Tuesday, October 19, 2021

നാദിയ അവസാനത്തെ പെൺകുട്ടിയല്ല

തൻ്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ കുടുംബസമേതം ഐഎസ് പിടിയിലായി, സഹോദരൻമാർ ആറുപേരും അമ്മയും മരണത്തിലേക്ക് മാർച്ചുചെയ്യുന്നതു അവളുടെ കൺമുന്നിൽ.   പിന്നെ ഭീകരമായ മർദ്ദനങ്ങൾ, നിരന്തരമായ ബലാൽസംഗങ്ങൾ. അവളുടെ തന്നെ ഭാഷയിൽ നിരന്തരമായ ബലാൽസംഗങ്ങളുടെയും മർദ്ദനങ്ങളുടെയും  നാളുകളല്ലാതെ ജീവിതത്തിൽ മറ്റൊന്നും പ്രതീക്ഷിക്കാനില്ലാതെ സ്വപ്നങ്ങൾ മുഴുവനും തകർന്നടിഞ്ഞ്, പ്രതീക്ഷയുടെ ഒരുകിരണം പോലും അവശേഷിക്കാതെ നിരാശയുടെ പടുകുഴിയിലേക്ക് വീണുപോയ യസീദി പെൺകുട്ടി നദിയ മുറാദിന് ഇന്ന് വയസ്സ് 28.  2018  നോബൽ സമ്മാനം പങ്കുവെച്ച ധീരവനിത, ലൈംഗികപീഡനം ഒരു യുദ്ധോപകരണമാവുന്നത് അവസാനിപ്പിക്കാനായുള്ള  അവളുടെ പോരാട്ടത്തിനെയാണ്  നോബൽ ആദരിച്ചത്. ലോകസമാധാനത്തിനുള്ള നോബൽ സമ്മാനം തൻ്റെ പതിനേഴാമത്തെ വയസ്സിലാണ് മലാലയ്ക്ക് ലഭിച്ചതെങ്കിൽ, ഇരുപത്തിയഞ്ചിലാണ് നാദിയയ്ക്ക് ലഭിക്കുന്നത്. രണ്ടു പെൺകുട്ടികളുടെ ജീവിതങ്ങൾ നമ്മെ നിരന്തരമായി ഒന്നോർമ്മിപ്പിക്കുന്നുണ്ട്. അതു ഗോത്രബോധങ്ങൾ കലാനിഷ്കോവുമായി ഇണചേരുമ്പോഴുള്ള നമ്മുടെ പെൺജീവിതങ്ങളുടെ ദുരവസ്ഥയാണ്. നരഭോജിക്ക് കത്തിയും മുള്ളും കിട്ടിയ പുരോഗതിയാണത്.   അതു പ്രതിഫലിക്കുന്ന പുസ്തകമാണ് ലാസ്റ്റ് ഗേൾ. അവസാനത്തെ പെൺകുട്ടി, നിരന്തരമായ പീഡനങ്ങൾക്ക്, ബലാൽസംഗങ്ങൾക്ക് ഇരയാവുന്ന അവസാനത്തെ പെൺകുട്ടി ഞാനായിരിക്കട്ടെ, ഇനിയാർക്കും അങ്ങിനെയൊരു അനുഭവമുണ്ടാവാത്ത ലോകം ഉണ്ടാവട്ടെ എന്ന അവളുടെ പ്രാർത്ഥനയാണ് ലാസ്റ്റ് ഗേൾ.

അവസാനമില്ലാത്ത നാദിയമാരുടെ ദുരിതങ്ങളുടെ ലൈംഗികപീഡനങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകളാണ് അഫ്ഗാനിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. പൊതുവിടങ്ങളിൽ നിന്നും വനിതകൾ ആട്ടിയോടിക്കപ്പെടുകയാണ്, തൊഴിലെടുക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പാട്രിയാർക്കിയുടെ പ്രൊക്രൂസ്റ്റ്രിയൻ കട്ടിലിന് അനുയോജ്യമാവാത്തവരെ വെട്ടിയരിഞ്ഞും വെടിവെച്ചും ബലാൽസംഗം ചെയ്തും ഇരുണ്ടയുഗത്തിലേക്ക് ലോകത്തെ തിരിച്ചുനടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ആയൊരു നാളിൽ  നാദിയ മുറാദിനെ വായിക്കുക കാലത്തിൻ്റെ ആവശ്യമാണ്ഗാർഡിയൻ എഴുതുന്നത് ഏറ്റവും ദയനീയമായ സ്ഥിതി സിങ്കിൾ മദേർസിൻ്റെതാണെന്നാണ്. ആറുവയസ്സുള്ള തൻ്റെ മകളെ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട് താലിബാൽ റെയ്ഹാനയെ അന്വേഷിച്ചെത്തി. കഴിഞ്ഞവർഷം താലിബാൻ കൊന്നതായിരുന്നു അവളുടെ ജീവിത പങ്കാളിയെ. ഭാഗ്യത്തിന് അന്നവൾ അവിടെയുണ്ടായിരുന്നില്ലഅവളും മകളും കാബൂളിലേക്ക് ഓടിപ്പോയി. അവിടെ ഒരു ധാന്യച്ചാക്കിൽ കയറി ഒളിച്ചാണ് രക്ഷപ്പെട്ടത്. ചാക്ക് അനങ്ങുന്നതു കണ്ടുപിടിച്ച ട്രക്ക് ഡ്രൈവർ അവളുടെ കണ്ണീരിൽ അലിഞ്ഞ് യാത്രയനുവദിച്ചു. കാബൂളിലെ വിദേശ എംബസികളിൽ പലതിലും അവൾ മകളെയും കൊണ്ടു കയറിയിറങ്ങി. ഒടുവിൽ ഇംഗ്ലണ്ടിലെ അവളുടെ സഹോദരിക്ക് അവളെ മാഞ്ചസ്റ്ററിലേക്ക് കടത്താൻ കഴിഞ്ഞുതങ്ങളെ രക്ഷിക്കാനായി വിദേശപട്ടാളക്കാരോട് അലറിക്കരയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ ബോധമുള്ളവരെ അസ്വസ്ഥരാക്കുന്നതാണ്. താലിബാൻ രണ്ടാമതും അധികാരത്തിലേക്ക് വന്നപ്പോൾ അഫ്ഗാനിസ്ഥാനിൽ നിന്നും ഓടിരക്ഷപ്പെട്ടത് അഞ്ചുലക്ഷത്തിലേറെ വനിതകളും കുട്ടികളുമാണെന്ന് റോയിറ്റർ റിപ്പോർട്ടു ചെയ്യുന്നു. താലിബാൻ അംഗമായ ഭർത്താവ് ഫരീബ അകേമിയെയും അവളുടെ രണ്ടു പെൺകുട്ടികളെയും മറ്റൊരു താലിബാനിക്ക് വിറ്റതായിരുന്നു. നാലുവർഷം മുൻപ് അവിടെ നിന്നു രക്ഷപ്പെട്ട് ഇന്ത്യയിൽ കഴിയുകയാണ് ഇന്ന് നാല്പതുകാരിഎക്സ്പയറി ഡേറ്റ് ഇല്ലാത്ത താലിബാൻ്റെ മരണവാറണ്ട് ഭയന്നാണ് അവർ കഴിയുന്നത്, ഏതു നിമിഷവും നടന്നേക്കാവുന്ന തൻ്റെ കൊലയെയും മകളെ തട്ടിക്കൊണ്ടുപോവുന്നതും ഭയന്ന്

ക്രൂരമായ ലൈംഗിക പീഡനങ്ങൾ

യസീദി പെൺകുട്ടികളെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ഐഎസ് തീവ്രവാദി സംഘങ്ങൾ അവരെ അധിക്ഷേപിച്ചു വിളിച്ച പേര് സാബിയ്യ എന്നായിരുന്നു.  അന്നോളം ഒരു ആൺസുഹൃത്തുമായി പോലും തനിച്ച് ഒരു മുറിയിൽ ഉണ്ടാവാതിരുന്ന നാദിയയെ തിരഞ്ഞെടുത്ത ഐഎസ് ഭീകരൻ ഹാജ്ജി സാൽമൻ  ആ രാത്രി അവളോടു വർണിക്കുന്നത് അവരുടെ അവിശ്വാസികളായ യസീസി ആൺതരികളെ ഒക്കെയും, അവളുടെ സഹോദരങ്ങളെയടക്കം കൊന്നുതള്ളി  യസീദി പെൺകുട്ടികളെ ഇസ്ലാമിലേക്കു  മതംമാറ്റി രക്ഷിക്കാൻ കൊണ്ടുവന്ന മഹത്തായ കഥയാണ്. തന്നെപ്പോലുള്ള വിശ്വാസികളുടെ ലൈംഗിക അടിമകളാവാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷിക്കുവാനും.  തലേദിവസം തൻ്റെ ആറു സഹോദരങ്ങളടക്കം കോച്ചോ ഗ്രാമത്തിലെ പുരുഷൻമാർ മുഴുവൻ തോക്കുകൾക്കിരയാവുന്നതു കണ്ട, എന്നും തൻ്റെ അഭയമായ പ്രിയപ്പെട്ട അമ്മ ഇല്ലാതായതിനു സാക്ഷിയാവേണ്ടിവന്ന, തൻ്റെ പ്രിയപ്പെട്ട സഹോദരിമാരിൽ നിന്നും സഹോദരഭാര്യമാരിൽ നിന്നും  വലിച്ചകറ്റപ്പെട്ട, അലമുറയിട്ടു കണ്ണീർ വറ്റി മരവിച്ചുപോയ അവളോട് താമസിയാതെ അയാൾ ഉത്തരവിട്ടു - വിവസ്ത്രയാവുക.  താൻ പീരീഡ്സിലാണെന്ന് അവൾ പറയുമ്പോൾ അയാൾ പറഞ്ഞത് താൻ എൻ്റെ നാലാമത്തെ സാബിയ്യ ആണെന്നും മുൻപത്തെയവളും ആദ്യം ഇതുതന്നെയാണ് പറഞ്ഞതെന്നുമാണ്. ഒടുക്കം അയാൾ അതു നോക്കി ഉറപ്പാക്കിയശേഷവും ആ രാവിൽ അവളെ വെറുതെ വിട്ടില്ല. പീരീഡ്സിലുള്ള പെണ്ണുമായി വേഴ്ച പാടില്ലെന്നാണ് ഐഎസ് മാന്വൽ പറയുന്നതെങ്കിലും ഒരു സാബിയ്യയുമായി ആവാമെന്ന് ഭേദഗതിയുണ്ട്. പക്ഷേ നല്ലത് ബ്ലീഡിങ് കഴിയുന്നതുവരെ കാത്തുനില്ക്കലാണെന്ന ഒരുപദേശം മാന്വലിൽ ഉള്ളതു അയാൾ അതു ഭാഗികമായി പാലിച്ചു. അന്നവൾ അയാളുടെ ലിംഗപ്രവേശത്തിൽ നിന്നുമാത്രം രക്ഷപ്പെട്ടു. അവളുടെ മൃദുമേനി അയാൾ വേദനിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു സംരക്ഷണമാവാൻ അമ്മ പറഞ്ഞുകൊടുത്ത പല ലേയർ കുപ്പായങ്ങൾക്കിടയിലൂടെയും കൈകടത്തി അവളുടെ മുലകളിൽ വേദനപടർത്തിയ,  എതിർത്തപ്പോൾ കഴുത്തിനു പിറകിലും വയറിലും സിഗരറ്റുകൾ കുത്തിക്കെടുത്തിയ, കണ്ണുമുറിയെ വീണ അടിയക്കം തലേദിവസത്തെ മറ്റു രണ്ടു ഭീകരരുടെ  ക്രൂരതകൾ നിസ്സാരമായി അവൾക്കു തോന്നി. ഇവിടെ അവളെ പീഡിപ്പിക്കുന്നത് ഒരു ജഡ്ജിയാണ്. 

 എല്ലാ ഇല്ലായ്മകൾക്കുമിടയിലും അവരുടെ പാടത്തെ കൃഷിയും കാലി വളർത്തലുമൊക്കെയായി അഭിവൃദ്ധിയിലേക്കു നടന്ന, സമാധാനപരമായി ജീവിച്ച, കുടുംബജീവിതം നയിച്ച, ഒരു പക്ഷേ മറ്റുപലരെക്കാളുമുപരിയായ വ്യക്തിസ്വാതന്ത്ര്യം സമൂഹത്തിൽ അനുഭവിച്ച തങ്ങളുടെ ഗ്രാമങ്ങളിൽ, പാടത്തും പറമ്പിലും മലകളിലും താഴ്വാരങ്ങളിലും സ്വതന്ത്രമായി  പാറിപറന്നു നടന്ന യസീദി പെൺകുട്ടികളെയാണ്, അവിടെയുണ്ടായിരുന്ന ആൺതരികളെയൊക്കെയും കൊന്നു തീർത്ത് ലൈംഗിക അടിമകളാക്കി ഐഎസ് ഭീകരർ ഒറ്റ രാത്രികൊണ്ട് മാറ്റിയത്.  സാബിയ്യ ആക്കി ഇസ്ലാമിലേക്ക് മതം മാറ്റിയ പെണ്ണിനെ ഭീകരവാദികളുടെ കയ്യിലെ രജിസ്റ്ററിൽ വരവു വെച്ച് ഏതു ഭീകരാനാണ് സമ്മാനിക്കുന്നതെന്നു രേഖപ്പെടുത്തും. പിന്നീട് ഐഎസിൻ്റെ ജഡ്ജി അവളെ അയാളുടെ പ്രോപ്പർട്ടി, മുതലായി വിധിക്കും.  ഭീകരവാദികൾക്ക് ഇങ്ങിനെ തട്ടിയെടുത്ത പെൺകുട്ടികളെ ബലാൽസംഗത്തിനിരയാക്കുവാനുള്ള ഈ ഏർപ്പാടിനെയാണ് ഹാജ്ജി സാൽമൻ വിവാഹം എന്നു വിശേഷിപ്പിക്കുന്നത്. സ്വർഗത്തിലേക്കുള്ള വഴിയായും.  പിടിച്ചുകൊണ്ടുവരുന്ന അവിശ്വാസിയെ കൊല്ലണമോ, അതോ വേറെ ശിക്ഷ വേണമോ എന്നതിൽ തീർപ്പുകൽപ്പിക്കുന്ന ഐഎസ് ജഡ്ജിയാണ് ഹാജ്ജി. അയാൾ അവളെയും കൂട്ടി എത്തിയത് ജഡ്ജി ഹുസായിനു മുന്നിൽ. അയാൾ അവളോടു ശഹദ ചൊല്ലാൻ അറിയുമോ എന്നു ചോദിച്ചു. അറിയാമെന്നവൾ പറഞ്ഞപ്പോൾ അയാളുടെ മുഖം തെളിഞ്ഞു.  വളരെ നല്ല കാര്യമാണ് നീ ചെയ്തത് എന്നവളെ അഭിനന്ദിച്ചു, അയാൾ അവളുടെ ഒരു ഫോട്ടോയെടുത്തു. പിന്നെ ഹാജ്ജിയോട് കല്പിച്ചു - ഇവളിനി നിൻ്റെ സാബിയ്യ ആണ്, നിനക്കിഷ്ടമുള്ളത് അവളോടു ചെയ്യുക. ഐഎസ് യസീദി പെൺകുട്ടികളോട് ചെയ്തതു തന്നെയാണ് താലിബാൻ ചെയ്യുന്നത്, ഇസ്രയേലി പെൺകുട്ടികളോട് ഹമാസ് അതു ചെയ്യാത്തത് ബാക്കികാണില്ല പിന്നെ എന്ന ഭയം ഒന്നുകൊണ്ടു മാത്രമാവണം. കാരണം പെൺകുട്ടികൾക്കെതിരെ തിരിയുന്ന പാട്രിയാർക്കിയുടെ കലാനിഷ്കോഫ് ഗണ്ണാണ് പുരുഷലിംഗം.

