Monday, February 14, 2022

സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മണ്ണും പെണ്ണും  ഉപമകൾ നിർലോഭമായി ആഘോഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്.  കൃഷിയെയും ഫലഭൂയിഷ്ഠതയെയും കുറിക്കുന്ന പദമാണ് ഉർവ്വരത. ഉർവ്വരിയെന്നാൽ ഉത്തമയായ സ്ത്രീ എന്നും. പെണ്ണ് ആണിൻ്റെ കൃഷിയിടമാണെന്നും അവൾ ജനിപ്പിക്കുന്ന ആൺകുട്ടികളുടെ എണ്ണമാണ് ഉത്തമയായ സ്ത്രീയുടെ അളവുകോലെന്നും പറഞ്ഞുവെയ്ക്കുന്നുണ്ട് ഗതകാല ഗോത്രബോധം. പുത്രകാമേഷ്ടിയെയും  പുത്രലാഭത്തെയും പുത്രദു:ഖത്തെയും  പറ്റിയേ ഇതിഹാസങ്ങൾ പറയുന്നുള്ളൂ.  പുത്രലാഭമെന്നു പറയുമ്പോൾ പുത്രിനഷ്ടമാണെന്നു വരികൾക്കിടയിൽ വായിക്കാവുന്നതാണ്.

ആദമിന് ഏകാന്തതയുടെ വിരസതയകറ്റാൻ, ഒരു കളിക്ക് അവൻ്റെ  ഒരു വാരിയെല്ലിൽ നിന്നും ദൈവം സൃഷ്ടിച്ചതാണ്  ഈവിനെ. ഊരിപ്പോയ തൻ്റെ വാരിയെല്ലുകൊണ്ട് കോൽക്കളി കളിക്കാനുള്ള അവകാശം ആദമിനുണ്ടെന്ന് ആ ബോധം പറയാതെ പറയുന്നുണ്ട്.   മുഖാമുഖം ആണിനു അടിയിലായി പെണ്ണു വരുന്ന സുരതനിലയ്ക്ക് മിഷണറി പൊസിഷൻ എന്നു പേരുവന്നത് യാദൃച്ഛികമാവാനുള്ള സാധ്യതയില്ല. ആണിനു കീഴ്പ്പെട്ടു ജീവിക്കുവാനായി മാത്രം സൃഷ്ടിക്കപ്പെട്ടതാണു പെണ്ണെന്ന ഗോത്രബോധമാണ് പല സമൂഹങ്ങളെയും നയിക്കുന്നത്. അതിൽ നിന്നും ഒരു തരി മുന്നോട്ടു പോവാതെ നെല്ലിക്ക ചതച്ചിട്ട മത്തിക്കറിയുണ്ടാക്കലാണ് പെണ്ണിൻ്റെ കടമയെന്നും ആണിൻ്റെ കൃഷിയിടമാണ് പെണ്ണെന്നുമൊക്കെ മൈക്കുകെട്ടി പ്രസംഗിക്കുന്നതിൽ, അതുകേട്ടിരിക്കുന്നതിൽ തെല്ലും ലജ്ജ തോന്നാത്ത ഒരു സമൂഹമായി നാം മാറുന്നു.   

കൃഷിയിലൂന്നി ഉർവ്വരതയിൽ  പിടിച്ച് മണ്ണിനെപ്പോലെ പെണ്ണിനെയും പരിലാളിക്കുന്നതും സ്നേഹിക്കുന്നതുമായ  സംസ്കാരത്തിൻ്റെ ജ്വലനമാണീ പദങ്ങളും പഴഞ്ചൊല്ലുകളുമെല്ലാം എന്നു പലരും ന്യായീകരിച്ചേക്കാം. പ്രാകൃതമായ വിവേചനങ്ങളുടെ പഴമൊഴികളായി ഈ പൊട്ടച്ചൊല്ലുകളെ മലയാളം ആഘോഷിക്കുന്നുമുണ്ട്. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും എന്നൊരു ചൊല്ലുണ്ട്.  സ്നേഹത്തിലെന്തിനാണ് ദണ്ഡം.

മണ്ണും പെണ്ണും  ഉപമയ്ക്കു പിന്നിലെ സത്യം പാട്രിയാർക്കിയുടെ സ്വർണപാത്രം കൊണ്ടു മൂടിവച്ചതാണ്. പുരുഷകേന്ദ്രിത അധികാരഘടനയിൽ മണ്ണും പെണ്ണും സ്വന്തമാക്കേണ്ട സംഗതികളാണ്, സ്വത്താണ്.  സ്വത്ത് വിനിമയം ചെയ്യപ്പെടാനുള്ളതുമാണ്, കൈവശംവച്ച് യഥേഷ്ടം അനുഭവിക്കാനുള്ളതുമാണ് എന്ന ചിന്തയിൽ നിന്നുമാണ് അത് ഉദ്ഭവിക്കുന്നത്. വല്ല സത്യവും അതിലുണ്ടായിരുന്നെങ്കിൽ പെണ്ണിനു വേണ്ടാത്ത ഭൂമി മാത്രമാവുമായിരുന്നില്ലേ  ആണിനുണ്ടാവുക. രാജ്യത്തെ കാർഷിക തൊഴിലാളികളുടെ 42 ശതമാനത്തിലധികം സ്ത്രീകളാണ്, എന്നാൽ അവരുടെ കൈയ്യിൽ  കൃഷിഭൂമിയുടെ 2 ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ.

ഒരു ഓക്സ്ഫർഡ് അപാരത

ഇന്നു കേട്ട വാർത്ത ഓക്സ്ഫർഡ് സർവ്വകലാശാലയിൽ ഒരിന്ത്യൻ പയ്യനെ പുറത്താക്കിയതാണ്. സഹപാഠിയായ പെൺകുട്ടിയെ  നിരന്തരം പിന്തുടർന്നു ശല്യപ്പെടുത്തി, ഒടുക്കം കുറേ ശബ്ദസന്ദേശങ്ങളും അവൾക്കയച്ചു.

"അവൻ എന്നെ അവൻ്റെ ഭാര്യയാക്കും, എന്നിൽ അവൻ്റെ മക്കളെ ഉണ്ടാക്കും, ഞാൻ അവനോടൊപ്പം കഴിഞ്ഞോളണം എന്ന് പറഞ്ഞുകൊണ്ട് എനിക്ക് ആറ് മിനിറ്റ് ദൈർഘ്യമുള്ള ശബ്ദ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി" പെൺകുട്ടി ബിബിസിയോട് പറഞ്ഞു. അവനുമായി ഒരു ബന്ധത്തിനും താത്പര്യമില്ലെന്ന് അവൾ പലതവണ പറഞ്ഞു. പക്ഷേ അതവൻ്റെ വിഷയമല്ല. അവൻ്റെ ബോധത്തിൽ അവനിഷ്ടപ്പെട്ടു, ഇനി അവൾ അവന് കീഴ്പ്പെട്ടു കഴിയുക മാത്രം.  വികസിത സമൂഹങ്ങളിൽ ഏതാണ്ട് അവസാനിച്ച രോഗമാണിത്.    ഇന്ത്യയടക്കം ഏഷ്യൻരാജ്യങ്ങളിലും ചൈനയിലും അറബ്നാടുകളിലും  ആഫ്രിക്കൻ സമൂഹങ്ങളിലും  ആണിനെ നയിക്കുന്ന ബോധമാണിന്നുമിത്.  പെണ്ണിനെ മണ്ണുപോലെ തനിക്കു വിത്തിറക്കാനുള്ളിടമായി കണ്ട ഗതകാല ഗോത്രബോധം കടലു കടന്നു എന്നുമാത്രം.  അറിവിന് ആനുപാതികമായി ആണിനു ബോധം വളരാത്തതിൻ്റെ ഫലമാണ്  പെണ്ണ് അനുഭവിക്കുന്നത്,  അതിൻ്റെ ദുരന്തഫലങ്ങൾ പെണ്ണിനു മാത്രമല്ല,  ഈ സമൂഹത്തിൽ ആണിനുകൂടിയാണ്.   വികസിത ലോകം അഭയാർത്ഥികളെ സ്വീകരിക്കാൻ മടിക്കുന്നതിൻ്റെ ഒരു കാരണം ഇതുമാവാം. 

ബോധമില്ലാത്ത വിവരം എത്രമാത്രം അപകടകരമാണ് എന്നു കാണിക്കുന്ന ഒരു കഥയുണ്ട്, ഒരു പാതിരിയെ നരഭോജി പിടിച്ച കഥ.  ചുരുക്കിപ്പറയാം.  പണ്ടൊരു പാതിരി കാട്ടിൽ വഴി തെറ്റി നരഭോജികളുടെ പിടിയിലായി. ഒത്ത സൈസുള്ള ഒരാളെ ഭക്ഷണമായി എത്തിച്ചു കൊടുത്ത ദൈവത്തിന് നന്ദി പറയാൻ അവർ മറന്നില്ല, ഒരു റാത്തൽ പാതിരിമാംസം ദൈവത്തിനു നേരുകയും  ചെയ്തു. ഇത്രകാലവും ദൈവദാസനായ തൻ്റെ അവസ്ഥയാലോചിച്ച് അദ്ദേഹത്തിന് ഒരെത്തും പിടിയും കിട്ടിയില്ല.  ധൈര്യം സംഭരിച്ച് കണ്ണൊന്നു തുറന്നു, മരണം മുന്നിലുണ്ടെങ്കിലും.

ഉരുളി അടുപ്പത്തു കയറി. പാതിരിയെ വരട്ടിയെടുക്കുവാനുള്ള ചട്ടുകവുമായി സംഘത്തലവന്‍എത്തി. അനുയായികൾ തലവനെ വണങ്ങി. തന്നെ തറിക്കാൻ എത്തിച്ച കുട്ടയും വെട്ടുകത്തിയും കണ്ടു ഭയചകിതനായ പാതിരി അറിയാതെ ചോദിച്ചുപോയി. “കര്‍ത്താവേ ഈ ഐ.ടി. യുഗത്തിലും മനുഷ്യന്‍മനുഷ്യനെ തിന്നുകയോ?

“ലൂക്ക് ഫാദര്‍അയാം ഏന്‍ഓക്‌സ്ഫഡ് മാൻ. ബട് ട്രഡീഷന്‍ഈസ് ട്രഡീഷൻ”:  നേതാവിൻ്റെ മറുപടി കേട്ട് പാതിരി ഞെട്ടി.

ആ ഇംഗ്ലീഷു കേട്ടപ്പോൾ ജീവനിൽ ഒരു പ്രതീക്ഷ വന്ന പാതിരി തുടർന്നു..

മികച്ച ഓക്‌സ്ഫഡ് വിദ്യാഭ്യാസവും ശുദ്ധമായ ഇംഗ്ലീഷും ഒക്കെയുണ്ടായിട്ടും മകനേ നീ ഇപ്പോഴും നിൻ്റെ സഹജീവിയെ തിന്നുകയോ? നിനക്കു മാറ്റമൊന്നുമുണ്ടായില്ലേ?

മാറ്റമുണ്ട് ഫാദർ, ട്രമൻ്റസ് ചെയ്ഞ്ചസ്

അതൊന്നും പക്ഷേ നിൻ്റെ പ്രവൃത്തിയിൽ കാണുന്നില്ലല്ലോ മകനേ!

ഫാദർ ശ്രദ്ധിക്കാത്തതാണ്, അയാൾ ആ  ഫോർക്കും നൈഫും  ഒന്നുയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു -  പഴയതുപോലെയല്ല  ഇതുവച്ചാണ് ഞങ്ങളിപ്പോൾ  കഴിക്കുന്നത്.

ഉണ്ടായ മാറ്റം അതാണ്.  പുതിയ അറിവ്  കത്തിയും മുള്ളിലേക്ക്  ശീലത്തെ മാറ്റി. ബോധം പഴയതുതന്നെ. ആ നരഭോജിയുടെ നേരവതാരങ്ങളാണ് പലരും ഈ പയ്യനടക്കം.  പാരമ്പര്യത്തിനു മണ്ണുപിടിക്കാതെ നോക്കുന്നവർ, പുതുലോകത്തും സ്വൈരജീവിതത്തിനു ഭീഷണിയാവുന്നവർ.  ഇവിടെയാണെങ്കിൽ ഏറിയാൽ നാലുനാൾ കഴിഞ്ഞ് നാട്ടിലിറങ്ങി പെണ്ണിനെ വെട്ടിയോ വെടിവച്ചോ ആസിഡൊഴിച്ചോ കൊല്ലാനുള്ള സാധ്യതയുണ്ട്. സദാചാരികൾ പെണ്ണിൻ്റെ ചരിത്രവും ചാരിത്ര്യവും വിചാരണചെയ്ത് തൃപ്തരുമാവും.  അവിടെയായതു കൊണ്ട്  ആ പെൺകുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പയ്യനും തടവുമാത്രമല്ല, നാടുകടത്തിലുമുണ്ട്. 

പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം

കാലം ഒരു കവിയെ കൊണ്ട്  പെണ്ണായി പിറന്നെങ്കിൽ മണ്ണായി തീരുവോളം കണ്ണീരു  കുടിക്കാലോ എന്നു പാടിച്ചിട്ടുണ്ട്.   മണ്ണ് പെണ്ണ് പ്രണയം ഒക്കെയും ആണിനെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കേണ്ട സംഗതികളാണ്. കുഴപ്പം ആ ഗോത്രബോധത്തിലാണ്.  അവൾ എൻ്റെ പെണ്ണ് എന്നതിൻ്റെ പ്രണയാധികാര സ്വരത്തിനു മറുകുറിയായി അവൻ എൻ്റെ ആണ് എന്ന് കേട്ടിട്ടുണ്ടോ?  പുരുഷാധിപത്യ സമൂഹത്തിൽ മണ്ണും പെണ്ണും  സ്വത്ത് ആണ് സ്വാഭാവികമായും കഴിവുള്ളവൻ വാങ്ങും കഴിവുകെട്ടവൻ വില്കും. നമ്മുടെ നാടൻ ഭാഷയിൽ ഓളെ കൂട്ടിക്കൊടുക്കുന്നോൻ എന്നു വിശേഷിപ്പിപ്പെടുന്നവൻ പോലും പ്രയോഗിക്കുന്നത്  പെണ്ണിലുള്ള തൻ്റെ അധികാരമാണ്. പരമ്പരാഗതബോധമായി പകർന്നുകിട്ടിയ ക്രയവിക്രയ അധികാരം.  പ്രണയം പോലും അതിലേക്കുള്ള  ഒരു വഴി മാത്രമാവാറുണ്ട്.

ഗതകാലത്തിൻ്റെ അപരിഷ്കൃതബോധം വാറ്റിയെടുത്തതാണ് നമ്മുടെ പല ചൊല്ലുകളും, വിശിഷ്യാ, സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ളവ. നാലക്ഷരം കൂട്ടിവായിക്കാനറിയാത്തവനും നാലു സ്ത്രീവിരുദ്ധ പഴമൊഴി വശമുള്ള സമൂഹമാണ് നമ്മുടേത്.  ഈ പശ്ചാത്തലത്തിൽ നിന്നും ഒന്നു നമുക്ക് ദ ഇക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച Societies that treat women badly are poorer and less stable എന്ന പഠനത്തിലേക്കു പോവാം. സ്ത്രീകളോട് മോശമായി പെരുമാറുന്ന സമൂഹങ്ങൾ എല്ലാ അർത്ഥത്തിലും ദരിദ്രമാണ്, നിലനില്പു തന്നെ അവതാളത്തിലുമാണ് എന്നു സ്ഥാപിക്കുന്നതാണ് പഠനം.

“കാർ ഓടിക്കുന്ന പെണ്ണ് കൊല്ലപ്പെടും" ഷെയ്ഖ് ഹാസിം മുഹമ്മദ് അൽ മൻഷാദ് പറയുന്നു. തെക്കൻ ഇറാഖിലെ അൽ-ഗാസി എന്ന അയാളുടെ ഗോത്രത്തിലെ നിയമം കൃത്യമാണ്. ഒരു കാർ ഓടിക്കുന്ന ഒരു സ്ത്രീ എവിടെയെങ്കിലും പുരുഷനെ കണ്ടുമുട്ടിയേക്കാം.  അവളുടെ മാനം അയാൾ കവരും. അതുകൊണ്ടു തന്നെ അവളുടെ പുരുഷൻമാരായ ബന്ധുക്കൾ അവളെ വെട്ടിയോ കുത്തിയോ അല്ലെങ്കിൽ വെടിവെച്ചോ കൊന്ന് മണൽക്കൂനയിൽ മറവുചെയ്യും.  ഇതൊരിടത്തിൻ്റെ മാത്രം അവസ്ഥയല്ല, പെണ്ണിനെ അകത്തളങ്ങളിലേക്കു അടച്ചിരിക്കുവാൻ പ്രേരിപ്പിക്കുന്ന എല്ലാ സമൂഹത്തിൻ്റെയും അവസ്ഥയാണ്. അതിന് മതമെന്നോ ജാതിയെന്നോ പ്രത്യയശാസ്ത്രമെന്നോ വ്യത്യാസമില്ല. എല്ലാറ്റിൻ്റെ തലപ്പത്തും പാട്രയാർക്കി വാഴുമ്പോൾ വിവേചനം ഏറിയും കുറഞ്ഞു നടമാടുകയാണ്. ദുരഭിമാന കൊലകളെന്നു വകയിരുത്തി നാമെഴുതിത്തള്ളുന്ന കൊലകൾ ഇന്ത്യയിലെത്രയാണ്,  കേരളത്തിലും. നീനുവിനെ പ്രണയിച്ച കെവിനെ ഇല്ലാതാക്കിയത് ഈ ഗോത്രബോധമാണ്. അതിൽ പ്രതികളായവർക്ക് വിദ്യാഭ്യാസത്തിനു കുറവുണ്ടായിരുന്നില്ല. കുഴിച്ചുമൂടേണ്ടത് ഈ പരമ്പരാഗത ബോധത്തെയാണ്, വാഴ്ത്തേണ്ടത്  അതിരുകളില്ലാത്ത മാനവികതയേയുമാണ്.

കാർ ഓടിക്കുന്ന പെണ്ണിനെ കൊല്ലാനുള്ളതാണ്, ആ കടമ നിർവ്വഹിച്ച് അന്തസ്സ് രക്ഷിക്കേണ്ട ബാധ്യത കുടുംബത്തിലെ പുരുഷൻമാർക്കുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവരുടെ ലോകത്താണ് നാമുള്ളത്.  പെണ്ണിനെ മണ്ണുപോലെ ഒരു  ആസ്തിയായാണ് ഗോത്രബോധം കാണുന്നത്. മറ്റൊരാളുടെ നോട്ടം പോലും ആ ആസ്തിയെ ബാധ്യതയാക്കിക്കളയുകാണ് സമൂഹത്തിൽ.  സ്ത്രീപീഡനം വേദനിപ്പിക്കുന്നത് പെണ്ണിനെ മാത്രമല്ല, അതു ബാധിക്കുന്നത് ആണിനെ കൂടിയാണ്, അതെങ്ങിനെയാണ് സമൂഹിക സന്തുലനത്തെ ബാധിക്കുന്നതെന്നും വിശദമാക്കുന്നുണ്ട്  ഗവേഷകരുടെ പഠനം.

സമ്പത്തിൻ്റെ വിതരണത്തിലെ അസമത്വത്തെക്കാൾ അപകടം ബോധം വളരാത്ത സമൂഹത്തിൽ വിവരസാങ്കേതികവിദ്യയുടെ തുല്യമായ വിതരണമാണ്. നാലുകോണകം ഒന്നായി വാങ്ങാൻ ഗതിയില്ലാത്ത സമൂഹത്തിൽ കൂട്ടക്കൊലകളിൽ ഒരു പങ്ക് വിവരസാങ്കേതിക വിദ്യയ്ക്കാണ്. വിദ്വേഷത്തിൻ്റെ ഒരു സന്ദേശം നിമിഷാർദ്ധത്തിൽ ഗോത്രം മുഴുവനുമെത്തുന്ന അവസ്ഥയാണ്. ബോധമില്ലാത്ത സമൂഹത്തിനു കിട്ടുന്ന അറിവ് അപകടകാരിയാവുകയാണ്. മൊബൈൽഫോണും മെഷീൻഗണ്ണും ഒരേ ധർമ്മം നിർവ്വഹിച്ചുകളയുകയാണ്..

ആണെങ്കിൽ വാ പടക്കളത്തിൽ, പെണ്ണെങ്കിൽ പോ കലം തേക്കാൻ

"ദി ഫസ്റ്റ് പൊളിറ്റിക്കൽ ഓർഡർ: ഹൗ സെക്‌സ് ഷേപ്പ്സ് ഗവേണൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി വേൾഡ് വൈഡ്" എന്ന തൻ്റെ ഗ്രന്ഥത്തിൽ ആമുഖത്തിൽ  രചയിതാവായ വലേറി ഹഡ്സൻ ഒരനുഭവം വിവരിക്കുന്നുണ്ട്.  വർഷങ്ങൾക്കു മുമ്പേ, താലിബാൻ അഫ്ഗാൻ കീഴടക്കും മുന്നേ വലേറിക്ക് ഒരു അഫ്ഗാൻ വനിതാ മന്ത്രിയുമായി കൂടിക്കാഴ്ച തരമാവുന്നു. സ്വാഭാവികമായും വലേറി അഫ്ഗാൻ വനിതകളുടെ ശാക്തീകരണത്തെ പറ്റി സംസാരിച്ചു തുടങ്ങുന്നു. സർവ്വകലാശാല വിദ്യാഭ്യാസം നേടിയവളും മന്ത്രിയും ഒക്കെയായ അഫ്ഗാൻ വനിതയായിരുന്നു അവർ. ആ സംസാരമധ്യേ പെട്ടെന്ന് ഇടയ്ക്കു കയറി മന്ത്രി പറഞ്ഞു, “വലേറി, ഇനിയെനിക്ക് വീട്ടിലേക്ക് പോവണം, ഞാൻ നിന്നെ മൊഴിചൊല്ലുന്നു എന്നു മൂന്നു പ്രാവശ്യം പറഞ്ഞാൽ എൻ്റെ കാര്യം കഴിഞ്ഞു. അദ്ദേഹം അതു ചെയ്താൽ, എനിക്ക് എൻ്റെ മക്കളെ നഷ്ടപ്പെടും, കഴിഞ്ഞുകൂടുവാൻ ഒരിടം ഇല്ലാതാവും. ഇനി അദ്ദേഹം എന്നെ മൊഴിചൊല്ലുന്നില്ലെങ്കിൽ കൂടി, എൻ്റെ മക്കൾ എപ്പോൾ ആരെ വിവാഹം കഴിക്കണം എന്നു തീരുമാനിക്കുന്നതിൽ ഒരഭിപ്രായത്തിനു കൂടി എനിക്കു അധികാരമില്ല. ഈ ഞാൻ തന്നെ എത്രമാത്രം ശാക്തീകരിക്കപ്പെട്ടവളാണെന്ന് ഒന്നാലോചിക്കൂ വലേറി.” ആ പുസ്തകത്തിനു കാരണം തന്നെ ആയൊരു സംഭാഷണമാണ് എന്നറിയുന്നു.

ആ അഫ്ഗാനിൽ നിന്നും വലിയ സാംസ്കാരിക ദൂരമൊന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും സൌദി അറേബ്യയിലേക്കും ആഫ്രിക്കൻ സമൂഹങ്ങളിലേക്കും ഇല്ലെന്ന സത്യം 176 രാജ്യങ്ങളെ 0 മുതൽ 16 വരെയുള്ള സ്‌കെയിലിൽ അടയാളപ്പെടുത്തി അവർ കാണിക്കുന്നുണ്ട്.  "പാട്രിലൈനൽ/ഫ്രറ്റേണൽ സിൻഡ്രോം", മലയാളീകരിച്ചാൽ പിതൃപുത്ര താവഴിരോഗത്തിൻ്റെ  ലക്ഷണങ്ങളാണ് സ്ത്രീവിരുദ്ധത നിഴലിക്കുന്ന പെരുമാറ്റം, നേരത്തെയുള്ള വിവാഹം, വിവാഹാനന്തരം നിർബന്ധിത ഭർതൃഗൃഹവാസം, ബഹുഭാര്യത്വം,  പുത്രമുൻഗണന, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, അതിനോടുള്ള സാമൂഹിക മനോഭാവവും.   ഉദാഹരണത്തിന്, ബലാത്സംഗത്തെ സമൂഹം കാണുന്നത് ഒരു പ്രോപർട്ടി ക്രൈമായിട്ടാണ് എന്നവർ എടുത്തു പറയുന്നു.  ബലാൽസംഗം ചെയ്തവനോട് രാഖി കെട്ടാൻ ഉപദേശിച്ചുകളയുന്ന, ബലാൽസംഗം ചെയ്യപ്പെട്ടവൾക്ക്  ബലാൽസംഗിയെ വിവാഹം ചെയ്തുകൂടേ എന്നു ചിന്തിക്കുന്ന തരംതാണ നീതിബോധം കൈമുതലായരുടെ  നാടുകൂടിയാണ് നമ്മുടേത്.

ഇനി ബലാൽസംഗത്തെ അഭിസംബോധന ചെയ്യുന്ന പത്രവാർത്തകൾ നോക്കൂ. സദാ കാണുന്ന പ്രയോഗമാണ് ഇര.  ഇര എന്ന പ്രയോഗം തന്നെ കേസ് തള്ളിക്കളയാനുള്ള ന്യായമായ കാരണമാണ്. വേട്ടമൃഗത്തിൻ്റെ അവകാശമാണല്ലോ ഇര! വേറൊന്നു  മാനഭംഗമാണ്, ബലാൽസംഗത്തിൻ്റെ പേരാണത്! ആർക്കാണ് മാനഭംഗം? അതിക്രമിച്ചു ബലാൽസംഗം ചെയ്തവനു വേണ്ടതാണ് മാനഭംഗം. മനുഷ്യൻ എന്ന മനോഞ്ജ പദത്തിന് അർഹത നഷ്ടപ്പെടുമ്പോൾ  സംഭവിക്കുന്നതാണ് മാനഭംഗം, മാനഹാനി ഒക്കെയും. അതിക്രമത്തിനു വിധേയയായവൾക്കെന്തു മാനഭംഗമാണ്. കൃത്യമായ വാക്കുകൾ നല്ല സംസ്കാരത്തിനു വിത്തിടുന്നതുപോലെ കെട്ട വാക്കുകൾ തരംതാണ സംസ്കാരത്തെ സൃഷ്ടിച്ചുകളയുകയും ചെയ്യും.  വർത്തമാന ലോകത്തെ ശവസമാന പദാവലികളെ മറവുചെയ്യുന്നതും ഒരു സംസ്കാരമാണ്.  

ആ സൂചികയിൽ സെക്സിസ്റ്റുകൾക്കു രക്ഷയില്ലാത്ത രാഷ്ട്രങ്ങളായി മുന്നിട്ടു നില്ക്കുന്നത് വികസിത സമ്പന്ന ജനാധിപത്യ ശക്തികളാണ്. ഓസ്‌ട്രേലിയ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയെല്ലാം ഏറ്റവും മികച്ച പൂജ്യം സ്‌കോറിലാണ്.  സമ്പന്ന രാജ്യങ്ങളായ സൌദി അറേബ്യയും ഖത്തറും പിന്നിലാണ്.   പെണ്ണിനോടുള്ള സമീപനത്തിൽ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമാവുന്നില്ല, എല്ലാറ്റിൻ്റെയും തലപ്പത്ത് പാട്രിയാർക്കിയാണ്. ഭേദം ജനാധിപത്യ സംസ്കാരമാണ്. പെൺജീവിതം നരകതുല്യമാവുന്ന രാഷ്ട്രങ്ങളായി ചിത്രത്തിൽ കാണാം സുഡാനെയും യമനെയും സൊമാലിയയെയും ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും. ഇന്ത്യയുടെ സ്ഥാനം പരിതാപകരമാണ്, സൌദി അറേബ്യയോട് അടുത്താണ് കിടക്കുന്നത്.  മനുവും മുഹമ്മദും പെണ്ണിനോടുള്ള സമീപനത്തിൽ ഐക്യപ്പെടുന്നതായി കാണാം.  എന്തുമാത്രം പുരോഗതിയാണ്, സാമൂഹിക മുന്നേറ്റമാണ്  ദക്ഷിണ കൊറിയ ഉണ്ടാക്കിയത് എന്നുകൂടി നോക്കണം.

പല സമൂഹങ്ങളിലും പെണ്ണിൻ്റെ മൂല്യം നിർണയിക്കുന്നത് അവൾ ജന്മം നല്കുന്ന ആൺകുട്ടികളുടെ എണ്ണമാണ്.  ചാരിത്ര്യ സംരക്ഷണ മതിലകത്ത് പ്രസവയന്ത്രങ്ങളായി മാറിപ്പോവുകയാണ്  പെണ്ണുടലുകൾ. പുരുഷാധിപത്യവും ദാരിദ്ര്യവും എവിടെയും കൈകോർക്കുന്നുണ്ട്. ഒരു രാജ്യം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല മാർഗം അവിടുത്തെ വനിതകളെ ആജ്ഞാനുവർത്തികൾ മാത്രമാക്കുകയാണ് എന്ന നോട്ടോടു കൂടിയാണ് ഗവേഷകർ പഠനം അവസാനിപ്പിക്കുന്നത്.  സെക്സിസം  ഗർഭപാത്രത്തിൽ തുടങ്ങുകയാണ്.  ആണിനായി കാത്തിരിക്കുന്നവർ പെണ്ണിനെ ജനിക്കുന്നതിനു മുന്നേ കൊല്ലുന്നു. ഇന്ത്യയിലും ചൈനയിലും മറ്റും അതു നിർബാധം നടക്കുന്നു. ജനിച്ചതിനു ശേഷം ഉപേക്ഷിക്കപ്പെടുന്നതു വേറെ, ഏറ്റവും ചുരുങ്ങിയത് 13 കോടി പെൺകുട്ടികൾ ലോകജനസംഖ്യയിൽ നിന്നും അപ്രത്യക്ഷരായിട്ടുണ്ടെന്ന് ഗവേഷകർ. 

ആണിൻ്റെ ലൈംഗികദാരിദ്ര്യത്തിലേക്ക്

സാമ്പ്രദായിക രീതിയിലെ വിവാഹത്തിന് ആവശ്യത്തിനു  പെണ്ണില്ലാതെ, നട്ടം തിരിയുന്ന ഒരു വലിയ വിഭാഗം നമുക്കു ചുറ്റിലുമുണ്ട്, അവിവാഹിതരായി തുടരാൻ വിധിക്കപ്പെട്ടവരായി.  നിരാശരായ,  ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന പുരുഷൻമാർ കൂടുതൽ അപകടകാരികളായിരിക്കും എന്നു സ്ഥാപിക്കുന്നുണ്ട് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലെന എഡ്‌ലണ്ടും സഹഗവേഷകരും. ചൈനയിൽ, സ്ത്രീകളുടെയും പുരുഷന്മാരുടെയും അനുപാതത്തിലെ ഓരോ 1% വർദ്ധനവിലും, അക്രമവും സ്വത്ത് കുറ്റകൃത്യങ്ങളും 3.7% വർദ്ധിച്ചു. പുരുഷന്മാർ കൂടുതലുള്ള ഇന്ത്യയുടെ ഭാഗങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലാണെന്നു കാണാം.  ഇന്ത്യയിലെ ഏറ്റവും വികലമായ സ്ത്രീ-പുരുഷ അനുപാതം 889: 1000 കാശ്മീരിലാണ്.  കാശ്മീരിലുണ്ടാവുന്ന അക്രമസംഭവങ്ങളുടെ പിന്നിൽ ഈയൊരു വസ്തുതകൂടി ബന്ധപ്പെട്ടവർ പരിശോധിക്കുന്നുണ്ടാവാം. കേരളം ഇക്കാര്യത്തിൽ വളരെ മുന്നിലാണ്, 1000 ആണിന് 1084 പെണ്ണുമായി ഇന്ത്യയ്ക്കു തന്നെ മാതൃക.

സ്ഥിതിയെ കൂടുതൽ വഷളാക്കുകയാണ് സാമ്പത്തിക ശേഷിയുള്ളവരുടെ, സായുധശേഷിയുള്ളവരുടെ ബഹുഭാര്യാത്വം. കുടുംബങ്ങളിൽ ബഹുഭാര്യാത്വം ഏകദേശം 2% മാത്രമാണെന്ന് പഠനങ്ങൾ പറയുന്നു. പക്ഷേ സദാ അഭ്യന്തര കലഹങ്ങളാൽ വലയുന്ന സമൂഹങ്ങളിൽ നിർബന്ധിത ബഹുഭാര്യാത്വമാണ് നടമാടുന്നത്. തീവ്രവാദ സംഘടനകൾ പെണ്ണുടലുകളെ തേടിക്കൊണ്ടുപോവുകയാണ്. നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത്, ബോക്കോ ഹറാമിൻ്റെ  നിയന്ത്രണത്തിലുള്ള പ്രദേശത്ത് 15-49 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ 44% നിർബന്ധിത ബഹുഭാര്യാത്വത്തിന് വിധേയരാണ്. ഇസ്ലാമിക് സ്റ്റേറ്റ് യുവാക്കളെ ആകർഷിക്കുന്നത്  ലൈംഗിക അടിമകളെ നൽകിയാണ്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള അനുവാദമാണ് ബോക്കോ ഹറാം തങ്ങളുടെ സൈനികർക്ക് നൽകുന്നത്.  താലിബാനാണെങ്കിൽ സായുധരായി വാതിലുകളിൽ മുട്ടി അവിവാഹിതരായ പെൺകുട്ടികളെ അവർക്കു സമർപ്പിച്ചുകൊള്ളുവാൻ കുടുംബങ്ങളോട് ആവശ്യപ്പെടുന്നു. 

അതിസമ്പന്നരായ  പത്തു ശതമാനം പേർ നാലു ഭാര്യമാരെ നേടുമ്പോൾ മുപ്പതു ശതമാനത്തിന് പെണ്ണിനെ കാണാൻ കിട്ടാത്ത അവസ്ഥയുണ്ടാവുന്നൂവെന്ന് പഠനം പറയുന്നു.  പെണ്ണ് അവിടെ ചരക്കായി തന്നെ മാറുകയാണ്.  പല ഗ്രൂപ്പുകളിലും നടക്കുന്ന ചേരിതിരിഞ്ഞു കൊലകൾ പലതും പെണ്ണിനെ പിടിച്ചെടുക്കുവാനായാണ്. ഗോത്ര കലഹഭൂമികളിൽ നടമാടുന്നത്  പ്രോപർട്ടി കൊലകളാണ്, മറ്റൊരാളുടെ പ്രോപർട്ടിയായ  പെണ്ണിനെ നേടുവാനുള്ളത്.

പരിഹാരം ദക്ഷിണ കൊറിയയുടെ മഹനീയ മാർഗം

കുടുംബമായി ജീവിക്കുവാൻ തുടങ്ങിയ കാലം തൊട്ടു വേരാഴ്ന്ന പാട്രിയാർക്കിയെ ശരവേഗം പൊളിച്ചടുക്കിയ രാഷ്ട്രം ആധുനികലോകത്ത് ദക്ഷിണ കൊറിയയാണ്.  1991-ൽ അവർ പുരുഷൻ്റെയും സ്ത്രീയുടെയും അനന്തരാവകാശം തുല്യമാക്കി, വിവാഹമോചനശേഷം കുട്ടികളുടെ സംരക്ഷണത്തിനുള്ള ഭർത്താവിൻ്റെ സ്വാഭാവിക അവകാശം  അവസാനിപ്പിക്കുകയും ചെയ്തു. 2005-ൽ "ഗൃഹനാഥൻ", ഒരു കുടുംബത്തലവൻ എന്ന നിയമദത്തമായ പദം കുഴിച്ചുമൂടി. 2009-ൽ മെറിട്ടൽ റേപ്  ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഇതിനിടയിൽ, എടുത്തുപറയേണ്ട സംഗതി വയോജനങ്ങൾക്കുണ്ടാക്കിയ സാമ്പത്തിക സ്വാതന്ത്ര്യമാണ്, സ്റ്റെയിറ്റ് പെൻഷനുകൾ കുത്തനെ വർദ്ധിപ്പിച്ചു. അതോടെ മക്കളെ ആശ്രയിച്ചു കഴിയുന്ന കൊറിയക്കാരുടെ പങ്ക് കുത്തനെ കുറച്ചു.  മാതാപിതാക്കളുടെ ഇടയിൽ, ആൺകുട്ടികൾക്കുള്ള മുൻഗണനയുടെ ഒരു കാരണം വാർദ്ധക്യത്തിൽ അവരെ ആശ്രയിക്കാമെന്ന തോന്നലാണ്. ആൺകുട്ടികളോടുള്ള താല്പര്യം ഒരു തലമുറയ്ക്കുള്ളിൽ തന്നെ  പെൺകുട്ടികളോടുള്ള മുൻഗണനയിലേക്ക് മാറിയെന്നു ഗവേഷകർ. .

അതിവേഗം ബഹുദൂരത്തേക്കുള്ള ഒരു സാംസ്കാരിക മുന്നേറ്റമാണ് തെക്കൻ കൊറിയയുടേത് എന്ന് ചിത്രം വ്യക്തമാക്കുന്നു. പടിഞ്ഞാറൻ രാജ്യങ്ങൾ പാട്രിയാർക്കിയുടെ കൊട്ടകൊത്തളങ്ങൾ ഇടിച്ചുനിരത്താൻ നൂറ്റാണ്ടുകളെടുത്തപ്പോൾ, ദക്ഷിണ കൊറിയ അതു സാധ്യമാക്കിയത് മിന്നൽ വേഗത്തിലാണ്. അക്ഷരാർത്ഥത്തിൽ അടുത്തകാലത്ത് ലോകം കണ്ട മഹാവിപ്ലവം. നമുക്ക് ഏറെ പഠിക്കാനുള്ളത്.

സമകാലിക മലയാളം വാരികയിൽ വായിക്കുവാൻ ലിങ്ക് ഇവിടെ സ്ത്രീവിരുദ്ധതയുടെ വിളവെടുപ്പ്

മധുസൂദൻ വി

Reference:

1.    The First Political Order: How Sex Shapes Governance and National Security Worldwide by Valerie Hudson, Donna Lee Bowen, Perpetua Lynne Nielsen
2.    The cost of misogyny - Societies that treat women badly are poorer and less stable, The Economist
3.    https://www.ncaer.org/news_details.php?nID=252&nID=252
4.    https://www.indiatoday.in/world/story/indian-origin-student-expelled-uk-university-stalking-1886689-2021-12-11

Monday, January 3, 2022

അതിരാണിപ്പാടത്ത് വിളഞ്ഞ മനുഷ്യരും ചരിത്രവും

ഒരു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ട്, അതിരാണിപ്പാടത്തു വിളഞ്ഞ ചരിത്രത്തിന്റെ ഒരു നൂറ്റാണ്ടും തികയുന്ന വേളയിലെ ഒരു വായനയാണിത്. ഇന്നിന്റെ രാഷ്ട്രീയ സമവാക്യങ്ങളുടെ ഒരു നൂറ്റാണ്ടുകാലത്തെ ഗതിവിഗതികൾ, ആളും തരവും ഇടവും നയവും തന്ത്രവും മാറുന്നതല്ലാതെ മനോഭാവം മാറാത്ത അവസ്ഥ എസ്. കെ നമുക്കായി വരച്ചിട്ടത് അവിസ്മരണീയമായ ഏതാനും കഥാപാത്രങ്ങളിലൂടെയാണ്. കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും എന്ന അഞ്ചാമധ്യായം സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ്. കേളഞ്ചേരിയിലെ ചന്തുക്കുട്ടി മേലാനിലൂടെ, ഇളംതലമുറക്കാരൻ കുഞ്ഞിക്കേളുമേലാനിലൂടെയും  എസ്.കെ വരച്ചിടുന്നത് സോ-കോൾഡ് സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങളുടെ, അങ്ങേയറ്റം സ്വാർത്ഥമതികളായ ഒരു പറ്റം ആഢ്യജന്മങ്ങളുടെ പഴയ തറവാടുകളുടെ അനിവാര്യമായ അന്ത്യത്തിന് തിരികൊളുത്തിയ ധാർമ്മികാധപ്പതനത്തിന്റെയും ചിത്രമാണ്.  ഒരു കാറ്റിൽ കരിയിലപോലെ വന്നുപോയ പണയാധാരങ്ങളത്രയും മദ്യവും മദിരാക്ഷിയും മറ്റു നേരമ്പോക്കുകളും  ചേർന്ന കൊടുങ്കാറ്റിൽ പുറത്തേക്കു പറന്ന ആ തറവാട് എല്ലാ അധികാര കേന്ദ്രങ്ങളുടെയും, നാളെ തകർന്നടിയേണ്ട മുഴുവൻ അധികാരകേന്ദ്രങ്ങളുടെയും നേർചിത്രമായാവണം എസ്.കെ കോറിയിട്ടത്. 

ഒന്നു സൂക്ഷിച്ചു നോക്കിയാൽ എസ്.കെയുടെ മിക്ക കഥാപാത്രങ്ങളെയും അവരെ നിർവ്വചിക്കുന്ന ശാരീരിക പ്രത്യേകതകളിൽ ഒന്നു രോഗാവസ്ഥയാണ്, പഴയകാല മാറാവ്യാധികളുടെ തിരുശേഷിപ്പുകൾ. മന്നവനെന്നോ യാചകനെന്നോ ഭേദമില്ലാതെ ആരെയും ആക്രമിക്കുന്ന രോഗങ്ങളിൽ വസൂരി കൊണ്ടുപോയത് കുഞ്ഞിക്കേളുമേലാന്റെ ഇടം കണ്ണാണ്. എസ്.കെയുടെ ഭാഷയിൽ കണ്ണു കലങ്ങി ചത്തുപോയി. ഇന്ന് കോവിഡ് മഹാമാരിക്കു മുന്നിൽ പകച്ചു നില്ക്കുന്ന നമ്മൾ ഒന്നറിയുന്നു - കോവിഡിനു മുന്നിൽ എല്ലാവരും സമന്മാരാണ്.  കുഞ്ഞിക്കേളുമേലാന്റെ അംഗരക്ഷകനും പ്രൈവറ്റ് സിക്രട്ടറിയുമായി വരുന്നത് ഇരുമ്പു ഖജാന കണക്കെ നെഞ്ചും തുറിച്ച ചെമ്പൻ കണ്ണുകളും കൊമ്പൻ മീശയുമുള്ള, വലം കൈയ്യിൽ ഉറുക്കും കോടിമുണ്ടിന്റെ തലക്കെട്ടും അരയിൽ കഠാരയുമായി നില്കുകന്ന ഇരുമ്പൻ പോക്കറെന്ന ജോനകനെ അവതരിപ്പിക്കുന്നുണ്ട് എസ്.കെ. മനുഷ്യന് സാധ്യമോ എന്നു തോന്നിപ്പോവുന്നത്രയും ക്രൂരതകൾക്ക് കൈയ്യും കാലും വച്ച പ്രകൃതം.  അയാളുടെ ആകാരത്തിൽ കാലം വരുത്തിയ വ്യത്യാസങ്ങളല്ലാതെ, ദൌത്യലക്ഷ്യങ്ങളിലോ, രീതികളിലോ, വ്യത്യാസമില്ലാതെ തുടരുന്ന ഇന്നത്തെ ക്വട്ടേഷൻ-മാഫിയാത്തലവന്മാരുടെ പിതാമഹനാണ് പോക്കൻ.  ആകാരം മാറുന്നു, പ്രകൃതം മാറുന്നില്ല. 

കുഞ്ഞിക്കേളുമേലാനും അതിഥി സായിപ്പിനുമായി പുതിയ ശിക്കാറിന് വനകന്യകകളെ വേണമെന്നായപ്പോൾ മുടവക്കുടിയിൽ നിന്നും പോക്കർ വലിച്ചിഴച്ചു കൊണ്ടുപോവുന്ന മകളുടെ നിലവിളികേട്ടെത്തി വിടാതെപിന്തുടർന്നു തടഞ്ഞ ആ പിതാവിനെ പോക്കർ കൊന്നത് നാഭിക്കു കൊടുത്ത ഒറ്റച്ചവുട്ടിനാണ്. അച്ഛൻ നിലത്തു വീണു പിടഞ്ഞു മരിക്കുന്നതു കണ്ട്  മുഖം പൊത്തി നിലവിളിച്ച മകളെ വലിച്ചിഴച്ച്  മേലാനും സായിപ്പിനും മുന്നിലെറിഞ്ഞുകൊടുത്ത പോക്കറിൻ്റ,  തിന്മകളല്ലാതെ ജീവിതത്തിലൊരു നന്മ അറിയാതെ പോലും ചെയ്തു പോവാത്ത കുഞ്ഞിക്കേളുമേലാന്റെയും ശങ്കുണ്ണിക്കമ്പൌണ്ടരുടെയും ആധാരം ആണ്ടിയുടെയും ജീവിതത്തിന്റെ അവസാനം എസ്.കെയുടെ ജീവിതവീക്ഷണത്തെ സാധൂകരിക്കുന്നത് യാദൃച്ഛികമല്ല,  ബോധപൂർവ്വമാണ്. പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരു ചിച്ഛക്തിയിൽപ്പെട്ട അണുക്കളാണ്. വേറൊരു സഹജീവിയെ ദ്രോഹിക്കാൻ മനസാ വാചാ കർമ്മണാ നീയെറിയുന്ന ആയുധം, ലക്ഷ്യത്തിൽ കൊണ്ടാലും ഇല്ലെങ്കിലും, ചുറ്റിത്തിരിഞ്ഞ് ഒരു കാലത്ത് നിന്നെത്തേടി നിന്റെ മാറിൽ തന്നെ വന്നുപതിക്കുന്നത് നീ അറിയുകയില്ല- അജ്ഞാതമായ ആ ഭ്രമണ നിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ് -    തിന്മകൾക്കു മീതെയുള്ള നന്മകളുടെ വിജയമെന്ന സ്വപ്നം എഴുത്തുകാരന്റെ സാമൂഹികബാധ്യത കൂടിയാണത്.  എടുത്താൽ പൊങ്ങാത്ത ആ വാചകങ്ങൾ എസ് കെ പറയിക്കുന്നതാവട്ടെ നൈമിഷികമായ സുഖം ഉഷ്ണപ്പുണ്ണായി പടർന്ന് യൌവനം അപഹരിച്ച, അകാലത്തിൽ ഒടുങ്ങിയ ഒരു സാധു യുവാവിനെ കൊണ്ടാണ്.    

ബസ്ര എന്ന ഇറാഖിലെ സ്ഥലനാമം നമുക്കു പരിചിതമായത് അടുത്തകാലത്തെ അമേരിക്കയുടെ ഇറാഖ് ആക്രമണത്തോടെയാണ്. എന്നാൽ അതിനും ഏതാണ്ട് പതിറ്റാണ്ടുകൾക്കു മുമ്പ് ബസ്ര കുഞ്ഞപ്പു എന്ന കഥാപാത്രത്തിലൂടെ ബസ്രയെ മലയാളി വായനക്കാർക്ക് അനശ്വരമാക്കിയിരുന്നു എസ്.കെ.  നാട്ടിൽ ജഗപോക്കിരിയായി വളർന്ന സാധുവും സ്വാത്വികനുമായിരുന്ന കൃഷ്ണൻ മാസ്റ്ററുടെ  മകൻ കുഞ്ഞപ്പു, എഴുത്തുകാരന്റെ ഭാഷയിൽ കുരങ്ങിന്റെ മുഖമുള്ള, ഒരു കുല മാങ്ങയുടെയും തേങ്ങയുടെയും നടുവിലെ ഏതുവേണമെങ്കിലും എറിഞ്ഞിടാൻ കൃത്യമായ ഉന്നമുള്ള കുഞ്ഞപ്പു. പട്ടാളം വിട്ടുവന്ന കുഞ്ഞപ്പുവിന്റെ ബീഡിക്കുള്ള വക പട്ടാളക്കഥകളായിരുന്നു. ദേശത്തിന്റെ കഥ അരങ്ങേറുന്നത് അതിരാണിപ്പാടത്താണ്.  ബസ്രാമരുഭൂമിയിൽ തുർക്കികൾക്കെതിരെയുള്ള കുഞ്ഞപ്പുവിന്റെ യുദ്ധക്കഥകളിൽ, കുഞ്ഞപ്പുവിന് നേരിടേണ്ടിവന്ന അപകടങ്ങളുടെയെല്ലാം ഒരു കണക്കെടുത്താൽ ചുരുങ്ങിയത് നൂറ്റൊന്നു പ്രാവശ്യമെങ്കിലും കുഞ്ഞപ്പു മരിക്കേണ്ടതായിരുന്നു എന്നു എഴുത്തുകാരൻ. കുഞ്ഞപ്പുവിന്റെ ബസ്രായിലെ വീരകഥകളിൽ ആവേശം കൊണ്ട നാട് അവന് ബസ്ര കുഞ്ഞപ്പു എന്നൊരു സ്ഥാനപ്പേര് കല്പിച്ചുകൊടുത്തു. പുളുവടിയുടെ പര്യായമായി ബസ്ര നാടുവാണു. ജീവിതത്തിൽ നേർവഴികളൊന്നും സ്വീകാര്യമല്ലാത്ത, എന്നാൽ  തനിക്കുവേണ്ട ജീവിതസുഖങ്ങളത്രയും എളുപ്പവഴിയിലും കുറുക്കുവഴികളിലുമായി ക്രിയചെയ്തു നേടുന്ന ഒരു വലിയ വിഭാഗത്തിന്റെ മാതൃകാ പുരുഷനാവാനുള്ള യോഗ്യത നേടിയവനാണ് ബസ്ര. ഒരു ദിവസം കള്ളുകുടിക്കാനായി കുഞ്ഞപ്പു ചെയ്യുന്ന പണി ഖാദിയണിഞ്ഞ്  കോൺഗ്രസ് വളണ്ടിയറായി മദ്യഷാപ്പു പിക്കറ്റു ചെയ്യുകയാണ്. പറ്റിക്കുന്നത്, പരമഗാന്ധിയനായ അച്ഛനെയും കോൺഗ്രസ് നേതാവ് കൃഷ്ണൻ നായരെയും മാത്രമല്ല, മഹാത്മാവിനെ തന്നെയുമാണ്. ലോകത്തിലെ, രാജ്യത്തിലെ, ഗോത്രത്തിലെ,  സമൂഹത്തിലെ, കുടുംബത്തിലെ, എന്തിന് ഒരു വീട്ടിൽ പോലും  ബോധ-സ്വഭാവ-ശീല വൈരുദ്ധ്യങ്ങളുടെ രാജകുമാരൻമാരും രാജകുമാരികളും നിറയുന്നതാണ് മനുഷ്യവംശം, മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതുകൂടിയാണെന്ന് പേർത്തും പേർത്തും നമ്മോട് വിളിച്ചുപറയുകയാണ് എസ്. കെ യുടെ കഥാപാത്രങ്ങൾ.  ആ കഥാപാത്രങ്ങളെ കൂടെക്കൂട്ടി അതിരാണിപ്പാടത്തൂടെയുള്ള ഒരു യാത്രയാണിത് - എസ്.കെയുടെ ഒരു ദേശത്തിന്റെ കഥയുടെ അരനൂറ്റാണ്ടു തികയുമ്പോൾ, ഗതകാലക്കാഴ്ചകളിലൂടെ നമുക്കെ നമ്മെത്തന്നെ നോക്കിക്കാണാം. 

ഭാസ്കരൻ മുതലാളിയുടെ ഭാര്യയുടെ അനുജത്തിയെ പരിഹസിച്ചെന്ന കള്ളമൊഴിയിൽ പോലീസു കൊണ്ടുപോയ കുടക്കാൽ ബാലനെ ഇഞ്ച ചതച്ചപോലെ ചതച്ച് രക്തം തുപ്പിച്ചിട്ടാണ് പോലീസുകാർ വിട്ടത്. കുറ്റമെന്തെന്നു മാത്രം ബാലനറിഞ്ഞില്ല. മലേറിയ പിടിച്ച് പനിച്ചുവിറച്ച് അവശനായ അച്ഛനൊരു ഭാഗത്തു ഞരങ്ങുന്നു, ചായ്പിൽ എഴുന്നേറ്റു നില്ക്കാനാവാതെ മകൻ ബാലനും.  അവശേഷിച്ച ജീവരക്തം മുഴുവനും ഛർദ്ദിച്ചു തീർന്നാണ് ബാലൻ ജീവൻ വെടിഞ്ഞത്. വിവരമശേഷം ഇല്ലാത്ത പോലീസുകാരിൽ നിന്നും അസാരം വിവരമുള്ള പോലീസുകാരിലേക്ക് നാം മാറിയിട്ടും തെരുവിന്റെ കഥയിലെ അന്ത്രുവും ദേശത്തിന്റെ കഥയിലെ  ബാലനും നമ്മുടെ കൺമുന്നിൽ അങ്ങിങ്ങായി ഇന്നുമാവർത്തിക്കുന്നു.  ജന്മിയുടെ മകളെ ഒന്നു നോക്കിപ്പോയെന്നതിന്റെ പേരിൽ  അരക്കുതാഴെ നഗ്നനാക്കി കെട്ടിയിട്ടടിക്കു വിധേയനായി മുറിവേറ്റ ശരീരവും മനസ്സുമായി നാടുവിടേണ്ടിവന്ന കോരപ്പൻ, ആ പകയൂതി ജ്വലിപ്പിച്ചെടുത്തതാണ് പിൽക്കാലത്തെ തന്റെ കൺട്രാക്ടർ പദവിയും വമ്പിച്ച സാമ്പത്തിക ശേഷിയും.  പണമഹിമകൊണ്ട് കുലമഹിക വിലയ്ക്കെടുത്തു നേടിയ പെണ്ണുമായെത്തിയ കോരപ്പനു മുന്നിൽ എസ് കെ കൊണ്ടുപോയി നിർത്തുന്നുണ്ട് പണ്ട് അവനെ കെട്ടിയിട്ടടിപ്പിച്ചു രസിച്ച ജന്മിപ്പെണ്ണിന്റെ ഗതികെട്ട രണ്ടു പിള്ളേരുടെ ദയനീയാവസ്ഥയെ, കാലത്തിന്റെയൊരു കണക്കു തീർക്കലായി.  ഇടിഞ്ഞു പൊളിഞ്ഞ ജന്മിത്തറവാടും പട്ടിണിക്കോലങ്ങളായ പിള്ളേരും കാണിക്കുന്നത് സമ്പത്തിന്റെ ചാക്രിക സഞ്ചാരമാണ്, ഇന്നത് നിന്നിലാണെങ്കിൽ നാളെയത് എന്നിലാണെന്നു വിളിച്ചുപറയുന്ന ലോകനീതിയുടെ  മനോഹരമായ ആവിഷ്കാരം.  സ്വതവേ ദയാപരനായ കോരപ്പന് ആ പെണ്ണിന്റെ പരമദയനീയാവസ്ഥ കണ്ടിട്ടും  തെല്ലുമൊരു അലിവ് തോന്നുന്നില്ല എന്നത് രണ്ടു ദശാബ്ദങ്ങൾക്കു മുന്നേ താൻ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ കാരണമാണ്.  അകാരണമായി ഏൽക്കേണ്ടിവരുന്ന മാനസികമായ മുറിവിന്, ലോകത്ത് ഒരൌഷധവും ശമനം നൽകുന്നില്ലെന്ന സത്യം എഴുത്തുകാരൻ കോരപ്പനിലൂടെ വിളിച്ചുപറയുന്നു.  മനശ്ശാസ്ത്രജ്ഞരിലേറെ മനുഷ്യമനസ്സിന്റെ അവസ്ഥാന്തരങ്ങളെ നോക്കിക്കാണുകയും പഠനവിധേയമാക്കുകയും ചെയ്യുന്നവരാണ് എഴുത്തുകാർ പലരും, വിശിഷ്യാ എസ്.കെ.  സർവ്വതിലും അന്തർലീനമായ ഒരു നർമ്മമാണ് ജിവിതത്തെ തന്നെ മുന്നോട്ടു നയിക്കുന്നത് - കോരപ്പൻ മീനാക്ഷി ദാമ്പ്യത്യത്തിന്റെ ഓർമ്മഭവനമായ മാളികയ്ക്ക് കോർമിനാ എന്നു  പേരു നല്കിയതിൽ ആ ചിരിയുണ്ട്. 

ചരിത്രത്തിനു പിന്നാമ്പുറത്തെ സാമൂഹിക യാഥാർത്ഥ്യങ്ങൾ

വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്ത് ഭീകരമായ മർദ്ദനം ഏറ്റുവാങ്ങി ചോരതുപ്പി ക്ഷയം ബാധിച്ച് ചുമച്ചുചുമച്ച്  തന്റെ ഇരുപത്തിയെട്ടാം വയസ്സിൽ കിടപ്പുരോഗിയായ അപ്പുണ്ണിയിലെ ത്യാഗിയെ അടയാളപ്പെടുത്താൻ അതിരാണിപ്പാടത്ത് ആകെയുള്ളത് കൃഷ്ണൻമാസ്റ്ററാണ്.  വൈക്കം സത്യഗ്രഹം വൻവിജയമായി, നേതാക്കൾ ചരിത്രത്തിലേയ്ക്ക് നടന്നുകയറി, അപ്പുണ്ണി ‘വേണ്ടാതീനം, തോന്ന്യാസം കാണിച്ചതിന് അനുപവിക്കട്ടെ’ എന്നു പറഞ്ഞ് അച്ഛൻപോലും തിരിഞ്ഞുനോക്കാനില്ലാതെ, ‘വൈക്കത്തപ്പന്റെ ശാപമേറ്റ്‘ മണ്ണിലേക്ക് മടങ്ങി.   മഹാപ്രക്ഷോഭങ്ങളുടെ മുൻനിരയിൽ അടിയും തൊഴിയുമേറ്റവരുടെ ജീവിതം ദുരന്തപര്യവസായിയായി ഒടുങ്ങുമ്പോൾ സുരക്ഷിതരായി നയിച്ചവർ ധീരസമരനായകരുമായി ആഘോഷിക്കപ്പെടുന്നതിനെ അടയാളപ്പെടുത്തുകയാണ് എസ് കെ അപ്പുണ്ണിയെന്ന ത്യാഗിയിലൂടെയും മാസ്റ്ററെന്ന ഒരനുഭാവിയിലൂടെയും. വീണ്ടുമൊരു ത്യാഗിയെ കൃഷ്ണൻമാസ്റ്റർ കാണുന്നത് സ്വന്തം മകൻ കുഞ്ഞപ്പുവിലാണ്, കള്ളുഷാപ്പു പിക്കറ്റുചെയ്യുന്ന കോൺഗ്രസ് വളണ്ടിയറായി അവതാരമെടുത്ത ജഗപോക്കിരി കുഞ്ഞപ്പുവിൽ. അവിടെ കുഞ്ഞപ്പുവിലെ കപടനു മുന്നിൽ മാസ്റ്ററിലെ നിഷ്കളങ്കൻ തോറ്റുപോവുകയാണ്. ജീവിതം ചിലപ്പോൾ തിരഞ്ഞെടുപ്പുപോലെയാണ്, നല്ലത് എന്നും ജയിച്ചുകൊള്ളണമെന്നില്ല എന്നു കാണിക്കുകയാവാം എസ്.കെ.  നോവലും കവിതയും യാത്രാവിവരണങ്ങളും കഥകളും രാഷ്ട്രീയവും ഭാഗിച്ചെടുത്ത ജീവിതത്തിൽ അദ്ദേഹം തലശ്ശേരിയിൽ 1957ൽ ജിനചന്ദ്രനോടാണ് തോറ്റത്, ആയിരം വോട്ടിന്. അടുത്ത തവണ 1962 തലശ്ശേരിയിൽ നിന്നു തന്നെ എസ്.കെ ജയിച്ചത് അറുപത്തിനായിരത്തിലേറെ വോട്ടുകൾക്കാണ്, തോല്പിച്ചത് സുകുമാർ അഴീക്കോടിനെ.   

“കൈക്ക് റിസ്റ്റുവാച്ച് കെട്ടിയ മുറിമീശക്കാരൻ ചീമ്പ്രക്കണ്ണൻ കുമാരൻ പെട്ടിക്കുമുകളിൽ മുതലാളിത്തം താങ്ങി മുനിഞ്ഞിരിക്കുന്നു” എന്നതിൽ മലബാറിന്റെ പരമ്പരാഗതമായ മുതലാളിത്ത വിരോധം നിഴലിക്കുന്നുണ്ട്, സഞ്ജയന്റെ പരിഹാസത്തുടർച്ചയെന്നോണം. വലിയ പുറ്റുപോലെ അഞ്ചാറു ചെറ്റക്കുടിലുകൾ - പറയരുടെ ജീവിതാവസ്ഥയെ അനുഭവം വാറ്റിയെടുത്ത നാലു വാക്കുകളിൽ ഒരു കാലഘട്ടത്തിന്റെ ചരിത്രവും, സാമൂഹികാവസ്ഥയും ജീവിതവുമെല്ലാം അടക്കം ചെയ്തിരിക്കുന്നു.  നിലവിലെ സാമൂഹികശ്രേണികളുടെ പുറമ്പോക്കിലുള്ള അപ്പുവാണ് ചത്തുവീർത്ത പൈയ്യിനെ മുളയിൽ കെട്ടിയെടുത്തു കൊണ്ടുവരുന്ന പറയരെ നോക്കി ‘ചത്ത പയ്യിനെത്തിന്നുന്ന ചെന്തുക്കളെന്നു’ പറയുന്നത്. അപ്പോൾ പറയരുടെ അവസ്ഥ നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഹിന്ദുവിന്റെ ജാതീയതയുടെ ആഴവും പരപ്പും അതിലുണ്ട്. എങ്കിലും മലബാർ ഭേദമായിരുന്നു എന്നത് നോവലിലെ വ്യക്തിസൌഹൃദങ്ങളിൽ നിന്നും നമുക്ക് വായിച്ചെടുക്കുകയുമാവാം. 

ഒന്നുകൂടി കുഞ്ഞാപ്പുവിലേക്കു പോവാം.  രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് മഹാത്മജിയുടെ നേതൃത്വത്തിൽ കുതിക്കുമ്പോൾ, സവർണമേധാവിത്വത്തെക്കാൾ ഭേദം വൈദേശിക മേധാവിത്വമാണ്  എന്ന വാദവുമായി നിലകൊണ്ട സ്വസമുദായത്തിലെ പ്രമാണിമാർക്കിടയിൽ കൃഷ്ണൻ മാസ്റ്റർ ബ്രിട്ടീഷ് കൂറിനും മഹാത്മാഗാന്ധിയോടുള്ള ഭക്തിക്കുമിടയിൽ ഗതികിട്ടാതലയുന്നതിൻ്റ ചിത്രമുണ്ട്.  ഇന്ത്യൻ ജാതീയത, സവർണമേധാവിത്വത്തിന്റെ ഭീകരത - അതിനെക്കാൾ മീതെയായിരുന്നില്ല വിദേശാധിപത്യം പല സമൂഹങ്ങളെ സംബന്ധിച്ചും.  നല്ല വിദ്യാഭ്യാസം നേടി ഉന്നതമായ ജോലികളിൽ ബ്രിട്ടീഷ് കാലത്ത് അദ്ദേഹത്തിന്റെ സമുദായക്കാർ എത്തിയിരുന്നു. അതില്ലാതാവും എന്ന ഭീതി, ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഇരിപ്പുവശം വച്ച് യാഥാർത്ഥ്യമായിരുന്നുതാനും.  എങ്കിലും മകൻ ശ്രീധരൻ ദേശീയപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുന്നതിൽ, അവന്റെ പഠനത്തെ കുറിച്ചുള്ള വേവലാതിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മൂത്തമകൻ, സകല തിന്മകളുടെയും മൂർത്തിമദ്ഭാവമായിരുന്ന, ചെറുതിലേ തലതിരിഞ്ഞ കുഞ്ഞപ്പുവിനെ പറ്റി നല്ല വാർത്ത - കള്ളുഷാപ്പ് പിക്കറ്റു ചെയ്യുന്ന വാർത്ത കേട്ടു ഞെട്ടിയ കൃഷ്ണൻ മാസ്റ്റർ സ്വയം വിശ്വസിക്കുന്നത് പോക്കിരികളും കുറ്റവാളികളുമായിരുന്നവർ പിന്നീട് ഋഷിവര്യൻമാരും സിദ്ധരും ആയിരുന്നില്ലേ എന്നു സ്വയം ചോദിച്ചുകൊണ്ടാണ്.   പോലീസുദ്യോഗത്തിലിരുന്ന് നിഷ്ഠുരകൃത്യങ്ങൾ ചെയ്തവർ പിന്നീട് മാനസാന്തരം വന്ന് മഹായോഗികളായ കഥയും മാസ്റ്റർ ഓർത്തു. 

വളണ്ടിയറുടെ എട്ടണ ദിവസബത്ത ആദ്യം വാങ്ങി പോക്കറ്റിലിട്ടാണ് കുഞ്ഞപ്പു കൊടിപിടിച്ചത്, ജയ് വിളിച്ചതും.  പെരച്ചനെ കൊണ്ട് കള്ളു കുടിച്ചിട്ടെന്ന വ്യാജേന തന്നെ തെറിവിളിപ്പിച്ചതും, കള്ളു ഖദറിൽ തലവഴി അഭിഷേകം ചെയ്യിപ്പിച്ചതും കുഞ്ഞപ്പു തന്നെ. ഒടുക്കം ഇളനീർ എന്ന വ്യാജേന കള്ള് തൊണ്ടിലാക്കി കുഞ്ഞപ്പുവിന് എത്തിച്ചുകൊടുക്കുന്നതും പെരച്ചനും ടീമും തന്നെയുമാണ്. സമരവളണ്ടിയറായി മഹാത്മാഗാന്ധി കീ ജെയ് വിളിക്കുന്ന കുഞ്ഞപ്പുവിനെ തന്തയ്ക്കുവിളിക്കുന്ന, കൊടിയെ നിന്ദിക്കുന്ന, ഗാന്ധിജിയെ തെറിപറയുന്ന, ഒടുക്കം വളണ്ടിയർ കുഞ്ഞപ്പുവിന്റെ തലയിൽ കള്ളഭിഷേകം ചെയ്യുന്ന  പെരച്ചനെ നാലു പൂശാനെന്ന വ്യാജേന മുന്നോട്ടായുന്ന പോർട്ടർ ഗോപാലനെയും കൂഞ്ഞാണ്ടിയെയും നിഷ്കളങ്കനായ കോൺഗ്രസ് നേതാവ് കൃഷ്ണൻ നായർ ഉപദേശിക്കുന്നതു നോക്കൂ - ക്ഷോഭിക്കരുത് നമ്മൾ,  മരിക്കാൻ പോലും തയ്യാറായി വരുന്ന അഹിംസാവാദികളും ഗാന്ധിജിയുടെ ശിഷ്യരുമാണ് നാം. അതനുസരിച്ചു മാത്രമെന്നോണം അവർ പിൻവലിയുന്നു.  നമ്മുടെ സിനിമകളിൽ നാം കണ്ട അത്രമേൽ മികച്ച പലരംഗങ്ങൾക്കും നാം എസ്.കെയോടും കുഞ്ഞപ്പു എന്ന കഥാപാത്രത്തിനോടും കടപ്പെട്ടിരിക്കുന്നു. 

പെരച്ചന്റെ തെറിവിളികളത്രയും കോയകോയയായി പൊട്ടിയമരുമ്പോഴും കള്ളഭിഷേകം നടക്കുമ്പോഴും  അക്ഷോഭ്യനായി നിന്ന്  മഹാത്മാഗാന്ധീ കീ ജെയ് വിളിക്കുന്ന ജഗപോക്കിരി കുഞ്ഞപ്പുവിന്റെ ചിത്രം ആരെയാണ് ചിരിപ്പിക്കാതിരിക്കുക? അവിടെ പ്രകോപിതരാവരുതെന്ന നേതാവിന്റെ ഉപദേശവും. ആദ്യമേ വലിയ കുഴപ്പമുണ്ടാക്കി, കുഞ്ഞപ്പുവിനെ പെരച്ചൻ തലവഴി കള്ളിൽ കുളിപ്പിച്ചത് എസ്.കെ.യെ പോലുള്ള പ്രതിഭകൾക്കുമാത്രം സാധ്യമാവുന്ന ക്രാഫ്റ്റാണ് - കുടിച്ചതാണ് മണക്കുന്നതെന്നുമാത്രം ആരും പറയാതിരിക്കാനുള്ള തന്ത്രം.  സാധാരണ കാഴ്ചകൾക്കപ്പുറത്തുള്ള  ജീവിതയാഥാർത്ഥ്യങ്ങളെ  അസാധാരണമായ പാടവത്തോടെ അവതരിപ്പിക്കുക അതീവ ദുഷ്കരമാണ്. അത്തരം കഥാപാത്രങ്ങളുടെ  ഘോഷയാത്രയാണ് ഒരു ദേശത്തിന്റെ കഥ. കപടലോകത്തിനു മുന്നിൽ നിഷ്കളങ്കരുടെ ലോകം താല്കാലികമായെങ്കിലും പരാജയപ്പെടുന്നുണ്ട്, അന്തിമവിജയം നേടുന്നുമുണ്ട്. സാധാരണ കണ്ണുകൾക്ക് കാണാനാവാത്ത അസാധാരണമായ കാഴ്ചകളാണത്രയും. ഒരോ സമരങ്ങളുടെയും ലക്ഷ്യത്തെ തന്നെ തകർക്കുന്ന, ഒറിജിനലേത് വ്യാജനേത് എന്നു തിരിച്ചറിയാൻ കഴിയാത്ത നുഴഞ്ഞുകയറ്റക്കാർ സമരത്തിന്റെ ലക്ഷ്യങ്ങളെ ഇന്നും തകർത്തു കളയുന്നത് എത്ര തന്ത്രപരമായാണ്? 

സ്വന്തം അധ്വാനം കൊണ്ട് കുബേരരായ, പണ്ട് അകറ്റിനിർത്തിയിരുന്ന ഒരു കൂട്ടം കുചേലരെ, അവരുടെ അധമത്വം നീക്കി തങ്ങൾക്കു തുല്യരായി കാണാൻ തീരുമാനിച്ച മേലാന്റെ ഉല്പതിഷ്ണത്വം വാഴ്ത്തപ്പെട്ടു. അവരുടെ സമ്പത്ത് കൈക്കലാക്കുവാനുള്ള പവൻമാറ്റ് കുടിലതന്ത്രമാണ് മേലാന്റെ ഉല്പതിഷ്ണത്വമായി മാറിയത്. ഒരു നൂറ്റാണ്ടിന്റെ സാമൂഹിക വികാസ ചരിത്രമെടുത്താൽ ഈ സാമൂഹിക തിന്മകളത്രയും പലരൂപങ്ങളിൽ, പലഭാവങ്ങളിൽ കളം നിറഞ്ഞാടുന്നുണ്ട്. അതിരാണിപ്പാടത്തിൽ എസ് കെ വിളയിച്ചത് കേരളസമൂഹത്തിന്റെ ഒരു ക്രോസ് സെക്ഷനാണ്.  സമാനതകളില്ലാത്ത കഥാപാത്ര നിർമ്മിതകളിലൂടെ വരികളിലേക്ക് ആവാഹിച്ചത് അന്നത്തെ സാമൂഹികാവസ്ഥയും ചരിത്രവും ഒക്കെയാണ്.  ഒരു നാടിന്റെ ചരിത്രം മയിലെണ്ണയിൽ മുക്കിയ ഈർക്കിലി പോലെ ചരിത്രകാരൻമാർ വളച്ചൊടിക്കുന്നിടത്ത്, യഥാർത്ഥ ചരിത്രം ലഭ്യമാവുക അജണ്ടകളില്ലാതെ രചിക്കപ്പെടുന്ന സാഹിത്യസൃഷ്ടികളിലാണ്. നാലുപേർ നാലുരീതിയിൽ മലബാർ കലാപത്തെ കാണുമ്പോൾ എന്തു സംഭവിച്ചു എന്നതിന്റെ ഒരേകദേശ ചിത്രം  ഒരു ദേശത്തിന്റെ കഥയിലുണ്ട്.  അതുതന്നെയാവാം സത്യം പലപ്പോഴും, ലഭ്യമായ വരികളിൽ, വരികൾക്കിടയിൽ, വരികൾക്കപ്പുറത്തും വായിച്ചെടുക്കുമ്പോൾ. 

നന്മ-തിന്മകളുടെ  മഹാഘോഷയാത്രകൾ

നന്മകളുടെയും തിന്മകളുടെയും മഹാഘോഷയാത്രയിൽ, സ്വന്തമായി കാച്ചിയുണ്ടാക്കിയ കടുക്കാ മഷിയിൽ  പരുന്തിൻ തൂവലുകൾ അഗ്രം ചെത്തി തൂലികയാക്കി വെള്ളക്കാരൻ സായിപ്പിന്റെ കണ്ണുതള്ളിക്കുന്ന ഇംഗ്ലീഷിൽ സുന്ദരമായ കൈപ്പടയിൽ ഹരജികൾ തയ്യാറാക്കുന്ന, സത്യസന്ധത ഒന്നുകൊണ്ടുമാത്രം ജോലി നഷ്ടമായ ഒരു ഹാഷിം മുൻഷിയെ എസ് കെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമികൾ നമുക്കു ചുറ്റിലുമായുണ്ട്.  തന്നെ കുടുക്കാനൊരുക്കിയ  ഒരു നയാപൈസയുടെ കണക്കിലെ വ്യത്യാസത്തിന് മാപ്പപേക്ഷിക്കാൻ മനസ്സില്ലെന്നെഴുതിക്കൊടുത്ത്  പിറ്റേന്ന് ‘ഇവിടെ ഹരജികൾ എഴുതിക്കൊടുക്കും’ ബോർഡുമായി ഒരു പീടികമുകളിലെ തിരക്കുകളിലേക്കു കയറിപ്പോയ ഹാഷിം മുൻഷി.   സർവ്വീസിൽ ശ്വാസം മുട്ടുന്ന, സഹിച്ചു തുടരുന്ന, പിടിച്ചുനില്ക്കാനാവാതെ പുറത്തേക്കു പോവേണ്ടിവരുന്ന, ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടിവരുന്ന ജീർണാവസ്ഥ ഇന്നും നിലനില്ക്കുമ്പോഴാണ് അത്തരം സാമൂഹികാവസ്ഥകളെ, അവിസ്മരണീയമായ കഥാപാത്രത്തിലൂടെ അദ്ദേഹം ആവിഷ്കരിച്ചത്. ആത്മകഥാംശം പേറുന്ന ശ്രീധരൻ ഹാഷിം മുൻഷിയെ മനസാ ഗുരുവായി സ്വീകരിക്കുന്നുമുണ്ട്.  ദിവസം അരമണിക്കൂറെങ്കിലും സ്ലോലി ആൻ്റ് കേർഫുള്ളി എഴുതണമെന്ന ഉപദേശം സ്വീകരിക്കുന്നുമുണ്ട്. മക്കളില്ലാത്ത ഹാഷിം മുൻഷിയുടെ വാത്സല്യം ഒരു പക്ഷിത്തൂവൽ ഉപഹാരമായി ശ്രീധരനിലേക്കു പകരുകയാണ്. 

അതേ, ഹാഷിം മുൻഷിക്ക്, സത്യസന്ധതയാൽ പണിപോയ മുൻഷിക്ക് എതിർനിർത്തുകയാണ് എസ്.കെ. ആത്മാനന്ദസ്വാമിയെ, പൂർവ്വാശ്രമത്തിലെ തട്ടാൻ മജിസ്ട്രേട്ട്. കസ്റ്റഡിയിലെ പൊന്നു തട്ടിയ കേസിൽ പണിപോയ മജിസ്ട്രേട്ടാണ് ഗോപാലൻ.  മജിസ്ട്രേട്ടു ജോലി പോയപ്പോൾ കോട്ടഴിച്ചു രുദ്രാക്ഷമണിഞ്ഞു ഭക്തിമാർഗം കുടി ഗോപാലൻ ആത്മാനന്ദനായി ഒരുൾവിളിയാൽ ആഭരണശാല തുറന്നതാണ് ആത്മാനന്ദ സ്വാമി.  നാട്ടിൽ തിരിച്ചെത്തിയ ഉടനെ ഗോപാലന് ഒരു അരുളപ്പാടുണ്ടായത് സ്വധർമ്മം മറക്കരുതെന്നാണ് - അതാണ് ആഭരണഷാപ്പ്. മറ്റൊരു അരുളപ്പാട് പഠിച്ച വിദ്യ പാഴാക്കരുതെന്നു - അതാണ് ഹരജികൾ തയ്യാറാക്കുന്ന പണി. ആത്മാവിന്റെ ഒരു മൂലയിൽ വച്ച കവിത്വവും അതോടെ വിളവെടുപ്പു തുടങ്ങി - അതാണ് ഉപഭോക്താക്കൾക്കു ഫ്രീയായി ലഭിച്ച ‘മോക്ഷഗവാക്ഷം’.

ത്രിവേണിയിൽ തീർത്ഥാടന മധ്യേ മോക്ഷപ്രാപ്തിക്കായി മുങ്ങുന്ന നേരം പുരോഹിതൻ ഗോപാലനോട് ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്ന ഒന്നു ത്യജിച്ചാൽ മാത്രമേ മോക്ഷം സാധ്യമാവൂ എന്നു പറയുന്നുണ്ട്. രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല, ഗോപാലൻ ഭാര്യയെ ത്യജിച്ചു ആത്മാനന്ദനായി ഒടിമറഞ്ഞതാണ് ചരിത്രം.  ആത്മാനന്ദനായ തട്ടാൻ മജിസ്ട്രേട്ടിനെ അത്രമേൽ കയ്യടക്കത്തോടെ അവതരിപ്പിച്ച് സർക്കാർ സർവ്വീസിലെ രണ്ടു മുഖങ്ങളെ വായനക്കാർക്കു മുന്നിലേക്ക് വലിച്ചിടുകയാണ് എസ്.കെ.  

സകല കുടിലതകളുടെയും ആൾരൂപമായി എവിടെയും അവതരിപ്പിക്കപ്പെടുന്നവരാണ് ആധാരമെഴുത്തുകാർ. കണ്ടുകണ്ടങ്ങിരിക്കും സ്വത്തിനെ കാണാതാക്കുന്നതും, കാണാമറയത്തുള്ളതിനെ കൈക്കലാക്കുന്നതും കലയും തൊഴിലുമാക്കിയ അഷ്ടവക്രൻ ശിഷ്യൻ ആധാരമെഴുത്ത് ആണ്ടിയെ എസ്.കെ അവതരിപ്പിക്കുന്നത് നോക്കണം.  കൂലിവേല ചെയ്തും ഇരന്നും പട്ടിണികിടന്നുമാണ്  തെങ്ങിൽ നിന്നു വീണു മരിച്ച തന്ത സമ്മാനിച്ച മകനെ, ആണ്ടിയെ  ആ അമ്മ എട്ടാം തരം വരെ പഠിപ്പിച്ചത്. ഓർക്കണം എട്ടാംതരം വരെ പഠിച്ചവർ ഡപ്യൂട്ടി കലക്ടർവരെ ആയൊരു കാലമാണ്. വഴിതെറ്റിയതല്ലെങ്കിൽ സമൂഹം വഴികൊട്ടിയടച്ച ഒരാളുടെ അറിവ് ആ സമൂഹത്തിന് വിനാശകരമാവുന്നത് എങ്ങിനെയെന്നതിന്റെ  ഉത്തമോദാഹരണമാണ് ആണ്ടി. അർഹരെ മറികടന്നു സ്വന്തക്കാർക്കുള്ള നിയമനത്തിന്റെ കാലം അവസാനിക്കാത്ത ഒരു സമൂഹമാണ് നമ്മളിന്നും.  കള്ളും കുടിച്ചുള്ള വരവിൽ ഒരു പാറക്കല്ലിൽ തടഞ്ഞ് കമിഴ്ന്നടിച്ചു വീണ് മുൻനിരയിലെ പല്ലുകളത്രയും ‘നമശ്ശിവായ ചൊല്ലിപ്പോയതും’ അങ്ങിനെ പല്ലും കളഞ്ഞ് വീടണഞ്ഞ ആണ്ടിയെ കണ്ട് കാളിയമ്മ നിർത്താതെ ചിരിച്ചുപോയതും ആ ചിരി ആണ്ടിയെയും ചിരിപ്പിച്ചതും എന്തുമാത്രം നർമ്മബോധത്തോടെയാണ് എസ്.കെ അവതരിപ്പിക്കുന്നത്.  

പകൽ മുഴുവനും കള്ളാധാരപ്പണികളിലും രാത്രി സംഗീതനാടകാഭിനയവും കുടിയുമായി നാലുകാലിൽ നട്ടപ്പാതിരയ്ക്കു നടകൊള്ളുന്ന ആണ്ടിയെ കിണ്ണത്തിൽ ചോറും വിളമ്പി, പ്രതിഭാശാലിയായ ആണ്ടിയെ അലോസരപ്പെടുത്തുന്ന യാതൊന്നും മിണ്ടാതെ ആണ്ടിക്കു ചോറുണ്ണാൻ മണ്ണെണ്ണ വെളിച്ചമില്ലാത്തപ്പോൾ ഒരോലച്ചൂട്ടു കത്തിച്ചു കിണ്ണത്തിനരികെ പിടിച്ചുകൊടുക്കുന്ന കാളിയമ്മയുടെ ചിത്രം ആരാണ് മറക്കുക! ആണ്ടിയെ ഉശിരുപിടിപ്പിച്ച്  സ്വാത്വികനായ കൃഷ്ണൻമാസ്റ്ററെ പറ്റി പാട്ടുപാടിക്കുന്ന കഥാപാത്രമാണ് ഞണ്ടു ഗോവന്ദൻ. ആണ്ടിയും ഞണ്ടും ചേർന്ന സംഗീത സംരംഭത്തിൽ ഞണ്ടെഴുതി ആണ്ടി പാടിയ പാട്ടിൽ കൃഷ്ണൻ മാസ്റ്റർ  കോച്ചാളികളുടെ എച്ചിൽ നക്കിയും മാനം നോക്കി നടക്കുന്ന നാലുകണ്ണൻ കള്ളൻമാസ്റ്ററുമായി. എത്രയെത്ര പ്രതിഭകളെ നമ്മളിന്നും ഇങ്ങിനെ വെടക്കാക്കി നാറ്റിക്കുന്നു. കേളഞ്ചരിയിലെ കുഞ്ഞിക്കേളുമേലാനിൽ നമുക്ക് സകല സമുദായ രാഷ്ട്രീയ എമ്പോക്കികളെയും ദർശിക്കാനാവുന്നതാണ്. സാമുദായികമായ സകല പിന്തിരിപ്പൻ ബോധ്യങ്ങളെയും  പ്രാകൃതമായ നടപടികളെയും മുന്തിയ നിലപാടുകളും മാനുഷികമായ പ്രവൃത്തികളുമാക്കുന്ന സകലരുടെയും ആത്മീയാചാര്യനാവാൻ യോഗ്യനാണ്  കുഞ്ഞിക്കേളുമേലാൻ. 

കച്ചവടരംഗത്തെ അനാരോഗ്യകരമായ മത്സരങ്ങളുടെയും ചതിയുടെയും കഥകൾ നമുക്കപരിചിതമല്ല.  സമർത്ഥനായ കുഞ്ഞിക്കോരൻ കൊങ്ങിണിയുടെ പ്രസിൽ പടിപടിയായി ഉയർന്നു വിശ്വസ്ഥനായി വളരുന്നു.  അപ്പോഴാണ് ഒരുമുറിപ്പീടികയുമായി കോമട്ടി കുഞ്ഞിക്കോരനെ പാട്ടിലാക്കുന്നതും തന്നെ വിശ്വസിച്ച കൊങ്ങിണിയുടെ സകലതും യന്ത്രസാമഗ്രകളടക്കം അടിച്ചുമാറ്റി കുഞ്ഞിക്കോരൻ കോമട്ടിയുടെ മടയിലേക്കു കുടിയേറിയതും. മകനോടുള്ള വാക്കുകളിൽ കൃഷ്ണൻമാസ്റ്റർ -കോമട്ടിയും കുഞ്ഞിക്കോരനും കൂടി കൊങ്ങിണിയെ വിഴുങ്ങി. പിന്നെ കുഞ്ഞിക്കോരൻ കോമട്ടിയെ വിഴുങ്ങി. ഇനി കുഞ്ഞിക്കോരനെ വിഴുങ്ങാൻ ഒരു വിദ്വാൻ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടാവും എന്ന മാസ്റ്ററുടെ വാക്കികളിൽ കാലങ്ങളായുള്ള നന്മകളുടെ പൂമരങ്ങളെ വാട്ടിക്കളയുന്ന തിന്മകളുടെ കാർമേഘങ്ങളെയാണ് എഴുത്തുകാരൻ കാട്ടിത്തരുന്നത്. 

വായിൽ ഉലക്കമുറി പോലത്തെ ചുരുട്ടുമായിരിക്കുന്ന സായിപ്പിന്റെ പ്രേതത്തെയും മറ്റനവധി പ്രേതങ്ങളെയും കൈകാര്യം ചെയ്തുവിട്ട, വിറപ്പിച്ചു നിർത്തി നിലവിളിപ്പിച്ച പാണൻ കണാരന്റെ കഥകളിലെ സൂര്യനിരീക്ഷക സ്വാമി - കാശിയിൽ നിന്നും ഏറെയകലെ കൊടുങ്കാട്ടിൽ  പാറപ്പുറത്ത് സൂര്യനഭിമുഖമായി പ്രാർത്ഥന തുടങ്ങി സൂര്യഗമനത്തിനു കണക്കായി ഒടുവിൽ മുഖവും മിഴികളും വില്ലുപോലെ ദേഹം വളഞ്ഞ് മണ്ണിൽ കുത്തി സൂര്യാസ്തമയത്തിൽ തപസ്സ് അവസാനിപ്പിക്കുന്ന സൂര്യനിരീക്ഷകസ്വാമി എന്ന സിദ്ധന്റെ കഥ ആരെയാണ് ചിരിപ്പിക്കാതിരിക്കുക. ഹിമാലയത്തിലെ ഗുഹയിൽ ഒരു സിദ്ധൻ തപസ്സിലിരുന്ന് കൈകാൽ നഖങ്ങൾ നീണ്ട് മരത്തിന്റെ വേരുകളുമായി പിണഞ്ഞ് കിടക്കുന്നതു കണ്ട പാണക്കണാരക്കാഴ്ചയുടെ അപാരമായ വർണനകൾ ആർക്കാണ് മറക്കാനാവുക?  ഒരര നൂറ്റാണ്ട് മുന്നെയോ എന്നാലോചിക്കുന്നിടത്താണ് ആ ക്രാഫ്റ്റിന്റെ മികവിനെ നമ്മൾ അറിയുക.  അവസാനഭാഗത്തു കടന്നുവരുന്ന ജർമ്മൻ സുന്ദരി എമ്മയുടെ ശ്രീധരനോടുള്ള ഭയങ്കരപ്രേമം  പാണക്കണാരക്കാഴ്ചയുടെ ഒരു വകഭേദമായിക്കൂടെന്നുമില്ല.  

കോഴിക്കോട് 24 മണിക്കൂറും തുറന്നുവെക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരു മദീന ഹോട്ടലിനെ ചിത്രീകരിക്കുന്നുണ്ട് എസ്.കെ. ഹോട്ടൽ മുതലാളി പെരിക്കാലൻ അവറാൻ കോയ കൗണ്ടറിനു മുകളിൽ പൊക്കമുള്ള ഒരു കസാരയിൽ ഇരുന്നുകൊണ്ടു തന്നെ രാത്രിയുടെ ഉറക്കം മേശപ്പുറത്തു  ഗഡുക്കൾ ആയി തൂക്കിത്തൂക്കി ചൊരിഞ്ഞു തീർക്കും - എസ്. കെയുടെ  നിരീക്ഷണ പാടവത്തിന്  തുല്യം ചാർത്തുന്നതാണ് ആണ് ആ വരികൾ.  എസ്കെയുടെ കഥാപാത്ര നിർമ്മിതിയുടെ ചാരുതയ്ക്ക് മിഴിവേകുന്നത് ആ സഞ്ചാരിയിലെ നിരീക്ഷണപാടവമാണ്.  മോഷണവും അല്ലറ ചില്ലറ കുരുത്തക്കേടുകളും വശമില്ലാത്ത ശ്രീധരൻ കുരുത്തക്കേടിന്റെ ഹരിശ്രീ കുറിക്കുന്ന രംഗമാണ് മദീനാ ഹോട്ടലിൽ അരങ്ങേറുന്നത്. സ്വാത്വികനായ പിതാവിന്റെ ശിക്ഷണം തെറ്റിനുള്ള പ്രേരണയെ  പ്രതിരോധിക്കുമ്പോഴുണ്ടാവുന്ന സ്ഥലകാലവിഭ്രമം, അതൊക്കെയും പ്രതിഫലിക്കുന്ന ശാരീരിക ചലനങ്ങൾ എല്ലാം ദൌത്യം പരാജയമാക്കുന്നു.  മദീനയിലെ ആറു കപ്പുകൾ അഭിമാനപുരസ്സരം തടിച്ചിക്കുങ്കിച്ചിയമ്മക്കു മുന്നിൽ കാഴ്ചവെയ്ക്കാമെന്ന സപ്പർസർക്കീട്ട് സംഘത്തിന്റെ പ്രതീക്ഷ അവസാനിക്കുന്നു. ഓർക്കണം വൈകിട്ടെന്താ പരിപാടി എന്നിന്ന് ചോദിക്കുന്നതിന്റെ നൂറ്റാണ്ടുമുന്നത്തെ ഉത്തരമായിരുന്നു സപ്പർസർക്കീറ്റ് സംഘം. കട്ടെടുത്ത കപ്പെല്ലാം വീഴ്ചയിൽ തവിടു പൊടിയാവുന്നുണ്ടെങ്കിലും അതിനെയൊക്കെ അതിജീവിക്കുകയാണ്, നമുക്കു കിട്ടിയില്ലെങ്കിലും ആ പെരിക്കാലൻ മൊതലാളിക്ക് അതെല്ലാം നഷ്ടമായില്ലേ, നമ്മൾ അങ്ങിനെ പകവീട്ടിയില്ലേ എന്ന വാദത്തിലൂടെ കുടക്കാൽ ബാലൻ. തികച്ചും ഗ്രാമ്യമായ ഒരു പകവീട്ടലിന്റെ രസതന്ത്രത്തെ എത്ര മനോഹരമായാണ് കുടക്കാൽ ബാലനിലൂടെയും ഉസ്താദ് വാസുവിലൂടെയും എസ് കെ അവതരിപ്പിക്കുന്നത്?  തനിക്കു കിട്ടാത്ത ബൈക്കിലും കാറിലും വെറുതെയൊന്നു വരച്ചിടുന്ന മുന്തിയ വീട്ടിലെ കുട്ടികൾ നമുക്കിടയിലുണ്ട് കുടക്കാലിന്റെയും ഉസ്താദിന്റെയും അവതാരങ്ങളായി. സാമാന്യ വിദ്യാഭ്യാസവും, നല്ല കുടുംബ പശ്ചാത്തലവുമുള്ള ശ്രീധരൻ സപ്പർസർക്കീറ്റ് സംഘത്തിലെ അംഗത്വം ഒരു ജന്മസാഫല്യമായാണ് കാണുന്നത്. ഒരു കാലഘട്ടത്തിലെ സുഭഗസുന്ദരമായ കൌമാരത്തിൽ നിന്നും സംഭവബഹുലമായ യൌവനത്തിലേക്കുള്ള പ്രയാണത്തെ പുതുതലമുറയ്ക്ക് പകരുകയാണ് സപ്പർസർക്കീറ്റ് സംഘത്തിലൂടെ എസ്.കെ. അവിടെ ശ്രീധരന്റെ ഓർമ്മകളിൽ തീരാവേദനയായി പോലീസുകാരുടെ കൊടുംക്രൂരതയ്ക്കിരയായി ശരീരമാകെ തകർന്ന് അവസാന തുള്ള ചോരയും തുപ്പി മരിച്ച കുടക്കാലുണ്ട് - കുടക്കാൽ ബാലൻ. 

വിരിപ്പിൽ ഇബ്രാഹിമെന്ന പൂർവ്വാശ്രമത്തിലെ ഒരു തുന്നൽക്കാരന്റെ കഥാരചനയെ സരസമായി വിവരിക്കുന്നു എസ്.കെ.   അവിടുന്നും ഇവിടുന്നും  കിട്ടുന്ന പീസുകളൊക്കെയും ചേർത്തു പുതിയ കുപ്പായം തയ്ക്കുന്ന രീതിയിലുള്ള സാഹിത്യ സൃഷ്ടിയാണ് മൂപ്പരുടെ രീതി.  ഇച്ചിരി വായന,  ഒത്തിരി മോഷണം, സ്വല്പം ഭാവനയും ചേരുന്ന സംരംഭമാണ് മൂപ്പരുടെ ക്രാഫ്റ്റ്. മോഷ്ടിക്കുന്നതതിന്റെയത്രയും കഴയും മുഴയുമില്ലാത്ത സംയോജനമാണ്  ഇബ്രാഹിമിന്റെ വിജയരഹസ്യം.  വിരിപ്പിൽ ഇബ്രാഹിമിന്റെ അവതാരങ്ങൾ എന്നുമുണ്ടാവാം, എവിടെയും.  

പഴമയുടെ അനാരോഗ്യം, അജ്ഞത, അന്ധവിശ്വാസങ്ങളും

ഒരു കുറേ കഷായവും പച്ചമരുന്നുകളും ബാക്കി മന്ത്രവാദവും നേർച്ചയും സമ്മേളിക്കുന്ന, ഇല്ലാത്തവർ അതിനൊന്നും കാത്തുനിൽക്കാതെ തന്നെ പോവുന്ന, ഉള്ളവർ ഉള്ളതെല്ലാം ചികിസ്കയ്ക്കായി സമർപ്പിച്ചിട്ട് പോവുന്നതിന്റെ ദയനീയ ചിത്രമാണ് ഒരു നൂറ്റാണ്ടു മുന്നേയുള്ള നമ്മുടെ ആരോഗ്യരംഗം. എന്തിന് മേലാസകലം, തലയിലും ചൊറിയും ചിരങ്ങുമായി എത്രയെത്രയാളുകളെയാണ് ഉഷ്ണപ്പുണ്ണെന്ന ഇംഗ്ലീഷുപുണ്ണ് അഥവാ സിഫിലിസ് കൊണ്ടുപോയത്.  ആയൊരു കാലത്തു നിന്നും നാമിന്നു കൈവരിച്ച ആരോഗ്യരംഗത്തെ പുരോഗതി ചെറുതല്ല.  ഉഷ്ണപ്പുണ്ണിനു ചികിത്സിച്ചു ശയ്യാവലംബിയായ ഗോപാലനിലൂടെ മരുന്നും മന്ത്രവും നേർച്ചയും സമ്മേളിക്കുന്ന ചികിത്സാരീതിയെ എസ് കെ വരച്ചിടുന്നുണ്ട്.  ആൽത്തറ സന്ന്യാസിയുടെ ചികിത്സ ഫീസില്ലാതെയാണ്, പക്ഷേ ദക്ഷിണ നിർബന്ധവുമാണ്. അതാണെങ്കിൽ ഹരിദ്വാറിൽ സ്വാമി പുതുതായി പണിയാനുദ്ദേശിക്കുന്ന മഹാകാപാലിക ക്ഷേത്രത്തിനു വേണ്ടിയുമാണ്.  ആ ആൽത്തറ സന്ന്യാസിയുടെ പുതിയ മ്യൂട്ടേഷൻ വൈറസുകൾ ക്ഷാമമില്ലാത്തെ പെരുകിക്കൊണ്ടിരിക്കുന്ന നാടാണ് നമ്മുടേത്.  ആൽത്തറ സന്ന്യാസി തൊട്ടാൽ തന്നെ രോഗം ഭേദമാവുന്ന അപദാനങ്ങൾ പാടിനടന്നവരുടെ പുത്തൻ അവതാരങ്ങൾക്കും. ആൽത്തറകളുടെ പഴയ പ്രോപഗാണ്ടകൾ പുതിയ ഹൈടെക് രൂപം കൈവരിച്ചു എന്നുമാത്രം.  

പാഞ്ചിയുടെ കെർപ്പത്തിൽ പിള്ള പുറത്തുവരാത്തതിന് പരിഹാരവുമായി ഹാജരായ കീരൻ പൂരാശി ഉറഞ്ഞുതുള്ളി കെറപ്പത്തിന് ഭർത്താവ് മുത്തോറൻ മാത്രമല്ല വേറെ മൂന്നാളുകളും ഉത്തരവാദികളാണെന്ന് വെളിച്ചപ്പെടുന്നു. അവരെ ഗർഭക്കുറ്റവാളികളായി കണ്ടെത്തുകയും ചെയ്യുന്നു.  അവരുടെ പേര് പാഞ്ചിപറഞ്ഞാലേ കുട്ടിയുടെ തല പുറത്തുവരൂ എന്നു കീരനും.  പിന്നെ തെയ്യം അവർക്കു ‘പിഴ വിളിക്കും’, ‘ചുത്തികലശം ചെയ്യും’.  നാട്ടുകാർ മൊത്തം കീരന്റെ വെളിച്ചപ്പെടൽ കേട്ടു - ഗർഭക്കുറ്റവാളികൾ മൂന്ന്.  പാഞ്ചി ആദ്യം പറഞ്ഞ പേര് കണ്ണങ്കുട്ടിച്ചാച്ചൻ. അയാളു ചത്തുപോയി. കീരന് നാലണക്കുള്ള ഉപകാരവുമില്ല.  പാഞ്ചി പറഞ്ഞ രണ്ടാമൻ ഭാരതമാതാ ടീഷാപ്പിലെ  പ്രസാരണി അപ്പു. ആ ദരിദ്രവാസിയെക്കൊണ്ടും കീരന് കാര്യമൊന്നുമില്ല. പാഞ്ചി വീണ്ടും പുളയുന്നു, കീരൻ വീണ്ടും ഉറയുന്നു.  മൂന്നാമത് ഗർഭക്കുറ്റവാളിയായി പേരു വന്നു - കൊമ്പൻ ദാമു. കാപ്പണത്തിന് കൊമ്പനെക്കൊണ്ടും കാര്യമില്ല. ചുരുക്കിപ്പറഞ്ഞാൽ  കീരൻ കുടുക്കാനിരുന്ന ആളില്ല, പണി പാളി.  പാഞ്ചിയുടെ പുളച്ചലിന് കുറവില്ല, കീരന്റെ ഉറയലിനും.  നാലാമത് ഒരു വ്യക്തമായ സൂചനയോടെ - കുറ്റം ചെയ്ത വെളുത്ത ഒരാളുണ്ട് - കീരൻ നിസ്സംശയം പ്രഖ്യാപിച്ചു. പൊതുജനം ശ്വാസം പിടിച്ചു നിന്നു. കീരനെ ഞെട്ടിച്ചുകൊണ്ട് അകത്തുനിന്നും വന്നൂ ആ ശബ്ദം - കുഞ്ഞിന്റെ കരച്ചിൽ.  സപ്തനാഢികളും തകർന്ന കീരനു മുന്നിൽ മറ്റു വഴിയില്ല, തലവെട്ടിപ്പൊളിച്ചു. ആളുകൾ പിടിച്ചുവച്ചതുകൊണ്ടു മാത്രം കഴുത്തു ബാക്കിയായി.  സത്യത്തിൽ കീരന്റെ സാമർത്ഥ്യം വിറ്റുപോയ കേസായി പാഞ്ചിയും ഗർഭക്കുറ്റവാളികളും.  പിഴയടപ്പിക്കാൻ പറ്റിയ ഒരു സ്വജാതിക്കാരനുള്ളത് ചത്തുംപോയി.  ബാക്കി രണ്ടുപേർ പിഴ ബാധകമല്ലാത്ത ഗർഭമുണ്ടാക്കാൻ യോഗ്യതയുള്ള ഉയർന്ന ജാതിക്കാരാണ്.  കിട്ടിയ ചാൻസിന് കേസ് ഏറ്റെടുത്ത് പ്രസരണി അപ്പുവിനെ ഭീഷണിപ്പെടുത്തി പിഴയടപ്പിക്കാൻ ഒരു ശ്രമം ശങ്കുണ്ണിക്കമ്പൌണ്ടറും ആധാരം ആണ്ടിയും കൂടി നടത്തുന്നത് രസകരമാണ്.  മുൻകൂട്ടി പിഴയടച്ചിട്ടാണ് ഞാൻ പാഞ്ചിയുടെ കൂടെ കിടന്നത് എന്ന വാദം പ്രസാരണി ഉന്നയിച്ചു. അവിടെ നിർത്താതെ, എന്നെക്കാൾ മുന്നേ ഈ കേസിൽ പിഴയടക്കേണ്ട കക്ഷികളെയും എനിക്കറിയാം എന്നു പറഞ്ഞവസാനിപ്പിക്കുന്നിടത്ത് അപകടം മണത്ത കമ്പൌണ്ടറും  ആധാരവും സ്ഥലം വിട്ടു. പ്രസാരണിയുടെ ലക്ഷ്യം കൃത്യം.  പിഴയടപ്പിക്കാൻ ആരെയും കിട്ടാത്ത വെളിച്ചപ്പെടൽ ദുരന്തമായ സ്ഥിതിക്ക്  എല്ലാറ്റിനും കുറ്റം ഒടുവിൽ ഞണ്ടു ഗോവിന്ദൻ മൂത്തോറനിൽ തന്നെ ആരോപിച്ചു.  പൂശാരിയുടെ ചിലവും മൂന്നാളുടെ പിഴയും  മൂത്തോറനിൽ തന്നെ വച്ചുകെട്ടി. മൊത്തം 103രൂപ 7ണ 9പ - ആധാരം ആണ്ടിയുടെ കണക്കു കൃത്യം. ജീവിതത്തിൽ, അറിയാതെ പോലും നന്മകളൊന്നും ചെയ്തുപോവാത്ത,  അന്യരെ പറ്റിച്ചു മാത്രം ജീവിക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾ ഇന്നും നമുക്കിടയിലുണ്ട്? പൂരപ്പറമ്പിലെ ശ്രീധരന്റെ  വിഭ്രാത്മകമായ യാത്രകളും പ്രേതമൊഴിപ്പിക്കലും പ്രശ്നം വെക്കലും ബ്രഹ്മരക്ഷസ്സു കൂടലും ഒക്കെ ഒരു കാലത്തെ മലയാളിയുടെ ഇന്നത്തെ തലമുറക്ക് അന്യമായ ജീവിതവഴികളിലെ വഴിമുടക്കികളായിരുന്നു.  വൈദ്യനും പ്രശ്നക്കാരനും തൊട്ട് പൂജാരി മുതൽ ഒടിയൻ വരെ സമൂഹത്തെ വിറപ്പിച്ചു നിർത്തിയ കാലം. 

ഒരു ദേശത്തിന്റെ കഥ അനശ്വരമാവുന്നത് അതിലെ കാലാതീതമായ ജീവിതവീക്ഷണങ്ങൾ കൊണ്ടാണ്, അതിനായി തിരഞ്ഞെടുത്ത അസാധാരണ കഥാപാത്രങ്ങളിലൂടെയാണ്, അന്യൂനമായി ആ നിർമ്മിതിയുടെ സൌന്ദര്യത്താലും.

(ഡിസംബർ 27ന് ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ലേഖനം)

എസ്.കെയുടെ പെണ്ണും പ്രണയവും ജീവിതചിന്തകളും

ഒരു ദേശത്തിൻ്റ കഥയുടെ അരനൂറ്റാണ്ട്, പകർത്തിയ ജീവിതത്തിൻ്റെ ഒരു നൂറ്റാണ്ടും തികയുന്ന വേളയിലെ തിരിഞ്ഞുനോട്ടമാണിത്. അതിരാണിപ്പാടം എന്നൊരു ദേശത്തിലൂടെ എസ് കെ പറയുന്നത് ഭൂമിശാസ്ത്രത്തിന്  വലുതായൊന്നും ചെയ്യാനില്ലാത്ത മനുഷ്യമനസ്സിൻ്റെ സങ്കീർണതകളുടെ കഥയാണ്.  തെരുവിൻ്റെ കഥാപരിസരത്തു നിന്നും ബോധത്തിൻ്റെ നിറുകയിലേക്ക് തൻ്റെ ലോകപരിചയത്തെ എടുത്തുയർത്തുകയാണ് എസ്. കെയുടെ ക്രാഫ്റ്റ്.  മനുഷ്യസാധ്യമായ സകല വികാരങ്ങളുടെയും, ബലഹീനതകളുടെയെും ക്രൂരതകളുടെയും, ഭീകരമായ ജീവിതാവസ്ഥകളുടെയും ഒപ്പം യാതനകളുടെ ആഴക്കയങ്ങളിൽ നിന്നും ജീവിതത്തെ കരകയറ്റുന്ന നർമ്മബോധത്തിൻ്റെ, ചിരിയുടെയും അവതാരങ്ങളായ കഥാപാത്രങ്ങളിലൂടെ, അന്യൂനമായ അവരുടെ വിളിപ്പേരുകളിലൂടെ എസ് കെയുടെ അതിരാണിപ്പാടം - ഒരു ദേശത്തിൻ്റെ കഥ കോറിയിടുന്നത് ചരിത്രം തന്നെയാണ്.  വർത്തമാനത്തിൽ ലിപികളും ആകാരവുമല്ലാതെ വലുതായൊന്നും മാറാത്ത മലയാളിബോധത്തിൻ്റെ ചരിത്രം.

പെണ്ണിടങ്ങളും സ്ത്രീവിരുദ്ധതയുടെ  ഭൂതകാലവും

മധുരയിൽ നിന്നു വന്ന മീനാക്ഷിവിലാസം തമിഴ് സംഘക്കാരുടെ കോവിലൻ ചരിത്രം നാടകത്തിലൂടെ പഴയകാല നാടകവേദികളുടെ രീതിയും നടിമാരുടെ ദുരവസ്ഥയും എസ് കെ വരച്ചിടുന്നുണ്ട്.  കോവിലൻ ചിലമ്പുമായി  വന്നു ‘തേങ്കായുടഞ്ഞുപോകും, മല്ലികപ്പൂ വാടിവീഴും’ തോറ്റം പാടുന്നു. അതു കേൾക്കാൻ പക്ഷേ കണ്ണകിയില്ല. നാടകക്കാരിയെ കുഞ്ഞിക്കേളുമേലാനും സംഘവും വാരിപ്പോയി.  മതിയാവോളം വീശുകഴിഞ്ഞ് മേലാൻ വിട്ട കണ്ണകി ലേശം വൈകിയേ എത്തിയുള്ളൂവെങ്കിലും കണ്ണകിയുടെ ആ  കരച്ചിൽ അന്നത്തെ അഭിനയം എന്നത്തെക്കാളും കേമമാക്കി എന്നു വായിക്കുന്നിടത്ത് നമുക്ക് കിട്ടുന്നത്  എന്തുകൊണ്ട് ആദ്യകാലങ്ങളിൽ  ആണുങ്ങൾ സ്ത്രീവേഷമിടേണ്ടിവന്നു എന്നതിന് ഉത്തരമാണ്.  എന്തുമാത്രം സ്ത്രീവിരുദ്ധതയുടെ, സ്ത്രീയെ കാമപൂരണത്തിനുള്ള ഉപകരണം മാത്രമായി കണ്ടവരുടെ നാടായിരുന്നു നമ്മുടേതെന്നും.

എരപ്പൻ്റെ രണ്ടാമത്തെ മകൻ്റെ പൂയിസ്ലാം ഭാര്യയെ കുറിച്ചുള്ള  പൊലയാടിച്ചി പരാമർശത്തിലും അതു തന്നെയാണ് വ്യക്തമാവുന്നത്.  എതിർലിംഗത്തിലെ ഒരാളോടുള്ള മറ്റൊരാളുടെ ഇഷ്ടത്തെ ഒരു അസാന്മാർഗിക പ്രവൃത്തിയായാണ് സമൂഹം കണ്ടത്. ഈ നിരീക്ഷണങ്ങളത്രയും പുരുഷൻമാരിൽ മാത്രമായി ഒതുങ്ങുന്നില്ല.  ഇൻ്റർമീഡിയറ്റിനു തോറ്റുപോയ ശ്രീധരനോട് പെൺകുട്ട്യേൾക്ക് തോന്ന്യാസക്കത്തെഴുതി തോറ്റ എന്നാണ് അമ്മ അലറുന്നത്. ആരോഗ്യപരമായ ആൺ-പെൺ സൌഹൃദങ്ങളെ ഒരിക്കലും ഉൾക്കൊള്ളാനാവാത്ത ഒരു സമൂഹമായിരുന്നു നമ്മുടേത്, എറെയൊന്നും മാറിയിട്ടില്ല ഇന്നും.   അതത്രയും ഏറിയും കുറഞ്ഞും പ്രതിഫലിക്കുന്നുണ്ട്  ഓരോ കഥാപാത്രത്തിൻ്റെയും വാക്കുകളിൽ. സാംസ്കാരികമായി പിന്നാക്കം നില്ക്കുന്ന എരപ്പൻ മകൻ്റെ പ്രണയിനിയെ, ഭാര്യയെ അന്യമതക്കാരിയായതുകൊണ്ടും പ്രേമിച്ചതുകൊണ്ടും പൊലയാടിച്ചിയായി അടയാളപ്പെടുത്തുമ്പോൾ സംസ്കാരസമ്പന്നനായ കൃഷ്ണൻമാഷ് ആ പദം ഉപയോഗിക്കുന്നില്ലെങ്കിലും പ്രണയം പറയുന്ന പെണ്ണെല്ലാം പൊലിയാടിച്ചി തന്നെയാണെന്നു സാക്ഷ്യപ്പെടുത്തുകയാണ് തൻ്റെ ജീവിതാനുഭവത്തിലെ സാരോപദേശ കഥാ സംഗ്രഹത്തിലൂടെ.

പച്ചവെള്ളം വിറ്റ് പണക്കാരനായ ചാത്തുക്കമ്പൌണ്ടർ അവിസ്മരണീയനായ കഥാപാത്രമാണ്.  ഇംഗ്ലീഷ് മരുന്ന് കലക്കി വിറ്റു സമ്പാദിച്ചതാണ് സകലതും. പക്ഷേ വയറുവേദനയും മൂലക്കുരുവും സന്തത സഹചാരികളായി കൂടെ.  സുഖമായി ഒരു മലശോധന കിട്ടിയിട്ട് മരിച്ചാൽ മതിയെന്ന പ്രാർത്ഥനയുമായി കഴിയുന്നയാളാണ് കമ്പൌണ്ടർ.  സ്വന്തമായി നായാടാനുള്ള ശേഷി പോയെങ്കിലും പഴയ നായാട്ടിൻ്റെ സ്മരണ പുതുക്കാനായി കൂട്ടുകാർക്ക് നായാട്ടിന് വിരുന്നൊരുക്കി അതാസ്വദിക്കുന്ന പതിവിലേക്കെത്തിയ അപൂർവ്വരോഗിയാണ് കമ്പൌണ്ടർ. പത്തുപെണ്ണുങ്ങളുടെ ഒരു കാമപ്പടപ്പുറപ്പാടായാണ് എരുമ പൊന്നമ്മയെ കിട്ടൻ റൈറ്റർ സാക്ഷ്യപ്പെടുത്തുന്നത്. ചാത്തുക്കമ്പൌണ്ടരുടെ വിഖ്യാതമായ സദ്യയിൽ ഭക്ഷണം എരുമയാണ്, പായിലേക്ക് മുഴുനീളൻ പതിനഞ്ചിലയും തയ്യാറാക്കിയ ആഘോഷത്തിലേക്കാണ് പൊന്നമ്മ എഴുന്നള്ളുന്നത്.  ക്ഷണിക്കപ്പെട്ട പതിനഞ്ചു പേരിൽ പതിനാലു പേർ ഹാജരായി. പതിനാലാമത്തെ ആൾക്കും ഇലവച്ച് വിളമ്പിയ പൊന്നമ്മ ചോദിച്ചത് ;ഇനി ആള് ബറാനുണ്ടോ’ എന്നായിരുന്നു.  ഒരിലയെന്തിന് ബാക്കിയാക്കണം തനിക്കു തന്നെ അതുമിരിക്കട്ടെ എന്നു പറഞ്ഞ് കുഞ്ഞയ്യപ്പൻ ഒന്നുകൂടി പൊന്നമ്മയിലേക്കു ഊളിയിട്ടിടത്ത് സദ്യ അവസാനിക്കുന്നു.

ഗതകാല പെൺപടകളുടെ ഓർമ്മകൾ

ഒരു ചിരുതയുടെ ചാരിത്ര്യബോധത്തെ അവതരിപ്പിക്കുന്നുണ്ട് എസ്.കെ. സമൂഹം വിരൂപിയായി അടയാളപ്പെടുത്തി ചിരുത സ്വയം ഒരു വിശ്വസുന്ദരിയായും ആണുങ്ങളത്രയും ചിരുതയെ കിട്ടാനായി നടക്കുന്ന ഊളകളായും സ്വയം പ്രഖ്യാപിക്കുന്നു.  അങ്ങിനെ എങ്ങോട്ടെങ്കിലും പോവുമ്പോൾ ചിരുത ലോകത്തെ മൊത്തം ആണുങ്ങളെ ചീത്തവിളിക്കും -  പെണ്ണുങ്ങളെ കാണുമ്പം വാല്യക്കാർക്ക് കൈക്കൊരു ഞരമ്പുവലി.  തന്നെ പിടിച്ച കൈക്ക് കുഠം (കുഷ്ഠം) പിടിച്ചുപോട്ടെ എന്ന് ആരും പിടിക്കാതെ തന്നെ പ്രാകി നടക്കുന്ന ചിരുത. വിരളമെങ്കിലും, നമുക്കിടയിലുണ്ടവർ ചിരുതയായും ചാത്തുവായുമൊക്കെ.

പഴയ ശാന്തമായ ഗ്രാമാന്തരീക്ഷങ്ങളെ ഇടയ്ക്ക് ശബ്ദമുഖരിതമാക്കുന്ന ഒന്നായിരുന്നു സ്ത്രീകളുടെ വഴക്ക്. നിസ്സാരകാര്യങ്ങളിൽ തുടങ്ങുന്ന വഴക്ക്, മറ്റൊരു നിസ്സാര കാര്യത്തോടെ സന്ധിയാവുകയുമാണ് പതിവ്. അല്ലെങ്കിൽ ഇടക്കിടെ വഴക്കിനുള്ള സാധ്യതയില്ലല്ലോ?  അമ്മിണിയമ്മയും ഉണ്ണൂലിയമ്മയും തമ്മിലുള്ള വഴക്കിനെ അവതരിപ്പിക്കുന്ന എസ്.കെയുടെ മാന്ത്രികമായ സർഗശേഷി നോക്കണം. ഒരു കുറേ പൊലയാടിച്ചി വിളികൾക്കു ശേഷമാണ് ‘കാഞ്ഞിരപ്പൊലിയാടിച്ചി’ എന്ന അമ്മിണിയമ്മയുടെ ‘ഭരതവാക്യം’ വന്നത് എന്നെഴുതുന്നിടത്ത് അങ്ങേയറ്റത്തെ ജാതീയത സ്ത്രീവിരുദ്ധതയുമായി ഇണചേർന്നുണ്ടായ പദമായിട്ടുകൂടി വായനക്കാരിൽ ഒരു പൊട്ടിച്ചിരി അതുളവാക്കുന്നു. അനിയന്ത്രിതമായ വികാരത്തിന് അടിമപ്പെടുന്നവരുടെ ശരീരം തന്നെ സൂക്ഷിച്ചു നോക്കിയാൽ  ഒരു സംഘനൃത്തമായി മാറുന്നതു നമുക്കു കാണാം. കയ്യും മെയ്യും വായും എല്ലാം ചടുലമായി, താളാത്മകമായി  പ്രതികരിക്കുന്ന ഒരവസ്ഥയാണത്. ആ ഭരതവാക്യത്തിനു ശേഷം നിയന്ത്രണങ്ങളുടെ ആക്സിലു മുറിഞ്ഞുപോയ ഉണ്ണൂലിയമ്മയിൽ നിന്നും വന്നത് കനത്ത ഒരു ഫ്..ഫ്ഫ - ആട്ടായിരുന്നു. ആ ആട്ടിൻ്റ ശക്തിയിൽ മൂർദ്ധാവിൽ കെട്ടിയിട്ട സമൃദ്ധമായ മുടി അഴിഞ്ഞു ചിതറിപ്പോവുകയാണ്. ഒരു ഗ്രാമാന്തരീക്ഷത്തിലെ പെൺപടയുടെ എന്തു നല്ല വർണനയാണത്?  അടുത്തത് ഒരാൾ ‘അരക്കെട്ട് ആട്ടുകല്ലുപോലെ’ തിരിച്ചുകാണിക്കുമ്പോൾ മറ്റെയാൾ ‘കണങ്കൈ പൊക്കി താഴോട്ട് ഉഴിഞ്ഞു’ കാണിക്കും. 

നഗരവല്ക്കരണത്തോടെ ഏതാണ്ട് അപ്രത്യക്ഷമായിപ്പോയ ഒരു കലാരൂപമാണിത്.  ഇന്നത്തെ തലമുറയ്ക്ക് വലിയ പിടിയില്ലാത്ത ഒന്ന്. ഉണ്ണൂലിയമ്മയുടെ മാറിലെ മുലകളും പോർവിളിയിൽ പങ്കെടുത്തതായും ഒടുവിലത്തെ അടവായി പനങ്കുലത്തലമുടി ഉച്ചിയിൽ വാരിക്കെട്ടി രണ്ടുകൈകൊണ്ടും  ഉടുമുണ്ടഴിച്ചു വിടർത്തിപ്പിടിച്ച് നീണ്ടുനിവർന്നങ്ങിനെ നിന്നുകൊടുക്കിന്നിടത്താണ് ആ പോര് അവസാനിക്കുക. നമ്മൾ സംസ്കാരം കൊണ്ടു വികാരത്തെ മറച്ചുപിടിച്ച് കാപട്യം ജീവിതവ്രതമാക്കി നല്ലവരും സംസ്കാരസമ്പന്നരുമാവുമ്പോൾ അവർ വൈകാരികമായി പ്രതികരിക്കുന്നു, അതേ ഉഷ്മളതയോടെ ഐക്യപ്പെടുകയും ചെയ്യുന്നു. ശങ്കുണ്ണിക്കമ്പൌണ്ടറും അധാരമെഴുത്ത് ആണ്ടിയും കൂടി കൃഷ്ണൻമാസ്റ്റർ മരിച്ച ആഴ്ചതന്നെ വീടു വില്പിച്ച് ഉള്ളതടിച്ചു മാറ്റാനായി എത്തിപ്പോൾ, എല്ലാവരും കമ്പൌണ്ടറെയും ആണ്ടിയെയും ഭയന്നു മൂകസാക്ഷികളായപ്പോൾ നിർഭയം നാലുതെറി ഉയർന്നത് ഉണ്ണൂലിയമ്മയിൽ നിന്നുമായിരുന്നു. അത്രത്രയും മാസ്റ്ററോടും കുംടുബത്തോടുമുള്ള സ്നേഹത്തിൽ നിന്നുമായിരുന്നു.

 പ്രണയപരിസരങ്ങൾ, ആൺപെൺ ബന്ധങ്ങൾ

എസ് കെയുടെ പ്രണയം ഏറെ അടുത്തുനില്ക്കുന്നത് ആശാൻ്റെ മാംസനിബന്ധമല്ലാത്ത അനുരാഗത്തോടാണ്.  ലീലയും നളിനിയും ആശാനും അവിടവിടെയായി വന്നു നിറയുന്നുണ്ട്.

പ്രണയപരവശേ ശുഭം നിന-
ക്കുണരുക - ഉണ്ടൊരു ദിക്കിൽ നിൻ പ്രിയൻ

ശ്രീധരൻ അതു വായിക്കുന്നത് പത്തു തവണയാണ്.  ഒടുവിൽ ക്രാന്തദർശിയായ ആശാനെ മനസാ പ്രണമിക്കുന്നു.  ആശാനെന്ന കവിയുടെ ഭാവനയും ആശാനെന്ന ഋഷിയുടെ പക്വതയും ഒരു പോലെ വന്നു നിറയുന്നതാണ് ആശാൻ്റെ പ്രണയവർണനകൾ. പട്ടരുകുട്ടിയുമായുള്ള ചുറ്റിക്കളിയിൽ ശ്രീധരൻ കടമെടുക്കുന്നത് ആശാൻ്റെ ബിംബങ്ങളെയാണ്.

ശയ്യാവലംബിയായ നാരായണി ശ്രീധരൻ്റെ ഒരു പൊൻകിനാവായിരുന്നു. മരണമില്ലാത്തതാണു പൊൻകിനാവുകൾ എന്ന് എസ്.കെ ശ്രീധരനിലൂടെ പറയുന്നു - ജീവിതത്തിൽ ശ്രീധരൻ ഒരിക്കൽ മാത്രം കണ്ട നാരായണിയുടെ ഓർമ്മയാണത്.  കുഴിമാടത്തിനരികെ പൂത്തുനില്ക്കുന്ന തുമ്പപ്പൂക്കളിൽ നാരായണിയുടെ മന്ദഹാസം അവൻ അറിയുന്നു.  പിന്നീടെപ്പൊഴോ വീണ്ടും ഇലഞ്ഞിപ്പൊയിലിലെത്തിയ ശ്രീധരൻ നാരായണിക്കു പ്രിയപ്പെട്ട പൊട്ടിക്കയെടുത്ത് അവളുടെ കുഴിമാടത്തിൻ്റെ വരമ്പിൽ വച്ച് നനഞ്ഞ മിഴികളുമായി തിരിക്കുന്നുണ്ട്.  നാരായണി പറഞ്ഞ് അപ്പു തനിക്കായി എത്രയോ പേരക്കകൾ പറിച്ചു തന്ന, ആ പേരമരത്തിൽ സ്വർണഗോളം പോലൊരു പേരക്ക അവൾക്കായി തൂങ്ങിനില്ക്കുന്നതു പോലെ ശ്രീധരനു തോന്നുന്നു.

‘ചുവന്ന ചേലാഞ്ചലം കൊണ്ടു മാറും മുലകളും ചുമലും ചൂടി തയിർക്കുംഭം തലയിൽ സമതുലനം ചെയ്ത് കൺമിഴികൾ കൊണ്ടമ്മാനമാടി, ചുണ്ടിൽ ഒളിപ്പിച്ച മായികപ്പുഞ്ചിരിയുമായി തെരുവിൽ താളം ചവുട്ടി നീങ്ങുന്ന കാന്തമ്മ’യുടെ അപ്രതീക്ഷിതമായ ആത്മഹത്യ ശ്രീധരനെ ഒന്നുലയ്ക്കുന്നുണ്ട്. കിണറ്റിൽ നിന്നും ആലിമാപ്പിള മുങ്ങിയെടുത്ത് കരയ്ക്കെത്തിച്ച് ലാഹിലാഹില്ലള്ളാഹ് ചൊല്ലി യാത്രയാക്കിയ കാന്തമ്മ തന്നിലുണർത്തിയ മോഹത്തെ ഓർക്കുന്നുണ്ട് ശ്രീധരൻ. ഈ പ്രണയപരിസരത്തു തന്നെയുണ്ട് സ്വന്തം അങ്ങാടി നിലവാരം നന്നായറിയുന്നവരും.  മരംകൊത്തൻ്റെ സുന്ദരി ഭാര്യ വള്ളിക്കുട്ടിയുമായി പലിശക്കാരൻ ചെട്ടിയാരുടെ ഒളിസേവയല്ലെങ്കിൽ ആശാരിമാധവൻ പറഞ്ഞ കളിസേവ പലിശയ്ക്കു പകരമുള്ള ഒരു ഏർപ്പാടാണ്.

പൌരാണികമായ ഒരു പ്രണയബിംബമാണ് തോണി.  പരാശരനു തോണിയിൽ പ്രണയം പൊട്ടിവിരിഞ്ഞില്ലായിരുന്നെങ്കിൽ ലോകത്തിനു മഹാഭാരതമുണ്ടാവുമായിരുന്നില്ല. അവിടെ നിന്നും തൻ്റെ വില കാളി അഥവാ മത്സ്യഗന്ധി മനസ്സിലാക്കുന്നതു പോലെ  അതിരാണിപ്പാടത്തെ തൻ്റെ അഴകിൻ്റെ അങ്ങാടിമൂല്യം മനസ്സിലാക്കിയ കഥാപാത്രമാണ് മൂത്തോറൻ മേസ്തിരിയെ വട്ടം കറക്കിയ പാഞ്ചി.  പുറത്ത് പത്താൾക്ക് മേസ്തിരിയാണെങ്കിലും അകത്ത് ഒരു കെട്ടു പുല്ലിൻ്റെ വിലയില്ലാത്ത മൂത്തോറൻ ഒരു വല്ലാത്ത ഭയത്തോടെ, അവൾ പറന്നു പോയാലോ എന്ന ഭയത്തോടെയാണ് പാഞ്ചിയെ സ്നേഹിച്ചത്.

നായികയ്ക്ക് പ്രണയലേഖനമയച്ച് അതിൻ മറുപടിക്കായി പോസ്റ്റ്മാനെയും കാത്തിരിക്കേണ്ടിവരുന്ന അല്ലെങ്കിൽ അതാരെങ്കിലും കൈപ്പറ്റി ഒരു പ്രേമമഹായുദ്ധത്തിലേക്കു തന്നെ നയിച്ചേക്കാവുന്ന സാഹചര്യത്തെ  അഭിമുഖീകരിക്കേണ്ടിവന്ന ഒരു ഗതകാലം നമുക്കുണ്ടായിരുന്നു എന്നു പറയുമ്പോൾ പുതിയ തലമുറ ചിരിച്ചേക്കാം. ഇനി പോസ്റ്റുമാനുമായി തെറ്റിയാൽ തീർന്നു കഥ. കഥ കഴിഞ്ഞു എന്നു കൂട്ടേണ്ട കാലം. ശ്രീധരൻ്റെ പ്രണയവും മറുപടി ലേഖനത്തിനുള്ള കാത്തിരിപ്പും അതിരാണിപ്പാടത്തിൻ്റെ പ്രണയപരിസരങ്ങളെ മനോഹരമാക്കുന്നു.  ഒരു തിരുവാതിരയ്ക്ക് സന്ന്യാസിവര്യൻ്റെ വേഷം കെട്ടിച്ചെന്നാണ് ആദ്യമായൊന്ന് അവളുടെ ആ വിരൽ സ്പർശം ശ്രീധരനു സാധ്യമായത്.  ആ സാഹസിക ദൌത്യങ്ങളെല്ലാം ഗദ്യകവിതയിൽ ആവാഹിച്ചതായിരുന്നു ആ പ്രണയലേഖനം.

അത്രമേൽ നിന്നെ ഞാൻ സ്നേഹിച്ചു പോയതെൻ
കുറ്റമാണെങ്കിലെൻ ദേവി, പൊറുക്കണം. 

അതിനുള്ള മറുപടിയൊക്കെയും പ്രതീക്ഷിച്ചങ്ങിനെ മുകളിലിരിക്കുമ്പോഴാണ്, താഴെ ശങ്കരാചാര്യരുടെ സംസ്കൃത ശ്ലോകം ഉരുവിട്ടിരിക്കുന്ന കൃഷ്ണൻ മാസ്റ്ററെ തേടി നായികയുടെ അച്ഛനും ട്യൂഷൻമാസ്റ്ററും വരുന്നത്, ഒപ്പം കത്തും.  ശ്രീധരൻ നിന്നു കത്തി.  അങ്ങിനെ ശ്രീധരൻ്റെ മറ്റൊരു വകയിലെ സാഹിത്യസൃഷ്ടിയും തിരിച്ചുവന്നതായി നാമറിയുന്നു.  പ്രേമക്കൊടുംകുറ്റത്തിന് വടി മുറിയുന്നതുവരെ അടിയാണ് ശ്രീധരൻ പ്രതീക്ഷിച്ചതെങ്കിലും അതു സംഭവിച്ചില്ല. പകരം ഒരു മാസ് ഡയലോഗിൽ മാസ്റ്റർ വിഷയം ക്ലോസ് ചെയ്തു - എടാ ആ പെണ്ണിൻ്റെ സ്കൂൾ മേൽവിലാസത്തിൽ കത്തയക്കാൻ മാത്രം നീയിത്ര ശപ്പനായിപ്പോയല്ലോ!

പണ്ട് അച്ഛൻമാരുടെ പ്രതികരണം പലപ്പോഴും നമ്മുടെ കണക്കു കൂട്ടലുകൾക്കപ്പുറത്തേക്കു പോവും. അമ്മമാരുടേത് കണക്കുകളിലൊതുങ്ങും. കാരണം അമ്മമാരുടെ പ്രതികരണം സ്വാഭാവികമാണ്. അച്ഛൻ്റേത് കൂട്ടിയും കിഴിച്ചും ഗണിച്ചും ഹരിച്ചുമൊക്കെ വരുന്നതാണ്.  അമ്മമാരുടേത് ഏറെയും വൈകാരികമാവുമ്പോൾ അച്ഛൻമാരുടേത് ബോധപൂർവ്വമായിരിക്കും.  ജൻഡർ ഇക്വാലിറ്റിയുടെ ആധുനികലോകത്ത് ഇതു ബാധകമല്ല, വൈകാരികതയുടെയും ബോധത്തിൻ്റെയും പരിസരം ഒന്നു തന്നയാണ്. പൂർണമായും സ്ത്രീവിരുദ്ധതയുടെയും പുരുഷാധിപത്യത്തിൻ്റെയും  ഒരു ഇരുണ്ട കാലത്തിലൂടെ കടന്നു വന്ന ജനതയാണ് നാം.  അവിടെ പെണ്ണിനെക്കുറിച്ചും അവളുടെ മാനസികവ്യവഹാരങ്ങളെ കുറിച്ചുമുള്ള  നിരീക്ഷണങ്ങളത്രയും അറുപിന്തിരിപ്പനും പ്രണയമെന്നാൽ കലഹത്തിനുമപ്പുറം യുദ്ധത്തെക്കാൾ ഭീകരമായ മരണത്തോടു തന്നെ അടുത്തുകിടക്കുന്ന ഒന്നാണെന്നുമുള്ള ധ്വനി അവിടവിടെയായി ചിതറിക്കിടക്കുന്നുണ്ട്.  മാസ്റ്ററുടെ പ്രണയ നിരീക്ഷണത്തിലും, സ്വന്തം പുണ്യ-പുരാണ-പ്രണയകഥയുടെ ആഖ്യാനത്തിലും അതു വ്യക്തമാണ്. 

ശ്രീധരനും  ചെറുതിലേ വിധവയായ സരസ്വതിയാംബാളും തമ്മിലുള്ള പ്രണയത്തിൻ്റെ  ഊഷ്മളതയിലേക്ക് എഴുത്തുകാരൻ നമ്മെ നയിക്കുന്നുണ്ട്. തമിഴ് ഇങ്ങോട്ടും മലയാളം അങ്ങോട്ടും പഠിപ്പിക്കുന്ന പരസ്പര ഗുരു-ശിഷ്യ ബന്ധം. സരസ്വതിയാംബാളെ ഓർക്കുമ്പോൾ ശ്രീധരനിൽ ‘ചീത്ത’വികാരങ്ങളൊന്നും കയറുന്നില്ല. കേവലമൊരു സ്ത്രീയായല്ലാതെ, ഒരു ശക്തിയായി സരസ്വതിയാംബാളെ കാണുന്നിടത്തും ശ്രീധരനു കൂട്ട് ആശാൻ്റെ വരികളാണ്, പട്ടരു പെണ്ണിൻ്റെ മനസ്സുപോലെ അർത്ഥം കിട്ടാത്ത വരികൾ. തോറ്റുപോയ നിരാശയിൽ ഒരു മാസത്തെ വീടുമാറി ജീവിതശേഷം വീട്ടിൽ തിരിച്ചെത്തിയ ശ്രീധരനിൽ സരസ്വതിയാംബാളുടെ പൌർണമിച്ചന്ദ്രമുഖം വീണ്ടും തെളിഞ്ഞു, കാണാനായി ഓടുമ്പോഴേക്കും അമ്മ പറഞ്ഞു - ആ പട്ടർക്ക്  മാറ്റം കിട്ടി തൃച്ചിനാപ്പള്ളിക്ക്.  ആ പ്രണയത്തിനു പൂർണവിരാമടുന്നതും ആശാൻ്റെ ഗ്രാമവൃക്ഷത്തിലെ കുയിലിൻ്റെ വരികളാലാണ്.

പോകാം ഭവാനിവിടെ നിന്നിനി; യിമ്മഹാമ്രം
ശൊകാർഹമല്ല, മുനിയിസ്സദനം വെടിഞ്ഞു,

തന്നെ ഏറെ ഇഷ്ടപ്പെട്ട അമ്മുക്കുട്ടി തനിക്കായ സമർപ്പിച്ചയച്ച നോട്ടുപുസ്തകം നോക്കി, ചെക്കനോട് തൻ്റെ അമ്മുക്കുട്ട്യേടത്തി ഇപ്പോൾ എവിടെയാണെന്നു ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി. മരിച്ചു! എന്നാണ്. ആ ‘മുന്നക്ഷരങ്ങൾ ഈർച്ചവാളുപോലെ’യാണ് ശ്രീധരൻ്റെ കരളിൽ തറച്ചത് എന്ന് എസ്.കെ. എത്രമാത്രം വൈകാരികമായ രംഗവർണനകളാണത്. സങ്കടക്കടലിൽ നിന്നും കോരിയെടുത്തു വാക്കുകളാലാണാ വരികളത്രയും  തീർത്തത്. 

എസ് കെയുടെ  ജീവിത ചിന്തകൾ

ഉന്നതമായ വിദ്യാഭ്യാസം നേടിയ മഹാപ്രതിഭകളെക്കൊണ്ടല്ല,  ജീവിതത്തെ കുറിച്ചുള്ള മനോഹരമായ തത്വചിന്തകൾ എസ്.കെ പറയിക്കുന്നത് എട്ടാംക്ലാസിൽ തോറ്റ് മരക്കണക്കെഴുത്തുകാരനായി കാടിലും മലയിലും കഴിഞ്ഞ ജീവിതത്തിലെ വികാരത്തള്ളിച്ചയുടെ  ഒറ്റത്തെറ്റിൽ ശിഷ്ടകാലമത്രയും തളർന്ന ശരീരവുമായി ചുരുണ്ടുകൂടേണ്ടിവന്ന ഗോപാലനെക്കൊണ്ടാണ് - “ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരു ചിച്ഛക്തിയിൽ പെട്ട അണുക്കളാണ്. വേറൊരു സഹജീവിയെ ദ്രോഹിക്കാൻ മനസാ വാചാ കർമ്മണാ നീ എറിയുന്ന ആയുധം, ലക്ഷ്യത്തിൽ കൊണ്ടാലും ഇല്ലെങ്കിലും, ചുറ്റിത്തിരിഞ്ഞ് ഒരു കാലത്ത് നിന്നെത്തേടി നിൻ്റെ മാറിൽ തന്നെ പതിക്കുന്നത് നീയറിയുകയില്ല - അജ്ഞാതമായ ആ ഭ്രമണനിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ നിസ്സഹായനാണ്.”  ഈ എടുത്താൽ പൊങ്ങാത്ത വാചകങ്ങൾ ഏറെ പഠിപ്പില്ലാത്ത,  ഏറെ അനുഭവങ്ങളുള്ള, ജീവിതത്തിൽ കയ്പുനീർ ഏറെ കുടിച്ച്, ഒരു നേരം മനസ്സമാധാനത്തോടെ ഉറങ്ങാൻ കഴിയാത്ത ഗോപാലനെ ആ വാചകങ്ങൾക്കായി എസ്.കെ തിരഞ്ഞെടുത്തത് ബോധപൂർവ്വമാണ്.  ആ വാക്കുകളുടെ സമ്പൂർണമായ അർത്ഥമാണ് സമ്പന്നതയുടെ പാരമ്യതയിൽ വിരാജിച്ചിരുന്ന, കൊലയും ബലാൽസംഗവും ഹോബിയാക്കിയ കുഞ്ഞിക്കേളുമേലാനെ ബീരാൻ ചുരുട്ടിക്കൂട്ടി റോഡിലെറിയുന്നത്, രണ്ടുപതിറ്റാണ്ടോളം തെരുവിലലയിപ്പിച്ച് ഒടുവിൽ പേറ്റിച്ചിപ്പാറുവിൻ്റെ കോലായിൽ മേലാൻ്റെ  ജീവിതമവസാനിപ്പിച്ചതും. ആത്മരക്ഷാർത്ഥമാണ് കത്തി അരയിൽ വച്ചതെന്നു പറഞ്ഞ ശ്രീധരനോട് -  ശ്രീധരാ, ദെെവം വളരെ അകലെയാണ്, നീ വിളിച്ചാൽ കേട്ടില്ലെന്നു വരാം. എന്നാൽ നിൻ്റെ വിളി എളുപ്പം കേൾക്കുന്ന ഒരു മഹച്ഛക്തി നിൻ്റെ ഉള്ളിൽ കുടികൊള്ളുന്നുണ്ട്, നിൻ്റെ മനസ്സാക്ഷി - എന്നാണുപദേശിച്ചത്.  രോഗത്തിൻ്റെ ദീർഘകാല തപസ്യയിൽ,  തന്നിൽ അടിച്ചേൽപ്പിക്കപ്പെട്ട വിരക്തിയിൽ നിന്നും വന്ന ആത്മജ്ഞാനമായാണ് അതിനെ ശ്രീധരൻ കാണുന്നതും. 

കൃഷ്ണൻമാസ്റ്ററുടെ മരണശേഷം മൂത്തമകൻ കുഞ്ഞപ്പുവിനെ കൂട്ടുപിടിച്ച് തറവാട് അസ്തുവാക്കുന്നതിൽ ശങ്കുണ്ണിക്കമ്പൌണ്ടറും ആധാരം ആണ്ടിയും വിജയിച്ചതോടെ, അമ്മയുടെ കൈയ്യും പിടിച്ച് ശ്രീധരൻ ആ വീടിൻ്റെ പടിയിറങ്ങുന്നതോടെ, ഒരു ദേശത്തിൻ്റെ കഥയുടെ ഏതാണ്ട് അവസാനഭാഗമാവുന്നുണ്ട്. ഒരു കൂട്ടം ജീവിതവീക്ഷണങ്ങളുടെ, തത്വചിന്തകളുടെ മഹാപ്രവാഹമാണ് അവിടുന്നങ്ങോട്ട്. ആത്മകഥാംശപരമായ ശ്രീധരനെന്ന യുവാവിൻ്റെ മഹാജീവിതയാത്ര, ഇങ്ങ് ഗോസായിമാരുടെ നാടുമുതൽ അങ്ങു കാപ്പിരിമാരുടെ നാടുവരെ എത്തിയ ആ മഹായാത്രയിൽ അധികാരകേന്ദ്രങ്ങളുടെ ജീവനാഡിയായ ഡൽഹിയിലെ ജീവിതമുണ്ട്. ഉന്നതങ്ങളിലുള്ളവരുമായുള്ള, വിശപ്പുമാറാനല്ലാത്ത, കഴുത്തിന് നാപ്കിൻ കെട്ടി കത്തിയും മുള്ളും കൊണ്ടുള്ള ഡിന്നറാചാരങ്ങളുണ്ട്.  

സ്വയം നഷ്ടപ്പെട്ട ജീവിതത്തിരക്കുകൾക്കിടയിലും ശാന്തി തേടി മൂന്നു പതിറ്റാണ്ടുകൾക്കുശേഷം, അതിരാണിപ്പാടത്തേക്കുള്ള ശ്രീധരൻ്റെ ഒരു തിരിച്ചുവരവുണ്ട്. അടിമുടി മാറിയ,  കോട്ടവും നേട്ടവും കൊകോർത്തു മാറ്റിമറിച്ച  ഭൂപ്രകൃതിയിൽ പുതിയ നാടും വീടുകളും, അവിടെ ഏറെയൊന്നും മാറാതെ ഇതൊന്നും കാണാൻ കണ്ണുകളില്ലാതെ, അകക്കണ്ണിൻ്റെ വെളിച്ചം നയിക്കുന്ന തൊണ്ണൂറുകഴിഞ്ഞ വേലുമൂപ്പരുമുണ്ട്.  ഏതാണ്ട് ഒരായുസ്സിൽ സാധ്യമാവുന്ന യാത്രകളും ലോകപരിചയവും അധികാരസ്ഥാപനങ്ങളിലെ ഇടപെടലുകളും ലക്ഷക്കണക്കിനു ജനങ്ങളുടെ പ്രതിനിധിയും ഒക്കെയാണ് ശ്രീധരൻ.  എന്നാൽ, തൊണ്ണൂറു കഴിഞ്ഞിരിക്കുന്ന ആ മനുഷ്യൻ നേടിയ തിരിച്ചറിവുകളും ജീവിതപാഠങ്ങളും ഒരിക്കലും തനിക്കില്ല, ഉണ്ടാവാൻ പ്രായം വിചാരിക്കണം എന്ന തിരിച്ചറിവാണ് വേലുമൂപ്പർക്കു മുന്നിലായി ഒരു പുൽപ്പായയിൽ ശ്രീധരനെ ഇരുത്തുന്നത്.  അവരുടെ ഉച്ചഭക്ഷണം പങ്കിടുന്നതും. മേൽപ്പറഞ്ഞ ഒരിടത്തുനിന്നും ലഭിക്കാത്ത സ്വാദ് മൂപ്പരുടെ ചെറുമകൾ നിലത്തിരുത്തി വിളമ്പിക്കൊടുത്ത ആ ഭക്ഷണത്തിനുണ്ടായതും ആ അറിവിൽ നിന്നാണ് . കണ്ണുകളിൽ വെളിച്ചമില്ലാത്ത ആ മനുഷ്യൻ, മേഷ്ടറുടെ മകനോ ശീദരനോ എന്ന ചോദ്യത്തോടെ തൻ്റെ അകക്കണ്ണിൻ്റെ വെളിച്ചത്താൽ ശ്രീധരനെ ആലിംഗനം ചെയ്ത്  കൂട്ടിക്കൊണ്ടുപോവുന്നത് മേഷ്ടറുടെ മരണശേഷമുള്ള മൂന്നര പതിറ്റാണ്ടുകാലത്തെ സംഭവപരമ്പരകളിലേക്കാണ്. ശ്മശാനങ്ങൾക്കു മീതെ ശ്മശാനം പണിയുന്ന മനുഷ്യജീവിതങ്ങളിലേക്ക്, എസ് കെയുടെ വാക്കുകളിൽ കാലവാഹിനിയിലൂടെയുള്ള ഒരു തോണിയാത്രയാവുന്ന ജീവിതങ്ങളിലേക്ക്. 

കണ്ണുകാണാത്ത  വേലുമൂപ്പരെന്ന വയോധികൻ്റെ മുന്നിൽ വച്ച് ഒരു സിഗരറ്റു കൊളുത്താതെ ശ്രീധരൻ പറമ്പിൽ പോയി വലിച്ചുവരുമ്പോഴേക്കും, വേലുമൂപ്പർ ഒരു മുറുക്കിൻ്റെ തിരക്കിലേക്ക് പോയി. പുതിയ കാല ജീവിതത്തെ പറ്റി പറയുന്നേടത്ത്, തിന്നാതെ കുടിക്കാതെ പലരും അരിഷ്ടിച്ച് ജീവിച്ച് മരിച്ചുപോവുന്നതിനെ പറ്റി വേലുമൂപ്പർ ശ്രീധരനോട് പറഞ്ഞത് അതു പട്ടര് വെറ്റില തിന്ന കഥപോലെയാണെന്നാണ്.  പട്ടര് വെറ്റില തിന്ന കഥ അദ്ദേഹം ശ്രീധരന് പറഞ്ഞുകൊടുത്തു..  പട്ടരു സ്വാമി ഒരു നല്ല കെട്ട് വെറ്റില വാങ്ങി. പിറ്റേന്ന് രാവിലെ മുറുക്കാനായി കെട്ട് തുറന്നപ്പോൾ  ഏറ്റവും അടിയിലെ വെറ്റില കേടായിരിക്കുന്നു. അപ്പോൾ പട്ടരു തീരുമാനിച്ചു - ഇപ്പോൾ ഇതങ്ങു തിന്നാം. അതങ്ങു ചവച്ചു. അടുത്ത ദിവസം കെട്ടു തുറന്നപ്പോൾ അതേ സ്ഥാനത്ത് ഒരെണ്ണം മഞ്ഞളിച്ചിരിക്കുന്നു. സ്വാമി അപ്പോഴും തീരുമാനിച്ചു - കളയണ്ട, ഇന്നിതു തന്നെ തിന്നു കളയാം. നല്ലൊരു കെട്ടാണ് കൈയ്യിൽ കിട്ടിയതെങ്കിലും വെറ്റില തീരുന്നതുവരെ നല്ലൊരെണ്ണം തിന്നാനുള്ള യോഗം പട്ടർക്കുണ്ടായിരുന്നില്ല. നമ്മളിൽ പലരും ആ പട്ടരുടെ അനുയായികളാണ്. ആ കേടായ വെറ്റില അവിടെ തന്നെ വച്ചാൽ എല്ലാ ദിവസവും നല്ല വെറ്റില തിന്നാമെന്ന തിരിച്ചറിവില്ലാത്തവർ, ഭാവിയിലേക്കായി വരുംതലമുറകൾക്കായി ഉള്ളതു മാറ്റിവച്ച്  ദരിദ്ര ജീവിതം നയിച്ച് ചത്തുപോവുന്നവർ. 

അതിരാണിപ്പാടം, ഒരു ദേശത്തിൻ്റെ കഥ അനശ്വരമാവുന്നത് അതിലെ കാലാതീതമായ ജീവിതവീക്ഷണങ്ങൾ കൊണ്ടു കൂടിയാണ്. അതിനായി തിരഞ്ഞെടുത്ത അസാധാരണ കഥാപാത്രങ്ങളിലൂടെയാണ്, അന്യൂനമായി ആ നിർമ്മിതിയുടെ സൌന്ദര്യത്താലും.

(ഡിസംബർ 2021 ഭാഷാപോഷിണി പ്രസിദ്ധീകരിച്ച ലേഖനം)