Tuesday, March 19, 2024

മിഥിലയിൽ നിന്നും തലശ്ശേരിയിലെ ജാനകിയിലേക്ക്

ഒരു ഡോ. ബാബാസാഹേബ് അംബേദ്കർ വായനയിൽ തൊട്ടു തുടങ്ങാം, “ഒരു സാമൂഹിക ശക്തിയെന്ന നിലയിൽ മതത്തെ അവഗണിക്കാനാവില്ല. എല്ലായിടത്തും ചരിത്രത്തിൻ്റെ പാവിനെ ക്രോസ്ചെയ്തു പോവുന്ന ഊടാണ് മതം"  എന്നാണ് ഹെബർട്ട് സ്പെൻസർ മതത്തെ ഉചിതമായി വിശേഷിപ്പിച്ചത്. എല്ലാ സമൂഹത്തിലും ഇത് സത്യമാണ്. എന്നാൽ മതം മറ്റിടങ്ങളിലെ പോലെ, ഇന്ത്യയിലങ്ങിനെ ചരിത്രത്തിൻ്റെ പാവിനെ മുറിച്ചുകടന്നു പോവുകയായിരുന്നില്ല, മറിച്ച് മനുഷ്യജീവിതത്തിൻ്റെ ഊടുംപാവും തന്നെയായി മാറുകയായിരുന്നു. ഹിന്ദുവിൻ്റെ ജീവിതത്തെ,  അവൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും നിയന്ത്രിക്കുന്നത് മതമാണ്. അവൻ ജീവിതത്തിൽ എങ്ങനെ പെരുമാറണമെന്നും മരണശേഷം അവൻ്റെ ശരീരം എങ്ങനെ സംസ്കരിക്കണമെന്നും അത് നിർദ്ദേശിക്കുന്നു. എങ്ങനെ, എപ്പോൾ തൻ്റെ ലൈംഗിക ചോദനകളിൽ മുഴുകണമെന്ന് അത് അവനോട് പറയുന്നു. ഏത് ചടങ്ങുകളാണ് എപ്പോൾ നടത്തേണ്ടതെന്ന് അതവനോട് പറയുന്നു; ഒരു കുട്ടി ജനിക്കുന്നു - അതിന് എങ്ങനെ പേരിടണം, അതിൻ്റെ തലയിലെ മുടി എങ്ങനെ വെട്ടണം, എങ്ങനെ ആദ്യ ഭക്ഷണം നൽകണം. അവന് ഏതു തൊഴിലിൽ ഏർപ്പെടാം, ഏത് സ്ത്രീയെ വിവാഹം കഴിക്കാം എന്നതവനോട് പറയുന്നു. ആരോടൊപ്പമാണ് ഭക്ഷണം കഴിക്കേണ്ടതെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ഏത് പച്ചക്കറികൾ നിയമാനുസൃതമാണെന്നും എന്തൊക്കെയാണ് നിഷിദ്ധമായതെന്നും അതവനോട് പറയുന്നു. അവൻ തൻ്റെ ദിവസം എങ്ങനെ ചെലവഴിക്കണം, എത്ര തവണ ഭക്ഷണം കഴിക്കണം, എത്ര തവണ പ്രാർത്ഥിക്കണം എന്നു പറയുന്നു. മതത്തിൻ്റെ പരിധിയിൽ വരാത്തതോ മതം ആജ്ഞാപിക്കാത്തതോ ആയ ഒരു ഹിന്ദു പ്രവൃത്തിയും ഇല്ല. വിദ്യാസമ്പന്നരായ ഹിന്ദുക്കൾ ഇത് നിസ്സംഗതയുടെ കാര്യമാണെന്ന മട്ടിൽ നോക്കുന്നത് വിചിത്രമായി തോന്നുന്നു.”(Dr. Babasaheb Ambedkar Writing and Speeches, Vol. 3)

അവനോട് എല്ലാം കല്പിക്കപ്പെട്ടപ്പോൾ അവൾ അവൻ്റെ കല്പനകൾക്ക് കീഴ്പ്പെടേണ്ടവളായി, ‘കല്പന’, കല്പനകൾ അനുസരിക്കാൻ ബാധ്യതപ്പെട്ട അവളുടെ പേരുകളിലൊന്നായി മാറി. അസമത്വത്തിൻ്റെ തട്ടുകളായി ജാതികളെ സൃഷ്ടിച്ച് ഓരോ ജാതിയിലും അവളെ ശൂദ്രയാക്കിയതാണ് മനുവിൻ്റെ സംഭാവന. ബുദ്ധൻ്റെ സമസൃഷ്ടിചിന്തയുടെ ലോകത്തെ തകർത്തത് അസമത്വം ആധാരശിലയാക്കിയ മനുസ്മൃതിയുടെ ജാതിവിഭജനമാണ്. ആദിയിൽ ഇവിടെ അത്രമേൽ സർവ്വശക്തകളായ ദേവതമാർ ഉണ്ടായത് എങ്ങിനെയാണ്?  അതു വിരൽചൂണ്ടുന്നത് സ്ത്രീപുരുഷ തുല്യതയുടെ ഒരു ഭൂതകാലത്തിലേക്കാണ്. മനുവിൻ്റെ നിയമങ്ങളായ  മനുസ്മൃതി ഒരു പുരാതന ഹിന്ദു നിയമഗ്രന്ഥമാണ്. കൃത്യമായ തീയതി ലഭ്യമല്ലെങ്കിലും ഏതാണ്ട്  ബിസി രണ്ടാം നൂറ്റാണ്ടിനും സിഇ മൂന്നാം നൂറ്റാണ്ടിനും ഇടയിൽ എഴുതിയതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ബോധോദയ ശേഷം ബുദ്ധൻ തൻ്റെ ഉൾക്കാഴ്ചകളും തത്വങ്ങളും സമൂഹത്തിന് പകർന്ന് തൻ്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചു.  ബിസി 483-ൽ ബുദ്ധൻ  നിർവ്വാണം പ്രാപിച്ചതായി പഠനങ്ങൾ പറയുന്നു.  ബുദ്ധൻ്റെ സമത്വബോധത്തെയാണ്, മനു ജാതിയിലൂടെ, ജാതിയിലെ പുരുഷാധിപത്യത്തിലൂടെ ഇല്ലായ്മ ചെയ്തത്. 

യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ (എവിടെയാണോ, സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകള്‍ സന്തോഷിക്കൂ) എന്നു പറഞ്ഞ മനുസ്മൃതി തന്നെയാണ് ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നും പറയുന്നത്. കൌമാരത്തിൽ പിതാവിന്, യൌവ്വനത്തിൽ ഭർത്താവിന്, വാർദ്ധക്യത്തിൽ മക്കൾക്ക് കീഴ്പ്പെട്ട് കഴിയേണ്ടവളാണ്, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നു തന്നെയാണ് മനു പറഞ്ഞത്.  പെണ്ണിൻ്റെ നൈസർഗികമായ കരുത്തിനെ  ആരാധനയിലൂടെ അംഗീകരിച്ച്, സ്വാതന്ത്ര്യം കണ്ടുകെട്ടി പെണ്ണിനെ അടിമയാക്കിയതാണ് മനു, മനുവാദികൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. അങ്ങിനെ ഒന്നു സൂക്ഷ്മമായി നോക്കിയാൽ ഇന്ത്യൻ വനിതകളെ ഒന്നടങ്കം പുരുഷന് കീഴ്പ്പെട്ടവളാക്കി, ഒരോ ജാതിയിലും അവരെ താഴ്ന്നവരാക്കി മാറ്റിയത് ബ്രാഹ്മണ്യമാണ്, മനുസ്മൃതിയിലൂടെയാണ് അത് സാധ്യമാക്കിയത്.  എന്നാൽ ഇന്നാരെങ്കിലും മനുസ്മൃതി വായിക്കുന്നുണ്ടോ, അതിനനുസൃതമായി ജീവിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ആദ്യഭാഗത്തിന് വായിക്കുന്നില്ല എന്നും രണ്ടാംഭാഗത്തിന് മിക്കവാറും അങ്ങിനെ തന്നെ ജീവിക്കുന്നു എന്നുമാണ് ഉത്തരം. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ഒന്നിൻ്റെ സ്വാധീനം അത്രമാത്രമോ എന്നു സംശയമുള്ളവർ, കേവലം 19ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ വന്ന കമ്മ്യൂണിസത്തിൻ്റെ സ്വാധീനം നോക്കൂ. ആരും ഏറെയൊന്നും വായിക്കുന്നില്ലെങ്കിലും ഈ ട്രാൻസ്പാരൻസി യുഗത്തിലും അതിൻ്റെ വിശ്വാസികളുടെ നേരം വെളുക്കാത്ത ശൈലി മാത്രം നോക്കിയാൽ മതി. മതപ്രബോധനങ്ങൾക്കും പ്രത്യയശാസ്ത്ര പ്രബോധനങ്ങൾക്കും അങ്ങിനെയൊരു മസ്തിഷ്കപ്രക്ഷാളന ശേഷിയുണ്ട്. അവിടെ വിശ്വാസമാണ് പ്രധാനം, വിശ്വാസ സംരക്ഷണം  പരമപ്രധാനവും.  വിശ്വാസസംരക്ഷണം മഹത്തായൊരു ലക്ഷ്യമായി തന്നെ മാറുമ്പോൾ അതിലേക്കുള്ള ഏതു മാർഗവും, കൊലയും ബലാൽസംഗവും വരെയും ന്യായീകരിക്കപ്പെടുകയും ചെയ്യും. അത്തരം ഫാസിസം ഭയക്കുന്ന ഒരിസം നിലവിൽ ഇന്ന്  ഫെമിനിസമാണ്. ഏതുമതവും ഏതിസവും ജൈവികമായും ജനിതകമായും അടുത്തിരിക്കുന്നത് ഫാസിസത്തോടാണ്, രണ്ടും പുരുഷാധിപത്യമാണ്. സ്വാഭാവികമായും അസഹിഷ്ണുത മുഖമുദ്രയാവും. 

അംബേദ്കർ മറ്റൊരിടത്ത് തുടരുന്നു, “ആര്യന്മാർക്കിടയിലെ സ്ത്രീപുരുഷബന്ധം ഒരു നിയന്ത്രണവുമില്ലാത്ത ഒന്നായിരുന്നു.  ഒരു ആണും പെണ്ണും തമ്മിലുള്ള ശാശ്വതമായ ബന്ധമാണ് വിവാഹം എന്നവർക്ക് അറിയാത്ത ഒരു കാലമുണ്ടായിരുന്നു. മഹാഭാരതത്തിൽ നിന്ന് ഇത് വ്യക്തമാണ്, പാണ്ഡുവിൻ്റെ ഭാര്യ കുന്തിയോട് മറ്റാരിൽ നിന്നെങ്കിലും കുട്ടികളെ ജനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പാണ്ഡുവിൻ്റെ അപേക്ഷയ്ക്കുള്ള കുന്തിയുടെ മറുപടിയിൽ അതുണ്ട്.  തങ്ങളുടെ ലൈംഗികബന്ധത്തിൽ പാടില്ലാത്തതായി ഒന്നുമേ ഇല്ലാത്ത  ഒരു കാലമുണ്ടായിരുന്നു ആര്യന്മാർക്ക്. സഹോദരൻ സഹോദരിയോടൊപ്പം, മകൻ അമ്മയോടൊപ്പവും, അച്ഛൻ മകളോടൊപ്പവും, മുത്തച്ഛൻ ചെറുമകളുമായും സഹവസിച്ച സംഭവങ്ങളുണ്ട്. സ്ത്രീകൾക്കിടയിൽ ഒരു കമ്മ്യൂണിസം ഉണ്ടായിരുന്നു. അനേകം പുരുഷന്മാർ ഒരു സ്ത്രീയെ പങ്കിട്ടെടുത്ത ആർക്കും അവൾ സ്വകാര്യസ്വത്തല്ലാതിരുന്ന, ആർക്കും മറ്റു പ്രത്യേകമായ അവകാശങ്ങളും അവളുടെ മേൽ ഇല്ലാതിരുന്ന ഒരു ലളിതമായ കമ്മ്യൂണിസമായിരുന്നു അത്. അത്തരമൊരു കമ്മ്യൂണിസത്തിൽ സ്ത്രീയെ ഗണിക എന്നായിരുന്നു വിളിച്ചത്, ഒരു ഗണത്തിന് സ്വന്തമായവൾ എന്നർത്ഥത്തിൽ.   ആര്യന്മാർക്കിടയിലും സ്ത്രീകളിൽ ഈ കമ്മ്യൂണിസത്തിൻ്റെ നിയന്ത്രിത രൂപമുണ്ടായിരുന്നു. ഇതിൽ സ്ത്രീയെ, ഓരോരുത്തരുടെയും ദിവസം നിശ്ചയിച്ച്  ഒരു കൂട്ടം പുരുഷന്മാർക്കിടയിൽ പങ്കിട്ടു. അങ്ങിനെ ഓരോരുത്തരുടെയും സമയം നിശ്ചയിച്ചിരിക്കുന്ന സ്ത്രീയെ വാരാംഗന എന്ന് വിളിച്ചു. അങ്ങിനെ വേശ്യാവൃത്തി തഴച്ചുവളരുകയും ഏറ്റവും മോശമായ രൂപമെടുക്കുകയും ചെയ്തു. മറ്റൊരിടത്തും പൊതുസ്ഥലത്ത് ലൈംഗികബന്ധത്തിന് കീഴടങ്ങാൻ വേശ്യകൾ സമ്മതിക്കാറില്ല.  എന്നാൽ പ്രാചീന ആര്യന്മാരുടെ ഇടയിൽ അതും നിലനിന്നിരുന്നു. പുരാതന ആര്യന്മാർക്കിടയിൽ  മൃഗീയത നിലനിന്നിരുന്നു, അങ്ങിനെയുള്ളവരിൽ  ആദരണീയരായ ഋഷിമാർ കൂടി ഉണ്ടായിരുന്നു.” (Dr. Babasaheb Ambedkar Writing and Speeches, Vol. 4). 

ഫാസിസത്തിൻ്റെ അന്ത്യം ഫെമിനിസത്തിലൂടെ 

വാരാംഗനമാരുടെ ഗതകാലത്തിൽ നിന്നും വീരാംഗനമാരുടെ വർത്തമാന  കാലത്തേക്ക് സമൂഹം മാറിയത് വനിതകളുടെ നിരന്തരമായ പോരാട്ടത്തിൻ്റെ ഫലമാണ്, ആചാരങ്ങൾ ഒന്നൊന്നായി ലംഘിച്ച് പുരുഷാധിപത്യത്തിൻ്റെ കടവേരിളക്കിയ മുന്നേറ്റങ്ങളുടെ ചരിത്രമാണത്. കാലം പലതിനെയും പുനർനിർവ്വചിക്കാറുണ്ട്, ദാരിദ്ര്യം എന്നത്  മനസ്സിലുള്ളത് നിറവേറ്റാൻ പറ്റാത്ത അവസ്ഥ കൂടിയാണ്. ജനാധിപത്യ ലോകത്തിലെ പരമദരിദർ അങ്ങിനെ നോക്കിയാൽ ഇന്ന് ഫാസിസ്റ്റുകളാണ്.  ചെയ്തുകൂട്ടുന്ന വങ്കത്തരങ്ങൾക്ക് അവർ ഏൽക്കേണ്ടി വരുന്ന പരിഹാസം സമകാലിക ലോകത്ത് സമാനതകളില്ലാത്തതാണ്. ആക്ഷപഹാസ്യം, പരിഹാസം ഒന്നും പെണ്ണിന് പറഞ്ഞതല്ലാതിരുന്ന കാലത്തുനിന്നും അവരുടെതായ ട്രോളുകൾ നമ്മൾ ഇന്ന് ആസ്വദിച്ചു ചിരിക്കുന്നു. ചിന്തകളെ ഒന്നു റീവൈൻഡ് ചെയ്താൽ കാണാം ഫാസിസ്റ്റുകളുടെ സ്വന്തം ഗതകാലലോകത്ത് വിമർശത്തിനും പരിഹാസത്തിനുമുള്ള ഏറ്റവും ചുരുങ്ങിയ ശിക്ഷ വധമായിരുന്നു. എന്നാൽ  ജനാധിപത്യ ലോകത്ത്, വനിതകൾ സകല മേഖലകളിലും മുഖ്യധാരയിലേക്ക് കുതിക്കുന്ന കാലത്ത്  അതിനു സ്കോപ്പില്ല. അതിപരുക്കൻ പാറക്കല്ലുകളെ വെണ്ണക്കല്ലുകളാക്കുന്നത് എടുക്കുന്ന പാത്രത്തിൻ്റെ ഷേപ്പ് സ്വീകരിക്കുന്നത്രയും മൃദുവായ വെള്ളമാണ്, പ്രവാഹമാണ്, കാലമാണ്. കാലം സാമൂഹികരോഗങ്ങൾക്ക് കൺകണ്ട വൈദ്യനാണ്, കാലത്തിനാവാത്തത് കാലനുള്ളതാണെന്നു മാത്രം, അതു ലോകത്തെവിയെയാണെങ്കിളും. എല്ലാ മതങ്ങളുടെയും ഫാസിസങ്ങളുടെയും ഗതി അതാണ്, ലക്ഷണശാസ്ത്രപ്രകാരം  ഫെമിനിസമാവും അവസാനത്തെ ആണി അടിക്കുക. 

രാമായണത്തിലെ സീത വിധേയയാവേണ്ടിവന്ന അഗ്നിപരീക്ഷ, അഗ്നിയിൽ ചാടി പരിക്കുപറ്റാതെ, പൊള്ളലേല്ക്കാതെ പുറത്തുവന്ന് തൻ്റെ പാതിവ്രത്യം തെളിയിച്ച സംഭവത്തിൻ്റെ മറുപുറം നാമൊന്നു നോക്കണം. അവിടെ രാമൻ പുരുഷോത്തമനും സീത വനിതാരത്നവുമാണ്.  ബാക്കി സാദാ ഉത്തമപുരുഷുക്കൾ അഥവാ കൊച്ചുരാമൻമാർ ചില്ലറസംശയത്തിൻ്റെ പേരിൽ ‘സ്വന്തം’ പെണ്ണിനെ തീവെച്ചാൽ ഇതേ നിയമപ്രകാരം എന്താവും വിധി? തീവെക്കപ്പെട്ട പെണ്ണ് പാതിവ്രത്യം നഷ്ടപ്പെട്ടതു കാരണം, ഭർത്താവിന് കീഴ്പ്പെട്ട് ജീവിക്കാത്തതുകാരണം വെന്തു ചത്തു എന്നാവും ന്യായവിധി. അല്ലെങ്കിൽ രാമായണന്യായ പ്രകാരം പരിക്കേൽക്കരുതായിരുന്നുവല്ലോ. ഇത് അതിശയോക്തിയായി തോന്നുന്നവർ തിരുവിതാംകൂറിലെ പോയ നൂറ്റാണ്ടിലെ ശിക്ഷാനിയമവുമായി ഒന്നു തട്ടിച്ചുനോക്കിയാൽ മതി. തിളക്കുന്ന എണ്ണയിൽ കൈമുക്കി തിരുവിതാംകൂർ പാതിവ്ര്യത്യവും മോഷണവും തെളിയിച്ചത് രാമായണകാലത്തൊന്നും അല്ല, ലോകചരിത്രവുമായി തട്ടിച്ചുനോക്കിയാൽ അടുത്ത കാലത്താണ്. താഴ്ന്ന ജാതിക്കാർക്ക് തലക്കരവും മീശക്കരവും മുലക്കരവും അടക്കേണ്ടിവന്ന കാലമുണ്ടായിരുന്നതും ഇതിഹാസകാലത്തല്ല, തട്ടിച്ചുനോക്കിയാൽ ഇന്നലെയാണ്. മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അതു മറച്ചാലുള്ള ശിക്ഷയുടെ  കാലത്തിനും വയസ്സ് കുറവാണ്. ശിക്ഷയുടെ തീവ്രതയും ജാതി അടിസ്ഥാനത്തിലായിരുന്നു, അന്യൻ്റെ ഭാര്യയെ പ്രാപിച്ച കേസിൽ ഉന്നതകുലജാതർ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കി പൊള്ളാതെ നിരപരാധിയാണെന്ന് തെളിയിച്ചിട്ടുണ്ട്, പക്ഷേ ആ ലക്ഷ്വറി ശൂദ്രനുണ്ടായിരുന്നില്ല.  മലബാറിലെ സിവിൽ കേസുകളിൽ ദ്വന്ദ്വയുദ്ധത്തിൽ വിജയിച്ചയാൾ കേസ് വിജയിച്ച ഗതകാലമുണ്ടായിരുന്നു. മുതലകൾ വിഹരിക്കുന്ന ജലാശയത്തിലൂടെ നിന്തി മറുകര പിടിച്ച് പാവങ്ങൾക്ക് നിരപരാധിത്വം തെളിയിക്കേണ്ട കാലവുമുണ്ടായിരുന്നു.   എല്ലാം മാറ്റിമറിച്ചത് മനുസ്മൃതിയല്ല, മതബോധങ്ങളുമല്ല, മറിച്ച് മതനിരാസമാണ്.  സെക്യുലറിസം.  പിന്നെ ജനാധിപത്യവും. പഠിച്ചതിനെ, കാലഹരണപ്പെട്ട അറിവിനെ കുഴിച്ചുമൂടുന്നതാണ് സംസ്കാരം, ഇംഗ്ലീഷിൽ അൺലേൺ എന്നുപറയുന്നത്.  അതുകൊണ്ടാണ് ശവം മറവുചെയ്യുന്നതിന് നമ്മൾ സംസ്കാരം എന്ന വാക്കുപയോഗിക്കുന്നത്. 

കാലങ്ങളായി, ഇതിഹാസകാലം തൊട്ടേ നമ്മൾ കാണുന്നതാണ്, വരികളിലുള്ളതല്ല വീഥികളിൽ സംഭവിക്കുക എന്ന സത്യം. ആരാണ് ധർമ്മപുത്രർ? ധർമ്മത്തിൻ്റെ മൂർത്തിമത്ഭാവമായ യുധിഷ്ഠിരനാണ് ദ്രൌപദിയെ തൻ്റെ ചരക്കായി കണ്ട് ചൂതിൽ പണയം വച്ചത്. ബുദ്ധമതം അനുശാസിച്ചത് ആരാധനയല്ല, അഷ്ടാംഗമാർഗത്തിലെ ജീവിതമാണ്. അതുകൊണ്ടുതന്നെ വരികളിലും വീഥികളിലും ബുദ്ധൻ ഒന്നുതന്നെയായിരുന്നു.  ഹിന്ദു പഞ്ചകന്യകളായി വാഴ്ത്തിയ വനിതകളിൽ ഒന്നുപോലും അവിവാഹിത ആയിരുന്നില്ല, എല്ലാവരും ഭർത്താവിന് സമ്പൂർണമായും കീഴ്പ്പെട്ടവളായിരുന്നു. അല്പമെങ്കിലും, ഒരു പ്രതിഷേധസ്വരമെങ്കിലും എന്നെങ്കിലും ഉയർത്തി വ്യത്യസ്തരായവർ സീതയും ദ്രൌപദിയുമായിരുന്നു. സഖി എന്നു കൃഷ്ണനും സഖാ എന്നു ദ്രൌപദിയും വിളിച്ചു, സഖിക്കും സഖാവിനുമിടയിലെ സഖ്യമാണ് സത്യത്തിൽ ദ്രൌപദിയെ രക്ഷിച്ചത്.  മാധ്യസ്ഥത്തിനു പോവുമ്പോൾ കൃഷ്ണനെ ദ്രൌപദി ഓർമ്മിപ്പിച്ചത് അഴിഞ്ഞുവീണ തൻ്റെ മുടിക്കെട്ടാണ്, ദുശ്ശാസനൻ്റെ പിടി വീണശേഷം പിന്നീടൊരിക്കലും കെട്ടാത്ത മുടി. കൃഷ്ണാ ഇതോർമ്മയിലുണ്ടാവണം - തൻ്റെ അഴിഞ്ഞുകിടക്കുന്ന മുടിയിൽ വിരലോടിച്ച് കൃഷ്ണനെ കൃഷ്ണ ഓർമ്മപ്പെടുത്തിയത് അവളുടെ പ്രതിജ്ഞയായിരുന്നു.  അവിടെ, മധ്യസ്ഥത്തിനു മുന്നേ  കുറിച്ചു സത്യത്തിൽ മഹാഭാരതയുദ്ധം.  കൃഷ്ണയ്ക്കുവേണ്ടി, അവളുടെ ഒന്നിനും കൊള്ളാത്ത കെട്ടിയവന്മാർക്കുവേണ്ടി ഭീഷ്മരുടെ പരിഹാസം കൃഷ്ണൻ ഏറ്റുവാങ്ങി പുഞ്ചിരിക്കുന്നുണ്ട് ഒരിടത്ത്. ദീർഘസുമംഗലീ ഭവ എന്ന അപ്രതീക്ഷിത അനുഗ്രഹത്തിലൂടെ, ഇനി തനിക്ക് ദ്രൌപദിയെ വിധവയാക്കി വാക്കുമാറ്റുക സാധ്യമല്ലെന്നു മനസ്സിലാക്കിയ,   തനിക്കബദ്ധം പിണഞ്ഞതായി മനസ്സിലാക്കിയ, തൻ്റെ ‘സ്വച്ഛന്ദമൃത്യു’വിൽ ഒരു തീരുമാനമായതായി മനസ്സിലാക്കിയ ഭീഷ്മർ, കൃഷ്ണനെ തമാശയാക്കുന്നുണ്ട്. കൃഷ്ണയുടെ പാദുകങ്ങളുമായി മാറിനില്ക്കുന്ന കൃഷ്ണനോട് ഭീഷ്മർ പറയുന്നുണ്ട്, വെറുതെയല്ല കൃഷ്ണാ താങ്കളെ ഭക്തപരാധീനൻ (ഭക്തരുടെ അടിമ) എന്നു ആളുകൾ പറയുന്നത്. അയാൾ അതാസ്വദിക്കുന്നുണ്ട്, അംഗീകരിക്കുന്നുമുണ്ട്. രാമായണത്തിൽ രാമനെ ഉപേക്ഷിച്ച് ജാനകി ഭൂമിയിലേക്ക്, തൻ്റെ മാതാവിലേക്ക് മടങ്ങുന്നുണ്ട്. ഇന്നിൻ്റെ ഭാഷയിൽ ഒരു ആത്മഹത്യ. ഇനി ഒരു നൂറ്റാണ്ടുമുന്നേ ഭൂമി പിളർന്നു പോവാതെ  കടൽ കടന്നുപോയ ലോകത്തിന് ഏറെ സംഭാവന ചെയ്ത തലശ്ശേരിയിലെ മറ്റൊരു ജാനകിയുടെ ചരിത്രമുണ്ട്.  

ഇ കെ ജാനകി അമ്മാളുടെ ജീവിതം പകരുന്ന പാഠം

തലശ്ശേരിയിൽ നിന്നും ലോകത്തോളം വളർന്ന ജാനകി അമ്മാൾ ഒരു നൂറ്റാണ്ടുമുന്നേയാണ്, അറിവിൻ്റെ മേഖലയിൽ വിപ്ലവകരമായ വിജയം കൈവരിക്കാനായി അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലേക്ക് തുഴഞ്ഞത്. ഒരു കലർപ്പു കുടുംബത്തിലെ (blended family) പത്തൊമ്പത് സഹോദരങ്ങൾക്കിടയിൽ പത്താമത്തെ മകളായി ജാനകി വളരുമ്പോൾ, കാണുന്നത്  അവളുടെ സഹോദരിമാർ ക്രമമായി വിവാഹിതരാവുന്നതാണ്.  തൻ്റെ ഊഴം വന്നപ്പോൾ,  മറ്റൊരു തിരഞ്ഞെടുപ്പാണ് അവൾ നടത്തിയത്.  മദ്രാസിലെ ക്വീൻ മേരീസ് കോളേജിൽ നിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്‌സ് ബിരുദവും നേടിയ അമ്മാൾ ദാമ്പത്യജീവിതം തള്ളി,  സ്‌കോളർഷിപ്പ് ജീവിതം തിരഞ്ഞെടുത്തു. ഇന്ത്യയിലെന്നല്ല,  അന്തർദേശീയ തലത്തിലും ഉന്നതവിദ്യാഭ്യാസത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല,  സ്ത്രീകൾക്കും പെൺകുട്ടികൾക്കും അത് അനുകൂല സാഹചര്യമായിരുന്നില്ല.  1913-ൽ, ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത ഒരു ശതമാനത്തിൽ താഴെയായിരുന്നു, പത്താം ക്ലാസിനു മുകളിലുള്ള സ്‌കൂളിൽ ആകെ 1,000-ൽ താഴെ സ്ത്രീകൾ മാത്രമാണ് അന്നു ചേർന്നതെന്ന് അമ്മാളിൻ്റെ ബന്ധു കൂടിയായ അമേരിക്കയിലെ സസക്സ് സർവ്വകലാശാലയിലെ പ്രൊഫസർ വിനിതാ ദാമോദരൻ ജൻഡർ, റെയ്സ് ആൻ്റ് സയൻസ് ഇൻ ട്വൻ്റിയത്ത് സെൻച്വറി ഇന്ത്യ എന്ന തൻ്റെ ഗവേഷണപ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. 


ബിരുദം നേടിയ ശേഷം, അമ്മാൾ മദ്രാസിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ മൂന്ന് വർഷം പഠിപ്പിച്ചു: ഏഷ്യൻ സ്ത്രീകൾക്കായി 1917-ൽ മനുഷ്യസ്‌നേഹിയായ ലെവി ബാർബർ സ്ഥാപിച്ച ബാർബർ സ്‌കോളർഷിപ്പിലൂടെ സൗജന്യമായി മിഷിഗൺ സർവകലാശാലയിൽ  പഠിക്കാൻ അമ്മാൾ ശ്രമം നടത്തി വിജയിച്ചു. 1924-ൽ അവർ മിഷിഗണിൽ ബാർബർ സ്കോളറായി ബോട്ടണി ഡിപ്പാർട്ട്‌മെൻ്റിൽ ചേർന്നു. പ്രശസ്തമായ സ്‌കോളർഷിപ്പിന് അമേരിക്കയിൽ എത്തിയെങ്കിലും, കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് യാത്രക്കാരെപ്പോലെ അമ്മാളും എലിസ് ഐലൻഡിൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് ക്ലിയർ ആകുന്നതുവരെ തടവിലാക്കപ്പെട്ടു. നീണ്ട ഇരുണ്ട മുടിയും ഇന്ത്യൻ സിൽക്കിൻ്റെ പരമ്പരാഗത വസ്ത്രവുമണിഞ്ഞ ജാനകിയെ ഒരു ഇന്ത്യൻ രാജകുമാരിയായി അധികാരികൾ തെറ്റിദ്ധരിച്ചതു കാരണമാണ്  പ്രവേശനം എളുപ്പമായത്.  താൻ ഒരു രാജകുമാരിയാണോ എന്ന് ചോദിച്ചപ്പോൾ, "ഞാൻ അത് നിഷേധിച്ചില്ല," എന്നാണ് അമ്മാൾ പിന്നീട് അതേപറ്റി പറഞ്ഞത്.


മിഷിഗൺ സർവ്വകലാശാലയിൽ അവർ സസ്യകോശശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ജനിതക ഘടനയെയും സസ്യങ്ങളിലെ ജീൻ എക്സ്പ്രഷൻ്റെ രീതികളെയും കുറിച്ചുള്ള പഠനം. 1925-ൽ അമ്മാൾ മാസ്റ്റേഴ്സ് ഓഫ് സയൻസ് നേടി. 1931-ൽ അവർ ഡോക്ടറേറ്റ് നേടി, യു.എസിൽ സസ്യശാസ്ത്രത്തിൽ ആ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായി. തലശ്ശേരിയിൽ നിന്നുയർന്ന് ഏതാണ്ട്  ലോകം മുഴുവനുമായി പ്രവർത്തിച്ച ഗവേഷകയാണ് ജാനകി അമ്മാള്‍. സസ്യജാതികൾക്കിടയിൽ 'വർഗാന്തര സങ്കരണം' (ഇൻ്റർജനറിക് ഹൈബ്രിഡൈസേഷൻ) സാധ്യമാണെന്ന് കണ്ടെത്തിയത് അമ്മാളാണ്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മധുരവും ഉയർന്ന വിളവ് നൽകുന്നതുമായ ഒരിനം കരിമ്പ് ജനിച്ചത് അമ്മാളിൻ്റെ അറിവിൽ നിന്നാണ്, കഠിന പരിശ്രമത്തിൽ നിന്നും. അസംഖ്യം ഗവേഷണപ്രബന്ധങ്ങൾ ദേശീയ, അന്തർദേശീയ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ചു.സസ്യശാസ്ത്രത്തിൽ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാൾ ഹിമാലയപർവ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


"ക്ലോൺ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ജെ.ബി. ഹാൽഡേൻ എന്ന പ്രശസ്ത ജനിതകശാസ്ത്രജ്ഞൻ, പില്ക്കാലത്ത്  മധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ ജീവിച്ച അതിപ്രശസ്ത നരവംശശാസ്ത്രജ്ഞൻ വെരിയർ എൽവിൻ തുടങ്ങിയവരുമായുള്ള സൌഹൃദം,  സർവ്വോപരി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ വ്യക്തിപരമായ ക്ഷണവുമാണ് ജാനകി അമ്മാളിനെ ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. അവൾ തിരികെ വന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി പ്രവർത്തിച്ചു, ലഖ്‌നൗവിലും പിന്നീട് ജമ്മുവിലും ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചു. കൊൽക്കത്തയിൽ താമസിക്കുമ്പോഴും അവൾ ഹാൽഡേനുമായുള്ള സൗഹൃദം തുടർന്നു. മനുഷ്യ ജനിതകശാസ്ത്രത്തെയും ജീവിവർഗങ്ങളുടെ കൃത്രിമ പ്രജനനത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശാലമായ വീക്ഷണങ്ങളെ പ്രതി അമ്മാൾ അദ്ദേഹത്തെ  വിശേഷിപ്പിച്ചിരുന്നത് ‘നോട്ടി മാൻ’ എന്നായിരുന്നു. മഹാത്മാഗാന്ധിയുടെ ആദ്യകാല അനുയായിയായ അമ്മാൾ വാർധയിലെ ആശ്രമം സന്ദർശിച്ചപ്പോൾ ചെടികൾ നട്ടുവളർത്താനും പരിസ്ഥിതിയുടെ പോഷണത്തിനുമായി കാര്യമായ പ്രവർത്തനങ്ങളൊന്നും കാണാതെ നിരാശയായി.  ഗാന്ധി ആശ്രമത്തിലെ വാസം പഴയ ഋഷിമാരുടെ ആശ്രമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പോലെയായിരിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തൻ്റെ ലളിതമായ ജീവിതരീതിയിൽ സൌന്ദര്യബോധത്തിനും ക്രമീകരണങ്ങൾക്കും ഏറെ പ്രാധാന്യം നല്കിയിരുന്നു അമ്മാൾ.  നെഹ്‌റുവിനേക്കാൾ നേരത്തെ തന്നെ പ്രൊഫസർ സി വി രാമൻ അമ്മാളിലെ ധിഷണയുടെ പ്രഭാവം  കണ്ട് അക്കാദമിയുടെ ഫൗണ്ടേഷൻ ഫെല്ലോ ആക്കി. വർഷങ്ങൾക്ക് ശേഷം, 1957-ൽ അവർ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1970-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്നു മുതൽ മദ്രാസ് സർവ്വകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയിൽ എമറിറ്റസ് സയൻ്റിസ്റ്റായി സേവനമനുഷ്ഠിച്ചു. 1977-ൽ രാജ്യം അവർക്ക് പത്മശ്രീ സമ്മാനിച്ചു.  1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവർ ഗവേഷണങ്ങൾ തുടരുകയും ചെയ്തു. 1999-ൽ അമ്മാളുടെ പേരിൽ രാഷ്ട്രം രണ്ട് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി: ഇ കെ ജാനകി അമ്മാൾ നാഷണൽ അവാർഡ് ഓൺ പാൻ്റ് ടാക്സോണമി,  സമാനമായ ഒന്ന് അനിമൽ ടാക്‌സോണമിയിലും.


തലശ്ശേരിയിലെ ഒരു സാധാരണ വനിത ഒരു പക്ഷേ ഇന്നും ആലോചിക്കാൻ സാധ്യതയില്ലാത്ത ഒന്നാണ് ഒരു നൂറ്റാണ്ടുമുന്നേ ജാനകി അമ്മാൾ ചെയ്തത്. മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് ബ്രീഡിംഗ് റിസർച്ചിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകയായ നേഹ ഭാട്ടിയ പറയുന്നുണ്ട്, അവർക്ക് പ്രചോദനമായത്, വഴികാട്ടിയായത്, പ്രകാശഗോപുരമായത് ഇന്ത്യൻ സസ്യശാസ്ത്രജ്ഞയായ ജാനകി അമ്മാളാണ്. "സ്ത്രീകൾ അവരുടെ സ്വപ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് സാമാന്യവൽക്കരിക്കേണ്ടത് പ്രധാനമാണ്."  അമ്മാളിൽ നിന്നും നേഹ നേടിയ പാഠമാണത്. വിവാഹം, കുടുംബം എങ്ങിനെയാണ് പെണ്ണിൻ്റെ സ്വപ്നങ്ങളെ കരിച്ചുകളയുന്നത് എന്നറിയാൻ പെൺകുട്ടികൾക്ക് അമ്മാളിൻ്റെ ജീവിത വിജയ ഗാഥ ധാരാളമാണ്.  


ഏറ്റവും ചുരുങ്ങിയത് തലശ്ശേരിയെങ്കിലും ഓർക്കണം, സകല വിവേചനങ്ങളെയും അതിജീവിച്ച് നാടുവിട്ട് മിഷിഗൺ സർവ്വകലാശാലയിൽ പോയി  പോസ്റ്റ് ഗ്രാജ്വേഷൻ നേടിയതിൻ്റെ ഒരു നൂറ്റാണ്ട് തികയുകയാണ് അടുത്തവർഷം, 2025. നമ്മൾ അതു ആഘോഷിക്കേണ്ടതാണ്. പെൺകുട്ടികൾക്ക് മാതൃകയാവാനാണ് എന്നു കരുതിയെങ്കിൽ തെറ്റി, പൊതുസമൂഹത്തിന്, സകല വിദ്യാർത്ഥികൾക്കും മാതൃകയാവാനാണ്. കുറച്ചുവർഷം  മുന്നേ കിരൺബേദി ഒരുവേദിയിൽ മനോഹരമായി വിദ്യാർത്ഥി സമൂഹവുമായി സംവദിച്ചു. അതുകഴിഞ്ഞ് ഒരാൾ ഉപദേശിച്ചു, പെൺകുട്ടികൾ ബേദിയെ മാതൃകയാക്കണം.  അതെന്താ ആൺകുട്ടികൾക്ക് പറ്റില്ലേ എന്നുചോദിക്കാൻ ബോധമുള്ള ഒരു നാവും ആ പരിസരത്ത് കണ്ടില്ല.  തലശ്ശേരിയിൽ എത്ര സ്മാരകങ്ങൾ ആരുടെയെല്ലാം പേരിൽ ഉണ്ടെന്ന് തലശ്ശേരിക്കാരനായ എനിക്കറിയില്ല, അതിൽ എവിടെയെങ്കിലും ഒരു കല്ല് ലോകോത്തര സംഭാവനകൾ നല്കിയ ജാനകി അമ്മാളിനുണ്ടോ എന്നും എനിക്കറിയില്ല. പക്ഷേ അവർക്കേറ്റവും ഉചിതമായ ഒരു സ്മാരകം യൂറോപ്പിലുള്ളതായി വായിച്ചു. യൂറോപ്പിനെ അലങ്കരിക്കുന്ന അതിവിശിഷ്ടമായ മഗ്നോളിയ പൂമരങ്ങൾ വികസിപ്പിച്ചതിൻ്റെ പേരിൽ, യുകെയിലെ ജോൺ ഇന്നസ് സെൻ്ററിൽ സൌരഭ്യം പരത്തുന്ന ആ പൂവിന് അമ്മാളിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും മാനിച്ച് അവർ നല്കിയ പേര്  "ഇ.കെ. ജാനകി അമ്മാൾ" എന്നാണ്. 


ബെഡ്റൂമുകളിൽ നിന്നും ബോർഡ്റൂമിലേക്ക് 

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നതിനെ കാലികമായി പരിഷ്കരിച്ചാൽ അതു സ്വാഭാവികമായും ബെഡ്റൂമുകളിൽ നിന്നും ബോർഡ്റൂമുകളിലേക്ക് എന്നാവണം. മുകളിൽ പറഞ്ഞ ഒരു നൂറ്റാണ്ടുമുന്നേ ഒരു ശതമാനത്തിൽ താഴെ സ്ത്രീസാക്ഷരതയിൽ നിന്നും നമ്മൾ ഏറെ മുന്നേറി എന്നത് സത്യമാണ്. അതു മനുസ്മൃതിയോടും ബാക്കി മതബോധനങ്ങളോടും പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളോടും ഏറ്റുമുട്ടി തന്നെയാണ്.  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ വികസിത സമൂഹവുമായി തട്ടിച്ചുനോക്കിയാൽ ബോർഡ് റൂമുകളിലെ പെൺസാന്നിദ്ധ്യം കുറവു തന്നെയാണ്. ബോർഡുകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം 2022 ൽ 18 ശതമാനമായി ഉയർന്നെങ്കിലും രാജ്യം ഫ്രാൻസ്, സ്വീഡൻ, യുഎസ്, യുകെ എന്നിവയെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് ഒരു റിപ്പോർട്ട് പറയുന്നു. 2013 മുതൽ 2022 വരെയുള്ള കാലയളവിൽ, ബോർഡുകളിലെ വനിതാ പ്രാതിനിധ്യം 2013ലെ 6 ശതമാനത്തിൽ നിന്ന് 2022ൽ 18 ശതമാനമായി വർധിപ്പിച്ചതോടെ ഇന്ത്യ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. 24% വനിതാ പ്രാതിനിധ്യത്തോടെ, ലൈഫ് സയൻസ് മേഖല മുന്നിലെത്തി, തൊട്ടുപിന്നാലെ മീഡിയ ആൻ്റ് എൻ്റർടൈൻമെൻ്റ് മേഖലയുമുണ്ട്. ചരിത്രപരമായി, ഇന്ത്യൻ ബോർഡുകളിൽ സ്ത്രീകൾക്ക് ലഭ്യമായ സ്ഥാനം പരാതികളിലെയും സിഎസ്ആർ കമ്മിറ്റികളിലെയും നേതൃത്വമായിരുന്നു. സ്ഥിതി മാറുന്നത് കണക്കുകളിൽ കാണാം. 


നമുക്കുണ്ടാവേണ്ടത് ലിംഗാടിസ്ഥാനത്തിലുള്ള തൊഴിലിടങ്ങളല്ല, പുരുഷകേന്ദ്രിതമെന്നോ സ്ത്രീസൌഹൃദമെന്നോ വിശേഷിപ്പിക്കപ്പെടേണ്ട ഇടങ്ങളുമല്ല, സമ്പൂർണ്ണമായും ജൻഡർ ന്യൂട്രൽ വർക് സ്പേസുകളാണ്.  സമസൃഷ്ടിബോധത്തിൻ്റെ, തുല്യതയുടെ നല്ലിടങ്ങൾ സൃഷ്ടിക്കപ്പെടട്ടെ. സർക്കാരിൻ്റെ കണക്കുപ്രകാരം രാജ്യത്തിൻ്റെ ലേബർഫോഴ്സിൻ്റെ ഭാഗമായ വനിതകളുടെ ശതമാനം 2017ൽ 23.3 ആയിരുന്നത് 2022ൽ 37 ആയി ഉയർന്നിട്ടുണ്ട്.  സ്വാഭാവികമായും ഈ വളർച്ച സമഗ്രമായൊരു മാറ്റത്തിലേക്ക് വഴിതെളിക്കുന്നതാണ്, ഇന്നോളമുള്ള പുരുഷകേന്ദ്രിത കാഴ്ചപ്പാടുകളുടെ ഇടുങ്ങിയ ലോകത്തെ അതു കൂടുതൽ വിശാലമാക്കാതെ തരമില്ല.  


സത്യത്തിൽ ലിംഗത്താൽ വിഭജിക്കപ്പെട്ടൊരു സമൂഹമാണ് നമ്മുടേത്, വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ലിംഗം എഴുന്നള്ളിക്കുന്ന ഭാഷയും സംസ്കാരവും വിഭജിച്ചുകളഞ്ഞ ഒരു സമൂഹം.  ആണിൻ്റെ എതിർലിംഗം പെണ്ണ്, പെണ്ണിൻ്റെ എതിർലിംഗം ആൺ എന്നാണ് മലയാളത്തിൽ ചെറുതിലേ പഠിപ്പിക്കുന്നത്. ഓപ്പസിറ്റ് എന്ന ഇംഗ്ലീഷ് വാക്കിൻ്റെ നേർക്കുനേർ, പരസ്പരപൂരകം എന്ന അർത്ഥങ്ങളൊന്നും നമ്മൾ എടുത്തില്ല. വാക്കുകൾ സംസ്കാരത്തെ നിരന്തരമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഫലം കൂടിയാണ്  നമ്മുടെ തരംതാണ ബോധം. എതിർലിംഗങ്ങളാണെങ്കിൽ രണ്ടും രണ്ടു വഴിക്കു പോവേണ്ടതല്ലേ, ഇനി അബദ്ധവശാൽ മുഖാമുഖം വന്നുപോയാൽ പിന്നെ നടക്കേണ്ടത് യുദ്ധമല്ലേ. പക്ഷേ സംഭവിക്കുന്നത് മെയ്ക് ലവ് ആണ്, മെയ്ക് വാർ അല്ല. അപ്പോൾ അത് എതിരാണോ, പരസ്പരപൂരകമാണോ? ഏറ്റവും ചുരുങ്ങിയത് എതിർലിംഗം എന്നെഴുതുന്നത് പൂരകലിംഗം എന്നെങ്കിലും ആക്കുവാനുള്ള കാലം അതിക്രമിച്ചിട്ടുണ്ട്. 


മധുസൂദൻ വി


Reference:

Dr. Babasaheb Ambedkar Writing and Speeches, Vol. 3
Dr. Babasaheb Ambedkar Writing and Speeches, Vol. 4
https://ijcrt.org/papers/IJCRT2102512.pdf
https://www.mpg.de/19967547/janaki-ammal
https://www.smithsonianmag.com/science-nature/pioneering-female-botanist-who-sweetened-nation-and-saved-valley-180972765/
https://www.prd.kerala.gov.in/ml/node/251458
https://economictimes.indiatimes.com/news/company/corporate-trends/women-representation-on-indian-boards-accelerated-to-18-per-cent-in-2022-report/articleshow/94923434.cms?from=mdr
https://pib.gov.in/PressReleasePage.aspx?PRID=1967291#:~:text=Periodic%20Labour%20Force%20Survey%20Report,status'%20concept%20of%20measuring%20labour





No comments: