Sunday, June 4, 2023

രതിസുഖസാരേ ടെക്കഭിസാരേ

മനുഷ്യരാശിയെ അതിൻ്റെ അഗാധമായ ലൈംഗികതയുമായി ബന്ധിപ്പിച്ചിട്ടുണ്ട് ഇതിഹാസങ്ങൾ. പാതിവ്രത്യത്തിൻ്റെയും ലൈംഗിക സദാചാരത്തിൻ്റെയും ആദ്യ ഇര അഹല്യയാണ്, അതിസുന്ദരിയായ അഹല്യ.  അഹല്യ എന്നാൽ ഹലം വീഴാത്ത, ഉഴുതുമറിക്കാത്ത എന്നർത്ഥം.  അഹല്യയെ പിതാവ് കൈപിടിച്ചു കൊടുക്കുന്നത് മഹർഷി ഗൌതമനാണ്. കാലത്തിൻ്റെ പൊളിറ്റിക്കൽ കറക്റ്റനസിനെ ഒന്നു തട്ടിൻപുറത്തു വച്ചാൽ, സഞ്ജയൻ സത്യവതിയെയും പരാശരനെയും വിശേഷിപ്പിച്ചതുപോലെ  അലുവാക്കഷണം പോലത്തെ പെണ്ണും ഉപ്പിലിട്ട കയ്പൻനാരങ്ങ പോലുള്ള മുനിയും. അഹല്യയെ എങ്ങിനെയെങ്കിലും ഒന്നു ഭോഗിക്കാനായി  കൊതിക്കുന്നത് ഇന്ദ്രനാണ്, വിശ്വസുന്ദരികളുടെ ഫാം തന്നെ സ്വന്തമായുള്ളയാൾ.

അഹല്യയിൽ  ഇന്ദ്രൻ പയറ്റുന്നത് റൊബോട്ടിക്സിൻ്റെ രീതിശാസ്ത്രമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിസൈൻ, മാനുഫാക്ചറിങ്ങ്, ഓപ്പറേഷൻ. ബ്രാഹ്മമുഹൂർത്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് മുനിയെ ആദ്യം ആശ്രമം വിട്ടിറക്കി, മുനി ഇറങ്ങിയ ശുഭമൂഹൂർത്തത്തിൽ ഇന്ദ്രൻ  മുനിയായി രൂപമാറ്റം വരുത്തി, മയങ്ങുന്ന അഹല്യയിൽ മോഹമുണർത്തി, അഹല്യയെ യഥേഷ്ടം ഭോഗിച്ചു.  മുനി സംഗതികളുടെ ഇരിപ്പുവശം അകക്കണ്ണിൽ കണ്ടു.  തെളിവായി കൺമുന്നിൽ പ്രത്യക്ഷത്തിൽ താനായി നില്ക്കുന്ന ഇന്ദ്രനും. രണ്ടിനെയും ശപിച്ചു. തൻ്റെ ആശ്രമത്തിൽ കയറി അതിക്രമം കാണിച്ച ഇന്ദ്രനു കൊടുത്ത ശിക്ഷയുമായി താരതമ്യം ചെയ്താൽ ഇന്ദ്രനെ തടുക്കാൻ ശേഷിയില്ലാതിരുന്ന അഹല്യയ്ക്ക് കിട്ടിയ ശിക്ഷ കടുത്തതായിരുന്നു. അഹല്യയെ പാറയാക്കി ആശ്രമം ഉപേക്ഷിച്ച് ഗൌതമൻ ഹിമാലയം കയറി. ശ്രീരാമപാദസ്പർശത്താൽ  അഹല്യ ശാപമോക്ഷം നേടിയപ്പോൾ രാമൻ ആദ്യം ചെയ്തത് അഹല്യയുടെ  പാദങ്ങളിൽ നമസ്കരിക്കുകയായിരുന്നു. അവിടെയൊരു യുഗത്തിൻ്റെ പുരോഗതിയായാവണം വാത്മീകി അടയാളപ്പെടുത്തിയത്.  അഹല്യയെ നിരപരാധിയാക്കുന്നത് കാലമാണ്, വളർന്ന ബോധമാണ്, നീതിശാസ്ത്രങ്ങളായിരുന്നില്ല.

അതിരാവിലെ മയക്കത്തിലായിരുന്ന, നിശ്ചലയായ ഗംഗയെ കണ്ടപ്പോഴാണ് തനിക്കു തെറ്റിയതായി ഗൌതമനു തോന്നുന്നത്.  ഗൌതമൻ പണ്ടേ ചില്ലറക്കാരനായിരുന്നില്ല, അഹല്യയ്ക്ക് രണ്ടു ദത്തുപുത്രന്മാരെ കിട്ടിയിരുന്നു, ബാലിയും സുഗ്രീവനും. രണ്ടു മക്കളോടുള്ള മാതൃവാത്സല്യത്തിൽ അഹല്യ ഭർത്തൃവാത്സല്യത്തിന് ലേശം ഭംഗം വരുത്തി. ഇത് ഗൌതമനെ പ്രകോപിപ്പിച്ചു, കൺട്രോളു പോയ മുനി, അന്നു ശപിച്ചത് പിള്ളേരെ ആയിരുന്നു - രണ്ടും വാനരക്കോലമായി പോവട്ടെ. അഹല്യ-ഗൌതമ ദാമ്പത്യമല്ല, പക്ഷേ കുഞ്ഞുങ്ങൾ ദമ്പതിമാരുടെ ലൈംഗികതയുടെ അന്തകരാവുന്ന വിഷയം എസ്തർ പെരേൽ മെയ്റ്റിംഗ് ഇൻ കേപ്റ്റിവിറ്റിയിൽ വിവരിക്കുന്നുണ്ട്. അഹല്യമാർക്ക് ഗൌതമൻ്റെ പിൻമുറക്കാരിൽ നിന്നുമുള്ള ശാപമോക്ഷവും മോചനവും സാധ്യമാവാൻ പോവുന്നത് സെക്സ് ടെക്നോളജിയെ പ്രണയിക്കുമ്പോഴാണ്, സെക്സ്ടെക് ലോകത്തെ ഇനിയങ്ങോട്ട് ഉഴുതുമറിക്കുമ്പോഴാണ്. ഹലം വീഴാത്ത അഹല്യമാരുടെ ശപിക്കപ്പെട്ട ജീവിതത്തിൽ നിന്നുമുള്ള വിമോചനത്തിലേക്ക് തന്നെയാണ് കാര്യങ്ങൾ പോവുന്നതെന്നു തോന്നിപ്പിക്കുന്നതാണ് സമീപകാല വായനകൾ. നന്നാവാൻ ഗൌതമൻമാർക്ക് ഇനിയും അവസരങ്ങളുണ്ടെന്ന പ്രഖ്യാപനവുമാണത്.

ചാരമാവുന്ന സദാചാരവും രതിയുടെ നൂതന ലോകവും

മെയ്റ്റിങ് ഇൻ കാപ്റ്റിവിറ്റി എന്ന തൻ്റെ ഗ്രന്ഥത്തിൽ എസ്തർ പെരേൽ കൌൺസിലിങ്ങിന് വന്നൊരു  പെൺകുട്ടിയുടെ വാക്കുകൾ വിവരിക്കുന്നുണ്ട്.  “ഒരു പെണ്ണെന്ന നിലയിൽ അംഗീകരിക്കപ്പെടാനാണ് ഞാൻ ആഗ്രഹിക്കുത് അമ്മയെന്നല്ല, ഭാര്യയെന്നല്ല, കൂട്ടുകാരിയെന്നല്ല. ഒരു ആണെന്ന നിലയിൽ അലനെ കാണുവാനുമാണ് എനിക്കിഷ്ടംഒരു നോട്ടമാവാം, ഒരു മൃദുസ്പർശമാവാം, അതൊരു വാക്കിലൂടെയുമാവാം. പദവികളുടെ മാറാപ്പുകളൊന്നുമില്ലാതെ അവനെന്നെ കാണണം.”

അദീലെ, അവൾക്കും അലനുമിടയിലെ  തൃഷ്ണയുടെ തലം അടയാളപ്പെടുത്തുന്നത് അങ്ങിനെയാണ്. പതിച്ചുകൊടുത്ത റോളുകളിൽ വ്യക്തിയെ തളച്ചിടുമ്പോഴല്ല, റോളുകളിൽ നിന്നു വലിച്ചു പുറത്തിട്ട വ്യക്തിയെ സമഗ്രതയിൽ കാണുമ്പോഴാണ് ഓരോ നോട്ടവും പുതിയ ദർശനമാവുന്നത്. ആസക്തിയെ നിലനിർത്തുക പുതിയ കാഴ്ചകളാണ്ഇറോട്ടിക് ഇൻ്റലിജൻസ് ആവശ്യപ്പെടുന്നത് ബന്ധങ്ങളുടെ ഇഴയടുപ്പമല്ല, ബോധപൂർവ്വമായ  ഒരകൽച്ചയാണ്, സ്പേസിനെ ജീവസ്സുറ്റതാക്കുമ്പോഴാണ് വിരസമല്ലാത്ത രതിയുടെ സരസലോകം സാധ്യമാവുന്നത്.

 

സ്വഹൃദയം സൂക്ഷിക്കാൻ നോക്കിയാൽ

സ്വശരീരം സുരക്ഷിതമാക്കാൻ നോക്കിയാൽ

സ്വഗൃഹത്തിലേക്ക്  പെണ്ണ് കൊണ്ടുവരിക മാനഹാനിയാണ്

അതിലും  വലിയൊരു മിഥ്യാബോധം ലോകത്തെന്താണ്?

പുതുതലമുറ കവികളിൽ പ്രശസ്തയായ കനേഡിയൻ പൌരയായ രുപി കൌറിൻ്റെ വരികളുടെ മൊഴിമാറ്റമാണ് മുകളിൽ, നമ്മുടെ നിലവിലെ സദാചാര സാഹചര്യത്തെയാവണം  കവി കോറിയിട്ടത്.

അതിരുകളറിയാത്ത പക്ഷിയാണു മനുഷ്യൻ്റെ കാമനകൾ. സുരക്ഷിതത്വബോധം സദാ ആണിനുമാത്രമല്ല, പെണ്ണിനും  ഒപ്പമുള്ളതാണ് ഒരല്പം സാഹസികതയും.  അറിയുന്തോറും അനാവരണം ചെയ്യപ്പെടുന്ന നിഗൂഢതകൾ, അനുഭവ വേദ്യമാവുന്ന പുതുമകൾ, അനിവാര്യമായ അതിൻ്റെ അപകടങ്ങൾ  ഇതൊക്കെയും ആണിനെയും പെണ്ണിനെയും ഒരുപോലെ മുന്നോട്ടു നയിക്കുന്ന ഘടകങ്ങളാണ്, എന്തിലെങ്കിലുമൊക്കെ ചേർത്തുനിർത്തുന്നതും.  സാഹസികതയുടെ സ്പേസിലേക്കുള്ള സാങ്കേതികവിദ്യയുടെ, നിർമിതബുദ്ധിയുടെ അന്വേഷണങ്ങളാവണം സെക്സ്ടെക്, ഭാവിയുടെ രതിസാമ്രാജ്യം. സ്വയംഭോഗത്തെ എതിർത്ത ബോധം  തീർച്ചയായും സാങ്കേതികഭോഗത്തെയും എതിർക്കും, പക്ഷേ എതിർപ്പുകളെ മറികടന്നു പോവുകയാണ് ശാസ്ത്രത്തിൻ്റെ രീതി, ടെക്നോളജിയുടെയും. ലൈംഗികശേഷി ഉള്ള ഒരാൾ ജീവിതത്തിൽ എന്നെങ്കിലും സ്വയംഭോഗത്തിലേർപ്പെടാതെയാണ്  സ്വയംഭോഗത്തെ എതിർത്തത് എന്നു കരുതുക സാധ്യമല്ല. വർത്തമാന-ഭാവി ലോകത്ത് തൻ്റെ രതിബോധത്തിനു പറ്റിയ ടൂളിനെ, റൊബോട്ടിനെ തന്നെ  സൃഷ്ടിച്ചെടുക്കുന്ന നിർമ്മിതബുദ്ധിയെ പഴിക്കാനും അതുമായി ഇണചേർന്നവർ തന്നെയുണ്ടാവും. എസ്. കെയുടെ ഒരുദേശത്തിൻ്റെ കഥയിൽ ഗാന്ധിത്തൊപ്പി വച്ചു കള്ളുഷാപ്പു പിക്കറ്റ് ചെയ്യുന്ന ഒരു കുഞ്ഞാപ്പുവുണ്ട്, പരമസ്വാതികനായ കൃഷ്ണൻ മാസ്റ്ററുടെ ലോകതരികിടയായ മകൻ.   ഇളനീരെന്ന വ്യാജേന തൊണ്ടിൽ കള്ളുകുടിച്ച് ഒടുവിൽ ബോധം കെട്ടുപോയ കുഞ്ഞാപ്പുവിൻ്റെ നേരവകാശികളാണ് എന്തിനെയും എതിർക്കുന്നവരിൽ ഒരു വലിയ വിഭാഗം എന്നും.

കുറ്റവും ശിക്ഷയും പാപവും മാപ്പും ഇല്ലാത്ത ഒരു ലോകം മതങ്ങൾക്കില്ല.  സ്വതന്ത്ര  പ്രണയം മതങ്ങൾ നിഷിദ്ധമാക്കിയതിന് കാരണം ലൈംഗികതക്ക് ലൈസൻസ് കൊടുക്കുന്ന വിവാഹം വരുമാനമാർഗമായതാണ്. വിവാഹത്തിനകത്തെ ലൈംഗികബന്ധം വിഹിതവും, പുറത്തേത് അവിഹിതവും ആയത് അങ്ങിനെയാണ്. സ്വതന്ത്രലൈംഗികതയെ,  പ്രണയത്തെ പൗരോഹിത്യം എതിർത്തതും ലൈംഗികതയെ പ്രത്യുത്പാദനത്തോട് കൂട്ടിക്കെട്ടിയതും അതുകൊണ്ടാണ്. എന്താണ് വിഹിതം, എന്താണ് അവിഹിതം? സഹസ്രാബ്ദങ്ങൾക്കു മുന്നേയുള്ള ബോധത്തിൻ്റെ മിന്നാം മിനുങ്ങുവെട്ടത്തിൽ തീരുമാനിക്കപ്പെട്ടതാണ് വിഹിതവും അവിഹിതവും. വിശ്വാസത്തിൻ്റെ സ്വാധീനം ഭീകരമാണ്. തേങ്ങ വെട്ടി വെയിലത്തുണക്കി  പല കൈ മറിഞ്ഞ് ചക്കിലെത്താതെ, പച്ചത്തേങ്ങ നേരെ വെളിച്ചണ്ണയാക്കിയതിനെ നമ്മൾ വിളിക്കുന്നത് വർജിൻ കോക്കനട്ട് ഓയിൽ എന്നാണ്. വർജിൻ/വർജിനിറ്റിയുടെ വേരുകൾ തേടി പോയാൽ ചെന്നെത്തുക വിശ്വാസത്തിലാണ്. കന്യകാത്വം അവിഭാജ്യഘടകമായിരുന്ന കന്യാദാനമായിരുന്നു വിവാഹം. അവിടെയാണ് വെർജിനിറ്റിയുടെ വിപണിമൂല്യം. ജൈവികചോദനയായ സ്വാഭാവിക ഇണചേരലിൽ  നിന്നും, അതിൻ്റെ മുഖ്യദൌത്യം തന്നെ അപ്രസക്തമാക്കി ലൈംഗികബന്ധത്തെ, ഒരു രസലീലയാക്കി എന്നേ ഇതിഹാസങ്ങൾ തന്നെ ഉയർത്തിയെടുത്തതാണ്! ഇങ്ങ് യമുനാ തീരത്തും അങ്ങ് ഈജിപ്തിലെയും ആഫ്രിക്കയിലെയും നദീതീരങ്ങളിലെയും മുളങ്കാടുകളിലെയും രസലീലകളുടെ, രതികാവ്യങ്ങളുടെ മഹാപാരമ്പര്യം അവകാശപ്പെടാവുന്ന സംസ്കാരമാണ് മാനവികതയുടേത്. ഇവിടെ ഭാഷയെ നമ്മൾ വിളിച്ചത് സംസ്കൃതം എന്നാണ്, പ്രാകൃതം എന്നല്ല.  സംസ്കാരം എന്നത് ജൈവികചോദനകളെ ലംഘിക്കലാണ്, അതിനപ്പുറത്തേക്ക് അതിനെ വളർത്തലാണ്.

ഇവിടെ നമ്മൾ  ആയകാലത്തു മലകയറണോ, ആവാത്ത കാലത്തു കയറുവാനായി കാത്തുനില്ക്കണോ, ഇനി പള്ളിയിൽ ആണു കയറി ആത്മീയതയെ ഉണർത്തിയാൽ  മതിയോ, പെണ്ണിനെ കയറ്റിയാൽ ആത്മീയതക്കു കോട്ടം തട്ടുമോ എന്നൊക്കെ ആലോചിച്ച് ചത്തുപോവുന്ന കാലത്താണ് ലോകം ശാസ്ത്രവും സാങ്കേതികവിദ്യയും അതിൻ്റെ രഥയാത്രയുമായി മുന്നോട്ടു തന്നെ പോവുന്നത്.  മറക്കരുത്, നമ്മുടെ ജഗന്നാഥൻ്റെ രഥമുണ്ട്, അതിൽ നിന്നും സായിപ്പ് ഒരു പദമുണ്ടാക്കിയിട്ടുണ്ട് - ജഗ്ഗർനോട്. ജഗന്നാഥൻ്റെ രഥത്തിനു വഴിവേണ്ട, കരയോ വെള്ളമോ എന്തുമാവട്ടെ, പോവുന്നിടം അതു വഴിയാക്കിക്കൊള്ളും. അങ്ങിനെ സകലതിനെയും ഇടിച്ചു ലവലാക്കി പോവുന്ന പോക്കിനെയാണ് ജഗ്ഗർനോട് എന്ന പദം കൊണ്ട് സായിപ്പ് വിവക്ഷിക്കുന്നത്. സെക്സ്ടെക് ഒരു ജഗ്ഗർനോട്ടാണ്, അത് അതിൻ്റെ വഴിയിൽ തന്നെ മുന്നോട്ടു പോവും എന്നറിയാൽ താഴെയിട്ട ലിങ്കിലെ ഫോർബ്സ് മാഗസിനിലെ ലേഖനം വായിച്ചാൽ മതി, ഇവിടെ അതിലെ അത്യാവശ്യം ചിലകാര്യങ്ങളുണ്ട്.

നമുക്ക് ഇന്നും സെക്സ് എന്താണെന്നും ജൻഡർ എന്താണെന്നും കൃത്യമായി ഒന്നു നിശ്ചയിക്കുവാൻ തന്നെ ആയിട്ടില്ല. സ്ഥാനത്തും അസ്ഥാനത്തും ലിംഗം എഴുന്നള്ളിക്കുയാണ് ഭാഷയിൽ, ലിംഗവ്യത്യാസം, എതിർലിംഗം എന്നൊക്കെ വായിക്കുമ്പോൾ ഉടുതുണി പൊക്കി കാണിക്കുന്ന ഒരു പ്രതീതിയാണ് ഉളവാകുന്നത്. സെക്സിനു ചുറ്റിലുമായി ചിന്തയെ കെട്ടിയിട്ട് ഒടുവിൽ ലോകോത്തര സദാചാര പോലീസുകാരായി മാറി ഒന്നുകിൽ കിട്ടിയവനെ തല്ലിക്കൊന്ന്, അല്ലെങ്കിൽ കിട്ടിയതു വാങ്ങിപ്പോവുന്ന ജന്മങ്ങളുടെ ലോകത്തു തന്നെയാണ് സെക്സിനോട് ടെക്നോളജിയെ കൂട്ടിക്കെട്ടി, ലൈംഗികതയെ, അതിൻ്റെ ആസ്വാദനത്തെ ലോകം ഇന്ന് പുനർനിർവ്വചിക്കുന്നത്.

സ്വാഭാവിക പ്രത്യുല്പാദനത്തെ ബാധിക്കുന്ന ഒന്നും അടുപ്പിക്കാൻ പാടില്ലെന്ന ഒരു കാഴ്ചപ്പാട്  മതനിർമ്മിതിയാണ്. സ്വാഭാവികമാണ് നിർമ്മിതബോധത്തെ നിർമ്മിതബുദ്ധി തകർത്തെറിയുന്നത്.  എല്ലാവരും സന്തതികളെ ഉല്പാദിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കുവാനാണ്? വംശശുദ്ധി, വംശം വേരറ്റുപോവുക എന്നിത്യാദി വിഡ്ഢിത്തങ്ങളൊക്കെയും ശാസ്ത്രത്തിൻ്റെ ചൂടിലും വെളിച്ചത്തിലും കരിഞ്ഞുപോവുന്നതു മാത്രമാണ്.

സെക്സിൻ്റെ തുല്യവിതരണം

ഭേദപ്പെട്ടത്, സമാസമം, സുരക്ഷിതം, ശരാശരി - നാലു ചുമരുകൾക്കുള്ളിലെ മെരുക്കപ്പെട്ട ലൈംഗികത, സഹ്യൻ്റെ മകനെയും മകളെയും കെണിവെച്ചു പിടിച്ച് ഗുരുവായൂരിലെ ആനക്കൂട്ടിൽ തളച്ച് ആനപ്രേമം തള്ളിമറിക്കൽ മാത്രമാണ്. കൂട്ടിലെ ആനജീവിതം പോലെതന്നെ അതു വിരസവുമാണ് എന്ന് എല്ലാവർക്കുമറിയാം. പക്ഷേ നാലുചുവരുകൾ മനുഷ്യനെ തളച്ചിട്ട മൃഗത്തിൽ നിന്നും വ്യത്യസ്തനാക്കുന്നുണ്ട്. കാരണം മൃഗം പ്രാകൃതവും മനുഷ്യൻ സംസ്കൃതവുമാണ് എന്നതാണ്, സംസ്കൃതം കാപട്യമാണെന്നതുമാണ്

മനുഷ്യൻ്റെ ലൈംഗികതയെ ഏറെയും നിർണയിക്കുന്നതു അവൻ്റേതുമാത്രമായൊരു  ഭാവനാലോകമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഒരന്തരവും അതാണ്മറ്റൊരാളെ സ്പർശിക്കാതെ തന്നെ തൻ്റെ ലൈംഗികഭാവനകളുടെ ലോകത്തിരുന്നു വേണ്ടുവോളം ലൈംഗികസുഖം ആസ്വദിക്കുവാനുള്ള ശേഷി മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്ബന്ധങ്ങളിലെ ഇഴയടുപ്പത്തെ നിലനിർത്തുന്നതും സ്നേഹബന്ധത്തിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതുമായ അറ്റകുറ്റപ്പണികളാണ് ലൈംഗികബന്ധങ്ങൾ എന്നും മനുഷ്യശരീരങ്ങളത്രയും വൈയക്തികമായ ചരിത്രങ്ങളുടെയും സാംസ്കാരികമായ അനുശാസനകളുടെയും ലിഖിതങ്ങൾ പേറുന്നതാണെന്നും എസ്തേർ നിരീക്ഷിക്കുന്നുണ്ട്.  

ഡിഎച്ച് ലോറൻസിൻ്റെ വിഖ്യാതമായ ലേഡി ചാറ്റർലിസ് ലവറിൽ നിന്നും ഒരു പാസേജ് മൊഴിമാറ്റിയിടുന്നു - “കടന്നുപോകുവാൻ ബുദ്ധിമുട്ടുള്ള, ശരീരമുരയുന്ന മുള്ളുകളും ചില്ലകളുമുള്ള മരങ്ങളുടെ മതിലുകൾക്കിടയിലൂടെ അയാൾ അവളെ മുന്നോട്ടു നയിച്ചു, ഒരല്പമിടത്ത് വീണുകിടന്ന ചില്ലകളുടെ കൂമ്പാരത്തിനടുത്തേക്ക്. ഒന്നോ രണ്ടോ ഉണങ്ങിയവ അയാൾ എടുത്തെറിഞ്ഞു, അതിനു മുകളിലായി അയാളുടെ കോട്ടും വേസ്റ്റ് കോട്ടും വിരിച്ചു. ഇറുകിയ ഷോർട്സിലും ഷർട്ടിലുമായി അടുത്തു നിന്നു അവളെ സാകൂതം നോക്കുന്ന അയാളുടെ കണ്ണുകളിലെ ആസക്തി അവളെ ചില്ലകളുടെ മേലേയ്ക്ക് ചായ്ച്ചുകിടത്തി, കാട്ടിൽ മരച്ചില്ലകൾക്കു താഴെയായി ഒരു മൃഗമെന്നോണം.  അയാൾ കുറച്ചൊക്കെ കരുതലോടെ, പതുക്കെ അവളെ ശരിയായി  കിടത്തി. എങ്കിലും, പക്ഷേ അയാളുടെ അക്ഷമ അവളുടെ അടിക്കുപ്പായത്തിൻ്റെ ചരട് പൊട്ടിച്ചുകളഞ്ഞു,   അനങ്ങാതെ, ചേതനയറ്റു കിടക്കുകയല്ലാതെ, അതൊന്നു അഴിച്ചെടുക്കാൻ അവളവനെ സഹായിച്ചതുമില്ല. പിന്നീട് അയാൾ സ്വന്തം മുൻഭാഗം കൂടി നഗ്നമാക്കി, അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവളിലമർന്ന അയാളുടെ  നഗ്നശരീരം അവൾക്ക് അനുഭവവേദ്യമായി. ഒരുനിമിഷത്തേക്ക്..പെട്ടെന്ന് ഒന്നുകൂടി വികസിച്ച്, ഒരു  വിറയലോടെ അയാൾ അവളിലമർന്നു. പിന്നെ പതുക്കെ അയാൾ ചലിക്കാൻ തുടങ്ങുമ്പോഴേക്കും പെട്ടെന്നു വന്നെത്തിയ രതിമൂർച്ഛയുടെ നിസ്സഹായതയിൽ പുതിയ, അന്നുവരെ അപരിചിതമായ പുളകങ്ങളുടെ ഓളങ്ങൾ  അവളിൽ അലയടിച്ചു.”

 മുകളിൽ അതിമനോഹരമായി പുരുഷലൈംഗികതയെ, അതിൻ്റെ അക്ഷമയെ, കരുതലില്ലായ്മയെ ഒക്കെയും ലോറൻസ് കൃത്യമായി വരച്ചിടുന്നുണ്ടെങ്കിലും  കോണിക്ക് ആയൊരു ലൈംഗികബന്ധത്തിൽ നിന്നും എന്താവും കിട്ടിയിട്ടുണ്ടാവുക? അയാളുടെ രതിമൂർച്ചയ്ക്കും അവളുടെ നിരാശയുടെയും ഇടയിൽ കൃത്യമായ ഒരു സ്പെയ്സ് ഉണ്ട്. സ്പേസിൽ സെക്സും ടെക്നോളജിയും കൈകോർക്കുന്നെങ്കിൽ അതെങ്ങിനെയാണ് പ്രകൃതി വിരുദ്ധമാവുക? ന്യായത്തിൽ കൃഷി ഒരു സംസ്കാരമാണെന്ന് നമ്മൾ പറയുമ്പോൾ തന്നെ അതു പ്രകൃതി വിരുദ്ധമാണ്.  പക്ഷേ വിശപ്പിന് പരിഹാരം കൃഷിയാണെങ്കിൽ തൃഷ്ണയ്ക്ക് പരിഹാരം ടെക്നോളജിയാവുന്നതിനെ എന്തിന് എതിർക്കണം?

 ലൈംഗികതൃഷ്ണയെന്നത് മോഹമാണ്, ആഗ്രഹിക്കുന്നത് സ്വായത്തമാക്കുവാനുള്ള അഭിനിവേശത്തിൻ്റ കലയാണത്. ഇറോട്ടിക് ലൈഫ് ഒരർത്ഥത്തിൽ ഫാമിലി ലൈഫ്, സോഷ്യൽ ലൈഫ് എന്നതിൻ്റെയൊന്നും നിർവ്വചനങ്ങളുടെ പരിസരത്തുകൂടി വരുന്നതല്ല. ഇറോട്ടിക് സ്പേസ് എന്നതു ബന്ധങ്ങളുടെ മാറാപ്പുകളില്ലാതെ, പരസ്പരമുള്ള  ലൈംഗികാകർഷണത്തിൻ്റെ സഞ്ചാരപഥത്തിൽ ഉണ്ടാവുന്ന സ്പേസാണ്.  അവിടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ റോബർട്ടിനു കഴിയാതെ വരുമ്പോൾ, റൂബിയുടെ കാമനകളെ തൃപ്തിപ്പെടുത്താനാവാതെ വരുമ്പോൾ സ്പേസിലേക്ക് അതിനു സാധ്യമാവുന്ന റൊബോട്ട് റൂബിയുടെ ആവശ്യമാണ്, മറിച്ചും. അത്രയേ ഉള്ളൂ സെക്സ്ടെക്.

 ടെക്നോളജിയുടെ യുഗത്തിൽ സെക്സിൻ്റെ ഭാവി എന്താണ് എന്ന തൻ്റെ വോഗ് മാഗസിനിലെ ലേഖനത്തിൽ ബല്ലി കൌർ ജസ്വാൾ പറയുന്നതു നോക്കൂ - വേണമെങ്കിൽ അമിതമായൊരു ശുഭാപ്തിവിശ്വാസിയായി എന്നെ  നിങ്ങൾ കരുതിക്കോളൂ, പക്ഷേ മാറ്റങ്ങളൊന്നും മാനവരാശിയുടെ പതനത്തിലേക്കാണെന്ന് ഞാൻ കരുതുന്നേയില്ല.  ചില ബേസിക് ഫങ്ഷനുകൾ  നൂതനമായി രീതിയിൽ എളുപ്പമാക്കാനുള്ള സാങ്കേതിക മാറ്റങ്ങൾ മാത്രമാണവ.  ഭാവിയിൽ ലൈംഗികത വ്യത്യസ്തമായി തോന്നിയേക്കാം, ഇന്നു ബസിൽ കയറി പണിക്കുപോവുന്നത് നാളെ ജെറ്റ്പാക്ക് ധരിച്ച് പറന്നുപോവുന്നതുപോലെ മാത്രം.  ലൈംഗികത കൂടുതൽ പ്രാപ്യമായേക്കാം, അതിനെ  ഉപരിപ്ലവതയായി വ്യാഖ്യാനിച്ചേക്കാം.  അതൊന്നും ബന്ധങ്ങളുടെ ആഴത്തിലെ മാനുഷികമൂല്യങ്ങളെ ഇല്ലാതാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. നമ്മുടെ വെർച്വൽ ജീവിതം സാധാരണജീവിതം പോലെ തന്നെയല്ലേ? ഒരു  ഫേസ്ബുക്ക് പ്രതികരണ യുദ്ധത്തിലും  അമ്മാവനുമായുള്ള അത്താഴത്തല്ലിലും ഉണ്ടാവുന്ന ദ്വേഷം ഒന്നുതന്നെയാണെന്ന് മനസ്സിലാക്കിയാൽ മതി.

 ബല്ലി തുടരുന്നു - സോഷ്യൽമീഡിയ ലൈംഗികതയുടെ ഭാവിയെക്കുറിച്ചുള്ള എൻ്റെ ശുഭാപ്തിവിശ്വാസത്തെ വർദ്ധിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഉഭയസമ്മതം, സെക്സ് പോസിറ്റിവിറ്റി, പ്രത്യുൽപാദന ആരോഗ്യവും വിഷയമായ വിവിധ സംഭാഷണങ്ങളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. #MeToo, Times Up തുടങ്ങിയ പ്രസ്ഥാനങ്ങൾ ലൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദിക്കാൻ ലോകമെമ്പാടുമുള്ള സ്ത്രീകളെ പ്രാപ്തരാക്കുന്നുണ്ട്. ഒരു മെഷീനോട് എന്ത് ചോദ്യവും ചോദിക്കാനും കണ്ണിമചിമ്മുന്ന വേഗതയിൽ ഉത്തരം നേടാനും കഴിയുന്ന കാലവുമാണ്. അതേ, നൂതനയുഗത്തിൽ പ്രശ്നപരിഹാരത്തിന് വേണ്ടത് പഴകി ദ്രവിച്ച മത-പ്രത്യയശാസ്ത്ര ടൂളുകളല്ല, കാലികമായ പുതിയ ടൂളുകളാണ്.

 അഫ്ഗാനിസ്ഥാനിലെ പ്രതീക്ഷയുടെ പെൺസ്വരങ്ങളിലൊന്നായ ഡോ. പർവീൻ പഷ്വാക്കിൻ്റെ  ‘ചുംബനംഎന്ന കവിത നോക്കൂ.

 

നിൻ്റെ ചുണ്ടിൻ്റെ സുഗന്ധം

ആരിലെങ്കിലും നിക്ഷേപിക്കുക

ഹേ ചുവന്ന റോസാപുഷ്പമേ

നീ ക്ഷണം വാടിപ്പോയേക്കാം...

കാറ്റ് പറഞ്ഞു...

ജൂൺ മാസ രാവ് പാതിയിലെത്തുമ്പോൾ

ചന്ദ്രൻ വയസ്സറിയിക്കുമ്പോൾ

ഒരു കാറ്റ് വന്നു ചുവന്ന റോസാപ്പൂവിനെ പുണരുമ്പോൾ

പൂക്കൾ നിരനിരയായി മോഹാലസ്യത്തിലേക്കു വീഴുമ്പോൾ

എൻ്റെ പ്രിയനേ വരിക

പുണരുക, ചുംബനങ്ങളാൽ മൂടൂക...

കരുത്തിനെ പറ്റി, ശാക്തീകരണത്തെ പറ്റി, പിന്തുണയെ പറ്റി സംസാരിക്കുന്ന പെൺസ്വരങ്ങൾ നിങ്ങൾ കേൾക്കുന്നു...

അതെ!   സ്വയം വിശ്വസിക്കാത്ത എന്തെങ്കിലുമൊന്ന് എങ്ങിനെയാണ്  നമുക്കു നേടാനാവുക ?

നമ്മുടെ ബലഹീനത ആസ്വദിക്കുകയും അത് നമുക്കെതിരെ തന്നെ ഉപയോഗിക്കുകയും ചെയ്യുന്നവരെ നിങ്ങളെന്തിനത് കാണിക്കണം?

സഹായം വാഗ്ദാനം ചെയ്യുന്നവർ തന്നെ സ്വന്തം ഭാര്യമാരെയും പെൺകുട്ടികളെയും സഹോദരിമാരെയും വീട്ടിൽ തടവിലാക്കുമ്പോൾ നിങ്ങൾക്കെങ്ങിനെയാണ് സഹായഹസ്തങ്ങളെ വിശ്വസിക്കാനാവുക? നമുക്കു  കളി തുടരേണ്ടതുണ്ട് ...  മുന്നോട്ടേക്കുള്ള പ്രയാണം..

നമ്മൾ ശക്തരാണ്..

കാര്യങ്ങൾ മെച്ചപ്പെടുന്നുണ്ട്…..

നിങ്ങളുടെ സഹായത്തിന് നന്ദി

പക്ഷേ എല്ലാം സ്വയം ഞാൻ ചെയ്യാം!

 പക്ഷേ എല്ലാം സ്വയം ഞാൻ ചെയ്യാം!  എന്ന പൊള്ളിക്കുന്ന വാചകത്തിൽ പർവീൻ പകരുന്ന  ബോധത്തിലാണോ അന്നാ ലീ നിർമ്മിത ബുദ്ധിയെ മെരുക്കി ചിലതൊക്കെയും യാഥാർത്ഥ്യമാക്കുന്നത് എന്നു തോന്നിപ്പോവും. നമുക്കൊന്നിനി ലയേണസ്സ് എന്ന സെക്ഷ്വൽ വെൽനസ് കമ്പനിയുടെ സ്ഥാപകയായ അന്നാ ലീയിലേക്കു പോവാം. അവളുടെ തന്നെ ഭാഷയിൽ, “ ഒരു കുഞ്ഞായിരുന്നപ്പോൾ, ലൈംഗികമായി ഞാൻ പീഡിപ്പിക്കപ്പെട്ടു.  സംസ്കാരത്തിലെ സ്വാഭാവിക രീതിയിൽ,  പലരെയും പോലെ, ഞാനും അതെന്നിലുളവാക്കിയ ഭയവും ലജ്ജയും കുറ്റബോധവും അത്രയും മറച്ചുപിടിച്ചു,  നിശബ്ദത പാലിച്ചു. ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും വേദന അരിച്ചിറങ്ങി, 10 വർഷത്തിലേറെ ഞാൻ അങ്ങിനെ തുടർന്നു. വിഷാദത്തിൻ്റെ പുതിയ ആഴങ്ങൾ ഞാനളന്നുപോയി എന്ന് ഇന്നെനിക്കറിയാം. അന്നു പക്ഷേ  മാനസികാരോഗ്യത്തെക്കുറിച്ച് ഒന്നും അറിയാത്തതിനാൽ, ഞാൻ തകർന്നുവെന്ന് മാത്രം കരുതി. ലോകത്തിനി ജീവിക്കാൻ തന്നെ ആഗ്രഹിക്കാത്ത ഒരു കാലത്തിലൂടെ ഞാൻ കടന്നുപോയിക്കൊണ്ടിരുന്നു.   ജിവിതത്തിലെ ഒരു "ഘട്ടം" മാത്രമായാണ് എൻ്റെ കുടുംബം എന്നുമത് ണ്ടത്. ചുമക്കുവാനുള്ള എൻ്റെ കുരിശാണിതെന്ന ആത്മനിന്ദയാൽ ഞാനാ ഏകാന്തതയെ പുല്കി, യഥാർത്ഥത്തിൽ ഞാനാരാണെന്ന സത്യം എനിക്ക് എൻ്റെ അമ്മയുമായി പോലും പങ്കുവെയ്ക്കുവാൻ കഴിഞ്ഞില്ല.”

 ഒരു വലിയശതമാനത്തിനും ജീവിതത്തിൽ അനുഭവിക്കുവാൻ തന്നെയാവാത്ത രതിമൂർച്ഛയെ  വിസ്മയകരമായ ഒരനുഭവമാക്കാൻ സഹായിക്കുന്ന ആദ്യത്തെ സ്മാർട്ട് വൈബ്രേറ്റർ വികസിപ്പിച്ചത് ആമസോണിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അന്നയാണ്.  ലോകമെമ്പാടും കലാലയങ്ങളിലും കോൺഫറൻസുകളിലും താരമാണ് 2020-ലെ ഫോർബ്സ് മുപ്പതിൽതാഴെയുള്ള മുപ്പതിലൊരാളായ അന്ന.  ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള ധാരണ വികസിപ്പിക്കുന്നതിനും ഗവേഷണം വിപുലീകരിക്കാനും സ്ത്രീ ലൈംഗികത പാപവും തെറ്റുമാണെന്ന അബദ്ധധാരണകളെ ഇല്ലാതാക്കുവാനുമുള്ള ഒരു വലിയ ദൌത്യമാണ്, അന്നയും അന്നയെപ്പോലുള്ളവരും ഏറ്റെടുത്തിരിക്കുന്നത്. 

 തൃഷ്ണയുടെ കൊടുംചൂടിന് സെക്സ്ടെക് ഇളംകാറ്റായി

അശ്ലീലമല്ല, സ്നേഹമാവട്ടെ എന്ന സന്ദേശവുമായി സിൻഡ് ഗാലപ് മെയ്ക ലവ് നോട് പോൺ (MakeLoveNotPorn) ന് തുടക്കം കുറിച്ചത് 2013. ഉഭയസമ്മതം, ആശയവിനിമയം, ലൈംഗികമൂല്യങ്ങൾ, ലൈംഗികപെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തെ ആദ്യത്തെ ഉപയോക്താക്കൾ സൃഷ്ടിച്ച സോഷ്യൽ സെക്സ് വീഡിയോ ഷെയറിങ്ങ് പ്ലാറ്റ്ഫോമായി അതിനെ മാറ്റിയത് ഒരു വലിയ ലക്ഷ്യവുമായാണ് - ബലാത്സംഗ സംസ്കാരം അവസാനിപ്പിക്കുകമറ്റൊരാൾ എന്തു കരുതുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒന്നേയല്ലെന്ന് സിൻഡി ഗാലപ്.

 വിസ്മയകരമായ, പരസ്പരസമ്മതത്തോടെയുള്ള, ലൈംഗികവിനിമയം എവിടെനിന്ന്  മാതൃകയാക്കാം? അശ്ലീലഇടങ്ങളിൽ നിന്നു  കാണുന്ന വൈകൃതങ്ങളിൽ നിന്ന് വ്യത്യസ്തമായി അതൊക്കെ എങ്ങനെ സാധ്യമാക്കാമെന്ന് ലോകത്തെ കാണിക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് സിൻഡി പറയുന്നു. നിക്ഷേപകരെ കണ്ടെത്തുന്നതിലുള്ള  വെല്ലുവിളികളെ അവർ മറികടന്നത്, ലോകത്തിലെ ആദ്യത്തെ സമർപ്പിത സെക്സ്ടെക് ഫണ്ട് സ്വരൂപിച്ചുകൊണ്ടാണ്.  എംഎൽഎൻപി, വേർതിരിക്കാനാവാത്ത രണ്ടു കാര്യങ്ങളുടെ, യഥാർത്ഥ ലൈംഗികതയുടെയും ഉഷ്മളമായ ബന്ധങ്ങളുടെയും,  ഒരു കാഴ്ചയാണെന്ന് ഫോർബ്സ് ലേഖനം പറയുന്നു. പ്രേക്ഷകരുടെ ആന്തരികമായ മുൻവിധികളെയും പക്ഷപാതങ്ങളെയും തകർക്കുന്നതാണത് എന്ന് അവർ അവകാശപ്പെടുന്നു.

 "പ്രോസ്തെറ്റിക് കൈകളും കാലുകളും ഉണ്ട്, എന്തുകൊണ്ട് ജനനേന്ദ്രിയങ്ങൾ പാടില്ല?" എന്ന ചോദ്യമാണ്  ഒരു സെക്സ്ടെക് നൂതന സാങ്കേതിക വിദ്യയായ VDOM എന്ന ആപ്പ്-കണക്റ്റഡ് അഡൽറ്റ് വെയറബിൾ വികസിപ്പിക്കുന്നതിലേക്ക് മറ്റൊരു പെൺകുട്ടിയെ, സ്കിമൂടെക് (SkiiMoo Tech) സ്ഥാപക ഗ്ലെനിസ് കിനാർഡ് മൂറിനെ നയിച്ചത്.  അതു തന്നെപ്പോലുള്ളവരുടെയും  എൽജിബിടി സമൂഹത്തിൻ്റെയും പല ശാരീരികവൈകല്യമുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതാണെന്ന് അത്മാഭിമാനത്തോടെ കിനാർഡ് മൂർ പറയുന്നുണ്ട്.  

 ലോകത്ത് 130 കോടിയോളം ജനത, 16% പേർ, നമ്മളിൽ  ആറിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് ജീവിക്കുന്നത് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.  അവരുടെ ലൈംഗിക ആവശ്യങ്ങളെ പറ്റി ആരെങ്കിലും ഓർക്കാറുണ്ടോ?  അവരുടെ ആവശ്യങ്ങളെ പറ്റിയുള്ള ചിന്തയും അവരോടുള്ള കരുതലുമാണ് ഹീതർ മോറിസണെ ഹാൻഡി എന്ന  സെക്സ്ടെകിലേക് നയിച്ചത്.  ശാരീരിക വൈകല്യമുള്ളവരിൽ 50% പേർക്ക് സ്വയം ലൈംഗികാനന്ദം കണ്ടെത്തുക അസാധ്യമാണെന്ന് അവർ കണ്ടെത്തി. 63% പേരു  കൈകളുടെ പ്രവർത്തനം പരിമിതമായിരുന്നു.  സർവ്വേയിൽ പങ്കെടുത്തതിൽ 92% പേരും അവർക്കായി പ്രത്യേകം രൂപകല്പന ചെയ്ത ലൈംഗികാസ്വാദന ഉപകരണങ്ങൾ  ആഗ്രഹിച്ചവരാണ്.  ഒരു വലിയ അംഗപരിമിത സമൂഹം അവരുടെ ലൈംഗിക ആവശ്യങ്ങളുടെയും ലൈംഗിക ആരോഗ്യത്തിൻ്റെയും കാര്യത്തിൽ തീർത്തും ഒറ്റപ്പെട്ടും സ്വയം പഴിച്ചും നില്ക്കുന്ന കാലത്ത്  പൊള്ളയായ സദാചാരത്തിൻ്റെ മതിലുകൾ ഇടിച്ചുനിരത്തി അവർക്ക് അരികിലേക്കെത്തിയത് മതങ്ങളോ തത്വശാസ്ത്രങ്ങളോ അല്ല, സാങ്കേതിക വിദ്യയാണ്, സെക്സ്ടെക്. അവരെ ചേർത്തുപിടിക്കുന്ന കരുതലിൻ്റെ കരങ്ങൾ ബോധത്തിൻ്റെ തീരവും ഏറെയും വനിതകളുടേതാണെന്നത് ശ്രദ്ധേയമാണ്. 

 സ്നേഹനിധിയായ ഒരു പങ്കാളി ഉണ്ടായിരുന്നിട്ടും, സ്വകാര്യ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഞാൻ രതിമൂർച്ചയേ അനുഭവിച്ചിരുന്നില്ല. ഏകാന്തതയും ലജ്ജയുമായിരുന്നു ആകെ. പോൺസൈറ്റുകളിൽ തിരഞ്ഞു കണ്ടെത്തിയതാവട്ടെ  എനിക്കുവേണ്ടതുമായിരുന്നില്ല. പല സ്ത്രീകൾക്കും ഇതൊരു സാധാരണ അനുഭവമാണ്.  എപ്പോഴും മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് സ്വന്തം ആനന്ദത്തിന് മുൻഗണന നൽകുക ബുദ്ധിമുട്ടാണ്. അതിനായി ഒരിടം  സൃഷ്ടിക്കേണ്ടതുണ്ടെന്ന് എനിക്ക് മനസ്സിലായി - മികച്ച ലൈംഗികതയെ പ്രചോദിപ്പിക്കുന്ന ഒരു സ്ഥലം. അവിടമാണ് ആഫ്റ്റർഗ്ലോ.” വാക്കുകൾ  ആഫ്റ്റർഗ്ലോയുടെ സ്ഥാപകയും സിഇഒയുമായ ലില്ലി സ്പാർക്സിൻ്റേതാണ്.  2020 മാർച്ചിൽ തുടങ്ങിയ ആഫ്റ്റർഗ്ലോയ്ക്ക്  നിരവധിയാണ് ഉപഭോക്താക്കൾ. ആഫ്റ്റർഗ്ലോ ഒരു നൈതിക അശ്ലീല പ്ലാറ്റ്ഫോമാണ്, ലൈംഗികത രസകരമാക്കാൻ ഗൈഡഡ് സ്വയംഭോഗവും വെൽനസ് വ്യായാമങ്ങളും ചേരുന്ന ഒരിടം. 

 സാധാരണയായി അടച്ച വാതിലുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ലൈംഗികതയുടെ,  വിശിഷ്യാ സ്ത്രീലൈംഗികതയുടെ  ഒരു ലോകത്ത്, ലോറ ഡികാർലോ സാമൂഹിക ധാരണകളെ കുടഞ്ഞെറിഞ്ഞ്  സെക്സ്ടെക്കിലെ നൂതനത്വങ്ങൾക്ക്  തുടക്കമിട്ടത് 2017ലാണ്. ശേഷം വർഷങ്ങൾ കഴിഞ്ഞാണ് നമ്മൾ ഇതൊക്കെയും ചർച്ച ചെയ്യുന്നതു തന്നെ, അതും ഒളിച്ചും പാത്തും. ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ റോബോട്ടിക്സ് ആൻഡ് എഞ്ചിനീയറിംഗുമായി സഹകരിച്ചാണ് പ്രധാന ഉപകരണം ഓസെ അവർ വികസിപ്പിച്ചെടുത്തത്, ഇന്നുവരെ, ഓസെ കമ്പനിയുടെ ഏറ്റവും ജനപ്രിയ ഉൽപ്പന്നമായി തുടരുന്നു, ഒരുപാട് അപവാദങ്ങൾ പിന്നിട്ട ഉല്പന്നം മൊത്തം വിൽപ്പനയുടെ 36% വരുമെന്ന് ഫോർബ്സ് മാഗസിൻ പറയുന്നു. 2020-, നടിയും മോഡലും ആക്ടിവിസ്റ്റുമായ കാരാ ഡെലിവിംഗ്നെ ലോറ ഡികാർലോയ്ക്കൊപ്പം സഹ ഉടമയും ക്രിയേറ്റീവ് അഡ്വൈസറും ആയി ചേർന്നു, ഡികാർലോയും ടീമും ബോധവല്ക്കരണത്തിലൂടെയും ആക്റ്റിവിസത്തിലൂടെയും ലജ്ജയുടെയും പാപത്തിൻ്റെയും അതിരുകൾ മാറ്റിവരച്ചു.  കാലങ്ങളായി തുടരുന്ന മതിലുകൾ തകർത്ത് തങ്ങളുടെ സ്റ്റാർട്ടപ്പായ സെക്സ്ടെകിലേക്ക് 7 മില്യൺ ഡോളർ സമാഹരിച്ചിരിക്കുന്നു.

 ടെക് ഇൻഡസ്ട്രി പുരുഷമേധാവിത്വത്തിൻ്റെ മേഖലയാണെന്നത് രഹസ്യമല്ല, ലോകത്തെ 31% പുരുഷന്മാരെയും ബാധിക്കുന്ന ശീഘ്രസ്ഖലനത്തിന്, ലൈംഗികാശങ്കകൾക്ക് പരിഹാരവുമായി വന്നത് പക്ഷേ ഒരു പെൺകുട്ടിയാണ് - പട്രീഷ്യ ലോപ്പസ്, തൻ്റെ സെക്സ്ടെക് ആയ MYHIXEL ലിലൂടെ.  സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുരുഷന്മാർക്ക് ആവശ്യത്തിനുള്ളത് ഇല്ലെന്ന തിരിച്ചറിവാണ് ലോപ്പസിനെ അതിലേക്ക് നയിച്ചത്. പട്രീഷ്യ പറയുന്നു,  സ്ത്രീകൾക്ക് ലൈംഗിക ബന്ധം പ്രയാസകരമാണെന്നും, പുരുഷന് അതു നിഷ്പ്രയാസമാണെന്നും ആയിരുന്നു എതാണ്ട് എല്ലാവരുടെയും ധാരണ.  പുരുഷ ലൈംഗിക ആശങ്കകൾക്ക് പ്രകൃതിദത്തമായ പരിഹാരങ്ങളുടെ അഭാവം വിപണിയിലുണ്ടെന്ന് ഞാൻ കണ്ടു”.  ആരോഗ്യം, സാങ്കേതികവിദ്യ, ബോധവല്ക്കരണം എന്നിവയുടെ സംയോഗത്തിലൂടെ പുരുഷാരോഗ്യത്തിന് അതർഹിക്കുന്ന ശ്രദ്ധ നല്കേണ്ടതാണെന്ന തോന്നലാണ്  പുതിയൊരു ബ്രാൻ്റ് നിർമ്മിതിയിലേക്ക് തന്നെ എത്തിച്ചതെന്ന് പട്രീഷ്യ പറയുന്നു. മലയാള ദിനപത്രങ്ങളിലെ, കാനാഠിമഠം മോഡൽ കുഞ്ഞൻ പരസ്യങ്ങളിലൂടെ വടക്കോട്ടൊഴുകുന്ന മലയാളിപുരുഷൻമാരുടെ കോടികൾ വാർത്തയായിട്ട് കാലമേറെ ആയിട്ടില്ല.

 ടെക്കിൽ വിശ്വസിക്ക   

സാങ്കേതികവിദ്യയുടെ യുഗത്തിൽ ആളുകൾക്കിടയിലെ പരസ്പര വിശ്വാസ്യത ബുദ്ധിമുട്ടാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അതേ എന്നു തന്നെയാണ് ഓസ്ട്രേലിയൻ പോഡ്കാസ്റ്ററും സെക്സ്ടെക് മേഖലയിലെ അറിയപ്പെടുന്ന സംരംഭകയുമായ ബ്രയോണി കോൾ പറഞ്ഞത്. ഒട്ടനവധി താല്പര്യങ്ങളുടെയും പ്രലോഭനങ്ങളുടെയും ഇതരവിചാരങ്ങളുടെയും ലോകത്ത്, എല്ലാം ഒരു തിരഞ്ഞെടുപ്പിലേക്ക് പോവുക സാധ്യമാണെന്ന് അവർ വിശദീകരിക്കുന്നു. ബന്ധത്തിൽ നിന്നുള്ള വ്യതിചലനം പങ്കാളി കാരണമാവണമെന്നില്ല. പ്രലോഭനങ്ങളുടെ ഘോഷയാത്രയിൽ  അതിൻ്റെ നിയന്ത്രണം എളുപ്പമല്ലഇൻ്റർനെറ്റിൻ്റെ ആവിർഭാവശേഷം വിവാഹമോചന നിരക്ക് ക്രമാതീതമായി ഉയർന്നു, പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ചവരുടെ ജനറേഷനിലെ ആളുകൾ പഴയ ഹൈസ്കൂൾകാല പ്രണയികളുമായി വീണ്ടും ബന്ധം പുലർത്തിയതായിരുന്നു കാരണം. ഇന്ന് ആളുകൾ വളരെ വൈകി വിവാഹം കഴിക്കുന്നത് കാണാം, എല്ലാവരുമല്ല.

 സാങ്കേതികവിദ്യ ബന്ധങ്ങളെ തകർക്കും എന്നുപറയുന്നവർ അതു കൂട്ടിച്ചേർത്ത ബന്ധങ്ങളുടെ കണക്കുകൾ പരിശോധിക്കാറുണ്ടോ എന്നതു സംശയമാണ്.  എത്രതന്നെ  പുരോഗമിച്ചാലും മനുഷ്യർ പരസ്പരം ബന്ധിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടരാണെന്ന് തന്നെയാണ് ടെക്നോളജിയുടെ ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.

ആരെങ്കിലുമായി ബന്ധപ്പെടേണ്ടതിൻ്റെഅടുത്തിടപഴകേണ്ടതിൻ്റെ ആവശ്യകതയൊന്നും ഇല്ലാതാകുന്നതല്ല, മനുഷ്യൻ അടിസ്ഥാനപരമായി സാമൂഹ്യജീവിയാണ്. ഭക്ഷണം, ഉറക്കം, പാർപ്പിടം, ഒക്കെയും പോലെ അടിസ്ഥാന ആവശ്യമാണ് ലൈംഗികസംതൃപ്തിയും. ലൈംഗികതയുടെ മേഖലകളിൽ കാലമിന്നോളം സാധ്യമാവാത്ത, നവീകരിക്കപ്പെടുവാനുള്ള, ആസ്വാദനത്തെ വിഴുങ്ങുന്ന തമോഗർത്തങ്ങളുണ്ട്. അവിടേക്ക് കടന്നുകയറുവാൻ സെക്സ്ടെക്കിന് കഴിയുമെങ്കിൽ, എന്തിനു പഴിക്കണം?

 Reference:

Mating in Captivity Unlocking Erotic Intelligence by Esther Perel

Lady Chatterley's Lover by D.H. Lawrence
https://www.forbes.com/sites/marijabutkovic/2021/06/10/next-generation-of-sextech-entrepreneurs-is-here-disrupting-the-37-billion-sexual-wellness-market/?sh=69380d4c73d2

https://hivelife.com/future-of-sex-sextech/

https://www.vogue.in/culture-and-living/content/future-of-sex-in-the-age-of-technology-dating-apps-intimacy-essay

https://www.who.int/news-room/fact-sheets/detail/disability-and-health#:~:text=Key%20facts,earlier%20than%20those%20without%20disabilities.

Friday, March 17, 2023

സ്വതന്ത്രപ്രണയത്തിലെ സ്ത്രീകൾ


കേവലം 38 വയസ്സുവരെ ജീവിച്ച മേരി വോൾസ്റ്റോൺക്രാഫ്റ്റ് ജനിക്കുന്നത് 1759ലാണ്. വിക്ടോറിയൻ സദാചാരകാലത്തിനും മുൻപത്തെ ഭീകരമായ ആണധികാരത്തിൻ്റെ കാലത്ത് സമ്പാദ്യങ്ങളെല്ലാം കളഞ്ഞുകുളിച്ച അക്രമകാരിയും മദ്യപാനിയുമായ പിതാവിൽ നിന്നും തൻ്റെ അമ്മയെ രക്ഷിക്കാൻ മുറിയുടെ വാതിൽപ്പുറത്ത് കാവൽ കിടന്ന മകളായിരുന്നു മേരി വോൾസ്റ്റോൺക്രാഫ്റ്റ്. പതിനെട്ടാം വയസ്സിൽ വീടുവിടേണ്ടി വന്നവൾ.  ആ കുട്ടിയാണ് സ്വപ്രയത്നം ഒന്നുകൊണ്ടു മാത്രം, സംഭവബഹുലമായ കേവലം 20 വർഷങ്ങൾക്കിടയിൽ ലോകത്തെ എണ്ണം പറഞ്ഞ ചിന്തകയും, എഴുത്തുകാരിയും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം തൻ്റെ എഴുത്തുകളിലൂടെ വാദിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്ത,  ഫെമിനിസത്തിൻ്റെ മാതാവു തന്നെയായ മേരി. 1790ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് മാനും 1792ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമണും എഴുതി, ഞാനാഗ്രഹിക്കുന്നത് പെണ്ണിന് ആണിനുമേലുള്ള അധികാരമല്ല, മറിച്ച് അവൾക്കു മീതെ തന്നെയുള്ള അധികാരമാണ് എന്നു ലോകത്തോട് വിളിച്ചുപറഞ്ഞവൾ, അതു പ്രകാരം തൻ്റെ ജീവിതം ജീവിച്ചവൾ, കാലത്തിനു മുന്നേ ജീവിച്ചവരെ ഉൾക്കൊള്ളാനാവാത്ത സമൂഹത്തോട് കലഹിച്ച് കടന്നുപോയവൾ മേരി. 

“സ്നേഹം അതിൻ്റെ പ്രകൃതം വച്ച് ക്ഷണികമായിരിക്കണം. അതിനെ സ്ഥിരമാക്കുന്ന ഒരു രഹസ്യം തേടുന്നത് ഒരു ഫിലോസഫർ സ്റ്റോൺ അല്ലെങ്കിൽ  മഹാമാരികളെ മൊത്തം ഭേദമാക്കുന്ന ഒരു നാനാവാതസംഹാരി തേടുന്നതു പോലെ ഒരു അന്വേഷണമായിരിക്കും : കണ്ടെത്തിയാൽ തന്നെയും ഉപയോഗശൂന്യമല്ലെങ്കിൽ അതു മനുഷ്യരാശിക്ക് വിനാശകരമാവാനേ സാധ്യതയുള്ളൂ. സമൂഹത്തിൽ വ്യക്തികളെ കൂട്ടിയിണക്കുന്ന ഏറ്റവും പവിത്രമായ  ബന്ധം സൗഹൃദമാണ്." മേരിയുടെ ആ നിരീക്ഷണം എത്ര കൃത്യമാണ്, സത്യവുമാണ്! സൌഹൃദം ആണിനും പെണ്ണിനും ഇടയിലാവുമ്പോൾ  അതിനിടയിലേക്ക് കടന്നുവന്നേക്കാവുന്ന ലൈംഗികതയല്ല, അശ്രദ്ധമായ വേഴ്ചയുമല്ല, മറിച്ച്  വില്ലനാവുന്നത്, ഫ്രീ ലവ് എന്നതിൽ ഫ്രീ എന്നതിന് ഉത്തരവാദിത്വം ഇല്ല എന്ന അർത്ഥം കല്പിക്കുന്ന ആൺബോധമാണ്. ആ തരികിട ബോധത്തിൻ്റെ രക്തസാക്ഷി കൂടിയാണ് മേരി.  വ്യവസ്ഥകളോട് എന്നും കലഹിച്ചവൾ ഫ്രഞ്ച് വിപ്ലവാനന്തര ഫ്രാൻസിൻ്റെ മാറ്റം നേരിൽ കാണാൻ യാത്രതിരിച്ചു.  അവിടെ അവൾ അമേരിക്കനായ ബിസിനസ്സുകാരനും യാത്രികനും മറ്റൊരു ജീനിയസുമായ ഗിൽബർട് ഇംലേയെ പരിചയപ്പെടുന്നു, മേരിയുടെ ഭാഷയിലെ പവിത്രമായ സൌഹൃദം ബന്ധത്തിൻ്റെ ഏതോ വളവിൽ പ്രണയമായി മാറുന്നു, ഗിൽബർടിൻ്റേത് സൌഹൃദം മാത്രമായി നിന്നിടത്തു നില്കുന്നു. പെണ്ണിനെ വിവാഹത്തിലൂടെ അടിമയാക്കുന്ന ബ്രിട്ടീഷ് - വിക്ടോറിയൻ സദാചാരത്തിനെ വെല്ലുവിളിച്ച്, വിവാഹത്തിന് പുറത്ത് ആൺപെൺ സൌഹൃദത്തെ ആഘോഷിച്ച മേരി, ഇംലേയുമായി വിവാഹമില്ലാതെ സഹശയനം നടത്തി തൻ്റെ ചിന്തകളെ പ്രായോഗിക തലത്തിലേക്ക് ഉയർത്തി.  സ്ത്രീകളുടെ അവകാശങ്ങളിൽ, ബന്ധങ്ങളിലെ ലൈംഗിക ഘടകത്തെ തള്ളിയിരുന്ന മേരി പക്ഷേ, ഇംലേ ലൈംഗികതയിലുള്ള താൽപര്യം ഉണർത്തുന്നതായി, താനതിന് വഴങ്ങുന്നതായും അറിയുന്നു. 


സൌഹൃദമോ  പ്രണയമോ എന്തുമാവട്ടെ, മേരി ഗിൽബർട്ടിൽ നിന്നും താമസിയാതെ ഗർഭിണിയാവുന്നു, 1794 മെയ് 14 ന് അവൾ തൻ്റെ ആദ്യത്തെ മകളായ ഫാനിക്ക് ജന്മം നൽകി. ഏറെ ആഹ്ളാദവതിയായിരുന്ന അവൾ തൻ്റെ സുഹൃത്തിന് എഴുതി -  എൻ്റെ കുഞ്ഞുമകൾ ഊക്കോടെ മുലകുടിക്കാൻ തുടങ്ങുന്നു, അവൾ സ്ത്രീയുടെ അവകാശങ്ങളുടെ രണ്ടാം ഭാഗം എഴുതുമെന്ന് അവളുടെ അച്ഛൻ കണക്കുകൂട്ടുന്നുണ്ടെന്നു തോന്നുന്നു.


ഗാർഹിക ചിന്താഗതിയും മാതൃത്വവും പക്ഷേ അനിവാര്യമായും ആശ്ലേഷിച്ച വോൾസ്റ്റോൺക്രാഫ്റ്റിനെ ഇംലേയ്ക്കു വേണ്ടാതാവുന്നു.  താമസിയാതെ അവരെ ഫ്രാൻസിൽ തന്നെ  വിട്ടു അയാൾ പോയി. ഇംലേയുടെത് അടുത്ത യാത്രയ്ക്ക് ടിക്കറ്റെടുക്കുന്ന സ്വതന്ത്രപ്രണയവും മേരിയുടേത് ഇനിയുള്ള യാത്രയിൽ ഒരാളെ മാറോടു ചേർത്ത്  വളർത്തിയെടുക്കേണ്ട, ഇനിയങ്ങോട്ടുള്ള ജീവിതയാത്രയ്ക്കുള്ള വകയും കണ്ടെത്തേണ്ട പെടാപ്പാടുമായി.   ഇംലേയെ തേടി, 1795 ഏപ്രിലിൽ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ലണ്ടനിലേക്ക് മടങ്ങി, പക്ഷേ അയാൾ അവളെ കൈയ്യൊഴിഞ്ഞു. അവൾ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും, ആ ശ്രമം പരാജയപ്പെട്ടു. 


ഇംലേയെ തിരികെ നേടാനുള്ള അവസാന ശ്രമത്തിൽ, അയാളുടെ വെള്ളിയുമായി കടന്നുകളഞ്ഞ നോർവീജിയൻ കാപ്റ്റനിൽ നിന്നും അതു തിരിച്ചെടുക്കുവാനുള്ള കൂടിയാലോചനാ ദൌത്യവുമായി മേരി, തൻ്റെ കൈക്കുഞ്ഞുമായി  സ്കാൻഡിനേവിയിലേക്ക് അപകടകരമായി യാത്രചെയ്തു. അവൾ തൻ്റെ യാത്രകളും ചിന്തകളും ഇംലേയ്‌ക്ക് അയച്ച കത്തിൽ വിവരിച്ചു, അവയിൽ പലതും 1796-ൽ സ്വീഡൻ, നോർവേ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ എഴുതിയ കത്തുകൾ പിന്നീട്  പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാമായിട്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അവൾക്ക് ഇംലേയുമായുള്ള തൻ്റെ ബന്ധം അവസാനിച്ചുവെന്ന് മനസ്സിലാക്കേണ്ടിവന്നു. രണ്ടാമതും ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ഇംലേയ്‌ക്ക് ഒരു കുറിപ്പ് എഴുതി - എൻ്റെ തെറ്റുകൾ എന്നോടൊപ്പം ഉറങ്ങട്ടെ! താമസിയാതെ, വളരെ വേഗം, ഞാൻ നിത്യശാന്തി നേടും.. നീയിത് കൈപ്പറ്റുമ്പോഴേക്കും ചുട്ടുപൊള്ളുന്ന എൻ്റെ തല തണുത്തിരിക്കും... ഞാൻ അന്വേഷിക്കുന്ന മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും കുറഞ്ഞ സാധ്യതയുള്ള തെംസ് നദിയിലേക്ക് ഞാൻ ആണ്ടുപോയിരിക്കും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! നീ എന്നെ അനുഭവിപ്പിച്ചത് ഒന്നും നിനക്ക് ഒരിക്കലും അറിയാൻ ഇടവരാതിരിക്കട്ടെ. എന്നെങ്കിലും നിൻ്റെ ബോധം ഉണർന്നാൽ, പശ്ചാത്താപം നിൻ്റെ ഹൃദയത്തിലേക്ക് വഴി തുറക്കും; ബിസിനസ്സിനും ഇന്ദ്രിയസുഖഭോഗങ്ങൾക്കും ഇടയിൽ, നേരിൻ്റെ വഴിയിൽ നിന്നുള്ള നിൻ്റെ വ്യതിചലനത്തിൻ്റെ ഇരയായി ഞാൻ നിനക്കു മുന്നിൽ  പ്രത്യക്ഷപ്പെടും. തെംസ് നദിയിലേക്ക് ചാടിയ മേരിയെ ഒരു അപരിചിതൻ രക്ഷിച്ചു. 


അക്കാലത്ത്, ബ്രിട്ടനിലെ റാഡിക്കൽ ബുദ്ധിജീവികൾ മിക്കവാറും പ്രസാധകനായ ജോസഫ് ജോൺസനെ കേന്ദ്രീകരിച്ച് ഒരു അടഞ്ഞ ഗ്രൂപ്പായിരുന്നു. അദ്ദേഹത്തിൻ്റെ ലണ്ടൻ വസതിയിൽ ഭക്ഷണം കഴിക്കാനും മദ്യപിക്കുവാനും രാഷ്ട്രീ-സാഹിത്യ-സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യാനും സ്ഥിരമായി എഴുത്തുകാർ ഒത്തുകൂടിയ ഇടം. പ്രതിഭാശാലിയായ, അസാധാരണ അവതരണശൈലിയും അതുപോലെ അറിവും, ബൌദ്ധികമായി ഉന്നതനിലവാരവും ബോധവും പുലർത്തിയ. മേരി വോൾസ്റ്റോൺക്രാഫ്റ്റ് അവിടെ താരമായി, പ്രഖ്യാപിത ബുദ്ധിജിവികളുടെ പേടിസ്വപ്നവുമായി. ജോൺസൻ്റെ സൌഹൃദവലയത്തിലെ പുരുഷ എഴുത്തുകാരെ ആകർഷിക്കുകയും അതുപോലെതന്നെ  ഭയപ്പെടുത്തുകയും ചെയ്തവളായി മാറി മേരി.  ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ചുള്ള ചോദ്യങ്ങൾ അവൾ ചർച്ചയ്ക്കുള്ള ഒരു പ്രധാന വിഷയമാക്കി.  


ഒരു കാലത്ത് അതിനിശിതമായി അവൾ എതിർത്തിരുന്ന വില്യം ഗോഡ്‌വിനുമായുള്ള സൌഹൃദത്തിലേക്ക് മേരി അടുക്കുന്നു. വിവാഹമെന്ന വ്യവസ്ഥയെ ഒരുപോലെ എതിർത്തിരുന്ന രണ്ടുപേർ. സൌഹൃദത്തിനിടയിൽ ലൈംഗികതയ്ക്ക് വലിയ പങ്കില്ലെന്നു കരുതിയവരുടെ ഊഷ്മളമായ സൌഹൃദം. താമസിയാതെ മേരി വോൾസ്റ്റോൺക്രാഫ്റ്റ് വില്യം ഗോഡ്‌വിനിൽ നിന്നും ഗർഭിണിയാവുന്നു. വോൾസ്റ്റോൺക്രാഫ്റ്റ് ഗർഭിണിയായപ്പോൾ, അവരുടെ കുട്ടിക്ക് നിയമസാധുത ലഭിക്കുന്നതിനായി അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹമെന്ന ആണധികാര വ്യവസ്ഥയെ എതിർത്ത രണ്ടുപേരും, ഫെമിനിസം ജനിക്കും മുന്നേ ഫെമിനിസ്റ്റായ മേരിയും അനാർക്കിസ്റ്റായ ഗോഡ്‌വിനും 1797 മാർച്ചിൽ സെൻ്റ് പാൻക്രാസ് പള്ളിയിലാണ് വിവാഹിതരാവുന്നത്.  മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഒരിക്കലും ഇംലേയെ വിവാഹം കഴിച്ചിട്ടില്ലെന്ന വസ്തുത വെളിപ്പെട്ടത് അപ്പോഴാണ്.  അതോടെ മേരിക്കും ഗോഡ്‌വിനും ധാരാളം സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ഗോഡ്‌വിൻ ഏറെ വിമർശിക്കപ്പെട്ടു, തൻ്റെ തത്വശാസ്ത്ര ഗ്രന്ഥമായ പൊളിറ്റിക്കൽ ജസ്റ്റിസിൽ വിവാഹം നിർത്തലാക്കണമെന്ന് വാദിച്ചയാളായിരുന്നു ഗോഡ്‌വിൻ. 1797 മാർച്ച് 29-ന് വിവാഹശേഷം ഗോഡ്‌വിനും വോൾസ്റ്റോൺക്രാഫ്റ്റും സോമർസ് ടൗണിലേക്കു മാറി. കുറച്ച് അകലെയുള്ള ഒരു അപ്പാർട്ട്മെൻ്റ് ഗോഡ്‌വിൻ പഠനത്തിനായി വാടകയ്‌ക്കെടുത്തു, അതുവഴി ഇരുവർക്കും അവരുടെ സ്വാതന്ത്ര്യം നിലനിർത്താൻ കഴിഞ്ഞു, എഴുത്തുകളിലൂടെ ആശയവിനിമയവും. ഹ്രസ്വമെങ്കിലും, സന്തോഷകരവും സുസ്ഥിരവുമായ ബന്ധമായിരുന്നു അവരുടേത്.


1797 ഓഗസ്റ്റ് 30ന്  ഫ്രാങ്കൈൻസ്റ്റീൻ എന്ന വിഖ്യാത നോവൽ രചിച്ച, പിന്നീട് ഷെല്ലിയുടെ ജീവിത പങ്കാളിയായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിന് ജന്മം നല്കി എതാനും ദിവസങ്ങൾക്കുള്ളിൽ അവർ പ്രസവാനന്തര സങ്കീർണതകളുടെ ഇരയായി മരിക്കുന്നു, തൻ്റെ 38ാമത്തെ വയസ്സിൽ. ആ കാലത്തെ പ്രസവമരണങ്ങളുടെ ഭീകരമായ അവസ്ഥയെ പറ്റി നമ്മൾ ചിന്തിക്കണം.  മേരി ആദ്യ മകൾക്കു നല്കിയത്, ആദ്യ പ്രസവത്തിൽ തന്നെ ലോകത്തോടു വിടപറഞ്ഞ, തൻ്റെ ഉറ്റസുഹൃത്ത് ഫാനിയുടെ പേരായിരുന്നു. ഏറെ കഴിഞ്ഞില്ല, പ്രസവത്തിലെ സങ്കീർണതകൾ മേരിയുടെയും ജീവനെടുക്കുമ്പോൾ. ഏറെ ദിവസത്തെ നരകയാതനകൾക്ക് ശേഷം സെപ്റ്റിസീമിയ ബാധിച്ച് സെപ്തംബർ 10-ന് വോൾസ്റ്റോൺക്രാഫ്റ്റ് മരിച്ചു. സർജൻ്റെ കഴുകാത്ത കൈകളിൽ നിന്ന് പ്രസവസമയത്ത് ബാധിച്ച രോഗമാണ് മേരിയുടെ ജീവനെടുത്തത്.  


ജീവിതപങ്കാളി വില്യം ഗോഡ്‌വിൻ തൻ്റെ  സുഹൃത്ത് തോമസ് ഹോൾക്രോഫ്റ്റിന് എഴുതി: “അവൾക്ക് തുല്യയായി ഈ ലോകത്ത് മറ്റൊരാൾ ഇല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പരസ്പരം സന്തോഷിപ്പിക്കാനാണ് ഞങ്ങൾ രൂപപ്പെട്ടതെന്ന് അനുഭവത്തിൽ നിന്ന് ഞാനറിയുന്നു. ജീവിതത്തിൽ ഇനിയെന്നെങ്കിലും സന്തോഷം അനുഭവിക്കാൻ ആവുമെന്ന പ്രതീക്ഷ എനിക്കിനിയില്ല.  സെൻ്റ് പാൻക്രാസ് ഓൾഡ് ചർച്ചിൻ്റെ പള്ളിമുറ്റത്ത് അവളുടെ ശവകുടീരത്തിൽ വായിക്കാം "മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിൻ, എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് ദ വുമൺ: ജനനം: ഏപ്രിൽ 27, 1759: മരണം 10 സെപ്റ്റംബർ 1797.  


മേരിയും ഷെല്ലിയും ബൈറണും


പിന്നീട് തൻ്റെ ഭാര്യാമാതാവായ മേരിയുടെ ഫ്രീ ലവ് ചിന്തകളിലേക്ക് ഷെല്ലി ആകർഷിക്കപ്പെടുന്നത് തൻ്റെ കൌമാരത്തിൻ്റെ അവസാന പാദങ്ങളിലാണ്. പിൽക്കാലത്ത് മേരിയുടെ  ജീവിതപങ്കാളിയാരുന്ന ഗോഡ്‌വിൻ ജീവിച്ചിരിക്കുന്നുണ്ടെന്നറിഞ്ഞ, അദ്ദേഹത്തിലെ അരാജകവാദിയെയും അറിഞ്ഞിരുന്ന ഷെല്ലി വില്യം ഗോഡ്‌വിനെ കാണാൻ എത്തുന്നു (1812). അകാലത്തിൽ പൊലിഞ്ഞ ആ സുന്ദരിയായ അമ്മയുടെ, അന്നു പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള  സുന്ദരിയായ മകളെ, മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിനെയും കാണുന്നു. ഷേക്സീപിരിയൻ ശൈലിയിൽ വന്നു, കണ്ടു, കീഴടക്കി എന്നുപറയാം.  സ്വതന്ത്രപ്രണയത്തിൻ്റെ ഉപാസകനായ ഷെല്ലി അന്നു വിവാഹിതനാണ്. വെെകുന്നേരം വരെയും ഗോഡ്‌വിനുമായി തത്വചിന്താപരമായ സംഭാഷണം, ശേഷം മകൾ മേരിയുമായി ചുറ്റിക്കളിയുമായി ഷെല്ലി കഴിഞ്ഞു. അവൾ ഷെല്ലിയെ തൻ്റെ ഇഷ്ടസങ്കേതത്തിലേക്ക് കൊണ്ടുപോയി, തൻ്റെ അമ്മയെ അടക്കം ചെയ്ത: പഴയ സെൻ്റ് പാൻക്രാസ് പള്ളിമുറ്റത്ത്. വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ശവകുടീരത്തിൽ വച്ചായിരിക്കാം അവർ ആദ്യം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്ന് പ്രൊഫസർ നീൽ മെക് ആർതർ.


സാമ്പ്രദായിക വിവാഹത്തിൻ്റെ രണ്ട് വലിയ എതിരാളികളുടെ മകൾ എന്ന നിലയിൽ മേരി ഏകഭാര്യത്വത്തോടുള്ള തൻ്റെ വെറുപ്പ് പങ്കിടുമെന്ന് ഷെല്ലി സ്വാഭാവികമായും അനുമാനിച്ചു. എന്നാൽ തന്നോടൊപ്പം ഒളിച്ചോടാൻ അയാൾ അവളെ പ്രേരിപ്പിച്ചപ്പോൾ, അവരുടെ ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല, അവൾക്ക് അന്നു പതിനാറു വയസ്സേ പ്രായമുണ്ടായിരുന്നു എങ്കിലും. സ്വതന്ത്രലൈംഗികതയിൽ സംശയം പ്രകടിപ്പിച്ച മേരിയുടെ സംശയനിവൃത്തിക്കായി  വായിച്ചുകൊള്ളുവാൻ ഷെല്ലി ഉപദേശിച്ചതാണ് ദി എംപയർ ഓഫ് ദി നായേർസ് ഓർ റൈറ്റ്സ് ഓഫ് വുമൺ. തൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ഷെല്ലി പറഞ്ഞത് ദി എംപയർ ഓഫ് ദി നായേർസ് ഓർ റൈറ്റ്സ് ഓഫ് വുമൺ (1811) ആയിരുന്നു. അപ്പോൾ ഷെല്ലിയുടെ ഫ്രീ ലവ് ചിന്തകളുടെ ഉറവിടം മലബാറിലെ നായർ പെൺജീവിതങ്ങളായിരുന്നു എന്നുവേണം കരുതാൻ.  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ഫ്രീ ലവ് ആശയങ്ങളുടെ ആരാധകരിൽ പ്രമുഖനായ ലോർഡ് ജെയിംസ് ഹെൻറി ലോറൻസ് എഴുതിയതാണത്. ജമൈക്കയിൽ സമ്പന്നമായ ഒരു പ്ലാൻ്റർ കുടുംബത്തിൽ ജനിച്ച ലോറൻസ്, ഗോഡ്‌വിൻ്റെ  സുഹൃത്തുമായിരുന്നു. മലബാറിലെ നായർ സമൂഹത്തെ അനിയന്ത്രിതമായ ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെ ഭക്തരായി ചിത്രീകരിക്കുന്ന,  നായർ സമ്പ്രദായം കൂടുതൽ വ്യാപകമായി സ്വീകരിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ലോറൻസ്.   ആണിനു വേണ്ടാത്തതും പെണ്ണിനു വേണ്ടുന്നതുമായ പാതിവ്രത്യത്തിൻ്റെ ഇരട്ടത്താപ്പിന്മേലുള്ള വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ കടന്നാക്രമണത്തിൻ്റെ കാരണത്തെ റദ്ദുചെയ്യുന്ന ആൺപെൺ ബന്ധമായി മലബാർ നായർ രീതിയെ ലോറൻസ് കാണുന്നുണ്ട്. 'ഓരോ സ്ത്രീയും ഒരു പുരുഷൻ്റെയും നിയന്ത്രണമില്ലാതെ ജീവിക്കാം, പുരുഷന്മാർ മാത്രം ഇതുവരെ ആസ്വദിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കാം; കാമുകനെ അവൾ ഇഷ്ടം പോലെ തിരഞ്ഞെടുക്കട്ടെ മാറ്റിയെടുക്കട്ടെ.’ നോവലിൻ്റെ അവസാന വാക്കുകൾ വോൾസ്റ്റോൺക്രാഫ്റ്റിനോടുള്ള ആദരവാണ്: 'സ്ത്രീകളുടെ അവകാശങ്ങളിൽ വിജയം!' 


ലോകത്ത് സ്വതന്ത്ര പ്രണയം, ഫ്രീ ലവ്  വ്യാപകമായ ചർച്ചയാവുന്നത് 1792ലാണ്, ഷെല്ലി ജനിച്ച വർഷം, മേരി വോൾസ്റ്റോൺക്രാഫ്റ്റ് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എഴുതിയ വർഷമാണ്. അന്നത്തെ സ്ത്രീ സമുഹത്തിൻ്റെ ദുരിതജീവിതത്തിൽ നിന്നുള്ള മോചനം ലക്ഷ്യമാക്കിയ മേരിയുടെ മികച്ച ആശയമായ ഫ്രീ ലവിനെ തങ്ങളുടെ സുഖത്തിനായി മാറ്റിയതാണ് ഷെല്ലിയും ബൈറണും.  ആ മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ മകളാണ് ഷെല്ലിയുടെ ജീവിതപങ്കാളിയും ഫ്രാങ്കൈൻസ്റ്റീനിൻ്റെ രചയിതാവുമായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിൻ. ഫ്രീ ലവ് ബന്ധപ്പെട്ടിരിക്കുന്നത് പാട്രിയാർക്കിയുടെ എന്തുവന്നാലും എനിക്കാസ്വദിക്കണം നിലപാടിനോടല്ല, മറിച്ച് ഫെമിനിസത്തോടാണ്, ഊഷ്മളമായ ആൺപെൺ ബന്ധങ്ങളുടെ  സാമൂഹികജീവിതത്തിൻ്റെ ആസ്വാദനത്തോടാണ്.  പാട്രിയാർക്കിയുടെ, മസ്കുലിനിസത്തിൻ്റെ, വിക്ടോറിയൻ സദാചാരത്തിൻ്റെ മറ്റൊരു പതിപ്പായിരുന്നു ഷെല്ലിയും ബൈറണും ഫ്രീ ലവ് എന്നപേരിൽ ഇറക്കിയത് എന്നു വേണം കരുതാൻ.  


തുറന്ന ലൈംഗികത എന്ന ആശയവുമായി സമാന ചിന്താഗതിക്കാരായ ആളുകളുടെ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ ഷെല്ലി ശ്രമിച്ചു.  കവി ബൈറൺ, മേരി, മേരിയുടെ അർദ്ധസഹോദരി ക്ലെയർമോണ്ട് എന്നിവരെ കൂട്ടി, 1816-ൽ സ്വിറ്റ്‌സർലൻഡിൽ ഒരു വേനൽക്കാലത്ത് ഒരുമിച്ചു ചെലവഴിച്ചു. ഷെല്ലി മേരിയെയും കൂട്ടി ഒളിച്ചോടിയപ്പോൾ കൂടെ പോന്നവളാണ്  ക്ലെയർ ക്ലെയർമോണ്ട്, പ്രണയത്തെക്കുറിച്ചുള്ള ഷെല്ലിയുടെ വീക്ഷണങ്ങളിൽ ആദ്യം ആകൃഷ്ടയായത് അവളായിരുന്നു. മേരിയുടെ അർദ്ധസഹോദരി ക്ലെയർമോണ്ട് ഷെല്ലിയുമായി ലൈംഗിക ബന്ധം നിലനിർത്തിയിരുന്നതായ് എഴുത്തുകളിൽ കാണാം. 


ഗ്രൂപ്പിൻ്റെ ഒരുമിച്ചുള്ള സമയം ചില മഹത്തായ സാഹിത്യങ്ങൾ സൃഷ്ടിച്ചെങ്കിലും, പ്രത്യേകിച്ച് ഫ്രാങ്കെൻസ്റ്റൈൻ (1818), വ്യക്തിപരമായ തലത്തിൽ അത് ഫലവത്തായില്ല. ബൈറണിൽ നിന്നും  ക്ലെയർമോണ്ട് ഗർഭിണിയായി, മകൾ അല്ലെഗ്ര പിറന്നു. താമസിച്ചില്ല, ബൈറൺ ക്ലെയർമോണ്ടിനെ ഉപേക്ഷിച്ചു. മകൾ അല്ലെഗ്രയെ ഒരു മഠത്തിൽ ഉപേക്ഷിച്ചു. 1822-ൽ വെറും അഞ്ചാമത്തെ വയസ്സിൽ അല്ലെഗ്ര മരിച്ചു. ഷെല്ലിയുടെയും ബൈറണിൻ്റെയും മരണത്തിന് വർഷങ്ങൾക്ക് ശേഷം, ക്ലെയർമോണ്ട് അവരോടൊപ്പമുള്ള തൻ്റെ കാലത്തെക്കുറിച്ച് ദുരിതകാലത്തെ പറ്റി എഴുതി. "സ്വതന്ത്ര സ്നേഹത്തിൻ്റെ വിശ്വാസപ്രമാണങ്ങളുടെ പേരിൽ ഇംഗ്ലണ്ടിലെ ആദ്യത്തെ രണ്ട് കവികൾ നുണകളുടെയും അല്പത്വങ്ങളുടെയും ക്രൂരതയുടെയും വഞ്ചനയുടെയും രാക്ഷസന്മാരായി മാറുന്നത് ഞാൻ കണ്ടു." 


റൊമാൻ്റിക് പ്രണയത്തിൻ്റെയും ശാരീരിക അഭിനിവേശത്തിൻ്റെയും കൂടിച്ചേരലിൽ നിന്നാണ് അനുയോജ്യമായ ഒരു ബന്ധം പിറക്കേണ്ടതെന്ന് വോൾസ്റ്റോൺക്രാഫ്റ്റും ഷെല്ലിയും വിശ്വസിച്ചു. ഫ്രീ ലവിൻ്റെ ഉപാസകരായ സ്ത്രീകളൊക്കെയും അതു മൊത്തമായും ചില്ലറയായും  പ്രണയത്തിൽ പകർത്തിയപ്പോൾ, പ്രണയം നിക്ഷേപമാക്കി ലൈംഗികസുഖം കൊള്ളപ്പലിശയായി വാങ്ങിയവരായിരുന്നു മിക്കവാറും പുരുഷന്മാരൊക്കെയും, ഷെല്ലിയും ബൈറണും അടക്കം.  ഇന്ദ്രിയങ്ങളും മനസ്സും സവിശേഷമായൊരു ഭാവനയുടെ തലത്തിലേക്ക് ഉയരുമ്പോൾ സാധ്യമാവുന്ന വാത്സല്യത്തിൻ്റെയും അഭിനിവേശത്തിൻ്റെയും സ്വരൈക്യത്തിൽ നിന്ന് ഉടലെടുക്കുന്ന അനിർവചനീയമായ അനുഭൂതിയും പരമമായ ആനന്ദവും തനിക്ക്  ഒരിക്കലും അറിയാൻ കഴിയില്ലെന്ന് മേരി ഒരിക്കൽ ഇംലേയോട് പറഞ്ഞു.    അവരെ സംബന്ധിച്ചിടത്തോളം പ്രണയത്തിൻ്റെയും ലൈംഗികതയുടെയും ഈ സംയോജനത്തിന് മാത്രമായിരുന്നു ഒരു പ്രതിഭയുടെ സവിശേഷമായ സ്വഭാവവും, ഇഷ്ടത്തിൻ്റെ അടിത്തറയും, പ്രകൃതിദത്തമായ മഹാസൌന്ദര്യത്തിൻ്റെ ആസ്വാദനവും സാധ്യമാക്കുവാൻ ആവുക. ഉണ്ടും കുടിച്ചും ഉണ്ടാക്കിയും മാത്രം കഴിയുന്നവർക്ക് ഒരിക്കലും സാധ്യമാവുന്നതല്ല ആ ബോധം.  


ലോറൻസിൻ്റെ മലബാർ നായർ സിദ്ധാന്തങ്ങളിലേക്കുള്ള തികഞ്ഞ പരിവർത്തനമായിരുന്നു ഷെല്ലിയുടെ ഫ്രീ ലവ്. ഷെല്ലി ആവുന്നതു ശ്രമിച്ചിട്ടും വിവാഹമെന്ന എസ്റ്റാബ്ലിഷ്മെൻ്റിനെ അടിമുടി എതിർത്ത മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെയും വില്യം ഗോഡ്‌വിൻ്റെയും മകൾ മേരി ഗോഡ്‌വിൻ ആ വഴി പോയില്ല.   തൻ്റെ സുഹൃത്ത് തോമസ് ഹോഗുമായി ശാരീരികബന്ധം പുലർത്തുവാനുള്ള ഷെല്ലിയുടെ താല്പര്യത്തെ മേരി ചെറുത്തു, ലൈംഗികാസക്തിയുടെ ആൾരൂപമായ  കവി ലോർഡ് ബൈറണുമായി പൂർണ്ണമായും പ്ലാറ്റോണിക് ആയ ഒരു ബന്ധമാണ് മേരി എന്നും നിലനിർത്തിയത്. ഷെല്ലിയുടെ മരണശേഷം അവർ തനിച്ചു തുടരുകയാണ് ചെയ്തത്, മറ്റൊരു വിവാഹത്തിലേക്ക് പോയില്ല. 


ഒരു നൂറ്റാണ്ടു മുന്നേയാണ് ബർണാഡ് ഷായുടെ വിഖ്യാതമായ ‘ഫിലാണ്ടറർ’ മാറുന്ന ആൺപെൺ ബന്ധങ്ങളെ പറ്റി ചിരിപ്പിച്ച് ചിന്തിപ്പിച്ചത്. നാടകം തുടങ്ങുന്നതേ സ്ത്രീലമ്പടനായ ചാർട്ടേറിസ്  പുതിയതായി കണ്ടെത്തിയ പ്രണയിനി ഗ്രെയ്സുമായി പ്രണയോന്മാദനിർവൃതിയിലിരിക്കുമ്പോഴാണ്.  കഥാപാത്രങ്ങളൊക്കെ വായിൽക്കൊള്ളാത്ത പുരോഗമനം മാത്രമാണ് പറയുന്നത്.  കലാശിക്കുന്നത് ഒടുക്കം ലോകത്തെവിടെയും ഉള്ളതുപോലെ നെഞ്ചത്തടിയിലും നിലവിളിയിലുമാണ്. രസകരമായ ഒരു ചെറിയ ഭാഗം നാടകത്തിൽ നിന്നും മൊഴിമാറ്റിയിടുന്നു. ഗ്രെയ്സിനെ കിട്ടിയപ്പോൾ ചാർട്ടേറിസ് തള്ളിയ ജൂലിയ ചാർട്ടേറിസിനെ വളഞ്ഞിട്ടു പിടിക്കുന്നതാണ് രംഗം.

ചാർട്ടേറിസ്: എനിക്ക് നിന്നോട് ഒരു കടപ്പാടുമില്ല.

ജൂലിയ: (നിശിതമായി) ഒന്നുമില്ലേ? ലിയനോർഡ്, എൻ്റെ മുഖത്തുനോക്കി നിനക്കങ്ങിനെ പറയാൻ കഴിയുമോ?

ചാർട്ടേറിസ്: ജൂലിയാ, ഒന്നുകൂടി ഞാനോര്‍മ്മിപ്പിക്കാം. നമ്മളാദ്യമായി കണ്ടപ്പോൾ നിൻ്റെ വാദങ്ങൾ എത്രമാത്രം പുരോഗമനപരമായിരുന്നു?

ജൂലിയ: അപ്പോൾ നിനക്കെന്നോട് ഒത്തിരി കൂടുതൽ ബഹുമാനം തോന്നുകയല്ലേ വേണ്ടത്?

ചാർട്ടേറിസ്:  (ശാന്തമായി). തീർച്ചയായും മോളേ. അതല്ല കാര്യം. ഒരു പുരോഗമനവാദിയായ നിനക്ക് എന്തൊരു സ്വാതന്ത്ര്യബോധമായിരുന്നു.  ഒരു തരംതാണ വിലപേശലായല്ലേ വിവാഹത്തെ നീ കണ്ടിരുന്നത്. ഭാര്യ എന്ന സാമൂഹികപദവിക്കും പിന്തുണയ്ക്കും വേണ്ടി, വാര്‍ദ്ധക്യത്തിൽ ഒരു വരുമാനത്തിനുവേണ്ടി വിവാഹത്തിലൂടെ പെണ്ണ്  സ്വയം വില്ക്കുകയാണ്  എന്നൊക്കെ പറഞ്ഞത് നീയല്ലേ? പിന്നെ, നീയെന്നെ കല്യാണം കഴിച്ചെങ്കിൽ ഒന്നാലോചിച്ചുനോക്കൂ - ഉറപ്പായും ഞാനൊരു മഹാകുടിയൻ, അല്ലെങ്കിൽ ഒരു കൊടുംക്രിമിനൽ, അല്ലെങ്കിൽ ചുരുങ്ങിയത് ഒരു ബുദ്ധിഹീനനെങ്കിലും ആകുമായിരുന്നു. അതോളം ഭീകരമായ അവസ്ഥ മറ്റെന്താണ്?  അത്രവലിയൊരപകടത്തെ നീ ആഗ്രഹിക്കുമായിരുന്നോ?  പുരോഗമനവാദികളും  ബുദ്ധിജീവികളുമായ നമ്മൾ അത്തരം ആനമണ്ടത്തരങ്ങളിൽ ചെന്നുവീഴാൻ പാടുണ്ടോ?  അങ്ങിനയൊക്കെ ചിന്തിച്ചായിരുന്നില്ലേ എപ്പോൾ വേണമെങ്കിലും എന്നെ പിരിഞ്ഞുപോകാനുള്ള അവകാശം തന്നിൽ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് - എന്താ അങ്ങിനെയായിരുന്നില്ലേ ജൂലിയാ. ഇക്കാര്യത്തിൽ ഇബ്സൻ്റെ വീക്ഷണം നമ്മൾ അംഗീകരിച്ചത് നീ മറന്നുപോയോ? അതുകൊണ്ടല്ലേ പെണ്ണുപിടുത്തം എനിക്കൊരു കൈത്തൊഴിലായിപ്പോയതും? മണിക്കൂറുകളുടെ ഇന്ദ്രിയാനുഭൂതികള്‍ക്കൊപ്പം മറക്കാനാവാത്ത എന്തെല്ലാം പാഠങ്ങളാണ് അതെന്നെ പഠിപ്പിച്ചത്? 

ജൂലിയ:  നീയെന്നോട് കടപ്പെട്ടിരിക്കുന്നൂവെന്ന് ഇപ്പോൾ സമ്മതിച്ചുവല്ലോ ലിയനോർഡ്?

ചാർട്ടേറിസ്: (അഹങ്കാരത്തോടെ) ഇല്ല. ഞാൻ പഠിച്ചു. പഠിച്ചതിന് ഫീസും തന്നു. നിനക്കെന്നിൽ നിന്നും ഒന്നും കിട്ടിയില്ലേ? ആഹ്ളാദത്തിൻ്റെ ഒരു നിമിഷം പോലും, ജൂലിയാ, ഒരിക്കലും നിനക്ക് ഒന്നും കിട്ടിയില്ലേ?

ജൂലിയ: (വികാരഭരിതമായി മനസ്സില്‍തട്ടും വിധം) ഇല്ല. നീ പകർന്നുതന്ന സുഖാനുഭൂതിയുടെ ഓരോ നിമിഷത്തിനും അങ്ങേയറ്റത്തെ വിലയും ഞാൻ തന്നിട്ടുണ്ട്. എൻ്റെ ശരീരത്തോടുള്ള വികാരപരമായ നിൻ്റെ അടിമത്തത്തോടുള്ള നിൻ്റെ തന്നെ പ്രതികാരത്തിൻ്റെ ഇര - അതാണു ഞാൻ. ആ ഓരോ നിമിഷവും എനിക്കു നിന്നെ സംശയമായിരുന്നു. നിൻ്റെ ഓരോ എഴുത്തുകൾ കിട്ടുമ്പോഴും ഞാൻ പേടിച്ചുവിറക്കുകയായിരുന്നു. എന്നെ മുറിവേല്പിക്കാനുള്ളതെന്തെങ്കിലും കൊണ്ടാവും ആ കത്തെന്ന് കൃത്യമായി എനിക്ക് തോന്നാറുണ്ട്. നിൻ്റെ സന്ദർശനങ്ങൾ എന്നും ഞാനാഗ്രഹിച്ചെങ്കിലും അതൊരു ഭയപ്പാടോടെയായിരുന്നു. ഞാനെന്നും നിൻ്റെ കളിപ്പാട്ടമായിരുന്നു, ഒരിക്കലും നിൻ്റെ കളിത്തോഴിയായിരുന്നില്ല. (എഴുന്നേല്ക്കുന്നു, ശബ്ദമുയര്‍ത്തിക്കൊണ്ട്) നീയെനിക്കുതന്ന ആനന്ദത്തിൻ്റെ നിമിഷങ്ങളെല്ലാം തന്നെ അത്രമാത്രം വേദനാജനകങ്ങളായിരുന്നു ലിയനോർഡ്.  ആ വേദനകളില്‍മുങ്ങിയ എനിക്ക് ആനന്ദം അനുഭവപ്പെടാതെപോയത് സ്വാഭാവികം. (പിയാനോ സ്റ്റൂളിലേക്ക് അവൾ അമരുന്നു - അവനിൽ നിന്നും തിരിഞ്ഞ് കൈകളിൽ മുഖം പൂഴ്ത്തുന്നു). ജീവിതത്തിൽ ഒരിക്കലും നിന്നെ കാണാനിടയായിരുന്നില്ലെങ്കിൽ എന്നു ഞാനിപ്പോൾ ആശിച്ചുപോവുന്നു!

ചാർട്ടേറിസ്: (കോപാവേശത്തോടെ).  ഇത്രയും മാനസികവികാസമില്ലാത്തൊരു പിശാച്! ഇക്കാലമത്രയും നിന്നെ വാഴ്ത്തി നടന്നതിനുള്ള കൂലിയാണോ ഇത്?  നിന്നെ ഞാൻ എന്തുമാത്രം സഹിച്ചതാണ് - അതുമൊരു മാലാഖയുടെ ക്ഷമയോടെ. എന്തെന്നറിയാതെ വാരിപ്പൂശിയ മേക്കപ്പു പോലെയായിരുന്നു നിൻ്റെ സകലപുരോഗമനവുമെന്ന് പരിചയപ്പെട്ട് രണ്ടാഴ്ചകൊണ്ട് എനിക്കു മനസ്സിലായതാണ്.  വാക്കുകളുടെ അർത്ഥമറിയാതെ പുല്‍കിയ ആദർശങ്ങൾ. പരമമായ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞവളാണ് ഇപ്പോൾ ലോകത്തെ നമ്പർ വണ്‍കുശുമ്പുകാരി ഭാര്യയെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. എൻ്റെ ഏതെങ്കിലുമൊരു പെണ്‍സുഹൃത്തിനെ അപമാനിക്കാതെയും ചീത്തവിളിക്കാതെയും നീ വിട്ടിട്ടുണ്ടോ? ഒന്നുകിൽ കിഴവി, അല്ലെങ്കിൽ വൃത്തികെട്ടവൾ, അതുമല്ലെങ്കിൽ കൊള്ളരുതാത്തവൾ.....

ജൂലിയ: (പെട്ടെന്ന് തലയുയര്‍ത്തിക്കൊണ്ട്) അവർ അതൊക്കയായിരുന്നു.

ഇവിടെ ഒരു നൂറ്റാണ്ടു മുന്നേ ഷായുടെ കഥാപാത്രങ്ങളായ ജൂലിയ ലിയനോർഡ് ചാർട്ടേറിസിനോട് പറഞ്ഞതു തന്നെയാണ് അതിനു നൂറുനൂറ്റമ്പത് വർഷം മുന്നേ ബൈറണെ പറ്റി ഫ്രീ ലവ് ആരാധിക തന്നെയായിരുന്ന ക്ലെയർമോണ്ട് പറഞ്ഞത് - ബൈറണുമായുള്ള ബന്ധം അവൾക്കു പകർന്നത് ഏതാനും നിമിഷത്തെ ആനന്ദവും ജീവിതാന്ത്യം വരെയുള്ള ദുരിതവുമാണെന്ന്.  നൂറ്റാണ്ടുകൾ പിന്നിട്ട് നാം ഇവിടെ എത്തിയപ്പോഴും പലപ്പോഴായി കേൾക്കുന്നതും മറ്റൊന്നല്ല. 


കുഞ്ഞ് വേണോ വേണ്ടയോ, വേണ്ടിവന്നാലും വേണ്ടാതെ വന്നാലും കുഞ്ഞിനെ ആരു വഹിക്കും എന്നൊക്കെയുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം സാധ്യമാവുന്ന, കരാറുകൾ സാധ്യമാവുന്ന  ഇന്ന് ഫ്രീ ലവ് പ്രസക്തവുമാണ്. വേണ്ടിവന്നാൽ ആരുടെ കുഞ്ഞെന്ന് തെളിയിക്കാൻ പറ്റാത്ത കാലവുമല്ല.  രണ്ടരനൂറ്റാണ്ടു മുൻപ്  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ കാലത്ത് ആ ബോധമുണ്ടാവുക എന്നത് കാലത്തിനു മുന്നേ നടന്നവർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്.  ആ ബോധത്തിൻ്റെ ആരാധകരായി നടിച്ച് അവരെ ചൂഷണം ചെയതവരാണ് അധികവും, അതിൻ്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയവർ.   ഗർഭനിരോധനം ശാസ്ത്രീയമായി ഏതാണ്ട് സാധ്യമല്ലാതിരുന്ന കാലമായിരുന്നു അത്. ഗർഭനിരോധന മാർഗങ്ങൾക്കു സഭകൾ തന്നെ എതിരായിരുന്ന കാലം. വിവാഹമോചനം അസാധ്യമെന്നുതന്നെ പറയേണ്ട കാലവും.   ഉന്നതമായ സാമൂഹികബോധത്തെ ഉൾക്കൊള്ളുവാനുള്ള ശാസ്ത്രമുന്നേറ്റം നടന്നില്ല. അതിൻ്റെ ദുരന്തനായികമാരായി മേരിമാർ. മേരിയുടെ ഫ്രീ ലവ് ശരിയായിരുന്നു, അതു ഉന്നം വച്ചത് പെണ്ണിനെ ദാമ്പത്യമെന്ന പീഡനത്തിൽ തളച്ചിടുന്ന വിവാഹത്തിൽ നിന്നുള്ള മോചനമായിരുന്നു, നിയന്തണമില്ലാത്ത ഗർഭധാരണവും, പ്രസവമരണങ്ങളിൽ നിന്നുമുള്ള കരകയറ്റവുമായിരുന്നു.  ഇന്ന് ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങളുണ്ട്, ആണിനെന്നതുപോലെ വരുമാനമാർഗങ്ങൾ പെണ്ണിനുമുണ്ട്. അപ്പോൾ ഫ്രീ ലവ് ആശയങ്ങളെ പുല്കിവന്ന് പെണ്ണിൻ്റെ ജീവിതം നരകമാക്കുവാൻ ആണിന് സാധ്യമാവുമെന്ന് തോന്നുന്നില്ല, സ്വന്തം പോക്കറ്റിനെ അവൾ ആശ്രയിക്കുന്ന കാലത്തോളം. 


മധുസൂദൻ. വി