Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Friday, March 17, 2023

സ്വതന്ത്രപ്രണയത്തിലെ സ്ത്രീകൾ


കേവലം 38 വയസ്സുവരെ ജീവിച്ച മേരി വോൾസ്റ്റോൺക്രാഫ്റ്റ് ജനിക്കുന്നത് 1759ലാണ്. വിക്ടോറിയൻ സദാചാരകാലത്തിനും മുൻപത്തെ ഭീകരമായ ആണധികാരത്തിൻ്റെ കാലത്ത് സമ്പാദ്യങ്ങളെല്ലാം കളഞ്ഞുകുളിച്ച അക്രമകാരിയും മദ്യപാനിയുമായ പിതാവിൽ നിന്നും തൻ്റെ അമ്മയെ രക്ഷിക്കാൻ മുറിയുടെ വാതിൽപ്പുറത്ത് കാവൽ കിടന്ന മകളായിരുന്നു മേരി വോൾസ്റ്റോൺക്രാഫ്റ്റ്. പതിനെട്ടാം വയസ്സിൽ വീടുവിടേണ്ടി വന്നവൾ.  ആ കുട്ടിയാണ് സ്വപ്രയത്നം ഒന്നുകൊണ്ടു മാത്രം, സംഭവബഹുലമായ കേവലം 20 വർഷങ്ങൾക്കിടയിൽ ലോകത്തെ എണ്ണം പറഞ്ഞ ചിന്തകയും, എഴുത്തുകാരിയും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം തൻ്റെ എഴുത്തുകളിലൂടെ വാദിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്ത,  ഫെമിനിസത്തിൻ്റെ മാതാവു തന്നെയായ മേരി. 1790ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് മാനും 1792ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമണും എഴുതി, ഞാനാഗ്രഹിക്കുന്നത് പെണ്ണിന് ആണിനുമേലുള്ള അധികാരമല്ല, മറിച്ച് അവൾക്കു മീതെ തന്നെയുള്ള അധികാരമാണ് എന്നു ലോകത്തോട് വിളിച്ചുപറഞ്ഞവൾ, അതു പ്രകാരം തൻ്റെ ജീവിതം ജീവിച്ചവൾ, കാലത്തിനു മുന്നേ ജീവിച്ചവരെ ഉൾക്കൊള്ളാനാവാത്ത സമൂഹത്തോട് കലഹിച്ച് കടന്നുപോയവൾ മേരി. 

“സ്നേഹം അതിൻ്റെ പ്രകൃതം വച്ച് ക്ഷണികമായിരിക്കണം. അതിനെ സ്ഥിരമാക്കുന്ന ഒരു രഹസ്യം തേടുന്നത് ഒരു ഫിലോസഫർ സ്റ്റോൺ അല്ലെങ്കിൽ  മഹാമാരികളെ മൊത്തം ഭേദമാക്കുന്ന ഒരു നാനാവാതസംഹാരി തേടുന്നതു പോലെ ഒരു അന്വേഷണമായിരിക്കും : കണ്ടെത്തിയാൽ തന്നെയും ഉപയോഗശൂന്യമല്ലെങ്കിൽ അതു മനുഷ്യരാശിക്ക് വിനാശകരമാവാനേ സാധ്യതയുള്ളൂ. സമൂഹത്തിൽ വ്യക്തികളെ കൂട്ടിയിണക്കുന്ന ഏറ്റവും പവിത്രമായ  ബന്ധം സൗഹൃദമാണ്." മേരിയുടെ ആ നിരീക്ഷണം എത്ര കൃത്യമാണ്, സത്യവുമാണ്! സൌഹൃദം ആണിനും പെണ്ണിനും ഇടയിലാവുമ്പോൾ  അതിനിടയിലേക്ക് കടന്നുവന്നേക്കാവുന്ന ലൈംഗികതയല്ല, അശ്രദ്ധമായ വേഴ്ചയുമല്ല, മറിച്ച്  വില്ലനാവുന്നത്, ഫ്രീ ലവ് എന്നതിൽ ഫ്രീ എന്നതിന് ഉത്തരവാദിത്വം ഇല്ല എന്ന അർത്ഥം കല്പിക്കുന്ന ആൺബോധമാണ്. ആ തരികിട ബോധത്തിൻ്റെ രക്തസാക്ഷി കൂടിയാണ് മേരി.  വ്യവസ്ഥകളോട് എന്നും കലഹിച്ചവൾ ഫ്രഞ്ച് വിപ്ലവാനന്തര ഫ്രാൻസിൻ്റെ മാറ്റം നേരിൽ കാണാൻ യാത്രതിരിച്ചു.  അവിടെ അവൾ അമേരിക്കനായ ബിസിനസ്സുകാരനും യാത്രികനും മറ്റൊരു ജീനിയസുമായ ഗിൽബർട് ഇംലേയെ പരിചയപ്പെടുന്നു, മേരിയുടെ ഭാഷയിലെ പവിത്രമായ സൌഹൃദം ബന്ധത്തിൻ്റെ ഏതോ വളവിൽ പ്രണയമായി മാറുന്നു, ഗിൽബർടിൻ്റേത് സൌഹൃദം മാത്രമായി നിന്നിടത്തു നില്കുന്നു. പെണ്ണിനെ വിവാഹത്തിലൂടെ അടിമയാക്കുന്ന ബ്രിട്ടീഷ് - വിക്ടോറിയൻ സദാചാരത്തിനെ വെല്ലുവിളിച്ച്, വിവാഹത്തിന് പുറത്ത് ആൺപെൺ സൌഹൃദത്തെ ആഘോഷിച്ച മേരി, ഇംലേയുമായി വിവാഹമില്ലാതെ സഹശയനം നടത്തി തൻ്റെ ചിന്തകളെ പ്രായോഗിക തലത്തിലേക്ക് ഉയർത്തി.  സ്ത്രീകളുടെ അവകാശങ്ങളിൽ, ബന്ധങ്ങളിലെ ലൈംഗിക ഘടകത്തെ തള്ളിയിരുന്ന മേരി പക്ഷേ, ഇംലേ ലൈംഗികതയിലുള്ള താൽപര്യം ഉണർത്തുന്നതായി, താനതിന് വഴങ്ങുന്നതായും അറിയുന്നു. 


സൌഹൃദമോ  പ്രണയമോ എന്തുമാവട്ടെ, മേരി ഗിൽബർട്ടിൽ നിന്നും താമസിയാതെ ഗർഭിണിയാവുന്നു, 1794 മെയ് 14 ന് അവൾ തൻ്റെ ആദ്യത്തെ മകളായ ഫാനിക്ക് ജന്മം നൽകി. ഏറെ ആഹ്ളാദവതിയായിരുന്ന അവൾ തൻ്റെ സുഹൃത്തിന് എഴുതി -  എൻ്റെ കുഞ്ഞുമകൾ ഊക്കോടെ മുലകുടിക്കാൻ തുടങ്ങുന്നു, അവൾ സ്ത്രീയുടെ അവകാശങ്ങളുടെ രണ്ടാം ഭാഗം എഴുതുമെന്ന് അവളുടെ അച്ഛൻ കണക്കുകൂട്ടുന്നുണ്ടെന്നു തോന്നുന്നു.


ഗാർഹിക ചിന്താഗതിയും മാതൃത്വവും പക്ഷേ അനിവാര്യമായും ആശ്ലേഷിച്ച വോൾസ്റ്റോൺക്രാഫ്റ്റിനെ ഇംലേയ്ക്കു വേണ്ടാതാവുന്നു.  താമസിയാതെ അവരെ ഫ്രാൻസിൽ തന്നെ  വിട്ടു അയാൾ പോയി. ഇംലേയുടെത് അടുത്ത യാത്രയ്ക്ക് ടിക്കറ്റെടുക്കുന്ന സ്വതന്ത്രപ്രണയവും മേരിയുടേത് ഇനിയുള്ള യാത്രയിൽ ഒരാളെ മാറോടു ചേർത്ത്  വളർത്തിയെടുക്കേണ്ട, ഇനിയങ്ങോട്ടുള്ള ജീവിതയാത്രയ്ക്കുള്ള വകയും കണ്ടെത്തേണ്ട പെടാപ്പാടുമായി.   ഇംലേയെ തേടി, 1795 ഏപ്രിലിൽ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ലണ്ടനിലേക്ക് മടങ്ങി, പക്ഷേ അയാൾ അവളെ കൈയ്യൊഴിഞ്ഞു. അവൾ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും, ആ ശ്രമം പരാജയപ്പെട്ടു. 


ഇംലേയെ തിരികെ നേടാനുള്ള അവസാന ശ്രമത്തിൽ, അയാളുടെ വെള്ളിയുമായി കടന്നുകളഞ്ഞ നോർവീജിയൻ കാപ്റ്റനിൽ നിന്നും അതു തിരിച്ചെടുക്കുവാനുള്ള കൂടിയാലോചനാ ദൌത്യവുമായി മേരി, തൻ്റെ കൈക്കുഞ്ഞുമായി  സ്കാൻഡിനേവിയിലേക്ക് അപകടകരമായി യാത്രചെയ്തു. അവൾ തൻ്റെ യാത്രകളും ചിന്തകളും ഇംലേയ്‌ക്ക് അയച്ച കത്തിൽ വിവരിച്ചു, അവയിൽ പലതും 1796-ൽ സ്വീഡൻ, നോർവേ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ എഴുതിയ കത്തുകൾ പിന്നീട്  പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാമായിട്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അവൾക്ക് ഇംലേയുമായുള്ള തൻ്റെ ബന്ധം അവസാനിച്ചുവെന്ന് മനസ്സിലാക്കേണ്ടിവന്നു. രണ്ടാമതും ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ഇംലേയ്‌ക്ക് ഒരു കുറിപ്പ് എഴുതി - എൻ്റെ തെറ്റുകൾ എന്നോടൊപ്പം ഉറങ്ങട്ടെ! താമസിയാതെ, വളരെ വേഗം, ഞാൻ നിത്യശാന്തി നേടും.. നീയിത് കൈപ്പറ്റുമ്പോഴേക്കും ചുട്ടുപൊള്ളുന്ന എൻ്റെ തല തണുത്തിരിക്കും... ഞാൻ അന്വേഷിക്കുന്ന മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും കുറഞ്ഞ സാധ്യതയുള്ള തെംസ് നദിയിലേക്ക് ഞാൻ ആണ്ടുപോയിരിക്കും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! നീ എന്നെ അനുഭവിപ്പിച്ചത് ഒന്നും നിനക്ക് ഒരിക്കലും അറിയാൻ ഇടവരാതിരിക്കട്ടെ. എന്നെങ്കിലും നിൻ്റെ ബോധം ഉണർന്നാൽ, പശ്ചാത്താപം നിൻ്റെ ഹൃദയത്തിലേക്ക് വഴി തുറക്കും; ബിസിനസ്സിനും ഇന്ദ്രിയസുഖഭോഗങ്ങൾക്കും ഇടയിൽ, നേരിൻ്റെ വഴിയിൽ നിന്നുള്ള നിൻ്റെ വ്യതിചലനത്തിൻ്റെ ഇരയായി ഞാൻ നിനക്കു മുന്നിൽ  പ്രത്യക്ഷപ്പെടും. തെംസ് നദിയിലേക്ക് ചാടിയ മേരിയെ ഒരു അപരിചിതൻ രക്ഷിച്ചു. 


അക്കാലത്ത്, ബ്രിട്ടനിലെ റാഡിക്കൽ ബുദ്ധിജീവികൾ മിക്കവാറും പ്രസാധകനായ ജോസഫ് ജോൺസനെ കേന്ദ്രീകരിച്ച് ഒരു അടഞ്ഞ ഗ്രൂപ്പായിരുന്നു. അദ്ദേഹത്തിൻ്റെ ലണ്ടൻ വസതിയിൽ ഭക്ഷണം കഴിക്കാനും മദ്യപിക്കുവാനും രാഷ്ട്രീ-സാഹിത്യ-സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യാനും സ്ഥിരമായി എഴുത്തുകാർ ഒത്തുകൂടിയ ഇടം. പ്രതിഭാശാലിയായ, അസാധാരണ അവതരണശൈലിയും അതുപോലെ അറിവും, ബൌദ്ധികമായി ഉന്നതനിലവാരവും ബോധവും പുലർത്തിയ. മേരി വോൾസ്റ്റോൺക്രാഫ്റ്റ് അവിടെ താരമായി, പ്രഖ്യാപിത ബുദ്ധിജിവികളുടെ പേടിസ്വപ്നവുമായി. ജോൺസൻ്റെ സൌഹൃദവലയത്തിലെ പുരുഷ എഴുത്തുകാരെ ആകർഷിക്കുകയും അതുപോലെതന്നെ  ഭയപ്പെടുത്തുകയും ചെയ്തവളായി മാറി മേരി.  ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ചുള്ള ചോദ്യങ്ങൾ അവൾ ചർച്ചയ്ക്കുള്ള ഒരു പ്രധാന വിഷയമാക്കി.  


ഒരു കാലത്ത് അതിനിശിതമായി അവൾ എതിർത്തിരുന്ന വില്യം ഗോഡ്‌വിനുമായുള്ള സൌഹൃദത്തിലേക്ക് മേരി അടുക്കുന്നു. വിവാഹമെന്ന വ്യവസ്ഥയെ ഒരുപോലെ എതിർത്തിരുന്ന രണ്ടുപേർ. സൌഹൃദത്തിനിടയിൽ ലൈംഗികതയ്ക്ക് വലിയ പങ്കില്ലെന്നു കരുതിയവരുടെ ഊഷ്മളമായ സൌഹൃദം. താമസിയാതെ മേരി വോൾസ്റ്റോൺക്രാഫ്റ്റ് വില്യം ഗോഡ്‌വിനിൽ നിന്നും ഗർഭിണിയാവുന്നു. വോൾസ്റ്റോൺക്രാഫ്റ്റ് ഗർഭിണിയായപ്പോൾ, അവരുടെ കുട്ടിക്ക് നിയമസാധുത ലഭിക്കുന്നതിനായി അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹമെന്ന ആണധികാര വ്യവസ്ഥയെ എതിർത്ത രണ്ടുപേരും, ഫെമിനിസം ജനിക്കും മുന്നേ ഫെമിനിസ്റ്റായ മേരിയും അനാർക്കിസ്റ്റായ ഗോഡ്‌വിനും 1797 മാർച്ചിൽ സെൻ്റ് പാൻക്രാസ് പള്ളിയിലാണ് വിവാഹിതരാവുന്നത്.  മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഒരിക്കലും ഇംലേയെ വിവാഹം കഴിച്ചിട്ടില്ലെന്ന വസ്തുത വെളിപ്പെട്ടത് അപ്പോഴാണ്.  അതോടെ മേരിക്കും ഗോഡ്‌വിനും ധാരാളം സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ഗോഡ്‌വിൻ ഏറെ വിമർശിക്കപ്പെട്ടു, തൻ്റെ തത്വശാസ്ത്ര ഗ്രന്ഥമായ പൊളിറ്റിക്കൽ ജസ്റ്റിസിൽ വിവാഹം നിർത്തലാക്കണമെന്ന് വാദിച്ചയാളായിരുന്നു ഗോഡ്‌വിൻ. 1797 മാർച്ച് 29-ന് വിവാഹശേഷം ഗോഡ്‌വിനും വോൾസ്റ്റോൺക്രാഫ്റ്റും സോമർസ് ടൗണിലേക്കു മാറി. കുറച്ച് അകലെയുള്ള ഒരു അപ്പാർട്ട്മെൻ്റ് ഗോഡ്‌വിൻ പഠനത്തിനായി വാടകയ്‌ക്കെടുത്തു, അതുവഴി ഇരുവർക്കും അവരുടെ സ്വാതന്ത്ര്യം നിലനിർത്താൻ കഴിഞ്ഞു, എഴുത്തുകളിലൂടെ ആശയവിനിമയവും. ഹ്രസ്വമെങ്കിലും, സന്തോഷകരവും സുസ്ഥിരവുമായ ബന്ധമായിരുന്നു അവരുടേത്.


1797 ഓഗസ്റ്റ് 30ന്  ഫ്രാങ്കൈൻസ്റ്റീൻ എന്ന വിഖ്യാത നോവൽ രചിച്ച, പിന്നീട് ഷെല്ലിയുടെ ജീവിത പങ്കാളിയായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിന് ജന്മം നല്കി എതാനും ദിവസങ്ങൾക്കുള്ളിൽ അവർ പ്രസവാനന്തര സങ്കീർണതകളുടെ ഇരയായി മരിക്കുന്നു, തൻ്റെ 38ാമത്തെ വയസ്സിൽ. ആ കാലത്തെ പ്രസവമരണങ്ങളുടെ ഭീകരമായ അവസ്ഥയെ പറ്റി നമ്മൾ ചിന്തിക്കണം.  മേരി ആദ്യ മകൾക്കു നല്കിയത്, ആദ്യ പ്രസവത്തിൽ തന്നെ ലോകത്തോടു വിടപറഞ്ഞ, തൻ്റെ ഉറ്റസുഹൃത്ത് ഫാനിയുടെ പേരായിരുന്നു. ഏറെ കഴിഞ്ഞില്ല, പ്രസവത്തിലെ സങ്കീർണതകൾ മേരിയുടെയും ജീവനെടുക്കുമ്പോൾ. ഏറെ ദിവസത്തെ നരകയാതനകൾക്ക് ശേഷം സെപ്റ്റിസീമിയ ബാധിച്ച് സെപ്തംബർ 10-ന് വോൾസ്റ്റോൺക്രാഫ്റ്റ് മരിച്ചു. സർജൻ്റെ കഴുകാത്ത കൈകളിൽ നിന്ന് പ്രസവസമയത്ത് ബാധിച്ച രോഗമാണ് മേരിയുടെ ജീവനെടുത്തത്.  


ജീവിതപങ്കാളി വില്യം ഗോഡ്‌വിൻ തൻ്റെ  സുഹൃത്ത് തോമസ് ഹോൾക്രോഫ്റ്റിന് എഴുതി: “അവൾക്ക് തുല്യയായി ഈ ലോകത്ത് മറ്റൊരാൾ ഇല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പരസ്പരം സന്തോഷിപ്പിക്കാനാണ് ഞങ്ങൾ രൂപപ്പെട്ടതെന്ന് അനുഭവത്തിൽ നിന്ന് ഞാനറിയുന്നു. ജീവിതത്തിൽ ഇനിയെന്നെങ്കിലും സന്തോഷം അനുഭവിക്കാൻ ആവുമെന്ന പ്രതീക്ഷ എനിക്കിനിയില്ല.  സെൻ്റ് പാൻക്രാസ് ഓൾഡ് ചർച്ചിൻ്റെ പള്ളിമുറ്റത്ത് അവളുടെ ശവകുടീരത്തിൽ വായിക്കാം "മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിൻ, എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് ദ വുമൺ: ജനനം: ഏപ്രിൽ 27, 1759: മരണം 10 സെപ്റ്റംബർ 1797.  


മേരിയും ഷെല്ലിയും ബൈറണും


പിന്നീട് തൻ്റെ ഭാര്യാമാതാവായ മേരിയുടെ ഫ്രീ ലവ് ചിന്തകളിലേക്ക് ഷെല്ലി ആകർഷിക്കപ്പെടുന്നത് തൻ്റെ കൌമാരത്തിൻ്റെ അവസാന പാദങ്ങളിലാണ്. പിൽക്കാലത്ത് മേരിയുടെ  ജീവിതപങ്കാളിയാരുന്ന ഗോഡ്‌വിൻ ജീവിച്ചിരിക്കുന്നുണ്ടെന്നറിഞ്ഞ, അദ്ദേഹത്തിലെ അരാജകവാദിയെയും അറിഞ്ഞിരുന്ന ഷെല്ലി വില്യം ഗോഡ്‌വിനെ കാണാൻ എത്തുന്നു (1812). അകാലത്തിൽ പൊലിഞ്ഞ ആ സുന്ദരിയായ അമ്മയുടെ, അന്നു പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള  സുന്ദരിയായ മകളെ, മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിനെയും കാണുന്നു. ഷേക്സീപിരിയൻ ശൈലിയിൽ വന്നു, കണ്ടു, കീഴടക്കി എന്നുപറയാം.  സ്വതന്ത്രപ്രണയത്തിൻ്റെ ഉപാസകനായ ഷെല്ലി അന്നു വിവാഹിതനാണ്. വെെകുന്നേരം വരെയും ഗോഡ്‌വിനുമായി തത്വചിന്താപരമായ സംഭാഷണം, ശേഷം മകൾ മേരിയുമായി ചുറ്റിക്കളിയുമായി ഷെല്ലി കഴിഞ്ഞു. അവൾ ഷെല്ലിയെ തൻ്റെ ഇഷ്ടസങ്കേതത്തിലേക്ക് കൊണ്ടുപോയി, തൻ്റെ അമ്മയെ അടക്കം ചെയ്ത: പഴയ സെൻ്റ് പാൻക്രാസ് പള്ളിമുറ്റത്ത്. വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ശവകുടീരത്തിൽ വച്ചായിരിക്കാം അവർ ആദ്യം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്ന് പ്രൊഫസർ നീൽ മെക് ആർതർ.


സാമ്പ്രദായിക വിവാഹത്തിൻ്റെ രണ്ട് വലിയ എതിരാളികളുടെ മകൾ എന്ന നിലയിൽ മേരി ഏകഭാര്യത്വത്തോടുള്ള തൻ്റെ വെറുപ്പ് പങ്കിടുമെന്ന് ഷെല്ലി സ്വാഭാവികമായും അനുമാനിച്ചു. എന്നാൽ തന്നോടൊപ്പം ഒളിച്ചോടാൻ അയാൾ അവളെ പ്രേരിപ്പിച്ചപ്പോൾ, അവരുടെ ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല, അവൾക്ക് അന്നു പതിനാറു വയസ്സേ പ്രായമുണ്ടായിരുന്നു എങ്കിലും. സ്വതന്ത്രലൈംഗികതയിൽ സംശയം പ്രകടിപ്പിച്ച മേരിയുടെ സംശയനിവൃത്തിക്കായി  വായിച്ചുകൊള്ളുവാൻ ഷെല്ലി ഉപദേശിച്ചതാണ് ദി എംപയർ ഓഫ് ദി നായേർസ് ഓർ റൈറ്റ്സ് ഓഫ് വുമൺ. തൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ഷെല്ലി പറഞ്ഞത് ദി എംപയർ ഓഫ് ദി നായേർസ് ഓർ റൈറ്റ്സ് ഓഫ് വുമൺ (1811) ആയിരുന്നു. അപ്പോൾ ഷെല്ലിയുടെ ഫ്രീ ലവ് ചിന്തകളുടെ ഉറവിടം മലബാറിലെ നായർ പെൺജീവിതങ്ങളായിരുന്നു എന്നുവേണം കരുതാൻ.  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ഫ്രീ ലവ് ആശയങ്ങളുടെ ആരാധകരിൽ പ്രമുഖനായ ലോർഡ് ജെയിംസ് ഹെൻറി ലോറൻസ് എഴുതിയതാണത്. ജമൈക്കയിൽ സമ്പന്നമായ ഒരു പ്ലാൻ്റർ കുടുംബത്തിൽ ജനിച്ച ലോറൻസ്, ഗോഡ്‌വിൻ്റെ  സുഹൃത്തുമായിരുന്നു. മലബാറിലെ നായർ സമൂഹത്തെ അനിയന്ത്രിതമായ ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെ ഭക്തരായി ചിത്രീകരിക്കുന്ന,  നായർ സമ്പ്രദായം കൂടുതൽ വ്യാപകമായി സ്വീകരിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ലോറൻസ്.   ആണിനു വേണ്ടാത്തതും പെണ്ണിനു വേണ്ടുന്നതുമായ പാതിവ്രത്യത്തിൻ്റെ ഇരട്ടത്താപ്പിന്മേലുള്ള വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ കടന്നാക്രമണത്തിൻ്റെ കാരണത്തെ റദ്ദുചെയ്യുന്ന ആൺപെൺ ബന്ധമായി മലബാർ നായർ രീതിയെ ലോറൻസ് കാണുന്നുണ്ട്. 'ഓരോ സ്ത്രീയും ഒരു പുരുഷൻ്റെയും നിയന്ത്രണമില്ലാതെ ജീവിക്കാം, പുരുഷന്മാർ മാത്രം ഇതുവരെ ആസ്വദിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കാം; കാമുകനെ അവൾ ഇഷ്ടം പോലെ തിരഞ്ഞെടുക്കട്ടെ മാറ്റിയെടുക്കട്ടെ.’ നോവലിൻ്റെ അവസാന വാക്കുകൾ വോൾസ്റ്റോൺക്രാഫ്റ്റിനോടുള്ള ആദരവാണ്: 'സ്ത്രീകളുടെ അവകാശങ്ങളിൽ വിജയം!' 


ലോകത്ത് സ്വതന്ത്ര പ്രണയം, ഫ്രീ ലവ്  വ്യാപകമായ ചർച്ചയാവുന്നത് 1792ലാണ്, ഷെല്ലി ജനിച്ച വർഷം, മേരി വോൾസ്റ്റോൺക്രാഫ്റ്റ് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എഴുതിയ വർഷമാണ്. അന്നത്തെ സ്ത്രീ സമുഹത്തിൻ്റെ ദുരിതജീവിതത്തിൽ നിന്നുള്ള മോചനം ലക്ഷ്യമാക്കിയ മേരിയുടെ മികച്ച ആശയമായ ഫ്രീ ലവിനെ തങ്ങളുടെ സുഖത്തിനായി മാറ്റിയതാണ് ഷെല്ലിയും ബൈറണും.  ആ മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ മകളാണ് ഷെല്ലിയുടെ ജീവിതപങ്കാളിയും ഫ്രാങ്കൈൻസ്റ്റീനിൻ്റെ രചയിതാവുമായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിൻ. ഫ്രീ ലവ് ബന്ധപ്പെട്ടിരിക്കുന്നത് പാട്രിയാർക്കിയുടെ എന്തുവന്നാലും എനിക്കാസ്വദിക്കണം നിലപാടിനോടല്ല, മറിച്ച് ഫെമിനിസത്തോടാണ്, ഊഷ്മളമായ ആൺപെൺ ബന്ധങ്ങളുടെ  സാമൂഹികജീവിതത്തിൻ്റെ ആസ്വാദനത്തോടാണ്.  പാട്രിയാർക്കിയുടെ, മസ്കുലിനിസത്തിൻ്റെ, വിക്ടോറിയൻ സദാചാരത്തിൻ്റെ മറ്റൊരു പതിപ്പായിരുന്നു ഷെല്ലിയും ബൈറണും ഫ്രീ ലവ് എന്നപേരിൽ ഇറക്കിയത് എന്നു വേണം കരുതാൻ.  


തുറന്ന ലൈംഗികത എന്ന ആശയവുമായി സമാന ചിന്താഗതിക്കാരായ ആളുകളുടെ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ ഷെല്ലി ശ്രമിച്ചു.  കവി ബൈറൺ, മേരി, മേരിയുടെ അർദ്ധസഹോദരി ക്ലെയർമോണ്ട് എന്നിവരെ കൂട്ടി, 1816-ൽ സ്വിറ്റ്‌സർലൻഡിൽ ഒരു വേനൽക്കാലത്ത് ഒരുമിച്ചു ചെലവഴിച്ചു. ഷെല്ലി മേരിയെയും കൂട്ടി ഒളിച്ചോടിയപ്പോൾ കൂടെ പോന്നവളാണ്  ക്ലെയർ ക്ലെയർമോണ്ട്, പ്രണയത്തെക്കുറിച്ചുള്ള ഷെല്ലിയുടെ വീക്ഷണങ്ങളിൽ ആദ്യം ആകൃഷ്ടയായത് അവളായിരുന്നു. മേരിയുടെ അർദ്ധസഹോദരി ക്ലെയർമോണ്ട് ഷെല്ലിയുമായി ലൈംഗിക ബന്ധം നിലനിർത്തിയിരുന്നതായ് എഴുത്തുകളിൽ കാണാം. 


ഗ്രൂപ്പിൻ്റെ ഒരുമിച്ചുള്ള സമയം ചില മഹത്തായ സാഹിത്യങ്ങൾ സൃഷ്ടിച്ചെങ്കിലും, പ്രത്യേകിച്ച് ഫ്രാങ്കെൻസ്റ്റൈൻ (1818), വ്യക്തിപരമായ തലത്തിൽ അത് ഫലവത്തായില്ല. ബൈറണിൽ നിന്നും  ക്ലെയർമോണ്ട് ഗർഭിണിയായി, മകൾ അല്ലെഗ്ര പിറന്നു. താമസിച്ചില്ല, ബൈറൺ ക്ലെയർമോണ്ടിനെ ഉപേക്ഷിച്ചു. മകൾ അല്ലെഗ്രയെ ഒരു മഠത്തിൽ ഉപേക്ഷിച്ചു. 1822-ൽ വെറും അഞ്ചാമത്തെ വയസ്സിൽ അല്ലെഗ്ര മരിച്ചു. ഷെല്ലിയുടെയും ബൈറണിൻ്റെയും മരണത്തിന് വർഷങ്ങൾക്ക് ശേഷം, ക്ലെയർമോണ്ട് അവരോടൊപ്പമുള്ള തൻ്റെ കാലത്തെക്കുറിച്ച് ദുരിതകാലത്തെ പറ്റി എഴുതി. "സ്വതന്ത്ര സ്നേഹത്തിൻ്റെ വിശ്വാസപ്രമാണങ്ങളുടെ പേരിൽ ഇംഗ്ലണ്ടിലെ ആദ്യത്തെ രണ്ട് കവികൾ നുണകളുടെയും അല്പത്വങ്ങളുടെയും ക്രൂരതയുടെയും വഞ്ചനയുടെയും രാക്ഷസന്മാരായി മാറുന്നത് ഞാൻ കണ്ടു." 


റൊമാൻ്റിക് പ്രണയത്തിൻ്റെയും ശാരീരിക അഭിനിവേശത്തിൻ്റെയും കൂടിച്ചേരലിൽ നിന്നാണ് അനുയോജ്യമായ ഒരു ബന്ധം പിറക്കേണ്ടതെന്ന് വോൾസ്റ്റോൺക്രാഫ്റ്റും ഷെല്ലിയും വിശ്വസിച്ചു. ഫ്രീ ലവിൻ്റെ ഉപാസകരായ സ്ത്രീകളൊക്കെയും അതു മൊത്തമായും ചില്ലറയായും  പ്രണയത്തിൽ പകർത്തിയപ്പോൾ, പ്രണയം നിക്ഷേപമാക്കി ലൈംഗികസുഖം കൊള്ളപ്പലിശയായി വാങ്ങിയവരായിരുന്നു മിക്കവാറും പുരുഷന്മാരൊക്കെയും, ഷെല്ലിയും ബൈറണും അടക്കം.  ഇന്ദ്രിയങ്ങളും മനസ്സും സവിശേഷമായൊരു ഭാവനയുടെ തലത്തിലേക്ക് ഉയരുമ്പോൾ സാധ്യമാവുന്ന വാത്സല്യത്തിൻ്റെയും അഭിനിവേശത്തിൻ്റെയും സ്വരൈക്യത്തിൽ നിന്ന് ഉടലെടുക്കുന്ന അനിർവചനീയമായ അനുഭൂതിയും പരമമായ ആനന്ദവും തനിക്ക്  ഒരിക്കലും അറിയാൻ കഴിയില്ലെന്ന് മേരി ഒരിക്കൽ ഇംലേയോട് പറഞ്ഞു.    അവരെ സംബന്ധിച്ചിടത്തോളം പ്രണയത്തിൻ്റെയും ലൈംഗികതയുടെയും ഈ സംയോജനത്തിന് മാത്രമായിരുന്നു ഒരു പ്രതിഭയുടെ സവിശേഷമായ സ്വഭാവവും, ഇഷ്ടത്തിൻ്റെ അടിത്തറയും, പ്രകൃതിദത്തമായ മഹാസൌന്ദര്യത്തിൻ്റെ ആസ്വാദനവും സാധ്യമാക്കുവാൻ ആവുക. ഉണ്ടും കുടിച്ചും ഉണ്ടാക്കിയും മാത്രം കഴിയുന്നവർക്ക് ഒരിക്കലും സാധ്യമാവുന്നതല്ല ആ ബോധം.  


ലോറൻസിൻ്റെ മലബാർ നായർ സിദ്ധാന്തങ്ങളിലേക്കുള്ള തികഞ്ഞ പരിവർത്തനമായിരുന്നു ഷെല്ലിയുടെ ഫ്രീ ലവ്. ഷെല്ലി ആവുന്നതു ശ്രമിച്ചിട്ടും വിവാഹമെന്ന എസ്റ്റാബ്ലിഷ്മെൻ്റിനെ അടിമുടി എതിർത്ത മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെയും വില്യം ഗോഡ്‌വിൻ്റെയും മകൾ മേരി ഗോഡ്‌വിൻ ആ വഴി പോയില്ല.   തൻ്റെ സുഹൃത്ത് തോമസ് ഹോഗുമായി ശാരീരികബന്ധം പുലർത്തുവാനുള്ള ഷെല്ലിയുടെ താല്പര്യത്തെ മേരി ചെറുത്തു, ലൈംഗികാസക്തിയുടെ ആൾരൂപമായ  കവി ലോർഡ് ബൈറണുമായി പൂർണ്ണമായും പ്ലാറ്റോണിക് ആയ ഒരു ബന്ധമാണ് മേരി എന്നും നിലനിർത്തിയത്. ഷെല്ലിയുടെ മരണശേഷം അവർ തനിച്ചു തുടരുകയാണ് ചെയ്തത്, മറ്റൊരു വിവാഹത്തിലേക്ക് പോയില്ല. 


ഒരു നൂറ്റാണ്ടു മുന്നേയാണ് ബർണാഡ് ഷായുടെ വിഖ്യാതമായ ‘ഫിലാണ്ടറർ’ മാറുന്ന ആൺപെൺ ബന്ധങ്ങളെ പറ്റി ചിരിപ്പിച്ച് ചിന്തിപ്പിച്ചത്. നാടകം തുടങ്ങുന്നതേ സ്ത്രീലമ്പടനായ ചാർട്ടേറിസ്  പുതിയതായി കണ്ടെത്തിയ പ്രണയിനി ഗ്രെയ്സുമായി പ്രണയോന്മാദനിർവൃതിയിലിരിക്കുമ്പോഴാണ്.  കഥാപാത്രങ്ങളൊക്കെ വായിൽക്കൊള്ളാത്ത പുരോഗമനം മാത്രമാണ് പറയുന്നത്.  കലാശിക്കുന്നത് ഒടുക്കം ലോകത്തെവിടെയും ഉള്ളതുപോലെ നെഞ്ചത്തടിയിലും നിലവിളിയിലുമാണ്. രസകരമായ ഒരു ചെറിയ ഭാഗം നാടകത്തിൽ നിന്നും മൊഴിമാറ്റിയിടുന്നു. ഗ്രെയ്സിനെ കിട്ടിയപ്പോൾ ചാർട്ടേറിസ് തള്ളിയ ജൂലിയ ചാർട്ടേറിസിനെ വളഞ്ഞിട്ടു പിടിക്കുന്നതാണ് രംഗം.

ചാർട്ടേറിസ്: എനിക്ക് നിന്നോട് ഒരു കടപ്പാടുമില്ല.

ജൂലിയ: (നിശിതമായി) ഒന്നുമില്ലേ? ലിയനോർഡ്, എൻ്റെ മുഖത്തുനോക്കി നിനക്കങ്ങിനെ പറയാൻ കഴിയുമോ?

ചാർട്ടേറിസ്: ജൂലിയാ, ഒന്നുകൂടി ഞാനോര്‍മ്മിപ്പിക്കാം. നമ്മളാദ്യമായി കണ്ടപ്പോൾ നിൻ്റെ വാദങ്ങൾ എത്രമാത്രം പുരോഗമനപരമായിരുന്നു?

ജൂലിയ: അപ്പോൾ നിനക്കെന്നോട് ഒത്തിരി കൂടുതൽ ബഹുമാനം തോന്നുകയല്ലേ വേണ്ടത്?

ചാർട്ടേറിസ്:  (ശാന്തമായി). തീർച്ചയായും മോളേ. അതല്ല കാര്യം. ഒരു പുരോഗമനവാദിയായ നിനക്ക് എന്തൊരു സ്വാതന്ത്ര്യബോധമായിരുന്നു.  ഒരു തരംതാണ വിലപേശലായല്ലേ വിവാഹത്തെ നീ കണ്ടിരുന്നത്. ഭാര്യ എന്ന സാമൂഹികപദവിക്കും പിന്തുണയ്ക്കും വേണ്ടി, വാര്‍ദ്ധക്യത്തിൽ ഒരു വരുമാനത്തിനുവേണ്ടി വിവാഹത്തിലൂടെ പെണ്ണ്  സ്വയം വില്ക്കുകയാണ്  എന്നൊക്കെ പറഞ്ഞത് നീയല്ലേ? പിന്നെ, നീയെന്നെ കല്യാണം കഴിച്ചെങ്കിൽ ഒന്നാലോചിച്ചുനോക്കൂ - ഉറപ്പായും ഞാനൊരു മഹാകുടിയൻ, അല്ലെങ്കിൽ ഒരു കൊടുംക്രിമിനൽ, അല്ലെങ്കിൽ ചുരുങ്ങിയത് ഒരു ബുദ്ധിഹീനനെങ്കിലും ആകുമായിരുന്നു. അതോളം ഭീകരമായ അവസ്ഥ മറ്റെന്താണ്?  അത്രവലിയൊരപകടത്തെ നീ ആഗ്രഹിക്കുമായിരുന്നോ?  പുരോഗമനവാദികളും  ബുദ്ധിജീവികളുമായ നമ്മൾ അത്തരം ആനമണ്ടത്തരങ്ങളിൽ ചെന്നുവീഴാൻ പാടുണ്ടോ?  അങ്ങിനയൊക്കെ ചിന്തിച്ചായിരുന്നില്ലേ എപ്പോൾ വേണമെങ്കിലും എന്നെ പിരിഞ്ഞുപോകാനുള്ള അവകാശം തന്നിൽ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് - എന്താ അങ്ങിനെയായിരുന്നില്ലേ ജൂലിയാ. ഇക്കാര്യത്തിൽ ഇബ്സൻ്റെ വീക്ഷണം നമ്മൾ അംഗീകരിച്ചത് നീ മറന്നുപോയോ? അതുകൊണ്ടല്ലേ പെണ്ണുപിടുത്തം എനിക്കൊരു കൈത്തൊഴിലായിപ്പോയതും? മണിക്കൂറുകളുടെ ഇന്ദ്രിയാനുഭൂതികള്‍ക്കൊപ്പം മറക്കാനാവാത്ത എന്തെല്ലാം പാഠങ്ങളാണ് അതെന്നെ പഠിപ്പിച്ചത്? 

ജൂലിയ:  നീയെന്നോട് കടപ്പെട്ടിരിക്കുന്നൂവെന്ന് ഇപ്പോൾ സമ്മതിച്ചുവല്ലോ ലിയനോർഡ്?

ചാർട്ടേറിസ്: (അഹങ്കാരത്തോടെ) ഇല്ല. ഞാൻ പഠിച്ചു. പഠിച്ചതിന് ഫീസും തന്നു. നിനക്കെന്നിൽ നിന്നും ഒന്നും കിട്ടിയില്ലേ? ആഹ്ളാദത്തിൻ്റെ ഒരു നിമിഷം പോലും, ജൂലിയാ, ഒരിക്കലും നിനക്ക് ഒന്നും കിട്ടിയില്ലേ?

ജൂലിയ: (വികാരഭരിതമായി മനസ്സില്‍തട്ടും വിധം) ഇല്ല. നീ പകർന്നുതന്ന സുഖാനുഭൂതിയുടെ ഓരോ നിമിഷത്തിനും അങ്ങേയറ്റത്തെ വിലയും ഞാൻ തന്നിട്ടുണ്ട്. എൻ്റെ ശരീരത്തോടുള്ള വികാരപരമായ നിൻ്റെ അടിമത്തത്തോടുള്ള നിൻ്റെ തന്നെ പ്രതികാരത്തിൻ്റെ ഇര - അതാണു ഞാൻ. ആ ഓരോ നിമിഷവും എനിക്കു നിന്നെ സംശയമായിരുന്നു. നിൻ്റെ ഓരോ എഴുത്തുകൾ കിട്ടുമ്പോഴും ഞാൻ പേടിച്ചുവിറക്കുകയായിരുന്നു. എന്നെ മുറിവേല്പിക്കാനുള്ളതെന്തെങ്കിലും കൊണ്ടാവും ആ കത്തെന്ന് കൃത്യമായി എനിക്ക് തോന്നാറുണ്ട്. നിൻ്റെ സന്ദർശനങ്ങൾ എന്നും ഞാനാഗ്രഹിച്ചെങ്കിലും അതൊരു ഭയപ്പാടോടെയായിരുന്നു. ഞാനെന്നും നിൻ്റെ കളിപ്പാട്ടമായിരുന്നു, ഒരിക്കലും നിൻ്റെ കളിത്തോഴിയായിരുന്നില്ല. (എഴുന്നേല്ക്കുന്നു, ശബ്ദമുയര്‍ത്തിക്കൊണ്ട്) നീയെനിക്കുതന്ന ആനന്ദത്തിൻ്റെ നിമിഷങ്ങളെല്ലാം തന്നെ അത്രമാത്രം വേദനാജനകങ്ങളായിരുന്നു ലിയനോർഡ്.  ആ വേദനകളില്‍മുങ്ങിയ എനിക്ക് ആനന്ദം അനുഭവപ്പെടാതെപോയത് സ്വാഭാവികം. (പിയാനോ സ്റ്റൂളിലേക്ക് അവൾ അമരുന്നു - അവനിൽ നിന്നും തിരിഞ്ഞ് കൈകളിൽ മുഖം പൂഴ്ത്തുന്നു). ജീവിതത്തിൽ ഒരിക്കലും നിന്നെ കാണാനിടയായിരുന്നില്ലെങ്കിൽ എന്നു ഞാനിപ്പോൾ ആശിച്ചുപോവുന്നു!

ചാർട്ടേറിസ്: (കോപാവേശത്തോടെ).  ഇത്രയും മാനസികവികാസമില്ലാത്തൊരു പിശാച്! ഇക്കാലമത്രയും നിന്നെ വാഴ്ത്തി നടന്നതിനുള്ള കൂലിയാണോ ഇത്?  നിന്നെ ഞാൻ എന്തുമാത്രം സഹിച്ചതാണ് - അതുമൊരു മാലാഖയുടെ ക്ഷമയോടെ. എന്തെന്നറിയാതെ വാരിപ്പൂശിയ മേക്കപ്പു പോലെയായിരുന്നു നിൻ്റെ സകലപുരോഗമനവുമെന്ന് പരിചയപ്പെട്ട് രണ്ടാഴ്ചകൊണ്ട് എനിക്കു മനസ്സിലായതാണ്.  വാക്കുകളുടെ അർത്ഥമറിയാതെ പുല്‍കിയ ആദർശങ്ങൾ. പരമമായ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞവളാണ് ഇപ്പോൾ ലോകത്തെ നമ്പർ വണ്‍കുശുമ്പുകാരി ഭാര്യയെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. എൻ്റെ ഏതെങ്കിലുമൊരു പെണ്‍സുഹൃത്തിനെ അപമാനിക്കാതെയും ചീത്തവിളിക്കാതെയും നീ വിട്ടിട്ടുണ്ടോ? ഒന്നുകിൽ കിഴവി, അല്ലെങ്കിൽ വൃത്തികെട്ടവൾ, അതുമല്ലെങ്കിൽ കൊള്ളരുതാത്തവൾ.....

ജൂലിയ: (പെട്ടെന്ന് തലയുയര്‍ത്തിക്കൊണ്ട്) അവർ അതൊക്കയായിരുന്നു.

ഇവിടെ ഒരു നൂറ്റാണ്ടു മുന്നേ ഷായുടെ കഥാപാത്രങ്ങളായ ജൂലിയ ലിയനോർഡ് ചാർട്ടേറിസിനോട് പറഞ്ഞതു തന്നെയാണ് അതിനു നൂറുനൂറ്റമ്പത് വർഷം മുന്നേ ബൈറണെ പറ്റി ഫ്രീ ലവ് ആരാധിക തന്നെയായിരുന്ന ക്ലെയർമോണ്ട് പറഞ്ഞത് - ബൈറണുമായുള്ള ബന്ധം അവൾക്കു പകർന്നത് ഏതാനും നിമിഷത്തെ ആനന്ദവും ജീവിതാന്ത്യം വരെയുള്ള ദുരിതവുമാണെന്ന്.  നൂറ്റാണ്ടുകൾ പിന്നിട്ട് നാം ഇവിടെ എത്തിയപ്പോഴും പലപ്പോഴായി കേൾക്കുന്നതും മറ്റൊന്നല്ല. 


കുഞ്ഞ് വേണോ വേണ്ടയോ, വേണ്ടിവന്നാലും വേണ്ടാതെ വന്നാലും കുഞ്ഞിനെ ആരു വഹിക്കും എന്നൊക്കെയുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം സാധ്യമാവുന്ന, കരാറുകൾ സാധ്യമാവുന്ന  ഇന്ന് ഫ്രീ ലവ് പ്രസക്തവുമാണ്. വേണ്ടിവന്നാൽ ആരുടെ കുഞ്ഞെന്ന് തെളിയിക്കാൻ പറ്റാത്ത കാലവുമല്ല.  രണ്ടരനൂറ്റാണ്ടു മുൻപ്  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ കാലത്ത് ആ ബോധമുണ്ടാവുക എന്നത് കാലത്തിനു മുന്നേ നടന്നവർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്.  ആ ബോധത്തിൻ്റെ ആരാധകരായി നടിച്ച് അവരെ ചൂഷണം ചെയതവരാണ് അധികവും, അതിൻ്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയവർ.   ഗർഭനിരോധനം ശാസ്ത്രീയമായി ഏതാണ്ട് സാധ്യമല്ലാതിരുന്ന കാലമായിരുന്നു അത്. ഗർഭനിരോധന മാർഗങ്ങൾക്കു സഭകൾ തന്നെ എതിരായിരുന്ന കാലം. വിവാഹമോചനം അസാധ്യമെന്നുതന്നെ പറയേണ്ട കാലവും.   ഉന്നതമായ സാമൂഹികബോധത്തെ ഉൾക്കൊള്ളുവാനുള്ള ശാസ്ത്രമുന്നേറ്റം നടന്നില്ല. അതിൻ്റെ ദുരന്തനായികമാരായി മേരിമാർ. മേരിയുടെ ഫ്രീ ലവ് ശരിയായിരുന്നു, അതു ഉന്നം വച്ചത് പെണ്ണിനെ ദാമ്പത്യമെന്ന പീഡനത്തിൽ തളച്ചിടുന്ന വിവാഹത്തിൽ നിന്നുള്ള മോചനമായിരുന്നു, നിയന്തണമില്ലാത്ത ഗർഭധാരണവും, പ്രസവമരണങ്ങളിൽ നിന്നുമുള്ള കരകയറ്റവുമായിരുന്നു.  ഇന്ന് ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങളുണ്ട്, ആണിനെന്നതുപോലെ വരുമാനമാർഗങ്ങൾ പെണ്ണിനുമുണ്ട്. അപ്പോൾ ഫ്രീ ലവ് ആശയങ്ങളെ പുല്കിവന്ന് പെണ്ണിൻ്റെ ജീവിതം നരകമാക്കുവാൻ ആണിന് സാധ്യമാവുമെന്ന് തോന്നുന്നില്ല, സ്വന്തം പോക്കറ്റിനെ അവൾ ആശ്രയിക്കുന്ന കാലത്തോളം. 


മധുസൂദൻ. വി