Monday, February 14, 2022

സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മണ്ണും പെണ്ണും  ഉപമകൾ നിർലോഭമായി ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.  കൃഷിയെയും ഫലഭൂയിഷ്ഠതയെയും കുറിക്കുന്ന പദമാണ് ഉർവ്വരത. ഉർവ്വരിയെന്നാൽ ഉത്തമയായ സ്ത്രീ എന്നും. പെണ്ണ് ആണിൻ്റെ കൃഷിയിടമാണെന്നും അവൾ ജനിപ്പിക്കുന്ന ആൺകുട്ടികളുടെ എണ്ണമാണ് ഉത്തമയായ സ്ത്രീയുടെ അളവുകോലെന്നും പറഞ്ഞുവെയ്ക്കുന്നുണ്ട് ഗതകാല ഗോത്രബോധം. പുത്രകാമേഷ്ടിയെയും  പുത്രലാഭത്തെയും പുത്രദു:ഖത്തെയും  പറ്റിയേ ഇതിഹാസങ്ങൾ പറയുന്നുള്ളൂ.  പുത്രലാഭമെന്നു പറയുമ്പോൾ പുത്രിനഷ്ടമാണെന്നു വരികൾക്കിടയിൽ വായിക്കാവുന്നതാണ്.

ആദമിന് ഏകാന്തതയുടെ വിരസതയകറ്റാൻ, ഒരു കളിക്ക് അവൻ്റെ  ഒരു വാരിയെല്ലിൽ നിന്നും ദൈവം സൃഷ്ടിച്ചതാണ്  ഈവിനെ. ഊരിപ്പോയ തൻ്റെ വാരിയെല്ലുകൊണ്ട് കോൽക്കളി കളിക്കാനുള്ള അവകാശം ആദമിനുണ്ടെന്ന് ആ ബോധം പറയാതെ പറയുന്നുണ്ട്.   മുഖാമുഖം ആണിനു അടിയിലായി പെണ്ണു വരുന്ന സുരതനിലയ്ക്ക് മിഷണറി പൊസിഷൻ എന്നു പേരുവന്നത് യാദൃച്ഛികമാവാനുള്ള സാധ്യതയില്ല. ആണിനു കീഴ്പ്പെട്ടു ജീവിക്കുവാനായി മാത്രം സൃഷ്ടിക്കപ്പെട്ടതാണു പെണ്ണെന്ന ഗോത്രബോധമാണ് പല സമൂഹങ്ങളെയും നയിക്കുന്നത്. അതിൽ നിന്നും ഒരു തരി മുന്നോട്ടു പോവാതെ നെല്ലിക്ക ചതച്ചിട്ട മത്തിക്കറിയുണ്ടാക്കലാണ് പെണ്ണിൻ്റെ കടമയെന്നും ആണിൻ്റെ കൃഷിയിടമാണ് പെണ്ണെന്നുമൊക്കെ മൈക്കുകെട്ടി പ്രസംഗിക്കുന്നതിൽ, അതുകേട്ടിരിക്കുന്നതിൽ തെല്ലും ലജ്ജ തോന്നാത്ത ഒരു സമൂഹമായി നാം മാറുന്നു.   

കൃഷിയിലൂന്നി ഉർവ്വരതയിൽ  പിടിച്ച് മണ്ണിനെപ്പോലെ പെണ്ണിനെയും പരിലാളിക്കുന്നതും സ്നേഹിക്കുന്നതുമായ  സംസ്കാരത്തിൻ്റെ ജ്വലനമാണീ പദങ്ങളും പഴഞ്ചൊല്ലുകളുമെല്ലാം എന്നു പലരും ന്യായീകരിച്ചേക്കാം. പ്രാകൃതമായ വിവേചനങ്ങളുടെ പഴമൊഴികളായി ഈ പൊട്ടച്ചൊല്ലുകളെ മലയാളം ആഘോഷിക്കുന്നുമുണ്ട്. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും എന്നൊരു ചൊല്ലുണ്ട്.  സ്നേഹത്തിലെന്തിനാണ് ദണ്ഡം.

മണ്ണും പെണ്ണും  ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാർക്കിയുടെ സ്വർണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയിൽ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്.  സ്വത്ത് വിനിമയം ചെയ്യപ്പെടാനുള്ളതുമാണ്, കൈവശംവച്ച് യഥേഷ്ടം അനുഭവിക്കാനുള്ളതുമാണ് എന്ന ചിന്തയിൽ നിന്നുമാണ് അത് ഉദ്ഭവിക്കുന്നത്. വല്ല സത്യവും അതിലുണ്ടായിരുന്നെങ്കിൽ പെണ്ണിനു വേണ്ടാത്ത ഭൂമി മാത്രമാവുമായിരുന്നില്ലേ  ആണിനുണ്ടാവുക. രാജ്യത്തെ കാർഷിക തൊഴിലാളികളുടെ 42 ശതമാനത്തിലധികം സ്ത്രീകളാണ്, എന്നാൽ അവരുടെ കൈയ്യിൽ  കൃഷിഭൂമിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ.

ഒരു ഓക്സ്ഫർഡ് അപാരത

ഇന്നു കേട്ട വാർത്ത ഓക്സ്ഫർഡ് സർവ്വകലാശാലയിൽ ഒരിന്ത്യൻ പയ്യനെ പുറത്താക്കിയതാണ്. സഹപാഠിയായ പെൺകുട്ടിയെ  നിരന്തരം പിന്തുടർന്നു ശല്യപ്പെടുത്തി, ഒടുക്കം കുറേ ശബ്ദസന്ദേശങ്ങളും അവൾക്കയച്ചു.

"അവൻ എന്നെ അവൻ്റെ ഭാര്യയാക്കും, എന്നിൽ അവൻ്റെ മക്കളെ ഉണ്ടാക്കും, ഞാൻ അവനോടൊപ്പം കഴിഞ്ഞോളണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് ആറ് മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി" പെൺകുട്ടി ബിബിസിയോട് പറഞ്ഞു. അവനുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്ന് അവൾ പലതവണ പറഞ്ഞു. പക്ഷേ അതവൻ്റെ വിഷയമല്ല. അവൻ്റെ ബോധത്തിൽ അവനിഷ്ടപ്പെട്ടു, ഇനി അവൾ അവന് കീഴ്പ്പെട്ടു കഴിയുക മാത്രം.  വികസിത സമൂഹങ്ങളിൽ ഏതാണ്ട് അവസാനിച്ച രോഗമാണിത്.    ഇന്ത്യയടക്കം ഏഷ്യൻരാജ്യങ്ങളിലും ചൈനയിലും അറബ്നാടുകളിലും  ആഫ്രിക്കൻ സമൂഹങ്ങളിലും  ആണിനെ നയിക്കുന്ന ബോധമാണിന്നുമിത്.  പെണ്ണിനെ മണ്ണുപോലെ തനിക്കു വിത്തിറക്കാനുള്ളിടമായി കണ്ട ഗതകാല ഗോത്രബോധം കടലു കടന്നു എന്നുമാത്രം.  അറിവിന് ആനുപാതികമായി ആണിനു ബോധം വളരാത്തതിൻ്റെ ഫലമാണ്  പെണ്ണ് അനുഭവിക്കുന്നത്,  അതിൻ്റെ ദുരന്തഫലങ്ങൾ പെണ്ണിനു മാത്രമല്ല,  ഈ സമൂഹത്തിൽ ആണിനുകൂടിയാണ്.   വികസിത ലോകം അഭയാർത്ഥികളെ സ്വീകരിക്കാൻ മടിക്കുന്നതിൻ്റെ ഒരു കാരണം ഇതുമാവാം. 

ബോധമില്ലാത്ത വിവരം എത്രമാത്രം അപകടകരമാണ് എന്നു കാണിക്കുന്ന ഒരു കഥയുണ്ട്, ഒരു പാതിരിയെ നരഭോജി പിടിച്ച കഥ.  ചുരുക്കിപ്പറയാം.  പണ്ടൊരു പാതിരി കാട്ടിൽ വഴി തെറ്റി നരഭോജികളുടെ പിടിയിലായി. ഒത്ത സൈസുള്ള ഒരാളെ ഭക്ഷണമായി എത്തിച്ചു കൊടുത്ത ദൈവത്തിന് നന്ദി പറയാൻ അവർ മറന്നില്ല, ഒരു റാത്തൽ പാതിരിമാംസം ദൈവത്തിനു നേരുകയും  ചെയ്തു. ഇത്രകാലവും ദൈവദാസനായ തൻ്റെ അവസ്ഥയാലോചിച്ച് അദ്ദേഹത്തിന് ഒരെത്തും പിടിയും കിട്ടിയില്ല.  ധൈര്യം സംഭരിച്ച് കണ്ണൊന്നു തുറന്നു, മരണം മുന്നിലുണ്ടെങ്കിലും.

ഉരുളി അടുപ്പത്തു കയറി. പാതിരിയെ വരട്ടിയെടുക്കുവാനുള്ള ചട്ടുകവുമായി സംഘത്തലവന്‍എത്തി. അനുയായികൾ തലവനെ വണങ്ങി. തന്നെ തറിക്കാൻ എത്തിച്ച കുട്ടയും വെട്ടുകത്തിയും കണ്ടു ഭയചകിതനായ പാതിരി അറിയാതെ ചോദിച്ചുപോയി. “കര്‍ത്താവേ ഈ ഐ.ടി. യുഗത്തിലും മനുഷ്യന്‍മനുഷ്യനെ തിന്നുകയോ?

“ലൂക്ക് ഫാദര്‍അയാം ഏന്‍ഓക്‌സ്ഫഡ് മാൻ. ബട് ട്രഡീഷന്‍ഈസ് ട്രഡീഷൻ”:  നേതാവിൻ്റെ മറുപടി കേട്ട് പാതിരി ഞെട്ടി.

ആ ഇംഗ്ലീഷു കേട്ടപ്പോൾ ജീവനിൽ ഒരു പ്രതീക്ഷ വന്ന പാതിരി തുടർന്നു..

മികച്ച ഓക്‌സ്ഫഡ് വിദ്യാഭ്യാസവും ശുദ്ധമായ ഇംഗ്ലീഷും ഒക്കെയുണ്ടായിട്ടും മകനേ നീ ഇപ്പോഴും നിൻ്റെ സഹജീവിയെ തിന്നുകയോ? നിനക്കു മാറ്റമൊന്നുമുണ്ടായില്ലേ?

മാറ്റമുണ്ട് ഫാദർ, ട്രമൻ്റസ് ചെയ്ഞ്ചസ്

അതൊന്നും പക്ഷേ നിൻ്റെ പ്രവൃത്തിയിൽ കാണുന്നില്ലല്ലോ മകനേ!

ഫാദർ ശ്രദ്ധിക്കാത്തതാണ്, അയാൾ ആ  ഫോർക്കും നൈഫും  ഒന്നുയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു -  പഴയതുപോലെയല്ല  ഇതുവച്ചാണ് ഞങ്ങളിപ്പോൾ  കഴിക്കുന്നത്.

ഉണ്ടായ മാറ്റം അതാണ്.  പുതിയ അറിവ്  കത്തിയും മുള്ളിലേക്ക്  ശീലത്തെ മാറ്റി. ബോധം പഴയതുതന്നെ. ആ നരഭോജിയുടെ നേരവതാരങ്ങളാണ് പലരും ഈ പയ്യനടക്കം.  പാരമ്പര്യത്തിനു മണ്ണുപിടിക്കാതെ നോക്കുന്നവർ, പുതുലോകത്തും സ്വൈരജീവിതത്തിനു ഭീഷണിയാവുന്നവർ.  ഇവിടെയാണെങ്കിൽ ഏറിയാൽ നാലുനാൾ കഴിഞ്ഞ് നാട്ടിലിറങ്ങി പെണ്ണിനെ വെട്ടിയോ വെടിവച്ചോ ആസിഡൊഴിച്ചോ കൊല്ലാനുള്ള സാധ്യതയുണ്ട്. സദാചാരികൾ പെണ്ണിൻ്റെ ചരിത്രവും ചാരിത്ര്യവും വിചാരണചെയ്ത് തൃപ്തരുമാവും.  അവിടെയായതു കൊണ്ട്  ആ പെൺകുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പയ്യനും തടവുമാത്രമല്ല, നാടുകടത്തിലുമുണ്ട്. 

പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം

കാലം ഒരു കവിയെ കൊണ്ട്  പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരു  കുടിക്കാലോ എന്നു പാടിച്ചിട്ടുണ്ട്.   മണ്ണ് പെണ്ണ് പ്രണയം ഒക്കെയും ആണിനെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കേണ്ട സംഗതികളാണ്. കുഴപ്പം ആ ഗോത്രബോധത്തിലാണ്.  അവൾ എൻ്റെ പെണ്ണ് എന്നതിൻ്റെ പ്രണയാധികാര സ്വരത്തിനു മറുകുറിയായി അവൻ എൻ്റെ ആണ് എന്ന് കേട്ടിട്ടുണ്ടോ?  പുരുഷാധിപത്യ സമൂഹത്തിൽ മണ്ണും പെണ്ണും  സ്വത്ത് ആണ് സ്വാഭാവികമായും കഴിവുള്ളവൻ വാങ്ങും കഴിവുകെട്ടവൻ വില്കും. നമ്മുടെ നാടൻ ഭാഷയിൽ ഓളെ കൂട്ടിക്കൊടുക്കുന്നോൻ എന്നു വിശേഷിപ്പിപ്പെടുന്നവൻ പോലും പ്രയോഗിക്കുന്നത്  പെണ്ണിലുള്ള തൻ്റെ അധികാരമാണ്. പരമ്പരാഗതബോധമായി പകർന്നുകിട്ടിയ ക്രയവിക്രയ അധികാരം.  പ്രണയം പോലും അതിലേക്കുള്ള  ഒരു വഴി മാത്രമാവാറുണ്ട്.

ഗതകാലത്തിൻ്റെ അപരിഷ്കൃതബോധം വാറ്റിയെടുത്തതാണ് നമ്മുടെ പല ചൊല്ലുകളും, വിശിഷ്യാ, സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ളവ. നാലക്ഷരം കൂട്ടിവായിക്കാനറിയാത്തവനും നാലു സ്ത്രീവിരുദ്ധ പഴമൊഴി വശമുള്ള സമൂഹമാണ് നമ്മുടേത്.  ഈ പശ്ചാത്തലത്തിൽ നിന്നും ഒന്നു നമുക്ക് ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച Societies that treat women badly are poorer and less stable എന്ന പഠനത്തിലേക്കു പോവാം. സ്ത്രീകളോട് മോശമായി പെരുമാറുന്ന സമൂഹങ്ങൾ എല്ലാ അർത്ഥത്തിലും ദരിദ്രമാണ്, നിലനില്പു തന്നെ അവതാളത്തിലുമാണ് എന്നു സ്ഥാപിക്കുന്നതാണ് പഠനം.

“കാർ ഓടിക്കുന്ന പെണ്ണ് കൊല്ലപ്പെടും" ഷെയ്ഖ് ഹാസിം മുഹമ്മദ് അൽ മൻഷാദ് പറയുന്നു. തെക്കൻ ഇറാഖിലെ അൽ-ഗാസി എന്ന അയാളുടെ ഗോത്രത്തിലെ നിയമം കൃത്യമാണ്. ഒരു കാർ ഓടിക്കുന്ന ഒരു സ്ത്രീ എവിടെയെങ്കിലും പുരുഷനെ കണ്ടുമുട്ടിയേക്കാം.  അവളുടെ മാനം അയാൾ കവരും. അതുകൊണ്ടു തന്നെ അവളുടെ പുരുഷൻമാരായ ബന്ധുക്കൾ അവളെ വെട്ടിയോ കുത്തിയോ അല്ലെങ്കിൽ വെടിവെച്ചോ കൊന്ന് മണൽക്കൂനയിൽ മറവുചെയ്യും.  ഇതൊരിടത്തിൻ്റെ മാത്രം അവസ്ഥയല്ല, പെണ്ണിനെ അകത്തളങ്ങളിലേക്കു അടച്ചിരിക്കുവാൻ പ്രേരിപ്പിക്കുന്ന എല്ലാ സമൂഹത്തിൻ്റെയും അവസ്ഥയാണ്. അതിന് മതമെന്നോ ജാതിയെന്നോ പ്രത്യയശാസ്ത്രമെന്നോ വ്യത്യാസമില്ല. എല്ലാറ്റിൻ്റെ തലപ്പത്തും പാട്രയാർക്കി വാഴുമ്പോൾ വിവേചനം ഏറിയും കുറഞ്ഞു നടമാടുകയാണ്. ദുരഭിമാന കൊലകളെന്നു വകയിരുത്തി നാമെഴുതിത്തള്ളുന്ന കൊലകൾ ഇന്ത്യയിലെത്രയാണ്,  കേരളത്തിലും. നീനുവിനെ പ്രണയിച്ച കെവിനെ ഇല്ലാതാക്കിയത് ഈ ഗോത്രബോധമാണ്. അതിൽ പ്രതികളായവർക്ക് വിദ്യാഭ്യാസത്തിനു കുറവുണ്ടായിരുന്നില്ല. കുഴിച്ചുമൂടേണ്ടത് ഈ പരമ്പരാഗത ബോധത്തെയാണ്, വാഴ്ത്തേണ്ടത്  അതിരുകളില്ലാത്ത മാനവികതയേയുമാണ്.

കാർ ഓടിക്കുന്ന പെണ്ണിനെ കൊല്ലാനുള്ളതാണ്, ആ കടമ നിർവ്വഹിച്ച് അന്തസ്സ് രക്ഷിക്കേണ്ട ബാധ്യത കുടുംബത്തിലെ പുരുഷൻമാർക്കുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമുള്ളത്.  പെണ്ണിനെ മണ്ണുപോലെ ഒരു  ആസ്തിയായാണ് ഗോത്രബോധം കാണുന്നത്. മറ്റൊരാളുടെ നോട്ടം പോലും ആ ആസ്തിയെ ബാധ്യതയാക്കിക്കളയുകാണ് സമൂഹത്തിൽ.  സ്ത്രീപീഡനം വേദനിപ്പിക്കുന്നത് പെണ്ണിനെ മാത്രമല്ല, അതു ബാധിക്കുന്നത് ആണിനെ കൂടിയാണ്, അതെങ്ങിനെയാണ് സമൂഹിക സന്തുലനത്തെ ബാധിക്കുന്നതെന്നും വിശദമാക്കുന്നുണ്ട്  ഗവേഷകരുടെ പഠനം.

സമ്പത്തിൻ്റെ വിതരണത്തിലെ അസമത്വത്തെക്കാൾ അപകടം ബോധം വളരാത്ത സമൂഹത്തിൽ വിവരസാങ്കേതികവിദ്യയുടെ തുല്യമായ വിതരണമാണ്. നാലുകോണകം ഒന്നായി വാങ്ങാൻ ഗതിയില്ലാത്ത സമൂഹത്തിൽ കൂട്ടക്കൊലകളിൽ ഒരു പങ്ക് വിവരസാങ്കേതിക വിദ്യയ്ക്കാണ്. വിദ്വേഷത്തിൻ്റെ ഒരു സന്ദേശം നിമിഷാർദ്ധത്തിൽ ഗോത്രം മുഴുവനുമെത്തുന്ന അവസ്ഥയാണ്. ബോധമില്ലാത്ത സമൂഹത്തിനു കിട്ടുന്ന അറിവ് അപകടകാരിയാവുകയാണ്. മൊബൈൽഫോണും മെഷീൻഗണ്ണും ഒരേ ധർമ്മം നിർവ്വഹിച്ചുകളയുകയാണ്..

ആണെങ്കിൽ വാ പടക്കളത്തിൽ, പെണ്ണെങ്കിൽ പോ കലം തേക്കാൻ

"ദി ഫസ്റ്റ് പൊളിറ്റിക്കൽ ഓർഡർ: ഹൗ സെക്‌സ് ഷേപ്പ്സ് ഗവേണൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി വേൾഡ് വൈഡ്" എന്ന തൻ്റെ ഗ്രന്ഥത്തിൽ ആമുഖത്തിൽ  രചയിതാവായ വലേറി ഹഡ്സൻ ഒരനുഭവം വിവരിക്കുന്നുണ്ട്.  വർഷങ്ങൾക്കു മുമ്പേ, താലിബാൻ അഫ്ഗാൻ കീഴടക്കും മുന്നേ വലേറിക്ക് ഒരു അഫ്ഗാൻ വനിതാ മന്ത്രിയുമായി കൂടിക്കാഴ്ച തരമാവുന്നു. സ്വാഭാവികമായും വലേറി അഫ്ഗാൻ വനിതകളുടെ ശാക്തീകരണത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നു. സർവ്വകലാശാല വിദ്യാഭ്യാസം നേടിയവളും മന്ത്രിയും ഒക്കെയായ അഫ്ഗാൻ വനിതയായിരുന്നു അവർ. ആ സംസാരമധ്യേ പെട്ടെന്ന് ഇടയ്ക്കു കയറി മന്ത്രി പറഞ്ഞു, “വലേറി, ഇനിയെനിക്ക് വീട്ടിലേക്ക് പോവണം, ഞാൻ നിന്നെ മൊഴിചൊല്ലുന്നു എന്നു മൂന്നു പ്രാവശ്യം പറഞ്ഞാൽ എൻ്റെ കാര്യം കഴിഞ്ഞു. അദ്ദേഹം അതു ചെയ്താൽ, എനിക്ക് എൻ്റെ മക്കളെ നഷ്ടപ്പെടും, കഴിഞ്ഞുകൂടുവാൻ ഒരിടം ഇല്ലാതാവും. ഇനി അദ്ദേഹം എന്നെ മൊഴിചൊല്ലുന്നില്ലെങ്കിൽ കൂടി, എൻ്റെ മക്കൾ എപ്പോൾ ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിക്കുന്നതിൽ ഒരഭിപ്രായത്തിനു കൂടി എനിക്കു അധികാരമില്ല. ഈ ഞാൻ തന്നെ എത്രമാത്രം ശാക്തീകരിക്കപ്പെട്ടവളാണെന്ന് ഒന്നാലോചിക്കൂ വലേറി.” ആ പുസ്തകത്തിനു കാരണം തന്നെ ആയൊരു സംഭാഷണമാണ് എന്നറിയുന്നു.

ആ അഫ്ഗാനിൽ നിന്നും വലിയ സാംസ്കാരിക ദൂരമൊന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും സൌദി അറേബ്യയിലേക്കും ആഫ്രിക്കൻ സമൂഹങ്ങളിലേക്കും ഇല്ലെന്ന സത്യം 176 രാജ്യങ്ങളെ 0 മുതൽ 16 വരെയുള്ള സ്‌കെയിലിൽ അടയാളപ്പെടുത്തി അവർ കാണിക്കുന്നുണ്ട്.  "പാട്രിലൈനൽ/ഫ്രറ്റേണൽ സിൻഡ്രോം", മലയാളീകരിച്ചാൽ പിതൃപുത്ര താവഴിരോഗത്തിൻ്റെ  ലക്ഷണങ്ങളാണ് സ്ത്രീവിരുദ്ധത നിഴലിക്കുന്ന പെരുമാറ്റം, നേരത്തെയുള്ള വിവാഹം, വിവാഹാനന്തരം നിർബന്ധിത ഭർതൃഗൃഹവാസം, ബഹുഭാര്യത്വം,  പുത്രമുൻഗണന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അതിനോടുള്ള സാമൂഹിക മനോഭാവവും.   ഉദാഹരണത്തിന്, ബലാത്സംഗത്തെ സമൂഹം കാണുന്നത് ഒരു പ്രോപർട്ടി ക്രൈമായിട്ടാണ് എന്നവർ എടുത്തു പറയുന്നു.  ബലാൽസംഗം ചെയ്തവനോട് രാഖി കെട്ടാൻ ഉപദേശിച്ചുകളയുന്ന, ബലാൽസംഗം ചെയ്യപ്പെട്ടവൾക്ക്  ബലാൽസംഗിയെ വിവാഹം ചെയ്തുകൂടേ എന്നു ചിന്തിക്കുന്ന തരംതാണ നീതിബോധം കൈമുതലായരുടെ  നാടുകൂടിയാണ് നമ്മുടേത്.

ഇനി ബലാൽസംഗത്തെ അഭിസംബോധന ചെയ്യുന്ന പത്രവാർത്തകൾ നോക്കൂ. സദാ കാണുന്ന പ്രയോഗമാണ് ഇര.  ഇര എന്ന പ്രയോഗം തന്നെ കേസ് തള്ളിക്കളയാനുള്ള ന്യായമായ കാരണമാണ്. വേട്ടമൃഗത്തിൻ്റെ അവകാശമാണല്ലോ ഇര! വേറൊന്നു  മാനഭംഗമാണ്, ബലാൽസംഗത്തിൻ്റെ പേരാണത്! ആർക്കാണ് മാനഭംഗം? അതിക്രമിച്ചു ബലാൽസംഗം ചെയ്തവനു വേണ്ടതാണ് മാനഭംഗം. മനുഷ്യൻ എന്ന മനോഞ്ജ പദത്തിന് അർഹത നഷ്ടപ്പെടുമ്പോൾ  സംഭവിക്കുന്നതാണ് മാനഭംഗം, മാനഹാനി ഒക്കെയും. അതിക്രമത്തിനു വിധേയയായവൾക്കെന്തു മാനഭംഗമാണ്. കൃത്യമായ വാക്കുകൾ നല്ല സംസ്കാരത്തിനു വിത്തിടുന്നതുപോലെ കെട്ട വാക്കുകൾ തരംതാണ സംസ്കാരത്തെ സൃഷ്ടിച്ചുകളയുകയും ചെയ്യും.  വർത്തമാന ലോകത്തെ ശവസമാന പദാവലികളെ മറവുചെയ്യുന്നതും ഒരു സംസ്കാരമാണ്.  

ആ സൂചികയിൽ സെക്സിസ്റ്റുകൾക്കു രക്ഷയില്ലാത്ത രാഷ്ട്രങ്ങളായി മുന്നിട്ടു നില്ക്കുന്നത് വികസിത സമ്പന്ന ജനാധിപത്യ ശക്തികളാണ്. ഓസ്‌ട്രേലിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയെല്ലാം ഏറ്റവും മികച്ച പൂജ്യം സ്‌കോറിലാണ്.  സമ്പന്ന രാജ്യങ്ങളായ സൌദി അറേബ്യയും ഖത്തറും പിന്നിലാണ്.   പെണ്ണിനോടുള്ള സമീപനത്തിൽ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാവുന്നില്ല, എല്ലാറ്റിൻ്റെയും തലപ്പത്ത് പാട്രിയാർക്കിയാണ്. ഭേദം ജനാധിപത്യ സംസ്കാരമാണ്. പെൺജീവിതം നരകതുല്യമാവുന്ന രാഷ്ട്രങ്ങളായി ചിത്രത്തിൽ കാണാം സുഡാനെയും യമനെയും സൊമാലിയയെയും ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും. ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണ്, സൌദി അറേബ്യയോട് അടുത്താണ് കിടക്കുന്നത്.  മനുവും മുഹമ്മദും പെണ്ണിനോടുള്ള സമീപനത്തിൽ ഐക്യപ്പെടുന്നതായി കാണാം.  എന്തുമാത്രം പുരോഗതിയാണ്, സാമൂഹിക മുന്നേറ്റമാണ്  ദക്ഷിണ കൊറിയ ഉണ്ടാക്കിയത് എന്നുകൂടി നോക്കണം.

പല സമൂഹങ്ങളിലും പെണ്ണിൻ്റെ മൂല്യം നിർണയിക്കുന്നത് അവൾ ജന്മം നല്കുന്ന ആൺകുട്ടികളുടെ എണ്ണമാണ്.  ചാരിത്ര്യ സംരക്ഷണ മതിലകത്ത് പ്രസവയന്ത്രങ്ങളായി മാറിപ്പോവുകയാണ്  പെണ്ണുടലുകൾ. പുരുഷാധിപത്യവും ദാരിദ്ര്യവും എവിടെയും കൈകോർക്കുന്നുണ്ട്. ഒരു രാജ്യം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല മാർഗം അവിടുത്തെ വനിതകളെ ആജ്ഞാനുവർത്തികൾ മാത്രമാക്കുകയാണ് എന്ന നോട്ടോടു കൂടിയാണ് ഗവേഷകർ പഠനം അവസാനിപ്പിക്കുന്നത്.  സെക്സിസം  ഗർഭപാത്രത്തിൽ തുടങ്ങുകയാണ്.  ആണിനായി കാത്തിരിക്കുന്നവർ പെണ്ണിനെ ജനിക്കുന്നതിനു മുന്നേ കൊല്ലുന്നു. ഇന്ത്യയിലും ചൈനയിലും മറ്റും അതു നിർബാധം നടക്കുന്നു. ജനിച്ചതിനു ശേഷം ഉപേക്ഷിക്കപ്പെടുന്നതു വേറെ, ഏറ്റവും ചുരുങ്ങിയത് 13 കോടി പെൺകുട്ടികൾ ലോകജനസംഖ്യയിൽ നിന്നും അപ്രത്യക്ഷരായിട്ടുണ്ടെന്ന് ഗവേഷകർ. 

ആണിൻ്റെ ലൈംഗികദാരിദ്ര്യത്തിലേക്ക്

സാമ്പ്രദായിക രീതിയിലെ വിവാഹത്തിന് ആവശ്യത്തിനു  പെണ്ണില്ലാതെ, നട്ടം തിരിയുന്ന ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്, അവിവാഹിതരായി തുടരാൻ വിധിക്കപ്പെട്ടവരായി.  നിരാശരായ,  ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന പുരുഷൻമാർ കൂടുതൽ അപകടകാരികളായിരിക്കും എന്നു സ്ഥാപിക്കുന്നുണ്ട് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലെന എഡ്‌ലണ്ടും സഹഗവേഷകരും. ചൈനയിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതത്തിലെ ഓരോ 1% വർദ്ധനവിലും, അക്രമവും സ്വത്ത് കുറ്റകൃത്യങ്ങളും 3.7% വർദ്ധിച്ചു. പുരുഷന്മാർ കൂടുതലുള്ള ഇന്ത്യയുടെ ഭാഗങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലാണെന്നു കാണാം.  ഇന്ത്യയിലെ ഏറ്റവും വികലമായ സ്ത്രീ-പുരുഷ അനുപാതം 889: 1000 കാശ്മീരിലാണ്.  കാശ്മീരിലുണ്ടാവുന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ഈയൊരു വസ്തുതകൂടി ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ടാവാം. കേരളം ഇക്കാര്യത്തിൽ വളരെ മുന്നിലാണ്, 1000 ആണിന് 1084 പെണ്ണുമായി ഇന്ത്യയ്ക്കു തന്നെ മാതൃക.

സ്ഥിതിയെ കൂടുതൽ വഷളാക്കുകയാണ് സാമ്പത്തിക ശേഷിയുള്ളവരുടെ, സായുധശേഷിയുള്ളവരുടെ ബഹുഭാര്യാത്വം. കുടുംബങ്ങളിൽ ബഹുഭാര്യാത്വം ഏകദേശം 2% മാത്രമാണെന്ന് പഠനങ്ങൾ പറയുന്നു. പക്ഷേ സദാ അഭ്യന്തര കലഹങ്ങളാൽ വലയുന്ന സമൂഹങ്ങളിൽ നിർബന്ധിത ബഹുഭാര്യാത്വമാണ് നടമാടുന്നത്. തീവ്രവാദ സംഘടനകൾ പെണ്ണുടലുകളെ തേടിക്കൊണ്ടുപോവുകയാണ്. നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, ബോക്കോ ഹറാമിൻ്റെ  നിയന്ത്രണത്തിലുള്ള പ്രദേശത്ത് 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ 44% നിർബന്ധിത ബഹുഭാര്യാത്വത്തിന് വിധേയരാണ്. ഇസ്ലാമിക് സ്റ്റേറ്റ് യുവാക്കളെ ആകർഷിക്കുന്നത്  ലൈംഗിക അടിമകളെ നൽകിയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള അനുവാദമാണ് ബോക്കോ ഹറാം തങ്ങളുടെ സൈനികർക്ക് നൽകുന്നത്.  താലിബാനാണെങ്കിൽ സായുധരായി വാതിലുകളിൽ മുട്ടി അവിവാഹിതരായ പെൺകുട്ടികളെ അവർക്കു സമർപ്പിച്ചുകൊള്ളുവാൻ കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. 

അതിസമ്പന്നരായ  പത്തു ശതമാനം പേർ നാലു ഭാര്യമാരെ നേടുമ്പോൾ മുപ്പതു ശതമാനത്തിന് പെണ്ണിനെ കാണാൻ കിട്ടാത്ത അവസ്ഥയുണ്ടാവുന്നൂവെന്ന് പഠനം പറയുന്നു.  പെണ്ണ് അവിടെ ചരക്കായി തന്നെ മാറുകയാണ്.  പല ഗ്രൂപ്പുകളിലും നടക്കുന്ന ചേരിതിരിഞ്ഞു കൊലകൾ പലതും പെണ്ണിനെ പിടിച്ചെടുക്കുവാനായാണ്. ഗോത്ര കലഹഭൂമികളിൽ നടമാടുന്നത്  പ്രോപർട്ടി കൊലകളാണ്, മറ്റൊരാളുടെ പ്രോപർട്ടിയായ  പെണ്ണിനെ നേടുവാനുള്ളത്.

പരിഹാരം ദക്ഷിണ കൊറിയയുടെ മഹനീയ മാർഗം

കുടുംബമായി ജീവിക്കുവാൻ തുടങ്ങിയ കാലം തൊട്ടു വേരാഴ്ന്ന പാട്രിയാർക്കിയെ ശരവേഗം പൊളിച്ചടുക്കിയ രാഷ്ട്രം ആധുനികലോകത്ത് ദക്ഷിണ കൊറിയയാണ്.  1991-ൽ അവർ പുരുഷൻ്റെയും സ്ത്രീയുടെയും അനന്തരാവകാശം തുല്യമാക്കി, വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണത്തിനുള്ള ഭർത്താവിൻ്റെ സ്വാഭാവിക അവകാശം  അവസാനിപ്പിക്കുകയും ചെയ്തു. 2005-ൽ "ഗൃഹനാഥൻ", ഒരു കുടുംബത്തലവൻ എന്ന നിയമദത്തമായ പദം കുഴിച്ചുമൂടി. 2009-ൽ മെറിട്ടൽ റേപ്  ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഇതിനിടയിൽ, എടുത്തുപറയേണ്ട സംഗതി വയോജനങ്ങൾക്കുണ്ടാക്കിയ സാമ്പത്തിക സ്വാതന്ത്ര്യമാണ്, സ്റ്റെയിറ്റ് പെൻഷനുകൾ കുത്തനെ വർദ്ധിപ്പിച്ചു. അതോടെ മക്കളെ ആശ്രയിച്ചു കഴിയുന്ന കൊറിയക്കാരുടെ പങ്ക് കുത്തനെ കുറച്ചു.  മാതാപിതാക്കളുടെ ഇടയിൽ, ആൺകുട്ടികൾക്കുള്ള മുൻഗണനയുടെ ഒരു കാരണം വാർദ്ധക്യത്തിൽ അവരെ ആശ്രയിക്കാമെന്ന തോന്നലാണ്. ആൺകുട്ടികളോടുള്ള താല്പര്യം ഒരു തലമുറയ്ക്കുള്ളിൽ തന്നെ  പെൺകുട്ടികളോടുള്ള മുൻഗണനയിലേക്ക് മാറിയെന്നു ഗവേഷകർ. .

അതിവേഗം ബഹുദൂരത്തേക്കുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണ് തെക്കൻ കൊറിയയുടേത് എന്ന് ചിത്രം വ്യക്തമാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ പാട്രിയാർക്കിയുടെ കൊട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്താൻ നൂറ്റാണ്ടുകളെടുത്തപ്പോൾ, ദക്ഷിണ കൊറിയ അതു സാധ്യമാക്കിയത് മിന്നൽ വേഗത്തിലാണ്. അക്ഷരാർത്ഥത്തിൽ അടുത്തകാലത്ത് ലോകം കണ്ട മഹാവിപ്ലവം. നമുക്ക് ഏറെ പഠിക്കാനുള്ളത്.

സമകാലിക മലയാളം വാരികയിൽ വായിക്കുവാൻ ലിങ്ക് ഇവിടെ സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മധുസൂദൻ വി

Reference:

1.    The First Political Order: How Sex Shapes Governance and National Security Worldwide by Valerie Hudson, Donna Lee Bowen, Perpetua Lynne Nielsen
2.    The cost of misogyny - Societies that treat women badly are poorer and less stable, The Economist
3.    https://www.ncaer.org/news_details.php?nID=252&nID=252
4.    https://www.indiatoday.in/world/story/indian-origin-student-expelled-uk-university-stalking-1886689-2021-12-11