Thursday, March 3, 2022

ലോകം ഗോത്രബോധത്തിലേക്കു ചുരുങ്ങുമ്പോൾ

തൻ്റെ സുഹൃത്തും നല്ലൊരു ആർടിസ്റ്റുമായ ഖദീജ സയേ, അവർ താമസിച്ചിരുന്ന ഗ്രൻഫെൽ ടവറിലെ തീപിടുത്തത്തിൽ മരിക്കുന്നു. ഗ്രൻഫെൽ തീപിടുത്തം മാത്രമല്ല, അതുപോലുള്ള  മറ്റു സംഭവങ്ങളിലും അന്വേഷണത്തിൻ്റെ നേതൃത്വം എന്നും ബ്രിട്ടനിൽ മധ്യവർഗ വെള്ളക്കാർക്കായിരിക്കും. എന്തുകൊണ്ട് ലീഗൽ പ്രൊഫഷനിലുള്ള കറുത്തവർഗക്കാർ പരിഗണിക്കപ്പെടുന്നില്ല എന്ന ചിന്ത ബാരിസ്റ്ററും ടോട്ടൻഹാമിനെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് പാർലിമെൻ്റേറിയനുമായ ഡേവിഡ് ലാമിയെ കൊണ്ടെത്തിച്ചത് ചില  കണ്ടെത്തലുകളിലേക്കാണ്.  1990 കാലങ്ങളിൽ പ്രചരിച്ചതുപോലെ അത്തരം സംഭവങ്ങൾ  ഉപരിപ്ലവമായ വർണാന്ധത കാരണമായല്ല എന്നു ലാമി പറയുന്നു.  വർണവിവേചനത്തിൻ്റെ കണക്കിൽ മാത്രം  അതു വരവുവെയ്ക്കപ്പെടുമ്പോൾ യഥാർത്ഥ വില്ലൻ രക്ഷപ്പെടുകയാണ്.  സാമൂഹിക നീതിയുടെ  വളർച്ച നമ്മുടെ സ്വത്വം തിരിച്ചറിയുന്നതുമായി, സമൂഹത്തിൽ തൻ്റെ ഇടം കണ്ടെത്തുന്നതുമായി  അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതിന് അവസരമുണ്ടാക്കാതെ, അവരുടെ ആത്മാഭിമാനത്തെ എന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയായി തന്നെ നിർത്തുക എന്നത് പഴയ ഗോത്രസംസ്കാരത്തിൻ്റെ പുതിയ വേർഷനാണ്, മോഡേൺ പൊളിറ്റിക്കൽ ട്രൈബലിസം, അഥവാ ആധുനിക രാഷ്ട്രീയ ഗോത്രീയത എന്നു നമുക്കതിനെ വിളിക്കാം.  നാം കൊട്ടിഘോഷിക്കുന്ന വിശ്വമാനവികതയിൽ നിന്നും കോളനികളായി ചുരുങ്ങുകയാണു നാം.. 

“ഹേ, മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ആണിൽനിന്നും പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ പരസ്പരം അറിയുവാനായി നാം നിങ്ങളെ  ശാഖകളും, ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു” എന്ന ഖുർ-ആൻ വചനത്തോടെയാണ് ട്രൈബ്സ് തുടങ്ങുന്നത്.  ഒരേസമയം ഗോത്രീയത സമൂഹത്തെ  ചേർത്തുനിർത്തുന്നതും  ചിന്തിയെറിയുന്നതും എങ്ങിനെയെന്ന് ബാരിസ്റ്ററും ചിന്തകനും ലെയ്ബർ പാർട്ടി എംപിയുമൊക്കെയായ ഡേവിഡ് ലാമി ട്രൈബ്സ് എന്ന നല്ല ഗ്രന്ഥത്തിലൂടെ പറഞ്ഞുപോവുന്നു. അദ്ദേഹത്തിൻ്റെ അറിവുകളിലൂടെ, ഗവേഷണങ്ങളിലുടെ, പൊള്ളിക്കുന്ന അനുഭവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ലാമി വായന. 

ആഗോളീയതയും ഗോത്രീയതയും

ആധുനിക ലോകത്തിൻ്റെ സൌന്ദര്യം നാനാത്വവും ബഹുസ്വരതയും ആണെന്നു പറയുമ്പോൾ തന്നെ പലയിടത്തും അതൊരു വൺവേ ട്രാഫിക് ആയിപ്പോവുന്നുമുണ്ട്.  ബഹുസ്വരതയെ സ്വാഗതം ചെയ്യുമ്പോൾ, സ്വാഗതമോതുന്നവർ അവരുടെ വിശ്വാസപ്രമാണങ്ങളോട് വിട്ടുവീഴ്ച ചെയ്യുകയാണ്, അവർ അവരുടെ വിശ്വാസങ്ങളുടെ കൊട്ടകൊത്തളങ്ങലിലേക്ക് ചുരുങ്ങാതെ പുറത്തേക്കു വളരുകയാണ്. ഈ വിട്ടുവീഴ്ച അതിൻ്റെ ഗുണഫലമനുഭവിക്കുന്നവർ ചെയ്യാതിരിക്കുന്നത് നാനാത്വത്തിലുള്ള അവരുടെ വിശ്വാസത്തെയാണ് ഉലച്ചുകളയുന്നത്. ബ്രിട്ടനിൽ, യൂറോപ്പിൽ പലയിടത്തും കുടിയേറിയതാണ് ഇസ്ലാം മതം. മാനവികത ഒരു വിശ്വസംസ്കാരമായി മാറുന്നത് ദേശീയതയുടെ അടയാളമായി ഒരു കാലത്തു കണ്ട പലതിനുമുള്ള വൈകാരികമായ സ്ഥാനം നഷ്ടമാവുമ്പോഴാണ്. ഉദാഹരണമായി ലാമി എടുത്തത് സെയ്ന്റ് ജോർജിലെ കുരിശിനെയാണ്.  തീവ്രവലതുപക്ഷം പലപ്പോഴായി എടുത്തണിയുന്ന ദേശീയബോധത്തിൻ് മാരകായുധങ്ങളാണ് അങ്ങിനെയുള്ള പൌരാണികമായ പ്രതീകങ്ങൾ. ഗോത്രപരമായ ബോധത്തിൽ ജനതയെ ചേർത്തുനിർത്തുന്ന ബിംബങ്ങളാണവ. ഇംഗ്ലണ്ടിലത് സെയ്ന്റ് ജോർജിൻ്റെ കുരിശാവാം, ഇന്ത്യയിലത് ശ്രീരാമൻ്റെ വിഗ്രഹമാവാം. ബഹുസ്വരത മുഖമുദ്രയായ ആധുനിക സമൂഹത്തിന്  പഴയ ഗോത്രസ്വഭാവത്തിലേക്കു തിരിഞ്ഞുനടക്കുക അസാധ്യമാണ്, അതുണ്ടാക്കുന്ന അപടകങ്ങൾക്കു സാക്ഷ്യം വഹിക്കുന്നവരുമാണ് നാം. 

ആഫ്രിക്കൻ കരീബിയൻ സംസ്കാരത്തെ പറ്റി അറിയാത്തവർക്ക് അവരുടെ ശവസംസ്കാരച്ചടങ്ങ് ഉൾക്കൊള്ളാനായെന്നു വരില്ല.  മരണത്തിൽ വിലപിക്കുന്നതിലേറെ ആഘോഷിക്കപ്പെടേണ്ടതാണ് ആ ജീവിതങ്ങൾ എന്ന കാഴ്ചപ്പാടിൽ, ജീവിതത്തിൻ്റെ അന്ത്യമായല്ല, അനിവാര്യതയായി മരണത്തെ അവർ കാണുന്നു. ആ യാത്രയയപ്പാവട്ടെ അത്യാഘോഘപൂർവ്വവും. തമിഴ് മരണവും അന്ത്യയാത്രയും അതിലെ ഡപ്പാങ്കൊത്തും കാണുന്ന നമുക്ക് ഒരുപക്ഷേ അതൊരു അത്ഭുതമാവുകയില്ല. ലാമി എഴുതുന്നു, ദു:ഖം ഏതു സംസ്കാരത്തിലും  ദു:ഖം തന്നെയാണ്. വികാരങ്ങളല്ല, വ്യത്യസ്തമാവുന്നത് പലപ്പോഴും പ്രകടനടപരതയാണ്. അടിസ്ഥാനപരമായ വികാരം ഒന്നു തന്നെയായത് സാംസ്കാരിക സമന്വയവും എളുപ്പമാക്കുന്നു. ഉപരിപ്ലവമായ ആചാരങ്ങളാവട്ടെ വേർതിരിവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.  കാലക്രമേണ ചിലവേറിയ ശവസംസ്കാര രീതികൾക്ക് പണം തികയാതെ വരുമ്പോൾ ആചാരങ്ങൾ സെക്യുലറായി മാറി എന്നും ലാമി.  മരണം ഒന്നും ശവസംസ്കാരം പലതും എന്നേയുള്ളു. ഉപരിപ്ലവമായ വിവിധാചാരങ്ങളെ ആന്തരികമായ വികാരൈക്യത്താൽ മറികടക്കാവുന്നതാണ്.  

കുടിയേറ്റം ഒരു വല്ലാത്ത പ്രതിസന്ധിയിലേക്ക് സ്വത്വബോധത്തെ തള്ളിയിടുന്നത് ലാമി സ്വബാല്യത്തിലെ ഒരു സംഭവത്തോടെ വരച്ചിടുന്നു. ഒരു ഘട്ടത്തിൽ അയാം എ ഗയാനീസ് (ഗയാനയിൽ നിന്നും വന്നവൻ) എന്നു പറഞ്ഞുപോവുമ്പോൾ  അമ്മ മകനു മുഖമടക്കി ഒന്നു കൊടുക്കുകയായിരുന്നു. തങ്ങളുടെ ജീവിതം തന്നെ തകരാനും ജയിലിലെത്തിപ്പോവാനും മതിയായ ഒന്നായി ആ വെളിപ്പെടുത്തലിനെ അവർ ഭയന്നു. അന്നു അവരുടെ സംഭാഷണരീതികളെ പോലും പരിഹാസത്തോടെ കണ്ട ബ്രീട്ടീഷ് സമൂഹത്തെ ഭയന്ന് അത്യാവശ്യത്തിനു മാത്രം പൊതുസമൂഹവുമായി ഇടപഴകിയ ലാമിയുടെ സ്നേഹമയിയായ അമ്മ പിന്നീട് അണ്ഡാശയ കാൻസർ ബാധിതയായി അവശയായപ്പോൾ സദാ ഒപ്പമുണ്ടായിരുന്നതും പരിചരിച്ചിരുന്നതും അവരുടെ തന്നെ ഉറ്റസുഹൃത്തായ മൌറീൻ എന്ന വെള്ളക്കാരിയായിരുന്നു എന്നു ലാമി പുസ്തകത്തിൽ ഓർക്കുന്നു.  ഒരു ആഫ്രിക്കൻ ഗോത്രസംസ്കാരത്തിൻ്റെ തുടർച്ചയായ ആ കൌമാരക്കാരനിൽ നിന്നും ബ്രിട്ടൻ്റെ എംപി ആയി ഡേവിഡ് ലാമി വളർന്നു, ലോകവും മാനവികതയും ഒപ്പം വളർന്നു. അതിനിടയാക്കിയ കാര്യങ്ങൾ ലാമി  വിശദീകരിക്കുമ്പോൾ, പലരും അടയാളപ്പെടുത്തുന്നതുപോലെ ജീനുകളുടെ വിളയാട്ടമല്ല, തുല്യമായ അവസരങ്ങളുടെ ലഭ്യതക്കുറവാണ് പ്രശ്നം എന്നു നമുക്ക് മനസ്സിലാക്കാവുന്നതാണ്.   പഠനത്തിനുള്ള ഒരു സ്കോളർഷിപ്പ് ഇല്ലായിരുന്നുവെങ്കിൽ, ലാമി ഇതൊന്നുമാവുമായിരുന്നില്ല.  സ്ഥാനത്തും അസ്ഥാനത്തും സംവരണത്തിൻ്റെ ലക്ഷ്യങ്ങളെ പറ്റി സംവദിക്കുമ്പോൾ സാമ്പത്തികം എഴുന്നള്ളിച്ച് സംവാദത്തെ വഴിതെറ്റിക്കുന്ന സമകാലിക സാഹചര്യത്തിൽ നാം ലാമിമാരെ വായിക്കണം, അംബേദ്കറെ പഠിക്കണം.  

ഗോത്രീയതയുടെ പാരമ്യതയായി ഐഎസ്

ആധുനികലോകത്ത് മനുഷ്യൻ ഒരു പ്രഷർകുക്കർ പോലെയാണ്. അന്തർസംഘർഷങ്ങളാൽ തിളച്ചുമറിയുന്ന അവസ്ഥയിൽ പൊട്ടിത്തെറിക്കാതെ നോക്കാനുള്ള സേഫ്റ്റിവാൾവുകളാണ്, ചേർത്തുപിടിക്കുന്ന, കരുതലുകളാവുന്ന  സൌഹൃദങ്ങൾ പ്രണയവും സമൂഹവും ഒക്കെ.  വിശ്വാസങ്ങൾ  ആചാരങ്ങളെക്കൊണ്ടും സദാചാരങ്ങളെക്കൊണ്ടും പലപ്പോഴായി അടച്ചുകളയുന്നത് ഈ സേഫ്റ്റിവാൾവുകളാണ്.  അങ്ങിനെ സംഭവിക്കുമ്പോഴാണ് വ്യക്തികൾ ഐഎസ്ഐഎസ് പോലുള്ള സംഘടനകളിലെത്തി പൊട്ടിത്തെറിക്കുന്നത് എന്നു ലാമി പറയുന്നത്  ബംഗ്ലാദേശിൽ നിന്നും കുടിയേറിയ അൻവറിലൂടെയാണ്.  സമൂഹത്തിന് എവിടെയാണ് പിഴയ്ക്കുന്നത്, ഗോത്രീയത എങ്ങിനെയാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതും പൊളിച്ചടക്കുന്നതെന്നും തൻ്റെ പഠനങ്ങളിലൂടെ, അനുഭവങ്ങളിലൂടെ, യാത്രകളിലൂടെ ലാമി മനസ്സിലാക്കുന്നു, അതദ്ദേഹം പങ്കുവെയ്ക്കുന്നു. നമ്മൾ കണ്ട ആദിയിലെ ഭ്രഷ്ട് മിക്കതും ഭ്രഷ്ടിനു വിധേയമാവുന്ന ആളുകളെയും അവരുടെ ചുറ്റിലുമുള്ളവരെയും  മാത്രം ബാധിക്കുന്ന ഒന്നായിരുന്നു.  അതിസങ്കീർണമായ ആധുനിക ലോകത്തെ ഭ്രഷ്ടിൻ്റെ ആഘാതം അതിതീവ്രമാവുക, ലോകവ്യാപകമാവുക സ്വാഭാവികമാണ്.  വിവരസാങ്കേതികവിദ്യയുടെ ജനാധിപത്യവല്ക്കരണം നടന്നു കഴിഞ്ഞ ലോകം അത്രമേൽ സുതാര്യമാണ്. സുതാര്യമാവുന്നത്  എളുപ്പം ആക്രമിക്കപ്പെടാനുള്ള സാധ്യത കൂടിയാണ് ഉണ്ടാക്കുന്നത്.

ലാമിയുടെ ചിന്തകളെ പിടിച്ചുലച്ച ഒരു സംഭവം വിവരിക്കുന്നുണ്ട്  പുസ്തകത്തിൽ.  എം.പി എന്ന നിലയിലെ  ഒരു ഔദ്വോഗികയാത്രയ്ക്കായി ടാക്സിയിലാണ് ലാമി.  അത്യാവശ്യം കാര്യങ്ങളിൽ മുഴുകുവാനായി, തന്നെ തിരിച്ചറിയേണ്ട എന്ന ഉദ്ദേശത്തോടുകൂടി അദ്ദേഹം ഡ്രൈവറുടെ മുഖത്തേക്ക് കണ്ണുകളയച്ചില്ല.  നഗരത്തിലെ തിരക്കുകളും തടസ്സങ്ങളുമായി വണ്ടി നീങ്ങിയും നിരങ്ങിയും നിന്നും പോവുന്ന വേളയിൽ ആ ഡ്രൈവർ ഒരല്പം ധൈര്യം സംഭരിച്ചു ചോദിച്ചു.  താങ്കൾ എം.പിയല്ലേ, ടോട്ടൻഹാമിലെ. അതേയെന്ന് ലാമി. പിന്നെ ഡ്രൈവർ സ്വയം പരിചയപ്പെടുത്തി - പേര് താരിഖ്. ബംഗ്ലാദേശിൽ നിന്നും ബ്രിട്ടനിലേക്ക് സഹോദരനോടൊപ്പം കുടിയേറി പലപല ജോലികളിലൂടെ കടന്നുപോയി, ഒടുവിൽ ഡ്രൈവറായി സകുടുംബം കഴിയുന്നു. മക്കൾക്കൊക്കെയും നല്ല വിദ്യാഭ്യാസം നല്കി എല്ലാവരും പലമേഖലകളിൽ, സുഖമായി ജീവിക്കുന്നു.  താരിഖ് പങ്കുവെച്ചതത്രയും സ്തബ്ധനായിരുന്നു കേട്ട ലാമി ഒന്നും മറന്നുപോവാതിരിക്കാനായി ചെയ്തത്, ഫ്ലൈറ്റിലിരുന്ന്  അതത്രയും എഴുതിവയ്ക്കുകയായിരുന്നു. മുഴുവൻ വിവരിക്കുക സ്ഥലപരിമിതി കാരണം കഴിയില്ല, വിഷയം പറയാം. 

താരിഖ് സംസാരിച്ചത് തൻ്റെ മരുമകനെ കുറിച്ചായിരുന്നു, ഫുട്ബാൾ ഇഷ്ടപ്പെട്ട, സംഗീതത്തെ ആരാധിച്ച  കാർട്ടുണുകളെ സ്നേഹിച്ച അൻവറിനെ പറ്റി.   പഠിപ്പിൽ അവൻ മികവു മറ്റുള്ളവരോളം പുലർത്തിയില്ല. അധ്യാപകരുടെ പരാതി രണ്ടുതരത്തിൽ അവനെ ബാധിച്ചു.  പുറത്തെ സൌഹൃദങ്ങളിൽ നിന്നും അകത്തെ ബന്ധങ്ങളിൽ നിന്നും അവൻ ഉൾവലിഞ്ഞു.  പാതിയിൽ പതറിയ  വിദ്യാഭ്യാസത്തോട്  അൻവർ വിടപറഞ്ഞു,  അല്ലറച്ചില്ലറ ജോലികളെങ്കിലും ജീവിക്കാൻ മതിയായിരുന്ന വരുമാനം നേടി, കുടുംബത്തെ സ്നേഹിച്ചു കഴിഞ്ഞു.  ഒരുദിവസം പോലും ജോലി മുടക്കാതെ, പ്രാർത്ഥനകൾക്ക് അവധികൊടുക്കാതെ, ഏറെ സമയം സമീപത്തെ പള്ളിയിൽ ചിലവിട്ട്, താടിവളർത്തി പ്രായത്തിൽ കവിഞ്ഞ പക്വത പ്രാപിച്ച മകനെ പ്രതി രക്ഷിതാക്കാൾ അഭിമാനിച്ചു.   എന്നാൽ ഏറെക്കഴിയും മുന്നേ അവൻ ജോലി ഉപേക്ഷിച്ചു.  ആരുമായും ബന്ധപ്പെടാതെ ഒറ്റയ്ക്ക്, മുറി വിട്ടു പുറത്തിറങ്ങാതെ മൊബൈലുമായി സൈബർലോകത്തേക്കു ചുരുങ്ങി. മകൻ്റെ ജീവസ്പന്ദനത്തിലെ താളപ്പിഴ തിരിച്ചറിഞ്ഞ അമ്മ ഒരു നാൾ അവൻ്റെ മുറിയിൽ കയറി ബഹളം വെച്ചു. മറ്റുള്ളവർ പക്ഷേ ആ അമ്മയെ വിശ്വാസത്തിലെടുത്തില്ല. മകൻ്റെ പോക്കിലെ അമ്മയുടെ വ്യഥ ആരെയും ഉണർത്തിയില്ല. ജീവിതത്തിലെ നെട്ടോട്ടങ്ങൾക്കിടയിൽ അവർക്കതിന് നേരവുമുണ്ടായിരുന്നില്ല.  അവൻ അമ്മയോട് പ്രതികരിച്ചത് അടുത്തദിവസം തന്നെ മുറിക്ക് ഒരു പൂട്ട് പിടിപ്പിച്ചാണ്.  ഒടുവിൽ 2012ഓടെ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ ഭാഗമായ 900ത്തോളം ബ്രിട്ടീഷ് പൌരന്മാരിൽ ഒരാളായി അൻവർ സ്വയം അടയാളപ്പെടുത്തി.  

