Friday, June 19, 2020

കീഴ്വഴക്കങ്ങളെ പ്രണയിക്കാത്ത നെഹറു, എഡ്വിനയും

സമാനതകളില്ലാത്ത കൊള്ളകൾക്കൊടുവിലായി അനിവാര്യമായും അടിയറവു പറയേണ്ടിവന്ന ബ്രിട്ടൻ, ഊരാക്കുടുക്കിൽ നിന്നും  സുരക്ഷിതവും മാന്യവുമായ ഒരു  വിടവാങ്ങലിലേക്കു തങ്ങളെ നയിക്കാൻ കണ്ടെത്തിയ മിശിഹയായിരുന്നു നീലക്കണ്ണുകളുള്ള രാജകുമാരൻ അഥവാ വൈസ്രോയ്. തന്റെ നീലക്കണ്ണാഴങ്ങളിലും ചെറുചിരിയിലും മനമറിയുന്ന വാക്കുകളിലും ആരെയും തളച്ചിടുന്ന മൌണ്ട് ബാറ്റൺ എന്ന നയതന്ത്ര മാന്ത്രികൻ. കൂടെ പടക്കത്തിനു   തീകൊടുത്ത് പെട്രോൾ ടാങ്കിലിട്ടതു  പോലെ എന്ന് എഴുത്തുകാരി വിശേഷിപ്പിച്ച എഡ്വിനയും. കാലം 1947, ഡൽഹിയിലെ മാർച്ച് ഏപ്രിൽ. മൌണ്ട് ബാറ്റൺ തിരക്കിട്ട ചർച്ചകളിലാണ്.  മറ്റേതു ലക്ഷ്യത്തെക്കാളുപരിയായി തന്നിലർപ്പിക്കപ്പെട്ട തലയൂരലിന്റെ ആദ്യപടി എല്ലാവരെയും ചേർത്തു നിർത്തുവാനുള്ള ഭഗീരഥ പ്രയത്നമാണ്, ജവഹർലാൽ നെഹറുവും മുഹമ്മദലി ജിന്നയും പിന്നെ മറ്റനവധി നേതാക്കളുമായി ഇഴയകൽച്ചയില്ലാത്ത ബന്ധത്തിന്റെ ഊടും പാവും നെയ്യുകയാണ് ഡിക്കി. ലക്ഷ്യം ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്ന ഒരു ഉടമ്പടി. ഓപ്പറേഷൻ സെഡക്ഷൻ തുടങ്ങിയിരിക്കുന്നു, ഓപ്പറേഷനിൽ എഡ്വിന തീർച്ചയായും ഒരു മാരകായുധവും.

കുറച്ചു ദിവസങ്ങൾ മുന്നേ ലണ്ടൻ മെയിൻ പോസ്റ്റ് ഓഫീസിലെ നീണ്ട ക്യൂ.   ക്യൂവിലെ ആൾക്കൂട്ടിത്തിനിടയിൽ വളരെ പ്രായമായ ഒരാൾ രണ്ടു സ്ത്രീകൾ അടക്കം പറയുന്നതു കേൾക്കുന്നു – അറിയുമോ ആ നിൽക്കുന്നതു ലേഡി മൌണ്ട്ബാറ്റണാണ്. അതു കേട്ട അയാൾ പതുക്കെ അങ്ങോട്ടേക്കു നടന്നു ചെന്നു, തൊപ്പിയൂരി ഉപചാരപൂർവ്വം ക്യൂവിൽ മുന്നിലുള്ള സ്വന്തം  സ്ഥാനം അവരോടു എടുത്തോളാൻ പറഞ്ഞു. ഹൃദ്യമായൊരു മന്ദസ്മിതത്തോടെ അവർ ആ വാഗ്ദാനം നിരസിച്ചു, അവരുടെ ഊഴം വന്നിട്ടു മതി എന്നു സവിനയം പറഞ്ഞു. പക്ഷേ വൃദ്ധൻ വിട്ടില്ല. തന്റെ വടി ഊന്നി ഒന്നു മുന്നോട്ടാഞ്ഞ്  പതുക്കെ പറഞ്ഞു,  എന്റെ മോൻ ആർതർ ബർമ്മയിലെ ജാപ്പനിസ് യുദ്ധത്തടവുകാരനായിരുന്നു. ഒരുപാടു നന്ദിയുണ്ട്...
അവർ പുഞ്ചിരിച്ചുകൊണ്ട് തന്റെ കൈകൾ അദ്ദേഹത്തിനു നേരെ നീട്ടി. ആ കണ്ണുകൾ പ്രകാശമാനമായി.. അവരൊന്നും പറഞ്ഞില്ല,  വൃദ്ധൻ തുടർന്നു.... ലേഡി മൌണ്ട് ബാറ്റൺ ആ കാമ്പിലേക്കു ചെന്ന ദിവസമാണ് ജീവൻ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയുണ്ടായത് എന്നാണെന്നോടു മോൻ പറഞ്ഞത്.
അയാളുടെ മകനെ കുറിച്ചുള്ള ഉത്ക്കണ്ഠകൾ എഡ്വിനയുടെ നെറ്റിയിൽ  ചുളിവുകളായി മാറി.
അവൻ നന്നായിരിക്കുന്നു, അവൻ പെഗ്ഗിയെ, അവന്റെ പെണ്ണിനെ കെട്ടിയത് കഴിഞ്ഞ മാസമാണ്. വലിയ താമസമില്ലാതെ ഒരു മുത്തച്ഛനാവും എന്ന പ്രതീക്ഷയിലാണു ഞാനും.
നന്നായി, എന്തൊരദ്ഭുതമാണു ജീവിതം.. അവന്റെ പെഗ്ഗി അവനെയും കാത്തിരുന്നുവോ? ഇത്ര കാലവും?
ബർമീസ് കാടുകളിലെവിടെയോ വലിച്ചെറിയപ്പെടുമായിരുന്ന ഒരു ജീവനുവേണ്ടി ഒരു പെണ്ണിന്റെ കാത്തിരിപ്പിനെ പറ്റി ആ വൃദ്ധന് ഒരു പക്ഷേ ഒന്നും തോന്നണമെന്നില്ല. എഡ്വിനക്കാവട്ടെ അപ്പോൾ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
എഡ്വിന ഒന്നു മുന്നോട്ടാഞ്ഞ് ആ വൃദ്ധന്റെ കവിളിൽ ഒരു സ്നേഹചുംബനം പതിപ്പിച്ചു...
ഇതെന്നിൽ നിന്നും, അവനു കൊടുത്തേക്കുക....
അതായിരുന്നു എഡ്വിന.

അതിസമ്പന്ന കുടുംബ പാരമ്പര്യത്തിൽ നിന്നും ഇന്ത്യൻ രാഷ്ടീയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സോഷ്യലിസ്റ്റ്, സെക്യുലർ വീക്ഷണങ്ങളുടെ ആരാധകൻ നെഹറു,    സോഷ്യലിസ്റ്റ് വൈസ്രോയി ലോർഡ് മൌണ്ട് ബാറ്റൺ,  അതിസമ്പന്നയും  സോഷ്യലിസ്റ്റും  സോഷ്യലൈറ്റും സുന്ദരിയുമായ  വൈസറിൻ എഡ്വിന.  ദശകങ്ങളായി താനറിഞ്ഞ ബ്രിട്ടനായിരുന്നില്ല, താമസംവിനാ നെഹറു ഡിക്കിയിലൂടെയും എഡ്വിനയിലൂടെയും കണ്ട ബ്രിട്ടൻ.  ഒരു ഭാഗത്ത് നെഹറുവും ജിന്നയുമായി ഡിക്കി സംസാരിച്ചുകൊണ്ടിരിക്കുന്നു.

മറുഭാഗത്ത് ഒരു ചെറുചിരിയോടെ അങ്ങോട്ടു ചെന്നു വിജയലക്ഷ്മി പണ്ഡിറ്റിനെ തന്റെ വാക്കുകളിൽ വീഴ്ത്തുന്ന എഡ്വിനയെ  നോക്കുക.
താങ്കളറിയുമോ എന്നറിയില്ല, ഗാന്ധിജി തീർത്തും ശരിയാണ് എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതു യാഥാർത്ഥ്യമാവാൻ, ഞങ്ങളാൽ കഴിയുന്ന എന്തും ഞങ്ങൾ ചെയ്യാൻ പോവുകയാണ്.”
ഒരു ബ്രിട്ടീഷ് വൈസറിന്റെ നാവിൽ നിന്നും അതു കേൾക്കുവാൻ കഴിയുമെന്നു ഒരിക്കലും പ്രതീക്ഷിക്കാനിടയില്ലാത്ത ഒരു നേതാവിനെയാണ് ഒരു മന്ദസ്മിതത്താൽ, നാലുവാക്കുകളുടെ തൂവൽത്തല്ലാൽ എഡ്വിന വീഴ്ത്തിയത്.

Friday, June 12, 2020

സൌഹൃദങ്ങളെ തൊട്ടറിഞ്ഞ സോഷ്യലിസ്റ്റ്


രാമന്റെ ദു:ഖത്തിലാണ് കഥയില്ലാത്തവർ കലിതുള്ളാനിരിക്കുന്ന കാലത്തെ  എം.പി വീരേന്ദ്രകുമാർ ഓർമ്മിപ്പിക്കുന്നത്.  അദ്ദേഹം കടന്നുപോയി,  കഥയും കലിയും കാലനും കാലവും തുടരുന്നു. രാമന്റെ ദു:ഖം അടയാളപ്പെടുത്തുന്നത് അയോധ്യയിലെ പള്ളിപൊളി മാത്രമല്ല, അരനൂറ്റാണ്ടായിട്ടും കൌമാരാവസ്ഥയിലുള്ള ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്. ബഹുസ്വതരതയുടെയും ദർശനസമന്വയങ്ങളുടെയും  വിളനിലത്ത്, ബ്രഹ്മചര്യം തപസ്സിനെ അളന്ന കാലത്ത് കാമകലകളിൽ ഗവേഷണം നടത്തിയ വാത്സ്യായനും ബലിമൃഗം സ്വർഗത്തിൽ പോവുമെങ്കിൽ മടിയാതെ മാതാപിതാക്കളെ തട്ടി അവർക്ക് സ്വർഗം ഉറപ്പാക്കരുതോ എന്നു ചോദിച്ച ചർവ്വാകനും മഹർഷി പദവി ഉറപ്പായിരുന്ന മണ്ണിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയം തകർന്നുവീണത്. ജനാധിപത്യത്തിൽ നിയമവാഴ്ചയല്ലാതെ മനുഷ്യവാഴ്ച അനുവദനീയമല്ല എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.  അകാരണമായി വീര്യം പ്രദർശിപ്പിക്കാത്ത രാമനെയും സന്ന്യാസത്തെ ജ്ഞാനവൈരാഗ്യലക്ഷണമെന്നു നിർവ്വചിച്ച ആദിശങ്കരനെയുമാണ് യഥാക്രമം കർസേവകർക്കും അവരെ നയിച്ച സന്ന്യാസികൾക്കുമെതിരെ അദ്ദേഹം പ്രയോഗിക്കുന്നത്.  വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളല്ല നമുക്കു വേണ്ടത് എന്നദ്ദേഹം പറയുന്നത് സ്വയം അധ:പതിച്ച ഒരുവനല്ലാതെ മറ്റൊരുവനെ വെറുക്കാനാവില്ല എന്ന വിവേകാനന്ദസൂക്തത്തെ മുൻനിർത്തിയാണ്. എഴുത്തിലെ സൂക്ഷ്മതയും കൃത്യമായ വാക്കുകളുടെ പ്രവാഹവും ഇതിഹാസങ്ങളിലുള്ള അറിവും കാലികമായ സ്വയം നവീകരണവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

ജനാധിപത്യത്തിന്റെ നന്മകളേറെയൊന്നും വളർന്നില്ല, തിന്മകളാവട്ടെ പനപോല വളരുകയും ചെയ്തു. ജനാധിപത്യക്രമത്തിൽ എളുപ്പവഴിയിൽ ക്രിയചെയ്താൽ ലഭിക്കുന്ന സ്വേച്ഛാധികാരത്തിന്റെ  അടവുനയ രാഷ്ട്രീയം പയറ്റുന്നവരുടെ ലോകത്ത് അദ്ദേഹം വ്യത്യസ്തനായത് അറിവു കൊണ്ടാണ്, അത് അവതരിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്, അതിനുള്ള ശേഷി കൊണ്ടാണ്, അതിനുള്ള വിഭവങ്ങളത്രയും സ്വന്തമായി ഉണ്ടായിരുന്നതു കൊണ്ടുമാണ്.  പലർക്കും ലഭ്യമല്ലാതിരുന്ന വിഭവങ്ങളത്രയും  ചേരുംപടി ചേർന്നതിനു മീതെ പരന്ന വായനയും എഴുത്തും നിരന്തരം പ്രതിഭകളുമായുള്ള സംവാദങ്ങളും  രൂപപ്പെടുത്തിയ  മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല.