സ്നേഹയോഗ്യമാവണം എന്നോർമ്മിപ്പിക്കുന്ന നോർവീജിയൻ ചിത്രം
പ്രണയത്തിന് വീടിനെ സ്നേഹത്തിൻ്റെ ഒരു കലവറ ആക്കുവാനും പൊസസീവ്നെസ്സിന് ഒരു തടവറ ആക്കുവാനും കഴിയും എന്നു കാണിക്കുകയാണ് നോർവീജിയൻ ഡയറക്ടർ ലിൽജ ഇംഗോൾഫ്സ്ഡോട്ടിർ. ലവബ്ളിൻ്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ചത് ലിൽജ തന്നെയാണ്. ലവ്‌ബിളിൽ, അവളുടെ ലോകം അവസാനിക്കുന്നത് ഒരു സ്ഫോടനത്തോടെയല്ല, മറിച്ച് സിഗ്മണ്ടിൻ്റെ ഒരു ശാന്തമായ വാചകത്തോടെയാണ്: "എനിക്ക് വിവാഹമോചനം വേണം." അതു കേൾക്കുമ്പോൾ എളുപ്പം പ്രകോപിതയാവുന്ന, പലപ്പോഴും ഒച്ചവെക്കുന്ന, മരിയ, നിലവിളിക്കുകയോ കോപിക്കുകയോ ചെയ്യുന്നില്ല. ശാന്തമായി അവൾ ആ വാക്കുകളെ ആഗിരണം ചെയ്യുന്നു. ദിനചര്യകളായി വസ്ത്രമലക്കലും, പാചകവും പ്രതിഫലമായി നാല് കുട്ടികളുടെ ചിരിയും സിഗ്മണ്ടിൻ്റെ കരുതലും മാത്രമായ മരിയയുടെ ഭൂമി ഒന്നിളകുന്നു. ലിൽജ ഇംഗോൾഫ്സ്ഡോട്ടിർ ഈ തകർച്ചയെ ഒരു ദുരന്തമായിട്ടല്ല, മറിച്ച് ഒരു വെളിപെടായി അവതരിപ്പിക്കുന്നു. വേർപിരിയലിൻ്റെ പരിചിതമായ വിഷയത്തെ സ്വത്വത്തെക്കുറിച്ചുള്ള ധ്യാനമാക്കി ഇൻഗോൾഫ്‌സ്‌ഡോട്ടിർ മാറ്റുന്നു.
ഒരിക്കൽ പൂത്തുലഞ്ഞിരുന്ന പ്രണയം പതിയെ പൂത്തുനരച്ച ആചാരമായി മാറുന്നു, ആലിംഗനങ്ങളും ചുംബനങ്ങളും കേവലം ശീലമായി മാറുന്നു, വൈകാരികമായി രണ്ടുധ്രുവങ്ങളിലുള്ളവർക്കിടയിലെ ഭൗതികമായ ഒരാചാരം. ആ വീട് സിനിമയുടെ നിശബ്ദ കഥാപാത്രമായി മാറുന്നു. പ്രകാശമാനമെങ്കിലും, ഒരു യുദ്ധഭൂമിപോലെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സാധാരണ ശബ്ദായമാനമായ വീട്ടകം നിശബ്ദമായ യുദ്ധത്തിൻ്റെ ഒരു മേഖലയായി മാറുമ്പോൾ ചിതറിക്കിടക്കുന്നുണ്ട് ആശയവിനിമയത്തിൻ്റെ അവശിഷ്ടങ്ങൾ. എടുത്തുപറയേണ്ടത് സിനിമയുടെ ദൃശ്യ വ്യാകരണമാണ് - വീടിൻ്റെ ഉൾഭാഗം ഒരു മനഃശാസ്ത്ര ഭൂപടമായി മാറുമ്പോൾ, നമ്മളറിയാതെ മരിയയുടെ മനോനിലയിലെ അന്തേവാസികളാവുകയാണ്.
പ്രണയത്തിനും മാതൃത്വത്തിനും ദാമ്പത്യത്തിനുമായി സമ്പൂർണ്ണമായും സമർപ്പിച്ച മരിയ ആ സമ്പൂർണ സമർപ്പണം റദ്ദുചെയ്തുകളഞ്ഞത് തൻ്റെ സ്വത്വത്തെ തന്നെയാണെന്ന സത്യം അവസാനം തിരിച്ചറിയുന്നു. ക്യാമറ ഒരിക്കലും അവളെ വിധിക്കുന്നില്ല; ഭാഷ, ഏകാന്തത, സ്വത്വം എല്ലാമവൾ വീണ്ടെടുക്കുമ്പോൾ അത് ക്ഷമയോടെ കാത്തിരിക്കുന്നു. അവസാന കൂടിച്ചേരലിൻ്റെ മെലോഡ്രാമയാക്കാതെ കൃത്യമായ ഒരു ചോദ്യമെറിയുകയാണ് സിനിമ - ആവശ്യമില്ലാതാവുമ്പോൾ അവൾ എന്തായിത്തീരും?
ബാല്യകാല ട്രോമകൾ ഏല്പിച്ച ആഘാതങ്ങളിൽ നിന്നു മോചിതരാവാത്ത പക്ഷം നമ്മുടെ ബന്ധങ്ങളാവും പിന്നീട് അതിൻ്റെ ഇരകളെന്ന് സിനിമ എടുത്തുപറയുന്നുണ്ട്. പകർന്നുകിട്ടുക സ്വത്ത് മാത്രമല്ല, നിശ്ശബ്ദമായ വേദനകൾ, ഭയം ഒക്കെ കൂടിയാണ്. ലവബ്ളിലെ ഓരോ വൈകാരികരംഗവും പഴയ വേദനകളെ, ഭീതികളെ പ്രതിധ്വനിക്കുന്നു. ഒരു അമ്മയുടെ ഏകാന്തത, ഒരു അച്‌ഛൻ്റെ അഭാവം, ഭീതിദമായ കുഞ്ഞിൻ്റെ അവസ്ഥ - ഒരു മാനസികവിദഗ്ധയുടെ കൃത്യതയോടെ ഇൻഗോൾഫ്‌സ്‌ഡോട്ടിർ ഗതകാല ട്രോമയെ ഖനനം ചെയ്യുകയാണ്, അവസാനത്തോടെ, മരിയ വിജയമോ നിരാശയോ ഇല്ലാതെ തൻ്റെ പുതിയ ഏകാന്തതയിലൂടെ നടക്കുമ്പോൾ അവശേഷിക്കുന്നത് സങ്കടമല്ല, മറിച്ച് ഒരു തിരിച്ചറിവാണ് - നഷ്ടപ്പെട്ടാലും സ്നേഹം ഒരിക്കൽ കൈവശം വച്ചിരുന്ന സ്വത്വത്തെ പ്രകാശിപ്പിക്കുമെന്ന തിരിച്ചറിവ്.
ലവബ്ൾ ഒരു വേർപിരിയൽ ചിത്രമല്ല; മനുഷ്യനായിരിക്കുന്നതിൻ്റെ മുറിവിനെക്കുറിച്ചുള്ള ധ്യാനമാണ്. അറിവുണ്ടാവുക മുറിവിലൂടെയാണ് - സ്നേഹം അതിൻ്റെ യഥാർത്ഥ രൂപത്തിൽ ആർക്കും കൈവശാവകാശമുള്ള ഒന്നല്ല. നാം പ്രണയം അർഹിക്കുന്നുവെങ്കിൽ അതുവന്നു കയറുകയും, നാം പൊസസീവ് ആകുമ്പോൾ അതിറങ്ങിപ്പോവുകയും ചെയ്യും. ഇവിടെ, "ലവബ്ൾ" ഒരു നാമവിശേഷണമല്ല, ക്രിയയാണ് - സ്നേഹത്തെ, വാത്സല്യത്തെ, പ്രണയത്തെ ചാരിനില്ക്കുവാനുള്ള ഒരാളുടെ അവകാശത്തിനായുള്ള പരിശ്രമം.
മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന സ്വേച്ഛാധിപത്യങ്ങളോടുള്ള കലഹം
വാൾട്ടർ സാലെസിൻ്റെ 'ഐ ആം സ്റ്റിൽ ഹിയർ' ഭരണകൂട സംവിധാനങ്ങൾ ഒരു മനുഷ്യനെ ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാക്കുന്ന സംവിധാനത്തെ പറ്റിയാണ്. സ്വേച്ഛാധിപത്യത്തിൻ്റെ മർദ്ദനോപാധികളിൽ കുടുങ്ങിയ ഒരു കുടുംബത്തിൻ്റെ ഉറപ്പിനെയും സുരക്ഷയെയും സംഭാഷണത്തെയും പോലും കൃത്യമായി മായ്ച്ചുകളയുന്ന സാവധാനത്തെ പറ്റിയാണ്. ബ്രസീലിലെ സൈനിക ഭരണകാലത്ത്, യൂനിസിൻ്റെ ഭർത്താവ് റൂബൻസിനെ ഭരണകൂട ഏജൻ്റുമാർ പിടികൂടി, ഒരു അറിയപ്പെടുന്ന എഞ്ചിനീയർ ആയിരുന്ന റൂബൻസ് കേരളത്തിലെ പഴയ എഞ്ചിനീയറങ്ങ് വിദ്യാർത്ഥി രാജനെപ്പോലെ അപ്രത്യക്ഷമായി. എന്തു സംഭവിച്ചു? ആരു കൊന്നു? ബോഡി എവിടെ? ഒന്നിനും ഉത്തരമില്ല. ഒരു പരമ്പരാഗത രാഷ്ട്രീയ നാടകമായേക്കാവുന്ന പ്രമേയം സാലെസിൻ്റെ കൈകളിൽ ദുഃഖത്തിൻ്റെയും സഹിഷ്ണുതയുടെയും ഒരു വിലാപകാവ്യമായി മാറുന്നു. ആ കുടുംബത്തിൻ്റെ, അമ്മയുടെയും അഞ്ചുമക്കളുടെയും സ്വകാര്യ ലോകം പ്രതിരോധത്തിൻ്റെ അവസാനവാക്കായി, പര്യായമായി മാറുകയാണ്.
മുദ്രാവാക്യങ്ങൾ പോലെ സത്യങ്ങൾ വിളിച്ചു പറയുന്ന സിനിമകളുണ്ട്, നിശബ്ദത മന്ത്രിക്കുന്ന സിനിമകളുമുണ്ട്. വാൾട്ടർ സാലെസിൻ്റെ 'ഐ ആം സ്റ്റിൽ ഹിയർ' രണ്ടാമത്തെ തരത്തിൽ പെടുന്നു. തൻ്റെ പിതാവിൻ്റെ സ്മരണകളും മാതാവിൻ്റെ സഹനങ്ങളും ചേർന്ന മാർസെലോ റൂബൻസ് പൈവയുടെ ഓർമ്മക്കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് അധികാരത്തിൻ്റെ ഇടനാഴികളിലേക്ക് അപ്രത്യക്ഷനായ റൂബൻസിനു വേണ്ടിയുള്ള ജീവിതപങ്കാളിയുടെ പോരാട്ടത്തെ അടയാളപ്പെടുത്തുന്ന സിനിമയുടെ പിറവി. ബ്രസീലിൻ്റെ സൈനിക സ്വേച്ഛാധിപത്യം തകർത്തുകളഞ്ഞ യൂനിസിനെ, അഞ്ചുമക്കളെയും ജീവിപ്പിക്കാനുള്ള അവരുടെ കഠിനശ്രമത്തെയും അതിൻ്റെ എല്ലാ തീവ്രതയോടെയും സംവിധായകൻ ചിത്രീകരിക്കുന്നു. മുഖ്യധാരാ സിനിമകളുടെ മുദ്രാവാക്യങ്ങളില്ല, പ്രതികാരരംഗങ്ങളില്ല.
രേഖീയമായല്ലാതെ ചിത്രം ഓർമ്മ പോലെ വികസിക്കുന്നു. ഭീകരതയെ സാലെസ് ചിത്രീകരിക്കുന്നത് ആർദ്രതയുടെ ടൂളുകൾ കൊണ്ടാണ്. നിശ്ചലതയുടെ നിമിഷങ്ങൾക്ക് താങ്ങാനാവാത്ത പിരിമുറുക്കമാണ്. മുദ്രാവാക്യങ്ങളേക്കാൾ അദ്ദേഹം നിശബ്ദതയെ വിശ്വസിക്കുന്നു -ഒരു അമ്മയുടെ വിറയ്ക്കുന്ന കൈ, ഒരു കുട്ടിയുടെ അനിശ്ചിതമായ നോട്ടം - സ്വേച്ഛാധിപത്യത്തെക്കുറിച്ച് ഏതൊരു പ്രസംഗത്തിനും കഴിയുന്നതിനേക്കാൾ കൂടുതൽ അതു പറയുന്നു. ഒരു കുടുംബം പ്രഭാതഭക്ഷണ മേശയിൽ ചിരിക്കുന്നു, സൂര്യപ്രകാശം തിരശ്ശീലകളിലൂടെ ഒഴുകുന്നു, ജീവിതം സാധാരണമാണെന്ന് തോന്നുന്നു. റൂബൻസിൻ്റെ പെട്ടെന്നുള്ള തിരോധാനം കാര്യങ്ങളെ തകിടം മറിക്കുന്നു. ഓർമ്മകളെ സംഭാഷണത്തിന് പകരമായെടുക്കുന്ന നിശബ്ദമായ സഹിഷ്ണുതയുടെ സിനിമയിൽ ദുഖത്തെ ഘനീഭവിപ്പിക്കുന്നയാണ് കാമറ.
ഒരേസമയം ദുർബലയും സുബലയുമായി യൂനിസ് കേന്ദ്രകഥാപാത്രമായി നിറയുമ്പോൾ സിനിമയുടെ മാറിമറിയുന്ന കാലാവസ്ഥയാവുകയാണ് ആ മുഖം. അമ്പരപ്പിൽ നിന്ന് പരിഹാരത്തിലേക്ക്, നിശബ്ദപ്രാർത്ഥനയിൽ നിന്ന് സൂക്ഷ്മമായ കലാപത്തിലേക്ക് അവർ മാറുന്നു. ഒരു നിമിഷം അമ്മയാകുകയും വിലപിക്കുകയും അതിജീവിക്കുകയും ചെയ്യുന്ന യൂനിസ് അടുത്തനിമിഷം നിശബ്ദയായ ഭാര്യയിൽ നിന്ന് ധാർമ്മികസാക്ഷിയിലേക്ക് സ്വയമുയർന്ന് സ്വേച്ഛാധിപത്യം കുഴിച്ചുമൂടിയ ചരിത്രത്തെ കുഴിതോണ്ടിയെടുപ്പിക്കുന്നു. മായ്ക്കലിന് മുന്നിൽ അതിജീവനം തന്നെ ഒരു ധിക്കാരപരമായ പ്രവൃത്തിയാണ്.
നഷ്ടത്തിനിടയിൽ മനുഷ്യത്വത്തിനായുള്ള അന്വേഷണമായി സിനിമ മാറുന്നു, ചരിത്രം ഒരു അടഞ്ഞ അധ്യായമല്ല, മറിച്ച് സംസാരിക്കുന്ന ഒരു മുറിവാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മുദ്രാവാക്യങ്ങളോ പ്രസംഗങ്ങളോ ഉപയോഗിച്ച് അവൾ ഭരണകൂടത്തിനെതിരെ പോരാടുന്നില്ല, മറിച്ച് സ്ഥിരോത്സാഹത്തോടെയാണ്: കുട്ടികളെ പോറ്റുക, സത്യം അന്വേഷിക്കുക, ജീവിക്കുക. അവളുടെ പ്രതിരോധശേഷിയിലാണ് സിനിമയുടെ കാതൽ. തലക്കെട്ട് തന്നെ - ഐ ആം സ്റ്റിൽ ഹിയർ - ഒരു മുദ്രാവാക്യമായല്ല, മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന ഭീകരതയ്ക്കെതിരെയുള്ള ഒരു ഹൃദയസ്പന്ദനമാണത്.
സാലെസിൻ്റെ ദൃശ്യലോകം, ഫ്രെയിമുകൾ ഭൂതകാലത്തെ വർത്തമാനകാലത്തിലേക്ക് നയിക്കുന്നു, അന്തരീക്ഷം ഘനീഭവിക്കുന്നു. കാലക്രമേണ പറയുന്ന ഒരു കഥയായല്ല, മറിച്ച് ഓർമ്മകളിലൂടെയും അടയാളങ്ങളിലൂടെയും ചരിത്രം രേഖപ്പെടുത്താൻ മറന്നുപോവുന്നതിൽ നിന്ന് നെയ്തെടുത്ത ഒരു സിനിമാനുഭവമാണത്. മായ്ച്ചുകളഞ്ഞതിനു ശേഷവും നിലനിൽക്കുക എന്നതിൻ്റെ അർത്ഥം പുനർനിർവചിക്കുന്ന ഒരു അതിജീവതയായി യൂനിസ് നിലകൊള്ളുന്നു. ഒരു തരത്തിലുള്ള കലാപമായി അംഗീകരിക്കപ്പെടേണ്ട യൂനിസിൻ്റെ ഒറ്റയാൾ പോരാട്ടത്തെ ആദരിക്കുന്ന സിനിമ ഒരു വലിയസത്യത്തെ പ്രകാശിപ്പിക്കുന്നു - നിലനിൽക്കുക, സ്നേഹിക്കുക, അതിജീവിക്കുക എന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.
ആക്ഷേപഹാസ്യം നിറഞ്ഞ ഇറാനിയൻ ഈജിപ്ഷ്യൻ സിനിമകൾ
സിനിമ പോലെ തന്നെ വിസ്മയിപ്പിച്ചത് ആ പേരാണ് - ഈസ്റ്റ് ഓഫ് ദ നൂൺ. ജിയോഗ്രഫിക്ക് അപ്പുറം പോയി കണ്ടെത്തിയ ഒരിടമായി നൂൺ അഥവാ നട്ടുച്ച മനുഷ്യാവസ്ഥയുടെ ബിംബമാവുകയാണ്. പ്രതീക്ഷയുടെ ഒരു ഉദിപ്പ് അങ്ങ് കിഴക്ക് നമുക്ക് കാട്ടിത്തരികയും ചെയ്യുന്നു. ഒരു ഓർവിലിയൻ വ്യാവസായിക തരിശുഭൂമിയുടെ പശ്ചാത്തലത്തിൽ ഭീരുവായ ഒരു വൃദ്ധസ്വേച്ഛാധിപതിയുടെ ഭരണകൂടത്തിനെതിരെയുള്ള അബ്ദോ എന്ന യുവസംഗീത പ്രതിഭയുടെയും നുന്നയുടെയും സംഗീതം മാധ്യമമാക്കിയുള്ള പോരാട്ടത്തിൻ്റെ കഥ പറയുകയാണ് ഈസ്റ്റ് ഓഫ് നൂൺ. ഭീരുവായ സ്വേച്ഛാധിപതിയായ ഷാക്കി ദി ഷോമാൻ്റെ ഭീകര ഭരണത്തിനെതിരെ അബ്ദോയെ തിരിച്ചുവിടുകയാണ് തൻ്റെ തന്നെ സംഗീതത്തിലെ കഴിവും, അതിനെ ജ്വലിപ്പിച്ച മുത്തശ്ശി ജലാലയുടെ കരകാണാകടലിൻ്റെ വിശാല സ്വാതന്ത്ര്യത്തിൻ്റെ കഥകളും. കടൽ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യത്തിലേക്ക് അബ്ദോ തൻ്റെ കലയിലൂടെ തുഴയുമ്പോൾ, സ്വേച്ഛാധിപത്യത്തിനെതിരായ യുവാക്കളുടെ കലാപം ഭാവിയുടെ ഉദയത്തിലേക്ക് വിരൽ ചൂണ്ടുന്നു.
അഫ്ഗാൻ അഭയാർത്ഥികളെ "സഹോദരന്മാരായി" കാണുകയും എന്നാൽ തുല്യരായി പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന ഇറാനിലെ അഫ്ഗാൻ ജീവിതം അടയാളപ്പെടുത്തുന്ന, അവർ നേരിടുന്ന വെല്ലുവിളികളെയും, കുടിയേറ്റത്തിൻ്റെ ഭീകരയാഥാർത്ഥ്യങ്ങളെയും പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന അസാധാരണ സിനിമയാണ് ഇൻ ദ ലാൻ്റ് ഓഫ് ബ്രദേഴ്സ്. 2011 ലെ അമേരിക്കൻ അധിനിവേശത്തിനുശേഷം അയൽരാജ്യമായ ഇറാനിൽ അഭയവും വീടും കണ്ടെത്താനുള്ള അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു കുടുംബത്തിൻ്റെയും അവരുടെ 20 വർഷത്തെ യാതനായാത്രയുടെയും കഥയാണ് ഉള്ളുലയ്ക്കും വിധം യുവസംവിധായകരായ അലിറേസ ഘസേമിയും റാഹ അമീർ ഫസ്‌ലിയും ചേർന്നു പറഞ്ഞത്.
ലാറ്റിനമേരിക്കൻ മൂവികളിലെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ
ജീവിതത്തിൻ്റെ ഒരു ഘട്ടത്തിലും മോഹവിമുക്തമാവാത്ത ഒരു ജീവിയാണ് മനുഷ്യൻ, ഒപ്പം സാഹചര്യങ്ങളുടെ കയ്യിലെ കളിപ്പാട്ടവും. അവിടെ ജൻഡറോ, ആർജ്ജിച്ച അറിവുകളോ, സാമൂഹിക വിലക്കുകളോ, ധാർമ്മികചിന്തകളോ ഒന്നും സഹായത്തിന് എത്തുകയില്ല. ആസക്തി എല്ലാറ്റിനെയും അതിജീവിച്ച് ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയെ മധ്യവയസ്കരായ രണ്ട് പ്രൊഫസർമാർക്ക് അവരുടെ വിദ്യാർത്ഥികളുമായി സംഭവിച്ച വിവാഹേതര ബന്ധത്തിലൂടെ ആവിഷ്കരിക്കുകയാണ് ദി ഫ്രഷ്‌ലി കട്ട് ഗ്രാസ്. മധ്യവയസ്സിലെ മനുഷ്യൻ്റെ അതൃപ്തി, മുൻഗണനകൾ, ആഗ്രഹങ്ങൾ, ജീവിതത്തിരക്കുകൾ, പങ്കാളികളുമായുള്ള ബന്ധങ്ങളുടെ ഇഴയടുപ്പത്തിലുണ്ടാവുന്ന കുറവുകൾ എല്ലാം അതിലേക്ക് നയിക്കുന്നതായി കാണാം. വൈവാഹികബന്ധത്തിൻ്റെ ഊടും പാവുമാണ് ഉഷ്മളമായ ലൈംഗിക ബന്ധമെന്നും ഫ്രഷ്ലി കട് ഗ്രാസ് പറഞ്ഞുവെയ്ക്കുന്നു.
പൂർത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളും ആസക്തികളും എന്നെന്നേക്കുമെന്നു കരുതിപ്പോവുന്ന ബന്ധങ്ങളെ അസ്ഥിരമാക്കുന്നു. സ്നേഹം, വിശ്വസ്ഥത, സ്വാർത്ഥത, വൈകാരികമായ എല്ലാ സങ്കീർണതകളെയും ചിത്രം അടയാളപ്പെടുത്തുന്നു. പണ്ട് ആണിനുമാത്രം എന്നു കരുതിയ ബന്ധങ്ങളുടെ രസതന്ത്രം പെണ്ണിന് മറ്റൊന്നാവുന്നില്ല, ഒരേ വൈകാരികഗ്രഹത്തിലെ അന്തേവാസികളാണ് നമ്മളെന്ന് ഓർമ്മിപ്പിക്കുകയാണ്. മധ്യവയസ്സിലെത്തിയ പ്രൊഫസർ പാബ്ലോ, ബെലേന എന്ന തൻ്റെ വിദ്യാത്ഥിയുമായി രതിയിലേർപ്പെടുമ്പോൾ പറയുന്നുണ്ട് - ആദ്യമായാണ് ഞാൻ മറ്റൊരാളോട്… പ്രൊഫസർ നതാലിയ തൻ്റെ വിദ്യാർത്ഥിയായ ഗോൺസാലോയോട് പറയുന്നതും അതുതന്നെയാണ്. അതു സത്യവുമാവാം.
ആൺ-പെൺ ബന്ധങ്ങൾക്കിടയിലെ പവർ റിലേഷൻഷിപ്പിനെയും വിധികല്പിതമെന്നോണം സ്ഥാപിതമായ ജൻഡർ റോളുകളെയും അപനിർമ്മിക്കുകയാണ് സിനിമ. ആ വഴിയിൽ ആൺ-പെൺ പ്രൊഫസർമാരുടെ വൈഹാഹിക ബന്ധങ്ങൾ ഒന്ന് ആടിയുലയുന്നുണ്ടെന്നല്ലാതെ തകർന്നുപോവുന്നില്ല, അവർ തന്നെ അതു നന്നാക്കിയെടുക്കുന്നുണ്ട്. ആസക്തികൾ നയിച്ച അനിശ്ചിതത്വത്തിലേക്ക്, ആശങ്കകളിൽ ബന്ധങ്ങൾ ഇടിച്ചുനില്ക്കുന്നുണ്ടെങ്കിലും ബ്രേക് ഡൗണായ ഒരു വണ്ടി റിപ്പയർ ചെയ്ത് മുന്നോട്ടു പോവുന്നതുപോലെ സംവിധായിക സെലിന മുർഗ രണ്ടുപേരുടെയും വൈകാരിക-ജീവിത-യാനത്തെ മുന്നോട്ടു നയിക്കുന്നു.
ഇസങ്ങളും മതങ്ങളും പരിഹസിക്കപ്പെടുമ്പോൾ
ദാനിയർ സലാമത്ത് സംവിധാനം ചെയ്ത കസാഖ് സിനിമയാണ് തലാഖ്. വിവാഹം, വിശ്വാസം, ജൻഡർ ചട്ടക്കൂടിനുള്ളിൽ പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തിൻ്റെ സൂക്ഷ്മപരിശോധനയാണത്. ഇരച്ചുകയറിയ കോപത്തിൻ്റെ ഒരു നിമിഷത്തിൽ "തലാഖ്" എന്ന വാക്ക് ഭർത്താവിൻ്റെ വായിൽ നിന്നു വീണുപോയതിൻ്റെ അനന്തരഫലങ്ങളെ വരച്ചിടുകയാണ് ചിത്രം. ധാർമ്മികവും വൈകാരികവുമായ സംഘർഷത്തിലേക്ക് തലാഖ് ചുരുളഴിയുന്നു. പ്രത്യേകിച്ച് പവിത്രമോ സാംസ്കാരികമോ ആയ സന്ദർഭങ്ങളിൽ വാക്കുകളുടെ കരുത്ത് ജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചുകളയുകയാണെന്ന്, വാക്കുകൾ എങ്ങിനെ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നു സിനിമ വെളിപ്പെടുത്തുന്നു.
പരമ്പരാഗതമൂല്യങ്ങൾക്കും സമകാലികസമൂഹത്തിൻ്റെ ചലനാത്മകതയ്ക്കും ഇടയിലുള്ള സംഘർഷത്തിൻ്റെ ശക്തമായ ആവിഷ്കാരമാണ് തലാഖ്. വ്യക്തിസ്വാതന്ത്ര്യത്തിൻ്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും ആധുനിക ആശയങ്ങളെ അഭിമുഖീകരിക്കുമ്പോൾ, ദീർഘകാലമായി നിലനിൽക്കുന്ന ആചാരങ്ങൾ കുടുംബങ്ങളിലും സമൂഹങ്ങളിലും സൃഷ്ടിക്കുന്ന സംഘർഷത്തെയും പ്രേക്ഷകന് മുന്നിൽ തലാഖ് അവതരിപ്പിക്കുന്നു. വിമോചനത്തിൻ്റെയും സമത്വത്തിൻ്റെയും പുതിയ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഭാര്യ, വിവാഹത്തിനുള്ളിൽ തൻ്റെ പങ്കിനെയും സ്വത്വത്തെയും ചോദ്യം ചെയ്യാൻ തുടങ്ങുന്നു.
ഒരു ദാമ്പത്യത്തിൻ്റെ ശിഥിലീകരണത്തിലൂടെ, മതപരമായ അനുസരണത്തിനും ആധുനിക മാനവിക ചിന്തയ്ക്കും ഇടയിലെ ഒരു സമൂഹത്തിൻ്റെ വിശാലമായ പോരാട്ടങ്ങളെ തലാഖ് പ്രതിഫലിപ്പിക്കുമ്പോൾ തന്നെയും കമ്മ്യൂണിസത്തെ, ചെങ്കൊടിയെ കണക്കറ്റ് പരിഹസിക്കുന്നുമുണ്ട്. മതനിയമങ്ങളുടെ വ്യാഖ്യാനം പോലെ തന്നെ കമ്മ്യൂണിസത്തെയും മതപുരോഹിതരെപ്പോലെ പാർട്ടിനേതൃത്വത്തെയും പരിഹാസത്തിൻ്റെ പരമകോടിയിൽ അലക്കിവെളുപ്പിക്കുന്നുണ്ട് തലാഖ്. കർക്കശമായ സംവിധാനങ്ങളുടെയും ആവേശകരമായ തീരുമാനങ്ങളുടെയും വൈകാരിക ആഘാതം എടുത്തുകാണിച്ചുകൊണ്ട്, ബന്ധങ്ങൾ നിലനിർത്തുന്നതിൽ ആശയവിനിമയം, സഹാനുഭൂതി, ആത്മവിശകലനം എന്നിവ എങ്ങനെ അനിവാര്യമാണെന്ന് എടുത്തുപറയുന്ന മനോഹരമായ സറ്റയറാണ് തലാഖ്.
ആത്യന്തികമായി, തലാഖ് വിശ്വാസത്തെയോ പാരമ്പര്യത്തെയോ അപലപിക്കുന്നതല്ല, മറിച്ച് മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക ഭൂപ്രകൃതികളിൽ വ്യക്തിപരമായ ഉത്തരവാദിത്തത്തെയും സ്ത്രീകളുടെ മാറിയ സ്ഥാനത്തെയും കുറിച്ചുള്ള സംവാദത്തിലേക്ക് അത് വഴിതുറക്കുന്നു.
മാതൃഭൂമിയും മണ്ണുമില്ലാത്തവരുടെ സ്വത്വപ്രതിസന്ധി
ഫത്മാ എയ്ദമീറിൻ്റെ എൽബോ എന്ന് ഇംഗ്ലീഷ് അർത്ഥം വരുന്ന Ellbogen എന്ന നോവലിനെ അതേപേരിൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയായിരുന്നു അസ്‌ലി ഒസാഴ്സ്ലാൻ. ബെർലിനിൽ താമസിക്കുന്ന തുർക്കിഷ് വംശജയായ 17 വയസ്സുള്ള ഒരു ജർമ്മൻ പെൺകുട്ടി, ഹസലിൻ്റെ കഥയാണ് എൽബോ പറയുന്നത്. ആരെയും പോലെ അനുയോജ്യമായ ഒരു ജോലി പ്രതീക്ഷിച്ച അവൾ ഏറെ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പറ്റിയതൊന്നും കിട്ടാതെ വന്നപ്പോൾ കിട്ടിയതിലേക്ക് തിരിയുന്നു. 18 വയസ്സ് തികയുന്ന ഒരു പൗരയായി മാറുന്നതിൻ്റെ സ്വപ്നങ്ങളുമായി അവൾ കഴിയുന്നു. ഒരു വ്യക്തിയെന്ന നിലയിൽ ഒരാളെ പൂർണ്ണത പ്രാപിപ്പിക്കുന്നത് മറ്റെന്തിനുമുപരി സ്വതന്ത്ര ജീവിതം ആണ്. കൗമാരത്തിൽ നാം ഏറെ ആഗ്രഹിക്കുക കുട്ടിത്വത്തിലേക്ക് തിരിച്ചുപോവാൻ അല്ല മറിച്ച് യൗവനത്തിലേക്ക് വളരാനാണ്. കാരണം ശരീരം അതിൻ്റേതായ തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. പക്ഷേ നിലവിലെ സാമൂഹിക വിലക്കുകളിലാവുകയാണ് കൗമാരശരീരം പലയിടത്തും. സാമ്പത്തിക സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം എന്നതിലൊക്കെ ഉപരിയായി ശരീരസ്വാതന്ത്ര്യം കൂടിയാണ് കൗമാരത്തിൽ നമ്മൾ ഏറെ ആഗ്രഹിക്കുന്നത്.
എന്നാൽ ഒരു രാത്രി എല്ലാം മാറ്റിമറിക്കുന്നു: ഒരു ക്ലബ്ബ് ഔട്ടിംഗ് അപ്രതീക്ഷിതമായി കൈവിട്ടുപോയ ഒരു സംഘർഷത്തിലേക്ക് മാറുന്നു. തന്നെ കടന്നു പിടിച്ച യുവാവുമായുള്ള മൽപ്പിടുത്തശേഷം, കൂട്ടുകാരിയുമായി അയാളെ നേരിട്ട ശേഷം അവശനായെന്നെ തോന്നലിൽ അയാൾ ശ്രദ്ധിക്കാതെ അവർ ആശ്വാസം കൊള്ളുമ്പോഴേക്കും അപ്രതീക്ഷിതമായി അയാൾ എഴുന്നേറ്റു വന്ന് വീണ്ടും അവളെ കടന്നുപിടിക്കുന്നു. പരിഭ്രാന്തയായി, തൻ്റെ സർവ്വശക്തിയുമെടുത്ത് അവൾ അയാളെ നേരിടുന്നു, അവളുടെ ഉഗ്രമായ ചവുട്ടിൽ അയാൾ മെട്രോയുടെ പാളങ്ങളിലേക്ക് തെറിച്ചു വീഴുന്നു. സ്വാഭാവികമായും ഒരു എൻജിനീയറിങ് സ്റ്റുഡന്റിൻ്റെ ദാരുണമായ അന്ത്യത്തിലേക്ക് അപ്രതീക്ഷിതമായ ഒരു പാർട്ടിയും തുടർന്നുള്ള വഴക്കുകളും വഴിമാറുന്നു. ഒപ്പം അവളുടെ ജീവിതവും.
പരിഭ്രാന്തിയിലും കുറ്റബോധത്തിലും, ഹസൽ ഇസ്താംബൂളിലേക്ക് ഓടിപ്പോകുന്നു. ജന്മം കൊണ്ട് തുർക്കിഷെങ്കിലും കർമ്മം കൊണ്ട് ജർമനായ അവൾക്ക് മാതാപിതാക്കളുടെ നൊസ്റ്റാൾജിയയിലൂടെ മാത്രം അവളറിയുന്ന ഒരു നഗരത്തിൽ, ആദ്യമായി ഒരു വാടകവീട്ടിൽ, അന്നാദ്യമായി കാണുന്ന കാണുന്ന ഒരു യുവാവിനോടൊപ്പം ഒരു കട്ടിലിൽ കഴിയേണ്ടിവരുന്നു. ആ സാഹചര്യം ഒന്നുകൊണ്ടുമാത്രം സുഖകരമായ ഒരു സംഭോഗമെന്നു പറയാനാവാത്ത, ഒരു ഭോഗത്തിന് എതിർപ്പില്ലാതെ അവൾക്ക് കീഴടങ്ങേണ്ടിവരുന്നു. ബെർലിനിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള മാറ്റം സിനിമയുടെ വൈകാരികവും ദാർശനികവുമായ കാതലായി മാറുന്നു. ഒരു സാമൂഹിക-റിയലിസ്റ്റ് നാടകമായി ആരംഭിക്കുന്നത് സ്വത്വത്തിനും അവകാശത്തിനും വേണ്ടിയുള്ള ഒരു അന്വേഷണമായി മാറുന്നു. അവളെ സംബന്ധിച്ചിടത്തോളം അവിടെ ജർമ്മനിയും തുർക്കിയും ഒരുപോലെ അന്യമാണെന്ന് തോന്നുന്നു, രണ്ടിടത്തും സുരക്ഷിതമായൊരു ജീവിതം അവൾക്ക് അന്യമാവുന്നു.
മനുഷ്യനൊഴിച്ച് മറ്റു ജീവികളുടെ എല്ലാം രാജ്യം ഈ ഭൂമിയാണ്. അതിൽ അവർ കഴിയുന്ന പ്രദേശം അവരുടെ ടെറിട്ടറികളാണ്, അത് രൂപം കൊണ്ടതാവട്ടെ പല കാരണങ്ങളാലാണ്. അതുകൊണ്ടാണ് എല്ലാ ജീവികളെയും ലോകത്ത് എല്ലായിടത്തും നമ്മൾ കാണാത്തത്. വ്യത്യസ്തമായി മനുഷ്യൻ മാതൃഭൂമി പിതൃഭൂമി സങ്കല്പങ്ങളിലൂടെ തങ്ങളുടേതായ രാഷ്ട്രങ്ങൾ ഉണ്ടാക്കുന്നു. അങ്ങനെ നമുക്ക് ലോകത്ത് 195 രാജ്യങ്ങൾ ഉണ്ട്. മനുഷ്യൻ്റെ വംശാവലിയുടെ ചരിത്രം നോക്കിയാൽ മാതൃവഴിയിൽ ഒരാൾ വന്നത് ചിലപ്പോൾ ഇന്ത്യയിൽ നിന്നാണെങ്കിൽ പിതൃവഴിയിൽ അയാൾ ആഫ്രിക്കയിൽ നിന്നായിരിക്കും. ഹസൽ ഇസ്താംബൂളിലേക്ക് പലായനം ചെയ്യുമ്പോൾ, അവൾ തേടിയത് അഭയം, കിട്ടിയത് മുഖമടച്ചുള്ള അടിയാണ്, ഐഡൻ്റിറ്റിയുടെ പേരിൽ.
‘വീട്ടിലേക്ക് മടങ്ങുക’ എന്ന പ്രവാസികളുടെ സ്വപ്നത്തിൻ്റെ നിരർത്ഥകതയെ സിനിമ ചോദ്യം ചെയ്യുകയാണ്. പ്രവാസിയായി പോവുന്നവർക്ക് തീർച്ചയായും മാതൃരാജ്യം ഒരു യാഥാർത്ഥ്യമാണ്, തിരിച്ചുവരുവാനുള്ള പ്രതീക്ഷ. അവരുടെ രണ്ടാം തലമുറക്ക് മാതൃരാജ്യം പക്ഷേ ഒരു മിഥ്യയാണ്. രണ്ടുമില്ലാത്ത ഒരവസ്ഥയാണ്, അതിലേക്ക് കാമറ തിരിയുന്നത് അതിരുകളില്ലാത്ത ഒരു ഏകലോകത്തിൻ്റെ ശുഭ പ്രതീക്ഷ പുതിയ തലമുറ കൈവിടുന്നില്ലെന്നതിനുള്ള തെളിവാണ്. അരാജകത്വ സൗന്ദര്യമുള്ള ഇസ്താംബുൾ, അവളെ കാണാത്ത ബെർലിൻ്റെ മറ്റൊരു പതിപ്പായി അവളെ അരക്ഷിതയാക്കുന്നുണ്ട്.
ലോകം ആർക്കും എങ്ങോട്ടും നിരുപാധികം നിർബാധം സഞ്ചരിക്കാനാവുന്ന, ജീവിക്കാനാവുന്ന ഒരു ഇടമാകുമ്പോൾ മാത്രമേ ലോകസമാധാനം സാധ്യമാവുകയുള്ളൂ. ലോകസമാധാനത്തിൻ്റെ ആദ്യ ബിന്ദുവായ വ്യക്തി സ്വാതന്ത്ര്യവും സുരക്ഷിതത്വവും സമ്പൂർണ്ണമായി സാധ്യമാവുകയും ചെയ്യുക അപ്പോൾ മാത്രമാണ്. ഹസൽ പൂർണ്ണമായും ജർമ്മൻകാരിയല്ല, തുർക്കിക്കാരിയുമല്ല. രണ്ട് സംസ്കാരങ്ങളിൽ നിന്നുമുള്ള പ്രതീക്ഷകളിൽ തളച്ചിടപ്പെടുന്ന വ്യക്തിത്വമായി അവൾ മാറിപ്പോവുകയാണ്. ജർമ്മനിയിൽ, അവൾ വിദേശിയാണ്; തുർക്കിയിൽ, അവൾ ജർമ്മൻ പെൺകുട്ടിയാണ്.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് പലപ്പോഴും അർത്ഥം നൽകുക ചില പേരുകളുടെ തിരഞ്ഞെടുപ്പാണ്. എൽബോ, കൈമുട്ട് പ്രതിരോധത്തിൻ്റെയും പ്രയാണത്തിൻ്റെയും രൂപകമാണ്. ഏത് തിരക്കിലും മുന്നോട്ടു തുഴയാനുള്ള അതിജീവനത്തിൻ്റെ ടൂളാവുമ്പോൾ തന്നെയും തൊഴിക്കാനുള്ള ടൂൾ കൂടിയാണ്. തുഴയാനും തൊഴിക്കാനുമുള്ള എൽബോ സിനിമയുടെ പേരാവുന്നത് ബോധപൂർവ്വമായ ഒരു തിരഞ്ഞെടുപ്പാവണം.
എൽബോ കൗമാരത്തെ പ്രണയവൽക്കരിക്കുന്നില്ല. യുവത്വത്തെ സ്വാതന്ത്ര്യമായിട്ടല്ല, മറിച്ച് സാമ്പത്തികവും സാമൂഹികവുമായ വ്യവസ്ഥകൾ തകർക്കുന്നൊരു ഘട്ടമായാണ് കാണുന്നത്. ഹസലിൻ്റെ കലാപം നാടകീയമല്ല; അത് നിശബ്ദവും, തിളച്ചുമറിയുന്നതും, ഒടുവിൽ സ്ഫോടനാത്മകവുമാണ്. ഒടുവിൽ അവൾ അതിവേഗം ഓടുന്നിടത്ത് നമ്മളറിയാതെ ചോദിക്കും- മാതൃഭൂമിയില്ലാത്തവർക്ക് എന്ത് സംഭവിക്കും, വേരുകളില്ലാതെ അന്തസ്സായ ജീവിതം സാധ്യമാണോ?
ചൊവ്വയിലേക്ക് പലരാഷ്ട്രങ്ങളും പര്യവേക്ഷണ ദൗത്യങ്ങൾ നടത്തുന്നുണ്ട്. ചൊവ്വ ഭൂമിപോലെ ഒരുപഗ്രഹമാണ്, ആർക്കും അത് സ്വന്തമല്ല എന്ന അറിവ് നമുക്കുണ്ട്. ചൊവ്വയിൽ ആർക്കും എപ്പോഴും എവിടെയും പോവാം. പാസ്പോർട്ടും വിസയും ഒന്നും വേണ്ട, വാഹനം മാത്രം ഉണ്ടാക്കിയാൽ മതി. പക്ഷേ ഭൂമിയും അങ്ങിനെയാവണം എന്ന ബോധമില്ല. ആഴ്ന്നിറങ്ങാൻ മരത്തിന് വേരുകളും ആഞ്ഞുകുതിക്കാൻ മനുഷ്യന് കാലുകളാണ് എന്ന തിരിച്ചറിവാണ് സംസ്കാരം. ക്ഷോഭജനകമായ എൽബോ സ്വത്വം, ജൻഡർ, ഭൂമിശാസ്ത്രം എന്നിവയുടെ സങ്കീർണതകളെ ചോദ്യം ചെയ്ത് കടന്നുപോവുന്നു.
ഹൈന്ദവാചാരങ്ങൾ പെണ്ണിന് ലോക്കപ്പുകളാവുമ്പോൾ
ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത അതിതീവ്രമായി നമ്മോടു സംവദിക്കുന്ന സിനിമയാണ് ‘അപ്പുറം’. സ്വന്തം അമ്മയുടെ ആത്മഹത്യാപ്രവണതയിൽ നിന്നും അമ്മയെ പിന്തിരിപ്പിക്കാൻ നിരന്തരം ശ്രമിച്ച് പരാജയപ്പെട്ടുപോവുന്ന മകളെ, ഹൈന്ദവവിശ്വാസങ്ങളിൽ (അന്ധമെന്ന വാക്ക് വിശ്വാസത്തിൽ തന്നെയുണ്ട്, അല്ലാത്തത് സത്യമാണ്) തളച്ചിടപ്പെട്ട കുടുംബം അതിക്രൂരമായി, അമ്മയുടെ ദേഹം അവസാനമായി ഒന്നു കാണുന്നതിൽ നിന്നുകൂടി വിലക്കുന്നിടത്ത് അവളുടെ അവസാന പ്രതിഷേധത്തിന് നിർമ്മാല്യത്തിലെ അവസാന ഭാഗത്തിൻ്റെ തീവ്ര-സംഘർഷ-സൗന്ദര്യമുണ്ട്.
സമൂഹത്തിനും മതത്തിനും പ്രണയത്തിനും വിശ്വാസങ്ങൾക്കും ഇടയിൽ കുടുങ്ങിപ്പോയ ഒരു കുടുംബത്തിൻ്റെ അസാധാരണവും തീക്ഷ്‌ണവുമായ അനുഭവങ്ങളുടെ ആവിഷ്കാരമാണ് അപ്പുറം. ദൈനംദിന ഗാർഹിക ജോലികളുടെയും നിത്യവൃത്തികളുടെയും മൂടുപടത്തിനുള്ളിൽ നിന്നുവരുന്ന അദൃശ്യമായ ഉത്കണ്ഠയുടെ, ജീവിതനൈരാശ്യത്തിൻ്റെ, മനോവ്യഥകളുടെ ഒരു കുത്തൊഴുക്കിൽ പെട്ടുപോവുകയാണ് പ്രേക്ഷകർ. അനഘയുടെ ജാനകിയെന്ന കൗമാരക്കാരിയുടെ അസാധാരണമായ പ്രകടനം സിനിമയുടെ തീമിനെ ഒന്നു കൂടി തീവ്രമാക്കുന്നു. കാഴ്ചക്കാരിൽ ഭീകരമായൊരു അനുഭവമായി സിനിമ പെയ്തിറങ്ങുമ്പോൾ ഹിന്ദുക്കൾ അവരുടെ പെൺമക്കളോട് ചെയ്തുകൂട്ടിയ, ഇന്നും തുടരുന്ന മഹാപാതകങ്ങൾ ഒരുൾക്കിടലത്തോടെ നമ്മളോർക്കും, ഇനിയും മാറാത്തവരോടുള്ള പ്രതിഷേധം നിറയും, ജനിതകമായ സവിശേഷതകളെ മുൻനിർത്തിയുള്ള വിവേചനം വീടുകളിൽ കുറ്റകൃത്യമാക്കുന്ന നിയമനിർമ്മാണത്തിൻ്റെ ചിന്തയിലേക്ക് നമ്മെയത് നയിക്കും.
സംസ്കൃതശബ്ദങ്ങളുടെ മറവിലെ പ്രാകൃതാചാരങ്ങൾ ഒരു പെണ്ണിനെ മറ്റൊരു പെണ്ണിൻ്റെ കൂടി ശതുവാക്കുകയാണ്. ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്നിട്ടും ഒരു കേവലം വീട്ടമ്മയായി ഒതുണ്ടേണി വന്ന അമ്മ ചിത്രയുടെ മനോവ്യഥയും മാനസിക സംഘർഷങ്ങളും ബാധകൂടിയതായി വകയിരുത്തി നിഷ്‌കരുണം ചികിത്സിക്കാതെ വിട്ട ആത്മഹത്യാ പ്രവണതയും സമൂഹത്തിൽ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന അന്ധവിശ്വാസത്തിൻ്റെ, ജൻഡർ വിവേചനത്തിൻ്റെ ഒക്കെയും ഭീകരതകളെയാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
യാഥാർത്ഥ്യത്തിൽ നിന്ന് ഒരു സ്വപ്നം പോലെയോ അല്ലെങ്കിൽ ഒരു ഭ്രമാത്മകത പോലെയോ നീങ്ങുന്ന സ്ക്രീൻ ജീവിച്ചിരിക്കുന്നവർക്കും മരിച്ചുപോയവർക്കും ഇടയിലുള്ള നേർത്ത, ഇടിഞ്ഞു വീഴാവുന്ന വർത്തമാനവരമ്പിലൂടെ പ്രേക്ഷകനെ ഉൾക്കിടിലക്കോടെ നത്തുകയാണ്. അപ്പോൾ ജാനകിയുടെ ലോകം, ടൈറ്റിൽ സൂചിപ്പിക്കുന്ന "അപ്പുറം" തന്നെയായി മാറുന്നു. മാനുഷികമായ സ്നേഹം പൈശാചികമായ ഭ്രാന്തുമായി സഹവസിക്കേണ്ടിവരുന്ന ഒരിടം. അവസാനത്തെ ഹിമാലയ രംഗം ഒരാചാരങ്ങളിൽ നിന്നും നമുക്ക് ശാശ്വത മോചനമില്ലെന്ന് വിളിച്ചു പറയുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി തുടരുന്ന പെൺവേദനകളെയും പുരുഷനിർമ്മിത വിശ്വാസങ്ങളെയും നിസ്സംഗതയോടെ കാണുന്ന മലയാള സിനിമയുടെ പൊതുബോധത്തിൽ നിന്നും ധീരമായി മാറി നടക്കുന്നുണ്ട് ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’. ഒരു മുഖ്യധാരാ സിനിമയായിരുന്നെങ്കിൽ വിശ്വാസിസദാചാരൻമാരുടെ പ്രക്ഷോഭത്തിന് കാരണമായേക്കാവുന്ന ഒന്നാണ് അപ്പുറം.
മധുസൂദൻ വി







No comments:
Post a Comment