Sunday, May 8, 2022

വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും

സമകാലിക മലയാളം വാരിയിൽ വായിക്കുവാൻ ലിങ്കിവിടെ വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും


ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്കാരം.  മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനിൽ നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്. അതുണ്ടെങ്കിൽ മാനുകൾ മേയാതെ  ചത്തുപോകുമായിരുന്നു. സുഖകരമായൊരു സുരതത്തിലെ രതിമൂർച്ഛപോലെ, മരണത്തെ നമുക്ക് ആസ്വദിക്കാനാവാത്ത
ത് എന്തുകൊണ്ടാവും? ഓഷോയുടെ മരണം ജീവിതത്തിൻ്റെ അന്ത്യമല്ല, മറിച്ച് ജീവിതത്തിൻ്റെ മൂർദ്ധന്യാവസ്ഥയാണ്.  ജീവശാസ്ത്രപരമായി ശ്വാസമുണ്ടെന്നതാവും ജീവിക്കുന്നതിൻ്റെ തെളിവ്.  പലരും ഈ ലോകത്ത് കഴിഞ്ഞുകൂടുമ്പോള്‍ അപൂര്‍വ്വം ചിലരാണ്  ജീവിക്കുന്നത് എന്നു നിരീക്ഷിച്ചിരുന്നു ഓസ്‌കര്‍ വൈല്‍ഡ്‌. ജീവിതത്തെ അതിൻ്റെ പൂർണമായ അർത്ഥത്തിൽ, ഭൂതത്തിനും ഭാവിക്കും വിട്ടുകൊടുക്കാതെ വർത്തമാനത്തിൽ ഉറപ്പിച്ചുനിർത്തുന്ന ഒരാൾക്ക് മരണഭയം ഉണ്ടാവുകയില്ല. അവർക്കത് ജീവിതത്തിൻ്റെ ഉച്ഛസ്ഥായി പ്രാപിക്കലാണ്, അന്തിമമായ ഒരു രതിമൂർച്ഛ. ഓഷോയുടെ അന്വേഷണങ്ങളിൽ  ആത്മീയതയുണ്ട്, ഭൌതികതയുണ്ട്, ഇസ്ലാമുണ്ട്, ഹിന്ദുവുണ്ട്, കമ്മ്യൂണിസമുണ്ട്, പല തത്വചിന്തകളുണ്ട്. ഓഷോയുടെ ആൾവഴികളന്വേഷിച്ചാൽ  നാമെത്തിനിൽക്കുക ഗൂർഡ്ജീഫിലാണ്, റാസ്കൽ സെയിൻ്റ് അഥവ് തെമ്മാടിയായ സന്ന്യാസി എന്നറിയപ്പെട്ട ജോർജ് ഇവാനോവിച്ച് ഗുർഡ്ജീഫിൽ. റഷ്യൻ വിപ്ലവത്തോടെ റഷ്യ വിട്ടു ഫ്രാൻസിലേക്കു മാറിയ മിസ്റ്റിക് ഗുരു. സ്വാഭാവികമായും ഓഷോവിന് ആ സ്വീകാര്യത യൂറോപ്പിലും അമേരിക്കയിലും കിട്ടിയതിന് ഒരു കാരണം അതാവാം. ഓഷോയിലേക്ക്, ഷീലയിലേക്കുമുള്ള ഒരു വായനാനുഭവമാണിത്. 

പ്രതിഭകളുടെ കണ്ണിലെ ഓഷോ, ഷീലയുടെയും

ചിന്തകളുടെ മൌലികത, ലാളിത്യമാർന്ന അതിമനോഹര വാചകങ്ങളിൽ ആറ്റിക്കുറുക്കിയ മൌനം കടഞ്ഞെടുത്ത മൊഴികൾ, മനോഹരമായ കഥകളിലൂടെയുള്ള ആവിഷ്കാരം, വിറ്റും വിസ്ഡവും നിറയുന്ന സംഭാഷണങ്ങളെന്ന പ്രഭാഷണങ്ങൾ. ഓഷോയുടെ ചിന്തകൾ പലതലമുറകളെ മഥിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒത്തുതീർപ്പുകളിൽ ഉഴറാതെ, ആകർഷകമായ ജീവിതം സ്വന്തം ക്ലോക്കിനു കണക്കായി ചിട്ടപ്പെടുത്തി  ജീവിക്കുക പ്രതിഭകൾക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്.   ഓഷോയും ഷീലയും കെട്ടിപ്പടുത്ത ഒരു സാമ്രാജ്യം ഉണ്ടായിരുന്നു.   

മാ ആനന്ദ് ഷീല - വിവാദങ്ങൾ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവൾ, വിവാദങ്ങളുടെ, അഭ്യൂഹങ്ങളുടെ, ഗോസിപ്പുകളുടെയും മറവിലായിപ്പോയ സ്വജീവിതത്തെ അവർ അടയാളപ്പെടുത്തുന്നുണ്ട് ബൈ മൈ ഔൺ റൂൾസ് എന്ന ആത്മകഥയിൽ.  പുസ്തകത്തിൽ ഒരിടത്തും അവർ ഓഷോ എന്നു പറയുന്നില്ല,  ഭഗവാൻ എന്നുമാത്രമാണ് ഉപയോഗിക്കുന്നത്.  1980കളിൽ അവർ ശ്രീ രജനീഷ്, ഓഷോയുടെ  പേഴ്സണൽ സെക്രട്ടറി ആയിരുന്നു, പിന്നീട് ഒറിഗോൺ വാസ്കോ കൗണ്ടിയിലെ രജനീഷ് കമ്മ്യൂൺ മാനേജരും.  ആ യാത്ര അവസാനിച്ചത് അമേരിക്കൻ ജയിലിലാണ്, ശിക്ഷ ഇരുപതു വർഷത്തേക്കു തടവ്, നല്ല നടപ്പിനെ മാനിച്ച് മൂന്നുവർഷത്തെ  ജയിൽ വാസത്തിനു ശേഷം സ്വതന്ത്രയായി. ഓഷോയുമായി, ഓഷോയുടെ അധ്യാപനങ്ങളുമായി നിത്യപ്രണയത്തിലാണ് ഷീല. ഓഷോ പകർന്ന ഊർജ്ജത്തിന് അടിവരയിടുകയാണ് ശേഷാശ്രമ ജീവിതത്തിൽ തൻ്റെ ദൌത്യങ്ങളിലൂടെ ഷീല. എൻ്റെ കഥ എൻ്റെ തന്നെ വാക്കുകളിൽ, എന്ന വിശേഷണത്തോടെയുള്ള ബൈ മൈ ഔൺ റൂൾസ്   തൻ്റേതായ പതിനെട്ട് നിയമങ്ങളുടെ പതിനെട്ട് അധ്യായങ്ങളാണ്.  

വീട്, കുടുംബം എന്നതിൽ നിന്നും മനുഷ്യൻ പതിയെ കമ്മ്യൂണിലേക്ക് മാറുമെന്ന് സ്വപ്നം കണ്ടിരുന്നു ഓഷോ, അതിൻ്റെ ആദിരൂപവുമായിരുന്നു ഓഷോയുടെ പൂനയിലെയും ഒറിഗോണിലെയും കമ്മ്യൂൺ. വേർതിരിവുകളില്ലാതെ എല്ലാവർക്കും തുല്യാവസരങ്ങളുള്ള, മറ്റൊരാൾ തൻ്റേതാവുന്നതല്ല സ്നേഹം, മറിച്ച് പരസ്പരം  അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണത്  എന്ന തിരിച്ചറിവുള്ള മനുഷ്യരുടെ കമ്മ്യൂണുകളായിരുന്നു ഓഷോയുടെ ദർശനം. ഒരു കമ്യൂൺ എന്നത് സ്വാർത്ഥതയില്ലാത്ത ജീവിതത്തിൻ്റെ,  തുല്യ അവസരത്തിൻ്റെ പ്രഖ്യാപനമാണ്. മാർക്സിൽ നിന്നു വഴിമാറി, സമത്വം അടിച്ചേൽപ്പിക്കുന്നതിനെ ഓഷോ അനുകൂലിക്കുന്നില്ല. കാരണം അത് മാനസികമായി അസാധ്യമായ,  ഓഷോയെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധമായ ഒന്നാണ്. രണ്ടു മനുഷ്യർ കൂടി തുല്യരല്ലാത്ത ലോകത്ത്. സമത്വത്തെ അനുകൂലിക്കാത്തതു പോലെ തന്നെ അസമത്വത്തെയും ഓഷോ അനുകൂലിക്കുന്നില്ല. ഓരോരുത്തർക്കും അവനവൻ ആകുവാനുള്ള തുല്യാവസരമാണ് വേണ്ടത് എന്ന് ഒഷോ. കുടുംബം, വിവാഹം ഇതൊക്കെയും ഇനിയെത്രകാലം എന്നു ലോകം ചർച്ചചെയ്യുമ്പോൾ ഓഷോ വായന തികച്ചും പ്രസക്തവുമാണ്. 

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മൌലികതയുള്ള ചിന്തകനാണ് ഓഷോ,  വ്യക്തമായ കാഴ്ചപ്പാടും നൂതനാശയങ്ങളുമുള്ള മഹാജ്ഞാനി (ഖുഷ്വന്ത് സിംഗ്).

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്ത്വചിന്തകനായി, സന്ന്യാസിയായി, യോഗിയായും ഓഷോ ദീർഘകാലം ഓർമ്മിക്കപ്പെടും ( മൻമോഹൻസിങ്ങ്).

ഓഷോയെപ്പോലുള്ളവർ കാലത്തിനു മുന്നേ നടക്കുന്നവരാണ്. ഇന്നത്തെ യുവാക്കൾ ഓഷോയെ കൂടുതൽ കൂടുതൽ വായിക്കുന്നു എന്നത് നല്ല സൂചനയാണ് (കെ. ആർ. നാരായണൻ).

ഓഷോ ബോധോദയം നേടിയ പ്രതിഭയാണ്, ബോധത്തിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന സകല സാധ്യതകളും ഉപയോഗിച്ച്  മനുഷ്യരാശിയെ  മുന്നോട്ടുനയിക്കുന്നയാൾ (ദലൈലാമ)

ജീവിതത്തിൻ്റെ അവസാനലാപ്പിൽ, ഉള്ളവർക്കും  ഇല്ലാത്തവർക്കും ഒരുപോലെ വേണ്ടിവരിക ഒത്തിരി സ്നേഹമാണ്, ഇത്തിരി കരുതലും.  കൈക്കലാക്കലാണ് സ്നേഹമെന്ന ബോധത്തെ ഓഷോ പൂവിനോടുള്ള സ്നേഹത്തോടാണ് ഉപമിക്കുന്നത്.  മനോഹരമായ പൂവിനെ പറിച്ചെടുക്കുന്നതോടെ നാമതിനെ കൊല്ലുന്നു.  അവിടെ സംഭവിക്കുന്നത് സ്നേഹമെന്ന പേരിൽ കൊലയാണ്. ആ പൂവിൻ്റെ സൌന്ദര്യത്തെ ആസ്വദിക്കലാണ്, അതായി തന്നെ അംഗീകരിക്കലാണ്  സ്നേഹം. അല്ലാതെ അതിൻ്റെ നിലനില്പിൽ നിന്നും പറിച്ചെടുത്ത് തൻ്റേതാക്കുന്നതോടെ പൂവ് മരിക്കുന്നു. ബന്ധങ്ങളും അങ്ങിനെ തന്നെയാണ്. അങ്ങിനെ സ്വാർത്ഥമായ ബന്ധങ്ങളുടെ തടവറയിൽ നിന്നുള്ള മോചനമായിരുന്നു ഓഷോയുടെ കമ്മ്യൂൺ. അതിൻ്റെ ചെറിയ വകഭേദമാണ് ഷീലയുടെ കെയർഹോമുകൾ.   ജീവിതാനുഭവങ്ങൾ പകർന്ന അറിവുകളും ഓഷോയുടെ നിറവുകളും പ്രാവർത്തികമാക്കുകയാണ് ഷീല,  സംഘർഷഭരിതമായ ഒരുകാലത്തെ, വിചാരണകളെയും അതിജീവിച്ച് ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യങ്ങൾക്ക് തണലൊരുക്കുകയാണവർ. സ്വിറ്റ്സർലാൻ്റിൽ നിന്നും വിയറ്റ്നാമിലേക്കും മൌറീഷ്യസിലേക്കും അതു വളരുന്നു. പ്രണയത്തിൻ്റെ, കാമത്തിൻ്റെ, ലൈംഗികസ്വാതന്ത്ര്യത്തിൻ്റെ ഒക്കെയും ബ്രാൻ്റ് അംബാസിഡറായി കാണപ്പെട്ടവൾ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആൾരൂപമാണിന്ന്. 

സേവനത്തിന് എന്തുകൊണ്ട് സമ്പന്നമായ സ്വിറ്റ്സർലാൻ്റ് എന്ന ചോദ്യത്തിനുത്തരം തരേണ്ടത് കാലമാണ്. എല്ലാം ഓഷോയിൽ സമർപ്പിക്കുന്ന ഷീലയ്ക്ക് അതിനുത്തരം വേണമെങ്കിൽ ഓഷോയിൽ തന്നെയുണ്ട്.  എന്തുകൊണ്ട് ആശ്രമത്തിലെ കോടാനുകോടികളുടെ ആഡംബരവസ്തുക്കൾ 93 റോൾസ്റോയ്സടക്കം പണമാക്കി ദരിദ്രരുടെ ഉന്നമനത്തിന് ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന് ഓഷോയുടെ മറുപടി പ്രസിദ്ധമായിരുന്നു, ചിന്തിപ്പിക്കുന്നതും. സംസ്കാരം ഉണ്ടായതുമുതൽ മനുഷ്യൻ ദരിദ്രരെ നന്നാക്കുന്നുണ്ട്, അതിന്നും തുടരുന്നുണ്ട്, ദരിദ്രൻ ദരിദ്രനായും. പാവപ്പെട്ട ധനികരെ നന്നാക്കാൻ ആരെങ്കിലും ഇതുവരെ തുനിഞ്ഞിട്ടുണ്ടോ? എന്നെ അങ്ങിനെ കണക്കാക്കിക്കോളൂ എന്നായിരുന്നു ഓഷോയുടെ പ്രതികരണം.  ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ്. സാമ്പത്തികം ഒരു ഘടകം മാത്രമാണ്, ജീവിക്കാൻ വേണ്ടത്. അതെല്ലാമാണെങ്കിൽ എന്നേ ദരിദ്രർ മുഴുവനും ആത്മഹത്യ ചെയ്യുമായിരുന്നു?  

2011ൽ ഷീല ജർമ്മൻ ഭാഷയിലെഴുതി സൂസന്ന ഇംഗ്ലീഷിലേക്ക മൊഴിമാറ്റിയ ‘ഡോൺട് കിൽ ഹിം” എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്  മഹാന്മാർക്കു പിണയുക മഹാബദ്ധങ്ങളാണെന്ന്. ആത്യന്തികമായി മഹാന്മാരൊക്കെയും മനുഷ്യരാണ്, പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഒന്നുമാത്രമാണ്.  ആരോപിതമായ കുറ്റങ്ങളുടെ തീവ്രത വച്ച് ഓഷോവിന് 175 വർഷം തടവ് ഉറപ്പായിരുന്നു. ലോകത്തെ സകല നിയമങ്ങളോടും പുച്ഛമായിരുന്ന, തൻ്റേതായ നിയമങ്ങളുടെ കമ്മ്യൂൺ സ്ഥാപിച്ച ഓഷോ പക്ഷേ അപ്രതീക്ഷിതമായി കോടതിയിൽ ഹാജരായി പ്ലീ ബാർഗെയിൻ അഥവാ വ്യവഹാര വിലപേശൽ മുതലാക്കി കേവലം 17 ദിവസത്തെ തടവുമായി രക്ഷപ്പെട്ടതാണ് ചരിത്രം. പക്ഷേ അടച്ച പിഴ അന്ന് 400000 ഡോളറാണ്, അന്നത്തെ 48 ലക്ഷം രൂപ. ഇന്നു മൂല്യം കണക്കാക്കിയാൽ 2 കോടി 98 ലക്ഷത്തിലേറെ. ആലോചിക്കണം, എഴുനുറിലേറെ പേർക്കു വിഷബാധയേറ്റ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ബയോ ടെറർ അറ്റാക്കായിരുന്നു ഷീലയുടെ പേരിലെ കുറ്റം. അങ്ങിനെയൊരു കുറ്റത്തിന് 20വർഷം തടവിനു വിധിക്കപ്പെട്ടവൾ മൂന്നുവർഷം കഴിഞ്ഞു നല്ലനടപ്പിൽ ഇറങ്ങിയെന്നതു വിശ്വസിക്കുക തന്നെ പ്രയാസമാണ്. ഒരേ സമയം ആരാധനയ്ക്കും അധിക്ഷേപത്തിനും പാത്രമായ ഷീലയാവട്ടെ പിന്നീട് നെയ്തെടുത്തത് മറ്റൊരു ജീവിതം. 

അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട് ആഡംബരത്തിൻ്റെ അവസാനവാക്കായ ഓഷോ ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലെത്തിയപ്പോൾ കാത്തുനിന്ന മെഴ്സിഡസ് ബെൻസിൻ്റെ ഡ്രൈവിംഗ് സീറ്റിൽ അന്നത്തെ സൂപ്പർസ്റ്റാർ വിനോദ് ഖന്നയായിരുന്നു.  ഓഷോ പറഞ്ഞത് ട്രസ്റ്റിൻ്റെ കോടികൾ ഷീല അടിച്ചുമാറ്റിയെന്നാണ്.   അതല്ല സത്യമെങ്കിൽ  പെണ്ണിനെ അളക്കുമ്പോൾ ഓഷോയുടെ കോലും മനുവിൻ്റേതു തന്നെയായിപ്പോയതാവണം.  ഇന്ന് ഓഷോയില്ല, റൊണാൾഡ് റീഗണുമില്ല, ബാക്കിയുള്ളത് ഷീലയും കോടതി രേഖകളുമാണ്.  സ്വറ്റ്സർലാൻ്റ് പൌരത്വം ഷീല നേടിയത് ഉർസ് ബേൺസ്റ്റീൽ എന്ന സ്വിസ് പൌരൻ്റെ പങ്കാളിയെന്ന നിലയിലാണ്. ബേൺസ്റ്റീൽ സൂറിച്ച് രജനീഷ് കമ്മ്യൂണിൻ്റെ തലവനായിരുന്നു, പിന്നീട് എയ്ഡ്സ് ബാധിതനായി മരിച്ചു. ഒക്കെയും കൂട്ടിവായിക്കുമ്പോൾ  സ്വിറ്റ്സർലാൻ്റിൽ പൌരത്വമെടുത്ത ഷീലയുടെ ഇന്ത്യയിലേക്കു കയറ്റിവിടപ്പെട്ട  ഓഷോയുടെയും മൊഴികളിൽ പഴികളുണ്ട്, പൊഴികളും. സത്യം വരികൾക്കിടയിലും വരികൾക്കപ്പുറത്തുമായി തിരയുക മാത്രമേ ഇനി മാർഗമുള്ളു. 

വിലക്കപ്പെട്ട കനിയായി ലൈംഗികതയെ മാറ്റിയത് മതങ്ങളാണ്. അതിൻ്റെ വിപണി മൂല്യം അത്രയെറെയായിരുന്നു. പാപത്തിൻ്റെ ഫലം മതങ്ങളെ സംബന്ധിച്ചിടത്തോളം ഭണ്ഡാരവരുമാനമാണ്. പെർമിറ്റടിസ്ഥാനത്തിൽ മാത്രം ലഭ്യമായ ലൈംഗികതയെയാണ്  ഓഷോ തുറന്നുവിട്ടു കളഞ്ഞത്.   അവിടെയും അതിൻ്റെ വിപണിമൂല്യം അത്രമേലായിരുന്നു, ഒറിഗോണിലെ ആശ്രമത്തിലേക്കു വന്നത് നൂറോളം റോൾസ് റോയ്സുകളായിരുന്നു. 

ഓഷോ പ്രണയം കമ്മ്യൂൺ പരിണയം ജയിൽ വിരഹവും

ഓഷോയോടുള്ള  പ്രണയത്തിൽ ഷീല മാമോദീസ മുങ്ങിയത് 1972ൽ.  ആദ്യസമാഗമനിമിഷം മുതൽ  ജീവിതം ഭഗവാൻ എന്ന അച്ചുതണ്ടിനു ചുറ്റുമായി കറങ്ങി എന്നു പറയുന്നിടത്ത് ആ ബന്ധത്തിൻ്റെ ആഴവും പരപ്പും നാമറിയുന്നു.  അനന്തരം നീണ്ട 13 വർഷങ്ങൾ. സെപ്റ്റംബർ 1985ഓടെ ഷീല ഓഷോയോടും കമ്മ്യൂണിനോടും വിടപറയുന്നു.  സ്വന്തം മനസ്സാക്ഷിയെ,  ഹൃദയവികാരങ്ങളെ, മൂല്യങ്ങളെ, പഠിച്ച നല്ലപാഠങ്ങളെ, മുൻനിർത്തി എടുക്കേണ്ടിവന്ന കടുത്ത തീരുമാനമെന്നാണ് അവർ ആ വേർപിരിയലിനെ വിശേഷിപ്പിക്കുന്നത്, പക്ഷേ അന്നും ഇന്നും ഭഗവാൻ മാത്രം എന്നാവർത്തിക്കുന്നുമുണ്ട്.  

സംസ്കാരം, വർഗ്ഗം, മതം, ജാതി, ദേശീയത, ലൈംഗികസ്വത്വം അങ്ങിനെ കാഴ്ചപ്പുറത്തില്ലാത്തതെല്ലാം കൂടി വിഭജിച്ച മനുഷ്യരെ  ചേർത്തുനിർത്തുന്ന ഒരു ബോധത്തെ കടഞ്ഞെടുക്കലായിരുന്നു ഓഷോയുടെ മെഡിറ്റേഷൻ. മെഡിറ്റേഷൻ മനനമാണ്. മൌനത്തിലൂടെ മനത്തെ ഉണർത്തി ആത്മബോധത്തിലേക്ക് ഉയരലാണത്. ഒരുകുറേ ഉപേക്ഷിക്കലുകളല്ല, ദാരിദ്ര്യത്തെ വാഴ്ത്തലല്ല, ലൈംഗികതയുടെ അടിച്ചമർത്തലുമല്ല, മറിച്ച് വിഭജനങ്ങളുടെ വേലിക്കെട്ടുകൾക്ക് അപ്പുറത്തേക്ക് മനുഷ്യൻ സ്വതന്ത്രമാവുന്ന ഒരു കമ്മ്യൂൺ. സ്വതന്ത്രമനുഷ്യർ എങ്ങും വിഹരിക്കുന്നൊരു വ്യവസ്ഥയായിരുന്നു ഓഷോയുടെ സ്വപ്നം.  

ആ സ്വപ്നദൌത്യത്തിൽ ഓഷോയുമായി ചേർന്നൊഴുകിയപ്പോഴാണ് യഥാർത്ഥ സ്നേഹമെന്തെന്ന്, അതിൻ്റെ ആഴവും പരപ്പും ഷീല അറിഞ്ഞത്. ഷീലയുടെ തന്നെ പരിമിതികൾക്കും അപ്പുറത്തേക്കായിരുന്നു ആ പ്രയാണം. ഓഷോയും ഷീലയും ഒരാത്മാവും ഹൃദയവുമായി കമ്മ്യൂണിൽ  കഴിഞ്ഞു. ഓഷോയുടെ മയക്കുമരുന്ന് ഉപയോഗവും ലക്ഷ്വറി കാറുളോടുള്ള പ്രണയവുമാണ് വേർപിരിയുന്നതിലേക്കു നയിച്ചത് എന്നു ഷീല പറയുന്നു. ഓഷോ അതൊക്കെയും നിഷേധിച്ച് ഷീലയെ കുറ്റവാളിയായി തന്നെയാണ് ഒരഭിമുഖത്തിൽ അടയാളപ്പെടുത്തുന്നത്.  ഒരു പരീക്ഷണ ഘട്ടത്തിൽ, പരിത്യക്തരാവുമ്പോഴുള്ള ഏകാന്തതയുടെ അപാരതീരത്താണ് മനുഷ്യൻ്റെ ആത്മവീര്യം  വെളിവാകുക.  ഓഷോ തള്ളിപ്പറഞ്ഞിട്ടും ഷീല ആണയിടുന്നു, മേൽ പ്രതിസന്ധികളുടെ വൈതരണികളിലൊക്കെയും തുഴയായത് ഓഷോ പകർന്ന ഊർജ്ജമാണ്,  ജീവിത പാഠങ്ങളും. 

ലൈംഗികത അടിച്ചമർത്തപ്പെടുമ്പോൾ

സെക്സിനെ പറ്റി പറയുവാൻ എല്ലാവർക്കും എന്തെങ്കിലും ഉണ്ടാവും, വായ തുറക്കാനുള്ള ധൈര്യം മാത്രം ഉണ്ടാവുകയില്ല. സകല മതങ്ങളും സെക്സിനെ  പാപമായി വരവുവെച്ചു, വിപണി മൂല്യം നിശ്ചയിച്ചു.  സ്നേഹത്തെയും കാമത്തെയും നേരിടുവാനുള്ള നാനാതരം നിയമങ്ങളും അണിനിരന്നു. ഉപരിപഠനത്തിനായി ഷീല അമേരിക്കയിലെത്തിയപ്പോൾ അച്ഛൻ സെക്സിനെ പറ്റി മകളെ ബോധവല്ക്കരിക്കുന്നുണ്ട്. പ്രകടിപ്പിക്കേണ്ടതൊക്കെയും  മറച്ചുപിടിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം മകളെ പഠിപ്പിച്ചു.  മറ്റൊരാളോടു തോന്നുന്ന വികാരങ്ങളെ മറച്ചുപിടിക്കുന്നത് ആത്മവഞ്ചന കൂടിയാണെന്നും.  മറ്റൊരാളിലത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, നമ്മൾ സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.  വേണ്ടത് തുറന്ന സമീപനമാണ്.  അരുത്, വേണ്ട, നോ എന്നുറക്കെ പറയാനുള്ള ധൈര്യവും ബോധവുമുണ്ടാവുക അപ്പോഴാണ്. മറ്റൊരാളോടു തോന്നുന്ന വികാരം പക്ഷേ പ്രകടിപ്പിക്കേണ്ടത് അതീവ ശ്രദ്ധയോടെയാണ്.  വ്യക്തിയെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം. ഈ പ്രായത്തിൽ എതിർ ലിംഗത്തിൽ പെട്ടൊരാളോട് തനിക്കു തോന്നിയേക്കാവുന്ന ആകർഷണം സ്വാഭാവികം മാത്രമാണെന്ന് അച്ഛൻ മകളെ പഠിപ്പിച്ചു.  പക്ഷേ ആദ്യം കാണുന്നയാളെ കെട്ടുക എന്നതാവരുത്, ഇഷ്ടം പോലെ സമയമുണ്ട്, ലോകത്ത് ഇഷ്ടം പോലെ മനുഷ്യരുമുണ്ട് എന്നും.  ജീവിതത്തിൽ കണ്ടുമുട്ടുന്നവരെ അറിയുക, പഠിക്കുക, വിലയിരുത്തുക. അവരോടൊപ്പം കറങ്ങാം, ഡേറ്റു ചെയ്യാം, പറ്റുമെന്ന് ഉറപ്പായാൽ മാത്രം അവരുമായുള്ള ശാരീരിക ബന്ധമാവാം, അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ല.  എന്താണ് തൻ്റെ ലൈംഗിക താല്പര്യം, ആഗ്രഹം എന്നൊക്കെ മനസ്സിലാക്കുക അത്യാവശ്യമാണ്. സ്വാഭാവിക ചോദനകൾ മറച്ചുപിടിക്കേണ്ട ഒന്നല്ല എന്നാണ് അദ്ദേഹം മകളെ പഠിപ്പിച്ചത്.

നിൻ്റെ വികാരങ്ങൾ പോലെ തന്നെ പ്രസക്തമാണ് പങ്കാളിയുടേതും, എപ്പോഴും കണ്ടെത്താൻ ശ്രമിക്കേണ്ടത് തുല്യബഹുമാനം പുലർത്തുന്ന ഒരാളെയാണ്. ഒരിക്കലും നിൻ്റെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഒരുവനെ സ്വീകരിക്കരുത്, വിശിഷ്യ ലൈംഗിക ബന്ധത്തിനായി എന്ന് അച്ഛൻ മകളെ ബോധവല്ക്കരിക്കുന്നുണ്ട്, അരനൂറ്റാണ്ടുമുന്നേ.  പുരോഗമനവാദികളെന്നു മേനി നടിക്കുന്നവർ കൂടി കെട്ടിനു പൊരുത്തം തേടി ജാതകവുമായി കണിയാനു പിന്നാലെ പായുന്ന നവോത്ഥാന കേരളത്തിലിരുന്നാണ് ഞാനിത് എഴുതുന്നതും താങ്കൾ വായിക്കുന്നതും. 

ലൈംഗികതയെ സഹാനുഭൂതിയായി ഉയർത്തിയ ബുദ്ധഭിക്ഷുവിൻ്റെ കഥ നമ്മെ ശുദ്ധീകരിക്കണം. പലരും കേട്ടതാവാം, പക്ഷേ സാരം വ്യത്യസ്തമാണ്.  ബുദ്ധൻ്റെ രണ്ടു ശിഷ്യർ ഒരു യാത്രകഴിഞ്ഞ് തിരിക്കുന്നു. വഴിമദ്ധ്യേ ചെറിയതെങ്കിലും വലിയ  ഒഴുക്കുള്ള ഒരു പുഴ മുറിച്ചുകടക്കണം. നേരം സന്ധ്യയോടടുക്കുന്നു. വൃദ്ധസന്ന്യാസി മുൻപിലും യുവാവായ ഭിക്ഷു പിന്നിലുമായി നടക്കുന്നു. മുൻപിൽ അതിസുന്ദരിയായൊരു യുവതി പുഴ കടക്കാനാവാതെ പതറി പിൻവാങ്ങി നില്ക്കുന്നു. നീന്താനുമറിയില്ല.  രാവിലെ വരുമ്പോഴുള്ള വെള്ളത്തിൻ്റെ ഇരട്ടിയുണ്ട്, ഒഴുക്കും.  പോരെങ്കിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നയിടവും.  രണ്ടുപേരെ കണ്ടപ്പോൾ അവൾക്കു സന്തോഷമായി, ജീവൻ തിരിച്ചുകിട്ടിയ സന്തോഷം.  മടിച്ചില്ല, അവൾ അവരോടു സഹായം ചോദിച്ചു.

വൃദ്ധസന്ന്യാസി പറഞ്ഞു,  “ഞാനൊരു സന്ന്യാസിയാണ്, സ്ത്രീയെ നോക്കുകയോ സംസാരിക്കുകയോ പാടില്ല.” 

സ്വന്തം ലൈംഗികനിരപേക്ഷത വിജയിപ്പിച്ച സന്തോഷത്തിൽ അദ്ദേഹം മുന്നോട്ടു നീങ്ങി. പുഴ മുറിച്ചുകടന്ന് അക്കരെയെത്തി, തൻ്റെ ഒപ്പമുള്ള യുവാവിനായി കാത്തുനിന്നു.  

യുവസന്ന്യാസി ആ യുവസുന്ദരിയെ തോളിലേറ്റി പുഴമുറിച്ച് നടന്നുവരുന്നതു കണ്ട് അദ്ദേഹം സ്തബ്ധനായി,  കോപം അതിരുകടന്നു.  

യുവാവ് അവളെ പതിയെ താഴെയിറക്കി,  ശുഭയാത്ര നേർന്നുകൊണ്ട് യാത്രയാക്കി.  

രണ്ടുപേരും ബുദ്ധനരികിലെത്തി.  വൃദ്ധസന്ന്യാസി യുവസന്ന്യാസിയുടെ തോന്ന്യാസത്തെ പറ്റി വാചാലനായി.  പെണ്ണിനെ തൊട്ടതു പോവട്ടെ എന്നു വിചാരിക്കാം, പക്ഷേ തോളത്തെടുത്തതോ?! 

എല്ലാറ്റിനും രണ്ടു ഭാഗമുണ്ട്, ബുദ്ധൻ യുവാവിൻ്റെ ഭാഗം കൂടി കേട്ടു.

ഞാൻ അവളെ സഹായിച്ചില്ലായിരുന്നെങ്കിൽ അവൾ വന്യമൃഗങ്ങൾക്കു ഭക്ഷണമായേനെ. എനിക്ക് സഹാനുഭൂതി തോന്നിയത് അവളുടെ നിസ്സഹായതയോടാണ്. സത്യമാണ്, ഞാനവളെ തോളത്തെടുത്ത്, പുഴ കടത്തി, അവളെ യാത്രയാക്കി.

ബുദ്ധൻ എല്ലാവരോടുമായി പറഞ്ഞു, നോക്കൂ, ഒരു യഥാർത്ഥ സന്ന്യാസി ആരാവണം എന്നയാൾക്ക് നിശ്ചയമുണ്ട്. ലൈംഗികത തനിക്കൊരു ഭാരമാവരുത് എന്ന തിരിച്ചറിവുമുണ്ട്. സ്വന്തം ലൈംഗികതയെ അനുകമ്പയിലേക്ക് ഒഴുക്കി അയാൾ സർഗാത്മകമാക്കിയിരിക്കുന്നു.

സത്യത്തിൽ യുവസന്ന്യാസി തോളിൽ നിന്നും അവളെയിറക്കി യാത്രാമംഗളം നേർന്നു,   അവളെ മറന്നു.  വൃദ്ധനാവട്ടെ മനസ്സിൽ നിന്നും അവളെ ഇറക്കാനുമാവുന്നില്ല. 

യുവതിയുടെ ജീവനെക്കാൾ പ്രധാനം തൻ്റെ ആചാരമാണെന്നു കരുതിയ വൃദ്ധസന്ന്യാസിയുടെ ബോധമില്ലായ്മയല്ല ബുദ്ധൻ. പഴികേട്ടാലും ശരി, അവളെ  തോളിലേറ്റി നദി കടക്കാമെന്നു കരുതിയ യുവ സന്ന്യാസിയാണ് ബുദ്ധൻ, ഒരു ട്രൂ അസെറ്റിക്.

കാലത്തിനു കടന്നുപോയേ പറ്റൂ, കാമനകൾക്കും

ജീവിതത്തിൽ ഒഴിവാക്കാനാവാത്ത നിമിഷങ്ങൾ അനിവാര്യമാണ്, അതുവേണം നമ്മെ വിചാരണചെയ്യുവാൻ.  ഒന്നുകിൽ നമ്മെയത് കടഞ്ഞെടുക്കും, അല്ലെങ്കിൽ കുടഞ്ഞിടും. ഓഷോ ഒരഭിമുഖത്തിൽ ഷീലയുമായുണ്ടായിരുന്ന ബന്ധത്തിൻ്റെ ശവപ്പെട്ടിയ്ക്ക് ആണിയടിച്ച ഒരു വാചകമാണ് She did not prove to be a woman, she proved to be a perfect bitch. അവൾ ഒരു സ്ത്രീയാണെന്ന് തെളിയിച്ചില്ല, പക്ഷേ ഒരു തികഞ്ഞ ഒരു കൊടിച്ചിപ്പട്ടിയാണെന്ന് തെളിയിച്ചു. (കൊടിച്ചിപ്പട്ടി എന്നു മൊഴിമാറ്റുന്നത്  അഭിമുഖത്തിലെ ബാക്കി വരികൾ കൂടി വായിച്ചാണ്). കോടിക്കണക്കിന് കൊള്ളയടിച്ചതായും ഓഷോയുടെ ആരോപണമുണ്ട്. പക്ഷേ സ്വിറ്റ്സർലാൻ്റിലെ കെയർഹോമുകൾക്കു പിന്നിലെ സാമ്പത്തിക സാഹസങ്ങളെ പറ്റി, അത്യധ്വാനത്തെ പറ്റി അവർ വിശദമായി എഴുതിയിട്ടുണ്ട്. ഉപരിയായി, ജ്ഞാനോദയം നേടിയ ഓഷോയിൽ നിന്നും വരേണ്ട ഒരു വാചകവുമല്ലത്. ആഘോഷിക്കപ്പെടുന്ന ജീവിതങ്ങൾ പലപ്പോഴും മഞ്ഞുമലകൾ പോലെയാണ്. സാധാരണ കണ്ണുകളിൽ  മെലയുള്ള മഹത്വം മാത്രമാണ് കാണാനാവുക, ആണ്ടുകിടക്കുന്ന അല്പത്വം കണ്ണിൽപെടുക കപ്പിത്താൻ്റെ സൂക്ഷ്മതയിൽ മാത്രമാണ്. എല്ലാം കാണുന്നവരുടെ കണ്ണുകളെ ആശ്രയിച്ചിരിക്കുന്നൂവെന്ന് ഒരു ഓഷോ കഥയിലൂടെ അവർ ഭംഗിയായി പറയുന്നു.   

ഒരു വൃദ്ധൻ അദ്ദേഹത്തിൻ്റെ ചെറു മകൻ്റെ പതിനെട്ടാം  ജന്മദിനത്തിൽ ഒരു സമ്മാനം നൽകി - ലക്ഷണമൊത്ത ഒരു കുതിര.  നാട്ടുകാർ ഒന്നടങ്കം വൃദ്ധൻ്റെ മഹാമനസ്കതയെ വാഴ്ത്തിപ്പാടി. വൃദ്ധനത് കാര്യമായെടുത്തില്ല, അതൊക്കെ നിശ്ചയിക്കാൻ, വിധിപറയാൻ നമ്മളാര് എന്ന് മാത്രം പറഞ്ഞു.  നിർഭാഗ്യവശാൽ ഒരുനാൾ കുതിര നിയന്ത്രണം വിട്ടോടി യുവാവിന് മാരകമായി പരിക്കേറ്റു, ഒരു കാൽ മുറിക്കേണ്ടിവന്നു.  

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ  പഴി പറഞ്ഞു -  വിവരം കെട്ടവൻ, കാശു കളഞ്ഞു കുതിരയെ വാങ്ങി,  കുട്ടിയുടെ കാലും പോയി.

വൃദ്ധൻ കേട്ട ഭാവം നടിച്ചില്ല.  ഇല്ല വിധി പറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു.  

അപ്പോഴേക്കും രാജാവ് അയൽ രാജ്യവുമായി യുദ്ധം പ്രഖ്യാപിച്ചു എല്ലാ യുവാക്കളെയും സൈന്യത്തിലേക്ക് ചേർത്തു,  വൃദ്ധൻ്റെ ചെറുമകന് സൈന്യത്തിൽ ചേരുവാൻ ആയില്ല. 

നാട്ടുകാർ ഒന്നടങ്കം പയ്യൻ്റെ അവസരം കളഞ്ഞ വൃദ്ധനെ തെറിവിളിച്ചു, വൃദ്ധൻ തിരിച്ചൊന്നും പറഞ്ഞില്ല. വിധിപറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

യുദ്ധം കൊടുമ്പിരിക്കൊണ്ടു, യോദ്ധാക്കൾ കൊല്ലപ്പെട്ടു. നാട് തേങ്ങി,  ആദരാഞ്ജലികളർപ്പിച്ചു.   ദുഃഖമെങ്ങും തളംകെട്ടി. 

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ വാഴ്ത്തി -  അദ്ദേഹം ആ കുതിരയെ വാങ്ങിക്കൊടുത്തതു കൊണ്ടാണ്,  അവൻ ഗ്രാമത്തിൽ ബാക്കിയായത്.  

വൃദ്ധൻ അപ്പോഴും ഒന്നും പറഞ്ഞില്ല, വിധി പറയുവാൻ  നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

ജീവിതത്തെ വരുന്ന വഴി സ്വീകരിക്കുന്നവരാണ്  പ്രതിഭകൾ.  ജീവിതം തടവറകളിൽ ആക്കിയ വ്യവസ്ഥിതിയോടോ കാരണമായവരോടോ പരാതികളില്ലാതെ സ്വന്തം കഴിവുകളിൽ വിശ്വസിച്ച്,  ഉള്ളിലെ ഊർജ്ജപ്രവാഹത്തിൽ തുഴയെറിഞ്ഞ് ജീവിതത്തെ മുന്നോട്ടെടുത്തത്  ഓഷോയറിവുകളാണെന്ന് ഷീല സാക്ഷ്യപ്പെടുത്തുന്നുണ്ട് മറ്റൊരു ഓഷോ കഥയിലൂടെ. ഒരിക്കൽ ബുദ്ധൻ തൻ്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു.  അവർ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികൾ ബുദ്ധനെയും സംഘത്തെയും പൂവുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.  അവർ അടുത്ത ഗ്രാമത്തിലേക്ക്  യാത്ര തുടർന്നു.  ആ ഗ്രാമത്തിലെ അന്തേവാസികൾ ബുദ്ധനെ  അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്.  ഒരാൾ ബുദ്ധൻ്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. വൈകുന്നേരം ഒന്നായിരിക്കവേ  ശിഷ്യരിലൊരാൾ അദ്ദേഹത്തോട് ചോദിച്ചു - അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ? 

ബുദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു -  ആദ്യത്തെ ഗ്രാമവാസികൾ അവർക്കുള്ളത് നമുക്കു തന്നു.  രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്,   അവർക്ക് ഉള്ളത് അവരും തന്നു.  

ഒറിഗോണിലെ രജനീഷ് പുരം പതിനായിരം പേർ ജീവിച്ച ഒരു കമ്യൂണായിരുന്നു.   ഇരുപതാം നൂറ്റാണ്ടിൽ ഒറിഗോണിലെ തരിശിടത്ത് എയർസ്ട്രിപ് അടക്കം ഒരു നഗരം പണിതെടുത്ത നേതൃശേഷിയുടെ  രണ്ടാമധ്യായമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  ഷീല സ്വിറ്റ്സർലൻഡിലും വിയറ്റ്നാമിലും മൌറീഷ്യസിലുമൊക്കെയായി എഴുതിച്ചേർക്കുന്നത്.  ഓഷോയെ ഒരു കാന്തികപ്രഭാവമായി ഷീല കാണുന്നു, ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത. വൈയക്തികമായ വൻവിജയങ്ങൾക്കു ശേഷവും, തങ്ങളുടെ മേഖലകളിലെ വൻ സംഭാവനകൾക്കു ശേഷവും, ലോകത്തിൻ്റെ കണ്ണിൽ  സമ്പന്നരായവർക്കു തോന്നുന്ന ശൂന്യതയ്ക്കുള്ള മറുപടിയായാണ് ഓഷോയെ ഷീല കാണുന്നത്.  സമുദ്രഗവേഷണം ഉപരിതലത്തിലെ തോണിയാത്രയല്ല, അതു കടലാഴങ്ങളിൽ അറിവിൻ്റെ മുത്തും പവിഴവും തേടുന്ന ഒന്നാണ്. അതുപോലെയാണ് അവനവൻ്റെ സത്തയിലേക്കുള്ള അന്വേഷണം. 

കാലത്തിനു മുന്നേ നടക്കുന്നവർ വഴിപിഴച്ചവർ?

ഉഭയസമ്മത പ്രകാരമുള്ള വേഴ്ചകളൊന്നും പാപമല്ല എന്നു നമുക്കിന്നുമറിയില്ല എന്നതിനു തെളിവാണ് അവിഹിതബന്ധമെന്ന പത്രഭാഷ. എന്താണ് വിഹിതം, എന്താണ് അവിഹിതം എന്നതിനെ പറ്റി ബോധമില്ലാത്ത പ്രയോഗമാണത്.   വേണ്ടാത്തവരോട് നോ പറയുവാനും, വേണ്ടപ്പെട്ടവരോടൊപ്പം ജീവിതം ആസ്വദിക്കുവാനും ഷീലയെ പ്രാപ്തയാക്കിയത് സ്വന്തം പിതാവാണ്. അതൊരു ചില്ലറ വിദ്യാഭ്യാസമല്ല.  സ്വാഭാവിക, ഹോമോ, ലെസ്ബിയൻ, ഏതുതരം സെക്ഷ്വൽ ഓറിയൻ്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോർമൽ മാത്രമായിരുന്നു. ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവർ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേർത്തുപിടിച്ചിരുന്നു. 

ലൈംഗികതയെ പാപമാക്കി, ‘വിഹിത’മാക്കിയ ബന്ധങ്ങളെ പാവനമാക്കിയും വരുമാനം കണ്ടെത്തുകയായിരുന്നു മതങ്ങൾ.  ലൈംഗികത പാപമാക്കിയതിൻ്റെ ഇരകളായി, വേട്ടക്കാരായും ആൾദൈവങ്ങളും മതമേലധ്യക്ഷൻമാർ വരെയും നമ്മുടെ മുന്നിലുണ്ട്. സ്ത്രീ ഏതു സമൂഹത്തിലും അടിമയാണ്. അടിമ എന്നും ഇരയാവുക മാത്രമാണ് പതിവ്. ലൈംഗികത ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഒരനുഗ്രഹമാണ്, പക്ഷേ അതൊരു ഭാരമാവുകയാണ് പലർക്കും പലപ്പോഴും. മറച്ചുപിടിക്കേണ്ട ഒന്നല്ല, ആത്മവഞ്ചന നടത്തേണ്ട ഒന്നുമല്ല, നിറഞ്ഞമനസ്സാലെ ആസ്വദിക്കേണ്ട ഒന്നാണത്.  ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നത്.  ലൈംഗികത ശരീരത്തിൻ്റെ ആവശ്യമാണ്.  അത്രമേൽ പുരോഗമനപരമായ വീക്ഷണം പുലർത്തിയത്, തുല്യനീതിയുടെ തുല്യാവസരങ്ങളുടെ  പ്രവാചകനായത്, പരമമായ സ്വാതന്ത്ര്യത്തിൻ്റെ ആൾരൂപമായത്  ഒക്കെത്തന്നെയാവണം ഓഷോവിന് വിനയായതെന്നു തോന്നുന്നു. തത്വശാസ്ത്രങ്ങളും  പൌരാണികമായ അറിവുകളും ഒക്കെ ഓഷോയുടെ കണ്ണിൽ പുതിയ ലോകം രചിക്കുവാനുള്ള അവലംബങ്ങൾ മാത്രമാണ്.  അതിനെ അങ്ങിനെതന്നെ കാണാതെ,  അതുതന്നെ എല്ലാമായി  കാണുമ്പോഴാണ് ലോകം  പലവക ഫാസിസങ്ങളുടെ ഇരയായി മാറുന്നത്.

മധുസൂദൻ. വി

https://ggurdjieff.com/

By My Own Rules: My Story in My Own Words, authored by Ma Anand Sheela
https://oshosearch.net/Convert/Articles_Osho/The_Last_Testament_Volume_3/Osho-The-Last-Testament-Volume-3-00000024.html