Friday, June 12, 2020

സൌഹൃദങ്ങളെ തൊട്ടറിഞ്ഞ സോഷ്യലിസ്റ്റ്


രാമന്റെ ദു:ഖത്തിലാണ് കഥയില്ലാത്തവർ കലിതുള്ളാനിരിക്കുന്ന കാലത്തെ  എം.പി വീരേന്ദ്രകുമാർ ഓർമ്മിപ്പിക്കുന്നത്.  അദ്ദേഹം കടന്നുപോയി,  കഥയും കലിയും കാലനും കാലവും തുടരുന്നു. രാമന്റെ ദു:ഖം അടയാളപ്പെടുത്തുന്നത് അയോധ്യയിലെ പള്ളിപൊളി മാത്രമല്ല, അരനൂറ്റാണ്ടായിട്ടും കൌമാരാവസ്ഥയിലുള്ള ഇന്ത്യൻ ജനാധിപത്യത്തെ കൂടിയാണ്. ബഹുസ്വതരതയുടെയും ദർശനസമന്വയങ്ങളുടെയും  വിളനിലത്ത്, ബ്രഹ്മചര്യം തപസ്സിനെ അളന്ന കാലത്ത് കാമകലകളിൽ ഗവേഷണം നടത്തിയ വാത്സ്യായനും ബലിമൃഗം സ്വർഗത്തിൽ പോവുമെങ്കിൽ മടിയാതെ മാതാപിതാക്കളെ തട്ടി അവർക്ക് സ്വർഗം ഉറപ്പാക്കരുതോ എന്നു ചോദിച്ച ചർവ്വാകനും മഹർഷി പദവി ഉറപ്പായിരുന്ന മണ്ണിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആരാധനാലയം തകർന്നുവീണത്. ജനാധിപത്യത്തിൽ നിയമവാഴ്ചയല്ലാതെ മനുഷ്യവാഴ്ച അനുവദനീയമല്ല എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.  അകാരണമായി വീര്യം പ്രദർശിപ്പിക്കാത്ത രാമനെയും സന്ന്യാസത്തെ ജ്ഞാനവൈരാഗ്യലക്ഷണമെന്നു നിർവ്വചിച്ച ആദിശങ്കരനെയുമാണ് യഥാക്രമം കർസേവകർക്കും അവരെ നയിച്ച സന്ന്യാസികൾക്കുമെതിരെ അദ്ദേഹം പ്രയോഗിക്കുന്നത്.  വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളല്ല നമുക്കു വേണ്ടത് എന്നദ്ദേഹം പറയുന്നത് സ്വയം അധ:പതിച്ച ഒരുവനല്ലാതെ മറ്റൊരുവനെ വെറുക്കാനാവില്ല എന്ന വിവേകാനന്ദസൂക്തത്തെ മുൻനിർത്തിയാണ്. എഴുത്തിലെ സൂക്ഷ്മതയും കൃത്യമായ വാക്കുകളുടെ പ്രവാഹവും ഇതിഹാസങ്ങളിലുള്ള അറിവും കാലികമായ സ്വയം നവീകരണവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.

ജനാധിപത്യത്തിന്റെ നന്മകളേറെയൊന്നും വളർന്നില്ല, തിന്മകളാവട്ടെ പനപോല വളരുകയും ചെയ്തു. ജനാധിപത്യക്രമത്തിൽ എളുപ്പവഴിയിൽ ക്രിയചെയ്താൽ ലഭിക്കുന്ന സ്വേച്ഛാധികാരത്തിന്റെ  അടവുനയ രാഷ്ട്രീയം പയറ്റുന്നവരുടെ ലോകത്ത് അദ്ദേഹം വ്യത്യസ്തനായത് അറിവു കൊണ്ടാണ്, അത് അവതരിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ്, അതിനുള്ള ശേഷി കൊണ്ടാണ്, അതിനുള്ള വിഭവങ്ങളത്രയും സ്വന്തമായി ഉണ്ടായിരുന്നതു കൊണ്ടുമാണ്.  പലർക്കും ലഭ്യമല്ലാതിരുന്ന വിഭവങ്ങളത്രയും  ചേരുംപടി ചേർന്നതിനു മീതെ പരന്ന വായനയും എഴുത്തും നിരന്തരം പ്രതിഭകളുമായുള്ള സംവാദങ്ങളും  രൂപപ്പെടുത്തിയ  മറ്റൊരു രാഷ്ട്രീയ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല.  

Friday, May 22, 2020

ശൂന്യഭാവിയിലേക്കുള്ള വീഴ്ചകൾ


രണ്ടാം ലോകമഹായുദ്ധത്തിൽ പസഫിക് മേഖലകളിൽ വർഷിച്ച മൊത്തം ബോംബുകളേക്കാൾ കൂടുതൽ അമേരിക്ക വർഷിച്ചത് വടക്കൻ കൊറിയയിലായിരുന്നു. കൊറിയ വടക്കും തെക്കുമായത് അതിനു ശേഷമല്ലേയെന്ന വാദമുണ്ടാവാം. ഭൂമിശാസ്ത്രപരമായി എടുക്കുകയാവും നല്ലത്. ഒന്നൊഴിയാതെ മുഴുവൻ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിർമ്മിതികളത്രയും കല്ലിൻമേൽ കല്ല വശേഷിക്കാതെ അമേരിക്ക ബോബ് വർഷിച്ച് തകർത്തു. വിളകളത്രയും വെള്ളപ്പൊക്കം കൊണ്ടു പോകുവാനായി ഡാമുകളത്രയും ബോംബിട്ടു തകർത്തു.ഭാവനയിൽ കൂടി കാണുക സാധ്യമല്ലാത്തത്രയും  നാശനഷ്ടങ്ങളുടെ വ്യാപ്തിയും ജീവഹാനിയും രാജ്യം നേരിട്ടു.  അംഗഭംഗം വന്നു മൃതപ്രായരായവർ ദുരിതക്കാഴ്ചയായി. ജാപ്പ് സാമ്രാജ്യത്വം സാംസ്കാരികമായി നശിപ്പിക്കാൻ പരമാവധി ശ്രമിച്ച് സ്വന്തം രാജ്യത്ത് അതിന്റെ പൗരൻമാരെ രണ്ടാം കിടക്കാരാക്കിയ ഭൂതകാല ദുരന്തത്തിനു മീതെയാണ് അമേരിക്കൻ ബോംബുകൾ തീമഴയായി പെയ്തത്.

അങ്ങിനെ എല്ലാ അർത്ഥത്തിലും  തകർന്നു തരിപ്പണമായ ഒരു ജനതയുടെ പ്രതീക്ഷയായാണ് കിം അധികാരത്തിലേറുന്നത്. ശേഷം കിം കുടുംബവാഴ്ച എന്ന ദുരന്തം.  തന്റെ സാമ്രാജ്യത്വ മോഹം ബോധത്തെ മറികടന്നപ്പോൾ കൊറിയൻ ഏകീകരണത്തിനായി സോവിയറ്റ് ടാങ്കുകളുമായി 1950 തെക്കൻ കൊറിയയിലേക്കു കിം സൈന്യം പാഞ്ഞുകയറി. തെക്കരാവട്ടെ അമേരിക്കൻ പിന്തുണ തേടി. അമേരിക്ക യു എൻ ബാനറിൽ കിട്ടിയ അവസരം മുതലാക്കി. കിമ്മിന്റെ സൈന്യത്തെ ആക്രമിച്ച് ചൈനീസ് അതിർത്തി വരെ തുരത്തിയപ്പോൾ അപകടം മണത്ത ചൈന കിമ്മിനൊപ്പം ചേർന്നതോടെ സമവാക്യങ്ങൾ മാറ്റിയെഴുതപ്പെട്ടു. കിമ്മിനു മാനം പോയില്ലെങ്കിലും 1953 യുദ്ധം അവസാനിക്കുമ്പോഴേക്ക് 30 ലക്ഷം ജീവൻ പൊലിഞ്ഞു.

അങ്ങിനെ ജപ്പാനും അമേരിക്കയും റഷ്യയും കിം കുടുംബവും അവരുടെ സ്വകാര്യ സ്വത്തായ ഒരു പാർട്ടിയും ചേർന്ന് നശിപ്പിച്ചതും നശിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ദരിദ്ര ജനതയുടെ ദാരുണ ചിത്രമാണ് യോൻമി പാർക്കിന്റെ ഇൻ ഓർഡർ റ്റു ലിവ്. ജീവിക്കാൻ വേണ്ടി രാജ്യത്തു നിന്നും ഓടി രക്ഷപ്പെട്ട, ശ്രമത്തിനിടെ ചൈനീസ് ഇടനിലക്കാരാൽ ബലാൽസംഗം ചെയ്യപ്പെട്ട ഒരു പതിമൂന്നുകാരിയുടെ,മകളെ രക്ഷിച്ചെടുക്കാൻ റേപ്പിസ്റ്റുകൾക്ക് തന്നെത്താൻ സമർപ്പിച്ച ഒരമ്മയെ ഒക്കെ കാണുമ്പോഴാണ് സോഷ്യലിസം, ജനാധിപത്യം എന്നതൊക്കെയും ഏകാധിപതികളുടെ കൈകളിലെത്തിയാൽ ഒരു രാജ്യത്തിന്റെ അവസ്ഥ, അവരുടെ പെൺമക്കളുടെ ജീവിതം ഒക്കെ എങ്ങിനെയാണെന്നറിയുക. അരനൂറ്റാണ്ടോളം ഒരു രാജ്യത്തെ തന്റെ ഉരുക്കുമുഷ്ടിയാൽ ഭരിച്ചുമുടിച്ച കിം ഇൽ സുങ് 1994 എൺപത്തി രണ്ടാം വയസ്സിൽ മരിക്കുബോൾ യോൻമി പാർക്കിന് വയസ്സ് 9. അതിനകം സ്വയം ഒരുകൾട്ട് ഫിഗറാക്കി ഭരിക്കാനായി ജനിച്ച വിമോചനത്തിന്റെ പ്രവാചക പരിവേഷം ഏതൊരു സ്വേച്ഛാധിപതിയെയും പോലെ അയാളും എടുത്തണിഞ്ഞു. അതിനേറ്റവും എളുപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളായിരുന്നു. അവിടെ കുട്ടികൾ കിം സൂക്തങ്ങൾ കാണാപാഠം പഠിച്ചു. വളരെ കഴിവുള്ളവളും സംസ്കാര സമ്പന്നയുമായ തന്റെ അമ്മയടക്കം ജനതയെ വടക്കൻ കൊറിയ പ്രപഞ്ചത്തിന്റെ കേന്ദമാണെന്നും കിം അമാനുഷ സിദ്ധികളുള്ള ആളാണെന്നും ചിരഞ്ജീവിയാണെന്നും ഒക്കെ വിശ്വസിപ്പിച്ചിക്കുവാൻ ഭരണകൂടത്തിനു കഴിഞ്ഞിരുന്നു എന്ന് അവൾ കുറിച്ചിടുന്നു. രാഷ്ട്രം എന്നാൽ കിം രാജ്യസ്നേഹം എന്നാൽ കിമ്മിനോടുള്ള സ്നേഹം എന്ന ഒരു സമവാക്യത്തിലേക്ക് താമസിയാതെ രാജ്യത്തെ പറിച്ചുനട്ടു. 

അമേരിക്ക അതിനകം നശിപ്പിച്ച രാജ്യത്തെ പിന്നീട് വെടക്കാക്കി തനിക്കാക്കുക ഒരു ഏകാധിപതിയെ സംബന്ധിച്ചിടത്തോളം എളുപ്പമായിരുന്നു. അമേരിക്കൻ ബാസ്റ്റാർഡ്സിൽ നിന്നും വിപ്ലവ സർക്കാരിനെ രക്ഷിക്കാൻ എന്ന ന്യായത്തിൽ  രഹസ്യപ്പോലീസ് ഭീകരത അഴിച്ചുവിട്ട് വാണു. ആരെയും എപ്പോഴും അറസ്റ്റു ചെയ്യാം. പിന്നീടുള്ള പീഡനങ്ങളെ അതിജീവിച്ച് ഒരു തിരിച്ചുവരവുണ്ടെങ്കിൽ അതു ശൂന്യമായൊരു ഭാവിയിലേക്കുള്ള വീഴ് മാത്രമാവാം. ഒരിടത്ത് അമ്മ മകളോടു പറയുന്നത് നമ്മൾ മാത്രമേ ഉള്ളൂ എന്നു തോന്നിയാലും ശരി, ചുറ്റുലുമുള്ള പക്ഷികളെയും മൃഗങ്ങളെയും ഭയക്കണമെന്നാണ്,പറയുന്നത് അവ കൂടി കേൾക്കരുത്.  സകമാലിക മലയാളം ഈയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ - ശൂന്യഭാവിയിലേക്കുള്ള വീഴ്ചകൾ.