ലാമി പറയുന്നു, ലോകത്തൊരാൾക്കും ഒരു രാത്രി പുലരുമ്പോഴേക്കും ഭീകരവാദിയാവുക സാധ്യമല്ല. വിവരസാങ്കേതികവിദ്യയിലൂടെ വിവരമില്ലായ്മ വിശ്വാസികളിലേക്ക് കടത്തിവിടുക ഭീകരവാദികൾക്ക് എളുപ്പമാണ്. എളുപ്പം പിടികൂടാനാവുക, സമൂഹത്തിൽ ഒറ്റപ്പെട്ടുപോവുന്ന, അന്യതാബോധം മനസ്സിനെ മഥിക്കുന്ന പാവങ്ങളെയാണ്.  തങ്ങൾക്ക് ആരുമില്ല എന്നു തോന്നുന്നവർക്ക്, ഈ നാടിന്, നാട്ടുകാർക്ക് തന്നെ വേണ്ട ഒന്നു തോന്നുന്നവർക്ക്, താങ്ങാവുകയാണ്  ഭീകരവാദ സംഘടനകൾ.  ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കുന്ന സംഭാഷണങ്ങളിലൂടെ സന്ദേശങ്ങളിലൂടെ അവർ അങ്ങിനെയുള്ളവരെ ചേർത്തുപിടിക്കുന്നു, എളുപ്പം വലയിലാക്കുന്നു.  ഈ കാലയളവിൽ ഒരിക്കൽ പോലും കുടുംബത്തിനും  പൊതുസമൂഹത്തിന് തന്നെയും അങ്ങിനെയൊരു വ്യക്തിയെ കുറിച്ച് ആകുലത, അവർ എവിടെയാണ്, എന്തായിരിക്കും ചെയ്യുന്നത്  എന്നൊരു തോന്നലില്ലെങ്കിൽ ആരാണ് കുറ്റക്കാർ?  ഒരാളിൽ പൊതുസമൂഹത്തിന് അവകാശപ്പെട്ട സ്പേസാണ് ഭീകരവാദികൾ ഏറ്റെടുക്കുന്നത് എന്ന സത്യം നാം സൌകര്യപൂർവ്വം മറക്കുന്നു, നിഴലിനെ പ്രതിയാക്കി ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നു.  ജീനല്ല, സാഹചര്യം തന്നെയാണ് കുറ്റവാളി. വഴിയിലെ ഒരു റോഡപകടം മുന്നോട്ടുള്ള പ്രയാണം കുറച്ചു നേരത്തേക്ക് അവസാനിപ്പിച്ചപ്പോൾ തൻ്റെ മരുമകൻ്റെ കഥ വിവരിച്ച താരിഖിൻ്റെ കണ്ണുകളിൽ അവരുടെ ലോകം തന്നെ അതോടെ തകർന്നു പോയ വ്യഥയുടെ മിഴിനീർപടർപ്പാണ്  ലാമി കണ്ടത്.  

