Saturday, July 26, 2025

യോസെ മുഹിക ജനാധിപത്യത്തിലെ റാഡിക്കൽ ബ്രാന്റ്

ദൈവം ഒരു നാമമല്ല, ക്രിയയാണ് എന്ന യതിയുടെ നിരീക്ഷണം ദൈവത്തിൽ മാത്രമായി ഒതുങ്ങുന്നില്ല.  ഇടതുപക്ഷമെന്നതും മാർക്സിസ്റ്റ് എന്നതും ഒരു നാമമല്ല, അതൊരു ക്രിയയാണ് എന്ന് ജീവിച്ചു കാണിച്ച, ഗതകാല ഗറില്ലയിൽ നിന്നും ശേഷം ദീർഘകാല തടവുപുള്ളിയിൽ നിന്നും  ഉറുഗ്വേയുടെ പ്രസിഡന്റായി, ഒരു ജനതയുടെ പ്രിയപ്പെട്ട പെപ്പെയായി, ലോകഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാതൃകയായ യോസെ മുസീക കളമൊഴിഞ്ഞു പോയിരിക്കുന്നു. കേവലം 35 ലക്ഷം മാത്രം ജനസംഖ്യയുള്ള തെക്കേ അമേരിക്കയിലെ രണ്ടാമത്തെ ചെറിയ രാജ്യമായ  ഉറുഗ്വേയുടെ പ്രസിഡന്റായി 77 വയസ്സുള്ള യോസ മുസീക എത്തിയത് 2010ലാണ്.  സമഗ്രമായ അഴിമതിയും അക്രമവും ആധിപത്യം പുലർത്തിയ ഒരു സ്വേച്ഛാധിപത്യവ്യവസ്ഥിതിയിൽ നിന്നുള്ള പരിവർത്തന ഘട്ടത്തിൽ മുസീകയുടെ പ്രഥമദൗത്യം  പ്രതീക്ഷയറ്റ ഒരു ജനതയുടെ വിശ്വാസം ആർജ്ജിക്കുകയായിരുന്നു. 1985 മധ്യ-ഇടതുപക്ഷ സഖ്യത്തിൽ കൃഷി മന്ത്രിയായി  സേവനമനുഷ്ഠിച്ച പരിചയവും സദാ പുലർത്തിയ തികഞ്ഞ ജനാധിപത്യമൂല്യങ്ങളും അദ്ദേഹത്തെ അതിൽ ഏറെ സഹായിച്ചു, 52 ശതമാനം വോട്ടുനേടിയാണ് യോസെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.  ജനത അർപ്പിച്ച വിശ്വാസം ഊട്ടിയുറപ്പിച്ച പെപ്പെയുടെ ആദ്യനടപടി പ്രസിഡന്റിന്റെ സകല ആഡംബരങ്ങളുള്ള  പ്രൗഢഗംഭീരമായ രാഷ്ട്രപതിഭവനെ കൈവിട്ട്, തീർത്തും ജനകീയനായി, ജനത്തിന് സദാ പ്രാപ്യനായി ആശ്രമസമാനമായ  തന്റെ എളിയ ഫാംഹൗസിൽ തുടർന്നും കഴിയുകയായിരുന്നു. തുടരുകയായിരുന്നു. ഔദ്വോഗിക കാലം കഴിഞ്ഞാലും പടിയിറങ്ങാൻ മടിക്കുന്നവരുടെയും  ഇറങ്ങിയാൽ തന്നെ ജനതയുടെ ചിലവിൽ  ആഢംബര ജീവിതം പിന്നെയും തുടരുന്ന കരിക്കട്ടകളുടെയും കാലത്ത്  കാലത്ത് യോസെ ഒരു പ്രകാശഗോപുരമാണ്, വരാനിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷ.   


