Sunday, August 9, 2026

വിലാപകാവ്യത്തിന്റെ ഇപ്പോഴും കത്തുന്ന വിപ്ലവവീര്യം (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിൽ മാതൃരാജ്യം വിട്ട് സുരക്ഷിതതാവളങ്ങൾ തേടുന്ന സുരക്ഷിതത്വത്തിന്റെ തണലിൽ സ്വന്തം നാടിനെപ്പറ്റി
വ്യാകുലചിത്തരാവുന്ന  എഴുത്താളുകളുടെ ലോകത്ത് തീർത്തും വ്യത്യസ്തയായിരുന്നു അന്ന അഖ്മതോവ (23 ജൂൺ 1889 - 5 മാർച്ച് 1966). പിരിഞ്ഞുപോയെങ്കിലും അന്ന ഏറെ സ്നേഹിച്ചിരുന്ന, തന്റെ ഏകമകന്റെ പിതാവും സഹകവിയും കൂടിയായിരുന്നു നിക്കോളായ് ഗുമില്യോവ്.   1921- വിപ്ലവവിരുദ്ധ കുറ്റം ചുമത്തി സോവിയറ്റ് ഭരണകൂടം അയാളെ വെടിവച്ചുകൊന്നു. അന്നയുടെ ജീവിതത്തിലെ വലിയൊരു ആഘാതമായിരുന്നു അത്, ശേഷം മകൻ ലെവ് ഗുമില്യോവ് പലപ്പോഴായി തടവിലാക്കപ്പെട്ടതും.  സ്വന്തം മാതൃരാജ്യത്തിന്റെ ഉജ്ജ്വലമായ ചരിത്രത്തിന്റെ താളുകളിലെ താളങ്ങളിലായിരുന്നു തന്റെ ജീവിതമെന്നും കാലത്ത് ജീവിക്കുവാനും ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവങ്ങൾക്ക് സാക്ഷിയാകുവാനും കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമാണെന്നും അന്ന നിരീക്ഷിച്ചിട്ടുണ്ട്. ആദ്യകാല പ്രണയ, മിസ്റ്റിക് കവിതകളിൽ നിന്നും മാറി മാതൃഭൂമിയോടുള്ള പ്രണയത്തെ വാഴ്ത്തുന്ന ദേശഭക്തി ശൈലിയിലേക്ക് വരുന്ന ഒരു ഘട്ടമുണ്ട്, ഹിറ്റ്ലറുടെ റഷ്യൻ ആക്രമണകാലം. ശേഷം സ്വന്തം ഭാവിനോക്കി റഷ്യ വിട്ടുപോയവരെ ആക്ഷേപിച്ച അന്ന  സ്വന്തം നാട്ടിൽതന്നെ വനവാസത്തിലാവുന്നതും നമ്മൾ കാണുന്നു. നിരോധിക്കപ്പെട്ട കവി എഴുത്താളുകളുടെ യൂണിയനിൽ നിന്ന് പുറത്താക്കപ്പെടുന്നു, റേഷൻ കാർഡ് റദ്ദു ചെയ്യപ്പെടുന്നു,  പട്ടിണിയിലാവുന്നു. സാർ ചക്രവർത്തിയിൽ തുടങ്ങി ലെനിനിലൂടെ ജോസഫ് സ്റ്റാലിനിലൂടെ  മുന്നേറിയ ചരിത്രം നൽകിയ ആഘാതങ്ങളൊക്കെയും ഏറ്റുവാങ്ങിയതാണ് അന്നയുടെ ജീവിതം.  സ്വയം ഒരു ചരിത്രമായി മാറിയ  അന്ന കുറിച്ചിട്ട വരികളിൽ, വരികൾക്കിടയിൽ കുടിയിരിക്കുന്നുണ്ട്  റഷ്യയുടെ ഇരുണ്ട ചരിത്രം. ചരിത്രം പരാജയപ്പെടുന്നിടത്ത് കവിതയും സാഹിത്യവും വിജയിക്കുന്നത് അന്നയിലൂടെ, കവിതകളിലൂടെ നമുക്കു കാണാം. 


പരിധിപരികല്പനയുടെ പ്രത്യയശാസ്ത്രം (പച്ചക്കുതിര)

പ്രകൃതി നിയമം സോഷ്യലിസമല്ല, അതു സർവൈവൽ ഓഫ് ഫിറ്റസ്റ്റ്, ഏറ്റവും  അനുയോജ്യമായതിന്റെ അതിജീവനമാണ്.  പരിആദിയുഗത്തിലേക്ക് ഒരു തിരിച്ചുപോക്ക് അസാധ്യമായതുകൊണ്ട് പ്രകൃതി നിയമങ്ങൾ സമ്പൂർണമായും  ആധുനിക മനുഷ്യന് ബാധകമാവണമെന്നത് ഒരു അസംബന്ധമാണ്.    അടിസ്ഥാനാവശ്യങ്ങളായ പാർപ്പിടവും വസ്ത്രവും ആദ്യം ഉപേക്ഷിക്കേണ്ടിവരും.  പ്രകൃതിയിൽ നിന്നും അകലുമ്പോൾ, പ്രാകൃതനിൽ നിന്നും പരിഷ്കൃതനിലേക്ക് താണ്ടിയ വഴികളിൽ മനുഷ്യൻ കണ്ടെടുത്തതാണ് മാനവികതയുടെ കൊടിയടയാളങ്ങളായ  ജനാധിപത്യവും സെക്യുലറിസവും സോഷ്യലിസവുമെല്ലാം. ഒരു തത്വചിന്തയും  ശാസ്ത്രമല്ല, ആവുക സാധ്യവുമല്ല. ധാർമ്മികബോധം, രാഷ്ട്രീയ സിദ്ധാന്തങ്ങൾ, പൊതുനയം, ധനതത്വശാസ്ത്രം, സാമൂഹികശാസ്ത്രം എല്ലാം കൈകോർക്കുമ്പോഴാണ് വികസനം സാധ്യമാകുന്നത്. പരിധിയില്ലാത്ത അസമത്വത്തെ റദ്ദു ചെയ്യുന്ന, സൂപ്പർറിച്ചുകൾ ഇല്ലാത്ത ലോകത്തെ യാഥാർത്ഥ്യമാക്കാനാവുക ആശയങ്ങളോട് മനുഷ്യനെത്തന്നെ നിർവ്വചിക്കുന്ന മനുഷ്യത്വം  ചേരുമ്പോഴാണ്. കാരുണ്യം ഒരു വിഭാഗത്തോടല്ലാതെ മാനവസമൂഹത്തോടാവുമ്പോഴാണ് തത്വചിന്തകൾ ലോകത്തെ മാറ്റിമറിക്കുന്നത്. എതിർപദങ്ങളിലൂടെ പദാർത്ഥങ്ങൾക്ക് കൃത്യമായ അതിരും വ്യാപ്തിയും നിശ്ചയിക്കുന്ന നമ്മുടെ ബോധത്തിൽ ദാരിദ്ര്യ രേഖയ്ക്ക് മറുപുറമായി സമ്പദ് രേഖ ഇല്ലാതെ പോയി.  


തന്നെപ്പോലെ തുല്യ സാമ്പത്തിക അവകാശങ്ങൾ അപരനും ഉണ്ടെന്ന് മറ്റാരെക്കാളും ലോകത്തെ ബോധ്യപ്പെടുത്തിയത്, ചൂഷണരഹിതമായ ഒരു വ്യവസ്ഥയെപറ്റി ചിന്തിപ്പിച്ചത് മാർക്സും ഏംഗൽസും തന്നെയാണ്.  അനിയന്ത്രിതമായ അസമത്വം മനുഷ്യൻ ഒരു  സാമൂഹികമൃഗം എന്ന യാഥാർത്ഥ്യത്തെ റദ്ദുചെയ്തുകളയുന്ന കാലത്ത് മാർക്സിനും സോഷ്യലിസത്തിനും പ്രസക്തി ഏറുന്നുണ്ട്.   സമത്വം പ്രകൃതിവിരുദ്ധമാണെങ്കിൽ പ്രകൃതിവിരുദ്ധ ജീവിയായ മനുഷ്യന്  അത് തീർച്ചയായും  സാധ്യമാവണം. പ്രകൃതിയുടെ മുഖമുദ്രയും സൗന്ദര്യവും അസമത്വമാണെങ്കിലും അത് വർഗങ്ങൾക്ക് അകത്തല്ലെന്നതാണ് യാഥാർത്ഥ്യം.   ഒരു കുഴിയാനയുടെയും ആനയുടെയും ആനറാഞ്ചിയുടെയും ജീവിതനിലവാരം മറ്റൊരു കുഴിയാനയുടെയും ആനയുടെയും ആനറാഞ്ചിയുടെയും ജീവിതത്തിൽ നിന്നും ഏറെ  വ്യത്യസ്തമില്ല. ലോകത്തെ ബുദ്ധിജീവിയായ മനുഷ്യന് ഏറ്റവും അപമാനകരമാണ് മനുഷ്യജാതിക്കുള്ളിലെ  അനിയന്ത്രിതമായ അസമത്വം. സമ്പത്തുകൊണ്ട് നേടാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്.    അളവില്ലാത്ത സമ്പത്ത് കൊണ്ട് ഒരാൾക്കും  അളവില്ലാത്ത ആനന്ദം വിലക്കു വാങ്ങുക സാധ്യമല്ല. മനുഷ്യന്റെ അനിർവചനീയമായ ആനന്ദത്തിൽ ഒന്നാണ് രതി. ഒരു ഓർഗനൈസേഷനെ വിലയ്ക്കെടുക്കാൻ പറ്റുമെങ്കിലും ഒരു ഓർഗാസത്തെ  വിലക്കെടുക്കാൻ കഴിയുകയില്ല.  മനുഷ്യന്റെ പരമമായ ദുഖത്തെയും പരമാനന്ദത്തെയും  കുട്ടുകയോ കുറയ്ക്കുകയോ ആവാനാവാത്ത സമ്പത്തിന് മാത്രം പരിധിയില്ല. സമ്പത്തിനുവേണ്ടി മനുഷ്യൻ ആരോഗ്യംപോലും അവഗണിക്കും, പിന്നീട് പരിതപിക്കുകയും ചെയ്യും.  

------------

------------