ഒരു ദേശത്തിൻ്റ
കഥയുടെ അരനൂറ്റാണ്ട്, പകർത്തിയ ജീവിതത്തിൻ്റെ ഒരു നൂറ്റാണ്ടും തികയുന്ന വേളയിലെ തിരിഞ്ഞുനോട്ടമാണിത്.
അതിരാണിപ്പാടം എന്നൊരു ദേശത്തിലൂടെ എസ് കെ പറയുന്നത് ഭൂമിശാസ്ത്രത്തിന് വലുതായൊന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സിൻ്റെ സങ്കീർണതകളുടെ
കഥയാണ്. തെരുവിൻ്റെ കഥാപരിസരത്തു നിന്നും ബോധത്തിൻ്റെ
നിറുകയിലേക്ക് തൻ്റെ ലോകപരിചയത്തെ എടുത്തുയർത്തുകയാണ് എസ്. കെയുടെ ക്രാഫ്റ്റ്. മനുഷ്യസാധ്യമായ സകല വികാരങ്ങളുടെയും, ബലഹീനതകളുടെയെും
ക്രൂരതകളുടെയും, ഭീകരമായ ജീവിതാവസ്ഥകളുടെയും ഒപ്പം യാതനകളുടെ ആഴക്കയങ്ങളിൽ നിന്നും
ജീവിതത്തെ കരകയറ്റുന്ന നർമ്മബോധത്തിൻ്റെ, ചിരിയുടെയും അവതാരങ്ങളായ കഥാപാത്രങ്ങളിലൂടെ,
അന്യൂനമായ അവരുടെ വിളിപ്പേരുകളിലൂടെ എസ് കെയുടെ അതിരാണിപ്പാടം - ഒരു ദേശത്തിൻ്റെ കഥ
കോറിയിടുന്നത് ചരിത്രം തന്നെയാണ്. വർത്തമാനത്തിൽ
ലിപികളും ആകാരവുമല്ലാതെ വലുതായൊന്നും മാറാത്ത മലയാളിബോധത്തിൻ്റെ ചരിത്രം.
പെണ്ണിടങ്ങളും സ്ത്രീവിരുദ്ധതയുടെ ഭൂതകാലവും
മധുരയിൽ നിന്നു
വന്ന മീനാക്ഷിവിലാസം തമിഴ് സംഘക്കാരുടെ കോവിലൻ ചരിത്രം നാടകത്തിലൂടെ പഴയകാല നാടകവേദികളുടെ
രീതിയും നടിമാരുടെ ദുരവസ്ഥയും എസ് കെ വരച്ചിടുന്നുണ്ട്. കോവിലൻ ചിലമ്പുമായി വന്നു ‘തേങ്കായുടഞ്ഞുപോകും, മല്ലികപ്പൂ വാടിവീഴും’
തോറ്റം പാടുന്നു. അതു കേൾക്കാൻ പക്ഷേ കണ്ണകിയില്ല. നാടകക്കാരിയെ കുഞ്ഞിക്കേളുമേലാനും
സംഘവും വാരിപ്പോയി. മതിയാവോളം വീശുകഴിഞ്ഞ്
മേലാൻ വിട്ട കണ്ണകി ലേശം വൈകിയേ എത്തിയുള്ളൂവെങ്കിലും കണ്ണകിയുടെ ആ കരച്ചിൽ അന്നത്തെ അഭിനയം എന്നത്തെക്കാളും കേമമാക്കി
എന്നു വായിക്കുന്നിടത്ത് നമുക്ക് കിട്ടുന്നത്
എന്തുകൊണ്ട് ആദ്യകാലങ്ങളിൽ ആണുങ്ങൾ
സ്ത്രീവേഷമിടേണ്ടിവന്നു എന്നതിന് ഉത്തരമാണ്.
എന്തുമാത്രം സ്ത്രീവിരുദ്ധതയുടെ, സ്ത്രീയെ കാമപൂരണത്തിനുള്ള ഉപകരണം മാത്രമായി
കണ്ടവരുടെ നാടായിരുന്നു നമ്മുടേതെന്നും.
എരപ്പൻ്റെ രണ്ടാമത്തെ മകൻ്റെ പൂയിസ്ലാം ഭാര്യയെ കുറിച്ചുള്ള പൊലയാടിച്ചി പരാമർശത്തിലും അതു തന്നെയാണ് വ്യക്തമാവുന്നത്. എതിർലിംഗത്തിലെ ഒരാളോടുള്ള മറ്റൊരാളുടെ ഇഷ്ടത്തെ ഒരു അസാന്മാർഗിക പ്രവൃത്തിയായാണ് സമൂഹം കണ്ടത്. ഈ നിരീക്ഷണങ്ങളത്രയും പുരുഷൻമാരിൽ മാത്രമായി ഒതുങ്ങുന്നില്ല. ഇൻ്റർമീഡിയറ്റിനു തോറ്റുപോയ ശ്രീധരനോട് പെൺകുട്ട്യേൾക്ക് തോന്ന്യാസക്കത്തെഴുതി തോറ്റ എന്നാണ് അമ്മ അലറുന്നത്. ആരോഗ്യപരമായ ആൺ-പെൺ സൌഹൃദങ്ങളെ ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ഒരു സമൂഹമായിരുന്നു നമ്മുടേത്, എറെയൊന്നും മാറിയിട്ടില്ല ഇന്നും. അതത്രയും ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്നുണ്ട് ഓരോ കഥാപാത്രത്തിൻ്റെയും വാക്കുകളിൽ. സാംസ്കാരികമായി പിന്നാക്കം നില്ക്കുന്ന എരപ്പൻ മകൻ്റെ പ്രണയിനിയെ, ഭാര്യയെ അന്യമതക്കാരിയായതുകൊണ്ടും പ്രേമിച്ചതുകൊണ്ടും പൊലയാടിച്ചിയായി അടയാളപ്പെടുത്തുമ്പോൾ സംസ്കാരസമ്പന്നനായ കൃഷ്ണൻമാഷ് ആ പദം ഉപയോഗിക്കുന്നില്ലെങ്കിലും പ്രണയം പറയുന്ന പെണ്ണെല്ലാം പൊലിയാടിച്ചി തന്നെയാണെന്നു സാക്ഷ്യപ്പെടുത്തുകയാണ് തൻ്റെ ജീവിതാനുഭവത്തിലെ സാരോപദേശ കഥാ സംഗ്രഹത്തിലൂടെ.