സ്വകാര്യജീവിതവും ഔദ്വോഗികജീവിതവും  തുറന്ന പുസ്തമാക്കിയ പ്രസിഡന്റ്  തന്റെ കുടിലിന് പുറത്ത് ഉണങ്ങാൻ വേണ്ടി തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ ചർച്ചയായി,  സ്വയം  ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച മണ്ണിലെ പുഷ്പകൃഷിയും. പൊള്ളയായ ചുരയ്ക്ക മുറിച്ചുണ്ടാക്കുന്ന  ഒരു തരം കപ്പിൽ ഉറുഗ്വേയുടെ പരമ്പരാഗത പാനീയമായ മാതെയ് തയ്യാറാക്കി ക്ഷണിക്കപ്പെടാത്ത അതിഥികളെ അദ്ദേഹം സൽക്കരിച്ചത്  അവിടെയാണ്. സദാ സുരക്ഷയ്ക്കായി അദ്ദേഹം സ്വീകരിച്ചത് യൂണിഫോമില്ലാത്ത രണ്ടു പോലീസുകാരെയാണ്. അധികാരത്തിന്റെയും മർദ്ദനോപാധിയുടെയും ചിഹ്നങ്ങളെ പടിക്കുപുറത്താക്കി അധികാരത്തിന് ജനാധിപത്യത്തിന് ഉത്തരവാദിത്വം മനുഷ്യത്വവും എന്ന പുതിയൊരു വ്യാഖ്യാനം നല്കി യോസയുടെ ശൈലിയും ജീവിതവും. 


സ്വാഭാവികമാണെന്നു തോന്നി അദ്ദേഹത്തിന്റെ മരണവാർത്ത ഗാന്ധി റിസർച്ച് ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ കണ്ടത്, എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നതിന് ചുവടെയായി. അവിടെ നമുക്ക് വായിക്കാം - “മുസീക ഒരു സസ്യാഹാരിയാണ്, ഒരിക്കലും ടൈ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ എളിയ വസതിയിലേക്ക് നയിക്കുന്ന വഴി താറിട്ടതു കൂടി ആയിരുന്നില്ല.  അന്ത്യവേളയിലും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് ആകെ 1,800 ഡോളർ, പിന്നെ സ്വയം അദ്ദേഹം ഓടിച്ചിരുന്ന ഒരു പഴയ കാർ. ഭൂമിയും വീടും ട്രാക്ടറും സെനറ്ററായ ഭാര്യയുടേതായിരുന്നു. അദ്ദേഹം അതികർക്കശമായ ജീവിതശൈലിയാണ്  നയിച്ചത്, ദരിദ്രർക്കും ചെറുകിട സംരംഭകർക്കും പ്രയോജനം ചെയ്യുന്ന ചാരിറ്റികൾക്ക് തന്റെ 12,000 ഡോളർ പ്രതിമാസ ശമ്പളത്തിന്റെ 90 ശതമാനവും സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ വീടിന് കാവൽ നിൽക്കുന്ന യൂണിഫോമിലല്ലാത്ത രണ്ട് പോലീസുകാരാണ് അദ്ദേഹത്തിന്റെ സുരക്ഷ നിയന്ത്രിച്ചത്. ഒരു സാധാരണ പൗരനെപ്പോലെ അദ്ദേഹം ചുറ്റിനടന്നു.


ഒരിക്കൽ ജീവിതപങ്കാളിയോടൊപ്പം ഒരു യാത്രാവേളയിൽ  കടൽത്തീരത്തിനടുത്തുള്ള ഒരു സാധാരണ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന യോസെയെ  ഒരു ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞു. അയാൾ അതൊരു  ഫേസ്ബുക്ക് പോസ്റ്റ് ആക്കി. പോസ്റ്റ് വായിച്ചൊരാൾ  പ്രതികരിച്ചു, “ഒരു പ്രസിഡന്റും ഭാര്യയും ഒരു സാധാരണ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങൾ കാണുന്ന ഒരേയൊരു രാജ്യം നമ്മുടേതായിരിക്കും, അതും യാതൊരു സുരക്ഷാജീവനക്കാരുമില്ലാതെ!” ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം 14 വർഷം ജയിലിൽ കിടന്നു. 1985- ഒരു പുതിയ സർക്കാർ അധികാരമേറ്റ ശേഷമാണ് അദ്ദേഹം മോചിതനായത്.


