Wednesday, August 21, 2019

പെണ്ണിന്റെ വഴിവിട്ടജീവിതം Vs പുരുഷുവിന്റെ കൈവിട്ടകളി

സ്വയം എങ്ങിനെ ജീവിക്കണം എന്നറിയില്ലെങ്കിലും മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കണം എന്നു നല്ല ബോധ്യമുള്ള മഹാന്‍മാരെയാണ് നമ്മള്‍ സദാ-ചാരന്‍മാര്‍ എന്നുവിളിയ്ക്കുക. അവര്‍ക്കറിയാവുന്ന ഏക പണിയാണ് ഒളിച്ചുനോട്ടം. ഈ സമൂഹത്തില്‍ ഭൂരിപക്ഷവും അങ്ങിനെയുള്ളവരാവണം. അല്ലെങ്കില്‍ വഫയുടെ വഴിവിട്ട ജീവിതം എന്നൊരു തലക്കെട്ടു വായിക്കേണ്ടിവരില്ലായിരുന്നു.


വഴിവിട്ട ജീവിതം എന്നാല്‍ എന്താണ്?  സ്വകാര്യസ്വത്തു സമ്പാദനകാലം തുടങ്ങിയതുമുതല്‍ അതു നിലനിര്‍ത്താനും വളര്‍ത്താനുമായി അന്നത്തെ വിവരം വച്ചു മനുഷ്യര്‍ കണ്ടെത്തി നിശ്ചയിച്ച ചില വഴിയുണ്ട്. കൂട്ടത്തിലുള്ള മനുഷ്യര്‍ക്കു സദാ ചരിക്കുവാനായി സദാചാരത്തിന്റെ ഒരു നാട്ടുപാത. കൂട്ടം തെറ്റി സ്വന്തം പാത വെട്ടി നടന്നവര്‍ പണ്ടേയുണ്ട്. ആനകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ആനത്താരകള്‍ ഉണ്ട്. ഒറ്റയാനു സ്വന്തം വഴി വേറയുമുണ്ട്.

എന്തിനേറെ, ഒരു അര നൂറ്റാണ്ടുമുന്നേ മനുഷ്യന്‍ ജീവിക്കാനായി ചിലവിട്ട കാശ് എന്തിനൊക്കെ വേണ്ടിയായിരുന്നു?  ഇന്നു ചിലവാക്കുന്നതില്‍ എത്ര സംഗതികള്‍ അന്നുണ്ടായിരുന്നു? അരിയും തുണിയും പൊരയും - അതിനു തികയാത്തതായിരുന്നു അന്നത്തെ മഹാഭൂരിഭാഗത്തിന്റെയും വരുമാനം. ഇതു മൂന്നിനുമായി ചിലവാക്കുന്നതിന്റെ എത്ര ഇരട്ടിയാണ് അവരുടെ മക്കളിന്നു മറ്റാവശ്യങ്ങള്‍ക്കായി ചിലവിടുന്നത്?  ഈ ആവശ്യങ്ങളെന്തെങ്കിലും അന്നുണ്ടായിരുന്നോ? ഇല്ല.

എരിയുന്ന വയറിലെ തീയ്ക്ക് ശമനം വന്നാല്‍ തീര്‍ന്നു മനുഷ്യന്റെ പ്രശ്‌നങ്ങള്‍ എന്നായിരുന്നു ഒരുമാതിരിപ്പെട്ടവരുടെയൊക്കെ ചിന്തകള്‍. പരിധികളില്ലാത്തതാണ് മനുഷ്യന്റെ ആഗ്രഹങ്ങള്‍. ആ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ലോകം വളരും, മനുഷ്യബന്ധങ്ങള്‍ മാറിമറിയും, പഴയതു പുനര്‍നിര്‍വ്വചിക്കപ്പെടും.  പഴയ ഓലച്ചൂട്ടുവെളിച്ചം മൊബൈല്‍ ഫ്‌ളാഷുകളാവും.            വയറു കായാന്‍ ഇടയാക്കരുതേ എന്നു പ്രാര്‍ത്ഥിച്ചവര്‍ ഊരകായാന്‍ ഇടയാക്കരുതേ എന്നു പ്രാര്‍ത്ഥന കാലാനുസൃതമായി പുതുക്കും.

സ്വാഭാവികമായും സദാചാരത്തിന്റെ പഴയ നാട്ടുവഴികള്‍ ഇന്നത്തെ സമൂഹത്തിനു  കാട്ടുവഴികളാവും.  ആ വഴി മതിയെന്നു നിശ്ചയിക്കുന്നവര്‍ക്കു കല്ലും മുള്ളും കാലിനു മെത്തയാവും. അല്ലാത്തവരോ?
അതായത് പഴമയുടെ നാട്ടുവഴിയിലൂടെ നടക്കാന്‍ ഇഷ്ടമില്ലാത്തൊരാള്‍ സ്വന്തമായൊരു വഴിവെട്ടി സഞ്ചരിക്കുന്നതിനെയാണ് നാം വഴിവിട്ട ജീവിതം എന്നു വിളിക്കുക. അതു ആണാവുമ്പോള്‍ കുഴപ്പമില്ല. ആണത്തത്തിന്റെ വകയില്‍ പെടുത്തി ആദരിച്ച്, ഇലയും മുള്ളും ന്യായത്തില്‍ പൊലിപ്പിക്കുകയുമാവാം.  പെണ്ണായാല്‍ വഴിവിട്ടജീവിതം കൂഴപ്പമായി, വാര്‍ത്തയായി, വേര്‍പിരിയലായി.

ജീവിതത്തിന്റെ സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് ഒരു രാത്രി സുന്ദരിയായ യശോധരയെയും മകന്‍ രാഹുലനെയും ഉപേക്ഷിച്ചിറങ്ങിയത് സിദ്ധാര്‍ത്ഥന്‍. ആ പോക്കില്‍ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി നിര്‍വ്വാണം പ്രാപിച്ചു. ഇനിയൊന്നു മാറ്റിപ്പിടിച്ചുനോക്കൂ. സിദ്ധാര്‍ത്ഥനു പകരം പാതിരാത്രിയില്‍ യശോധര സിദ്ധുവിനെയും രാഹുലനെയും ഉപേക്ഷിച്ചു നാടുവിടട്ടെ. നിര്‍വ്വാണമല്ല, യശോധരയെ കാത്തിരിക്കുക നിര്യാണമാവുമായിരുന്നു. അന്നു പത്രങ്ങളുണ്ടായിരുന്നെങ്കില്‍ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു വഴിവിട്ടജീവിതത്തിനിറങ്ങിയ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്നാകുമായിരുന്നു വാര്‍ത്ത.

എഴുത്തും വായനയും ഒരാളെ സാക്ഷരരാക്കും, മനുഷ്യരാക്കുകയില്ല. അങ്ങിനെ എഴുത്തും വായനയും അറിയുന്ന, ബോധത്തില്‍ പൂര്‍വ്വികരായ കുരങ്ങിനെക്കാള്‍ താഴെയായ നമുക്കു വിറ്റുകാശാക്കാന്‍ എന്തുകൊണ്ടും പറ്റിയത് പെണ്ണിന്റെ വഴിവിട്ട ജീവിതമാണ്, പുരുഷുവിന്റെ കൈവിട്ട കളിയല്ല.  പെണ്ണിന്റെ വഴിവിട്ട ജീവിതത്തിനാണ് നല്ല മാര്‍ക്കറ്റ്, പുരുഷുവിന്റെ കൈവിട്ടകളിക്കല്ല. സ്വന്തം നിലയില്‍ ഒളിച്ചുനോക്കാന്‍ കഴിയാത്തവരുടെ ലൈംഗികദാരിദ്ര്യത്തിനു ഒരു പരിധിവരെ പരിഹാരമാവുകയാണ് ദേശീയപത്രങ്ങളൊക്കെയും എന്നു തോന്നുന്നു.