പച്ചവെള്ളം വിറ്റ് പണക്കാരനായ ചാത്തുക്കമ്പൌണ്ടർ അവിസ്മരണീയനായ കഥാപാത്രമാണ്. ഇംഗ്ലീഷ് മരുന്ന് കലക്കി വിറ്റു സമ്പാദിച്ചതാണ് സകലതും. പക്ഷേ വയറുവേദനയും മൂലക്കുരുവും സന്തത സഹചാരികളായി കൂടെ. സുഖമായി ഒരു മലശോധന കിട്ടിയിട്ട് മരിച്ചാൽ മതിയെന്ന പ്രാർത്ഥനയുമായി കഴിയുന്നയാളാണ് കമ്പൌണ്ടർ. സ്വന്തമായി നായാടാനുള്ള ശേഷി പോയെങ്കിലും പഴയ നായാട്ടിൻ്റെ സ്മരണ പുതുക്കാനായി കൂട്ടുകാർക്ക് നായാട്ടിന് വിരുന്നൊരുക്കി അതാസ്വദിക്കുന്ന പതിവിലേക്കെത്തിയ അപൂർവ്വരോഗിയാണ് കമ്പൌണ്ടർ. പത്തുപെണ്ണുങ്ങളുടെ ഒരു കാമപ്പടപ്പുറപ്പാടായാണ് എരുമ പൊന്നമ്മയെ കിട്ടൻ റൈറ്റർ സാക്ഷ്യപ്പെടുത്തുന്നത്. ചാത്തുക്കമ്പൌണ്ടരുടെ വിഖ്യാതമായ സദ്യയിൽ ഭക്ഷണം എരുമയാണ്, പായിലേക്ക് മുഴുനീളൻ പതിനഞ്ചിലയും തയ്യാറാക്കിയ ആഘോഷത്തിലേക്കാണ് പൊന്നമ്മ എഴുന്നള്ളുന്നത്. ക്ഷണിക്കപ്പെട്ട പതിനഞ്ചു പേരിൽ പതിനാലു പേർ ഹാജരായി. പതിനാലാമത്തെ ആൾക്കും ഇലവച്ച് വിളമ്പിയ പൊന്നമ്മ ചോദിച്ചത് ;ഇനി ആള് ബറാനുണ്ടോ’ എന്നായിരുന്നു. ഒരിലയെന്തിന് ബാക്കിയാക്കണം തനിക്കു തന്നെ അതുമിരിക്കട്ടെ എന്നു പറഞ്ഞ് കുഞ്ഞയ്യപ്പൻ ഒന്നുകൂടി പൊന്നമ്മയിലേക്കു ഊളിയിട്ടിടത്ത് സദ്യ അവസാനിക്കുന്നു.
ഗതകാല പെൺപടകളുടെ ഓർമ്മകൾ
ഒരു ചിരുതയുടെ
ചാരിത്ര്യബോധത്തെ അവതരിപ്പിക്കുന്നുണ്ട് എസ്.കെ. സമൂഹം വിരൂപിയായി അടയാളപ്പെടുത്തി
ചിരുത സ്വയം ഒരു വിശ്വസുന്ദരിയായും ആണുങ്ങളത്രയും ചിരുതയെ കിട്ടാനായി നടക്കുന്ന ഊളകളായും
സ്വയം പ്രഖ്യാപിക്കുന്നു. അങ്ങിനെ എങ്ങോട്ടെങ്കിലും
പോവുമ്പോൾ ചിരുത ലോകത്തെ മൊത്തം ആണുങ്ങളെ ചീത്തവിളിക്കും - പെണ്ണുങ്ങളെ കാണുമ്പം വാല്യക്കാർക്ക് കൈക്കൊരു ഞരമ്പുവലി. തന്നെ പിടിച്ച കൈക്ക് കുഠം (കുഷ്ഠം) പിടിച്ചുപോട്ടെ
എന്ന് ആരും പിടിക്കാതെ തന്നെ പ്രാകി നടക്കുന്ന ചിരുത. വിരളമെങ്കിലും, നമുക്കിടയിലുണ്ടവർ
ചിരുതയായും ചാത്തുവായുമൊക്കെ.
പഴയ ശാന്തമായ ഗ്രാമാന്തരീക്ഷങ്ങളെ ഇടയ്ക്ക് ശബ്ദമുഖരിതമാക്കുന്ന ഒന്നായിരുന്നു സ്ത്രീകളുടെ വഴക്ക്. നിസ്സാരകാര്യങ്ങളിൽ തുടങ്ങുന്ന വഴക്ക്, മറ്റൊരു നിസ്സാര കാര്യത്തോടെ സന്ധിയാവുകയുമാണ് പതിവ്. അല്ലെങ്കിൽ ഇടക്കിടെ വഴക്കിനുള്ള സാധ്യതയില്ലല്ലോ? അമ്മിണിയമ്മയും ഉണ്ണൂലിയമ്മയും തമ്മിലുള്ള വഴക്കിനെ അവതരിപ്പിക്കുന്ന എസ്.കെയുടെ മാന്ത്രികമായ സർഗശേഷി നോക്കണം. ഒരു കുറേ പൊലയാടിച്ചി വിളികൾക്കു ശേഷമാണ് ‘കാഞ്ഞിരപ്പൊലിയാടിച്ചി’ എന്ന അമ്മിണിയമ്മയുടെ ‘ഭരതവാക്യം’ വന്നത് എന്നെഴുതുന്നിടത്ത് അങ്ങേയറ്റത്തെ ജാതീയത സ്ത്രീവിരുദ്ധതയുമായി ഇണചേർന്നുണ്ടായ പദമായിട്ടുകൂടി വായനക്കാരിൽ ഒരു പൊട്ടിച്ചിരി അതുളവാക്കുന്നു. അനിയന്ത്രിതമായ വികാരത്തിന് അടിമപ്പെടുന്നവരുടെ ശരീരം തന്നെ സൂക്ഷിച്ചു നോക്കിയാൽ ഒരു സംഘനൃത്തമായി മാറുന്നതു നമുക്കു കാണാം. കയ്യും മെയ്യും വായും എല്ലാം ചടുലമായി, താളാത്മകമായി പ്രതികരിക്കുന്ന ഒരവസ്ഥയാണത്. ആ ഭരതവാക്യത്തിനു ശേഷം നിയന്ത്രണങ്ങളുടെ ആക്സിലു മുറിഞ്ഞുപോയ ഉണ്ണൂലിയമ്മയിൽ നിന്നും വന്നത് കനത്ത ഒരു ഫ്..ഫ്ഫ - ആട്ടായിരുന്നു. ആ ആട്ടിൻ്റ ശക്തിയിൽ മൂർദ്ധാവിൽ കെട്ടിയിട്ട സമൃദ്ധമായ മുടി അഴിഞ്ഞു ചിതറിപ്പോവുകയാണ്. ഒരു ഗ്രാമാന്തരീക്ഷത്തിലെ പെൺപടയുടെ എന്തു നല്ല വർണനയാണത്? അടുത്തത് ഒരാൾ ‘അരക്കെട്ട് ആട്ടുകല്ലുപോലെ’ തിരിച്ചുകാണിക്കുമ്പോൾ മറ്റെയാൾ ‘കണങ്കൈ പൊക്കി താഴോട്ട് ഉഴിഞ്ഞു’ കാണിക്കും.
നഗരവല്ക്കരണത്തോടെ
ഏതാണ്ട് അപ്രത്യക്ഷമായിപ്പോയ ഒരു കലാരൂപമാണിത്.
ഇന്നത്തെ തലമുറയ്ക്ക് വലിയ പിടിയില്ലാത്ത ഒന്ന്. ഉണ്ണൂലിയമ്മയുടെ മാറിലെ മുലകളും
പോർവിളിയിൽ പങ്കെടുത്തതായും ഒടുവിലത്തെ അടവായി പനങ്കുലത്തലമുടി ഉച്ചിയിൽ വാരിക്കെട്ടി
രണ്ടുകൈകൊണ്ടും ഉടുമുണ്ടഴിച്ചു വിടർത്തിപ്പിടിച്ച്
നീണ്ടുനിവർന്നങ്ങിനെ നിന്നുകൊടുക്കിന്നിടത്താണ് ആ പോര് അവസാനിക്കുക. നമ്മൾ സംസ്കാരം
കൊണ്ടു വികാരത്തെ മറച്ചുപിടിച്ച് കാപട്യം ജീവിതവ്രതമാക്കി നല്ലവരും സംസ്കാരസമ്പന്നരുമാവുമ്പോൾ
അവർ വൈകാരികമായി പ്രതികരിക്കുന്നു, അതേ ഉഷ്മളതയോടെ ഐക്യപ്പെടുകയും ചെയ്യുന്നു. ശങ്കുണ്ണിക്കമ്പൌണ്ടറും
അധാരമെഴുത്ത് ആണ്ടിയും കൂടി കൃഷ്ണൻമാസ്റ്റർ മരിച്ച ആഴ്ചതന്നെ വീടു വില്പിച്ച് ഉള്ളതടിച്ചു
മാറ്റാനായി എത്തിപ്പോൾ, എല്ലാവരും കമ്പൌണ്ടറെയും ആണ്ടിയെയും ഭയന്നു മൂകസാക്ഷികളായപ്പോൾ
നിർഭയം നാലുതെറി ഉയർന്നത് ഉണ്ണൂലിയമ്മയിൽ നിന്നുമായിരുന്നു. അത്രത്രയും മാസ്റ്ററോടും
കുംടുബത്തോടുമുള്ള സ്നേഹത്തിൽ നിന്നുമായിരുന്നു.
എസ് കെയുടെ
പ്രണയം ഏറെ അടുത്തുനില്ക്കുന്നത് ആശാൻ്റെ മാംസനിബന്ധമല്ലാത്ത അനുരാഗത്തോടാണ്. ലീലയും നളിനിയും ആശാനും അവിടവിടെയായി വന്നു നിറയുന്നുണ്ട്.
പ്രണയപരവശേ
ശുഭം നിന-
ക്കുണരുക -
ഉണ്ടൊരു ദിക്കിൽ നിൻ പ്രിയൻ
ശ്രീധരൻ അതു
വായിക്കുന്നത് പത്തു തവണയാണ്. ഒടുവിൽ ക്രാന്തദർശിയായ
ആശാനെ മനസാ പ്രണമിക്കുന്നു. ആശാനെന്ന കവിയുടെ
ഭാവനയും ആശാനെന്ന ഋഷിയുടെ പക്വതയും ഒരു പോലെ വന്നു നിറയുന്നതാണ് ആശാൻ്റെ പ്രണയവർണനകൾ.
പട്ടരുകുട്ടിയുമായുള്ള ചുറ്റിക്കളിയിൽ ശ്രീധരൻ കടമെടുക്കുന്നത് ആശാൻ്റെ ബിംബങ്ങളെയാണ്.
ശയ്യാവലംബിയായ നാരായണി ശ്രീധരൻ്റെ ഒരു പൊൻകിനാവായിരുന്നു. മരണമില്ലാത്തതാണു പൊൻകിനാവുകൾ എന്ന് എസ്.കെ ശ്രീധരനിലൂടെ പറയുന്നു - ജീവിതത്തിൽ ശ്രീധരൻ ഒരിക്കൽ മാത്രം കണ്ട നാരായണിയുടെ ഓർമ്മയാണത്. കുഴിമാടത്തിനരികെ പൂത്തുനില്ക്കുന്ന തുമ്പപ്പൂക്കളിൽ നാരായണിയുടെ മന്ദഹാസം അവൻ അറിയുന്നു. പിന്നീടെപ്പൊഴോ വീണ്ടും ഇലഞ്ഞിപ്പൊയിലിലെത്തിയ ശ്രീധരൻ നാരായണിക്കു പ്രിയപ്പെട്ട പൊട്ടിക്കയെടുത്ത് അവളുടെ കുഴിമാടത്തിൻ്റെ വരമ്പിൽ വച്ച് നനഞ്ഞ മിഴികളുമായി തിരിക്കുന്നുണ്ട്. നാരായണി പറഞ്ഞ് അപ്പു തനിക്കായി എത്രയോ പേരക്കകൾ പറിച്ചു തന്ന, ആ പേരമരത്തിൽ സ്വർണഗോളം പോലൊരു പേരക്ക അവൾക്കായി തൂങ്ങിനില്ക്കുന്നതു പോലെ ശ്രീധരനു തോന്നുന്നു.
‘ചുവന്ന ചേലാഞ്ചലം കൊണ്ടു മാറും മുലകളും ചുമലും ചൂടി തയിർക്കുംഭം തലയിൽ സമതുലനം ചെയ്ത് കൺമിഴികൾ കൊണ്ടമ്മാനമാടി, ചുണ്ടിൽ ഒളിപ്പിച്ച മായികപ്പുഞ്ചിരിയുമായി തെരുവിൽ താളം ചവുട്ടി നീങ്ങുന്ന കാന്തമ്മ’യുടെ അപ്രതീക്ഷിതമായ ആത്മഹത്യ ശ്രീധരനെ ഒന്നുലയ്ക്കുന്നുണ്ട്. കിണറ്റിൽ നിന്നും ആലിമാപ്പിള മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ച് ലാഹിലാഹില്ലള്ളാഹ് ചൊല്ലി യാത്രയാക്കിയ കാന്തമ്മ തന്നിലുണർത്തിയ മോഹത്തെ ഓർക്കുന്നുണ്ട് ശ്രീധരൻ. ഈ പ്രണയപരിസരത്തു തന്നെയുണ്ട് സ്വന്തം അങ്ങാടി നിലവാരം നന്നായറിയുന്നവരും. മരംകൊത്തൻ്റെ സുന്ദരി ഭാര്യ വള്ളിക്കുട്ടിയുമായി പലിശക്കാരൻ ചെട്ടിയാരുടെ ഒളിസേവയല്ലെങ്കിൽ ആശാരിമാധവൻ പറഞ്ഞ കളിസേവ പലിശയ്ക്കു പകരമുള്ള ഒരു ഏർപ്പാടാണ്.
പൌരാണികമായ ഒരു പ്രണയബിംബമാണ് തോണി. പരാശരനു തോണിയിൽ പ്രണയം പൊട്ടിവിരിഞ്ഞില്ലായിരുന്നെങ്കിൽ ലോകത്തിനു മഹാഭാരതമുണ്ടാവുമായിരുന്നില്ല. അവിടെ നിന്നും തൻ്റെ വില കാളി അഥവാ മത്സ്യഗന്ധി മനസ്സിലാക്കുന്നതു പോലെ അതിരാണിപ്പാടത്തെ തൻ്റെ അഴകിൻ്റെ അങ്ങാടിമൂല്യം മനസ്സിലാക്കിയ കഥാപാത്രമാണ് മൂത്തോറൻ മേസ്തിരിയെ വട്ടം കറക്കിയ പാഞ്ചി. പുറത്ത് പത്താൾക്ക് മേസ്തിരിയാണെങ്കിലും അകത്ത് ഒരു കെട്ടു പുല്ലിൻ്റെ വിലയില്ലാത്ത മൂത്തോറൻ ഒരു വല്ലാത്ത ഭയത്തോടെ, അവൾ പറന്നു പോയാലോ എന്ന ഭയത്തോടെയാണ് പാഞ്ചിയെ സ്നേഹിച്ചത്.
നായികയ്ക്ക് പ്രണയലേഖനമയച്ച് അതിൻ മറുപടിക്കായി പോസ്റ്റ്മാനെയും കാത്തിരിക്കേണ്ടിവരുന്ന അല്ലെങ്കിൽ അതാരെങ്കിലും കൈപ്പറ്റി ഒരു പ്രേമമഹായുദ്ധത്തിലേക്കു തന്നെ നയിച്ചേക്കാവുന്ന സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവന്ന ഒരു ഗതകാലം നമുക്കുണ്ടായിരുന്നു എന്നു പറയുമ്പോൾ പുതിയ തലമുറ ചിരിച്ചേക്കാം. ഇനി പോസ്റ്റുമാനുമായി തെറ്റിയാൽ തീർന്നു കഥ. കഥ കഴിഞ്ഞു എന്നു കൂട്ടേണ്ട കാലം. ശ്രീധരൻ്റെ പ്രണയവും മറുപടി ലേഖനത്തിനുള്ള കാത്തിരിപ്പും അതിരാണിപ്പാടത്തിൻ്റെ പ്രണയപരിസരങ്ങളെ മനോഹരമാക്കുന്നു. ഒരു തിരുവാതിരയ്ക്ക് സന്ന്യാസിവര്യൻ്റെ വേഷം കെട്ടിച്ചെന്നാണ് ആദ്യമായൊന്ന് അവളുടെ ആ വിരൽ സ്പർശം ശ്രീധരനു സാധ്യമായത്. ആ സാഹസിക ദൌത്യങ്ങളെല്ലാം ഗദ്യകവിതയിൽ ആവാഹിച്ചതായിരുന്നു ആ പ്രണയലേഖനം.
അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു
പോയതെൻ
കുറ്റമാണെങ്കിലെൻ ദേവി,
പൊറുക്കണം.
അതിനുള്ള മറുപടിയൊക്കെയും പ്രതീക്ഷിച്ചങ്ങിനെ മുകളിലിരിക്കുമ്പോഴാണ്, താഴെ ശങ്കരാചാര്യരുടെ സംസ്കൃത ശ്ലോകം ഉരുവിട്ടിരിക്കുന്ന കൃഷ്ണൻ മാസ്റ്ററെ തേടി നായികയുടെ അച്ഛനും ട്യൂഷൻമാസ്റ്ററും വരുന്നത്, ഒപ്പം കത്തും. ശ്രീധരൻ നിന്നു കത്തി. അങ്ങിനെ ശ്രീധരൻ്റെ മറ്റൊരു വകയിലെ സാഹിത്യസൃഷ്ടിയും തിരിച്ചുവന്നതായി നാമറിയുന്നു. പ്രേമക്കൊടുംകുറ്റത്തിന് വടി മുറിയുന്നതുവരെ അടിയാണ് ശ്രീധരൻ പ്രതീക്ഷിച്ചതെങ്കിലും അതു സംഭവിച്ചില്ല. പകരം ഒരു മാസ് ഡയലോഗിൽ മാസ്റ്റർ വിഷയം ക്ലോസ് ചെയ്തു - എടാ ആ പെണ്ണിൻ്റെ സ്കൂൾ മേൽവിലാസത്തിൽ കത്തയക്കാൻ മാത്രം നീയിത്ര ശപ്പനായിപ്പോയല്ലോ!
പണ്ട് അച്ഛൻമാരുടെ പ്രതികരണം പലപ്പോഴും നമ്മുടെ കണക്കു കൂട്ടലുകൾക്കപ്പുറത്തേക്കു പോവും. അമ്മമാരുടേത് കണക്കുകളിലൊതുങ്ങും. കാരണം അമ്മമാരുടെ പ്രതികരണം സ്വാഭാവികമാണ്. അച്ഛൻ്റേത് കൂട്ടിയും കിഴിച്ചും ഗണിച്ചും ഹരിച്ചുമൊക്കെ വരുന്നതാണ്. അമ്മമാരുടേത് ഏറെയും വൈകാരികമാവുമ്പോൾ അച്ഛൻമാരുടേത് ബോധപൂർവ്വമായിരിക്കും. ജൻഡർ ഇക്വാലിറ്റിയുടെ ആധുനികലോകത്ത് ഇതു ബാധകമല്ല, വൈകാരികതയുടെയും ബോധത്തിൻ്റെയും പരിസരം ഒന്നു തന്നയാണ്. പൂർണമായും സ്ത്രീവിരുദ്ധതയുടെയും പുരുഷാധിപത്യത്തിൻ്റെയും ഒരു ഇരുണ്ട കാലത്തിലൂടെ കടന്നു വന്ന ജനതയാണ് നാം. അവിടെ പെണ്ണിനെക്കുറിച്ചും അവളുടെ മാനസികവ്യവഹാരങ്ങളെ കുറിച്ചുമുള്ള നിരീക്ഷണങ്ങളത്രയും അറുപിന്തിരിപ്പനും പ്രണയമെന്നാൽ കലഹത്തിനുമപ്പുറം യുദ്ധത്തെക്കാൾ ഭീകരമായ മരണത്തോടു തന്നെ അടുത്തുകിടക്കുന്ന ഒന്നാണെന്നുമുള്ള ധ്വനി അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ട്. മാസ്റ്ററുടെ പ്രണയ നിരീക്ഷണത്തിലും, സ്വന്തം പുണ്യ-പുരാണ-പ്രണയകഥയുടെ ആഖ്യാനത്തിലും അതു വ്യക്തമാണ്.
ശ്രീധരനും ചെറുതിലേ വിധവയായ സരസ്വതിയാംബാളും തമ്മിലുള്ള പ്രണയത്തിൻ്റെ ഊഷ്മളതയിലേക്ക് എഴുത്തുകാരൻ നമ്മെ നയിക്കുന്നുണ്ട്.
തമിഴ് ഇങ്ങോട്ടും മലയാളം അങ്ങോട്ടും പഠിപ്പിക്കുന്ന പരസ്പര ഗുരു-ശിഷ്യ ബന്ധം. സരസ്വതിയാംബാളെ
ഓർക്കുമ്പോൾ ശ്രീധരനിൽ ‘ചീത്ത’വികാരങ്ങളൊന്നും കയറുന്നില്ല. കേവലമൊരു സ്ത്രീയായല്ലാതെ,
ഒരു ശക്തിയായി സരസ്വതിയാംബാളെ കാണുന്നിടത്തും ശ്രീധരനു കൂട്ട് ആശാൻ്റെ വരികളാണ്, പട്ടരു
പെണ്ണിൻ്റെ മനസ്സുപോലെ അർത്ഥം കിട്ടാത്ത വരികൾ. തോറ്റുപോയ നിരാശയിൽ ഒരു മാസത്തെ വീടുമാറി
ജീവിതശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീധരനിൽ സരസ്വതിയാംബാളുടെ പൌർണമിച്ചന്ദ്രമുഖം വീണ്ടും
തെളിഞ്ഞു, കാണാനായി ഓടുമ്പോഴേക്കും അമ്മ പറഞ്ഞു - ആ പട്ടർക്ക് മാറ്റം കിട്ടി തൃച്ചിനാപ്പള്ളിക്ക്. ആ പ്രണയത്തിനു പൂർണവിരാമടുന്നതും ആശാൻ്റെ ഗ്രാമവൃക്ഷത്തിലെ
കുയിലിൻ്റെ വരികളാലാണ്.
പോകാം ഭവാനിവിടെ നിന്നിനി;
യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം
വെടിഞ്ഞു,
തന്നെ ഏറെ ഇഷ്ടപ്പെട്ട അമ്മുക്കുട്ടി തനിക്കായ സമർപ്പിച്ചയച്ച നോട്ടുപുസ്തകം നോക്കി, ചെക്കനോട് തൻ്റെ അമ്മുക്കുട്ട്യേടത്തി ഇപ്പോൾ എവിടെയാണെന്നു ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി. മരിച്ചു! എന്നാണ്. ആ ‘മുന്നക്ഷരങ്ങൾ ഈർച്ചവാളുപോലെ’യാണ് ശ്രീധരൻ്റെ കരളിൽ തറച്ചത് എന്ന് എസ്.കെ. എത്രമാത്രം വൈകാരികമായ രംഗവർണനകളാണത്. സങ്കടക്കടലിൽ നിന്നും കോരിയെടുത്തു വാക്കുകളാലാണാ വരികളത്രയും തീർത്തത്.
എസ് കെയുടെ ജീവിത ചിന്തകൾ
ഉന്നതമായ വിദ്യാഭ്യാസം നേടിയ മഹാപ്രതിഭകളെക്കൊണ്ടല്ല, ജീവിതത്തെ കുറിച്ചുള്ള മനോഹരമായ തത്വചിന്തകൾ എസ്.കെ പറയിക്കുന്നത് എട്ടാംക്ലാസിൽ തോറ്റ് മരക്കണക്കെഴുത്തുകാരനായി കാടിലും മലയിലും കഴിഞ്ഞ ജീവിതത്തിലെ വികാരത്തള്ളിച്ചയുടെ ഒറ്റത്തെറ്റിൽ ശിഷ്ടകാലമത്രയും തളർന്ന ശരീരവുമായി ചുരുണ്ടുകൂടേണ്ടിവന്ന ഗോപാലനെക്കൊണ്ടാണ് - “ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരു ചിച്ഛക്തിയിൽ പെട്ട അണുക്കളാണ്. വേറൊരു സഹജീവിയെ ദ്രോഹിക്കാൻ മനസാ വാചാ കർമ്മണാ നീ എറിയുന്ന ആയുധം, ലക്ഷ്യത്തിൽ കൊണ്ടാലും ഇല്ലെങ്കിലും, ചുറ്റിത്തിരിഞ്ഞ് ഒരു കാലത്ത് നിന്നെത്തേടി നിൻ്റെ മാറിൽ തന്നെ പതിക്കുന്നത് നീയറിയുകയില്ല - അജ്ഞാതമായ ആ ഭ്രമണനിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ്.” ഈ എടുത്താൽ പൊങ്ങാത്ത വാചകങ്ങൾ ഏറെ പഠിപ്പില്ലാത്ത, ഏറെ അനുഭവങ്ങളുള്ള, ജീവിതത്തിൽ കയ്പുനീർ ഏറെ കുടിച്ച്, ഒരു നേരം മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത ഗോപാലനെ ആ വാചകങ്ങൾക്കായി എസ്.കെ തിരഞ്ഞെടുത്തത് ബോധപൂർവ്വമാണ്. ആ വാക്കുകളുടെ സമ്പൂർണമായ അർത്ഥമാണ് സമ്പന്നതയുടെ പാരമ്യതയിൽ വിരാജിച്ചിരുന്ന, കൊലയും ബലാൽസംഗവും ഹോബിയാക്കിയ കുഞ്ഞിക്കേളുമേലാനെ ബീരാൻ ചുരുട്ടിക്കൂട്ടി റോഡിലെറിയുന്നത്, രണ്ടുപതിറ്റാണ്ടോളം തെരുവിലലയിപ്പിച്ച് ഒടുവിൽ പേറ്റിച്ചിപ്പാറുവിൻ്റെ കോലായിൽ മേലാൻ്റെ ജീവിതമവസാനിപ്പിച്ചതും. ആത്മരക്ഷാർത്ഥമാണ് കത്തി അരയിൽ വച്ചതെന്നു പറഞ്ഞ ശ്രീധരനോട് - ശ്രീധരാ, ദെെവം വളരെ അകലെയാണ്, നീ വിളിച്ചാൽ കേട്ടില്ലെന്നു വരാം. എന്നാൽ നിൻ്റെ വിളി എളുപ്പം കേൾക്കുന്ന ഒരു മഹച്ഛക്തി നിൻ്റെ ഉള്ളിൽ കുടികൊള്ളുന്നുണ്ട്, നിൻ്റെ മനസ്സാക്ഷി - എന്നാണുപദേശിച്ചത്. രോഗത്തിൻ്റെ ദീർഘകാല തപസ്യയിൽ, തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട വിരക്തിയിൽ നിന്നും വന്ന ആത്മജ്ഞാനമായാണ് അതിനെ ശ്രീധരൻ കാണുന്നതും.
കൃഷ്ണൻമാസ്റ്ററുടെ മരണശേഷം മൂത്തമകൻ കുഞ്ഞപ്പുവിനെ കൂട്ടുപിടിച്ച് തറവാട് അസ്തുവാക്കുന്നതിൽ ശങ്കുണ്ണിക്കമ്പൌണ്ടറും ആധാരം ആണ്ടിയും വിജയിച്ചതോടെ, അമ്മയുടെ കൈയ്യും പിടിച്ച് ശ്രീധരൻ ആ വീടിൻ്റെ പടിയിറങ്ങുന്നതോടെ, ഒരു ദേശത്തിൻ്റെ കഥയുടെ ഏതാണ്ട് അവസാനഭാഗമാവുന്നുണ്ട്. ഒരു കൂട്ടം ജീവിതവീക്ഷണങ്ങളുടെ, തത്വചിന്തകളുടെ മഹാപ്രവാഹമാണ് അവിടുന്നങ്ങോട്ട്. ആത്മകഥാംശപരമായ ശ്രീധരനെന്ന യുവാവിൻ്റെ മഹാജീവിതയാത്ര, ഇങ്ങ് ഗോസായിമാരുടെ നാടുമുതൽ അങ്ങു കാപ്പിരിമാരുടെ നാടുവരെ എത്തിയ ആ മഹായാത്രയിൽ അധികാരകേന്ദ്രങ്ങളുടെ ജീവനാഡിയായ ഡൽഹിയിലെ ജീവിതമുണ്ട്. ഉന്നതങ്ങളിലുള്ളവരുമായുള്ള, വിശപ്പുമാറാനല്ലാത്ത, കഴുത്തിന് നാപ്കിൻ കെട്ടി കത്തിയും മുള്ളും കൊണ്ടുള്ള ഡിന്നറാചാരങ്ങളുണ്ട്.
സ്വയം നഷ്ടപ്പെട്ട ജീവിതത്തിരക്കുകൾക്കിടയിലും ശാന്തി തേടി മൂന്നു പതിറ്റാണ്ടുകൾക്കുശേഷം, അതിരാണിപ്പാടത്തേക്കുള്ള ശ്രീധരൻ്റെ ഒരു തിരിച്ചുവരവുണ്ട്. അടിമുടി മാറിയ, കോട്ടവും നേട്ടവും കൊകോർത്തു മാറ്റിമറിച്ച ഭൂപ്രകൃതിയിൽ പുതിയ നാടും വീടുകളും, അവിടെ ഏറെയൊന്നും മാറാതെ ഇതൊന്നും കാണാൻ കണ്ണുകളില്ലാതെ, അകക്കണ്ണിൻ്റെ വെളിച്ചം നയിക്കുന്ന തൊണ്ണൂറുകഴിഞ്ഞ വേലുമൂപ്പരുമുണ്ട്. ഏതാണ്ട് ഒരായുസ്സിൽ സാധ്യമാവുന്ന യാത്രകളും ലോകപരിചയവും അധികാരസ്ഥാപനങ്ങളിലെ ഇടപെടലുകളും ലക്ഷക്കണക്കിനു ജനങ്ങളുടെ പ്രതിനിധിയും ഒക്കെയാണ് ശ്രീധരൻ. എന്നാൽ, തൊണ്ണൂറു കഴിഞ്ഞിരിക്കുന്ന ആ മനുഷ്യൻ നേടിയ തിരിച്ചറിവുകളും ജീവിതപാഠങ്ങളും ഒരിക്കലും തനിക്കില്ല, ഉണ്ടാവാൻ പ്രായം വിചാരിക്കണം എന്ന തിരിച്ചറിവാണ് വേലുമൂപ്പർക്കു മുന്നിലായി ഒരു പുൽപ്പായയിൽ ശ്രീധരനെ ഇരുത്തുന്നത്. അവരുടെ ഉച്ചഭക്ഷണം പങ്കിടുന്നതും. മേൽപ്പറഞ്ഞ ഒരിടത്തുനിന്നും ലഭിക്കാത്ത സ്വാദ് മൂപ്പരുടെ ചെറുമകൾ നിലത്തിരുത്തി വിളമ്പിക്കൊടുത്ത ആ ഭക്ഷണത്തിനുണ്ടായതും ആ അറിവിൽ നിന്നാണ് . കണ്ണുകളിൽ വെളിച്ചമില്ലാത്ത ആ മനുഷ്യൻ, മേഷ്ടറുടെ മകനോ ശീദരനോ എന്ന ചോദ്യത്തോടെ തൻ്റെ അകക്കണ്ണിൻ്റെ വെളിച്ചത്താൽ ശ്രീധരനെ ആലിംഗനം ചെയ്ത് കൂട്ടിക്കൊണ്ടുപോവുന്നത് മേഷ്ടറുടെ മരണശേഷമുള്ള മൂന്നര പതിറ്റാണ്ടുകാലത്തെ സംഭവപരമ്പരകളിലേക്കാണ്. ശ്മശാനങ്ങൾക്കു മീതെ ശ്മശാനം പണിയുന്ന മനുഷ്യജീവിതങ്ങളിലേക്ക്, എസ് കെയുടെ വാക്കുകളിൽ കാലവാഹിനിയിലൂടെയുള്ള ഒരു തോണിയാത്രയാവുന്ന ജീവിതങ്ങളിലേക്ക്.
കണ്ണുകാണാത്ത വേലുമൂപ്പരെന്ന വയോധികൻ്റെ മുന്നിൽ വച്ച് ഒരു സിഗരറ്റു കൊളുത്താതെ ശ്രീധരൻ പറമ്പിൽ പോയി വലിച്ചുവരുമ്പോഴേക്കും, വേലുമൂപ്പർ ഒരു മുറുക്കിൻ്റെ തിരക്കിലേക്ക് പോയി. പുതിയ കാല ജീവിതത്തെ പറ്റി പറയുന്നേടത്ത്, തിന്നാതെ കുടിക്കാതെ പലരും അരിഷ്ടിച്ച് ജീവിച്ച് മരിച്ചുപോവുന്നതിനെ പറ്റി വേലുമൂപ്പർ ശ്രീധരനോട് പറഞ്ഞത് അതു പട്ടര് വെറ്റില തിന്ന കഥപോലെയാണെന്നാണ്. പട്ടര് വെറ്റില തിന്ന കഥ അദ്ദേഹം ശ്രീധരന് പറഞ്ഞുകൊടുത്തു.. പട്ടരു സ്വാമി ഒരു നല്ല കെട്ട് വെറ്റില വാങ്ങി. പിറ്റേന്ന് രാവിലെ മുറുക്കാനായി കെട്ട് തുറന്നപ്പോൾ ഏറ്റവും അടിയിലെ വെറ്റില കേടായിരിക്കുന്നു. അപ്പോൾ പട്ടരു തീരുമാനിച്ചു - ഇപ്പോൾ ഇതങ്ങു തിന്നാം. അതങ്ങു ചവച്ചു. അടുത്ത ദിവസം കെട്ടു തുറന്നപ്പോൾ അതേ സ്ഥാനത്ത് ഒരെണ്ണം മഞ്ഞളിച്ചിരിക്കുന്നു. സ്വാമി അപ്പോഴും തീരുമാനിച്ചു - കളയണ്ട, ഇന്നിതു തന്നെ തിന്നു കളയാം. നല്ലൊരു കെട്ടാണ് കൈയ്യിൽ കിട്ടിയതെങ്കിലും വെറ്റില തീരുന്നതുവരെ നല്ലൊരെണ്ണം തിന്നാനുള്ള യോഗം പട്ടർക്കുണ്ടായിരുന്നില്ല. നമ്മളിൽ പലരും ആ പട്ടരുടെ അനുയായികളാണ്. ആ കേടായ വെറ്റില അവിടെ തന്നെ വച്ചാൽ എല്ലാ ദിവസവും നല്ല വെറ്റില തിന്നാമെന്ന തിരിച്ചറിവില്ലാത്തവർ, ഭാവിയിലേക്കായി വരുംതലമുറകൾക്കായി ഉള്ളതു മാറ്റിവച്ച് ദരിദ്ര ജീവിതം നയിച്ച് ചത്തുപോവുന്നവർ.
അതിരാണിപ്പാടം,
ഒരു ദേശത്തിൻ്റെ കഥ അനശ്വരമാവുന്നത് അതിലെ കാലാതീതമായ ജീവിതവീക്ഷണങ്ങൾ കൊണ്ടു കൂടിയാണ്.
അതിനായി തിരഞ്ഞെടുത്ത അസാധാരണ കഥാപാത്രങ്ങളിലൂടെയാണ്, അന്യൂനമായി ആ നിർമ്മിതിയുടെ സൌന്ദര്യത്താലും.
(ഡിസംബർ 2021 ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ലേഖനം)
No comments:
Post a Comment