Showing posts with label ഭാഷാപോഷിണി. Show all posts
Showing posts with label ഭാഷാപോഷിണി. Show all posts

Friday, October 24, 2025

ഖസാക്ക്, വിസ്മയങ്ങളുടെ ഖനി

ഭാവിവാഗ്ദാനമായ ഒരു ആസ്ട്രോഫിസിക്സ് വിദ്യാർത്ഥി അക്കാദമിക് ലോകമുപേക്ഷിച്ച് പാലക്കാടൻ നാട്ടിൻപുറത്തെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ ഒരദ്ധ്യാപകനായി വന്നുകയറുന്നു.  തൻ്റെ അറിവു വച്ച് അളക്കാൻ പറ്റാത്തതാണ് നാടെങ്കിലും, അതിലെ മനുഷ്യരും ജീവികളും മരങ്ങളും വരെയും അവരുടെ  രഹസ്യങ്ങൾ ഒന്നൊന്നായി അയാൾക്കു മുന്നിൽ അനാവരണം ചെയ്യുന്നു.  സ്വപ്നങ്ങളും പുരാവൃത്തങ്ങളും വ്യവഹാരങ്ങളുടെ ഊടും പാവും നെയ്യുന്ന പുരാതന ഗ്രാമത്തിൽ അയാളും അതിലൊരാളാവുന്നു.  അങ്ങിനെയാണ് ഇതിഹാസം പുരോഗമിക്കുന്നത്, അവസാനിക്കുന്നതും.  സാധാരണ കാഴ്ചയിൽ കേവലം വിവരദോഷികളായും, കൊള്ളരുതാത്തവരായും, വിശ്വസിക്കാൻ പറ്റാത്തവരായും, അന്ധവിശ്വാസികളായും,  പരദൂഷണക്കാരായും, ആസക്തികളുടെ ആൾരൂപങ്ങളായും എളുപ്പം അടയാളപ്പെടുത്താവുന്ന കഥാപാത്രങ്ങളെ ഐതിഹാസിക കഥാപാത്രങ്ങളാക്കിയാണ് ഖസാക്ക് കാലത്തെ അതിജീവിക്കുന്നത്, ഓരോ വായനയും നമ്മെ വിസ്മയിപ്പിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഖസാക്ക് ഇതിഹാസങ്ങളോട് ചേർത്തുവെക്കേണ്ട മറ്റൊരിതിഹാസമാവുന്നത്. 


ഇംഗ്ലീഷ് മൊഴിമാറ്റത്തിൽ പിന്നീട് ചേർത്ത കുറിപ്പിൽ എഴുത്തുകാരൻ ഒരു സംഭവത്തെ പരാമർശിക്കുന്നുണ്ട് - തസ്രാക്കിലെ തൻ്റെ വാസക്കാലത്തിന് ദശാബ്ദങ്ങൾക്ക് ശേഷം ഗ്രാമത്തിലേക്ക് അദ്ദേഹം വീണ്ടും ചെന്നു. അദ്ദേഹത്തെ കണ്ട ഒരു മുസ്ലീംയുവാവ്  ഓടിവന്ന് ഗാഢമായി കെട്ടിപ്പുണർന്ന് വിതുമ്പുന്നു, ‘നമ്മുടെ കിളി-അണ്ണൻ മരിച്ചുപോയി’.  ഖസാക്ക് ഒരു സാഹിത്യസൌധമാണെങ്കിൽ അതിൻ്റെയൊരു തൂണുതന്നെയാണ് അപ്പുക്കിളി. അപ്പുക്കിളി എന്ന കഥാപാത്രം പക്ഷേ എഴുത്തുകാരൻ്റെ ഒരു ബാല്യകാല ഓർമ്മയെ ഖസാക്കിലേക്ക് ആനയിച്ചതായിരുന്നു.  യുവാവിൻ്റെ  വിലാപം സത്യമാവാം, അങ്ങിനെയൊരാൾ ഏതുനാട്ടിലുമുണ്ടാവാം, ഏതുകാലത്തും. വൈയക്തികമായ എഴുത്തുകാരൻ്റെ  അനുഭവം സാർവ്വലൌകികമായ ഒന്നായി വായനക്കാരന് മുന്നിലെത്തുന്നു, അതയാളുടെയും അനുഭവമായി മാറുന്നു. വായനാനുഭവമാണ് ഖസാക്ക്, അന്നോളം കാണാത്തൊരു അതിതീവ്ര-ഗ്രാമ്യ-വൈകാരിക അക്ഷരങ്ങളൊരുക്കിയ ഭാഷാപ്രപഞ്ചവുമാണ് കാലത്തെ അതിജീവിക്കുന്ന ഖസാക്കിൻ്റെ കരുത്ത്. 


ഇംഗ്ലീഷ് മൊഴിമാറ്റത്തിനുള്ള പിൻകുറിയിൽ ഒരു കാലത്ത് കാർഡ് ഹോൾഡറായിരുന്ന അദ്ദേഹം എഴുതാൻ ഉദ്ദേശിച്ചിരുന്നത് ഒരു റവല്യൂഷണറി നോവലായിരുന്നെന്നും, ഹങ്കേറിയൻ കമ്മ്യൂണിസ്റ്റ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇമറെ നാഗി (Imre Nag) വധത്തോടെയാണ് താൻ അതു ചെയ്യാതിരുന്നതെന്നും തലനാരിഴയ്ക്കാണ് അബദ്ധത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നുണ്ട്. അല്ലായിരുന്നെങ്കിൽ തനിയാവർത്തനങ്ങളുടെ മാർക്സിയൻ ഗ്രന്ഥസൂചികകളിൽ ഒന്നായി തൻ്റെ സൃഷ്ടിയും ഒടുങ്ങുമായിരുന്നു എന്നും. ഖസാക്കിൽ അപ്പുക്കിളിയുടെ കുപ്പായത്തിൻ്റെ മുൻഭാഗത്തെ  വർണാഭമാക്കുന്നത് അരിവാളും ചുറ്റികയും ഒപ്പം ത്രിശൂലവുമാണ്,   പിൻഭാഗത്തെയാണ് ഗാന്ധിയും മയിലും സമ്പന്നമാക്കുന്നത്. ഭാഗ്യത്തിന് ശരീരവളർച്ച മാത്രം  മുരടിക്കാത്ത അപ്പുക്കിളിമാരാണ് നമ്മളെന്ന് തോന്നിപ്പിക്കുന്നതാണ് ഖസാക്കിലെ രാഷ്ട്രീയ ആക്ഷേപഹാസ്യം, ഒരു സമകാലിക വായന അതർഹിക്കുന്നുമുണ്ട്.   


കഥാപാത്രങ്ങളുടെ ആത്മാവിലൂടെ

മാന്ത്രികതയുടെ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു റിയലിസ്റ്റിക് വീക്ഷണം വായനയുടെ ലോകത്ത് അവതരിപ്പിക്കുന്നൊരു ടൂളാണ് മാജിക്കൽ റിയലിസം. മുങ്ങാങ്കോഴിയുടെ മരണത്തിനു പോലും ഒരു ഭ്രമാത്മകമായ സൌന്ദര്യമാണത് പകരുന്നത്. ഭ്രമാത്മകതയ്ക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള വരമ്പുകളിലൂടെ അതു വായനക്കാരനെ മുന്നോട്ടു നയിക്കുന്നു. അന്നോളം പരിചയമില്ലാത്ത ഒരിടത്ത് എത്തുമ്പോഴും, അന്നോളമുള്ള ജീവിതത്തിൽ നിന്നും തീർത്തും മാറിയൊരു ജീവിതത്തിലേക്ക് നടന്നുകയറുന്ന നാടിനോട് ഒരു അപരിചിതത്വവും രവിക്ക് തോന്നിയില്ല എന്ന ആദ്യവാചകത്തിൽ തന്നെ ഒളിച്ചിരിക്കുന്നുണ്ട് മാജിക്കൽ റിയലിസത്തിൻ്റെ മുദ്രകൾ.  സ്വാഭാവികലോകത്തിന് അപരിചിതമായ ഒന്ന്, അച്ഛൻ്റെ രണ്ടാമത്തെ ഭാര്യയുമായി നടന്ന ലൈംഗികബന്ധത്തിലെ പാപചിന്തയാണ് രവിയെ ഖസാക്കിലേക്ക് എടുത്തെറിയുന്നത്. വരുന്ന വഴി മാറിയുടുത്തുവന്ന മുണ്ടിൻ്റെ ഉടമ ഒരു സന്ന്യാസിനി ആയിരുന്നു എന്നാവുമ്പോൾ തൃഷ്ണകളിൽ നിന്നും ഒരു സന്ന്യാസിനിക്ക് തന്നെ മോചനമില്ലെങ്കിൽ, ഒരു സന്ന്യാസിനിയല്ലെങ്കിലും അങ്ങിനെ ജീവിച്ച, ഒടുവിൽ വർഷങ്ങൾക്കു ശേഷം തന്നെ കാണാനെത്തിയ, താൻ ഹൃദയത്തിലൊരിടം നല്കിയ വിവാഹിതനായ അയാളുമായുള്ള വേഴ്ചയ്ക്ക് ശേഷം ഉറൂബിൻ്റെ രാച്ചിയമ്മ പറഞ്ഞിടത്തേക്ക് നമ്മളെത്തുന്നു -  നമ്മൾ മനുഷ്യരല്ലേ, മണ്ണുകൊണ്ടുണ്ടാക്കിയതല്ലല്ലോ!


ഇന്ത്യയിലെ അനേകായിരം ഗ്രാമങ്ങൾ ഖസാക്കു പോലെയോ അതിലപ്പുറമോ മിത്തുകളുടെയും സ്വപ്നങ്ങളുടെയും സ്ഥലികളാവാം. പക്ഷേ സ്വാനുഭവങ്ങളെ, ഗ്രാമാനുഭവങ്ങളെ സാർവ്വലൌകികമായ ഒന്നാക്കി ഉയർത്തിയത് ബാഹ്യജീവിതത്തിലുപരിയായി കഥാപാത്രങ്ങളുടെ  ആന്തരിക വ്യവഹാരങ്ങളുടെ ആവിഷ്കാരമാണ്. തസ്രാക്കിനെ എഴുത്തുകാരുടെയും വായനക്കാരുടെയും ഒരു തീർത്ഥാടനകേന്ദ്രം തന്നെയാക്കിയത് അതാണ്. ഖസാക്കിലെ കഥാപാത്രങ്ങളുടെ ആത്മാവിനെ തേടുയുള്ള യാത്രകൾ.  ഖസാക്കിലെ ആദ്യ വരി തന്നെ ഒരു വലിയ സത്യം നമ്മളോടു വിളിച്ചുപറയുകയാണ്, ഒരു നിശ്ചയവുമില്ലാതെ ചെന്നെത്തുന്ന ഒരാൾക്ക് ഒരിടവും അപരിചിതമാവുകയില്ല. ഒരു യോഗിയുടെയും ഭോഗിയുടെയും  തുല്യാനുപാതമിശ്രിതം  രവിയിലുള്ളത് മാറിയുടുത്തുവന്ന സന്ന്യാസിനിയുടെ വസ്ത്രത്തിലൂടെ ആദ്യമേ വരച്ചിടുന്നുണ്ട് എഴുത്താൾ. ആദ്യന്തം രവിയുടെ പ്രണയിനി നോവലിൽ ഒരാളാണ്- പദ്മ. പ്രണയത്തിൻ്റെയും ലൈംഗികതയുടെയും അതിരുകളുടെ നിജസ്ഥിതിയെ പറ്റി ഗവേഷണം നടത്തുവാൻ വായനക്കാരെ സഹായിക്കുന്ന കഥാപാത്രങ്ങളാണ് രവി മുണ്ടു മാറിയുടുത്തുപോയ സന്ന്യാസിനിയും പദ്മയും തൊട്ടിങ്ങോട്ട് പെണ്ണുടലിൻ്റെ അഴകളവുകളെ പുനർനിർണിയിച്ച മൈമൂനതൊട്ടുള്ളവരും. 


ആദ്യന്തം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയാണ് ഖസാക്ക്. ശിവരാമൻനായരുടെ ഞാറ്റുപുര സ്കൂളിൽ ഗാന്ധിയും ഹിറ്റ്ലറും ചുമരിൽ, രവിയുടെ പുസ്തകപ്പെട്ടിയിൽ ഭഗവദ് ഗീതയും പ്രിൻസ് തിരുവങ്കുളവും, റിൽക്കെയും മുട്ടത്തുവർക്കിയും സംയമനത്തോടെയാണ് സഹവസിക്കുന്നത്. സ്റ്റാലിൻ്റെ വർണ്ണപടവും ഖുറാനും പേറിയുള്ളതാണ് നൈജാമലിയുടെ ആംഗളോ അമേരിക്കൻ ചൊരണ്ടലിനെതിരെയുള്ള ഘോഷയാത്ര. അങ്ങിനെ പണിമുടക്കവും അത്തരുബീഡിക്കമ്പനിയും അവസാനിച്ചു എന്നിടത്ത് ചിരി നിലയ്ക്കാത്ത നർമ്മമുണ്ട്. മർമ്മത്തിന് കിട്ടിയപ്പോൾ വിപ്ലവം പമ്പകടന്ന നൈജാമലി സ്റ്റാലിനെ വിട്ട് സെയ്യദ് മിയാൻ ശെയ്ഖ് തങ്ങളെ പുൽകി, നയിച്ചുതിന്നുന്ന പതിവില്ലാത്ത വർഗത്തിൻ്റെ സ്ഥിരംപ്രതിനിധിയായി ശിഷ്ടകാലം സുരക്ഷിതമാക്കി. ഇന്നും നമുക്ക് നൈജാമലിമാരുടെ കാഴ്ച അന്യമല്ല. ഒരു ചെറിയ ബീഡിക്കമ്പനി സമരത്തെ രാഷ്ട്രത്തിനെതിരായ യുദ്ധമായി വരവുവെച്ചുള്ള പഴയ പോലീസ് മർദ്ദനം ഇന്നത്തെ നൈജാമലികൾക്ക് കിട്ടുന്നില്ലെന്നതിൻ്റെ കാരണം പോലീസുകാർ പുരോഗമിച്ചതാണ്. നൈജാമലിമാർ നിന്നിടുത്തു തന്നെ നില്ക്കുന്നുണ്ട്. 


നൈജാമലിയുടെ വെളുത്ത തുടകളിലെ ചെമ്പൻ രോമങ്ങളിൽ കണ്ണുടക്കിയ മൊല്ലാക്കയുടെ. “നീ ഏൻ മൂർഖൻ പാമ്പെ പിടിക്കലെെഎന്ന ചോദ്യത്തിന് ചെറുക്കൻ പറഞ്ഞത്ഇന്ത പാമ്പ്ം മൂർക്കനാഹലാംഎന്നാണ്.  എന്ത കാലത്തിലേ എന്ന മൊല്ലാക്കയുടെ ചോദ്യത്തിനു വന്നു കൃത്യമായ മറുപടി - “അതിനോടെ കാലം വരപ്പോ.” ഒരു കാർട്ടൂണിസ്റ്റിൻ്റെ കൃത്യതയോടെ, ഹാസ്യത്തിലൂടെ നൈജാമലിയുടെ ഫുൾ പൊട്ടൻഷ്യലാണ് ആയൊരൊറ്റ ചിരിപ്പിക്കുന്ന സംഭാഷണത്തിലൂടെ അദ്ദേഹം വലിച്ചു പുറത്തിട്ടത്.  കമ്മ്യൂണിസം വിഷയീഭവിക്കുന്ന ഭാഗത്തും ഇതേ ഹാസ്യത്തിൻ്റെ മികച്ച പ്രകടനം കാണാം. പരിഹാസത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും മനോഹരമായ ആവിഷ്കാരം.  


അപ്പുക്കിളിയെ ഊതി ശരിയാക്കുമെന്നു പറയുന്ന ഖാലിയാർ, ഒരുപൂശനീലിക്കും വിധിക്കുന്നുണ്ട്. വിശ്വാസത്തെ മതങ്ങൾക്കും സമുദായത്തിനുമപ്പുറം വ്യാപിപ്പിച്ച് ഭോഗജീവിതം മുട്ടില്ലാതെ നടത്തുന്നവരുടെ പ്രതിനിധായ ഖാലിയാരായി നൈജാമലി വളർന്നു. സ്കൂൾ വേണമെന്ന നൈജാമലിയുടെ പുരോഗമനത്തിൻ്റെ സ്രോതസ്സ് സ്കൂളുണ്ടെങ്കിൽ അപ്പുക്കിളികൾ അങ്ങോട്ടുപോയിക്കൊള്ളും നീലിമാർ ഒറ്റയ്ക്കായിരിക്കും എന്ന ചിന്തയാവാനേ വഴിയുള്ളൂ, അറവിനോടുള്ള പ്രണയമാവാൻ യാതൊരു സാദ്ധ്യതയുമില്ല. എഴുത്താൾ പറയാതെ പറയുന്നുണ്ടത് പാതിവഴിയിൽ. 


ജീവൻ്റെ ചെറുബിന്ദുവായ പേനിൽ തുടങ്ങി, തുമ്പിയിലൂടെയും ഓന്തിലൂടെയും, സർപ്പത്തിലൂടെയും കടന്നുവരുന്ന ഇമേജറികളുടെ നീണ്ടനിരയിൽ മിയാൻ ഷേയ്ഖിൻ്റെ കുതിരയുണ്ട്, പിന്നെ ഖസാക്കിലെ യാഗാശ്വമുണ്ട്, പിടിച്ചുകെട്ടാനാവാത്ത മൈമൂന. അള്ളാപ്പിച്ചാ മൊല്ലാക്കക്കും, നാടിനും വിശ്വാസികൾക്കും ആശ്വാസമാവുന്ന പള്ളി നൈജാമലിയുടെയും മൈമൂനയുടെ രവിയുടെയും സമാഗമങ്ങൾക്കും ചുടുനിശ്വാസങ്ങൾക്കും  സാക്ഷിയാവുന്നുണ്ട്.  പള്ളിക്കുളമാവട്ടെ പാപങ്ങളെ കഴുകിക്കളയാനുള്ളൊരിടമായി നിറയുന്നുണ്ട്. പലസ്തീനിലെ കുഞ്ഞുങ്ങളുടെ ഹൃദയഭേദകമായ സമകാലിക വിലാപക്കാഴ്ചയിൽ നമുക്കുമുന്നിലുണ്ട്  ഒരസാധാരണ ബിംബമായി കുഞ്ഞാമിന, സ്നേഹത്തിൻ്റെ കുഞ്ഞുരൂപം, ആരും ചാകാത്ത കഥയ്ക്കായി കൊതിച്ചവൾ. ദാരിദ്ര്യം മനുഷ്യരിൽ സൃഷ്ടിക്കുന്ന ഒരു വല്ലാത്ത ഐക്യവും പാരസ്പര്യവും സ്നേഹവുമുണ്ട്, അതു മുതിർന്നവരായാലും കുഞ്ഞുങ്ങളായാലും. ചാന്തുമ്മയുടെ മക്കളായ കുഞ്ഞുനൂറുവും ചാന്തുമുത്തും അതു ജീവിച്ചു കാണിക്കുകയാണ്. 


മനുഷ്യൻ്റെ ശീലത്തെ സമൂഹം ഡിസൈൻ ചെയ്യുന്നതിൻ്റെ നർമ്മത്തിലുള്ള ഹൃദ്യമായ വിവരണമാണ് മൈമൂന-മുങ്ങാങ്കോഴി കെട്ട്. അമ്പതാണെങ്കിലും അറുപതേ തോന്നിക്കൂ എന്ന കുപ്പുവച്ചൻ്റെ വാക്കുകൾ കൊളുത്തിയ ചിരിയുടെ ഉയരത്തിൽ നിന്നുവേണം ഒരു കാക്കുപ്പി വെളിച്ചണ്ണ ഉപ്പയ്ക്ക് നിഷേധിച്ച, പോങ്കോ, കെടയാത് എന്നു പറഞ്ഞുവിട്ട മൈമൂനയുടെ മാതാപിതാക്കളോടുള്ള വെറുപ്പിനെ നോക്കിക്കാണാൻ. മൊല്ലാക്കയുടെ മരണം പോലും അതിനെ മയപ്പെടുത്തുന്നില്ല. ഖസാക്കിലെ യാഗാശ്വമായി വിശേഷിപ്പിക്കപ്പെട്ട അഴകളവുകളുടെ ആൾരൂപമാണ് ഒരു വൃദ്ധൻ്റെ രണ്ടാംകെട്ടുകാരിയായത്.  മുങ്ങാങ്കോഴി എന്ന വിളിപ്പേരു ശീലമാക്കിയ ചുക്രു സ്വന്തം പേരുതന്നെ മറന്നു, നെന്മണിയെറിഞ്ഞാൽ വന്നു കൊത്തിപ്പെറുക്കുന്ന പരുവമായെന്ന് വായിക്കുമ്പോൾ നമുക്കൂഹിക്കാവുന്നതാണ് സമൂഹത്തിന് ഒരാളെ എങ്ങിനെ മാറ്റാമെന്ന്. ആടിനെ പട്ടിയാക്കിയ കഥയുടെ മറ്റൊരു തലമാണത്, ആളെ തന്നെ മുങ്ങാങ്കോഴിയാക്കുന്ന സമൂഹം. 


ഖസാക്കിലെ  പെണ്ണുങ്ങൾ

പുരുഷൻ കടലിൽ തുഴയെറിയുമ്പോൾ കരയിൽ അവനു കാവലാളാവുന്ന പെണ്ണിൻ്റെ ചാരിത്ര്യവുമായി ബന്ധപ്പെട്ട തകഴിയുടെ ചെമ്മീനിലെ മിത്തിനോട്,  കറുത്തമ്മയോട് സാമ്യമുള്ളവളാണ് വിജയൻ്റെ   ചാന്തുമ്മ. ചരിത്രത്തിൽ ചാരിത്ര്യം പെണ്ണിൻ്റെ മാത്രം ബാദ്ധ്യതയാണ്. പെണ്ണിൻ്റെ ചാരിത്ര്യഭംഗം ചരിത്രമാക്കുക അവളുടെ പുരുഷനെയാണ്. വിശ്വാസത്തെ മുൻനിർത്തി ഖസാക്കിലെ ആണുങ്ങളാരും പുളിമരത്തിൽ കയറാറില്ലെന്നത് അവർക്ക് അവരുടെ പെണ്ണുങ്ങളിലുള്ള വിശ്വാസത്തിൻ്റെ തെളിവു കൂടിയാവുന്നുണ്ട്. പക്ഷേ അതൊരു സംഭവമേ ആവുന്നില്ല ഖസാക്കിൽ.  ചാന്തുമ്മയുടെ ഭർത്താവിന് അവിശ്വാസത്തിൻ്റെ അസ്ക്യത ഉണ്ടായിരുന്നില്ലെന്നു വേണം കരുതാൻ. ഒരുനാൾ പുളിമരമേറി ചരിത്രത്തിലേക്കയാൾ കൂപ്പുകുത്തി. തനിക്ക് ആവാൻ പറ്റാത്തത് തൻ്റെ മകളാവണം,  കിട്ടാതെ പോയവനാവണം മകൻ എന്ന ചിന്ത ചിലരിലെങ്കിലുമുണ്ടാവാം. ഭർത്താവായ ഗോപാലപ്പണിക്കർ തന്നിൽ വിതച്ച മകനിൽ തനിക്കു കിട്ടാതെ പോയ പ്രണയി രഘുനന്ദനെ പ്രതീക്ഷിക്കുന്നുണ്ട് ലക്ഷ്മി. അടുത്തകാലത്ത് വായിച്ച പുതുലോകത്തെ കവി രൂപി കൌറിൻ്റെ ഒരു കവിതാശകലം നോക്കൂ (മൊഴിമാറ്റം സ്വന്തം). 


ഇല്ല,  ആദ്യ കാഴ്ചയിലെ പ്രണയമാകില്ലത്, 

നമ്മൾ കാണുമ്പോൾ അത് ആദ്യപ്രണയസ്മരണയാവും. 

മകനെ ഞാൻ ആരായി വളർത്താൻ ഞാനാഗ്രഹിക്കുന്നുവോ

അത്തരമൊരാളെ  കെട്ടുവാൻ അമ്മയെന്നോടു പറയുമ്പോൾ 

എൻ്റെ അമ്മയുടെ കണ്ണുകളിൽ ഞാൻ നിന്നെ കണ്ടിട്ടുണ്ട്.


മാറിയ കാലത്തെ പുതുബോധത്തിൽ മാറിവരികയാണ് പെൺകാഴ്ചകൾ. മാറിയ ലോകത്തിൻ്റെ ഭാവുകത്വത്തെ, ഖസാക്കിലെ പെണ്ണുങ്ങൾക്ക് തൃപ്തിപ്പെടുത്താവൻ ആവണമെന്നില്ല. കാരണം, അതേ ചാരിത്ര്യത്തിൻ്റെ അളവുകോലിൽ പദ്മയോടുള്ള വഞ്ചനയും  രണ്ടാനമ്മയുമായുള്ള വേഴ്ചയും പിന്നീട് സന്ന്യാസിനിയുമായുള്ളതും ഖസാക്കിലെ മറ്റു സ്ത്രീകളുമായുള്ള ബന്ധങ്ങളുമൊന്നും  രവിയുടെ ചാരിത്ര്യത്തെ ബാധിച്ചിട്ടില്ല, സർപ്പദംശം പോലും അതിനുള്ള ശിക്ഷയാവാമെന്നൊരു ചിന്തയുടെ ലാഞ്ചന പോലും എവിടെയുമുദിക്കുന്നില്ല. 

   

വാറ്റുചാരായം കണ്ണെടുത്തവൻ്റെ, ഒന്നും കാണാതിരിക്കുന്നവൻ്റെ ശാന്തിയോർത്ത് അസൂയപ്പെടുന്നൊരു മാധവൻ നായർ ഓർമ്മിപ്പിക്കുന്നുണ്ട് അക്കിത്തത്തിൻ്റെ വരികളെ - വെളിച്ചം ദു:ഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം. ഖസാക്കിലെ രവിയിൽ ഒരു യോഗിയും ഭോഗിയുമുണ്ട്, നിസ്സംഗതയോടെ ജീവിതത്തെ നോക്കിക്കാണുകയും, ഒരു തീവ്രധ്യാനിയുടെ ഉൾക്കാതിൽ വിളികേൾക്കുകയും,   തീവ്രഭോഗിയുടെ ബാഹ്യദേഹത്തിൽ തൃഷ്ണയ്ക്ക് ശമനം വരുത്തുകയും ചെയ്യുന്നവൻ. 


ദൃശ്യ-മനോ-വ്യവഹാര വിസ്മയങ്ങളുടെ ഖസാക്ക്

പാലക്കാടെ  ഉൾഗ്രാമമായ തസ്രാക്കിൽ  ഒരു വർഷത്തോളം നീണ്ട ഓട്ടുപുലാക്കൽ കുടുംബത്തിൻ്റെ വാസമാണ്  ഖസാക്കിൻ്റെ ഇതിഹാസത്തിലേക്ക് നയിച്ചതെന്നു ചരിത്രം. .വി.വിജയൻ്റെ അഥവാ ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ്റെ സഹോദരി ഗ്രാമത്തിലെ ഏകാധ്യാപക സർക്കാർ സ്കൂളിൽ അധ്യാപികയായി നിയമിക്കപ്പെട്ടു. വർഷം  1956.  തസ്രാക്കിൽ വിജയൻ കണ്ടുമുട്ടിയ ജീവിതങ്ങളിൽ നിന്നും മുളച്ചതാവാം നോവലിലെ പല കഥാപാത്രങ്ങളും. ഒരു വിദൂര ഗ്രാമത്തിൽ ഒരു പെൺകുട്ടിക്ക് തനിയെ ജീവിക്കുക ബുദ്ധിമുട്ടായതിനാൽ, മാതാപിതാക്കൾ ഒരു ചെറിയ ഫാംഹൗസ് വാടകയ്‌ക്ക് എടുത്ത് സഹോദരിയുടെ കൂടെ അവിടേക്ക്  താമസം മാറുകയായിരുന്നു എന്ന് അദ്ദേഹം ഖസാക്കിൻ്റെ  ഇംഗ്ലീഷ് പതിപ്പിൽ എഴുതിയിട്ടുണ്ട്. കോഴിക്കോട് മലബാർ കൃസ്ത്യൻ കോളേജിലും പാലക്കാട് വിക്ടോറിയാ കോളേജിലും കുറച്ചുകാലം അദ്ധ്യാപനവൃത്തിയിലായിരുന്ന അദ്ദേഹം ഒരിട തൊഴിലില്ലാ വേളയിൽ കുടുംബത്തിനൊപ്പം  തസ്രാക്കിലായിരുന്നു. അദ്ദേഹത്തിൻ്റെ തന്നെ ഭാഷയിൽ  വിധി അദ്ദേഹത്തെ ഖസാക്കിനായി ഒരുക്കുകയായിരുന്നു. 


മധു വിജയൻ Vs എസ് ജി രവിശങ്കർ കേസിൽ ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് സിക്രിയുടെ വിധിന്യായത്തിലെ ചില നിരീക്ഷണങ്ങൾക്കും ഒരു വിജയൻ സ്പർശം ഉണ്ടായിരുന്നുവോ എന്നു തോന്നിപ്പോവും അതു വായിച്ചാൽ. വിധിന്യായത്തിൽ നിന്നും ഒരല്പം - എല്ലാവരും ഒരു ദിവസം മരിക്കണം. ശ്രീ.വിജയനും 2005 മാർച്ച് 30-ന് അന്തരിച്ചു. നിങ്ങൾക്ക് വീടിൻ്റെ മോന്തായം വരെയും പണം ശേഖരിക്കാം, പക്ഷേ നിങ്ങളുടെ ശവസംസ്കാരത്തിൻ്റെ വലുപ്പം എപ്പോഴും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. വിജയൻ്റെ കാര്യത്തിൽ, അദ്ദേഹത്തിൻ്റെ സെലിബ്രിറ്റി സ്റ്റാറ്റസ് കാരണം, അത് മറ്റ് പല ഘടകങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നു. കൈവെച്ച മേഖലകളിലൊക്കെയും നാഴികക്കല്ലുകൾ ഏറെ നാട്ടി കടന്നുപോയ വ്യക്തി എന്ന നിലയിൽ  അദ്ദേഹത്തിൻ്റെ മരണശേഷവും ഭരണകൂടം ഏറെ ആദരവ് കാണിക്കുന്നു. അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ, അതായത് ചിതാഭസ്മം പക്ഷേ വിവാദ വിഷയമായി. അദ്ദേഹത്തിൻ്റെ ഭാര്യയും മകനുമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. മനുഷ്യർ മരിക്കുമ്പോൾ അവരുടെ ശരീരം ജീർണിക്കാൻ തുടങ്ങും. ഇക്കാരണത്താൽ, മരണശേഷം അവ മറവുചെയ്യേണ്ടതുണ്ട്. മൃഗങ്ങൾക്ക് അതിൽ വേവലാതിയില്ല, ബഹളമില്ല. അവർ പോയി മരിക്കുന്നു. മനുഷ്യർ, മൃഗങ്ങളേക്കാൾ മികച്ചവരാണെന്ന് വിശ്വസിച്ച്, മതങ്ങൾ കണ്ടുപിടിക്കുന്നു. അവർക്ക് അവരുടേതായ വിശ്വാസങ്ങളുണ്ട്. അവർക്ക് അവരുടെ തത്ത്വചിന്തകളുണ്ട്. മനുഷ്യൻ്റെ മൃതദേഹങ്ങൾ സംസ്‌കരിക്കലും ദേഹാവശിഷ്ടങ്ങളെ യഥാവിധി കൈകാര്യം ചെയ്യുന്നതും  ജീവിതത്തിൻ്റെ ഒരു ഭാഗമാണ്, അത് വ്യക്തിഗത മനഃശാസ്ത്രത്തിൻ്റെ ആഴങ്ങളിൽ നിന്ന് നിയമത്തിൻ്റെയും സാമൂഹിക ജീവിതത്തിൻ്റെയും ആവശ്യകതകളിലൂടെ തത്ത്വചിന്തയുടെയും മതത്തിൻ്റെയും മേഖലകളിലേക്ക് എത്തിച്ചേരുന്നു. 


ആഷസ് ക്രിക്കറ്റ് നേടാൻ കളിക്കുന്ന ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലുള്ളതിനും അപ്പുറമാണ് വിജയൻ്റെ ആഷസിന് വേണ്ടിയുള്ള യുദ്ധത്തിലെ വീറും വാശിയും എന്നൊരു നിരീക്ഷണം കോടതി വിജയൻ സ്റ്റൈലിൽ നടത്തുന്നുണ്ട്.  വി വിജയൻ ഒരു ഹിന്ദുവല്ല, ഒരു എക്കലക്ടിക് സ്പിരിച്വലിസ്റ്റ് ആണെന്ന് കോടതിയിൽ അദ്ദേഹത്തിൻ്റെ ഭാര്യ പ്രൊഫസർ തെരേസയും മകൻ മധുവും സാക്ഷ്യപ്പെടുത്തുന്നു. അതായത് സാമ്പ്രദായികമായൊരു മതത്തിൻ്റെയും അനുയായിയല്ല, മറിച്ച് തനിക്ക് നല്ലതെന്നു തോന്നുന്നത് എവിടെ നിന്നും സ്വാംശീകരിക്കുന്ന ഒരു ആത്മീയ വാദിയായിരുന്നു അദ്ദേഹം.  ഖസാക്കിൽ ബോധം നിറഞ്ഞുനില്ക്കുന്നുണ്ട്, മതങ്ങൾക്കപ്പുറമുള്ള ആത്മീയതയുടെ ഒരു ബോധമാണ്, എല്ലാ സാമ്പ്രദായിക രീതികളോടുമുള്ള, എന്തിന് മതവല്ക്കരിക്കപ്പെടുന്ന കമ്മ്യൂണിസത്തോടു പോലുമുള്ള പരിഹാസം. 


