
പ്രണയഗീതങ്ങളുടെ ചരിത്രം മൂവായിരത്തിലേറെ വർഷങ്ങളുടേതുണ്ട് ഈജിപ്ഷ്യൻ സംസ്കാരത്തിൽ. ഈജിപ്തുകാർ പ്രണയകവിതയുടെ ഉപജ്ഞാതാക്കളായിരുന്നു, പ്രണയത്തിൻ്റെ ചൂടും ചൂരും നിഷ്കളങ്കതയും നൈർമല്യവും നിറയുന്ന കവിതകൾ വിശ്വസംസ്കാരത്തിനുള്ള അവരുടെ സ്നേഹസംഭാവനകളാണ്. യുദ്ധത്തെ പറ്റി മഹാഭാരതത്തിൽ ഇല്ലാത്തതൊന്നുമില്ലെന്നപോലെ ഈജിപ്ഷ്യൻ കവികൾ പറയാത്തതൊന്നും പ്രണയത്തിലുമില്ല. മൂവായിരം വർഷങ്ങൾക്ക് മുമ്പ് ഈജിപ്ഷ്യൻ മുൻഗാമികൾ ചിന്തിച്ചതും പറഞ്ഞതുമായ പലതും പറയാതെ ഒരു കവിയും പ്രണയത്തെക്കുറിച്ച് ഇതുവരെ എഴുതിയിട്ടില്ലെന്ന് നിരീക്ഷിച്ചത് ടി. എറിക് പീറ്റ് ആണ്.
ഈജിപ്തിൽ ബി.സി. 1539-1075) കാലത്ത് എഴുതപ്പെട്ടത്, ചിലപ്പോൾ അതിലും നേരത്തെ രചിക്കപ്പെട്ടതുമായേക്കാം എന്നു ഗവേഷകർ നിരീക്ഷിച്ച, പ്രണയത്തെ മനോഹരമായ രൂപകങ്ങളിലൂടെ ആവിഷ്കരിക്കുന്ന വരികൾ മൊഴിമാറ്റിയതാണ് താഴെ.
നിൻ്റെ ശബ്ദമെനിക്ക് ഉറുമാമ്പഴത്തിൻ്റെ വീഞ്ഞാണ്,
ഞാൻ വലിച്ചെടുക്കുന്ന ജീവൻ്റെ സത്ത്.
ഓരോ നോക്കിലും തെളിയുമെനിക്ക് നീയെങ്കിൽ
എന്തിനെനിക്ക് പിന്നെയീ അന്നപാനീയങ്ങൾ?
സംസ്കാരം വാറ്റിയ കവിതകൾ, കാലത്തെ പ്രതിഫലിപ്പിക്കുമ്പോൾ
ഈജിപ്ഷ്യൻ സ്ത്രീകൾ ആസ്വദിച്ച തുല്യത, ആദവര്, രാഷ്ട്രീയവും സാമ്പത്തികവുമായ അവകാശങ്ങൾ അവരെ അവരുടെ കാലത്തെ ലോകത്തെ ഏറ്റവും സ്വതന്ത്രരായ സ്ത്രീകളാക്കി മാറ്റി. സമൂഹത്തെ സ്വാധീനിക്കാൻ സാധാരണ സ്ത്രീകൾക്ക് പോലും കഴിവുകൾ ഉണ്ടായിരുന്നു എന്നിടത്താണ് സമത്വത്തിൻ്റെ ലോകം ഉണ്ടാവുന്നത്.
പുരാതന ഈജിപ്തിൽ സ്ത്രീക്ക് പുരുഷനെപ്പോലെ നിയമപ്രകാരമായ അവകാശങ്ങൾ ഉണ്ടായിരുന്നു എന്ന് ഈജിപ്തോളജിസ്റ്റ് ബാർബറ വാട്ടേഴ്സൺ. അവളുടെ നിയമപരമായ അവകാശങ്ങൾ സെക്സിനെ ആശ്രയിച്ചായിരുന്നില്ല, മറിച്ച് സോഷ്യൽക്ലാസിനെ ആശ്രയിച്ചായിരുന്നു. എല്ലാ ഭൂസ്വത്തുക്കളും താവഴിയായി അമ്മയിൽ നിന്ന് മകളിലേക്കു പകർന്നു. കാരണം ഒരുപക്ഷേ, മാതൃത്വം ഒരു വസ്തുതയും, പിതൃത്വം ഒരു തോന്നലുമാണെന്നതാവാം. ഒരു സ്ത്രീക്ക് സ്വന്തം സ്വത്ത് വാങ്ങാം, വിൽക്കാം, നിയമപരമായ കരാറുകളിൽ പങ്കാളിയാകാം, .സാക്ഷിയാകാം, കുട്ടികളെ ദത്തെടുക്കാം. ഒരു പുരാതന ഈജിപ്ഷ്യൻ സ്ത്രീ നിയമപരമായി സ്വതന്ത്രയായിരുന്ന കാലം ഒരു പുരാതന ഗ്രീക്ക് സ്ത്രീക്ക് ഒരു കൈറിയോ [പുരുഷ രക്ഷാധികാരി] യുടെ മേൽനോട്ടം ആവശ്യമായിരുന്നു. സ്ത്രീകൾക്ക് പിടിച്ചവരെ കൊള്ളാം, പിടിയാത്തവരെ തള്ളാം. അവർക്ക് ഇഷ്ടമുള്ള ജോലികൾ ചെയ്യാം, സ്വതന്ത്രമായി യാത്രചെയ്യാം. പൌരാണിക ഈജിപ്ഷ്യൻ മിത്തുകളൊക്കെയും, ഏറിയും കുറഞ്ഞും സ്ത്രൈണ നീതിസാര മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ട്.
കാലപ്രവാഹത്തെ പോലും ഈജിപ്ത് അടയാളപ്പെടുത്തിയതു സ്ത്രൈണമായാണ്, തൻ്റെ ഈന്തപ്പന കൊമ്പിൽ ഓരോ വർഷം പൊഴിയുമ്പോഴും ഓരോ വരവെയ്ക്കുന്ന റെൻപേട്ടിലൂടെ. ഈജിപ്തിലെ ഏറ്റവും പ്രചാരമുള്ള ദേവതയായ ബാസ്റ്റെറ്റ്, സ്ത്രീകളുടെ, വീടിൻ്റെ സർവ്വോപരി സ്ത്രീകളുടെ രഹസ്യങ്ങളുടെയും സംരക്ഷകയായിരുന്നു. ഈജിപ്ഷ്യൻ സമൂഹത്തിലെ സ്ത്രീത്വത്തോടുള്ള ആദരവാണ് ആരാധനാലയങ്ങളിലും പൌരോഹിത്യത്തിലും അവരുടെ സാന്നിദ്ധ്യം സാധ്യമാക്കിയത്.
നൈൽ നദിക്കരയിലെ മുളങ്കാടുകളിൽ പക്ഷികളെ വേട്ടയാടാനെന്ന വ്യാജേന വന്നണഞ്ഞുള്ള പ്രണയവും രതിയും, വിരുന്നുകളും ഉത്സവങ്ങളും ഉല്ലാസങ്ങളും നിറയുന്ന യൌവ്വനത്തിൻ്റെ ആഘോഷം, ഒരു മനോഹരമായ സംസ്കാരത്തെ നിർമ്മിച്ചെടുത്ത പ്രണയാഘോഷങ്ങളുടെ ചിത്രണങ്ങളാണ് ഒക്കെയും. ലോകത്തിലെ ഏറ്റവും മഹത്തായ പ്രണയകവിതകളിലൊന്നായ സോംഗ് ഓഫ് സോങ്ങിൻ്റെ ഉദ്ഭവം ആഫ്രിക്കൻ പ്രണയഗാനങ്ങളിൽ നിന്നും വിവാഹ ഗാനങ്ങളിൽ നിന്നുമാണെന്ന് കണ്ടെത്തുന്നുണ്ട് പഠനങ്ങൾ.
