Wednesday, February 24, 2021

മഹതികളുടെ കണ്ണിലൂടെ മഹാത്മാവിനെ നോക്കുമ്പോൾ

 
സ്വജീവിതം കൊണ്ട് പേർത്തും പേർത്തും നമ്മെ ചില മൂല്യങ്ങളെ പറ്റി നിരന്തരം ഓർമ്മിപ്പിക്കുന്നതും സംവദിപ്പിക്കുന്നതുമാണ് ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന.  നാവുകൊണ്ടു പറയുവാനുള്ളതല്ല, ജീവിതം കൊണ്ടു കാണിക്കുവാനുള്ളതാണ് ആശയം എന്ന ബോധമാണ് ബുദ്ധൻ. അതു പകർത്തിയപ്പോഴാണ് ഒരു ദുർബല ശരീരത്തിനു പിന്നിൽ ലോകത്തെ അഞ്ചിലൊന്നു ഭാഗം ജനത അണിനിരന്നതും, സൂര്യനസ്തമിക്കാത്ത നാടു മുട്ടുകുത്തിയതും. ചരിത്രത്തിൽ കാരണങ്ങൾ പലതുമുണ്ടാവാം, അതത്രയും ഉൾപ്രേരകങ്ങളാണ്, ഗാന്ധിയൻ മൂവ്മെൻ്റ് അനിഷേധ്യമായ ഒരു യാഥാർത്ഥ്യവും. മഹാൻമാരായി അനുയായികൾ തള്ളിമറിക്കുന്ന പലരെയും ജനത പരിഹസിക്കുന്നതിനു പിന്നിലെ ബോധത്തെ വഴിനടത്തുന്നതും ബുദ്ധനാവണം. പോയി ജീവിച്ചു കാണിക്കരുതോ എന്നു പറയിക്കുന്നതും ആ പാരമ്പര്യമാണ്. അതിജീവനത്തിൻ്റെ കരുത്ത് ആശയങ്ങൾക്കുണ്ടെങ്കിൽ കാലാതീതമായി അവ നിലകൊള്ളും. അല്ലാത്തത് കാലഹരണപ്പെടും. ഗാന്ധിയും ഗാന്ധിയൻ ചിന്തകളും ലോകം ശ്രദ്ധിക്കുന്നതും, ആരാധകർ ഏറുന്നതിനും കാരണം അതിൻ്റെ ആ കരുത്താണ്. അതിനെ മുന്നോട്ടെടുക്കാൻ വേണ്ടത് ഗാന്ധിയെ വിഗ്രഹവല്ക്കരിക്കുകയല്ല, മറിച്ച്  നിരന്തരമായി വായിക്കപ്പെടുകയാണ്.

ഗാന്ധി അവശേഷിപ്പിച്ച ഒരു ധാർമ്മിക ബോധമുണ്ട്.  അതിൻ്റെ മകുടോദാഹരണമാണ്  മോഹൻദാസ് ഗാന്ധിയും മകൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള ബന്ധം. അച്ഛനും മകനും തമ്മിലുള്ള  പ്രായ വ്യത്യാസം വെറും 18 വർഷം. ഹരിലാൽ ഗാന്ധിജിയെ വെറുത്തു. കാരണം ഇംഗ്ലണ്ടിലെ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പ് തനിക്ക് ഇല്ലാതാക്കിയത് ഗാന്ധിജിയാണെന്ന സംശയമാണ്. മദ്യപിച്ചു ലക്കുകെട്ട്  പിതാവിൻ്റെ ശവസംസ്കാരത്തിൽ ഹരിലാൽ പങ്കെടുത്തത് ഒരു കാഴ്ചക്കാരനായാണ്, ആർക്കും  അയാളെ മനസ്സിലായതുമില്ല.  ക്ഷയരോഗ ബാധിതനായി ഹരിലാലും ഗാന്ധിജി രക്തസാക്ഷിയാവുന്നതും 1948ൽ, വെറും നാലുമാസത്തെ വ്യത്യാസം. മുംബൈയിലെ കാമാത്തിപ്പുരയിൽ നിന്നും അവശനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹരിലാൽ ഒരിക്കലും ഗാന്ധിജിയുടെ മകനാണ് താനെന്ന് പറഞ്ഞില്ല. ഇന്ത്യയിലെ, ലോകത്തിലെ സകല സംവിധാനങ്ങളും, അയാൾ ഗാന്ധിജിയുടെ മകനാണെന്ന് അറിഞ്ഞെങ്കിൽ ഉണർന്നു പ്രവർത്തിച്ചേനെ, ലോകത്തിലെ മികച്ച ചികിത്സ ലഭിച്ചേനെ. ഹരിലാൽ ഗാന്ധി നാമം ദുരുപയോഗം ചെയ്തില്ല. സ്ഥാനം ജന്മാവകാശമാണെന്നു കരുതി നടക്കുന്ന ലോകത്ത്, ഗാന്ധിയെ ഉൾക്കൊള്ളാനാവാത്ത പിതാക്കളുടെ മക്കൾക്ക്,   അച്ഛൻ്റെ സ്ഥാനം ദുരുപയോഗിക്കാത്ത ഹരിലാലിനെയെങ്കിലും മാതൃകയാക്കാവുന്നതാണ്. സമകാലിക മലയാളം പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ ലിങ്ക് ഇവിടെ മഹതികളുടെ കണ്ണിലൂടെ മഹാത്മാവിനെ നോക്കുമ്പോൾ