വിഷയത്തിൽ വിവിധ മതവീക്ഷണങ്ങളെയും തത്വചിന്തകളെയും ഒക്കെയും അവലോകനം ചെയ്ത കോടതി  രണ്ടുകൂട്ടരുടെയും പലവാദങ്ങളെയും  തള്ളിക്കയുന്ന കോടതി ഇരുകക്ഷികളും ചേർന്ന് ചിതാഭസ്മത്തിൻ്റെ കാര്യം തീരുമാനിക്കുവാനാണ് ഉത്തരവിട്ടത്. ആരുമാരും മാറിനില്ക്കാതെ, ആരും ആരെയും ഒഴിവാക്കാതെ ക്രൈസ്തവ വിശ്വാസിയായ തെരേസയുടെ വിശ്വാസപ്രകാരം അവരുദ്ദേശിച്ച പ്രാർത്ഥനയ്ക്ക് മരുമകൻ്റെ കൈവശമുള്ള ചിതാഭസ്മം എത്തിച്ചുനല്കുക, പ്രാർത്ഥനാനന്തരം ഹൈന്ദവ വിശ്വാസപ്രകാരം നടത്തിയ ശവസംസ്കാരത്തിൻ്റെ തുടർച്ചയായി ചിതാഭസ്മം ഹരിദ്വാറിൽ നിമജ്ജനം ചെയ്യുവാനും മൂവരും കഴിയുന്നതും ഒന്നായി പോകുവാനുമാണ് കോടതി വിധിച്ചത്. കോടതി തുടർന്നു നിരീക്ഷിക്കുന്നു -  ഏതാണ്ട് ഒരു വർഷം മുമ്പ് 2005 മാർച്ച് 30 ന് വിജയൻ മരിച്ചു എന്നത് വിദ്യാസമ്പന്നരും പ്രബുദ്ധരുമായ കക്ഷികൾ ഓർക്കേണ്ടതാണ്. 2005 മാർച്ച് 31 ന് അദ്ദേഹത്തെ സംസ്കരിച്ചു. ചിതാഭസ്മം സാധാരണയായി നാലാം ദിവസമാണ് നിമജ്ജനം ചെയ്യുന്നത്. ഇപ്പോൾ ഒരു വർഷമാകാൻ പോവുകയാണ്. കാലത്തിൻ്റെ ചക്രങ്ങളിൽ കറങ്ങുകയാണ് ചിതാഭസ്മ കലശം. ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച്, ചടങ്ങ് പൂർത്തിയായതിന് ശേഷം, അതായത് ചിതാഭസ്മം നിമജ്ജനം ചെയ്തതിന് ശേഷം മാത്രമേ ആത്മാവ് സ്വർഗത്തിൽ എത്തുകയുള്ളൂ. മറ്റ് മതങ്ങൾ അനുസരിച്ചും ശരീരാവശിഷ്ടങ്ങൾ എത്രയും വേഗം മറവുചെയ്യണം. അതുകൊണ്ട് കക്ഷികൾ തമ്മിലുള്ള പിണക്കത്തിൻ്റെ പേരിൽ വിജയൻ്റെ വിമോചനം വൈകരുത്. കേസിലെ വാദികളായ തെരേസയുടെയും മധുവിൻ്റെയും  എതിർകക്ഷിയായ മരുമകനും പ്രശസ്ത കാർട്ടൂണിസ്റ്റുമായ രവിശങ്കറിൻ്റെയും വാദങ്ങളെ കോടതി സൂക്ഷ്മമായി അപഗ്രഥിച്ചെത്തുന്ന വിധിക്ക് ഒരു ഖസാക്കിയൻ സൌന്ദര്യമുണ്ട്.  ശെയ്ഖ് തമ്പിരാനും സത്തിയം, മുല്ലാക്കയും സത്തിയമാണ് എന്ന ഖസാക്കിയൻ സത്യബോധത്തിന്  വി വിജയൻ്റെ  ചിതാഭസ്മ വിധിയിൽ കോടതിയും അടിവരയിടുന്നുണ്ട് - എല്ലാ വിശ്വാസങ്ങളും അവരവരുടെ സത്യമാണ്. എല്ലാം മാനിക്കപ്പെടട്ടെ. 


ലോകസാഹിത്യത്തിലേക്ക് മൊഴിമാറ്റപ്പെടാത്ത മലയാളം

മാർക്വേസും വിജയനും അവരുടെ മഹത്തായ കൃതികൾ എഴുതിയത് ഏതാണ്ട് ഒരേ സമയത്താണ്. ഒന്നിൻ്റെ വിവർത്തനം ലോകസാഹിത്യത്തിൻ്റെ ഗതിയെ മാറ്റിമറിച്ചു; മറ്റൊന്ന്, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം രചയിതാവ് അത് ഏറ്റെടുക്കുന്നതുവരെ വിവർത്തനം ചെയ്യപ്പെടാതെ, മലയാള എഴുത്തിൻ്റെ ചരിത്രത്തെ മാറ്റിമറിച്ചു എന്നു നിരീക്ഷിച്ചത് ഇന്ത്യാടുഡേയിൽ തരുൺ തേജ്പാലായിരുന്നു. 


