Tuesday, January 31, 2017

മോദിയും ട്രംപും പിന്നെ ബുദ്ധിജീവജാലങ്ങളും

ഗ്രാസ്‌റൂട്ട് എന്നു പറയുന്ന ആ ലെവലില്‍ നിന്നും കോലുകണക്കിനു മീതെയാണ് നമ്മള്‍ പറയുന്ന ബുദ്ധിജീവികളുടെയും മാധ്യമ രാസാക്കന്‍മാരുടെയും
ഇരിപ്പുവശം. അതു അസ്സലാക്കി മനസ്സിലാക്കിയതാണ് മോദിയുടെയും ട്രംപിന്റെയും വിജയരഹസ്യം. ബജറ്റിനെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം എന്നു കൊട്ടിഘോഷിച്ചാണ് ഹിന്ദു സര്‍വ്വേ വരുന്നത്. ആ ഗ്രാഫ് നോക്കിയാല്‍ മനസ്സിലാവും, ഇന്‍കം ടാക്‌സ് അടക്കുന്ന ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ അഭിപ്രായമാണ് സര്‍വ്വേയില്‍ പ്രതിഫലിച്ചത്.

ഈ സര്‍വ്വേയുടെ പേരു നോക്കിയോ? ജനം എന്താണാഗ്രഹിക്കുന്നത്.  ഇനി താഴോട്ടുവന്നാല്‍ ഈ മഹാജനം ആരൊക്കെയാണെന്നു നമുക്കു മനസ്സിലാവും.

1. ഇന്‍കം ടാക്‌സ് അടക്കുന്നവര്‍ - 64% ആളുകള്‍ ടാക്‌സ് പരിധി കൂട്ടാന്‍.

2. സര്‍വ്വീസ് ടാക്‌സ് അടക്കുന്നവര്‍ - 19.6 ശതമാനം പേര്‍ അതു കുറക്കാന്‍.

3. കാഷ്‌ലെസ് ട്രാന്‍സാക്ഷന്‍ ആളുകള്‍ - 16% പേര്‍ കാഷ്‌ലെസിന് ഇന്‍സെന്റീവ് വേണ്ടവര്‍.

ഇതിലൊന്നും പെടാത്തവരെ ഹിന്ദു മൃഗവകുപ്പിന് കീഴിലാക്കാത്തതു ഭാഗ്യം എന്നേ കരുതേണ്ടൂ.

അതായത് 99 ശതമാനം മാധ്യമങ്ങളുടെ കണ്ണിലില്ല, അവര്‍ ബുദ്ധിജീവികളുടെയും പരിധിക്കു പുറത്താണ്. ഒരു കാലത്തും, ഒരിടത്തും മഹാഭൂരിപക്ഷത്തിനു സ്വന്തമായി നാവുണ്ടായിരുന്നില്ല എന്നതാണ് സത്യം. നാവില്ലാത്തതുകൊണ്ട് തലയുണ്ടാവില്ലെന്നു  കണക്കുകൂട്ടാന്‍ മാത്രം ബുദ്ധിയുള്ളവരായും പോയി നമ്മുടെ പ്രഖ്യാപിത ബുദ്ധിജീവികള്‍.

ഡിമോണിറ്റൈസേഷന്‍ വന്നപ്പോള്‍ ഫാസിസം വരുന്നേയെന്ന് അലറിവിളിച്ച ബുദ്ധിജീവജാലങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മോദി പുല്ലുവില കല്പിച്ചുകൊടുത്തതു നമ്മള്‍ കണ്ടു. കാരണം ഈ പറഞ്ഞതാണ്. മാധ്യമങ്ങളുടെ സപ്പോര്‍ട്ട് ആവശ്യമില്ലാത്ത ഒരു കാലത്തേക്ക് ജനാധിപത്യം കുതിച്ചു എന്നു പറയുമ്പോള്‍ പിശക് മോദിയുടേതല്ല, മറിച്ച് മഹാഭൂരിപക്ഷത്തെ മറന്ന് വയറ്റുപ്പിഴപ്പുകാരണം ചെറുന്യൂനപക്ഷത്തിനൊപ്പം ചേര്‍ന്ന മാധ്യമങ്ങളുടെയാണ്. നാലാം തൂണു ദ്രവിച്ചപ്പോള്‍ ജനത്തിന്റെ വിശ്വാസം പോയി. ഇനി ട്രംപിനെയെടുക്കൂ. എന്തായിരുന്നു ട്രംപിന്റെ മുഖ്യ തിരഞ്ഞെടുപ്പ് അജണ്ട? കുടിയേറ്റക്കാരെ പുറത്താക്കുമെന്നതുതന്നെയായിരുന്നു. അതിനുവേണ്ടിതന്നെയാവണം അമേരിക്ക വോട്ടുചെയ്തതെന്ന് അറിയാന്‍ പാടില്ലാത്ത നിര്‍ഗുണപരബ്രഹ്മമൊന്നുമായിരിക്കില്ല ട്രംപ്.


അമേരിക്കന്‍ മാധ്യമങ്ങളും പുരോഗമനമുഖംമൂടികളും ഇവിടുത്തെപ്പോലെ അവിടെയും ഗംഭീര പ്രകടനമായിരുന്നല്ലോ കാഴ്ചവച്ചത്. കാലിഫോര്‍ണിയ ഏറ്റവും വലിയ കുടിയേറ്റജനത അധിവസിക്കുന്ന പ്രദേശമാണ്. അവിടെ ട്രംപിനെതിരെയാണ് 60ശതമാനത്തിലേറെ വോട്ടും വീണത്. അതായത് സ്വദേശികളെക്കാള്‍ വിദേശികള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ വന്നൂ എന്നര്‍ത്ഥം. അപ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം വരാം. അമേരിക്കന്‍ മണ്ണ് ആരുടേതായിരുന്നൂവെന്ന്?   അതേന്യായം ഇസ്രയേലിലെ മണ്ണിനു ബാധകമാവാതിരിക്കുമ്പോഴാണ് അതു ഇരട്ടത്താപ്പാവുക.

ട്രംപ് മുഖവിലക്കെടുക്കുക അമേരിക്കന്‍ ജനതയെയാണ്, ബുദ്ധിജീവജാലങ്ങളുടെ ശബ്ദം കടലാസുകളിലൊതുങ്ങും, അന്തിച്ചര്‍ച്ചകളിലും. ഒരു ഇന്തോ-അമേരിക്കന്‍ ബുദ്ധിജീവി ട്രംപിനെതിരായി ഇംഗ്ലണ്ടില്‍ നടക്കുന്ന പ്രതിഷേധപ്രകടനത്തിന്റെ ആവേശത്തിലാണെന്നു പറഞ്ഞത് ഒരു സുഹൃത്താണ്.  ആവശ്യമെന്തെന്നു വച്ചാല്‍ ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ടെന്ന നിലയില്‍ ബ്രിട്ടനില്‍ കാലുകുത്തിക്കരുത്. ഇനി പണ്ട് പോപ്പിന്റെ സന്ദര്‍ശന വേള.  പീഡോഫയലുകളായ പിതാക്കന്‍മാരെ ന്യായീകരിച്ച പഴയ പോപ്പിനെ അവിടെ കാലുകുത്തിക്കരുതെന്നു ആവശ്യപ്പെട്ടു പ്രകടനം നയിച്ച റിച്ചാര്‍ഡ് ഡോക്കിന്‍സിനും മറ്റു യുക്തിവാദികള്‍ക്കും എതിരായിരുന്നു ഇതേ ചങ്ങാതി.  അന്നത്തെ പുള്ളിയുടെ ന്യായം അദ്ദേഹം ഒരു രാജ്യത്തിന്റെ തലവനല്ലേ എന്നായിരുന്നു. വത്തിക്കാന്‍ എന്ന ബത്തക്കവലുപ്പമുള്ള രാജ്യത്തെ തലവനെ തടയരുത്, അമേരിക്കയുടെ പ്രസിഡണ്ടിനെ തടയാം എന്ന മുടന്തന്‍ ന്യായമാണിന്ന്.



ഉദരനിമിത്തം ഇരട്ടത്താപ്പ് എന്ന മഹാരോഗത്തിന് അടിമപ്പെട്ടാണ് ഇന്ത്യയിലെ ബുദ്ധിജീവജാലങ്ങളും നാലാംതൂണുകളും വംശനാശം നേരിട്ടത് എന്നാവും നാളെ ചരിത്രം അടയാളപ്പെടുത്തുക. അപ്പോഴേക്കും അവരുകാരണം വളര്‍ന്നവര്‍ ഏകാധിപതികളായി നാടുവാഴുകയും ചെയ്യും. മറന്നുപോവരുത്, ബുദ്ധിജീവികളും ചരിത്രകാരന്‍മാരുമല്ല ചരിത്രം രചിക്കുന്നത് സാധാരണക്കാരാണ്. സാധാരണക്കാരുടെ അസാധാരണകൃത്യങ്ങളാണ് ചരിത്രമായി വരുന്നത്. നാവില്ലാത്ത ആ മഹാഭൂരിഭാഗം ചെയ്യുന്നതെന്തെന്ന് അറിയുക, അവര്‍ക്കിടയില്‍ വെള്ളത്തിലെ മീനിനെപ്പോലെ സഞ്ചരിക്കുന്നവര്‍ മാത്രമാണ്. ഒരു സര്‍വ്വേക്കും ട്രംപിന്റെ വിജയം പ്രവചിക്കാന്‍ പറ്റാതിരുന്നതിന്റെ കാരണം അതുമാത്രമാണ്. ഡിമോണിറ്റൈസേഷനെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴും തിരഞ്ഞെടുപ്പുകളിലെ വിധിയെഴുത്ത് മറിച്ചായിരുന്നതിന്റെ കാരണവും അതുതന്നെയാണ്. ബുദ്ധിജീവികളേ മാധ്യമങ്ങളേ, ഇന്ത്യന്‍ ജനത നിങ്ങളെ വിശ്വസിക്കുന്നില്ല എന്നു നിങ്ങളെന്നാണ് മനസ്സിലാക്കുക?

No comments: