്ധിച്ചിടത്തോളം അതു അളവറ്റ ഊര്‍ജസ്രോതസ്സാണ്,  എന്റെ എല്ലാ പരിശ്രമങ്ങള്‍ക്കു പിന്നിലെ പ്രചോദനവും കരുത്തും 125 കോടിവരുന്ന എന്റെ കഴിവുറ്റ ജനതയാണ്. ഈയാഴ്ച് മന്‍ കി ബാത് രണ്ടുവര്‍ഷം മുഴുമിപ്പിക്കുമ്പോള്‍, അഭിനന്ദന പ്രവാഹങ്ങളുമായി എത്തിയവരോടും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നിര്‍ലോഭം തന്ന് എന്നെ അനുഗ്രഹിച്ച മുഴുവന്‍ ജനതയോടും ഞാന്‍ ഹൃദയപൂര്‍വ്വം കൃതജ്ഞത രേഖപ്പെടുത്തുന്നു. മന്‍ കി ബാത് പ്രക്ഷേപണം ചെയ്യുക മാത്രമല്ല, പരമാവധി എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റി അതു പ്രക്ഷേപണം ചെയ്യാന്‍ കഠിനമായി പരിശ്രമിച്ച ഓള്‍ ഇന്ത്യാ റേഡിയോവിനോടുമുള്ള എന്റെ കൃതജ്ഞത അറിയിക്കട്ടെ. നിര്‍ദ്ദേശങ്ങളും എഴുത്തുകളുമായി, പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും മറ്റും സര്‍ക്കാര്‍ വാതിലില്‍ മുട്ടിയ മുഴുവന്‍ ജനങ്ങളോടും എനിക്കു നിസ്സീമമായ നന്ദിയുണ്ട്. ഈ കത്തുകളെ അടിസ്ഥാനമാക്കി ബന്ധപ്പെട്ട വകുപ്പുകളെ ക്ഷണിച്ചുചേര്‍ത്തു, ശ്രദ്ധക്ഷണിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു പ്രത്യേക പരിപാടിക്കു വേദിയൊരുക്കാന്‍ ഓള്‍ ഇന്ത്യാ റേഡിയോവിനു കഴിഞ്ഞിട്ടുണ്ട്. 15-20 മിനിറ്റു നില്‍ക്കുന്ന ഒരു കേവല സംഭാഷണമാവാതെ, സാമൂഹികപരിവര്‍ത്തനത്തില്‍ ഒരു പുതിയ അവസരമായി മന്‍ കി ബാത്. ഇതില്‍പരം ഒരു സംതൃപ്തി വേറെന്താണ് എനിക്കു ലഭിക്കുവാനുള്ളത്? മന്‍ കി ബാത് ഒരു വന്‍വിജയമാക്കിയ എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, അടുത്ത വാരം ഉത്സവങ്ങളുടെ കാലമാണ് - നവരാത്രിയാഘോഷം, ദുര്‍ഗാപൂജ, വിജയദശമി, പിന്നെ ദീപാവലിയുടെ ഒരുക്കങ്ങള്‍. ''ശക്തി''ക്കായി പ്രാര്‍ത്ഥിക്കാനുള്ള അവസരമാണിത്, സമൂഹത്തിലെ ഐക്യമാണ് രാഷ്ട്രത്തിന്റെ ശക്തി, കരുത്ത്. നവരാത്രിയാവട്ടെ, ദുര്‍ഗാപൂജയാവട്ടെ, നമുക്കെങ്ങിനെയാണ് ഈ ശക്തി-ഉപാസന സാമൂഹിക ഐക്യത്തിന്റെ ആഘോഷമാക്കി മാറ്റുവാന്‍ കഴിയുക? സാമൂഹികബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാനാവുക?  അതാവട്ടേ ശക്തിയോടുള്ള നമ്മുടെ  പ്രാര്‍ത്ഥന, അപ്പോള്‍ മാത്രമേ വിജയത്തിന്റെ ഉത്സവം യഥാര്‍ത്ഥ ആഘോഷമാവുകയുള്ളൂ. നമുക്കു ശക്തിയെ നമിക്കാം, അതിനെ പരിപോഷിപ്പിക്കാം, ഐക്യത്തിന്റെ മന്ത്രവുമായി മുന്നേറാം. വരൂ, രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ നമുക്കു നവരാത്രിയും ദുര്‍ഗാപൂജയും സമാധാനപൂര്‍വ്വം, ഐക്യപൂര്‍വ്വം, ഒരേസ്വരത്തൊടെ ആഘോഷമാക്കാം. വിജയദശമി നാളില്‍ നമുക്ക് വിജയമാഘോഷിക്കാം.

വളരെയധികം നന്ദി.

നരേന്ദ്രമോദി
മൊഴിമാറ്റം: മധു (madhuiimk@gmail.com)