
ഒരേ സമയം നല്ല സമൂഹത്തെ സൃഷ്ടിക്കുവാനും സംഹരിക്കുവാനും ശേഷിയുള്ള പ്രതിഭാസമാണ് ഗോത്രീയത. ഒറ്റ പൂവ് പൂന്തോട്ടമാവാത്തതുപോലെ ഒരു ഗോത്രം സമൂഹവുമാവുന്നില്ല. മനുഷ്യൻ സാമൂഹിക ജീവിയാവുമ്പോൾ ഗോത്രത്തിനു പുറത്തുള്ള ഗാത്രങ്ങളെ ഉൾക്കൊള്ളുവാൻ കഴിയണം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ എവിടെയോ കഴിഞ്ഞ, ഒരു സ്കോളർഷിപ്പിന്റെ ബലത്തിൽ ബ്രിട്ടനിലെ പ്രമുഖ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ച ഒരു കറുത്തവർഗ പയ്യന് സമ്പന്ന സാഹചര്യങ്ങളിൽ നിന്നുവന്ന മറ്റു കുട്ടികളൊക്കെയും അസാധാരണ പ്രതിഭകളൊന്നുമായിരുന്നില്ല, തന്നെപ്പോലെ
തന്നെയാണെന്നു മനസ്സിലായതു തന്നെ എത്രയോ കാലം കഴിഞ്ഞിട്ടാണ്. അന്നത്തെ ആ പയ്യനാണ് പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലൂടെയും ഹാർവാഡ് ലോ സ്കൂളിലെ ആദ്യ ബ്ലാക്ബ്രിട്ടനായും വന്ന്
അറിയപ്പെടുന്ന ബാരിസ്റ്ററും അധ്യാപകനും എഴുത്തുകാരനും മനുഷ്യാവകാശപ്രവർത്തകനും ഒടുവിൽ
ടോട്ടൻഹാമിനെ പ്രതിനിധീകരിക്കുന്ന ലെയ്ബർ പാർടി എം.പിയും ഒക്കെയായി വളർന്ന ഡാവിഡ് ലാമി. ആഫ്രിക്കൻ നേതാവ് മാർക്കസ് ഗാർവിയുടെ വാക്കുകളിൽ “അവരുടെ മുൻകാല ചരിത്രത്തെയും ഉത്ഭവത്തെയും സംസ്കാരത്തെയും കുറിച്ച് അറിവില്ലാത്ത ഒരു ജനത വേരുകളില്ലാത്ത ഒരു വൃക്ഷം പോലെയാണ്”. എന്നാൽ തന്റെ പൂർവ്വികരുടെ ചരിത്രത്തെ പറ്റിയും ലാമി ആകുലപ്പെടുന്നുണ്ട്. ഗതകാല സാംസ്കാരിക വൈവിധ്യങ്ങളെ വെടക്കാക്കി തനിക്കാക്കി ‘വെള്ളപൂശി’യതാണ് വെള്ളക്കാരന്റെ ചരിത്രം എന്നു വരുമ്പോൾ ഗതകാല സ്മരണയിൽ കറുത്തവന്റെ അന്തരംഗം അഭിമാന പൂരിതമാവുക എളുപ്പമല്ല. ലാമിയുടെ കറുത്തവന്റെ സ്ഥാനത്ത് നമുക്ക് നമ്മെത്തന്നെ വച്ചുനോക്കാം, യാഥാർത്ഥ്യം മറ്റൊന്നാവുകയില്ല.
