Saturday, November 18, 2023

ലോകമൊരു പൂന്തോട്ടമാവട്ടെ, പലസ്തീൻ ദാർവിഷിൻ്റെ ഗാർഡീനയയും

മാതൃരാജ്യത്തിൻ്റെ വേദനയെയും അതിൻ്റെ  വിമോചന സ്വപ്നങ്ങളെയും പ്രതിഫലിപ്പിച്ച ദാർവിഷിൻ്റെ കവിതകൾ ഒരു ജനതയുടെ ആകുലതകളുടെ ആവിഷ്കാരമാണ്. തൻ്റെ ജനതയുടെ വിധി പങ്കിടുന്ന ഒരു കവി, അവരുടെ വേദനകൾക്കും സ്വപ്നങ്ങൾക്കും ഒരു ഭാഷ നല്കുകയാണ്.

 കവിത അവിടെയില്ല, ഇവിടെയുമില്ല

ഒരു പെണ്ണിൻ്റെ മുലകളാലതിന്

രാവുകളെ ജ്വലിപ്പിക്കുവാനാവും

ഒരു ആപ്പിളിൻ്റെ തിളക്കത്താലതിന്

രണ്ടു ദേഹങ്ങളിൽ വെളിച്ചമാവാനാവും

ഒരു ഗാർഡീനിയ പൂവിൻ ശ്വാസത്താലതിനൊരു

മാതൃരാജ്യത്തെ പുനരുജ്ജീവിപ്പിക്കാനുമാവും!”

കവിതയുടെ ശീർഷകം  പോയറ്റിക് റഗുലേഷൻസ് എന്നാണ്. പ്രതിരോധത്തിൻ്റെ മൂർച്ചയേറിയ ആയുധമാവുകാൻ കവിതയ്ക്കാവുക അപ്പോൾ മാത്രമാണ്.

 റൈറ്റ് ഡൌൺ, ആം ആൻ അറബ് എന്ന ഡോക്യുമെൻ്ററി ചർച്ചചെയ്യുന്നത്  പലസ്തീൻ ജൂത വിഭജന രാഷ്ട്രീയത്തിനപ്പുറം ദാർവിഷിൻ്റെ യഹൂദ പെൺകുട്ടിയുമായുള്ള പ്രണയവും വിരഹവും കൂടിയാണ്. ദാർവീഷിൻ്റെ ബാല്യകാല ഗ്രാമമായ അൽ-ബിർവയുടെ അവശിഷ്ടങ്ങളിൽ സ്ഥാപിതമായ കിബ്ബട്ട്സ് യാസൂരിലെ ഒരു താമസക്കാരനെ ദാർവിഷ് കണ്ടുമുട്ടുന്ന രംഗം കാണാം. കവിക്ക് അത്  സങ്കടത്തിൻ്റയും പ്രതീക്ഷയുടെയും നിമിഷമാണ്ദാർവിഷ് മനുഷ്യനോട് പറയുന്നു. “എനിക്ക് സ്ഥലത്തേക്ക് മടങ്ങാൻ അനുവാദമില്ല, നിങ്ങൾക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ട് എന്നതാണ് സങ്കടം. എന്നാൽ നമുക്ക് സുഹൃത്തുക്കളാകാനുള്ള കഴിവുണ്ടെങ്കിൽ നമ്മൾ സുഹൃത്തുക്കളാണെങ്കിൽ, സമാധാനം ഇപ്പോഴും സാധ്യമാണ്.” ഉറപ്പായും സകല വിഭജനങ്ങളെയും നിർവ്വീര്യമാക്കുന്ന അലിയിച്ചു കളയുന്ന രാജദ്രാവകമാണ് സൌഹൃദവും പ്രണയവും.

ഇസ്രായേലി അറബികൾ 1948 മുതൽ 1986 വരെ സൈനിക ഭരണത്തിൻ്റെ നിയന്ത്രണത്തിലായിരുന്നു ജീവിച്ചിരുന്നത്. താനും തൻ്റെ കുടുംബവും സഹ പലസ്തീനികളും ജനിച്ച മണ്ണിൽ   രണ്ടാംതരം പൗരരാണെന്ന് ബാലനായ ദാർവിഷിന് തോന്നുക സ്വാഭാവികംകുയിലിന് പാട്ടുപോലെ, മുല്ലയ്ക്ക് സുഗന്ധം പോലെ കവിയിൽ അപസ്വരം സ്വാഭാവികംഇസ്രയേലി സ്റ്റേറ്റ് ആഘോഷങ്ങൾ നിർബന്ധമായിരുന്ന സ്കൂളിൽ പഠിക്കുമ്പോൾ, സംസ്ഥാനം സ്ഥാപിച്ചതിൻ്റെ വാർഷികത്തിന് അദ്ദേഹം ഒരു കവിത എഴുതിരേഖപ്പെടുത്തപ്പെടാതെ പോയ കവിതയെ ഒരു അറബി ബാലനിൽ നിന്ന് ഒരു ജൂത ബാലനോടുള്ള നിലവിളിയായാണ് കവി പിന്നീട് ഓർത്തെടുക്കുന്നത്.  

നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വെയിലത്ത് കളിക്കാം,

നിങ്ങളുടെ കളിപ്പാട്ടങ്ങൾ സ്വന്തമാക്കാം, എനിക്ക് പക്ഷേ കഴിയില്ല.

നിങ്ങൾക്ക് ഒരു വീടുണ്ട്, എനിക്ക് ആരുമില്ല,

നിങ്ങൾക്ക് ആഘോഷങ്ങളുണ്ട്, പക്ഷേ എനിക്ക് ഒന്നുമില്ല

എന്തുകൊണ്ടാണ് നമുക്ക് ഒരുമിച്ച് കളിക്കാൻ കഴിയാത്തത്?

 സൈനിക ഗവർണർ വിളിച്ച് കുട്ടിയായ തന്നെ ഭീഷണിപ്പെടുത്തിയത്  അദ്ദേഹം ഓർക്കുന്നു: "ഇനിയിങ്ങനെ കവിതയെഴുതിയാൽ ഞാൻ നിൻ്റെയച്ഛനെ ക്വാറിയിലെ പണിയിൽ നിന്നു പുറത്താക്കും." എന്നാൽ സാധാരണ ജൂത ഇസ്രായേലികളുമായുള്ള ബന്ധം വ്യത്യസ്തമായിരുന്നുതൻ്റെ ചില അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധം  ഇഷ്ടപ്പെട്ടിരുന്നു എന്നും ചിലരെ വെറുത്തിരുന്നുവെന്നും എന്നദ്ദേഹം ഓർക്കുന്നുണ്ട്. യഹൂദ പെൺകുട്ടികളുമായുള്ള സൌഹൃദം യാഥാസ്ഥിതിക അറബ് കുടുംബങ്ങളിൽ നിന്നുമുള്ള പെൺകുട്ടികളുമായുള്ളതിനെക്കാൾ ഏറെ എളുപ്പമായിരുന്നു എന്നും കവി നിരീക്ഷിക്കുന്നുണ്ട്.

റീത്തയും റൈഫിളും

1960-കളുടെ തുടക്കത്തിലായിരുന്നു ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച  ഒരു രാഷ്ട്രീയ റാലിയിൽ തമർ ബെൻ ആമി എന്ന ജൂതപെൺകുട്ടിയ ദാർവിഷ് കണ്ടുമുട്ടുന്നത്. സൈനിക ഭരണത്തിൻ കീഴിലുള്ള ഹൈഫയിൽ ദാർവിഷും  ജറുസലേമിൽ തമറും പഠിക്കുന്നു. - ദാർവിഷ് അവളോടുള്ള തൻ്റെ വികാരങ്ങൾ പങ്കുവച്ചത് എഴുത്തുകളിലൂടെയും കവിതകളിലൂടെയും ആയിരുന്നു. കനഡയിലെ കാൾട്ടൺ യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ്  അസോസിയേറ്റ് പ്രൊഫസറായ മിറ സുചറോവ് മഹമൂദ് ദാർവിഷിൻ്റെ  ഇസ്രയേലിലെ കാമുകി  തമർ ബെൻ ആമിയുമായി നടത്തിയ സംഭാഷണശേഷം പറഞ്ഞത് ഇന്നും തമറിന് കവിയോടുള്ള പ്രണയം അവരുടെ വാക്കുകളിൽ നിന്ന് തൊട്ടറിയാം എന്നാണ്ഇസ്രായേൽ നാവികസേനയുടെ പെർഫോമിംഗ് ട്രൂപ്പിൽ അംഗമായിരുന്ന ഒരു നർത്തകിയും കൊറിയോഗ്രാഫറും ആയിരുന്നു തമർ. തൻ്റെ  കലയെയും വ്യക്തിജീവിതത്തെ തന്നെയും ഏറെ സ്വാധീനിച്ചതായിരുന്നു ദാർവിഷുമായുള്ള കാലം, ഇന്നും ഓർമ്മകളെ അവർ താലോലിക്കുന്നുമുണ്ട്നിരുപാധികമായ സ്നേഹത്തിൻ്റെ ആരാധികയായ തമർ വെറുക്കുന്നുണ്ട്, സകല അധിനിവേശങ്ങളുടെയും ഊട്ടുപുരകളായ മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്ട്ര, ഗോത്ര, വംശ, വർഗ, മത വിഭജനങ്ങളെ, സ്വപ്നം കാണുന്നുണ്ട് സർവ്വവൈവിധ്യങ്ങളെയും നിർവ്വീര്യമാക്കുന്ന  പ്രണയത്തിൻ്റെ  തീവ്രതയെ. വൈയക്തികമായി മാനവികത മതമാവുന്നവരാണ്, അവിഭാജ്യമായി മനുഷ്യത്വത്തെ കാണുന്നവർ. വിവിധ സ്വത്വനിർമ്മിതികൾ തകർത്തുകളയുന്നത് മാനവികതയെ തന്നെയാവുന്നതാണ് വലിയ ദുരന്തം, ഭീകരത. സ്വന്തം പ്രണയത്തിനു മീതെയായി പ്രതിരോധത്തെ കണ്ട കവിയിൽ തമർ ഒരു സ്വപ്നമായി അവശേഷിച്ചു.

 ജനിറ്റിക് മാപ്പിങ്ങ് ഒക്കെയും വന്ന കാലത്ത് അപ്രത്യക്ഷമാവേണ്ട ഒന്നാണ് ലോകത്ത് പല ഗോത്രങ്ങളും അവകാശപ്പെടുന്ന സ്വന്തം വംശശുദ്ധിയും രക്തശുദ്ധിയുംഗോത്രീയതയെ ലോകം മറികടക്കുന്നത് ഗോത്രാന്തര പ്രണയത്തിലൂടെയാണ്. ഇങ്ങു കേരളത്തിലായാലും അങ്ങു ലോകത്തെവിടെ ആയാലും  പ്രണയത്തിനു വധശിക്ഷ വിധിക്കുക, ചാരത്തു വേണ്ടത് ഒഴിച്ചെല്ലാം സദാ ചാരമാവണമെന്ന ചിന്തകളുള്ള സദാചാരികളാണ്. അതുകൊണ്ടാണ് അതൊക്കെയും  നമുക്ക് സദാചാരക്കൊലകളാവുന്നത്. ഗോത്രകലഹങ്ങളാൽ ആളും അർത്ഥവും തന്നെ ഇല്ലാതായ ബോട്സ്വാന ലോകത്തെ മികച്ച രാഷ്ട്രമായത്  ഗോത്രചിന്തകളെ നിരുത്സാഹപ്പെടുത്തി, ഗോത്രാന്തരപ്രണയങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോൾ കൂടിയാണ്. സൂര്യനസ്തമിക്കാതിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം ലോകസമാധാനത്തെ സൂര്യനസ്തമിക്കാത്ത കലഹത്തിൻ്റെ അതിരുകളിൽ ജീവപര്യന്തത്തിനു വിധിച്ചിട്ടു പോയതാണ്. അതു തിരിച്ചറിഞ്ഞ്, ബോധത്തിലേക്കുയർന്ന് എന്നു ലോകം പരിഹാരം കണ്ടെത്തും എന്നതാണ് ചോദ്യം. പരിഹാരം സ്നേഹമാണ്, സൌഹൃദവും പ്രണയവും. എന്തുകൊണ്ടാവും മനുഷ്യനെ ഗോത്രങ്ങളായും ജാതികളായും മതങ്ങളായും നിയന്ത്രിച്ചു നിർത്തണമെന്ന് ആഗ്രഹമുള്ളവർ ഗോത്രാന്തര - ജാത്യാന്തര -മതാന്തര പരാഗണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത്? സദാചാരക്കൊല പ്രണയത്തിന്  പരിഹാരമാക്കുന്നത്?

 ഗോത്രീയതയിൽ നിന്നും ലോകം ആഗോളീതയിലേക്ക് വന്നാൽ അവസാനിക്കുന്നതാണ് അവരുടെ ഉപജീവനമാർഗം. രണ്ടു മതവിശ്വാസികൾ ഒന്നിച്ചു ജീവിക്കുമ്പോൾ സ്വാഭാവികമായും അതിലുണ്ടാവുന്ന മക്കൾ ആദ്യം പഠിക്കുന്ന പാഠം, മതം നിരർത്ഥകമാണെന്നാവും. രണ്ടു മതങ്ങളെയും കൊള്ളുന്നതിലും എളുപ്പം രണ്ടിനെയും തള്ളലാണെന്നും. പഴയ സാമ്രാജ്യത്വത്തിൻ്റെ ഭിന്നിപ്പിച്ചു ഭരിച്ച അതേ തന്ത്രമാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത് - ഭിന്നിപ്പിച്ചു കീഴടക്കുക. ബഹിരാകാശ ശാസ്ത്രത്തിൽ ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയവർ കെട്ടുന്ന പെണ്ണിൻ്റെ ജാതകവും നക്ഷത്രപ്പൊരുത്തം നോക്കാൻ കണിയാനെ കാണുന്ന നവോത്ഥാനമാണ് നമ്മുടേത്. ലക്ഷ്യം ജാതിമാഹാത്മ്യം നിലനിർത്തുക മാത്രമാണ്. സ്വന്തം ഗ്രന്ഥം മാത്രം വിശുദ്ധമാവുന്ന, സ്വർഗം തങ്ങൾക്കുമാത്രം അവകാശപ്പെട്ട മതങ്ങളുടെ ഒരു നാൽക്കവലയാണ് ഇസ്രയേൽ, സ്വാഭാവികമായും വിശ്വാസങ്ങളുടെ കൂട്ടിയിടിസാധ്യത ഏറെയുള്ളിടം. പ്രണയത്തിൻ്റെ കടമകൾ രാഷ്ട്രീയത്തിൻ്റെ, വിശ്വാസത്തിൻ്റെയും കടമകളിൽ നിന്ന് വ്യത്യസ്തമാണ്. ‘റീത്തയ്ക്കും എൻ്റെ കണ്ണുകൾക്കും ഇടയിൽ ഒരു റൈഫിൾഎന്നതിൽ പ്രണയ ലോകത്തിൻ്റെ സാധ്യതയെ വെടിവെച്ചിട്ടേക്കാവുന്ന മതവും രാഷ്ട്രീയവുമുണ്ട്ഒരു കുരുവി അതിൻ്റെ അരുവിയെ ഓർക്കുന്നതുപോലെ ഞാൻ റീത്തയെ ഓർക്കുന്നു എന്നിടത്ത്, മനുഷ്യവംശത്തിൻ്റെ വികാസത്തിന് വളമായ സഹജമായ സ്നേഹവും പ്രണയവുമുണ്ട്

 റീത്തയ്ക്കും എൻ്റെ  കണ്ണുകൾക്കുമിടയിലായി

ഒരു റൈഫിൾ ഉണ്ട്..

റീത്തയെ അറിയാവുന്നവർ

മുട്ടുകുത്തുന്നു,

അവളുടെ തേനഴകുള്ള മിഴികളിലെ

ദൈവികതയോട് പ്രാർത്ഥിക്കുന്നു..

റീത്തയെ ഞാൻ ചുംബിച്ചിരുന്നു, ചെറുപ്പത്തിൽ,

അവൾ വന്നണഞ്ഞത് ഞാനോർക്കുന്നു

അവളുടെ മുറ്റും മുടിയഴകിനെ

എൻ്റെ കൈകൾ പൊതിഞ്ഞതും..

റീത്തയെ ഞാനോർക്കുന്നു...

ഒരു കുരുവി അരുവിയെ ഓർക്കുന്നതുപോൽ ..

ആഹ്..  റീത്ത

ദശലക്ഷം പറവകളും ചിത്രങ്ങളുമുണ്ട് ഞങ്ങൾക്കിടയിൽ

എണ്ണിയാലൊടുങ്ങാത്ത സമാഗമങ്ങളും..

വെടിയുതിർന്നത് ഒരു റൈഫിളിൽ നിന്നുമാണ്..

റീത്തയുടെ  നാമം 

എൻ്റെ വായിലൊരു വിരുന്നായി..

റീത്തയുടെ ദേഹം

എൻ്റെ ചോരയിലൊരു സംയോഗമായി.

റീത്തയിൽ ഞാൻ അലിഞ്ഞതു  രണ്ടുവർഷം...

അവൾ എൻ്റ കൈയിൽ ഉറങ്ങിയതും രണ്ടുവർഷം

മനോഹരമായ ചഷകത്തിനു പുറത്തായിരുന്നു

വാഗ്ദാനങ്ങളുടെ പെരുമഴ പെയ്യിച്ചത്..

പുനർജനിക്കപ്പെടുവാനായി

ഞങ്ങൾ എരിഞ്ഞത്

ഞങ്ങളുടെ ചുണ്ടുകൾ വാറ്റിയ വീഞ്ഞിലായിരുന്നു..

ആഹ്....റീത്ത..

തോക്കിനു മുൻപേ..

എന്താവാം എന്മിഴികളെ

നിൻ  മിഴികളിൽ നിന്നും  അകറ്റി നിർത്തിയത്?

രണ്ട് ചെറുമയക്കങ്ങളൊഴികെ

തേൻനിറമാർന്ന മേഘങ്ങളൊഴികെ..

പണ്ടെന്നോ ഒരിക്കൽ

ആഹ്... സായാഹ്നത്തിൻ്റെ  മൌനം..

അതിരാവിലെയെൻ നിലാവ് കുടിയേറിയത് അകലേക്ക്

തേനഴകുള്ള കണ്ണിണകളുടെ ദിശയിലേക്ക്..

നഗരം ഗായകരെയെല്ലാം തുടച്ചുനീക്കി

ഒപ്പം റീത്തയെയും..

റീത്തയ്ക്കും എൻ്റെ കണ്ണുകൾക്കുമിടയിലുണ്ട്

ഒരു റൈഫിൾ..

യഹൂദരും അറബികളും അബ്രഹാമിൻ്റെ മക്കൾ എന്നു ജനിറ്റിക്സ്

ശാസ്ത്രത്തിൻ്റെ പുതിയ പഠനപ്രകാരം പലസ്തീനികൾ, സിറിയക്കാർ, ലെബനീസ് എന്നിവരുടെ ജനിതക സഹോദരന്മാരാണ് യഹൂദർആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഒരു പൊതു ജനിതക വംശാവലിടയുടെ തുടർച്ചയാണെല്ലാവരും. പുതിയ ലോകത്ത് ഒരു തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉയരണമെന്നു നിർബന്ധമില്ലെങ്കിലും അത് ഒരായിരം കൊല്ലത്തെ ചരിത്രം പറഞ്ഞേക്കാം, ജീൻ സഞ്ചരിച്ചെത്തിയ ലോകത്തെ അനാവരണം ചെയ്തേക്കാം. ശാഖകൾ തളിർത്തത് ഏതേത് ഭൂഖണ്ഡത്തിലെ മാതാ-പിതാമഹരുടെ വേരുകളിൽ നിന്നാണെന്ന് ആധുനിക ശാസ്ത്രം പറയുംഭാവിയിൽ അതു വന്നാൽ അതിനെയും അതിജീവിക്കാമെന്നു കരുതിയ തലയാണ് ഇവിടെ ചാതുർവർണ്യം മയാ സൃഷ്ട എന്നെഴുതി വച്ചത്, അതായത് നാലു ജാതികളെയും സൃഷ്ടിച്ചത് ഈശ്വരനാണ്, അതായത് ദൈവവിധി മാറുക സാധ്യമല്ല എന്ന തരത്തിലാണ് വ്യാഖ്യാനം. ഹിന്ദുമതം മറ്റു മതങ്ങളെപ്പോലെ സംഘടിതമായി മതം മാറ്റാത്തത് അതുകൊണ്ടാണ്, ജാതി കൊടുക്കാൻ കഴിയില്ല. ഒന്നു സൂക്ഷിച്ചു നോക്കിയാൽ  ഇന്ത്യയിലെ ജാതീയതയുടെ നാലയലത്തു വരാത്ത ഒന്നാണ് പലസ്തീൻ-ജൂത വിഭജനം.

 ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ജനതയായാണ് പലയിടത്തും ജൂതരെ വിശേഷിപ്പിക്കുന്നത്. സത്യമാവാം, കാരണം ശൂന്യതയിൽ നിന്നെന്നോണം അവർ സൃഷ്ടിച്ചെടുത്ത ഒരു ലോകം, സമൂഹംഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള കരുത്ത്, അവരുണ്ടാക്കിയ വികസനം, ശാസ്ത്ര-സാങ്കേതിക-കാർഷിക-സാമ്പത്തിക രംഗങ്ങളിൽ അവരുടെ ഉയർച്ചയും വളർച്ചയും എല്ലാം അതിനുള്ള തെളിവുകളുമാണ്. അതു പക്ഷേ ജീനുകളുടെ മഹത്വമാണെങ്കിൽ, തീർച്ചയായും അതേ ജീനുള്ള പലസ്തീൻ ജനതയിലും ഉണ്ടാവണം. അപ്പോൾ അവർക്കും അതേ ബുദ്ധിയും കഴിവും ഉണ്ടാവണ്ടേ? ബുദ്ധി ഇല്ലാത്തതല്ല, ബോധം വികസിക്കാത്തതാണ് പ്രധാന കാരണം. ഇസ്രയേൽ റൈഫിളുമായി നേരിടുമ്പോൾ, പലസ്തീൻ കല്ലുമായി പ്രതിരോധിക്കുന്നുണ്ട്.   ഒരേ അമ്മയുടെ നഷ്ടപ്പെട്ടുപോയ രണ്ടു മക്കൾ രണ്ടു സാഹചര്യങ്ങളിൽ വളർന്നാൽ എന്തായിത്തീരുമെന്ന് അറിയാൻ ശാസ്ത്രം മനസ്സിലാവാത്തവർ  പറയിപെറ്റ പന്തിരുകുലം കഥ വായിച്ചാലും മതി. ജീൻ തന്നെയാവും എഞ്ചിൻ, പക്ഷേ സ്റ്റിയറിംഗ് സദാ സാഹചര്യമാവും.   നോബൽ ഇതുവരെ കിട്ടിയത് ആകെ 900 വ്യക്തികൾക്കും സംഘടനകൾക്കുമാണ്. അതിൽ ഏതാണ്ട് 213 എണ്ണം ലോകം മുഴുവനായി ചിതറിപ്പോയ യഹൂദവംശജരായവർക്ക് ലഭിച്ചെന്നാണ് കണക്ക്. ഹിന്ദുവംശജരായവർക്ക്  ഇന്നുവരെയായി ലഭിച്ചത് 9 നോബൽ സമ്മാനമെന്നും. അത് അവരുടെ മുന്നേറ്റത്തിൻ്റെ, ഗവേഷണത്തിൻ്റെ, സ്വയം അപ്ഗ്രേഡ് ചെയ്യുന്നതിൻ്റെ ഒരു അളവുകോൽ തന്നെയാണ്. ഇവിടെയാണ് ജീനും സാഹചര്യവും പ്രധാനമാവുന്നത്. ഒരു സമൂഹം കല്ലെറിയുന്നതിന് അപ്പുറത്തേക്ക് വളരരുതെന്ന് ആർക്കാണ് നിർബന്ധം?

കേരളത്തിൻ്റെ പ്രത്യേക ജൂതവിരോധം അഥവാ പലസ്തീൻ സ്നേഹം രസകരമാണ്. സെക്യുലറിസത്തിൻ്റെ ജീനാണ് എന്നു പറയുമെങ്കിലും മുന്നോട്ടു നയിക്കുന്ന എഞ്ചിൻ രാഷ്ട്രീയസാഹചര്യമാണ് - വോട്ട്. ഇന്ത്യയിലും കേരളത്തിലും തന്നെ ഏറെക്കാലം കാലം ജീവിച്ച ജൂതർ വല്ല ഭീകരരപ്രവർത്തനവും നടത്തിയിരുന്നോ? E=MC2 ജൂതനായ ഐൻസ്റ്റീൻ്റെതായതുകൊണ്ട്, കാൾമാർക്സ് ജൂതനായതുകൊണ്ട് ലോകം അവരെയൊക്കെയങ്ങ് തള്ളിപ്പറഞ്ഞോ? ലോകത്തെ ഇന്നേറ്റവും സ്വാധീനിക്കുന്ന, ഭൂമിശാസ്ത്ര-രാഷ്ട്രീയ-മത-ജാതി വിഭജനങ്ങൾക്ക് അതീതമായി ലോകത്തൊരു പുതിയ മാധ്യമമായി വന്ന എഫ് ബി ജൂതൻ്റേതാണ് എന്നു പറഞ്ഞ് നമ്മൾ തള്ളിയോജീവനോടെ ഒരു യഹൂദനെ ജീവിതത്തിൽ തന്നെ കാണാത്തവർക്ക്  അവരെങ്ങിനെയാണ് ശത്രുക്കളാവുന്നത്? അതാണ് വിശ്വാസം സൃഷ്ടിച്ചെടുക്കുന്ന സംസ്കാര നിർമ്മിതി. ഹമാസിൻ്റെ ഭീകരതയിൽ പ്രതിഷേധിച്ച് പലപ്പോഴായി തെരുവിലിറങ്ങി പ്രതിഷേധിച്ചവരിൽ ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരുണ്ടായിരുന്നു, ഏറെപേർ തീവ്ര ഇടത് ഐക്യമായ ഹദാഷും.

കവിത പ്രതിരോധമാണെങ്കിൽ അതായുധമാക്കിയ പോരാളിയാണ് മഹമൂദ് ദാർവിഷ്, പലസ്തീനിനെ ലോകത്ത് പ്രതിരോധത്തിൻ്റെ രൂപകം തന്നെയാക്കിയ കവി.   പ്രതീക്ഷകളില്ലെങ്കിൽ നഷ്ടമാവുന്നതാണ് ജീവിതം, ലോകവും. കവിത പ്രതീക്ഷയാണ്, കവികൾക്ക്  പ്രവാചകസ്ഥാനം അതുകൊണ്ടാണ്. കവിതയും സംഗീതവും നിരോധിക്കപ്പെടുന്നത് പ്രതീക്ഷകൾ ഉണ്ടാവരുത് എന്നതുകൊണ്ടു കൂടിയാണ്. പ്രതികാരത്തിന് അതീതമായി മനുഷ്യജീവനെ കാണുന്ന ഒരു ലോകം, സാഹോദര്യം സാധ്യമാവുന്ന കാലത്തു മാത്രമാണ് ശാശ്വത ലോക സമാധാനമുണ്ടാവുക. കൊല്ലപ്പെടുന്നത് ആരെന്നു നോക്കി വാതുറക്കാതെ, സമാധാനത്തിനായി നിലകൊള്ളുന്നതാണ് മാനവികത.  

തിരിച്ചറിയൽ കാർഡ്

യാഥാർത്ഥ്യ ജീവിതലോകത്തിൻ്റെ പാരുഷ്യത്തെ മറികടന്ന് മുറിപ്പാടുകളിലെ നീറ്റലിന് ഒരു ശമനമേകാൻമനുഷ്യനിൽ  ഒരു പുഞ്ചിരി പകരുവാനുമാണ് തനിക്ക്  ആക്ഷേപഹാസ്യം എന്ന് നിരീക്ഷിച്ചിട്ടുണ്ട് മഹമൂദ് ദാർവിഷ് നിരീക്ഷണം അത്രയും വെളിവാക്കുന്നതാണ് ഐഡൻ്റിറ്റി കാർഡ് എന്ന ദാർവിഷ് കവിത. ഇംഗ്ലീഷിൽ നിന്നുള്ള മൊഴിമാറ്റമാണ്.

കുട്ടികൾ എനിക്കെട്ട്

ഒൻപതാമത്തേത് വേനലിനുശേഷം

നിങ്ങൾക്കെന്നോടു രോഷമുണ്ടോ?”

എന്ന ചോദ്യത്തിൽ ആക്ഷേഹാസ്യം അത്രയും വന്നു നിറയുന്നുണ്ട്, പരിഹാസവും. കുട്ടികളടക്കം കൊല്ലപ്പെടുന്ന ഭീകരമായ രാഷ്ട്രീയ അവസ്ഥയോടുള്ള അമർഷമുണ്ട്, പെണ്ണിനെ കുഞ്ഞിനെ വിളയിക്കുവാനുള്ള മണ്ണുമാത്രമായി കാണുന്ന ബോധത്തോടുള്ള പരിഹാസവുമുണ്ട്.

എഴുതുക!

ഞാനൊരു അറബി

തിരിച്ചറിയൽ കാർഡ് നമ്പർ 50000

കുട്ടികൾ എനിക്കെട്ട്

ഒൻപതാമത്തേത് വേനലിനുശേഷം

നിങ്ങൾക്കെന്നോടു രോഷമുണ്ടോ?

എഴുതുക!

ഞാനൊരു അറബി

സഹജീവികളൊപ്പമൊരു ക്വാറിയിൽ വിയർക്കുന്നവൻ

കുട്ടികൾ എനിക്കെട്ട്

വാങ്ങണമെനിക്കപ്പം

വസ്ത്രങ്ങളും പുസ്തകങ്ങളും

അവർക്കായ്, പാറകളിൽ നിന്ന് ..

നിങ്ങളുടെ വാതിലിൽ യാചിക്കുന്നില്ല ഞാൻ

നിങ്ങളുടെ ചേമ്പറിൻ പടിക്കെട്ടുകളിൽ

വീണു ഞാനെന്നെ കൊച്ചാക്കുന്നില്ല

അപ്പോൾ നിങ്ങളെന്നോട് കോപിക്കുമോ?

എഴുതുക!

ഞാനൊരു അറബി

ശീർഷകമില്ലാത്തൊരു പേരുകാരൻ

ശാന്തനായൊരുവൻ

കോപതാപങ്ങളിൽ നീറുന്ന ജനതയുടെ

അശാന്തിയുടെ ദേശത്ത്

കാലം പിറവിയെടുക്കും മുമ്പേ

ഉറഞ്ഞുപോയതാണെൻ വേരുകളിവിടെ

യുഗങ്ങൾക്കപ്പുറത്ത്

പൈനിനു മുന്നേ, ഒലിവിനു മുന്നേ

പുല്ലുകൾ മുളക്കുന്നതിനും മുന്നേ

എൻ്റെ പിതാവ്

കലപ്പയുടെ കുലമിറങ്ങിവന്നു

അനുകൂല വിഭാഗത്തിൽ നിന്നല്ല.

എൻ്റെ മുത്തച്ഛനൊരു കർഷകൻ

കുലമഹിമയില്ല, കുലീനതയില്ല

അക്ഷരമെനിക്കോതിയതിൻ മുന്നേ

സൂര്യൻ്റെ പെരുമയോതിത്തന്നവൻ.

കമ്പുകളാൽ, ചൂരലുകളാൽ മേഞ്ഞെൻ

വീടൊരു കാവൽക്കാരൻ്റെ കുടിലുപോൽ

എൻ്റെ പദവിയിൽ താങ്കൾ തൃപ്തനാണോ?

ശീർഷകമില്ലാത്തൊരു പേരുണ്ടെനിക്ക്

എഴുതുക!

ഞാനൊരു അറബി

എൻ്റെ പൂർവ്വികരുടെ തോട്ടങ്ങളൊക്കെയും കട്ടെടുത്തു

എൻ്റെ കൃഷിയിടവും നിങ്ങൾ കട്ടെടുത്തു

ഒപ്പമെൻ്റെ മക്കളെയും നിങ്ങളെടുത്തു

ബാക്കിവെച്ചില്ലയൊന്നുമേ ഞങ്ങൾക്കായ്

തരിശുവിളയുമീ പാറകളല്ലാതെ.

അപ്പോൾ പറഞ്ഞതുപോലെ

അതുമങ്ങെടുക്കുമോ ഭരണകൂടം?!

അതുകൊണ്ട്

ആദ്യ പേജിനു മുകളിൽ എഴുതുക

ഞാൻ ജനതയെ വെറുക്കുന്നില്ല

ഞാൻ അതിക്രമിച്ച് കടക്കുന്നില്ല

എനിക്ക് പക്ഷേ വിശക്കുന്നുവെങ്കിൽ

കയ്യേറ്റക്കാരൻ്റെ മാംസമെനിക്ക് ഭക്ഷണമാവും

കരുതിയിരിക്കുക

കരുതിയിരിക്കുക

എൻ്റെ വിശപ്പിനെ

എൻ്റെ രോഷത്തെ..

ഐക്യപ്പെടേണ്ടത് പലസ്തീൻ ജനതയോടാണ്

ഹമാസ് ഒരു മതഭീകര സംഘടനയാണ്. പലസ്തീൻ ജനതയോടാണ് ഐക്യപ്പെടേണ്ടത്, ഹമാസിൻ്റെ തെമ്മാടിത്തത്തോടല്ല. ഹമാസ് നടത്തിയ  ഭീകരാക്രമണത്തെ എന്തിൻ്റെ പേരിലായാലും ന്യായീകരിക്കുന്നവർ യസീദി പെൺകുട്ടികളോട്  ഐഎസ് ഭീകരർ ചെയ്ത കൊടുംക്രൂരതയെ, താലിബാൻ്റെ കൈയ്യിൽ നിന്നും അഫ്ഗാൻ സ്ത്രീകൾ അനുഭവിക്കുന്നതിനെ തന്നെയാണ്നമ്മൾ കണ്ട കൈവെട്ടു രാഷ്ട്രീയത്തെ തന്നെയാണ്  ന്യായീകരിക്കുന്നത്ഹമാസ് എന്തുകൊണ്ട് ഇസ്രയേലി പെൺകുട്ടികളോട് ഐഎസ് യസീദികളോട് ചെയ്തത് ചെയ്യുന്നില്ലെന്നു ചോദിച്ചാൽ ഇസ്രയേൽ ചുട്ടുകളയുമെന്ന ഭയം കൊണ്ടുമാത്രമാണ്. ലോകം സഹവർത്തിത്വത്തിൻ്റെതാണ്. ഒരു പെൺകുട്ടിയെ വിവസ്ത്രയാക്കി ട്രക്കിലിട്ട് ആട്ടിയും തുപ്പിയും ചവുട്ടിയും നഗരപ്രദക്ഷിണം നടത്തിയ തെമ്മാടിത്തത്തിന് ഹമാസ് സൈനിക കമാൻഡർ മുഹമ്മദ് ഡീഫ് നല്കിയ പേരാണ് ഓപ്പറേഷൻ അൽ-അഖ്സ സ്റ്റോം. ഇസ്രയേലിലെ 22 കേന്ദ്രങ്ങളിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിലെ ഒരൈറ്റം കിട്ടിയ പെൺകുട്ടികളെയും റാഞ്ചി പോവലായിരുന്നു. ഏറ്റവും വിശുദ്ധമായി ഇസ്ലാം കരുതുന്ന ജറുസലേമിലെ ആരാധനാലയങ്ങളുടെ മതകാര്യ നിർമ്മിതികളുടെ സമുച്ചയമാണ് അൽ-അഖ്സ എന്നോർക്കണം! അങ്ങ് ജർമ്മനിയിൽ നിന്നും ഇസ്രയേലിലെ സംഗീത വിരുന്ന് ആസ്വദിക്കാനെത്തിയ പെൺകുട്ടിക്ക് അങ്ങിനെയൊരു പൈശാചികമായ അവസാനം അനുഭവിക്കേണ്ടിവന്നത് പേരിലായിരുന്നു. മറ്റൊരു പെൺകുട്ടിയെ, അവളുടെ കാമുകനെ കൊല്ലാക്കൊലചെയ്ത് അവളെ വലിച്ച് ബൈക്കിലിട്ട് പോയകാഴ്ചയും ലോകം കണ്ടു. മതഭീകരത ലോകത്തെല്ലാം ആസ്വദിച്ചത് സ്ത്രീവിരുദ്ധതയുടെ പരമാവധിയാണ്. ഇനി അങ്ങിനെയൊരു ബൈക്കും ട്രക്കും നഗരപ്രദക്ഷിണവും സമീപഭാവിയിലൊന്നും ഗാസയിൽ സാധ്യമാവാത്തവിധം കല്ലിൻമേൽ കല്ല് അവശേഷിക്കാതെ ഗാസയെ നിരത്തുകയാണ് കരയുദ്ധത്തിലൂടെ ഇസ്രയേൽ സൈനികനടപടി എന്നു വ്യക്തവുമാണ്. ഭീകരസംഘടനകളെ ന്യായീകരിക്കുന്നവർ അതു കണ്ണു തുറന്ന് കാണേണ്ടതാണ്. എല്ലാറ്റിൻ്റെയും ഫലമനുഭവിക്കുന്നത് മനസമാധാനത്തോടെ ലോകത്ത് ജീവിക്കാൻ മാത്രം ആഗ്രഹിക്കുന്ന ഭൂരിപക്ഷമാണ്. അൽജസീറയുടെ തന്നെ ഭാഷയിൽ മുൻപില്ലാത്തവിധത്തിലുള്ള ആക്രമണത്തിൽഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകളും ഭീകരരെയും അയച്ച് നാല് ദിവസത്തിന് ശേഷം ഇസ്രായേൽ സൈന്യം ഗാസ മുനമ്പിൽ ബോംബാക്രമണം തുടരുമ്പോൾ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു എന്നാണ്. അപ്പോൾ ആരാണ് അവസ്ഥയ്ക്ക് ഉത്തരവാദികൾ?

ഭാവിയിലേക്കു നോക്കാനായി ചരിത്രം ചിള്ളൽ ഒരർത്ഥത്തിൽ ഉള്ളി തോലുപൊളിച്ചു വിത്തെടുക്കലാണ്. ഇസ്രയേലിനെ അംഗീകരിക്കാൻ പ്രമുഖ അറബ് രാജ്യങ്ങൾ തയ്യാറായത് അതുകൊണ്ടാണ്. നാലണ രാഷ്ട്രീയമല്ല നയതന്ത്രമെന്ന തിരിച്ചറിവ്മധ്യേഷ്യയെ വെടിയും വിലാപവും ഒഴിയാത്ത വിധത്തിലാക്കിയ ബ്രിട്ടൻ സൂര്യനസ്തമിക്കാത്ത നാടായിരുന്നു, കട്ടുകൂട്ടിയതുകൊണ്ടുമാത്രം  ഇന്നു കഞ്ഞികുടിച്ചു കഴിയുന്നവർ. ലോകചരിത്രം അങ്ങിനെയൊക്കയാണ്. രാഷ്ട്രങ്ങളുടെ അതിരുകൾ പലകാലങ്ങളായി മാറ്റിവരയക്കപ്പെട്ടിട്ടുണ്ട്, രാഷ്ട്രങ്ങൾ ഇല്ലാതായിട്ടുണ്ട്, പലതായി പിരിഞ്ഞിട്ടുണ്ട്. അതൊക്കെയും പൂർവ്വസ്ഥിതി പ്രാപിക്കുക നികന്ന വയലുകൾ പൂർവ്വസ്ഥിതിയിൽ ആക്കാനുള്ള സർക്കാർ ഉത്തരവു പോലെയാണ്. വയൽ നികന്ന മണ്ണ് കോരി എവിടെ നിക്ഷേപിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത ഉത്തരവുകൾ പോലെ. വേണ്ടത് ഒരുതരി മണ്ണ് വയലിൽ വീഴാതിരിക്കാനുള്ള ബോധമാണ്, നിയമസംവിധാനമാണ്. ഭൂതകാലത്തെ അറിയാത്ത ജനത വേരുറപ്പില്ലാത്ത വൃക്ഷമാണെങ്കിൽ ഭൂതകാലത്തെ മാത്രമറിയുന്ന ജനത  തലയില്ലാത്ത വൃക്ഷവുമാണ്. പ്രകാശമാണ് മുന്നോട്ടു നയിക്കുക. ലോകം മുന്നോട്ടാണ് പോവുക, പോവുമ്പോൾ അതു ചരിത്രത്തിൽ നിന്നും ചിലതെടുക്കും, പലതും കളയും. ആധുനിക ലോകത്ത് മാന്തൽ പരിഹാരമല്ല, അതു മാന്തിപ്പുണ്ണാക്കുന്നതിലേക്കേ നയിക്കൂ.

ഹിറ്റ്ലർ പ്രോപഗാണ്ടയിലൂടെ ജൂതസമൂഹത്തെ ഭൂമുഖത്തു നിന്നും തുടച്ചുമാറ്റാൻ നടത്തിയ രീതിയെ കടത്തിവെട്ടുന്നതാണ് മതഭീകരതയുടെ പലസ്തീൻ ശൈലിപാഠ്യപദ്ധതികളുടെ ഭാഗമായി  പൊതുജനങ്ങളിൽ വലിയൊരു വിഭാഗം ജൂതന്മാരെ മനുഷ്യരായി കാണുന്നത് പണ്ടേ നിർത്തി എന്നാണ് ലോകപ്രസിദ്ധമായ ടൈംസ് മാഗസിൻ പറയുന്നത്. സ്കൂൾ കുട്ടികളെ ഇസ്രായേലിനെ വെറുക്കാൻ പഠിപ്പിക്കുന്നു, ഔദ്യോഗിക പാഠ്യപദ്ധതിയുടെ ഭാഗമായി ജൂതന്മാരെ പൈശാചികവൽക്കരിക്കുന്നു, വേനൽക്കാല ക്യാമ്പുകളിൽ കല്ലെറിയാനും  ഓട്ടോമാറ്റിക് ആയുധങ്ങൾ കൊണ്ടു വെടിവയ്ക്കാനും ഇസ്രായേലികളെ തട്ടിക്കൊണ്ടുപോകാനുമാണ് പഠിക്കുന്നത്. അവസാനം ഹമാസ് കിട്ടിയ വഴിയിൽ നടത്തിയ കൂട്ടക്കൊല സിലബസിലെ പരീക്ഷയായിരുന്നു. സിലബസ് ശരിയായ ഉത്തമവിശ്വാസത്തിലാണ് ഹമാസ് അതാഘോഷിച്ചത്, ബാക്കി ഭീകരർ സന്തോഷിച്ചതും. ഒരു സംഗീതനിശയിലെ നൂറുകണക്കിന് നിരായുധരായ കൗമാരക്കാരെ, യുവജനങ്ങളെയും വെടിവെച്ച് കൊല്ലുന്നതിനെ ന്യായീകരിക്കുന്നത്, വീടുകൾ കയറി ആളുകളെ പോയിൻ്റ് ബ്ലാങ്കിൽ തീർക്കുന്നത്, മക്കളുടെ മുന്നിൽ വെച്ച് അവശരായ, പ്രായമായവരെ അകത്തിട്ട് തീയിടുന്നത്, വാക്കുകൾ കൂട്ടിച്ചേർക്കാനറിയാത്ത കിടാങ്ങളെ പോലും  തട്ടിക്കൊണ്ടുപോകുന്നത്, പെൺകുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നത്  മുഖത്ത് ചവുട്ടിയും തുപ്പിയും ശവശരീരങ്ങളെ  അപമാനിക്കുന്നതും എങ്ങിനെയാണ് ആധുനികസമൂഹം ന്യായീകരിക്കുന്നത്?   ഇതൊക്കെയും ചരിത്രത്തിൽ മുന്നേയും നടന്നതാണ്. നൂറ്റാണ്ടുകളായി, വെളുത്തവർ കറുത്തവരെ മനുഷ്യരായി കാണാത്ത ചരിത്രമുണ്ട്.   ഒരു ഭൂഖണ്ഡത്തിലെ ജനങ്ങളെ മുഴുവൻ അടിമകളാക്കിയ യൂറോപ്യന്മാരും അമേരിക്കൻ അടിമക്കച്ചവടക്കാരും മുതൽ, റുവാണ്ടയിലും കംബോഡിയയിലും, നാസി ജർമ്മനിയിലും വംശഹത്യകൾ വരെ ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിൽ നിന്നും അടിമകളായി പോയവരാണ് തെക്കേ അമേരിക്കയിലെ സുറിനാമിലെ നാലിലൊന്നു വരുന്ന ജനതഇന്നവർ അടിമകളല്ല, അവിടുത്തെ സ്വാധീന ശക്തിയായ ജനതയാണ്. ലോകത്തെവിടെയും  കാലം മാറിയപ്പോൾ ബോധം വന്നിട്ടുണ്ട്. മാനവികതയുടെ പ്രയാണം മുന്നോട്ടുതന്നെയായിരുന്നു, ആവണം ദാർവിഷ് പാടിയതുപോലെ  ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരാവരുത് നമ്മൾ.

ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരേ

നിങ്ങളുടെ പേരുകളും ഒപ്പമെടുത്ത് പോവുക

നിങ്ങളുടെ സമയത്തിൽ  നിന്നും ഞങ്ങളുടെ കാലത്തെ വിട്ടേച്ചു  പോവുക..

കടലിൻ്റെ നീലിമയിൽ നിന്നും ഓർമ്മയുടെ മണലിൽ നിന്നും കിട്ടാവുന്നത് മോഷ്ടിക്കുക.

മനസ്സിലാവുകയില്ലെങ്കിലും

വേണമെന്നു തോന്നുന്ന ചിത്രങ്ങളെടുക്കുക,

ഭൂമിയിൽ നിന്നുള്ള ഒരു കല്ല് എങ്ങനെയാണ് ഞങ്ങളുടെ ആകാശത്തിൻ്റെ മേൽക്കൂരയാവുന്നത്..

അതൊരിക്കലും നിങ്ങൾക്കു മനസ്സിലാവുകയില്ല..

 

ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരേ

നിങ്ങളിൽ നിന്ന് വാൾ-ഞങ്ങളിൽ നിന്ന് രക്തം

നിങ്ങളിൽ നിന്ന് ടാങ്കും വെടിയുണ്ടകളും  - ഞങ്ങളിൽ നിന്ന് മാംസം

നിങ്ങളിൽ നിന്ന് മറ്റൊരു ടാങ്ക് - ഞങ്ങളിൽ നിന്ന് കല്ലുകൾ

നിങ്ങളിൽ നിന്ന് കണ്ണീർ വാതകം - ഞങ്ങളിൽ നിന്ന് മഴ

ഞങ്ങൾക്ക് മുകളിൽ, നിങ്ങൾക്ക് മുകളിലുള്ളതുപോലെ, ആകാശവും വായുവുമാണ്

അതിനാൽ ഞങ്ങളുടെ രക്തത്തിൽ നിങ്ങളുടെ പങ്ക് എടുത്ത് പോവുക..

ഒരു പാർട്ടിക്ക് പോയി നൃത്തമാടുക.. എന്നാൽ പോവുക

ഞങ്ങൾക്ക് മരിച്ചുപോയവരുടെ പൂക്കളെ  നനയ്ക്കണം..

ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ ജീവിക്കണം.

 

ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരേ

അസഹ്യമായ പൊടിപടലം പോലെ, എങ്ങോട്ടെങ്കിലും പോവുക,

പക്ഷേ, വെട്ടുക്കിളികളെപ്പോലെ ഞങ്ങൾക്കിടയിൽ കടന്നുപോകരുത്

എന്തെന്നാൽ, ഞങ്ങളുടെ മണ്ണിൽ ഞങ്ങൾക്ക് പണിയുണ്ട്, :

വളരാൻ ഞങ്ങൾക്കു ഗോതമ്പുണ്ട്, അതിനു നനയാൻ വിയർപ്പുണ്ട്

നിങ്ങൾക്ക് ഇഷ്ടപ്പെടാത്തത് പലതുമിവിടെയുണ്ട്:

പാറകളുണ്ടാവാം പറവകളുണ്ടാവാം

നിങ്ങൾക്ക് വേണമെങ്കിൽ ഭൂതകാലത്തെ വഹിച്ചുപോവുക

പുരാവസ്തുക്കളുടെ വിപണിയിലേക്ക് കൊണ്ടുപോകുക..

ഇനിയങ്ങിനെ തോന്നുന്നുവെങ്കിൽ മാത്രം

ഒരു കളിമൺ താലത്തിൽ അസ്ഥികൾ പുഴുകൊത്തി പക്ഷിക്കു  തിരിച്ചുകൊടുത്തേക്കുക..

ഞങ്ങളുടെ പക്കലുള്ളത് നിങ്ങളെ സുഖിപ്പിക്കുന്നതല്ല: ഭാവി ഞങ്ങളുടെ കയ്യിലാണ്

ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്ക് പണിയേറെയുണ്ട്

 

ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരേ

നിങ്ങളുടെ മിഥ്യാബോധങ്ങൾ  ഉപേക്ഷിക്കപ്പെട്ട കുഴിയിലേക്ക് വലിച്ചെറിഞ്ഞ് പോവുക..

സ്വർണ്ണകാളക്കുട്ടിയുടെ ശാസനകളിലേക്ക് കാലത്തിൻ്റെ കരങ്ങൾ തിരിച്ചുനല്കിയേക്കുക

അല്ലെങ്കിൽ വെടിനാദത്തിൻ്റെ സംഗീതത്തിലേക്ക്!

ഞങ്ങളുടെ പക്കലുള്ളത് നിങ്ങളെ സുഖിപ്പിക്കുന്നതല്ല..അതിനാൽ പോവുക

നിങ്ങൾക്ക് ഇല്ലാത്തത് ഞങ്ങളുടെ പക്കലുണ്ട്: ചോരയൊലിക്കുന്ന ഒരു ജനതയുടെ ചോരകിനിയുന്ന മാതൃഭൂമി

വിസ്മൃതിയിലേക്കോ സ്മരണകളിലേക്കോ

യാത്രയാവാനിരിക്കുന്ന ഒരു  ജന്മനാട്..

ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരേ

നിങ്ങൾക്ക് പോകാനുള്ള സമയമാണിത്..

നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് ജീവിക്കുക, പക്ഷേ ഞങ്ങളുടെ ഇടയിൽ കഴിയരുത്

നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് മരിക്കുക, പക്ഷേ ഞങ്ങൾക്കിടയിൽ മരിക്കരുത്

ഞങ്ങളുടെ ഭൂമിയിൽ ഞങ്ങൾക്ക് പണിയേറെയുണ്ട്

 

ഇവിടെ ഞങ്ങൾക്ക് ഗതകാലമുണ്ട്

ഇവിടെ ഞങ്ങൾക്ക് ജീവൻ്റെ ആദ്യ കരച്ചിലുണ്ട്

ഇവിടെ ഞങ്ങൾക്ക് വർത്തമാനവും ഭാവിയുമുണ്ട്

ഇവിടെ ഞങ്ങളുടെയീ ലോകമുണ്ട്, ഇവിടെത്താൻ പരലോകവും

അതുകൊണ്ട് ഞങ്ങളുടെ നാട് വിടുക

ഞങ്ങളുടെ  ഭൂമി, ഞങ്ങളുടെ  കടൽ

ഞങ്ങളുടെ  ഗോതമ്പ്, ഞങ്ങളുടെ  ഉപ്പ്, ഞങ്ങളുടെ മുറിവുകൾ, സകലതും

ക്ഷണികമായ വാക്കുകൾക്കിടയിൽ കടന്നുപോകുന്നവരേ

ഓർമ്മയുടെ ഓർമ്മകളിൽ നിന്നും കുടിയിറങ്ങുക!

 ( അമേരിക്കൻ സ്കോളർ പ്രസിദ്ധീകരിച്ച ദാർവിഷ് കവിതയുടെ ഇംഗ്ലീഷിൽ നിന്നുള്ള മൊഴിമാറ്റം താഴെ.)

 മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുക

എന്താണ് ജനാധിപത്യം, സഹവർത്തിത്വം, സഹിഷ്ണുത, എന്താണ് സഹാനുഭൂതിമറ്റുള്ളവരെ കുറിച്ച് ചിന്തിക്കുക എന്ന ദാർവിഷ് കവിത നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. അവർ കേൾക്കേണ്ടത് ബോധമില്ലാത്തവരുടെ മതപ്രസംഗങ്ങളല്ല, അഹസിഷ്ണുതയുടെ വെളിപാടുകളല്ലസ്വർഗത്തിലെ മുറിയുടെ വലുപ്പവും ഹൂറികളുടെ എണ്ണവുമല്ല. അവർ വായിക്കണം, നമ്മളും വായിക്കണം, മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചു വളരണം.

 നിങ്ങളുടെ പ്രാതൽ  ഉണ്ടാക്കുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക

    (പ്രാവിൻ്റെ അന്നം മറക്കരുത്).

നിങ്ങൾ നിങ്ങളുടെ യുദ്ധങ്ങൾ നടത്തുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക

    (സമാധാനം തേടുന്നവരെ മറക്കരുത്).

നിങ്ങളുടെ വെള്ളക്കരം അടയ്ക്കുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക

    (മേഘങ്ങൾ പാലൂട്ടുന്നവരെ മറക്കരുത്).

നിങ്ങൾ വീട്ടിലേക്ക്, നിങ്ങളുടെ വീട്ടിലേക്ക് മടങ്ങുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക

    (ക്യാമ്പുകളിലെ മനുഷ്യരെ മറക്കരുത്).

നിങ്ങൾ ഉറങ്ങുമ്പോൾ നക്ഷത്രങ്ങളെണ്ണുമ്പോൾ  മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക

    (ഉറങ്ങാൻ ഒരിടമില്ലാത്തവരെ മറക്കരുത്).

നിങ്ങൾ ഭാവനയിലെങ്കിലും സ്വയം മോചിപ്പിക്കുമ്പോൾ, മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക

    (സംസാരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരെ മറക്കരുത്).

നിങ്ങൾ അകലെയുള്ള മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോൾ, നിങ്ങളെക്കുറിച്ച് ചിന്തിക്കുക

    (പറയുക: " ഇരുട്ടിൽ ഞാനൊരു മെഴുകുതിരി മാത്രമായിരുന്നെങ്കിൽ").

 വിശ്വമാനവികത മുഖമുദ്രയാക്കിയ കവിക്ക് ഇൻ്റർനാഷണലിസ്റ്റ് വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നൊരു  പ്രിസമായി പലസ്തീൻ എന്നാണ്  2008 ലെ ഗാർഡിയനിലെ ചരമക്കുറിപ്പിലെ നിരീക്ഷണംകാനാനികൾ, എബ്രായർ, ഗ്രീക്കുകാർ, റോമാക്കാർ, ഓട്ടോമൻ തുർക്കികൾ, ബ്രിട്ടീഷുകാർ തുടങ്ങിയവരുടെ സ്വാധീനങ്ങളോടെയുള്ള  സഹസ്രാബ്ദങ്ങളുടെ സംഗ്രഹമായിരുന്നു പാലസ്തീനിൻ്റെ ഭൂമിയും ചരിത്രവും. പലസ്തീനിൻ്റെ കാതലായ സ്വത്വം എല്ലാറ്റിനെയും അതിജീവിക്കുന്നു. ബിംബങ്ങൾ അവിടവിടെയായി ചിതറിയിട്ട വാക്കുകളിലൂടെയാണ് കവിതകൾ നമ്മോട് സംവദിക്കുന്നത്ബ്രീട്ടീഷ് സൈനികനെ കണ്ട ഇന്ത്യയുടെ മഹാത്മാവിനെപ്പോലെ പലസ്തീനിൻ്റെ മഹമൂദിനും തന്നെപ്പോലെ തന്നെയുള്ള സാഹചര്യങ്ങളുടെ ഇരയായി ഇസ്രായേൽ സൈനികനെ കാണാൻ കഴിഞ്ഞതുകൊണ്ടാണ്  കവിയുടെ പ്രതിരോധം, പോരാട്ടം ലോകാരാധ്യമായത്, കവിതകളെ ലോകം കൊണ്ടാടുന്നതും.

 മധുസൂദൻ വി



Reference:

https://margaridasantoslopes.com/2014/06/21/darwish-through-the-eyes-of-three-women-one-of-them-his-jewish-lover/

https://www.theguardian.com/books/2008/aug/11/poetry.israelandthepalestinians

https://www.jewishindependent.ca/tag/tamar-ben-ami/

https://theamericanscholar.org/those-who-pass-between-fleeting-words-by-mahmoud-darwish/

https://www.palestineadvocacyproject.org/poetry-campaign/think-of-others/

https://time.com/6323178/antisemitism-israel-gaza-attack-essay/

https://www.sciencedaily.com/releases/2000/05/000509003653.htm