Friday, October 24, 2025

രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു, ആരുടെ?


കാമറക്കണ്ണുകൾ ലോകസമക്ഷം വാരിവിതറിയ സ്വകാര്യനിമിഷങ്ങളിലൂടെ പ്രശസ്തിയുടെയും കരിയർനേട്ടങ്ങളുടെയും കൊടുമുടിയിൽ നിന്നും വിവാദത്തിൻ്റെ പടുകുഴിയിലേക്ക് എടുത്തെറിയപ്പെട്ട രണ്ടു പ്രൊഫഷനലുകളുടെ, ആൻഡി ബൈറണിൻ്റെയും ക്രിസ്റ്റിൻ കാബോട്ടിൻ്റെയും പ്രണയനിമിഷങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ വിഷയത്തിലെ നൈതികത ചർച്ചചെയ്യുകയാണ് കോർപ്പറേറ്റ് ലോകം. ഗാന്ധിയൻ വ്യക്തിശുദ്ധിയുടെ, വിവാഹമെന്ന സ്ഥാപനം ഇല്ലാതാവുമെന്ന പ്രതീക്ഷയുടെ,  ഇന്ത്യൻ ഗ്രീക് ഇതിഹാസ പാഠങ്ങളുടെ ലെൻസിലൂടെ വിവാദമായ ആലിംഗനത്തെ നോക്കിക്കാണുകയാണ് ഈയെഴുത്ത്. മുന്നോട്ടു പോയോ, പിന്നോട്ടുപോയോ, ഇനി ഇതിഹാസകാലത്തു തന്നെയാണോ നമ്മൾ എന്നറിയാനുള്ള ഒരു ശ്രമം.

മസാച്യുസെറ്റ്സിലെ ഹാനോവറിൽ ജനിച്ച്, പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി, എണ്ണപ്പെട്ടൊരു പ്രൊഫഷണലായി സ്വയം പടുത്തുയർത്തിയ അമ്പതുകളിലുള്ള ഒരാളാണ് ആൻഡി ബൈറൺ.  ദീർഘകാല അനുഭവസമ്പത്തുമായി, 2023 ജൂലൈയിൽ, ആസ്ട്രോണമറിൻ്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. അഭൂതപൂർവ്വമായ വളർച്ചയിലേക്ക് ആസ്ട്രോണമറിനെ നയിച്ച ആൻഡി കമ്പനിയുടെ ആഗോള സാന്നിധ്യം വിപുലീകരിച്ചു, അസ്ട്രോണമറിനെ മേഖലയിലെ ഒരു മേജർ പ്ലേയറാക്കി. മസാച്യുസെറ്റ്സിൽ താമസിക്കുന്ന മേഗൻ കെറിഗൻ എന്ന എഡ്യുക്കേറ്ററാണ് ജീവിതപങ്കാളി, രണ്ട് ആൺമക്കളുണ്ട്. 

ഇനി ക്രിസ്റ്റിൻ കാബോട്ട് അസ്ട്രോണമറിലെ എച്ച് ആർ ഹെഡ് ആണ്, ചീഫ് പീപ്പിൾസ് ഓഫീസർ. പ്രായം അമ്പതുകളിൽ, പൊളിറ്റിക്കൽ സയൻസ് ബിരുദവുമായി രണ്ടു പതിറ്റാണ്ടിലധികം പരിചയസമ്പത്തുള്ള ഒരാൾ. കോർപ്പറേറ്റ് സംസ്കാര നിർമ്മിതിയിലെ  അവരുടെ ദീർഘകാല അനുഭവങ്ങളും  പരിചയസമ്പത്തുമായിട്ടാണ് 2024 നവംബറിൽ അസ്ട്രോണമറിൽ ചീഫ് പീപ്പിൾ ഓഫീസറായി ക്രിസ്റ്റിൻ  എത്തുന്നത്.  സ്ഥാപനത്തിൻ്റെ ബിസിനസ് ലക്ഷ്യങ്ങളുമായി യോജിച്ചുപോവുന്ന  എച്ച്ആർ നയം രൂപീകരിക്കുന്നതിൽ  വിദഗ്ധയായ ക്രിസ്റ്റിൻ സഹപ്രവർത്തകർക്കിടയിൽ ഏറെ സ്നേഹാദരങ്ങൾ നേടിയ ഒരാളാണ്.  ആദ്യ വിവാഹമോചനശേഷം, അതിസമ്പന്ന ബോസ്റ്റൺ ബ്രാഹ്മിൺ ഗ്രൂപ്പിൽ പെട്ട  ആൻഡ്രൂ കാബോട് ആണ് ജീവിതപങ്കാളി, ഒരു മകൻ. 


പാഷൻ വഴിയിൽ വഴിതെറ്റുമ്പോൾ

ലോകം ഇന്നു ചർച്ചചെയുന്നത് അവരുടെ പ്രോഫഷണൽ നേട്ടങ്ങല്ല, അത്യുന്നതങ്ങളിൽ നിന്നുമുള്ള പാഷൻ്റെ വകഭേദം ഹേതുവായുള്ള  അവരുടെ വീഴ്ചയാണ്. മസാച്യുസെറ്റ്സിലെ ഒരു കോൾഡ്‌പ്ലേ സംഗീത പരിപാടിക്കിടെ, ആസ്ട്രോണമറിൻ്റെ ചീഫ് പീപ്പിൾ ഓഫീസർ ക്രിസ്റ്റിൻ കാബോട്ടിനെ, ആസ്ട്രോണമറിൻ്റെ സിഇഒ ആയ ആൻഡി ബൈറൺ ആലിംഗനം ചെയ്യുന്നതിൻ്റെ ഒരു നിമിഷത്തെ കിസ് കാം ഫൂട്ടേജ്  ലോകവ്യാപകമായി പ്രചരിച്ചു. തങ്ങൾ പെട്ടു എന്നറിയുന്ന നിമിഷം അവർ ആലിംഗനത്തിൽ നിന്നും തെല്ലൊരു സംഭ്രമത്തോടെ പിന്തിരിയുന്നുണ്ട്.  "ഒന്നുകിൽ അവർക്ക് ഒരു അഫെയർ ഉണ്ട് അല്ലെങ്കിൽ അവർ വളരെ ലജ്ജാശീലരാണ്." എന്ന കോൾഡ്‌പ്ലേ പ്രതിനിധിയുടെ തമാശയായുള്ള അഭിപ്രായവും വൈറലായി.   തുടർന്നുള്ള ദിവസങ്ങളിൽ, അസ്ട്രോണമർ ഒരു ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ആൻഡിയെയും ക്രിസ്റ്റിനെയും അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കമ്പനിയുടെ നേതൃനിരയിലുള്ള അവരുടെ പെരുമാറ്റത്തെക്കുറിച്ചും പൊതുസമൂഹത്തിൻ്റെ അഭിപ്രായങ്ങളെ പറ്റിയുമുള്ള സൂക്ഷ്മപരിശോധനയ്ക്കും ഇടയിൽ, 2025 ജൂലൈ 19 ന് ആൻഡി കമ്പനിയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു. ക്രിസ്റ്റിനും രാജിസമർപ്പിച്ചതായി അറിയുന്നു. ആൻഡിയുടെ ജീവിതപങ്കാളി, അയാളുടെ പേര് ജീവിതത്തിൽ നിന്നും വെട്ടി, നിയമപരമായ വേർപിരിയലിലേക്ക് പോവുന്നതായി തീരുമാനിക്കുകയും ചെയ്തു. വികാരനിർഭരമായി മേഗൻ കെറിഗൺ എഫ്ബിയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ നിന്നും വായിക്കുക.


ഹായ്,

സത്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എനിക്കേറെ പ്രയാസകരമായിരുന്നു, ഇത് എങ്ങിനെ തുടങ്ങണമെന്നുതന്നെ  എനിക്കറിയില്ല.

ഇത് സംഭവിച്ചപ്പോൾ, സത്യത്തിൽ തോന്നിയത് വല്ലാത്തൊരു ഒറ്റപ്പെടലാണ്,   ആരും എന്നെ മനസ്സിലാക്കുകയോ കൂടെ നിൽക്കുകയോ ചെയ്യുമെന്ന് എനിക്കു തോന്നിയിരുന്നില്ല. പക്ഷേ പിന്നീട് നിങ്ങൾ മുന്നോട്ടുവന്നു. നിങ്ങളുടെ സന്ദേശങ്ങൾ, നിങ്ങളുടെ അഭിപ്രായങ്ങൾ, നിങ്ങളുടെ നിശബ്ദ പിന്തുണ, എന്നെയത് വല്ലാതെ സ്പർശിച്ചു,  അതെങ്ങിനെ വിശദീകരിക്കണമെന്നു പോലും എനിക്കറിയില്ല.  ഞാൻ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന  ഒന്നാണ് നിങ്ങൾ കാണിച്ച സ്നേഹം.  സുഖമായി, സമാധാനമായി ഇരിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പുനല്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദി, അതെന്നും  ഹൃദയത്തോട് ചേർത്തുവെയ്ക്കുമെന്നും പറയാൻ ആഗ്രഹിക്കുന്നു.  എല്ലാവർക്കും മറുപടി നൽകാൻ കഴിയുന്നില്ലെങ്കിലും, കഴിയുന്നത്ര കമൻ്റുകൾ ഞാൻ വായിക്കുന്നുണ്ട്, എനിക്ക് നിങ്ങളെ കാണാം. എനിക്ക് നിങ്ങളുടെ വികാരങ്ങൾ തൊട്ടറിയുന്നു. നിങ്ങളുടെ വാക്കുകൾ എനിക്ക് പകർന്ന  ആശ്വാസത്തോടെ ഞാൻ മുന്നോട്ട് പോകുന്നു.

അക്ഷോഭ്യമായി, ശാന്തമായി ഇരിക്കാനാണ് ഞാൻ ശ്രമിക്കുന്നുത്. സോഷ്യൽ മീഡിയ ശീലമായ ഒരാളല്ല ഞാൻ ഒരിക്കലും, സാഹചര്യത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലുമല്ല.  ശരിയായ സമയം വന്ന്, നിമിഷം  ശരിയാണെന്ന് എനിക്കു തോന്നുന്നതുവരെ ഒന്നും പറയാതിരിക്കാം. നിങ്ങൾക്കതു മനസ്സിലാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഞാൻ അനുഭവിക്കുന്ന ദുരിതത്തിൽ നിന്ന് മുതലെടുക്കാൻ ശ്രമിക്കുന്ന ആളുകളുണ്ട്, നുണകൾ പ്രചരിപ്പിച്ചും, ക്രൂരവും അന്യായവുമായ കാര്യങ്ങൾ എഴുതിയും. എൻ്റെതായ ഇടം സംരക്ഷിക്കാനും പോസിറ്റീവായി തുടരാനും ഞാൻ പരമാവധി ശ്രമിക്കുന്നു. പക്ഷേ അതൊട്ടും എളുപ്പമല്ല, വല്ലാത്ത വേദനയാണ്. 

ദയവായി ശ്രദ്ധിക്കുക. പണമോ സഹായമോ ഒന്നും ആവശ്യപ്പെടാനായി ആരെയും ഞാൻ ഒരിക്കലും ഡയറക്ട് മെസ്സേജ് ചെയ്യുകയോ മറ്റ് സന്ദേശമയയ്ക്കുകയോ ചെയ്യില്ല, ദയവായി ആരെങ്കിലും ഞാനാണെന്ന് അവകാശപ്പെട്ട് അങ്ങനെ ആവശ്യപ്പെടുകയാണെങ്കിലും അതവഗണിക്കുക. എനിക്ക് ഒരിക്കലും അതിൻ്റെ ആവശ്യമില്ല.  

എൻ്റെ കാൽച്ചുവട്ടിലെ ഭൂമി കുലുങ്ങുന്നത് പോലെ തോന്നുമ്പോൾ എനിക്കൊപ്പം, കൂടെ നിന്നതിന് ഞാൻ വീണ്ടും ഏറെ നന്ദി, ആത്മാർത്ഥമായ കൃതജ്ഞത. ഞാൻ ചിന്തിച്ചതുപോലെയല്ല,  ഞാൻ ഒറ്റയ്ക്കല്ലെന്ന് നിങ്ങൾ എന്നെ ഓർമ്മിപ്പിച്ചു,


പൂർണ്ണഹൃദയത്തോടെ,

മേഗൻ


ഗാന്ധിയൻ വീക്ഷണത്തിലെ വ്യക്തിവിശുദ്ധിയും വീഴ്ചയും

മേഗൻ്റെ കുറിപ്പിന് ഐക്യദാർഢ്യവുമായി വന്നത് എത്രപേരാണ്! സഹജീവനത്തിൽ വിശ്വാസ്യതയ്ക്ക് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് അതത്രയും വിളിച്ചുപറയുന്നുണ്ട്.  ലിബറലായി,  ലോകം കൂടുതൽ സുതാര്യമാവുമ്പോഴും വ്യക്തിബന്ധങ്ങളിലെ വിശുദ്ധിയുടെ പ്രാധാന്യം ഏറുകയാണ്.  ഭൌതിക സ്വത്തുക്കൾ കൈവിട്ടുപോവാതെ നോക്കുന്നതു പോലെതന്നെ  സഹജീവനത്തിലെ സ്വത്തായ വിശ്വാസത്തെയും മനുഷ്യൻ കാക്കുന്നു.  മേഗന് ആൻഡിയിലുണ്ടായിരുന്ന വിശ്വാസമാണ് തീർന്നത്, സ്വാഭാവികമായും നഷ്ടവിശ്വാസത്തിന്, മാനഹാനിക്ക്  ആനുപാതികമായി ഒരു ധനനഷ്ടത്തിൻ്റെ സാധ്യത ആൻഡി പ്രതീക്ഷിക്കുന്നുണ്ടാവാം.  


ഗാന്ധിയൻ വ്യക്തിശുദ്ധിയുടെ പ്രാധാന്യമിവിടെ നോക്കണം. വ്യക്തിയിൽ നിന്നു കുടുംബത്തിലേക്കും കുടുംബത്തിൽ നിന്നു സമൂഹത്തിലേക്കും, തുടർന്ന് എല്ലാ സാമൂഹികസ്ഥാപനങ്ങളിലേക്കും അതു കുടിയേറുമ്പോഴാണ് ബന്ധങ്ങളെയും അരക്കിട്ടുറപ്പിക്കുന്ന വിശ്വാസം, ട്രസ്റ്റ് സാധ്യമാവുക. ഇവിടെ നഷ്ടമായത് അതാണ്. രണ്ടുവ്യക്തികളുടെ മാത്രം കാര്യമാണ് അവർക്കിടയിലെ ശാരീരികബന്ധം എന്ന വിശാലബോധത്തിന് പദവികളും ബന്ധങ്ങളും തൊഴിലും സാമൂഹിക സാഹചര്യങ്ങളും അതിർവരമ്പുകൾ പണിയുന്നുണ്ട്.  ഒരേ പ്രൊഫഷണൽ ആവാസവ്യവസ്ഥയിലെ സഹപ്രവർത്തകയായ ആൻഡിയും ക്രിസ്റ്റീനും തമ്മിലുള്ള ബന്ധം അവരുടെ സ്വകാര്യതയുടെ പരിധിക്ക് അപ്പുറത്തേക്ക് വളർന്ന് അവർ അന്നോളം ഉണ്ടാക്കിയ പേരും പ്രശസ്തിയും ഒരൊറ്റ ആലിംഗനത്തിൽ  തകർന്നുവീഴുന്നത്   എന്തുകൊണ്ടാവാം? 


