Friday, March 17, 2023

സ്വതന്ത്രപ്രണയത്തിലെ സ്ത്രീകൾ


കേവലം 38 വയസ്സുവരെ ജീവിച്ച മേരി വോൾസ്റ്റോൺക്രാഫ്റ്റ് ജനിക്കുന്നത് 1759ലാണ്. വിക്ടോറിയൻ സദാചാരകാലത്തിനും മുൻപത്തെ ഭീകരമായ ആണധികാരത്തിൻ്റെ കാലത്ത് സമ്പാദ്യങ്ങളെല്ലാം കളഞ്ഞുകുളിച്ച അക്രമകാരിയും മദ്യപാനിയുമായ പിതാവിൽ നിന്നും തൻ്റെ അമ്മയെ രക്ഷിക്കാൻ മുറിയുടെ വാതിൽപ്പുറത്ത് കാവൽ കിടന്ന മകളായിരുന്നു മേരി വോൾസ്റ്റോൺക്രാഫ്റ്റ്. പതിനെട്ടാം വയസ്സിൽ വീടുവിടേണ്ടി വന്നവൾ.  ആ കുട്ടിയാണ് സ്വപ്രയത്നം ഒന്നുകൊണ്ടു മാത്രം, സംഭവബഹുലമായ കേവലം 20 വർഷങ്ങൾക്കിടയിൽ ലോകത്തെ എണ്ണം പറഞ്ഞ ചിന്തകയും, എഴുത്തുകാരിയും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരം തൻ്റെ എഴുത്തുകളിലൂടെ വാദിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്ത,  ഫെമിനിസത്തിൻ്റെ മാതാവു തന്നെയായ മേരി. 1790ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് മാനും 1792ൽ എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമണും എഴുതി, ഞാനാഗ്രഹിക്കുന്നത് പെണ്ണിന് ആണിനുമേലുള്ള അധികാരമല്ല, മറിച്ച് അവൾക്കു മീതെ തന്നെയുള്ള അധികാരമാണ് എന്നു ലോകത്തോട് വിളിച്ചുപറഞ്ഞവൾ, അതു പ്രകാരം തൻ്റെ ജീവിതം ജീവിച്ചവൾ, കാലത്തിനു മുന്നേ ജീവിച്ചവരെ ഉൾക്കൊള്ളാനാവാത്ത സമൂഹത്തോട് കലഹിച്ച് കടന്നുപോയവൾ മേരി. 

“സ്നേഹം അതിൻ്റെ പ്രകൃതം വച്ച് ക്ഷണികമായിരിക്കണം. അതിനെ സ്ഥിരമാക്കുന്ന ഒരു രഹസ്യം തേടുന്നത് ഒരു ഫിലോസഫർ സ്റ്റോൺ അല്ലെങ്കിൽ  മഹാമാരികളെ മൊത്തം ഭേദമാക്കുന്ന ഒരു നാനാവാതസംഹാരി തേടുന്നതു പോലെ ഒരു അന്വേഷണമായിരിക്കും : കണ്ടെത്തിയാൽ തന്നെയും ഉപയോഗശൂന്യമല്ലെങ്കിൽ അതു മനുഷ്യരാശിക്ക് വിനാശകരമാവാനേ സാധ്യതയുള്ളൂ. സമൂഹത്തിൽ വ്യക്തികളെ കൂട്ടിയിണക്കുന്ന ഏറ്റവും പവിത്രമായ  ബന്ധം സൗഹൃദമാണ്." മേരിയുടെ ആ നിരീക്ഷണം എത്ര കൃത്യമാണ്, സത്യവുമാണ്! സൌഹൃദം ആണിനും പെണ്ണിനും ഇടയിലാവുമ്പോൾ  അതിനിടയിലേക്ക് കടന്നുവന്നേക്കാവുന്ന ലൈംഗികതയല്ല, അശ്രദ്ധമായ വേഴ്ചയുമല്ല, മറിച്ച്  വില്ലനാവുന്നത്, ഫ്രീ ലവ് എന്നതിൽ ഫ്രീ എന്നതിന് ഉത്തരവാദിത്വം ഇല്ല എന്ന അർത്ഥം കല്പിക്കുന്ന ആൺബോധമാണ്. ആ തരികിട ബോധത്തിൻ്റെ രക്തസാക്ഷി കൂടിയാണ് മേരി.  വ്യവസ്ഥകളോട് എന്നും കലഹിച്ചവൾ ഫ്രഞ്ച് വിപ്ലവാനന്തര ഫ്രാൻസിൻ്റെ മാറ്റം നേരിൽ കാണാൻ യാത്രതിരിച്ചു.  അവിടെ അവൾ അമേരിക്കനായ ബിസിനസ്സുകാരനും യാത്രികനും മറ്റൊരു ജീനിയസുമായ ഗിൽബർട് ഇംലേയെ പരിചയപ്പെടുന്നു, മേരിയുടെ ഭാഷയിലെ പവിത്രമായ സൌഹൃദം ബന്ധത്തിൻ്റെ ഏതോ വളവിൽ പ്രണയമായി മാറുന്നു, ഗിൽബർടിൻ്റേത് സൌഹൃദം മാത്രമായി നിന്നിടത്തു നില്കുന്നു. പെണ്ണിനെ വിവാഹത്തിലൂടെ അടിമയാക്കുന്ന ബ്രിട്ടീഷ് - വിക്ടോറിയൻ സദാചാരത്തിനെ വെല്ലുവിളിച്ച്, വിവാഹത്തിന് പുറത്ത് ആൺപെൺ സൌഹൃദത്തെ ആഘോഷിച്ച മേരി, ഇംലേയുമായി വിവാഹമില്ലാതെ സഹശയനം നടത്തി തൻ്റെ ചിന്തകളെ പ്രായോഗിക തലത്തിലേക്ക് ഉയർത്തി.  സ്ത്രീകളുടെ അവകാശങ്ങളിൽ, ബന്ധങ്ങളിലെ ലൈംഗിക ഘടകത്തെ തള്ളിയിരുന്ന മേരി പക്ഷേ, ഇംലേ ലൈംഗികതയിലുള്ള താൽപര്യം ഉണർത്തുന്നതായി, താനതിന് വഴങ്ങുന്നതായും അറിയുന്നു. 


സൌഹൃദമോ  പ്രണയമോ എന്തുമാവട്ടെ, മേരി ഗിൽബർട്ടിൽ നിന്നും താമസിയാതെ ഗർഭിണിയാവുന്നു, 1794 മെയ് 14 ന് അവൾ തൻ്റെ ആദ്യത്തെ മകളായ ഫാനിക്ക് ജന്മം നൽകി. ഏറെ ആഹ്ളാദവതിയായിരുന്ന അവൾ തൻ്റെ സുഹൃത്തിന് എഴുതി -  എൻ്റെ കുഞ്ഞുമകൾ ഊക്കോടെ മുലകുടിക്കാൻ തുടങ്ങുന്നു, അവൾ സ്ത്രീയുടെ അവകാശങ്ങളുടെ രണ്ടാം ഭാഗം എഴുതുമെന്ന് അവളുടെ അച്ഛൻ കണക്കുകൂട്ടുന്നുണ്ടെന്നു തോന്നുന്നു.


ഗാർഹിക ചിന്താഗതിയും മാതൃത്വവും പക്ഷേ അനിവാര്യമായും ആശ്ലേഷിച്ച വോൾസ്റ്റോൺക്രാഫ്റ്റിനെ ഇംലേയ്ക്കു വേണ്ടാതാവുന്നു.  താമസിയാതെ അവരെ ഫ്രാൻസിൽ തന്നെ  വിട്ടു അയാൾ പോയി. ഇംലേയുടെത് അടുത്ത യാത്രയ്ക്ക് ടിക്കറ്റെടുക്കുന്ന സ്വതന്ത്രപ്രണയവും മേരിയുടേത് ഇനിയുള്ള യാത്രയിൽ ഒരാളെ മാറോടു ചേർത്ത്  വളർത്തിയെടുക്കേണ്ട, ഇനിയങ്ങോട്ടുള്ള ജീവിതയാത്രയ്ക്കുള്ള വകയും കണ്ടെത്തേണ്ട പെടാപ്പാടുമായി.   ഇംലേയെ തേടി, 1795 ഏപ്രിലിൽ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ലണ്ടനിലേക്ക് മടങ്ങി, പക്ഷേ അയാൾ അവളെ കൈയ്യൊഴിഞ്ഞു. അവൾ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും, ആ ശ്രമം പരാജയപ്പെട്ടു. 


ഇംലേയെ തിരികെ നേടാനുള്ള അവസാന ശ്രമത്തിൽ, അയാളുടെ വെള്ളിയുമായി കടന്നുകളഞ്ഞ നോർവീജിയൻ കാപ്റ്റനിൽ നിന്നും അതു തിരിച്ചെടുക്കുവാനുള്ള കൂടിയാലോചനാ ദൌത്യവുമായി മേരി, തൻ്റെ കൈക്കുഞ്ഞുമായി  സ്കാൻഡിനേവിയിലേക്ക് അപകടകരമായി യാത്രചെയ്തു. അവൾ തൻ്റെ യാത്രകളും ചിന്തകളും ഇംലേയ്‌ക്ക് അയച്ച കത്തിൽ വിവരിച്ചു, അവയിൽ പലതും 1796-ൽ സ്വീഡൻ, നോർവേ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ എഴുതിയ കത്തുകൾ പിന്നീട്  പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാമായിട്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങിയ അവൾക്ക് ഇംലേയുമായുള്ള തൻ്റെ ബന്ധം അവസാനിച്ചുവെന്ന് മനസ്സിലാക്കേണ്ടിവന്നു. രണ്ടാമതും ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ഇംലേയ്‌ക്ക് ഒരു കുറിപ്പ് എഴുതി - എൻ്റെ തെറ്റുകൾ എന്നോടൊപ്പം ഉറങ്ങട്ടെ! താമസിയാതെ, വളരെ വേഗം, ഞാൻ നിത്യശാന്തി നേടും.. നീയിത് കൈപ്പറ്റുമ്പോഴേക്കും ചുട്ടുപൊള്ളുന്ന എൻ്റെ തല തണുത്തിരിക്കും... ഞാൻ അന്വേഷിക്കുന്ന മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഏറ്റവും കുറഞ്ഞ സാധ്യതയുള്ള തെംസ് നദിയിലേക്ക് ഞാൻ ആണ്ടുപോയിരിക്കും. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ! നീ എന്നെ അനുഭവിപ്പിച്ചത് ഒന്നും നിനക്ക് ഒരിക്കലും അറിയാൻ ഇടവരാതിരിക്കട്ടെ. എന്നെങ്കിലും നിൻ്റെ ബോധം ഉണർന്നാൽ, പശ്ചാത്താപം നിൻ്റെ ഹൃദയത്തിലേക്ക് വഴി തുറക്കും; ബിസിനസ്സിനും ഇന്ദ്രിയസുഖഭോഗങ്ങൾക്കും ഇടയിൽ, നേരിൻ്റെ വഴിയിൽ നിന്നുള്ള നിൻ്റെ വ്യതിചലനത്തിൻ്റെ ഇരയായി ഞാൻ നിനക്കു മുന്നിൽ  പ്രത്യക്ഷപ്പെടും. തെംസ് നദിയിലേക്ക് ചാടിയ മേരിയെ ഒരു അപരിചിതൻ രക്ഷിച്ചു. 


അക്കാലത്ത്, ബ്രിട്ടനിലെ റാഡിക്കൽ ബുദ്ധിജീവികൾ മിക്കവാറും പ്രസാധകനായ ജോസഫ് ജോൺസനെ കേന്ദ്രീകരിച്ച് ഒരു അടഞ്ഞ ഗ്രൂപ്പായിരുന്നു. അദ്ദേഹത്തിൻ്റെ ലണ്ടൻ വസതിയിൽ ഭക്ഷണം കഴിക്കാനും മദ്യപിക്കുവാനും രാഷ്ട്രീ-സാഹിത്യ-സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യാനും സ്ഥിരമായി എഴുത്തുകാർ ഒത്തുകൂടിയ ഇടം. പ്രതിഭാശാലിയായ, അസാധാരണ അവതരണശൈലിയും അതുപോലെ അറിവും, ബൌദ്ധികമായി ഉന്നതനിലവാരവും ബോധവും പുലർത്തിയ. മേരി വോൾസ്റ്റോൺക്രാഫ്റ്റ് അവിടെ താരമായി, പ്രഖ്യാപിത ബുദ്ധിജിവികളുടെ പേടിസ്വപ്നവുമായി. ജോൺസൻ്റെ സൌഹൃദവലയത്തിലെ പുരുഷ എഴുത്തുകാരെ ആകർഷിക്കുകയും അതുപോലെതന്നെ  ഭയപ്പെടുത്തുകയും ചെയ്തവളായി മാറി മേരി.  ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ചുള്ള ചോദ്യങ്ങൾ അവൾ ചർച്ചയ്ക്കുള്ള ഒരു പ്രധാന വിഷയമാക്കി.  


ഒരു കാലത്ത് അതിനിശിതമായി അവൾ എതിർത്തിരുന്ന വില്യം ഗോഡ്‌വിനുമായുള്ള സൌഹൃദത്തിലേക്ക് മേരി അടുക്കുന്നു. വിവാഹമെന്ന വ്യവസ്ഥയെ ഒരുപോലെ എതിർത്തിരുന്ന രണ്ടുപേർ. സൌഹൃദത്തിനിടയിൽ ലൈംഗികതയ്ക്ക് വലിയ പങ്കില്ലെന്നു കരുതിയവരുടെ ഊഷ്മളമായ സൌഹൃദം. താമസിയാതെ മേരി വോൾസ്റ്റോൺക്രാഫ്റ്റ് വില്യം ഗോഡ്‌വിനിൽ നിന്നും ഗർഭിണിയാവുന്നു. വോൾസ്റ്റോൺക്രാഫ്റ്റ് ഗർഭിണിയായപ്പോൾ, അവരുടെ കുട്ടിക്ക് നിയമസാധുത ലഭിക്കുന്നതിനായി അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. വിവാഹമെന്ന ആണധികാര വ്യവസ്ഥയെ എതിർത്ത രണ്ടുപേരും, ഫെമിനിസം ജനിക്കും മുന്നേ ഫെമിനിസ്റ്റായ മേരിയും അനാർക്കിസ്റ്റായ ഗോഡ്‌വിനും 1797 മാർച്ചിൽ സെൻ്റ് പാൻക്രാസ് പള്ളിയിലാണ് വിവാഹിതരാവുന്നത്.  മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഒരിക്കലും ഇംലേയെ വിവാഹം കഴിച്ചിട്ടില്ലെന്ന വസ്തുത വെളിപ്പെട്ടത് അപ്പോഴാണ്.  അതോടെ മേരിക്കും ഗോഡ്‌വിനും ധാരാളം സുഹൃത്തുക്കളെ നഷ്ടപ്പെട്ടു. ഗോഡ്‌വിൻ ഏറെ വിമർശിക്കപ്പെട്ടു, തൻ്റെ തത്വശാസ്ത്ര ഗ്രന്ഥമായ പൊളിറ്റിക്കൽ ജസ്റ്റിസിൽ വിവാഹം നിർത്തലാക്കണമെന്ന് വാദിച്ചയാളായിരുന്നു ഗോഡ്‌വിൻ. 1797 മാർച്ച് 29-ന് വിവാഹശേഷം ഗോഡ്‌വിനും വോൾസ്റ്റോൺക്രാഫ്റ്റും സോമർസ് ടൗണിലേക്കു മാറി. കുറച്ച് അകലെയുള്ള ഒരു അപ്പാർട്ട്മെൻ്റ് ഗോഡ്‌വിൻ പഠനത്തിനായി വാടകയ്‌ക്കെടുത്തു, അതുവഴി ഇരുവർക്കും അവരുടെ സ്വാതന്ത്ര്യം നിലനിർത്താൻ കഴിഞ്ഞു, എഴുത്തുകളിലൂടെ ആശയവിനിമയവും. ഹ്രസ്വമെങ്കിലും, സന്തോഷകരവും സുസ്ഥിരവുമായ ബന്ധമായിരുന്നു അവരുടേത്.


1797 ഓഗസ്റ്റ് 30ന്  ഫ്രാങ്കൈൻസ്റ്റീൻ എന്ന വിഖ്യാത നോവൽ രചിച്ച, പിന്നീട് ഷെല്ലിയുടെ ജീവിത പങ്കാളിയായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിന് ജന്മം നല്കി എതാനും ദിവസങ്ങൾക്കുള്ളിൽ അവർ പ്രസവാനന്തര സങ്കീർണതകളുടെ ഇരയായി മരിക്കുന്നു, തൻ്റെ 38ാമത്തെ വയസ്സിൽ. ആ കാലത്തെ പ്രസവമരണങ്ങളുടെ ഭീകരമായ അവസ്ഥയെ പറ്റി നമ്മൾ ചിന്തിക്കണം.  മേരി ആദ്യ മകൾക്കു നല്കിയത്, ആദ്യ പ്രസവത്തിൽ തന്നെ ലോകത്തോടു വിടപറഞ്ഞ, തൻ്റെ ഉറ്റസുഹൃത്ത് ഫാനിയുടെ പേരായിരുന്നു. ഏറെ കഴിഞ്ഞില്ല, പ്രസവത്തിലെ സങ്കീർണതകൾ മേരിയുടെയും ജീവനെടുക്കുമ്പോൾ. ഏറെ ദിവസത്തെ നരകയാതനകൾക്ക് ശേഷം സെപ്റ്റിസീമിയ ബാധിച്ച് സെപ്തംബർ 10-ന് വോൾസ്റ്റോൺക്രാഫ്റ്റ് മരിച്ചു. സർജൻ്റെ കഴുകാത്ത കൈകളിൽ നിന്ന് പ്രസവസമയത്ത് ബാധിച്ച രോഗമാണ് മേരിയുടെ ജീവനെടുത്തത്.  


ജീവിതപങ്കാളി വില്യം ഗോഡ്‌വിൻ തൻ്റെ  സുഹൃത്ത് തോമസ് ഹോൾക്രോഫ്റ്റിന് എഴുതി: “അവൾക്ക് തുല്യയായി ഈ ലോകത്ത് മറ്റൊരാൾ ഇല്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പരസ്പരം സന്തോഷിപ്പിക്കാനാണ് ഞങ്ങൾ രൂപപ്പെട്ടതെന്ന് അനുഭവത്തിൽ നിന്ന് ഞാനറിയുന്നു. ജീവിതത്തിൽ ഇനിയെന്നെങ്കിലും സന്തോഷം അനുഭവിക്കാൻ ആവുമെന്ന പ്രതീക്ഷ എനിക്കിനിയില്ല.  സെൻ്റ് പാൻക്രാസ് ഓൾഡ് ചർച്ചിൻ്റെ പള്ളിമുറ്റത്ത് അവളുടെ ശവകുടീരത്തിൽ വായിക്കാം "മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിൻ, എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് ദ വുമൺ: ജനനം: ഏപ്രിൽ 27, 1759: മരണം 10 സെപ്റ്റംബർ 1797.  


മേരിയും ഷെല്ലിയും ബൈറണും


പിന്നീട് തൻ്റെ ഭാര്യാമാതാവായ മേരിയുടെ ഫ്രീ ലവ് ചിന്തകളിലേക്ക് ഷെല്ലി ആകർഷിക്കപ്പെടുന്നത് തൻ്റെ കൌമാരത്തിൻ്റെ അവസാന പാദങ്ങളിലാണ്. പിൽക്കാലത്ത് മേരിയുടെ  ജീവിതപങ്കാളിയാരുന്ന ഗോഡ്‌വിൻ ജീവിച്ചിരിക്കുന്നുണ്ടെന്നറിഞ്ഞ, അദ്ദേഹത്തിലെ അരാജകവാദിയെയും അറിഞ്ഞിരുന്ന ഷെല്ലി വില്യം ഗോഡ്‌വിനെ കാണാൻ എത്തുന്നു (1812). അകാലത്തിൽ പൊലിഞ്ഞ ആ സുന്ദരിയായ അമ്മയുടെ, അന്നു പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള  സുന്ദരിയായ മകളെ, മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിനെയും കാണുന്നു. ഷേക്സീപിരിയൻ ശൈലിയിൽ വന്നു, കണ്ടു, കീഴടക്കി എന്നുപറയാം.  സ്വതന്ത്രപ്രണയത്തിൻ്റെ ഉപാസകനായ ഷെല്ലി അന്നു വിവാഹിതനാണ്. വെെകുന്നേരം വരെയും ഗോഡ്‌വിനുമായി തത്വചിന്താപരമായ സംഭാഷണം, ശേഷം മകൾ മേരിയുമായി ചുറ്റിക്കളിയുമായി ഷെല്ലി കഴിഞ്ഞു. അവൾ ഷെല്ലിയെ തൻ്റെ ഇഷ്ടസങ്കേതത്തിലേക്ക് കൊണ്ടുപോയി, തൻ്റെ അമ്മയെ അടക്കം ചെയ്ത: പഴയ സെൻ്റ് പാൻക്രാസ് പള്ളിമുറ്റത്ത്. വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ശവകുടീരത്തിൽ വച്ചായിരിക്കാം അവർ ആദ്യം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് എന്ന് പ്രൊഫസർ നീൽ മെക് ആർതർ.