പ്രണയം ആഘോഷമാക്കുന്ന കവിതകൾ
കെയ്റോയിലെ പ്രണയഗാനങ്ങളിൽ ചെറുപ്പക്കാർ നൈൽ നദിക്കരയിലെ മുളങ്കാടുകളിലോ തോപ്പുകളിലോ പ്രണയസമാഗമങ്ങൾക്കുള്ള ഒളിയിടങ്ങൾ കണ്ടെത്തുന്നു, അതിനു സാക്ഷികളാവുന്ന മരങ്ങളെയും പക്ഷികളെയും വ്യക്തികളായി സങ്കല്പിച്ച് തങ്ങളുടെ രഹസ്യവേഴ്ചകൾ പരസ്യമാക്കരുതെന്ന് അപേക്ഷിക്കുന്നു, തങ്ങളുടെ കാമുകർ വീണ്ടും തിരിച്ചുവന്നതിൽ സ്നേഹത്തിൻ്റെ ദേവതയായ ഹാത്തോറിൻ്റെ അനുഗ്രഹത്തിന് പെൺകിടാക്കൾ നന്ദിപറയുന്നു. പ്രണയകവിതകൾ സദാചാരവിലക്കുകൾ തകർത്ത് പാട്ടും നൃത്തവുമായി ജീവിതം ഉല്ലാസവും ആഘോഷവുമാക്കി.
അതിരുകളില്ലാത്ത സ്നേഹം, പ്രണയവും ആഘോഷമാവുമ്പോഴും സ്വാർത്ഥതയുടെ കരിനിഴലുകൾ നൃത്തമാടുന്ന വരികളും നമുക്കു കാണാം. മിന്നലേ എൻ്റെ കാമുകനെ ഒന്നും ചെയ്യരുതേ, നിർബന്ധമാണെങ്കിൽ ഭർത്താവിനെ തട്ടിക്കോളൂ എന്നു പാടിയ, കുടുംബത്തിനു മുകളിലേക്കു പ്രണയത്തെ ഉയർത്തിക്കെട്ടിയ യുവതിയിൽ നിന്നും ഏറെ അകലെയല്ലാതെ മറ്റൊരാളുമായി കൂടി തൻ്റെ കാമുകന് ബന്ധമുണ്ടെന്നറിയുന്നതോടെ പൊട്ടിക്കരയുന്ന മറ്റൊരു യുവതിയുണ്ട്. കവിതയുടെ തോണി വായനക്കാരനെ ഇങ്ങിനെ വ്യത്യസ്തമായ സ്നേഹത്തിൻ്റെ, പ്രണയത്തിൻ്റെ തീരങ്ങളിലേക്കും തുരുത്തുകളിലേക്കും അടുപ്പിക്കുന്നു, ചിലപ്പോൾ പൌരാണിക പ്രണയബോധത്തിൻ്റെ ചുഴിയിലിട്ട് ഭയപ്പെടുത്തുകയും ചെയ്യുന്നു.
പ്രണയത്തിൻ്റെ ഭ്രമാത്കലോകത്ത് കാമുകനോടൊപ്പം ചിറയിൽ നീന്തിത്തുടിക്കുവാൻ വെമ്പുന്ന പെണ്ണിൽ അവളുടെ മോഹങ്ങൾ മാത്രമല്ല, അവനിലുള്ള പ്രതീക്ഷകളുണ്ട്, അവൻ്റെ മിഴികൾക്കു നിറവേകുവാനുള്ള മോഹവുമുണ്ട്. ശൃംഗാരലഹരി വിരിയിക്കുന്ന വാക്കുകളിൽ, വരികളിൽ വിരിയുന്നത് പ്രണയവും രതിയുമാണ്. ചിറയിൽ നനഞ്ഞുകുതിർന്നുയർന്നു വന്ന് മനോഹരമായ ദേഹത്തിൽ ഒട്ടിപ്പിടിച്ചുനില്ക്കുന്ന ലിനൻ വസ്ത്രത്തിൻ്റെ വിടവിലൂടെയുള്ള സൌന്ദര്യമാണ് അവൾ അവനു വാഗ്ദാനം ചെയ്യുന്നത്, തൻ്റെ "ചുവന്ന മത്സ്യത്തെയും". അവനിൽ പ്രണയത്തിൻ്റെ കാമത്തിന്റെയും പെരുമഴ പെയ്യിക്കുന്ന വർണനകളാണത്രയും. ഈ പ്രണയഗാനങ്ങളിലൂടെ പ്രാചീന ഈജിപ്ത് മൂവായിരം വർഷങ്ങൾക്ക് ശേഷവും നമുക്കു പകരുന്നത് യൗവനം തുളുമ്പുന്ന ആരോഗ്യകരമായ ഒരു ലൈംഗികതയുടെ ഒരു മഹനീയ പാരമ്പര്യമാണ്. പ്രാചീന പ്രണയികൾ വളരെ ധീരമായും നിഷ്കളങ്കമായും പാടിയ വരികളിലൂടെ പ്രതിധ്വനിക്കുന്നത് സ്വാഹിലി തീരത്തെ രൂപകങ്ങളും വിഷയാസക്തിയിൽ നിന്നും അഭിനിവേശത്തിൻ്റെ ഉദാത്തമായ തലത്തിലേക്കുയരുന്ന മൃദുമൊഴികളുമാണ്. പൌരാണിക ഈജിപ്ഷ്യൻ കവിതകളിൽ നിന്നും ജോൺ എൽ ഫോസ്റ്റർ മൊഴിമാറ്റി ലവ് സോങ്സ് ഓഫ് ദ ന്യൂ കിങ്ഡം എന്ന സമാഹാരത്തിലെ ഒരു പേരില്ലാ കവിതയുടെ മലയാളമൊഴിമാറ്റമാണ് താഴെ.
കൊതിക്കുന്നു ഞാനെത്രമാത്രം പ്രിയനേ?
ചിറയിൽ, നിന്നിലേക്കു വഴുതിവന്നണയുവാൻ,
മേട്ടിൽ മദിക്കുവാൻ, നീന്തിത്തുടിക്കുവാൻ,
നിനയ്ക്കായി മാത്രമീ ഞാൻ, ഇന്നീ
മേന്മയേറും ലിനനിൽ തീർത്തൊരീ
പുതിയ മെംഫിസ് സ്വിം സൂട്ടിൽ!
തിളങ്ങുമതീ തെളിനീരിൽ, മനോഹരം!
ഒരു റാണിയെപ്പോൽ ഞാനും.
എനിക്കൊപ്പം അലിഞ്ഞലയുവാൻ
നിന്നെ മോഹിപ്പിക്കുകയല്ലേ ഞാൻ?
തണുപ്പ് നമുക്ക് ചുറ്റുമായി പതുക്കെ ഇഴയട്ടെ?
ആഴങ്ങളിലേക്കൂളിയിട്ട് മുങ്ങിനിവർന്നു,
ഞാനെടുത്തുവരുന്ന കുഞ്ഞുചുവന്ന മത്സ്യം,
നിൻ മിഴികൾക്കു നിറവേകും,
ആഴമില്ലാവെള്ളപ്പരപ്പിൽ ഉയർന്നുനിന്ന്,
ഞാൻ നിന്നോടു പറയും, പ്രിയനേ,
എൻ്റെ മത്സ്യത്തെ നോക്കൂ,
അതെൻ്റെ കൈയിൽ കിടക്കുന്നതെങ്ങനെ,
വിരലുകളെങ്ങിനെയാണ് അതിനെ തഴുകുന്നത്,
അതിൻ്റെ വശങ്ങളിലേക്ക് വഴുതിയിറങ്ങുന്നത്,
നീ പ്രകാശിതമാക്കിയ മിഴികളാൽ
പിന്നെ മൃദുവായി ഞാൻ മൊഴിയും..
ഒരു സമ്മാനം, പ്രണയം….
വാക്കുകളില്ല.
വന്നു നോക്കൂ, ഞാൻ അതുമാത്രമാണ്.
ഈജിപ്ഷ്യൻ കവിതകളിൽ അസാധാരണ പാണ്ഢിത്യമുള്ള ഓക്സ്ഫേർഡ് യൂണിവേഴ്സിറ്റിയിലെ ഈജിപ്റ്റോളജിസ്റ്റ് പ്രൊഫസർ റിച്ചാർഡ് ബി പാർക്കിൻസൻ്റെ നിരീക്ഷണത്തിൽ "പുരാതന ഈജിപ്തിൽ വിസ്മൃതമായ ഏറ്റവും വലിയ നിധിയാണ് കവിത.” 2000-1100 ബി സിയിൽ എഴുതപ്പെട്ടതാണ്, ഒന്നു സൂക്ഷിച്ചുനോക്കിയാൽ, പൌരാണിക കവിതകളിലെ വരികളും ഇമേജിറികളും പലരൂപത്തിൽ പലഭാവത്തിൽ ആധുനിക ലോകകവിതകളിൽ കാണാവുന്നതാണ്. ചിലതൊക്കെയും യാദൃച്ഛികമാവാം, ചിലതു ബോധപൂർവ്വവുമാവാം.
എന്നെ തുളച്ചുകയറിയിട്ടുണ്ട് നിൻ പ്രണയം
വെള്ളത്തിൽ പതിച്ച തേൻതുളളി പോൽ,
പഴക്കമറിയാതെ പഴച്ചാർ ചേർത്തെടുക്കുമ്പോൾ,
സുഗന്ധദ്രവ്യങ്ങളെ തുളച്ചുവരുന്ന
ദുർഗന്ധം പോലെ..
എന്നിട്ടും സഹോദരിയെ തേടി നീ പോവുന്നു
അടർക്കളത്തിലെ പടക്കുതിരയെപ്പോലെ,
ചക്രങ്ങളുടെ ആരക്കാലുകളിൽ
മുന്നോട്ടുരുളുന്ന പോരാളിയെപ്പോൽ.
നിൻ്റെ സ്നേഹം സ്വർഗസൃഷ്ടി,
അതിന്നഭിനിവേശം
പുല്ലിൽ തീ പടരുന്നതുപോലെ,
ഉയരങ്ങളിൽ നിന്നും പരുന്തിൻ്റെ
കുത്തിക്കുതിച്ചിറങ്ങൽ പോലെ.
എന്നിട്ടും നിൻ്റെ സഹോദരിയെ തേടി നീ പോവുന്നു എന്നിടത്ത് നമുക്ക് സാസ്കാരികമായി ദഹിക്കാത്ത ഒന്നുണ്ട്. സഹോദരങ്ങൾ തമ്മിലെ ലൈംഗികതയും വിവാഹവും സന്താനോല്പാദനവും ഫറവോമാർക്കിടയിൽ സ്വാഭാവികമായിരുന്നു. പുരാതന ഈജിപ്തിലെ കൗമാരക്കാരനായിരുന്ന രാജാവ് ടുട്ടൻഖാമുൻ ജനിച്ചത് ഒരു അഗമ്യഗമനത്തിലൂടെയാണെന്ന് (Incest) ശാസ്ത്രജ്ഞർ മമ്മി പരിശോധനയിൽ തെളിയിച്ചതാണ്. മുടന്തടക്കം സകല ജനിതക വൈകല്യങ്ങളും ടുട്ടൻഖാമുൻ അനുഭവിച്ചിരുന്നൂവെന്നും ശാസ്തം വിശദീകരിച്ചത് അടുത്തകാലത്താണ്.
1922-ൽ രാജാക്കന്മാരുടെ താഴ്വരയിൽ നിന്ന് കണ്ടെത്തിയ ഫറവോൻ്റെ മമ്മിയെക്കുറിച്ചുള്ള ഗവേഷണങ്ങൾ ചെന്നെത്തിയ സത്യം അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ സഹോദരങ്ങളായിരുന്നുവെന്നും, അതുകൊണ്ടു തന്നെ അദ്ദേഹത്തിന് പിത്യവഴിയിലെ മുത്തച്ഛനും മുത്തശ്ശിയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ്. ഒരു രാജാവിന് തൻ്റെ സഹോദരിയെയും മകളെയും വിവാഹം കഴിക്കാം, കാരണം അവർ ഐസിസിനെയും ഒസിരിസിനെയും പോലെ ഒരു ദൈവമാണ് എന്നു നിരീക്ഷിച്ചിട്ടുണ്ട് പ്രശസ്ത ഈജിപ്തോളജിസ്റ്റ് സാഹി ഹവാസ്. രാജവംശം ഇതു ചെയ്തത് വംശശുദ്ധി നിലനിർത്തുവാനായിരുന്നു. ഈജിപ്ഷ്യൻ മിത്തോളജി പ്രകാരം ഐസിസും ഓസിരിസും സഹോദരങ്ങളായിരുന്നു, ഭാര്യാഭർത്താക്കൻമാരുമായിരുന്നു.
എതിരില്ലാത്ത സഹോദരി,
അവളേറ്റം സുന്ദരി
നല്പുതുവർഷപ്പുലരിയിൽ,
ഉദിച്ചുയരും ദേവതയവൾ
സർവ്വം തികഞ്ഞവൾ
തിളങ്ങും മേനിയാൾ
വശ്യമാ കണ്ണുകൾ
മാധുര്യമേറും ചുണ്ടുകൾ
മിതഭാഷിണീ, മനോഹരീ
ഇന്ദ്രനീലം കാർകൂന്തൽ
സ്വർണാലംകൃതം കരങ്ങൾ
വിരലുകൾ താമരയിതളുകൾ
അഴകാർന്നിറുകിയ
സമൃദ്ധമാം നിതംബം
സുന്ദരം, നടനത്തിൽ
വടിവൊത്ത തുടകളുടെ ചലനം.
ഒരാലിംഗനത്താൽ എൻ
ഹൃദയം കവർന്നവൾ......
വിവാഹം വിവാഹേതരം സ്വതന്ത്രലൈംഗികതയും
ബ്രൈയറിനെയും ഹോബ്സിനെയും ഉദ്ധരിച്ചുകൊണ്ട് എൻഷ്യൻ്റ് ഹിസ്റ്ററി എൻസൈക്ലോപീഡിയ ഡയറക്ടറായ ജോഷ്വ ജെ മാർക് എഴുതുന്നു - വിവാഹത്തിനു തുടക്കമിടുന്ന പുരുഷന്മാർ കന്യകാത്വത്തെ വിലമതിച്ചിരുന്നെങ്കിലും, ഒരു സ്ത്രീ അവളുടെ വിവാഹ രാത്രിയിൽ കന്യകയാകണമെന്ന് നിർബന്ധമുണ്ടായിരുന്നില്ല.
ഈജിപ്തിൽ വിവാഹം മതപരമായ, ഒന്നായിരുന്നില്ല, പുരോഹിതന് അവിടെ ഒരു റോളും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാവണം ധനികനാവട്ടെ, ദരിദ്രനാവട്ടെ എതു സ്വതന്ത്ര വ്യക്തിക്കും വൈവാഹികാനന്ദത്തിന് അവകാശമുണ്ടായിരുന്നു. വിവാഹം അവിടെ ഒരു സാമൂഹിക കൺവെൻഷൻ മാത്രമായിരുന്നു. വധുവിന് സംഭവിക്കുന്ന ‘നഷ്ട’ത്തിന് പരിഹാരമായി "കന്യകാത്വ സമ്മാനം" നല്കുവാൻ വരന് ബാധ്യതയുണ്ടായിരുന്നു. പുരാതന കാലത്ത് പെണ്ണിൻ്റെ കന്യകാത്വം വിലമതിക്കപ്പെട്ടതായി ഇതു സൂചിപ്പിക്കുന്നു. എന്നാൽ വിവാഹത്തിന് മുമ്പുള്ള ഒരു സ്ത്രീയുടെ ലൈംഗികാനുഭവം വലിയ ആശങ്കയുള്ള കാര്യമേ ആയിരുന്നില്ല. ഫലകങ്ങൾ, പെയിൻ്റിംഗുകൾ, ലിഖിതങ്ങൾ എന്നിവയിൽ പങ്കാളികൾ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും നൃത്തം ചെയ്യുന്നതും മദ്യപിക്കുന്നതും പണിയെടുക്കുന്നതും കാണാം. സൗന്ദര്യത്തെയും നന്മയെയും വാഴ്ത്തി, ശാശ്വതമായ പ്രണയത്തെ പ്രതി പ്രതിജ്ഞയെടുക്കുന്നതുമായ പ്രണയകവിതകൾ നമുക്കു കാണാം, സ്നേഹത്തിൻ്റെ സകലഭാവങ്ങളെയും അഭിസംബോധന ചെയ്യുന്നവ. ഈജിപ്തുകാർ ജീവിതത്തിൻ്റെ ലളിതമായ വശങ്ങളെ സുന്ദരമാക്കി സന്തോഷിച്ചു, കാമുകൻ്റെയോ ഭർത്താവിൻ്റേതോ കാമുകിയുടെയോ ഭാര്യയുടേയോ കുടുംബത്തിൻ്റെയോ സുഹൃത്തുക്കളുടെയോ സഹവാസം ആസ്വദിക്കാൻ ആർക്കും രാജപദവിയോ ഉന്നതകുലജാതരോ ആവേണ്ടിയിരുന്നില്ല.
നിൻ്റെ കൈ എൻ്റെ കയ്യിൽ,
പ്രചോദിതമെൻ ആത്മാവ്
പരമാനന്ദമെൻ മനസ്സിൽ,
കാരണം, ഒരുമിച്ചു നമ്മൾ പോവുന്നു.
നിൻ്റെ ശബ്ദമെനിക്ക് പുതിയൊരു വീഞ്ഞ്;
ജീവിതമോ അതിനു കാതോർക്കുവാനും
ഓരോ നോക്കിലും കാണുക, നിന്നെ-
വേണ്ടെനിക്കു മറ്റൊന്നുമേ
തിന്നുവാനായി, കുടിക്കുവാനായും.
ഊഷ്മളമായ ആൺപെൺ ബന്ധങ്ങളുടെ ഒരു ചിത്രം പ്രണയകവിതകൾ പകരുന്നുണ്ട്, പൌരാണിക ഈജിപ്ഷ്യൻ പെണ്ണ് അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം ചരിത്രം ശരിവെയ്ക്കുന്നുമുണ്ട്. ഒന്നുകൂടി പാർക്കിൻസനിലേക്ക് പോവാം. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഈജിപ്ഷ്യൻ കവിതകൾ വികാരങ്ങളുടെ ഒരു പുരാവസ്തു ശേഖരമാണ്.
മധുസൂദൻ വി
അവലംബം
Bending
the Bow : An Anthology of African Love Poetry
https://www.nationalgeographic.com/culture/article/ancient-egyptian-love-poems
https://www.ushistory.org/civ/3f.asp#:~:text=Egyptian%20women%20could%20have%20their,marriages%20by%20divorcing%20and%20remarrying.
https://www.worldhistory.org/article/623/women-in-ancient-egypt/
https://www.reuters.com/article/uk-egypt-antiquities-idUKTRE61G42620100217
https://www.ucl.ac.uk/museums-static/digitalegypt/literature/lovesongs.html
No comments:
Post a Comment