നേതൃത്വത്തിലുള്ളവർ  പുലർത്തേണ്ട നൈതികത, വ്യക്തിപരമായ ഉത്തരവാദിത്തം, നിലനിർത്തേണ്ട പൊതുവിശ്വാസം - ഇതു മൂന്നിൻ്റെയും ലംഘനത്തെ നമ്മൾ ഏതു പരിപ്രേക്ഷ്യത്തിലൂടെ നോക്കിയാലും അത്യന്തിക ഫലം പതനം തന്നെയാണ്.  ഗാന്ധിയൻ തത്ത്വചിന്തയുടെ പ്രസക്തി അവിടെയാണ്, വ്യക്തിപരമായ വിശുദ്ധി വിശ്വാസത്തിൻ്റെ അടിസ്ഥാന അളവുകോലായി വരുന്നുണ്ട് ഗാന്ധിയിൽ.  വ്യക്തിഗത പെരുമാറ്റം സാമൂഹിക സ്ഥാപനങ്ങളുടെ ഭാവിയെ നിർണയിക്കുന്ന ഒന്നാണ്. ഗാന്ധിജി ബ്രഹ്മചര്യത്തെ ഒരു ആത്മീയ ശിക്ഷണമായാണ് കണ്ടത് ആത്മനിയന്ത്രണത്തോടുള്ള പ്രതിബദ്ധതയും ലക്ഷ്യത്തിലെ വ്യക്തതയും  പ്രവർത്തനത്തിലെ വിശുദ്ധിയുമായിരുന്നു അത്.  ഇതെല്ലാം ഇവിടെ തകർന്നിട്ടുണ്ട്.  ഗാന്ധിജിക്ക് വ്യക്തിപരമായ അച്ചടക്കം സാമൂഹിക ക്രമത്തിൻ്റെ അടിത്തറയായിരുന്നു. അവിടെ പരിഷ്കരണത്തിൻ്റെ ആദ്യ യൂണിറ്റ് വ്യക്തിയായിരുന്നു.  വ്യക്തികൾ ധാർമ്മികത പുലർത്താത്ത  സ്ഥാപനങ്ങളെ വിശ്വസിക്കാൻ കഴിയില്ല. ആസ്ട്രോണമർ നേരിടുന്ന പ്രതിസന്ധി അതാണ്. മറ്റുള്ളവരെ നയിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആദ്യം സ്വയം നിയന്ത്രിക്കണം എന്ന് ഗാന്ധിജി നിരീക്ഷിച്ചിരുന്നു. നിരീക്ഷണത്തിൻ്റെ വെളിച്ചത്തിൽ ഈയൊരു ബന്ധം കേവലം വ്യക്തിപരമായ പരാജയത്തിലുപരി ഒരു ധാർമ്മിക ആവാസവ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി വരുന്നു.  ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം, സ്വകാര്യതയും സുതാര്യതയും തമ്മിൽ വലിയൊരു അതിരുണ്ടായിരുന്നില്ല,  നേതൃത്വം എന്നും അങ്ങിനെയാവുമ്പോഴാണ്  പറയുന്നത് പുലർത്തുന്നവരാവുക. അനുയായികളുടെ, സഹപ്രവർത്തകരുടെ വിശ്വാസം ആർജ്ജിക്കാനാവുക. നേതൃത്വത്തിൻ്റെ സ്വഭാവം സ്ഥാപനങ്ങളുടെ ആരോഗ്യത്തെ നേരിട്ട് സ്വാധീനിക്കുന്നതാണ്.


വ്യക്തിപരമായ പെരുമാറ്റത്തിൽ അധിഷ്ഠിതമായ ഒരു പിരമിഡായിട്ടാണ് ഗാന്ധി വിശ്വാസത്തെ വിഭാവനം ചെയ്തത്. പിരമിഡിൻ്റെ താഴെയുള്ള വ്യക്തിവിശുദ്ധിയിൽ നിന്നും കുടുംബവും അതിനു മീതെ സമൂഹവും, എല്ലാറ്റിനും മീതെയായി രാഷ്ട്രനേതൃത്വവും വരുന്നു. എല്ലാറ്റിനെയും ചേർത്തുനിർത്തുന്ന ബലമാണ് വ്യക്തിവിശുദ്ധി.


ഗാന്ധിയൻ ലോകത്ത്, പരിഹാരമാവുന്നത് ആൻഡിയും ക്രിസ്റ്റീനും ചെയ്തുകഴിഞ്ഞു. തങ്ങളുടെ സ്ഥാപനത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കാനായി സ്വമേധയാ അവർ മാറിനിന്നു. അടുത്തത് പരാജയം പരസ്യമായി അംഗീകരിക്കുകയാണ്, സ്വയം ശുദ്ധീകരണത്തിനും വിശ്വാസം പുനർനിർമ്മിക്കുന്നതിനും സമയം ചെലവഴിക്കുകയും. അത് ശിക്ഷയല്ല, ധാർമ്മിക ഉത്തരവാദിത്തമാണ്. 


ഗാന്ധിയൻ വീക്ഷണകോണിലൂടെ, സ്ഥാപനങ്ങളുടെ സത്യനിഷ്ഠ വ്യക്തികളുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. വ്യക്തിപരമായ വിശുദ്ധിയില്ലാതെ, വാക്ക് വടക്കോട്ടും പ്രവൃത്തി തെക്കോട്ടുമെടുക്കുന്ന  ഒരു നേതാവും  കാലത്തെ അതിജീവിക്കുകയില്ല. ആത്മനിയന്ത്രണമില്ലാത്ത വ്യക്തിക്ക് നേതാവിൻ്റെ ധാർമ്മിക അധികാരം ഉപയോഗിക്കുക സാധ്യമാവില്ല. 


വിവാഹാനന്തരലോക വീക്ഷണത്തിൽ ആൻഡി-ക്രിസ്റ്റീൻ വിവാദം

വിവാഹമെന്ന സ്ഥാപനത്തിന് ഇനി ഏറെ ആയുസ്സില്ല്, അതിൻ്റെ അടിത്തറ ദ്രവിച്ചുതുടങ്ങി എന്നൊക്കെ നമ്മൾ നിരീക്ഷിക്കുന്ന കാലത്ത് ആയൊരു കോണിലൂടെ കൂടി വിഷയത്തെ സമീപിക്കേണ്ടതകുണ്ട്. വിവാഹത്തിൻ്റെ കർക്കശമായ ഘടനകളിൽ നിന്ന് മോചിതമാവുമ്പോഴും ലോകം നാളെ നയിക്കപ്പെടുക ഇന്നത്തെക്കാൾ നല്ല മനുഷ്യരാലാണ്. കാലത്തെ അടയാളപ്പെടുത്തുക ഏറിയ വ്യക്തിസ്വാതന്ത്ര്യം, ധാർമ്മിക ഉത്തരവാദിത്തം, സുതാര്യമായ നേതൃത്വം ഒക്കെയാവും. അപ്പോൾ സ്വാഭാവികമായും ഇതിൻ്റെയൊക്കെയും അടിസ്ഥാനമായ വ്യക്തിവിശുദ്ധി ഏറുകയല്ലാതെ കുറയുക സാധ്യമല്ല. 


പല സമൂഹങ്ങളിലും വിവാഹം ഇന്നൊരു നിയമപരമായ കരാറായും ധാർമ്മിക പ്രതീക്ഷയായും തുടരുന്നു. വിവാഹേതര ബന്ധങ്ങളെ കേവലം ഒരു പങ്കാളിയുടെ വഞ്ചനയായി മാത്രമല്ല, ഒരു സാമൂഹിക മാനദണ്ഡത്തിൻ്റെ ലംഘനമായും കാണുന്നു.  അവിടെയാണ് ലൈംഗികത രണ്ടുവ്യക്തികളുടെ സ്വകാര്യതയല്ലാതാവുന്നത്. ഭാവിയിൽ സമയബന്ധിതമോ പുതുക്കാവുന്നതോ ആയ ബന്ധങ്ങൾ, ഏകപങ്കാളിയല്ലാത്ത ബന്ധമാതൃകകൾ,  വൈകാരികമായി സ്വയംഭരണമുള്ള പങ്കാളിത്തങ്ങൾ ഒക്കെയും ഉണ്ടാവാം. വൈകാരിക സുതാര്യത, പരസ്പര സമ്മതം, തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ പ്രതിബദ്ധതയുടെ നിർവചനങ്ങളെ മാറ്റുമെങ്കിലും വിശ്വാസം തന്നെയാവും ഏറിയും കുറഞ്ഞും അതിൻ്റെ മൂലക്കല്ല്. 


ആൻഡിയും ക്രിസ്റ്റിനും വിവാദത്തെ അന്നു ലോകം കാണുക ഒരു ദാമ്പത്യവഞ്ചന ആയിട്ടായിരിക്കില്ല, അവർ ചോദ്യം ചെയ്യപ്പെടുക ബന്ധങ്ങളിൽ ആവശ്യമായ പ്രൊഫഷണലിസമില്ലായ്മ, പക്ഷപാതം, അവിശുദ്ധകൂട്ടുകെട്ട് എന്നതിൻ്റെയൊക്കെ പേരിലാവും. .വിവാഹാനന്തരകാലം വിമർശനാത്മക ചിന്തകൾ ധാർമ്മിക ബോധത്തെ മാറ്റിസ്ഥാപിക്കുമ്പോൾ, സമൂഹം കൂടുതൽ സൂക്ഷ്മമായ ചോദ്യങ്ങൾ ചോദിച്ചേക്കാം. അത് പദവിയിൽ താഴ്ന്നയാളുടെ സമ്മതത്തെ ചുറ്റിയാവാം, ഉന്നതൻ്റെ അധികാരപ്രയോഗത്തിൻ്റെ സാധ്യതയെ കുറിച്ചാവാം. വിവാഹവുമായി ബന്ധപ്പെട്ട ധാർമ്മിക രോഷം മാറ്റിനിർത്തിയാലും ജോലിസ്ഥലത്തെ ധാർമ്മികതയുടെ ലംഘനം ബാക്കിയാവും.  


മതപരവും സാംസ്കാരികവും നിയമപരവുമായ ഘടനകളിൽ ആഴ്ന്നു കിടക്കുന്നതാണ്  വിവാഹവേരുകൾ. മതാതീതവും മതനിരപേക്ഷവും വികസിത-ജനാധിപത്യപരവുമായ ഭാവിയിൽ, ബന്ധങ്ങൾ സ്വകാര്യ കരാറുകളായി മാറിയേക്കാം. അപ്പോഴും  സാമൂഹിക പ്രതീക്ഷകളേക്കാൾ വ്യക്തിശുദ്ധിതന്നെ അടിത്തറയാവുന്ന വ്യക്തിപരമായ മൂല്യങ്ങളാലാവും  അവ രൂപപ്പെടുക. പൊതുസമൂഹം ബന്ധത്തെയാവുകയില്ല,  മറിച്ച് അനന്തരഫലങ്ങളെയാവും വിലയിരുത്തുക. നാളത്തെ ജനാധിപത്യം നിങ്ങൾ എത്ര ധാർമ്മികമായി നയിക്കുന്നു എന്നതിലാവും ഒരു നേതാവിനെ അളക്കുക. വ്യക്തിനിഷ്ഠ സമൂഹത്തിൽ നിന്നും വസ്തുനിഷ്ഠ സമൂഹമായി മാറും, പ്രജകളിൽ നിന്നും വ്യക്തികൾ പൗരരായി ഉയരും.  അതിനും അടിസ്ഥാന ശിലയാവുക വ്യക്തിശുദ്ധിയാവും. 


അങ്ങിനെ നോക്കിയാൽ ആൻഡിയുടെ പിരിച്ചുവിടൽ അന്നും സംഭവിക്കാം കാരണം വ്യത്യസ്തമാവും എന്നേയുള്ളൂ.  ഇന്നത്തെ അവിശ്വസ്തത അന്ന് സുതാര്യതയില്ലായ്മയും പരസ്പരബഹുമാനമില്ലായ്മയും  ആവും. ഇന്നത്തെ പവിത്രമായ പ്രതിജ്ഞകളുടെ ലംഘനം അന്ന് സ്വഭാവദോഷവും സാഹചര്യങ്ങളുടെ ദുരുപയോഗവുമാവും. വിവാഹാനന്തര ലോകത്ത്, പ്രണയം ശാശ്വതമാമെന്നില്ല, പക്ഷേ അപ്പോഴും ധാർമ്മികതയും ഉത്തരവാദിത്വവും വൈകാരിക സത്യസന്ധതയും മുമ്പത്തേക്കാൾ പ്രധാനമാവും.


അധികാരത്തിൻ്റെ മത്തിന് മിത്തുകളിലെ പാഠങ്ങൾ  

അധികാരം, ആസക്തി, വിശ്വാസം, ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് സഹസ്രാബ്ദങ്ങളായുള്ള ബോധം പകരുന്നുണ്ട് ഇന്ത്യൻ, ഗ്രീക്ക് ഇതിഹാസങ്ങൾ.  നശ്വരായ മാതാപിതാക്കളിൽ നിന്ന് ജനിച്ച ഒരാൾക്കും  മറികടക്കാനാവാത്ത ജ്ഞാനമാർജ്ജിച്ച, ഏറ്റവും ഉയരവും അസാധാരണ സൗന്ദര്യവും വഴിയുന്ന  പെണ്ണായാണ് ഹെസിയോഡ് ആൽക്മെനെയെ വിശേഷിപ്പിക്കുന്നത്,  അഴകാർന്ന മുഖവും ഇരുണ്ട കണ്ണുകളുമായി സമാനതകളില്ലാത്തവൾ. അവളെയാണ് ഭർത്താവിൻ്റെ വേഷം കെട്ടിവന്ന അവളുടെ മുതുമുത്തച്ഛൻ സിയൂസ് ഭോഗിച്ചതും ഗർഭിണിയാക്കിയതും. വികാരം മുയലിനെ പോലെയും  വിചാരം ആമയെപ്പോലെയും സഞ്ചരിക്കുന്ന ജീവിയാണ് മനുഷ്യൻ, അവൻ്റെ പ്രതിരൂപങ്ങളായ ദൈവങ്ങളും.  ദേവപദവിയും പരമാധികാരമായിരുന്നു സിയൂസിൻ്റേത്.  ആരെയും വെല്ലുന്ന ബുദ്ധിയും ബോധവും സൗന്ദര്യവും ഒക്കെയുണ്ടായിട്ടും അൽക്മെനെക്ക് വഴങ്ങേണ്ടിവന്നു. 


അൽക്മെനെയെ ഭോഗിക്കാൻ സിയൂസ് ആഗ്രഹിച്ചിരുന്നെങ്കിലും, പറ്റിയൊരു അവസരം കിട്ടിയിരുന്നുല്ല. ഒടുവിൽ അവളുടെ ഭർത്താവ്  ആംഫിട്രിയോൺ പുറത്തുപോവുന്ന ഒരു രാവു വന്നു.  രാത്രി അവസാനിക്കാതിരിക്കാനായി  സൂര്യദേവനായ ഹീലിയോസിനോട് മൂന്ന് ദിവസത്തേക്ക് എഴുന്നേൽക്കരുതെന്ന് സിയൂസ് കല്പ്പിച്ചു. തുടർന്ന് സിയൂസ് ആംഫിട്രിയോണായി വേഷം മാറിയെത്തി തൻ്റെ കൊച്ചുമകളായ അൽക്മെനെയെ ഭോഗിച്ചു, ഗർഭിണിയാക്കി. മുതുമുത്തച്ഛൻ തൻ്റെ കൊച്ചുമകളിൽ തൻ്റെ മകനെ ജനിപ്പിച്ചു, പിന്നീട് കൊച്ചുമകൾ മുതുമുത്തച്ഛന്  യൂറോപ്പ് എന്ന പേരു വന്ന യൂറോപ്പായിൽ ജനിച്ച റഡമാന്തസിനെ ഭർത്താവാക്കുകയും ചെയ്തു. മിത്തും ചരിത്രവും ജീവൻ നിലനിർത്തിയ ശുദ്ധജലവും ജീവിതത്തെ ചലനാത്മകമാക്കിയ പെട്രോളും പോലെ ചേർന്നൊഴുകുകയാവണം. 


ഇന്ത്യയിൽ ഇന്ദ്രനും യൂറോപ്പിൽ  സിയൂസും ലൈംഗികസംതൃപ്തിക്കായി  വേഷംമാറി, തങ്ങളുടെ അധികാരം, പദവിയും ഉപയോഗിച്ചു. സ്വാഭാവികമായും ഇന്നിൻ്റെ കണ്ണിൽ അത് അധികാര ദുർവിനിയോഗവും വഞ്ചനയുമാണ്. നമുക്ക് അഹല്യയുടെയും അൽക്മെനെയുടെയും സമ്മതം ഉണ്ടെന്നുതന്നെ കരുതാം, എങ്കിലും ഇങ്ങ് ദേവേന്ദ്രനും അങ്ങ് സിയൂസിനും അനിഷേധ്യവും പരിധികളില്ലാത്ത അധികാരവും ഉണ്ടായിരുന്നു. അനിയന്ത്രിതമായ ശക്തിയും ആസക്തിയും  ദൈവങ്ങളെപ്പോലും എങ്ങിനെ  പതനത്തിലേക്ക് നയിക്കുമെന്ന് ഇതിഹാസങ്ങൾ കാണിച്ചുതന്നു.  സുതാര്യത പൗരാണിക ലോകത്ത് കേട്ടുകേൾവിയില്ലാത്ത ഒന്നായിരുന്നു, പക്ഷേ ഇന്നത് അടിമുടി ആവശ്യമായ ഒരു സമൂഹമാണ് നമ്മുടേത്. സ്വാഭാവികമായും ആധുനികലോകത്ത് അധികാരം സംയമനത്തോടെയും സുതാര്യതയോടെയും പ്രയോഗിക്കണം.


അഹല്യയും  അൽക്മെനെയും നിരപരാധികളെങ്കിലും ശിക്ഷ അനുഭവിച്ചു, ഇന്ദ്രനും സിയൂസും പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവന്നു എങ്കിലും തെറ്റിന് ആനുപാതികമായല്ല. ഈയൊരു വിവാദത്തിലും ഏറെ സഹിക്കേണ്ടിവരുന്നതും പെണ്ണാണ്, കുട്ടികളും.  പൗരാണിക ഇതിഹാസങ്ങളാവട്ടെ,  ആധുനിക എച്ച്ആർ നയങ്ങളാവട്ടെ,   അധികാരത്തിൻ്റെ ഇരകൾ ഏറെയും പെണ്ണാവുകയാണ്.   


ശക്തനായൊരു  വ്യക്തി ധാർമ്മികമോ സദാചാരപരമോ ആയ അതിരുകൾ ലംഘിക്കുന്നു, അനന്തരഫലങ്ങൾ ഉണ്ടാകുന്നു, സമൂഹം സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു.  അഹല്യയുടെയും അൽക്മെനെയുടെയും കഥകൾ നമ്മുടെ നേതൃബോധത്തെ,  ഉത്തരവാദിത്വബോധത്തെ, ആസക്തിയെ ഒക്കെയും നവീകരിക്കാനുള്ള പാഠങ്ങളാണ്.  രണ്ട് കഥകളിലും, സ്വന്തം ആസക്തികളുടെ പിന്നാലെ നിയന്ത്രണമില്ലാതെ പോവുന്നത്, പദവികൾ ദുരുപയോഗം ചെയ്യുന്നതും ദൈവങ്ങൾ തന്നെയാണ്. 


ആൻഡി ദിവ്യനല്ലെങ്കിലും കാര്യമായ എക്സിക്യൂട്ടീവ് പവർ ഉണ്ടായിരുന്ന ആളാണ്.  തുല്യപദവിയിൽ അല്ലാത്ത ഒരാളോടുള്ള സമ്മതത്തോടെയുള്ള ബന്ധങ്ങൾ പോലും ധാർമ്മികമായി സങ്കീർണ്ണമാണ്. പദവിയിൽ താഴ്ന്നൊരാൾ നല്കിയത് സമ്പൂർണസമ്മതം തന്നെയോ എന്ന ചോദ്യം ആദികാലം മുതൽ ഇന്നത്തെ ബിഹേവിയറൽ സയൻസ് യുഗം വരെയും ബാക്കിയാവുന്നുണ്ട്. പ്രലോഭനത്തിലൂടെയോ പ്രച്ഛന്നവേഷത്തിലൂടെയോ സ്വാധീനത്തിലൂടെയോ സ്വന്തം നേട്ടത്തിനായി അധികാരം ഉപയോഗിക്കുന്നത്  അവിഘ്നം തുടരുന്നു. ആൻഡിയുടെ ജീവിതപങ്കാളിയുടെ പ്രതികരണം മുകളിലുണ്ട്. പൗരാണികലോകത്തു നിന്നും ആധുനികലോകത്തേക്ക് വരുമ്പോഴും ആസക്തിയും അധികാരശ്രേണികളും ഒന്നും മാറുന്നില്ല. സഹനം ഇതുമായൊന്നും ബന്ധമില്ലാത്തെ മറ്റൊരു പെണ്ണിൻ്റേതാവുന്നു എന്നതാണ്  മാറ്റം. അതാവട്ടെ ബന്ധങ്ങൾ പാവനമാക്കിയ പുതിയ സാമൂഹികക്രമത്തിൻ്റെ സംഭാവനയുമാണ്.  


പൌരാണികമായായും ആധുനികമായാലും ശേഷി കുറഞ്ഞവരെ  ആനുപാതികമായല്ലാതെ ശിക്ഷിച്ചുകൊണ്ട് അധികാരം പ്രയോഗിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. അസന്തുലിതാവസ്ഥയിൽ നിന്ന് നീതിയെ വീണ്ടെടുക്കാൻ നമ്മുടെ ബോധ-നിയമ സംവിധാനങ്ങൾ കാലാനുസൃതമായി പരിണമിക്കണം. ക്രമം തെറ്റിക്കുന്നതാണല്ലോ അക്രമവും അതിക്രമവും. ഇതിഹാസങ്ങൾ അതിക്രമങ്ങളെ ധർമ്മലംഘനമായി കാണുന്നതുകൊണ്ടാണ്, ആനുപാതികമായല്ലെങ്കിലും ദൈവങ്ങളും ചില്ലറ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വന്നത്. അത് ക്രമം വീണ്ടെടുക്കുവാനാണ്, സന്തുലിതാവസ്ഥ പുനസ്ഥാപിക്കുവാനാണ്. ആധുനിക സ്ഥാപനങ്ങളെ നയിക്കുന്നവരുടെ ദൌത്യം സന്തുലിതാവസ്ഥ നിലനിർത്തുകയാണ്. ആൻഡിയെ പിരിച്ചുവിടൽ ആധുനിക സ്ഥാപനത്തിലെ   സന്തുലിതാവസ്ഥയുടെ പുനസ്ഥാപനമാണ്.  രാജി ധാർമ്മികബാദ്ധ്യത നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിൻ്റെ ഫലവും. 


നീതി നടപ്പിലാവുന്നത്  ദൃശ്യമാകണം, അടിസ്ഥാന മൂല്യങ്ങളുമായി അത് ഐക്യപ്പെടുകയും വേണം. അഹല്യയോട് ചെയ്ത തെറ്റിന് ഇതിഹാസകാരൻ ഇന്ദ്രനെ ശിക്ഷിച്ചത് വൃഷണം അറ്റ് മണ്ണിൽ വീഴ്ത്തിയാവുമ്പോൾ പാഠം വ്യക്തമാണ് - അധികാര സ്ഥാനങ്ങളിലുള്ളവർ ധാർമ്മികതയുടെ നിയമങ്ങളിൽ നിന്ന് മുക്തരല്ല.  ബെഡ്റൂമുകളിൽ നിന്നും പെണ്ണ് ബോർഡ്റൂമുകളിലേക്ക് എത്തുന്ന കാലത്ത് കാലാനുസൃതമായ ബോധം മനുഷ്യനെ നയിക്കണം. അധികാരത്തിന് നിയന്ത്രണമുണ്ടാവണം,  ആസക്തികളുടെ ഓവർക്കോട്ടിന്  ധാർമ്മികതയുടെ അടിവസ്ത്രമുണ്ടാവണം. സംസ്കാരം, ഉത്തരവാദിത്തം, ധാർമ്മിക നേതൃത്വം ഒന്നും ആധുനിക നിർമ്മിതികളല്ല, കാലാതീതമായ അനിവാര്യതകളാണ്.  ബോധമില്ലാത്തവർ ഉണ്ടാക്കുന്ന അനന്തരഫലങ്ങൾ വ്യക്തികൾക്കപ്പുറത്തേക്ക്  പോവുന്നു എന്നതാണ് ദുരന്തം, അതുകൊണ്ട് തന്നെയാണ് കാലത്തിനനുസരിച്ച ബോധത്തിലേക്ക് എവിടെയും നേതൃസ്ഥാനത്തുള്ളവർ വളരേണ്ടത്, സംവിധാനങ്ങൾ കുറ്റമറ്റതാവേണ്ടതും. 


മധുസൂദൻ വി


Reference:

https://economictimes.indiatimes.com/news/international/us/megan-byron-statements-viral-coldplay-concert-husband-astronomer-ceo-andy-byron-kristin-cabot-viral-video-social-media-facebook-authenticity-real-fake-investigation/articleshow/122822240.cms?from=mdr


No comments: