Sunday, October 22, 2023

വാക്കുകളും ഭാഷയും പുതുക്കിപ്പണികളും

ഭാഷ ഒരു വാക്കിനെ സൃഷ്ടിച്ചാൽ വാക്കിൻ്റെ പ്രഥമ ദൌത്യം സംസ്കാരത്തെ ഒന്നു പുതുക്കി പണിയുകയാണ്. വാക്കുകൾ നമ്മുടെ ബോധത്തെ കൃത്യമായി പ്രതിഫലിപ്പിക്കും, യാഥാർത്ഥ്യങ്ങളുടെ പുതിയൊരു ലോകത്തെ പണിതെടുക്കും. ബോധത്തിൻ്റെ ഭൂമധ്യത്തിലാണോ അതോ ബോധച്ചൂടേൽക്കാത്ത സംസ്കാരത്തിൻ്റെ പുറമ്പോക്കിലാണോ നമ്മളെന്നറിയാൻ ചില വാക്കുകളിൽ നിന്നും അവ സാക്ഷ്യപ്പെടുത്തുന്ന നമ്മുടെ ബോധത്തിലേയ്ക്ക് ഒന്നു ചൂടി പിടിച്ചാൽ മതിയാവും. ഉദാഹരണമായി ഒരു റിപ്പോർട്ടിങ്ങ് രീതി നോക്കുക. ശ്രീമതി ആയിഷ കുഞ്ഞിക്കണ്ണനു സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണ് ആയിഷഇനി കുഞ്ഞിക്കണ്ണനാണ് ഡോക്ടറേറ്റു കിട്ടിയതെങ്കിൽ ആയിഷയുടെ ഭർത്താവാണു കുഞ്ഞിക്കണ്ണൻ എന്നെഴുതുമോ? ഇല്ല. അവിടെ ഭർത്താവ് എന്ന പദം അധികാരസൂചകമാണെങ്കിൽ കൂടിയും അതേ ശൈലി ഉപയോഗിക്കുന്നില്ല, മറിച്ച് ആയിഷയാണ് ഭാര്യ എന്നേ എഴുതൂനമ്മൾ പറയുന്ന സമത്വം വാക്കിൽ, സംസ്കാരത്തിൽ, ബോധത്തിൽ എവിടെയാണ്? ഒരിടത്തുമില്ലപുരുഷമേധാവിത്വ സ്വരത്തിൻ്റെ  മുദ്രാഫലകമായി എഴുത്ത് മാറുകയാണ്. വാചകങ്ങൾ വായനക്കാരനോടു പറയുന്നത്എഴുത്തുകളിലേക്ക് ഇന്നും പ്രവഹിക്കുന്നത് മനുവിൻ്റെ ആദിമഷി തന്നെയാണെന്നാണ്അതും ഇത്രയധികം വനിതകൾ മാധ്യമസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്ന കാലത്ത്. പ്രമുഖ മാധ്യമങ്ങളുടെ ശൈലിയെ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പരിഹസിച്ചിട്ടുണ്ട്, കുറച്ചൊക്കെ മാറിയിട്ടുമുണ്ട്.[1]  ഇപ്പോഴാണ് സർക്കാർ ജീവിതപങ്കാളി എന്നു മതി എന്നാക്കിയത്നമുക്ക് ഒരു സാംസ്കാരിക വകുപ്പും സാഹിത്യ അക്കാദമിയും ഒക്കെയുള്ളപ്പോൾ, സാഹിത്യകാരെ എഴുത്തുകാരെ ഒക്കെയും പ്രോത്സാഹിപ്പിക്കാൻ നിരവധി അവാർഡുകളും നല്കുമ്പോൾ ആനുപാതികമായെങ്കിലും ഭാഷയെ ശുദ്ധീകരിക്കുവാനുള്ള ദൌത്യം, സംസ്കാരത്തെ മുന്നോട്ടെടുക്കുവാനുള്ള ദൌത്യം അവരുടെ ബാധ്യതയാണ്സംസ്കാരത്തിൻ്റെ ഷോ കേസുകളിൽ ലോകത്തെവിടെയും കരുതിവെയ്ക്കുക മഹത്തായ അംശങ്ങളാണ്, പിന്തിരിപ്പൻ ഗതകാലത്തിൻ്റെ തിരുശേഷിപ്പുകളാവരുത്വാക്കുകൾ കറൻസി പോലെയാണ്കൃത്യമായ മൂല്യമുണ്ടാവണംകറൻസിക്കു തുല്യവസ്തു ലഭിക്കുന്നതുപോലെ വാക്കുകൾക്കു തുല്യമായ ബോധം പകർന്നു കിട്ടുക അപ്പോൾ മാത്രമാണ്.[2] 

ശ്രേഷ്ഠഭാഷയിലെ മ്ലേച്ഛ പദാവലികളും പ്രയോഗങ്ങളും

പഴയ വാക്കുകൾ പുതിയകാല ബോധത്തെ പ്രതിഫലിപ്പിക്കുന്നതിൽ എത്രത്തോളം വിജയിക്കുന്നൂവെന്നറിയാൻ ഒറ്റദിവസത്തെ പത്രം വായിച്ചാൽ മതി. സ്ത്രീപുരുഷതുല്യതയുടെ ലോകത്താണു നമ്മളുള്ളതു എന്നു നമുക്കറിയാം തുല്യത നമ്മുടെ ദൈനംദിന വ്യവഹാരഭാഷയിലും വാക്കുകളിലും വന്നുവോ എന്നു ഗൌരവമായി ആലോചിക്കേണ്ടതാണ്, ഇല്ലെങ്കിൽ വരുത്തേണ്ടതാണ്പഴയകാലത്തെ സ്ത്രീവിരുദ്ധതയുടെ വാക്കുകളെയും ശൈലികളെയും ഉപേക്ഷിക്കുമ്പോൾ മാത്രമാണ് പുതിയ തലമുറ ആരോഗ്യകരമായ സ്ത്രീപുരുഷ സമത്വം ശ്വസിച്ചു വളരുക. ഒന്നു സൂക്ഷിച്ചു നോക്കുക - മിസ്/മിസിസ് അഥവാ കുമാരി/ശ്രീമതി. പുരുഷൻ്റെ മിസ്റ്ററിൽ അഥവാ ശ്രീമാനിൽ കെട്ടിയവനും കെട്ടാത്തവനും ശ്രീക്ക് തുല്യാവകാശിയാണ്. അതായത് ശ്രീ.കുഞ്ഞിക്കണ്ണൻ എന്നു കണ്ടാൽ കുഞ്ഞിക്കണ്ണൻ വിവാഹിതനോ അല്ലയോ എന്നറിയാൻ വഴിയില്ലപക്ഷേ നമുക്ക് ആയിഷയാവുമ്പോൾ, കുഞ്ഞിക്കണ്ണൻ്റെ ഭാര്യയായതുകൊണ്ടു മാത്രം ശ്രീ വന്നു ഭവിച്ചവൾ എന്നു നമുക്കു പറയേണ്ടിയിരിക്കുന്നു - ശ്രീമതി ആയിഷ.

ഔദ്വോഗിക വേദികളിലെ ദൈനം ദിന സംബോധനകളിൽ കടന്നുവരുന്ന  മലയാളത്തിലെ കുമാരിയെയും ശ്രീമതിയെയും ഒന്നു കീറിമുറിച്ചുനോക്കിയാൽ കാണാം ബാക്കിശ്രീ വരുന്നത് സമ്പത്തിൻ്റെയും അഭിവൃദ്ധിയുടെയും ദേവതയായ ശ്രീദേവി എന്നുപേരുള്ള മഹാലക്ഷ്മിയിൽ നിന്നുമാണ്പക്ഷേ അതു ശ്രീമാൻ ആവുമ്പോഴേക്കും  സൌന്ദര്യത്തിൻ്റെ, മഹത്വത്തിൻ്റെസമ്പത്തിൻ്റെ, അഭിവൃദ്ധിയുടെ ഒക്കെ സൂചകമമായി, ആദരപദമായാണ് ആണിനു മുന്നിൽ വരുന്നത്അപ്പോൾ ശ്രീമതി എന്നാൽ സ്വാഭാവികമായും അതൊക്കെയും തന്നെയുള്ള പെണ്ണ് എന്ന അർത്ഥമാവണംഎന്നാൽ ആണോ? വാക്പ്രയോഗത്തിൻ്റെ അർത്ഥപരികല്പനകളിൽ അതുവരുന്നില്ല എന്നതാണ് സത്യം. ശ്രീമതി ആവുന്നത് ശ്രീമാനോട് ചേരുമ്പോൾ മാത്രമാണ്. കാരണം അവിവാഹിതയായ ഒരു പെണ്ണിനെ സമൂഹം ശ്രീമതി എന്ന പദത്താൽ സംബോധന ചെയ്യാറില്ല. ശ്രീമതി ആയിഷ കുഞ്ഞിക്കണ്ണൻ  എന്ന് പറയണമെന്നില്ല, ശ്രീമതി ആയിഷ എന്നു തന്നെ പറയുമ്പോൾ സൂചകത്തിലൂടെ കൃത്യമായി ആയിഷ  ഒരു ശ്രീമാൻ്റെ ഭാര്യയാണ് എന്നു സമൂഹം പറയുന്നുണ്ട്, അതാരുടേത് എന്നുറപ്പിക്കാൻ മാത്രമാണ് കുഞ്ഞിക്കണ്ണൻ വാലായി തൂങ്ങുന്നത്ഇനി ശ്രീ കുഞ്ഞിക്കണ്ണൻ എന്നെഴുതുന്നിടത്ത് പറയുന്ന സൌന്ദര്യവും ഐശ്വര്യവും അഭിവൃദ്ധിയും കുഞ്ഞിക്കണ്ണനിലേക്ക് കടന്നുവന്നത് മഹാലക്ഷ്മിയുടെ പ്രതിരൂപം ആയിഷയിൽ കൂടിയാണെന്നതിൻ്റെ ഒരു നേരിയ സൂചനയെങ്കിലും ഉണ്ടോശ്രീമതിയിൽ അവൾ കന്യകയല്ല, എന്നു കൂടി പറയുന്നുണ്ട്, അവൻ കന്യകനാണ്, അല്ല എന്നു ശ്രീയിൽ എവിടെയങ്കിലും പറയുന്നുണ്ടോ? ഇല്ലെങ്കിൽ, ഉദാത്തമായ ആശയ-അർത്ഥ പരികല്പനകളുള്ളതെന്നു പറയുന്ന പദാവലികളെന്ന വ്യാജേന നമ്മൾ പണിതിടുന്നത് വിവേചനത്തിൻ്റെ ശ്രീകോവിലാണ്.  

അവൾ കന്യകയാണ്, ‘അനാഘ്രാത കുസുമംആണെന്ന സൂചകപദമാണ് കുമാരി. കുമാരി മതിയായ ശ്രീയോടു കൂടി, മതിയായ ഐശ്വര്യത്തോടു കൂടിയുള്ളവൾ  എന്നർത്ഥത്തിലുള്ള ശ്രീമതിയാവുന്നത് കന്യകയല്ലാതായി ശ്രീമാനോടൊപ്പം ചേരുമ്പോൾ മാത്രമാണെന്ന ബോധത്തിൻ്റെ ഉല്പന്നമാണ് ശ്രീമതി എന്ന ശബ്ദം. അതേസമയം വിവാഹത്തിനു മുന്നേയും ശ്രീമാൻ ശ്രീമാൻ തന്നെയാണ്. അവിടെയാണ് വിവേചനത്തിൻ്റെ വിത്തും പെണ്ണു ആണിൻ്റെ സ്വത്താണെന്ന ബോധവും കടന്നു വരുന്നത്ഡോക്ടറേറ്റു കിട്ടിയ ആയിഷ കുരിശടിപ്പറമ്പത്ത് കുഞ്ഞിക്കണ്ണൻ്റെ ഭാര്യയാണെന്നു പറയുമ്പോൾ നമ്മൾ കൃത്യമായി പറയുന്നത് ആയിഷയുടെ ഓണർഷിപ്പ് കുഞ്ഞിക്കണ്ണനാണെന്നാണ്മാതുവമ്മയെ കടിച്ചത് നാരാണൻ്റെ  പട്ടിയാണെന്നു പറയുമ്പോൾ പട്ടിയുടെ ഓണർഷിപ്പ് നാരായണനാണെന്നതു പോലെ കൃത്യമായിഅങ്ങിനെ ഓരോ പ്രയോഗങ്ങളിലൂടെയും മനു ജീവീക്കുന്നു ഞങ്ങളിലൂടെ എന്നു തെളിയിച്ചുകൊണ്ടിരിക്കുകയാണ്അതല്ലെങ്കിൽ കുഞ്ഞിക്കണ്ണനാണ് ജീവിതപങ്കാളി എന്നു ലളിതസുഭഗമായി വേണമെങ്കിൽ പറഞ്ഞാൽ പോരെ.

ആയിഷ കന്യകയല്ല, കുഞ്ഞിക്കണ്ണൻ്റെ കെട്ടിയോളാണെന്നു സൂചകങ്ങളിലൂടെയെങ്കിലും വിളിച്ചുപറയാൻ തോന്നിപ്പോവുന്നത് നമ്മുടെ നൈസർഗികമായ ഒളിച്ചുനോട്ടത്തിൻ്റെ തെളിഞ്ഞ കാഴ്ചയാണ്. അത് ഏറെ മുന്നെ വന്നതല്ല. വിക്ടോറിയൻ സദാചാരത്തിൻ്റെ കാറ്റേറ്റതാണ്. ഓർക്കണം, രാധാകൃഷ്ണൻ എന്ന പേര് രാധയുടേതല്ലായിരുന്നു. താൻ ഒരിക്കലുംഭാര്യയാക്കാത്ത പക്ഷേ രാധയില്ലാതെ പൂർണനാവാത്ത  കൃഷ്ണൻ്റെ അതിമനോഹരമായ പര്യായമാണ് രാധാകൃഷ്ണൻകുഞ്ഞിക്കണ്ണൻ വിവാഹിതനാണോ അല്ലയോ എന്നു മാലോകരെ അറിയിക്കാനില്ലാത്ത ജാഗ്രതയാണു നമുക്കു ആയിഷയുടെ കാര്യത്തിൽ. തെരുവിൽ പെണ്ണിനെ കൈകാര്യം ചെയ്യുന്നത് വിവരം കെട്ട സദാചാരരാണെങ്കിൽ, എഴുത്തിൽ ബോധമില്ലാത്ത സദാചാരരാണോ എന്നു തോന്നിപ്പിക്കുന്നതാണ് ചില ശൈലികൾ, വാക്കുകളും.   ആയിഷയുടെ കാര്യത്തിൽ അതു റിപ്പോർട്ടു ചെയ്യേണ്ട സംഗതിയാണെന്ന തോന്നൽ എവിടെനിന്നുമാണ് ഉണ്ടാവുന്നത്മാറുന്ന വിശ്വബോധത്തിനു ആനുപാതികമായി നമ്മുടെ ബോധം വളരാത്തതിനു ഭാഷയും വാക്കുകളും കാരണമാവുകയാണ്മൊഴിമാറ്റം അപര്യാപ്തമായതുകൊണ്ടുമാത്രം വിശ്വസാഹിത്യത്തിൽ ഇടം കിട്ടാതെ പോവുന്ന മഹാപ്രതിഭകളായ എത്രയെത്ര എഴുത്തുകാരെ സംഭാവന ചെയ്ത ഭാഷയാണ്, പക്ഷേ നിത്യവ്യവഹാര പദാവലികളിൽ  അസ്സലൊരു മ്ലേച്ഛഭാഷയുടെ ചേരുവകളാണ് പലതും, ശൈലിയുംആവശ്യമില്ലാത്തപ്പോൾ വാലുകൾ പോയി വാനരൻ നരൻ ആയതുപോലെ ആവശ്യമില്ലാത്ത വാക്കുകൾ സമൂഹത്തിൽ നിന്നും പോവുന്നതുകൂടിയാണ് സംസ്കാരം.

പ്രിയം സൃഷ്ടിക്കുന്ന ആകർഷണത്തിൻ്റെ കാന്തികവലയത്തിൽ നിന്നും, കാന്തതയിൽ നിന്നും വന്ന രണ്ടു മലയാള പദങ്ങളുണ്ട് - കാന്തയും കാന്തനും. അവിടെ ഒരുവൻ്റെ ഭരണവും ഒരുവളുടെ ഭരിക്കപ്പെടലുമില്ല. സുന്ദരമായ പദങ്ങളും വച്ച് മനുവിൽ മുങ്ങിയാണ് നമ്മൾ ഭരിക്കപ്പെടാനായി ഭാര്യയെ ഉണ്ടാക്കിയത്, ഭരിക്കാൻ ഭർത്താവിനെയും.    രണ്ട് മനുഷ്യർ പരസ്പരം സ്വാധീനിക്കാൻ തുടങ്ങുമ്പോൾ, പ്രകൃതിയും അവർ തമ്മിലുള്ള അകലം കുറയ്ക്കാൻ ശ്രമിക്കുന്നു. ‘പ്രണയത്തിൻ്റെ മാന്ത്രികത മഴയിൽ നനഞ്ഞ രണ്ട് ശരീരങ്ങളെ ആകർഷണത്തിൻ്റെ  കാന്തങ്ങളാക്കി മാറ്റുകയായിരുന്നുഎന്നിടത്ത് കാന്തയുണ്ട്, കാന്തനും. കാന്തൻ, കാന്ത എന്നീ രണ്ടു മലയാള വാക്കുകളിൽ മലയാളിത്തമുണ്ട്, സുന്ദരമായ അർത്ഥവുമുണ്ട്. എന്തുകൊണ്ട് നമുക്ക് അങ്ങിനെ ചിന്തിച്ചുകൂട? മാറുന്ന വാക്കുകൾ പകരട്ടെ പുതിയ ബോധം, ചിന്തകളുംസ്വന്തം മക്കളുടെ വിവാഹനിശ്ചയത്തിന് ഇന്നും അമ്മമാർക്ക് സ്ഥാനമുണ്ടോ എന്നു സംശയമാണ് - കാരണം മറ്റൊന്നല്ല, തീരുമാനിക്കേണ്ടത് ഭരിക്കപ്പെടുന്നവരല്ലെന്ന ബോധമാണ്സ്വതന്ത്രപ്രണയത്തിൻ്റെ ഭാവിലോകത്ത് അങ്ങിനെയൊരു സംഭവത്തിന് നാളെ  പ്രസക്തിയില്ല എന്നത് വേറെ കാര്യം.

വാക്കുകൾ രൂപകല്പന ചെയ്യുന്ന  ബോധമണ്ഡലം

നമ്മുടെ വീടുകളിൽ മാതാപിതാക്കൾ ഉപയോഗിക്കുന്ന ഭാഷ തന്നെയാണു കുട്ടികളിലേയ്ക്ക് സംക്രമിക്കുന്നത്പിന്നീട് പലരും അതു മാറ്റി കൂടുതൽ മിഴിവുറ്റതാവുന്നത് അവരിലെ ബോധതലത്തിൻ്റെ വികാസം കാരണമാണ്. ശരാശരി കേരളത്തിൻ്റെ നേർസാക്ഷ്യമാണ് സൈബറിടത്തെ മലയാളി ഇടപെടലുകൾപ്രചരണത്തിനായി ഭാവിലോകത്തെ കൂടുതൽ ഭാസുരമാക്കുവാനുള്ള സർഗസംഭാവനകൾ നൽകുന്നവർ എത്രയോ ഉണ്ട്, അതുപോലെ തന്നെ തെറിയല്ലാതൊന്നും പറയുവാനില്ലാത്തഉൾക്കൊള്ളാൻ പറ്റാത്തതിനു മറുപടി തെറിയാണെന്നു പഠിച്ചുവച്ച ബുദ്ധിയും ബോധവും ദാരിദ്ര്യരേഖയ്ക്ക് താഴെയായവരുമുണ്ട്അടുത്ത കാലത്താണ് മാധ്യമരംഗത്തിന് നിസ്തുലമായ സംഭാവനകൾ നല്കിയ, ആരാധ്യനായ ബിആർപിയെ സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ അവർക്കറിയാവുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുന്നത് കണ്ടത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരിച്ച വനിതകളെ സോഷ്യൽ മീഡിയയിൽ വിളിച്ച കേട്ടാലറക്കുന്ന തെറികൾക്കു വല്ല കണക്കുമുണ്ടോസ്ത്രീപുരുഷ പരസ്പര ബഹുമാനവും തുല്യതയും വെള്ളിത്താലത്തിൽ വന്നെത്തുന്ന ഒന്നല്ലഒഴിവാക്കേണ്ട വാക്കുകളത്രയും ഒഴിവാക്കിയും സ്വാംശീകരിക്കേണ്ട പുതിയ ബോധം ആവശ്യപ്പെടുന്ന പദാവലികളെ സ്വാഗതചെയ്യുകയും  ചെയ്യുന്ന സമൂഹത്തിൽ മാത്രമാണ് തുല്യത കൈവരിക.   ഭിന്നിപ്പിൻ്റെ, പഴഞ്ചൻ ബോധത്തിൻ്റെ, പുരുഷാധിപത്യത്തിൻ്റെ  ശൈലിയും വാക്കുകളുമത്രയും നിലനിർത്തി ഇതിൻ്റെയൊക്കെ ലോകം മാറണമെന്നു പറയുന്നതു ഏറ്റവും ലളിതമായി പറഞ്ഞാൽ വിവരമില്ലായ്മയാണ്. നാടിൻ്റെ ജനാധിപത്യവൽക്കരണത്തിനൊപ്പം തന്നെ ഭാഷയുടെ ജനാധിപത്യവൽക്കരണവും നടക്കുന്നു എന്നതിൻ്റെ വലിയ തെളിവാണ് സോഷ്യൽ മീഡിയയിലെ ഭാഷാസാന്നിദ്ധ്യം.

നമ്മുടെ തെറികൾ തന്നെ നോക്കിയാൽ മതി, വാക്കുകൾ സമൂഹികബോധത്തെ സൃഷ്ടിച്ചെടുക്കുന്നതു കാണാം. തെറികളത്രയും സ്ത്രീവിരുദ്ധങ്ങളാണ്, പൊതുവേ നിരുപദ്രവകരമെന്നു തോന്നുന്ന നായിൻ്റെ മോൻ വരെ ഒന്നാലോചിച്ചാൽ തെറി പോയി കൊള്ളുന്നത് പട്ടിയിൽ നിന്നും സ്ത്രീക്കു പിറന്ന മകനെന്ന ധ്വനിയിലേക്കാണ്. പരമമായ സ്ത്രീവിരുദ്ധതയുടെ ആഴങ്ങളിൽ മുങ്ങിയെടുത്തതാണു നമ്മുടെ തെറികളത്രയും. പിറവി അമ്മയിലൂടെയാണെങ്കിലും തെറിയിൽ ഒറ്റത്തന്തയ്ക്കു പിറവിയും നല്ല തന്തക്കു പിറവിയുമുണ്ട്, തെറി രണ്ടിൻ്റെയും വേരുകളാണ്ടു കിടക്കുന്നതും  പെണ്ണിലാണ്.   ഒറ്റതന്ത മാഹാത്മ്യം സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരമായി കാണുന്നതാണ്, പല ബോധമില്ലാത്ത രാഷ്ട്രീയക്കാരുടെ നാവിലും ഇടയ്ക്ക് തത്തിക്കളിക്കുന്ന ഒന്ന്.

നമുക്ക് പിടിക്കാത്ത വല്ലതും കേൾക്കുമ്പോൾ നാട്ടിൻപുറത്തുകാർ സാധാരണ ഉപയോഗിക്കുന്ന ഒരു തെറി പ്രയോഗമാണ് ഓൻ്റെ അമ്മേൻ്റാടത്തെ ന്യായം എന്നത്. അച്ഛൻ്റേതിനു എന്തുമാവാം, അമ്മയുടേതിനു മാത്രമേ കണ്ടീഷൻസ് അപ്ലൈ ബാധകമാവുന്നുള്ളൂ എന്ന തോന്നലിൽ നിന്നുമാണ് ഇതുണ്ടാവുന്നത്. ഒന്നു സോഷ്യൽ മീഡിയയിലേക്ക്  നോക്കൂ  ഫെയ്സ്ബുക്കിൽ കാര്യമായി കാണുക മകൻ്റെ അല്ലെങ്കിൽ മകളുടെ ജന്മം കൊണ്ടു ധന്യമായ സമൂഹത്തിനെ ജന്മദിനം ഓർമ്മിപ്പിക്കുന്ന ചടങ്ങാണ്. എൻ്റെ ജീവിതത്തിൽ വെളിച്ചമായി വന്ന എൻ്റെ മകൻ എന്ന മട്ടിലുള്ള വർണനകളും കാണും. സ്വന്തം കുടുംബത്തിൽ പോലും ജനാധിപത്യം അംഗീകരിക്കാൻ നമുക്കു കഴിയുന്നില്ല, ഞാനാണ് സംഭവം എന്ന ബോധത്തിന് എനിക്കു മാത്രമായി ഒരു മകനെയുണ്ടാക്കുക സാധ്യമല്ലെന്ന സത്യം അംഗീകരിക്കുക സാധ്യമാവില്ല. ബോധം വരികളിൽ പ്രതിഫലിക്കുന്നുവെന്നേയുള്ളൂ. നമ്മുടെ സമൂഹം ഇത്രമാത്രം അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും കൂത്തരങ്ങാകുവാൻ ഒരു കാരണവും തൻ്റെ ലോകം താനും തൻ്റെ കെട്ടിയോളും കുട്ട്യേളുമാണെന്ന തലതിരിഞ്ഞ ബോധമാണ്. ബോധത്തെ തിരുത്തുവാൻ ആദ്യം ഭാഷയിൽ തിരുത്തുണ്ടാവണം. അതൊരു ബോധപൂർവ്വമായ സംസ്കാരിക പ്രവർത്തനമാവണം. സ്കൂൾ കോളേജു ക്ലാസുകളിൽ അധ്യാപകർ പെൺകുട്ടികളോടു കിരൺ ബേദിയെ മാതൃകയാക്കാൻ പറയുന്ന പതിവുണ്ടായിരുന്നു. ആൺകുട്ടികൾക്കു കൂടി അവരെ മാതൃകയാക്കുന്നതിൽ എന്തപാകതയാണുള്ളത്? വാക്കുകളിൽ സമത്വബോധം ലയിക്കുമ്പോൾ മാത്രമേ സമത്വസുന്ദരമായ ലോകം സൃഷ്ടിക്കപ്പെടുന്നുള്ളൂ. മൺപാത്രം ആദ്യം മെനയപ്പെടുന്നത് ശില്പിയുടെ മനസ്സിലാണ്, സൃഷ്ടി നടക്കുന്നതു പിന്നീടും.

പശ്ചാത്യസംസ്കാരത്തിൻ്റെ പദശുദ്ധീകരണവും റദ്ദുചെയ്യുലകളും

മുകളിൽ പറഞ്ഞ കുമാരി എന്ന പദം പ്രശസ്തമായ കോളിൻസ് ഇംഗ്ലീഷ് ഡിക്ഷ്ണറിയിൽ സ്ഥാനം പിടിച്ച പദമാണ്. അതിന് അവർ നല്കിയിരിക്കുന്ന അർത്ഥം മെയ്ഡൺ, ഒരു യുവതിയെ അഭിസംബോധന ചെയ്യുവാനുള്ള ഉപചാരപദം എന്നാണ്ഇനി നോക്കുക മെയ്ഡൺ എന്ന പദത്തിന് കോളിൻസ് നല്കുന്ന അർത്ഥം ഒരു പെൺകുട്ടി, അല്ലെങ്കിൽ ഒരു യുവതി എന്നാണ്കുറച്ച് താഴെയായി അതിൻ്റെ ആർക്കെയ്ക്ക് യൂസേജ് ആയി അവിവാഹിതയായ പെണ്ണ്, കന്യക എന്നൊക്കെയും അർത്ഥം നല്കിയിട്ടുണ്ട്. ഇന്നത്തെ സാമൂഹികബോധത്തിൽ അശ്ലീലമായ, പ്രയോഗത്തിലില്ലാത്തതും പക്ഷേ ഗതകാലത്തെ സംബോധന ചെയ്യുമ്പോൾ ഉപയോഗിക്കേണ്ടി വരുന്നതുമായ പദമാണ് ആർക്കെയ്ക് ആയി അവർ അടയാളപ്പെടുത്തുന്നത്. എന്നാൽ നമ്മളിന്നും കുമാരിയെ ചേർത്തുവെയ്ക്കുന്നത് പെൺകുട്ടിയെന്നോ യുവതി എന്നോ ഉള്ള പരികല്പനയോടല്ല. മറിച്ച് കന്യക, അവിവാഹിത എന്ന അർത്ഥത്തിൽ മാത്രമാണ്. ഒരു വിവാഹിതയായ മന്ത്രി, ഇനി തന്നെ കുമാരി എന്ന് അഭിസംബോധന ചെയ്യരുത് ശ്രീമതി എന്നുവേണം എന്നു സർക്കുലർ ഇറക്കിയത് കേരളത്തിലാണെന്നു മറന്നുപോവരുത്ബോധം കാലത്തിനൊപ്പം സഞ്ചരിക്കണം, പക്ഷേ പലപ്പോഴും കാലം മുന്നോട്ടുപോവുമ്പോഴും നമ്മുടെ ബോധം നിന്നിടത്ത് നിന്ന് പിന്നോട്ടു തിരിഞ്ഞുനോക്കുമ്പോഴുണ്ടാവുന്ന സാസ്കാരികദുരന്തത്തിൻ്റെ ആഴം ചെറുതല്ല. പുലയാടി, അഴിഞ്ഞാട്ടം, താറുമാറാവുക, നല്ല തന്ത, ഒറ്റ തന്ത.. നിത്യവ്യവഹാരപദങ്ങൾ അങ്ങിനെ പോവുമ്പോൾ, ഒരു ഭാഷയിലെ തെറികളായ തെറികളത്രയും അധസ്ഥിതരെയും സ്ത്രീകളെയും അഭിസംബോധന ചെയ്യുന്നതാവുമ്പോൾ അതു കാണിക്കുന്നത്  ഒരു ഭാഷയുടെ ശേഷ്ഠതയല്ല, മ്ലേച്ഛതയാണ്.

പെൺബുദ്ധി പിൻബുദ്ധി എന്ന ചൊല്ല് നോക്കുക, പെൺബുദ്ധി  തരംതാണ ബുദ്ധിയാണ് എന്ന ധ്വനി ഉണ്ടവിടെ. തറവാട്ടിലെ കാലഹരണപ്പെട്ട വസ്തുക്കൾ നശിപ്പിക്കുമ്പോൾ മാത്രമാണ്, അല്ലെങ്കിൽ ഉപയോഗശൂന്യമായതായി കണ്ടുകെട്ടി അട്ടത്തിടുമ്പോഴാണ് പുതിയവ ശേഖരിക്കുവാൻ ഇടം ഉണ്ടാവുകസംസ്കാരവും അങ്ങനെയാണ്കാലഹരണപ്പെട്ട ബോധത്തെ, വാക്കുകളെ സംസ്കരിക്കുമ്പോഴാണ് പുതിയ ബോധത്തെ ഉമ്മറപ്പടിയിലേക്കും സ്വാഗതമുറിയിലേക്കും കിടപ്പറയിലേക്കും സ്വാഗതം ചെയ്യുവാൻ ആവുക, അതിന് ഇടമുണ്ടാവുക.

കന്യകയും കന്യകാത്വവും വിശുദ്ധിയുടെ അടയാളങ്ങളായി കൊണ്ടാടുന്ന സമൂഹം ആഘോഷിക്കുന്നത് പ്രാകൃത ഗോത്ര ബോധമാണ്. പച്ചത്തേങ്ങയിൽ നിന്നെടുക്കുന്ന വെളിച്ചണ്ണയ്ക്ക് മലയാളി നല്കിയ പേര് വേർജ്ൻ കോക്കനട് ഓയിൽ എന്നായത് യാദൃച്ഛികതയല്ല, വേർജ്നിറ്റിയുടെ വിപണി മൂല്യത്തിൻ്റെ പ്രതിഫലനം തന്നെയാണ്. ഉരുക്കെണ്ണ എന്ന് നമ്മൾ മലയാളി പറഞ്ഞിരുന്ന സാധനം തന്നെയല്ലേ വിർജിൻ കോക്കനട്ട് ഓയിലായത്! എതിർലിംഗമില്ലാത്ത പദങ്ങളെ സദാ വിവേകരഹിതമായി പ്രയോഗിക്കുമ്പോൾ ഊട്ടിയുറപ്പിക്കപ്പെടുകയാണ് വിവേചനം. നമ്മുടെ രാഷ്ട്രീയ നേതാക്കൾ തന്നെ എത്ര തവണ വേശ്യയുടെ ചാരിത്ര്യ പ്രസംഗം എന്ന പദം സ്ഥാനത്തും അസ്ഥാനത്തുമായി പ്രയോഗിക്കുന്നു.

ആൺ-പെൺ സംജ്ഞകളിൽ തളയ്ക്കാൻ ആവാത്ത സ്വത്വങ്ങളുടെ ആത്മഹത്യകൾ അടുത്തകാലത്തായി പെരുകിയതു നാം കണ്ടു. ലോകം എവിടെയും മാറുമ്പോഴും, മഹാഭാരതകാലത്തെ ശിഖണ്ഡി, നപുംസക ബോധത്തിൽ നിന്നും കരകയറാത്ത നമ്മളിൽ അവരുടെ പ്രതീക്ഷകൾ നശിക്കുക സ്വാഭാവികമാണ്, അവരുടെ നിരാശ ആത്മഹത്യയിലേക്ക് നയിച്ചതാവാം. ലോകം വൈവിധ്യങ്ങളുടെതാണ് അതിൽ നാനാവിധ ലൈംഗിക സ്വത്വങ്ങളും  പെടും. അതിനുള്ള സ്പേസ് ലോകത്തുണ്ടാവുന്നതാണ് സംസ്കാരം. അല്ലാതെ ഭൂരിഭാഗം ലൈംഗിക താത്പര്യങ്ങളും ഇതുപോലെയാണ്, അതുകൊണ്ടു മാത്രം  അതാണ് സംസ്കാരം എന്നു പറയുന്നത് സംസ്കാരമില്ലായ്മയാണ്, ബോധമില്ലായ്മയുമാണ്. പെണ്ണു താഴെയും ആണു മുകളിലുമായി, മുഖാമുഖം നടത്തുന്ന ലൈംഗിക ബന്ധത്തിനു മിഷണറി പൊസിഷൻ എന്ന വൈദികാംഗീകാരം വന്ന  കാലത്തിനും സഹസ്രാബ്ദങ്ങൾക്കു മുമ്പേ മഹർഷി വാത്സ്യായൻ അറുപത്തിനാല് കാമകലകൾ ചർച്ചയ്ക്കു വച്ച ശേഷവും മഹർഷിയായി തുടർന്ന നാടാണിത്. എല്ലാറ്റിനെയും കൊള്ളുന്നതാണ് സംസ്കാരം, ഒന്നിനെയും തള്ളുന്നതല്ല. നിങ്ങളെ പോലെയല്ലാത്ത എൻ്റെ, എനിക്കവകാശപ്പെട്ട സ്പേസ് എനിക്കു നിഷേധിക്കപ്പെടുന്നത് സംസ്കാരമല്ല, സംസ്കാര ശൂന്യതയാണ്. മിസ്റ്ററിലും മിസിലും തളക്കാൻ പറ്റാത്ത സ്വതങ്ങളെ കൂടെ ചേർത്തുപിടിക്കുന്ന മിക്സ് കൂടി വന്ന ലോകത്താണ് നാം മരണം വരെയും അവിവാഹിതയായിരുന്ന ജയലളിതയെ കുമാരിയാക്കിയത്, ജയലക്ഷ്മിക്ക് കുമാരിയല്ല, ശ്രീമതിയാണെന്ന് സർക്കുലർ ഇറക്കേണ്ടി വന്നതും.[3]

ഭാഷാശുദ്ധീകരണത്തിൽ മാധ്യമങ്ങളുടെ പങ്ക്

ലോകത്തെ മാറ്റങ്ങളെ അറിയിക്കുന്ന, മാനവികതയുടെ വികാസത്തെ ആഘോഷിക്കുന്ന പദാവലികളൊന്നും ഭാഷയിലില്ലാതാവുമ്പോഴാണ് ഭാഷ മൃതമാവുക. അല്ലാതെ കഴുത്തു ഞെരിച്ചോ, പെട്രോളൊഴിച്ച് കൊളുത്തിയോ തീർക്കാനാവുന്നതല്ല ഒരു ഭാഷയെ. ഞാൻ വ്യാകരണം പഠിച്ചിട്ടില്ല, ഭാഷയുടെ ഭംഗി മൊത്തം വ്യാകരണമാണെന്ന തോന്നലുമില്ല. എന്നാലും വള്ളിപുള്ളിനാട്ടുനടപ്പ് വച്ച് വിദ്യാർത്ഥി എന്നതു ലിംഗഭേദമില്ലാത്ത പദമല്ലെങ്കിൽ സ്ത്രീലിംഗപദമാവണ്ടേ? അല്ലെങ്കിൽ കോൽക്കാരൻ എന്നതുപോലെ വിദ്യാർത്ഥൻ എന്നാവുമായിരുന്നില്ലേ? എന്തിനാണ് പെണ്ണിനെ നമ്മൾ വിദ്യാർത്ഥിനി ആക്കുന്നത്? പ്രതിഭാശാലി എന്നാൽ പ്രതിഭയുള്ള ആരുമാവാം. പ്രത്യക്ഷത്തിൽ നോക്കിയാൽ അതൊരു സ്ത്രീലിംഗപദമായി തോന്നുകയും ചെയ്യും. ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്ന കവറെഴുത്തിൽ നിരൂപകനും എഴുത്തുകാരനുമായ ഒരാൾ കവിയെ പരിചയപ്പെടുത്തുന്നത് പ്രതിഭാശാലിനി എന്നാണ്.[4]  മറ്റു സംസ്കാരങ്ങളും ഭാഷകളുമെല്ലാം, ലിംഗത്തെ അതിൻ്റെ ധർമ്മത്തിലേക്കായി മാത്രം ഒതുക്കുമ്പോൾ, മലയാളവും മലയാളിയും ചിന്തിക്കുക തന്നെ ലിംഗത്തിലൂടെയാണെന്നു വരുന്നുഅതുതന്നെ എഴുത്താണിയും എന്ന മട്ടിലാണ് ചില ഭാഷാപ്രയോഗങ്ങൾ

കവിത്വം ഉള്ള വ്യക്തി കവിആണിനു കവിത്വത്തിൻ്റെ എവറസ്റ്റും പെണ്ണിന് കവിത്വത്തിൻ്റെ മെറിയാനയും അല്ലല്ലോഅപ്പോൾ കവയിത്രി എന്ന പദം ഒരശ്ലീലമാണ്.  ‘കവിതതന്നെ പെണ്ണാവുമ്പോൾ ഒഴുകിയ മഷി ആണത്തത്തിൻ്റേതാണ് എന്ന് നിർബന്ധമായും കാണണമെങ്കിൽ കവിയെ കവയിത്രി ആക്കാതെ, ആണത്തം  കവൻ ആയി കവിതയിലേക്ക് കുതിക്കട്ടെ. പ്രമുഖ കവനും പ്രതിഭാശാലനുമായ എന്നൊക്കെ നിരൂപകർ എഴുതട്ടെ.   പുണ്യശാലിയും  ആദർശശാലിയും ധൈര്യശാലിയും തന്ത്രശാലിയും ഒക്കെയും ഗുണങ്ങളാണ്, പ്രതിഭപോലെ തന്നെ. അതൊന്നും ലിംഗത്തെ ആശ്രയിച്ചു കിടക്കുന്നതല്ല. ഭാഷ സംസ്കാരത്തെ വളർത്തുന്നതാവണം. പോയറ്റസ്, റൈറ്റ്റസ്, ഓഥ്രസ് ഒക്കെയും സായിപ്പ് അടക്കിയ കല്ലറക്ക് വയസ്സ് നൂറു കഴിഞ്ഞുകാണുംഈയിടെ പത്രത്തിൽ ഒരു മരണവാർത്ത കണ്ടു. മരിച്ചത് 58 വയസ്സുള്ള ഒരാൾ.   തലക്കെട്ടിൽ അയാൾ വയോധികനാണ്ലോകാരോഗ്യസംഘടനയ്ക്ക് പക്ഷേ അയാൾ 75 വരെ യുവാവാണ് എന്നു മറന്നുപോവരുത്. .  

പ്രോലറ്റേറിയറ്റ് എന്ന വാക്ക് എല്ലാവരും കേട്ടുകാണുംഫ്രഞ്ചുപദമാണ്, മാർക്സിയൻ പദാവലികളിൽ ഒന്ന്കൂലിക്ക് അധ്വാനം വില്ക്കുന്ന അടിസ്ഥാന വർഗമായ തൊഴിലാളി സമൂഹത്തെയാണ് പ്രോലറ്റേറിയറ്റ് എന്നു വിശേഷിപ്പിക്കപ്പെടുക. രണ്ടുപദങ്ങളെ ചേരുംപടി കൂട്ടിക്കെട്ടി രണ്ടിൻ്റെയും അർത്ഥതലങ്ങളെ വിളക്കിച്ചേർത്ത് പുതൊയൊരു സങ്കരയിനം പദമുണ്ടാവുന്നത് ഇംഗ്ലീഷിൽ പോർട്മാൻ്റോ എന്നു പറയുംഭാഷയും സംസ്കാരവും വികസിക്കുക, പുതിയ പദങ്ങൾ ഉണ്ടാവുമ്പോൾ കൂടിയാണ്. അങ്ങിനെയാണ് പ്രോലറ്റേറിയറ്റിൽ നിന്നും പ്രികാരിയേറ്റ് എന്നൊരു പുതിയ വർഗത്തെ സമൂഹം അടയാളപ്പെടുത്തിയത്അങ്ങിനെയൊന്നും ചിന്തിക്കുന്നില്ലെന്ന് മാത്രമല്ല, നമ്മൾ ദ്രവിച്ചു നാറിയ കാലഹരണപ്പെട്ട മ്ലേച്ഛമായ  പദങ്ങളാൽ എഴുത്തു തുടരുകാണ്ബലാൽസംഗം നമുക്ക് മാനഭംഗമാണ് പലപ്പോഴുംഒരു ശരാശരി പുരുഷുബോധ്യത്തിൽ പെണ്ണിൻ്റെ  മാനം പള്ളികൊള്ളുന്നത് കാലിന്നിടയിലാണെന്നാണ് നിലവാരത്തിന്നപ്പുറം എന്തുകൊണ്ടോ നമ്മുടെ ഭാഷ പോവുന്നില്ല. ആർക്കാണ് മാനഭംഗം, തൻ്റെ തന്തക്കോ എന്നു ചോദിക്കാൻ പെണ്ണൊരുത്തി ഒരുമ്പെടാത്ത കാലത്തോളം നമ്മൾ  തരംതാണഭാഷ തന്നെ തുടരും, മലയാളം മ്ലേച്ഛൻമാരുടെ ശേഷ്ഠഭാഷയായും.

ഈയടുത്തായി ഞാൻ വായിച്ചതാണ് - ഇരയുടെ മൊഴി രേഖപ്പെടുത്തിയതിൽ വീഴ്ച. നമുക്ക് ഇരയുടെ ജാതകം ഒന്നു നോക്കാം. ഇരയെന്നതിൻ്റെ ഇംഗ്ലീഷ് PREY എന്നാണ്. അതായത് PREDATOR അഥവാ മാംസഭുക്കായ  മൃഗത്തിൻ്റെ  ന്യായമായ അവകാശമാണ് ഇര അഥവാ PREY.  ഒന്നുകൂടി വിശദമാക്കിയാൽ വേട്ടയാടാനുള്ള അവസരം കടുവയുടെ അവകാശമാണ്. അതിന് ഇരയാവുക എന്നത് മാനിൻ്റെ ധാർമ്മികബാദ്ധ്യതയും. അത് കാടിൻ്റെ നീതിയുമാണ്. കാടിൻ്റെ ഇക്കോസിസ്റ്റം നിലനിർത്താൻ പ്രകൃതി ഒരുക്കിയ സംവിധാനമാണ് ഏറ്റവും വേഗത കൂടിയ കടുവക്ക്  ഏറ്റവും വേഗത കുറഞ്ഞ മാൻ ഇരയാവുക എന്നത്. ജൈവിക ചോദനകളെ സംസ്കാരത്താലോ പുതിയ നീതിബോധങ്ങളാലോ നേർപ്പിക്കുമ്പോഴോ ദുഷിപ്പിക്കുമ്പോഴോ പുനർനിർവ്വചിക്കുമ്പോഴോ ആണ് നാട് കാടല്ലാതാവുന്നത്, മനുഷ്യൻ മൃഗമല്ലാതാവുന്നതുംഭാഷയ്ക്കും ഇത് ബാധകമാണ്, ബാധകമാവണം. അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് അതിനെ ഒരു മ്ലേച്ഛഭാഷയായി കൂട്ടേണ്ടിവരുംഇനി ഇംഗ്ലീഷിലെ VICTIM എന്ന വാക്കിൻ്റെ മൊഴിമാറ്റിയ മലയാളമായാണ് ഇരയെങ്കിൽ തെറ്റാണ്. ഒരു കുറ്റകൃത്യം, അപകടം, അല്ലെങ്കിൽ മറ്റെന്തെങ്കിലുമൊന്ന് കാരണമായുള്ള പീഡനം, ഉപദ്രവം, പരിക്ക്, മരണം ഒക്കെയും അതിൻ്റെ പരിധിയിൽ വരും. അവിടെയും ഇരയില്ല. തെറ്റെങ്കിൽ തിരുത്തി ഭാഷയെ ശുദ്ധീകരിക്കണം.

കാലം, മാറിവരുന്ന സംസ്കാരം വാക്കുകളുടെ അർത്ഥതലങ്ങൾക്ക് പരിണാമം സംഭവിപ്പിച്ചുകൊണ്ടാണ് കടന്നുപോവുകപരിപാവനമായി നമ്മൾ കാണുന്ന എത്രയെത്ര പദങ്ങൾക്കാണ് ബോധത്തിൻ്റെ കുത്തൊഴുക്കിൽ സ്ഥാനഭ്രംശം വന്നുപോയത്, അർത്ഥവ്യതിയാനം തന്നെ സംഭവിച്ചതുംകുരിശ് എന്ന പദം കാലക്രമത്തിൽ ഒരു ബാധ്യത എന്നർത്ഥം കൈവരിച്ചില്ലേ? കുരിശിനെ കെട്ടിയെടുക്കുന്നുണ്ട് എന്നൊരാൾ പറയുമ്പോൾ പഴയ ആത്മീയപ്രതീകം പുതൊയൊരു ഭൌതികയാഥാർത്ഥ്യം ആവുകയാണ്. ഇതേ വ്യതിയാനം സംഭവിച്ച മറ്റൊരു പദമാണ് വഴിപാട്ഒരു വഴിപാടുപോലെ എന്തെങ്കിലും ചെയ്തുപോയിട്ട് കാര്യമൊന്നുമില്ല എന്നൊരാൾ പറയുമ്പോൾ വഴിപാട് എന്നത് നിഷ്ഫലമായ ഒരനുഷ്ഠാനം മാത്രമാണെന്ന അർത്ഥം കൈവരുന്നു. പ്രതിഭയുടെ പരമകോടിയിൽ നിലനില്ക്കുന്ന ഒരാളെ വിശേഷിപ്പിക്കുന്ന ഉസ്താദ് നമുക്കിന്നാരാണ്. അവനോ, അവനതിൻ്റെ ഉസ്താദല്ലേ എന്നു പറഞ്ഞാൽ സമൂഹം കണ്ട  ശരാശരി ഉസ്താദുമാരുടെ  കോലം പകർന്ന ബോധത്തിൻ്റെ സൃഷ്ടിയാണത്.   ആത്മീയ ഉണർവ്വിൻ്റെ പള്ളി, പള്ളിയിൽ പോയി പറഞ്ഞാൽ മതി എന്ന പ്രയോഗത്തിൽ അസംഭവ്യം എന്ന അർത്ഥത്തിലേക്കു മാറി. ശുദ്ധൻ നമുക്ക് എല്ലാ അർത്ഥത്തിലും പരിശുദ്ധിയുടെ പര്യായമായ ഒരാൾ തന്നെയായിരുന്നു. കാലക്രമേണ വിശുദ്ധി, നൈർമല്യം ഒരു അയോഗ്യതയായപ്പോൾ അയാളൊരു ശുദ്ധനാണെന്നു പറഞ്ഞാൽ അയാളൊരു പൊട്ടനാണെന്ന അർത്ഥം കൈവന്നിട്ടുണ്ട്.

ആണും പെണ്ണും രണ്ടു ധ്രുവങ്ങളാണെന്നും രണ്ടു ഗ്രഹങ്ങളാണെന്നും ഒക്കെയുള്ള ബോധം സൃഷ്ടിച്ചെടുത്തതിൽ  വാക്കുകൾക്ക്  വലിയ പങ്കുണ്ട്. ഓപ്പസിറ്റ് സെക്സ്, അഥവാ  എതിർലിംഗങ്ങൾ എന്ന പ്രയോഗം എന്തുമാത്രം നിരർത്ഥകമാണ്. പരസ്പരപൂരകമായതിനെ നമ്മൾ എതിരാളികളാക്കുകയാണ്. ശാരീരികമായി  മനുഷ്യർ ആണും പെണ്ണും ആവുന്നത് പ്രത്യുല്പാദനപരമായ പ്രകൃയയിലെ ലിംഗപരമായ പങ്കിനെ അടിസ്ഥാനമാക്കിയാണ്. വ്യത്യസം അതിനു മാത്രമാണ്. അതിനപ്പുറത്തേക്ക്  ലിംഗം എഴുന്നള്ളിക്കുന്നത്  ഉടുതുണി പൊക്കിക്കാണിക്കുന്നതു പോലെ  അശ്ലീലവുമാണ്. എതിർലിംഗങ്ങളുടെ സമാഗമങ്ങൾ എതിരാളികളുടെ വാൾമൂർച്ചയല്ലശവങ്ങളുടെ വിളവെടുപ്പുമല്ല, അതു രതിമൂർച്ചയും ജീവൻ്റെ സംഗീതവുമാണ്. വാക്കുകളെ ബോധം ശുദ്ധീകരിക്കട്ടെനമുക്ക് എതിർലിംഗങ്ങളെ പൂരകലിംഗങ്ങൾ എന്നു തിരുത്താം. കുട്ടികളെ അങ്ങിനെ പഠിപ്പിക്കാം.

സംസ്കാരത്തെ പരിപാലിക്കേണ്ടത്, മെച്ചപ്പെട്ട സംസ്കാരമാക്കേണ്ടത്  ഭാഷയാണ്, ഏറ്റവും ഫലപ്രദമായി സംവദിക്കാൻ സാദ്ധ്യമായ ചെത്തിമിനുക്കിയ വാക്കുകളുടെ സൃഷ്ടിയിലൂടെ അതു സാധ്യമാവുക.   ലോകമെങ്ങും നിത്യനിദാന പദാവലികളായ ഇറോട്ടിസിസം, ഡിസയർ, പാഷൻ, സെക്സ്, ജൻഡർ, ക്വീർ... ഇനിയുമെത്രയോ പദങ്ങൾക്കെല്ലാം അവ കൈമാറുന്ന വൈജ്ഞാനിക ബോധത്തെ പ്രതിഫലിപ്പിക്കുന്ന കൃത്യമായ പദാവലികൾ നമുക്കുണ്ടോയെന്നു തന്നെ സംശയമാണ്. പണ്ടു പണ്ടേ പ്രയോഗത്തിലുള്ള ഉപരിതലസ്പർശിയായ സ്വവർഗഭോഗി പോലുള്ള ഏതാനും വാക്കുകൾക്കപ്പുറം സൂക്ഷ്മമായ ശാരീരിക മാനസിക  പ്രത്യേകതകളുടെ വിനിമയം സാധ്യമാക്കുന്ന വാക്കുകളത്രയും ഭാഷയുടെ ഭാഗമാവുമ്പോഴാണ് പുതിയ ഒരു സംസ്കാരം രൂപപ്പെടുക. ഭാഷ സംസ്കാരത്തിൻ്റെ കണ്ണാടിയാക്കുന്നതിൽ എഴുത്തുകാരെ പോലെ, സാസ്കാരികനായകരെ പോലെ ഒരു കൃത്യമായൊരു പങ്ക് മാധ്യമങ്ങൾക്കുണ്ട്.  

മധുസൂദൻ വി

 



[1] https://www.facebook.com/madhuiimk/posts/pfbid0cV1QmidznooRujtMX1Jd5iFhnjmDixxgicvYPEf2QzZSenLUM6g84H2cikX9vBNnl

[2] https://www.samakalikamalayalam.com/malayalam-vaarika/essays/2021/may/23/when-words-create-culture---a-tharoor-reading-121426.html?fbclid=IwAR14V6zwA2UfGl0cXhJ2EMGSsdcrkXZJDDrArcfVhNzkVs-lZ7nbn-5NIpg

[3] https://www.thehindu.com/news/cities/Thiruvananthapuram/minister-says-she-is-sreemathi/article7589340.ece

[4] https://www.mbibooks.com/product/mrinmay/

Friday, October 20, 2023

പ്രതിഭകളുടെ ഗാന്ധിദർശനം

മഹായോഗി പരമഹംസ യോഗാനന്ദ ഗാന്ധിജിയെ സന്ദർശിച്ചത് 1935ലാണ്. അന്നദ്ദേഹം മൌനവ്രതത്തിലായിരുന്നു. ആ മൌനവ്രതം  ലക്ഷ്യമാക്കിയത് സത്യത്തിൽ കത്തിടപാടുകളിലെ, എഴുത്തിലെ കൃത്യത ആയിരുന്നുലോകത്തിന്റെ പലഭാഗത്തുള്ളവരും അദ്ദേഹവുമായി എഴുത്തുകളിലൂടെ ബന്ധം പുലർത്തിയിരുന്നു. ആ ബന്ധം ഊഷ്മളമായി മരണം വരെയും അദ്ദേഹം നിലനിർത്തിയത് മൌനത്തിന്റെ ഇടവേളകളെ ഫലപ്രദമായി ഉപയോഗിച്ചായിരുന്നു. ദേവഭാഷയാണു  മൌനം, മറ്റെല്ലാം തരംതാണ മൊഴിമാറ്റങ്ങളും എന്നു റൂമി. അഹിംസയെകുറിച്ചുള്ള ഗാന്ധിജിയുടെ കാഴ്ചയുടെ പ്രതിഫലനം ഒരു സംഭാഷണത്തിൽ കാണാംആശ്രമത്തിലെ മുഴുവൻ പരിപാടികൾക്കും ശേഷം ഉറങ്ങാനായി പോകവേ ഗാന്ധിജി ഒരു ചെറിയ കുപ്പിയിൽ ഇഞ്ചിപ്പുൽത്തൈലം യോഗിക്കു നീട്ടിയിട്ടു ചിരിച്ചു കൊണ്ടു പറയുന്നു, “സ്വാമിജീവാർധയിലെ കൊതുകുകൾക്ക് അഹിംസയെക്കുറിച്ചു ഒരു ചുക്കുമറിയില്ല.” ഗാന്ധി അങ്ങിനെയുമായിരുന്നു.

തോമസ് വെബ്ബറുടെ ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പുസ്തം ഒരുപാടു പ്രതിഭകളുടെ പ്രഥമ ഗാന്ധി ദർശനത്തെ കുറിച്ചുള്ളതാണ്.  മൌണ്ട് ബാറ്റണും ലൂയി ഫിഷറും ചാപ്ലിനും യോഗി പരമഹംസ യോഗാനന്ദനും കണ്ട ഗാന്ധിയിലേക്ക്  ഒരു യാത്ര സാധ്യമാക്കുന്ന വായനയാണ്  ഗാന്ധി അറ്റ് ഫസ്റ്റ് സൈറ്റ്.  ചുരുക്കത്തിൽ ബൃഹത്തായൊരു ജീവിതമായി ഗാന്ധിയെ അടയാളപ്പെടുത്തുന്നുണ്ട് പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനും സഞ്ചാരിയുമൊക്കെയായ ജോൺ വിൻസന്റ് ഷിയാൻ. ഒരു എയർഫോഴ്സ് ഓഫീസറായി 1944ൽ ഷിയാൻ ഒരു ഹിമാലയൻ ഓപ്പറേഷന്റെ ഭാഗമായി ഇന്ത്യയിലെത്തി. ലോകമാസകലം സഞ്ചരിച്ച് രണ്ടാം ലോകകഹായുദ്ധം വിതച്ച നാശത്തെ അടയാളപ്പെടുത്തിയ വിശ്വപ്രസിദ്ധനായ അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നു ഷിയാൻ. ലോകയുദ്ധരംഗങ്ങളുടെ റിപ്പോർട്ടിങ്ങിനിടയിൽ താൻ സാക്ഷ്യം വഹിച്ച സർവ്വനാശങ്ങളുടെ അർത്ഥവും നിരർത്ഥകതയും തേടിയലഞ്ഞ യാത്രയാണ് ഷിയാനെ 1947 ൽ ഇന്ത്യയിലെത്തിച്ചത്, ഗാന്ധിശിഷ്യനാക്കിയതും. ഫോറിൻ കറസ്പോണ്ടന്റ് എന്ന ഹിച്ച്കോക്ക് മൂവി വിഷയമാക്കിയത് പേഴ്സണൽ ഹിസ്റ്ററി എന്ന ഷിയാന്റെ രാഷ്ട്രീയ ജീവചരിത്രമായിരുന്നു.   യുദ്ധത്തിന്റെ കെടുതികളും പാശ്ചാത്യമായ ഐഹികഭോഗാസക്തി കൊണ്ടുചെന്നെത്തിച്ച ശൂന്യതയും ഉളവാക്കിയ ആത്മീയമായ പ്രതിസന്ധിയിലെ തുടരന്വേഷണങ്ങളാണ് അദ്ദേഹത്തെ ഗാന്ധിജിയിലേക്ക് അടുപ്പിക്കുന്നതും  1948 ജനുവരി അവസാനം ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതിലേക്കു നയിച്ചതും. ജനുവരി 27, 28 തീയതികളിൽ ബിർളാമന്ദിരത്തിലെ രണ്ടു കൂടിക്കാഴ്ച മാത്രമേ സാധ്യമായുള്ളൂ.

ബിർളാമന്ദിരത്തിലെ മുറിയിൽ അതിദ്രുതം നടന്നുകൊണ്ട് അളന്നുമുറിച്ച വാക്കുകളിൽ അഭിമുഖം നൽകുന്ന ഗാന്ധിജിയെ ഷിയാൻ ഓർക്കുന്നു. ഒരു ധർമ്മയുദ്ധം എങ്ങിനെയാണ് സർവ്വനാശത്തിൽ കലാശിക്കുക എന്നായിരുന്നു ഭഗവദ്ഗീതയെ അധികരിച്ചുള്ള ഷിയാന്റെ ഒരു ചോദ്യം. മാർഗം മോശമായതുകൊണ്ടാണ് എന്നായിരുന്നു മഹാത്മാവിന്റെ മറുപടി.  മാർഗം ലക്ഷ്യത്തിൽ നിന്നും വേറിട്ടുകിടക്കുന്ന ഒന്നല്ല എന്നു ഗാന്ധി. ലക്ഷ്യവും മാർഗവും ഒരു പോലെ ശുദ്ധമാവണം. അക്രമാസക്തമായ മാർഗം അഹിതമായ ഫലമുളവാക്കി എന്നദ്ദേഹം വിശദീകരിച്ചു.  ഞാനീപ്പറയുന്നത് ഒരു പ്രമുഖ പുസ്തകത്തിലുണ്ട്, അതെന്റെ വ്യാഖ്യാനത്തിന് ഉപോൽബലകമാണ് എന്നു പറഞ്ഞ ഗാന്ധിജി ഒന്നുകൂടി മുന്നോട്ടു പോയി വിശദീകരിക്കുന്നു  - ഇനി അങ്ങിനെ ഒരു പുസ്തകം ഇല്ലെന്നു തന്നെ കൂട്ടുക, അല്ലെങ്കിൽ എന്റെയീ വ്യാഖ്യാനം തെറ്റെന്നു തെളിയിക്കുന്ന ഒന്നുണ്ടെങ്കിലും  ഞാനങ്ങിനെ തന്നെ വിശ്വസിക്കുന്നു.  ആ മറുപടിയിലെ ദൃഢത ഷിയാനെ സ്തബ്ധനാക്കി, അടുത്ത ചോദ്യം തന്നെ മറന്നുപോയി എന്നദ്ദേഹം പറയുന്നു.  അക്ഷോഭ്യനായി ഗാന്ധിയും.

മാർട്ടിൻ ലൂഥർ കിങ്ങു മുതൽ നെൽസൺ മണ്ടേലയും മദർ തെരേസയും ഒബാമയും വരെയുള്ള ലോക നേതാക്കളുടെ ആരാധ്യനായ നേതാവ് ഇന്ത്യയുടെ ആത്മാവായി ജീവിക്കുന്നുണ്ടെന്നതു ആശാവഹമാണ്, നിത്യേനയെന്നോണം കൊല്ലപ്പെടുന്നുണ്ടെന്നത് ആശങ്കാജനകവുമാണ്. ഗാന്ധിയൻ അഹിംസയെ  വക്കുപൊട്ടിയ സ്വന്തം സ്കെയിലിൽ അളന്നു തിട്ടപ്പെടുത്താൻ ശ്രമിക്കുന്ന സ്വയം പ്രഖ്യാപിത പുരോഗമനവാദികൾക്കും വലിയ ക്ഷാമമില്ല. ജനാധിപത്യത്തിന്റെ സൌന്ദര്യവും അതൊക്കെ തന്നെയാണ്. ലോകത്തെ മികച്ച ആയുധപ്പുരകളുമായി, അന്നത്തെ അത്യന്താധുനിക സാങ്കേതിക മികവുമായി ലോകത്തു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പണിതവരോടു ഏറ്റുമുട്ടാൻ മഹാത്മാ ഗാന്ധി അഹിംസ മാർഗമാക്കിയത് മഹാബദ്ധമായി ഇന്നും കരുതുന്നവരുടേതിലും ഭേദം പഴയ അന്ധന്റെ ആനക്കാഴ്ചയായിരുന്നു എന്നു മനസ്സിലാക്കുവാൻ എളുപ്പവഴി ഗാന്ധിജിയുടെ സമകാലികരായ പ്രതിഭകളുടെ വരികളിൽ നിന്നും ഗാന്ധിയെ വായിച്ചെടുക്കുകയാണ്. ആ പ്രതിഭകളുടെ കണ്ണിലൂടെ ഗാന്ധിയിലെ പ്രവാചകനെ അറിയുകയാണ്.

ഒന്നാലോചിച്ചാൽ ആന്തരികമായി നമ്മൾ ഒട്ടുമേ അക്രമണോത്സുകരല്ല എന്നതിനുള്ള വലിയ തെളിവു സദാ അക്രമണോത്സുകരായ നമ്മുടെ ദൈവങ്ങളാണ്. വജ്രായുധം തൊട്ട് സുദർശനം (അന്നത്തെ സങ്കല്‍പത്തിലെ ഏറ്റവും മുന്തിയത്) വരെ കയ്യിലുള്ള സദാ യുദ്ധസന്നദ്ധരായ ദൈവങ്ങളായിരുന്നു നമ്മുടേത്. എന്തിനു, വനിതാ ദൈവങ്ങളുടെ കൈയ്യിൽ കൂടി മാരകായുധങ്ങളും തലയോടും വരെ. കാരണം ലളിതമാണ്, നമുക്കില്ലാത്തതിനോടാണ് നമുക്ക് ആരാധന തോന്നുക. ചുരുക്കത്തിൽ നമ്മളെക്കൊണ്ടു ചെയ്യാൻ പറ്റാത്തതെല്ലാം അനായാസേന ചെയ്യുന്ന അതിമാനുഷ ദൈവങ്ങളെ നമ്മളങ്ങുണ്ടാക്കിയതാവണം.  ഇതേപറ്റിയുള്ള സംശയം തീരാൻ പടിഞ്ഞാറോട്ടു നോക്കിയാൽ മതി. ലോകം മുഴുവൻ കീഴടക്കാൻ പുറപ്പെട്ടവരുടെ, സദാ വെട്ടിപ്പിടിക്കലിന്റെയും കൂട്ടക്കൊലകളുടെയും ചരിത്രവുമായി നിന്നവരുടെ ദൈവം ആരാണ്ഒരു കവിളത്തു കിട്ടിയാൽ മറുകവിൾ  കൂടി കാട്ടണമെന്നുപദേശിച്ച ആ ക്രൂശിതരൂപം - ജീസസ്. പൂജാമുറിയിൽ  ദാരികനെ ശരിയാക്കിയ കാളിയും  കിടപ്പുമുറിയിൽ  ദാരികൻ ശരിയാക്കിയ കാളിയുമുള്ളതാണ് ഭാരതം. ഇതൊക്കെ നന്നായി മനസ്സിലാക്കി ഗാന്ധി പ്രയോഗിച്ചതാവണം അഹിംസ. ഇനി വെള്ളക്കാരന്റെ തോക്കിനെ നേരിടാൻ വാരിക്കുന്തം കൂർപ്പിച്ചോളാൻ ഗാന്ധിജി ബുദ്ധി ഉപദേശിച്ചു എന്നുതന്നെ കൂട്ടുക. എന്താകുമായിരുന്നു അവസ്ഥ? ജാലിയൻ വാലാബാഗിൽ കൂട്ടക്കൊലയ്ക്കു ഉത്തരവിട്ടവനെ സ്വന്തം നാട്ടിലേയ്ക്കു ആദരിച്ചാനയിച്ച ഭീകരരായിരുന്നു ബ്രിട്ടീഷുകാർ..

ഗാന്ധി 1930 ടൈം മാഗസിൻ മാൻ ഓഫ് ദ ഇയർ

ഗാന്ധിജിയുടെ സ്വാധീനം കൂടി കാരണമായാണ് കേരളത്തിൽ മാതൃഭൂമി രൂപമെടുക്കുന്നത്, 1923. അതേ വർഷം തന്നെയാണ് ലോകപ്രസിദ്ധ ടൈം മാഗസിനും അമേരിക്കയിൽ  ജന്മമെടുക്കുന്നത്.  ആ ടൈമിന്റെ 1930 മാൻ ഓഫ് ദ ഇയർ ഗാന്ധിജി ആയിരുന്നു - സെയിന്റ് ഗാന്ധിസെയിന്റ് ഗാന്ധി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഗാന്ധിയല്ലായിരുന്നു, ഇന്ത്യൻ രാഷ്ട്ര പിതാവുമായിരുന്നില്ല എന്നോർക്കുമ്പോഴാണ് ലോകത്ത് എന്തുമാത്രം സ്വാധീനം ചെലുത്താൻ അദ്ദേഹത്തിനു അന്നു തന്നെ കഴിഞ്ഞിരുന്നു എന്നു നമുക്കു മനസ്സിലാവുക. അതു കഴിഞ്ഞു 1931ലാണ് വിൻസ്റ്റൺ ചർച്ചിൽ അദ്ദേഹത്തെ അർദ്ധനഗ്നനും രാജ്യദ്രോഹിയുമായ ഫക്കീർ എന്നു വിളിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രാദേശിക ഭാഷയിൽ ഒരു  ദേശീയ പത്രം തന്നെ  ആരംഭിക്കാൻ കാരണഭൂതനായ മനുഷ്യനെ മാൻ ഓഫ് ദ ഇയറായി ആദരിക്കുന്നത് ലോകത്തെ അതിപ്രശസ്തമായ ടൈമാണ്. സ്വാഭാവികമായും വരാവുന്ന ഒരു ചോദ്യമുണ്ട് - അതിലെന്തിരിക്കുന്നു, ടൈം 1938ൽ അഡോൾഫ് ഹിറ്റ്ലറെയും 1939ൽ ജോസഫ് സ്റ്റാലിനെയും മാൻ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തില്ലേ? ഉണ്ട്. ടൈം തന്നെ വിശദീകരിച്ചിട്ടുണ്ട്, “പേഴ്സൺ ഓഫ് ദ ഇയറിനെ കുറിച്ച് ആലോചിക്കുമ്പോൾ സ്വന്തം ധൈര്യവും നേതൃത്വവും കൊണ്ടു അഗാധമായ സ്വാധീനം ചെലുത്തി ഏറെ നല്ല ലോകത്തെ രൂപപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിങ്, ജോർജ് സി മാർഷൽ, ഗാന്ധി എന്നീ വ്യക്തികളായിരിക്കും നിങ്ങളുടെ ചിന്തകളിലേയ്ക്കു കടന്നുവരിക”  തീർച്ചയായും ആ പരിധിയ്ക്കു പുറത്താണ് ഹിറ്റ്ലറും ജോസഫ് സ്റ്റാലിനുമൊക്കെയും.

ഗാന്ധിക്കു കിട്ടാതെ, ഗാന്ധിമാർഗത്തിൽ ആകൃഷ്ടരായ എത്രപേർക്കാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയത്? ഇന്ത്യയിൽ മഹാത്മാഗാന്ധി ജനിച്ചില്ലായിരുന്നൂവെങ്കിൽ അമേരിക്കയ്ക്ക് ബറാക് ഒബാമ എന്നൊരു പ്രസിഡണ്ട് ഉണ്ടാവുമായിരുന്നില്ല എന്നു പറഞ്ഞത് അമേരിക്കയിലെ പൗരാവകാശ നേതാവും കോൺഗ്രസുകാരനുമായ ജോൺലെവിസ് ആണ്. പറഞ്ഞത് മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ  അമ്പതാം വാർഷികാഘോഷത്തിൽ വച്ചും.   മാർട്ടിൻ ലൂഥർ കിങ്ങാവട്ടെ അമ്പതു വർഷം മുന്നേയുള്ള അദ്ദേഹത്തിന്റെ ഇന്ത്യാസന്ദർശനത്തെ പറ്റി പറഞ്ഞത് മഹാത്മാഗാന്ധിയുടെ ഭൂമിയിലേയ്ക്കുള്ള തീർത്ഥാടനയാത്ര എന്നാണ്.

1937, 1938, 1938. 1947, 1948 എന്നീ വർഷങ്ങളിൽ നോബലിനു നോമിനേറ്റുചെയ്യപ്പെട്ട പേരായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിയുടെ പ്രഭാവത്തിനു നോബൽ വേണമായിരുന്നില്ല, നോബലിന്റെ വിശ്വാസ്യതയ്ക്ക് ഗാന്ധി നല്ലതായിരുന്നു എന്നതുകൊണ്ടാവണം പിൽക്കാലത്ത് നോബൽ അധികൃതർ ഗാന്ധിജിക്ക് പുരസ്കാരം നൽകാൻ കഴിയാതെപോയതിൽ ഖേദം പ്രകടിപ്പിച്ചത്. 1989ൽ ദലായ് ലാമ പുരസ്കൃതനായപ്പോൾ അവാർഡ് കമ്മിറ്റിയുടെ ചെയർമാൻ പറഞ്ഞത് മഹാത്മാ ഗാന്ധിയുടെ ഓർമ്മയ്ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണത് എന്നാണ്. ലീഡർഷിപ്പിന്റെ ഒരു നൂതനമാതൃക തന്നെയായി ഗാന്ധിജി ഈ ലോകത്തുണ്ട്. അനേകർക്കു വഴികാട്ടിയായി.

മിത്തും ചരിത്രവും കടഞ്ഞെടുത്ത ഗാന്ധിയൻ ആയുധങ്ങൾ

സത്യവും അഹിംസയും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലക്ഷ്യവും മാർഗവുമായിരുന്നുഅദ്ദേഹത്തിന്റെ ദൈവം സത്യമായിരുന്നു. സത്യാന്വേഷണം തന്നെ ഈശ്വര-സാക്ഷാത്കാരമായിരുന്നു. ചുരുക്കിയാൽ സത്യം ലക്ഷ്യവും, അഹിംസ അതിലേയ്ക്കുള്ള മാർഗവുമായിരുന്നു. അദ്ദേഹത്തിന്റെ അഹിംസ ഹിംസ ചെയ്യാതിരിക്കുകയല്ല, മറിച്ച് പരമമായ സ്നേഹമാണ്. വേറൊരാളെ കൊല്ലുന്നതിലും നല്ലത് താൻ മരിക്കുകയാണെന്ന ചിന്തയിലാണ് അഹിംസ. അതുകൊണ്ടാണത് ധീരരുടെ മാത്രം ആയുധമാവുന്നത്. താൻ തോൽക്കും, തന്റെ ആശയം തോറ്റുപോകും എന്ന ഭീതിയിൽ നിന്നാണ് പലരും ഹിംസയിലേക്കു തുനിയുന്നത്. ഏതു മതചിന്തകളിലും അഹിംസയുണ്ട്. അതുകൊണ്ട് ഉപജ്ഞാതാവല്ലഗാന്ധി    പ്രയോക്താവാണ്. അഹിംസയിലൂടെയുള്ള ലോകത്തെ ആദ്യ രാഷ്ട്രീയ പരീക്ഷണം ഇന്ത്യൻ സ്വാതന്ത്ര്യ സമരമായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് അഹിംസയുടെ മാർഗം മാത്രം സ്വീകാര്യനായ ഗാന്ധിയുടെ വിജയവും ലക്ഷ്യത്തിലേയ്ക്ക് ഏതു മാർഗവും സ്വീകാര്യമായവരുരുടെ പരാജയവും ഇന്ത്യൻ സാഹചര്യത്തിൽ പഠിക്കപ്പെടേണ്ടതാണ്

നമ്മൾ ആരെയും കീഴ്പെടുത്തിയിട്ടില്ല, ഒരു രാജ്യത്തെയും നമ്മൾ ആക്രമിച്ചിട്ടില്ല എന്നതു യാഥാർത്ഥ്യമാണ്അതിനു രണ്ടു കാരണങ്ങളുണ്ടാവാം. ഒന്നു, ഒരുകാലത്തു  ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയും ചൈനയും. പതിനെട്ടാം നൂറ്റാണ്ടു വരെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായിരുന്നു ഇന്ത്യയും ചൈനയുംആവശ്യത്തിനുള്ളതെന്തും സുലഭമായി ഉള്ളവർ കടലുകടന്ന ചരിത്രം കുറവാണ്സ്വന്തമായി ഇടങ്ങളില്ലാതാവുമ്പോഴാണ് മനുഷ്യൻ മറ്റിടങ്ങളിലേയ്ക്കു കടന്നുചെല്ലുക. രണ്ടാമതായി, പരുക്കൻ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് നൈസർഗികമായ ആക്രമണോത്സുകത രൂപമെടുക്കുക. സ്വാഭാവികമായും നമുക്ക് അതിന്റെ ആവശ്യമില്ലായിരുന്നു, മുഗളന്മാരെപ്പോലെയും യൂറോപ്യൻമാരെ പോലെയും ആക്രമണോത്സുകത ഇന്ത്യക്കാരിലില്ലാതെ പോയതു അതുകൊണ്ടാവണം. മുഗൾ ഭരണകാലം  തന്നെ സ്വയം പര്യാപ്ത ഗ്രാമങ്ങളുടെ നാടായിരുന്നു നമ്മുടേത്. ലോകത്തു ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്നു ഇന്ത്യആക്രമണോത്സുകരാവേണ്ട കാര്യം നമുക്കുണ്ടായിരുന്നില്ല

ഒരുദാഹരണം ചരിത്രത്തിൽ നിന്നും. ഒരേ വഴിയിലൂടെയാണ് മുഹമ്മദ് ഗസ്നി 17 തവണയും സോമനാഥ ക്ഷേത്രം കൊള്ളയടിക്കാൻ എത്തിയത്. ഗസ്നിക്കു കൊണ്ടുപോകുവാനായി ഭണ്ഡാരം കാലാകാലം കൃത്യമായി നിറച്ചുകൊടുത്തതു സമ്പന്നതയുടെ തെളിവു തന്നെയാണ്. വരുന്നവരെല്ലാം കീഴടക്കിയതും കൊള്ളയടിച്ചതുമായ ഒരു ഭൂതകാലത്തിന്റെ പശ്ചാത്തലത്തിൽ അഹിംസയെ നോക്കിക്കാണുമ്പോഴേ എത്ര മനോഹരമായിട്ടാണ് ഗാന്ധിജി അതിനെ ഒരു രാഷ്ട്രീയ ആയുധമാക്കിയത് എന്നു മനസ്സിലാക്കാവുകയുള്ളൂമഹാഭൂരിപക്ഷവും ആരാധിക്കുന്ന ഹിംസയുടെ ശ്രീരാമനെ കൂടെനിർത്തി, രാമരാജ്യത്തിലേയ്ക്ക് അഹിംസയുടെ മാർഗം തേടിയ ഗാന്ധിയെ മനസ്സിലാവുക അപ്പോഴാണ്. ധർമ്മയുദ്ധത്തിന്റെ അവസാനം സർവ്വനാശമായത് മാർഗം നന്നാവാത്തതുകൊണ്ടാണ് എന്നു പറഞ്ഞ ഗാന്ധിജി ഭഗവദ്ഗീതയിലൂടെ കക്ഷത്തിലാക്കിയത് സ്വന്തം ജനതയെയാണ്. പിന്നീട് ചരിത്രമായ ഇന്ത്യയിലെ ധാരാളം വിദേശസഞ്ചാരികൾ രേഖപ്പെടുത്തിപ്പോയ സമ്പന്ന സ്വയം പര്യാപ്ത ഗ്രാമജീവിതങ്ങളെ കുറിച്ചുള്ള അറിവിൽ നിന്നുമാവണം ഗാന്ധിജിയുടെ ഗ്രാമസ്വരാജ്യംആരെയും വെട്ടിപ്പിടിക്കാൻ പോവാത്ത നമ്മുടെ പൊതുബോധം കടഞ്ഞെടുത്തതാണ് ഗാന്ധിജിയുടെ അഹിംസ.

എന്തായിരുന്നു ഗാന്ധിജിയുടെ ബ്രഹ്മചര്യം? അതു ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വേണ്ട  ആത്മനിയന്ത്രണമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റേതായ കാരണങ്ങളാൽ അദ്ദേഹം ബ്രഹ്മചര്യം പ്രഖ്യാപിച്ചു എന്നേയുള്ളൂ. നോക്കാം, അദ്ദേഹം വിവാഹിതനായത് പതിമൂന്നിലാണ്,  അദ്ദേഹത്തിന്റെ പിതാവു മരിക്കുന്നത് അദ്ദേഹത്തിന്റെ പതിനാറു വയസ്സിലാണ്, 1885. മഹാത്മാഗാന്ധി ബ്രഹ്മചര്യം പ്രഖ്യാപിക്കുന്നത് തന്റെ മുപ്പത്തിയാറാമത്തെ വയസ്സിലാണ്. അതായത് പിതാവിന്റെ മരണശേഷം ഇരുപതു വർഷം കഴിഞ്ഞ്, ഏതാണ്ടു ദാമ്പത്യജീവിതത്തിന്റെ കാൽനൂറ്റാണ്ടു പിന്നിട്ടപ്പോൾ.  മോഹൻദാസിൽ നിന്നും മഹാത്മാവിലേയ്ക്കുള്ള കീഴ്ക്കാംതൂക്കായ പാതയിൽ  ലൌകികമായ ഊർജം അലൗകികവ്യവഹാരങ്ങളിലേയ്ക്ക് തിരിച്ചുവിടാനുള്ള ശ്രമമാവാനേ വഴിയുള്ളൂ.  

മൌണ്ട് ബാറ്റന്റെ ഗാന്ധി ദർശനം

അവസാനഭാഗത്താണ് മൌണ്ട് ബാറ്റന്റെ ഗാന്ധിദർശനം വരുന്നത്പ്രിൻസ് ഓഫ് വെയിൽസും താനും ഗാന്ധിജിയെ കാണാനായി 1922ൽ ശ്രമിച്ചിരുന്നു എങ്കിലും കഴിഞ്ഞില്ല എന്നു പറഞ്ഞാണു ആ കൂടക്കാഴ്ച ആരംഭിക്കുന്നത്. ഗാന്ധി ആ കഥ മുഴുവൻ ആകാംക്ഷയോടെ കേട്ടുവെന്നും സംസാരിക്കാൻ പോയത് രാഷ്ട്രീയമാണെങ്കിലും രണ്ടു മണിക്കൂറോളം സംസാരിച്ചത്  മറ്റുകാര്യങ്ങളായിരുന്നൂവെന്നും അദ്ദേഹം പറയുന്നു. മൌണ്ട് ബാറ്റൺ കൂടുതലായും ചോദിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെപറ്റി, ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ ഹരിശ്രീയെ പറ്റി, പിന്നെ സ്വാതന്ത്ര്യ സമരത്തിൽ അഹിംസ ആയുധമാക്കിയ വിപ്ലവകരമായ തീരുമാനത്തെ പറ്റിയുമായിരുന്നു. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്ന സംഭാഷണമായിരുന്നില്ല അതെന്നു പറഞ്ഞിട്ടും പത്രക്കാർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല എന്നും അദ്ദേഹം എഴുതുന്നു. അനുയായികളെയും മറ്റു പ്രതിഭാശാലികളെയും മാത്രമല്ല എതിരാളികളെ കൂടി തന്നിലേയ്ക്ക് ആകർഷിച്ചത് അദ്ദേഹം പരീക്ഷിച്ച  പഴഞ്ചനെന്നു തോന്നിച്ച നൂതനമായ ശൈലികളായിരുന്നു.

ചാപ്ലിൻ കണ്ട ഗാന്ധി

1931ലാണ് ചാർളി ചാപ്ലിൻ ഗാന്ധിജിയെ കാണുന്നത്ഗാന്ധിജിയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ. ചാപ്ലിൻ അദ്ദേഹത്തെ കണ്ടത് അങ്ങേയറ്റം കുശാഗ്രബുദ്ധിയും മേധാശക്തിയുമുള്ള ഒരു നേതാവായാണ്യന്ത്രങ്ങളോടുള്ള ഗാന്ധിജിയുടെ വെറുപ്പിനെ  പറ്റിയായിരുന്നു ചാപ്ലിൻ അദ്ദേഹത്തോടു ചോദിച്ചത്. ലോകനന്മ ലക്ഷ്യമാക്കി നിസ്വാർത്ഥമായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ യന്ത്രങ്ങൾ തൊഴിലാളികളുടെ അടിമത്തത്തിനു അവസാനമുണ്ടാക്കുമെന്നും അധ്വാനത്തിന്റെ മണിക്കൂറുകൾ കുറച്ചു അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും, അങ്ങിനെ വരുമ്പോഴേ അവർക്കു ജീവിതം ആസ്വദിക്കാൻ കഴിയുകയുള്ളൂ എന്നുമുള്ള ചാപ്ലിന്റെ നിരീക്ഷണത്തോടു ഗാന്ധിജി വിയോജിച്ചത് നോക്കണം.  ആ ഭാഗം ഇവിടെ  മൊഴിമാറ്റുകയാണ്. “താങ്കൾ പറയുന്നത് എനിക്കു മനസ്സിലാവുന്നുണ്ട്, അദ്ദേഹം ശാന്തനായി തുടർന്നു, പക്ഷേ ആ ലക്ഷ്യത്തിലേയ്ക്ക് എത്തുന്നതിനു മുൻപേ ഇന്ത്യ ഇംഗ്ലീഷുകാരുടെ ഭരണത്തെ തൂത്തെറിയണം. ഇന്ത്യയെ  ഇംഗ്ലണ്ടിന്റെ ആശ്രിതരാക്കിയത് യന്ത്രങ്ങളാണ്ആ പരാശ്രയത്തിനു അറുതി വരുത്താൻ ഏകമാർഗം ആ യന്ത്രങ്ങൾ ഉല്പാദിപ്പിക്കുന്ന എല്ലാം ബഹിഷ്കരിക്കലാണ്. അതുകൊണ്ടാണ് സ്വന്തമായി നൂൽനൂറ്റു സ്വന്തം വസ്ത്രം നിർമ്മിക്കുക എന്നത് ഒരു ദേശാഭിമാനപരമായ ഒരു കാര്യമാവുന്നത്ഇംഗ്ലണ്ടിനെ പോലെ അതിശക്തമായ ഒരു രാജ്യത്തെ ആക്രമിക്കാനുള്ള ഞങ്ങളുടെ ഒരു വഴിയാണത്. തീർച്ചയായും മറ്റു കാരണങ്ങൾ കൂടിയുണ്ട്. ”

ചാപ്ലിൻ അടുത്ത ഖണ്ഡികയിൽ എഴുതുന്നു, “പൂർവ്വാപരവൈരുദ്ധ്യങ്ങളാൽ ഏവരെയും ഉണർത്തി, ഏറെ തന്ത്രപരമായി, അതിസമർത്ഥമായി  ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഗതിമാറ്റിയ തികഞ്ഞ യാഥാർത്ഥ്യവാദിയും അതിധീരനും കാരിരുമ്പിന്റെ മനക്കരുത്തുമുള്ള  ആ ദാർശനികനെ കുറിച്ച് വ്യക്തമായൊരു പാഠമായിരുന്നു എനിക്കാ കൂടിക്കാഴ്ച. പരമമായ സ്വാതന്ത്ര്യം എന്നാൽ അവനവന് ആവശ്യമല്ലാത്തത് ഉപേക്ഷിക്കുക കൂടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്യന്തികമായി ഹിംസ സ്വന്തം കുഴി തോണ്ടുമെന്നും.”

സുശക്തമായ ഇംഗ്ലണ്ടിനെ ആക്രമിക്കുവാനുള്ള ഗാന്ധിമാർഗം എത്രമാത്രം തന്ത്രപരവും ബുദ്ധിപൂർവ്വകവുമായിരുന്നു എന്നറിയാൻ ചാപ്ലിനുമായുള്ള ആ സംഭാഷണ ശകലം തന്നെ ധാരാളം. അതുകൊണ്ടു തന്നെയാണ് ചർച്ചിൽ ഗാന്ധിയെ അത്രയേറെ ഭയന്നതും, പറ്റുന്നിടത്തെല്ലാം അപമാനിക്കാൻ ശ്രമിച്ചതും.

ഇംഗ്ലീഷുകാർ നശിപ്പിച്ച ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സുകൾ അറിയണം, അക്കാലത്തെ കയറ്റുമതികളെ കുറിച്ചു നമുക്കു ബോധമുണ്ടാവണം. കൃഷിയും വ്യവസായവും ഒരുപോലെ അഭിവൃദ്ധിപ്പെട്ട, ഉല്പന്നങ്ങൾ കയറ്റി അയച്ചു വിദേശനാണ്യം നേടിയിരുന്ന ഇന്ത്യയുടെ നട്ടെല്ലു തകർത്താണു ബ്രിട്ടീഷുകാർ ഇന്ത്യയെ അസംസ്കൃത വസ്തുക്കൾ കയറ്റി അയക്കുന്ന നാടാക്കിഅവരുടെ ഉല്പന്നങ്ങളുടെ വിപണിയാക്കി മാറ്റിയത്.    ഒരേസമയം ഇംഗ്ലണ്ടിന്റെ വിപണി തകർക്കുകയും  ഇന്ത്യക്കാരെ ദേശവികാരത്തിന്റെ ഖദർ നൂലിൽ ചേർത്തു നിർത്തുകയും ചെയ്യുന്ന തന്ത്രമായിരുന്നു ഗാന്ധിയുടെ യന്ത്രവൽക്കരണത്തോടുള്ള എതിർപ്പും സ്വന്തമായി നൂൽനൂൽക്കാനുള്ള ആഹ്വാനവും

ഗാന്ധിജി ലണ്ടനിലെ തെരുവിൽ കാറിൽനിന്നുറങ്ങുമ്പോഴുള്ള ജനക്കൂട്ടത്തിന്റെ ആവേശത്തെ പറ്റിയും ചാപ്ലിൻ എഴുതിയിരുന്നു. സംഭാഷണം മുഴുമിപ്പിച്ചിറങ്ങവേ ഗാന്ധിജി ചാപ്ലിനെ പ്രാർത്ഥന കാണുവാനായി ക്ഷണിച്ചുസോഫയിലിരുന്നുകൊണ്ട് അവരുടെ  പ്രാർത്ഥന  ചാപ്ലിൻ കണ്ടു, അതേപറ്റി ഇങ്ങിനെ കുറിച്ചു, “വല്ലാത്ത വിരോധാഭാസം എന്നാണെനിക്കു തോന്നിയത്. രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള തികഞ്ഞ അവബോധം, കണിശമായ വിലയിരുത്തലുകൾ, അങ്ങേയറ്റത്തെ പ്രായോഗികതാവാദം, ഒക്കെയും ആ പ്രാർത്ഥനാഗാനത്തിൽ ഇല്ലാതായിപ്പോവുന്നുവോ എന്നെനിക്കു തോന്നി.” അതുകൂടിയാണു ഗാന്ധി, വൈരുദ്ധ്യങ്ങളുടെ രാജകുമാരൻഇന്ത്യൻ സാഹചര്യത്തിൽ പ്രാർത്ഥനകളുടെ വിപണി നന്നായറിഞ്ഞതും ആ അറിവിനെ നന്നായി ഉപയോഗിക്കുകയും ചെയ്ത ധിഷണാശാലി.

ലൂയി ഫിഷറിന്റെ പ്രഥമ ഗാന്ധി ദർശനം

ലൂയി ഫിഷർ ഗാന്ധിജിയെ കാണുന്നത് 1942ലാണ്. സംഭാഷണമദ്ധ്യേ ഗാന്ധിജി ഫിഷറിനോട്...

താങ്കൾ പതിനാലു വർഷം റഷ്യയിലായിരുന്നുവല്ലോ, സ്റ്റാലിനെ പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?

ഏറെ കഴിവുള്ളയാൾഏറെ ക്രൂരനും.

ഗാന്ധിജി: ഹിറ്റ്ലറുടെ അത്രയും ക്രൂരനാണോ?

ഫിഷർ: ഏറ്റവും കുറഞ്ഞ പക്ഷം.

അക്കാലത്തേയുള്ള ഗാന്ധിജിയുടെ നെറ്റ്-വർക്ക് അത്രയും വ്യാപകമായിരുന്നു, അറിയാനുള്ള ത്വരയും ആ അറിവിനെ കൃത്യമായി ഉപയോഗിക്കുവാനുള്ള കഴിവും.

നേച്വർ മാഗസിന്റെ ആദരം

മഹാപാപങ്ങളായി മഹാത്മാവു കണ്ട തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം, ധാർമ്മികതയില്ലാത്ത വ്യാപാരം, മാനവികതയില്ലാത്ത ശാസ്ത്രം എന്നതു എടുത്തെഴുതിയാണ് നാച്വർ മാഗസിൻ 2019 ഒക്ടോബറിലെ എഡിറ്റോറിയലിലൂടെ ഗാന്ധിയെ ആദരിച്ചത്. The champion of India’s freedom movement was an innovator and supporter of sustainable science എന്നാണ് നേച്വർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.  മാഗസിൻ ഒരിടത്തു ഉദ്ധരിക്കുന്നത് 40വർഷത്തോളം ഇന്ത്യയിലെ റൂറൽ ഇന്നൊവേഷനെ പറ്റി ഗവേഷണം നടത്തുന്ന ഐ.ഐ.എം. അഹമ്മദാബാദ് പ്രൊഫസറായ അനിൽ ഗുപ്തയെയാണ്. ടെക്നോളജിയുടെ വികസനത്തിനു ക്രൌഡ്സോഴ്സിങ് ഉപയോഗിച്ച ആദ്യപേരുകളിൽ ഗാന്ധിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കാഷ്പ്രൈസോടുകൂടി ഒരു മത്സരം 1929ൽ ഗാന്ധിജി സംഘടിപ്പിച്ചത് ഭാരം കുറഞ്ഞതും ഉറപ്പേറിയതും ചുരുങ്ങിയത് 20 വർഷം ആയുസ്സുള്ളതുമായ ഒരു ചർക്ക വികസിപ്പിച്ചെടുക്കാനായിരുന്നു.

പ്രസ്തുത ലേഖനം മറ്റൊരിടത്തു  മഹാത്മജി 1925ൽ തിരുവനന്തപുരത്തെ വിദ്യാർത്ഥികളെ അഭിമുഖീകരിച്ചു സംസാരിച്ചതു അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ രാമചന്ദ്രഗുഹയുടെ വാക്കുകളിൽ അവതരിപ്പിക്കുന്നു.  തന്നെപറ്റിയുള്ള ശാസ്ത്രവിരുദ്ധൻ എന്ന തെറ്റായ ധാരണയെ ഗാന്ധിജി പൊളിച്ചടുക്കുന്നത് പൊതുവായ ഒരന്ധവിശ്വാസമാണതു എന്നു വിശേഷിപ്പിച്ചായിരുന്നു.  ശാസ്ത്രമില്ലാതെ നമുക്കു ജീവിക്കാൻ സാധ്യമല്ലെന്നു അദ്ദേഹം കുട്ടികളോടു പറഞ്ഞു, ഒന്നുകൂടി മുന്നോട്ടുപോയി  തന്റെ എളിയ അഭിപ്രായത്തിൽ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കു കൂടി പരിമിതികളുണ്ടെന്നും  ആ പരിമിതികളാവട്ടെ മാനവികത നമ്മളിൽ അടിച്ചേൽപ്പിക്കുന്നതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്തുമാത്രം ശരിയായ നിരീക്ഷണമാണത്?!, മാനവികതയില്ലാത്ത ശാസ്ത്രം മനുഷ്യന്റെ തന്നെ ശവക്കുഴി തോണ്ടുന്നതായി തോന്നുന്ന കാലഘട്ടത്തിൽ.

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യനഷ്ടം, മാറാത്ത ദാരിദ്ര്യം, അനാരോഗ്യം അങ്ങിനെ പലതിനോടും പൊരുതിനിൽക്കുന്ന ലോകത്താണ് നമ്മളിന്നു  സുസ്ഥിരത എന്നു വിളിക്കുന്ന ഗാന്ധിയുടെ പ്രതിബദ്ധത ഏറെ പ്രസക്തമാവുന്നത്, അദ്ദേഹത്തിന്റെ കാലത്തേക്കാളുമേറെ എന്നു നിരീക്ഷിച്ചുകൊണ്ടാണ് നേച്വർ എഡിറ്റോറിയൽ അവസാനിക്കുന്നത്. വായിച്ചാൽ തീരാത്ത ഒരു പുസ്തകമുണ്ടെങ്കിൽ, കണ്ടാൽ മതിവരാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ, വരച്ചാൽ മതിവരാത്ത ഒരു രൂപമുണ്ടെങ്കിൽ അതു ഗാന്ധിയാണ്.

മധുസൂദൻ. വി

Reference:

1. Gandhi at First Sight, Thomas Webber, Roli books

2. https://www.nature.com/articles/d41586-019-03010-8