Showing posts with label അന്ന അഖ്മതോവ. Show all posts
Showing posts with label അന്ന അഖ്മതോവ. Show all posts

Sunday, August 9, 2026

വിലാപകാവ്യത്തിന്റെ ഇപ്പോഴും കത്തുന്ന വിപ്ലവവീര്യം (മാതൃഭൂമി ആഴ്ചപ്പതിപ്പ്)

പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിൽ മാതൃരാജ്യം വിട്ട് സുരക്ഷിതതാവളങ്ങൾ തേടുന്ന സുരക്ഷിതത്വത്തിന്റെ തണലിൽ സ്വന്തം നാടിനെപ്പറ്റി
വ്യാകുലചിത്തരാവുന്ന  എഴുത്താളുകളുടെ ലോകത്ത് തീർത്തും വ്യത്യസ്തയായിരുന്നു അന്ന അഖ്മതോവ (23 ജൂൺ 1889 - 5 മാർച്ച് 1966). പിരിഞ്ഞുപോയെങ്കിലും അന്ന ഏറെ സ്നേഹിച്ചിരുന്ന, തന്റെ ഏകമകന്റെ പിതാവും സഹകവിയും കൂടിയായിരുന്നു നിക്കോളായ് ഗുമില്യോവ്.   1921- വിപ്ലവവിരുദ്ധ കുറ്റം ചുമത്തി സോവിയറ്റ് ഭരണകൂടം അയാളെ വെടിവച്ചുകൊന്നു. അന്നയുടെ ജീവിതത്തിലെ വലിയൊരു ആഘാതമായിരുന്നു അത്, ശേഷം മകൻ ലെവ് ഗുമില്യോവ് പലപ്പോഴായി തടവിലാക്കപ്പെട്ടതും.  സ്വന്തം മാതൃരാജ്യത്തിന്റെ ഉജ്ജ്വലമായ ചരിത്രത്തിന്റെ താളുകളിലെ താളങ്ങളിലായിരുന്നു തന്റെ ജീവിതമെന്നും കാലത്ത് ജീവിക്കുവാനും ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവങ്ങൾക്ക് സാക്ഷിയാകുവാനും കഴിഞ്ഞതിൽ നിറഞ്ഞ സന്തോഷമാണെന്നും അന്ന നിരീക്ഷിച്ചിട്ടുണ്ട്. ആദ്യകാല പ്രണയ, മിസ്റ്റിക് കവിതകളിൽ നിന്നും മാറി മാതൃഭൂമിയോടുള്ള പ്രണയത്തെ വാഴ്ത്തുന്ന ദേശഭക്തി ശൈലിയിലേക്ക് വരുന്ന ഒരു ഘട്ടമുണ്ട്, ഹിറ്റ്ലറുടെ റഷ്യൻ ആക്രമണകാലം. ശേഷം സ്വന്തം ഭാവിനോക്കി റഷ്യ വിട്ടുപോയവരെ ആക്ഷേപിച്ച അന്ന  സ്വന്തം നാട്ടിൽതന്നെ വനവാസത്തിലാവുന്നതും നമ്മൾ കാണുന്നു. നിരോധിക്കപ്പെട്ട കവി എഴുത്താളുകളുടെ യൂണിയനിൽ നിന്ന് പുറത്താക്കപ്പെടുന്നു, റേഷൻ കാർഡ് റദ്ദു ചെയ്യപ്പെടുന്നു,  പട്ടിണിയിലാവുന്നു. സാർ ചക്രവർത്തിയിൽ തുടങ്ങി ലെനിനിലൂടെ ജോസഫ് സ്റ്റാലിനിലൂടെ  മുന്നേറിയ ചരിത്രം നൽകിയ ആഘാതങ്ങളൊക്കെയും ഏറ്റുവാങ്ങിയതാണ് അന്നയുടെ ജീവിതം.  സ്വയം ഒരു ചരിത്രമായി മാറിയ  അന്ന കുറിച്ചിട്ട വരികളിൽ, വരികൾക്കിടയിൽ കുടിയിരിക്കുന്നുണ്ട്  റഷ്യയുടെ ഇരുണ്ട ചരിത്രം. ചരിത്രം പരാജയപ്പെടുന്നിടത്ത് കവിതയും സാഹിത്യവും വിജയിക്കുന്നത് അന്നയിലൂടെ, കവിതകളിലൂടെ നമുക്കു കാണാം.