Showing posts with label ജിനാ റിപ്പൺ. Show all posts
Showing posts with label ജിനാ റിപ്പൺ. Show all posts

Wednesday, May 13, 2020

ബൗദ്ധികശേഷിയുടെ അളവുകോലുകള്‍ തകരുമ്പോള്‍: സമമാവേണ്ടത് ലിംഗമല്ല, ബോധമാണ്


പെൺ മസ്തിഷ്കം ആണിന്റേതിനെ അപേക്ഷിച്ച് തരം താണതാണെന്ന ഒരു ബോധം നൂറ്റാണ്ടുകളായി നമ്മെ ഭരിക്കുന്നുണ്ട്. നൂറ്റാണ്ടുകളായി ആണധികാരത്തിലേയ്ക്കുള്ള കുറുക്കുവഴിയായി  വികസിപ്പിച്ചെടുത്ത ഒരു  മിത്തിനെ ഇടിച്ചു നിരത്തുകയാണ് ജെൻഡേർഡ് ബ്രെയിൻ. എഴുതിയത്  ബിർമിങ്ഹാമിലെ ഓസ്റ്റൺ സർവ്വകലാശാലയുടെ കീഴിലെ ഓസ്റ്റൺ ബ്രെയിൻ സെന്ററിൽ കോഗ്നിറ്റീവ് ന്യൂറോ സയൻസ് വിഭാഗം ഗവേഷകയും പ്രൊഫെസറുമായ ജിനാ റിപ്പൺ.   ശാസ്ത്രലോകത്തെക്കാളുപരി സാംസ്കാരികലോകം വായിച്ചിരിക്കേണ്ട ഒന്നാണിത്. പെൺബുദ്ധി എന്ന വാക്കുതന്നെ  പ്രചാരത്തിലുള്ള നാടാണു നമ്മുടേത്.  തലയോടുകളിൽ ധാന്യമണികൾ നിറച്ചു തൂക്കമെടുത്തു താരതമ്യം ചെയ്താണ് ആദിയിൽ പെൺ മസ്തിഷ്കങ്ങളെ എഴുതിത്തള്ളിയ ഓലകൾ രചിക്കപ്പെട്ടത്.   മസ്തിഷ്കത്തിന്റെ ഇല്ലാത്ത മേൻമയുടെ പുറത്തായിരുന്നു അധികാരത്തിന്റെ പൊതുമേഖലകളത്രയും  ആണിനാക്കി നിജപ്പെടുത്തിയതും പെണ്ണിനെ ആണിന്റെ സ്വകാര്യസ്വത്താക്കി വരവുവെച്ചു അധികാരത്തിന്റെ പരിധിക്കു പുറത്താക്കിയതും.  നൂറ്റാണ്ടുകളായി നടന്ന സാമൂഹികമായ ഇടപെടലുകളാണ് ജെൻഡർ ബ്ലണ്ടറിനെ കുറച്ചൊക്കെയും തകർത്തു മുന്നേറാൻ സമൂഹത്തെ പ്രാപ്തമാക്കിയത്.  പ്രൊഫ. ജിനാ റിപ്പൺ ശാസ്ത്രീയമായിത്തന്നെ  കത്തിവെയ്ക്കുന്നത്   ജെൻഡർ ബ്ലണ്ടറിന്റെ കടയ്ക്കലാണ്.