Saturday, July 26, 2025

യോസെ മുഹിക ജനാധിപത്യത്തിലെ റാഡിക്കൽ ബ്രാന്റ്

ദൈവം ഒരു നാമമല്ല, ക്രിയയാണ് എന്ന യതിയുടെ നിരീക്ഷണം ദൈവത്തിൽ മാത്രമായി ഒതുങ്ങുന്നില്ല.  ഇടതുപക്ഷമെന്നതും മാർക്സിസ്റ്റ് എന്നതും ഒരു നാമമല്ല, അതൊരു ക്രിയയാണ് എന്ന് ജീവിച്ചു കാണിച്ച, ഗതകാല ഗറില്ലയിൽ നിന്നും ശേഷം ദീർഘകാല തടവുപുള്ളിയിൽ നിന്നും  ഉറുഗ്വേയുടെ പ്രസിഡന്റായി, ഒരു ജനതയുടെ പ്രിയപ്പെട്ട പെപ്പെയായി, ലോകഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മാതൃകയായ യോസെ മുസീക കളമൊഴിഞ്ഞു പോയിരിക്കുന്നു. കേവലം 35 ലക്ഷം മാത്രം ജനസംഖ്യയുള്ള തെക്കേ അമേരിക്കയിലെ രണ്ടാമത്തെ ചെറിയ രാജ്യമായ  ഉറുഗ്വേയുടെ പ്രസിഡന്റായി 77 വയസ്സുള്ള യോസ മുസീക എത്തിയത് 2010ലാണ്.  സമഗ്രമായ അഴിമതിയും അക്രമവും ആധിപത്യം പുലർത്തിയ ഒരു സ്വേച്ഛാധിപത്യവ്യവസ്ഥിതിയിൽ നിന്നുള്ള പരിവർത്തന ഘട്ടത്തിൽ മുസീകയുടെ പ്രഥമദൗത്യം  പ്രതീക്ഷയറ്റ ഒരു ജനതയുടെ വിശ്വാസം ആർജ്ജിക്കുകയായിരുന്നു. 1985 മധ്യ-ഇടതുപക്ഷ സഖ്യത്തിൽ കൃഷി മന്ത്രിയായി  സേവനമനുഷ്ഠിച്ച പരിചയവും സദാ പുലർത്തിയ തികഞ്ഞ ജനാധിപത്യമൂല്യങ്ങളും അദ്ദേഹത്തെ അതിൽ ഏറെ സഹായിച്ചു, 52 ശതമാനം വോട്ടുനേടിയാണ് യോസെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്.  ജനത അർപ്പിച്ച വിശ്വാസം ഊട്ടിയുറപ്പിച്ച പെപ്പെയുടെ ആദ്യനടപടി പ്രസിഡന്റിന്റെ സകല ആഡംബരങ്ങളുള്ള  പ്രൗഢഗംഭീരമായ രാഷ്ട്രപതിഭവനെ കൈവിട്ട്, തീർത്തും ജനകീയനായി, ജനത്തിന് സദാ പ്രാപ്യനായി ആശ്രമസമാനമായ  തന്റെ എളിയ ഫാംഹൗസിൽ തുടർന്നും കഴിയുകയായിരുന്നു. തുടരുകയായിരുന്നു. ഔദ്വോഗിക കാലം കഴിഞ്ഞാലും പടിയിറങ്ങാൻ മടിക്കുന്നവരുടെയും  ഇറങ്ങിയാൽ തന്നെ ജനതയുടെ ചിലവിൽ  ആഢംബര ജീവിതം പിന്നെയും തുടരുന്ന കരിക്കട്ടകളുടെയും കാലത്ത്  കാലത്ത് യോസെ ഒരു പ്രകാശഗോപുരമാണ്, വരാനിരിക്കുന്ന കാലത്തിന്റെ പ്രതീക്ഷ.   


സ്വകാര്യജീവിതവും ഔദ്വോഗികജീവിതവും  തുറന്ന പുസ്തമാക്കിയ പ്രസിഡന്റ്  തന്റെ കുടിലിന് പുറത്ത് ഉണങ്ങാൻ വേണ്ടി തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ ചർച്ചയായി,  സ്വയം  ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച മണ്ണിലെ പുഷ്പകൃഷിയും. പൊള്ളയായ ചുരയ്ക്ക മുറിച്ചുണ്ടാക്കുന്ന  ഒരു തരം കപ്പിൽ ഉറുഗ്വേയുടെ പരമ്പരാഗത പാനീയമായ മാതെയ് തയ്യാറാക്കി ക്ഷണിക്കപ്പെടാത്ത അതിഥികളെ അദ്ദേഹം സൽക്കരിച്ചത്  അവിടെയാണ്. സദാ സുരക്ഷയ്ക്കായി അദ്ദേഹം സ്വീകരിച്ചത് യൂണിഫോമില്ലാത്ത രണ്ടു പോലീസുകാരെയാണ്. അധികാരത്തിന്റെയും മർദ്ദനോപാധിയുടെയും ചിഹ്നങ്ങളെ പടിക്കുപുറത്താക്കി അധികാരത്തിന് ജനാധിപത്യത്തിന് ഉത്തരവാദിത്വം മനുഷ്യത്വവും എന്ന പുതിയൊരു വ്യാഖ്യാനം നല്കി യോസയുടെ ശൈലിയും ജീവിതവും. 


സ്വാഭാവികമാണെന്നു തോന്നി അദ്ദേഹത്തിന്റെ മരണവാർത്ത ഗാന്ധി റിസർച്ച് ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ കണ്ടത്, എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നതിന് ചുവടെയായി. അവിടെ നമുക്ക് വായിക്കാം - “മുസീക ഒരു സസ്യാഹാരിയാണ്, ഒരിക്കലും ടൈ ധരിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ എളിയ വസതിയിലേക്ക് നയിക്കുന്ന വഴി താറിട്ടതു കൂടി ആയിരുന്നില്ല.  അന്ത്യവേളയിലും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് ആകെ 1,800 ഡോളർ, പിന്നെ സ്വയം അദ്ദേഹം ഓടിച്ചിരുന്ന ഒരു പഴയ കാർ. ഭൂമിയും വീടും ട്രാക്ടറും സെനറ്ററായ ഭാര്യയുടേതായിരുന്നു. അദ്ദേഹം അതികർക്കശമായ ജീവിതശൈലിയാണ്  നയിച്ചത്, ദരിദ്രർക്കും ചെറുകിട സംരംഭകർക്കും പ്രയോജനം ചെയ്യുന്ന ചാരിറ്റികൾക്ക് തന്റെ 12,000 ഡോളർ പ്രതിമാസ ശമ്പളത്തിന്റെ 90 ശതമാനവും സംഭാവന ചെയ്തു. അദ്ദേഹത്തിന്റെ വീടിന് കാവൽ നിൽക്കുന്ന യൂണിഫോമിലല്ലാത്ത രണ്ട് പോലീസുകാരാണ് അദ്ദേഹത്തിന്റെ സുരക്ഷ നിയന്ത്രിച്ചത്. ഒരു സാധാരണ പൗരനെപ്പോലെ അദ്ദേഹം ചുറ്റിനടന്നു.


ഒരിക്കൽ ജീവിതപങ്കാളിയോടൊപ്പം ഒരു യാത്രാവേളയിൽ  കടൽത്തീരത്തിനടുത്തുള്ള ഒരു സാധാരണ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന യോസെയെ  ഒരു ചെറുപ്പക്കാരൻ തിരിച്ചറിഞ്ഞു. അയാൾ അതൊരു  ഫേസ്ബുക്ക് പോസ്റ്റ് ആക്കി. പോസ്റ്റ് വായിച്ചൊരാൾ  പ്രതികരിച്ചു, “ഒരു പ്രസിഡന്റും ഭാര്യയും ഒരു സാധാരണ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങൾ കാണുന്ന ഒരേയൊരു രാജ്യം നമ്മുടേതായിരിക്കും, അതും യാതൊരു സുരക്ഷാജീവനക്കാരുമില്ലാതെ!” ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം 14 വർഷം ജയിലിൽ കിടന്നു. 1985- ഒരു പുതിയ സർക്കാർ അധികാരമേറ്റ ശേഷമാണ് അദ്ദേഹം മോചിതനായത്.


ലളിതമായ ജീവിതം നയിച്ചതിനാൽ തന്നെ, തന്റെ ഭരണകാലത്ത് ലോകമെമ്പാടും ചർച്ചാവിഷയമായി അദ്ദേഹം മാറി. ഭൗതിക സ്വത്തുക്കളില്ലാത്തവനല്ല ദരിദ്രൻ, മറിച്ച് അത്യാഗ്രഹത്താൽ അതു കുന്നുകൂട്ടുന്നവനാണ്, പിന്നെയും പോരാപോരാ എന്നു തോന്നുന്നവനാണ്  ദരിദ്രൻ, അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടു.  സ്വയം ലളിതജീവിതം നയിക്കുക മാത്രമല്ല, ലോകത്തിലെ മറ്റുള്ളവരെ ലളിതമായ ജീവിതം നയിക്കാൻ പ്രേരിക്കുകയും അതിനായി അദ്ദേഹം വാദിക്കുകയും ചെയ്യ്തു.”


ഗതകാലജീവിതത്തെ പാടെ തള്ളിയ മാർക്സിസ്റ്റ് ജനാധിപത്യവാദി

"ഞങ്ങളുടെ സഖാവ് പെപ്പെ മുസീകയുടെ മരണം അഗാധമായ ദുഃഖത്തോടെയാണ് അറിയിക്കുന്നത്. അങ്ങ് ഞങ്ങൾക്ക് നൽകിയ എല്ലാത്തിനും ജനങ്ങളോടുള്ള അങ്ങയുടെ ആഴമേറിയ സ്നേഹത്തിനും നന്ദി." പ്രസിഡന്റ് യമണ്ടു ഒർസി എക്‌സിൽ കുറിച്ചത് അങ്ങിനെയാണ്.


പ്രസിഡന്റ് എന്ന നിലയിൽ, പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസീക അത്യന്തം പുരോഗമന ലിബറൽ നിലപാടായിരുന്നു സ്വീകരിച്ചത്. ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽ ഗർഭഛിദ്രവും സ്വവർഗ വിവാഹവും അനുവദിക്കുന്ന ഒരു നിയമത്തിൽ അദ്ദേഹം ഒപ്പുവച്ചു, കൂടാതെ മരിജുവാന വിൽപ്പന നിയമവിധേയമാക്കാനുള്ള നിർദ്ദേശത്തെ പിന്തുണച്ചു. സ്വവർഗ വിവാഹവും ഗർഭഛിദ്ര നടപടികളും കത്തോലിക്കാ ലാറ്റിൻ അമേരിക്കയ്ക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറമായിരുന്ന വിപ്ലവകരമായ മാറ്റമായിരുന്നു. കൂടാതെ മരിജുവാന നിയമവിധേയമാക്കിയത് അന്ന്  ലോകത്തെ അത്ഭുതപ്പെടുത്തി. രാസലഹരി പടരുന്ന വേളയിൽ കറുപ്പും കഞ്ചാവും നിരോധനത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ലോകം ചിന്തിക്കുന്ന വേളയിലാണ് മുസീകയെപോലുള്ള നേതാവിന്റെ നിരോധനം ഒന്നിനും പരിഹാരമല്ല, വേണ്ടത് നിയന്ത്രണമാണെന്ന  ബോധത്തിനുമുന്നിൽ തലകുനിക്കേണ്ടിവരുന്നത്.  ബ്രസീൽ, ചിലി, മെക്സിക്കോ എന്നിവിടങ്ങളിലെ ഇടതുപക്ഷ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ മുജിക്കയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ മാതൃകയെ പ്രശംസിക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


ഏതാനും ചിലരെപ്പോലെ അദ്ദേഹം  ജനാധിപത്യത്തിനു വേണ്ടി നിലകൊണ്ടു. സാമൂഹിക നീതിക്കുവേണ്ടി, എല്ലാ അസമത്വങ്ങളുടെയും അന്ത്യത്തിനായും  വാദിക്കുന്നത് അദ്ദേഹം ജീവിതാവസാനം വരെയും തുടർന്നു.  അദ്ദേഹത്തിന്റെ മഹത്വം മറികടക്കുന്നത് ഉറുഗ്വേയുടെയും അദ്ദേഹത്തിന്റെ പ്രസിഡന്റ് കാലാവധിയുടെയും അതിരുകളെയാണ് ." ബ്രസീലിയൻ പ്രസിഡന്റിന്റെ വാക്കുകളാണ്. കേവലം കോഴിക്കോട് ജില്ലയുടേതിനെക്കാൾ പത്തുലക്ഷം ജനസംഖ്യ കുറവുള്ള ഒരു രാഷ്ട്രത്തിൻ്റെ പഴയ പ്രസിഡൻ്റിന് കിട്ടുന്ന ലോകാദരവാണ് ഇത്. ലോകത്തിലെ പ്രമുഖ പത്രങ്ങളിൽ ഒക്കെയും  പെപ്പെയുടെ വിയോഗം പോപ്പിൻ്റെ വിയോഗം പോലെ തന്നെ വാർത്തയായി. പുരോഗമനലിബറൽ നയങ്ങളിൽ പോപ്പിന് മുന്നേ നടന്നിരുന്നു പെപ്പെ എന്നു ചരിത്രമാണ്. കാലഘട്ടത്തിൻ്റെ അനിവാര്യതകൾ പോപ്പിലും  പെപ്പെയിലും പ്രതിഫലിക്കുമ്പോഴാണ് ലോകം അവരെ നെഞ്ചേറ്റുന്നത്. പലരുടെയും ഓർമ്മകൾ സർക്കാർവിലാസം സാദരവെടിയുടെ നാദം നിലയ്ക്കുമ്പോഴേക്കും കുടുംബക്കാരിലേക്കും ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയവരിലേക്കും മാത്രമായി ചുരുങ്ങിപ്പോവുന്നതും അതുകൊണ്ടാവണം. 


സദാ തന്റെ പഴയ ബീറ്റിലിൽ സ്വയം ഓടിച്ചുപോവുന്നതും ഓഫീസ് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന എതെങ്കിലും സാധാരണ റെസ്റ്റോറന്റുകളിൽ നിന്നും  ഭക്ഷണം കഴിക്കുന്നതും ഒരു സാധാരണകാഴ്ചയായി. ഗറില്ലാക്കാലത്തേ തന്റെ പങ്കാളിയായിരുന്ന,  മുൻ സെനറ്ററുമായ ലൂസിയ ടോപോളാൻസ്കിയുമായി മുസീക പങ്കിടുന്ന തകര മേൽക്കൂരയുള്ള വീട്ടിൽ റോയിട്ടേഴ്‌സിന് 2024 മെയ് മാസത്തിൽ നൽകിയ അഭിമുഖത്തിൽ, ഏറെ വാചാലനായത് തന്റെ പഴയ ബീറ്റിൽ കാറിന്റെ വിസ്മയകരമായ കണ്ടീഷനെ പറ്റിയായിരുന്നു, പിന്നെ അതിനെക്കാൾ തനിക്ക് ഇഷ്ടമേറിയ ട്രാക്ടറിനെ പറ്റിയും.  


കീഴ്വഴക്കങ്ങളെ സദാ ലംഘിക്കുന്ന പെപ്പെയുടെ ശൈലികൾക്കെതിരെ ഉയർന്ന വിമർശങ്ങളെയും അദ്ദേഹത്തിന്റെ സഹിഷ്ണുതാബോധം നിർവീര്യമാക്കി.  ചിലപ്പോഴൊക്കെയും തുറന്നടിച്ച, മയമില്ലാത്ത  പ്രസ്താവനകൾ എതിരാളികളുടെയും രാഷ്ട്രീയ സഖ്യകക്ഷികളുടെയും സമ്മർദ്ദത്തിന് വഴങ്ങി സ്വയം വിശദീകരിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുകയും ചെയ്തു. പക്ഷേ അതൊക്കെയും ജനാധാധിപത്യബോധത്തോടെ അദ്ദേഹം നേരിട്ടു. ഇതൊന്നുമല്ല അദ്ദേഹത്തിന്റെ ലളിതമായ ശൈലിയും ജനാധിപത്യബോധവും പുരോഗമന ചിന്തകളുമാണ് അദ്ദേഹത്തെ ഉറുഗ്വേയ്ക്കും ബാക്കിലോകത്തിനും  പ്രിയങ്കരനാക്കിയത്.


"ലോകം വൃദ്ധരാണ് ഭരിക്കുന്നത് എന്നതാണ് പ്രശ്നം, ചെറുപ്പത്തിൽ അവർ എങ്ങനെയായിരുന്നു എന്നത്  മറക്കുന്നു",  2024 ലെ അഭിമുഖത്തിൽ പെപ്പ പറഞ്ഞു. ആക്ടിവിസ്റ്റുകളായി നിറഞ്ഞാടിയവർ പോലും ഭരണത്തിലേറുമ്പോൾ ആർദ്രതയെ കൈവിട്ടു അധികാരത്തെ പുൽകുന്ന കാലത്തെ പ്രതീക്ഷയാണ് ലോകത്തിന് പെപ്പെ.  വാചകത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട് നേതാവ്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറയാൻ ഗാന്ധിയെ സ്വജീവിതം പ്രാപ്തനാക്കിയതുപോലെ. 


2010-15 കാലത്തേക്ക്  പ്രസിഡന്റാവുമ്പോൾ അദ്ദേഹത്തിന്  പ്രായം 74. 1960-70 കളിൽ ടുപമാരോസ് വിമത ഗ്രൂപ്പിന്റെ നേതാവെന്ന ഭൂതകാലവും വർത്തമാനത്തിന്റെ വാർദ്ധക്യവും നിഴൽപരത്തിയ  തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചത്  52% വോട്ടോടെയാണ് എന്നത്  ഒരു ജനതയ്ക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ മകുടോദാഹരണമാണ്. ടുപമാരോസ് കാലം മുതൽ യോസെ മുജീകയുടെ ദീർഘകാല പങ്കാളിയായിരുന്നു ലുസിയ ടോപോളാൻസ്കി. 2005 അവർ വിവാഹിതരായി, 2017-2020 വരെ ലുസിയ ഉറുഗ്വേയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. പദവി ഒഴിഞ്ഞതിനു ശേഷവും അവർ രാഷ്ട്രീയത്തിൽ സജീവമായി തുടർന്നു, ലാറ്റിനമേരിക്കൻ പ്രസിഡന്റുമാരുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ പതിവായി പങ്കെടുക്കുകയും 2025 മാർച്ചിൽ അധികാരമേറ്റ ഓർസി ഉൾപ്പെടെയുള്ള ഉറുഗ്വേയിലെ സ്ഥാനാർത്ഥികൾക്ക് അവർ നിർണായക പിന്തുണ നൽകുകയും ചെയ്തു. 


അതിമനോഹരമായ ബഹുശാഖാ അലങ്കാരദീപങ്ങളും  ലിഫ്റ്റുകളും മാർബിൾ പടിക്കെട്ടും  ലൂയി പതിനാലാമൻ ഫർണിച്ചറുകറുകളും അലങ്കരിച്ച ഉറുഗ്വേയിലെ മൂന്ന് നിലകളുള്ള പ്രസിഡൻഷ്യൽ വസതി നേതാവിനെ പ്രലോഭിപ്പിച്ചില്ല. “ഇത് അസംബന്ധമാണ്, അവർ ഇതിനെ ഒരു ഹൈസ്കൂളാക്കണം.” എന്നാണ് ഒരുവർഷം മുൻപ് ന്യൂയോർക്ക് ടൈംസിന്റെ ജാക് നികാസിന് കൊടുത്ത അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. നമുക്ക് നമ്മുടെ തലസ്ഥാനത്തെ കുറിച്ച് ആലോചിക്കാം, കേരളത്തിൽ നിന്നും പഠിക്കാൻ പോയ ഡൽഹി സർവ്വകലാശാലാ വിദ്യാർത്ഥികളോട് ചോദിച്ചാൽ ഹോസ്റ്റൽ സൌകര്യങ്ങൾ പോലുമില്ലാത്തെ അന്തിയുറങ്ങേണ്ടിവന്ന അളിഞ്ഞയിടങ്ങളെ പറ്റി,  ഏക്കറുകണക്കായി ഒഴിച്ചിട്ട പൊതുവിടങ്ങളെ പറ്റിയും അവിടെ സ്വസ്ഥമായി ഉറങ്ങുന്ന പഴയ  പാദുഷമാരെ പറ്റിയും  ചരിത്രപുരുഷന്മാർ പങ്കിട്ടെടുത്ത ബാക്കി മണ്ണിനെ പറ്റിയും തലചായ്ക്കാൻ ഇടമില്ലാത്ത മണ്ണിന്റെ മക്കളെ പറ്റിയും അവർ പറഞ്ഞുതരും. 


കഠിനാധ്വാനം  ജീവിതശൈലിയാക്കിയ, എളിമയുള്ള പെരുമാറ്റത്തിന്റെയും, വിട്ടുവീഴ്ചയില്ലാത്ത പുരോഗമന ലിബറൽ രാഷ്ട്രീയത്തിന്റെയും  പ്രതീകമാണ്  ലോകമെമ്പാടും പെപ്പെ. അന്നനാള കാൻസറിനുള്ള തുടർചികിത്സകളൊക്കെയും നിർത്താൻ തീരുമാനിച്ച്, വീട്ടിലേക്ക് ഒതുങ്ങി ഏതാനും മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം. രോഗമൊന്നും അദ്ദേഹത്തിന്റെ ബുദ്ധിയെയോ ബോധത്തെയോ പ്രതികരണങ്ങളെയോ ബാധിച്ചില്ലെന്നുവേണം കരുതാൻ.  ചികിത്സയെ പറ്റി ജാക് നികാസിനോട് അദ്ദേഹം സംസാരിച്ചത് നിലവിൽ കാൻസർ ചികിത്സയുടെ അവസ്ഥ വെളിപ്പെടുത്തുന്ന നർമ്മം തുളുമ്പുന്ന വാക്കുകളിലാണ് - അവർ എനിക്ക് റേഡിയേഷൻ ചികിത്സയാണ്  നൽകിയത്. ചികിത്സ  ഉഷാറായി കഴിഞ്ഞു എന്നാണ് ഡോക്ടർമാർ പറഞ്ഞത്,  പക്ഷേ ഞാൻ തളർന്നും കഴിഞ്ഞു.


ദരിദ്രബാല്യം അഴിയെണ്ണിയ യൗവ്വനം

ജനന സർട്ടിഫിക്കറ്റിൽ 1935 ജനിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതിനൊരു വർഷം മുമ്പാണ് ജനിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏറിയാൽ പത്തുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചശേഷം, പൂക്കൃഷിയിലും  കോഴി-പശു വളർത്തലിലും അമ്മയെ സഹായിച്ച തന്റെ ബാല്യത്തെ "അന്തസ്സുറ്റ ദാരിദ്ര്യം" എന്നാണ് യോസെ ഒരിക്കൽ വിശേഷിപ്പിച്ചത്. ഉറുഗ്വേയുടെ ഇടതുപക്ഷം ദുർബലവും ശിഥിലവുമായിരുന്ന  കാലത്ത്, മധ്യ-വലതു ദേശീയ പാർട്ടിയുടെ ഒരു പുരോഗമന വിഭാഗത്തിലൂടെയാണ്  തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം ആരംഭിച്ചതെങ്കിലും 1960 കളുടെ അവസാനത്തിൽ ഉറുഗ്വേ രാഷ്ട്രീയം കലങ്ങിമറിഞ്ഞു സംഘർഷഭരിതമായി.    കൊള്ളകളും രാഷ്ട്രീയ തട്ടിക്കൊണ്ടുപോകലുകളും ബോംബാക്രമണങ്ങളും നിത്യസംഭവങ്ങളായി, അതിലൂടെ  ഉറുഗ്വേയുടെ യാഥാസ്ഥിതിക സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിച്ച മാർക്സിസ്റ്റ് ടുപമാരോസ് ഗറില്ലാ പ്രസ്ഥാനത്തിന്റെ ഭാഗമായി പിന്നീട് അദ്ദേഹം. 


പോലീസുമായും സൈനികരുമായും നിരവധി അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താൻ ഒരിക്കലും ആരെയും കൊന്നിട്ടില്ലെന്നു പറഞ്ഞിരുന്നു തീർത്തും നിർഭയനും സത്യസന്ധനുമായ മനുഷ്യൻ.  ഒരു സംഘർഷത്തിൽ ആറ് തവണയായിരുന്നു അദ്ദേഹത്തിന്  വെടിയേറ്റത്. 1973- സൈന്യം അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോഴേക്കും ഉറുഗ്വേയിലെ സുരക്ഷാ സേന ടുപമാരോകളുടെ മേൽ ആധിപത്യം നേടിയിരുന്നു. പന്ത്രണ്ടുവർഷത്തെ സ്വേച്ഛാധിപത്യ ഭരണത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏകദേശം ഇരുനൂറു പേരെയാണ് സൈന്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ആയിരക്കണക്കിന് പേരെയാണ് ജയിലിലടച്ചു പീഡിപ്പിച്ചത്.


ഏകദേശം പതിനഞ്ച് വർഷം യോസെ ജയിലുകളിൽ കഴിഞ്ഞു, പലപ്പോഴും  ഏകാന്തതടവിൽ, ഒരു പഴയ കുതിരപ്പന്തിയുടെ ചുവട്ടിൽ, കൂട്ടിന്  ഉറുമ്പുകൾ മാത്രമായി കഴിച്ചുകൂട്ടി.  രണ്ടുതവണ ജയിൽ ചാടുന്നതിൽ വിജയിച്ച അദ്ദേഹം ഒരിക്കൽ അടുത്തുള്ള ഒരു വീട്ടിലേക്ക് തുരങ്കം തുരന്നാണ് കടന്നത്. വയസ്സ് തൊണ്ണൂറിനടുത്തെത്തിയപ്പോൾ എകാന്തതടവുകാലത്തെ പറ്റി തന്നോടുതന്നെ നടത്തുന്ന ആത്മഭാഷണമായിരുന്നു തന്റെ എറ്റവും വലിയ  "ദുഷ്പ്രവൃത്തി", എന്നദ്ദേഹം  ഒരഭിമുഖത്തിൽ ഓർത്തെടുത്തു.


1985- ഏകദേശം 30 ലക്ഷം ജനങ്ങളുള്ള കാർഷിക രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കപ്പെട്ടപ്പോൾ, മോചിതനായ മുസീക രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങി, ഇടതുപക്ഷത്തിന്റെ മുഖമായി, രാഷ്ട്രീയ സമവായത്തിന്റെ സന്ദേശവാഹകനുമായി. അദ്ദേഹത്തിന്റെ മുൻഗാമിയായ പ്രസിഡന്റ് തബാരെ വാസ്ക്വസിന്റെ മധ്യ-ഇടതുപക്ഷ സഖ്യത്തിൽ അദ്ദേഹം കൃഷി മന്ത്രിയായി സേവനമനുഷ്ഠിച്ചു. എന്നും മുസീകയുടെ സപ്പോർട്ട്ബെയ്സ് ഇടതുപക്ഷമായിരുന്നെങ്കിലും ഒരു പക്ഷം കൊണ്ട് ഒരു പക്ഷിയും പറന്നിട്ടില്ലെന്ന രാഷ്ട്രീയബോധ്യമാണ് അദ്ദേഹത്തെ നയിച്ചതും തികഞ്ഞ ജനാധിപത്യവാദി ആക്കിയതും സദാ മധ്യ-വലതു വിഭാഗങ്ങളുമായി സംവാദങ്ങളുടെയും സംഭാഷണത്തിന്റെയും ശൈലി സ്വീകരിക്കാൻ പ്രാപ്തനാക്കിയതും. അവരൊക്കെയും അദ്ദേഹത്തിന്റെ ചെറിയവീട്ടിലെ സൗഹൃദവിരുന്നുകളിൽ സ്ഥിരാംഗങ്ങളായി.  മിത്രങ്ങളാക്കുന്നതോടെ ഞാൻ ശത്രുക്കളെ ഇല്ലായ്മ ചെയ്യുകയല്ലേ ചെയ്യുന്നതെന്ന  പ്രശസ്തമായ അബ്രഹാം ലിങ്കൻ വചനം അദ്ദേഹം അങ്ങിനെ ജീവിതത്തിൽ പകർത്തി.  കൊടിയുടെയും വടിയുടെയും പേരിൽ തല്ലിച്ചാവുന്ന സമകാലിക ലോകത്ത് പെപ്പെ ഒരു പാഠപുസ്തമാവട്ടെ.


"എല്ലാ കാര്യങ്ങളിലും നമുക്ക് യോജിക്കുന്നതായി നടിക്കാൻ കഴിയില്ല. നമുക്ക് ഇഷ്ടം തോന്നുന്നതിനോടല്ല,  വേണ്ടതിനുവേണ്ടിയാണ് നമ്മൾ യോജിക്കേണ്ടത്," അദ്ദേഹം ഒരിക്കൽ പറഞ്ഞു. നിരോധനമല്ല പരിഹാരം ഫലപ്രദമായ നിയന്ത്രണമാണെന്ന തിരിച്ചറിവിലാണ് മരിജുവാന ഉപയോഗം കുറ്റവിമുക്തമായതും ഭീകരമായ ലഹരി ഉപഭോഗത്തിലേക്ക് ഉറുഗ്വേ വഴിതെറ്റാതിരുന്നതും. "ഞാൻ മയക്കുമരുന്ന് ഉപയോഗത്തെ ന്യായീകരിക്കുന്നില്ല. പക്ഷേ ഒരു നിരോധനത്തെ എനിക്ക് ന്യായീകരിക്കുവാൻ കഴിയില്ല, കാരണം  നമ്മുടെ മുന്നിൽ  രണ്ടു പ്രശ്നങ്ങളുണ്ട്. ഒന്ന് മയക്കുമരുന്ന് ആസക്തി, അത് ഒരു രോഗമാണ്. രണ്ടാമത് മയക്കുമരുന്ന് കടത്ത്, അത് അങ്ങേയറ്റം നീചമായതും." അദ്ദേഹം പറഞ്ഞു.


ചാവുന്നതുവരെയും അധികാരത്തിൽ തുടരുന്നവരുടെ, അതിനായി ആഗ്രഹിക്കുന്നവരുടെ നവയുഗത്തിൽ അദ്ദേഹത്തിന്റെ വിരമിക്കലിനും ഒരു ദൃഢനിശ്ചയത്തിന്റെ സൗന്ദര്യമുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ഒരു വഴിവിളക്കായി അവിശ്രമ-വിശ്രമ-ജീവിതം. ജീവിതം മനോഹരമാണ്, പക്ഷേ അതു വാടാൻ ഉള്ളതാണ്, നിങ്ങൾ കൊഴിഞ്ഞുവീഴേണ്ടവരുമാണ് എന്നാണ് അദ്ദേഹം തന്റെ കാൻസർ രോഗനിർണയത്തെത്തുടർന്ന്  യുവതലമുറയെ ഓർമ്മിപ്പിച്ചത്. ഒരോ തവണ വീഴുമ്പോഴും വീണ്ടും തുടങ്ങുക എന്നതാണ് ലക്ഷ്യമെങ്കിൽ രോഷത്തെ പ്രതീക്ഷയാക്കി മാറ്റുവാനുമാണ് യുവതയോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. വാക്കു വടക്കോട്ടും പ്രവൃത്തി തെക്കോട്ടുമെടുക്കുന്ന സമകാലികലോകത്ത് മുസീകക്ക് ലഭിച്ച, ഉറുഗ്വേയെ കണ്ണീരണിയിച്ച അസാധാരണമായ അന്ത്യയാത്ര അങ്ങിനെയാവാത്ത ഒരാൾക്കുള്ള സമൂഹത്തിന്റെ ആദരവാണ്. മറ്റുള്ളവർക്ക് അങ്ങിനായാവാനുള്ള പ്രലോഭനവും പ്രചോദനവും കൂടിയാണ്. 


മധുസൂദൻ വി


Reference

https://www.reuters.com/world/americas/uruguays-former-president-mujica-dead-89-2025-05-13/

https://www.nytimes.com/2025/05/14/world/americas/pepe-mujica-uruguay.html

https://www.nytimes.com/2024/08/23/world/americas/pepe-mujica-uruguay-president.html

https://www.mkgandhi.org/articles/jose-mujica-humblest-president-in-the-world.php

https://www.rfi.fr/en/international-news/20250514-uruguay-bids-farewell-to-popular-ex-leader-pepe-mujica

https://www.firstpost.com/explainers/jose-mujica-death-worlds-poorest-president-legacy-explained-13888404.html



Monday, May 12, 2025

മലബാർ ഹിൽ കൊലപാതകത്തിന് ഒരു നൂറ്റാണ്ട്

12 ജനുവരി 1925. ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ ബോംബെയിൽ സമ്പന്നരുടെ ആവാസമേഖലയായിരുന്ന മലബാർ  ഹിൽസിൽ അസ്തമയ ശോഭ  ആസ്വദിച്ച് തൻ്റെ ആഡംബരക്കാരിൽ യാത്ര ചെയ്യുകയായിരുന്ന  യുവ ബിസിനസ് ടൈക്കൂൺ കേവലം 25 കാരനായ അബ്ദുൾ കാദിർ ബാവ്​ലയെ  മറ്റൊരു കാർ  കുറുകെയിട്ട് അക്രമികൾ വെടിവെച്ചു കൊല്ലുന്നു,  ഒപ്പമുണ്ടായിരുന്ന  കാമുകി മുംതാസിന് മുഖത്ത്  ഗുരുതരമായി പരിക്കേൽക്കുന്നു. 

