Friday, May 22, 2020

ശൂന്യഭാവിയിലേക്കുള്ള വീഴ്ചകൾ


രണ്ടാം ലോകമഹായുദ്ധത്തിൽ പസഫിക് മേഖലകളിൽ വർഷിച്ച മൊത്തം ബോംബുകളേക്കാൾ കൂടുതൽ അമേരിക്ക വർഷിച്ചത് വടക്കൻ കൊറിയയിലായിരുന്നു. കൊറിയ വടക്കും തെക്കുമായത് അതിനു ശേഷമല്ലേയെന്ന വാദമുണ്ടാവാം. ഭൂമിശാസ്ത്രപരമായി എടുക്കുകയാവും നല്ലത്. ഒന്നൊഴിയാതെ മുഴുവൻ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിർമ്മിതികളത്രയും കല്ലിൻമേൽ കല്ല വശേഷിക്കാതെ അമേരിക്ക ബോബ് വർഷിച്ച് തകർത്തു. വിളകളത്രയും വെള്ളപ്പൊക്കം കൊണ്ടു പോകുവാനായി ഡാമുകളത്രയും ബോംബിട്ടു തകർത്തു.ഭാവനയിൽ കൂടി കാണുക സാധ്യമല്ലാത്തത്രയും  നാശനഷ്ടങ്ങളുടെ വ്യാപ്തിയും ജീവഹാനിയും രാജ്യം നേരിട്ടു.  അംഗഭംഗം വന്നു മൃതപ്രായരായവർ ദുരിതക്കാഴ്ചയായി. ജാപ്പ് സാമ്രാജ്യത്വം സാംസ്കാരികമായി നശിപ്പിക്കാൻ പരമാവധി ശ്രമിച്ച് സ്വന്തം രാജ്യത്ത് അതിന്റെ പൗരൻമാരെ രണ്ടാം കിടക്കാരാക്കിയ ഭൂതകാല ദുരന്തത്തിനു മീതെയാണ് അമേരിക്കൻ ബോംബുകൾ തീമഴയായി പെയ്തത്.

അങ്ങിനെ എല്ലാ അർത്ഥത്തിലും  തകർന്നു തരിപ്പണമായ ഒരു ജനതയുടെ പ്രതീക്ഷയായാണ് കിം അധികാരത്തിലേറുന്നത്. ശേഷം കിം കുടുംബവാഴ്ച എന്ന ദുരന്തം.  തന്റെ സാമ്രാജ്യത്വ മോഹം ബോധത്തെ മറികടന്നപ്പോൾ കൊറിയൻ ഏകീകരണത്തിനായി സോവിയറ്റ് ടാങ്കുകളുമായി 1950 തെക്കൻ കൊറിയയിലേക്കു കിം സൈന്യം പാഞ്ഞുകയറി. തെക്കരാവട്ടെ അമേരിക്കൻ പിന്തുണ തേടി. അമേരിക്ക യു എൻ ബാനറിൽ കിട്ടിയ അവസരം മുതലാക്കി. കിമ്മിന്റെ സൈന്യത്തെ ആക്രമിച്ച് ചൈനീസ് അതിർത്തി വരെ തുരത്തിയപ്പോൾ അപകടം മണത്ത ചൈന കിമ്മിനൊപ്പം ചേർന്നതോടെ സമവാക്യങ്ങൾ മാറ്റിയെഴുതപ്പെട്ടു. കിമ്മിനു മാനം പോയില്ലെങ്കിലും 1953 യുദ്ധം അവസാനിക്കുമ്പോഴേക്ക് 30 ലക്ഷം ജീവൻ പൊലിഞ്ഞു.

