Showing posts with label കലാപം. Show all posts
Showing posts with label കലാപം. Show all posts

Tuesday, October 24, 2023

ഗദ്ദർ കലയും കലഹവും കലാപവും

സുഖകരവും സുന്ദരവും സുരക്ഷിതവുമായൊരു ജീവിതത്തെ മൊഴിചൊല്ലി ദുരിതം കടഞ്ഞെടുത്ത പടപ്പാട്ടുകളുമായിനാടോടി നടന്ന്  തണൽ തീർത്ത ഒറ്റമരമായിരുന്നു ഗദ്ദർ. ഇനിയില്ല അങ്ങിനെയൊരാൾ, മുന്നിലുള്ള ലക്ഷങ്ങളെ ഒന്നാകെ തൻ്റെ  പാട്ടുകൾക്കൊപ്പം പുതുബോധത്തിലേക്ക് ചുവടുവെയ്പിച്ച ഗദ്ദർ സ്വയം ഒരു ബ്രാൻ്റായിരുന്നു, ഭ്രാന്തമായ അവേശത്തിലേക്ക് തനിക്കു ചുറ്റുമുള്ളവരെ കൊട്ടിക്കയറ്റിയ, കലയും കലഹവും കലാപവും ജീവിതം തന്നെയാക്കിയ സമാനതകളില്ലാത്തൊരാൾ. അനീതിയോട് സന്ധിയില്ലാസമരം നയിച്ചൊരാൾ. സംഗീതത്തെ സാമൂഹികനീതിയുടെ കൊടിയടയാളമാക്കിയ ഒരാളാണ് കടന്നുപോയത്.

വിപ്ലവങ്ങളുടെ അനിവാര്യതയെ വാഴ്ത്തുന്ന, മാറ്റത്തിനു  മണ്ണൊരുക്കും വേളയിലെ അനിവാര്യമായ അടിവളമാണ് ബോധം വാറ്റിയെടുത്ത വീര്യം നുരയുന്ന വിപ്ലവഗാനങ്ങൾനാടൻപാട്ടുകൾ, ഗാനങ്ങൾ, കവിതകളുംസംഗീതത്തിൻ്റെ അനന്തമായ സാധ്യതകളിലൊന്നാണ് കാല-ദേശ-രാഷ്ട്രീയ-ജാതി-മത ബോധങ്ങൾക്കതീതമായി മനുഷ്യമനസ്സുകളെ ആർദ്രമാക്കുവാനുള്ള അതിൻ്റെ കരുത്ത്. അത് ആയുധമാക്കുന്നവരാണ് കലാകാരർ, കല കലഹമായി തുടികൊട്ടിമ്പോൾ എങ്ങും ആടിയുലഞ്ഞ് തകർന്നുവീണതു മാത്രമാണ് സ്വേച്ഛാധിപത്യങ്ങളുടെ ചരിത്രം. കവികളെ, സംഗീതത്തെ, ഗായകരെയും സ്വേച്ഛാധിപതികൾ ഭയന്നത് ഒരു അണുവിസ്ഫോടനമില്ലാതെ തന്നെ അതിന് ലോകത്തെ പിടിച്ചുലയ്ക്കുവാനുള്ള കരുത്തു കാരണമാണ്. 

പാട്ടും കവിതയും പകരുന്ന ഒരു ഊർജ്ജമുണ്ട്, അതിജീവനത്തിൻ്റെയും പോരാട്ടത്തിൻ്റെയും ഊർജംനാടൻപാട്ടുകളിലൂടെ, നാട്ടിപ്പാട്ടിലൂടെ മങ്കമാർ അങ്കം വെട്ടിയത്  വെയിലിനോടും വെള്ളത്തോടും ചളിയോടുമാണ്, ജീവിതത്തോടുംഫ്രാൻസിലും റഷ്യയിലും തോക്കുമാത്രമല്ല പാട്ടു കൂടിയാണ് പടവെട്ടിയത്.  500ലേറെ സന്നദ്ധഭടന്മാരെ  ഏകമനസ്സോടെ ചേർത്തുനിർത്തി പാരീസിലേക്ക് മാർച്ചു ചെയ്യിച്ച ഗാനമായിരുന്നു "ലാ മാർസെയിലേ". പിന്നീടാണ് അതു  ഫ്രാൻസിൻ്റെ ദേശീയഗാനമായത്ലോകത്തിന് പിന്നീട്, ലിബർട്ടിയും ഇക്വാലിറ്റിയും ഫ്രാറ്റേണിറ്റിയും പകർന്ന ഫ്രഞ്ചുവിപ്ലവ ബോധത്തെ ജ്വലിപ്പിച്ചുനിർത്തിയ, ആളിപ്പടർത്തിയ  ഗാനത്തെ ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. "ദി ഇൻ്റർനാഷണൽറഷ്യയുടെ പടപ്പാട്ടായിരുന്നു. 

വിയോജിപ്പുകളെ അലിയിച്ചില്ലാതാക്കുവാനുള്ള സംഗീതത്തിൻ്റെ ശേഷിയെയാണ് വിപ്ലവപ്രസ്ഥാനങ്ങൾ പ്രയോജനപ്പെടുത്തിയത്. അവിടെ പാട്ടിൻ്റെ തന്നെ പ്രതിരൂപമായവർ, ഗദ്ദർ തുടികൊട്ടി പാടുമ്പോൾ, അതു സൃഷ്ടിച്ചെടുക്കുന്നത് അനീതിക്ക് എതിരെയുള്ള ഒരു പൊതുബോധമാണ്, സാമൂഹിക നീതിക്കായുള്ള കൂടിച്ചേരലാണ്ഗദ്ദറിൻ്റെ  താളം അവതാളത്തിലാക്കിയത് ജനതയെ ഭിന്നിപ്പിച്ചു ഭരിക്കുന്നവരുടെ തന്ത്രങ്ങളെയാണ്. ഗദ്ദറിൻ്റെ താളം തുയിലുണർത്തിയത് സാമൂഹിക നീതിക്കായുള്ള ബോധത്തെയാണ്തനതായ രൂപഭാവഹാവാദികളിലൂടെ, അചഞ്ചലമായ നിലപാടുകളിലൂടെ സ്വയം ഒരു മിത്തായി വളർന്ന്  ഒരു സമൂഹത്തെ  അതിൻ്റെ പാട്ടിനും കൊട്ടിനും ചുറ്റിലുമായി സദാജാഗരൂഗരായി വിന്യസിച്ചുനിർത്തുവാനുള്ള അസാധാരണമായ നാടോടിഗായകൻ്റെ കഴിവിനെയാണ് ഭരണകൂടങ്ങൾ ഭയന്നത്. 

ഗുമ്മാഡിയിൽ നിന്നും ഗദ്ദറിലേക്ക്

ഗുമ്മാഡി വിട്ടൽ റാവുവിൽ നിന്നും ഗദ്ദറിലേക്ക് അയാൾ നടന്നു തീർത്ത വഴികൾ പോരാട്ടത്തിൻ്റേതു മാത്രമായിരുന്നു. അതിൽ ആദ്യത്തേത് ഇന്ത്യയിൽ ഒരു ദളിത് കുടുംബത്തിൽ ജനിക്കുക എന്നതു തന്നെയാണ്. ജീവിതം തന്നെ സാമൂഹ്യനീതിക്കായുള്ള പോരാട്ടമാക്കിയ അയ്യങ്കാളിയിലും അംബേദ്കറിലും നമ്മൾ കണ്ട അതേ അഗ്നിയാണ് ഗദ്ദറിലും ആളിയത്.

1949- ഒരു ദളിത് കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിൻ്റെ  ജീവിതപ്രയാസങ്ങൾ ജ്വലിപ്പിച്ചെടുത്തത് സാമൂഹിക പ്രവർത്തനങ്ങളോടുള്ള അഭിനിവേശത്തെയായിരുന്നുസമത്വത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന ഒരു ഗായകനെന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടു. അടിമത്തത്തിൽ നിന്നുള്ള മോചനവും സാമൂഹികനീതിയും സമത്വവും ജനാധിപത്യവും ലക്ഷ്യമാക്കിയുള്ള ഗദർ പാർട്ടിയുടെ പേരിൽ നിന്നുമാണ് ഗുമ്മാഡി വിട്ടൽ റാവു ഗദ്ദറായി ഗാനസ്നാനം ചെയ്യുന്നത്. ഗദ്ദർ എന്ന പേര് സ്വീകരിച്ചുകൊണ്ടാണ്  തൻ്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തിയ സാമൂഹികനീതിക്കായുള്ള പോരാട്ടങ്ങളുമായി അദ്ദേഹം സ്വയം ബന്ധിപ്പിച്ചത്. 

സഹനസമരങ്ങളുടെയും സമരവിജയങ്ങളുടെയും താളൈക്യമായിരുന്നു ഒരർത്ഥത്തിൽ നീതിക്കായുള്ള പോരാട്ടത്തിൻ്റെ മുഖമായ ഗദ്ദറിൻ്റെ ജീവിതം. ആരോഗ്യപ്രശ്നങ്ങൾ ജീവിതത്തിന് വിരാമമിട്ടെങ്കിലും, ഗദ്ദർ അവശേഷിച്ചുപോവുന്ന മണ്ണിൻ്റെ മണമുള്ള ഈണങ്ങളും ഗാനങ്ങളും, തുടരുവാൻ ഏറെപേർ ഉണ്ടാകുവാൻ സാധ്യതയില്ലാത്ത ശൈലിയും തലമുറകൾക്ക് പ്രചോദനമായി തുടരും. അയ്യങ്കാളിയെയും അംബേദ്കറെയും പെരിയാറെയും പോലെ ഒരു വഴിവിളക്കായി ഗദ്ദർ പ്രകാശിക്കും.

ഗദ്ദറിൻ്റെ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ വസന്ത് കണ്ണാഭിരാമൻ ഹിന്ദുവിന് നല്കിയ ഒരഭിമുഖത്തിൽ പറയുന്നത് രാഷ്ട്രീയത്തെ ലളിതസുഭഗമായി  കവിതകളിലേക്ക് വിവർത്തനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ അനായാസതയാണ് തന്നെ ആകർഷിച്ചതെന്നാണ്.

സ്ലേവ് ലൈഫ്എന്ന അദ്ദേഹത്തിൻ്റെ കവിത  ‘ഒരു അടിമ ജീവിതംആയി മലയാളത്തിലേക്ക് മൊഴിമാറ്റാനുള്ള ഒരു  ശ്രമമാണ് താഴെവസന്ത് കണ്ണാഭിരാമൻ പറയുന്നതുപോലെ  ഗദ്ദർ വിവർത്തനം എളുപ്പമല്ല. താൻ അതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടിയതും വെല്ലുവിളികൾ നിറഞ്ഞതുമായ ഒന്നായാണ് അവർ അതിനെ കണ്ടത്. കാരണം  എഴുതിയ വരികളിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല ഗദ്ദറിൻ്റെ കവിതകൾവാക്കുകൾ, സ്വരങ്ങൾ, താളങ്ങൾ, മൊഴികൾക്കിടയിലെ മൌനം, വരികൾക്കിടയിലെ ഇടവേളകൾ, ഗാനധാരയിലെ മാറിമറിയുന്ന മൃദുവായ പ്രവാഹവും കുത്തിയൊഴുക്കും, ഗർജ്ജനങ്ങൾ, എന്തിന്, ഒരു ഞരക്കം പോലും  അനുവാചകരെ സ്വാധീനിക്കുന്ന ഗാനങ്ങളുടെ മൊഴിമാറ്റം അത്രയെളുപ്പമാവില്ല. അതാവണമെങ്കിൽ, അദ്ദേഹത്തിൻ്റെ ശബ്ദം വിവർത്തകരുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കണംഞാനിവിടെ നടത്തുന്നത്  മൊഴിമാറ്റത്തിൻ്റെ മൊഴിമാറ്റമാണ്. 

ഗദ്ദറിൻ്റെ ഗാനരചനയും ആലാപനവും ശ്വസനം പോലെ അറിയാതെ, അനായാസേന സംഭവിക്കുന്ന ഒന്നാണ്പാടുമ്പോൾ പരിഷ്കരിക്കപ്പെടുന്നതുമാണ് അദ്ദേഹത്തിന് കവിതകൾ. അദ്ദേഹം തന്നെ ഓർമ്മിക്കാത്ത ആയിരക്കണക്കിനു പാട്ടുകൾ ശ്രോതാക്കളുടെ ഹൃദയത്തിൽ ഉണ്ടാവാം എന്നാണ് വാസന്ത് നിരീക്ഷിക്കുന്നത്. തമിഴ്നാട്ടിൽ നടന്ന ദളിതർക്കെതിരെയുള്ള അക്രമങ്ങളിലെ പ്രതിഷേധമാണ് ഒരു അടിമ ജീവിതം എന്ന കവിത.

ഒരു അടിമ ജീവിതം
ഞാൻ നിൻ്റെ അടിമയാണ്, നിൻ്റെയടിമ
പ്രഭോ, ഞാൻ നിൻ്റെ അടിമയാണ്.
കാലമെത്ര നീയിങ്ങിനെ കഴിയുമെൻ്റെ മാലണ്ണാ?.
എന്തുകൊണ്ട് തിരിച്ചടിക്കാതെ കഴിയുന്നെൻ്റെ മാഡിഗണ്ണാ?
അവന് ആരു നിൻ പെങ്ങൾ, നിന്നമ്മയും?
വേശ്യ വെറും കുലടയും!
എന്തിനു ചൂളുന്നു നീ മാഡിഗണ്ണാ?
സിംഹത്തെപ്പോൽ  നിവരൂ നീ മാലണ്ണാ!
 
വാനത്തെ പറവകളെന്ന പോൽ
പകൽ വെളിച്ചത്തിവർ
നിന്നാളുകളെ  നിറയൊഴിക്കുമ്പോൾ
തിരിച്ചടിക്കുക, പൊട്ടിത്തെറിക്കുക,
അവരെ വിഴുങ്ങിയേക്കുക.
 
കരയുന്നെന്തിനു നീ മാലണ്ണാ?
വാൾപോലുയരുക, മാഡിഗണ്ണാ!
 
അവർ നിൻ കുടികൾ വളയുമ്പോൾ
വെടിയുണ്ടകൾ നിൻ മാറു തുളയ്ക്കുമ്പോൾ
കുഞ്ഞുമക്കളെ, വയസ്സരെയും ചവുട്ടിമെതിക്കുമ്പോൾ
നിർദ്ദയമവരെ വലിച്ചിഴക്കുമ്പോൾ,
നിഷ്കരുണമവരെ വെട്ടിനുറുക്കുമ്പോൾ
എന്തിനു നിലവിളി മാഡിഗണ്ണാ?
കുന്തം പോൽ നീ ഉയരുക, നിവരുക മാലണ്ണാ!
 
കള്ള വാഗ്ദാനങ്ങളുമായി
വോട്ടുതേടിയവൻ വരുന്നു.
നിൻ്റെ  കല്ലുബെഞ്ചിൽ ഇരുന്നവൻ
നിന്നെ വിളിക്കും സ്നേഹത്തോടെ
ചേട്ടാ, അനിയാ, സഹോദരാ..
 
ഒരു ഗ്ലാസ് വെള്ളമവൻ  ചോദിക്കുന്നു
കവിൾകൊണ്ടവനത് നോക്കുത്തുപ്പുന്നു
നിൻ വോട്ടുകൾ വാങ്ങിയവൻ ജയിച്ചൂ മാലണ്ണാ!
ഒഴിഞ്ഞ കൈകൾ കാട്ടി നിന്നെ ചതിച്ചൂ മാഡിഗണ്ണാ!
 
കണ്ടാലറക്കും മാലകളും മാഡിഗകളും
മുസ്ലീമായെന്നതു കേട്ടപ്പോൾ,
ഞെട്ടി ശങ്കരാചാര്യർ തമിഴകമണ്ണിൽ
ഞെളിപിരികൊണ്ടയാൾ കോപത്താലെ
ഹിന്ദുസമൂഹമൊന്നാകെയന്നങ്ങ്
മന്ത്രമുരുക്കഴിച്ചുവന്ദേമാതരം!’
 
നിനക്കൊരു അടിമയെ വളയ്ക്കാം
മുതുകിൽ വലിയൊരു പാറവച്ചു വളക്കാം
നിങ്ങൾക്കവനെ ഇടിച്ചിരുത്താം
അവൻ്റെ നടുവൊടിക്കാം, പക്ഷേ.
അവൻ്റെ ഹൃദയം കീഴടങ്ങുകയില്ല.
അവനൊരു പറ്റിയ നിമിഷത്തിനായി തിരയും
അവൻ്റെ നടുനിവർക്കാൻ
മുതുകിലെ പാറയിറക്കാൻ...
 
ഞാൻ നിൻ്റെ അടിമയാണ്, നിൻ്റയടിമ.
ഞാൻ നിൻ്റെ ഗുലാം, ദോര!
ഇനിയുമെത്രനാളിങ്ങിനെ  ജീവിക്കും മാഡിഗണ്ണാ?
എന്നു നീയിനി തിരിച്ചടിക്കും മാലണ്ണാ?
 

(പ്രധാനമായും ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പട്ടികജാതി വിഭാഗങ്ങളാണ് മാലയും മാഡിഗയും. 'അണ്ണ' (ജ്യേഷ്ഠൻ) എന്ന പ്രത്യയം ചേർത്തുകൊണ്ട് ഗദ്ദർ പേരുകളെ ബഹുമതികളാക്കി മാറ്റുകയാണ് കവിതയിൽ)

ജീവിതം പാട്ടുതന്നെയായപ്പോൾ

റഷ്യ ഗോർക്കിയെ സൃഷ്ടിച്ചതുപോലെ ചൈന ലൂ ഷൂനെ (Lu Xun) സൃഷ്ടിച്ചതുപോലെ ഇന്ത്യ ഗദ്ദറെ സൃഷ്ടിച്ചു എന്നാണ് മൈ ലൈഫ് ഈസ് സോങ് എന്ന വിപ്ലവഗാനങ്ങളുടെ ഇംഗ്ലീഷ് വിവർത്തന സമാഹാരത്തിന് എഴുതിയ ആമുഖത്തിൽ കാഞ്ച ഐലയ്യ എഴുതിയത്

തെലുങ്കിൽ ഗുഡുംബ എന്നാൽ അനധികൃത മദ്യമാണ്കവിയും ഗായകനും വിപ്ലവകാരിയുമായി ഗദ്ദർ സാധാരണക്കാർ അതെങ്ങിനെ ആസ്വദിക്കുന്നു എന്നു കാണുന്നത് കേവലമൊരു സദാചാരക്കണ്ണിലൂടെയല്ല. സാധാരണക്കാരിൽ ഒരാശ്വാസമായി നിറയുന്ന ലഹരിയുടെ പാനീയത്തെ  അദ്ദേഹം പാട്ടിലേക്ക് ആവാഹിക്കുന്നത് നോക്കൂ.

നീയെൻ്റെ കൂട്ടരെ കണ്ടുമുട്ടിയത് ഇന്നലെ മാത്രമാണ്.
അവരുടെ രഹസ്യങ്ങളൊക്കെയും
നീയറിഞ്ഞു വരുന്നുണ്ടാവും
ഇല്ല പെണ്ണേ എനിക്ക് നിന്നെ വേണ്ട
അമ്മേ, എനിക്ക് നിന്നെ വേണ്ട
ഗുഡുംബാ പെണ്ണേ, എനിക്ക് നിന്നെ വേണ്ട
ഞാൻ രക്തമാണു  കുടിക്കുക,
എൻ്റ രക്തം കുടിക്കുന്നവരുടെ.

ഒരു നഗരത്തിൽ ഒരു പട്ടികജാതിക്കാരൻ കാറിൽ പോവുന്നതു കണ്ട് അവർ നന്നായെന്ന് വിശ്വസിച്ച് സ്വയം വഞ്ചിതരാവുന്ന സമൂഹത്തോട് ഗദ്ദർ പറയുന്നുണ്ട്, ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും യഥേഷ്ടം കാണാവുന്ന അടിമകളെ പറ്റിഗ്രാമം വൃത്തിയാക്കാൻ ചുറ്റിനടന്ന് ഗ്രാമത്തിന് പുറത്ത് താമസിക്കുവാൻ വിധിക്കപ്പെട്ട, ഗ്രാമം ഉറങ്ങുമ്പോൾ മാത്രം അകത്ത് കടക്കാൻ കഴിയുന്ന അധകൃതരുടെ ഇന്ത്യയിലാണ് താൻ ജനിച്ചത്, ജീവിച്ചത് ജീവിതമാണെന്നും അദ്ദേഹം പറയുന്നുണ്ട്. അടിമ അക്ഷരം പഠിപ്പിക്കുമ്പോൾ കലാപം ആരംഭിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഗദ്ദറിൻ്റെ മാതാപിതാക്കൾ അംബേദ്കറുമായി സംസാരിക്കാറുണ്ടായിരുന്നു എന്ന് അദ്ദേഹം ഓർമ്മിക്കുന്നുഫൂലെയെക്കുറിച്ച് ഒരു മറാത്തി ഗാനത്തിൻ്റെ മനോഹരമായ വിവർത്തനം തൻ്റെ  അമ്മ പാടിയത് ഗദ്ദർ ഓർക്കുന്നതു നോക്കൂ.

ഒരു മുല്ല വളർന്നിതങ്ങൊരു ചാണകക്കൂനയിൽ
മണമുള്ള പൂക്കൾ വിരിഞ്ഞതിൽ നിറയെ
ഒരു പുഷ്പമതിൻ സുഗന്ധമെങ്ങും പരത്തി
ഗ്രാമത്തെയാകെയും ഉണർത്തിയതു നടത്തി
ഗ്രാമമാകെയും പതിയെ ചാണകക്കൂനയിലേക്ക് നടന്നു
എങ്ങും സുഗന്ധം പരത്തുന്ന പൂവിൻ്റെ പേരതു ചോദിച്ചു
പൂവായിരുന്നു  സാവിത്രിഭായി
സുഗന്ധമായിരുന്നു ജോതിബ ഫൂലെ!

 ബുള്ളറ്റിൽ നിന്നും ബാലറ്റിലേക്ക്, പിന്നെ നിത്യതയിലേക്ക്

നിരന്തരം മാറുന്ന, പരിഷ്കരിക്കപ്പെടുന്ന വരികൾ പോലെയായിരുന്നു ഗദ്ദറിൻ്റെ രാഷ്ട്രീയശരികളും. അതെന്നും സാമൂഹ്യനീതിക്കു വേണ്ടിയായിരുന്നു. ഒരുകാലത്ത് അണ്ടർഗ്രൌണ്ട് രാഷ്ട്രീയപ്രവർത്തനത്തിൽ മാവോയിസത്തിൻ്റെ ഭാഗമായിരുന്ന ഗദ്ദർ പിന്നീട്  തൻ്റെ കയ്യിലെ വടിയിലെ ചുവപ്പ് റിബണിനൊപ്പം ഒരു നീല റിബൺ ചേർക്കുന്നുണ്ട്. 2017 ഓടെ ഒരു അംബേദ്കറൈറ്റ് ആയി സ്വയം അടയാളപ്പെടുത്തിയ ഗദ്ദർ നീല റിബണിനെ ബാബാ സാഹേബ് അംബേദ്കറുടെയും ജ്യോതിറാവു ഫൂലെയുടെയും ചിന്തകളുടെ പ്രതീകമായാണ് മാവോയിസ്റ്റ് പ്രതീകമായ ചുവന്ന റിബണിനൊപ്പം ചേർക്കുന്നത്. നമ്മുടെ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് കാലത്തിൻ്റെ ആവശ്യമെന്ന തോന്നലാണ് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള തൻ്റെ പ്രവേശനത്തിനു പിന്നിലെന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്

പേരില്ലാത്തവരുടെയും മുഖമില്ലാത്തവരുടെയും സങ്കടങ്ങൾ  പാടിയും ആടിയുമാണ് അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വിപ്ലവ പാർട്ടികളിലൊന്നായ പീപ്പിൾസ് വാർ ഗ്രൂപ്പിൻ്റെ സാംസ്കാരിക മുഖമായി മാറിയത്. അവിടെ നിന്നുമാണ് അദ്ദേഹം ആധുനികലോക സാമൂഹികക്രമത്തിൽ ജനാധിപത്യത്തിൻ്റെ കരുത്ത് തിരിച്ചറിയുന്നതും പണ്ട് തന്നെ തന്നെ തേടിവന്ന ബുള്ളറ്റിൻ്റെ ഉടമകളോടുള്ള പകപോലും മാറ്റിനിർത്തി ബാലറ്റിനെ പുൽകിയതും.   പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഭയവും ഉത്കണ്ഠയും വേവലാതികളും എന്നും നിഴലിച്ചത് അവരുടെ പാട്ടുകളിലും നൃത്തങ്ങളിലുമായിരുന്നുഅത്രമേൽ അതിൻ്റെ സാധ്യതകൾ സാമൂഹികനീതിക്കായുള്ള പോരാട്ടത്തിന് ആയുധമാക്കിയ ഗായകാ പ്രണാമം. ഗദ്ദറിൻ്റെ അമ്മ പാടിയതുപോലെ സാവിത്രിഭായിയെ പോലെ ജ്യോതിബ ഫൂലെയെപ്പോലെ പൂവും സുഗന്ധവുമായി ഗദ്ദറിൻ്റെ ഓർമ്മകൾ എന്നുമുണ്ടാവട്ടെ. ഗദ്ദർ സ്വപ്നം കണ്ട സാമൂഹികനീതിയുടെ സുഗന്ധപൂരിതമായ പുതിയൊരു ലോകം വിരിയട്ടെ, നമ്മൾ ഉണരട്ടെ, മാലണ്ണനും മാഡിഗണ്ണനും നിവർന്നുനടക്കുന്ന ജനാധിപത്യം പുലരട്ടെ.

മധുസൂദൻ വി

Reference: