Friday, September 13, 2019

ഗുരു മൂന്നാംകിട ദൈവമല്ല, ഒന്നാംകിട മനുഷ്യന്‍

ഒരു കാല്‍നൂറ്റാണ്ടു മുന്നേയുള്ള നാടിനെ ഓര്‍ത്തെടുക്കുമ്പോള്‍ തന്നെ
മാറിയ സാമൂഹികാവസ്ഥയും പുതിയസമവാക്യങ്ങളും നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ ചിന്തകളെ റീവൈന്‍ഡ് ചെയ്ത് ജാതീയമായ സാമൂഹികക്രമത്തെയും നാട്ടുജീവിതത്തെയും വീണ്ടെടുക്കുമ്പോഴാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചതില്‍ ശ്രീനാരായണഗുരുവിന്റെ പങ്ക് കാണാനാവുക. ഓര്‍ക്കണം, ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും കയറാമെന്നതിന് ഒരു രാജവിളംബരം വേണ്ടിവന്ന നാടാണിത് - 1936 ക്ഷേത്രപ്രവേശന വിളംബരം.

മലയാളഭാഷയില്‍, ഞാന്‍ വായിച്ച ഏറ്റവും ഹൃദ്യമായ വരികള്‍
'മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍'
എന്നതാണ്. 
ആശാനും ഗുരുവും സമ്മേളിച്ച കാലാതീതമായ വരികള്‍. ആശാന്റെ ഭാവനാലോകവും ഗുരുവിന്റെ ചിന്താലോകവും ചേര്‍ത്തു വാറ്റിയെടുത്ത പകരം വെയ്ക്കാനില്ലാത്ത വരികള്‍. മഠങ്ങളുടെ ചുവരുകളിലല്ല, കേരളത്തില്‍ മുഴുവന്‍ സ്ഥാപനങ്ങളുടെ ചുവരുകളിലും ആളുകളെ സ്വാഗതം ചെയ്യേണ്ട വരികളാണവ, മുഴുവന്‍ പാര്‍ട്ടി ഓഫീസുകളിലും ചില്ലിട്ടുവെയ്‌ക്കേണ്ട വരികള്‍.

1968ല്‍ കറുത്തവരുടെ പൗരാവകാശങ്ങള്‍ക്കായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, അദ്ദേഹം കൊലചെയ്യപ്പെടുന്നതിനു തൊട്ടു മുന്‍പ് ടെന്നസിയില്‍ നടത്തിയ പൗരാവകാശ പ്രക്ഷോഭത്തില്‍ ഉയര്‍ത്തിയ ബാനര്‍ 'ഞാനൊരു വ്യക്തിയാണ്,.  മനുഷ്യന്‍' എന്നാണ്. അതിനും വര്‍ഷങ്ങള്‍ മുന്നേയായിരുന്നു ഗുരു ഇവിടെ അതേ പ്രഖ്യാപനം നടത്തിയത്. ഈ ലോകത്ത് കാലത്തിനു മുന്നേ നടന്ന പ്രതിഭകളില്‍ ഒരാളാണു ഗുരു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ കാല-ദേശാതീതമാവുന്നത്.

ചാതുര്‍ വര്‍ണ്യം മയാ സൃഷ്ട - അതായത് നാലുജാതികള്‍ ഉണ്ടാക്കിയതു ഞാനാണ് എന്നു ഭഗവാനെക്കൊണ്ടു ബ്രാഹ്മണന്‍  പറയിച്ചു കൂട്ടിച്ചേര്‍ത്തതായി കുട്ടികൃഷ്ണമാരാര്‍ പറഞ്ഞ ആ ഗീതാവാക്യത്തിനുള്ള കൃത്യമായ മറുപടികളാണ് താഴെയുള്ള താഴെയുള്ള ഗുരുവചനങ്ങളത്രയും.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതില്‍
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?
പറച്ചിയില്‍ നിന്നു പണ്ട് പരാശര മഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.

ജാതിക്കുമപ്പുറം മതത്തിന്റെ വേലിക്കെട്ടുകള്‍ കൂടി തകര്‍ത്തെറിഞ്ഞു പുതിയ സമൂഹ സൃഷ്ടിയുടെ സ്വപ്‌നമാണ്

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണ്ിത്
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.

എന്നീ പ്രഖ്യാപനങ്ങളില്‍...

അവിടെ നിന്നും ഗുരുചിന്തകള്‍ വീണ്ടും മുന്നോട്ടു പോവുകയാണ് - വിശ്വാസമല്ല, അറിവാണ് ആയുധമെന്ന പ്രഖ്യാപനത്തിലേയ്ക്ക്, ശക്തമായ സംഘടനകളുടെ തിരുത്തല്‍ ശേഷിയിലേക്ക്, സാമ്പത്തിക പുരോഗതിയിലൂടെയുള്ള സാമൂഹികവിപ്ലവത്തിലേയ്ക്ക്. വിദ്യകൊണ്ടു പ്രബുദ്ധരാകുവാനും സംഘടനകൊണ്ടു ശക്തരാകുവാനും പ്രയത്‌നം കൊണ്ടു സമ്പന്നരാകുവാനും ഗുരു ഉപദേശിച്ചു.

ഏതുവഴിയിലൂടെയും സമ്പന്നരാവാന്‍ ആളുകള്‍ നെട്ടോട്ടമോടുന്ന കാലമാണ്.  സമ്പത്തുകൊണ്ടു എല്ലാ കൊള്ളരുതായ്മകളെയും റദ്ദുചെയ്യാവുന്ന കാലവുമാണ്. ആ കാലത്ത് പ്രയത്‌നത്തില്‍ മാത്രം ഊന്നിയ സാമ്പത്തിക ഉന്നമനം, സമ്പദ്‌സൃഷ്ടി എന്നതു എന്തുമാത്രം പ്രസക്തവും സുന്ദരവുമായ ആശയമാണ്. സായിപ്പിന്റെ കൊട്ടിഘോഷിക്കുന്ന കോണ്‍ഷ്യസ് കാപ്പിറ്റലിസം വേറെയെന്താണ്? 

സമ്പത്തിനോടോ സുഖജീവിതത്തിനോടോ മമതയില്ലാത്ത ഒരു യോഗിയെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ അവസാന പ്രഖ്യാപനം. എല്ലാ പ്രവാചകരെയും പരീക്ഷിക്കാനായി ദൈവം കുറച്ചു ശിഷ്യരെ അങ്ങോട്ടയച്ചുകൊടുക്കും എന്നു പറഞ്ഞതാരാണെന്നറിയില്ല. അജ്ജാതി ശിഷ്യരെ കൊണ്ടു പൊറുതിമുട്ടിയ പ്രവാചകന് ഒടുവില്‍ ഗത്യന്തരമില്ലാതെ ഒരു വിളംബരം പുറപ്പെടുവിപ്പിക്കേണ്ടിവന്നതും ചരിത്രം. ക്ഷേത്രത്തില്‍ ജാതിഭേദമന്യേ പ്രവേശിക്കാമെന്ന ആ രാജവിളംബരം പോലെ താന്‍ ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ലെന്ന ഗുരുവിളംബരവും നവോത്ഥാന ചരിത്രത്തിന്റെ ഭാഗമാണ്. ഒരുജാതി ഒരുമതത്തില്‍ നിന്നും മതാതീതനായി ഉയര്‍ന്ന ഗുരുവാണ് വിളംബരത്തില്‍.

കാലത്തിനുമുന്നേ, അത്യുന്നതങ്ങളില്‍ സഞ്ചരിക്കുന്നവരെ എത്തിപ്പിടിക്കാന്‍ പറ്റുന്നില്ലെങ്കില്‍, വലിച്ചു താഴെയിട്ടു നമുക്കൊപ്പം നടത്തിക്കുന്നതാണ് നടപ്പുരീതി. 'ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം'' എന്ന അയ്യങ്കാളി വചനത്തോടെ, ഗുരുസ്മരണ മുഴുമിപ്പിക്കുന്നു.