Showing posts with label ജാതി ഉന്മൂലനം. Show all posts
Showing posts with label ജാതി ഉന്മൂലനം. Show all posts

Tuesday, October 20, 2020

ജാതി ഉന്മൂലനം, തെറ്റ് പറ്റിയത് അംബേദ്കറിനല്ല

യു.പിയിൽ നിന്നുള്ള ആ വാർത്ത ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിട്ട് ദിവസങ്ങൾ ഏറെയായില്ല. അവളുടെ ശവസംസ്കാരം പോലും വിവാദമായി.  ഒരു പത്തൊമ്പതുകാരി ദളിത് പെൺകുട്ടിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി സമീപത്തെ പാടത്തേക്ക് വലിച്ചുകൊണ്ടുപോയി ഒരു കൂട്ടം ഉയർന്ന ജാതിക്കാർ കൂട്ടബലാൽസംഗം ചെയ്തു. പീഡിപ്പിക്കപ്പെട്ട, പൊട്ടിപ്പോയ എന്നർത്ഥം വരുന്ന ദലാൻ എന്ന ഹിന്ദി പദത്തിൽ നിന്നാണ് ദളിത് ഉണ്ടാവുന്നത്. നാവറുത്തുപോയ,  നട്ടെല്ലു പൊട്ടിച്ച ആ ഭീകരപീഡനം അവശേഷിപ്പിച്ച നുറുങ്ങിയ ശരീരവുമായി മരണത്തോട് ഏറെനാൾ മല്ലടിച്ച്, ജീവിതത്തോടു വിടപറഞ്ഞ ആ പെൺകുട്ടി ഇന്ത്യൻ ദളിത് മുഖമാണ്.

തൻ്റെ അഞ്ചുമക്കളിലെ ഇളയവൾ അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് നാവും നട്ടെല്ലും തകർന്ന് കിടക്കുന്നതു കണ്ടലമുറയിടുമ്പോഴും ആ അമ്മ ഭയന്നത് അതു പുറത്തുപറഞ്ഞാലുള്ള അനന്തര ഫലത്തെക്കുറിച്ചാണ്, തൻ്റെ ബാക്കി മക്കളെ ഓർത്താണ്, കുടുംബത്തിൽ ആരെയെങ്കിലും അവർ ബാക്കിവെക്കുമോ എന്നാലോചിച്ചാണ്. ഹിന്ദുത്വത്തിൻ്റെ വിശ്വമാനവികതയെ ആഘോഷിക്കുന്നവരാരും ഹിന്ദുത്വത്തിൻ്റെ ഈ ഗോത്രജാതിഭീകരതയെ അപലപിക്കുന്നില്ല.  ദളിത്ജീവിതങ്ങൾ അനുഭവിക്കുന്ന, അവരുടെ പെൺകുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പുറത്തുവരാത്തതും വരുന്നതുമായ കൊടിയ പീഢനങ്ങളുടെ പിന്നിലെ ഭീകരമായ ജാതീയതയെ കാണുന്നില്ല.  ഒഡീഷയിൽ ഒരു പെൺകുട്ടി ഒരു പൂ പറിച്ചതിൻ്റെ പേരിൽ നാല്പതു ദളിത് കുടുംബങ്ങൾക്ക് ഉരുവിലക്കു പ്രഖ്യാപിച്ച ജാതിബോധത്തിൻ്റെയും  ഇങ്ങിവിടെ വട്ടവടയിലെ ബാർബർഷാപ്പുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് ജീവിതങ്ങളുടെയും സമകാലിക ലോകത്ത് പേർത്തും പേർത്തും വായിക്കപ്പെടേണ്ടതാണ്  ബാബാസാഹേബിൻ്റെ അന്നൈഹിലേഷൻ ഓഫ് കാസ്റ്റ്.  സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം ജാതി ഉന്മൂലനം, തെറ്റ് പറ്റിയത് അംബേദ്കറിനല്ല