Tuesday, June 29, 2021

വാക്കുകൾ സംസ്കാരത്തെ സൃഷ്ടിക്കുമ്പോൾ

വാക്കുകൾ കറൻസി പോലെയാണ്,  കൃത്യമായ മൂല്യമുണ്ടാവണം.  കറൻസിക്കു തുല്യവസ്തു ലഭിക്കുന്നതുപോലെ വാക്കുകൾക്കു തുല്യമായ ബോധം പകർന്നു കിട്ടുക അപ്പോൾ മാത്രമാണ്.  വിശ്വപൌരൻ എന്നു ലോകം ഒരാളെ വിശേഷിപ്പിക്കുക വിശ്വമാനവ സംസ്കാരത്തിൻ്റെ സുഗന്ധവും പ്രകാശവും അയാളിലൂടെ പ്രസരിക്കുമ്പോഴാണ്, ആ പരമ്പരയിലെ സമകാലികനാണ് തരൂർ. അദ്ദേഹം ഓരോ പദത്തെയും പരിചയപ്പെടുത്തുന്നത് അതിൻ്റെ അർത്ഥം മാത്രം പറഞ്ഞുകൊണ്ടല്ല. ആ വാക്കിനെ, കാലികമായ പ്രയോഗത്തെ കാലപ്രവാഹം മെഴുകിയെടുത്ത കഥ പറഞ്ഞുകൊണ്ടൊക്കെയാണ്. വാക്കുകൾ കടന്നുവന്ന വഴിയും കൈവരിച്ച പുതിയ രൂപഭാവവും അതിനിടയാക്കിയ  മിത്തിലൂടെ,  ചരിത്ര-സാംസ്കാരിക പശ്ചാത്തലങ്ങളിലൂടെ ഒക്കെയുള്ളൊരു തീർത്ഥാടനമാണ് തരൂർ വായന. തരൂരോസോറസ് അങ്ങിനെ ചില വാക്കുകളെ പരിചയപ്പെടുത്തുന്ന ഒന്നാണ്. ശരാശരിക്കാരെ വായിക്കുന്നതു കാലനഷ്ടമാവുമ്പോൾ പ്രതിഭകളെ വായിക്കുന്നത് കാലികമായ വളർച്ച സാധ്യമാവുന്നൊരു വ്യായാമമാണ്.  സ്വന്തം വരികൾക്കപ്പുറത്തേക്കു  വായനക്കാരുടെ ബോധത്തെ  കൊണ്ടുപോവുന്നവരാണ് പ്രതിഭകൾ.

അങ്ങിനെ ചില പുതിയ ചിന്തകളിലേക്കാണ് വായന നയിച്ചത്. ഏതു   ഭാഷയുടെയും വളർച്ച വാക്കുകളിലൂടെയാണ്.  അനുനിമിഷം പുതിയ ലോകത്തേക്ക്, പുതിയ ബോധത്തിലേക്കു കുതിക്കുന്ന മാനവികതയ്ക്ക് സംവദിക്കാൻ കൃത്യമായ വാക്കുകൾ ഇല്ലാതാവുമ്പോൾ സ്വാഭാവികമായും ആ ഭാഷ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു. ആഗോള ബൌദ്ധിക മേഖലകളിലെ നൂതനമായ ചിന്തകളെ, സാങ്കേതികമായ നവീനവൽക്കരണങ്ങളെ, സാഹിത്യലോകത്തെ  അനുദിന വളർച്ചയെ ഒന്നും മൊഴിയിലേക്ക് ആവാഹിക്കാനോ അടയാളപ്പെടുത്താനോ വാക്കുകളില്ലാതാവുമ്പോൾ, ഭാഷയിലെ സംവാദ-സംവേദ സാധ്യതകൾ മങ്ങുന്നു. സ്വാഭാവികമായും സങ്കീർണങ്ങളായ വിഷയങ്ങൾ ചർച്ചചെയ്യുന്ന കൃതികൾ പോലും ഇല്ലാതായി വരുന്നു.  അങ്ങിനെയൊരു വളർച്ച ഭാഷയ്ക്കില്ലാതാവുമ്പോൾ, മുരടിക്കുന്നതാണ് സംസ്കാരം.  പുതിയ വാക്കുകൾ ഭാഷയ്ക്കു പുതുമഴയാണ്, പുതിയ സംസ്കാരം മുളപൊട്ടിക്കുന്ന അമൃതധാര. മുഴുവൻ ലേഖനവും സമകാലികമലയാളം വാരികയിൽ വായിക്കുമല്ലോ, ലിങ്ക് ഇവിടെ - വാക്കുകൾ സംസ്കാരത്തെ സൃഷ്ടിക്കുമ്പോൾ.