അങ്ങിനെ ജപ്പാനും അമേരിക്കയും റഷ്യയും കിം കുടുംബവും അവരുടെ സ്വകാര്യ സ്വത്തായ ഒരു പാർട്ടിയും ചേർന്ന് നശിപ്പിച്ചതും നശിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ദരിദ്ര ജനതയുടെ ദാരുണ ചിത്രമാണ് യോൻമി പാർക്കിന്റെ ഇൻ ഓർഡർ റ്റു ലിവ്. ജീവിക്കാൻ വേണ്ടി രാജ്യത്തു നിന്നും ഓടി രക്ഷപ്പെട്ട, ശ്രമത്തിനിടെ ചൈനീസ് ഇടനിലക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു പതിമൂന്നുകാരിയുടെ,മകളെ രക്ഷിച്ചെടുക്കാൻ റേപ്പിസ്റ്റുകൾക്ക് തന്നെത്താൻ സമർപ്പിച്ച ഒരമ്മയെ ഒക്കെ കാണുമ്പോഴാണ് സോഷ്യലിസം, ജനാധിപത്യം എന്നതൊക്കെയും ഏകാധിപതികളുടെ കൈകളിലെത്തിയാൽ ഒരു രാജ്യത്തിന്റെ അവസ്ഥ, അവരുടെ പെൺമക്കളുടെ ജീവിതം ഒക്കെ എങ്ങിനെയാണെന്നറിയുക. അരനൂറ്റാണ്ടോളം ഒരു രാജ്യത്തെ തന്റെ ഉരുക്കുമുഷ്ടിയാൽ ഭരിച്ചുമുടിച്ച കിം ഇൽ സുങ് 1994 എൺപത്തി രണ്ടാം വയസ്സിൽ മരിക്കുബോൾ യോൻമി പാർക്കിന് വയസ്സ് 9. അതിനകം സ്വയം ഒരുകൾട്ട് ഫിഗറാക്കി ഭരിക്കാനായി ജനിച്ച വിമോചനത്തിന്റെ പ്രവാചക പരിവേഷം ഏതൊരു സ്വേച്ഛാധിപതിയെയും പോലെ അയാളും എടുത്തണിഞ്ഞു. അതിനേറ്റവും എളുപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. അവിടെ കുട്ടികൾ കിം സൂക്തങ്ങൾ കാണാപാഠം പഠിച്ചു. വളരെ കഴിവുള്ളവളും സംസ്കാര സമ്പന്നയുമായ തന്റെ അമ്മയടക്കം ജനതയെ വടക്കൻ കൊറിയ പ്രപഞ്ചത്തിന്റെ കേന്ദമാണെന്നും കിം അമാനുഷ സിദ്ധികളുള്ള ആളാണെന്നും ചിരഞ്ജീവിയാണെന്നും ഒക്കെ വിശ്വസിപ്പിച്ചിക്കുവാൻ ഭരണകൂടത്തിനു കഴിഞ്ഞിരുന്നു എന്ന് അവൾ കുറിച്ചിടുന്നു. രാഷ്ട്രം എന്നാൽ കിം രാജ്യസ്നേഹം എന്നാൽ കിമ്മിനോടുള്ള സ്നേഹം എന്ന ഒരു സമവാക്യത്തിലേക്ക് താമസിയാതെ രാജ്യത്തെ പറിച്ചുനട്ടു. 

അമേരിക്ക അതിനകം നശിപ്പിച്ച രാജ്യത്തെ പിന്നീട് വെടക്കാക്കി തനിക്കാക്കുക ഒരു ഏകാധിപതിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അമേരിക്കൻ ബാസ്റ്റാർഡ്സിൽ നിന്നും വിപ്ലവ സർക്കാരിനെ രക്ഷിക്കാൻ എന്ന ന്യായത്തിൽ  രഹസ്യപ്പോലീസ് ഭീകരത അഴിച്ചുവിട്ട് വാണു. ആരെയും എപ്പോഴും അറസ്റ്റു ചെയ്യാം. പിന്നീടുള്ള പീഡനങ്ങളെ അതിജീവിച്ച് ഒരു തിരിച്ചുവരവുണ്ടെങ്കിൽ അതു ശൂന്യമായൊരു ഭാവിയിലേക്കുള്ള വീഴ് മാത്രമാവാം. ഒരിടത്ത് അമ്മ മകളോടു പറയുന്നത് നമ്മൾ മാത്രമേ ഉള്ളൂ എന്നു തോന്നിയാലും ശരി, ചുറ്റുലുമുള്ള പക്ഷികളെയും മൃഗങ്ങളെയും ഭയക്കണമെന്നാണ്,പറയുന്നത് അവ കൂടി കേൾക്കരുത്.  സകമാലിക മലയാളം ഈയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ - ശൂന്യഭാവിയിലേക്കുള്ള വീഴ്ചകൾ.

Wednesday, May 13, 2020

ഗാർഹിക രതിയും കാണാച്ചരടുകളും

ദാമ്പത്യം എന്നതു തൃഷ്ണകളിൽ നിന്നും ഉടലെടുക്കുന്ന, ഉടലുകളെ ചേർത്തുനിർത്തുന്ന ഒരു സമർപ്പിത രതിഭാവവും ലയവുമാണ്.  ഭാവി അനിശ്ചിതത്വങ്ങൾക്കു ആനുപാതികമായി ഏറിയും കുറഞ്ഞുമിരിക്കുന്നതാണ് തൃഷ്ണയുടെ തീവ്രത. ഒന്നിനുമൊരു നിശ്ചയവുമില്ലാത്ത, അനിശ്ചിതത്വവും അസ്ഥിരതയുമാണ് പ്രകൃതിയുടെ ശാശ്വത ഭാവം എന്നു നിരീക്ഷിച്ചിരുന്നു നമ്മുടെ തത്വചിന്തകർ. പ്രകൃതിയുടെ ഒരു സൂക്ഷ്മാംശമായി മനുഷ്യനെയും കണ്ടവർ ചഞ്ചലമായ പ്രകൃതിയിൽ അചഞ്ചലമായ ബന്ധത്തിനായുള്ള ശ്രമങ്ങളെ ചില്ലറ അഹങ്കാരമായാണു വീക്ഷിച്ചത്. ദൈവത്തെ ചിരിപ്പിക്കുവാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭാവിപരിപാടികൾ മൂപ്പരോടു പറഞ്ഞാൽ മതിയെന്ന പഴമൊഴിയുടെ ഉത്ഭവം അവിടെയാവണം. എന്തിലുമേറെയായി സ്വന്തം കഴിവിൽ വിശ്വാസമുള്ള മനുഷ്യൻ സ്വന്തം പദ്ധതികളുമായി മുന്നോട്ടു തന്നെ പോയി. 

'മലയാളിയുടെ ജീവിതം മാറിമറിയാന്‍ ഡാം പൊട്ടണ്ട, തമിഴൻ്റെ ഫാം പൂട്ടിയാല്‍ മതി'


കൃഷി ഒരു സംസ്കാരമാണ്, ആദിമസംസ്കാരത്തിന്റെ  തിരുശേഷിപ്പ്സ്വാഭാവികമായും കർഷകർക്കു  ചൂഷകരാവുക സാദ്ധ്യമല്ല, എളുപ്പം ചൂഷിതരാവുകയാണ്. കടമെടുക്കുന്ന കർഷകൻ കയറെടുക്കുന്നതും  കടമെടുക്കുന്ന വ്യവസായി കടൽ കടക്കുന്നതും പലപ്പോഴായി നാം കാണുന്നതാണ്നീണ്ട അനുഭവങ്ങളെ വാറ്റിയെടുത്ത, പഴകുന്തോറും വീര്യം കൂടുന്ന, ചിന്തകളെ തൊട്ടുണർത്തുന്ന, പഴമൊഴികൾ ഒരോ സംസ്കാരത്തിന്റെയും സൌന്ദര്യമാണ്. കേരളത്തിലെ കാർഷിക മേഖല നമുക്കു സമ്മാനിച്ചത്  പഴഞ്ചൊല്ലുകളുടെ ഒരു ഖനി തന്നെയാണ്. ഒരു സംസ്കാരത്തിനു മാത്രം ഭാഷയ്ക്ക് സംഭാവന ചെയ്യാനാവുന്നതാണ് പഴമൊഴികൾവിത്തുഗുണം പത്തുഗുണമെന്ന  കർഷകരുടെ ആർജ്ജിതമായ അറിവിനു ജീനുകളാണ് സ്വഭാവം ഏറെയും നിർണയിക്കുന്നതെന്നു കണ്ടെത്തി ശാസ്ത്രം അടിവരയിടുന്നത് പിന്നീടാണ്. ചില സ്വഭാവങ്ങൾ മുളയിലേ നുള്ളേണ്ടതാണെന്ന തിരിച്ചറിവും നമുക്കു സമ്മാനിച്ചത് കർഷകരാണ്പതിരില്ലാത്ത കതിരില്ല, കളയില്ലാത്ത വിളയില്ല എന്ന ചൊല്ലിലുണ്ട് പൊതുസമൂഹത്തിന്റെ പരിച്ഛേദം. മലയാളിയുടെ ആർജ്ജിതമായ അറിവിനു പിന്നിലും മലയാളികളെ നമ്പർ വൺ ആക്കിയതിനു പിന്നിലും കർഷകരുടെ വിയർപ്പാണ്, ബോധവും.

രോഗങ്ങൾ ലോകത്തെ ചികിത്സിക്കുമ്പോൾ


മനുഷ്യൻ ചന്ദ്രനിലേക്കു കാലുകുത്തിയത് 1969ലാണെങ്കിൽ, കൊറോണ വൈറസിനെ കണ്ടെത്തിയത് 1960ലാണ്. ചന്ദ്രനിൽ പിന്നെ കാലു കുത്തിയില്ല, കൊറോണയുടെ കാലു കൊത്തിയതുമില്ല. 60 വർഷം മുന്നെ, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ ശാസ്ത്രജ്ഞർ കണ്ടെത്തിയ  കൊറോണയാണ് പല രൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി,  അവതരിച്ചതായി ശാസ്ത്രം കണ്ടെത്തുന്നത്. കണ്ടെത്തലും തിരിച്ചറിവും രണ്ടാണ്. കണ്ടെത്തൽ ബുദ്ധിയുടെ കണക്കിലും തിരിച്ചറിവു വിവേകത്തിന്റെ കണക്കിലും വരവു വെക്കപ്പെടേണ്ടതാണ്. കണ്ടെത്തലുകളുടെ ധാരാളിത്തത്താൽ പരിഹരിക്കാവുന്നതല്ല തിരിച്ചറിവുകളുടെ ഇല്ലായ്മകളും വല്ലായ്മകളും കൊണ്ടുചെന്നെത്തിച്ച ഒരു പ്രതിസന്ധി. അറുപതു വർഷം മുന്നേ മനുഷ്യൻ കണ്ടെത്തിയ ഒരു വൈറസിന് ഇത്രമേൽ വലിയ ഒരാഘാതം മനുഷ്യരാശിക്കുമേൽ പതിപ്പിക്കാനായത് മറ്റെങ്ങിനെയാണ്? ഒന്നുകിൽ  സംഭവ്യമായ അപകടങ്ങളെ നമ്മൾ അവഗണിച്ചു അല്ലെങ്കിൽ നമ്മുടെ മുൻഗണനകളെ അനർഹവും അവിഹിതവുമായ സർവ്വതും അപഹരിച്ചു. മനുഷ്യ ശരീരത്തെ മാത്രമല്ല, ബോധമില്ലാത്ത ഭരണസംവിധാനങ്ങളുടെയും, വിശ്വാസപ്രമാണങ്ങളുടെയും, തത്വദീക്ഷയില്ലാത്ത തത്വചിന്തകളുടെയും,  അസ്തിത്വത്തെ കൂടിയാണ് കൊറോണ പിടിച്ചുലയ്ക്കുന്നത്.