Thursday, March 14, 2024

ജയമോഹൻ അഭയം വേണ്ടാത്ത ജനുസ്സ്, കൂട്ടിയാൽ കൂടാത്തതും

ഇവിടെ ജാതിയെവിടെ എന്നു ചോദിച്ചാൽ, പഴയരൂപത്തിൽ, പഴയ ഭാവത്തിൽ, ഉടുപ്പിൽ, നടപ്പിൽ, എടുപ്പിൽ ഒന്നും കാണാനായെന്നു വരില്ല. അതൊരു ഭൌതിക സാന്നിദ്ധ്യമല്ല എന്നു വേണമെങ്കിൽ പറയാമെങ്കിലും ആനയുടെ കാലിൽ ചാരിവച്ച ചൂരൽ കണക്കെ അതൊരു യാഥാർത്ഥ്യമാണ്. ആ ചൂരലാണ് ജാതിബോധം. പകൽ കയറുപൊട്ടിച്ച പശുവിനെയും നേരം ഇരുട്ടിയാൽ ആല എന്ന അഭയകേന്ദ്രത്തിലേക്ക് വഴി നടത്തുന്ന വികാരമാണ് ഭയം. പലരും ആലകളായി, ഗോശാലകളായി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാണുന്നത് അതേ വികാരത്താലാണ് - ഭയം ഒന്നുമാത്രം. ഭയം ഇല്ലാത്തവർക്ക് അഭയം ആവശ്യമില്ല. അഭയം വേണ്ടാത്ത അപൂർവ്വ ജനുസ്സുകളിൽ പെട്ട ഒരു എഴുത്തുകാരൻ, വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ജയമോഹൻ. മതം ഒരു വീക്ഷണമാണെങ്കിൽ അതിനെ എതിർക്കുന്നതെല്ലാം വിമത-വീക്ഷണങ്ങളാണ്. അങ്ങിനെ ഒരു ഒരു വിമത സന്ന്യാസിയായിരുന്നു ശ്രീനാരായണഗുരു. തൻ്റെ രചനകളിൽ ആ മഹാഗുരുവിൻ്റെ ദർശനങ്ങൾ ആവാഹിച്ച വിമത എഴുത്തുകാരൻ എന്നു ചരിത്രം ജയമോഹനെ അടയാളപ്പെടുത്തും.

കണ്ണുനനയിച്ച കഥകൾ എന്ന കമലഹാസൻ്റെ വിശേഷണം, ജയമോഹനെ വായിക്കാതെ സമകാലിക ഇന്ത്യയെ പറ്റിയുള്ള നമ്മുടെ അറിവുകൾ അപൂർണ്ണമാവും എന്ന വിവേക് ഷാൻബാഗിൻ്റെ നിരീക്ഷണവും കവറിൽ കണ്ടപ്പോൾ വാങ്ങിയതാണ് സ്റ്റോറീസ് ഓഫ് ദ ട്രൂ എന്ന ജയമോഹൻ കഥാസമാഹാരം. തനിക്കു ചുറ്റിലുമുള്ള മുഖ്യധാരയിലേക്ക് മൈലുകൾ ഇനിയും സഞ്ചരിക്കേണ്ട ജീവിതപരിസരങ്ങളുടെ ചകിരി തല്ലി പിരിച്ച കയറിലൂടെ വായനക്കാരനെ വിഭ്രാന്തിയുടെ കൊടുമുടിയിലേക്ക് വലിച്ചു കയറ്റുന്ന ഒരു എഴുത്തു ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തൻ്റെ വാക്കുകൾ ആരെയാവും കുത്തിനോവിക്കുന്നത്, അങ്ങിനെ സംഭവിച്ചാൽ അതു തന്നെ എങ്ങിനെയാവും ബാധിക്കുക എന്ന ചിന്ത എഴുത്താളിന് അരിയപെരിയെ പോവാത്തപ്പോൾ മാത്രമാണ് എഴുത്ത് ഒരു സംഭവമാവുക. കെട്ടുനാറുന്ന ഒരു സമൂഹത്തെ കഥയിലേക്ക് ആവിഷ്കരിക്കുന്നതു ചന്ദനലേപസുഗന്ധം പേറുന്ന വാക്കുകളിലാവുമ്പോൾ, അവിടെ മഷി കാപട്യത്തിൻ്റേതാവുക മാത്രമേ സാദ്ധ്യതയുള്ളൂ. തീട്ടം കൊണ്ടുണ്ടാക്കിയ നാക്കിൽ തുടങ്ങുന്നു എന്നെഴുതുന്നിടത്ത്, തുടങ്ങുന്നുണ്ട് വായനക്കാരൻ്റെ കൺമുന്നിൽ നാറ്റത്തിൻ്റെ ഒരു മഹാപ്രപഞ്ചം. പുരോഗമനവാദിയാവാൻ മാത്രമായി മതചിഹ്നങ്ങൾ ധരിക്കാത്ത, മാടിൻ്റെ മാസം തിന്നു മദ്യപിക്കുന്ന ബുദ്ധിജീവികളുടെയും സോകോൾഡ് സാംസ്കാരികനായകരുടെയും ലോകത്തെ ‘ഉയർന്നജാതിയുടെ പ്രായോഗിക ബുദ്ധിയാണ് പുരോഗമനം’ എന്നു ജയമോഹൻ പരിഹസിക്കുന്നുണ്ട്,
ഉന്നതവിദ്യാഭ്യാസമുള്ളവർ ആയിരുന്നില്ല പലരുമെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി എഴുത്തും വായനയുമുള്ളവരുടെ ഒരു കലാലയമായിരുന്നു 1950 കളിൽ എന്ന് പറയുന്നുണ്ട് അദ്ദേഹം ഒരു അഭിമുഖത്തിൽ. ഉദാഹരണമായി അദ്ദേഹം എടുത്തുപറയുന്നത് മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച തൻ്റെ അമ്മ അഞ്ചോ ആറോ വരെ മാത്രം വിദ്യാഭ്യാസം സിദ്ധിച്ച കമ്മ്യൂണിസ്റ്റുകാരുടെ അടുത്തു നിന്നും ഇംഗ്ലീഷ് ഭാഷ പഠിച്ചെടുത്തതാണ്. അനായാസമായി തമിഴും മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്തവരായിരുന്നു പലരും. അങ്ങിനെ അമ്മവഴി ആർജ്ജിതമായ ഒരു ബൌദ്ധികമൂലധനവുമായാണ് ജയമോഹൻ്റെ സാഹിത്യരംഗപ്രവേശം. കണ്ണു തുറന്നു, നടക്കാൻ തുടങ്ങിയപ്പോൾ ആദ്യം കണ്ട ആദർശവാദി എന്നാണ് കമ്മ്യൂണിസ്റ്റ് നേതാവും, തമിഴകത്തെ തിരുവട്ടാർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയും തോട്ടം തൊഴിലാളികളുടെ നേതാവും ആയിരുന്ന ജെ ഹേമചന്ദ്രനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലാത്ത, ഒരിട പക്ഷേ ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുകയും ചെയത അദ്ദേഹം സ്റ്റോറീസ് ഓഫ് ദ ട്രൂ സമർപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഹേമചന്ദ്രനാണ്.
നൂറു സിംഹാസനങ്ങൾ
ബോധാനന്ദനിലൂടെ, പ്രജാനന്ദനിലൂടെയുമുള്ള നായാടിയായ കാപ്പൻ്റെ ധർമ്മപാലനിലേക്കുള്ള പരിണാമം, കാഫ്കയുടെ മെറ്റമോർഫസീസിൻ്റെ ഒരു റിവേഴ്സ് ആണെന്നു വേണം പറയാൻ, തനതായ ഒരു ശൈലിയിലൂടെ ഒരു സമൂഹം കടന്നുപോയ, ഇന്നും കടന്നുപോവുന്ന ജീവിതത്തിൻ്റെ ഇരുട്ടിലേക്ക് ജയമോഹൻ കൊളുത്തിയ ഒരു പന്തമാണ് നൂറു സിംഹാസനങ്ങൾ. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം, ഇന്ത്യയിലെ സാമൂഹികാവസ്ഥയുടെ, സാമൂഹികമുന്നേറ്റത്തിൻ്റെ, ഒടുക്കം മാറാത്ത പല ദുരവസ്ഥകളുടെയും നേർക്കാഴ്ചകളാവുകയാണ്, അതു വായനക്കാരൻ്റെ ചിന്തകളെ പിടിച്ചുലയ്ക്കുകയാണ്.
നൂറു സിംഹാസനങ്ങളിൽ ശ്രീനാരായണനുണ്ട്, ബുദ്ധനുണ്ട്. എന്താണ് ധർമ്മം, എന്തല്ല ധർമ്മം എന്ന മഹാഭാരതകാലം തൊട്ടുള്ള തലനാരിഴ കീറിയുള്ള പരിശോധനയുടെ തുടർച്ചയാണ് നൂറു സിംഹാസനങ്ങൾ, പേരിൽ തന്നെയും ധർമ്മവും ബുദ്ധനും കുടിയിരിക്കുന്ന ധർമ്മപാലനും. പൂർവ്വാശ്രമം ഇട്ടെറിഞ്ഞ് കാലെടുത്തുവെയ്ക്കുന്ന സന്ന്യാസം ഒന്നു നോക്കിയാൽ താരതമ്യേന എളുപ്പമാണ്. പൂർവ്വാശ്രമ ജീവിതം ആരും ഒരു സന്ന്യാസിയെ പിന്നെ ഓർമ്മിപ്പിക്കാറില്ല. ആയൊരു പ്രിവിലേജ് പക്ഷേ നായാടിക്കുണ്ടായിരുന്നില്ല. അന്നും ഇന്നും. ഐഎഎസ്സു കാരനായ ധർമ്മപാലനെ ഔദ്വോഗികജീവിതം നിത്യേനയെന്നോണം ഓർമ്മിപ്പിക്കുന്നുണ്ട് താൻ വെറും നായാടിയായിരുന്നു എന്ന സത്യം. അഴുക്കിൽ കിടന്ന്, അഴുകിയത് ഭക്ഷിച്ച്, അഴുക്കുകൾ ചർമ്മം തന്നെയായി മാറിയിരിക്കുന്നു, വെള്ളം കൊണ്ട് കഴുകിക്കഴുകി ഞാൻ എന്നെ വീണ്ടെടുക്കുകയാണെന്ന് ധർമ്മപാലൻ പറയുന്നുണ്ട്. അതിൽ നിന്നൊരു മോചനത്തിനുള്ള ഒരുകൈ സഹായമല്ല, പ്രോത്സാഹനവുമല്ല, മറിച്ച് അത് തികച്ചും അസാധ്യമാക്കുന്ന ഒരു സമൂഹമാണ് നാം, എന്തിന് അയാളുടെ ഭാര്യ, പഴയ കാമുകി, സുധ പോലും അയാളെ കണ്ടത് നായാടി ആയാണ്. നിരന്തരമായി അവൾ അയാളുടെ അപകർഷതാ ബോധത്തെ, ഭരിക്കാനായി പിറവികൊള്ളുന്ന ഐഎഎസ് ഗണത്തിലായിയിട്ടു പോലും ഒരു പ്യൂണിനോടുപോലും ഉത്തരവിടുവാൻ ആവാത്ത അയാളുടെ പ്രകൃതത്തെ വീണു കിട്ടുന്ന സന്ദർഭങ്ങളിൽ ഒന്നുപോലും പാഴായിപ്പോവാതെ പഴിക്കുന്നുണ്ട്. ആദ്യവാചകത്തിലെ ആനയുടെ കാലിലെ ചൂരൽ ഇവിടെയാണ്. എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തരം സാമൂഹിക-മനശ്സാസ്ത്ര ഗ്രന്ഥങ്ങളെക്കാൾ വിശദമായി സത്യസന്ധമായും ആവിഷ്കരിക്കുന്നുണ്ട് നൂറുസിംഹാസനങ്ങളിൽ എഴുത്തുകാരൻ. നൂറു സിംഹാസനങ്ങളിലെ നായാടിമാരുടെ ജീവിതവും തെരുവുനായയുടെ ജീവിതവും തൂക്കിനോക്കിയാൽ ഒരു പക്ഷേ ഭേദം നായയുടേത് ആവാനാണ് സാധ്യത. ആശുപത്രി ഷെഡ്ഡിലെ ധർമ്മപാലൻ്റെ പഴുത്തു പുഴുത്ത അമ്മയുടെ കിടപ്പ്, സമാനമായി ചെള്ളും പുണ്ണും പിടിച്ച നായ്ക്കൾക്കൊപ്പമായിരുന്നു.
ശ്രീനാരായണ ഗുരു പരമ്പരകളുടെ സ്വാധീനം
ശ്രീനാരായണഗുരുവിൽ തുടങ്ങി നടരാജഗുരുവിലൂടെ നിത്യചൈതന്യ യതിവരെയും പകർന്ന ബോധത്തിൻ്റെ നിറവു കൂടിയാണ് ജയമോഹൻ. ഇവിടെ വരെയെത്താൻ തന്നെ സഹായിച്ചത് പ്രജാനന്ദൻ, നാരായണഗുരുവിൻ്റെ ശിഷ്യൻ എന്നു ധർമ്മപാലൻ സെൻഗുപ്തയോട് പറയുമ്പോൾ, ആ സെൻഗുപ്ത എന്ന കഥാപാത്രത്തെ കൊണ്ട് എഴുത്തുകാരൻ ഒരു ചോദ്യം ചോദിപ്പിക്കുന്നുണ്ട് - നേർശിഷ്യനാണോ എന്ന്. അല്ല ഏണസ്റ്റ് കിർകിൻ്റെ ശിഷ്യനായ പ്രജാനന്ദൻ എന്നാണ് മറുപടി. ആരായിരുന്നു ചരിത്രത്തിൽ ഏണസ്റ്റ് കിർക്, എന്തിനായിരുന്നു ആ പേരിനെ എഴുത്തുകാരൻ സിംഹാസനസ്ഥനാക്കിയത്? അതുചെന്നു നില്ക്കുന്നുണ്ട് - നമുക്ക് സന്ന്യാസം നല്കിയത് ബ്രിട്ടീഷുകാരാണല്ലോ - എന്നു ഗുരുവചനത്തിൽ.
1927 ലെ വിജയദശമി നാളിലാണ് ഗുരു ഏണസ്റ്റ് കിർകിന് സന്ന്യാസ ദീക്ഷ നല്കിയത്. മറ്റെല്ലാവരെയും പോലെ കിർകിനോടും ഗുരു തലമുണ്ഡനം ചെയ്ത് വരാൻ പറയും, ശേഷം സന്ന്യാസ വസ്ത്രമായ കാവിയും ശേഷാശ്രമ നാമവും നല്കുമെന്നുമായിരുന്നു പലരുടെയും ധാരണ. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്, സന്ന്യാസ ദീക്ഷാ ചടങ്ങ് ആരംഭിച്ചപ്പോൾ ഗുരു അദ്ദേഹത്തിനു മാത്രമായി പശ്ചാത്യരീതിയിലെ സൂട്ടും കോട്ടും ടൈയും നല്കി. ആശ്രമത്തിൻ്റെ പല വികസന പദ്ധതികളുടെയും മേൽനോട്ടം ഏറക്കാലം കിർക് സ്വാമിക്കായിരുന്നു. താൻ അന്വേഷിച്ചു നടന്ന മഹാത്മാവിനെ ഗുരുവിൽ കണ്ടെത്തിയതെന്നായിരുന്നു കിർക് സ്വാമി പിന്നീട് പറഞ്ഞത്. ആ കിർകിന് സ്വന്തം ദേശവസ്ത്ര സംസ്കാരത്തിലൂടെ സന്ന്യസിക്കുവാനുള്ള മാർഗം ഒരുക്കിയ ഗുരു നടത്തിയതും മറ്റൊരു വിപ്ലവമായിരുന്നു. ജയമോഹൻ്റെ കൂടി ആരാധ്യനായ ഗുരു നിത്യചൈതന്യയതി കിർക്ക് സ്വാമിയെ കൂനൂരിലെ ആശ്രമത്തിൽ സന്ദർശിച്ചപ്പോൾ ടൈ കെട്ടിയ കിർക്കിനെ കണ്ട് അത്ഭുതപ്പെട്ടു. ഇതെനിക്ക് ഗുരു തന്ന സന്ന്യാസ ദീക്ഷാവസ്ത്രമാണ്, ഉപേക്ഷിച്ചിട്ടില്ല. അങ്ങ് കാവി ധരിക്കുന്നതുപോലെയാണ് ഞാൻ ടൈ ധരിക്കുന്നതെന്നുമായിരുന്നു യതിക്ക് അദ്ദേഹം കൊടുത്ത മറുപടി.
പിന്നീട് ഗുരുവിൻ്റെ മരണത്തിനു ശേഷം ആശ്രമം വിട്ട അദ്ദേഹം തിരുവനന്തപുരത്ത് കരമനയാറിൻ്റെ തീരത്ത് ആശ്രമം സ്ഥാപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. അവിടെ എത്തിയ കേശവപണിക്കരാണ് കിർകിൽ നിന്നും സന്ന്യാസ ദീക്ഷ സ്വീകരിച്ച് പിൽകാലത്ത് പ്രജാനന്ദനായി അറിയപ്പെട്ടതും, നൂറുസിംഹാസനങ്ങളിൽ ബോധത്തിൻ്റെ ഒരു സിംഹാസനം ജയമോഹൻ അദ്ദേഹത്തിനായി മാറ്റിവെച്ചതും. നല്ല ഇം ഗ്ലീഷ് പറയാത്തവൻ ആധുനിക മനുഷ്യനല്ല. ഇംഗ്ലീഷ് പറയാേത്താളം കാലം നീ വെറുമൊരു നായാടിയാണ് എന്നിടത്ത് വിമോചനത്തിൻ്റെ ഭാഷയായി പ്രജാനന്ദൻ കണ്ടത് ഒരു ലോകഭാഷയെയാണ്. ബഹുഭൂരിപക്ഷത്തിനും സ്വന്തം ഭാഷ ശരിയമ്പ്രാൻ ഉണർത്തിക്കുവാനും റാൻമൂളുവാനും മാത്രമുള്ളതാവുന്നിടത്ത്, അല്ലാതപ്പോൾ ലോകത്തേറ്റവും ക്രൂരമായ, പ്രാകൃതമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടിവന്ന, തിളച്ച എണ്ണയിൽ കൈ മുക്കി സത്യവും അസത്യവും വേർതിരിച്ച, കാതിലേക്ക് ഇയ്യം ഉരുകിയൊഴുകി എത്തിയ ‘ധർമ്മരാജ്യം’, വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയം ഏറെ അകലെയായിരുന്നില്ല. ‘കാപ്പാ മക്കളേ, കശേര വേണ്ടാ! കളസം വേണ്ടാ!’, തൻ്റെ മകനു ജീവൻ മതി എന്നു വിലപിക്കുന്ന കാപ്പൻ്റെ അമ്മയുടെ ദുഖത്തിൻ്റെ ആഴത്തെ അദ്ദേഹം ഉപമിക്കുന്നത് നമുക്ക് തിരിച്ചറിയാനാവാത്ത, പറഞ്ഞുതീർക്കാനാവാത്ത ഒരു മൃഗത്തിൻ്റെ ദു:ഖത്തോടാണ്. അവളിൽ നിന്നും താൻ പിടിച്ചുപറിച്ചു ധർമ്മപാലനായി വളർത്തിയ കാപ്പനോട് അവളോട് പ്രായശ്ചിത്തം ചെയ്യാൻ അദ്ദേഹം പറയുന്നതും മറ്റൊന്നുകൊണ്ടല്ല. മറ്റൊന്നും ചെയ്യാനാവാത്ത വിധം തകർക്കപ്പെട്ട ഒരു ജീവിയോട് അതുമാത്രമാണ് ചെയ്യാനാവുക.
വന്യമൃഗങ്ങൾക്ക് പേരിന് വനമെങ്കിലും ഉള്ള ലോകത്താണ് സ്വന്തമായി ഭൂമിയില്ല, പൊതുവഴിക്ക് അവകാശവുമില്ലാത്ത ബ്രാഹ്മണരിൽ നിന്നും 72 അടിമുതൽ 300 അടിവരെ അകലം ഐത്തം പാലിക്കാനുള്ള ഒരു വിഭാഗമായി നായാടി കേരളത്തിൽ ജീവിച്ചത്, ജീവിക്കുന്നത്. 2001 ലെ സെൻസസ് പ്രകാരം കേരളത്തിൽ 3322 നായാടികളാണെന്ന് 2008ലെ ചരിത്രകോൺഗ്രസിൽ അവതരിക്കപ്പെട്ട Continuiing Untouchability: The case of Nayadis of Kerala എന്ന പ്രബന്ധത്തിൽ കെ. രാജൻ എഴുതിയിട്ടുണ്ട്. പാലക്കാട് വിളയൂരിൽ നായാടിയുടെ സഞ്ചാരത്തിനു പരിധി നിശ്ചയിച്ച ഒരു പൊളൂഷൻ റോക് അഥവാ തീണ്ടൽ പാറയുള്ളതായി ചരിത്രമുണ്ട്. ഗാന്ധിജിയുടെ ഈ ഹരിജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ പാലക്കാടാണ്, ഷെഡ്യൂൾഡ് കാസ്റ്റ്, അംബേദ്കർ ദളിത് കോളനികളൊന്നുമല്ല, കൃത്യമായി നായാടി കോളനി എന്നു വിളിപ്പേര്. നമുക്ക് ജാതിയില്ലെങ്കിലും അവസാനിക്കാത്ത അവരുടെ ഐത്തബോധമാണ് പ്രശ്നം, ഐത്തബോധം കളയാത്തത് അവരാണ് എന്നാണ് ചിലരുടെ പരാതി. നട്ടെല്ല് തകർത്തുകളഞ്ഞ ശരീരം എഴുന്നേറ്റു വരാത്തതുകൊണ്ടാണ് നമുക്ക് കൊടുക്കാൻ പറ്റാത്തത് എന്നു പറയുന്നതുപോലെ അപഹാസ്യമാണ് എല്ലാ അർത്ഥത്തിലും തകർത്തുകളഞ്ഞ സമൂഹത്തോട് ഉയിർത്തെഴുന്നേല്ക്കാൻ കല്പിക്കുന്നത്. ആ കാലു വച്ചാൽ പൊതുവഴി കൂടി അശുദ്ധമായെന്നു പറഞ്ഞു എറിഞ്ഞു കൊന്ന ഗതകാലം നായാടിയെ പഠിപ്പിച്ച ജീവൻരക്ഷാപ്രാർത്ഥന ആരുടെയും കണ്ണിൽ പെടാതെയിരിക്കാൻ മാത്രമായിരുന്നു. അങ്ങിനെയൊരു സമൂഹത്തിൻ്റെ കഥയാണ്, യാഥാർത്ഥ്യമാണ് നായാടി, നല്ലൊരു ശൌച്യാലയം പോലുമില്ലാത്ത അവരുടെ കോളനിയുടെ കരയിലിരുന്നാണ് നമ്മൾ വലിയവായിൽ പുരോഗമനം പറയുന്നത്.
വേണ്ടത് രാഷ്ട്രീയബോധം, രാഷ്ട്രീയപാർട്ടിയല്ല
കഴിഞ്ഞ മെയ് മാസത്തെ ഹിന്ദുവിൻ്റെ ഫ്രൻട്ലൈനിൽ വി ഡി സവർക്കറെ പറ്റി സുദീർഘമായി അദ്ദേഹം എഴുതിയിട്ടുണ്ട്. സവർക്കറെ അദ്ദേഹം വിശേഷിപ്പിച്ചത് ഹിന്ദു വഹാബി എന്നാണ്, തീർത്തും ഒരു ഫണ്ടമെൻ്റലിസ്റ്റ്, മൌലികവാദി. ഫ്രൻ്റ്ലൈനിൽ നിന്നും ഒരല്പം മൊഴിമാറ്റം “ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ തിരഞ്ഞെടുത്തവർക്ക് മൂന്ന് ഉദാഹരണങ്ങളായാണ് വി.ഡി. സവർക്കറെയും ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും ഞാൻ കാണുന്നത്. പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളായിരുന്നിട്ടും അവരെല്ലാം ലക്ഷ്യത്തിലേക്ക് ഒരേ മാർഗമാണ് തിരഞ്ഞെടുത്തത്. മൂവരും വീണു, എങ്കിലും വീര രക്തസാക്ഷികളായി വിവിധ രാഷ്ട്രീയ പാർട്ടികൾ അവരെ ആഘോഷിക്കുന്നു. നേരെമറിച്ച്, ഗാന്ധി, നെഹ്‌റു, അംബേദ്കർ എന്നിവരെ ജനാധിപത്യപാത തിരഞ്ഞെടുത്തവരായി ഞാൻ കാണുന്നു. പലപ്പോഴും വീക്ഷണങ്ങളിൽ അവരും പരസ്പരം വിയോജിച്ചിരുന്നു, എങ്കിലും അവരുടെ രീതികൾ സദാ ജനാധിപത്യപരമായിരുന്നു. ഞാൻ തിരഞ്ഞെടുക്കുന്നത് അവരുടെ പാതയാണ്. കേവലം മഹത്തായ ഇന്ത്യൻ നേതാക്കളായി മാത്രമല്ല ഞാൻ അവരെ വാഴ്ത്തുന്നത്. വ്യക്തമായ ചരിത്രവീക്ഷണത്താലും ജനാധിപത്യത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണയാലും ആ കാലത്തെ ലോകനേതാക്കളുടെ ഇടയിൽ വേറിട്ടുനിന്നവരായിരുന്നു അവർ. വാസ്തവത്തിൽ, നമ്മുടെ രാഷ്ട്രം അവരുടെ ദർശനങ്ങളാൽ രൂപപ്പെട്ടതാണ് നമ്മുടെ ഭാഗ്യം.”
സവർക്കർ എന്ന വിഷത്തിനുള്ള മറുമരുന്നാണ് ഗാന്ധി എന്നു ജയമോഹൻ പറയുമ്പോഴും അദ്ദേഹം സവർക്കർ ഒരിക്കലും ഭീരുവായിരുന്നില്ല എന്നു കൃത്യമായി നിരീക്ഷിക്കുന്നത്, റഷ്യൻ വിപ്ലവം അതിരു കടത്തിയ ആവേശത്തിൻ്റെ ലോകമെങ്ങുമുണ്ടായ അലയടികളെ സാക്ഷിനിർത്തിയാണ്. ബ്രിട്ടീഷുകാരുമായി ഒരുഘട്ടത്തിലെങ്കിലും സന്ധിചെയ്യാത്ത ഒരാളും ഉണ്ടായിരുന്നില്ലെന്നതിന് ഉദാഹരണങ്ങളായി അദ്ദേഹം എടുക്കുന്നത് ഗാന്ധിയെയും നെഹ്റുവിനെയും അംബേദ്കറെയും, ഇ വി രാമസ്വാമിയെയും കമ്മ്യൂണിസ്റ്റുകാരെയും ആണ്.
ഒന്നുകിൽ കറുപ്പിൽ അല്ലെങ്കിൽ വെളുപ്പിൽ പെയിൻ്റു ചെയ്യപ്പെട്ട ഒരു പ്രതിച്ഛായയാണ് ചരിത്രത്തിൽ സവർക്കറിന്. ഒരു കൂട്ടർക്ക് ധൈര്യത്തിൻ്റെ, അതിസാഹസികതയുടെ, നിസ്വാർത്ഥയുടെ ഒക്കെയും ആൾരൂപം. മറ്റുള്ളവർക്ക് മഹാഭീരു, സകല തിന്മകളുടെയും ആൾരൂപം. ചരിത്രത്തിലെ ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും ഷെയ്ഡുകളിൽ മങ്ങിപ്പോയ ഒരു യഥാർത്ഥ സവർക്കറെയും വീണ്ടെടുക്കുന്നുണ്ട് ജയമോഹൻ വായന.
“വാഴ്ത്തപ്പെടാതെ പോയ നായകനെന്ന് സവർക്കർ പ്രതിച്ഛായക്ക് വെള്ളപൂശാനുള്ള ശ്രമങ്ങൾക്കിടയിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിൻ്റെ പങ്കിനെ മറ്റുള്ളവർ ഇകഴ്ത്തുന്നതും, പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കുള്ള അദ്ദേഹത്തിൻ്റെ ക്ലെമൻസി പെറ്റീഷനുകളെ പരിഹസിക്കുന്നതും നാം ഇന്ന് കാണുന്നു. നിസ്സംശയമായും സവർക്കർ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു അതൊക്കെ തന്നെയും എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഭീരുവും സ്വാർത്ഥനുമായിരുന്നില്ല. അദ്ദേഹത്തിൻ്റെ ത്യാഗത്തെ റദ്ദുചെയ്തുകളയുമ്പോൾ, മറുവശത്തെ പൂർണ്ണമായി തള്ളിക്കളയുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ വെളിവാകുന്നത് വെറും ഇടുങ്ങിയൊരു ചിന്താഗതിയാണ്.”
സവർക്കർ സായുധ പോരാട്ടത്തിൻ്റെ വഴി എടുത്ത കാലം, 1910-ൽ റഷ്യയിൽ ലെനിൻ ചെയ്തതും അതുതന്നെയാണ്. ഒടുക്കം സാറിസ്റ്റ് സാമ്രാജ്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു. അതു ലോകമെമ്പാടും സായുധ സംഘങ്ങളെ അവരുടെ സ്വന്തം സർക്കാരുകൾക്കെതിരെ പോരാടാൻ പ്രചോദിപ്പിച്ചു, എന്നാൽ അത്തരം ഗ്രൂപ്പുകൾക്ക് ക്യൂബ പോലുള്ള ചില രാജ്യങ്ങളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, കോംഗോ, സ്പെയിൻ, ബൊളീവിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ പൂർണ്ണമായും തകർന്നു എന്നും ജയമോഹൻ നിരീക്ഷിക്കുന്നുണ്ട്. പ്രായോഗികതലത്തിൽ ബ്രിട്ടൻ്റെ സായുധ ശേഷിയെ, കരുത്തിനെ അളക്കുന്നതിൽ, പരാജയപ്പെട്ടവരായിരുന്നു ഹിംസയുടെ മാർഗം എടുത്ത പലരും. പക്ഷേ അതൊക്കെയും സ്വാതന്ത്ര്യസമരത്തെ ആളിക്കത്തിച്ച ഇന്ധനവുമായിരുന്നു എന്നത് സത്യമല്ലാതാവുന്നുമില്ല. ആയൊരു ധർമ്മത്താൽ പക്ഷേ ആ മാർഗം മഹത്തരവുമാവുന്നില്ല, രക്തസാക്ഷികൾ മഹാത്മാക്കളുമാവുന്നില്ല. സവർക്കറെയും മറ്റുള്ള സായുധപോരാളികളെയും നയിച്ചത് വികാരം മാത്രമായിരുന്നു, വിചാരമായിരുന്നില്ല - ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കരുത്തിൻ്റെ സ്രോതസ്സ് ദശലക്ഷക്കണക്കിന് ഇന്ത്യൻ ജനതയിൽ അതിനുണ്ടായിരുന്ന ജനകീയസ്വീകാര്യതയായിരുന്നു എന്ന ചരിത്രബോധം അവർക്കില്ലാതെ പോയി എന്നും ജയമോഹൻ നിരീക്ഷിക്കുന്നുണ്ട്.
ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും മറ്റുള്ളവരുടെയും വർദ്ദിച്ചുവന്ന ജനപ്രീതി, ജനങ്ങൾക്ക് അഹിംസാമാർഗങ്ങളോടുള്ള ഇഷ്ടം ഒക്കെയുമാവാം സവർക്കറെ ആ മാർഗം ഉപേക്ഷിച്ച് പുറത്തുവരുവാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാണുന്നു. നിലവിലെ വഴി തെറ്റെന്നു തോന്നിയപ്പോൾ സ്വാഭാവികമായും ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത്, മറുവഴികളിലേക്കായി പുറത്തു കടക്കുകയായിരുന്നു ബുദ്ധി. തെരുവിലെ സവർക്കർ ഒന്നുകിൽ മിത്രങ്ങളുടെ സവർക്കറാണ്, അല്ലെങ്കിൽ ശത്രുക്കളുടെ സവർക്കർ. ജയമോഹൻ പറയുന്നു - “സവർക്കറെ ഭീരുവായി ഞാൻ കണക്കാക്കുന്നില്ല, അദ്ദേഹത്തിൻ്റെ രാജ്യസ്‌നേഹത്തെ ഞാൻ സംശയിക്കുന്നുമില്ല. രാഷ്ട്രത്തിന് വേണ്ടി അദ്ദേഹം ത്യാഗങ്ങൾ സഹിച്ചുവെന്നതിൽ തർക്കമില്ല. എങ്കിലും, തികച്ചും അസ്വീകാര്യനായ ഒരു രാഷ്ട്രീയ വ്യക്തിത്വമായാണ് അദ്ദേഹത്തെ ഞാൻ വിലയിരുത്തുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വികലമായ ധാരണയുടെയും അക്രമ രാഷ്ട്രീയത്തിൻ്റെയും അടിസ്ഥാനത്തിലുള്ള എൻ്റെ വിലയിരുത്തലാണിത്.
സവർക്കർ ഒരു മതമൗലികവാദിയായിരുന്നു. മതമൗലികവാദത്തിൻ്റെ ഏത് രൂപവും ജനാധിപത്യവിരുദ്ധമാണ്. സാധാരണക്കാരുടെ ക്ഷേമത്തിന് എതിരായി പ്രവർത്തിക്കുകയും ആത്യന്തികമായി അത് വിനാശകരമാവുകയും ചെയ്യുന്നു. മതം, ജാതി, ഭാഷ, വംശം, അല്ലെങ്കിൽ ദേശീയത - ഏത് രൂപത്തിലായാലും മൌലികവാദം അടിസ്ഥാനപരമായി വിനാശകരമാണ്. മൗലികവാദത്തിൻ്റെ എല്ലാ രൂപങ്ങളും പ്രായോഗികമായി ഒന്നുതന്നെയാണ്, കാരണം ആത്യന്തികമായി അവർ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ഔന്നത്യത്തിൽ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനായി ദശലക്ഷങ്ങളുടെ ജീവൻ പോയാലും ആ ബലികളെല്ലാം ന്യായമാണെന്ന് മൗലികവാദികൾ വിശ്വസിക്കുന്നു; അങ്ങനെ അവർ ദശലക്ഷക്കണക്കിന് ആളുകളെ കരുണയേതുമില്ലാതെ കൂട്ടക്കൊല ചെയ്യുന്നു. കാലങ്ങളായുള്ള സർവ്വനാശങ്ങളുടെ ചാക്രികതയെ ചരിത്രം രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.”
ഹിംസയുടെ പാത തിരഞ്ഞെടുക്കുന്നവർ, സ്വന്തം പക്ഷത്തിനെതിരെ അവർ അഴിച്ചുവിടുന്ന ഏത് അക്രമത്തെയും ന്യായീകരിക്കും. ഹിംസയുടെ വഴി സ്വയം സ്വീകരിച്ചിട്ട്, എതിർസംഘം നടത്തുന്ന ഹിംസയെ പറ്റി പരാതിപ്പെടുന്നതിൽ എന്തു കാര്യം എന്ന് ഓർമ്മിപ്പിക്കുന്നുണ്ട് അദ്ദേഹം. തങ്ങൾ നടത്തുന്ന ഹിംസകളൊക്കെയും ധർമ്മാനുസൃതവും എതിരാളിയുടേത് അധർമ്മവും ആണെന്ന് പറയുന്നതിനേക്കാൾ അസംബന്ധം മറ്റൊന്നില്ല - ജയമോഹൻ കൂട്ടിച്ചേർക്കുന്നു.
ആരുടെ കൈയ്യടിക്കും അവാർഡുകൾക്കുമല്ലാതെ നിർഭയം, നിരന്തരം നിർമമതയോടെ എത്രയും സെൻസിറ്റീവായ വിഷയങ്ങളെ ജയമോഹൻ നോക്കിക്കാണുന്ന സാമൂഹിക-ചരിത്ര-കാലിക-ബോധം, കൈയ്യടികൾക്കായി കരുതിവച്ച കാലണവാക്കുകൾ മാത്രം കൈമുതലായുള്ള ദരിദ്രനാരായണൻമാരെ സമ്പന്നരാക്കേണ്ടതാണ്, അവർ കേൾക്കുന്നുണ്ടെങ്കിൽ. അസാധാരണമായ ഒരു ആശയ-ഭാഷാ-പ്രപഞ്ചം തന്നെയാണ് നൂറുസിംഹാസനങ്ങളിലേത്. അവിടെ വാക്കുകൾ വ്രണത്തിലെ ചലം പോലെ ചീറ്റിയടി’ക്കുന്നുണ്ട്, കാറുകൾ കൂറകൾ പോലെ പായുന്നുണ്ട്, മനുഷ്യർ പ്രാണികൾ പോലെയും. ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് നായാടിയും നില്ക്കുമ്പോൾ തന്നെ ധർമ്മങ്ങളിൽ ഏറ്റവും വലുതായ സമത്വത്തിൻ്റെ സമക്ഷം ആ ക്ഷണം നായാടി അനീതിക്കിരയായി കഴിഞ്ഞു, അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ് എന്നിടത്ത് നവലോകത്തിനു വേണ്ട ധർമ്മബോധമുണ്ട്. നായാടിയെ എലിയോട് ഉപമിക്കുന്നിടത്ത് എഴുത്താളുടെ നിരീക്ഷണപാടവം അതിൻ്റെ കൊടുമുടിയിലേക്കെത്തുന്നുണ്ട്. “എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ‘ഒന്നു് ജീവിച്ചാേട്ടെ’ എന്ന മട്ടുണ്ട്. കാലുകൾക്കു താഴെയാണു അതിൻ്റെ ലോകം, ചവറുകളിലാണ് അതിൻ്റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണു ദൈവം കൊടുത്തിട്ടുള്ളത്.” ആ എലിയെ മാത്രം പിടിച്ചു ചുട്ടു തിന്നുന്നതാണ് അന്നും ഇന്നും നായാടിയുടെ യഥാർത്ഥ ജീവിത നായാട്ട്.
അരികുവൽക്കരിക്കുപ്പെട്ടവരുടെ ജീവിതമെഴുതുമ്പോൾ
ആനഡോക്ടറിലെ ഡോക്ടർ കെയുടെ നിരീക്ഷണത്തെ പറ്റി ചോദ്യമുന്നയിച്ചയാളോട് അദ്ദേഹം കഴിഞ്ഞവർഷത്തെ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവെലിൽ പറഞ്ഞത് പത്രഭാഷയിലുള്ള, ക്ലീഷേ ചോദ്യത്തിന് മറുപടിയില്ലെന്നാണ്. മലയാളിയുടെ കാപട്യത്തിനു മീതെയാണ് നിർഭയം ജയമോഹൻ ഇച്ചിരി ബോധത്തിൻ്റെ കനലു കോരിയിട്ടത്. കാടിനോടുള്ള മലയാളിയുടെ സ്നേഹം കാപട്യമാണെന്ന് തുറന്നടിക്കാൻ അദ്ദേഹമെടുത്തത് എത്ര വാക്കുകളാണ് - കാടുകയറലും, കാടനും, കാടത്തരവും ഒക്കെയും നെഗറ്റീവായി മാത്രം കാടിനെ കാണുന്ന പദങ്ങളാവുമ്പോൾ, മലയാളിക്ക് എവിടെയാണ് കാടിനെ കുറിച്ച് നല്ലതു പറയാനുള്ളത് - കള്ളുകുടിക്കാൻ കുപ്പിയുമായി കാടുകയറുന്ന മലയാളിയെ പരിഹസിക്കാനും, ശകാരിക്കാനും ജയമോഹൻ മറന്നില്ല.
സംസ്ഥാനമാവട്ടെ കേന്ദ്രമാവട്ടെ, താൻ ഒരു അവാർഡും ഭരണകൂടങ്ങളുടെ കൈയ്യിൽ നിന്നും സ്വീകരിക്കുകയില്ല എന്ന ധീരമായ പ്രഖ്യാപനം കേട്ടപ്പോൾ ഓർമ്മയിലേക്ക് ഓടിയെത്തിയത് എം.പി നാരായണ പിള്ളയുടെ നിരീക്ഷണങ്ങളാണ്. ജനത്തിൻ്റെ നികുതിപ്പണം തോന്നിയപോലെ എടുത്തു എഴുത്തുകാർക്കു എറിഞ്ഞു കൊടുക്കുന്നതും പട്ടിക്കു എല്ലിൻ കഷണം എറിഞ്ഞു കൊടുക്കുന്നതും തമ്മിൽ അന്തരമില്ല, വായിൽ എല്ലുള്ള പട്ടി കുരക്കുന്ന പതിവില്ലല്ലോ എന്നായിരുന്നു നാരായണ പിള്ളയുടെ നിരീക്ഷണം. അക്കാദമിയുടെ റോഗ്സ് ഗാലറിയിൽ എൻ്റെ പടം ഉണ്ടാവരുത് എന്നതാണ് എൻ്റെ അന്ത്യാഭിലാഷം എന്ന് എത്രപേർക്ക് പറയാൻ കഴിയും! സ്വന്തം വരുമാനത്തിന്റെ 10% മോ മറ്റോയെങ്കിലും എഴുത്തിൽ നിന്നുമുണ്ടാക്കുന്നവരാണ് പ്രൊഫഷണൽ എഴുത്തുകാർ എന്നൊരു നിരീക്ഷണവും നാരായണ പിള്ളയുടേതായി ഉണ്ടായിരുന്നു. അവിടെയാണ് ജയമോഹൻ, തൻ്റെ എഴുത്തിൽ നിന്നു മാത്രമുള്ള വരുമാനത്തിൽ നിന്നും കെഎൽഎഫ് പോലുള്ള പരിപാടികൾ സ്വന്തം നിലയിൽ തന്നെ നടത്തുന്നത്. ജയമോഹൻ്റെ കൃതികൾ പ്രസിദ്ധീകരിക്കുവാൻ മാത്രമായാണ് വിഷ്ണുപുരം പ്രസ് എന്നു പറയുമ്പോഴാണ്, ഇവിടുള്ള സ്വയം പ്രഖ്യാപിത നെറൂദമാരൂം മാർക്കേസുമാരും മോപ്പസാങ്ങുകളും എത്ര നിസ്സാരരാണെന്ന് മനസ്സിലാവുക. ജയമോഹൻ്റെ വാക്കുകൾ കേട്ടിറങ്ങുമ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ചരിത്രത്തിൽ ഒരു ഭരണാധികാരിയും തത്വജ്ഞാനിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിൻ്റെ രസതന്ത്രമാണ് - അലക്സാണ്ടറും ഡയോജനീസും തമ്മിലുള്ളതാണത്.
താനേ നിലത്തു പതിക്കുന്ന ഈന്തപ്പഴങ്ങൾ മാത്രം ഭക്ഷിച്ചു നടന്ന ഒരു മഹാ സിനിക്കായിരുന്നു ഡയോജനീസ്. ജ്ഞാനികളുടെ സ്ഥാനം ആ കാലത്ത് രാജസദസ്സുകളിലായിരുന്നു. എന്നാൽ മഹാജ്ഞാനിയായ ഡയോജനീസ് ഒരിക്കൽപോലും രാജകൊട്ടാരത്തിൽ കയറിയിരുന്നില്ല. അങ്ങിനെ യാചകനെന്നോണം അലഞ്ഞുതിരിയവേ ഒരാൾ ഡയോജനീസിനോടു ചോദിച്ചു - “ആ കൊട്ടാരത്തിൽ രാജാവിനോടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങിനെ ഈന്തപ്പഴങ്ങൾ തിന്നു വിശപ്പടക്കേണ്ട ഗതികേട് വരുമായിരുന്നോ?".
സൗമ്യമായിരുന്നു ഡയോജനീസിൻ്റെ മറുപടി. "ഈന്തപ്പഴങ്ങൾ തിന്നാൻ അവർ പഠിച്ചിരുന്നുവെങ്കിൽ രാജാവിനോടൊപ്പം നടക്കേണ്ട ഗതികേട് അവർക്ക് ഉണ്ടാവുമായിരുന്നോ?"
സിനിക്കുകളിൽ ലോകമറിയുന്നവൻ ഡയോജനീസ്. പട്ടാപ്പകൽ ലാന്തറുമായി ഒരു നല്ല മനുഷ്യനെ തിരഞ്ഞു പരാജയപ്പെട്ടുകൊണ്ടിരുന്നു ഡയോജനീസ്. പുരാതന ഗ്രീസിലെ സിനിക്കുകൾക്ക് ധർമ്മാചരണമായിരുന്നു ആനന്ദത്തിൻ്റെ അടിസ്ഥാനം. ഈ തത്ത്വചിന്തയെ പിന്തുടർന്ന സിനിക്കുകൾ തങ്ങളിലെ സദ്ഗുണങ്ങളെ അതിൻ്റെ പൂർണതയിലേക്കു നയിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അതുവഴി പരമമായ ആനന്ദത്തിലേക്കും. സിനിക് എന്ന പദം ഉദ്ഭവിക്കുന്നത് ഗ്രീസിലെ നായ എന്നർത്ഥം വരുന്നൊരു പദത്തിൽ നിന്നാണെന്നു പറയപ്പെടുന്നു.
രസകരമാണത്, നമ്മൾ വലിയ വില കല്പിക്കുന്ന പലതിനോടും നായയുടെ സമീപനം എന്തായിരിക്കും? ഒരു തെരുവു പട്ടിക്ക് മുന്നിൽ രാഷ്ട്രത്തലവനും പിച്ചക്കാരനും സമൻമാരായിരിക്കും. എത്രവലിയ സോഷ്യലിസ്റ്റ് മൂത്ത് കമ്മ്യൂണിസ്റ്റ് ആയാലും മനുഷ്യന് ആയൊരു നീതിബോധം സാധ്യമാവുകയില്ല. അതു കടലാസിൽ, തള്ളിലും ഭാവനയിലും മാത്രം വിശ്രമിക്കുയാണ് പതിവ്. സാധാരണ ആർക്കും പ്രിയങ്കരമായ, ആദരവേറിയ പലതിനോടും ഒരു പട്ടിയുടെ നിസ്സംഗത കൈവരിക്കാൻ സാധിക്കുമ്പോഴാണ് മനുഷ്യൻ ഒരു സിനിക്കാവുക.
ഒരിക്കൽ കൂനയായിട്ടിരിക്കുന്ന മനുഷ്യൻ്റെ എല്ലുകളെ നോക്കി, ചക്രവർത്തീ, ഞാൻ ഈ എല്ലുകളിൽ തിരയുകയാണ്, പക്ഷേ താങ്കളുടെ പിതാവിൻ്റെയും പിച്ചക്കാരുടെയും എല്ലുകൾ തമ്മിൽ ഒരു വ്യത്യാസവും കാണുന്നില്ലല്ലോ എന്നു അലക്സാണ്ടറോട് പറയാൻ മാത്രം ഒരാളുണ്ടായിരുന്നത് ഡയോജനീസാണ്.
നമുക്ക് ക്ഷാമമുള്ളതും ആ ഡയോജനീസുമാർക്കാണ്. അവിടെയാണ് ജയമോഹനെപ്പോലുള്ളവർ പ്രതീക്ഷയുടെ കിരണങ്ങളാവുന്നത്.
മധുസൂദൻ. വി

1 comment:

tamilwriter.saravanan@gmail.com said...

ഹായ് ഇത് സത്യമാണ്. പുണ്യത്തിൻ്റെ പ്രതീക്ഷയുടെ കിരണമാണ് ജയമോഹൻ. ഇത് ഒരു കിരണമാണെങ്കിലും, അതിൻ്റെ താപം സൂര്യൻ്റെ താപത്തിന് തുല്യമാണ്. അഭിനന്ദനങ്ങൾ
- 'രാമപാനം' പി. ശരവണൻ, മധുര.