സാമ്പ്രദായിക വിവാഹത്തിൻ്റെ രണ്ട് വലിയ എതിരാളികളുടെ മകൾ എന്ന നിലയിൽ മേരി ഏകഭാര്യത്വത്തോടുള്ള തൻ്റെ വെറുപ്പ് പങ്കിടുമെന്ന് ഷെല്ലി സ്വാഭാവികമായും അനുമാനിച്ചു. എന്നാൽ തന്നോടൊപ്പം ഒളിച്ചോടാൻ അയാൾ അവളെ പ്രേരിപ്പിച്ചപ്പോൾ, അവരുടെ ബന്ധം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അഭിപ്രായ സമന്വയം ഉണ്ടായിരുന്നില്ല, അവൾക്ക് അന്നു പതിനാറു വയസ്സേ പ്രായമുണ്ടായിരുന്നു എങ്കിലും. സ്വതന്ത്രലൈംഗികതയിൽ സംശയം പ്രകടിപ്പിച്ച മേരിയുടെ സംശയനിവൃത്തിക്കായി  വായിച്ചുകൊള്ളുവാൻ ഷെല്ലി ഉപദേശിച്ചതാണ് ദി എംപയർ ഓഫ് ദി നായേർസ് ഓർ റൈറ്റ്സ് ഓഫ് വുമൺ. തൻ്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ഷെല്ലി പറഞ്ഞത് ദി എംപയർ ഓഫ് ദി നായേർസ് ഓർ റൈറ്റ്സ് ഓഫ് വുമൺ (1811) ആയിരുന്നു. അപ്പോൾ ഷെല്ലിയുടെ ഫ്രീ ലവ് ചിന്തകളുടെ ഉറവിടം മലബാറിലെ നായർ പെൺജീവിതങ്ങളായിരുന്നു എന്നുവേണം കരുതാൻ.  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ഫ്രീ ലവ് ആശയങ്ങളുടെ ആരാധകരിൽ പ്രമുഖനായ ലോർഡ് ജെയിംസ് ഹെൻറി ലോറൻസ് എഴുതിയതാണത്. ജമൈക്കയിൽ സമ്പന്നമായ ഒരു പ്ലാൻ്റർ കുടുംബത്തിൽ ജനിച്ച ലോറൻസ്, ഗോഡ്‌വിൻ്റെ  സുഹൃത്തുമായിരുന്നു. മലബാറിലെ നായർ സമൂഹത്തെ അനിയന്ത്രിതമായ ലൈംഗിക സ്വാതന്ത്ര്യത്തിൻ്റെ ഭക്തരായി ചിത്രീകരിക്കുന്ന,  നായർ സമ്പ്രദായം കൂടുതൽ വ്യാപകമായി സ്വീകരിക്കണമെന്ന് ലോകത്തോട് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു ലോറൻസ്.   ആണിനു വേണ്ടാത്തതും പെണ്ണിനു വേണ്ടുന്നതുമായ പാതിവ്രത്യത്തിൻ്റെ ഇരട്ടത്താപ്പിന്മേലുള്ള വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ കടന്നാക്രമണത്തിൻ്റെ കാരണത്തെ റദ്ദുചെയ്യുന്ന ആൺപെൺ ബന്ധമായി മലബാർ നായർ രീതിയെ ലോറൻസ് കാണുന്നുണ്ട്. 'ഓരോ സ്ത്രീയും ഒരു പുരുഷൻ്റെയും നിയന്ത്രണമില്ലാതെ ജീവിക്കാം, പുരുഷന്മാർ മാത്രം ഇതുവരെ ആസ്വദിച്ചിരുന്ന എല്ലാ സ്വാതന്ത്ര്യവും ആസ്വദിക്കാം; കാമുകനെ അവൾ ഇഷ്ടം പോലെ തിരഞ്ഞെടുക്കട്ടെ മാറ്റിയെടുക്കട്ടെ.’ നോവലിൻ്റെ അവസാന വാക്കുകൾ വോൾസ്റ്റോൺക്രാഫ്റ്റിനോടുള്ള ആദരവാണ്: 'സ്ത്രീകളുടെ അവകാശങ്ങളിൽ വിജയം!' 


ലോകത്ത് സ്വതന്ത്ര പ്രണയം, ഫ്രീ ലവ്  വ്യാപകമായ ചർച്ചയാവുന്നത് 1792ലാണ്, ഷെല്ലി ജനിച്ച വർഷം, മേരി വോൾസ്റ്റോൺക്രാഫ്റ്റ് എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ് ഓഫ് വുമൺ എഴുതിയ വർഷമാണ്. അന്നത്തെ സ്ത്രീ സമുഹത്തിൻ്റെ ദുരിതജീവിതത്തിൽ നിന്നുള്ള മോചനം ലക്ഷ്യമാക്കിയ മേരിയുടെ മികച്ച ആശയമായ ഫ്രീ ലവിനെ തങ്ങളുടെ സുഖത്തിനായി മാറ്റിയതാണ് ഷെല്ലിയും ബൈറണും.  ആ മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ മകളാണ് ഷെല്ലിയുടെ ജീവിതപങ്കാളിയും ഫ്രാങ്കൈൻസ്റ്റീനിൻ്റെ രചയിതാവുമായ മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഗോഡ്‌വിൻ. ഫ്രീ ലവ് ബന്ധപ്പെട്ടിരിക്കുന്നത് പാട്രിയാർക്കിയുടെ എന്തുവന്നാലും എനിക്കാസ്വദിക്കണം നിലപാടിനോടല്ല, മറിച്ച് ഫെമിനിസത്തോടാണ്, ഊഷ്മളമായ ആൺപെൺ ബന്ധങ്ങളുടെ  സാമൂഹികജീവിതത്തിൻ്റെ ആസ്വാദനത്തോടാണ്.  പാട്രിയാർക്കിയുടെ, മസ്കുലിനിസത്തിൻ്റെ, വിക്ടോറിയൻ സദാചാരത്തിൻ്റെ മറ്റൊരു പതിപ്പായിരുന്നു ഷെല്ലിയും ബൈറണും ഫ്രീ ലവ് എന്നപേരിൽ ഇറക്കിയത് എന്നു വേണം കരുതാൻ.  


തുറന്ന ലൈംഗികത എന്ന ആശയവുമായി സമാന ചിന്താഗതിക്കാരായ ആളുകളുടെ ഒരു കമ്മ്യൂണിറ്റി സൃഷ്ടിക്കാൻ ഷെല്ലി ശ്രമിച്ചു.  കവി ബൈറൺ, മേരി, മേരിയുടെ അർദ്ധസഹോദരി ക്ലെയർമോണ്ട് എന്നിവരെ കൂട്ടി, 1816-ൽ സ്വിറ്റ്‌സർലൻഡിൽ ഒരു വേനൽക്കാലത്ത് ഒരുമിച്ചു ചെലവഴിച്ചു. ഷെല്ലി മേരിയെയും കൂട്ടി ഒളിച്ചോടിയപ്പോൾ കൂടെ പോന്നവളാണ്  ക്ലെയർ ക്ലെയർമോണ്ട്, പ്രണയത്തെക്കുറിച്ചുള്ള ഷെല്ലിയുടെ വീക്ഷണങ്ങളിൽ ആദ്യം ആകൃഷ്ടയായത് അവളായിരുന്നു. മേരിയുടെ അർദ്ധസഹോദരി ക്ലെയർമോണ്ട് ഷെല്ലിയുമായി ലൈംഗിക ബന്ധം നിലനിർത്തിയിരുന്നതായ് എഴുത്തുകളിൽ കാണാം. 


ഗ്രൂപ്പിൻ്റെ ഒരുമിച്ചുള്ള സമയം ചില മഹത്തായ സാഹിത്യങ്ങൾ സൃഷ്ടിച്ചെങ്കിലും, പ്രത്യേകിച്ച് ഫ്രാങ്കെൻസ്റ്റൈൻ (1818), വ്യക്തിപരമായ തലത്തിൽ അത് ഫലവത്തായില്ല. ബൈറണിൽ നിന്നും  ക്ലെയർമോണ്ട് ഗർഭിണിയായി, മകൾ അല്ലെഗ്ര പിറന്നു. താമസിച്ചില്ല, ബൈറൺ ക്ലെയർമോണ്ടിനെ ഉപേക്ഷിച്ചു. മകൾ അല്ലെഗ്രയെ ഒരു മഠത്തിൽ ഉപേക്ഷിച്ചു. 1822-ൽ വെറും അഞ്ചാമത്തെ വയസ്സിൽ അല്ലെഗ്ര മരിച്ചു. ഷെല്ലിയുടെയും ബൈറണിൻ്റെയും മരണത്തിന് വർഷങ്ങൾക്ക് ശേഷം, ക്ലെയർമോണ്ട് അവരോടൊപ്പമുള്ള തൻ്റെ കാലത്തെക്കുറിച്ച് ദുരിതകാലത്തെ പറ്റി എഴുതി. "സ്വതന്ത്ര സ്നേഹത്തിൻ്റെ വിശ്വാസപ്രമാണങ്ങളുടെ പേരിൽ ഇംഗ്ലണ്ടിലെ ആദ്യത്തെ രണ്ട് കവികൾ നുണകളുടെയും അല്പത്വങ്ങളുടെയും ക്രൂരതയുടെയും വഞ്ചനയുടെയും രാക്ഷസന്മാരായി മാറുന്നത് ഞാൻ കണ്ടു." 


റൊമാൻ്റിക് പ്രണയത്തിൻ്റെയും ശാരീരിക അഭിനിവേശത്തിൻ്റെയും കൂടിച്ചേരലിൽ നിന്നാണ് അനുയോജ്യമായ ഒരു ബന്ധം പിറക്കേണ്ടതെന്ന് വോൾസ്റ്റോൺക്രാഫ്റ്റും ഷെല്ലിയും വിശ്വസിച്ചു. ഫ്രീ ലവിൻ്റെ ഉപാസകരായ സ്ത്രീകളൊക്കെയും അതു മൊത്തമായും ചില്ലറയായും  പ്രണയത്തിൽ പകർത്തിയപ്പോൾ, പ്രണയം നിക്ഷേപമാക്കി ലൈംഗികസുഖം കൊള്ളപ്പലിശയായി വാങ്ങിയവരായിരുന്നു മിക്കവാറും പുരുഷന്മാരൊക്കെയും, ഷെല്ലിയും ബൈറണും അടക്കം.  ഇന്ദ്രിയങ്ങളും മനസ്സും സവിശേഷമായൊരു ഭാവനയുടെ തലത്തിലേക്ക് ഉയരുമ്പോൾ സാധ്യമാവുന്ന വാത്സല്യത്തിൻ്റെയും അഭിനിവേശത്തിൻ്റെയും സ്വരൈക്യത്തിൽ നിന്ന് ഉടലെടുക്കുന്ന അനിർവചനീയമായ അനുഭൂതിയും പരമമായ ആനന്ദവും തനിക്ക്  ഒരിക്കലും അറിയാൻ കഴിയില്ലെന്ന് മേരി ഒരിക്കൽ ഇംലേയോട് പറഞ്ഞു.    അവരെ സംബന്ധിച്ചിടത്തോളം പ്രണയത്തിൻ്റെയും ലൈംഗികതയുടെയും ഈ സംയോജനത്തിന് മാത്രമായിരുന്നു ഒരു പ്രതിഭയുടെ സവിശേഷമായ സ്വഭാവവും, ഇഷ്ടത്തിൻ്റെ അടിത്തറയും, പ്രകൃതിദത്തമായ മഹാസൌന്ദര്യത്തിൻ്റെ ആസ്വാദനവും സാധ്യമാക്കുവാൻ ആവുക. ഉണ്ടും കുടിച്ചും ഉണ്ടാക്കിയും മാത്രം കഴിയുന്നവർക്ക് ഒരിക്കലും സാധ്യമാവുന്നതല്ല ആ ബോധം.  


ലോറൻസിൻ്റെ മലബാർ നായർ സിദ്ധാന്തങ്ങളിലേക്കുള്ള തികഞ്ഞ പരിവർത്തനമായിരുന്നു ഷെല്ലിയുടെ ഫ്രീ ലവ്. ഷെല്ലി ആവുന്നതു ശ്രമിച്ചിട്ടും വിവാഹമെന്ന എസ്റ്റാബ്ലിഷ്മെൻ്റിനെ അടിമുടി എതിർത്ത മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെയും വില്യം ഗോഡ്‌വിൻ്റെയും മകൾ മേരി ഗോഡ്‌വിൻ ആ വഴി പോയില്ല.   തൻ്റെ സുഹൃത്ത് തോമസ് ഹോഗുമായി ശാരീരികബന്ധം പുലർത്തുവാനുള്ള ഷെല്ലിയുടെ താല്പര്യത്തെ മേരി ചെറുത്തു, ലൈംഗികാസക്തിയുടെ ആൾരൂപമായ  കവി ലോർഡ് ബൈറണുമായി പൂർണ്ണമായും പ്ലാറ്റോണിക് ആയ ഒരു ബന്ധമാണ് മേരി എന്നും നിലനിർത്തിയത്. ഷെല്ലിയുടെ മരണശേഷം അവർ തനിച്ചു തുടരുകയാണ് ചെയ്തത്, മറ്റൊരു വിവാഹത്തിലേക്ക് പോയില്ല. 


ഒരു നൂറ്റാണ്ടു മുന്നേയാണ് ബർണാഡ് ഷായുടെ വിഖ്യാതമായ ‘ഫിലാണ്ടറർ’ മാറുന്ന ആൺപെൺ ബന്ധങ്ങളെ പറ്റി ചിരിപ്പിച്ച് ചിന്തിപ്പിച്ചത്. നാടകം തുടങ്ങുന്നതേ സ്ത്രീലമ്പടനായ ചാർട്ടേറിസ്  പുതിയതായി കണ്ടെത്തിയ പ്രണയിനി ഗ്രെയ്സുമായി പ്രണയോന്മാദനിർവൃതിയിലിരിക്കുമ്പോഴാണ്.  കഥാപാത്രങ്ങളൊക്കെ വായിൽക്കൊള്ളാത്ത പുരോഗമനം മാത്രമാണ് പറയുന്നത്.  കലാശിക്കുന്നത് ഒടുക്കം ലോകത്തെവിടെയും ഉള്ളതുപോലെ നെഞ്ചത്തടിയിലും നിലവിളിയിലുമാണ്. രസകരമായ ഒരു ചെറിയ ഭാഗം നാടകത്തിൽ നിന്നും മൊഴിമാറ്റിയിടുന്നു. ഗ്രെയ്സിനെ കിട്ടിയപ്പോൾ ചാർട്ടേറിസ് തള്ളിയ ജൂലിയ ചാർട്ടേറിസിനെ വളഞ്ഞിട്ടു പിടിക്കുന്നതാണ് രംഗം.

ചാർട്ടേറിസ്: എനിക്ക് നിന്നോട് ഒരു കടപ്പാടുമില്ല.

ജൂലിയ: (നിശിതമായി) ഒന്നുമില്ലേ? ലിയനോർഡ്, എൻ്റെ മുഖത്തുനോക്കി നിനക്കങ്ങിനെ പറയാൻ കഴിയുമോ?

ചാർട്ടേറിസ്: ജൂലിയാ, ഒന്നുകൂടി ഞാനോര്‍മ്മിപ്പിക്കാം. നമ്മളാദ്യമായി കണ്ടപ്പോൾ നിൻ്റെ വാദങ്ങൾ എത്രമാത്രം പുരോഗമനപരമായിരുന്നു?

ജൂലിയ: അപ്പോൾ നിനക്കെന്നോട് ഒത്തിരി കൂടുതൽ ബഹുമാനം തോന്നുകയല്ലേ വേണ്ടത്?

ചാർട്ടേറിസ്:  (ശാന്തമായി). തീർച്ചയായും മോളേ. അതല്ല കാര്യം. ഒരു പുരോഗമനവാദിയായ നിനക്ക് എന്തൊരു സ്വാതന്ത്ര്യബോധമായിരുന്നു.  ഒരു തരംതാണ വിലപേശലായല്ലേ വിവാഹത്തെ നീ കണ്ടിരുന്നത്. ഭാര്യ എന്ന സാമൂഹികപദവിക്കും പിന്തുണയ്ക്കും വേണ്ടി, വാര്‍ദ്ധക്യത്തിൽ ഒരു വരുമാനത്തിനുവേണ്ടി വിവാഹത്തിലൂടെ പെണ്ണ്  സ്വയം വില്ക്കുകയാണ്  എന്നൊക്കെ പറഞ്ഞത് നീയല്ലേ? പിന്നെ, നീയെന്നെ കല്യാണം കഴിച്ചെങ്കിൽ ഒന്നാലോചിച്ചുനോക്കൂ - ഉറപ്പായും ഞാനൊരു മഹാകുടിയൻ, അല്ലെങ്കിൽ ഒരു കൊടുംക്രിമിനൽ, അല്ലെങ്കിൽ ചുരുങ്ങിയത് ഒരു ബുദ്ധിഹീനനെങ്കിലും ആകുമായിരുന്നു. അതോളം ഭീകരമായ അവസ്ഥ മറ്റെന്താണ്?  അത്രവലിയൊരപകടത്തെ നീ ആഗ്രഹിക്കുമായിരുന്നോ?  പുരോഗമനവാദികളും  ബുദ്ധിജീവികളുമായ നമ്മൾ അത്തരം ആനമണ്ടത്തരങ്ങളിൽ ചെന്നുവീഴാൻ പാടുണ്ടോ?  അങ്ങിനയൊക്കെ ചിന്തിച്ചായിരുന്നില്ലേ എപ്പോൾ വേണമെങ്കിലും എന്നെ പിരിഞ്ഞുപോകാനുള്ള അവകാശം തന്നിൽ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് - എന്താ അങ്ങിനെയായിരുന്നില്ലേ ജൂലിയാ. ഇക്കാര്യത്തിൽ ഇബ്സൻ്റെ വീക്ഷണം നമ്മൾ അംഗീകരിച്ചത് നീ മറന്നുപോയോ? അതുകൊണ്ടല്ലേ പെണ്ണുപിടുത്തം എനിക്കൊരു കൈത്തൊഴിലായിപ്പോയതും? മണിക്കൂറുകളുടെ ഇന്ദ്രിയാനുഭൂതികള്‍ക്കൊപ്പം മറക്കാനാവാത്ത എന്തെല്ലാം പാഠങ്ങളാണ് അതെന്നെ പഠിപ്പിച്ചത്? 

ജൂലിയ:  നീയെന്നോട് കടപ്പെട്ടിരിക്കുന്നൂവെന്ന് ഇപ്പോൾ സമ്മതിച്ചുവല്ലോ ലിയനോർഡ്?

ചാർട്ടേറിസ്: (അഹങ്കാരത്തോടെ) ഇല്ല. ഞാൻ പഠിച്ചു. പഠിച്ചതിന് ഫീസും തന്നു. നിനക്കെന്നിൽ നിന്നും ഒന്നും കിട്ടിയില്ലേ? ആഹ്ളാദത്തിൻ്റെ ഒരു നിമിഷം പോലും, ജൂലിയാ, ഒരിക്കലും നിനക്ക് ഒന്നും കിട്ടിയില്ലേ?

ജൂലിയ: (വികാരഭരിതമായി മനസ്സില്‍തട്ടും വിധം) ഇല്ല. നീ പകർന്നുതന്ന സുഖാനുഭൂതിയുടെ ഓരോ നിമിഷത്തിനും അങ്ങേയറ്റത്തെ വിലയും ഞാൻ തന്നിട്ടുണ്ട്. എൻ്റെ ശരീരത്തോടുള്ള വികാരപരമായ നിൻ്റെ അടിമത്തത്തോടുള്ള നിൻ്റെ തന്നെ പ്രതികാരത്തിൻ്റെ ഇര - അതാണു ഞാൻ. ആ ഓരോ നിമിഷവും എനിക്കു നിന്നെ സംശയമായിരുന്നു. നിൻ്റെ ഓരോ എഴുത്തുകൾ കിട്ടുമ്പോഴും ഞാൻ പേടിച്ചുവിറക്കുകയായിരുന്നു. എന്നെ മുറിവേല്പിക്കാനുള്ളതെന്തെങ്കിലും കൊണ്ടാവും ആ കത്തെന്ന് കൃത്യമായി എനിക്ക് തോന്നാറുണ്ട്. നിൻ്റെ സന്ദർശനങ്ങൾ എന്നും ഞാനാഗ്രഹിച്ചെങ്കിലും അതൊരു ഭയപ്പാടോടെയായിരുന്നു. ഞാനെന്നും നിൻ്റെ കളിപ്പാട്ടമായിരുന്നു, ഒരിക്കലും നിൻ്റെ കളിത്തോഴിയായിരുന്നില്ല. (എഴുന്നേല്ക്കുന്നു, ശബ്ദമുയര്‍ത്തിക്കൊണ്ട്) നീയെനിക്കുതന്ന ആനന്ദത്തിൻ്റെ നിമിഷങ്ങളെല്ലാം തന്നെ അത്രമാത്രം വേദനാജനകങ്ങളായിരുന്നു ലിയനോർഡ്.  ആ വേദനകളില്‍മുങ്ങിയ എനിക്ക് ആനന്ദം അനുഭവപ്പെടാതെപോയത് സ്വാഭാവികം. (പിയാനോ സ്റ്റൂളിലേക്ക് അവൾ അമരുന്നു - അവനിൽ നിന്നും തിരിഞ്ഞ് കൈകളിൽ മുഖം പൂഴ്ത്തുന്നു). ജീവിതത്തിൽ ഒരിക്കലും നിന്നെ കാണാനിടയായിരുന്നില്ലെങ്കിൽ എന്നു ഞാനിപ്പോൾ ആശിച്ചുപോവുന്നു!

ചാർട്ടേറിസ്: (കോപാവേശത്തോടെ).  ഇത്രയും മാനസികവികാസമില്ലാത്തൊരു പിശാച്! ഇക്കാലമത്രയും നിന്നെ വാഴ്ത്തി നടന്നതിനുള്ള കൂലിയാണോ ഇത്?  നിന്നെ ഞാൻ എന്തുമാത്രം സഹിച്ചതാണ് - അതുമൊരു മാലാഖയുടെ ക്ഷമയോടെ. എന്തെന്നറിയാതെ വാരിപ്പൂശിയ മേക്കപ്പു പോലെയായിരുന്നു നിൻ്റെ സകലപുരോഗമനവുമെന്ന് പരിചയപ്പെട്ട് രണ്ടാഴ്ചകൊണ്ട് എനിക്കു മനസ്സിലായതാണ്.  വാക്കുകളുടെ അർത്ഥമറിയാതെ പുല്‍കിയ ആദർശങ്ങൾ. പരമമായ സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞവളാണ് ഇപ്പോൾ ലോകത്തെ നമ്പർ വണ്‍കുശുമ്പുകാരി ഭാര്യയെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. എൻ്റെ ഏതെങ്കിലുമൊരു പെണ്‍സുഹൃത്തിനെ അപമാനിക്കാതെയും ചീത്തവിളിക്കാതെയും നീ വിട്ടിട്ടുണ്ടോ? ഒന്നുകിൽ കിഴവി, അല്ലെങ്കിൽ വൃത്തികെട്ടവൾ, അതുമല്ലെങ്കിൽ കൊള്ളരുതാത്തവൾ.....

ജൂലിയ: (പെട്ടെന്ന് തലയുയര്‍ത്തിക്കൊണ്ട്) അവർ അതൊക്കയായിരുന്നു.

ഇവിടെ ഒരു നൂറ്റാണ്ടു മുന്നേ ഷായുടെ കഥാപാത്രങ്ങളായ ജൂലിയ ലിയനോർഡ് ചാർട്ടേറിസിനോട് പറഞ്ഞതു തന്നെയാണ് അതിനു നൂറുനൂറ്റമ്പത് വർഷം മുന്നേ ബൈറണെ പറ്റി ഫ്രീ ലവ് ആരാധിക തന്നെയായിരുന്ന ക്ലെയർമോണ്ട് പറഞ്ഞത് - ബൈറണുമായുള്ള ബന്ധം അവൾക്കു പകർന്നത് ഏതാനും നിമിഷത്തെ ആനന്ദവും ജീവിതാന്ത്യം വരെയുള്ള ദുരിതവുമാണെന്ന്.  നൂറ്റാണ്ടുകൾ പിന്നിട്ട് നാം ഇവിടെ എത്തിയപ്പോഴും പലപ്പോഴായി കേൾക്കുന്നതും മറ്റൊന്നല്ല. 


കുഞ്ഞ് വേണോ വേണ്ടയോ, വേണ്ടിവന്നാലും വേണ്ടാതെ വന്നാലും കുഞ്ഞിനെ ആരു വഹിക്കും എന്നൊക്കെയുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം സാധ്യമാവുന്ന, കരാറുകൾ സാധ്യമാവുന്ന  ഇന്ന് ഫ്രീ ലവ് പ്രസക്തവുമാണ്. വേണ്ടിവന്നാൽ ആരുടെ കുഞ്ഞെന്ന് തെളിയിക്കാൻ പറ്റാത്ത കാലവുമല്ല.  രണ്ടരനൂറ്റാണ്ടു മുൻപ്  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ കാലത്ത് ആ ബോധമുണ്ടാവുക എന്നത് കാലത്തിനു മുന്നേ നടന്നവർക്കു മാത്രം സാധ്യമാവുന്ന ഒന്നാണ്.  ആ ബോധത്തിൻ്റെ ആരാധകരായി നടിച്ച് അവരെ ചൂഷണം ചെയതവരാണ് അധികവും, അതിൻ്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തിയവർ.   ഗർഭനിരോധനം ശാസ്ത്രീയമായി ഏതാണ്ട് സാധ്യമല്ലാതിരുന്ന കാലമായിരുന്നു അത്. ഗർഭനിരോധന മാർഗങ്ങൾക്കു സഭകൾ തന്നെ എതിരായിരുന്ന കാലം. വിവാഹമോചനം അസാധ്യമെന്നുതന്നെ പറയേണ്ട കാലവും.   ഉന്നതമായ സാമൂഹികബോധത്തെ ഉൾക്കൊള്ളുവാനുള്ള ശാസ്ത്രമുന്നേറ്റം നടന്നില്ല. അതിൻ്റെ ദുരന്തനായികമാരായി മേരിമാർ. മേരിയുടെ ഫ്രീ ലവ് ശരിയായിരുന്നു, അതു ഉന്നം വച്ചത് പെണ്ണിനെ ദാമ്പത്യമെന്ന പീഡനത്തിൽ തളച്ചിടുന്ന വിവാഹത്തിൽ നിന്നുള്ള മോചനമായിരുന്നു, നിയന്തണമില്ലാത്ത ഗർഭധാരണവും, പ്രസവമരണങ്ങളിൽ നിന്നുമുള്ള കരകയറ്റവുമായിരുന്നു.  ഇന്ന് ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങളുണ്ട്, ആണിനെന്നതുപോലെ വരുമാനമാർഗങ്ങൾ പെണ്ണിനുമുണ്ട്. അപ്പോൾ ഫ്രീ ലവ് ആശയങ്ങളെ പുല്കിവന്ന് പെണ്ണിൻ്റെ ജീവിതം നരകമാക്കുവാൻ ആണിന് സാധ്യമാവുമെന്ന് തോന്നുന്നില്ല, സ്വന്തം പോക്കറ്റിനെ അവൾ ആശ്രയിക്കുന്ന കാലത്തോളം. 


മധുസൂദൻ. വി


ജെന്നി എലീനോർ മാർക്സ്: അച്ഛൻ്റെ നിഴലിനപ്പുറം വളർന്ന മകൾ

വിക്ടോറിയൻ ബ്രിട്ടനിലെ സാമൂഹിക ജനാധിപത്യത്തിൻ്റ വികാസ-പരിണാമത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും സംഭവബഹുലമായ ഒരു ഹ്രസ്വജീവിതമായിരുന്നു എലീനോറിൻ്റേത്, എലീനോർ മാർക്സ്, ജെന്നിയുടെയും മാർക്സിൻ്റെ മകൾ. ആശുപത്രിക്കാശ് ഇല്ലാത്തതുകൊണ്ടാവാം, 41കാരിയായിരുന്ന ജെന്നിയുടെ ആറാമത്തെ പ്രസവവും ഇംഗ്ലണ്ടിൽ സോഹോയിലെ 28 ഡീൻ സ്ട്രീറ്റിലെ ചെറിയ വീട്ടിൽ വച്ചായിരുന്നു, വേദനാസംഹാരിയായി ചുണ്ടിൽ ലാദ്നം എന്ന ഓപ്പിയം ടിങ്ചർ.  ആകർഷക വ്യക്തിത്വം, അസാധാരണമായ അറിവും ഉല്ക്കടമായ അഭിനിവേശവും സ്വാതന്ത്ര്യ ബോധവും കൈമുതലായിരുന്ന എലീനോർ (16 ജനുവരി 1855 - 31 മാർച്ച് 1898) ഇളയ മകളാണ്.  ഫെമിനിസത്തിൻ്റെയും സോഷ്യലിസത്തിൻ്റെയും പ്രമേയങ്ങളെ ബന്ധിപ്പിച്ചവരിൽ മുൻനിരയിൽ എലീനോറുണ്ട്,  തൊഴിലാളികളുടെ പോരാട്ടങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കും ബാലവേല ഉന്മൂലനം ചെയ്യുന്നതിനുമുള്ള പോരാട്ടങ്ങളിലും നിരന്തര പങ്കാളിയായി. 

ഫെമിനിസത്തിൻ്റെ മാതാവായി കരുതപ്പെടുന്ന മേരി വോൾസ്റ്റോൺക്രാഫ്റ്റ് ഇംഗ്ലീഷ് രാഷ്ട്രീയ ചിന്തയിലും പ്രവർത്തനത്തിലും പകർന്ന ഊർജ്ജത്തെ മുന്നോട്ടെടുത്ത മഹാപ്രതിഭയായിരുന്നു എലീനോർ. മാർക്സ് എന്നൊരു പ്രതിഭാധനനായ പിതാവിൻ്റെ നിഴലിനെ ഭേദിച്ചു പുറത്തുകടക്കുക തന്നെ ദുഷ്കരമായിരുന്ന കാലം ഷെയ്ക്സ്പിയറിൻ്റെയും ഇബ്സൻ്റെയും ഷെല്ലിയുടെയും മറ്റും ആരാധികയായി സാമൂഹികശാസ്ത്രത്തിലും സാഹിത്യത്തിലും കലയിലും ഒരുപോലെ തിളങ്ങിയ കഴിവുകളുടെ വിളനിലമായി എലീനോർ. ഇബ്സനെയും മാർക്സിനെയും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു എലീനോർ. നിരവധി കൃതികളുടെ രചനയും അവർ നിർവ്വഹിച്ചു.  പിന്നീട് തൻ്റെ ആത്മഹത്യയ്ക്ക് കാരണവുമായ എഡ്വേർഡ് അവെലിങ്ങുമായി 1883ലാണ് എലീനോർ കണ്ടുമുട്ടുന്നത്. അറിവിൻ്റെ പാരാവാരമായിരുന്ന അവെലിങ്ങ് നെറികേടിൻ്റെ ഒരു പർവ്വതം തന്നെ തന്നെ ആയിരുന്നതായി ബർണാഡ് ഷാ അടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രണയത്തിന് കണ്ണില്ലെന്നത് സത്യമാവണം,  പ്രതിഭകളെ അതു  മരണത്തിലേക്ക് വഴിനടത്തിയിട്ടുണ്ട്. 


അവെലിങ്ങുമായി ചേർന്ന് നിരവധി പഠനങ്ങൾ സ്ത്രീലോകത്തെ കുറിച്ചും ഫെമിനിസത്തെ കുറിച്ചും മാർക്സിയൻ വീക്ഷണങ്ങളെ കുറിച്ചും ഷെല്ലിയുടെ ലോകത്തെ കുറിച്ചും സ്വതന്ത്ര പ്രണയത്തെ കുറിച്ചുമായി  എലീനോർ നടത്തിയിട്ടുണ്ട്. എലീനോറിൻ്റെ ആഴത്തിലുള്ള ചിന്തകളാണ് അതിനെയൊക്കെയും  കാലിക പ്രസക്തിയുള്ളതാക്കുന്നത്. എല്ലാ അർത്ഥത്തിലും വിപ്ലവകാരിയായിരുന്ന, വിമോചന പോരാട്ടങ്ങളുടെ വൈമാനികയായിരുന്ന എലീനോർ, പക്ഷേ ചരിത്രത്തിൽ വിസ്മൃതിയിലേക്ക് എടുത്തെറിയപ്പെട്ട  ഫെമിനിസ്റ്റ് ബുദ്ധിജീവികളിൽ ഒരാളായി മാറി. 


1898 ഏപ്രിൽ 5 ചൊവ്വാഴ്ച, വാട്ടർലൂവിലെ നെക്രോപോളിസ് സ്റ്റേഷനിൽ ഒരു വലിയ ജനക്കൂട്ടം ഇരമ്പി, മൂന്ന് വർഷം മുമ്പ് എംഗൽസിൻ്റെ ശവമഞ്ചത്തിന് അരികിലായി എലീനോർ, അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട ടുസ്സി നിന്നിരുന്ന അതേ സ്ഥലത്തുതന്നെ. ടുസ്സിയുടെ ശവപ്പെട്ടിയെയും വോക്കിംഗ് ശ്മശാനത്തിലേക്കു അത്യയാത്രക്കായി ലോകരാജ്യങ്ങളിൽ നിന്നായെത്തിയ റീത്തുകൾ അലങ്കിരിച്ചു. ലേഡി മൌണ്ട്ബാറ്റണ് പുഷ്പാഞ്ജലി പോയത് നമ്മളറിയും, ഒരു റീത്ത് ഇന്ത്യയിൽ നിന്നും എലീനോറിനും പോയിട്ടുണ്ട്.  ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ഹോളണ്ട്, അമേരിക്ക, ഓസ്‌ട്രേലിയ, റഷ്യ, ഓസ്ട്രിയ, ഇറ്റലി, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്ന് പുഷ്പാഞ്ജലികൾ എത്തിയ എലീനോർ ചരിത്രത്തിൽ ഇന്നെവിടെയാണ്? അവർ എങ്ങിനെ വിസ്മൃതമായി!


നാം മുന്നോട്ട്, എന്ന സഖാവിൻ്റെ വാക്കുകൾ മലയാളിയുടെ ബോധത്തിൽ ഉറഞ്ഞതുപോലെ പോവുക മുന്നോട്ട് അഥവാ ‘ഗോ അഹെഡ്’ എന്ന എലീനോറിൻ്റെ പ്രയോഗം അവരുടെ സൌഹൃദങ്ങളിൽ, അവരിടപെട്ട വിഷയങ്ങളുടെ ഭാഗമായവരിൽ, പോരാട്ടത്തിൻ്റെ ഭാഗമായവരിൽ നിറഞ്ഞുനിന്നു.  പറയുവാൻ മാത്രമല്ല, പറയുന്നതൊക്കെയും പ്രവൃത്തി പഥത്തിലെത്തിക്കുവാൻ കൂടിയുള്ളതാണ് എന്നുറച്ചു വിശ്വസിച്ച, അതു സാർത്ഥകമാക്കി ജീവിച്ച പ്രതിഭയായിരുന്നു എലിനോർ. 


സാമൂഹിക ജനാധിപത്യവും തീവ്ര ചിന്തകളും ശ്വസിച്ച മാർക്സ് കുടുംബത്തിൽ, മുതലാളിത്തത്തിൻ്റെ ആഗോള വിജയകാലത്ത് 1855ൽ ജനിച്ച എലീനോർ  വ്യത്യസ്തവും ആധുനികവുമായ ഒരു കാലഘട്ടത്തിൽ മാർക്സിൻ്റെയും ഏംഗൽസിൻ്റെയും ആശയങ്ങളുടെ അവകാശിയായി വളർന്നു, നിരന്തര വായനയും എഴുത്തും മൊഴിമാറ്റവും സാസ്കാരിക-കലാ-വിപ്ലവ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നു. 


1886ൽ അവെലിങ്ങ് സഹരചയിതാവായ ദ വുമൺ ക്വസ്റ്റ്യൻ എന്ന കൃതിയിൽ എലീനോർ എഴുതുന്നു - ഒന്നാമതായി, എല്ലാ സ്ത്രീകളെയും പൊതുവായെടുത്താൽ പെണ്ണിൻ്റെ  ജീവിതം ഒരിക്കലും ആണിൻ്റെ ജീവിതവുമായി കോയിൻസൈഡ് ചെയ്യുന്നതല്ല. ആ ജീവിതങ്ങൾ ഒരിടത്തും ഇൻ്റർസെക്റ്റ് ചെയ്യുന്നുമില്ല.  പലപ്പോഴും ഒന്നു സ്പർശിക്കുന്നു കൂടി ഇല്ല. ഒരേ തലത്തിൽ, ഒരേ കാലത്ത്, ഒരേ പോലെ സംഭവിക്കുന്ന കാര്യങ്ങളെയാണ് കോയിൻസൈഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യൻ എന്നത് ഒരു ഗ്ലോബാണെങ്കിൽ അതിലെ ആണും പെണ്ണും  അക്ഷാംശരേഖയും  രേഖാംശരേഖയുമാണെങ്കിൽ അതു കൃത്യമായി സന്ധിക്കുന്ന പതിവുണ്ട്. ഇവിടെ ആ സന്ധിയില്ല, എന്നതിനർത്ഥം അതു രണ്ടു സമാന്തര സ്വതന്ത്ര രേഖകളാണെന്നു തന്നെയാണ്. അതായത് മറ്റേതു ജീവികളിലുമെന്നപോലെ, ഒന്നു മറ്റതിൻ്റെ അടിമയല്ലാത്ത രണ്ടും രണ്ടിൻ്റെതായ രീതികളുള്ള മനുഷ്യൻ എന്ന ജൈവപൂർണതിയിലേക്കുള്ള  പരസ്പരപൂരകമായ രണ്ടു സ്വത്വങ്ങളാണ് ആണും പെണ്ണും. 


എലീനോർ മാർക്സ് ലോകത്തെ മാറ്റിമറിച്ചു, ആ  പ്രക്രിയയിൽ അവർ സ്വയം വിപ്ലവം സൃഷ്ടിച്ചു എന്നാണ് എലീനോറിൻ്റെ ജീവചരിത്രമെഴുതിയ റാച്ചേൽ ഹോംസ് ആമുഖമായി പറയുന്നത്. മാർക്സ് എന്നൊരു വൻമരത്തിൻ്റെ നിഴലിന് അപ്പുറത്തേക്ക് വളർന്ന മകൾ, ബ്രിട്ടീഷ് ചരിത്രത്തിലെ, സാമൂഹിക വിപ്ലവകാരികളായ അതികായരിൽ മുൻനിരയിലുണ്ട്. 1892 നവംബർ 26-ന് എലീനോർ മാർക്‌സ് അവളുടെ സഹോദരി ലോറ ലഫാർഗിന് അയച്ച എഴുത്തിൽ ഒരു വരിയുണ്ട് - കാര്യങ്ങളെ ശ്രദ്ധയോടെ നോക്കിയാൽ,  മറ്റുള്ളവരോട് നമ്മൾ പ്രസംഗിക്കുന്ന നല്ലകാര്യങ്ങളൊക്കെയും നമ്മുടെ ജീവിതത്തിൽ അപൂർവ്വമായല്ലാതെ നമ്മൾ പകർത്താറില്ലെന്ന സത്യം നമ്മെ അതിശയിപ്പിക്കാറില്ലേ?  ഉന്നതവും മഹത്തായതുമായ സ്വാതന്ത്ര്യബോധം, സ്വകാര്യസ്വത്ത് നിലനിർത്തുവാനല്ലാത്ത,  ജൈവികചോദനകളെ അഡ്രസ് ചെയ്യുവാനുള്ള സ്വതന്ത്രപ്രണയം ഒക്കെയും ജീവിതത്തിൽ പകർത്തിയപ്പോൾ, ആ ചിന്തകൾ വാക്കുകളിൽ മാത്രമൊതുക്കിയ അവരുടെ പങ്കാളികൾ മരണത്തിലേക്ക് തള്ളിവിട്ട  ദുരന്തചരിത്രമായി മേരിയുടെയും   എലീനോറിൻ്റെയും ഒക്കെ  ജീവിതം. 


സ്വജീവിതം പരീക്ഷണശാലയാക്കിയ എലീനോർ

മാർക്‌സിൽ നിന്നും എംഗൽസിൽ നിന്നും താൻ പഠിച്ചവ പ്രായോഗികതലത്തിലേക്ക് എത്തിക്കുവാനാണ് എലീനോർ ലോകത്തിലേക്ക് ഇറങ്ങിയത്. 'മുന്നോട്ട് പോകുക' എന്ന മന്ത്രവുമായി, അതൊക്കെയും സ്വജീവിതത്തിലേക്ക് അവർ പകർത്തി.  ആ അറിവുകളുടെ, ബോധ്യങ്ങളുടെ, താൻ പറയുന്നതിൻ്റെ ആൾരൂപമായി എലീനോർ നിലകൊണ്ടു. ഒരു സമയം ഷേക്സ്പിയർ സാഹത്യലോകം, ആധുനിക നാടകവേദിയുടെ സാംസ്കാരിക മേഖലകൾ, സമകാലിക നോവൽ, സാമ്പ്രദായിക രീതികളെ വെല്ലുവിളിച്ച കലാനാടക പ്രവർത്തനങ്ങളിൽ വ്യാപരിച്ച കൂട്ടായ്മയായ ബൊഹീമിയൻ ബ്ലൂംസ്ബറിയുടെ ഭാഗവുമായിരുന്നു അവർ. നിരന്തരമായി  സ്റ്റീം ട്രെയിനുകളിൽ യാത്രചെയ്തു, പുതിയ സാങ്കേതികവിദ്യകളെ അത്യുത്സാഹം സ്വീകരിച്ചു, ടൈപ്പ്റൈറ്റർ അക്കാലത്തെ വലിയ കണ്ടുപിടുത്തമായിരുന്നു, അതിൻ്റെ ആദ്യകാല ഉപയോക്താക്കളിൽ എലീനോർ ഉണ്ടായിരുന്നു.


ഉന്നതമായ ബോധത്തിൻ്റെ ഊക്കിൽ, അഗാധമായ അറിവിൻ്റെ ആഴത്തിൽ എലീനോർ വ്യക്തിപരം രാഷ്ട്രീയപരം എന്നീ ദ്വന്ദങ്ങൾക്കപ്പുറത്തെ മനുഷ്യബന്ധങ്ങളുടെ  കോട്ടകളാണ് പണിതുയർത്തത്.  ടുസ്സിക്ക് സൌഹൃദത്തിലേക്കുള്ള വഴികൾ നേരിൻ്റേതായിരുന്നു, അതു വിനയായെങ്കിലും. അവരുടെ ആകർഷണീയ വ്യക്തിത്വം, അഗാധമായ അറിവ്, ഭാഷാസ്വാധീനം,  കഴിവുകൾ ഒക്കെയും അവർക്കായി ഒരിടം എവിടെയും ഒരുക്കി. പെണ്ണിനു പറഞ്ഞ സാമ്പ്രദായിക രീതികൾക്കപ്പുറത്തെ ഒരു ലോകം ടുസ്സി അവൾക്കായി പണിതു, ബാക്കി ലോകത്തിനായും. 


1880-കളിൽ, എലീനോർ മാർക്‌സ് നാടകരംഗത്ത് കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുകയും സോഷ്യലിസം പ്രചരിപ്പിക്കാനുള്ള അതിൻ്റെ കഴിവിൽ വിശ്വസിച്ച് അഭിനയം ഏറ്റെടുക്കുകയും ചെയ്തു.1886-ൽ,  ലണ്ടനിലെ ഒരു സ്റ്റേജിൽ ഹെൻറിക് ഇബ്‌സൻ്റെ എ ഡോൾസ് ഹൗസിൽ, നോറ ഹെൽമർ ആയി എലീനോർ ഒരു തകർപ്പൻ പ്രകടനം നടത്തി. ടോർവാൾഡ് ഹെൽമറായി പങ്കാളി അവെലിങ്ങും ക്രോഗ്സ്റ്റാഡായി സാക്ഷാൽ  ബെർണാഡ് ഷായും നിറഞ്ഞാടി.. 


ഗുസ്റ്റാവ് ഫ്ളോബയുടെ മാഡം ബോവറിയുടെ ആദ്യ ഇംഗ്ലീഷ് വിവർത്തനം ഉൾപ്പെടെ വിവിധ സാഹിത്യകൃതികളും അവർ വിവർത്തനം ചെയ്തു. ഇബ്‌സൻ്റെ നാടകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിനായി അവൾ നോർവീജിയൻ ഭാഷ പഠിച്ചു, 1888-ൽ എനിമി ഓഫ് സൊസൈറ്റി വിവർത്തനം ആദ്യമായി നടത്തി. രണ്ട് വർഷത്തിന് ശേഷം, വില്യം ആർച്ചർ ഈ നാടകം പരിഷ്കരിച്ച് ആൻ എനിമി ഓഫ് ദി പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു. 1890-ൽ ഇബ്സൻ്റെ ദി ലേഡി ഫ്രം ദ സീ എന്ന കൃതിയും എലീനോർ വിവർത്തനം ചെയ്‌തു. 


താൻ കൂടി ഭാഗമായ സോഷ്യൽ ഡമോക്രാറ്റിക് ഫെഡറേഷൻ (1884) നിൽ നിന്നും വേർപിരിഞ്ഞവരോടൊപ്പം ചേർന്ന് എലീനോർ സോഷ്യലിസ്റ്റ് ലീഗ് സ്ഥാപിച്ചു. അതിപ്രശസ്തനായ വില്യം മോറിസ് അതിലെ അംഗമായിരുന്നു. 1885-ൽ, പാരീസിൽ ഇൻ്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് സംഘടിപ്പിക്കാൻ അവർ സഹായിച്ചു. അടുത്ത വർഷം, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി പണം സ്വരൂപിക്കുന്നതിനായി, അവെലിങ്ങിനും ജർമ്മൻ സോഷ്യലിസ്റ്റ് വിൽഹെം ലീബ്‌നെക്റ്റിനും ഒപ്പം എലനോർ അമേരിക്കയിൽ പര്യടനം നടത്തി


തൻ്റെ രണ്ടാനച്ഛൻ എന്നു വിശേഷിപ്പിച്ച ഫ്രെഡറിക് ഏംഗൽസുമായുള്ള അവരുടെ ആജീവനാന്ത, സ്നേഹനിർഭരമായ ബന്ധവും ജോർജ്ജ് ബെർണാഡ് ഷാ, വിൽ തോൺ, വിൽഹെം ലീബ്‌നെക്റ്റ്, ഹെൻറി ഹാവ്‌ലോക്ക് എല്ലിസ് എന്നിവരുമായുള്ള ദീർഘകാല കൂട്ടുകെട്ടും അവരുടെ പുരുഷ സൌഹൃദങ്ങളിൽ ജ്വലിക്കുന്ന ഏടുകളാണ്.  എലീനോർ മാർക്സും ഒലിവ് ഷ്രെയിനറും തമ്മിലുള്ള അടുത്ത ഹൃദയബന്ധം സാഹിത്യ രാഷ്ട്രീയ ചരിത്രത്തിൻ്റെ മാത്രമല്ല, ഹൃദയവിശാലതയുടെ അതിമഹത്തായ സ്ത്രീ സൗഹൃദങ്ങളിൽ ഒന്നാണ്. ഒലിവ് പിൽക്കാലത്ത് 1913 കാലത്ത് പെസിഫിസത്തിൽ ആകൃഷ്ടയായി മഹാത്മാഗാന്ധിയുമായി  ബന്ധപ്പെട്ടിരുന്നതായി കാണുന്നു. 


സോഷ്യലിസ്റ്റുകൾ എന്ന നിലയിൽ നമ്മൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന സ്വസന്ദേഹത്തിൻ്റെ ഉത്തരം തേടുന്ന യാത്രകളായിരുന്നു എലീനോറുടെ ക്ഷണഭംഗുര ജീവിതം. എലീനോറിൻ്റെ കുട്ടിക്കാലം മുതൽ, 1860-കൾ മുതൽ ബ്രിട്ടനിൽ സോഷ്യലിസം എന്നത് മുതലാളിത്തത്തിനെതിരായ പുതിയ ജനാധിപത്യ പോരാട്ടവുമായി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യയശാസ്ത്രമായിരുന്നു എന്ന് ആമുഖത്തിൽ ജീവചരിത്രകാരി പറയുന്നുണ്ട്.  1860 കളിലും 1870 കളിലും ബ്രിട്ടനിലെ തദ്ദേശീയ സോഷ്യലിസ്റ്റുകൾ ആകെ ഒരു ചെറിയ ഹാളിൽ കൊള്ളുവാനുള്ളതേ ഉണ്ടായിരുന്നുള്ളൂവെന്നും, അതിൽ ഏക മാർക്സ് എലീനോറായിരുന്നുവെന്നും ഹാളിൻ്റെ പകുതിയും  അവരുടെ സുഹൃത്തുക്കളാവുമായിരുന്നു എന്നും റാച്ചേൽ ഹോംസ് പറയുന്നത് എറിക് ഹോബ്സ്ബോമിനെ ഉദ്ധരിച്ചാണ്.  എലീനോറിൻ്റെ നിരീക്ഷണം അതിനോടൊപ്പം ചേർത്തുവെയ്ക്കേണ്ടതാണ് -  ‘തീർച്ചയായും, സോഷ്യലിസം ഇപ്പോൾ ഈ രാജ്യത്ത് ഒരു സാഹിത്യ പ്രസ്ഥാനത്തെക്കാൽ ഒരല്പം മുകളിലെന്നേയുള്ളൂ”. ആ സാഹിത്യ പ്രസ്ഥാനത്തെ അതിൻ്റെ താളുകളിൽ നിന്ന്  തെരുവിലേക്കിറക്കി  രാഷ്ട്രീയ വേദിയിലേക്കു കയറ്റുക എന്ന ദൌത്യമാണ് എലീനോർ നിർവ്വഹിച്ചത്.  ബ്രിട്ടീഷ് സോഷ്യലിസ്റ്റ് പ്രസ്ഥാന ചരിത്രത്തിലെ വലിയൊരു അധ്യായമാണ് എലീനോർ.


1895 നവംബറിൽ ഇംഗ്ലീഷ് സോഷ്യലിസ്റ്റ് നേതാവ് ഏണസ്റ്റ് ബെൽഫോർട്ട് ബാക്സിന് എഴുതിയ ഒരു തുറന്ന കത്തിൽ എലീനോർ തൻ്റെ നിലപാട് വ്യക്തമാക്കി - ഞാൻ തീർച്ചയായും ഒരു സോഷ്യലിസ്റ്റ് ആണ്, സ്ത്രീകളുടെ അവകാശങ്ങളുടെ പ്രതിനിധിയല്ല. സെക്സ് സംബന്ധ ചോദ്യവും അതിൻ്റെ സാമ്പത്തിക അടിത്തറയുമാണ് നിങ്ങളുമായി ചർച്ച ചെയ്യാൻ ഞാൻ നിർദ്ദേശിച്ചത്. 'സ്ത്രീയുടെ അവകാശങ്ങൾ' എന്ന് വിളിക്കപ്പെടുന്നത് (നിങ്ങൾക്കു മനസ്സിലാവുന്ന ഒന്ന് അതുമാത്രമാണെന്നു തോന്നുന്നു) ഒരു ബൂർഷ്വാ ആശയമാണ്. തൊഴിലാളിവർഗത്തിൻ്റെയും വർഗസമരത്തിൻ്റെയും വീക്ഷണകോണിൽ നിന്ന് സെക്സ് സംബന്ധ ചോദ്യത്തെ അഭിമുഖീകരിക്കുവാനാണ് ഞാൻ നിർദ്ദേശിച്ചത്.  എലീനോറിൻ്റെ ധിഷണ അതായിരുന്നു. 


മാർക്സിനെ ലോകം ഏറെ വായിച്ചത്, അദ്ദേഹത്തിൻ്റെ കൃതികൾ എലീനോറും അവെലിങ്ങും മറ്റും ചേർന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയപ്പോഴാണ്, അതു കാണാനുള്ള ആയുസ്സ് മാർക്സിന് ഉണ്ടായതുമില്ല.  


എഡ്വേർഡും  സോഷ്യലിസവും സ്വതന്ത്രപ്രണയവും

ഫ്രഞ്ച് വിപ്ലവത്തിൻ്റെ ശിശുവായിരുന്ന ഷെല്ലിയെന്ന് എലീനോർ നിരീക്ഷിക്കുന്നുണ്ട്. മഹാനഗരത്തിലൂടെ കടന്നുപോകുമ്പോൾ സൈത്‌നയുടെ പാതയിൽ തടിച്ചുകൂടിയ "വന്യമായ കണ്ണുകളുള്ള" വനിതകൾ ഷെല്ലിയിലേക്കെത്തുന്നത് ഫ്രഞ്ച് വിപ്ലവാനന്തര പാരീസിൽ നിന്നുമാണ്,  ഷെല്ലിയുടെ കാവ്യഭാവനയുടെയും ചരിത്രബോധത്തിൻ്റെയും തെളിവാർന്ന ഉദാഹരണം എലീനോർ തേടിയ  വരികളുടെ മൊഴിമാറ്റമാണ് താഴെ.


“പൊരുതി, നിശ്ചയദാർഢ്യത്തോടെയവർ

ഭൂമിയുടെ മിഥ്യാഭിമാനവും അല്പത്വവും ഇടിച്ചുനിരത്തി,

പൊട്ടിച്ചെറിഞ്ഞൂ,  ചങ്ങലകൾ,

മരവിച്ച ആചാരങ്ങളുടെ ചങ്ങലകൾ,

അവരുടെ കാലത്ത് പകൽ നക്ഷത്രങ്ങളായവർ..”


ക്യൂൻ മാബ് എന്ന കവിതയിലെ വരികളിലെ ഷെല്ലിയുടെ വിപ്ലവവീര്യമാണ് എലീനോറിനെ ആകർഷിച്ചത്. 


1818ൽ കാൾ മാർക്സ് ജനിക്കുന്നതിനു മുന്നേ 1816ലാണ് വിപ്ലവവീര്യം തുടിക്കുന്ന ഷെല്ലിയുടെ ഈ വരികൾ ഫീലിങ്ങ്സ് ഓഫ് എ റിപ്പബ്ലിക്കൻ ഓൺ ദ ഫാൾ ഓഫ് ബോണപ്പാർട്ട് എന്ന കവിതയിൽ വരുന്നത്. മൊഴിമാറ്റത്തിലേക്ക്.


അടിതെറ്റിയ സ്വേച്ഛാധിപതി, നിന്നെ ഞാൻ വെറുത്തു! 

ഞാൻ ഞരങ്ങി, പദ്ധതികളൊന്നുമില്ലാത്തൊരു അടിമ, 

നിന്നെപ്പോലെ എനിക്കൊന്ന് ആനന്ദിക്കണം, 

നിന്നെപ്പോലെ എനിക്കൊന്ന് നൃത്തമാടണം

വിമോചനത്തിൻ്റെ ശവക്കുഴികളിൽ..


സ്വാർത്ഥതാല്പര്യങ്ങൾക്കു മുന്നിൽ നീതിക്കും ധർമ്മത്തിനും പുല്ലുവില കല്പിക്കാത്ത, മറ്റെല്ലാം തൻ്റെ താല്പര്യങ്ങൾക്ക് കീഴെയാവുന്ന സ്വേച്ഛാധിപതികളുടെ ലോകമാണ് കവിതയുടെ പ്രമേയം. 


മാർക്സ് വിഭാവന ചെയ്ത ഭരണകൂടങ്ങൾ പൊഴിഞ്ഞുവീഴുന്ന റൊമാൻ്റിക്കലായ ലോകം, സ്വാഭാവികമായും പരമമായ സ്വാതന്ത്ര്യത്തിൻ്റേതാവണം, പുലർന്നാലും ഇല്ലെങ്കിലും. ഷെല്ലി വിഭാവന ചെയ്ത സ്വതന്ത്ര പ്രണയത്തിൻ്റെ ലോകവും പരമമായ സ്വാതന്ത്ര്യത്തിൻ്റേതാണ്, വിശ്വാസമെന്ന സ്വകാര്യസ്വത്തില്ലാത്ത ആൺപെൺ  ബന്ധങ്ങളുടെ സൌന്ദര്യം, കടപ്പാടുകളെ പറ്റി ബാധ്യതകളെ പറ്റി ചിന്തിക്കാനില്ലാത്ത ഒരു ബന്ധം.  ഓഷോ ശ്രമിച്ചതും അതിലേക്കാണ്. ഇഷ്ടമുള്ളവരോട് പ്രണയവും  ലൈംഗികബന്ധവും പുലരുന്ന ഒരു ഭാവിലോകത്തെ പറ്റിയാണ് ഷെല്ലി എഴുതിയത്, തൻ്റെ പങ്കാളികളോട് അങ്ങിനെ തന്നെ ജിവിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. അവിടെ ബന്ധത്തിലേക്ക് നയിക്കുന്നത് ബാഹ്യമായ ഒന്നുമല്ല, മറിച്ച് മനസ്സിൽ ഒരാൾക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, സ്വാഭാവികമായും അതു ശരീരത്തിലേക്ക് പകരുന്ന വികാരവും. 


എല്ലാം ഒരു തുടർച്ചയുടെ, ഇവല്യൂഷൻ്റെ ഭാഗമാണ് എന്ന വ്യക്തമായ ബോധമുണ്ടായിരുന്ന എലീനോറിന്. ഊട്ടോപ്യൻ സോഷ്യലിസത്തിൽ നിന്നും മുന്നോട്ടുപോയതാണ് മാർക്സിൻ്റെ സോഷ്യലിസം. അതൊരു മതമാവാതെ അതിനെ മുന്നോട്ടെടുക്കുവാനുള്ള മിഴിവാർന്ന പ്രവർത്തനങ്ങളായിരുന്നു, പ്രക്ഷോഭങ്ങളുമായിരുന്നു എലീനോറിൻ്റെ ജീവിതം.  തൻ്റെ ജീവിതം തന്നെ മാർക്സും ഏംഗൽസും പകർന്ന ബോധച്ചൂടിൻ്റെ പരീക്ഷണശാലയാക്കിയ പ്രതിഭ. അങ്ങിനെ അതികരുത്തയായ ഒരുവൾ  വീണുപോവുന്നത്, ആത്മഹത്യയിലേക്ക് അഭയം തേടുന്നത് താൻ കൂടെ ജീവിച്ച ജീവിതപങ്കാളി തന്നെ വഞ്ചിച്ച് മറ്റൊരാളെ രഹസ്യമായി വിവാഹം ചെയ്തു എന്നറിഞ്ഞപ്പോഴാണ്.  അവസാനമായി താൻ സ്നേഹിച്ച, കൂട്ടുകൂടിയ, കൂട്ടുചേർന്ന് ഒട്ടനവധി രചനകൾ നടത്തിയ എഡ്വേർഡ് അവെലിങ്ങിനെഴുതിയ കത്തിൽ  പറയുന്നു - നിന്നോട് എനിക്കൊന്നും പറയാനില്ല, ഒരു വാക്കുമാത്രം - സ്നേഹം.  മനുഷ്യ മനസ്സിൻ്റെ സഞ്ചാരവഴികൾ നിയതമല്ല, ആവുകയില്ല, ആവുകയുമരുത്. അതുതന്നെയാണ് ജീവിതത്തിൻ്റെ സൌന്ദര്യം.  മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെതായാലും എലീനോറിൻ്റെതായാലും ചിന്തകൾ ശരിയായിരുന്നു,  പക്ഷേ കാലവും പങ്കാളികളും ശരിയായിരുന്നില്ലെന്നുവേണം കരുതാൻ. 


അവെലിങ്ങ് എലീനോറിനെ വിട്ടുപോയി 8 ജൂൺ 1897 ന് തൻ്റെ തൂലികാനാമം ഉപയോഗിച്ച് ഇവാ ഫ്രൈ എന്ന യുവനടിയെ രഹസ്യമായി വിവാഹം കഴിച്ചു. പിന്നീട്  കിഡ്നി രോഗബാധിതനായി ചാവുമെന്ന അവസ്ഥയിൽ അയാൾ  എലീനോറിലേക്ക് മടങ്ങിയത് സെപ്തംബറിൽ. തൻ്റെ കഴിവുകളത്രയും സമ്പാദ്യവും തീർത്ത്  കടവും വാങ്ങി  ഗുരുതരമായ രോഗാവസ്ഥയിൽ നിന്നും എഡ്വേർഡിനെ ചികിത്സിച്ച് ഭേദപ്പെടുത്തി, ആരോഗ്യം വീണ്ടെടുത്തുനല്കി എലീനോർ. അതിന് എഡ്വേർഡ് നന്ദിപറഞ്ഞത് എലീനോറിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു,  തന്നെ ജീവിപ്പിച്ചെടുത്ത എലീനോർ, എഡ്വേർഡിന് എന്തായിരുന്നു എന്നു മനസ്സിലാക്കുവാൻ താഴെ ഭാഗം മുഴുവനായും വേണ്ടിവരില്ല. 


'ദ ഡെനിൽ താമസിക്കുന്ന ഒരു എഴുത്തുകാരൻ' എന്ന് കോടതിയിൽ അവതരിപ്പിച്ച ആദ്യ സാക്ഷി അവെലിങ്ങ് ആയിരുന്നു: 

ചോദ്യംചെയ്ത കുറ്റാന്വേഷകൻ: മരിച്ചയാൾ നിങ്ങളുടെ ഭാര്യയായിരുന്നോ?

അവെലിങ്ങ്: നിയമപരമായോ അല്ലയോ?

കുറ്റാന്വേഷകൻ: നിങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു മനുഷ്യനാണ്. മരിച്ചയാളെ നിങ്ങൾ വിവാഹം കഴിച്ചിരുന്നോ?

അവെലിംഗ്: നിയമപരമായി ഇല്ല.

കുറ്റാന്വേഷകൻ: എത്രയായിരുന്നു അവളുടെ പ്രായം?

അവെലിങ്ങ്: 40 ആണെന്നു തോന്നുന്നു, എനിക്ക് തീർച്ചയില്ല.


ഒടുവിൽ 1898 ഏപ്രിൽ 4-ന് ലെവിഷാമിലെ ഉപജില്ലയിലെ സിഡെൻഹാമിൽ എലീനറുടെ മരണം രജിസ്റ്റർ ചെയ്തു: “എലീനർ മാർക്‌സ്, 40 വയസ്സ്, അവിവാഹിതയായ സ്ത്രീ.”  എഡ്വേർഡിൻ്റെ മൊഴി പ്രകാരം റിപ്പോർട്ടിൽ 43 വയസ്സ് 40 ആയി, എലീനോർ തനിച്ചു യാത്രയായി.


എഡ്വേർഡ് പിന്നെ ഏറെക്കാലം ജീവിച്ചില്ല, തന്നെ മറന്നും നോക്കാൻ എലീനോർ ഇല്ലായിരുന്നു, രോഗം അയാളെയും കൊണ്ടുപോയി.  വിലാപയാത്രയിൽ പങ്കെടുത്തവരോട് എഡ്വേർഡ് തലേദിവസം കണ്ട ഫുട്ബോൾ മത്സരത്തെ പറ്റിയായിരുന്നു സംസാരിച്ചത്.  പിന്നീട് എലീനോറുടെ ചിതാഭസ്മം സ്വീകരിച്ചില്ലെങ്കിലും സ്വത്തുക്കൾ മുഴുവനായും എഡ്വേർഡ്, എലീനോറുടെ വിൽപത്രം നശിപ്പിച്ച് അടിച്ചുമാറ്റിയതായും ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 


അവെലിങ്ങിനെ ക്രിമിനൽ വിചാരണയ്ക്ക് വിധേയനാക്കാനുള്ള മുറവിളി അയാളുടെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ തുടർന്നു. ബേൺസ്റ്റൈൻ നിശിതമായി നിരീക്ഷിച്ചതുപോലെ, ‘പാർട്ടി താൽപ്പര്യങ്ങളൊന്നും കണക്കിലെടുക്കാതിരുന്നെങ്കിൽ, ആളുകൾ അവെലിങ്ങിനെ പറിച്ചുചീന്തുമായിരുന്നു.’ പിന്നെ കേവലം നാലുമാസം, അവെലിങ്ങിൻ്റെ മരണം അയാളുടെ ചോരയ്ക്കായുള്ള മുറവിളികൾക്ക് വിരാമമിട്ടു. 


സ്വതന്ത്രലോകം  സാമ്പത്തികസ്വാതന്ത്ര്യം സ്വതന്ത്രപ്രണയം 

ഇവയോട് ആരാധനയില്ലാത്തവർ ആരാണ്?  നിലവിൽ സ്വതന്ത്രലോകം ഏറെയും സ്വകാര്യസ്വത്തിനു ചുറ്റിലുമാണ്. അങ്ങിനെ നോക്കുമ്പോൾ സ്വാതന്ത്ര്യത്തിനു വേണ്ടി,  സുതാര്യതയ്ക്കുവേണ്ടി അവസാനിക്കേണ്ടത് രഹസ്യാത്മകതയാണ്. യഥാർത്ഥ പ്രണയം ലോകത്ത് സുഗമമായി ഒഴുകിയിട്ടില്ല എന്നു പറഞ്ഞത് എന്നു പറഞ്ഞത് ഷേക്സ്പിയറാണ്.  ലോകത്ത് ഒരു ചട്ടക്കൂടിൽ ഒതുങ്ങുന്ന ജീവിയല്ല മനുഷ്യൻ, മറ്റേതു ജീവിയേയും പോലെ പ്രകൃതി സംവിധാനം ചെയ്ത ഒരു മൃഗമാണ്. മറ്റു മൃഗങ്ങളിൽ നിന്നുള്ള കാര്യമായ വ്യത്യാസം മനുഷ്യന് വിശ്വാസത്തിൻ്റെ കാര്യത്തിലുണ്ട്. 


മറ്റുജീവികളുടെ വിശ്വാസം അവയിൽ തന്നെയാണ്, അത്യുന്നതങ്ങളിലെ പരുന്തിൻ്റെ വിശ്വാസം അതിൻ്റെ ചിറകുകളിലാണ്,  കടുവയുടേത് അതിൻ്റെ കരുത്തിലാണ്, മാനിൻ്റേത് അതിൻ്റെ കാലിൻ്റെ വേഗതയിലും. മനുഷ്യൻ്റെ യാത്ര വണ്ടിപിടിച്ചാവുമ്പോൾ വിശ്വാസം ഡ്രൈവറിലാവുക സ്വാഭാവികമാണ്.  ആ ഡ്രൈവറിലെ വിശ്വാസത്തിൻ്റെ വകഭേദമാണ്  പങ്കാളിയിലും ദൈവത്തിലും മതത്തിലും പ്രത്യയശാസ്ത്രങ്ങളിലുമുള്ള വിശ്വാസം. 


സ്വകാര്യ സ്വത്ത് എന്നതിൽ സ്വകാര്യതയുണ്ട്.  സ്വകാര്യതയുടെ ഒരുഭാഗം രഹസ്യാത്മകതയാണ്. ബന്ധങ്ങളിൽ വേണ്ടത് സ്വകാര്യതയല്ല, മറിച്ച് സുതാര്യതയാണ്, സ്വീകാര്യതയും. സ്വാതന്ത്ര്യവും സ്വത്തും ഒത്തുപോവും. സ്വാതന്ത്ര്യവും സ്വകാര്യത അല്ലെങ്കിൽ രഹസ്യാത്മകതയും  ഒരുകാരണവശാലും ഒത്തുപോവുകയില്ല.  മതരാഷ്ട്രങ്ങളെയും ഫാസിസ്റ്റ് ഭരണകൂടങ്ങളെയും നോക്കിയാൽ മനസ്സിലാവുന്ന കാര്യമാണ്. 


എലീനോറിന് അവെലിങ്ങിലുള്ള വിശ്വാസം പൊടുന്നനെ ഇല്ലാതായപ്പോഴാണ് 43ാം വയസ്സിൽ അവർ ആത്മഹത്യയിലേക്ക് അഭയം തേടിയത്.  ഇനി തനിക്ക് മറ്റൊരു യുവതിയെ ഇഷ്ടമാണെന്ന സത്യം പറഞ്ഞ് അവെലിങ്ങ് ഇറങ്ങിപ്പോയിരുന്നു എങ്കിൽ എലീനോർ ആത്മഹത്യ ചെയ്യുമായിരുന്നോ? വഴിയില്ല. കാരണം അവിടെ വിശ്വാസവഞ്ചന നടക്കുന്നില്ല. വ്യക്തിയുമായുള്ള ബന്ധം ഒരു സ്വകാര്യസ്വത്തായി വരുന്നിടത്താണ് സുതാര്യത പോയി രഹസ്യാത്മകത കൈവരുന്നത്. അത്രമേൽ ബൌദ്ധികതലത്തിൽ നിലകൊള്ളുന്ന എലീനോറിനെ തകർത്തുകളഞ്ഞത് അതാവണം. അവെലിങ്ങിൻ്റെ മറ്റൊരു സ്ത്രീയുമായുള്ള രഹസ്യബന്ധം.  എത്ര ഉന്നതമായ ബോധത്തിൻ്റെ തലത്തിലും ബന്ധങ്ങൾക്ക്  പരമമായ മൂല്യമുള്ള ഒരു സ്വകാര്യസ്വത്തിൻ്റെ രൂപം കൈവരുന്നുണ്ട്. അതു നഷ്ടപ്പെടുക സമം മരണമെന്ന സൂത്രവാക്യത്തിനുളള സാധ്യത അതു തുറന്നിടുന്നുമുണ്ട്.  പലതവണ പരാജയപ്പെട്ടതാണെങ്കിലും മേരി വോൾസ്റ്റോൺക്രാഫ്റ്റിൻ്റെ ആത്മഹത്യാശ്രമങ്ങളുടെ കാരണവും മറ്റൊന്നായിരുന്നില്ല. ആത്മഹത്യാകുറിപ്പുകളും ഏറെ വ്യത്യസ്തമായിരുന്നില്ല. നിഴലിച്ചത് അതിലത്രയും അവരുടെ പങ്കാളികളോടുള്ള സ്നേഹം മാത്രമായിരുന്നു. 


എലീനോർ കളമൊഴിഞ്ഞപ്പോൾ

എലീനോർ മാർക്‌സിൻ്റെ ജീവിതവും, താൻ മുഴുവനായും ഉൾക്കൊണ്ട മാർക്സിസത്തിൻ്റെ സൈദ്ധാന്തിക അടിത്തറയായ വൈരുദ്ധ്യാത്മക ഭൗതികവാദം പോലെ വൈവിധ്യ- വൈരുദ്ധ്യങ്ങൾ  നിറഞ്ഞതാണ്. ലോകത്തിലെ അതിപ്രശസ്തനായ തത്ത്വചിന്തകനായ പിതാവ്, കാൾ മാർക്സ് എഴുതി: ആധുനിക കുടുംബത്തിൽ ഭ്രൂണത്തിൽ ദാസ്യം മാത്രമല്ല, അടിമത്ത വ്യവസ്ഥതന്നെയാണ് അടങ്ങിയിരിക്കുന്നത്. പിന്നീട് സൊസൈറ്റിയിലും സ്റ്റേറ്റിൽ തന്നെയും  വ്യാപകമായി വൻതോതിൽ വളരുന്ന വൈരുദ്ധ്യങ്ങൾ കൃത്യമായി സൂക്ഷ്മമായ രൂപത്തിൽ അടങ്ങിയിരിക്കുന്ന ഒന്നാണ് കുടുംബം.  ഒരു പക്ഷേ എല്ലാ വൈരുദ്ധ്യങ്ങളുടെയും ഏറ്റവും ചെറിയ യൂണിറ്റ്.  


പിതാവ് മാർക്‌സ് സിദ്ധാന്തമായിരുന്നെങ്കിൽ,  പുത്രി എലീനോർ പ്രയോഗമായിരുന്നു. ഒരു ഫെമിനിസ്റ്റിനെ സംബന്ധിച്ചിടത്തോളം പൊതുവും സ്വകാര്യവും അവിഭാജ്യ മണ്ഡലങ്ങളാണെന്ന് അവർ 'ദ വുമൺ ക്വസ്റ്റ്യൻ’ എന്ന കൃതിയിൽ എഴുതി. അവളുടെ സമകാലികർ, അനുകൂലിച്ചവരും എതിർത്തവരും ഒരുപോലെ എലീനോറെ കണ്ടത് ആ കാലഘട്ടത്തിലെ ഏറ്റവും വലിയ തീവ്ര സാമൂഹികപരിഷ്കർത്താവും നേതാവും ആയാണ്.  ട്രേഡ്സ് യൂണിയൻ കോൺഗ്രസിൻ്റെ (ടിയുസി) ഫസ്റ്റ് സെക്രട്ടറി വിൽ തോൺ, ബ്രിട്ടന് അതിൻ്റെ മുൻനിര പൊളിറ്റിക്കൽ ഇക്കണോമിസ്റ്റിനെ  നഷ്ടപ്പെട്ടുവെന്നാണ് എലീനറുടെ അനുസ്മരണത്തിൽ, ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു പറഞ്ഞത്.  ഏവരുടെയും വാക്കുകളിൽ അവരുടെ നന്മകൾ, കഴിവുകൾ, അതെല്ലാറ്റിനോടുമുള്ള ആരാധനകളായിരുന്നു നിഴലിച്ചിരുന്നത്.  ലോകത്ത് അവരെ പറ്റി പ്രതികൂലമായ ഒരു പരാമർശം പോലും സാധ്യമല്ലെന്നായിരുന്നു എലീനോറുടെ സുഹൃത്ത് ഹെൻ്റി ഹാവ്‌ലോക്ക് എല്ലിസ് എഴുതിയത്.


ഏറ്റവും വലിയ മേന്മയായി എനിക്കു തോന്നുന്നത്, തൻ്റെ പിതാവിന് അവരുടെ വീട്ടുവേലക്കാരിയായിരുന്ന ഹെലൻ ഡിമോത്തിൽ ജനിച്ച ജനന രേഖകളിൽ പിതാവിൻ്റെ പേരില്ലാതിരുന്നു, ഫ്രഡറിക് ഡിമോത്തുമായുള്ള ആയുഷ്കാല വൈകാരിക ബന്ധമാണ്. ഫ്രെഡ്ഡി എന്നായിരുന്നു ആ സംബോധനകളൊക്കെയും, തൻ്റെതായ എല്ലാ വിശ്വാസവഞ്ചനകളുടെ വേദനകളും എലീനോർ പങ്കുവെച്ചത്, പലപ്പോഴും സഹായം തേടിയതും ഫ്രെഡ്ഡി എന്ന തുല്യദു:ഖിതനോട് ആയിരുന്നു. 


1897 സെപ്തംബറിൽ എലീനോർ ഫ്രെഡിക്ക് എഴുതി: ഞാൻ വളരെ ഏകാന്തയാണ്, വളരെ ഭയാനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു: സമ്പൂർണ്ണ നാശം - എല്ലാം, അവസാന ചില്ലിക്കാശും കഴിഞ്ഞു, ലോകത്തെ മുഴുവൻ നാണക്കേടും തലയിലുണ്ട്. ലോകം ഭയാനകമാണ്.  പക്ഷേ അതിനേക്കാൾ മോശമായി അതെനിക്കു മുന്നിൽ സ്വയം അവതരിക്കുകയാണ്.  എന്തെങ്കിലും ഒരുപദേശം നൽകാൻ കഴിയുന്ന ഒരാളെ എനിക്ക് ആവശ്യമുണ്ട്. അന്തിമ തീരുമാനവും ഉത്തരവാദിത്തവും എനിക്കു തന്നെയാണെന്ന് എനിക്കറിയാം. എന്നാൽപോലും ഒരു ചെറിയ ഉപദേശവും സൗഹൃദപരമായ സഹായവും അത്രമേൽ എന്നെ സഹായിക്കും.” 


ഒലിവ് ഷ്രെയ്‌നർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോളി റാഡ്‌ഫോർഡിന് എഴുതി: എനിക്ക് മനസ്സിൽ തെല്ലും  സംശയമില്ല, അവൾ അവെലിങ്ങിൻ്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചു കളഞ്ഞത്.  എൻ്റെ പ്രതിമാസ അവലോകനങ്ങളിലൊന്നിൽ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ഞാൻ ചിന്തിച്ചിരുന്നു.  പക്ഷേ അവനെക്കുറിച്ച് (എഡ്വേർഡ്) സത്യം പറയാൻ കഴിയാത്തതിനാൽ എനിക്ക് അവളെക്കുറിച്ച് എഴുതാൻ കഴിയാതെ പോയി. . അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോർ മരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവൾ അവനിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.” 


എലീനോർ മാർക്‌സ് തൻ്റെ ജീവിതത്തിലെ വൈരുദ്ധ്യ-വൈവിദ്ധ്യങ്ങൾ ലോകത്തിനു വിചാരണചെയ്യുവാനായി വിട്ടുനല്കി വിടവാങ്ങി. രാഷ്ട്രീയപ്രവർത്തകയും ചിന്തകയും ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമായ എലീനോറിൻ്റെ ജീവിതം കടന്നുപോവുമ്പോൾ ഒരു ചോദ്യം നമുക്കായി അവശേഷിക്കുന്നുണ്ട് -  അത് സാമൂഹിക നിലനിൽപ്പിനുള്ള, പൊതുതാൽപ്പര്യത്തെ മുൻനിർത്തിയുള്ള പ്രയാണത്തിൽ വ്യക്തിപരമായ ഉത്തരവാദിത്വം എന്താണ്?  ജീവിതപങ്കാളികളോടുള്ള സത്യസന്ധത സ്വാതന്ത്ര്യം എന്ന പദത്തിൽ റദ്ദുചെയ്യപ്പെടുന്നില്ല.


എലീനോർ മാർക്സ് ഒരു പൂർണ മനുഷ്യനായിരുന്നു, ഏവരെയും പോലെ പോരായ്മകളും, നിരാശകളും, ഞെട്ടുന്ന പരാജയങ്ങളും ഒക്കെ നെയ്തെടുത്ത വൈരുദ്ധ്യങ്ങളുടെ മഹാജീവിതം, പൊതു അല്ലെങ്കിൽ സ്വകാര്യം എന്ന ഗണങ്ങളിലേക്ക് ചുരുക്കിയൊതുക്കാൻ കഴിയാത്ത പ്രതിഭ. രാഷ്ട്രീയക്കാരിയും  ചിന്തകയുമായ എലീനോറിന്  അവരുടെ അവസരങ്ങൾ ഉപയോഗിക്കാനായിട്ടുണ്ടാവാം.  എലീനോറിലെ പെണ്ണിന് എന്തുമാത്രം വിജയിക്കുവാനായി എന്നു പരിശോധിക്കുകയാണ്   എലീനോർ മാർക്സ് എ ലൈഫ് എന്ന ജീവചരിത്രത്തിലൂടെ  റാച്ചേൽ ഹോംസ്. 


പുസ്തകത്തിൽ നിന്ന്, ചില മൊഴിമാറ്റങ്ങൾ 

“അവളുടെ കുട്ടിക്കാലം തൊട്ടേ സമൂഹത്തിൽ സൗഹൃദപരവും നിസ്വാർത്ഥവുമായ ഇടപെടലുകളായിരുന്നു, അതുകൊണ്ടു തന്നെ മറ്റു കുട്ടികൾ ടുസ്സി (എലീനോർ)യുടെ നേതൃത്വത്തെ മുൻകൈകളെ അംഗീകരിച്ചു. തമാശക്കാരിയായ, ധീരയും, സദാ പ്രസന്നവദനയുമായ  അവൾ തൻ്റെ  കളിഗ്രൂപ്പിൽ നിന്ന് ആരെയും ഒരിക്കലും ഒഴിവാക്കിയില്ല.  പരിസരങ്ങളിൽ അവളുടെ ജനപ്രീതി കാരണം, മാർക്‌സ് കുടുംബത്തെ അയൽവാസികൾ മുഴുവനായും 'ടുസീസ്' എന്നാണ് വിളിച്ചുപോന്നത്.”  (അധ്യായം ഒന്ന് - ഗ്ലോബൽ സിറ്റിസൺ)


“എലീനോർ മാർക്‌സ് ഇല്ലായിരുന്നെങ്കിൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യരിൽ ഒരാളുടെയും അദ്ദേഹത്തിൻ്റെ അടുത്ത കുടുംബത്തിൻ്റെയും ജീവിതം ഒരു അടഞ്ഞ വാതിലായി അവശേഷിക്കുമായിരുന്നു, ഷേക്‌സ്‌പിയറെക്കുറിച്ച് അറിയുന്നതിനേക്കാൾ കുറച്ച് മാത്രമേ കാൾ മാർക്‌സിനെ കുറിച്ച് നമുക്ക് അറിയുമായിരുന്നുള്ളൂ.  എലീനോറിനെ മനസ്സിലാക്കാൻ ആ കുടുംബത്തിൻ്റെ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും അറിയേണ്ടതുണ്ട്. ”  (അധ്യായം ഒന്ന് - ഗ്ലോബൽ സിറ്റിസൺ)


“അവർക്കിടയിൽ, മാർക്സും ജെന്നി വോൺ വെസ്റ്റ്ഫാലനും അഞ്ച് പ്രാഥമിക ഭാഷകൾ സംസാരിച്ചു. കാളിൻ്റെ വീട്ടിൽ ജർമ്മൻ, ഡച്ച്, യീദിഷ് ഭാഷകൾ. ജെന്നിയുടെ വീട്ടിൽ  ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്.  അവരുടെ അലസഗമനങ്ങളിൽ, ജെന്നി ഷേക്സ്പിയറെയും വോൾട്ടയറിനെയും ഉദ്ധരിച്ചു,  ഇംഗ്ലീഷും ഫ്രഞ്ചും മനസ്സിലാകാത്ത ചെറുപ്പക്കാരനായ കാളിനെ മോഹിപ്പിച്ചു.  താരതമ്യേന കുട്ടിയായിരുന്ന, കാൾ ജെന്നിയെ അറിഞ്ഞത് തൻ്റെ മൂത്ത ചേച്ചി സോഫിയുടെ സുഹൃത്തായിട്ട് ആയിരുന്നു.  ഇപ്പോഴാണ്,  അവൻ അവളെ പുതിയ ഒരു കണ്ണിലൂടെ കാണുന്നത്.  കാൾ ഉത്സാഹിയും തർക്കികനുമായിരുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്നു, ജെന്നി പക്ഷേ ട്രയറിൻ്റെ  സംസാരവിഷയമായിരുന്നു: ആരെയും മാസ്മരികവലയത്തിലാക്കുന്നു അഭിലഷണീയവുമായ വ്യക്തിത്വം, കലഹപ്രിയനായ കാളിനെപ്പോലും ചെറുതായി ഭയപ്പെടുത്തുന്ന മിന്നുന്ന ധിഷണയും, ആ സൗന്ദര്യം പോലെ തിളങ്ങുന്ന ബുദ്ധിയുമുള്ള പെൺകുട്ടി.”  (അധ്യായം രണ്ട് - ദ ടുസ്സീസ്)


“ബ്രിട്ടീഷ് മ്യൂസിയം റീഡിംഗ് റൂമിൽ വച്ച് ടുസ്സിയോട് സ്വയം പരിചയപ്പെടുത്തിയ ജോർജ്ജ് ബെർണാഡ് ഷാ, താൻ ജനിച്ചത് അമ്പത് വയസ്സ് മുൻപായിപ്പോയി എന്നു പറഞ്ഞിരുന്നു.   ടുസ്സിയുടെ കാര്യത്തിലും ഇതുതന്നെ പറയാം. അൻപത് വർഷങ്ങൾക്ക് ശേഷം ജനിച്ചിരുന്നു എങ്കിൽ അഭിനയശേഷി വച്ച്  അവൾ സിനിമയിൽ അവളുടെ കഴിവിൻ്റെ ഏറ്റവും സ്വാഭാവിക അന്തരീക്ഷം കണ്ടെത്തിയിരുന്നേനെ”. (അധ്യായം 11 - ദി റീഡിംഗ് റൂം)


“ഈ കാലയളവിലാണ് ജോർജ്ജ് ബെർണാഡ് ഷാ റീഡിംഗ് റൂമിൽ വച്ച് ടുസ്സിയെ സ്വയം പരിചയപ്പെടുത്തിയത്. സ്വയം ഒരു കമിതാവായി സങ്കൽപ്പിച്ച ഷാ,  എലീനോർ സംസാരിക്കുന്ന എല്ലാവരേയും നിരീക്ഷിച്ചുകൊണ്ടിരുന്ന എഡ്വേർഡ് അവെലിങ്ങിൻ്റെ നിഴൽ പുസ്‌തകങ്ങളുടെ അടുക്കുകളിലൂടെ  ചുറ്റിക്കറങ്ങുന്നത്  ആദ്യം അറിഞ്ഞിരുന്നില്ല. എലീനോറിനെ കണ്ടുമുട്ടിയതു മുതലാണ് ഷായുടെ രാഷ്ട്രീയത്തോടുള്ള താൽപര്യം വളർന്നത്. സോഷ്യലിസത്തിലും അവളുടെ പിതാവിൻ്റെ പ്രവർത്തനങ്ങളിലുമുള്ള അദ്ദേഹത്തിൻ്റെ താൽപ്പര്യമാണ് മൂലധനം വായിക്കാൻ ഷായെ പ്രേരിപ്പിച്ചത്. ഈ അനുഭവത്തെ 'എൻ്റെ കരിയറിലെ വഴിത്തിരിവ്' എന്നാണ്  അദ്ദേഹം വിശേഷിപ്പിച്ചത്.”

(അധ്യായം 11 - ദി റീഡിംഗ് റൂം)


“എലീനോർ എഡ്വേർഡിൻ്റെ ബൗദ്ധികവും ലൈംഗികവുമായ ഊർജ്ജം ആസ്വദിച്ചു, അവരുടെ അഭിരുചികൾ ഏറെക്കുറെ ഒന്നുതന്നെയായിരുന്നു, അവർ സോഷ്യലിസത്തോട് യോജിച്ചു, ഇരുവരും തിയേറ്ററിനെ സ്നേഹിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിലെ വിവാഹ ജീവിതത്തിൻ്റെ സ്കെയിലിൽ, ഇവയെല്ലാം അവരുടെ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന നല്ല വശങ്ങൾ ആയിരുന്നു. കൂടുതൽ പ്രശ്നകരമെന്നു പറയട്ടെ, എലീനോർ കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിച്ചു, എന്നാൽ എഡ്വേർഡ് വിഷയത്തിൽ ആടിക്കളിച്ചു.  രണ്ടുപേർക്കും വേണ്ടിയുള്ള വീട്ടുജോലിയിലേക്ക് അവൾ മാത്രമായി ചുരുങ്ങിപ്പോയത് എലീനറെ വെറുപ്പിച്ചു, വീട്ടുജോലികളിൽ അവർ താല്പരയായിരുന്നുമില്ല.” (അധ്യായം 13-  പ്രൂഫ് അഗെയ്സ്റ്റ് ഇല്യൂഷൻസ്)


എലീനോർ തൻ്റെ ആദ്യ അമേരിക്കൻ പ്രസംഗത്തിൽ ഫെമിനിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേരാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസത്തിന് ശേഷം, യേൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളും പ്രൊഫസർമാരും ഉൾപ്പെട്ട ന്യൂ ഹേവനിലെ സദസ്സിനെ എലീനോർ ആകർഷിച്ചു, സോഷ്യലിസ്റ്റ് ആധുനികതയെ വലിയൊരു മധ്യവർഗക്കാരും പണക്കാരുമായ പ്രേക്ഷകർക്കു മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു. അമേരിക്കക്കാർ ക്ലാസ്, സെൽഫ് ബെറ്റർമെൻ്റ് കാര്യങ്ങളിൽ തികച്ചും വ്യത്യസ്തമായ ആശയം വച്ചുപുലർത്തുന്നവരാണെന്ന് ടസ്സി പെട്ടെന്ന് മനസ്സിലാക്കി,  (അമേരിക്കയിലെ സോഷ്യലിസ്റ്റ് ലേബർ പാർടി ക്ഷണം സ്വീകരിച്ച് നടത്തിയ നാലു മാസക്കാല പ്രസംഗപര്യടനം 1886)  (അധ്യായം 16 -ലേഡി ലിബർട്ടി)


അമേരിക്കയിൽ അവർ സഞ്ചരിച്ച എല്ലായിടത്തും എലീനോർ തൊഴിലാളിവർഗ സ്ത്രീകളുമായും കുട്ടികളുമായും അവരുടെ ജീവിതത്തെയും തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് അഭിമുഖം നടത്തി. ഫാക്ടറി ഉടമകളുമായും ഫോർമാൻമാരുമായും ലേബർ സൂപ്രണ്ടുമാരുമായും അവർ സംസാരിച്ചു. മുതലാളിമാർ സ്ത്രീകളെയും കുട്ടികളെയും ജോലിക്കെടുക്കാൻ ഇഷ്ടപ്പെടുന്നതായി അവർ കണ്ടെത്തി. സ്ത്രീകൾ കുറഞ്ഞ വേതനം എടുക്കുകയും സംഘടിക്കാനോ സമരം ചെയ്യാനോ ശ്രമിച്ചാൽ ഭീഷണിപ്പെടുത്താനും കീഴ്പ്പെടുത്താനും എളുപ്പമാണെന്ന് അവർ മനസ്സിലാക്കി. കുട്ടികളേ, അതിലും കൂടുതലായും. (അധ്യായം 16 -ലേഡി ലിബർട്ടി)


അമേരിക്കൻ പര്യടനാവസനം റോസൻബെർഗ് അവെലിങ്ങിൽ സാമ്പത്തിക ദുരുപയോഗം ആരോപിച്ചു, മുഴുവൻ പരാജയത്തിലും ടസ്സി തളർന്ന് നിശബ്ദനായി ഇരുന്നു. പതിമൂന്ന് ആഴ്‌ചത്തെ പര്യടനത്തിനായി അവെലിങ്ങിൻ്റെ 1,300 ഡോളർ ചിലവുകളുടെ ബില്ല് പാസാക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മതിച്ചു, പക്ഷേ ആ അനാവശ്യം ചിലവുകളെ അപലപിച്ചു. കോർസേജ് പൂച്ചെണ്ടുകൾക്ക് 25 ഡോളർ ഈടാക്കുമെന്ന് ഹെർമൻ വാൾതർ രോഷത്തോടെ ചൂണ്ടിക്കാണിച്ചത്, അക്ഷരാർത്ഥത്തിൽ അദ്ദേഹം എഡ്വേർഡിനു നേരെ അലറിയത് ടുസ്സിക്ക് അപമാനത്തിൻ്റെ കിരീടഭാരമായി തോന്നി.  എഡ്വേർഡിൽ കോർസേജ് പൂച്ചെണ്ട് ഒരെണ്ണം ടുസ്സിക്ക് കൊടുത്തെങ്കിലും, മറ്റെല്ലാം വാങ്ങിത്തുലച്ചത് മറ്റ് സ്ത്രീകളെ ആകർഷിക്കുവാനായിരുന്നെന്ന് ടുസ്സി വേദനയോടെ മനസ്സിലാക്കി.”  (അധ്യായം 16 -ലേഡി ലിബർട്ടി)


“ഒലിവ് ഷ്രെയ്‌നർ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോളി റാഡ്‌ഫോർഡിന് എഴുതി: എനിക്ക് മനസ്സിൽ തെല്ലും  സംശയമില്ല, അവൾ അവെലിങ്ങിൻ്റെ പുതിയ ചതി കണ്ടാവാം, എല്ലാം അവസാനിപ്പിച്ചുകളഞ്ഞത്.  എൻ്റെ പ്രതിമാസ അവലോകനങ്ങളിലൊന്നിൽ അവളെക്കുറിച്ച് ഒരു ചെറിയ കുറിപ്പ് എഴുതാൻ ഞാൻ ചിന്തിച്ചിരുന്നു.  പക്ഷേ അവനെക്കുറിച്ച് (എഡ്വേർഡ്) സത്യം പറയാൻ കഴിയാത്തതിനാൽ എനിക്ക് അവളെക്കുറിച്ച് എഴുതാൻ കഴിയാതെ പോയി. . അവനെ കുറ്റപ്പെടുത്തുന്നത് അവളെ വേദനിപ്പിക്കുമായിരുന്നു. എലീനോർ മരിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അവൾ അവനിൽ നിന്ന് രക്ഷപ്പെട്ടത് തന്നെ അത്രവലിയൊരു കൃപയാണ്.”  (അധ്യായം 24 - വൈറ്റ് ഡ്രസ് ഇൻ വിൻ്റർ)


“1897 ഓഗസ്റ്റ് മുതൽ 1898 മാർച്ച് വരെ എലീനോർ ഫ്രെഡിക്ക് എഴുതിയ ഒമ്പത് കത്തുകൾ ബേൺസ്റ്റൈൻ പ്രസിദ്ധീകരിച്ചിരുന്നു. എഡ്വേർഡുമായുള്ള അവളുടെ വ്യക്തിജീവിതത്തിലെ പ്രക്ഷുബ്ധമായ സംഭവങ്ങളെക്കുറിച്ചുള്ള കത്തിടപാടുകൾ. ബേൺസ്റ്റൈൻ ഫ്രെഡിയെ പരിചയപ്പെടുത്തുന്നത് 'ഹെലൻ ഡെമുത്തിന്റെ മകൻ' എന്നാണ്.  മാർക്‌സിൻ്റെ മക്കളുടെ രണ്ടാമത്തെ അമ്മയായിരുന്നു അവർ. അവൻ ഒരു ലളിത ജീവിതം നയിക്കുന്ന ഒരു ജോലിക്കാരനാണ്, ജീവിതം വലിയ ദയയൊന്നും കാണിക്കാത്ത ഒരാൾ.  എലീനോർ മാർക്‌സ് അവരുടെ നിയമോപദേശകനായി മാറ്റിവച്ച രേഖകളിൽ അദ്ദേഹത്തിൻ്റെ പേര് ഒരു പ്രധാന സ്ഥാനത്താണ് എന്ന് വിശ്വസിക്കാൻ എനിക്ക് ശക്തമായ കാരണങ്ങളുണ്ട്. അവെലിങ്ങ് സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്ത രേഖകൾ.” 


മധുസൂദൻ. വി


Sunday, May 8, 2022

വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും

സമകാലിക മലയാളം വാരിയിൽ വായിക്കുവാൻ ലിങ്കിവിടെ വിലയ്ക്കപ്പെട്ട കനികാലത്തെ ഓഷോ, ഷീലയും


ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്കാരം.  മനുഷ്യനെ മൃഗങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനിൽ നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്. അതുണ്ടെങ്കിൽ മാനുകൾ മേയാതെ  ചത്തുപോകുമായിരുന്നു. സുഖകരമായൊരു സുരതത്തിലെ രതിമൂർച്ഛപോലെ, മരണത്തെ നമുക്ക് ആസ്വദിക്കാനാവാത്ത
ത് എന്തുകൊണ്ടാവും? ഓഷോയുടെ മരണം ജീവിതത്തിൻ്റെ അന്ത്യമല്ല, മറിച്ച് ജീവിതത്തിൻ്റെ മൂർദ്ധന്യാവസ്ഥയാണ്.  ജീവശാസ്ത്രപരമായി ശ്വാസമുണ്ടെന്നതാവും ജീവിക്കുന്നതിൻ്റെ തെളിവ്.  പലരും ഈ ലോകത്ത് കഴിഞ്ഞുകൂടുമ്പോള്‍ അപൂര്‍വ്വം ചിലരാണ്  ജീവിക്കുന്നത് എന്നു നിരീക്ഷിച്ചിരുന്നു ഓസ്‌കര്‍ വൈല്‍ഡ്‌. ജീവിതത്തെ അതിൻ്റെ പൂർണമായ അർത്ഥത്തിൽ, ഭൂതത്തിനും ഭാവിക്കും വിട്ടുകൊടുക്കാതെ വർത്തമാനത്തിൽ ഉറപ്പിച്ചുനിർത്തുന്ന ഒരാൾക്ക് മരണഭയം ഉണ്ടാവുകയില്ല. അവർക്കത് ജീവിതത്തിൻ്റെ ഉച്ഛസ്ഥായി പ്രാപിക്കലാണ്, അന്തിമമായ ഒരു രതിമൂർച്ഛ. ഓഷോയുടെ അന്വേഷണങ്ങളിൽ  ആത്മീയതയുണ്ട്, ഭൌതികതയുണ്ട്, ഇസ്ലാമുണ്ട്, ഹിന്ദുവുണ്ട്, കമ്മ്യൂണിസമുണ്ട്, പല തത്വചിന്തകളുണ്ട്. ഓഷോയുടെ ആൾവഴികളന്വേഷിച്ചാൽ  നാമെത്തിനിൽക്കുക ഗൂർഡ്ജീഫിലാണ്, റാസ്കൽ സെയിൻ്റ് അഥവ് തെമ്മാടിയായ സന്ന്യാസി എന്നറിയപ്പെട്ട ജോർജ് ഇവാനോവിച്ച് ഗുർഡ്ജീഫിൽ. റഷ്യൻ വിപ്ലവത്തോടെ റഷ്യ വിട്ടു ഫ്രാൻസിലേക്കു മാറിയ മിസ്റ്റിക് ഗുരു. സ്വാഭാവികമായും ഓഷോവിന് ആ സ്വീകാര്യത യൂറോപ്പിലും അമേരിക്കയിലും കിട്ടിയതിന് ഒരു കാരണം അതാവാം. ഓഷോയിലേക്ക്, ഷീലയിലേക്കുമുള്ള ഒരു വായനാനുഭവമാണിത്. 

പ്രതിഭകളുടെ കണ്ണിലെ ഓഷോ, ഷീലയുടെയും

ചിന്തകളുടെ മൌലികത, ലാളിത്യമാർന്ന അതിമനോഹര വാചകങ്ങളിൽ ആറ്റിക്കുറുക്കിയ മൌനം കടഞ്ഞെടുത്ത മൊഴികൾ, മനോഹരമായ കഥകളിലൂടെയുള്ള ആവിഷ്കാരം, വിറ്റും വിസ്ഡവും നിറയുന്ന സംഭാഷണങ്ങളെന്ന പ്രഭാഷണങ്ങൾ. ഓഷോയുടെ ചിന്തകൾ പലതലമുറകളെ മഥിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒത്തുതീർപ്പുകളിൽ ഉഴറാതെ, ആകർഷകമായ ജീവിതം സ്വന്തം ക്ലോക്കിനു കണക്കായി ചിട്ടപ്പെടുത്തി  ജീവിക്കുക പ്രതിഭകൾക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്.   ഓഷോയും ഷീലയും കെട്ടിപ്പടുത്ത ഒരു സാമ്രാജ്യം ഉണ്ടായിരുന്നു.   

മാ ആനന്ദ് ഷീല - വിവാദങ്ങൾ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവൾ, വിവാദങ്ങളുടെ, അഭ്യൂഹങ്ങളുടെ, ഗോസിപ്പുകളുടെയും മറവിലായിപ്പോയ സ്വജീവിതത്തെ അവർ അടയാളപ്പെടുത്തുന്നുണ്ട് ബൈ മൈ ഔൺ റൂൾസ് എന്ന ആത്മകഥയിൽ.  പുസ്തകത്തിൽ ഒരിടത്തും അവർ ഓഷോ എന്നു പറയുന്നില്ല,  ഭഗവാൻ എന്നുമാത്രമാണ് ഉപയോഗിക്കുന്നത്.  1980കളിൽ അവർ ശ്രീ രജനീഷ്, ഓഷോയുടെ  പേഴ്സണൽ സെക്രട്ടറി ആയിരുന്നു, പിന്നീട് ഒറിഗോൺ വാസ്കോ കൗണ്ടിയിലെ രജനീഷ് കമ്മ്യൂൺ മാനേജരും.  ആ യാത്ര അവസാനിച്ചത് അമേരിക്കൻ ജയിലിലാണ്, ശിക്ഷ ഇരുപതു വർഷത്തേക്കു തടവ്, നല്ല നടപ്പിനെ മാനിച്ച് മൂന്നുവർഷത്തെ  ജയിൽ വാസത്തിനു ശേഷം സ്വതന്ത്രയായി. ഓഷോയുമായി, ഓഷോയുടെ അധ്യാപനങ്ങളുമായി നിത്യപ്രണയത്തിലാണ് ഷീല. ഓഷോ പകർന്ന ഊർജ്ജത്തിന് അടിവരയിടുകയാണ് ശേഷാശ്രമ ജീവിതത്തിൽ തൻ്റെ ദൌത്യങ്ങളിലൂടെ ഷീല. എൻ്റെ കഥ എൻ്റെ തന്നെ വാക്കുകളിൽ, എന്ന വിശേഷണത്തോടെയുള്ള ബൈ മൈ ഔൺ റൂൾസ്   തൻ്റേതായ പതിനെട്ട് നിയമങ്ങളുടെ പതിനെട്ട് അധ്യായങ്ങളാണ്.  

വീട്, കുടുംബം എന്നതിൽ നിന്നും മനുഷ്യൻ പതിയെ കമ്മ്യൂണിലേക്ക് മാറുമെന്ന് സ്വപ്നം കണ്ടിരുന്നു ഓഷോ, അതിൻ്റെ ആദിരൂപവുമായിരുന്നു ഓഷോയുടെ പൂനയിലെയും ഒറിഗോണിലെയും കമ്മ്യൂൺ. വേർതിരിവുകളില്ലാതെ എല്ലാവർക്കും തുല്യാവസരങ്ങളുള്ള, മറ്റൊരാൾ തൻ്റേതാവുന്നതല്ല സ്നേഹം, മറിച്ച് പരസ്പരം  അംഗീകരിക്കുന്നതും ഉൾക്കൊള്ളുന്നതുമാണത്  എന്ന തിരിച്ചറിവുള്ള മനുഷ്യരുടെ കമ്മ്യൂണുകളായിരുന്നു ഓഷോയുടെ ദർശനം. ഒരു കമ്യൂൺ എന്നത് സ്വാർത്ഥതയില്ലാത്ത ജീവിതത്തിൻ്റെ,  തുല്യ അവസരത്തിൻ്റെ പ്രഖ്യാപനമാണ്. മാർക്സിൽ നിന്നു വഴിമാറി, സമത്വം അടിച്ചേൽപ്പിക്കുന്നതിനെ ഓഷോ അനുകൂലിക്കുന്നില്ല. കാരണം അത് മാനസികമായി അസാധ്യമായ,  ഓഷോയെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധമായ ഒന്നാണ്. രണ്ടു മനുഷ്യർ കൂടി തുല്യരല്ലാത്ത ലോകത്ത്. സമത്വത്തെ അനുകൂലിക്കാത്തതു പോലെ തന്നെ അസമത്വത്തെയും ഓഷോ അനുകൂലിക്കുന്നില്ല. ഓരോരുത്തർക്കും അവനവൻ ആകുവാനുള്ള തുല്യാവസരമാണ് വേണ്ടത് എന്ന് ഒഷോ. കുടുംബം, വിവാഹം ഇതൊക്കെയും ഇനിയെത്രകാലം എന്നു ലോകം ചർച്ചചെയ്യുമ്പോൾ ഓഷോ വായന തികച്ചും പ്രസക്തവുമാണ്. 

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മൌലികതയുള്ള ചിന്തകനാണ് ഓഷോ,  വ്യക്തമായ കാഴ്ചപ്പാടും നൂതനാശയങ്ങളുമുള്ള മഹാജ്ഞാനി (ഖുഷ്വന്ത് സിംഗ്).

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്ത്വചിന്തകനായി, സന്ന്യാസിയായി, യോഗിയായും ഓഷോ ദീർഘകാലം ഓർമ്മിക്കപ്പെടും ( മൻമോഹൻസിങ്ങ്).

ഓഷോയെപ്പോലുള്ളവർ കാലത്തിനു മുന്നേ നടക്കുന്നവരാണ്. ഇന്നത്തെ യുവാക്കൾ ഓഷോയെ കൂടുതൽ കൂടുതൽ വായിക്കുന്നു എന്നത് നല്ല സൂചനയാണ് (കെ. ആർ. നാരായണൻ).

ഓഷോ ബോധോദയം നേടിയ പ്രതിഭയാണ്, ബോധത്തിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന സകല സാധ്യതകളും ഉപയോഗിച്ച്  മനുഷ്യരാശിയെ  മുന്നോട്ടുനയിക്കുന്നയാൾ (ദലൈലാമ)

ജീവിതത്തിൻ്റെ അവസാനലാപ്പിൽ, ഉള്ളവർക്കും  ഇല്ലാത്തവർക്കും ഒരുപോലെ വേണ്ടിവരിക ഒത്തിരി സ്നേഹമാണ്, ഇത്തിരി കരുതലും.  കൈക്കലാക്കലാണ് സ്നേഹമെന്ന ബോധത്തെ ഓഷോ പൂവിനോടുള്ള സ്നേഹത്തോടാണ് ഉപമിക്കുന്നത്.  മനോഹരമായ പൂവിനെ പറിച്ചെടുക്കുന്നതോടെ നാമതിനെ കൊല്ലുന്നു.  അവിടെ സംഭവിക്കുന്നത് സ്നേഹമെന്ന പേരിൽ കൊലയാണ്. ആ പൂവിൻ്റെ സൌന്ദര്യത്തെ ആസ്വദിക്കലാണ്, അതായി തന്നെ അംഗീകരിക്കലാണ്  സ്നേഹം. അല്ലാതെ അതിൻ്റെ നിലനില്പിൽ നിന്നും പറിച്ചെടുത്ത് തൻ്റേതാക്കുന്നതോടെ പൂവ് മരിക്കുന്നു. ബന്ധങ്ങളും അങ്ങിനെ തന്നെയാണ്. അങ്ങിനെ സ്വാർത്ഥമായ ബന്ധങ്ങളുടെ തടവറയിൽ നിന്നുള്ള മോചനമായിരുന്നു ഓഷോയുടെ കമ്മ്യൂൺ. അതിൻ്റെ ചെറിയ വകഭേദമാണ് ഷീലയുടെ കെയർഹോമുകൾ.   ജീവിതാനുഭവങ്ങൾ പകർന്ന അറിവുകളും ഓഷോയുടെ നിറവുകളും പ്രാവർത്തികമാക്കുകയാണ് ഷീല,  സംഘർഷഭരിതമായ ഒരുകാലത്തെ, വിചാരണകളെയും അതിജീവിച്ച് ഒറ്റപ്പെട്ടുപോകുന്ന വാർദ്ധക്യങ്ങൾക്ക് തണലൊരുക്കുകയാണവർ. സ്വിറ്റ്സർലാൻ്റിൽ നിന്നും വിയറ്റ്നാമിലേക്കും മൌറീഷ്യസിലേക്കും അതു വളരുന്നു. പ്രണയത്തിൻ്റെ, കാമത്തിൻ്റെ, ലൈംഗികസ്വാതന്ത്ര്യത്തിൻ്റെ ഒക്കെയും ബ്രാൻ്റ് അംബാസിഡറായി കാണപ്പെട്ടവൾ സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ആൾരൂപമാണിന്ന്. 

സേവനത്തിന് എന്തുകൊണ്ട് സമ്പന്നമായ സ്വിറ്റ്സർലാൻ്റ് എന്ന ചോദ്യത്തിനുത്തരം തരേണ്ടത് കാലമാണ്. എല്ലാം ഓഷോയിൽ സമർപ്പിക്കുന്ന ഷീലയ്ക്ക് അതിനുത്തരം വേണമെങ്കിൽ ഓഷോയിൽ തന്നെയുണ്ട്.  എന്തുകൊണ്ട് ആശ്രമത്തിലെ കോടാനുകോടികളുടെ ആഡംബരവസ്തുക്കൾ 93 റോൾസ്റോയ്സടക്കം പണമാക്കി ദരിദ്രരുടെ ഉന്നമനത്തിന് ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന് ഓഷോയുടെ മറുപടി പ്രസിദ്ധമായിരുന്നു, ചിന്തിപ്പിക്കുന്നതും. സംസ്കാരം ഉണ്ടായതുമുതൽ മനുഷ്യൻ ദരിദ്രരെ നന്നാക്കുന്നുണ്ട്, അതിന്നും തുടരുന്നുണ്ട്, ദരിദ്രൻ ദരിദ്രനായും. പാവപ്പെട്ട ധനികരെ നന്നാക്കാൻ ആരെങ്കിലും ഇതുവരെ തുനിഞ്ഞിട്ടുണ്ടോ? എന്നെ അങ്ങിനെ കണക്കാക്കിക്കോളൂ എന്നായിരുന്നു ഓഷോയുടെ പ്രതികരണം.  ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ്. സാമ്പത്തികം ഒരു ഘടകം മാത്രമാണ്, ജീവിക്കാൻ വേണ്ടത്. അതെല്ലാമാണെങ്കിൽ എന്നേ ദരിദ്രർ മുഴുവനും ആത്മഹത്യ ചെയ്യുമായിരുന്നു?  

2011ൽ ഷീല ജർമ്മൻ ഭാഷയിലെഴുതി സൂസന്ന ഇംഗ്ലീഷിലേക്ക മൊഴിമാറ്റിയ ‘ഡോൺട് കിൽ ഹിം” എന്ന  പുസ്തകത്തിൽ പറയുന്നുണ്ട്  മഹാന്മാർക്കു പിണയുക മഹാബദ്ധങ്ങളാണെന്ന്. ആത്യന്തികമായി മഹാന്മാരൊക്കെയും മനുഷ്യരാണ്, പ്രപഞ്ചത്തിലെ ജീവജാലങ്ങളിൽ ഒന്നുമാത്രമാണ്.  ആരോപിതമായ കുറ്റങ്ങളുടെ തീവ്രത വച്ച് ഓഷോവിന് 175 വർഷം തടവ് ഉറപ്പായിരുന്നു. ലോകത്തെ സകല നിയമങ്ങളോടും പുച്ഛമായിരുന്ന, തൻ്റേതായ നിയമങ്ങളുടെ കമ്മ്യൂൺ സ്ഥാപിച്ച ഓഷോ പക്ഷേ അപ്രതീക്ഷിതമായി കോടതിയിൽ ഹാജരായി പ്ലീ ബാർഗെയിൻ അഥവാ വ്യവഹാര വിലപേശൽ മുതലാക്കി കേവലം 17 ദിവസത്തെ തടവുമായി രക്ഷപ്പെട്ടതാണ് ചരിത്രം. പക്ഷേ അടച്ച പിഴ അന്ന് 400000 ഡോളറാണ്, അന്നത്തെ 48 ലക്ഷം രൂപ. ഇന്നു മൂല്യം കണക്കാക്കിയാൽ 2 കോടി 98 ലക്ഷത്തിലേറെ. ആലോചിക്കണം, എഴുനുറിലേറെ പേർക്കു വിഷബാധയേറ്റ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ബയോ ടെറർ അറ്റാക്കായിരുന്നു ഷീലയുടെ പേരിലെ കുറ്റം. അങ്ങിനെയൊരു കുറ്റത്തിന് 20വർഷം തടവിനു വിധിക്കപ്പെട്ടവൾ മൂന്നുവർഷം കഴിഞ്ഞു നല്ലനടപ്പിൽ ഇറങ്ങിയെന്നതു വിശ്വസിക്കുക തന്നെ പ്രയാസമാണ്. ഒരേ സമയം ആരാധനയ്ക്കും അധിക്ഷേപത്തിനും പാത്രമായ ഷീലയാവട്ടെ പിന്നീട് നെയ്തെടുത്തത് മറ്റൊരു ജീവിതം. 

അമേരിക്കയിൽ നിന്നും രക്ഷപ്പെട്ട് ആഡംബരത്തിൻ്റെ അവസാനവാക്കായ ഓഷോ ചാർട്ടേഡ് ഫ്ലൈറ്റിൽ ഡൽഹിയിലെത്തിയപ്പോൾ കാത്തുനിന്ന മെഴ്സിഡസ് ബെൻസിൻ്റെ ഡ്രൈവിംഗ് സീറ്റിൽ അന്നത്തെ സൂപ്പർസ്റ്റാർ വിനോദ് ഖന്നയായിരുന്നു.  ഓഷോ പറഞ്ഞത് ട്രസ്റ്റിൻ്റെ കോടികൾ ഷീല അടിച്ചുമാറ്റിയെന്നാണ്.   അതല്ല സത്യമെങ്കിൽ  പെണ്ണിനെ അളക്കുമ്പോൾ ഓഷോയുടെ കോലും മനുവിൻ്റേതു തന്നെയായിപ്പോയതാവണം.  ഇന്ന് ഓഷോയില്ല, റൊണാൾഡ് റീഗണുമില്ല, ബാക്കിയുള്ളത് ഷീലയും കോടതി രേഖകളുമാണ്.  സ്വറ്റ്സർലാൻ്റ് പൌരത്വം ഷീല നേടിയത് ഉർസ് ബേൺസ്റ്റീൽ എന്ന സ്വിസ് പൌരൻ്റെ പങ്കാളിയെന്ന നിലയിലാണ്. ബേൺസ്റ്റീൽ സൂറിച്ച് രജനീഷ് കമ്മ്യൂണിൻ്റെ തലവനായിരുന്നു, പിന്നീട് എയ്ഡ്സ് ബാധിതനായി മരിച്ചു. ഒക്കെയും കൂട്ടിവായിക്കുമ്പോൾ  സ്വിറ്റ്സർലാൻ്റിൽ പൌരത്വമെടുത്ത ഷീലയുടെ ഇന്ത്യയിലേക്കു കയറ്റിവിടപ്പെട്ട  ഓഷോയുടെയും മൊഴികളിൽ പഴികളുണ്ട്, പൊഴികളും. സത്യം വരികൾക്കിടയിലും വരികൾക്കപ്പുറത്തുമായി തിരയുക മാത്രമേ ഇനി മാർഗമുള്ളു. 

വിലക്കപ്പെട്ട കനിയായി ലൈംഗികതയെ മാറ്റിയത് മതങ്ങളാണ്. അതിൻ്റെ വിപണി മൂല്യം അത്രയെറെയായിരുന്നു. പാപത്തിൻ്റെ ഫലം മതങ്ങളെ സംബന്ധിച്ചിടത്തോളം ഭണ്ഡാരവരുമാനമാണ്. പെർമിറ്റടിസ്ഥാനത്തിൽ മാത്രം ലഭ്യമായ ലൈംഗികതയെയാണ്  ഓഷോ തുറന്നുവിട്ടു കളഞ്ഞത്.   അവിടെയും അതിൻ്റെ വിപണിമൂല്യം അത്രമേലായിരുന്നു, ഒറിഗോണിലെ ആശ്രമത്തിലേക്കു വന്നത് നൂറോളം റോൾസ് റോയ്സുകളായിരുന്നു. 

ഓഷോ പ്രണയം കമ്മ്യൂൺ പരിണയം ജയിൽ വിരഹവും

ഓഷോയോടുള്ള  പ്രണയത്തിൽ ഷീല മാമോദീസ മുങ്ങിയത് 1972ൽ.  ആദ്യസമാഗമനിമിഷം മുതൽ  ജീവിതം ഭഗവാൻ എന്ന അച്ചുതണ്ടിനു ചുറ്റുമായി കറങ്ങി എന്നു പറയുന്നിടത്ത് ആ ബന്ധത്തിൻ്റെ ആഴവും പരപ്പും നാമറിയുന്നു.  അനന്തരം നീണ്ട 13 വർഷങ്ങൾ. സെപ്റ്റംബർ 1985ഓടെ ഷീല ഓഷോയോടും കമ്മ്യൂണിനോടും വിടപറയുന്നു.  സ്വന്തം മനസ്സാക്ഷിയെ,  ഹൃദയവികാരങ്ങളെ, മൂല്യങ്ങളെ, പഠിച്ച നല്ലപാഠങ്ങളെ, മുൻനിർത്തി എടുക്കേണ്ടിവന്ന കടുത്ത തീരുമാനമെന്നാണ് അവർ ആ വേർപിരിയലിനെ വിശേഷിപ്പിക്കുന്നത്, പക്ഷേ അന്നും ഇന്നും ഭഗവാൻ മാത്രം എന്നാവർത്തിക്കുന്നുമുണ്ട്.  

സംസ്കാരം, വർഗ്ഗം, മതം, ജാതി, ദേശീയത, ലൈംഗികസ്വത്വം അങ്ങിനെ കാഴ്ചപ്പുറത്തില്ലാത്തതെല്ലാം കൂടി വിഭജിച്ച മനുഷ്യരെ  ചേർത്തുനിർത്തുന്ന ഒരു ബോധത്തെ കടഞ്ഞെടുക്കലായിരുന്നു ഓഷോയുടെ മെഡിറ്റേഷൻ. മെഡിറ്റേഷൻ മനനമാണ്. മൌനത്തിലൂടെ മനത്തെ ഉണർത്തി ആത്മബോധത്തിലേക്ക് ഉയരലാണത്. ഒരുകുറേ ഉപേക്ഷിക്കലുകളല്ല, ദാരിദ്ര്യത്തെ വാഴ്ത്തലല്ല, ലൈംഗികതയുടെ അടിച്ചമർത്തലുമല്ല, മറിച്ച് വിഭജനങ്ങളുടെ വേലിക്കെട്ടുകൾക്ക് അപ്പുറത്തേക്ക് മനുഷ്യൻ സ്വതന്ത്രമാവുന്ന ഒരു കമ്മ്യൂൺ. സ്വതന്ത്രമനുഷ്യർ എങ്ങും വിഹരിക്കുന്നൊരു വ്യവസ്ഥയായിരുന്നു ഓഷോയുടെ സ്വപ്നം.  

ആ സ്വപ്നദൌത്യത്തിൽ ഓഷോയുമായി ചേർന്നൊഴുകിയപ്പോഴാണ് യഥാർത്ഥ സ്നേഹമെന്തെന്ന്, അതിൻ്റെ ആഴവും പരപ്പും ഷീല അറിഞ്ഞത്. ഷീലയുടെ തന്നെ പരിമിതികൾക്കും അപ്പുറത്തേക്കായിരുന്നു ആ പ്രയാണം. ഓഷോയും ഷീലയും ഒരാത്മാവും ഹൃദയവുമായി കമ്മ്യൂണിൽ  കഴിഞ്ഞു. ഓഷോയുടെ മയക്കുമരുന്ന് ഉപയോഗവും ലക്ഷ്വറി കാറുളോടുള്ള പ്രണയവുമാണ് വേർപിരിയുന്നതിലേക്കു നയിച്ചത് എന്നു ഷീല പറയുന്നു. ഓഷോ അതൊക്കെയും നിഷേധിച്ച് ഷീലയെ കുറ്റവാളിയായി തന്നെയാണ് ഒരഭിമുഖത്തിൽ അടയാളപ്പെടുത്തുന്നത്.  ഒരു പരീക്ഷണ ഘട്ടത്തിൽ, പരിത്യക്തരാവുമ്പോഴുള്ള ഏകാന്തതയുടെ അപാരതീരത്താണ് മനുഷ്യൻ്റെ ആത്മവീര്യം  വെളിവാകുക.  ഓഷോ തള്ളിപ്പറഞ്ഞിട്ടും ഷീല ആണയിടുന്നു, മേൽ പ്രതിസന്ധികളുടെ വൈതരണികളിലൊക്കെയും തുഴയായത് ഓഷോ പകർന്ന ഊർജ്ജമാണ്,  ജീവിത പാഠങ്ങളും. 

ലൈംഗികത അടിച്ചമർത്തപ്പെടുമ്പോൾ

സെക്സിനെ പറ്റി പറയുവാൻ എല്ലാവർക്കും എന്തെങ്കിലും ഉണ്ടാവും, വായ തുറക്കാനുള്ള ധൈര്യം മാത്രം ഉണ്ടാവുകയില്ല. സകല മതങ്ങളും സെക്സിനെ  പാപമായി വരവുവെച്ചു, വിപണി മൂല്യം നിശ്ചയിച്ചു.  സ്നേഹത്തെയും കാമത്തെയും നേരിടുവാനുള്ള നാനാതരം നിയമങ്ങളും അണിനിരന്നു. ഉപരിപഠനത്തിനായി ഷീല അമേരിക്കയിലെത്തിയപ്പോൾ അച്ഛൻ സെക്സിനെ പറ്റി മകളെ ബോധവല്ക്കരിക്കുന്നുണ്ട്. പ്രകടിപ്പിക്കേണ്ടതൊക്കെയും  മറച്ചുപിടിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം മകളെ പഠിപ്പിച്ചു.  മറ്റൊരാളോടു തോന്നുന്ന വികാരങ്ങളെ മറച്ചുപിടിക്കുന്നത് ആത്മവഞ്ചന കൂടിയാണെന്നും.  മറ്റൊരാളിലത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, നമ്മൾ സ്വയം വഞ്ചിക്കുകയും ചെയ്യുന്നു.  വേണ്ടത് തുറന്ന സമീപനമാണ്.  അരുത്, വേണ്ട, നോ എന്നുറക്കെ പറയാനുള്ള ധൈര്യവും ബോധവുമുണ്ടാവുക അപ്പോഴാണ്. മറ്റൊരാളോടു തോന്നുന്ന വികാരം പക്ഷേ പ്രകടിപ്പിക്കേണ്ടത് അതീവ ശ്രദ്ധയോടെയാണ്.  വ്യക്തിയെ പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം. ഈ പ്രായത്തിൽ എതിർ ലിംഗത്തിൽ പെട്ടൊരാളോട് തനിക്കു തോന്നിയേക്കാവുന്ന ആകർഷണം സ്വാഭാവികം മാത്രമാണെന്ന് അച്ഛൻ മകളെ പഠിപ്പിച്ചു.  പക്ഷേ ആദ്യം കാണുന്നയാളെ കെട്ടുക എന്നതാവരുത്, ഇഷ്ടം പോലെ സമയമുണ്ട്, ലോകത്ത് ഇഷ്ടം പോലെ മനുഷ്യരുമുണ്ട് എന്നും.  ജീവിതത്തിൽ കണ്ടുമുട്ടുന്നവരെ അറിയുക, പഠിക്കുക, വിലയിരുത്തുക. അവരോടൊപ്പം കറങ്ങാം, ഡേറ്റു ചെയ്യാം, പറ്റുമെന്ന് ഉറപ്പായാൽ മാത്രം അവരുമായുള്ള ശാരീരിക ബന്ധമാവാം, അതിൽ ലജ്ജിക്കേണ്ടതായി ഒന്നുമില്ല.  എന്താണ് തൻ്റെ ലൈംഗിക താല്പര്യം, ആഗ്രഹം എന്നൊക്കെ മനസ്സിലാക്കുക അത്യാവശ്യമാണ്. സ്വാഭാവിക ചോദനകൾ മറച്ചുപിടിക്കേണ്ട ഒന്നല്ല എന്നാണ് അദ്ദേഹം മകളെ പഠിപ്പിച്ചത്.

നിൻ്റെ വികാരങ്ങൾ പോലെ തന്നെ പ്രസക്തമാണ് പങ്കാളിയുടേതും, എപ്പോഴും കണ്ടെത്താൻ ശ്രമിക്കേണ്ടത് തുല്യബഹുമാനം പുലർത്തുന്ന ഒരാളെയാണ്. ഒരിക്കലും നിൻ്റെ സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന ഒരുവനെ സ്വീകരിക്കരുത്, വിശിഷ്യ ലൈംഗിക ബന്ധത്തിനായി എന്ന് അച്ഛൻ മകളെ ബോധവല്ക്കരിക്കുന്നുണ്ട്, അരനൂറ്റാണ്ടുമുന്നേ.  പുരോഗമനവാദികളെന്നു മേനി നടിക്കുന്നവർ കൂടി കെട്ടിനു പൊരുത്തം തേടി ജാതകവുമായി കണിയാനു പിന്നാലെ പായുന്ന നവോത്ഥാന കേരളത്തിലിരുന്നാണ് ഞാനിത് എഴുതുന്നതും താങ്കൾ വായിക്കുന്നതും. 

ലൈംഗികതയെ സഹാനുഭൂതിയായി ഉയർത്തിയ ബുദ്ധഭിക്ഷുവിൻ്റെ കഥ നമ്മെ ശുദ്ധീകരിക്കണം. പലരും കേട്ടതാവാം, പക്ഷേ സാരം വ്യത്യസ്തമാണ്.  ബുദ്ധൻ്റെ രണ്ടു ശിഷ്യർ ഒരു യാത്രകഴിഞ്ഞ് തിരിക്കുന്നു. വഴിമദ്ധ്യേ ചെറിയതെങ്കിലും വലിയ  ഒഴുക്കുള്ള ഒരു പുഴ മുറിച്ചുകടക്കണം. നേരം സന്ധ്യയോടടുക്കുന്നു. വൃദ്ധസന്ന്യാസി മുൻപിലും യുവാവായ ഭിക്ഷു പിന്നിലുമായി നടക്കുന്നു. മുൻപിൽ അതിസുന്ദരിയായൊരു യുവതി പുഴ കടക്കാനാവാതെ പതറി പിൻവാങ്ങി നില്ക്കുന്നു. നീന്താനുമറിയില്ല.  രാവിലെ വരുമ്പോഴുള്ള വെള്ളത്തിൻ്റെ ഇരട്ടിയുണ്ട്, ഒഴുക്കും.  പോരെങ്കിൽ കാട്ടുമൃഗങ്ങൾ ഇറങ്ങുന്നയിടവും.  രണ്ടുപേരെ കണ്ടപ്പോൾ അവൾക്കു സന്തോഷമായി, ജീവൻ തിരിച്ചുകിട്ടിയ സന്തോഷം.  മടിച്ചില്ല, അവൾ അവരോടു സഹായം ചോദിച്ചു.

വൃദ്ധസന്ന്യാസി പറഞ്ഞു,  “ഞാനൊരു സന്ന്യാസിയാണ്, സ്ത്രീയെ നോക്കുകയോ സംസാരിക്കുകയോ പാടില്ല.” 

സ്വന്തം ലൈംഗികനിരപേക്ഷത വിജയിപ്പിച്ച സന്തോഷത്തിൽ അദ്ദേഹം മുന്നോട്ടു നീങ്ങി. പുഴ മുറിച്ചുകടന്ന് അക്കരെയെത്തി, തൻ്റെ ഒപ്പമുള്ള യുവാവിനായി കാത്തുനിന്നു.  

യുവസന്ന്യാസി ആ യുവസുന്ദരിയെ തോളിലേറ്റി പുഴമുറിച്ച് നടന്നുവരുന്നതു കണ്ട് അദ്ദേഹം സ്തബ്ധനായി,  കോപം അതിരുകടന്നു.  

യുവാവ് അവളെ പതിയെ താഴെയിറക്കി,  ശുഭയാത്ര നേർന്നുകൊണ്ട് യാത്രയാക്കി.  

രണ്ടുപേരും ബുദ്ധനരികിലെത്തി.  വൃദ്ധസന്ന്യാസി യുവസന്ന്യാസിയുടെ തോന്ന്യാസത്തെ പറ്റി വാചാലനായി.  പെണ്ണിനെ തൊട്ടതു പോവട്ടെ എന്നു വിചാരിക്കാം, പക്ഷേ തോളത്തെടുത്തതോ?! 

എല്ലാറ്റിനും രണ്ടു ഭാഗമുണ്ട്, ബുദ്ധൻ യുവാവിൻ്റെ ഭാഗം കൂടി കേട്ടു.

ഞാൻ അവളെ സഹായിച്ചില്ലായിരുന്നെങ്കിൽ അവൾ വന്യമൃഗങ്ങൾക്കു ഭക്ഷണമായേനെ. എനിക്ക് സഹാനുഭൂതി തോന്നിയത് അവളുടെ നിസ്സഹായതയോടാണ്. സത്യമാണ്, ഞാനവളെ തോളത്തെടുത്ത്, പുഴ കടത്തി, അവളെ യാത്രയാക്കി.

ബുദ്ധൻ എല്ലാവരോടുമായി പറഞ്ഞു, നോക്കൂ, ഒരു യഥാർത്ഥ സന്ന്യാസി ആരാവണം എന്നയാൾക്ക് നിശ്ചയമുണ്ട്. ലൈംഗികത തനിക്കൊരു ഭാരമാവരുത് എന്ന തിരിച്ചറിവുമുണ്ട്. സ്വന്തം ലൈംഗികതയെ അനുകമ്പയിലേക്ക് ഒഴുക്കി അയാൾ സർഗാത്മകമാക്കിയിരിക്കുന്നു.

സത്യത്തിൽ യുവസന്ന്യാസി തോളിൽ നിന്നും അവളെയിറക്കി യാത്രാമംഗളം നേർന്നു,   അവളെ മറന്നു.  വൃദ്ധനാവട്ടെ മനസ്സിൽ നിന്നും അവളെ ഇറക്കാനുമാവുന്നില്ല. 

യുവതിയുടെ ജീവനെക്കാൾ പ്രധാനം തൻ്റെ ആചാരമാണെന്നു കരുതിയ വൃദ്ധസന്ന്യാസിയുടെ ബോധമില്ലായ്മയല്ല ബുദ്ധൻ. പഴികേട്ടാലും ശരി, അവളെ  തോളിലേറ്റി നദി കടക്കാമെന്നു കരുതിയ യുവ സന്ന്യാസിയാണ് ബുദ്ധൻ, ഒരു ട്രൂ അസെറ്റിക്.

കാലത്തിനു കടന്നുപോയേ പറ്റൂ, കാമനകൾക്കും

ജീവിതത്തിൽ ഒഴിവാക്കാനാവാത്ത നിമിഷങ്ങൾ അനിവാര്യമാണ്, അതുവേണം നമ്മെ വിചാരണചെയ്യുവാൻ.  ഒന്നുകിൽ നമ്മെയത് കടഞ്ഞെടുക്കും, അല്ലെങ്കിൽ കുടഞ്ഞിടും. ഓഷോ ഒരഭിമുഖത്തിൽ ഷീലയുമായുണ്ടായിരുന്ന ബന്ധത്തിൻ്റെ ശവപ്പെട്ടിയ്ക്ക് ആണിയടിച്ച ഒരു വാചകമാണ് She did not prove to be a woman, she proved to be a perfect bitch. അവൾ ഒരു സ്ത്രീയാണെന്ന് തെളിയിച്ചില്ല, പക്ഷേ ഒരു തികഞ്ഞ ഒരു കൊടിച്ചിപ്പട്ടിയാണെന്ന് തെളിയിച്ചു. (കൊടിച്ചിപ്പട്ടി എന്നു മൊഴിമാറ്റുന്നത്  അഭിമുഖത്തിലെ ബാക്കി വരികൾ കൂടി വായിച്ചാണ്). കോടിക്കണക്കിന് കൊള്ളയടിച്ചതായും ഓഷോയുടെ ആരോപണമുണ്ട്. പക്ഷേ സ്വിറ്റ്സർലാൻ്റിലെ കെയർഹോമുകൾക്കു പിന്നിലെ സാമ്പത്തിക സാഹസങ്ങളെ പറ്റി, അത്യധ്വാനത്തെ പറ്റി അവർ വിശദമായി എഴുതിയിട്ടുണ്ട്. ഉപരിയായി, ജ്ഞാനോദയം നേടിയ ഓഷോയിൽ നിന്നും വരേണ്ട ഒരു വാചകവുമല്ലത്. ആഘോഷിക്കപ്പെടുന്ന ജീവിതങ്ങൾ പലപ്പോഴും മഞ്ഞുമലകൾ പോലെയാണ്. സാധാരണ കണ്ണുകളിൽ  മെലയുള്ള മഹത്വം മാത്രമാണ് കാണാനാവുക, ആണ്ടുകിടക്കുന്ന അല്പത്വം കണ്ണിൽപെടുക കപ്പിത്താൻ്റെ സൂക്ഷ്മതയിൽ മാത്രമാണ്. എല്ലാം കാണുന്നവരുടെ കണ്ണുകളെ ആശ്രയിച്ചിരിക്കുന്നൂവെന്ന് ഒരു ഓഷോ കഥയിലൂടെ അവർ ഭംഗിയായി പറയുന്നു.   

ഒരു വൃദ്ധൻ അദ്ദേഹത്തിൻ്റെ ചെറു മകൻ്റെ പതിനെട്ടാം  ജന്മദിനത്തിൽ ഒരു സമ്മാനം നൽകി - ലക്ഷണമൊത്ത ഒരു കുതിര.  നാട്ടുകാർ ഒന്നടങ്കം വൃദ്ധൻ്റെ മഹാമനസ്കതയെ വാഴ്ത്തിപ്പാടി. വൃദ്ധനത് കാര്യമായെടുത്തില്ല, അതൊക്കെ നിശ്ചയിക്കാൻ, വിധിപറയാൻ നമ്മളാര് എന്ന് മാത്രം പറഞ്ഞു.  നിർഭാഗ്യവശാൽ ഒരുനാൾ കുതിര നിയന്ത്രണം വിട്ടോടി യുവാവിന് മാരകമായി പരിക്കേറ്റു, ഒരു കാൽ മുറിക്കേണ്ടിവന്നു.  

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ  പഴി പറഞ്ഞു -  വിവരം കെട്ടവൻ, കാശു കളഞ്ഞു കുതിരയെ വാങ്ങി,  കുട്ടിയുടെ കാലും പോയി.

വൃദ്ധൻ കേട്ട ഭാവം നടിച്ചില്ല.  ഇല്ല വിധി പറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു.  

അപ്പോഴേക്കും രാജാവ് അയൽ രാജ്യവുമായി യുദ്ധം പ്രഖ്യാപിച്ചു എല്ലാ യുവാക്കളെയും സൈന്യത്തിലേക്ക് ചേർത്തു,  വൃദ്ധൻ്റെ ചെറുമകന് സൈന്യത്തിൽ ചേരുവാൻ ആയില്ല. 

നാട്ടുകാർ ഒന്നടങ്കം പയ്യൻ്റെ അവസരം കളഞ്ഞ വൃദ്ധനെ തെറിവിളിച്ചു, വൃദ്ധൻ തിരിച്ചൊന്നും പറഞ്ഞില്ല. വിധിപറയാൻ നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

യുദ്ധം കൊടുമ്പിരിക്കൊണ്ടു, യോദ്ധാക്കൾ കൊല്ലപ്പെട്ടു. നാട് തേങ്ങി,  ആദരാഞ്ജലികളർപ്പിച്ചു.   ദുഃഖമെങ്ങും തളംകെട്ടി. 

നാട്ടുകാർ ഒന്നടങ്കം വൃദ്ധനെ വാഴ്ത്തി -  അദ്ദേഹം ആ കുതിരയെ വാങ്ങിക്കൊടുത്തതു കൊണ്ടാണ്,  അവൻ ഗ്രാമത്തിൽ ബാക്കിയായത്.  

വൃദ്ധൻ അപ്പോഴും ഒന്നും പറഞ്ഞില്ല, വിധി പറയുവാൻ  നമ്മൾ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

ജീവിതത്തെ വരുന്ന വഴി സ്വീകരിക്കുന്നവരാണ്  പ്രതിഭകൾ.  ജീവിതം തടവറകളിൽ ആക്കിയ വ്യവസ്ഥിതിയോടോ കാരണമായവരോടോ പരാതികളില്ലാതെ സ്വന്തം കഴിവുകളിൽ വിശ്വസിച്ച്,  ഉള്ളിലെ ഊർജ്ജപ്രവാഹത്തിൽ തുഴയെറിഞ്ഞ് ജീവിതത്തെ മുന്നോട്ടെടുത്തത്  ഓഷോയറിവുകളാണെന്ന് ഷീല സാക്ഷ്യപ്പെടുത്തുന്നുണ്ട് മറ്റൊരു ഓഷോ കഥയിലൂടെ. ഒരിക്കൽ ബുദ്ധൻ തൻ്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു.  അവർ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികൾ ബുദ്ധനെയും സംഘത്തെയും പൂവുകളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.  അവർ അടുത്ത ഗ്രാമത്തിലേക്ക്  യാത്ര തുടർന്നു.  ആ ഗ്രാമത്തിലെ അന്തേവാസികൾ ബുദ്ധനെ  അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്.  ഒരാൾ ബുദ്ധൻ്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. വൈകുന്നേരം ഒന്നായിരിക്കവേ  ശിഷ്യരിലൊരാൾ അദ്ദേഹത്തോട് ചോദിച്ചു - അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ? 

ബുദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു -  ആദ്യത്തെ ഗ്രാമവാസികൾ അവർക്കുള്ളത് നമുക്കു തന്നു.  രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്,   അവർക്ക് ഉള്ളത് അവരും തന്നു.  

ഒറിഗോണിലെ രജനീഷ് പുരം പതിനായിരം പേർ ജീവിച്ച ഒരു കമ്യൂണായിരുന്നു.   ഇരുപതാം നൂറ്റാണ്ടിൽ ഒറിഗോണിലെ തരിശിടത്ത് എയർസ്ട്രിപ് അടക്കം ഒരു നഗരം പണിതെടുത്ത നേതൃശേഷിയുടെ  രണ്ടാമധ്യായമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ  ഷീല സ്വിറ്റ്സർലൻഡിലും വിയറ്റ്നാമിലും മൌറീഷ്യസിലുമൊക്കെയായി എഴുതിച്ചേർക്കുന്നത്.  ഓഷോയെ ഒരു കാന്തികപ്രഭാവമായി ഷീല കാണുന്നു, ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത. വൈയക്തികമായ വൻവിജയങ്ങൾക്കു ശേഷവും, തങ്ങളുടെ മേഖലകളിലെ വൻ സംഭാവനകൾക്കു ശേഷവും, ലോകത്തിൻ്റെ കണ്ണിൽ  സമ്പന്നരായവർക്കു തോന്നുന്ന ശൂന്യതയ്ക്കുള്ള മറുപടിയായാണ് ഓഷോയെ ഷീല കാണുന്നത്.  സമുദ്രഗവേഷണം ഉപരിതലത്തിലെ തോണിയാത്രയല്ല, അതു കടലാഴങ്ങളിൽ അറിവിൻ്റെ മുത്തും പവിഴവും തേടുന്ന ഒന്നാണ്. അതുപോലെയാണ് അവനവൻ്റെ സത്തയിലേക്കുള്ള അന്വേഷണം. 

കാലത്തിനു മുന്നേ നടക്കുന്നവർ വഴിപിഴച്ചവർ?

ഉഭയസമ്മത പ്രകാരമുള്ള വേഴ്ചകളൊന്നും പാപമല്ല എന്നു നമുക്കിന്നുമറിയില്ല എന്നതിനു തെളിവാണ് അവിഹിതബന്ധമെന്ന പത്രഭാഷ. എന്താണ് വിഹിതം, എന്താണ് അവിഹിതം എന്നതിനെ പറ്റി ബോധമില്ലാത്ത പ്രയോഗമാണത്.   വേണ്ടാത്തവരോട് നോ പറയുവാനും, വേണ്ടപ്പെട്ടവരോടൊപ്പം ജീവിതം ആസ്വദിക്കുവാനും ഷീലയെ പ്രാപ്തയാക്കിയത് സ്വന്തം പിതാവാണ്. അതൊരു ചില്ലറ വിദ്യാഭ്യാസമല്ല.  സ്വാഭാവിക, ഹോമോ, ലെസ്ബിയൻ, ഏതുതരം സെക്ഷ്വൽ ഓറിയൻ്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോർമൽ മാത്രമായിരുന്നു. ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവർ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേർത്തുപിടിച്ചിരുന്നു. 

ലൈംഗികതയെ പാപമാക്കി, ‘വിഹിത’മാക്കിയ ബന്ധങ്ങളെ പാവനമാക്കിയും വരുമാനം കണ്ടെത്തുകയായിരുന്നു മതങ്ങൾ.  ലൈംഗികത പാപമാക്കിയതിൻ്റെ ഇരകളായി, വേട്ടക്കാരായും ആൾദൈവങ്ങളും മതമേലധ്യക്ഷൻമാർ വരെയും നമ്മുടെ മുന്നിലുണ്ട്. സ്ത്രീ ഏതു സമൂഹത്തിലും അടിമയാണ്. അടിമ എന്നും ഇരയാവുക മാത്രമാണ് പതിവ്. ലൈംഗികത ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഒരനുഗ്രഹമാണ്, പക്ഷേ അതൊരു ഭാരമാവുകയാണ് പലർക്കും പലപ്പോഴും. മറച്ചുപിടിക്കേണ്ട ഒന്നല്ല, ആത്മവഞ്ചന നടത്തേണ്ട ഒന്നുമല്ല, നിറഞ്ഞമനസ്സാലെ ആസ്വദിക്കേണ്ട ഒന്നാണത്.  ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നത്.  ലൈംഗികത ശരീരത്തിൻ്റെ ആവശ്യമാണ്.  അത്രമേൽ പുരോഗമനപരമായ വീക്ഷണം പുലർത്തിയത്, തുല്യനീതിയുടെ തുല്യാവസരങ്ങളുടെ  പ്രവാചകനായത്, പരമമായ സ്വാതന്ത്ര്യത്തിൻ്റെ ആൾരൂപമായത്  ഒക്കെത്തന്നെയാവണം ഓഷോവിന് വിനയായതെന്നു തോന്നുന്നു. തത്വശാസ്ത്രങ്ങളും  പൌരാണികമായ അറിവുകളും ഒക്കെ ഓഷോയുടെ കണ്ണിൽ പുതിയ ലോകം രചിക്കുവാനുള്ള അവലംബങ്ങൾ മാത്രമാണ്.  അതിനെ അങ്ങിനെതന്നെ കാണാതെ,  അതുതന്നെ എല്ലാമായി  കാണുമ്പോഴാണ് ലോകം  പലവക ഫാസിസങ്ങളുടെ ഇരയായി മാറുന്നത്.

മധുസൂദൻ. വി

https://ggurdjieff.com/

By My Own Rules: My Story in My Own Words, authored by Ma Anand Sheela
https://oshosearch.net/Convert/Articles_Osho/The_Last_Testament_Volume_3/Osho-The-Last-Testament-Volume-3-00000024.html