ലളിതമായ ജീവിതം നയിച്ചതിനാൽ തന്നെ, തന്റെ ഭരണകാലത്ത് ലോകമെമ്പാടും ചർച്ചാവിഷയമായി അദ്ദേഹം മാറി. ഭൗതിക സ്വത്തുക്കളില്ലാത്തവനല്ല ദരിദ്രൻ, മറിച്ച് അത്യാഗ്രഹത്താൽ അതു കുന്നുകൂട്ടുന്നവനാണ്, പിന്നെയും പോരാപോരാ എന്നു തോന്നുന്നവനാണ്  ദരിദ്രൻ, അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടു.  സ്വയം ലളിതജീവിതം നയിക്കുക മാത്രമല്ല, ലോകത്തിലെ മറ്റുള്ളവരെ ലളിതമായ ജീവിതം നയിക്കാൻ പ്രേരിക്കുകയും അതിനായി അദ്ദേഹം വാദിക്കുകയും ചെയ്യ്തു.”


ഗതകാലജീവിതത്തെ പാടെ തള്ളിയ മാർക്സിസ്റ്റ് ജനാധിപത്യവാദി

"ഞങ്ങളുടെ സഖാവ് പെപ്പെ മുസീകയുടെ മരണം അഗാധമായ ദുഃഖത്തോടെയാണ് അറിയിക്കുന്നത്. അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും ജനങ്ങളോടുള്ള അങ്ങയുടെ ആഴമേറിയ സ്നേഹത്തിനും നന്ദി." പ്രസിഡന്റ് യമണ്ടു ഒർസി എക്‌സിൽ കുറിച്ചത് അങ്ങിനെയാണ്.


പ്രസിഡന്റ് എന്ന നിലയിൽ, പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസീക അത്യന്തം പുരോഗമന ലിബറൽ നിലപാടായിരുന്നു സ്വീകരിച്ചത്. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ ഗർഭഛിദ്രവും സ്വവർഗ വിവാഹവും അനുവദിക്കുന്ന ഒരു നിയമത്തിൽ അദ്ദേഹം ഒപ്പുവച്ചു, കൂടാതെ മരിജുവാന വിൽപ്പന നിയമവിധേയമാക്കാനുള്ള നിർദ്ദേശത്തെ പിന്തുണച്ചു. സ്വവർഗ വിവാഹവും ഗർഭഛിദ്ര നടപടികളും കത്തോലിക്കാ ലാറ്റിൻ അമേരിക്കയ്ക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്ന വിപ്ലവകരമായ മാറ്റമായിരുന്നു. കൂടാതെ മരിജുവാന നിയമവിധേയമാക്കിയത് അന്ന്  ലോകത്തെ അത്ഭുതപ്പെടുത്തി. രാസലഹരി പടരുന്ന വേളയിൽ കറുപ്പും കഞ്ചാവും നിരോധനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ലോകം ചിന്തിക്കുന്ന വേളയിലാണ് മുസീകയെപോലുള്ള നേതാവിന്റെ നിരോധനം ഒന്നിനും പരിഹാരമല്ല, വേണ്ടത് നിയന്ത്രണമാണെന്ന  ബോധത്തിനുമുന്നിൽ തലകുനിക്കേണ്ടിവരുന്നത്.  ബ്രസീൽ, ചിലി, മെക്സിക്കോ എന്നിവിടങ്ങളിലെ ഇടതുപക്ഷ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ മുജിക്കയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ മാതൃകയെ പ്രശംസിക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


ഏതാനും ചിലരെപ്പോലെ അദ്ദേഹം  ജനാധിപത്യത്തിനു വേണ്ടി നിലകൊണ്ടു. സാമൂഹിക നീതിക്കുവേണ്ടി, എല്ലാ അസമത്വങ്ങളുടെയും അന്ത്യത്തിനായും  വാദിക്കുന്നത് അദ്ദേഹം ജീവിതാവസാനം വരെയും തുടർന്നു.  അദ്ദേഹത്തിന്റെ മഹത്വം മറികടക്കുന്നത് ഉറുഗ്വേയുടെയും അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധിയുടെയും അതിരുകളെയാണ് ." ബ്രസീലിയൻ പ്രസിഡന്റിന്റെ വാക്കുകളാണ്. കേവലം കോഴിക്കോട് ജില്ലയുടേതിനെക്കാൾ പത്തുലക്ഷം ജനസംഖ്യ കുറവുള്ള ഒരു രാഷ്ട്രത്തിൻ്റെ പഴയ പ്രസിഡൻ്റിന് കിട്ടുന്ന ലോകാദരവാണ് ഇത്. ലോകത്തിലെ പ്രമുഖ പത്രങ്ങളിൽ ഒക്കെയും  പെപ്പെയുടെ വിയോഗം പോപ്പിൻ്റെ വിയോഗം പോലെ തന്നെ വാർത്തയായി. പുരോഗമനലിബറൽ നയങ്ങളിൽ പോപ്പിന് മുന്നേ നടന്നിരുന്നു പെപ്പെ എന്നു ചരിത്രമാണ്. കാലഘട്ടത്തിൻ്റെ അനിവാര്യതകൾ പോപ്പിലും  പെപ്പെയിലും പ്രതിഫലിക്കുമ്പോഴാണ് ലോകം അവരെ നെഞ്ചേറ്റുന്നത്. പലരുടെയും ഓർമ്മകൾ സർക്കാർവിലാസം സാദരവെടിയുടെ നാദം നിലയ്ക്കുമ്പോഴേക്കും കുടുംബക്കാരിലേക്കും ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയവരിലേക്കും മാത്രമായി ചുരുങ്ങിപ്പോവുന്നതും അതുകൊണ്ടാവണം. 


സദാ തന്റെ പഴയ ബീറ്റിലിൽ സ്വയം ഓടിച്ചുപോവുന്നതും ഓഫീസ് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന എതെങ്കിലും സാധാരണ റെസ്റ്റോറന്റുകളിൽ നിന്നും  ഭക്ഷണം കഴിക്കുന്നതും ഒരു സാധാരണകാഴ്ചയായി. ഗറില്ലാക്കാലത്തേ തന്റെ പങ്കാളിയായിരുന്ന,  മുൻ സെനറ്ററുമായ ലൂസിയ ടോപോളാൻസ്കിയുമായി മുസീക പങ്കിടുന്ന തകര മേൽക്കൂരയുള്ള വീട്ടിൽ റോയിട്ടേഴ്‌സിന് 2024 മെയ് മാസത്തിൽ നൽകിയ അഭിമുഖത്തിൽ, ഏറെ വാചാലനായത് തന്റെ പഴയ ബീറ്റിൽ കാറിന്റെ വിസ്മയകരമായ കണ്ടീഷനെ പറ്റിയായിരുന്നു, പിന്നെ അതിനെക്കാൾ തനിക്ക് ഇഷ്ടമേറിയ ട്രാക്ടറിനെ പറ്റിയും.  


കീഴ്വഴക്കങ്ങളെ സദാ ലംഘിക്കുന്ന പെപ്പെയുടെ ശൈലികൾക്കെതിരെ ഉയർന്ന വിമർശങ്ങളെയും അദ്ദേഹത്തിന്റെ സഹിഷ്ണുതാബോധം നിർവീര്യമാക്കി.  ചിലപ്പോഴൊക്കെയും തുറന്നടിച്ച, മയമില്ലാത്ത  പ്രസ്താവനകൾ എതിരാളികളുടെയും രാഷ്ട്രീയ സഖ്യകക്ഷികളുടെയും സമ്മർദ്ദത്തിന് വഴങ്ങി സ്വയം വിശദീകരിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുകയും ചെയ്തു. പക്ഷേ അതൊക്കെയും ജനാധാധിപത്യബോധത്തോടെ അദ്ദേഹം നേരിട്ടു. ഇതൊന്നുമല്ല അദ്ദേഹത്തിന്റെ ലളിതമായ ശൈലിയും ജനാധിപത്യബോധവും പുരോഗമന ചിന്തകളുമാണ് അദ്ദേഹത്തെ ഉറുഗ്വേയ്ക്കും ബാക്കിലോകത്തിനും  പ്രിയങ്കരനാക്കിയത്.


"ലോകം വൃദ്ധരാണ് ഭരിക്കുന്നത് എന്നതാണ് പ്രശ്നം, ചെറുപ്പത്തിൽ അവർ എങ്ങനെയായിരുന്നു എന്നത്  മറക്കുന്നു",  2024 ലെ അഭിമുഖത്തിൽ പെപ്പ പറഞ്ഞു. ആക്ടിവിസ്റ്റുകളായി നിറഞ്ഞാടിയവർ പോലും ഭരണത്തിലേറുമ്പോൾ ആർദ്രതയെ കൈവിട്ടു അധികാരത്തെ പുൽകുന്ന കാലത്തെ പ്രതീക്ഷയാണ് ലോകത്തിന് പെപ്പെ.  വാചകത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട് നേതാവ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറയാൻ ഗാന്ധിയെ സ്വജീവിതം പ്രാപ്തനാക്കിയതുപോലെ. 


2010-15 കാലത്തേക്ക്  പ്രസിഡന്റാവുമ്പോൾ അദ്ദേഹത്തിന്  പ്രായം 74. 1960-70 കളിൽ ടുപമാരോസ് വിമത ഗ്രൂപ്പിന്റെ നേതാവെന്ന ഭൂതകാലവും വർത്തമാനത്തിന്റെ വാർദ്ധക്യവും നിഴൽപരത്തിയ  തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചത്  52% വോട്ടോടെയാണ് എന്നത്  ഒരു ജനതയ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ മകുടോദാഹരണമാണ്. ടുപമാരോസ് കാലം മുതൽ യോസെ മുജീകയുടെ ദീർഘകാല പങ്കാളിയായിരുന്നു ലുസിയ ടോപോളാൻസ്കി. 2005 അവർ വിവാഹിതരായി, 2017-2020 വരെ ലുസിയ ഉറുഗ്വേയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പദവി ഒഴിഞ്ഞതിനു ശേഷവും അവർ രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു, ലാറ്റിനമേരിക്കൻ പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ പതിവായി പങ്കെടുക്കുകയും 2025 മാർച്ചിൽ അധികാരമേറ്റ ഓർസി ഉൾപ്പെടെയുള്ള ഉറുഗ്വേയിലെ സ്ഥാനാർത്ഥികൾക്ക് അവർ നിർണായക പിന്തുണ നൽകുകയും ചെയ്തു. 


അതിമനോഹരമായ ബഹുശാഖാ അലങ്കാരദീപങ്ങളും  ലിഫ്റ്റുകളും മാർബിൾ പടിക്കെട്ടും  ലൂയി പതിനാലാമൻ ഫർണിച്ചറുകറുകളും അലങ്കരിച്ച ഉറുഗ്വേയിലെ മൂന്ന് നിലകളുള്ള പ്രസിഡൻഷ്യൽ വസതി നേതാവിനെ പ്രലോഭിപ്പിച്ചില്ല. “ഇത് അസംബന്ധമാണ്, അവർ ഇതിനെ ഒരു ഹൈസ്കൂളാക്കണം.” എന്നാണ് ഒരുവർഷം മുൻപ് ന്യൂയോർക്ക് ടൈംസിന്റെ ജാക് നികാസിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. നമുക്ക് നമ്മുടെ തലസ്ഥാനത്തെ കുറിച്ച് ആലോചിക്കാം, കേരളത്തിൽ നിന്നും പഠിക്കാൻ പോയ ഡൽഹി സർവ്വകലാശാലാ വിദ്യാർത്ഥികളോട് ചോദിച്ചാൽ ഹോസ്റ്റൽ സൌകര്യങ്ങൾ പോലുമില്ലാത്തെ അന്തിയുറങ്ങേണ്ടിവന്ന അളിഞ്ഞയിടങ്ങളെ പറ്റി,  ഏക്കറുകണക്കായി ഒഴിച്ചിട്ട പൊതുവിടങ്ങളെ പറ്റിയും അവിടെ സ്വസ്ഥമായി ഉറങ്ങുന്ന പഴയ  പാദുഷമാരെ പറ്റിയും  ചരിത്രപുരുഷന്മാർ പങ്കിട്ടെടുത്ത ബാക്കി മണ്ണിനെ പറ്റിയും തലചായ്ക്കാൻ ഇടമില്ലാത്ത മണ്ണിന്റെ മക്കളെ പറ്റിയും അവർ പറഞ്ഞുതരും. 


കഠിനാധ്വാനം  ജീവിതശൈലിയാക്കിയ, എളിമയുള്ള പെരുമാറ്റത്തിന്റെയും, വിട്ടുവീഴ്ചയില്ലാത്ത പുരോഗമന ലിബറൽ രാഷ്ട്രീയത്തിന്റെയും  പ്രതീകമാണ്  ലോകമെമ്പാടും പെപ്പെ. അന്നനാള കാൻസറിനുള്ള തുടർചികിത്സകളൊക്കെയും നിർത്താൻ തീരുമാനിച്ച്, വീട്ടിലേക്ക് ഒതുങ്ങി ഏതാനും മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം. രോഗമൊന്നും അദ്ദേഹത്തിന്റെ ബുദ്ധിയെയോ ബോധത്തെയോ പ്രതികരണങ്ങളെയോ ബാധിച്ചില്ലെന്നുവേണം കരുതാൻ.  ചികിത്സയെ പറ്റി ജാക് നികാസിനോട് അദ്ദേഹം സംസാരിച്ചത് നിലവിൽ കാൻസർ ചികിത്സയുടെ അവസ്ഥ വെളിപ്പെടുത്തുന്ന നർമ്മം തുളുമ്പുന്ന വാക്കുകളിലാണ് - അവർ എനിക്ക് റേഡിയേഷൻ ചികിത്സയാണ്  നൽകിയത്. ചികിത്സ  ഉഷാറായി കഴിഞ്ഞു എന്നാണ് ഡോക്ടർമാർ പറഞ്ഞത്,  പക്ഷേ ഞാൻ തളർന്നും കഴിഞ്ഞു.


ദരിദ്രബാല്യം അഴിയെണ്ണിയ യൗവ്വനം

ജനന സർട്ടിഫിക്കറ്റിൽ 1935 ജനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിനൊരു വർഷം മുമ്പാണ് ജനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏറിയാൽ പത്തുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചശേഷം, പൂക്കൃഷിയിലും  കോഴി-പശു വളർത്തലിലും അമ്മയെ സഹായിച്ച തന്റെ ബാല്യത്തെ "അന്തസ്സുറ്റ ദാരിദ്ര്യം" എന്നാണ് യോസെ ഒരിക്കൽ വിശേഷിപ്പിച്ചത്. ഉറുഗ്വേയുടെ ഇടതുപക്ഷം ദുർബലവും ശിഥിലവുമായിരുന്ന  കാലത്ത്, മധ്യ-വലതു ദേശീയ പാർട്ടിയുടെ ഒരു പുരോഗമന വിഭാഗത്തിലൂടെയാണ്  തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം ആരംഭിച്ചതെങ്കിലും 1960 കളുടെ അവസാനത്തിൽ ഉറുഗ്വേ രാഷ്ട്രീയം കലങ്ങിമറിഞ്ഞു സംഘർഷഭരിതമായി.    കൊള്ളകളും രാഷ്ട്രീയ തട്ടിക്കൊണ്ടുപോകലുകളും ബോംബാക്രമണങ്ങളും നിത്യസംഭവങ്ങളായി, അതിലൂടെ  ഉറുഗ്വേയുടെ യാഥാസ്ഥിതിക സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിച്ച മാർക്സിസ്റ്റ് ടുപമാരോസ് ഗറില്ലാ പ്രസ്ഥാനത്തിന്റെ ഭാഗമായി പിന്നീട് അദ്ദേഹം. 


പോലീസുമായും സൈനികരുമായും നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താൻ ഒരിക്കലും ആരെയും കൊന്നിട്ടില്ലെന്നു പറഞ്ഞിരുന്നു തീർത്തും നിർഭയനും സത്യസന്ധനുമായ മനുഷ്യൻ.  ഒരു സംഘർഷത്തിൽ ആറ് തവണയായിരുന്നു അദ്ദേഹത്തിന്  വെടിയേറ്റത്. 1973- സൈന്യം അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോഴേക്കും ഉറുഗ്വേയിലെ സുരക്ഷാ സേന ടുപമാരോകളുടെ മേൽ ആധിപത്യം നേടിയിരുന്നു. പന്ത്രണ്ടുവർഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏകദേശം ഇരുനൂറു പേരെയാണ് സൈന്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ആയിരക്കണക്കിന് പേരെയാണ് ജയിലിലടച്ചു പീഡിപ്പിച്ചത്.


ഏകദേശം പതിനഞ്ച് വർഷം യോസെ ജയിലുകളിൽ കഴിഞ്ഞു, പലപ്പോഴും  ഏകാന്തതടവിൽ, ഒരു പഴയ കുതിരപ്പന്തിയുടെ ചുവട്ടിൽ, കൂട്ടിന്  ഉറുമ്പുകൾ മാത്രമായി കഴിച്ചുകൂട്ടി.  രണ്ടുതവണ ജയിൽ ചാടുന്നതിൽ വിജയിച്ച അദ്ദേഹം ഒരിക്കൽ അടുത്തുള്ള ഒരു വീട്ടിലേക്ക് തുരങ്കം തുരന്നാണ് കടന്നത്. വയസ്സ് തൊണ്ണൂറിനടുത്തെത്തിയപ്പോൾ എകാന്തതടവുകാലത്തെ പറ്റി തന്നോടുതന്നെ നടത്തുന്ന ആത്മഭാഷണമായിരുന്നു തന്റെ എറ്റവും വലിയ  "ദുഷ്പ്രവൃത്തി", എന്നദ്ദേഹം  ഒരഭിമുഖത്തിൽ ഓർത്തെടുത്തു.


1985- ഏകദേശം 30 ലക്ഷം ജനങ്ങളുള്ള കാർഷിക രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ, മോചിതനായ മുസീക രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങി, ഇടതുപക്ഷത്തിന്റെ മുഖമായി, രാഷ്ട്രീയ സമവായത്തിന്റെ സന്ദേശവാഹകനുമായി. അദ്ദേഹത്തിന്റെ മുൻഗാമിയായ പ്രസിഡന്റ് തബാരെ വാസ്ക്വസിന്റെ മധ്യ-ഇടതുപക്ഷ സഖ്യത്തിൽ അദ്ദേഹം കൃഷി മന്ത്രിയായി സേവനമനുഷ്ഠിച്ചു. എന്നും മുസീകയുടെ സപ്പോർട്ട്ബെയ്സ് ഇടതുപക്ഷമായിരുന്നെങ്കിലും ഒരു പക്ഷം കൊണ്ട് ഒരു പക്ഷിയും പറന്നിട്ടില്ലെന്ന രാഷ്ട്രീയബോധ്യമാണ് അദ്ദേഹത്തെ നയിച്ചതും തികഞ്ഞ ജനാധിപത്യവാദി ആക്കിയതും സദാ മധ്യ-വലതു വിഭാഗങ്ങളുമായി സംവാദങ്ങളുടെയും സംഭാഷണത്തിന്റെയും ശൈലി സ്വീകരിക്കാൻ പ്രാപ്തനാക്കിയതും. അവരൊക്കെയും അദ്ദേഹത്തിന്റെ ചെറിയവീട്ടിലെ സൗഹൃദവിരുന്നുകളിൽ സ്ഥിരാംഗങ്ങളായി.  മിത്രങ്ങളാക്കുന്നതോടെ ഞാൻ ശത്രുക്കളെ ഇല്ലായ്മ ചെയ്യുകയല്ലേ ചെയ്യുന്നതെന്ന  പ്രശസ്തമായ അബ്രഹാം ലിങ്കൻ വചനം അദ്ദേഹം അങ്ങിനെ ജീവിതത്തിൽ പകർത്തി.  കൊടിയുടെയും വടിയുടെയും പേരിൽ തല്ലിച്ചാവുന്ന സമകാലിക ലോകത്ത് പെപ്പെ ഒരു പാഠപുസ്തമാവട്ടെ.


"എല്ലാ കാര്യങ്ങളിലും നമുക്ക് യോജിക്കുന്നതായി നടിക്കാൻ കഴിയില്ല. നമുക്ക് ഇഷ്ടം തോന്നുന്നതിനോടല്ല,  വേണ്ടതിനുവേണ്ടിയാണ് നമ്മൾ യോജിക്കേണ്ടത്," അദ്ദേഹം ഒരിക്കൽ പറഞ്ഞു. നിരോധനമല്ല പരിഹാരം ഫലപ്രദമായ നിയന്ത്രണമാണെന്ന തിരിച്ചറിവിലാണ് മരിജുവാന ഉപയോഗം കുറ്റവിമുക്തമായതും ഭീകരമായ ലഹരി ഉപഭോഗത്തിലേക്ക് ഉറുഗ്വേ വഴിതെറ്റാതിരുന്നതും. "ഞാൻ മയക്കുമരുന്ന് ഉപയോഗത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ ഒരു നിരോധനത്തെ എനിക്ക് ന്യായീകരിക്കുവാൻ കഴിയില്ല, കാരണം  നമ്മുടെ മുന്നിൽ  രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് മയക്കുമരുന്ന് ആസക്തി, അത് ഒരു രോഗമാണ്. രണ്ടാമത് മയക്കുമരുന്ന് കടത്ത്, അത് അങ്ങേയറ്റം നീചമായതും." അദ്ദേഹം പറഞ്ഞു.


ചാവുന്നതുവരെയും അധികാരത്തിൽ തുടരുന്നവരുടെ, അതിനായി ആഗ്രഹിക്കുന്നവരുടെ നവയുഗത്തിൽ അദ്ദേഹത്തിന്റെ വിരമിക്കലിനും ഒരു ദൃഢനിശ്ചയത്തിന്റെ സൗന്ദര്യമുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ഒരു വഴിവിളക്കായി അവിശ്രമ-വിശ്രമ-ജീവിതം. ജീവിതം മനോഹരമാണ്, പക്ഷേ അതു വാടാൻ ഉള്ളതാണ്, നിങ്ങൾ കൊഴിഞ്ഞുവീഴേണ്ടവരുമാണ് എന്നാണ് അദ്ദേഹം തന്റെ കാൻസർ രോഗനിർണയത്തെത്തുടർന്ന്  യുവതലമുറയെ ഓർമ്മിപ്പിച്ചത്. ഒരോ തവണ വീഴുമ്പോഴും വീണ്ടും തുടങ്ങുക എന്നതാണ് ലക്ഷ്യമെങ്കിൽ രോഷത്തെ പ്രതീക്ഷയാക്കി മാറ്റുവാനുമാണ് യുവതയോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. വാക്കു വടക്കോട്ടും പ്രവൃത്തി തെക്കോട്ടുമെടുക്കുന്ന സമകാലികലോകത്ത് മുസീകക്ക് ലഭിച്ച, ഉറുഗ്വേയെ കണ്ണീരണിയിച്ച അസാധാരണമായ അന്ത്യയാത്ര അങ്ങിനെയാവാത്ത ഒരാൾക്കുള്ള സമൂഹത്തിന്റെ ആദരവാണ്. മറ്റുള്ളവർക്ക് അങ്ങിനായാവാനുള്ള പ്രലോഭനവും പ്രചോദനവും കൂടിയാണ്. 


മധുസൂദൻ വി


Reference

https://www.reuters.com/world/americas/uruguays-former-president-mujica-dead-89-2025-05-13/

https://www.nytimes.com/2025/05/14/world/americas/pepe-mujica-uruguay.html

https://www.nytimes.com/2024/08/23/world/americas/pepe-mujica-uruguay-president.html

https://www.mkgandhi.org/articles/jose-mujica-humblest-president-in-the-world.php

https://www.rfi.fr/en/international-news/20250514-uruguay-bids-farewell-to-popular-ex-leader-pepe-mujica

https://www.firstpost.com/explainers/jose-mujica-death-worlds-poorest-president-legacy-explained-13888404.html