വിക്ടോറിയൻ ബ്രിട്ടനിലെ സാമൂഹിക ജനാധിപത്യത്തിൻ്റ വികാസ-പരിണാമത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സംഭവബഹുലമായ ഒരു ഹ്രസ്വജീവിതമായിരുന്നു എലീനോറിൻ്റേത്, എലീനോർ മാർക്സ്, ജെന്നിയുടെയും മാർക്സിൻ്റെ മകൾ. ആശുപത്രിക്കാശ് ഇല്ലാത്തതുകൊണ്ടാവാം, 41കാരിയായിരുന്ന ജെന്നിയുടെ ആറാമത്തെ പ്രസവവും ഇംഗ്ലണ്ടിൽ സോഹോയിലെ 28 ഡീൻ സ്ട്രീറ്റിലെ ചെറിയ വീട്ടിൽ വച്ചായിരുന്നു, വേദനാസംഹാരിയായി ചുണ്ടിൽ ലാദ്നം എന്ന ഓപ്പിയം ടിങ്ചർ. ആകർഷക വ്യക്തിത്വം, അസാധാരണമായ അറിവും ഉല്ക്കടമായ അഭിനിവേശവും സ്വാതന്ത്ര്യ ബോധവും കൈമുതലായിരുന്ന എലീനോർ (16 ജനുവരി 1855 - 31 മാർച്ച് 1898) ഇളയ മകളാണ്. ഫെമിനിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും പ്രമേയങ്ങളെ ബന്ധിപ്പിച്ചവരിൽ മുൻനിരയിൽ എലീനോറുണ്ട്, തൊഴിലാളികളുടെ പോരാട്ടങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കും ബാലവേല ഉന്മൂലനം ചെയ്യുന്നതിനുമുള്ള പോരാട്ടങ്ങളിലും നിരന്തര പങ്കാളിയായി.
ഫെമിനിസത്തിൻ്റെ മാതാവായി കരുതപ്പെടുന്ന മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഇംഗ്ലീഷ് രാഷ്ട്രീയ ചിന്തയിലും പ്രവർത്തനത്തിലും പകർന്ന ഊർജ്ജത്തെ മുന്നോട്ടെടുത്ത മഹാപ്രതിഭയായിരുന്നു എലീനോർ. മാർക്സ് എന്നൊരു പ്രതിഭാധനനായ പിതാവിൻ്റെ നിഴലിനെ ഭേദിച്ചു പുറത്തുകടക്കുക തന്നെ ദുഷ്കരമായിരുന്ന കാലം ഷെയ്ക്സ്പിയറിൻ്റെയും ഇബ്സൻ്റെയും ഷെല്ലിയുടെയും മറ്റും ആരാധികയായി സാമൂഹികശാസ്ത്രത്തിലും സാഹിത്യത്തിലും കലയിലും ഒരുപോലെ തിളങ്ങിയ കഴിവുകളുടെ വിളനിലമായി എലീനോർ. ഇബ്സനെയും മാർക്സിനെയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു എലീനോർ. നിരവധി കൃതികളുടെ രചനയും അവർ നിർവ്വഹിച്ചു. പിന്നീട് തൻ്റെ ആത്മഹത്യയ്ക്ക് കാരണവുമായ എഡ്വേർഡ് അവെലിങ്ങുമായി 1883ലാണ് എലീനോർ കണ്ടുമുട്ടുന്നത്. അറിവിൻ്റെ പാരാവാരമായിരുന്ന അവെലിങ്ങ് നെറികേടിൻ്റെ ഒരു പർവ്വതം തന്നെ തന്നെ ആയിരുന്നതായി ബർണാഡ് ഷാ അടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രണയത്തിന് കണ്ണില്ലെന്നത് സത്യമാവണം, പ്രതിഭകളെ അതു മരണത്തിലേക്ക് വഴിനടത്തിയിട്ടുണ്ട്.
അവെലിങ്ങുമായി ചേർന്ന് നിരവധി പഠനങ്ങൾ സ്ത്രീലോകത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും മാർക്സിയൻ വീക്ഷണങ്ങളെ കുറിച്ചും ഷെല്ലിയുടെ ലോകത്തെ കുറിച്ചും സ്വതന്ത്ര പ്രണയത്തെ കുറിച്ചുമായി എലീനോർ നടത്തിയിട്ടുണ്ട്. എലീനോറിൻ്റെ ആഴത്തിലുള്ള ചിന്തകളാണ് അതിനെയൊക്കെയും കാലിക പ്രസക്തിയുള്ളതാക്കുന്നത്. എല്ലാ അർത്ഥത്തിലും വിപ്ലവകാരിയായിരുന്ന, വിമോചന പോരാട്ടങ്ങളുടെ വൈമാനികയായിരുന്ന എലീനോർ, പക്ഷേ ചരിത്രത്തിൽ വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ട ഫെമിനിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായി മാറി.
1898 ഏപ്രിൽ 5 ചൊവ്വാഴ്ച, വാട്ടർലൂവിലെ നെക്രോപോളിസ് സ്റ്റേഷനിൽ ഒരു വലിയ ജനക്കൂട്ടം ഇരമ്പി, മൂന്ന് വർഷം മുമ്പ് എംഗൽസിൻ്റെ ശവമഞ്ചത്തിന് അരികിലായി എലീനോർ, അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ടുസ്സി നിന്നിരുന്ന അതേ സ്ഥലത്തുതന്നെ. ടുസ്സിയുടെ ശവപ്പെട്ടിയെയും വോക്കിംഗ് ശ്മശാനത്തിലേക്കു അത്യയാത്രക്കായി ലോകരാജ്യങ്ങളിൽ നിന്നായെത്തിയ റീത്തുകൾ അലങ്കിരിച്ചു. ലേഡി മൌണ്ട്ബാറ്റണ് പുഷ്പാഞ്ജലി പോയത് നമ്മളറിയും, ഒരു റീത്ത് ഇന്ത്യയിൽ നിന്നും എലീനോറിനും പോയിട്ടുണ്ട്. ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഹോളണ്ട്, അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ, ഓസ്ട്രിയ, ഇറ്റലി, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് പുഷ്പാഞ്ജലികൾ എത്തിയ എലീനോർ ചരിത്രത്തിൽ ഇന്നെവിടെയാണ്? അവർ എങ്ങിനെ വിസ്മൃതമായി!
നാം മുന്നോട്ട്, എന്ന സഖാവിൻ്റെ വാക്കുകൾ മലയാളിയുടെ ബോധത്തിൽ ഉറഞ്ഞതുപോലെ പോവുക മുന്നോട്ട് അഥവാ ‘ഗോ അഹെഡ്’ എന്ന എലീനോറിൻ്റെ പ്രയോഗം അവരുടെ സൌഹൃദങ്ങളിൽ, അവരിടപെട്ട വിഷയങ്ങളുടെ ഭാഗമായവരിൽ, പോരാട്ടത്തിൻ്റെ ഭാഗമായവരിൽ നിറഞ്ഞുനിന്നു. പറയുവാൻ മാത്രമല്ല, പറയുന്നതൊക്കെയും പ്രവൃത്തി പഥത്തിലെത്തിക്കുവാൻ കൂടിയുള്ളതാണ് എന്നുറച്ചു വിശ്വസിച്ച, അതു സാർത്ഥകമാക്കി ജീവിച്ച പ്രതിഭയായിരുന്നു എലിനോർ.
സാമൂഹിക ജനാധിപത്യവും തീവ്ര ചിന്തകളും ശ്വസിച്ച മാർക്സ് കുടുംബത്തിൽ, മുതലാളിത്തത്തിൻ്റെ ആഗോള വിജയകാലത്ത് 1855ൽ ജനിച്ച എലീനോർ വ്യത്യസ്തവും ആധുനികവുമായ ഒരു കാലഘട്ടത്തിൽ മാർക്സിൻ്റെയും ഏംഗൽസിൻ്റെയും ആശയങ്ങളുടെ അവകാശിയായി വളർന്നു, നിരന്തര വായനയും എഴുത്തും മൊഴിമാറ്റവും സാസ്കാരിക-കലാ-വിപ്ലവ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നു.
1886ൽ അവെലിങ്ങ് സഹരചയിതാവായ ദ വുമൺ ക്വസ്റ്റ്യൻ എന്ന കൃതിയിൽ എലീനോർ എഴുതുന്നു - ഒന്നാമതായി, എല്ലാ സ്ത്രീകളെയും പൊതുവായെടുത്താൽ പെണ്ണിൻ്റെ ജീവിതം ഒരിക്കലും ആണിൻ്റെ ജീവിതവുമായി കോയിൻസൈഡ് ചെയ്യുന്നതല്ല. ആ ജീവിതങ്ങൾ ഒരിടത്തും ഇൻ്റർസെക്റ്റ് ചെയ്യുന്നുമില്ല. പലപ്പോഴും ഒന്നു സ്പർശിക്കുന്നു കൂടി ഇല്ല. ഒരേ തലത്തിൽ, ഒരേ കാലത്ത്, ഒരേ പോലെ സംഭവിക്കുന്ന കാര്യങ്ങളെയാണ് കോയിൻസൈഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യൻ എന്നത് ഒരു ഗ്ലോബാണെങ്കിൽ അതിലെ ആണും പെണ്ണും അക്ഷാംശരേഖയും രേഖാംശരേഖയുമാണെങ്കിൽ അതു കൃത്യമായി സന്ധിക്കുന്ന പതിവുണ്ട്. ഇവിടെ ആ സന്ധിയില്ല, എന്നതിനർത്ഥം അതു രണ്ടു സമാന്തര സ്വതന്ത്ര രേഖകളാണെന്നു തന്നെയാണ്. അതായത് മറ്റേതു ജീവികളിലുമെന്നപോലെ, ഒന്നു മറ്റതിൻ്റെ അടിമയല്ലാത്ത രണ്ടും രണ്ടിൻ്റെതായ രീതികളുള്ള മനുഷ്യൻ എന്ന ജൈവപൂർണതിയിലേക്കുള്ള പരസ്പരപൂരകമായ രണ്ടു സ്വത്വങ്ങളാണ് ആണും പെണ്ണും.
എലീനോർ മാർക്സ് ലോകത്തെ മാറ്റിമറിച്ചു, ആ പ്രക്രിയയിൽ അവർ സ്വയം വിപ്ലവം സൃഷ്ടിച്ചു എന്നാണ് എലീനോറിൻ്റെ ജീവചരിത്രമെഴുതിയ റാച്ചേൽ ഹോംസ് ആമുഖമായി പറയുന്നത്. മാർക്സ് എന്നൊരു വൻമരത്തിൻ്റെ നിഴലിന് അപ്പുറത്തേക്ക് വളർന്ന മകൾ, ബ്രിട്ടീഷ് ചരിത്രത്തിലെ, സാമൂഹിക വിപ്ലവകാരികളായ അതികായരിൽ മുൻനിരയിലുണ്ട്. 1892 നവംബർ 26-ന് എലീനോർ മാർക്‌സ് അവളുടെ സഹോദരി ലോറ ലഫാർഗിന് അയച്ച എഴുത്തിൽ ഒരു വരിയുണ്ട് - കാര്യങ്ങളെ ശ്രദ്ധയോടെ നോക്കിയാൽ, മറ്റുള്ളവരോട് നമ്മൾ പ്രസംഗിക്കുന്ന നല്ലകാര്യങ്ങളൊക്കെയും നമ്മുടെ ജീവിതത്തിൽ അപൂർവ്വമായല്ലാതെ നമ്മൾ പകർത്താറില്ലെന്ന സത്യം നമ്മെ അതിശയിപ്പിക്കാറില്ലേ? ഉന്നതവും മഹത്തായതുമായ സ്വാതന്ത്ര്യബോധം, സ്വകാര്യസ്വത്ത് നിലനിർത്തുവാനല്ലാത്ത, ജൈവികചോദനകളെ അഡ്രസ് ചെയ്യുവാനുള്ള സ്വതന്ത്രപ്രണയം ഒക്കെയും ജീവിതത്തിൽ പകർത്തിയപ്പോൾ, ആ ചിന്തകൾ വാക്കുകളിൽ മാത്രമൊതുക്കിയ അവരുടെ പങ്കാളികൾ മരണത്തിലേക്ക് തള്ളിവിട്ട ദുരന്തചരിത്രമായി മേരിയുടെയും എലീനോറിൻ്റെയും ഒക്കെ ജീവിതം.
സ്വജീവിതം പരീക്ഷണശാലയാക്കിയ എലീനോർ
മാർക്‌സിൽ നിന്നും എംഗൽസിൽ നിന്നും താൻ പഠിച്ചവ പ്രായോഗികതലത്തിലേക്ക് എത്തിക്കുവാനാണ് എലീനോർ ലോകത്തിലേക്ക് ഇറങ്ങിയത്. 'മുന്നോട്ട് പോകുക' എന്ന മന്ത്രവുമായി, അതൊക്കെയും സ്വജീവിതത്തിലേക്ക് അവർ പകർത്തി. ആ അറിവുകളുടെ, ബോധ്യങ്ങളുടെ, താൻ പറയുന്നതിൻ്റെ ആൾരൂപമായി എലീനോർ നിലകൊണ്ടു. ഒരു സമയം ഷേക്സ്പിയർ സാഹത്യലോകം, ആധുനിക നാടകവേദിയുടെ സാംസ്കാരിക മേഖലകൾ, സമകാലിക നോവൽ, സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച കലാനാടക പ്രവർത്തനങ്ങളിൽ വ്യാപരിച്ച കൂട്ടായ്മയായ ബൊഹീമിയൻ ബ്ലൂംസ്ബറിയുടെ ഭാഗവുമായിരുന്നു അവർ. നിരന്തരമായി സ്റ്റീം ട്രെയിനുകളിൽ യാത്രചെയ്തു, പുതിയ സാങ്കേതികവിദ്യകളെ അത്യുത്സാഹം സ്വീകരിച്ചു, ടൈപ്പ്റൈറ്റർ അക്കാലത്തെ വലിയ കണ്ടുപിടുത്തമായിരുന്നു, അതിൻ്റെ ആദ്യകാല ഉപയോക്താക്കളിൽ എലീനോർ ഉണ്ടായിരുന്നു.
ഉന്നതമായ ബോധത്തിൻ്റെ ഊക്കിൽ, അഗാധമായ അറിവിൻ്റെ ആഴത്തിൽ എലീനോർ വ്യക്തിപരം രാഷ്ട്രീയപരം എന്നീ ദ്വന്ദങ്ങൾക്കപ്പുറത്തെ മനുഷ്യബന്ധങ്ങളുടെ കോട്ടകളാണ് പണിതുയർത്തത്. ടുസ്സിക്ക് സൌഹൃദത്തിലേക്കുള്ള വഴികൾ നേരിൻ്റേതായിരുന്നു, അതു വിനയായെങ്കിലും. അവരുടെ ആകർഷണീയ വ്യക്തിത്വം, അഗാധമായ അറിവ്, ഭാഷാസ്വാധീനം, കഴിവുകൾ ഒക്കെയും അവർക്കായി ഒരിടം എവിടെയും ഒരുക്കി. പെണ്ണിനു പറഞ്ഞ സാമ്പ്രദായിക രീതികൾക്കപ്പുറത്തെ ഒരു ലോകം ടുസ്സി അവൾക്കായി പണിതു, ബാക്കി ലോകത്തിനായും.
1880-കളിൽ, എലീനോർ മാർക്‌സ് നാടകരംഗത്ത് കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുകയും സോഷ്യലിസം പ്രചരിപ്പിക്കാനുള്ള അതിൻ്റെ കഴിവിൽ വിശ്വസിച്ച് അഭിനയം ഏറ്റെടുക്കുകയും ചെയ്തു.1886-ൽ, ലണ്ടനിലെ ഒരു സ്റ്റേജിൽ ഹെൻറിക് ഇബ്‌സൻ്റെ എ ഡോൾസ് ഹൗസിൽ, നോറ ഹെൽമർ ആയി എലീനോർ ഒരു തകർപ്പൻ പ്രകടനം നടത്തി. ടോർവാൾഡ് ഹെൽമറായി പങ്കാളി അവെലിങ്ങും ക്രോഗ്സ്റ്റാഡായി സാക്ഷാൽ ബെർണാഡ് ഷായും നിറഞ്ഞാടി..
ഗുസ്റ്റാവ് ഫ്ളോബയുടെ മാഡം ബോവറിയുടെ ആദ്യ ഇംഗ്ലീഷ് വിവർത്തനം ഉൾപ്പെടെ വിവിധ സാഹിത്യകൃതികളും അവർ വിവർത്തനം ചെയ്തു. ഇബ്‌സൻ്റെ നാടകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി അവൾ നോർവീജിയൻ ഭാഷ പഠിച്ചു, 1888-ൽ എനിമി ഓഫ് സൊസൈറ്റി വിവർത്തനം ആദ്യമായി നടത്തി. രണ്ട് വർഷത്തിന് ശേഷം, വില്യം ആർച്ചർ ഈ നാടകം പരിഷ്കരിച്ച് ആൻ എനിമി ഓഫ് ദി പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു. 1890-ൽ ഇബ്സൻ്റെ ദി ലേഡി ഫ്രം ദ സീ എന്ന കൃതിയും എലീനോർ വിവർത്തനം ചെയ്‌തു.
താൻ കൂടി ഭാഗമായ സോഷ്യൽ ഡമോക്രാറ്റിക് ഫെഡറേഷൻ (1884) നിൽ നിന്നും വേർപിരിഞ്ഞവരോടൊപ്പം ചേർന്ന് എലീനോർ സോഷ്യലിസ്റ്റ് ലീഗ് സ്ഥാപിച്ചു. അതിപ്രശസ്തനായ വില്യം മോറിസ് അതിലെ അംഗമായിരുന്നു. 1885-ൽ, പാരീസിൽ ഇൻ്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സംഘടിപ്പിക്കാൻ അവർ സഹായിച്ചു. അടുത്ത വർഷം, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനായി, അവെലിങ്ങിനും ജർമ്മൻ സോഷ്യലിസ്റ്റ് വിൽഹെം ലീബ്‌നെക്റ്റിനും ഒപ്പം എലനോർ അമേരിക്കയിൽ പര്യടനം നടത്തി
തൻ്റെ രണ്ടാനച്ഛൻ എന്നു വിശേഷിപ്പിച്ച ഫ്രെഡറിക് ഏംഗൽസുമായുള്ള അവരുടെ ആജീവനാന്ത, സ്നേഹനിർഭരമായ ബന്ധവും ജോർജ്ജ് ബെർണാഡ് ഷാ, വിൽ തോൺ, വിൽഹെം ലീബ്‌നെക്റ്റ്, ഹെൻറി ഹാവ്‌ലോക്ക് എല്ലിസ് എന്നിവരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അവരുടെ പുരുഷ സൌഹൃദങ്ങളിൽ ജ്വലിക്കുന്ന ഏടുകളാണ്. എലീനോർ മാർക്സും ഒലിവ് ഷ്രെയിനറും തമ്മിലുള്ള അടുത്ത ഹൃദയബന്ധം സാഹിത്യ രാഷ്ട്രീയ ചരിത്രത്തിൻ്റെ മാത്രമല്ല, ഹൃദയവിശാലതയുടെ അതിമഹത്തായ സ്ത്രീ സൗഹൃദങ്ങളിൽ ഒന്നാണ്. ഒലിവ് പിൽക്കാലത്ത് 1913 കാലത്ത് പെസിഫിസത്തിൽ ആകൃഷ്ടയായി മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ടിരുന്നതായി കാണുന്നു.
സോഷ്യലിസ്റ്റുകൾ എന്ന നിലയിൽ നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന സ്വസന്ദേഹത്തിൻ്റെ ഉത്തരം തേടുന്ന യാത്രകളായിരുന്നു എലീനോറുടെ ക്ഷണഭംഗുര ജീവിതം. എലീനോറിൻ്റെ കുട്ടിക്കാലം മുതൽ, 1860-കൾ മുതൽ ബ്രിട്ടനിൽ സോഷ്യലിസം എന്നത് മുതലാളിത്തത്തിനെതിരായ പുതിയ ജനാധിപത്യ പോരാട്ടവുമായി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രമായിരുന്നു എന്ന് ആമുഖത്തിൽ ജീവചരിത്രകാരി പറയുന്നുണ്ട്. 1860 കളിലും 1870 കളിലും ബ്രിട്ടനിലെ തദ്ദേശീയ സോഷ്യലിസ്റ്റുകൾ ആകെ ഒരു ചെറിയ ഹാളിൽ കൊള്ളുവാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെന്നും, അതിൽ ഏക മാർക്സ് എലീനോറായിരുന്നുവെന്നും ഹാളിൻ്റെ പകുതിയും അവരുടെ സുഹൃത്തുക്കളാവുമായിരുന്നു എന്നും റാച്ചേൽ ഹോംസ് പറയുന്നത് എറിക് ഹോബ്സ്ബോമിനെ ഉദ്ധരിച്ചാണ്. എലീനോറിൻ്റെ നിരീക്ഷണം അതിനോടൊപ്പം ചേർത്തുവെയ്ക്കേണ്ടതാണ് - ‘തീർച്ചയായും, സോഷ്യലിസം ഇപ്പോൾ ഈ രാജ്യത്ത് ഒരു സാഹിത്യ പ്രസ്ഥാനത്തെക്കാൽ ഒരല്പം മുകളിലെന്നേയുള്ളൂ”. ആ സാഹിത്യ പ്രസ്ഥാനത്തെ അതിൻ്റെ താളുകളിൽ നിന്ന് തെരുവിലേക്കിറക്കി രാഷ്ട്രീയ വേദിയിലേക്കു കയറ്റുക എന്ന ദൌത്യമാണ് എലീനോർ നിർവ്വഹിച്ചത്. ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലെ വലിയൊരു അധ്യായമാണ് എലീനോർ.
1895 നവംബറിൽ ഇംഗ്ലീഷ് സോഷ്യലിസ്റ്റ് നേതാവ് ഏണസ്റ്റ് ബെൽഫോർട്ട് ബാക്സിന് എഴുതിയ ഒരു തുറന്ന കത്തിൽ എലീനോർ തൻ്റെ നിലപാട് വ്യക്തമാക്കി - ഞാൻ തീർച്ചയായും ഒരു സോഷ്യലിസ്റ്റ് ആണ്, സ്ത്രീകളുടെ അവകാശങ്ങളുടെ പ്രതിനിധിയല്ല. സെക്സ് സംബന്ധ ചോദ്യവും അതിൻ്റെ സാമ്പത്തിക അടിത്തറയുമാണ് നിങ്ങളുമായി ചർച്ച ചെയ്യാൻ ഞാൻ നിർദ്ദേശിച്ചത്. 'സ്ത്രീയുടെ അവകാശങ്ങൾ' എന്ന് വിളിക്കപ്പെടുന്നത് (നിങ്ങൾക്കു മനസ്സിലാവുന്ന ഒന്ന് അതുമാത്രമാണെന്നു തോന്നുന്നു) ഒരു ബൂർഷ്വാ ആശയമാണ്. തൊഴിലാളിവർഗത്തിൻ്റെയും വർഗസമരത്തിൻ്റെയും വീക്ഷണകോണിൽ നിന്ന് സെക്സ് സംബന്ധ ചോദ്യത്തെ അഭിമുഖീകരിക്കുവാനാണ് ഞാൻ നിർദ്ദേശിച്ചത്. എലീനോറിൻ്റെ ധിഷണ അതായിരുന്നു.
മാർക്സിനെ ലോകം ഏറെ വായിച്ചത്, അദ്ദേഹത്തിൻ്റെ കൃതികൾ എലീനോറും അവെലിങ്ങും മറ്റും ചേർന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ്, അതു കാണാനുള്ള ആയുസ്സ് മാർക്സിന് ഉണ്ടായതുമില്ല.
എഡ്വേർഡും സോഷ്യലിസവും സ്വതന്ത്രപ്രണയവും
ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശിശുവായിരുന്ന ഷെല്ലിയെന്ന് എലീനോർ നിരീക്ഷിക്കുന്നുണ്ട്. മഹാനഗരത്തിലൂടെ കടന്നുപോകുമ്പോൾ സൈത്‌നയുടെ പാതയിൽ തടിച്ചുകൂടിയ "വന്യമായ കണ്ണുകളുള്ള" വനിതകൾ ഷെല്ലിയിലേക്കെത്തുന്നത് ഫ്രഞ്ച് വിപ്ലവാനന്തര പാരീസിൽ നിന്നുമാണ്, ഷെല്ലിയുടെ കാവ്യഭാവനയുടെയും ചരിത്രബോധത്തിൻ്റെയും തെളിവാർന്ന ഉദാഹരണം എലീനോർ തേടിയ വരികളുടെ മൊഴിമാറ്റമാണ് താഴെ.
“പൊരുതി, നിശ്ചയദാർഢ്യത്തോടെയവർ
ഭൂമിയുടെ മിഥ്യാഭിമാനവും അല്പത്വവും ഇടിച്ചുനിരത്തി,
പൊട്ടിച്ചെറിഞ്ഞൂ, ചങ്ങലകൾ,
മരവിച്ച ആചാരങ്ങളുടെ ചങ്ങലകൾ,
അവരുടെ കാലത്ത് പകൽ നക്ഷത്രങ്ങളായവർ..”
ക്യൂൻ മാബ് എന്ന കവിതയിലെ വരികളിലെ ഷെല്ലിയുടെ വിപ്ലവവീര്യമാണ് എലീനോറിനെ ആകർഷിച്ചത്.
1818ൽ കാൾ മാർക്സ് ജനിക്കുന്നതിനു മുന്നേ 1816ലാണ് വിപ്ലവവീര്യം തുടിക്കുന്ന ഷെല്ലിയുടെ ഈ വരികൾ ഫീലിങ്ങ്സ് ഓഫ് എ റിപ്പബ്ലിക്കൻ ഓൺ ദ ഫാൾ ഓഫ് ബോണപ്പാർട്ട് എന്ന കവിതയിൽ വരുന്നത്. മൊഴിമാറ്റത്തിലേക്ക്.
അടിതെറ്റിയ സ്വേച്ഛാധിപതി, നിന്നെ ഞാൻ വെറുത്തു!
ഞാൻ ഞരങ്ങി, പദ്ധതികളൊന്നുമില്ലാത്തൊരു അടിമ,
നിന്നെപ്പോലെ എനിക്കൊന്ന് ആനന്ദിക്കണം,
നിന്നെപ്പോലെ എനിക്കൊന്ന് നൃത്തമാടണം
വിമോചനത്തിൻ്റെ ശവക്കുഴികളിൽ..
സ്വാർത്ഥതാല്പര്യങ്ങൾക്കു മുന്നിൽ നീതിക്കും ധർമ്മത്തിനും പുല്ലുവില കല്പിക്കാത്ത, മറ്റെല്ലാം തൻ്റെ താല്പര്യങ്ങൾക്ക് കീഴെയാവുന്ന സ്വേച്ഛാധിപതികളുടെ ലോകമാണ് കവിതയുടെ പ്രമേയം.
മാർക്സ് വിഭാവന ചെയ്ത ഭരണകൂടങ്ങൾ പൊഴിഞ്ഞുവീഴുന്ന റൊമാൻ്റിക്കലായ ലോകം, സ്വാഭാവികമായും പരമമായ സ്വാതന്ത്ര്യത്തിൻ്റേതാവണം, പുലർന്നാലും ഇല്ലെങ്കിലും. ഷെല്ലി വിഭാവന ചെയ്ത സ്വതന്ത്ര പ്രണയത്തിൻ്റെ ലോകവും പരമമായ സ്വാതന്ത്ര്യത്തിൻ്റേതാണ്, വിശ്വാസമെന്ന സ്വകാര്യസ്വത്തില്ലാത്ത ആൺപെൺ ബന്ധങ്ങളുടെ സൌന്ദര്യം, കടപ്പാടുകളെ പറ്റി ബാധ്യതകളെ പറ്റി ചിന്തിക്കാനില്ലാത്ത ഒരു ബന്ധം. ഓഷോ ശ്രമിച്ചതും അതിലേക്കാണ്. ഇഷ്ടമുള്ളവരോട് പ്രണയവും ലൈംഗികബന്ധവും പുലരുന്ന ഒരു ഭാവിലോകത്തെ പറ്റിയാണ് ഷെല്ലി എഴുതിയത്, തൻ്റെ പങ്കാളികളോട് അങ്ങിനെ തന്നെ ജിവിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അവിടെ ബന്ധത്തിലേക്ക് നയിക്കുന്നത് ബാഹ്യമായ ഒന്നുമല്ല, മറിച്ച് മനസ്സിൽ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, സ്വാഭാവികമായും അതു ശരീരത്തിലേക്ക് പകരുന്ന വികാരവും.
എല്ലാം ഒരു തുടർച്ചയുടെ, ഇവല്യൂഷൻ്റെ ഭാഗമാണ് എന്ന വ്യക്തമായ ബോധമുണ്ടായിരുന്ന എലീനോറിന്. ഊട്ടോപ്യൻ സോഷ്യലിസത്തിൽ നിന്നും മുന്നോട്ടുപോയതാണ് മാർക്സിൻ്റെ സോഷ്യലിസം. അതൊരു മതമാവാതെ അതിനെ മുന്നോട്ടെടുക്കുവാനുള്ള മിഴിവാർന്ന പ്രവർത്തനങ്ങളായിരുന്നു, പ്രക്ഷോഭങ്ങളുമായിരുന്നു എലീനോറിൻ്റെ ജീവിതം. തൻ്റെ ജീവിതം തന്നെ മാർക്സും ഏംഗൽസും പകർന്ന ബോധച്ചൂടിൻ്റെ പരീക്ഷണശാലയാക്കിയ പ്രതിഭ. അങ്ങിനെ അതികരുത്തയായ ഒരുവൾ വീണുപോവുന്നത്, ആത്മഹത്യയിലേക്ക് അഭയം തേടുന്നത് താൻ കൂടെ ജീവിച്ച ജീവിതപങ്കാളി തന്നെ വഞ്ചിച്ച് മറ്റൊരാളെ രഹസ്യമായി വിവാഹം ചെയ്തു എന്നറിഞ്ഞപ്പോഴാണ്. അവസാനമായി താൻ സ്നേഹിച്ച, കൂട്ടുകൂടിയ, കൂട്ടുചേർന്ന് ഒട്ടനവധി രചനകൾ നടത്തിയ എഡ്വേർഡ് അവെലിങ്ങിനെഴുതിയ കത്തിൽ പറയുന്നു - നിന്നോട് എനിക്കൊന്നും പറയാനില്ല, ഒരു വാക്കുമാത്രം - സ്നേഹം. മനുഷ്യ മനസ്സിൻ്റെ സഞ്ചാരവഴികൾ നിയതമല്ല, ആവുകയില്ല, ആവുകയുമരുത്. അതുതന്നെയാണ് ജീവിതത്തിൻ്റെ സൌന്ദര്യം. മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെതായാലും എലീനോറിൻ്റെതായാലും ചിന്തകൾ ശരിയായിരുന്നു, പക്ഷേ കാലവും പങ്കാളികളും ശരിയായിരുന്നില്ലെന്നുവേണം കരുതാൻ.
അവെലിങ്ങ് എലീനോറിനെ വിട്ടുപോയി 8 ജൂൺ 1897 ന് തൻ്റെ തൂലികാനാമം ഉപയോഗിച്ച് ഇവാ ഫ്രൈ എന്ന യുവനടിയെ രഹസ്യമായി വിവാഹം കഴിച്ചു. പിന്നീട് കിഡ്നി രോഗബാധിതനായി ചാവുമെന്ന അവസ്ഥയിൽ അയാൾ എലീനോറിലേക്ക് മടങ്ങിയത് സെപ്തംബറിൽ. തൻ്റെ കഴിവുകളത്രയും സമ്പാദ്യവും തീർത്ത് കടവും വാങ്ങി ഗുരുതരമായ രോഗാവസ്ഥയിൽ നിന്നും എഡ്വേർഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തി, ആരോഗ്യം വീണ്ടെടുത്തുനല്കി എലീനോർ. അതിന് എഡ്വേർഡ് നന്ദിപറഞ്ഞത് എലീനോറിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു, തന്നെ ജീവിപ്പിച്ചെടുത്ത എലീനോർ, എഡ്വേർഡിന് എന്തായിരുന്നു എന്നു മനസ്സിലാക്കുവാൻ താഴെ ഭാഗം മുഴുവനായും വേണ്ടിവരില്ല.
'ദ ഡെനിൽ താമസിക്കുന്ന ഒരു എഴുത്തുകാരൻ' എന്ന് കോടതിയിൽ അവതരിപ്പിച്ച ആദ്യ സാക്ഷി അവെലിങ്ങ് ആയിരുന്നു:
ചോദ്യംചെയ്ത കുറ്റാന്വേഷകൻ: മരിച്ചയാൾ നിങ്ങളുടെ ഭാര്യയായിരുന്നോ?
അവെലിങ്ങ്: നിയമപരമായോ അല്ലയോ?
കുറ്റാന്വേഷകൻ: നിങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മനുഷ്യനാണ്. മരിച്ചയാളെ നിങ്ങൾ വിവാഹം കഴിച്ചിരുന്നോ?
അവെലിംഗ്: നിയമപരമായി ഇല്ല.
കുറ്റാന്വേഷകൻ: എത്രയായിരുന്നു അവളുടെ പ്രായം?
അവെലിങ്ങ്: 40 ആണെന്നു തോന്നുന്നു, എനിക്ക് തീർച്ചയില്ല.
ഒടുവിൽ 1898 ഏപ്രിൽ 4-ന് ലെവിഷാമിലെ ഉപജില്ലയിലെ സിഡെൻഹാമിൽ എലീനറുടെ മരണം രജിസ്റ്റർ ചെയ്തു: “എലീനർ മാർക്‌സ്, 40 വയസ്സ്, അവിവാഹിതയായ സ്ത്രീ.” എഡ്വേർഡിൻ്റെ മൊഴി പ്രകാരം റിപ്പോർട്ടിൽ 43 വയസ്സ് 40 ആയി, എലീനോർ തനിച്ചു യാത്രയായി.
എഡ്വേർഡ് പിന്നെ ഏറെക്കാലം ജീവിച്ചില്ല, തന്നെ മറന്നും നോക്കാൻ എലീനോർ ഇല്ലായിരുന്നു, രോഗം അയാളെയും കൊണ്ടുപോയി. വിലാപയാത്രയിൽ പങ്കെടുത്തവരോട് എഡ്വേർഡ് തലേദിവസം കണ്ട ഫുട്ബോൾ മത്സരത്തെ പറ്റിയായിരുന്നു സംസാരിച്ചത്. പിന്നീട് എലീനോറുടെ ചിതാഭസ്മം സ്വീകരിച്ചില്ലെങ്കിലും സ്വത്തുക്കൾ മുഴുവനായും എഡ്വേർഡ്, എലീനോറുടെ വിൽപത്രം നശിപ്പിച്ച് അടിച്ചുമാറ്റിയതായും ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
അവെലിങ്ങിനെ ക്രിമിനൽ വിചാരണയ്ക്ക് വിധേയനാക്കാനുള്ള മുറവിളി അയാളുടെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ തുടർന്നു. ബേൺസ്റ്റൈൻ നിശിതമായി നിരീക്ഷിച്ചതുപോലെ, ‘പാർട്ടി താൽപ്പര്യങ്ങളൊന്നും കണക്കിലെടുക്കാതിരുന്നെങ്കിൽ, ആളുകൾ അവെലിങ്ങിനെ പറിച്ചുചീന്തുമായിരുന്നു.’ പിന്നെ കേവലം നാലുമാസം, അവെലിങ്ങിൻ്റെ മരണം അയാളുടെ ചോരയ്ക്കായുള്ള മുറവിളികൾക്ക് വിരാമമിട്ടു.
സ്വതന്ത്രലോകം സാമ്പത്തികസ്വാതന്ത്ര്യം സ്വതന്ത്രപ്രണയം
ഇവയോട് ആരാധനയില്ലാത്തവർ ആരാണ്? നിലവിൽ സ്വതന്ത്രലോകം ഏറെയും സ്വകാര്യസ്വത്തിനു ചുറ്റിലുമാണ്. അങ്ങിനെ നോക്കുമ്പോൾ സ്വാതന്ത്ര്യത്തിനു വേണ്ടി, സുതാര്യതയ്ക്കുവേണ്ടി അവസാനിക്കേണ്ടത് രഹസ്യാത്മകതയാണ്. യഥാർത്ഥ പ്രണയം ലോകത്ത് സുഗമമായി ഒഴുകിയിട്ടില്ല എന്നു പറഞ്ഞത് എന്നു പറഞ്ഞത് ഷേക്സ്പിയറാണ്. ലോകത്ത് ഒരു ചട്ടക്കൂടിൽ ഒതുങ്ങുന്ന ജീവിയല്ല മനുഷ്യൻ, മറ്റേതു ജീവിയേയും പോലെ പ്രകൃതി സംവിധാനം ചെയ്ത ഒരു മൃഗമാണ്. മറ്റു മൃഗങ്ങളിൽ നിന്നുള്ള കാര്യമായ വ്യത്യാസം മനുഷ്യന് വിശ്വാസത്തിൻ്റെ കാര്യത്തിലുണ്ട്.
മറ്റുജീവികളുടെ വിശ്വാസം അവയിൽ തന്നെയാണ്, അത്യുന്നതങ്ങളിലെ പരുന്തിൻ്റെ വിശ്വാസം അതിൻ്റെ ചിറകുകളിലാണ്, കടുവയുടേത് അതിൻ്റെ കരുത്തിലാണ്, മാനിൻ്റേത് അതിൻ്റെ കാലിൻ്റെ വേഗതയിലും. മനുഷ്യൻ്റെ യാത്ര വണ്ടിപിടിച്ചാവുമ്പോൾ വിശ്വാസം ഡ്രൈവറിലാവുക സ്വാഭാവികമാണ്. ആ ഡ്രൈവറിലെ വിശ്വാസത്തിൻ്റെ വകഭേദമാണ് പങ്കാളിയിലും ദൈവത്തിലും മതത്തിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വിശ്വാസം.
സ്വകാര്യ സ്വത്ത് എന്നതിൽ സ്വകാര്യതയുണ്ട്. സ്വകാര്യതയുടെ ഒരുഭാഗം രഹസ്യാത്മകതയാണ്. ബന്ധങ്ങളിൽ വേണ്ടത് സ്വകാര്യതയല്ല, മറിച്ച് സുതാര്യതയാണ്, സ്വീകാര്യതയും. സ്വാതന്ത്ര്യവും സ്വത്തും ഒത്തുപോവും. സ്വാതന്ത്ര്യവും സ്വകാര്യത അല്ലെങ്കിൽ രഹസ്യാത്മകതയും ഒരുകാരണവശാലും ഒത്തുപോവുകയില്ല. മതരാഷ്ട്രങ്ങളെയും ഫാസിസ്റ്റ് ഭരണകൂടങ്ങളെയും നോക്കിയാൽ മനസ്സിലാവുന്ന കാര്യമാണ്.
എലീനോറിന് അവെലിങ്ങിലുള്ള വിശ്വാസം പൊടുന്നനെ ഇല്ലാതായപ്പോഴാണ് 43ാം വയസ്സിൽ അവർ ആത്മഹത്യയിലേക്ക് അഭയം തേടിയത്. ഇനി തനിക്ക് മറ്റൊരു യുവതിയെ ഇഷ്ടമാണെന്ന സത്യം പറഞ്ഞ് അവെലിങ്ങ് ഇറങ്ങിപ്പോയിരുന്നു എങ്കിൽ എലീനോർ ആത്മഹത്യ ചെയ്യുമായിരുന്നോ? വഴിയില്ല. കാരണം അവിടെ വിശ്വാസവഞ്ചന നടക്കുന്നില്ല. വ്യക്തിയുമായുള്ള ബന്ധം ഒരു സ്വകാര്യസ്വത്തായി വരുന്നിടത്താണ് സുതാര്യത പോയി രഹസ്യാത്മകത കൈവരുന്നത്. അത്രമേൽ ബൌദ്ധികതലത്തിൽ നിലകൊള്ളുന്ന എലീനോറിനെ തകർത്തുകളഞ്ഞത് അതാവണം. അവെലിങ്ങിൻ്റെ മറ്റൊരു സ്ത്രീയുമായുള്ള രഹസ്യബന്ധം. എത്ര ഉന്നതമായ ബോധത്തിൻ്റെ തലത്തിലും ബന്ധങ്ങൾക്ക് പരമമായ മൂല്യമുള്ള ഒരു സ്വകാര്യസ്വത്തിൻ്റെ രൂപം കൈവരുന്നുണ്ട്. അതു നഷ്ടപ്പെടുക സമം മരണമെന്ന സൂത്രവാക്യത്തിനുളള സാധ്യത അതു തുറന്നിടുന്നുമുണ്ട്. പലതവണ പരാജയപ്പെട്ടതാണെങ്കിലും മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ആത്മഹത്യാശ്രമങ്ങളുടെ കാരണവും മറ്റൊന്നായിരുന്നില്ല. ആത്മഹത്യാകുറിപ്പുകളും ഏറെ വ്യത്യസ്തമായിരുന്നില്ല. നിഴലിച്ചത് അതിലത്രയും അവരുടെ പങ്കാളികളോടുള്ള സ്നേഹം മാത്രമായിരുന്നു.
എലീനോർ കളമൊഴിഞ്ഞപ്പോൾ
എലീനോർ മാർക്‌സിൻ്റെ ജീവിതവും, താൻ മുഴുവനായും ഉൾക്കൊണ്ട മാർക്സിസത്തിൻ്റെ സൈദ്ധാന്തിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം പോലെ വൈവിധ്യ- വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. ലോകത്തിലെ അതിപ്രശസ്തനായ തത്ത്വചിന്തകനായ പിതാവ്, കാൾ മാർക്സ് എഴുതി: ആധുനിക കുടുംബത്തിൽ ഭ്രൂണത്തിൽ ദാസ്യം മാത്രമല്ല, അടിമത്ത വ്യവസ്ഥതന്നെയാണ് അടങ്ങിയിരിക്കുന്നത്. പിന്നീട് സൊസൈറ്റിയിലും സ്റ്റേറ്റിൽ തന്നെയും വ്യാപകമായി വൻതോതിൽ വളരുന്ന വൈരുദ്ധ്യങ്ങൾ കൃത്യമായി സൂക്ഷ്മമായ രൂപത്തിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് കുടുംബം. ഒരു പക്ഷേ എല്ലാ വൈരുദ്ധ്യങ്ങളുടെയും ഏറ്റവും ചെറിയ യൂണിറ്റ്.
പിതാവ് മാർക്‌സ് സിദ്ധാന്തമായിരുന്നെങ്കിൽ, പുത്രി എലീനോർ പ്രയോഗമായിരുന്നു. ഒരു ഫെമിനിസ്റ്റിനെ സംബന്ധിച്ചിടത്തോളം പൊതുവും സ്വകാര്യവും അവിഭാജ്യ മണ്ഡലങ്ങളാണെന്ന് അവർ 'ദ വുമൺ ക്വസ്റ്റ്യൻ’ എന്ന കൃതിയിൽ എഴുതി. അവളുടെ സമകാലികർ, അനുകൂലിച്ചവരും എതിർത്തവരും ഒരുപോലെ എലീനോറെ കണ്ടത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ തീവ്ര സാമൂഹികപരിഷ്കർത്താവും നേതാവും ആയാണ്. ട്രേഡ്സ് യൂണിയൻ കോൺഗ്രസിൻ്റെ (ടിയുസി) ഫസ്റ്റ് സെക്രട്ടറി വിൽ തോൺ, ബ്രിട്ടന് അതിൻ്റെ മുൻനിര പൊളിറ്റിക്കൽ ഇക്കണോമിസ്റ്റിനെ നഷ്ടപ്പെട്ടുവെന്നാണ് എലീനറുടെ അനുസ്മരണത്തിൽ, ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു പറഞ്ഞത്. ഏവരുടെയും വാക്കുകളിൽ അവരുടെ നന്മകൾ, കഴിവുകൾ, അതെല്ലാറ്റിനോടുമുള്ള ആരാധനകളായിരുന്നു നിഴലിച്ചിരുന്നത്. ലോകത്ത് അവരെ പറ്റി പ്രതികൂലമായ ഒരു പരാമർശം പോലും സാധ്യമല്ലെന്നായിരുന്നു എലീനോറുടെ സുഹൃത്ത് ഹെൻ്റി ഹാവ്‌ലോക്ക് എല്ലിസ് എഴുതിയത്.
ഏറ്റവും വലിയ മേന്മയായി എനിക്കു തോന്നുന്നത്, തൻ്റെ പിതാവിന് അവരുടെ വീട്ടുവേലക്കാരിയായിരുന്ന ഹെലൻ ഡിമോത്തിൽ ജനിച്ച ജനന രേഖകളിൽ പിതാവിൻ്റെ പേരില്ലാതിരുന്നു, ഫ്രഡറിക് ഡിമോത്തുമായുള്ള ആയുഷ്കാല വൈകാരിക ബന്ധമാണ്. ഫ്രെഡ്ഡി എന്നായിരുന്നു ആ സംബോധനകളൊക്കെയും, തൻ്റെതായ എല്ലാ വിശ്വാസവഞ്ചനകളുടെ വേദനകളും എലീനോർ പങ്കുവെച്ചത്, പലപ്പോഴും സഹായം തേടിയതും ഫ്രെഡ്ഡി എന്ന തുല്യദു:ഖിതനോട് ആയിരുന്നു.
1897 സെപ്തംബറിൽ എലീനോർ ഫ്രെഡിക്ക് എഴുതി: ഞാൻ വളരെ ഏകാന്തയാണ്, വളരെ ഭയാനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു: സമ്പൂർണ്ണ നാശം - എല്ലാം, അവസാന ചില്ലിക്കാശും കഴിഞ്ഞു, ലോകത്തെ മുഴുവൻ നാണക്കേടും തലയിലുണ്ട്. ലോകം ഭയാനകമാണ്. പക്ഷേ അതിനേക്കാൾ മോശമായി അതെനിക്കു മുന്നിൽ സ്വയം അവതരിക്കുകയാണ്. എന്തെങ്കിലും ഒരുപദേശം നൽകാൻ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമുണ്ട്. അന്തിമ തീരുമാനവും ഉത്തരവാദിത്തവും എനിക്കു തന്നെയാണെന്ന് എനിക്കറിയാം. എന്നാൽപോലും ഒരു ചെറിയ ഉപദേശവും സൗഹൃദപരമായ സഹായവും അത്രമേൽ എന്നെ സഹായിക്കും.”
ഒലിവ് ഷ്രെയ്‌നർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോളി റാഡ്‌ഫോർഡിന് എഴുതി: എനിക്ക് മനസ്സിൽ തെല്ലും സംശയമില്ല, അവൾ അവെലിങ്ങിൻ്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചു കളഞ്ഞത്. എൻ്റെ പ്രതിമാസ അവലോകനങ്ങളിലൊന്നിൽ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ അവനെക്കുറിച്ച് (എഡ്വേർഡ്) സത്യം പറയാൻ കഴിയാത്തതിനാൽ എനിക്ക് അവളെക്കുറിച്ച് എഴുതാൻ കഴിയാതെ പോയി. . അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോർ മരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവൾ അവനിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.”
എലീനോർ മാർക്‌സ് തൻ്റെ ജീവിതത്തിലെ വൈരുദ്ധ്യ-വൈവിദ്ധ്യങ്ങൾ ലോകത്തിനു വിചാരണചെയ്യുവാനായി വിട്ടുനല്കി വിടവാങ്ങി. രാഷ്ട്രീയപ്രവർത്തകയും ചിന്തകയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ എലീനോറിൻ്റെ ജീവിതം കടന്നുപോവുമ്പോൾ ഒരു ചോദ്യം നമുക്കായി അവശേഷിക്കുന്നുണ്ട് - അത് സാമൂഹിക നിലനിൽപ്പിനുള്ള, പൊതുതാൽപ്പര്യത്തെ മുൻനിർത്തിയുള്ള പ്രയാണത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം എന്താണ്? ജീവിതപങ്കാളികളോടുള്ള സത്യസന്ധത സ്വാതന്ത്ര്യം എന്ന പദത്തിൽ റദ്ദുചെയ്യപ്പെടുന്നില്ല.
എലീനോർ മാർക്സ് ഒരു പൂർണ മനുഷ്യനായിരുന്നു, ഏവരെയും പോലെ പോരായ്മകളും, നിരാശകളും, ഞെട്ടുന്ന പരാജയങ്ങളും ഒക്കെ നെയ്തെടുത്ത വൈരുദ്ധ്യങ്ങളുടെ മഹാജീവിതം, പൊതു അല്ലെങ്കിൽ സ്വകാര്യം എന്ന ഗണങ്ങളിലേക്ക് ചുരുക്കിയൊതുക്കാൻ കഴിയാത്ത പ്രതിഭ. രാഷ്ട്രീയക്കാരിയും ചിന്തകയുമായ എലീനോറിന് അവരുടെ അവസരങ്ങൾ ഉപയോഗിക്കാനായിട്ടുണ്ടാവാം. എലീനോറിലെ പെണ്ണിന് എന്തുമാത്രം വിജയിക്കുവാനായി എന്നു പരിശോധിക്കുകയാണ് എലീനോർ മാർക്സ് എ ലൈഫ് എന്ന ജീവചരിത്രത്തിലൂടെ റാച്ചേൽ ഹോംസ്.
പുസ്തകത്തിൽ നിന്ന്, ചില മൊഴിമാറ്റങ്ങൾ
“അവളുടെ കുട്ടിക്കാലം തൊട്ടേ സമൂഹത്തിൽ സൗഹൃദപരവും നിസ്വാർത്ഥവുമായ ഇടപെടലുകളായിരുന്നു, അതുകൊണ്ടു തന്നെ മറ്റു കുട്ടികൾ ടുസ്സി (എലീനോർ)യുടെ നേതൃത്വത്തെ മുൻകൈകളെ അംഗീകരിച്ചു. തമാശക്കാരിയായ, ധീരയും, സദാ പ്രസന്നവദനയുമായ അവൾ തൻ്റെ കളിഗ്രൂപ്പിൽ നിന്ന് ആരെയും ഒരിക്കലും ഒഴിവാക്കിയില്ല. പരിസരങ്ങളിൽ അവളുടെ ജനപ്രീതി കാരണം, മാർക്‌സ് കുടുംബത്തെ അയൽവാസികൾ മുഴുവനായും 'ടുസീസ്' എന്നാണ് വിളിച്ചുപോന്നത്.” (അധ്യായം ഒന്ന് - ഗ്ലോബൽ സിറ്റിസൺ)
“എലീനോർ മാർക്‌സ് ഇല്ലായിരുന്നെങ്കിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യരിൽ ഒരാളുടെയും അദ്ദേഹത്തിൻ്റെ അടുത്ത കുടുംബത്തിൻ്റെയും ജീവിതം ഒരു അടഞ്ഞ വാതിലായി അവശേഷിക്കുമായിരുന്നു, ഷേക്‌സ്‌പിയറെക്കുറിച്ച് അറിയുന്നതിനേക്കാൾ കുറച്ച് മാത്രമേ കാൾ മാർക്‌സിനെ കുറിച്ച് നമുക്ക് അറിയുമായിരുന്നുള്ളൂ. എലീനോറിനെ മനസ്സിലാക്കാൻ ആ കുടുംബത്തിൻ്റെ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയേണ്ടതുണ്ട്. ” (അധ്യായം ഒന്ന് - ഗ്ലോബൽ സിറ്റിസൺ)
“അവർക്കിടയിൽ, മാർക്സും ജെന്നി വോൺ വെസ്റ്റ്ഫാലനും അഞ്ച് പ്രാഥമിക ഭാഷകൾ സംസാരിച്ചു. കാളിൻ്റെ വീട്ടിൽ ജർമ്മൻ, ഡച്ച്, യീദിഷ് ഭാഷകൾ. ജെന്നിയുടെ വീട്ടിൽ ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്. അവരുടെ അലസഗമനങ്ങളിൽ, ജെന്നി ഷേക്സ്പിയറെയും വോൾട്ടയറിനെയും ഉദ്ധരിച്ചു, ഇംഗ്ലീഷും ഫ്രഞ്ചും മനസ്സിലാകാത്ത ചെറുപ്പക്കാരനായ കാളിനെ മോഹിപ്പിച്ചു. താരതമ്യേന കുട്ടിയായിരുന്ന, കാൾ ജെന്നിയെ അറിഞ്ഞത് തൻ്റെ മൂത്ത ചേച്ചി സോഫിയുടെ സുഹൃത്തായിട്ട് ആയിരുന്നു. ഇപ്പോഴാണ്, അവൻ അവളെ പുതിയ ഒരു കണ്ണിലൂടെ കാണുന്നത്. കാൾ ഉത്സാഹിയും തർക്കികനുമായിരുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്നു, ജെന്നി പക്ഷേ ട്രയറിൻ്റെ സംസാരവിഷയമായിരുന്നു: ആരെയും മാസ്മരികവലയത്തിലാക്കുന്നു അഭിലഷണീയവുമായ വ്യക്തിത്വം, കലഹപ്രിയനായ കാളിനെപ്പോലും ചെറുതായി ഭയപ്പെടുത്തുന്ന മിന്നുന്ന ധിഷണയും, ആ സൗന്ദര്യം പോലെ തിളങ്ങുന്ന ബുദ്ധിയുമുള്ള പെൺകുട്ടി.” (അധ്യായം രണ്ട് - ദ ടുസ്സീസ്)
“ബ്രിട്ടീഷ് മ്യൂസിയം റീഡിംഗ് റൂമിൽ വച്ച് ടുസ്സിയോട് സ്വയം പരിചയപ്പെടുത്തിയ ജോർജ്ജ് ബെർണാഡ് ഷാ, താൻ ജനിച്ചത് അമ്പത് വയസ്സ് മുൻപായിപ്പോയി എന്നു പറഞ്ഞിരുന്നു. ടുസ്സിയുടെ കാര്യത്തിലും ഇതുതന്നെ പറയാം. അൻപത് വർഷങ്ങൾക്ക് ശേഷം ജനിച്ചിരുന്നു എങ്കിൽ അഭിനയശേഷി വച്ച് അവൾ സിനിമയിൽ അവളുടെ കഴിവിൻ്റെ ഏറ്റവും സ്വാഭാവിക അന്തരീക്ഷം കണ്ടെത്തിയിരുന്നേനെ”. (അധ്യായം 11 - ദി റീഡിംഗ് റൂം)
“ഈ കാലയളവിലാണ് ജോർജ്ജ് ബെർണാഡ് ഷാ റീഡിംഗ് റൂമിൽ വച്ച് ടുസ്സിയെ സ്വയം പരിചയപ്പെടുത്തിയത്. സ്വയം ഒരു കമിതാവായി സങ്കൽപ്പിച്ച ഷാ, എലീനോർ സംസാരിക്കുന്ന എല്ലാവരേയും നിരീക്ഷിച്ചുകൊണ്ടിരുന്ന എഡ്വേർഡ് അവെലിങ്ങിൻ്റെ നിഴൽ പുസ്‌തകങ്ങളുടെ അടുക്കുകളിലൂടെ ചുറ്റിക്കറങ്ങുന്നത് ആദ്യം അറിഞ്ഞിരുന്നില്ല. എലീനോറിനെ കണ്ടുമുട്ടിയതു മുതലാണ് ഷായുടെ രാഷ്ട്രീയത്തോടുള്ള താൽപര്യം വളർന്നത്. സോഷ്യലിസത്തിലും അവളുടെ പിതാവിൻ്റെ പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിൻ്റെ താൽപ്പര്യമാണ് മൂലധനം വായിക്കാൻ ഷായെ പ്രേരിപ്പിച്ചത്. ഈ അനുഭവത്തെ 'എൻ്റെ കരിയറിലെ വഴിത്തിരിവ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.”
(അധ്യായം 11 - ദി റീഡിംഗ് റൂം)
“എലീനോർ എഡ്വേർഡിൻ്റെ ബൗദ്ധികവും ലൈംഗികവുമായ ഊർജ്ജം ആസ്വദിച്ചു, അവരുടെ അഭിരുചികൾ ഏറെക്കുറെ ഒന്നുതന്നെയായിരുന്നു, അവർ സോഷ്യലിസത്തോട് യോജിച്ചു, ഇരുവരും തിയേറ്ററിനെ സ്നേഹിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിലെ വിവാഹ ജീവിതത്തിൻ്റെ സ്കെയിലിൽ, ഇവയെല്ലാം അവരുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന നല്ല വശങ്ങൾ ആയിരുന്നു. കൂടുതൽ പ്രശ്നകരമെന്നു പറയട്ടെ, എലീനോർ കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിച്ചു, എന്നാൽ എഡ്വേർഡ് വിഷയത്തിൽ ആടിക്കളിച്ചു. രണ്ടുപേർക്കും വേണ്ടിയുള്ള വീട്ടുജോലിയിലേക്ക് അവൾ മാത്രമായി ചുരുങ്ങിപ്പോയത് എലീനറെ വെറുപ്പിച്ചു, വീട്ടുജോലികളിൽ അവർ താല്പരയായിരുന്നുമില്ല.” (അധ്യായം 13- പ്രൂഫ് അഗെയ്സ്റ്റ് ഇല്യൂഷൻസ്)
എലീനോർ തൻ്റെ ആദ്യ അമേരിക്കൻ പ്രസംഗത്തിൽ ഫെമിനിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, യേൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പ്രൊഫസർമാരും ഉൾപ്പെട്ട ന്യൂ ഹേവനിലെ സദസ്സിനെ എലീനോർ ആകർഷിച്ചു, സോഷ്യലിസ്റ്റ് ആധുനികതയെ വലിയൊരു മധ്യവർഗക്കാരും പണക്കാരുമായ പ്രേക്ഷകർക്കു മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു. അമേരിക്കക്കാർ ക്ലാസ്, സെൽഫ് ബെറ്റർമെൻ്റ് കാര്യങ്ങളിൽ തികച്ചും വ്യത്യസ്തമായ ആശയം വച്ചുപുലർത്തുന്നവരാണെന്ന് ടസ്സി പെട്ടെന്ന് മനസ്സിലാക്കി, (അമേരിക്കയിലെ സോഷ്യലിസ്റ്റ് ലേബർ പാർടി ക്ഷണം സ്വീകരിച്ച് നടത്തിയ നാലു മാസക്കാല പ്രസംഗപര്യടനം 1886) (അധ്യായം 16 -ലേഡി ലിബർട്ടി)
അമേരിക്കയിൽ അവർ സഞ്ചരിച്ച എല്ലായിടത്തും എലീനോർ തൊഴിലാളിവർഗ സ്ത്രീകളുമായും കുട്ടികളുമായും അവരുടെ ജീവിതത്തെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് അഭിമുഖം നടത്തി. ഫാക്ടറി ഉടമകളുമായും ഫോർമാൻമാരുമായും ലേബർ സൂപ്രണ്ടുമാരുമായും അവർ സംസാരിച്ചു. മുതലാളിമാർ സ്ത്രീകളെയും കുട്ടികളെയും ജോലിക്കെടുക്കാൻ ഇഷ്ടപ്പെടുന്നതായി അവർ കണ്ടെത്തി. സ്ത്രീകൾ കുറഞ്ഞ വേതനം എടുക്കുകയും സംഘടിക്കാനോ സമരം ചെയ്യാനോ ശ്രമിച്ചാൽ ഭീഷണിപ്പെടുത്താനും കീഴ്പ്പെടുത്താനും എളുപ്പമാണെന്ന് അവർ മനസ്സിലാക്കി. കുട്ടികളേ, അതിലും കൂടുതലായും. (അധ്യായം 16 -ലേഡി ലിബർട്ടി)
അമേരിക്കൻ പര്യടനാവസനം റോസൻബെർഗ് അവെലിങ്ങിൽ സാമ്പത്തിക ദുരുപയോഗം ആരോപിച്ചു, മുഴുവൻ പരാജയത്തിലും ടസ്സി തളർന്ന് നിശബ്ദനായി ഇരുന്നു. പതിമൂന്ന് ആഴ്‌ചത്തെ പര്യടനത്തിനായി അവെലിങ്ങിൻ്റെ 1,300 ഡോളർ ചിലവുകളുടെ ബില്ല് പാസാക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മതിച്ചു, പക്ഷേ ആ അനാവശ്യം ചിലവുകളെ അപലപിച്ചു. കോർസേജ് പൂച്ചെണ്ടുകൾക്ക് 25 ഡോളർ ഈടാക്കുമെന്ന് ഹെർമൻ വാൾതർ രോഷത്തോടെ ചൂണ്ടിക്കാണിച്ചത്, അക്ഷരാർത്ഥത്തിൽ അദ്ദേഹം എഡ്വേർഡിനു നേരെ അലറിയത് ടുസ്സിക്ക് അപമാനത്തിൻ്റെ കിരീടഭാരമായി തോന്നി. എഡ്വേർഡിൽ കോർസേജ് പൂച്ചെണ്ട് ഒരെണ്ണം ടുസ്സിക്ക് കൊടുത്തെങ്കിലും, മറ്റെല്ലാം വാങ്ങിത്തുലച്ചത് മറ്റ് സ്ത്രീകളെ ആകർഷിക്കുവാനായിരുന്നെന്ന് ടുസ്സി വേദനയോടെ മനസ്സിലാക്കി.” (അധ്യായം 16 -ലേഡി ലിബർട്ടി)
“ഒലിവ് ഷ്രെയ്‌നർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോളി റാഡ്‌ഫോർഡിന് എഴുതി: എനിക്ക് മനസ്സിൽ തെല്ലും സംശയമില്ല, അവൾ അവെലിങ്ങിൻ്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചുകളഞ്ഞത്. എൻ്റെ പ്രതിമാസ അവലോകനങ്ങളിലൊന്നിൽ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ അവനെക്കുറിച്ച് (എഡ്വേർഡ്) സത്യം പറയാൻ കഴിയാത്തതിനാൽ എനിക്ക് അവളെക്കുറിച്ച് എഴുതാൻ കഴിയാതെ പോയി. . അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോർ മരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവൾ അവനിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.” (അധ്യായം 24 - വൈറ്റ് ഡ്രസ് ഇൻ വിൻ്റർ)
“1897 ഓഗസ്റ്റ് മുതൽ 1898 മാർച്ച് വരെ എലീനോർ ഫ്രെഡിക്ക് എഴുതിയ ഒമ്പത് കത്തുകൾ ബേൺസ്റ്റൈൻ പ്രസിദ്ധീകരിച്ചിരുന്നു. എഡ്വേർഡുമായുള്ള അവളുടെ വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധമായ സംഭവങ്ങളെക്കുറിച്ചുള്ള കത്തിടപാടുകൾ. ബേൺസ്റ്റൈൻ ഫ്രെഡിയെ പരിചയപ്പെടുത്തുന്നത് 'ഹെലൻ ഡെമുത്തിന്റെ മകൻ' എന്നാണ്. മാർക്‌സിൻ്റെ മക്കളുടെ രണ്ടാമത്തെ അമ്മയായിരുന്നു അവർ. അവൻ ഒരു ലളിത ജീവിതം നയിക്കുന്ന ഒരു ജോലിക്കാരനാണ്, ജീവിതം വലിയ ദയയൊന്നും കാണിക്കാത്ത ഒരാൾ. എലീനോർ മാർക്‌സ് അവരുടെ നിയമോപദേശകനായി മാറ്റിവച്ച രേഖകളിൽ അദ്ദേഹത്തിൻ്റെ പേര് ഒരു പ്രധാന സ്ഥാനത്താണ് എന്ന് വിശ്വസിക്കാൻ എനിക്ക് ശക്തമായ കാരണങ്ങളുണ്ട്. അവെലിങ്ങ് സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്ത രേഖകൾ.”
മധുസൂദൻ. വി