അസാധാരണരായ പ്രതിഭകളെ, മാതൃകകളായ  നേതാക്കളെ ഒന്നുമല്ല, നല്ല വ്യക്തികളെ, റോൾമോഡലാവാൻ പറ്റുന്ന ഒരു സൌഹൃദം പോലും ഇല്ലാതാവുന്ന സാമൂഹിക ദാരിദ്ര്യമാണ് അയാളെ ഭീകര സൌഹൃദങ്ങളിലേക്ക് അടുപ്പിച്ചത്.  അവരെ സംബന്ധിച്ചിടത്തോളം തന്നോട് അനീതി കാട്ടിയ വ്യവസ്ഥിതിയോട് കലഹിക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണത്.  ആ കലഹത്തിൻ്റെ വീരോചിതമായ അന്ത്യത്തിലൂടെ താൻ കടക്കുന്നതായി വിശ്വസിക്കുന്ന സ്വർഗത്തിൻ്റെയും സ്വർഗ്ഗീയാനുഭൂതികളുടെയും ചിത്രങ്ങൾ സാമാന്യബോധത്തിൻ്റെ അതിരുകൾ ഭേദിച്ചു കടക്കുന്നത് കാലങ്ങൾ നീളുന്ന മസ്തിഷ്കപ്രക്ഷാളനത്തിലൂടെയാണ്.  ഓർക്കണം, 24മണിക്കൂർ ഓൺലൈൻ പ്രോപഗാണ്ട സംവിധാനമാണ് ഇസ്ലാമിക് സ്റ്റേറ്റിനുള്ളത്. ഒടുവിൽ ലാമി താരിഖിനോട് ചോദിക്കുന്നത് പയ്യൻ്റെ പള്ളിയുമായുള്ള ബന്ധമായിരിക്കുമോ അവനെ ചതിച്ചത് എന്നാണ്.  പള്ളിയിൽ പോയതുകൊണ്ടാണ് അവൻ്റെ ഐ.എസിലേക്കുള്ള പോക്ക് അത്രയെങ്കിലും വൈകിയത്, കാരണം അവൻ്റെ ആത്മസംഘർഷങ്ങളിൽ ഒരിത്തിരി ആശ്വാസമെങ്കിലും കിട്ടിയത് അവന് അവിടെ നിന്നായിരുന്നു എന്നു താരിഖ് പറയുന്നു. ഉപരിയായി ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അതിശക്തമായ നിലപാടുകളാണ് പള്ളികൾ എടുക്കുന്നതെന്നും താരിഖ് കൂട്ടിച്ചേർത്തു. അതിവിടെയും അങ്ങിനെ തന്നെയാവണം.  എത്രമാത്രം  ഹീനമായ ഗോത്രീയതയുടെ പാരമ്യതയാണ് ഐഎസ് എന്നറിയണമെങ്കിൽ അവർ യസീദികളോട് ചെയ്തത് മാത്രം നോക്കിയാൽ മതിയാവും. 

ഗോത്രീയതയിൽ നിന്നും ആഗോളീയതയിലേക്ക് ഒരു ബോട്സാനിയൻ മാതൃക

ഇനി നമുക്ക് ഒന്നു ലാമിക്കൊപ്പം ബോട്സ്വാന വരെ ഒന്നു പോയിവരാം. ഏതാണ്ട് അവസാനം സ്വാതന്ത്ര്യം ലഭിച്ച ഒരു ആഫ്രിക്കൻ രാഷ്ട്രമാണ് ബോട്സ്വാന.  ഇരുപതിലേറെ ഗോത്രങ്ങൾ,  അവയെ അടിമുടി വിഭജിച്ചു നിർത്തുന്ന സംസ്കാരങ്ങൾ,  വ്യത്യസ്ത ഭാഷകൾ,  പരമ്പരാഗതമായ നിഷ്ഠകൾ -അങ്ങനെയുള്ള ഒരു രാഷ്ട്രത്തിൻ്റെ  മുന്നോട്ടുള്ള പ്രയാണം എത്ര ദുഷ്കരമാവും?  പക്ഷേ ആ ആഫ്രിക്കൻ രാഷ്ട്രത്തിൻ്റെ ചരിത്രം മുഴുവൻ ലോകത്തിനും ഒരു പാഠമാണ്.  ഗോത്രീയതയിൽ നിന്ന് എങ്ങനെ ഒരു മികച്ച സമൂഹത്തെ സർഗപരമായി സൃഷ്ടിക്കാം എന്നതിൻ്റെ നല്ല പാഠമാണ് ബോട്സ്വാന.  ഗതകാല ഗോത്രസംഘർഷങ്ങളുടെ തനിയാവർത്തനങ്ങൾ ഒഴിവാക്കാൻ സർക്കാർ കണ്ടെത്തിയ ഒരു മാർഗം സകല ഗോത്രങ്ങളെയും ഒരു നാഷണൽ ഐഡൻ്റിറ്റിയുടെ നാടയിൽ കോർത്തിടുകയായിരുന്നു. ട്സ്വാന സംസ്കാരം എന്ന ഒരു വിശാല സംസ്കൃതിയിൽ മുഴുവൻ ഗോത്രങ്ങളെയും അവർ ചേർത്തുനിർത്തി. ഗോത്ര സ്വത്വം വെളിവാക്കുന്ന പേരുകളത്രയും മുഴുവൻ ഔദ്യോഗിക രേഖകളിൽ നിന്നും തുടച്ചു നീക്കി. ഇംഗ്ലീഷ് അടക്കം മൂന്നു ഭാഷകൾ മാത്രം ഔദ്യോഗിക രേഖകളിലുപയോഗിച്ചു,  വിദ്യാലയങ്ങളിൽ പഠിപ്പിച്ചു.  ഗോത്ര ലഹളകൾ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളെ നാശത്തിലേക്ക് തള്ളിവിട്ടപ്പോൾ ബോട്സ്വാനയുടെ ചരിത്രം മറ്റൊന്നായി.  ലോകത്തേറ്റവും  ദരിദ്ര രാജ്യങ്ങളിൽ ഒന്നായ ബോട്സ്വാന ഇന്ന് ലോക ബാങ്കിൻ്റെ രേഖകളിൽ അപ്പർ മിഡിൽ ഇൻകം ഗ്രൂപ്പ് രാജ്യമാണ്.  നമുക്കുതന്നെ നിന്നു നോക്കി നെടുവീർപ്പിടുവാൻ വകയുള്ള മറ്റൊന്നാണ് ട്രാൻസ്പെരൻസി ഇൻ്റർനാഷണൽ സർവ്വേയിൽ ഏറ്റവും അഴിമതി കുറഞ്ഞ മുപ്പത്തിനാലാം രാഷ്ട്രമായി ബോട്സ്വാനയുടെ കുതിപ്പ്. ഓർക്കണം സ്വാതന്ത്ര്യം ലഭിച്ചത് 1966 മാത്രമാണ് ആണ്. ഒരു മഹാസംഭവം എടുത്തു പറയാനുള്ളത് സ്വാതന്ത്ര്യലബ്ധിക്കുശേഷം കേവലം ഒരു വർഷത്തിനു ശേഷമാണ് ഒരു വൻ ഡയമണ്ട് നിക്ഷേപം അവർ  കണ്ടെത്തുന്നതും അതിൻ്റെ അങ്ങേയറ്റം സുതാര്യവും സത്യസന്ധവുമായ  ഉപയോഗത്തിലൂടെ 1980 ആവുമ്പോഴേക്കും ജി ഡിപി 50% കണ്ടു ബോട്സ്വാന വളരുന്നതും.  സെരട്സെ ഖാമ എന്ന് ആദ്യ പ്രസിഡൻ്റിൻ്റെ ഭാവനാസമ്പന്നമായ നേതൃത്വത്തിൽ ആ രാഷ്ട്രം കുതിച്ചു.  ഭൂഗർഭസമ്പത്ത് മറ്റിടങ്ങളിലെ പോലെ  മാഫിയകൾ പങ്കുവെച്ചില്ല. ലോകത്തിൻ്റെ നാലിലൊന്ന് ഡയമണ്ടും ബോട്സ്വാന വിപണിയിൽ നിന്നാണ്. 

ഗോത്രങ്ങൾക്കിടയിൽ ഒരു പാരസ്പര്യം സദാ സൂക്ഷിക്കുന്നതിനായി ആയി സർക്കാർ കണ്ടെത്തിയ മറ്റൊരു വഴി സർക്കാർ ജീവനക്കാരുടെ ട്രാൻസ്ഫർ പോളിസി ആയിരുന്നു. എല്ലാ സിവിൽ സർവൻ്റ്സും മറ്റ് നരവംശ ഗ്രൂപ്പുകൾക്കിടയിൽ സേവനമനുഷ്ഠിക്കാൻ നിർബന്ധിതരാവുന്ന നയം വന്നു. മികച്ച ഡോക്ടർമാരുടെ, അധ്യാപകരുടെ, ഉദ്യോഗസ്ഥരുടെയും സേവനം എവിടെയും  ലഭ്യമാവുന്ന സാഹചര്യം സൃഷ്ടിച്ചെടുത്തു. ഗോത്രങ്ങൾ തമ്മിലുള്ള വൈരത്തിൻ്റെ മഞ്ഞുരുകുന്നതിനും ഊഷ്മളമായ  പുതിയൊരു ജൈവതാളതിൻ്റെ സിംഫണിക്കും അതു വഴി വെച്ചു.

ഒരുനാൾ അധ്യാപികയായ  കരോളിന് വിദ്യാഭ്യാസ മന്ത്രിയുടെ ഒരു കത്ത് ലഭിക്കുന്നു.  ബോട്സ്വാനയുടെ തലസ്ഥാനനഗരിയായ ഗാബറോണിലെ വിദ്യാലയത്തിൽ നിന്നും അവളെ ഉടൻ സ്ഥലം മാറ്റുന്നതാണ്.   അതും അവൾക്ക് അറിവോ ബന്ധങ്ങളോ പരിചയങ്ങളോ തന്നെയില്ലാത്ത ഒരു വിദൂര ഗ്രാമത്തിലേക്ക്,  പുതിയൊരു ഒരു ഗോത്ര സംസ്കാരത്തിൻ്റെ നടുവിലേക്ക്. അധ്യാപനത്തെയും  ചുറ്റുമുള്ള സാമൂഹിക ജീവിതത്തെയും അത്രമേൽ ഇഷ്ടപ്പെടുന്ന കരോളിന് വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവിനോട്  തോന്നിയത് എന്തെന്നില്ലാത്ത അമർഷമായിരുന്നു.  യൂണിയൻ ഇടപെട്ട് വേണ്ടാത്തവരെ തട്ടി വേണ്ടപ്പെട്ടവർക്ക് വേണ്ടിടത്തേക്ക് സ്ഥലംമാറ്റം തരപ്പെടുത്തുന്ന വിപ്ലവകരമായ ഏർപ്പാട് ബോട്സ്വാനയിൽ ഇല്ലാത്തതുകൊണ്ട് അവൾക്കു പോവാതെ തരമില്ലായിരുന്നു.   തൻ്റെ ലോകവും ജീവിതവും തന്നെ  കീഴ്മേൽ മറിയുന്നതായി, കുടുംബത്തിൽനിന്ന് സൗഹൃദവലയങ്ങളിൽ നിന്ന് അങ്ങകലേക്ക്  തനിക്ക് കേട്ടറിവുകൂടിയില്ലാത്ത ഒരു കുഗ്രാമത്തിലേയ്ക്ക് വലിച്ചെറിയപ്പെട്ട അവസ്ഥയെങ്കിലും  അവൾ പോയി. അമേരിക്കയിലെ നാഷണൽ പബ്ലിക് റേഡിയോവിനോട് പിന്നീടവൾ ഇങ്ങനെ വെളിപ്പെടുത്തി - ഒരു ദിവസം, ആ ഒരു ദിവസം അവളുടെ   ജീവിതത്തെ മാറ്റി മറിച്ച ഒരു കൂടിക്കാഴ്ച നടന്നു.  ആ ഗ്രാമത്തിലെ താബോ എന്ന ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു.  പുതിയ ജനതയിലേക്ക്, തികച്ചും വ്യത്യസ്തമായ സംസ്കാരത്തിലേക്ക് അവൾക്കുള്ള  പാലമായി അവൻ.  വളരെ പെട്ടെന്ന് തന്നെ അവൾ അവരുടെ സ്വന്തമായി, അവരിലൊരാളായി,   പ്രദേശത്തെ മുഴുവൻ ആഘോഷങ്ങളിലും ആചാരങ്ങളിലും അവളും ഒരു അവിഭാജ്യഘടകമായി. എന്തിനധികം ഗ്രാമത്തിൽ അരങ്ങേറിയ ചെറിയ ഒരു സൗന്ദര്യ മത്സരത്തിൽ  വിധികർത്താവായി പോലും കരോൾ വന്നു.  ആ ഗ്രാമത്തിലെ ഒരു സ്ത്രീ  കരോളിന്  ചെറിയൊരു സ്ഥലം സമ്മാനമായി നല്കി. അവളവിടെ ഒരു വീടു വെച്ചു. ആ സമൂഹവുമായുള്ള ഇടപെടലിലെ ഓരോ നിമിഷവും തിരുത്തിയത് കരോളിൻ്റെ തന്നെ മുൻവിധികളെയായിരുന്നു. അത്രമേൽ തന്നെ സ്നേഹിക്കുന്ന  ഒരു സമൂഹമാണവർ, ഞാൻ അവരെയും എന്നുപറഞ്ഞാണ് ആ റേഡിയോ ഭാഷണം കരോൾ അവസാനിപ്പിക്കുന്നത്. യൂണിറ്റി ദോ എന്ന ബോട്സ്വാനയുടെ  വിദേശകാര്യ മന്ത്രി പറയുന്നത് ഇങ്ങനെ ഗോത്ര ഗ്രാമാന്തരം സ്ഥലംമാറ്റം നടത്തപ്പെടുന്ന 20 ശതമാനം പേരും ആ ഗ്രാമങ്ങളിൽ അവരുടെ ജീവിത പങ്കാളികളെ കണ്ടെത്തുകയും കുടുംബമായി കഴിയുകയും ചെയ്യുന്നു എന്നാണ്. എവിടെയും ഒരു വ്യക്തിക്ക് ഗുണകരമായത് സദാ സമൂഹത്തിന് ഗുണകരമാവണമെന്നില്ല. അവിടെയാണ് വെറും സ്ഥലം മാറ്റ നയങ്ങളിലൂടെ നാടിൻ്റെ സംസ്കാരത്തെ മാറ്റിയെഴുതി കാണിച്ച ബോട്സ്വാനയുടെ അനുഭവം ഒരു പാഠമാവേണ്ടത്.  കേവലം നയപരമായി , ഗോത്രാന്തര പ്രണയങ്ങളും ഗോത്രാന്തരപരാഗണവും സാധ്യമാക്കി പുതിയൊരു  മാനവികതയുടെ പൂന്തോട്ടം സൃഷ്ടിക്കുകയാണവർ.    

Reference:

https://www.amazon.co.uk/Tribes-David-Lammy/dp/1472128737

https://www.davidlammy.co.uk/contact