ആരാണ് സാബിയ്യ

വെറുതെ ഒന്നറിയാൻ സാബിയ്യ എന്ന അറബി പദത്തിൻ്റെ അർത്ഥം തിരഞ്ഞു. അതിമനോഹരം, അതിമഹത്തായത്, സുന്ദരം എന്നൊക്കെ അർത്ഥം വരുന്ന ഒരു അറബി പദമാണത് എന്നറിയുന്നത് ഒരു ഞെട്ടലോടെയാണ്. മഹത്തായതിനെ, സുന്ദരമായതിനെ, അതിമനോഹരമായതിനെ, വർണാഭമായതിനെ ഒക്കെയും പിച്ചിച്ചീന്തുക ജന്മദൌത്യമായി കരുതുന്നവരാണ് ഭീകരർ. ഐഎസ് പതാക തന്നെ നോക്കുക - ഒരു ബ്ലാക് ആൻ്റ് വൈറ്റ് ലോകമാണവരുടേത്. അവിടെ ജീവിതത്തിൻ്റെ വർണപകിട്ടുകൾക്ക് പ്രവേശനമില്ല. കാലഹരണപ്പെട്ട ഒരു കുറേ ബോധ്യങ്ങൾ നയിക്കുന്ന ഗോത്രങ്ങൾ, ഗോത്രജീവികൾ സുന്ദരമായ ലോകത്തിന് എന്തുമാത്രം ഭീഷണിയാണെന്നത് ഞാനറിയുന്നത് അടുത്തകാലത്തായി വായിച്ച മൂന്നു പുസ്തകങ്ങളിൽ നിന്നാണ്. ഒന്നു ഡേവിഡ് ലാമിയുടെ ട്രൈബ്, രണ്ട് ഇറാഖിലെ തന്നെ സദ്ദാമിൻ്റെ ക്രൂരതകൾക്കിരയായി ഒടുക്കം ജയിൽ മോചിതയായി എങ്ങിനെയോ ഇറാഖിനു പുറത്തേക്കു കടക്കാൻ കഴിഞ്ഞ  മയദയുടെയും ഇന്നും ലോകത്തിനറിയാത്ത അവളുടെ പ്രിയ സുഹൃത്ത് സമാറയുടെയും ജീവിതകഥയാണ് - മയദ, ഡോട്ടർ ഓഫ് ഇറാഖ്. പിന്നെ  ഇപ്പോൾ വായിച്ചുതീർത്ത നാദിയ മുറാദിൻ്റെ ലാസ്റ്റ് ഗേൾ എന്ന ജീവിതകഥയും.

ആണിനെ ഒറ്റയടിക്കു കൊല്ലുന്ന, പെണ്ണിൻ്റെ ശരീരത്തെ അവർക്കു വേണ്ടി ബാക്കിയാക്കി മനസ്സിനെ കൊല്ലുന്ന കൃത്യമായ സംവിധാനമാണ് ഭീകരരുടേത്. ആദ്യം ആൺസഹോദരങ്ങളെ ആറുപേരെയും 80 കഴിഞ്ഞ അമ്മയെയും തീർക്കുന്നു.  പിന്നെ കൂടെ പിടിച്ച സഹോദരിമാരിൽ നിന്നും അവർ ഹൃദയബന്ധം സൂക്ഷിക്കുന്ന സൌഹൃദങ്ങളിൽ നിന്നും അവരെ പറിച്ചെടുത്ത് ഭീകരവാദികൾക്കു സമ്മാനിക്കുന്നു, അല്ലെങ്കിൽ പണത്തിനു വിൽക്കുന്നു. അവളുടേതായ എല്ലായിടങ്ങളിൽ നിന്നും പിഴുതെടുത്ത് അവരുടെ പ്രോപ്പർട്ടിയായി പ്രഖ്യാപിക്കലാണ് അടുത്ത്. അതാണ് ജഡ്ജിയുടെ ദൌത്യം. അതോടുകൂടി അവളെ ബലാൽസംഗമടക്കം എന്തും ചെയ്യുവാനുള്ള പരമാധികാരമായി.  നാദിയ പറയുന്നു - ബസ്സിൽ വച്ച് അബു ബതാത് എൻ്റെ മുലകളെ പറിച്ചെടുക്കും വിധം പിഴിഞ്ഞതും, നാഫ എൻ്റെ ശരീരത്തിൽ സിഗരറ്റ് കുത്തിയിറക്കിയതും അതിനു വേണ്ടിയാണ്.  മാനസികമായി എന്നെ വധിക്കുവാനുള്ള കൃത്യമായ നടപടിക്രമങ്ങൾ. യസീദി ആൺതരികളുടെ ദേഹത്തെ തോക്കിനാൽ തീർത്തവർ, യസീദി പെൺകുട്ടികളുടെ ദേഹത്തെ സ്വന്തമാക്കി ദേഹിയെ കൊല്ലുകയായിരുന്നു. ലൈംഗികമായി ആസ്വദിച്ചാക്രമിച്ച് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. ഈ കാടൻ വർഗത്തെ വാഴ്ത്തുവാനാണ് ഈ നാട്ടിലും ആളുള്ളത് എങ്കിൽ ഇവിടെ രോഗത്തിന് കാര്യമായ ചികിത്സയുടെ ആവശ്യമുണ്ട്.  ഇവിടുന്നങ്ങോട്ടേക്ക് ഇത്തരം സ്വർഗരാജ്യത്തേക്കു ചേക്കാറാൻ പോയവർ തിരിച്ചുവരുന്നത് ഈ നാടിനെന്നല്ല, ലോകമാനവികതയ്ക്ക് ഭീഷണിയായിപ്പോവും.

ഫോട്ടോ എടുത്തത് തിരിച്ചറിയൽ കാർഡിനല്ല, താൻ ഓടിപ്പോയാൽ ആ ഫോട്ടോ തൻ്റെ ഉടമയായ എൻ്റെ  പേരും ഫോൺ നമ്പറുമായി  മൊസൂളിൻ്റെ മുക്കിലും മൂലയിലും പതിച്ച് തന്നെ തിരിച്ചെത്തിക്കുവാനാണെന്ന് ഹാജ്ജി അവളെ ബോധ്യപ്പെടുത്തി, അവളുടെ കൈയ്യിൽ അയാൾ പിടിമുറുക്കി. അയാൾ അവളെയും കൂട്ടിയെത്തിയ മോർത്തേജയുടെ വീട്ടിൽ അയാളുടെ പ്രായമായ അമ്മ  ഹാജ്ജിയെ അഭിവാദ്യം ചെയ്തു. ആ സ്ത്രീ തകർന്നടിഞ്ഞ നാദിയയുടെ മുഖത്തു നോക്കി പറഞ്ഞു - യസീദികളുടെ കൂട്ടത്തിൽ ജനിച്ചുപോയത് നിൻ്റെ കുഴപ്പമല്ല. ഇപ്പോൾ എല്ലാം ശരിയായില്ലേ. അവരെല്ലാം ചത്തില്ലേ, അതു നിൻ്റെ ഭാഗ്യമായി കൂട്ടുക. ഇനി സന്തോഷമായി കഴിയുക. ഇതാണ് മതം, ഇതു മാത്രമാണ് മതം. ഇതു മാത്രമാണ് മതം പകരുന്ന ബോധം. പൊതുജീവിതത്തിൽ നിന്നും സ്ത്രീകളെ സംഘടിതമായി മാറ്റി നിർത്തുന്ന ഈ ബോധത്തിനു വളമിടാനാണ്, പണം അധികാരം ലൈംഗികസംതൃപ്തി എന്നിവയിൽ ആണിൻ്റെ കുത്തകാധികാരം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.

സംവത്സരങ്ങൾ ഒന്നായി ജീവിച്ച കൃസ്ത്യൻ സമൂഹത്തെയും ഷിയ വിഭാഗത്തെയും അടിച്ചോടിച്ച് അവരുടെ വിഭവങ്ങൾ കൈവശപ്പെടുത്തിയതിനും,  സ്വന്തം മക്കളെ പോലെ കരുതേണ്ട പെൺകുട്ടികളെ ഭീകരർ ലൈംഗികമായി ഉപദ്രവിക്കുന്നതിനും ഒക്കെയും വിശ്വാസത്തിൻ്റെ പേരിൽ കൂട്ടുനിൽക്കുകയാണ് മോർത്തേജയുടെ പ്രായമായ അമ്മ.  തൻ്റെ ഗ്രാമത്തിൽ ഒരു കുടുംബം പോലെ കഴിഞ്ഞ സുന്നി വിഭാഗം തങ്ങളെ ഐഎസിന് ഒറ്റിക്കൊടുത്ത കഥ പറയുന്നുണ്ട് നാദിയ. തങ്ങളുടെയൊക്കെയും സുഹൃത്തായി കരുതിയ, ഇടയ്ക്ക് മരുന്നു വാങ്ങുന്ന മെഡിക്കൽ ഷാപ്പിനെ ജീവനക്കാരനെ തന്നെ ആദ്യമായി ഉപദ്രവിച്ച ഭീകരിൽ ഒരാളായി കണ്ടു ഞെട്ടേണ്ടി വന്നു അവൾക്ക് എന്നിടത്ത് വിശ്വാസം, അതേതു രൂപത്തിലായായാലും എത്രമാത്രം ഭീകരമാണെന്നു മനസ്സിലാവണം നമുക്ക്.  വിശ്വാസത്തിലെ നന്മ എന്നു പറയുന്നത്, സ്വൈരജീവിതത്തിൻ്റെ യാനപാത്രം അട്ടിമറിക്കുന്ന ഭീകരമഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്.  അതുകൊണ്ട് നല്ലവിശ്വാസി എന്നും കെട്ടവിശ്വാസി എന്നുമില്ല. വിശ്വാസികളിൽ ഭീകരതയുണ്ട്, മനുഷ്യനിൽ ജീനുപോലെ അതു പ്രവർത്തനക്ഷമമാകുവാൻ സാഹചര്യം ഒത്തുവരണമെന്നേയുള്ളൂ. ഇറാഖിലും അഫ്ഗാനിലും ഒക്കെ കാണുന്നത് അതാണ്. അന്യസ്ത്രീകളെ ലൈംഗിക അടിമകളാക്കുമ്പോൾ സ്വന്തം സ്ത്രീകളെ വിശ്വാസത്തിൻ്റെ അടിമകളാക്കുകയാണ് ഐഎസ്. ഐ എസിനെ സഹായിക്കുക എന്നത് അവരുടെ മതപരമായ ബാധ്യതയായാണ് അവരെ പഠിപ്പിക്കുന്നത്. ഐഎസിൻ്റെ ഭാഗമാവുന്നതോടെ നിറവേറ്റപ്പെടുന്നത് ആ ബാധ്യതയാണ്. കേരളത്തിൽ നിന്നു പോയവർ ഭീകരരുടെ മക്കളെ പ്രസവിച്ചു നിറവേറ്റിയതും ആ ബാധ്യതയാണ്. മറ്റൊന്ന് അവരുടെ കുടുംബത്തിന്, ഭർത്താക്കൻമാർക്ക് ഉയർന്ന വരുമാനമടക്കം എല്ലാ കാര്യങ്ങളിലും കിട്ടുന്ന മുൻഗണനകളും.

ഭീകരരുടെ കയ്യിലകപ്പെട്ട വനിതകൾ

സാബിയ്യമാരായി മാറുന്ന പെൺകുട്ടികൾക്ക് ഉടമകളായ ഭീകരരുടെ ലൈംഗികപീഡനം മാത്രമല്ല, അസൂയയിൽ നിന്നും കോപത്തിൽ നിന്നും ഉടലെടുക്കുന്ന അവരുടെ ഭാര്യമാരുടെ വെറുപ്പു കൂടി കാണും. അവരുടെ മർദ്ദനവും മുഴുപ്പട്ടിണിക്ക് ഇട്ടു കൊല്ലുവാനുള്ള ശ്രമവും പതിവാണ്. വയലൻസ് ഫോർ ഗ്രേറ്റർ ഗുഡ് എന്നപേരിൽ ചരിത്രത്തിലെ കടന്നു കയറ്റങ്ങളെ ചിലർ ന്യായീകരിക്കാറുണ്ട്.   കടന്നു കയറ്റങ്ങളിലൊക്കെയും വടിവാളിനും തോക്കിനുമൊപ്പം ലിംഗങ്ങളുമുണ്ടായിരുന്നു. ലൈംഗിക അടിമകളാക്കി ശരീരം നുറുങ്ങുവോളം ഞങ്ങളെ ബലാൽസംഗം ചെയ്തതിലൂടെ എന്തു നന്മയാണ് ഈ ലോകത്തുണ്ടായത് എന്നു ചോദിക്കുന്നുണ്ട് നാദിയ. സൽമാൻ പുറത്തുപോയ അവസരത്തിൽ അവളുടെ മാറിടത്തിലേക്ക് മർത്തേജയുടെ കൈകൾ നീണ്ടുവരുമ്പോൾ ഉയർന്ന അവളുടെ നിലവിളി കേട്ട് ആ പ്രായമായ സ്ത്രീ കടന്നുവന്നു, മർത്തേജയുടെ അമ്മ. അമ്മ മകനോടു പറയുന്നത് അവൾ നിൻ്റെ സാബിയ്യ അല്ല, മറ്റൊരാളുടേതാണ്. അതുകൊണ്ട് പാടില്ല എന്നുമാത്രമാണ്. അവളുടെ അമ്മയോടൊപ്പം പ്രായം വരുന്ന ആ സ്ത്രീയെ പറ്റി അവൾ ആലോചിക്കുന്നു. ആ സ്ഥാനത്തു തൻ്റെ  അമ്മയായിരുന്നെങ്കിലെന്നും. ഐഎസിൻ്റെ സ്ഥാനത്ത് ഇനി യസീദികളായിരുന്നൂവെങ്കിലും അവളുടെ അമ്മ ഒരു പെൺകുട്ടിയെയും പീഡകർക്ക് എറിഞ്ഞുകൊടുക്കുകയില്ലെന്നും അവൾ ആലോചിക്കുന്നു.  ഒരു നിമിഷം അവർ തന്നോടൊപ്പം ഇരുന്നിരുന്നെങ്കിൽ, തൻ്റെ അമ്മയെപ്പോലെ ഒന്നാശ്വസിപ്പിച്ചിരുന്നെങ്കിൽ, മോളേ നിന്നെ ആക്രമിച്ചു തട്ടിക്കൊണ്ടുവന്നതാണോ എന്നെങ്കിലും ചോദിച്ചിരുന്നെങ്കിൽ, നീ വിഷമിക്കരുത്, ഞാൻ സഹായിക്കാം എന്നൊരു വെറും വാക്കെങ്കിലും അവർ പറഞ്ഞിരുന്നെങ്കിൽ ആഴ്ചകളോളം ഒരു റൊട്ടിക്കഷണം കാണാത്ത തനിക്ക് അതു വിശപ്പുമാറ്റുമായിരുന്നു എന്നവൾ എഴുതുന്നു.