മിത്തും യാഥാർത്ഥ്യവും,  ലൈംഗികതയും അദ്ധ്യാത്മികതയും, മതബോധവും വിപ്ലവബോധവും പോലുള്ള ഏല്ലാ വൈരുദ്ധ്യങ്ങളുടെയും ഒരു ഘോഷയാത്രയാണ് ഖസാക്ക്.  അസാധാരണമായ ഭാഷാപ്രയോഗങ്ങളുടെയും ബ്ലാക്ക് ഹ്യൂമറിൻ്റെയും ഖനിയുമാണത്. അജ്ഞത, നിരക്ഷരത, അന്ധവിശ്വാസങ്ങൾ, സാമൂഹികവും മതപരവും രാഷ്ട്രീയവുമായ സർവ്വമാന ചൂഷണങ്ങൾക്കിടയിലും ഖസാക്കിന് ഒരു ദാർശനിക ഛവിയുണ്ട്. മതം, ജാതി, വർഗ വിഭജനം, സമൂഹത്തിൽ ചൂഷണവിധേയമാവുന്ന സ്ത്രീകളുടെ അവസ്ഥ, ലൈംഗികതയെ ചൂഴുന്ന അന്വേഷണവും ലൈംഗിക ചൂഷണവും, സമൂഹത്തിലെ കുട്ടികളുടെ നിഷ്കളങ്കത എല്ലാം എഴുത്തിനു വിഷയമാവുന്നു. അഭൌതിക ആത്മീയനാന്വേഷണങ്ങളിലേക്കാണ് ഭൌതികശാസ്ത്ര വിദ്യാർത്ഥിയായിരുന്ന രവി തിരിയുന്നതെങ്കിലും, അയാൾ തൃഷ്ണകളുടെ ഉഷ്ണമേഖലകളിൽ നട്ടം തിരിയുന്നുണ്ട്.  ഒരു ഭാഗത്ത് പദ്മയോടുള്ള പ്രണയമുണ്ട്, മറുഭാഗത്ത് അടരുവാൻ വയ്യാത്ത ഗ്രാമത്തിനോടുള്ള പ്രണയവും.  പുറപ്പെട്ടെങ്കിലും പുറത്തുകടക്കാനാവാത്ത വേളയിലെ ഒരു  അന്തിമ തിരഞ്ഞെടുപ്പാവണം ബസ് കാത്തുള്ള എന്നെന്നേയ്ക്കുമായുള്ള കിടപ്പ്.  


വ്യവഹാരങ്ങളൊക്കെയും ഖസാക്ക് നമ്മിലേക്ക് പകർന്നത് വാക്കുകൾക്ക് അപ്പുറത്തുള്ളൊരു ഭാവനാപ്രപഞ്ചത്തിലേക്ക് അന്നോളമില്ലാതിരുന്നൊരു ഭാഷയിലൂടെ വായനക്കാരനെ വഴിനടത്തിയാണ്.  അതൊരിക്കലും മറ്റൊരു ഭാഷയിലേക്ക് സാധ്യമാവുകയില്ല. കാരണം സംവേദനം ഭാഷയിലൂടെ ആയിരുന്നില്ല.   ട്രാൻസ്ലേറ്ററുടെ ഭാഷയും ശൈലിയുമാണ് വായനക്കാരനെ ആദ്യന്തം പിടിച്ചിരുത്തേണ്ടത്. ഇംഗ്ലീഷ് പതിപ്പ് ഏറെയും വായിച്ചത് മലയാളമറിയാത്ത മലയാളികളാവാം, പിന്നെ ഖസാക്കിൻ്റെ മഹത്വം കേട്ടറിഞ്ഞവരും. അങ്ങിനെയൊരാളുമായി സംസാരിച്ചതിൽ നിന്നും എനിക്കു മനസ്സിലായത്, അദ്ദേഹത്തിന് ഇംഗ്ലീഷ് വായനയിൽ നിന്നും കിട്ടിയത് ഫിക്ഷനല്ല, മറിച്ച് ഫിക്ഷൻ്റെ ഒരു സംക്ഷിപ്തരൂപമാണെന്നാണ്.   ഇംഗ്ലീഷ് പതിപ്പ് വാങ്ങുന്നതിലേക്ക് എന്നെ നയിച്ചത് എഴുത്തുകാരൻ തന്നെ നടത്തിയ മൊഴിമാറ്റം മറിച്ചുനോക്കുവാനുള്ളൊരു വിവർത്തകൻ്റെ കൌതുകമാണ്.  


സാധാരണ മനുഷ്യരുടെ അസാധാരണ ലോകമാണ് ഖസാക്ക് നമുക്കു മുന്നിൽ തുറന്നിട്ടത്, മതങ്ങൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അപ്പുറമുള്ള ആത്മീയതയുടെയും സ്വാതന്ത്ര്യബോധത്തിൻ്റെയും ഒരു ലോകത്തെ അതു തുയിലുണർത്തുന്നു. കഥാപാത്രത്തെയും എഴുത്തുകാരെയും വിധിച്ചുമാത്രം പരിചയമുള്ള വായനയ്ക്ക് എളുപ്പം ചെന്നെത്താനാവാത്ത ഒരു ലോകം. കുഞ്ചുവെള്ളയെ ദേവകിയായി പുനർജ്ജനിപ്പിച്ച എഴുത്തുകാരൻ്റെ  ഇഷ്ടവിഷയമാണ് ആത്മാവിൻ്റെ പുനർജ്ജനി.  നിരന്തര വായനകളിലൂടെ, വ്യാഖ്യാനങ്ങളിലൂടെ കഥാപാത്രങ്ങൾ പുനർജനിക്കട്ടെ, ഇതിഹാസം തുടരട്ടെ. . 


മധുസൂദൻ. വി