ബാവ്​ല മേമൻ തറവാട്ടിലെ  കോടീശ്വരനായ  പ്രമുഖ ടെക്​സ്റ്റൈൽ വ്യവസായി,  കൂടെയുണ്ടായിരുന്ന  സുന്ദരി മുംതാസ് ബീഗം ഇൻഡോറിലെ കൊട്ടാര നർത്തകിയും മഹാരാജാവ് എച്ച്.എച്ച്. മഹാരാധിരാജ രാജ രാജേശ്വര്സവായ് ശ്രീ തുകോജിറാവു ഹോൾക്കർ മൂന്നാമൻ്റെ ഇഷ്ടവെപ്പാട്ടിയും ആയിരുന്നു. മഹാരാജാവിനൊപ്പം ഇംഗ്ലണ്ടിലടക്കം, പോവുന്നിടത്തൊക്കെയും  കൂടെ പോവേണ്ടി വന്നവൾ എന്നത് രാജാവിന് മുംതാസിനോടുള്ള ഒബ്സെഷന് തെളിവുതന്നെയാണ്. അന്തപുരത്തിലെ അടിമ ജീവിതത്തിൽ നിന്നും ഒളിച്ചോടി ബാവ്​ലക്കൊപ്പം  സഹജീവനത്തിൽ ആയിരുന്നു മുംതാസ്. "ഒരുപക്ഷേ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന ഏറ്റവും സെൻസേഷണൽ കുറ്റകൃത്യം" എന്നാണ് പത്രങ്ങളും മാസികകളും കൊലപാതകത്തെ വിശേഷിപ്പിച്ചത്, അന്വേഷണത്തിലും തുടർന്നുള്ള വിചാരണയിലും അതെങ്ങും സംസാരവിഷയമായി മാറി. സംഭവവികാസങ്ങൾ ആഗോള ശ്രദ്ധയാകർഷിച്ചു,  പ്രശ്നത്തിൻ്റെ സങ്കീർണ്ണത അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളെ അലോസരപ്പെടുത്തുകയും ഒടുവിൽ മഹാരാജാവിനെ സ്ഥാനമൊഴിയാൻ  നിർബന്ധിതനാക്കുകയും ചെയ്തു. 

ഹിന്ദു പ്രതികൾക്ക് വേണ്ടി ഹാജരായത്  മുസ്ലിം പക്ഷപാതി എന്ന ചരിത്രം വിലയിരുത്തിയ മുഹമ്മദലി ജിന്നയായിരുന്നു.  പ്രതികളിലൊരാളും ഇൻഡോർ സൈന്യത്തിലെ ഉന്നത ജനറലുമായിരുന്ന ആനന്ദറാവു ഗംഗാറാം ഫാൻസെയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത്   ജിന്നയുടെ വാദമാണെന്ന് ചരിത്രം.

അന്നു പിച്ചവെയ്ക്കാൻ തുടങ്ങിയ ബോളിവുഡ് ഈ കേസിൽ കണ്ടെത്തിയത് ഒരു ക്രൈം ത്രില്ലറിൻ്റെ അനന്ത സാധ്യതകളായിരുന്നു.  കൊല്ലപ്പെട്ടത്  ധനികനായ യുവ വ്യവസായി,  കൊലയ്ക്ക് പിന്നിൽ മഹാരാജാവ്,  കൊലക്ക് കാരണമായത് മുംതാസ് എന്ന സുന്ദരിയോടുള്ള മഹാരാജാവിൻ്റെ അഭിനിവേശവും മുസ്ലിം യുവാവിൻ്റെ പ്രണയവും.  ചരിത്രത്തിലെ ഒരു അസാധാരണ കൊലപാതകത്തിൻ്റെ ചേരുവകൾ എല്ലാം ചേരുംപടി ചേർന്ന  സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്കാരമായി കുലിൻ കാന്ത. ഒരു ഇന്ത്യൻ മഹാരാജാവിൻ്റെ കൊട്ടാരത്തിലെ ലൈംഗികപീഡനത്തിൻ്റെയും വധഗൂഢാലോചനയുടെയും തട്ടിക്കൊണ്ടുപോവലിൻ്റെയും കഥപറഞ്ഞ ഇന്ത്യയിലെ ആദ്യ നിശബ്ദ ക്രൈം ത്രില്ലർ ആവാം കുലിൻകാന്ത. 2025ൽ ആ സിനിമയ്ക്കും നൂറുവയസ്സ്.

മഹാരാജാവിന് ഒരു അന്തപ്പുരപ്പെണ്ണിനോടുള്ള ഒബ്സെഷൻ പ്രമാദമായൊരു കൊലയിൽ കലാശിച്ചതിൻ്റെ, ബ്രിട്ടീഷ് നിയമങ്ങൾ ഇന്ത്യൻ വനിതകളെ ശാക്തീകരിച്ചതിൻ്റെ, പത്രറിപ്പോർട്ടുകൾ കോടതിനിരീക്ഷണത്തെ ബാധിക്കുമെന്ന വാദങ്ങളുടെ ഒക്കെയും  ഒരു നൂറ്റാണ്ട് തികയുകയാണ് ഈ വർഷം, അതിൻ്റെ പാഠങ്ങളെ സമകാലികബോധവുമായി ചേർത്തുള്ളൊരു സഞ്ചാരമാണ് ഈയെഴുത്ത്. 

ബോംബെ ഹൈക്കോടതിയുടെ രേഖകളിൽ നിന്നും 

1925-ലെ ബാവ്​ല കൊലപാതക കേസിനേക്കാൾ വലിയ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസും ഇന്നത്തെ തലമുറയുടെ ഓർമ്മയിലില്ല. ഒരു പ്രണയകഥയിലെ ഒരേടുപോലെയാണ് ഈ കേസിൻ്റെ വസ്തുതകൾ വായിച്ചെടുക്കാൻ കഴിയുന്നത്. ഡ്രൈവറെയും ക്ലീനറെയും കൂടാതെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും വഹിച്ച  ഒരു കാർ മലബാർ ഹിൽസിൻ്റെ  മുകളിലുള്ള ഹാങ്ങിംഗ് ഗാർഡൻസിലേക്ക് ഓടിച്ചുപോയി. തൊട്ടുപിന്നാലെ ഓടിവന്ന, ആറോ ഏഴോ പുരുഷന്മാരെ ഉൾക്കൊള്ളുന്ന ഒരു ചുവന്ന മാക്സ്വെൽ കാർ ആദ്യത്തെ കാറിൽ മനഃപൂർവ്വം ഇടിച്ചു. രണ്ട് കാറുകളും നിന്നു. ചുവന്ന മാക്സ്വെല്ലിലെ യാത്രക്കാർ പുറത്തേക്ക് ചാടിയിറങ്ങി, മറ്റേ കാറിലുണ്ടായിരുന്ന ഒരു പുരുഷനെയും സ്ത്രീയെയും അസഭ്യം പറഞ്ഞു. ചാടിയിറങ്ങിയ ശേഷം, അവർ ആദ്യത്തെ കാറിനെ ഇരുവശത്തും വളഞ്ഞു, രണ്ടോ മൂന്നോ പുരുഷന്മാർ ഇരുവശത്തും ഫുട്​ബോർഡുകളിൽ കയറി. ആദ്യത്തെ കാർ ബോംബെയിലെ ഒരു ധനികനായ ബിസിനസുകാരനായ അബ്ദുൾ കാദർ ബാവ്​ലയുടേതായിരുന്നു. കൂടെയുള്ള പുരുഷൻ മാനേജർ മാത്യു. 

ബാവ്​ലയുടെ കൂടെ കാറിലുണ്ടായിരുന്ന സ്ത്രീ മുംതാസ് ബീഗം എന്ന സുന്ദരിയായ മുസ്ലീം നർത്തകിയായിരുന്നു. 1925 ജനുവരി 12-ലെ സംഭവത്തിന് കുറച്ചു കാലം മുമ്പ് വരെ, ഏകദേശം 10 വർഷക്കാലം, ഇൻഡോർ മഹാരാജാവിൻ്റെ സംരക്ഷണത്തിലായിരുന്നു  അവൾ. അവരുടെ കഥയനുസരിച്ച്, അന്തഃപുരത്തിലെ ജീവിതം അവൾക്ക് മടുത്തിരുന്നു, ഏതാനും മാസങ്ങൾക്ക് മുമ്പ് ആ കാഞ്ചനക്കൂട്ടിൽ നിന്നും  രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞു. ഡൽഹി, നാഗ്പൂർ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ വിവിധ താമസങ്ങൾക്ക് ശേഷം, ഒടുവിൽ അബ്ദുൾ കാദർ ബാവ്​ലയിൽ അഭയവും ഒരു അനൗദ്യോഗിക ഭർത്താവിനെയും  അവൾ കണ്ടെത്തി. കൊലപാതക സമയത്ത്, ബാവ്​ല അവളെ തൻ്റെ രഹസ്യപങ്കാളിയായി കൂടെ താമസിപ്പിക്കുകയായിരുന്നു.   പെൺകുട്ടിയുടെ ഈ ഒളിച്ചോട്ടം ഇൻഡോറിലെ ഉന്നതരിൽ കടുത്ത നീരസത്തിന് കാരണമായി, അതവളുടെ മുൻ രാജകീയ രക്ഷാധികാരിയുടെ അന്തസ്സിന് അപമാനമായി. കേസിലെ തെളിവുകളിൽ നിന്ന്, ദർബാറിൻ്റെ അന്തസ്സിന് നേരെയുള്ള ഈ അവഹേളനത്തിന് പ്രതികാരം ചെയ്യാനും, സാധ്യമെങ്കിൽ ഇൻഡോറിലെ ഒളിച്ചോടിയ ഹെലനെ തിരികെ എത്തിക്കുവാനും അവളെ ശിക്ഷിക്കുവാനുമായി  ഒരു ഗൂഢാലോചന നടന്നത് വ്യക്തമാണ്. ബോംബെയിൽ അവളുടെ സ്ഥലങ്ങളും നീക്കങ്ങളും അവർ കണ്ടെത്തി. ഒരു രാജകുടുംബത്തിൻ്റെ സ്വകാര്യതയിൽ ഭാഗമായ ചലമിഴിയാളെ,  ചഞ്ചലചിത്തയായി ഒളിച്ചോടിയവളെ, അവളുടെ ഇപ്പോഴത്തെ സംരക്ഷകനെയും അവിസ്മരണീയമായ ഒരുപാഠം പഠിപ്പിക്കാൻ വൻഗൂഢാലോചനയാണ് നടന്നത്. അക്രമണം മുംതാസിനെ മുഖത്തെ ഭാഗികമായി വികൃതമാക്കി. ഗുരുതരമായി വെടിയേറ്റ ബാവ്​ല താമസിയാതെ മരിച്ചു. 

ഭാഗ്യമെന്നോണം,  ഭീകരമായ അക്രമം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ, പിന്നിൽ നിന്ന് മറ്റൊരു കാർ പാഞ്ഞുവന്നു. വെടിയൊച്ചയും സ്ത്രീയുടെ നിലവിളിയും സഹായത്തിനായുള്ള നിലവിളിയും കേട്ട് ആ കാർ യാത്രികർ ചാടിയിറങ്ങി, അവരെ രക്ഷിക്കാൻ പാഞ്ഞുചെന്നു. ആ കാറിൽ മൂന്ന് ഇംഗ്ലീഷുകാർ ഉണ്ടായിരുന്നു, എല്ലാവരും സൈനിക ഓഫീസർമാർ: കാർ ഓടിച്ചിരുന്ന ലെഫ്റ്റനൻ്റ് സെയ്ഗെർട്ട്, അദ്ദേഹത്തിൻ്റെ അരികിൽ സൈനിക സഖാക്കളായ ലെഫ്റ്റനൻ്റ് ബാറ്റ്ലിയും ലെഫ്റ്റനൻ്റ് സ്റ്റീഫനും. സെയ്ഗെർട്ട് ഉടൻ തന്നെ സംഘർഷത്തിനിടയിലേക്ക് എടുത്തുചാടി അക്രമികളുമായി ഏറ്റുമുട്ടി, പെൺകുട്ടിയെ അക്രമികളുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിൽ വിജയിച്ചെങ്കിലും ഒന്നിലധികം വെടിയുണ്ടകൾ ശരീരത്തിൽ  പതിക്കുകയും, ദേഹത്ത് മൂന്നോ നാലോ സ്ഥലങ്ങളിൽ പരിക്കേൽക്കുകയും ചെയ്തെങ്കിലും, മുംതാസിനെ സ്വന്തം കാറിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തൻ്റെ സഖാക്കളുടെ സഹായത്തോടെ, സെയ്ഗെർട്ട് രണ്ടോ മൂന്നോ അക്രമികളെ കീഴടക്കി, അവരുടെ കൈകളിൽ നിന്ന് കൊലനടത്തിയ ആയുധങ്ങൾ തട്ടിയെടുത്തു. താമസിയാതെ മറ്റൊരു ഇംഗ്ലീഷ് സൈനിക ഉദ്യോഗസ്ഥനായ കേണൽ വിക്കറിയുടെ സഹായത്തോടെ, ധീരരായ സൈനികർ അക്രമികളിൽ ഒന്നോ രണ്ടോ പേരെ പിടികൂടി, അവരെ വൈകാതെ സ്ഥലത്തെത്തിയ പോലീസിന് കൈമാറി. ഏറ്റുമുട്ടലിനിടെ ലെഫ്റ്റനൻ്റ് സെയ്ഗെർട്ടിന് വെടിയേറ്റതിനു പുറമേ, തോളിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയ ഒരു കത്തിയാക്രമണത്തെയും നേരിടേണ്ടിവന്നു.  ആക്രമണത്തിനും പ്രതിരോധത്തിനും ലെഫ്റ്റനൻ്റ് സെയ്ഗെർട്ട് ഉപയോഗിച്ചിരുന്ന ഒരു ഗോൾഫ് സ്റ്റിക്ക് കൊണ്ടാണ് അക്രമികളിൽ ചിലർക്ക് പരിക്കേറ്റത്.

ഈ ധീരരായ സൈനികർ സമയോചിതമായി സ്ഥലത്തെത്തിയിരുന്നെങ്കിൽ, ആ സംഘം പെൺകുട്ടിയെ ഇൻഡോറിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമായിരുന്നു എന്നതിൽ സംശയമില്ല. സൈനികർ സംഭവസ്ഥലത്തെത്തിയത് ആകസ്മികമായാണ്,  ദൈവാധീനവും. വില്ലിംഗ്ഡൺ ക്ലബ്ബിൽ ഗോൾഫ് കളിക്കാൻ പോയ അവർ കൊളാബയിലെ അവരുടെ ബാരക്കിലേക്ക് മടങ്ങുകയായിരുന്നു. കെമ്പ്സ് കോർണറിൽ വഴിതെറ്റിയ ലെഫ്റ്റനൻ്റ് സെഗെർട്ട്, ലോവർ ഹ്യൂസ് റോഡിലൂടെ പോകുന്നതിനുപകരം അബദ്ധത്തിൽ മുകളിലെ ഗിബ്സ് റോഡിലൂടെ സഞ്ചരിച്ച് ആകസ്മികമായി കൃത്യസമയത്ത് കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു. 

ഈ സാഹചര്യത്തിൽ, 1925 മെയ് മാസത്തിൽ ബോംബെ ഹൈക്കോടതിയുടെ ക്രിമിനൽ സെഷൻസിന് മുമ്പാകെ ഒമ്പത് പുരുഷന്മാരെ വിചാരണയ്ക്കായി ഹാജരാക്കി. മുംതാസ് ബീഗത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ അംഗങ്ങളാണെന്ന് അവർക്കെതിരെ കുറ്റം ചുമത്തി, തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ അവർക്ക് ഗുരുതരമായി പരിക്കേറ്റതിനും, ബാവ്​ലയെ കൊലപ്പെടുത്തിയതിനും അവർക്കെതിരെ കുറ്റം ചുമത്തി. ജസ്റ്റിസ് ക്രംപിൻ്റെയും ഒരു പ്രത്യേക ജൂറിയുടെയും മുമ്പാകെയാണ് അവരെ വിചാരണ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ജെ.ബി. കംഗയും കെന്നത്ത് കെമ്പും ഹാജരായി. കൽക്കട്ട ബാറിലെ ജെ.എം. സെൻ ഗുപ്ത, എസ്.ജി. വെലിങ്കർ, ജിന്ന എന്നിവർ പ്രതികൾക്കുവേണ്ടി വാദിച്ചു. 

നാടകത്തിൻ്റെ ദൃക്​സാക്ഷികൾ എന്നതിലുപരി, സംഭവത്തിൽ പങ്കാളികളായ മൂന്ന് സൈനിക ഉദ്യോഗസ്ഥരായിരുന്നു പ്രോസിക്യൂഷൻ്റെ പ്രധാന സാക്ഷികൾ. ഗൂഢാലോചനയുടെ വികാസത്തെയും വിവിധഘട്ടങ്ങളെയും അത് നടപ്പിലാക്കുന്നതിൽ കുറ്റാരോപിതരായ ഓരോ വ്യക്തിയും വഹിച്ച പങ്കിനെയും തെളിയിക്കാൻ ചില രേഖകൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി തെളിവുകൾ ഉണ്ടായിരുന്നു. സാധാരണയായി, പതിനഞ്ചോ ഇരുപതോ പേർ സജീവമായി പങ്കെടുക്കുന്ന ഒരു സങ്കീർണ്ണമായ നാടകം ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കപ്പെടുമ്പോൾ, ദൃക്​സാക്ഷികൾക്കും അഭിനേതാക്കൾക്കും പോലും പിന്നീട് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തവും ബന്ധിതവുമായ ഒരു വിവരണം നൽകുന്നത് അത്ര എളുപ്പമല്ല. വ്യത്യസ്ത സാക്ഷികളുടെ മൊഴികളിൽ വ്യക്തമായ പൊരുത്തക്കേടുകൾ ഉണ്ടാകും, കൂടാതെ അത്തരം കേസുകളിൽ ജൂറിക്ക് ചിലപ്പോൾ കുറ്റകൃത്യത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സാഹചര്യം ഉണ്ടാകും. ഇവിടെയും സൈനികർ ഒരു പ്രധാന പങ്ക് വഹിച്ചു. നിരവധി ആളുകൾ ഉൾപ്പെട്ട ഒരു സംഘർഷത്തിൻ്റെ  നടുവിൽ, ശാന്തമായ മനസ്സും, കർമ്മനിരതമായ കൈയ്യും നിരീക്ഷണപാടവവും നിലനിർത്താൻ അവരുടെ സൈനിക പരിശീലനം അവരെ പഠിപ്പിച്ചതാവണം. ഒമ്പത് പ്രതികളിൽ ആറ് പേർക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ ലെഫ്റ്റനൻ്റ് സെയ്ഗെർട്ട്, ബാറ്റ്​ലി, സ്റ്റീഫൻ എന്നിവരുടെയും ഒരു പരിധിവരെ കേണൽ വിക്കറിയുടെയും മൊഴികൾ വളരെയധികം സഹായിച്ചു; അവർ കൃത്യമായി ശിക്ഷിക്കപ്പെട്ടു എന്നതിൽ സംശയമില്ല. ഈ തെളിവുകളുടെയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളുടെയും മുന്നിൽ, പ്രതിഭാഗത്തിന് ആദ്യം മുതൽ തന്നെ പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഒരു ദൗത്യമായിരുന്നു. അവർക്ക് വിശ്വസനീയമായ ഒരു വാദം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ബാവ്​ല ഒരു പിസ്റ്റൾ കൈവശം വച്ചിരുന്നു, സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു എന്ന അവ്യക്തമായ സൂചനയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. റിവോൾവർ സൂക്ഷിക്കാൻ ബാവ്​ലയ്ക്ക് നിസ്സംശയമായും ലൈസൻസ് ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു റിവോൾവർ ഹാജരാക്കിയെങ്കിലും സംഭവ സമയത്ത് അദ്ദേഹം ഏതെങ്കിലും പിസ്റ്റളോ റിവോൾവറോ കൈവശം വച്ചിരുന്നതായി തെളിവില്ല. കൂടാതെ, ആ ദൗർഭാഗ്യവാൻ്റെ ശരീരത്തിൽ നിന്ന് പുറത്തെടുത്ത വെടിയുണ്ടകളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റ് വെടിയുണ്ടകളും ലെഫ്റ്റനൻ്റ് സെഗെർട്ടിൻ്റെ ദേഹത്തു  തറഞ്ഞ വെടിയുണ്ടകളും ചേർന്നപ്പോൾ ബവ്​ലയുടെ റിവോൾവറിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് വ്യക്തമായി. അക്രമികളിൽ നിന്ന് പിടിച്ചെടുത്ത രണ്ട് പിസ്റ്റളുകളിൽ നിന്നാണ് വെടിയുതിർന്നത്.

മുംതാസിനെ സംബന്ധിച്ചിടത്തോളം, അവൾ ഇൻഡോറിലേക്ക് പോകാൻ തയ്യാറാണെന്നും  ബവ്​ല ഇടപെട്ട് അവളെ തടയുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.  ഇതും ദുർബ്ബലവും ദയനീയവുമായൊരു അപേക്ഷയായിരുന്നു.  മറ്റെന്തെങ്കിലും കൂടാതെ, അവളുടെ ഭ്രാന്തമായ നിലവിളികളും സഹായത്തിനായുള്ള മുറവിളികളും  അവളുടെ മുഖത്തേറ്റ മുറിവുകളും ആ വാദത്തെ  പൂർണ്ണമായും ഖണ്ഡിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ്, മുംതാസ് ബീഗം തന്നോട് ഉപദേശം  തേടിയിരുന്നുവെന്ന് അക്കാലത്തെ അറിയപ്പെടുന്ന ഒരു ക്രിമിനൽ അഭിഭാഷകൻ ശ്രീ. നരിമാൻ്റെ തെളിവുകൾ കൂടിയുണ്ട്. "ഇൻഡോറിലേക്ക് മടങ്ങിപ്പോകുന്നതിനേക്കാൾ ഭേദം  കടലിൽ ചാടിമരിക്കലാണെന്ന്" അവൾ അദ്ദേഹത്തോട്  പറഞ്ഞിരുന്നു.

പ്രോസിക്യൂഷൻ നയിച്ച വ്യക്തവും നേരിട്ടുള്ളതും കുറ്റമറ്റതുമായ തെളിവുകൾക്ക് പുറമേ, ജസ്റ്റിസ് ക്രമ്പിൻ്റെ സമർത്ഥമായ സംഗ്രഹം കുറ്റകൃത്യത്തെക്കുറിച്ചും കേസിൻ്റെ നിയമപരമായ വശങ്ങളെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്തുന്നതിൽ ജൂറിയെ സഹായിച്ചു. ബോംബെ ഹൈക്കോടതിയുടെ ചരിത്രത്തിൽ തന്നെ ഈ സംഗ്രഹത്തിന്  ഏറെ പ്രാധാന്യമുണ്ട്. തീർച്ചയായും അതൊരു മാതൃകാ കുറ്റപത്രമായിരുന്നു, അതിൻ്റെ  വ്യക്തത, കൃത്യത, പൂർണ്ണത, ആധികാരികത, സത്യസന്ധത എന്നിവ ചീഫ് ജസ്റ്റിസ് സർ നോർമൻ മക്ലിയോഡിൽ  ഏറെ  മതിപ്പുളവാക്കി.  അതിൻ്റെ പകർപ്പുകൾ മൊഫ്യൂസിലെ സെഷൻസ് ജഡ്ജിമാർക്കിടയിൽ വിതരണം ചെയ്യാൻ ഉത്തരവുണ്ടായി. 

ഒന്നാം നമ്പർ പ്രതി ഷാഫി അഹമ്മദ് നബി അഹമ്മദ്, രണ്ടാം നമ്പർ പുഷ്പശീൽ ബൽവന്ത്റാവു പോണ്ടെ, അഞ്ചാം നമ്പർ പ്രതി ഷംറാവു രേവജി ദിഘെ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. മുംതാസിനെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന നടത്തിയതിനും കൊലപാതകത്തിന് പ്രേരണ നൽകിയതിനും   ജൂറി സർദാർ ആനന്ദറാവു ഗംഗാറാം ഫാൻസെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സ്വാഭാവികമായും  അയാൾ വധശിക്ഷയ്ക്ക്  അർഹനാണെങ്കിലും  യഥാർത്ഥ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് അകലെയായിരുന്നു അയാൾ എന്ന വസ്തുത ജഡ്ജി പരിഗണിച്ചു.  പീനൽ കോഡിലെ സെക്ഷൻ 111 പ്രകാരമാണ് കൊലപാതക പ്രേരണയ്ക്ക് അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതനുസരിച്ച്, ഫാൻസയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിയായ ഫാൻസയെ സംബന്ധിച്ച്, അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ജിന്ന കുറഞ്ഞ ശിക്ഷ നൽകണമെന്ന് ശക്തമായി വാദിച്ചു. ജഡ്ജി അനുഭാവം പ്രകടിപ്പിച്ചു, അഡ്വക്കേറ്റ് ജനറലും ഹർജിയെ എതിർത്തില്ല.  എന്നാൽ നിയമത്തിൽ, കൊലപാതകത്തിനോ കൊലപാതക പ്രേരണയ്ക്കോ രണ്ട് ശിക്ഷകൾ മാത്രമേ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളൂ - വധശിക്ഷയോ ജീവപര്യന്തം തടവോ. ആ നിയമാവസ്ഥയിൽ, ജഡ്ജിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളിൽ രണ്ടാം പ്രതി  പുഷ്പശീല്ബൽവന്ത്റാവു പോണ്ടെ വധശിക്ഷ വിധിച്ച ഉടനെ ഭ്രാന്തനായി.  ആ സാഹചര്യത്തിൽ, അദ്ദേഹത്തെ അനിശ്ചിതമായി ശിക്ഷാ കസ്റ്റഡിയിൽ പാർപ്പിച്ചെങ്കിലും മറ്റ് രണ്ട് പ്രതികളായ ഷാഫി അഹമ്മദ് നബി അഹമ്മദ്, ഷംറാവു രേവാജി ദിഘെ എന്നിവരെ തൂക്കിലേറ്റി.

അങ്ങനെ ഈ അസാധാരണമായ കേസ് അവസാനിച്ചു. പക്ഷേ, വിചാരണയുടെ തിരശ്ശീല വീണതിനുശേഷം, കേസിലെ  താൽപ്പര്യവും കുറ്റകൃത്യത്തിൻ്റെയും വിചാരണയുടെയും ഓർമ്മകളും ബോംബെയിൽ വളരെക്കാലം അലയടിച്ചു. കൊടിയ കുറ്റകൃത്യം, ചോര, പ്രണയം, പ്രതികാരം, രക്ഷാപ്രവർത്തനം എല്ലാം ചേരുന്ന  വിചിത്രമായ കഥയിൽ സാമൂഹികരോഗാതുരതയുടെ  അക്ഷയഖനി കണ്ടെത്തിയ  പത്രങ്ങളുടെ അവധാനതയാണ്  പൊതുതാൽപര്യവും പ്രക്ഷോഭവും അണയാതെ  കാത്തത്.

പ്രണയത്തിൻ്റെയും ധീരതയുടെയും  മേമ്പൊടി ചാലിച്ച, പശ്ചാത്തലത്തിൽ ഒരു ഭരണാധികാരിയുടെ കരിനിഴൽ പതിഞ്ഞ  വ്യവഹാര  വാർത്തകളുമായി  ബോംബെ പത്രങ്ങൾ പാറിനടന്നു. 1925 ജനുവരി 12-ലെ സംഭവങ്ങൾക്ക് ശേഷമുള്ള ദിവസങ്ങളോളം, ബോംബെയിൽ രാവിലെയും വൈകുന്നേരവും പത്രങ്ങൾ ബാവ്​ല കേസുമായി നിറഞ്ഞുനിന്നു, എല്ലാത്തരം കഥകളും വിവരിച്ചു, ആ രക്തരൂഷിത നാടകത്തിലെ ദുരന്ത നായികയുടെ ഭാവി സാധ്യതകളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തി. പാവം ബാവ്​ല മരിച്ച് വളരെക്കാലം കഴിഞ്ഞു, അദ്ദേഹത്തിൻ്റെ രണ്ട് കൊലയാളികളെ തൂക്കിലേറ്റി, കൊലയാളികളിൽ ഒരാൾ മാനസികരോഗിയായി ശിക്ഷാ കസ്റ്റഡിയിൽ അനിശ്ചിതമായി അടച്ചിട്ടും, പത്രങ്ങളിലെ കുറ്റാന്വേഷകരും ഫാൻ്റസിപ്രിയരും മുംതാസിനെ പിന്തുടർന്നു, അവളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറി, അവളുടെ നീക്കങ്ങളത്രയും നിരീക്ഷിച്ചു. അത്രയുമാണ് ആധുനിക പത്രപ്രവർത്തനത്തിൻ്റെ ചിരസ്ഥായിയായ, ദുരന്തവുമായ സ്വാധീനശേഷി.

മോഗണറ്റിക് മാര്യേജ് (Morganetic)അഥവാ ഇടംകൈ കല്യാണം 

"മലബാർ ഹിൽ ദുരന്തവുമായി എനിക്ക് ആരോപിക്കപ്പെടുന്ന ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തില്ല എന്ന ധാരണയിൽ ഞാൻ സിംഹാസനം എൻ്റെ മകനായി ഉപേക്ഷിക്കുന്നു" മഹാരാജാവ് ബ്രിട്ടീഷ് സർക്കാരിന് എഴുതി. ആ സ്ഥാനത്യാഗത്തിനുശേഷം, ഒരു അമേരിക്കൻ വനിതയെ മഹാറാണിയാക്കി മഹാരാജാവ് കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ, അവൾ ഹിന്ദുമതം സ്വീകരിച്ചെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കുപ്രസിദ്ധമായ മലബാറിൽ ഹിൽ കൊലപാതകം  ഇന്ത്യയിൽ കുലിൻ കാന്ത എന്ന പേരിൽ സിനിമയായപ്പോൾ, ഹോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ച മുംതാസ് ബീഗം പിന്നീട് അമേരിക്കയിലേക്ക്  പോയെന്ന് ചരിത്രം,  അവിടെനിന്ന് അവൾ വിസ്മൃതിയിലേക്കും.

വിവേകശൂന്യമായ പ്രണയബന്ധങ്ങളുടെയും ലൈംഗിക താൽപര്യങ്ങളുടെയും രാഷ്ട്രീയ അനന്തരഫലങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും, തലയിലെ പരമാധികാരം  അവരെ മുന്നോട്ടുതന്നെ നയിച്ചു.  അടിമപ്പെണ്ണിൽ നിന്നും   സ്വതന്ത്ര വനിതയാവാൻ  ഇന്ത്യൻ സ്ത്രീത്വത്തെ സഹായിച്ചത് ഇന്ത്യയിലെ  സ്ത്രീപുരുഷസമത്വ മുന്നേറ്റങ്ങൾ അല്ല  മറിച്ച് ഉൽപതിഷ്ണുക്കളായ ഏതാനും പേരുടെ പ്രേരണയാൽ  ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന നിയമങ്ങളാണ് എന്ന് കോർട്ലി ഇന്ത്യൻ വിമൻ ഇൻ ലെയ്റ്റ് ഇംപീരിയൽ ഇന്ത്യ എന്ന പുസ്തകത്തിലെ    ട്രബിൾസ് ഇൻ ഇൻഡോർ, ദി മഹാരാജാസ്  വുമൺ: ലവിങ്ങ് ഡേഞ്ചറസ്ലി  എന്ന  അഞ്ചാം അധ്യായത്തിൽ അങ്മ ഡേ ജാല വിശദീകരിക്കുന്നുണ്ട്. 

ഇൻഡോറിൽ നിന്നുള്ള മറ്റൊരു ഭരണാധികാരിയായ യശ്വന്ത് റാവു, മോഗണറ്റിക് നിയമപ്രകാരം രണ്ട് അമേരിക്കൻ വനിതകളെ മഹാറാണിമാരാക്കി വിവാഹം കഴിച്ചു. വ്യത്യസ്ത സാമൂഹിക ശ്രേണികളിൽ ഉള്ള,  പദവികളിൽ ഉള്ള  രണ്ടുപേർ തമ്മിലുള്ള,  ഉയർന്ന ആളുടെ പദവിക്കോ, സ്വത്തിനോ  താഴ്ന്നയാൾക്കും ഭാവിയിൽ  ജനിക്കുന്ന കുട്ടികൾക്കും അവകാശം ഇല്ലാത്ത വിവാഹമാണ്  മോഗണറ്റിക്. ഇവിടെ മഹാരാജാവായ ഒരാളും അമേരിക്കക്കാരികളായ  രണ്ടു വനിതകളും തമ്മിലുള്ള മോഗണറ്റിക്ക് വിവാഹമാണ്  നടന്നതെങ്കിലും  അത് പിന്തുടർച്ചാവകാശത്തിൽ ഒരു മാറ്റത്തിന് കാരണമായി.  പുരുഷ പിൻഗാമികൾക്ക് പകരം അദ്ദേഹത്തിൻ്റെ മകളെ രാജ്യാവകാശിയാക്കി, ഇത് രാജ്യത്തിൻ്റെ ഭാവിയെ സാരമായി ബാധിച്ചു. മഹാരാജാക്കളുടെ  വഴിവിട്ട ബന്ധങ്ങളും, പ്രാകൃതാചാരങ്ങളും, പുരുഷാധിപത്യനിയമവ്യവസ്ഥയും ബ്രിട്ടന് കാര്യങ്ങൾ എളുപ്പമാക്കിയതിന്റെ  ഉദാഹരണം കൂടിയാണ്  മലബാർ ഹിൽ ദുരന്തം. 

മുംതാസിൻ്റെ രക്ഷപ്പെടലും ബ്രിട്ടീഷ് ഇടപെടലുകളും

മുംതാസിനോടുള്ള മഹാരാജാവിൻ്റെ  ഭ്രാന്തമായ അഭിനിവേശം വഴിവെച്ചത് അവളിലുള്ള സമ്പൂർണ്ണ നിയന്ത്രണത്തിലേക്കാണ്.  മുംതാസിനെ വ്യക്തിസ്വാതന്ത്ര്യം സമ്പൂർണ്ണമായും ഇല്ലാതായി, നിരന്തരമായ നിരീക്ഷണങ്ങൾ അവർക്കിടയിലെ ബന്ധം വഷളാക്കിയതായി ദ ബവ്​ല മർഡർ കേസ്: ലവ്, ലസ്റ്റ് ആൻഡ് ക്രൈം ഇൻ കൊളോണിയൽ ഇന്ത്യ രചിച്ച  പത്രപ്രവർത്തകനായിരുന്ന ദാവല്കുൽക്കർണി.  

"ഞാൻ നിരീക്ഷണത്തിലായിരുന്നു. സന്ദർശകരെയും എൻ്റെ ബന്ധുക്കളെയും കാണാൻ എന്നെ അനുവദിച്ചിരുന്നു, പക്ഷേ ആരെങ്കിലും എപ്പോഴും എന്നെ അനുഗമിച്ചിരുന്നു," മുംതാസ് ബീഗം കോടതിയിൽ മൊഴി നൽകി. ഇൻഡോറിൽ, അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി,   കുഞ്ഞ് താമസിയാതെ മരിച്ചു. "എൻ്റെ കുഞ്ഞ് ജനിച്ചതിന് ശേഷം, ജനിച്ച പെൺകുഞ്ഞിനെ നഴ്​സുമാർ കൊന്നതിനാൽ ഇൻഡോറിൽ താമസിക്കാൻ ഞാൻ തയ്യാറായില്ല," മുംതാസ് ബീഗം കോടതിയെ അറിയിച്ചു. മസൂറിയിലേക്കുള്ള യാത്രാമധ്യേ മുംതാസ് അപ്രതീക്ഷിതമായി ഡൽഹിയിൽ ഇറങ്ങി മുംതാസ് അമ്മയുടെ ജന്മസ്ഥലമായ അമൃത്സറിലേക്ക് രക്ഷപ്പെടുകയായിരുന്നു, പക്ഷേ  വേട്ടയാടലുകൾ  തുടർക്കഥകളായി. 

ഭാൻപുരയ്ക്കും ഡൽഹിക്കും ഇടയിലെ ട്രെയിനിൽ വച്ച്  ഡൽഹിയിലെ പോലീസ് കമ്മീഷണർക്കും വൈസ്രോയിക്കും സഹായം തേടി മുംതാസ് എഴുതി. മനുഷ്യത്വരഹിതമായ ആചാരങ്ങൾ, ലൈംഗികവൈകൃതങ്ങൾ ഒക്കെയും നടമാടുന്ന ഒരു പുരാതന സ്ഥാപനമായി കൊട്ടാരത്തെ ആ പരാതിയിൽ മുംതാസ് ചിത്രീകരിച്ചു, ഭ്രാന്തമായ കുറ്റകൃത്യങ്ങളുടെ ഇരയാണ് താനെന്ന്  കൃത്യവും സത്യവുമായി സ്ഥാപിച്ചു. ഒരു കിഴക്കൻ മഹാരാജാവിൻ്റെ  ദയവിൽ കഴിയുന്ന കിഴക്കിൻ്റെ തന്നെ മകളായ തൻ്റെ ഏക വിമോചനപ്രതീക്ഷ ഇനി പടിഞ്ഞാറുനിന്നുള്ള  രക്ഷകരിലാണെന്ന് മുംതാസ് വ്യക്തമാക്കി. 

മഹാരാജാവ് കരഞ്ഞുകൊണ്ട് അവളോട് മടങ്ങിവരാൻ അപേക്ഷിച്ചതായി മുംതാസിൻ്റെ രണ്ടാനച്ചൻ കോടതിയിൽ  മൊഴി കൊടുത്തിരുന്നു.  ആഭ്യർത്ഥന നിരസിച്ച  മുംതാസ്  പിന്നീട് ബോംബെയിലേക്ക്   മാറുകയായിരുന്നെങ്കിലിം  മഹാരാജാവിൻ്റെ നിരീക്ഷണ റഡാറിൽ നിന്നും മാറാനായില്ല. കൊലപാതകത്തെ പ്രതി മാധ്യമങ്ങളുടെ   ഊഹങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു വിചാരണ. മുംതാസ് ബീഗത്തിന് അഭയം നൽകുന്നത് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മഹാരാജാസിൻ്റെ പ്രതിനിധികൾ ബാവ്​ലയെ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹം മുന്നറിയിപ്പുകൾ അവഗണിച്ചു.

സർക്കാരിന് വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടി വന്നു. ആധുനിക ഗുജറാത്തിൽ വേരുകളുള്ള സമ്പന്ന മുസ്ലീം സമുദായം, മേമൻ കുടുംബാംഗമായ ബാവ്​ലയുടെ കൊലപാതകം  സർക്കാരിന് കീറാമുട്ടിയായി. ഇന്ത്യൻ നിയമനിർമ്മാതാക്കൾ ബ്രിട്ടീഷ് ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ ഉപരിസഭയിൽ ഉത്തരം ആവശ്യപ്പെടുകയും കേസ് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ പോലും ചർച്ച ചെയ്യുകയും ചെയ്തു. അന്വേഷണം മന്ദഗതിയിലാകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ അന്നത്തെ പോലീസ് കമ്മീഷണർ കെല്ലി  രാജി ഭീഷണി  മുഴക്കി അതിനെ മറികടക്കുകയായിരുന്നു. 

കോടതി മൂന്ന് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് ജീവപര്യന്തവും വിധിച്ചു. ഒടുവിൽ "കൊലപാതകത്തിന് പിന്നിൽ പ്രവത്തിച്ചവർ ഉണ്ടായിരുന്നു, അതാരെന്ന് പക്ഷേ ഞങ്ങൾക്ക് കൃത്യമായി പറയാൻ കഴിയില്ല" എന്ന് വിചാരണയ്ക്ക് നേതൃത്വം നൽകിയ ജസ്റ്റിസ് എൽസി ക്രമ്പ് അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു ദശാബ്ദമായി ഇൻഡോർ മഹാരാജാവിൻ്റെ  സ്വകാര്യലൈംഗികപങ്കാളിയായിരുന്ന  ഒരു വനിതയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാൽ, സംശയത്തിൻ്റെ മുന ഇൻഡോറിലേക്ക് നീളുന്നത്  തീർത്തും  യുക്തിരഹിതമല്ല  എന്നുകൂടി ജഡ്ജി  നിരീക്ഷിച്ചു.  ഒടുവിൽ  ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സർക്കാർ മഹാരാജാവിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഘട്ടത്തിൽ മഹാരാജാവ് സ്ഥാനത്യാഗം ചെയ്യാൻ തയ്യാറാവുകയായിരുന്നു. 

മലബാർ ഹിൽ കൊലയുടെ നൂറാംവർഷം  മലബാറിൽ മുംതാസിന്റെ സമകാലിക പ്രസക്തി

അന്തപ്പുരസ്ത്രീകൾ കർശനമായ സാമൂഹികവും സാംസ്കാരികവുമായ നിയന്ത്രണങ്ങൾക്ക് വിധേയരായിരുന്നു. പരമമായ പാരതന്ത്ര്യത്തിൻ്റെ കൊട്ടാരക്കൂട്ടിലകപ്പെട്ട, പൊതുജീവിതത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ട അവരുടെ ദൗത്യം  രാജാവിൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങുക മാത്രമായിരുന്നു.  സ്വകാര്യജീവിതം, സ്വാതന്ത്ര്യവും പാടെ നഷ്ടമായ, മതിയായ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത, മഹാരാജാവിൻ്റെ കാമപൂരണത്തിന്  പാത്രമാവുന്നതല്ലാതെ മറ്റൊരു തൊഴിലും പരിചയമില്ലാത്ത സമ്പൂർണ അടിമപ്പെണ്ണിൽ ഒരാൾ തന്നെയായിരുന്നു മുംതാസും. നിശ്ശബ്ദരായി, വിനീതവിധേയരായി, രാജാവിന് വഴങ്ങുവാൻ വിധിക്കപ്പെട്ടൊരു പെണ്ണിൻ്റെ അന്തപ്പുരത്തിൽ നിന്നുള്ള രക്ഷപ്പെടൽ ഊഹിക്കാൻ പോലും അസാധ്യമായ ഒരു കാലത്ത് അതു ചെയ്യാനായതും, വിചാരണചെയ്ത് ശിക്ഷിപ്പിക്കാൻ ആയില്ലെങ്കിൽ കൂടിയും  മഹാരാജാവിനെ സ്ഥാനത്യാഗം ചെയ്യിപ്പിക്കാൻ കഴിഞ്ഞതും  മുംതാസിൻ്റെ നേട്ടമാണ്. അതിന് ഏറെ സഹായകമായത് അന്നത്തെ ആംഗ്ലോ-ഇന്ത്യൻ നിയമവ്യവസ്ഥയാണ്.  ബാവ്ലയുടെ കൊലപാതകത്തിന് തെളിവുകളായത്  യാദൃച്ഛികമായി വഴിതെറ്റിയെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരാണ്,   രാജഭരണത്തെ അപേക്ഷിച്ച് താരതമ്യേന പുരോഗമനപരമായ ആംഗ്ലോ-ഇന്ത്യൻ രീതികൾ കാരണമാണ്. അല്ലായിരുന്നെങ്കിൽ അന്ന്,  1925ൽ  കോടീശ്വരനായിരുന്ന  ബാവ്ലയെ ഇൻഡോറിൽ നിന്നെത്തി ബോംബെയിൽ കൊലപ്പെടുത്തിയവർ മുംതാസിനെ തട്ടിക്കൊണ്ടുപോയി മഹാരാജാവിന് കാഴ്ചവെയ്ക്കുമായിരുന്നു. ഈ ലോകത്ത് ഒന്നും സംഭവിക്കുമായിരുന്നില്ല. 

ജാതിശ്രേണിബദ്ധമായ,  തുല്യതാബോധം  ലവലേശം ഇല്ലാത്ത,  സ്ത്രീ-പുരുഷ  തുല്യതയില്ലാതിരുന്ന  ഹിന്ദു നിയമങ്ങളെ അപേക്ഷിച്ച്  ബ്രിട്ടീഷ് കോടതികൾ വ്യക്തികളുടെ തുല്യത ഉയത്തിപ്പിടിച്ചു. ആണിനും പെണ്ണിനും വ്യത്യസ്ത ജാതികൾക്കും വേറിട്ട നിയമങ്ങളുണ്ടായിരുന്നില്ല. അത് മുംതാസിന്, മഹാരാജാവിൻ്റെ വെപ്പാട്ടിക്ക് മഹാരാജാവിനോട് ഏറ്റുമുട്ടുവാനുള്ള കരുത്തു നല്കി. നമുക്ക് സന്ന്യാസം തന്നത് അവരെന്ന ഗുരുവചനം പോലെ സത്യമാണ് പെണ്ണിന് സ്വാതന്ത്ര്യം നല്കിയതും ബ്രിട്ടീഷ് നിയമങ്ങളാണ്. സതി നിരോധിക്കാൻ വേണ്ടിയായിരുന്നില്ല, ഏറെപ്പേർ സതി നിരോധിച്ചതിന് എതിരെയായിരുന്നു. സതിക്കുവേണ്ടി വാദിക്കാൻ ഓർത്തഡോക്സ് ബംഗാളി ബ്രാഹ്മണർ ധർമ്മസഭ രൂപീകരിച്ചു, അവർ മൊത്തത്തിൽ സതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിനായി അന്നു വൻതുകയായ 30,000 രൂപയിൽ കൂടുതൽ നിഷ്പ്രയാസം പിരിച്ചെടുത്തപ്പോൾ , ഇംഗ്ലണ്ടിലെ പ്രിവി കൗൺസിലിന് മുമ്പാകെ ഹാജരായി സതിക്കെതിരെ വാദിക്കാൻ രാജാ റാം മോഹൻ റോയിക്ക് കിട്ടിയത് 5000 രൂപയായിരുന്നു. 

ഇന്ത്യൻ സ്ത്രീകൾ സ്വന്തം രാജ്യത്തിൻ്റെ 'പിന്നോക്കാവസ്ഥ'യെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പലരും വാദിച്ചിരുന്നു. 1872 ലെ ഇന്ത്യയിലെ സെൻസസ് റിപ്പോർട്ട് ചെയ്തത്, 'തീർച്ചയായും, അനന്തരാവകാശ നിയമങ്ങൾ ഒഴികെ, മുഹമ്മദീയ സ്ത്രീ അവളുടെ തൊഴിലിലും ജീവിതരീതിയിലും ഹിന്ദുവിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല' എന്നാണ്. മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ പ്രവിശ്യകളിൽ അത് അപൂർവമായിരുന്നുവെന്ന് 1901 ലെ സെൻസസ് തുടർന്നു. 

ഇന്ത്യൻ മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ നൽകുന്ന ഇസ്ലാമിക വ്യക്തിനിയമത്തിൻ്റെ ആധുനിക പുനർവ്യാഖ്യാനത്തിനായി മുസ്ലീം പരിഷ്കർത്താക്കൾ സജീവമായി വാദിച്ചു. ഐറിഷ് ഇന്ത്യൻ  എജുക്കേഷനിസ്റ്റും വോട്ടവകാശ പ്രക്ഷോഭകയും തിയോസഫിസ്റ്റുമായ മാർഗരറ്റ് കസിൻസ് 1926ൽ ഡൽഹി ആസ്ഥാനമായി സ്ഥാപിച്ചതാണ്  ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് (എ​ഐ​ഡബ്ല്യുസി). സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലക്ഷ്യമാക്കിയ  സംഘടന സ്ത്രീകളുടെ മറ്റു അവകാശങ്ങൾ   നേടിയെടുക്കാനുള്ള    ശ്രമങ്ങളിലും മുഴുകി. രാജ്യത്തുടനീളം ശാഖകളുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദേശീയ വനിതാ അവകാശ സംഘടനയാണിത്, ഇന്റർനാഷണൽ അലയൻസ് ഓഫ് വിമൻ അംഗവും.

1932-ൽ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ്  നേതാവായ ശ്രീമതി ഷെരീഫ ഹമീദ് അലി, മുസ്ലീം നിയമം പുനഃസ്ഥാപിക്കണമെന്ന് വാദിച്ചു, അത് തുടർന്നുവരുന്ന ആചാരങ്ങളേക്കാൾ കൂടുതൽ നീതിയുക്തമായിരുന്നു എന്നും. ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ പദവിയും റോളും മറ്റ് സമുദായങ്ങളിലെ സ്ത്രീകളുടേതിൽ  നിന്നും കാര്യമായി വേർതിരിച്ചറിയാൻ കഴിഞ്ഞില്ല, പ്രദേശം, വർഗം, ജാതി എന്നിവയുടെ സ്വാധീനം മതത്തേക്കാൾ ഏറെയായിരുന്നു.  എളുപ്പം ഇതു മനസ്സിലാക്കാൻ നമുക്ക് കേരളത്തിൻ്റെ ഉദാഹരണം എടുക്കാം, ബഹുഭാര്യാത്വം ഇസ്ലാം അനുവദിക്കുന്നുണ്ട് എങ്കിലും കേരളത്തിലെ മുസ്ലീം പുരുഷന്മാർ അതേറ്റെടുക്കുന്നില്ല, കാരണം അതുതന്നെയാണ് സാമൂഹികമായി രീതികൾ. പലമതസമൂഹങ്ങൾ ജീവിക്കുന്നിടത്ത് പൊതുസമൂഹത്തിൻ്റെ ആചാരങ്ങളെ സ്വാംശീകരിക്കുക പതിവാണ്.  ഇസ്ലാം കൂടുതൽ സ്വത്വബോധത്തിലേക്ക്, ഇസ്ലാമിക ലോകത്തിലേക്ക്  വിശ്വാസികളെ നയിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും സമൂഹത്തിൽ ഒറ്റപ്പെടുകയാണ് ചെയ്യുക. കാരണം ബഹുസ്വരതയുടേതാണ് പൊതുസമൂഹം.  

ഇന്ത്യയിലെ മുസ്ലീം സ്ത്രീകളും ഇന്ത്യൻ വനിതാ പ്രസ്ഥാനത്തിലെ അംഗങ്ങളും മതനിയമത്തെക്കുറിച്ചുള്ള ചർച്ചകളിൽ, പ്രത്യേകിച്ച് പർദ സമ്പ്രദായത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളായി. 1920-കളിലെ വനിതാപ്രസ്ഥാനത്തിൻ്റെ ഉദയം 1900-ത്തിനുശേഷം പർദയ്ക്കെതിരായ,  പർദവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് അനുകൂലമായ സംവാദങ്ങൾ അഴിച്ചുവിട്ടു. യൂറോപ്യൻ വനിതാ വോട്ടവകാശ പ്രസ്ഥാനം ബ്രിട്ടീഷ് വനിതാ പാർലമെൻ്റ് അംഗങ്ങളുടെ പിന്തുണ ഇന്ത്യൻ വനിതാ പ്രസ്ഥാനത്തിന് നൽകി, അങ്ങനെ ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു. 1921-ൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ സംസ്ഥാനം മദ്രാസ് ആയിരുന്നു; 1920-ൽ വോട്ടവകാശം നൽകിയ ആദ്യത്തെ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ. 

മലബാർ ഹിൽ കൊലപാതക കേസിൽ മുംതാസ് ബീഗത്തിൻ്റെ വിചാരണാ തെളിവുകൾ കൊളോണിയൽ നിയമ കോടതികൾ, ഒരു പുരുഷാധിപത്യ രാഷ്ട്രീയ വരേണ്യവർഗത്തിനെതിരെ തെളിവ് നൽകാൻ ഒരു സ്ത്രീയെ പ്രാപ്തമാക്കിയതിൻ്റെ തെളിവുകൾ കൂടിയാണ്. 1920 കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെയും നാട്ടുരാജ്യങ്ങളിലെയും പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതോടെ, സ്ത്രീകളുടെ വിദ്യാഭ്യാസം, പർദ, കുടുംബ നിയമം എന്നിവയെക്കുറിച്ചുള്ള സജീവമായ സംവാദങ്ങൾ നടന്നു.  ഈ കേസ് അക്കാലത്തെ ലോകശ്രദ്ധ പിടിച്ചുപറ്റിയത് അതുകൊണ്ടൊക്കെയുമാണ്. ആംഗ്ലോ-ഇന്ത്യൻ  നിയമത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വന്തം  ഗതിയും വിധിയും  മാറ്റിമറിച്ച്,  തന്നെപ്പോലുള്ളവരുടെ  ഭാവി  പ്രതീക്ഷാനിർഭരമാക്കുവാനുള്ള  പ്രേരണ  പൊതുസമൂഹത്തിന്  നൽകിയതാണ് മുംതാസ് ബീഗത്തിൻ്റെ പ്രസക്തി.

അവരുടെ വിചാരണ തെളിവുകൾ തുറന്നുകാട്ടിയത് അധഃപതിച്ച രാജകുടുംബത്തെയും അതിൻ്റെ ലൈംഗിക അതിക്രമങ്ങളെയുമാണ്. പർദ, ബഹുഭാര്യത്വം, ബാലവേശ്യാവൃത്തി, ശൈശവ വിവാഹം, പെൺകുട്ടികളുടെ നിരക്ഷരത, കൊട്ടാര ജീവിതത്തിലെ പഴഞ്ചൻ, കാലഹരണപ്പെട്ട ആചാരങ്ങൾ ഒക്കെയും സംവാദങ്ങളിലെ വിഷയമായി. ബ്രിട്ടീഷുകാർ അതിലൊക്കെയും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുക സ്വാഭാവികവുമാണ്.  

നൂറുവർഷം മുന്നേ ഇന്ത്യൻ സ്ത്രീകൾ നേടിയെടുത്ത അവകാശത്തെ, ശേഷം നൂറ്റാണ്ടിൻ്റെ സാമൂഹികസാംസ്കാരിക വിനിമയങ്ങളെ, മുന്നേറ്റത്തെയാണ് ഇന്ന് പണ്ഡിതരെന്നു പറയുന്നവർ അപഹസിക്കുന്നത്. നൂറ്റാണ്ടുകൾ പിന്നോട്ടേക്ക്, തങ്ങൾക്ക് പ്രിയമായ ഇരുണ്ടയുഗത്തിലേക്ക്  സമൂഹം പോവണമെന്ന് പറയാതെ പറയുകയാണവർ.  തിരിഞ്ഞുനോക്കുമ്പോൾ,  പെണ്ണിന് നിയുക്തമാക്കിയ നിയന്ത്രിത റോളുകളിൽ നിന്ന് മോചനം നേടി, ആത്മാഭിമാനവും സ്വാതന്ത്ര്യവും നേടി വിമോചിതയായ മുംതാസ് ബീഗം  സ്ത്രീ ശാരീരിക സ്വാതന്ത്ര്യത്തെ മാത്രമല്ല, മാനസിക, വൈകാരിക, ബൗദ്ധിക സ്വാതന്ത്ര്യത്തെയും വീണ്ടെടുക്കുകയായിരുന്നു. ആയൊരു വീക്ഷണകോണിൽ ഇരുപതാം നൂറ്റാണ്ടു കണ്ട ഒരു ഫെമിനിസ്റ്റ് ഐക്കണാണ് മുംതാസ്.   ഇരുണ്ടയുഗം സ്വപ്നം കാണുന്നവരെ  കാലികമായ ബോധത്തിലേക്ക് നയിക്കുന്ന  വാക്സിൻ ആവട്ടെ ഹിന്ദുരാജാവിനെ വീഴ്ത്തിയ അന്തപ്പുരസുന്ദരി മുംതാസ്. 

മധുസൂദൻ വി

Reference

  1. https://www.bbc.com/news/articles/c70e0drd480o?utm_source=firefox-newtab-en-intl

  2. https://bombayhighcourt.nic.in/libweb/historicalcases/cases/BAWLA_MURDER_CASE-1925.html 

  3. https://www.cambridge.org/core/books/abs/courtly-indian-women-in-late-imperial-india/troubles-in-indore-the-maharajas-women-loving-dangerously/F7C3A370390C1115CEB053046920BF6F

  4. https://manuspillai.com/2019/08/26/an-abduction-on-malabar-hill-24-august-2019/

  5. Courtly Indian Women in late imperial India, by Angma Dey Jhala

  6. https://en.wikipedia.org/wiki/Shareefa_Hamid_Ali#:~:text=Ali%20was%20a%20prominent%20leader,All%20India%20Women's%20Education%20Association.

  7. https://en.wikipedia.org/wiki/All_India_Women%27s_Conference

  8. https://epgp.inflibnet.ac.in/epgpdata/uploads/epgp_content/women_studies/gender_studies/03._women_and_history/22.1_sati_in_19th_century_india/et/8274_et_et_22.pdf