അപ്പോഴേക്കും അവളുടെ ഓർമ്മകൾ തൻ്റെ ചേട്ടൻ്റെ മകളായ കാതറീനൊപ്പം പോവുന്നു. അവളെവിടെയാവും, ഇനി ബാക്കിയുണ്ടാവുമോ എന്നൊക്കെ ആകുലപ്പെടുകയും ചെയ്യുന്നു. കുംടുംബത്തിലോ പരസരത്തുപോലുമോ ആർക്കെങ്കിലും ഒരു പനിവന്നാൽ പോലും സ്വയമുരുകുന്ന കാതറീനെ, പാടത്ത് കുടുംബത്തെ സഹായിക്കാനായി സ്കൂൾ വിട്ട കാതറീനെ, സ്നേഹത്തിൻ്റെ പ്രതിരൂപത്തെ അവർ എന്തുചെയ്തു എന്നറിയാതെ അവർ വിതുമ്പുന്നുണ്ട്. കൊണ്ടുപോയ ഭീകരനടുത്ത് അവൾ തനിക്ക് കാൻസറാണെന്നും തന്നെ തൊടരുതെന്നും പറഞ്ഞപ്പോൾ കിട്ടിയ അടിയിൽ കണ്ണുകലങ്ങിയാണ് കാതറിനെ അടിമച്ചന്തയിലേക്ക് തിരിച്ചയക്കുന്നത്.  തന്നെ കൊണ്ടുപോയ ഭീകരൻ്റ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കുറ്റത്തിന് നസ്രീനിനെയും ഭീകരമായി ശിക്ഷിച്ചു. അവർ രണ്ടുപേരും യഥാർത്ഥ കന്യകകൾ തന്നെയോ എന്നു പരിശോധിക്കുവാൻ കൂട്ടത്തിലെ വനിതയെ ഭീകരൻ ഏർപ്പെടുത്തി മുറിയലടച്ചിരിക്കുന്നു. ഈ ലോകത്താണ് നമ്മളും ജീവിക്കുന്നത്, ഇതുപോലെ തന്നെ സുന്ദരമായ അവസ്ഥയിൽ ജീവിച്ചവരായിരുന്നു അവരും, ദാരിദ്ര്യത്തിൻ്റെ ഇല്ലായ്മകളല്ലാതെ ഭയപ്പാടുകളുടെ വിഹ്വലതകളില്ലാതെ കഴിഞ്ഞവർ. ആ ജീവിതങ്ങളാണ് ഒരുകൂട്ടം വിശ്വാസികളുടെ കൈകളാൽ ഛിന്നഭിന്നമായതും പീഡനപർവ്വങ്ങളിലേക്ക് പറിച്ചെറിയപ്പെട്ടതും. ബലാൽസംഗങ്ങൾ പെണ്ണിനെതിരെയുള്ള ഭീകരമായ യുദ്ധോപകരണമാണ്. ഒരു ഹൃദ്യസംഗം ശരീരത്തിൻ്റെ ഒത്തുചേരലിലൂടെ മനസ്സിനെ ഉണർത്തുമ്പോൾ ബലാൽസംഗം ശരീരത്തിലൂടെ കടന്നുകയറി മനസ്സിനെ തകർത്തെറിയുന്ന ഒന്നാണ്. അവൾ താലോലിക്കുന്ന അവളുടെതായ സ്വപ്നങ്ങളൊക്കെയും തകർത്തെറിയാൻ, അവളുടെ ചിന്തകളെതന്നെ വഴിതെറ്റിച്ചുകളയാനാണ് ഭീകരർ പെൺകുട്ടികളെ നിരന്തരമായ പീഡനത്തിന് വിധേയമാക്കിയത്.  വെറും ലൈംഗികാനന്ദത്തിലുപരിയായി ഉന്മൂലനത്തിനുള്ള ഉപകരണമായി ബലാൽസംഗത്തെ മാറ്റിയതാണവർ. 

ഒറ്റദിവസത്തെ ക്രൂരമായ ബലാൽസംഗങ്ങളിലൂടെ പഴയ ജീവിതത്തിലേക്ക്, പഴയ ഗ്രാമത്തിലേക്ക്, ഭൂമിയിലേക്ക്, ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അവരുടെ അടുത്തേക്ക് ഒരു തിരിച്ചുപോക്ക്  ആയുസ്സിൽ സാധ്യമല്ലെന്ന ചിന്ത ഉളവാക്കാൻ അവർക്കു കഴിഞ്ഞൂവെന്ന് നാദിയയുടെ വേദനാജനകമായ ജീവിതം നമ്മോടു പറയുന്നു.  അവിവാഹിതയായ ഒരു യസീദി പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മതം മാറുക എന്നതും കന്യകാത്വം നഷ്ടപ്പെടുക എന്നതുമൊക്കെയും ആലോചിക്കാൻ പോലുമാവാത്തവിധം അവളെ തകർത്തെറിയുന്നതാണെന്ന് കൃത്യമായി അറിഞ്ഞു നടത്തിയ ഉന്മൂലനമായിരുന്നു അതെന്നും. ഹാജ്ജി അവളോടു പറയുന്നുണ്ട്, ഇനി നീ ഇവിടുന്നു രക്ഷപ്പെട്ടു തിരിച്ചു ഗ്രാമത്തിലെത്താലും നിൻ്റെ അച്ഛനോ അമ്മാവനോ ബാക്കിയുണ്ടെങ്കിൽ നിന്നെ തല്ലിക്കൊല്ലും, കാരണം ഇന്നു നീ മുസ്ലീമാണ്, പോരാത്തതിനു കന്യകാത്വം അപഹരിക്കപ്പെട്ടവളും. സഹസ്രാബ്ദങ്ങൾക്കു മുന്നേയുള്ള ബോധത്തിൽ വിരിഞ്ഞ ചിന്തകളെ വഷളാക്കി വ്യാഖ്യാനിച്ച് ഒപ്പം നിർത്തുന്നതും ബോധപൂർവ്വമാണ്.  

‘അബല’കളുടെ ബലപ്രയോഗം

തന്നെ ബലാൽസംഗം ചെയ്യുന്നവർ ആഗ്രഹിക്കുന്നത് നിരുപാധികമായ അവരുടെ ഇംഗിതങ്ങൾക്കുള്ള കീഴടങ്ങലാണെന്ന് മനസ്സിലാക്കിയവർ തേടിയ പ്രതിരോധത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും പലവഴികളാൽ നാദിയ നമ്മെ നൊമ്പരപ്പെടുത്തുന്നുണ്ട്. തൻ്റെ കന്യകാത്വമാണ് അയാൾക്കു വേണ്ടതെന്ന തിരിച്ചറിവിൽ കയ്യിൽ കിട്ടിയ ഒരു കുപ്പികൊണ്ട് അയാളുടെ മോഹത്തിന് തടയിട്ട പേരറിയാത്തൊരു പെൺകിടാവിനെ നാദിയ അടയാളപ്പെടുത്തുന്നു.  തങ്ങളിലേക്ക് ലൈംഗികാക്രമണം അഴിച്ചുവിടുന്ന ആരിലും എന്തെങ്കിലും പരിക്കോ പോറലോ ഇല്ലാതെ എഴുന്നേറ്റു പോവരുതെന്ന് ചിലരെങ്കിലും ഉറപ്പാക്കുന്നുണ്ട്. മുറികളിൽ സ്വയം മരണം വരിച്ചവരുടെ ശബ്ദം എല്ലാ ശബ്ദങ്ങൾക്കും മീതെ അവളുടെ കാതിൽ മുഴങ്ങിയിരുന്നു. നിങ്ങളുടെ പീഡകർക്ക് അവരുടെ ആഗ്രഹങ്ങളത്രയും പൂർണമായും സാധിച്ചെടുക്കാൻ കഴിഞ്ഞില്ലെന്നെങ്കിലും നമ്മളുറപ്പാക്കണം എന്ന് അവരുടെ ശബ്ദം അവരോടു പറയുന്നതായും. 

ഒരു ഘട്ടത്തിൽ നാദിയ ആലോചിക്കുന്നുണ്ട്, താനവരെ എതിർത്താൽ, തന്നിലുള്ള അവരുടെ ഉടമാവകാശത്തെ ചോദ്യം ചെയ്താൽ തീർച്ചയായും അവരെന്നെ ആക്രമിച്ച് ഷേപ്പു തന്നെ മാറ്റിയേക്കാം, തൻ്റെ മുഖത്തു നോക്കാൻ ലോകം മടിക്കുന്നവിധം വിരൂപയാക്കിയേക്കാം, അംഗഭംഗം വരുത്തിയേക്കാം.  എങ്കിലും ഇനിയൊരു ബലാൽസംഗത്തെ തടയുന്ന ആ വൈരൂപ്യത്തെ താനൊരു ആഭരണമായി എടുത്തണിയുമായിരുന്നു എന്നവൾ ചിന്തിക്കുന്നു.  പെണ്ണിന് ഒരിക്കലും ക്ഷിപ്രമരണമല്ല ഐഎസ് വിധിക്കുന്നത്, മരണത്തെക്കാൾ ഭീതിദമായ തുടർ ജീവിതമാണ്. അങ്ങിനെ ചിന്തിക്കാൻ തുടങ്ങിയപ്പോൾ ഏതു പീഡനവും നിർവ്വികാരതയോടെ ഏറ്റുവാങ്ങുന്നതിലേക്ക് അവളെത്തുന്നു,  പറ്റുമെങ്കിൽ എന്നെങ്കിലും ഇറങ്ങിയോടി രക്ഷപ്പെടുവാനുള്ള വഴിതെളിയുമെന്ന പ്രതീക്ഷയോടെ.  

എല്ലാവരും ധീരയായി തന്നെ വാഴ്ത്തുമ്പോളും ഒന്നു ചെറുത്തുനില്ക്കാൻ പോലുമാവാതെ ആദ്യമായി തന്നെ ബലാൽസംഗത്തിനിരയാക്കിയ ഹാജ്ജി സൽമാനടക്കം ഓരോ ഭീകരനും കടന്നുവരുമ്പോൾ എത്രയും പെട്ടെന്ന് അതൊന്നു തീർന്നുകിട്ടണമേയെന്നു ആഗ്രഹിച്ചു കിടന്ന തന്നെയോർക്കുന്നു  അവൾ. മറ്റു പെൺകുട്ടികൾ ഇടിച്ചും കടിച്ചുമെങ്കിലും പ്രതിരോധിച്ചപ്പോൾ വെറുതെ കരയാനേ തനിക്കു കഴിഞ്ഞിരുന്നുള്ളൂവെന്നും.  തൻ്റെ സാബിയ്യയെ ബലാൽസംഗത്തിനിരയാക്കുകയാണ് എന്ന് ആ താവളത്തിലെ മുഴുവൻ ഗാർഡുമാരെയും മാത്രമല്ല മൊസൂൾ പ്രദേശം മൊത്തം  അറിയിക്കുന്നവിധം അലറിയായിരുന്നു ഹാജ്ജി സൽമാൻ അവളെ  ഭോഗിച്ചത്. ആ വീടുപോലെ വലിയ അയാൾ എത്തുമ്പോൾ അവൾ കുഞ്ഞിനെപ്പോലെ അമ്മയെ വിളിച്ചു കരയുന്നതും അവളെഴുതുന്നു.

ചെറുതായി ഒന്നിളകിപ്പോയാൽ പോലും ഭീകരമായ മർദ്ദനം അഴിച്ചുവിടുന്ന ഹാജ്ജി സൽമാനിൽ നിന്നും രക്ഷപ്പെടാനുള്ള ചെറിയ ഒരു ശ്രമം പിടിക്കപ്പെട്ടപ്പോൾ നേരിടേണ്ടിവന്നത് വായിക്കുമ്പോൾ നമുക്കുതന്നെ ചോരയുറഞ്ഞുപോവും.  കുറേനേരത്തെ അയാളുടെ ചാട്ടയടിയാണ് ആദ്യം. പിന്നെയവളെ നഗ്നയാക്കി നിർത്തി തൻ്റെ മൂന്നു അംഗരക്ഷകരെക്കൊണ്ട് വരുത്തി മാറിമാറി ബലാൽസംഗത്തിനിരയാക്കി. ശേഷം അവളെ മറ്റൊരു സംഘത്തിനു വിറ്റു.  കന്യകയ്ക്കുള്ള വില പിന്നെയില്ലെന്ന് അവൾ അറിയുന്നു.  പിന്നീട് അവളെത്തുന്നത് ഒരു ഐഎസ് താവളത്തിലേക്കാണ്. അവിടെയെത്തുന്ന ഏതു ഭീകരൻ്റെയും സാബിയ്യയാണവൾ,  വരുന്നവർക്കൊക്കെയും ബലാൽസംഗം ചെയ്യുവാനുള്ളവൾ.  നിരാശയുടെ പടുകുഴിയിൽ നിന്നും അവളെ കരകയറ്റിയത്, ഈ ലോകത്ത് തന്നെ നിരന്തരമായി പീഡിപ്പിച്ചവർ എന്നെങ്കിലും വിചാരണ നേരിടേണ്ടിവരും, തൻ്റെ ശരീരം  ഉഴുതുമറിച്ചുകളഞ്ഞ ഹാജ്ജി സൽമാനും സംഘവും പ്രതിക്കൂട്ടിൽ നിന്നും അവളുടെ മുഖത്തേക്കു നോക്കേണ്ടിവരുമെന്ന പ്രതീക്ഷയാണ്. രക്ഷപ്പെടുവാൻ ശ്രമിച്ചതിൻ്റെ പേരിൽ അനുഭവിക്കേണ്ടിവന്ന കൊടിയ പീഡനത്തോടെ ബലാൽസംഗത്തെ പറ്റിയും ഐഎസിനെ പറ്റിയുമുള്ള അവളുടെ സകല ഭയവും അകന്നു, അതിനു മീതെ ഇനിയൊന്നും സംഭവിക്കുവാനില്ലെന്ന മരവിപ്പിലേക്ക് അവൾ വഴുതിവീണു. പിന്നീട് തന്നെ ബലാൽസംഗം ചെയ്യുന്നവരെ ഒരു നിർവികാരതയോടെ കണ്ണടച്ചവൾ നേരിട്ടു. വർണാഭമായ ഭൂതകാലം, തൻ്റെ നല്ലവരായ സഹോദരങ്ങൾക്കും സ്നേഹമയിയായ അമ്മയ്ക്കും കളിക്കൂട്ടുകാർക്കുമിടയിൽ പാറിപറന്ന ശലഭകാലം ഒരു വിദൂര സ്മരണയായി അപ്പോൾ അവളിൽ നിറഞ്ഞു തേങ്ങും.   ഇനിയൊരിക്കലും രക്ഷപ്പെടുകയോ പുറംലോകം കാണുകയോ ഇല്ലെന്ന ബോധ്യത്തിലേക്കവൾ പതിയെ വീണു. ഒരർത്ഥത്തിൽ ഭയമാണ് നല്ലതെന്ന് അപ്പോഴാണ് അവൾക്കു തോന്നുന്നത്.  ഭയം നമ്മെ ആകെ ഉലയ്ക്കും, മനംപിരട്ടും, ഛർദ്ദിയാൽ ദേഹവും പരിസരം മലിനമാവും, കണ്ണിൽ ഇരുട്ടുവീഴുന്നതു വരെ കരയും, അമ്മയെയും ചേട്ടൻമാരെയും വിളിച്ചലറും. ഭയം നമ്മളെക്കൊണ്ട് അതെങ്കിലും ചെയ്യിക്കും. അങ്ങിനെയൊരു ഘട്ടത്തിൽ തലകറങ്ങി വീണ തന്നെ ബലാൽസംഗം ചെയ്യാനെത്തിയ ഒരാളോടു അവ്യക്തമായി അവൾ പറയുന്നുണ്ട് - ഹാജ്ജി, എനിക്കത്രയ്ക്കും വയ്യ.  അങ്ങിനെ അവശയായി തളർന്നു വീണ നിന്നെയാണെനിക്കിഷ്ടം എന്നു പറഞ്ഞുകൊണ്ടാണ് അയാൾ അവളെ വലിച്ചു പായയിലിട്ടത്. ആശയറ്റ അവസ്ഥ മരണത്തോടാണ് അടുത്തുകിടക്കുന്നത് എന്നവൾ ആശ്വസിച്ചു. 

സ്നേഹത്തിൻ്റെ ആൾരൂപമായ തൻ്റെ സഹോദരൻ ഹെസ്നിയുടെ പ്രിയതമ ജിലാൻ ആരുടെയോ സാബിയ്യയായി എവിടെയോ ഉണ്ടാവുമെന്ന് അവളോർക്കുന്നു. തൻ്റെ ആദ്യാനുഭവം തന്നെ ഇതാണ്. പക്ഷേ സ്നോഹോഷ്മളമായ ബന്ധത്തിൽ അവനോടൊപ്പം കഴിഞ്ഞ അവൾ എങ്ങിനെയാവും ഈ ബലാൽസംഗങ്ങളത്രയും സഹിക്കുന്നുണ്ടാവുക എന്നവൾ ആലോചിച്ചു.  ആണായതുകൊണ്ട് ഒറ്റയടിക്ക് ഹെസ്നിയുടെ ജീവിതം ഐഎസ് അവസാനിപ്പിച്ചു. ജിലാനും നാദിയയും അവരെപ്പോലുള്ള പലപെൺകുട്ടികളും ഒരോ നിമിഷവും മരിച്ചുജീവിക്കുന്നു സാബിയ്യമാരായി. ഹെസ്നിയെ ഓർത്തു കരയുന്ന ജിലാനെ ഒരു താവളത്തിൽ കാണാനിടയായ നാദിയ ആശ്വസിപ്പിക്കുന്നുണ്ട് - അവർ കൊല്ലപ്പെട്ടതോർത്തു നീ കരയരുത്. അവരോടൊപ്പം തന്നെ നമ്മളും കൊല്ലപ്പെട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഒരു മാടെന്നോണം നിരന്തരം വില്കപ്പെടുന്ന, ശരീരം നുറുങ്ങിവീഴുന്നതുവരെ പലരാലും ബലാൽസംഗം ചെയ്യപ്പെടുന്ന നമ്മുടെ അവസ്ഥ ഒരിക്കലും അവർക്കില്ലല്ലോ!

ഫാസിസത്തിനു മറുമരുന്ന് ഫെമിനിസം

ഭൂമിയിൽ അവസാനഭീകരനും ചാവുന്നതുവരെയും യുദ്ധം ചെയ്യാൻ മാനവികത തയ്യാറാവുന്നില്ലെങ്കിൽ നാം സമാധാനത്തിനു കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും. ഏറ്റവും നല്ലതൊക്കെയും ആദ്യം ആക്രമിച്ചു സ്വന്തമാക്കുന്ന ആർത്തിയുടെ അവതാരങ്ങളാണ് ഐഎസ് എന്നു തൻ്റെ ജീവിതാനുഭവങ്ങൾ വാറ്റിയാണ് നാദിയ വിളിച്ചുപറയുന്നത്. അവളാദ്യം ബലാൽസംഗത്തിനിരയായ മനോഹരമായ വീട് ഓടിപ്പോവാൻ നിർബന്ധിതനായ ഒരു ഷിയ വിശ്വാസിയായ ജഡ്ജിയുടേതായിരുന്നു. 1980കളിൽ സദ്ദാമിൻ്റെ കാലത്തെ മനോഹര നിർമ്മിതിയായ നിനേവെ ഓബ്റോയി ഫൈവ് സ്റ്റാർ ഹോട്ടെയ്ൽ ഐഎസ് നേതാക്കളുടെ താവളമാണിന്ന്. അവിടുത്തെ ഏറ്റവും നല്ല മുറികൾ ആത്മഹത്യാ സ്ക്വാഡുകൾക്കായും മാറ്റിയിരിക്കുന്നു. അവളെ രണ്ടാമതു പാർപ്പിച്ച വീട് ഒരു കാലത്തു നന്നായി കഴിഞ്ഞ ഒരു കൃസ്ത്യൻ കുടുംബത്തിൻ്റേതായിരുന്നു.

ലോകത്തിൻ്റെ ഒരു ദൗത്യത്തിനും യസീദി സമൂഹത്തിനുണ്ടായ നഷ്ടം നികത്തുക സാധ്യമല്ല, പക്ഷേ ലോകത്തിൻ്റെ നിസ്സംഗത ആ സമൂഹത്തിൻ്റെ മുറിവിൽ മുളകു പുരട്ടലായിപ്പോവും.  ഈ ലോകം ഭീകരരുടേതാണെന്ന തോന്നലുളവാക്കും, അവരിൽ മാത്രമല്ല ഭീകരവാദികളുടെ കാൽക്കീഴിൽ അമർന്നുപോയ മുഴുവൻ ജനവിഭാഗങ്ങളിലും അതുളവാക്കുക ഭീതിയാണ്. ഭീകരത, അതേതു രൂപത്തിലായാലും തുടച്ചുമാറ്റുക സമാധാനത്തിന് അനിവാര്യമാണ്.

മൊസൂളിൽ ഐ.എസ് സ്ഥാപിച്ചത് ഖലീഫയുടെ ഭരണമാണ്, അതായത് ഖിലാഫത്ത്. സാധാരണക്കാർക്ക് മൊസൂളിൽ നിന്നു പുറത്തു പോവണമെങ്കിൽ അനുവാദം വേണം, കൃത്യസമയത്തിനുള്ളിൽ തിരിച്ചെത്തിയില്ലെങ്കിൽ ശിക്ഷിക്കപ്പെടുക അവരുടെ ബന്ധുക്കളാണ്, കണ്ടുകെട്ടപ്പെടുക അന്നേവരെ ഉണ്ടാക്കിയ സ്വത്തുകളും. കാരണം മൊസൂൾ വിടുക എന്നാൽ ഇസ്ലാമിനെ അപമാനിക്കലാണ്, ഖിലാഫത്തിനെ തള്ളലാണ്.  അതു തന്നെയാണ് ഫാസിസം. ഒരു മിത്തിനു ചുറ്റിലുമായി പുതിയ വ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന പ്രകൃയയാണത്.  അതു പ്രത്യയശാസ്ത്രങ്ങളാവാം മതങ്ങളാവാം, പഴബോധ്യങ്ങൾ കെട്ടിപ്പടുക്കുക പാട്രിയാർക്കിയുടെ ദ്രവിച്ച തൂണുകളിലാവുക സാധാരണയാണ്.  കാരണം പുതിയ ലോകം ഒരു പ്രത്യയശാസ്ത്രങ്ങളുടെയും മതങ്ങളുടെയും കിത്താബുകളിലല്ല. നവലിബറൽ ലോകം അതിനപ്പുറത്തേക്കു വളർന്നു കഴിഞ്ഞതാണ്.  പാട്രിയാർക്കിക്ക് ഒരിക്കലും സമരസപ്പെടാനാവാത്ത ഒന്നാണ് സ്ത്രീസ്വാതന്ത്ര്യവും തുല്യതയും. തങ്ങളുടേതായ മിത്തിക്കൽ ലോകത്തിൻ്റെ മൂലക്കല്ലായ പാട്രിയാർക്കിയെ, ഗോത്രഘടനയെ അതൊക്കെയും ഇളക്കിക്കളയുമോ എന്ന ഭയം.  അതു സത്യവുമാണ്. കൃത്യമായ ചികിത്സ ഫെമിനിസം തന്നെയാണ്. കാരണം തകരേണ്ടത് പാട്രിയാർക്കിയാണ്. എല്ലാ വിശ്വാസങ്ങളുടെയും ഫാസിസത്തിൻ്റെയും മൂലക്കല്ല് അതുതന്നെയാണ്.

പെണ്ണ് സാമ്പത്തിക സ്വാതന്ത്ര്യത്തിന് പിന്നാലെ പോകുന്നതു ഭീഷണിയാവുന്നത്  പാട്രിയാർക്കി അവരിൽ ഏൽപ്പിച്ച ഉത്തരവാദിത്വത്തിനാണ് -  ഉൽപാദനപ്രക്രിയ, കുട്ടികളെ ഉല്പാദിപ്പിച്ച് വിടുകയെന്ന ദൗത്യം.  സാമ്പത്തിക  സ്വാതന്ത്ര്യത്തിലേക്കുള്ള പോരാട്ടത്തിലെ വനിതകളുടെ  ടൂൾകിറ്റ് തന്നെയാണ് ഗർഭനിരോധന മാർഗ്ഗങ്ങളും അബോർഷനുമൊക്കെയും. അതത്രയും  പാട്രിയാർക്കി വിത്തും വളവുമാവുന്ന  ഫാസിസത്തിനും മതങ്ങൾക്കും എതിരെയാണ്. അതുകൊണ്ടാണ് അവർക്ക്  ഫെമിനിസം മുഖ്യശത്രു ആകുന്നതും ലോകത്ത് ലഭ്യമാകുന്ന സകല തെറി പദങ്ങളാലും ഫാസിസ്റ്റുകൾ ഫെമിനിസ്റ്റുകളെ അഭിസംബോധന ചെയ്യുന്നതും. ഈ ചിന്തകളുടെയൊക്കെ ഉറവിടം സർവ്വകലാശാലകളാവുമ്പോൾ  സ്വാഭാവികമായും  സർവകലാശാലകളെ വെടക്കാക്കി തനിക്കാക്കുക,  അല്ലെങ്കിൽ അക്കാദമിക സ്വാതന്ത്ര്യത്തിൻ്റെ കഴുത്തിന് പിടിക്കുക, പെണ്ണിനു വിദ്യാഭ്യാസം നിഷേധിക്കുക തുടങ്ങിയ ഫാസിസ്റ്റ് രീതികൾ നടപ്പിലാക്കുകയാണ് ലോകമെമ്പാടും ഫാസിസത്തിൻ്റെ രീതിശാസ്ത്രം, മതങ്ങളുടെയും. എന്തിനു പിഎച്ച്ഡിയും ബിരുദവും സ്കൂൾ വിദ്യാഭ്യാസവും, അതൊന്നുമില്ലാത്ത മഹാൻമാരാണ് താലിബാനികളെന്ന് സ്വയം വിശേഷിപ്പിച്ചത് അഫ്ഗാൻ വിദ്യാഭ്യാസ മന്ത്രിയാണ്.

ഇന്നു നാം എത്തിനില്ക്കുന്ന സാമൂഹികമായി പുരോഗതി, ഒരല്പമെങ്കിലും സ്ത്രി-പുരുഷ-മിശ്ര സ്വത്വ സമത്വം ഫെമിനിസത്തിൻ്റെ സംഭാവനയാണ്, വനിതകളുടെ നിരന്തരമായ പോരാട്ടത്തിൻ്റെ സംഭാവന. താലിബാൻ തോക്കിനുമുന്നിൽ നിർഭയയായി മുഖം മറയ്ക്കാതെ നിൽക്കുന്ന ആ യുവതിയിൽ നിങ്ങൾക്കതു കാണാം, തെരുവിലിറങ്ങി നിർഭയം താലിബാൻ്റെ മർദ്ദനം ഏറ്റുവാങ്ങി ആസാദി മുദ്രാവാക്യം മുഴക്കുന്ന പെൺകുട്ടികളിലും.

പിൻകുറി: നാദിയ മുറാദ് ഇന്ന് ജർമ്മനിയിൽ ജീവിക്കുന്നു. ജീവിത പങ്കാളിയായി യസീദി മനുഷ്യാവാകാശ പ്രവർത്തകൻ ആബിദ് ഷംദീൻ.

ലേഖനം പിഡിഎഫ് ഇവിടെ - നാദിയ അവസാനത്തെ പെൺകുട്ടിയല്ല.