Tuesday, September 24, 2024

മണ്ണിനും മനുഷ്യന്തസ്സിനും വേണ്ടി പോരാടുമ്പോൾ : ഗീതാ രാമസ്വാമിയുടെ ഓർമ്മക്കുറിപ്പുകളിലൂടെ

പ്രവിലേജ്ഡ് ആയവരെ സംഘടിപ്പിക്കുക എളുപ്പമാണ്, ലാഭകരമായ ബിസിനസ്സുമാണ്. തുണിയില്ലാത്ത, തുണയില്ലാത്ത, കുടിയില്ലാത്ത പാവങ്ങളെ സംഘടിപ്പിക്കാൻ ആദ്യം അവർ നമ്മളെ വിശ്വസിക്കണം. സർവ്വരാലും ചൂഷണം ചെയ്യപ്പെടുന്നവരുടെ വിശ്വാസം ആർജ്ജിക്കുക തന്നെയും ഒരു സാഹസമാണ്, അവരിൽ ഒരാളായി ജീവിക്കാതെ അത് സാധ്യമാവുകയില്ല. ഇബ്രാഹിം പട്ടണത്തെയും പരിസര പ്രദേശങ്ങളിലെയും അടിച്ചമർത്തപ്പെട്ട ദളിതരുടെ ഊരുകളിൽ ഉള്ളത് കഴിച്ച്, കക്കൂസും കുളിമുറിയും കാണാത്തവർക്കൊപ്പം  കഴിഞ്ഞ വിദ്യാസമ്പന്നയായ ഒരു ബ്രാഹ്മിൺ യുവതിയുടെ അസാധാരണമായ പോരാട്ടത്തിൻ്റെ, ഒരു സമൂഹത്തിൻ്റെ അതിജീവനത്തിൻ്റെ ചരിത്രം കൂടിയാണ് ലാൻ്റ്, ഗൺസ്, കാസ്റ്റ്, വുമൺ - ദി മെമോയെർ ഓഫ് ലാപ്സ്ഡ് റെവല്യൂഷണി. ആലപ്പുഴയിലെ ഹരിപ്പാടുകാരനായ കെ എച്ച് രാമസ്വാമിയുടെയും ലക്ഷ്മിയുടെയും മകൾ ഗീത സ്വയം അടയാളപ്പെടുത്തുന്നത് കാലഹരണപ്പെട്ട ഒരു വിപ്ലവകാരിയായാണ്.

ഏതു മേഖലയിലേക്ക് കടന്നുവരുന്നതിലും പ്രയാസകരമാണ് ഒരു പെൺകുട്ടിക്ക് അടിമുടി വിപ്ലവകാരിയായി ജീവിക്കുവാൻഅണ്ടർഗ്രൌണ്ടിലടക്കം പ്രവർത്തിച്ച നക്സലൈറ്റ് മൂവ്മെൻ്റിൻ്റെ ഭാഗമായ കൌമാരവും യൌവ്വനവുംസംഭവബഹുലമായ ഒരു കാലഘട്ടം വായനക്കാരുടെ കൺമുന്നിൽ പുനർസൃഷ്ടിക്കുകയാണ് എഴുത്താൾ. പേരിന് ഭൂമി പെണ്ണാണെന്ന് നമ്മൾ പറയുമെങ്കിലും സമ്പൂർണമായും ആണധികാരത്തിൻ്റെ ബിംബങ്ങളാണ് ലാൻ്റ്, ഗൺ, കാസ്റ്റ്. ഇതു മൂന്നിൻ്റെയും ഇരയായി ഏറ്റവും ഭീകരമായ ചൂഷണം ഒരു അണക്കെട്ട് പോലെ ഏറ്റുവാങ്ങുന്നത് പെണ്ണാണ്. ആധുനിക സമൂഹത്തിൻ്റെ നെടുന്തൂണുകളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ ഏറ്റവും വലിയ ശത്രു അതെല്ലാം റദ്ദു ചെയ്തുകളയുന്ന ജാതിയാണ്. ഇന്ത്യൻ ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഭംഗിയായി പലതും ചെയ്യാനാവുമെന്ന് സ്വജീവിതം കൊണ്ട് തെളിയിക്കുകയാണ് ഗീത.

വെറുതേ പറഞ്ഞുപോവുകയല്ല, സംഭവങ്ങൾക്കൊപ്പം നിർഭയം പേരുകൾ വിളിച്ചുപറഞ്ഞു തന്നെയാണ് ഗീത പോവുന്നത്. അത്, അവൾ നിങ്ങൾക്കൊക്കെയും കിടന്നുതരുന്നതുകൊണ്ടാണോ നിങ്ങൾ അവളെ അനുസരിക്കുന്നത്, അവളുടെ പണി എങ്ങനെയുണ്ട്, അവൾ എനിക്കും എന്നു തൻ്റെ അനുയായികളോട് ചോദിച്ച മുൻ നെക്സലും പിന്നീട് പോലീസ് ഓഫീസറുമായ സർവ്വേശ്വർ റെഡ്ഡിയുടേതാവാം, ഇന്ദിരാജി കീ ജയ് വിളിക്കാൻ വിസമ്മതിച്ച തൻ്റെ സഖാവിൻ്റെ നാവ് അരയിഞ്ച് മുറിച്ചെടുത്ത വിജയ രാമറാവുവിൻ്റേതാവാം, തന്നോട് ഒരു കളി ചോദിച്ച  മുൻകമ്മ്യൂണിസ്റ്റും വക്കീലുമായ  രാംമോഹൻ റാവുവിൻ്റേതാവാം, കുർമി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്യാൻ ശ്രമിക്കവേ, പ്രദേശവാസികൾ ഒന്നടങ്കം അയാളുടെ കോട്ടവളഞ്ഞ് തല്ലിക്കൊന്ന് കത്തിച്ച  ലക്ഷ്മി നാരായൺ റെഡ്ഡിയുടെതാവാം (മനുഷ്യാവകാശപ്രവർത്തകനും സോഷ്യലിസ്റ്റും ആക്ടിവിസ്റ്റും പിന്നീട് സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ബി സുദർശൻ റെഡ്ഡിയുടെ പിതാവ്). സത്യസന്ധതയാണ്, സുതാര്യതയാണ് ഗീതയുടെ ഓർമ്മക്കുറിപ്പുകളെ അസാധാരാണമായ ഒരു വായനാനുഭവം ആക്കുന്നത്.

അറിവുകളെ റദ്ദുചെയ്യുന്ന അനുഭവങ്ങൾ

രാഷ്ട്രീയവും സാമൂഹികവും ജാതീയവുമായ ദുരവസ്ഥയെ  ലഹളയോ കലാപമോ ഇല്ലാതെ  എങ്ങിനെ മാറ്റിയെടുക്കാനാവും എന്നതിൻ്റെ  ഒരു കേസ്സ്റ്റഡി തന്നെയാണ് ഗീതയുടെ ജീവിതവും ചരിത്രവും. നൂറ്റാണ്ടുകളുടെ ദുരവസ്ഥയിൽ നിന്നും സമൂഹങ്ങളെ ഉയർത്താൻ സമാധാനപൂർണ്ണമായ  ഇടപെടലിന്  സാധ്യമാവുമെന്ന് തെളിയിച്ചതാണ് ഗീതയുടെ ജീവിതം.

എൻ്റെ കുടുംബത്തിന് അടിമത്തൊഴിലാളികൾ ഇല്ലായിരുന്നു. ഞാൻ, പക്ഷേ  സംഘത്തിൻ്റെ പ്രക്ഷോഭത്തിൽ പങ്കാളിയായി. ഗീതാമ്മയുടെ സഹായത്തോടെ, ഗ്രാമത്തിലെ അടിമത്തൊഴിലാളികളെ ഞങ്ങൾ മോചിപ്പിച്ചു, അവരുടെ കടങ്ങൾ തിരിച്ചടക്കില്ലെന്ന് പ്രഖ്യാപിച്ചു, അവർക്ക് കന്നുകാലികളും ഭൂമിയും നേടി. തൊട്ടടുത്ത മടപ്പൂരിലെ വനഭൂമിയിൽ അവകാശം നേടിയെടുക്കാൻ മൂന്ന് വർഷത്തോളമാണ് ഞങ്ങൾ പോരാടിയത്. ഞങ്ങൾ ഉൽപ്പന്നങ്ങളുടെ മേൽ അവകാശം നേടി, മണ്ണിൽ ജോലി ചെയ്തു, ഞങ്ങളുടെ കുടുംബത്തെ പോറ്റാൻ മാസം 400 രൂപ വരുമാനം നേടി. സ്വന്തമായി ഇഷ്ടികകൾ നിർമ്മിച്ച് ഞങ്ങൾ വീടുകൾ പണിതു, കോൺക്രീറ്റ് റോഡും നിർമ്മിച്ചു. കുട്ടികളെ പഠിക്കാൻ ഹോസ്റ്റലുകളിലേക്ക് ഞങ്ങൾ അയച്ചു. ഗീതാമ്മയുടെ പിന്തുണയോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഞാനും രാഷ്ട്രീയത്തിൽ സജീവമായി. സംഘം നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചു.” പേത്തുല ഗ്രാമത്തിലെ തൊഴിലാളി നാഗതി ബാച്ചമ്മയുടെ വാക്കുകളാണിത്.

ഗീതയ്ക്കു മുന്നേയും ഗീതയ്ക്കു ശേഷവും എന്ന് ഒരു നാട് ചരിത്രപരമായി വിഭജിക്കപ്പെട്ടു എന്നു നിരീക്ഷിച്ചത് പുതുതലമുറയിലെ ഒരു വിദ്യാർത്ഥിയാണ്. പലരിലും പല ഗുണങ്ങളുണ്ടാവാം, എല്ലാറ്റിനെയും മാനവികതയുമായി ചേർത്ത് തൻ്റെതായ ഒരു ശൈലിയിലൂടെ ഒരു സമൂഹത്തെ, തലമുറകളായി അതനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പോരാട്ടത്തിൻ്റെ പേരാണ് ഗീത രാമസ്വാമി. ‘ജനങ്ങളെ സേവിക്കുന്ന ഒരു പ്രസ്ഥാനത്തിന് വേണ്ടിയാണ് ഗീത തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചത്എന്ന് നിരീക്ഷിച്ചിട്ടുണ്ട് ഇന്ത്യയുടെ മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രമണവളച്ചുകെട്ടില്ലാത്ത, ഏച്ചുകൂട്ടലിൻ്റെ മുഴച്ചുനില്ക്കലുകളില്ലാത്ത സത്യസന്ധമായ ആവിഷ്കാരം വായന ഒരു തീവ്രാനുഭവമാക്കുന്നുജാതി എന്ന ടൂളുപയോഗിച്ച് ഒരു    ജനതയെ അടിമകളാക്കി, വെള്ളക്കാർ കോളനികളോട്  ചെയ്ത ക്രൂരതകൾ നമ്മൾ നമ്മുടെ ജനതയോട് ചെയ്യുന്നതിന്  തെളിവുകൾ നിരത്തുകയാണ് എഴുത്തുകാരി 

ലക്ഷ്യം  മാർഗത്തെ സാധൂകരിക്കുന്നു എന്ന വിവരക്കേടിനെ, കേന്ദ്രീകൃത ജനാധിപത്യത്തെ, പുറമേ പറയുന്നത് തുല്യതയാണെങ്കിലും ഉള്ളിലെ പവർ ഹയറാർക്കിയെ, നേതാക്കളിലെ ജൻഡർ-ജാത്യാന്ധതയെ, ഇരട്ടത്താപ്പിനെ ഒക്കെയും വിമർശിച്ചാണ് ഗീത 1976- നെക്സലിസം വിട്ടത്ആദ്യം ചണ്ഡിഗണ്ടിൽ, 1977 ഡൽഹിയിലേക്ക്മലം വൃത്തിയാക്കുന്ന ഗാസിയാബാദിലെ ബാൽമീകി സമൂഹമായി കർമ്മമേഖല. കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും മുതിർന്നവർക്ക് ഹിന്ദിയും, മറ്റ് ബോധവല്ക്കരണ പരിപാടികളുമായി ഏറെക്കാലംഏതാണ്ട് മൂന്നരപതിറ്റാണ്ടിന് ശേഷം താൻ പണ്ട് പഠിപ്പിച്ച സമൂഹത്തെ കാണാനായി ഗീത 2021 ഗാസിയാബാദിലേക്ക് പോയി. ഹൃദയഹാരിയാണ് കൂടിക്കാഴ്ചകൾ. 1978 പത്തു-പന്ത്രണ്ടുകാരായിരുന്ന മാലിന്യക്കൂനയിൽ ഇച്ചയാർത്ത  പയ്യൻമാർ ജോഗേന്ദർ അമൃത്സർ എയർപോർട്ട് മാനേജരും ചരൺസിംഗ് നോയിഡയിലെ വക്കീലുമായി. തങ്ങളുടെ സമുദായത്തിൻ്റെ ഉന്നമനം സാദ്ധ്യമാക്കി അപ്രത്യക്ഷയായ ഗീതയെ അന്ധത മൂടാത്ത അകക്കണ്ണുകളിൽ തിരിച്ചറിഞ്ഞ ഗ്യാനി എന്ന തോട്ടി ഒരു 500 രൂപ ഗീതയുടെ കൈയ്യിൽ വച്ചുകൊടുത്തുഞെട്ടിലോടെ അവരത് നിരസിച്ചു. അദ്ദേഹം പറഞ്ഞു - ഞങ്ങളുടെ ജീവിതത്തിന് ഇന്നിത് കഴിയുംദയവായി സ്വീകരിക്കണം. എൻ്റെ സഹോദരി വരുമ്പോൾ ഞാൻ നല്കുന്നതാണിത്. ഇത് നിരസിക്കരുതെന്ന അയാളുടെ അപേക്ഷയ്ക്കു മുന്നിൽ  നിരായുധയായ ഗീത കണ്ണീർ പൊടിഞ്ഞുകൊണ്ട് അതു വാങ്ങിച്ചു. ജോഗേന്ദറും ചരണും ഒക്കെ ഫോണിൽ ബന്ധപ്പെട്ട് കണ്ടുമാത്രമേ പോവാൻ സമ്മതിച്ചുള്ളൂ. ആയൊരു സ്നേഹസംഗമത്തിൻ്റെ വൈകാരികത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വിപ്ലവം കേവലം ഒരു വഴി, ഇന്ന് സമ്പൂർണമായും കാലഹരണപ്പെട്ടത്ലക്ഷക്കണക്കിന് മാർഗങ്ങൾ ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സാധ്യമാണെന്ന തിരിച്ചറിവാണ് വാല്മീകി സമുദായം അവർക്ക് നല്കിയത്. ഇന്ത്യനായ ഒന്നും തന്നെയല്ല, നെക്സലിസവുമല്ല, വാല്മീകി സമുദായത്തെ മാറ്റിമറിച്ചത് അവർ പകർന്ന ഇംഗ്ലീഷ് വിദ്യാഭ്യാസമാണ് 

1980- അവർ ഹൈദരാബാദ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചു, ലോകമെമ്പാടുമുള്ള കുറഞ്ഞ വിലയുള്ള പുസ്തകങ്ങൾക്കും വിവർത്തനങ്ങൾക്കും പേരെടുത്തതാണ് സ്ഥാപനം. ഐഐടി, ഐഐഎം വിദ്യാഭ്യാസമോ, ഐഎഎസോ ഒക്കെയും നേടാമായിരുന്നത്രയും പ്രതിഭാശാലിയായ ഒരാളുടെ സാമൂഹിക പുരോഗതിയും അറിവും ലക്ഷ്യമാക്കിയുള്ള നോൺ-പ്രോഫിറ്റ് സംരംഭമായി അത്. 

ഒരു യാഥാസ്ഥിതിക ബ്രാഹ്മിൺ കുടുംബത്തിലെ അതിസമർത്ഥയും വിദ്യാസമ്പന്നയുമായി അത്യുന്നതങ്ങളിൽ വിരാജിക്കേണ്ട ഒരു പെൺകിട്ടി എന്തുകൊണ്ടാവാം തീവ്ര ഇടത്, നെക്സലൈറ്റ് രാഷ്ട്രീയത്തിലേക്ക്  ആകർഷിക്കപ്പെട്ടത് 

എല്ലാ ജാതികളിലും അടിമകളാണ് സ്ത്രീകളെങ്കിലും, ഏറ്റവും  വൃത്തികെട്ട ആചാരങ്ങളുടെ ലോകമായാണ് തൻ്റെ ജാതിയെ ഗീത കാണുന്നത്ആർത്തവം മുതൽ അതു തുടങ്ങുകയായി, അശുദ്ധിയുടെ പേരിലുളള വിവേചനവും ഒറ്റപ്പെടുത്തലും അകറ്റിനിർത്തലും. ആർത്തവം അശുദ്ധിയായി, പാപമായി ബ്രാഹ്മണ്യം കണ്ടപ്പോൾ അവർ തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ചവർ ആർത്തവത്തെ ആഘോഷിക്കുന്നത് അവൾ മനസ്സിലാക്കി. പടിഞ്ഞാറ് ബ്രാ കത്തിച്ചവരെ വേശ്യകളായി കണ്ടപ്പോൾ ബ്രാ ധരിച്ചവരെ വേശ്യകളായി വരവുവെച്ചതാണ് ബ്രാഹ്മണ്യം. സഹപാഠികളുടെ  ബ്രാ കണ്ട് തനിക്ക് അതു വേണമെന്ന് പറഞ്ഞ മകളോട് അമ്മ പറഞ്ഞത് സ്തനങ്ങൾ മുഴച്ചുകാണിക്കാനായി അതു ധരിക്കുക വേശ്യകളാണെന്നായിരുന്നു. ജീവിതം പകുതി കഴിഞ്ഞതിന് ശേഷമാണ് തൻ്റെ അമ്മയ്ക്ക് ബ്രാ ധരിക്കാൻ ആയതെന്ന് എഴുതുന്നുണ്ടവർ. അങ്ങിനെ സ്ത്രീ ജീവിതത്തിൻ്റെ സമസ്തമേഖലകളിലും പുരുഷൻ കാര്യങ്ങൾ നിശ്ചയിക്കുന്ന ദുരവസ്ഥയുടെ കാലത്ത് ലോകത്ത് ഏറ്റവും പുരോഗമനമായി തോന്നുന്നതിലേക്ക് ഗീത സ്വയം സ്വതന്ത്രയാക്കിയതാവാം. 

ഇന്ത്യയുടെ ഏറെ പരിതാപകരമായ അവസ്ഥയുടെ വേരുകൾ ബ്രാഹ്മണിസത്തിലാണ്. കുലസ്ത്രീകളാവാതെ എല്ലാ അമ്മമാരും ഫെമിനിസ്റ്റുകളായിരുന്നെങ്കിൽ ലോകം  ഏറെ മാറിയേനെ എന്നവൾ ചിന്തിച്ചു. ഇടയ്ക്കുള്ള അച്ഛൻ്റെ സ്ഥലം മാറ്റം മകളെ സ്വതന്ത്രചിന്തയുടെ ബാഹ്യലോകത്തേക്ക് നടത്തികഷ്ടപ്പാടുകളിൽ നിന്നുള്ള മോചനം കാശുകൊണ്ടല്ല, അറിവിലൂടെ മാത്രമേ സാധ്യമാവൂ എന്നവൾ അറിഞ്ഞുസകലരെയും ചൂഷണം ചെയ്ത ബ്രാഹ്മണ്യം അവരുടെ പെണ്ണിനെയും വെറുതെ വിട്ടില്ല. അമ്മയുടെ  സ്കൂൾവിദ്യാഭ്യാസം  സഹോദരൻ ഇല്ലാതാക്കിയത് അവർക്കുണ്ടായിരുന്ന ഒറ്റസെറ്റ് കുപ്പായം കീറിയെറിഞ്ഞാണ്പാരമ്പര്യത്തിൻ്റെ നുകമാണ് കുടുംബജീവിത സന്തോഷത്തെ ഹനിക്കുന്നത്വേണ്ടത് യുക്തിബോധമാണെന്ന് അവൾ മനസ്സിലാക്കുന്നത് സ്വാനുഭവങ്ങളിൽ നിന്നാണ്സോ-കോൾഡ് പാരമ്പര്യമൂല്യങ്ങളാണ് മനുഷ്യബന്ധങ്ങളിലെ പരസ്പര സ്നേഹത്തെയും ബഹുമാനത്തെയും റദ്ദുചെയ്തുകളയുന്നത്. സാമൂഹികമായി ചേർത്തുപിടിക്കലാണ് എങ്ങുമെങ്കിൽ  ബ്രാഹ്മണ്യത്തിൽ അകറ്റിനിർത്തലാണ് രീതി. ഇംഗ്ലീഷ് ഭാഷയെ വിമോചനത്തിൻ്റെ ഭാഷയായി അവൾ കണ്ടു, അതുല്യമാണ് പുസ്തകത്തിൻ്റെ ഭാഷാസൌന്ദര്യം, മനോഹരമായ പദസമ്പത്ത്, ശൈലിയും.   

പുരുഷാധിപത്യം വിവാഹമോചനത്തിന് എതിരാവുന്നത് അതുകണ്ട് മറ്റുള്ള പെൺകുട്ടികൾ പഠിക്കാതിരിക്കാൻ മാത്രമാണെന്ന് ഗീത മനസ്സിലാക്കുന്നത് സഹോദരിയുടെ ദാമ്പത്യത്തിൽ നിന്നുമാണ്. സ്കൂൾതലത്തിലേ പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കലും പിന്നീട് സാമ്പത്തിക സ്വാതന്ത്ര്യം നേടലുമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗം  എന്നുകൂടി അതവളെ പഠിപ്പിക്കുന്നുണ്ട്.   പ്രാവർത്തിമാക്കിയിട്ടുണ്ട് ഗീത അതെല്ലാം നിസാമുദ്ദീനിലെ തോട്ടികളുടെ ഇടയിലും ഇബ്രാഹിംപട്ടണത്തെ മാലയുടെയും മഡിഗയുടെയും കുടികളിലും ചായ്പുകളിലും. തലമുറകളായുള്ള അടിമത്തം നടുവൊടിച്ചവരെ നിവർന്നു നില്ക്കാനും ഓഫീസിൽ കസേല വലിച്ചിട്ട് ഇരിക്കാനും പഠിപ്പിച്ച് അവരിൽ ആത്മവിശ്വാസം നിറയ്ക്കുകയായിരുന്നു ഗീത. തഹസിൽദാർ വരുന്നുണ്ടെന്ന് കേട്ടാൽ ഭയന്ന് ഓടിപ്പോവുന്നവരെ, അയാൾക്കുമുന്നിൽ ഇരിക്കാൻ പ്രാപ്തരാക്കുന്നതിലും വലിയ വിപ്ലവം മറ്റെന്താണ്? അതിൻ്റെ ചരിത്രം പറയുന്ന ഒരു സൃഷ്ടി വായിക്കുക നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്. 

വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ, നിരാശകൾ.

എല്ലാ അസമത്വങ്ങളും അനീതികളും നോർമലൈസ് ചെയ്യപ്പെടുമ്പോൾ സമൂഹം അതിനെ സൂര്യോദയവും അസ്തമയവും പോലെ ഒരു സാധാരണ പ്രതിഭാസമായി കാണും, അല്ലെങ്കിൽ അതവരുടെ വിധിയായി കാണും. നമ്മുടെ ടൂൾ ജനാധിപത്യപരമല്ലെങ്കിൽ, നിഗൂഢമായ വഴികളാണ് എങ്കിൽ എല്ലാ സാധ്യതയും അതൊരു ദൂഷിതവലയമായി അധപ്പതിക്കുവാനാണ്, ഒരുകൂട്ടം അഴിമതിക്കാരെയും കൊള്ളക്കാരെയുമാണ് അത് സൃഷ്ടിക്കുക.

സെമി ഫ്യൂഡലിസം, സെമി കൊളോണിയലിസം, കോംപ്രഡോർ ബൂർഷ്വാസി എന്നീ മൂന്നു മലകളിൽ തട്ടിയാണ് പ്രധാന വിഷയങ്ങളിലുള്ള പല ഡിബേറ്റുകളും വഴിമുട്ടിയതെന്ന് ഗീത വിമർശിക്കുന്നുഇതൊന്നും സാധാരണക്കാരുടെ വിഷയങ്ങളല്ല. എളുപ്പം  പരിഹരിക്കാനാവുന്ന വിഷയങ്ങളെ അതിന് തുനിയാതെ, വോട്ടുബാങ്ക് രാഷ്ട്രീയം പയറ്റിയ ഇടത് രാഷ്ട്രീയത്തെ, മാവോയിസത്തെ ഒക്കെയും അവർ നോക്കിക്കാണുന്നത് സ്വാനുഭവങ്ങളുടെ കൊടുമുടിയിൽ  നിന്നാണ്തൊട്ടുകൂടാത്തവരായ മാലരുടെയും മഡിഗരുടെയും കുർമികളുടെയും കുടികളിൽ കുടിയിരുന്നാണ്, സകല ബന്ധങ്ങളും അവരുടെ ഉന്നമനത്തിനായി ഉപയോഗിച്ചാണ് അവർ ചരിത്രം സൃഷ്ടിച്ചത്.

ചന്ദ്രപുല്ലറെഡ്ഡിയുടെ സിപിഐഎംഎൽ ഗീത അംഗത്വം നേടുന്നത് 1973ലാണ്. ടൌസറിൽ നിന്നും സാരിയിലേക്ക്. എഴുത്തിലും കർണാട്ടിക് സംഗീതത്തിലുമുള്ള സ്വാധീനം ഗീതയെ പാർട്ടിയുടെ സാംസ്കാരിക മുഖമാക്കിഒസ്മാനിയയുടെ ഹൈദരാബാദ് കാമ്പസിലെ പത്തുപേരിൽ നിന്നും നൂറുകണക്കിന് പ്രവർത്തകരിലേക്ക് പ്രസ്ഥാനം സംസ്ഥാനവ്യാപകമായി വളർന്നു, പ്രക്ഷോഭങ്ങളും. സമ്പർക്കത്തിലൂടെ രോഗം പകരുന്ന പോലെയാണ് വ്യക്തികളിൽ മുൻപില്ലാത്ത ഗുണങ്ങൾ സംഘടനയിലൂടെ പകരേണ്ടത്പാരമ്പര്യത്തിൻ്റെ പുറ്റ് പൊടിച്ചുകളയാതെ പുരോഗമനം സാധ്യമല്ലെന്ന തിരിച്ചറിവായിരുന്നു കലാലയ സമ്പാദ്യം, നെക്സലിസത്തിൻ്റെയും. പ്രണയമാണോ സിറിലുമായുള്ള വിവാഹത്തിലേക്ക് നയിച്ചത് എന്നതിൽ  രണ്ടുപേർക്കും സംശയമായിരുന്നു. വിപ്ലവജീവിതത്തിൽ അനുയോജ്യരായ രണ്ടു പങ്കാളികളുടെ ഒത്തുചേരലായി മാത്രം അവരത് കണ്ടു. സംഘടനയ്ക്കുള്ളിലെ വിവാഹം ആൺപെൺ തുല്യതയുടെ ഒരു കളമൊരുക്കി. സമ്പൂർണജീവിത സ്വാതന്ത്യം ആൺകൂട്ടങ്ങൾ ആഘോഷിച്ചപ്പോൾ അതേ വിപ്ലവകാരികളുടെ സഹോദരിമാരുടെ കാര്യത്തിൽ സ്വാതന്ത്ര്യം ബാധകമായിരുന്നില്ലെന്ന് ഗീത നിരീക്ഷിക്കുന്നുണ്ട്സ്വയം ലവലേശം മാറാതെ ഇടതായി തുടരാമെന്നത് ഒരു വല്ലാത്ത ലക്ഷ്വറിയാണ്, പുതിയ ബ്രാഹ്മണർ ബോധം മാത്രം മാറ്റാതെ ബീഫ് കഴിച്ച് വിപ്ലവകാരികളായി നിലയുറപ്പിച്ചു. അവർക്കൊരു ബ്രാഹ്മിൺ പങ്കാളിയെ തന്നെ എടുക്കുകയുമാവാം. 

അംബേദ്കറുടെ ഏറ്റവും വലിയ സംഭാവന ക്ലാസ് അല്ല കാസ്റ്റ് ആണ്, ഇന്ത്യയുടെ മുഖ്യ ആശങ്ക എന്നു സ്ഥാപിക്കുകയായിരുന്നു. എല്ലാറ്റിനും കാരണമായി കമ്മ്യൂണിസ്റ്റുകാർ വിലയിരുത്തിയ ക്ലാസിനെയും ബാക്കി ജാർഗണുകളെയും നിർവീര്യമാക്കുന്ന വാദമായി അത്എസ് ഡി പി പോലുള്ള തീവ്രവാദ സംഘടനകൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നുഴഞ്ഞുകയറിയതായി ഇന്ന് ആരോപിക്കപ്പെടുന്നതുപോലെ പണ്ട് ബ്രാഹ്മണനിസ്റ്റുകൾ ഹൈദരാബാദ് ആസ്ഥാനമാക്കിയ വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലടക്കം ആധിപത്യം സ്ഥാപിച്ചു. വനിതാവിഭാഗവും മറ്റു യൂണിയനുകളും  രൂപീകരിച്ചതുപോലെ എന്തുകൊണ്ട് ഒരു പ്രത്യേക ദളിത് വിങ്ങ് പാർട്ടി രൂപീകരിക്കുന്നില്ലെന്ന ചോദ്യം 1970കളിൽ ഉയർന്നു. കാച്ച് ദം യങ്ങ് എന്ന് കോർപ്പറേറ്റ് പോളിസി തന്നെയായിരുന്നു കമ്മ്യൂണിസ്റ്റുപാർട്ടികളുടെ കാമ്പസ് റിക്രൂട്ട്മെൻ്റ് നയവും. ആകൃഷ്ടരായി പോയവർ ഏറെയും പക്ഷേ കൊഴിഞ്ഞുപോയി. വാക്ക് തെക്കോട്ടും പ്രവൃത്തി വടക്കോട്ടും പോവുന്നതു കണ്ടുണ്ടായ  നിരാശയിൽ പലരും തകർന്നു, ചിലർ വീണുപോയി. വിപ്ലവം കാളവണ്ടിക്ക് മുന്നിൽ കെട്ടിയ പുല്ലാണെന്ന്, അതൊരു മോഹിപ്പിക്കുന്ന മരീചിക മാത്രമാണെന്ന്  തിരിച്ചറിഞ്ഞവർ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മാറി, പട്ടോല ഇന്ദ്രറെഡ്ഡിയെ പോലുള്ളവർ ടിഡിപിയിലേക്ക് ചേർന്നു 

നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടവരുമായി അകലെനിന്ന് അടുക്കുക സാധ്യമല്ല, വൈകാരികമായി അടുക്കണം. മാറ്റങ്ങൾ അങ്ങിനെയുള്ളവർ ഉണ്ടാക്കിയപ്പോൾ, മാറ്റത്തിൻ്റെ ക്രഡിറ്റും സ്വന്തം വകയിൽ വരവുവെയ്ക്കാൻ  മത്സരിച്ചവരായിരുന്നു പലരുംനെക്സൽബാരി സിന്ദാബാദ്, ചൈനാ ചെയർമാൻ നമ്മുടെ ചെയർമാൻ, അധികാരം തോക്കിൽകുഴലിലൂടെ മുദ്രാവാക്യങ്ങൾ പുളിവെള്ളം ആവശ്യവും മുളകുബജ്ജി ആഡംബരവുമായ ഒരു ജനതയുമായി ഏതുവിധത്തിലാണ് വൈകാരികമായി സംവദിക്കുന്നതെന്ന  ചിന്ത ഗീതയെപ്പോലെയുള്ളവരെ ഉലച്ചു. സ്വയം മാറാത്ത ഒരാൾക്ക് മറ്റൊരാളെ മാറ്റുക സാധ്യമല്ല. അതുകൊണ്ടാണ്, പാരമ്പര്യത്തിന് മുകളിൽ ഒരുപിടി പച്ചമണ്ണ് വാരിയിട്ട്  മാറി ജീവിക്കുന്നവരെ സുരക്ഷിത സമൂഹം എന്നും എവിടെയും  ഭയക്കുന്നത്. 

സെമി ഫ്യൂഡലിസം, കൊളോണിയലിസം, കോംപ്രഡോർ ബൂർഷ്വാസി എന്നീ മുന്നു പ്രശ്നമലകൾ കീഴടക്കിയാൽ എല്ലാം ശരിയാവുമെന്നു കരുതിയവർക്ക് ദളിത്പെണ്ണിനെ ബലാൽസംഗം ചെയ്ത റെഡ്ഡിയും  സ്ത്രീധന കൊലകളും ദളിത് കൂട്ടക്കൊലകളുമൊന്നും വിഷയമായില്ല. പാർട്ടിനേതാക്കൾക്ക് അധീനതയിലുള്ള പ്രദേശത്തെ പറ്റിയോ ഭൂമിശാസ്ത്രത്തെ പറ്റിയോ ഒരു വിവരവും ഉണ്ടായിരുന്നില്ല, ഒളിവുജീവിതത്തിൽ പിടിക്കപ്പെടും എന്ന അവസ്ഥയുണ്ടായപ്പോൾ വനപ്രദേശം പൂർണമായും പാർട്ടി നിയന്ത്രണത്തിലാണെന്നും അങ്ങോട്ടേക്ക് മാറിക്കൊള്ളാനും കാഡറിന് നിർദ്ദേശം കൊടുത്തു കൊലയ്ക്കു കൊടുത്തവരാണ് നേതാക്കൾ. പ്രദേശങ്ങൾ മോചിപ്പിച്ചെന്നും എല്ലാം തങ്ങളുടെ കീഴിലാണെന്നതും  അവരുടെ മാത്രം അവകാശവാദമായിരുന്നു. പാർട്ടി അടിയന്തിരാവസ്ഥയോട് യുദ്ധം ചെയ്യുന്നതായ തോന്നൽ പുറത്തുള്ളപ്പോൾ അകത്ത് കാഡർ നേതാക്കൾക്കെതിരെ തിരിയുകയായിരുന്നു. ഭരണകൂടം മികച്ച നേതാക്കളെ എൻകൌണ്ടറുകളിൽ തീർത്ത് മോശക്കാരായവരെ വളരാൻ വിട്ടു. അവർ പ്രസ്ഥാനത്തെ തീർത്തു. യാഥാർത്ഥ്യബോധവുമായി ബന്ധമില്ലാത്ത നിലപാടുകളും അടിസ്ഥാനവർഗവുമായി ബന്ധമില്ലാത്ത നേതാക്കളും നശിപ്പിച്ചതാണ് ഇടതിൻ്റെ ഇന്ത്യയിലെ സ്വാധീനം. നെക്സലിസത്തെ നശിപ്പിച്ചത് നേതാക്കളുടെ ആഡംബരജീവിതമായിരുന്നു എന്ന് ഗീത. 

കേന്ദ്രീകൃത ജനാധിപത്യം ഇല്ലാതാക്കിയത് വാഗ്വാദങ്ങളും ചർച്ചകളുമാണ്. സർവ്വസജ്ജമായ ഒരു രാജ്യത്ത് സായുധപ്പോരാട്ടം കലാശിക്കുക വ്യക്തികൾക്കെതിരെയുള്ള അക്രമങ്ങളായാവും. കലാപങ്ങളുടെ ആദ്യ ഇരകളാവുക മഹാദരിദ്രരും. സിപിഐഎംഎൽ പ്രസ്ഥാനങ്ങളുടെ കലാപം ഭരണകൂട ഭീകരതയെ ക്ഷണിച്ചുവരുത്തി. ആവശ്യകതയെക്കാൾ തങ്ങളുടെ സ്വാധീനം  വിളിച്ചറിയിക്കുവാനുള്ള പ്രസ്താവനകളായിരുന്നു നെക്സലൈറ്റുകളുടെ കലാപങ്ങൾ. ജനാധിപത്യത്തിൻ്റെ ജീവരക്തം പൊതുസമൂഹമാണ്ഗീതയെപ്പോലുള്ളവർ പോലീസിനും ഒടുവിൽ അവർക്കെതിരായ പാർട്ടിക്കുമിടയിലായി. ബന്ധങ്ങളുടെ പുറത്തേക്കുള്ള പാലങ്ങളൊക്കെയും തകർത്തത്  വിനയായിസഹോദരൻ്റെ ചോരക്ക് പകരം ചോദിക്കാനുള്ള പ്രതിജ്ഞയുമായി നില്ക്കുന്ന സിറിളും നിരാശനായി. പാർട്ടിവിട്ട് പോവുന്നതും കൂടുതൽ ബാധിക്കുക സ്ത്രീകളെയാണ്. കാരണം തിരിച്ചുപോവാനുള്ള ബന്ധങ്ങളുടെ പാലങ്ങളൊക്കെ തകർത്തായിരിക്കാം അവർ കടന്നുവന്നത്. ആത്മഹത്യയെ കുറിച്ച് ചിന്തിച്ച ഡിപ്രഷൻ്റെ നാളുകളെ പറ്റി ഗീത പറയുന്നുണ്ട്ആണിന് പഴയ ജീവിതവ്യവഹാരങ്ങളിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമാണ്, ചാരായം വിറ്റും ജീവിക്കാം. പെണ്ണിന് സ്വന്തം വീടുപോലും തിരിച്ചുചെല്ലാൻ പറ്റാത്തിടമാവും. പേരും വ്യക്തിത്വവും ബന്ധങ്ങൾ പോലും പ്രസ്ഥാനത്തിനു വേണ്ടി മാറ്റിവച്ചവരുടെ ഒറ്റപ്പെടൽ ഭീകരമാണ്. 

ബന്ധങ്ങൾ സൌഹൃദങ്ങൾ കൂട്ടായ്മകൾ

വനിതാവിമോചന പ്രസ്ഥാനങ്ങളുടെ നാളുകളായിരുന്നു 1970കൾആജീവനാന്തം കമ്മ്യൂണിസ്റ്റായ സി കെ നാരായൺ റെഡ്ഡിസിവിൽ സർവ്വൻ്റും പല നിയമ നിർമ്മാണങ്ങളുടെയും പിന്നിലെ ബ്രെയിനുമായ എസ് ആർ ശങ്കരൻ, സോഷ്യലിസ്റ്റും പണ്ഡിതനും പുസ്തകപ്രേമിയുമായ എൻ.വി രാജ റെഡ്ഡി, സീനിയർ ലോയർ സി പദ്മനാഭ റെഡ്ഡി, ദളിത് ആക്ടിവിസ്റ്റും സീനിയർ ലോയറുമായ ബോജ്ജ തരകം, കലാലയത്തിൽ എബിവിപിക്കാർ കൊലചെയ്ത ജോർജ്ജ് റെഡ്ഡിയുടെ അനുജനും  പിന്നീട് ഗീതയുടെ ജീവിതപങ്കാളിയായ സിറിൽ റെഡ്ഡി. അസാധാരണരായ വ്യക്തികളുമായുള്ള ഗാഢബന്ധമാണ് ഗീതയിലെ ആക്ടിവിസ്റ്റിനെ രൂപപ്പെടുത്തുന്നത്വ്യക്തിയുടെ കരുത്ത് കാമ്പുള്ള ബന്ധങ്ങളിലാണെന്ന് പുസ്തകത്തിലെ ഓരോ അധ്യായവും നമ്മളോട് പറയുന്നുണ്ട്. ഓരോ ദൌത്യത്തിൻ്റെ വിജയവും വലിയൊരു കൂട്ടായ്മയുടെ വിജയമാണ്. അവരത് തൻ്റേതാക്കുന്നില്ല 

ലോകത്തെ എല്ലാ മാറ്റങ്ങളും ആദ്യം പ്രതിഫലിക്കുക കാമ്പസുകളിലാവും. ഭാവി അഭ്യാസങ്ങളുടെ കളരികളാവും നല്ല കാമ്പസുകൾ. കലാലയ ഫെമിനിസ്റ്റ് അനുഭവപാഠങ്ങൾ ഗീത പ്രാവർത്തികമാക്കിയത് ഇബ്രാഹിംപട്ടണത്തെ ദളിത് കോളനികളിലാണ്. നിസ്സഹായരായ സ്ത്രീകളെ അവരുടെ അവകാശങ്ങളെ പറ്റി ബോധവതികളാക്കി. കാംബ്രിഡ്ജ് വിദ്യാഭ്യാസം നേടി ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ, പിന്നീട് കമ്മ്യൂണിസ്റ്റായ മോഹിത് സെന്നിനെ വിവാഹം കഴിച്ച വനജ അയ്യങ്കാർ, 1970 കളിൽ സ്ലീവ്ലെസ് ബ്ലൌസ് അണിഞ്ഞ്, തൻ്റെ സ്കൂട്ടറിൽ സഞ്ചരിച്ച ഫെമിനിസ്റ്റ് ഡോക്ടർ വനജ ശത്രുഘ്ന തുടങ്ങിയവരുമായുള്ള സൌഹൃദം. അടിയന്തിരാവസ്ഥയും അണ്ടർഗ്രൌണ്ട് രാഷ്ട്രീയ പ്രവർത്തനവും യാതൊരു ബോധവുമില്ലാത്ത നേതാക്കളെയും കണ്ടു മടുത്താണ് ഗീതയും സിറിലും കർമ്മമേഖലയെ മാറ്റിപ്പിടിക്കുന്നത്, ദൽഹിയിലേക്ക് വണ്ടി കയറുന്നതും. അവിടെയും സിറിലിൻ്റെ ഐഎഎസ് സഹോദരനും പങ്കാളിയും ഒക്കെ അവർക്ക് താങ്ങാവുന്നുണ്ട്. 

കാത്തുസൂക്ഷിക്കുന്ന ബന്ധങ്ങൾ, ഭാഗമാവുന്ന സ്ഥാപനങ്ങൾ, സാക്ഷ്യം വഹിക്കുന്ന ചില അപൂർവ്വ  നിമിഷങ്ങളുമൊക്കെയാണ് ഭാവിയിലെ  നമ്മെ രൂപപ്പെടുത്തുക. അങ്ങിനെ ഒട്ടനവധി ജീനിയസ്സുകളുടെ ജീവിതത്തിൽ ഗീതയുടെയും മറിച്ചുമുള്ള സ്വാധീനമാവാം ഇങ്ങിനെയൊരു ഐതിഹാസിക ജീവിതം ജീവിക്കാൻ അവരെ പ്രാപ്തയാക്കിയത്പാർട്ടി സാംസ്കാരികമുഖമായി അവതരിപ്പിച്ച ഗീത ആളുകളെ നാലുവരിയിലൂടെ  പുതിയ ബോധത്തിലേക്ക് നടനമാടിക്കുന്ന ഗദ്ദർ എന്ന പവർഹൌസിനെ കണ്ട് വിസ്മയഭരിതയാവുന്നുണ്ട്കുലീനമായ ഭാഷ ഒരിക്കലും ഇഴയുന്നവരിലേക്കുള്ള പാലമാവുകയില്ല. സമാന ജീവിതത്തിലൂടെ വൈകാരികമായി കണക്ട് ചെയ്യണം എന്ന് ഗദ്ദറിൽ നിന്നും അവരറിഞ്ഞു. ഗാന്ധി കോട്ടഴിച്ചത് ഉടുതുണിയില്ലാത്തവരെ ചേർത്തുനിർത്താനാണ്, ബാബാസാഹേബ് കോട്ടിട്ടത് സ്വന്തംവസ്ത്രത്തിന് പോലും അധികാരമില്ലാത്ത തൻ്റെ കൂട്ടരുടെ ആത്മാഭിമാനം ഉയർത്തുവാനാണ്. പാഞ്ച മാറ്റി ട്രൌസറണിയാൻ തുടങ്ങിയ അടിമത്തൊഴിലാളികളുടെ അന്തസ്സ് ഉയർന്നത് ഗീത കണ്ടു. സ്വദേശിയായ പാഞ്ച അടിമത്തത്തിൻ്റെ വസ്ത്രവും വിദേശിയായ ട്രൌസർ വിമോചനത്തിൻ്റെ വസ്ത്രവുമാവുന്നുണ്ട്പഴയ അടിമത്തത്തിൻ്റെ ഇംഗ്ലീഷ് പുതിയ വിമോചനത്തിൻ്റെ ഭാഷയാവുന്നതു പോലെ. 

ഏറെ സംസാരിക്കുകയും കുറച്ചു കേൾക്കുകയും സർവ്വജ്ഞാനികളെന്ന് നടിക്കുകയും ചെയ്യുന്നവർക്കിടയിൽ ഇരട്ടത്താപ്പില്ലാത്ത, ഉന്നതധാർമ്മികബോധം പുലർത്തിയ അസാധാരണ കമ്മ്യൂണിസ്റ്റായ സി കെ നാരായൺ റെഡ്ഡിയെ ഗീത അടയാളപ്പെടുത്തുന്നുണ്ട്. ഗീതയുടെ ഹൈദരാബാദ് ബുക് ട്രസ്റ്റ് രൂപീകരണവും തുടർന്നുള്ള വിവർത്തന-പ്രസിദ്ധീകരണ വിപ്ലവവും ഏറെ ആദരവോടെ മാത്രം വായിക്കാനാവുന്ന ഭാഗങ്ങളാണ്. എല്ലാവർക്കും ഒരേ ശമ്പളവുമായി ഒരു സ്ഥാപനംകവികൾ, വിവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രൊഫസർമാർ, നിയമജ്ഞർ, സാസ്കാരിക നായകർ, സകലമേഖലകളിലെയും പ്രതിഭാശാലികളുമായി തുഴഞ്ഞ ഒരു സംരംഭം, ശൂന്യതയിൽ നിന്നെന്നപോൽ ഒരു സൃഷ്ടിയായിരുന്നു എച്ച്ബിടിഒരു ജോലിക്ക് ഒരു വൈകാരിക അടിത്തറ വേണമെന്നും, എച്ച് ബിടി തനിക്ക് അതാണെന്നും ഗീത എഴുതി. 

സ്ത്രീത്വത്തിൻ്റെ അവസ്ഥയും മുന്നേറ്റങ്ങളുടെ ചരിത്രവും

അടിയന്തിരാവസ്ഥയിലെ ഒളിവുജീവിതമാണ് ഇല്ലായ്മ നേരിൽ അനുഭവിക്കാൻ ഗീതയ്ക്ക് അവസരമൊരുക്കിയത്. ഒരുമുറി വീട്ടിൽ ഒരു കുടുംബത്തോടൊപ്പം അന്തിയുറങ്ങിയ നാളുകൾ, പുളിവെള്ളം ആവശ്യവും വല്ലപ്പോഴും ഒരു മുളക് ബജ്ജി ആഡംബരവുമായ ഒരു ചാള. അവിടെ വച്ച് ഒരു മൂളിപ്പാട്ടുമായി നീങ്ങുന്ന ഗീതയോട് വീട്ടുകാരി പറഞ്ഞത് അത് അപകടമാണെന്നാണ്. മൂളിപ്പാട്ട് പാടുന്ന പെണ്ണ്  വേശ്യയാണ് നാട്ടിൽ. അവളെ ആർക്കും ഭോഗിക്കാം. അന്നുവരെ കണ്ട ലോകത്തിൻ്റെ അവസാനമായി അത് ഗീതക്ക്. 

യുവാക്കൾ ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ തെരുവിൽ നേരിട്ടപ്പോൾ യുവതികൾ കുടുംബത്തിലെ അടിയന്തിരാവസ്ഥയ്ക്കെതിരെ നൂറ്റാണ്ടുകളായി പോരാടിയത് കാരണമാണ് പൊതുവിടങ്ങളിൽ അല്പമെങ്കിലും പെൺസാന്നിദ്ധ്യം ഇന്ന് കാണുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിന് ചുറ്റുമായുള്ള ഓർമ്മകൾ മാത്രമാണ് നമ്മുടേത്. വീട്ടുകാർ അമ്മയ്ക്ക് സുഖമില്ലെന്നൊരു കളവിലൂടെ ഗീതയെ വിളിച്ചു വരുത്തി നെക്സലിസം എന്ന മാനസിക രോഗത്തിന് ബലമായി ഷോക് ചികില്സ നടത്തി.   നെക്സലിസത്തെ മാനസികരോഗമായി പ്രഖ്യാപിച്ച് എത്രയോ പേരുടെ മാനസികാരോഗ്യം ഷോക് ചികിത്സയിലൂടെ തകർത്തുകളഞ്ഞ ആളായിരുന്നു സൈക്കാട്രിസ്റ്റ് രാമറാവു. മനുവിൽ അലിഞ്ഞുചേർന്ന ആചാരവിചാരങ്ങളുടെ ഇന്ത്യയിൽ  സൈക്കാട്രിസ്റ്റുകളും ഫണറ്റിക് ആവുക സ്വാഭാവികമാണ്. 

ആണിൻ്റെ ജയിൽ ചാട്ടത്തെക്കാൾ ദുഷ്കരമാണ് പെണ്ണിൻ്റെ വീടുചാട്ടം. അങ്ങിനെയൊരു വീടുചാട്ടം നടത്തിയെങ്കിലും പിടിക്കപ്പെട്ട ഗീത വീണ്ടും വീട്ടു തടങ്കലിലായി. ഒടുവിൽ ഷോക്ക് ചികിത്സയിൽ നെക്സ്ലൈറ്റ് രോഗം ഭേദപ്പെട്ടെന്ന് കരുതി വീട്ടുകാർ ഒന്നയഞ്ഞപ്പോഴാണ്  ഗീത വീണ്ടും വീടുചാടുന്നത്. വിവാഹം കഴിക്കാൻ തീരുമാനിച്ച സിറിലിനെ തിരിച്ചറിയാൻ കഴിയാത്തവിധം അവളുടെ മനോനില തകർത്തിരുന്നു രാമറാവുവിൻ്റെ ഷോക്ക്ട്രീറ്റ്മെൻ്റ്എത്രയോ ടെലിഫോൺ നമ്പറുകൾ ഓർമ്മയിൽ സൂക്ഷിക്കുന്ന, കണക്കിനോട് കമ്പമുള്ളവൾക്ക് ഓർമ്മശക്തി ഏറെയും നഷ്ടമായി. കൊല്ലപ്പെട്ടൊരു സഹവിപ്ലവകാരിയുടെ പിതാവ് പ്രഗല്ഭനായ ഒരു മാനസികാരോഗ്യ വിദഗ്ധനായിരുന്നു. അദ്ദേഹം ഗീതയെ പരിശോധിച്ച് ഉറപ്പിച്ചു - നഷ്ടപ്പെട്ടുപോയ ഓർമ്മ ഇനി തിരിച്ചു കിട്ടില്ല. ബാക്കിയായ മസ്തിഷകവുമായി മുന്നോട്ടുപോവുക. 

സിനിമാരംഗം നമ്മൾ ചർച്ചചെയ്യുമ്പോൾ വിജയവാഡയിൽ ഒരു ദൌത്യവുമായി ചെന്ന ഗീത വക്കീലും മുൻ കമ്മ്യൂണിസ്റ്റുമായ കർണാടി രാംമോഹൻറാവുവിനെ  കണ്ടു. സി കെ പറഞ്ഞിട്ടായിരുന്നു കൂടിക്കാഴ്ച. കർണാടി ആദ്യം ചോദിച്ചത് ഒരു കളിയായിരുന്നുആയൊറ്റ ചോദ്യം തകർത്തുകളഞ്ഞ ഗീത തിരിച്ചുവന്ന് സികെയെ ചീത്തപറഞ്ഞു. പത്തുവർഷം ഗീത വിജയവാഡക്ക് പോയില്ല, അതുവഴി ട്രെയിനിൽ കടന്നുപോകുമ്പോഴും ധീരയായ ഗീത തലതാഴ്ത്തിയേ ഇരിക്കാറുള്ളൂ എന്നുപറയുമ്പോൾ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോവുന്നൊരാൾ എന്തുമാത്രം അനുഭവിക്കുന്നുണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. സമകാലിക പൊട്ടിത്തെറികളുമായി നാമത് കൂട്ടിവായിക്കേണ്ടതുമാണ് 

മണ്ണും പെണ്ണും ഭൂമിയും റെഡ്ഡിമാരും

ഗീത മുപ്പത് വയസ്സിലാണ്  ഇബ്രാഹിംപട്ടണത്തേക്ക് എത്തുന്നത്. ഫ്യൂഡൽ മാടമ്പിമാർ, ദോരമാർ നാടടക്കിവാണ കാലം. ബ്രാഹ്മിണിക്കൽ ഹയറാർക്കിയിൽ ശൂദ്രരായ റെഡ്ഡിമാരും വേലമ്മരും മുസ്ലീങ്ങളിലെ ജന്മി വിഭാഗവും അവിശ്വസനീയമായ ആഢംബരജീവിതം നയിച്ചപ്പോൾ മാലയുടെയും മഡികയുടെയും സമാനരുടെയും  ജീവിതം നരകതുല്യമായിരുന്നു. (136-137)  നൈസാമിൻ്റെ പതനശേഷം മുസ്ലീങ്ങളെ അടിച്ചോടിച്ച റെഡ്ഡിമാരും കൂട്ടരും ഭൂമി കൈവശപ്പെടുത്തി. 60-70 ശതമാനം കൃഷിയോഗ്യ ഭൂമിയും ആകെ 550 ഭൂവുടമകളുടെ കൈകളിലായി. 30000 മുതൽ 100000 വരെ ഏക്കർ ഒരാളുടെ കൈയ്യിൽ. 1948 കമ്മ്യൂണിസ്റ്റുകാർ നിയന്ത്രിച്ച 400 ഗ്രാമങ്ങൾ ഉള്ളിടത്താണ് ഇത് സംഭവിച്ചത്. ഇന്ത്യയെ ബ്രാഹ്മണ്യം എങ്ങിനെ സിസ്റ്റമാറ്റിക് ആയും സിസ്റ്റമിക് ആയും നശിപ്പിച്ചു എന്നതിന് തെളിവ് തന്നെയാണ് പുസ്തകത്തിൽ പ്രതിസ്ഥാനത്തുള്ള റെഡ്ഢി സമുദായംറെഡ്ഡിമാർ നൈസാമിൻ്റെ പതനശേഷം മുസ്ലീങ്ങളെ അടിച്ചോടിച്ചത്  തൊട്ടുകൂടാത്തവരെ കൂട്ടിയായിരുന്നു. മുസ്ലീങ്ങൾ ഭൂമി വിട്ടോടുമ്പോൾ റെഡിമാരും കൂട്ടരും പട്ടയവും സ്വർണവും കൈക്കലാക്കി പട്ടയും ചാക്കരിയും തൊട്ടുകൂടാത്തവർക്ക് കൊടുത്തു എന്നു പറഞ്ഞത് പാർട്ടിയിൽ മഡിഗരുടെ നേതാവായ യച്ചാരം ബുദ്ധജങ്കയ്യ ആണ്.

ഒരു നല്ല ലീഡർ അണികളിൽ നിന്നും നിരന്തരം പഠിക്കുന്നയാളാണ്. റെഡ്ഡി കുടുംബത്തിലെ ഒരു നവവധു കിണറ്റിൽ ചാടി ആത്മഹത്യചെയ്തു. അവളെ ഭർത്താവ് അയാളുടെ അച്ഛന് പ്രാപിക്കാൻ നല്കുക പതിവായപ്പോൾ അവൾ കണ്ട ഒരു വഴി അതുമാത്രമായിരുന്നുവിവരമറിഞ്ഞ് രോഷാകുലയായ ഗീതയക്ക് അവിടെ ഇടപെടണമെന്നു തോന്നി. അതിശക്തമായി അതിനെ എതിർത്തത് രാമുലമ്മയടക്കം സ്ത്രീകളാണ്. അവരുടെ പെണ്ണിൻ്റെ പ്രശ്നം തന്നെയാണെങ്കിലും റെഡ്ഡിമാർക്കൊപ്പം അവരുടെ പെണ്ണുങ്ങളും ചേർന്ന് നമ്മളെ തല്ലുമെന്നായിരുന്നു അവരുടെ പ്രതികരണം. ഗീത എറ്റവും സ്നേഹിച്ച രാമുലമ്മയുടെ സമുദായത്തിൽ പെണ്ണിനെ വിവാഹം ചെയ്യുന്നത് 13 വയസ്സിലാണ്. 26 വയസ്സുള്ള പെൺകുട്ടി അമ്മൂമ്മയാണ്, 13 വിവാഹിതയായ ഗാട്ടു രാമുലമ്മയുടെ മുന്നിൽ അഞ്ച് തലമുറകൾ നിരന്നുനില്ക്കുന്നുണ്ട്അതു വെളിവാക്കുന്നുണ്ട് ഒരു രാഷ്ട്രത്തിൻ്റെ തന്നെ പിന്നാക്കാവസ്ഥ.

ഇബ്രാഹിംപട്ടണത്ത് ആരും പേര് ചോദിക്കില്ല, ജാതി എന്തെന്ന് ആദ്യം ചോദിക്കും. രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധത്തെ നിശ്ചയിക്കുക ജാതിയാണ്, മനുഷ്യത്വമല്ല. ഒസ്മാനിയയിലെ  പൊളിറ്റിക്കൽ സയൻസ് മേധാവി മധുസൂദൻ റെഡ്ഡി, ഇക്കണോമിക്സിലെ തിപ്പ റെഡ്ഡി എന്നിവരടക്കം നടത്തിയ കുടിലനീക്കങ്ങളെ അടിസ്ഥാനമാക്കി  ഗീത ഒരു നിഗമനത്തിലെത്തുന്നുണ്ട് - നല്ലവരെക്കാൾ എത്രയോ കൂടുതലാണ് കെട്ട റെഡ്ഡിമാർ, നല്ല മുഖത്തിനു പിന്നിൽ കെട്ട മനസ്സുള്ളവർ അതിലേറെയും. നാടിനെ നശിപ്പിച്ച റെഡ്ഡിമാർ സ്ഥലനാമങ്ങളായും നിറഞ്ഞുരംഗറെഡ്ഡി ജില്ലയും വൈഎസ്ആർ ജില്ലയും വന്നു. 2019 119 റെഡ്ഡിമാർ എംഎൽഎമാരായി. കമ്മ ജാതിക്കാരനായ എൻടിആറുമായുള്ള പോരിൽ പ്രാതിനിധ്യം കുറയുന്നതായി തോന്നിയ റെഡ്ഡിമാരുടെ തലയിലുദിച്ചതാണ് തെലുങ്കാന സംസ്ഥാനം. 

റെഡ്ഡിമാർക്ക് കൃഷി നാടുവാഴാനുള്ള നമ്പറായിരുന്നു. മുഖ്യം ഹൈദരാബാദിൽ കച്ചവടവും. 1984 കാലത്ത് കർഷകത്തൊഴിലാളിക്ക് അവർ കൊടുത്തത് വർഷത്തിൽ 600-700രൂപയാണ്, മിനിമം കൂലി പ്രതിമാസം 135 ആയി നിശ്ചയിക്കപ്പെട്ടകാലം. സ്ത്രീതൊഴിലാളികളുടെ അവസ്ഥയായിരുന്നു അതിലേറെ കഷ്ടം. ഗീത പുറമേ കാണുന്ന പെണ്ണ് ഒന്നുകിൽ പണിക്കുപോവുന്ന പെണ്ണായിരിക്കും, അല്ലെങ്കിൽ പണികഴിഞ്ഞ് വരുന്നവളായിരിക്കും. കാർഷികവിളകളുടെ ശേഖരണത്തിനും മറ്റുമായി റെഡ്ഡിമാരുടെ വീടിൻ്റെ മുറ്റം മാത്രം ഏക്കറോളം കാണും. മുറ്റം അടിച്ചു ചാണകം തളിച്ച് നടുവൊടിഞ്ഞവരാണ് മിക്കവാറും സ്ത്രീകൾ. 

പൊതുഗതാഗത സൌകര്യമില്ലാത്തതിനാൽ ഗീത സൈക്കിൾ പഠിച്ചു, തൻ്റെ മുപ്പതാം വയസ്സിൽ. 1984 ഒരു സ്ലീപ്പിംഗ് ബാഗുമായി ഗ്രാമഗ്രാമാന്തരങ്ങൾ സഞ്ചരിച്ചു, മാലയുടെയും മഡിഗയുടെയും കുർമ്മിയുടെയും ജീവിതമറിഞ്ഞു. ലോട്ട എന്ന പാട്ടയുമായി ആണും പെണ്ണും വെളിക്കുപോവുന്നതാണ് രീതി. ഒരാൾക്ക് ടോയ്ലറ്റും ബാത്ത്റൂമും ഉപയോഗിക്കാനുള്ള ശിക്ഷണത്തെക്കാൾ ഏറെ വേണം ടോയ്ലറ്റ് ശീലിച്ചവർക്ക് വെളിക്കിരിന്ന് കാര്യം സാധിക്കുവാനും തുണിയുടുത്തു കുളിക്കുവാനും.   മിക്കവാറും കുടികളിൽ വെള്ളം കുടിക്കാനും വെളിക്കുപോവാനും ആയൊരു ലോട്ടമാത്രമേ കാണൂ. അത്രമേൽ നല്ല ഭക്ഷണങ്ങളെ ഇഷ്ടപ്പെടുന്ന ഗീത അവർക്കൊപ്പം കഴിഞ്ഞത് കിട്ടിയത് കഴിച്ചും മറപ്പുരയില്ലാതെ കുളിച്ചും ഒക്കെയാണ്ലോകത്തെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ സാധിച്ചത് അങ്ങിനെയുള്ളവർക്കാണ്, അവർ ഏത് വിശ്വാസത്തിൻ്റെ ഭാഗമായാലുംഗീതയ്ക്കുണ്ടായ വലിയ നഷ്ടം അവരുടേതായ സൌഹൃദങ്ങളിലെ ബൌദ്ധിക വ്യായാമങ്ങളായിരുന്നു. 

1985 ഫെമിനിസ്റ്റുകളുമായുള്ള അവരുടെ ഒരനുഭവം ശ്രദ്ധേയമാണ്. ചെറിയൊരു ആശയത്തർക്കത്തിൻ്റെ പേരിൽ വീട്ടിലെത്തിയ സുഹൃത്ത് ലളിത ഭർത്താവ് സിറിലുമായി അടിയാവുന്നു. ബാസ്റ്റാഡ് എന്ന് ലളിത അയാളെയും അയാൾ അവരെ വോർ എന്നും വിളിക്കുന്നു. പ്രതികാരദാഹിയായി ലളിത കുറച്ച് ഫെമിനിസ്റ്റുകളെയും കൂട്ടി അവരുടെ വീട്ടിലെത്തുന്നു. സിറിലിനെ  അടിച്ചു നിലംപരിശാക്കുന്നു, വാടകവീടിലെ സാധനങ്ങൾ തകർക്കുന്നു. ഗീതയുടെ ഭാഷയിൽ വിലകൂടിയ കാറുകളും ധനികരായ ഭർത്താക്കന്മാരും ഉള്ളവർ തകർത്തുപോയത് സാമൂഹികസേവനത്തിനായി ഞങ്ങൾ ഏറെ കഷ്ടപ്പെട്ട് 4000രൂപയ്ക്ക് വാങ്ങിയ മോപ്പഡാണ്. അവർക്ക് ഗീതയും സിറിളും ഇടപെടുന്ന സ്ത്രീസമൂഹത്തിൻ്റെ പ്രശ്നങ്ങൾ അറിയുകപോലുമില്ല, അറിഞ്ഞവർക്ക് അതൊന്നും വിഷയവുമായിരുന്നില്ല. ഫെമിനിസം എന്ന പേരിൽ അവർ കാണിച്ചത് മസ്കുലിനിസമാണ്ആണിനെ അനുകരിച്ചതു മാത്രംഎബിവിപി സംഘത്തെ നേരിട്ട സിറിലിന് ഒന്നുപോലും കൊള്ളാതെ നോക്കാമായിരുന്നെങ്കിലും അയാൾ  അവരെ തിരിച്ചടിച്ചില്ല എന്നു ഗീത പറയുന്നുണ്ട്. അന്നു രാവിലെ വരെയും ഏറ്റവും നല്ല സുഹൃത്തായ ലളിതയാണ് വൈകുന്നേരത്തേക്ക് ഗീതക്ക് അതല്ലാതാവുന്നത്. സിറിലുമായി അവർക്ക് ആശയപരമായ പ്രശ്നമല്ലാതെ മറ്റൊന്നുമില്ല. വാക്കുകൊണ്ടുപോലും തനിക്ക് ഒരു സൂചന നല്കാതെ, തൻ്റെ ഭർത്താവിനെ തല്ലിച്ചതച്ചും വീടും മോപ്പഡും അടിച്ചുതകർത്തും പോയ സുഹൃത്തുക്കളെ എഴുത്തിലൂടെയാണ് അവർ കൈകാര്യം ചെയ്യുന്നത് 

മാധ്യമങ്ങളും കോടതികളും  ജനാധിപത്യത്തിൻ്റെ തൂണുകളാവുമ്പോൾ

സിറിൾ നിയമബിരുദം നേടി നടത്തിയ മിനിമം വേജസ് ആക്ട് വർക്ഷോപ്പ് ഒരു വഴിത്തിരിവായിരുന്നു. 1976ലെ മിനിമം വേജസ് ആക്ട് സിപിഎം ബോധപൂർവ്വം ജനങ്ങളിലേക്ക് എത്തിച്ചില്ല, ചർച്ച ചെയ്തതുമില്ല. എസ് ആർ ശങ്കരൻ ഐഐഎസിൻ്റെ ബ്രെയിൻ ചൈൽഡ് ആയിരുന്ന ബോണ്ടഡ് ലെയ്ബേർസ് അബോളിഷൻ ആക്ട് 1976 നും അതേ ഗതിയായിരുന്നു. വിപ്ലവകരമായ ഒരു നിയമമായിരുന്നു അതും. ഒരു തഹസിൽദാർക്ക് ജീതം അവസാനിപ്പിച്ച് തൊഴിലാളികളെ മോചിപ്പിക്കുവാനുള്ള അധികാരമാണത് നല്കിയത്.   മഡിഗ വിഭാഗത്തിൽ പെട്ട ഇരുപതോളം തൊഴിലാളികളെ സംഘടിപ്പിച്ച് ഗീത ബോധവല്ക്കരണം തുടങ്ങിഅതൊരു വൻ പ്രസ്ഥാനമാക്കി ഭൂവുടമകളെ മുട്ടുകുത്തിച്ചാണ് അടിമത്തൊഴിലാളികളുടെ മോചനം സാധ്യമായത്. അടിച്ചമർത്തപ്പെട്ടവരുടെ ശാക്തീകരണമാണ് ഏറ്റവും വലിയ വിപ്ലവം. അവിടെ അവർ നേരിട്ടത് ഭൂവുടമകളെയും അവർക്കൊപ്പം നിന്ന സിപിഎം പ്രാദേശിക നേതൃത്വത്തെയുമാണ്. നേരമിരുട്ടി വെളുക്കുമ്പോഴേക്കും റെഡ്ഡിമാരൊക്കെയും സിപിഎമ്മുകാരായി. അടിമത്തൊഴിലാളികളുടെ പെറ്റീഷനിൽ ഒരൊറ്റ ഒപ്പുണ്ടായിരുന്നില്ല, മുഴുവനായും വിരലടയാളം മാത്രംഒരു സമൂഹത്തോട് നൂറ്റാണ്ടുകളായി ചെയ്ത ക്രൂരതകളുടെ രേഖകൾ  വിരലടയാളങ്ങളിൽ തെളിയുന്നുണ്ടാവാം. മാലയെയും മഡിഗയെയും കൂട്ടി ഗീത മീറ്റിങ്ങുകൾ നടത്തുന്നതിനെയാണ് അവർ എതിർത്തത് 

ഹിന്ദു മുതൽ ഡക്കാൺക്രോണിക്ക്ൾ വരെ നീളുന്ന പ്രതിഭകളായ എഡിറ്റർമാരുടെയും പത്രപ്രവർത്തകരുടെയും  സൌഹൃദവലയം ഗീതയ്ക്ക് സൃഷ്ടിക്കാനായി. ഇന്ത്യൻ എക്സ്പ്രസിൻ്റെ ജി എസ് വാസു, ഹിന്ദുവിൻ്റെ വെങ്കിടേശ്വരുലു, സ്റ്റാൻലി തിയോഡോർ, മുതിർന്ന പത്രപ്രവർത്തകരായ ടി ലക്ഷ്മിപതി, ആർ അഖിലേശ്വരിആർ ജെ രാജേന്ദ്രപ്രസാദ് എന്നിവർ ഒപ്പം നിന്നുഇബ്രാഹിംപട്ടണത്തെ സ്ത്രീകളുടെ ദുരവസ്ഥയുടെ നേരനുഭവങ്ങൾ ആഴ്ചകൾതോറും അഖിലേശ്വരി പുറംലോകത്തെ അറിയിച്ചു. ഗീതക്ക് പറയുവാൻ കഥകളേറെ ഉണ്ടായിരുന്നുനല്ല മനസ്സോടെ, അവരൊതെക്കെയും ലോകത്തിനു മുന്നിലെത്തിച്ചുസമഗ്രമായ വികസനം എന്നാൽ സമഗ്രമായ പോരാട്ടം കൂടിയാണ്, ദ്രവിച്ച തോക്കുകളല്ലപുതിയറിവാകണം ആയുധം. എച്ച് ബി ടി പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകമായിരുന്നുപോലീസ് അറസ്റ്റ് ചെസ്തെ’. ഒരു നാടിനെ പോലീസ് പേടിയിൽ നിന്നും മോചിപ്പിച്ചെടുത്ത പുസ്തകം ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റത്. പോലീസ് ഭീകരതയിൽ നിന്നും ഒരു പുസ്തകം രക്ഷിച്ചത് അസംഖ്യം യുവതീയുവാക്കളുടെ ശരീരമാണ്. ജനാധിപത്യ ലോകത്ത് ഒരു ചെറിയ പുസ്തകത്തിന് പോലും അദ്ഭുതങ്ങൾ പ്രവർത്തിക്കുവാനാകും, സിസ്റ്റത്തെ നേർവഴി നടത്താൻ ആവും. 

മാർച്ച്  1985ലാണ് പ്രദേശത്തിൻ്റെ തലവര മാറ്റിമറിച്ച സംഘം എന്നപേരിൽ അറിയപ്പെട്ട  ഇബ്രാഹിംപട്ടണം താലൂക്ക വ്യവസായ കൂലി സംഘം അവർ രൂപീകരിക്കുന്നത്. സംഘം അംഗത്വ കാർഡ് തൊഴിലാളികളുടെ ആത്മാഭിമാനത്തെ കുത്തനെ ഉയർത്തി, ആത്മവിശ്വാസത്തെ വളർത്തി. തൊഴിലാളി നേതാവ് ഒരു ടൂളായി തൊഴിലാളികൾക്ക് പ്രാപ്യമാവണം. അവർ ഉടമകളാവുമ്പോൾ  അണികൾ അടിമകളാവും. ട്രേഡ് യൂണിയൻ രജിസ്റ്റ്രേഷൻ സംഘടനയ്ക്ക് വക്കീലില്ലാതെ സ്വയം കേസ് നടത്താനുള്ള അനുമതിയുണ്ട്. അങ്ങിനെ അടിമത്തൊഴിലിനെതിരെയുള്ള കേസും തെളിവെടുപ്പും നിത്യസംഭവമായി. റെഡ്ഡിമാർ തൊഴിലാളികൾക്കൊപ്പം ഇരിക്കാൻ മടിച്ചു. തെളിവെടുപ്പു വേളയിൽ അവരുടെ നാവിൽ സദാ വന്നത് പ്രാദേശികമായൊരു വാക്കായിരുന്നു   ദംഗാദം, ഫക് എന്നർത്ഥം. ദംഗാദം, എതു പദത്തോടു ചേർത്തും ഉപയോഗിച്ച് അവർ ശീലിച്ചത്  ഹിയറിങ്ങുകളിൽ മുഴങ്ങി. ഭയപ്പെടുത്തുന്ന ഓഫീസ് ഡിസിപ്ലിനുകളെ ചിരിപ്പിക്കുന്ന രീതി റെഡ്ഡിമാരെ അലോസരപ്പെടുത്തി, പ്രതീക്ഷിക്കുന്ന ബഹുമാനം കിട്ടാതായപ്പോൾ അവരുടെ വക്കീലൻമാർ വരാതായി. തൊട്ടുകൂടാത്തവർക്ക് ഒപ്പമിരിക്കേണ്ട ഗതികേട് സഹിക്കാവുന്നതിനും അപ്പുറമായിഎല്ലാ കേസുകളിലും സംഘം വിജയിച്ചു എന്നു ചരിത്രംരക്തച്ചൊരിച്ചിൽ ഇല്ലാതെ സാധ്യമാക്കിയ വിപ്ലവമായിരുന്നു അത്. ഗീതയെ വായിക്കുന്നത് ലീഡർഷിപ്പിനെ പറ്റിയുള്ള നമ്മുടെ ക്ലീഷേ സങ്കല്പങ്ങളെയും  തിരുത്തും. കാരണം തീയറി കൊണ്ടല്ല അവർ കളിച്ചത്, അവരുടെ കളിയിൽ നിന്നും നമുക്ക് തിയറികൾ ഉണ്ടാവുകയാണ്. 

എട്ട് വർഷത്തിനിടയിൽ, ഔദ്യോഗികമായി 1,500 പേരെയും അനൗദ്യോഗികമായി 2920 തൊഴിലാളികളെയും മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനും" ഗീതക്കും സംഘത്തിനും കഴിഞ്ഞു. 14,000 ഏക്കർ ഭൂമി ഭൂവുടമകളുടെ നിയന്ത്രണത്തിൽ നിന്ന് വീണ്ടെടുത്ത് ഭൂരഹിതർക്ക് നല്കാൻ കഴിഞ്ഞു. ഭൂവുടമകൾ കർഷകത്തൊഴിലാളികൾക്ക് രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചടവും തൊഴിലാളികളുടെ നഷ്ടപരിഹാരമായി 66,000 രൂപയും നൽകി. നിരന്തരമായ പ്രക്ഷോഭങ്ങളും മാധ്യമ ഇടപെടലുകളും കോടതി വ്യവഹാരങ്ങളും വഴിയായി കർഷകത്തൊഴിലാളികളുടെ കൂലി സ്ത്രീകൾക്ക് 150 ശതമാനവും പുരുഷന്മാർക്ക് 114 ശതമാനവും വർദ്ധിപ്പിക്കാൻ കഴിഞ്ഞു 

1985മുതലാണ് HBT അംബേദ്കർ രചനകൾ തെലുങ്കിൽ ഇറക്കി തുടങ്ങിയതും അംബേദ്കർ ജയന്തി ആഘോഷിക്കാൻ തുടങ്ങിയതും. ദളിത് മഹാസഭ രൂപീകരിക്കപ്പെട്ടതും 1985ലാണ്. ലക്ഷക്കണക്കിന് ആളുകൾ അണിചേർന്ന മഹാസംഗമത്തിൽ ഗദ്ദർ പാടി. ഒരു രണ്ടു വർഷത്തിന് ശേഷമാണ് കമ്മ വിഭാഗത്തിലെ ഭൂവുടമകൾ മഡിഗരെ കൂട്ടക്കൊല ചെയ്ത, അവരുടെ സ്ത്രീകളെ ബലാൽസംഗം ചെയ്ത് സംഭവം നടന്നത്.   കരംചേദു കൂട്ടക്കൊല ആന്ധ്രരാഷ്ട്രീയത്തിന്, സബാൾട്ടൺ പൊളിറ്റിക്സിന് ഒരു പുതിയ മുഖം നല്കി. ക്ലാസ് മാറി കാസ്റ്റ് വെളിപ്പെട്ടു. ഇടത് സോളിഡാരിറ്റിയും ദളിത് സോളിഡാരിറ്റിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇടതിൻ്റേത് സംസ്കരിച്ചെടുക്കപ്പെട്ടതാണ്, ഉണ്ടാക്കുന്നതാണ്. ദളിതരായി ജനിക്കുന്ന അത്യാഹിതത്തിൽ നിന്ന് മുളയെടുക്കുന്നതാണ് ദളിത് സോളിഡാരിറ്റി. അത് സൃഷ്ടിക്കാനായതാണ് അംബേദ്കറുടെ ദൌത്യവിജയംനിലനിർത്താനാവുന്നത് ഗീതയുടെയും കൂട്ടരുടെയും വിജയം. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടേണ്ട, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് സിലബസുകളിൽ സർവ്വകലാശാലകളിൽ വിഷയമാകേണ്ടതാണ് ലാൻ്റ്, ഗൺസ്, കാസ്റ്റ്, വുമൺമെമൊയേഴ്സ് ഓഫ് ലാപ്സ്ഡ് റവല്യൂഷണറി.

 മധുസൂദൻ. വി

 

Tuesday, March 19, 2024

മിഥിലയിൽ നിന്നും തലശ്ശേരിയിലെ ജാനകിയിലേക്ക്

ഒരു ഡോ. ബാബാസാഹേബ് അംബേദ്കർ വായനയിൽ തൊട്ടു തുടങ്ങാം, “ഒരു സാമൂഹിക ശക്തിയെന്ന നിലയിൽ മതത്തെ അവഗണിക്കാനാവില്ല. എല്ലായിടത്തും ചരിത്രത്തിൻ്റെ പാവിനെ ക്രോസ്ചെയ്തു പോവുന്ന ഊടാണ് മതം"  എന്നാണ് ഹെബർട്ട് സ്പെൻസർ മതത്തെ ഉചിതമായി വിശേഷിപ്പിച്ചത്. എല്ലാ സമൂഹത്തിലും ഇത് സത്യമാണ്. എന്നാൽ മതം മറ്റിടങ്ങളിലെ പോലെ, ഇന്ത്യയിലങ്ങിനെ ചരിത്രത്തിൻ്റെ പാവിനെ മുറിച്ചുകടന്നു പോവുകയായിരുന്നില്ല, മറിച്ച് മനുഷ്യജീവിതത്തിൻ്റെ ഊടുംപാവും തന്നെയായി മാറുകയായിരുന്നു. ഹിന്ദുവിൻ്റെ ജീവിതത്തെ,  അവൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും നിയന്ത്രിക്കുന്നത് മതമാണ്. അവൻ ജീവിതത്തിൽ എങ്ങനെ പെരുമാറണമെന്നും മരണശേഷം അവൻ്റെ ശരീരം എങ്ങനെ സംസ്കരിക്കണമെന്നും അത് നിർദ്ദേശിക്കുന്നു. എങ്ങനെ, എപ്പോൾ തൻ്റെ ലൈംഗിക ചോദനകളിൽ മുഴുകണമെന്ന് അത് അവനോട് പറയുന്നു. ഏത് ചടങ്ങുകളാണ് എപ്പോൾ നടത്തേണ്ടതെന്ന് അതവനോട് പറയുന്നു; ഒരു കുട്ടി ജനിക്കുന്നു - അതിന് എങ്ങനെ പേരിടണം, അതിൻ്റെ തലയിലെ മുടി എങ്ങനെ വെട്ടണം, എങ്ങനെ ആദ്യ ഭക്ഷണം നൽകണം. അവന് ഏതു തൊഴിലിൽ ഏർപ്പെടാം, ഏത് സ്ത്രീയെ വിവാഹം കഴിക്കാം എന്നതവനോട് പറയുന്നു. ആരോടൊപ്പമാണ് ഭക്ഷണം കഴിക്കേണ്ടതെന്നും എന്ത് ഭക്ഷണം കഴിക്കണമെന്നും ഏത് പച്ചക്കറികൾ നിയമാനുസൃതമാണെന്നും എന്തൊക്കെയാണ് നിഷിദ്ധമായതെന്നും അതവനോട് പറയുന്നു. അവൻ തൻ്റെ ദിവസം എങ്ങനെ ചെലവഴിക്കണം, എത്ര തവണ ഭക്ഷണം കഴിക്കണം, എത്ര തവണ പ്രാർത്ഥിക്കണം എന്നു പറയുന്നു. മതത്തിൻ്റെ പരിധിയിൽ വരാത്തതോ മതം ആജ്ഞാപിക്കാത്തതോ ആയ ഒരു ഹിന്ദു പ്രവൃത്തിയും ഇല്ല. വിദ്യാസമ്പന്നരായ ഹിന്ദുക്കൾ ഇത് നിസ്സംഗതയുടെ കാര്യമാണെന്ന മട്ടിൽ നോക്കുന്നത് വിചിത്രമായി തോന്നുന്നു.”(Dr. Babasaheb Ambedkar Writing and Speeches, Vol. 3)

അവനോട് എല്ലാം കല്പിക്കപ്പെട്ടപ്പോൾ അവൾ അവൻ്റെ കല്പനകൾക്ക് കീഴ്പ്പെടേണ്ടവളായി, ‘കല്പന’, കല്പനകൾ അനുസരിക്കാൻ ബാധ്യതപ്പെട്ട അവളുടെ പേരുകളിലൊന്നായി മാറി. അസമത്വത്തിൻ്റെ തട്ടുകളായി ജാതികളെ സൃഷ്ടിച്ച് ഓരോ ജാതിയിലും അവളെ ശൂദ്രയാക്കിയതാണ് മനുവിൻ്റെ സംഭാവന. ബുദ്ധൻ്റെ സമസൃഷ്ടിചിന്തയുടെ ലോകത്തെ തകർത്തത് അസമത്വം ആധാരശിലയാക്കിയ മനുസ്മൃതിയുടെ ജാതിവിഭജനമാണ്. ആദിയിൽ ഇവിടെ അത്രമേൽ സർവ്വശക്തകളായ ദേവതമാർ ഉണ്ടായത് എങ്ങിനെയാണ്?  അതു വിരൽചൂണ്ടുന്നത് സ്ത്രീപുരുഷ തുല്യതയുടെ ഒരു ഭൂതകാലത്തിലേക്കാണ്. മനുവിൻ്റെ നിയമങ്ങളായ  മനുസ്മൃതി ഒരു പുരാതന ഹിന്ദു നിയമഗ്രന്ഥമാണ്. കൃത്യമായ തീയതി ലഭ്യമല്ലെങ്കിലും ഏതാണ്ട്  ബിസി രണ്ടാം നൂറ്റാണ്ടിനും സിഇ മൂന്നാം നൂറ്റാണ്ടിനും ഇടയിൽ എഴുതിയതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ബോധോദയ ശേഷം ബുദ്ധൻ തൻ്റെ ഉൾക്കാഴ്ചകളും തത്വങ്ങളും സമൂഹത്തിന് പകർന്ന് തൻ്റെ ജീവിതകാലം മുഴുവൻ ചെലവഴിച്ചു.  ബിസി 483-ൽ ബുദ്ധൻ  നിർവ്വാണം പ്രാപിച്ചതായി പഠനങ്ങൾ പറയുന്നു.  ബുദ്ധൻ്റെ സമത്വബോധത്തെയാണ്, മനു ജാതിയിലൂടെ, ജാതിയിലെ പുരുഷാധിപത്യത്തിലൂടെ ഇല്ലായ്മ ചെയ്തത്. 

യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ (എവിടെയാണോ, സ്ത്രീകള്‍ ആരാധിക്കപ്പെടുന്നത് അവിടെ മാത്രമേ ദേവതകള്‍ സന്തോഷിക്കൂ) എന്നു പറഞ്ഞ മനുസ്മൃതി തന്നെയാണ് ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നും പറയുന്നത്. കൌമാരത്തിൽ പിതാവിന്, യൌവ്വനത്തിൽ ഭർത്താവിന്, വാർദ്ധക്യത്തിൽ മക്കൾക്ക് കീഴ്പ്പെട്ട് കഴിയേണ്ടവളാണ്, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നു തന്നെയാണ് മനു പറഞ്ഞത്.  പെണ്ണിൻ്റെ നൈസർഗികമായ കരുത്തിനെ  ആരാധനയിലൂടെ അംഗീകരിച്ച്, സ്വാതന്ത്ര്യം കണ്ടുകെട്ടി പെണ്ണിനെ അടിമയാക്കിയതാണ് മനു, മനുവാദികൾ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്. അങ്ങിനെ ഒന്നു സൂക്ഷ്മമായി നോക്കിയാൽ ഇന്ത്യൻ വനിതകളെ ഒന്നടങ്കം പുരുഷന് കീഴ്പ്പെട്ടവളാക്കി, ഒരോ ജാതിയിലും അവരെ താഴ്ന്നവരാക്കി മാറ്റിയത് ബ്രാഹ്മണ്യമാണ്, മനുസ്മൃതിയിലൂടെയാണ് അത് സാധ്യമാക്കിയത്.  എന്നാൽ ഇന്നാരെങ്കിലും മനുസ്മൃതി വായിക്കുന്നുണ്ടോ, അതിനനുസൃതമായി ജീവിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ആദ്യഭാഗത്തിന് വായിക്കുന്നില്ല എന്നും രണ്ടാംഭാഗത്തിന് മിക്കവാറും അങ്ങിനെ തന്നെ ജീവിക്കുന്നു എന്നുമാണ് ഉത്തരം. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ഒന്നിൻ്റെ സ്വാധീനം അത്രമാത്രമോ എന്നു സംശയമുള്ളവർ, കേവലം 19ാം നൂറ്റാണ്ടിൻ്റെ മധ്യത്തിൽ വന്ന കമ്മ്യൂണിസത്തിൻ്റെ സ്വാധീനം നോക്കൂ. ആരും ഏറെയൊന്നും വായിക്കുന്നില്ലെങ്കിലും ഈ ട്രാൻസ്പാരൻസി യുഗത്തിലും അതിൻ്റെ വിശ്വാസികളുടെ നേരം വെളുക്കാത്ത ശൈലി മാത്രം നോക്കിയാൽ മതി. മതപ്രബോധനങ്ങൾക്കും പ്രത്യയശാസ്ത്ര പ്രബോധനങ്ങൾക്കും അങ്ങിനെയൊരു മസ്തിഷ്കപ്രക്ഷാളന ശേഷിയുണ്ട്. അവിടെ വിശ്വാസമാണ് പ്രധാനം, വിശ്വാസ സംരക്ഷണം  പരമപ്രധാനവും.  വിശ്വാസസംരക്ഷണം മഹത്തായൊരു ലക്ഷ്യമായി തന്നെ മാറുമ്പോൾ അതിലേക്കുള്ള ഏതു മാർഗവും, കൊലയും ബലാൽസംഗവും വരെയും ന്യായീകരിക്കപ്പെടുകയും ചെയ്യും. അത്തരം ഫാസിസം ഭയക്കുന്ന ഒരിസം നിലവിൽ ഇന്ന്  ഫെമിനിസമാണ്. ഏതുമതവും ഏതിസവും ജൈവികമായും ജനിതകമായും അടുത്തിരിക്കുന്നത് ഫാസിസത്തോടാണ്, രണ്ടും പുരുഷാധിപത്യമാണ്. സ്വാഭാവികമായും അസഹിഷ്ണുത മുഖമുദ്രയാവും. 

അംബേദ്കർ മറ്റൊരിടത്ത് തുടരുന്നു, “ആര്യന്മാർക്കിടയിലെ സ്ത്രീപുരുഷബന്ധം ഒരു നിയന്ത്രണവുമില്ലാത്ത ഒന്നായിരുന്നു.  ഒരു ആണും പെണ്ണും തമ്മിലുള്ള ശാശ്വതമായ ബന്ധമാണ് വിവാഹം എന്നവർക്ക് അറിയാത്ത ഒരു കാലമുണ്ടായിരുന്നു. മഹാഭാരതത്തിൽ നിന്ന് ഇത് വ്യക്തമാണ്, പാണ്ഡുവിൻ്റെ ഭാര്യ കുന്തിയോട് മറ്റാരിൽ നിന്നെങ്കിലും കുട്ടികളെ ജനിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പാണ്ഡുവിൻ്റെ അപേക്ഷയ്ക്കുള്ള കുന്തിയുടെ മറുപടിയിൽ അതുണ്ട്.  തങ്ങളുടെ ലൈംഗികബന്ധത്തിൽ പാടില്ലാത്തതായി ഒന്നുമേ ഇല്ലാത്ത  ഒരു കാലമുണ്ടായിരുന്നു ആര്യന്മാർക്ക്. സഹോദരൻ സഹോദരിയോടൊപ്പം, മകൻ അമ്മയോടൊപ്പവും, അച്ഛൻ മകളോടൊപ്പവും, മുത്തച്ഛൻ ചെറുമകളുമായും സഹവസിച്ച സംഭവങ്ങളുണ്ട്. സ്ത്രീകൾക്കിടയിൽ ഒരു കമ്മ്യൂണിസം ഉണ്ടായിരുന്നു. അനേകം പുരുഷന്മാർ ഒരു സ്ത്രീയെ പങ്കിട്ടെടുത്ത ആർക്കും അവൾ സ്വകാര്യസ്വത്തല്ലാതിരുന്ന, ആർക്കും മറ്റു പ്രത്യേകമായ അവകാശങ്ങളും അവളുടെ മേൽ ഇല്ലാതിരുന്ന ഒരു ലളിതമായ കമ്മ്യൂണിസമായിരുന്നു അത്. അത്തരമൊരു കമ്മ്യൂണിസത്തിൽ സ്ത്രീയെ ഗണിക എന്നായിരുന്നു വിളിച്ചത്, ഒരു ഗണത്തിന് സ്വന്തമായവൾ എന്നർത്ഥത്തിൽ.   ആര്യന്മാർക്കിടയിലും സ്ത്രീകളിൽ ഈ കമ്മ്യൂണിസത്തിൻ്റെ നിയന്ത്രിത രൂപമുണ്ടായിരുന്നു. ഇതിൽ സ്ത്രീയെ, ഓരോരുത്തരുടെയും ദിവസം നിശ്ചയിച്ച്  ഒരു കൂട്ടം പുരുഷന്മാർക്കിടയിൽ പങ്കിട്ടു. അങ്ങിനെ ഓരോരുത്തരുടെയും സമയം നിശ്ചയിച്ചിരിക്കുന്ന സ്ത്രീയെ വാരാംഗന എന്ന് വിളിച്ചു. അങ്ങിനെ വേശ്യാവൃത്തി തഴച്ചുവളരുകയും ഏറ്റവും മോശമായ രൂപമെടുക്കുകയും ചെയ്തു. മറ്റൊരിടത്തും പൊതുസ്ഥലത്ത് ലൈംഗികബന്ധത്തിന് കീഴടങ്ങാൻ വേശ്യകൾ സമ്മതിക്കാറില്ല.  എന്നാൽ പ്രാചീന ആര്യന്മാരുടെ ഇടയിൽ അതും നിലനിന്നിരുന്നു. പുരാതന ആര്യന്മാർക്കിടയിൽ  മൃഗീയത നിലനിന്നിരുന്നു, അങ്ങിനെയുള്ളവരിൽ  ആദരണീയരായ ഋഷിമാർ കൂടി ഉണ്ടായിരുന്നു.” (Dr. Babasaheb Ambedkar Writing and Speeches, Vol. 4). 

ഫാസിസത്തിൻ്റെ അന്ത്യം ഫെമിനിസത്തിലൂടെ 

വാരാംഗനമാരുടെ ഗതകാലത്തിൽ നിന്നും വീരാംഗനമാരുടെ വർത്തമാന  കാലത്തേക്ക് സമൂഹം മാറിയത് വനിതകളുടെ നിരന്തരമായ പോരാട്ടത്തിൻ്റെ ഫലമാണ്, ആചാരങ്ങൾ ഒന്നൊന്നായി ലംഘിച്ച് പുരുഷാധിപത്യത്തിൻ്റെ കടവേരിളക്കിയ മുന്നേറ്റങ്ങളുടെ ചരിത്രമാണത്. കാലം പലതിനെയും പുനർനിർവ്വചിക്കാറുണ്ട്, ദാരിദ്ര്യം എന്നത്  മനസ്സിലുള്ളത് നിറവേറ്റാൻ പറ്റാത്ത അവസ്ഥ കൂടിയാണ്. ജനാധിപത്യ ലോകത്തിലെ പരമദരിദർ അങ്ങിനെ നോക്കിയാൽ ഇന്ന് ഫാസിസ്റ്റുകളാണ്.  ചെയ്തുകൂട്ടുന്ന വങ്കത്തരങ്ങൾക്ക് അവർ ഏൽക്കേണ്ടി വരുന്ന പരിഹാസം സമകാലിക ലോകത്ത് സമാനതകളില്ലാത്തതാണ്. ആക്ഷപഹാസ്യം, പരിഹാസം ഒന്നും പെണ്ണിന് പറഞ്ഞതല്ലാതിരുന്ന കാലത്തുനിന്നും അവരുടെതായ ട്രോളുകൾ നമ്മൾ ഇന്ന് ആസ്വദിച്ചു ചിരിക്കുന്നു. ചിന്തകളെ ഒന്നു റീവൈൻഡ് ചെയ്താൽ കാണാം ഫാസിസ്റ്റുകളുടെ സ്വന്തം ഗതകാലലോകത്ത് വിമർശത്തിനും പരിഹാസത്തിനുമുള്ള ഏറ്റവും ചുരുങ്ങിയ ശിക്ഷ വധമായിരുന്നു. എന്നാൽ  ജനാധിപത്യ ലോകത്ത്, വനിതകൾ സകല മേഖലകളിലും മുഖ്യധാരയിലേക്ക് കുതിക്കുന്ന കാലത്ത്  അതിനു സ്കോപ്പില്ല. അതിപരുക്കൻ പാറക്കല്ലുകളെ വെണ്ണക്കല്ലുകളാക്കുന്നത് എടുക്കുന്ന പാത്രത്തിൻ്റെ ഷേപ്പ് സ്വീകരിക്കുന്നത്രയും മൃദുവായ വെള്ളമാണ്, പ്രവാഹമാണ്, കാലമാണ്. കാലം സാമൂഹികരോഗങ്ങൾക്ക് കൺകണ്ട വൈദ്യനാണ്, കാലത്തിനാവാത്തത് കാലനുള്ളതാണെന്നു മാത്രം, അതു ലോകത്തെവിയെയാണെങ്കിളും. എല്ലാ മതങ്ങളുടെയും ഫാസിസങ്ങളുടെയും ഗതി അതാണ്, ലക്ഷണശാസ്ത്രപ്രകാരം  ഫെമിനിസമാവും അവസാനത്തെ ആണി അടിക്കുക. 

രാമായണത്തിലെ സീത വിധേയയാവേണ്ടിവന്ന അഗ്നിപരീക്ഷ, അഗ്നിയിൽ ചാടി പരിക്കുപറ്റാതെ, പൊള്ളലേല്ക്കാതെ പുറത്തുവന്ന് തൻ്റെ പാതിവ്രത്യം തെളിയിച്ച സംഭവത്തിൻ്റെ മറുപുറം നാമൊന്നു നോക്കണം. അവിടെ രാമൻ പുരുഷോത്തമനും സീത വനിതാരത്നവുമാണ്.  ബാക്കി സാദാ ഉത്തമപുരുഷുക്കൾ അഥവാ കൊച്ചുരാമൻമാർ ചില്ലറസംശയത്തിൻ്റെ പേരിൽ ‘സ്വന്തം’ പെണ്ണിനെ തീവെച്ചാൽ ഇതേ നിയമപ്രകാരം എന്താവും വിധി? തീവെക്കപ്പെട്ട പെണ്ണ് പാതിവ്രത്യം നഷ്ടപ്പെട്ടതു കാരണം, ഭർത്താവിന് കീഴ്പ്പെട്ട് ജീവിക്കാത്തതുകാരണം വെന്തു ചത്തു എന്നാവും ന്യായവിധി. അല്ലെങ്കിൽ രാമായണന്യായ പ്രകാരം പരിക്കേൽക്കരുതായിരുന്നുവല്ലോ. ഇത് അതിശയോക്തിയായി തോന്നുന്നവർ തിരുവിതാംകൂറിലെ പോയ നൂറ്റാണ്ടിലെ ശിക്ഷാനിയമവുമായി ഒന്നു തട്ടിച്ചുനോക്കിയാൽ മതി. തിളക്കുന്ന എണ്ണയിൽ കൈമുക്കി തിരുവിതാംകൂർ പാതിവ്ര്യത്യവും മോഷണവും തെളിയിച്ചത് രാമായണകാലത്തൊന്നും അല്ല, ലോകചരിത്രവുമായി തട്ടിച്ചുനോക്കിയാൽ അടുത്ത കാലത്താണ്. താഴ്ന്ന ജാതിക്കാർക്ക് തലക്കരവും മീശക്കരവും മുലക്കരവും അടക്കേണ്ടിവന്ന കാലമുണ്ടായിരുന്നതും ഇതിഹാസകാലത്തല്ല, തട്ടിച്ചുനോക്കിയാൽ ഇന്നലെയാണ്. മാറു മറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് അതു മറച്ചാലുള്ള ശിക്ഷയുടെ  കാലത്തിനും വയസ്സ് കുറവാണ്. ശിക്ഷയുടെ തീവ്രതയും ജാതി അടിസ്ഥാനത്തിലായിരുന്നു, അന്യൻ്റെ ഭാര്യയെ പ്രാപിച്ച കേസിൽ ഉന്നതകുലജാതർ തിളയ്ക്കുന്ന എണ്ണയിൽ കൈമുക്കി പൊള്ളാതെ നിരപരാധിയാണെന്ന് തെളിയിച്ചിട്ടുണ്ട്, പക്ഷേ ആ ലക്ഷ്വറി ശൂദ്രനുണ്ടായിരുന്നില്ല.  മലബാറിലെ സിവിൽ കേസുകളിൽ ദ്വന്ദ്വയുദ്ധത്തിൽ വിജയിച്ചയാൾ കേസ് വിജയിച്ച ഗതകാലമുണ്ടായിരുന്നു. മുതലകൾ വിഹരിക്കുന്ന ജലാശയത്തിലൂടെ നിന്തി മറുകര പിടിച്ച് പാവങ്ങൾക്ക് നിരപരാധിത്വം തെളിയിക്കേണ്ട കാലവുമുണ്ടായിരുന്നു.   എല്ലാം മാറ്റിമറിച്ചത് മനുസ്മൃതിയല്ല, മതബോധങ്ങളുമല്ല, മറിച്ച് മതനിരാസമാണ്.  സെക്യുലറിസം.  പിന്നെ ജനാധിപത്യവും. പഠിച്ചതിനെ, കാലഹരണപ്പെട്ട അറിവിനെ കുഴിച്ചുമൂടുന്നതാണ് സംസ്കാരം, ഇംഗ്ലീഷിൽ അൺലേൺ എന്നുപറയുന്നത്.  അതുകൊണ്ടാണ് ശവം മറവുചെയ്യുന്നതിന് നമ്മൾ സംസ്കാരം എന്ന വാക്കുപയോഗിക്കുന്നത്. 

കാലങ്ങളായി, ഇതിഹാസകാലം തൊട്ടേ നമ്മൾ കാണുന്നതാണ്, വരികളിലുള്ളതല്ല വീഥികളിൽ സംഭവിക്കുക എന്ന സത്യം. ആരാണ് ധർമ്മപുത്രർ? ധർമ്മത്തിൻ്റെ മൂർത്തിമത്ഭാവമായ യുധിഷ്ഠിരനാണ് ദ്രൌപദിയെ തൻ്റെ ചരക്കായി കണ്ട് ചൂതിൽ പണയം വച്ചത്. ബുദ്ധമതം അനുശാസിച്ചത് ആരാധനയല്ല, അഷ്ടാംഗമാർഗത്തിലെ ജീവിതമാണ്. അതുകൊണ്ടുതന്നെ വരികളിലും വീഥികളിലും ബുദ്ധൻ ഒന്നുതന്നെയായിരുന്നു.  ഹിന്ദു പഞ്ചകന്യകളായി വാഴ്ത്തിയ വനിതകളിൽ ഒന്നുപോലും അവിവാഹിത ആയിരുന്നില്ല, എല്ലാവരും ഭർത്താവിന് സമ്പൂർണമായും കീഴ്പ്പെട്ടവളായിരുന്നു. അല്പമെങ്കിലും, ഒരു പ്രതിഷേധസ്വരമെങ്കിലും എന്നെങ്കിലും ഉയർത്തി വ്യത്യസ്തരായവർ സീതയും ദ്രൌപദിയുമായിരുന്നു. സഖി എന്നു കൃഷ്ണനും സഖാ എന്നു ദ്രൌപദിയും വിളിച്ചു, സഖിക്കും സഖാവിനുമിടയിലെ സഖ്യമാണ് സത്യത്തിൽ ദ്രൌപദിയെ രക്ഷിച്ചത്.  മാധ്യസ്ഥത്തിനു പോവുമ്പോൾ കൃഷ്ണനെ ദ്രൌപദി ഓർമ്മിപ്പിച്ചത് അഴിഞ്ഞുവീണ തൻ്റെ മുടിക്കെട്ടാണ്, ദുശ്ശാസനൻ്റെ പിടി വീണശേഷം പിന്നീടൊരിക്കലും കെട്ടാത്ത മുടി. കൃഷ്ണാ ഇതോർമ്മയിലുണ്ടാവണം - തൻ്റെ അഴിഞ്ഞുകിടക്കുന്ന മുടിയിൽ വിരലോടിച്ച് കൃഷ്ണനെ കൃഷ്ണ ഓർമ്മപ്പെടുത്തിയത് അവളുടെ പ്രതിജ്ഞയായിരുന്നു.  അവിടെ, മധ്യസ്ഥത്തിനു മുന്നേ  കുറിച്ചു സത്യത്തിൽ മഹാഭാരതയുദ്ധം.  കൃഷ്ണയ്ക്കുവേണ്ടി, അവളുടെ ഒന്നിനും കൊള്ളാത്ത കെട്ടിയവന്മാർക്കുവേണ്ടി ഭീഷ്മരുടെ പരിഹാസം കൃഷ്ണൻ ഏറ്റുവാങ്ങി പുഞ്ചിരിക്കുന്നുണ്ട് ഒരിടത്ത്. ദീർഘസുമംഗലീ ഭവ എന്ന അപ്രതീക്ഷിത അനുഗ്രഹത്തിലൂടെ, ഇനി തനിക്ക് ദ്രൌപദിയെ വിധവയാക്കി വാക്കുമാറ്റുക സാധ്യമല്ലെന്നു മനസ്സിലാക്കിയ,   തനിക്കബദ്ധം പിണഞ്ഞതായി മനസ്സിലാക്കിയ, തൻ്റെ ‘സ്വച്ഛന്ദമൃത്യു’വിൽ ഒരു തീരുമാനമായതായി മനസ്സിലാക്കിയ ഭീഷ്മർ, കൃഷ്ണനെ തമാശയാക്കുന്നുണ്ട്. കൃഷ്ണയുടെ പാദുകങ്ങളുമായി മാറിനില്ക്കുന്ന കൃഷ്ണനോട് ഭീഷ്മർ പറയുന്നുണ്ട്, വെറുതെയല്ല കൃഷ്ണാ താങ്കളെ ഭക്തപരാധീനൻ (ഭക്തരുടെ അടിമ) എന്നു ആളുകൾ പറയുന്നത്. അയാൾ അതാസ്വദിക്കുന്നുണ്ട്, അംഗീകരിക്കുന്നുമുണ്ട്. രാമായണത്തിൽ രാമനെ ഉപേക്ഷിച്ച് ജാനകി ഭൂമിയിലേക്ക്, തൻ്റെ മാതാവിലേക്ക് മടങ്ങുന്നുണ്ട്. ഇന്നിൻ്റെ ഭാഷയിൽ ഒരു ആത്മഹത്യ. ഇനി ഒരു നൂറ്റാണ്ടുമുന്നേ ഭൂമി പിളർന്നു പോവാതെ  കടൽ കടന്നുപോയ ലോകത്തിന് ഏറെ സംഭാവന ചെയ്ത തലശ്ശേരിയിലെ മറ്റൊരു ജാനകിയുടെ ചരിത്രമുണ്ട്.  

ഇ കെ ജാനകി അമ്മാളുടെ ജീവിതം പകരുന്ന പാഠം

തലശ്ശേരിയിൽ നിന്നും ലോകത്തോളം വളർന്ന ജാനകി അമ്മാൾ ഒരു നൂറ്റാണ്ടുമുന്നേയാണ്, അറിവിൻ്റെ മേഖലയിൽ വിപ്ലവകരമായ വിജയം കൈവരിക്കാനായി അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലേക്ക് തുഴഞ്ഞത്. ഒരു കലർപ്പു കുടുംബത്തിലെ (blended family) പത്തൊമ്പത് സഹോദരങ്ങൾക്കിടയിൽ പത്താമത്തെ മകളായി ജാനകി വളരുമ്പോൾ, കാണുന്നത്  അവളുടെ സഹോദരിമാർ ക്രമമായി വിവാഹിതരാവുന്നതാണ്.  തൻ്റെ ഊഴം വന്നപ്പോൾ,  മറ്റൊരു തിരഞ്ഞെടുപ്പാണ് അവൾ നടത്തിയത്.  മദ്രാസിലെ ക്വീൻ മേരീസ് കോളേജിൽ നിന്ന് ബിരുദവും പ്രസിഡൻസി കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഓണേഴ്‌സ് ബിരുദവും നേടിയ അമ്മാൾ ദാമ്പത്യജീവിതം തള്ളി,  സ്‌കോളർഷിപ്പ് ജീവിതം തിരഞ്ഞെടുത്തു. ഇന്ത്യയിലെന്നല്ല,  അന്തർദേശീയ തലത്തിലും ഉന്നതവിദ്യാഭ്യാസത്തിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല,  സ്ത്രീകൾക്കും പെൺകുട്ടികൾക്കും അത് അനുകൂല സാഹചര്യമായിരുന്നില്ല.  1913-ൽ, ഇന്ത്യയിലെ സ്ത്രീകളുടെ സാക്ഷരത ഒരു ശതമാനത്തിൽ താഴെയായിരുന്നു, പത്താം ക്ലാസിനു മുകളിലുള്ള സ്‌കൂളിൽ ആകെ 1,000-ൽ താഴെ സ്ത്രീകൾ മാത്രമാണ് അന്നു ചേർന്നതെന്ന് അമ്മാളിൻ്റെ ബന്ധു കൂടിയായ അമേരിക്കയിലെ സസക്സ് സർവ്വകലാശാലയിലെ പ്രൊഫസർ വിനിതാ ദാമോദരൻ ജൻഡർ, റെയ്സ് ആൻ്റ് സയൻസ് ഇൻ ട്വൻ്റിയത്ത് സെൻച്വറി ഇന്ത്യ എന്ന തൻ്റെ ഗവേഷണപ്രബന്ധത്തിൽ എഴുതിയിട്ടുണ്ട്. 


ബിരുദം നേടിയ ശേഷം, അമ്മാൾ മദ്രാസിലെ വിമൻസ് ക്രിസ്ത്യൻ കോളേജിൽ മൂന്ന് വർഷം പഠിപ്പിച്ചു: ഏഷ്യൻ സ്ത്രീകൾക്കായി 1917-ൽ മനുഷ്യസ്‌നേഹിയായ ലെവി ബാർബർ സ്ഥാപിച്ച ബാർബർ സ്‌കോളർഷിപ്പിലൂടെ സൗജന്യമായി മിഷിഗൺ സർവകലാശാലയിൽ  പഠിക്കാൻ അമ്മാൾ ശ്രമം നടത്തി വിജയിച്ചു. 1924-ൽ അവർ മിഷിഗണിൽ ബാർബർ സ്കോളറായി ബോട്ടണി ഡിപ്പാർട്ട്‌മെൻ്റിൽ ചേർന്നു. പ്രശസ്തമായ സ്‌കോളർഷിപ്പിന് അമേരിക്കയിൽ എത്തിയെങ്കിലും, കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള മറ്റ് യാത്രക്കാരെപ്പോലെ അമ്മാളും എലിസ് ഐലൻഡിൽ ഇമിഗ്രേഷൻ സ്റ്റാറ്റസ് ക്ലിയർ ആകുന്നതുവരെ തടവിലാക്കപ്പെട്ടു. നീണ്ട ഇരുണ്ട മുടിയും ഇന്ത്യൻ സിൽക്കിൻ്റെ പരമ്പരാഗത വസ്ത്രവുമണിഞ്ഞ ജാനകിയെ ഒരു ഇന്ത്യൻ രാജകുമാരിയായി അധികാരികൾ തെറ്റിദ്ധരിച്ചതു കാരണമാണ്  പ്രവേശനം എളുപ്പമായത്.  താൻ ഒരു രാജകുമാരിയാണോ എന്ന് ചോദിച്ചപ്പോൾ, "ഞാൻ അത് നിഷേധിച്ചില്ല," എന്നാണ് അമ്മാൾ പിന്നീട് അതേപറ്റി പറഞ്ഞത്.


മിഷിഗൺ സർവ്വകലാശാലയിൽ അവർ സസ്യകോശശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ജനിതക ഘടനയെയും സസ്യങ്ങളിലെ ജീൻ എക്സ്പ്രഷൻ്റെ രീതികളെയും കുറിച്ചുള്ള പഠനം. 1925-ൽ അമ്മാൾ മാസ്റ്റേഴ്സ് ഓഫ് സയൻസ് നേടി. 1931-ൽ അവർ ഡോക്ടറേറ്റ് നേടി, യു.എസിൽ സസ്യശാസ്ത്രത്തിൽ ആ ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായി. തലശ്ശേരിയിൽ നിന്നുയർന്ന് ഏതാണ്ട്  ലോകം മുഴുവനുമായി പ്രവർത്തിച്ച ഗവേഷകയാണ് ജാനകി അമ്മാള്‍. സസ്യജാതികൾക്കിടയിൽ 'വർഗാന്തര സങ്കരണം' (ഇൻ്റർജനറിക് ഹൈബ്രിഡൈസേഷൻ) സാധ്യമാണെന്ന് കണ്ടെത്തിയത് അമ്മാളാണ്. ഇന്ത്യൻ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മധുരവും ഉയർന്ന വിളവ് നൽകുന്നതുമായ ഒരിനം കരിമ്പ് ജനിച്ചത് അമ്മാളിൻ്റെ അറിവിൽ നിന്നാണ്, കഠിന പരിശ്രമത്തിൽ നിന്നും. അസംഖ്യം ഗവേഷണപ്രബന്ധങ്ങൾ ദേശീയ, അന്തർദേശീയ ശാസ്ത്രജേണലുകളിൽ പ്രസിദ്ധീകരിച്ചു.സസ്യശാസ്ത്രത്തിൽ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാൾ ഹിമാലയപർവ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


"ക്ലോൺ" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ച ജെ.ബി. ഹാൽഡേൻ എന്ന പ്രശസ്ത ജനിതകശാസ്ത്രജ്ഞൻ, പില്ക്കാലത്ത്  മധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ ജീവിച്ച അതിപ്രശസ്ത നരവംശശാസ്ത്രജ്ഞൻ വെരിയർ എൽവിൻ തുടങ്ങിയവരുമായുള്ള സൌഹൃദം,  സർവ്വോപരി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ വ്യക്തിപരമായ ക്ഷണവുമാണ് ജാനകി അമ്മാളിനെ ഇന്ത്യയിലേക്ക് മടങ്ങാൻ പ്രേരിപ്പിച്ചത്. അവൾ തിരികെ വന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി പ്രവർത്തിച്ചു, ലഖ്‌നൗവിലും പിന്നീട് ജമ്മുവിലും ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചു. കൊൽക്കത്തയിൽ താമസിക്കുമ്പോഴും അവൾ ഹാൽഡേനുമായുള്ള സൗഹൃദം തുടർന്നു. മനുഷ്യ ജനിതകശാസ്ത്രത്തെയും ജീവിവർഗങ്ങളുടെ കൃത്രിമ പ്രജനനത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വിശാലമായ വീക്ഷണങ്ങളെ പ്രതി അമ്മാൾ അദ്ദേഹത്തെ  വിശേഷിപ്പിച്ചിരുന്നത് ‘നോട്ടി മാൻ’ എന്നായിരുന്നു. മഹാത്മാഗാന്ധിയുടെ ആദ്യകാല അനുയായിയായ അമ്മാൾ വാർധയിലെ ആശ്രമം സന്ദർശിച്ചപ്പോൾ ചെടികൾ നട്ടുവളർത്താനും പരിസ്ഥിതിയുടെ പോഷണത്തിനുമായി കാര്യമായ പ്രവർത്തനങ്ങളൊന്നും കാണാതെ നിരാശയായി.  ഗാന്ധി ആശ്രമത്തിലെ വാസം പഴയ ഋഷിമാരുടെ ആശ്രമങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പോലെയായിരിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. തൻ്റെ ലളിതമായ ജീവിതരീതിയിൽ സൌന്ദര്യബോധത്തിനും ക്രമീകരണങ്ങൾക്കും ഏറെ പ്രാധാന്യം നല്കിയിരുന്നു അമ്മാൾ.  നെഹ്‌റുവിനേക്കാൾ നേരത്തെ തന്നെ പ്രൊഫസർ സി വി രാമൻ അമ്മാളിലെ ധിഷണയുടെ പ്രഭാവം  കണ്ട് അക്കാദമിയുടെ ഫൗണ്ടേഷൻ ഫെല്ലോ ആക്കി. വർഷങ്ങൾക്ക് ശേഷം, 1957-ൽ അവർ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1970-ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. അന്നു മുതൽ മദ്രാസ് സർവ്വകലാശാലയിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ ബോട്ടണിയിൽ എമറിറ്റസ് സയൻ്റിസ്റ്റായി സേവനമനുഷ്ഠിച്ചു. 1977-ൽ രാജ്യം അവർക്ക് പത്മശ്രീ സമ്മാനിച്ചു.  1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവർ ഗവേഷണങ്ങൾ തുടരുകയും ചെയ്തു. 1999-ൽ അമ്മാളുടെ പേരിൽ രാഷ്ട്രം രണ്ട് പുരസ്‌കാരങ്ങൾ ഏർപ്പെടുത്തി: ഇ കെ ജാനകി അമ്മാൾ നാഷണൽ അവാർഡ് ഓൺ പാൻ്റ് ടാക്സോണമി,  സമാനമായ ഒന്ന് അനിമൽ ടാക്‌സോണമിയിലും.


തലശ്ശേരിയിലെ ഒരു സാധാരണ വനിത ഒരു പക്ഷേ ഇന്നും ആലോചിക്കാൻ സാധ്യതയില്ലാത്ത ഒന്നാണ് ഒരു നൂറ്റാണ്ടുമുന്നേ ജാനകി അമ്മാൾ ചെയ്തത്. മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻ്റ് ബ്രീഡിംഗ് റിസർച്ചിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകയായ നേഹ ഭാട്ടിയ പറയുന്നുണ്ട്, അവർക്ക് പ്രചോദനമായത്, വഴികാട്ടിയായത്, പ്രകാശഗോപുരമായത് ഇന്ത്യൻ സസ്യശാസ്ത്രജ്ഞയായ ജാനകി അമ്മാളാണ്. "സ്ത്രീകൾ അവരുടെ സ്വപ്നങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന് സാമാന്യവൽക്കരിക്കേണ്ടത് പ്രധാനമാണ്."  അമ്മാളിൽ നിന്നും നേഹ നേടിയ പാഠമാണത്. വിവാഹം, കുടുംബം എങ്ങിനെയാണ് പെണ്ണിൻ്റെ സ്വപ്നങ്ങളെ കരിച്ചുകളയുന്നത് എന്നറിയാൻ പെൺകുട്ടികൾക്ക് അമ്മാളിൻ്റെ ജീവിത വിജയ ഗാഥ ധാരാളമാണ്.  


ഏറ്റവും ചുരുങ്ങിയത് തലശ്ശേരിയെങ്കിലും ഓർക്കണം, സകല വിവേചനങ്ങളെയും അതിജീവിച്ച് നാടുവിട്ട് മിഷിഗൺ സർവ്വകലാശാലയിൽ പോയി  പോസ്റ്റ് ഗ്രാജ്വേഷൻ നേടിയതിൻ്റെ ഒരു നൂറ്റാണ്ട് തികയുകയാണ് അടുത്തവർഷം, 2025. നമ്മൾ അതു ആഘോഷിക്കേണ്ടതാണ്. പെൺകുട്ടികൾക്ക് മാതൃകയാവാനാണ് എന്നു കരുതിയെങ്കിൽ തെറ്റി, പൊതുസമൂഹത്തിന്, സകല വിദ്യാർത്ഥികൾക്കും മാതൃകയാവാനാണ്. കുറച്ചുവർഷം  മുന്നേ കിരൺബേദി ഒരുവേദിയിൽ മനോഹരമായി വിദ്യാർത്ഥി സമൂഹവുമായി സംവദിച്ചു. അതുകഴിഞ്ഞ് ഒരാൾ ഉപദേശിച്ചു, പെൺകുട്ടികൾ ബേദിയെ മാതൃകയാക്കണം.  അതെന്താ ആൺകുട്ടികൾക്ക് പറ്റില്ലേ എന്നുചോദിക്കാൻ ബോധമുള്ള ഒരു നാവും ആ പരിസരത്ത് കണ്ടില്ല.  തലശ്ശേരിയിൽ എത്ര സ്മാരകങ്ങൾ ആരുടെയെല്ലാം പേരിൽ ഉണ്ടെന്ന് തലശ്ശേരിക്കാരനായ എനിക്കറിയില്ല, അതിൽ എവിടെയെങ്കിലും ഒരു കല്ല് ലോകോത്തര സംഭാവനകൾ നല്കിയ ജാനകി അമ്മാളിനുണ്ടോ എന്നും എനിക്കറിയില്ല. പക്ഷേ അവർക്കേറ്റവും ഉചിതമായ ഒരു സ്മാരകം യൂറോപ്പിലുള്ളതായി വായിച്ചു. യൂറോപ്പിനെ അലങ്കരിക്കുന്ന അതിവിശിഷ്ടമായ മഗ്നോളിയ പൂമരങ്ങൾ വികസിപ്പിച്ചതിൻ്റെ പേരിൽ, യുകെയിലെ ജോൺ ഇന്നസ് സെൻ്ററിൽ സൌരഭ്യം പരത്തുന്ന ആ പൂവിന് അമ്മാളിൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും മാനിച്ച് അവർ നല്കിയ പേര്  "ഇ.കെ. ജാനകി അമ്മാൾ" എന്നാണ്. 


ബെഡ്റൂമുകളിൽ നിന്നും ബോർഡ്റൂമിലേക്ക് 

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്നതിനെ കാലികമായി പരിഷ്കരിച്ചാൽ അതു സ്വാഭാവികമായും ബെഡ്റൂമുകളിൽ നിന്നും ബോർഡ്റൂമുകളിലേക്ക് എന്നാവണം. മുകളിൽ പറഞ്ഞ ഒരു നൂറ്റാണ്ടുമുന്നേ ഒരു ശതമാനത്തിൽ താഴെ സ്ത്രീസാക്ഷരതയിൽ നിന്നും നമ്മൾ ഏറെ മുന്നേറി എന്നത് സത്യമാണ്. അതു മനുസ്മൃതിയോടും ബാക്കി മതബോധനങ്ങളോടും പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളോടും ഏറ്റുമുട്ടി തന്നെയാണ്.  സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ലോകത്തെ വികസിത സമൂഹവുമായി തട്ടിച്ചുനോക്കിയാൽ ബോർഡ് റൂമുകളിലെ പെൺസാന്നിദ്ധ്യം കുറവു തന്നെയാണ്. ബോർഡുകളിലെ സ്ത്രീകളുടെ പ്രാതിനിധ്യം 2022 ൽ 18 ശതമാനമായി ഉയർന്നെങ്കിലും രാജ്യം ഫ്രാൻസ്, സ്വീഡൻ, യുഎസ്, യുകെ എന്നിവയെ അപേക്ഷിച്ച് വളരെ പിന്നിലാണെന്ന് ഒരു റിപ്പോർട്ട് പറയുന്നു. 2013 മുതൽ 2022 വരെയുള്ള കാലയളവിൽ, ബോർഡുകളിലെ വനിതാ പ്രാതിനിധ്യം 2013ലെ 6 ശതമാനത്തിൽ നിന്ന് 2022ൽ 18 ശതമാനമായി വർധിപ്പിച്ചതോടെ ഇന്ത്യ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. 24% വനിതാ പ്രാതിനിധ്യത്തോടെ, ലൈഫ് സയൻസ് മേഖല മുന്നിലെത്തി, തൊട്ടുപിന്നാലെ മീഡിയ ആൻ്റ് എൻ്റർടൈൻമെൻ്റ് മേഖലയുമുണ്ട്. ചരിത്രപരമായി, ഇന്ത്യൻ ബോർഡുകളിൽ സ്ത്രീകൾക്ക് ലഭ്യമായ സ്ഥാനം പരാതികളിലെയും സിഎസ്ആർ കമ്മിറ്റികളിലെയും നേതൃത്വമായിരുന്നു. സ്ഥിതി മാറുന്നത് കണക്കുകളിൽ കാണാം. 


നമുക്കുണ്ടാവേണ്ടത് ലിംഗാടിസ്ഥാനത്തിലുള്ള തൊഴിലിടങ്ങളല്ല, പുരുഷകേന്ദ്രിതമെന്നോ സ്ത്രീസൌഹൃദമെന്നോ വിശേഷിപ്പിക്കപ്പെടേണ്ട ഇടങ്ങളുമല്ല, സമ്പൂർണ്ണമായും ജൻഡർ ന്യൂട്രൽ വർക് സ്പേസുകളാണ്.  സമസൃഷ്ടിബോധത്തിൻ്റെ, തുല്യതയുടെ നല്ലിടങ്ങൾ സൃഷ്ടിക്കപ്പെടട്ടെ. സർക്കാരിൻ്റെ കണക്കുപ്രകാരം രാജ്യത്തിൻ്റെ ലേബർഫോഴ്സിൻ്റെ ഭാഗമായ വനിതകളുടെ ശതമാനം 2017ൽ 23.3 ആയിരുന്നത് 2022ൽ 37 ആയി ഉയർന്നിട്ടുണ്ട്.  സ്വാഭാവികമായും ഈ വളർച്ച സമഗ്രമായൊരു മാറ്റത്തിലേക്ക് വഴിതെളിക്കുന്നതാണ്, ഇന്നോളമുള്ള പുരുഷകേന്ദ്രിത കാഴ്ചപ്പാടുകളുടെ ഇടുങ്ങിയ ലോകത്തെ അതു കൂടുതൽ വിശാലമാക്കാതെ തരമില്ല.  


സത്യത്തിൽ ലിംഗത്താൽ വിഭജിക്കപ്പെട്ടൊരു സമൂഹമാണ് നമ്മുടേത്, വേണ്ടുന്നിടത്തും വേണ്ടാത്തിടത്തും ലിംഗം എഴുന്നള്ളിക്കുന്ന ഭാഷയും സംസ്കാരവും വിഭജിച്ചുകളഞ്ഞ ഒരു സമൂഹം.  ആണിൻ്റെ എതിർലിംഗം പെണ്ണ്, പെണ്ണിൻ്റെ എതിർലിംഗം ആൺ എന്നാണ് മലയാളത്തിൽ ചെറുതിലേ പഠിപ്പിക്കുന്നത്. ഓപ്പസിറ്റ് എന്ന ഇംഗ്ലീഷ് വാക്കിൻ്റെ നേർക്കുനേർ, പരസ്പരപൂരകം എന്ന അർത്ഥങ്ങളൊന്നും നമ്മൾ എടുത്തില്ല. വാക്കുകൾ സംസ്കാരത്തെ നിരന്തരമായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതിൻ്റെ ഫലം കൂടിയാണ്  നമ്മുടെ തരംതാണ ബോധം. എതിർലിംഗങ്ങളാണെങ്കിൽ രണ്ടും രണ്ടു വഴിക്കു പോവേണ്ടതല്ലേ, ഇനി അബദ്ധവശാൽ മുഖാമുഖം വന്നുപോയാൽ പിന്നെ നടക്കേണ്ടത് യുദ്ധമല്ലേ. പക്ഷേ സംഭവിക്കുന്നത് മെയ്ക് ലവ് ആണ്, മെയ്ക് വാർ അല്ല. അപ്പോൾ അത് എതിരാണോ, പരസ്പരപൂരകമാണോ? ഏറ്റവും ചുരുങ്ങിയത് എതിർലിംഗം എന്നെഴുതുന്നത് പൂരകലിംഗം എന്നെങ്കിലും ആക്കുവാനുള്ള കാലം അതിക്രമിച്ചിട്ടുണ്ട്. 


മധുസൂദൻ വി


Reference:

Dr. Babasaheb Ambedkar Writing and Speeches, Vol. 3
Dr. Babasaheb Ambedkar Writing and Speeches, Vol. 4
https://ijcrt.org/papers/IJCRT2102512.pdf
https://www.mpg.de/19967547/janaki-ammal
https://www.smithsonianmag.com/science-nature/pioneering-female-botanist-who-sweetened-nation-and-saved-valley-180972765/
https://www.prd.kerala.gov.in/ml/node/251458
https://economictimes.indiatimes.com/news/company/corporate-trends/women-representation-on-indian-boards-accelerated-to-18-per-cent-in-2022-report/articleshow/94923434.cms?from=mdr
https://pib.gov.in/PressReleasePage.aspx?PRID=1967291#:~:text=Periodic%20Labour%20Force%20Survey%20Report,status'%20concept%20of%20measuring%20labour





Thursday, March 14, 2024

ജയമോഹൻ അഭയം വേണ്ടാത്ത ജനുസ്സ്, കൂട്ടിയാൽ കൂടാത്തതും

ഇവിടെ ജാതിയെവിടെ എന്നു ചോദിച്ചാൽ, പഴയരൂപത്തിൽ, പഴയ ഭാവത്തിൽ, ഉടുപ്പിൽ, നടപ്പിൽ, എടുപ്പിൽ ഒന്നും കാണാനായെന്നു വരില്ല. അതൊരു ഭൌതിക സാന്നിദ്ധ്യമല്ല എന്നു വേണമെങ്കിൽ പറയാമെങ്കിലും ആനയുടെ കാലിൽ ചാരിവച്ച ചൂരൽ കണക്കെ അതൊരു യാഥാർത്ഥ്യമാണ്. ആ ചൂരലാണ് ജാതിബോധം. പകൽ കയറുപൊട്ടിച്ച പശുവിനെയും നേരം ഇരുട്ടിയാൽ ആല എന്ന അഭയകേന്ദ്രത്തിലേക്ക് വഴി നടത്തുന്ന വികാരമാണ് ഭയം. പലരും ആലകളായി, ഗോശാലകളായി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കാണുന്നത് അതേ വികാരത്താലാണ് - ഭയം ഒന്നുമാത്രം. ഭയം ഇല്ലാത്തവർക്ക് അഭയം ആവശ്യമില്ല. അഭയം വേണ്ടാത്ത അപൂർവ്വ ജനുസ്സുകളിൽ പെട്ട ഒരു എഴുത്തുകാരൻ, വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ജയമോഹൻ. മതം ഒരു വീക്ഷണമാണെങ്കിൽ അതിനെ എതിർക്കുന്നതെല്ലാം വിമത-വീക്ഷണങ്ങളാണ്. അങ്ങിനെ ഒരു ഒരു വിമത സന്ന്യാസിയായിരുന്നു ശ്രീനാരായണഗുരു. തൻ്റെ രചനകളിൽ ആ മഹാഗുരുവിൻ്റെ ദർശനങ്ങൾ ആവാഹിച്ച വിമത എഴുത്തുകാരൻ എന്നു ചരിത്രം ജയമോഹനെ അടയാളപ്പെടുത്തും.

കണ്ണുനനയിച്ച കഥകൾ എന്ന കമലഹാസൻ്റെ വിശേഷണം, ജയമോഹനെ വായിക്കാതെ സമകാലിക ഇന്ത്യയെ പറ്റിയുള്ള നമ്മുടെ അറിവുകൾ അപൂർണ്ണമാവും എന്ന വിവേക് ഷാൻബാഗിൻ്റെ നിരീക്ഷണവും കവറിൽ കണ്ടപ്പോൾ വാങ്ങിയതാണ് സ്റ്റോറീസ് ഓഫ് ദ ട്രൂ എന്ന ജയമോഹൻ കഥാസമാഹാരം. തനിക്കു ചുറ്റിലുമുള്ള മുഖ്യധാരയിലേക്ക് മൈലുകൾ ഇനിയും സഞ്ചരിക്കേണ്ട ജീവിതപരിസരങ്ങളുടെ ചകിരി തല്ലി പിരിച്ച കയറിലൂടെ വായനക്കാരനെ വിഭ്രാന്തിയുടെ കൊടുമുടിയിലേക്ക് വലിച്ചു കയറ്റുന്ന ഒരു എഴുത്തു ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. തൻ്റെ വാക്കുകൾ ആരെയാവും കുത്തിനോവിക്കുന്നത്, അങ്ങിനെ സംഭവിച്ചാൽ അതു തന്നെ എങ്ങിനെയാവും ബാധിക്കുക എന്ന ചിന്ത എഴുത്താളിന് അരിയപെരിയെ പോവാത്തപ്പോൾ മാത്രമാണ് എഴുത്ത് ഒരു സംഭവമാവുക. കെട്ടുനാറുന്ന ഒരു സമൂഹത്തെ കഥയിലേക്ക് ആവിഷ്കരിക്കുന്നതു ചന്ദനലേപസുഗന്ധം പേറുന്ന വാക്കുകളിലാവുമ്പോൾ, അവിടെ മഷി കാപട്യത്തിൻ്റേതാവുക മാത്രമേ സാദ്ധ്യതയുള്ളൂ. തീട്ടം കൊണ്ടുണ്ടാക്കിയ നാക്കിൽ തുടങ്ങുന്നു എന്നെഴുതുന്നിടത്ത്, തുടങ്ങുന്നുണ്ട് വായനക്കാരൻ്റെ കൺമുന്നിൽ നാറ്റത്തിൻ്റെ ഒരു മഹാപ്രപഞ്ചം. പുരോഗമനവാദിയാവാൻ മാത്രമായി മതചിഹ്നങ്ങൾ ധരിക്കാത്ത, മാടിൻ്റെ മാസം തിന്നു മദ്യപിക്കുന്ന ബുദ്ധിജീവികളുടെയും സോകോൾഡ് സാംസ്കാരികനായകരുടെയും ലോകത്തെ ‘ഉയർന്നജാതിയുടെ പ്രായോഗിക ബുദ്ധിയാണ് പുരോഗമനം’ എന്നു ജയമോഹൻ പരിഹസിക്കുന്നുണ്ട്,
ഉന്നതവിദ്യാഭ്യാസമുള്ളവർ ആയിരുന്നില്ല പലരുമെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി എഴുത്തും വായനയുമുള്ളവരുടെ ഒരു കലാലയമായിരുന്നു 1950 കളിൽ എന്ന് പറയുന്നുണ്ട് അദ്ദേഹം ഒരു അഭിമുഖത്തിൽ. ഉദാഹരണമായി അദ്ദേഹം എടുത്തുപറയുന്നത് മൂന്നാം ക്ലാസ് വരെ മാത്രം പഠിച്ച തൻ്റെ അമ്മ അഞ്ചോ ആറോ വരെ മാത്രം വിദ്യാഭ്യാസം സിദ്ധിച്ച കമ്മ്യൂണിസ്റ്റുകാരുടെ അടുത്തു നിന്നും ഇംഗ്ലീഷ് ഭാഷ പഠിച്ചെടുത്തതാണ്. അനായാസമായി തമിഴും മലയാളവും ഇംഗ്ലീഷും കൈകാര്യം ചെയ്തവരായിരുന്നു പലരും. അങ്ങിനെ അമ്മവഴി ആർജ്ജിതമായ ഒരു ബൌദ്ധികമൂലധനവുമായാണ് ജയമോഹൻ്റെ സാഹിത്യരംഗപ്രവേശം. കണ്ണു തുറന്നു, നടക്കാൻ തുടങ്ങിയപ്പോൾ ആദ്യം കണ്ട ആദർശവാദി എന്നാണ് കമ്മ്യൂണിസ്റ്റ് നേതാവും, തമിഴകത്തെ തിരുവട്ടാർ മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയും തോട്ടം തൊഴിലാളികളുടെ നേതാവും ആയിരുന്ന ജെ ഹേമചന്ദ്രനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ലാത്ത, ഒരിട പക്ഷേ ആംആദ്മി പാർട്ടിയെ പിന്തുണയ്ക്കുകയും ചെയത അദ്ദേഹം സ്റ്റോറീസ് ഓഫ് ദ ട്രൂ സമർപ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരനായിരുന്ന ഹേമചന്ദ്രനാണ്.
നൂറു സിംഹാസനങ്ങൾ
ബോധാനന്ദനിലൂടെ, പ്രജാനന്ദനിലൂടെയുമുള്ള നായാടിയായ കാപ്പൻ്റെ ധർമ്മപാലനിലേക്കുള്ള പരിണാമം, കാഫ്കയുടെ മെറ്റമോർഫസീസിൻ്റെ ഒരു റിവേഴ്സ് ആണെന്നു വേണം പറയാൻ, തനതായ ഒരു ശൈലിയിലൂടെ ഒരു സമൂഹം കടന്നുപോയ, ഇന്നും കടന്നുപോവുന്ന ജീവിതത്തിൻ്റെ ഇരുട്ടിലേക്ക് ജയമോഹൻ കൊളുത്തിയ ഒരു പന്തമാണ് നൂറു സിംഹാസനങ്ങൾ. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം, ഇന്ത്യയിലെ സാമൂഹികാവസ്ഥയുടെ, സാമൂഹികമുന്നേറ്റത്തിൻ്റെ, ഒടുക്കം മാറാത്ത പല ദുരവസ്ഥകളുടെയും നേർക്കാഴ്ചകളാവുകയാണ്, അതു വായനക്കാരൻ്റെ ചിന്തകളെ പിടിച്ചുലയ്ക്കുകയാണ്.
നൂറു സിംഹാസനങ്ങളിൽ ശ്രീനാരായണനുണ്ട്, ബുദ്ധനുണ്ട്. എന്താണ് ധർമ്മം, എന്തല്ല ധർമ്മം എന്ന മഹാഭാരതകാലം തൊട്ടുള്ള തലനാരിഴ കീറിയുള്ള പരിശോധനയുടെ തുടർച്ചയാണ് നൂറു സിംഹാസനങ്ങൾ, പേരിൽ തന്നെയും ധർമ്മവും ബുദ്ധനും കുടിയിരിക്കുന്ന ധർമ്മപാലനും. പൂർവ്വാശ്രമം ഇട്ടെറിഞ്ഞ് കാലെടുത്തുവെയ്ക്കുന്ന സന്ന്യാസം ഒന്നു നോക്കിയാൽ താരതമ്യേന എളുപ്പമാണ്. പൂർവ്വാശ്രമ ജീവിതം ആരും ഒരു സന്ന്യാസിയെ പിന്നെ ഓർമ്മിപ്പിക്കാറില്ല. ആയൊരു പ്രിവിലേജ് പക്ഷേ നായാടിക്കുണ്ടായിരുന്നില്ല. അന്നും ഇന്നും. ഐഎഎസ്സു കാരനായ ധർമ്മപാലനെ ഔദ്വോഗികജീവിതം നിത്യേനയെന്നോണം ഓർമ്മിപ്പിക്കുന്നുണ്ട് താൻ വെറും നായാടിയായിരുന്നു എന്ന സത്യം. അഴുക്കിൽ കിടന്ന്, അഴുകിയത് ഭക്ഷിച്ച്, അഴുക്കുകൾ ചർമ്മം തന്നെയായി മാറിയിരിക്കുന്നു, വെള്ളം കൊണ്ട് കഴുകിക്കഴുകി ഞാൻ എന്നെ വീണ്ടെടുക്കുകയാണെന്ന് ധർമ്മപാലൻ പറയുന്നുണ്ട്. അതിൽ നിന്നൊരു മോചനത്തിനുള്ള ഒരുകൈ സഹായമല്ല, പ്രോത്സാഹനവുമല്ല, മറിച്ച് അത് തികച്ചും അസാധ്യമാക്കുന്ന ഒരു സമൂഹമാണ് നാം, എന്തിന് അയാളുടെ ഭാര്യ, പഴയ കാമുകി, സുധ പോലും അയാളെ കണ്ടത് നായാടി ആയാണ്. നിരന്തരമായി അവൾ അയാളുടെ അപകർഷതാ ബോധത്തെ, ഭരിക്കാനായി പിറവികൊള്ളുന്ന ഐഎഎസ് ഗണത്തിലായിയിട്ടു പോലും ഒരു പ്യൂണിനോടുപോലും ഉത്തരവിടുവാൻ ആവാത്ത അയാളുടെ പ്രകൃതത്തെ വീണു കിട്ടുന്ന സന്ദർഭങ്ങളിൽ ഒന്നുപോലും പാഴായിപ്പോവാതെ പഴിക്കുന്നുണ്ട്. ആദ്യവാചകത്തിലെ ആനയുടെ കാലിലെ ചൂരൽ ഇവിടെയാണ്. എന്തുകൊണ്ട് അത് സംഭവിക്കുന്നു എന്നതിൻ്റെ ഉത്തരം സാമൂഹിക-മനശ്സാസ്ത്ര ഗ്രന്ഥങ്ങളെക്കാൾ വിശദമായി സത്യസന്ധമായും ആവിഷ്കരിക്കുന്നുണ്ട് നൂറുസിംഹാസനങ്ങളിൽ എഴുത്തുകാരൻ. നൂറു സിംഹാസനങ്ങളിലെ നായാടിമാരുടെ ജീവിതവും തെരുവുനായയുടെ ജീവിതവും തൂക്കിനോക്കിയാൽ ഒരു പക്ഷേ ഭേദം നായയുടേത് ആവാനാണ് സാധ്യത. ആശുപത്രി ഷെഡ്ഡിലെ ധർമ്മപാലൻ്റെ പഴുത്തു പുഴുത്ത അമ്മയുടെ കിടപ്പ്, സമാനമായി ചെള്ളും പുണ്ണും പിടിച്ച നായ്ക്കൾക്കൊപ്പമായിരുന്നു.
ശ്രീനാരായണ ഗുരു പരമ്പരകളുടെ സ്വാധീനം
ശ്രീനാരായണഗുരുവിൽ തുടങ്ങി നടരാജഗുരുവിലൂടെ നിത്യചൈതന്യ യതിവരെയും പകർന്ന ബോധത്തിൻ്റെ നിറവു കൂടിയാണ് ജയമോഹൻ. ഇവിടെ വരെയെത്താൻ തന്നെ സഹായിച്ചത് പ്രജാനന്ദൻ, നാരായണഗുരുവിൻ്റെ ശിഷ്യൻ എന്നു ധർമ്മപാലൻ സെൻഗുപ്തയോട് പറയുമ്പോൾ, ആ സെൻഗുപ്ത എന്ന കഥാപാത്രത്തെ കൊണ്ട് എഴുത്തുകാരൻ ഒരു ചോദ്യം ചോദിപ്പിക്കുന്നുണ്ട് - നേർശിഷ്യനാണോ എന്ന്. അല്ല ഏണസ്റ്റ് കിർകിൻ്റെ ശിഷ്യനായ പ്രജാനന്ദൻ എന്നാണ് മറുപടി. ആരായിരുന്നു ചരിത്രത്തിൽ ഏണസ്റ്റ് കിർക്, എന്തിനായിരുന്നു ആ പേരിനെ എഴുത്തുകാരൻ സിംഹാസനസ്ഥനാക്കിയത്? അതുചെന്നു നില്ക്കുന്നുണ്ട് - നമുക്ക് സന്ന്യാസം നല്കിയത് ബ്രിട്ടീഷുകാരാണല്ലോ - എന്നു ഗുരുവചനത്തിൽ.
1927 ലെ വിജയദശമി നാളിലാണ് ഗുരു ഏണസ്റ്റ് കിർകിന് സന്ന്യാസ ദീക്ഷ നല്കിയത്. മറ്റെല്ലാവരെയും പോലെ കിർകിനോടും ഗുരു തലമുണ്ഡനം ചെയ്ത് വരാൻ പറയും, ശേഷം സന്ന്യാസ വസ്ത്രമായ കാവിയും ശേഷാശ്രമ നാമവും നല്കുമെന്നുമായിരുന്നു പലരുടെയും ധാരണ. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്, സന്ന്യാസ ദീക്ഷാ ചടങ്ങ് ആരംഭിച്ചപ്പോൾ ഗുരു അദ്ദേഹത്തിനു മാത്രമായി പശ്ചാത്യരീതിയിലെ സൂട്ടും കോട്ടും ടൈയും നല്കി. ആശ്രമത്തിൻ്റെ പല വികസന പദ്ധതികളുടെയും മേൽനോട്ടം ഏറക്കാലം കിർക് സ്വാമിക്കായിരുന്നു. താൻ അന്വേഷിച്ചു നടന്ന മഹാത്മാവിനെ ഗുരുവിൽ കണ്ടെത്തിയതെന്നായിരുന്നു കിർക് സ്വാമി പിന്നീട് പറഞ്ഞത്. ആ കിർകിന് സ്വന്തം ദേശവസ്ത്ര സംസ്കാരത്തിലൂടെ സന്ന്യസിക്കുവാനുള്ള മാർഗം ഒരുക്കിയ ഗുരു നടത്തിയതും മറ്റൊരു വിപ്ലവമായിരുന്നു. ജയമോഹൻ്റെ കൂടി ആരാധ്യനായ ഗുരു നിത്യചൈതന്യയതി കിർക്ക് സ്വാമിയെ കൂനൂരിലെ ആശ്രമത്തിൽ സന്ദർശിച്ചപ്പോൾ ടൈ കെട്ടിയ കിർക്കിനെ കണ്ട് അത്ഭുതപ്പെട്ടു. ഇതെനിക്ക് ഗുരു തന്ന സന്ന്യാസ ദീക്ഷാവസ്ത്രമാണ്, ഉപേക്ഷിച്ചിട്ടില്ല. അങ്ങ് കാവി ധരിക്കുന്നതുപോലെയാണ് ഞാൻ ടൈ ധരിക്കുന്നതെന്നുമായിരുന്നു യതിക്ക് അദ്ദേഹം കൊടുത്ത മറുപടി.
പിന്നീട് ഗുരുവിൻ്റെ മരണത്തിനു ശേഷം ആശ്രമം വിട്ട അദ്ദേഹം തിരുവനന്തപുരത്ത് കരമനയാറിൻ്റെ തീരത്ത് ആശ്രമം സ്ഥാപിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകുകയായിരുന്നു. അവിടെ എത്തിയ കേശവപണിക്കരാണ് കിർകിൽ നിന്നും സന്ന്യാസ ദീക്ഷ സ്വീകരിച്ച് പിൽകാലത്ത് പ്രജാനന്ദനായി അറിയപ്പെട്ടതും, നൂറുസിംഹാസനങ്ങളിൽ ബോധത്തിൻ്റെ ഒരു സിംഹാസനം ജയമോഹൻ അദ്ദേഹത്തിനായി മാറ്റിവെച്ചതും. നല്ല ഇം ഗ്ലീഷ് പറയാത്തവൻ ആധുനിക മനുഷ്യനല്ല. ഇംഗ്ലീഷ് പറയാേത്താളം കാലം നീ വെറുമൊരു നായാടിയാണ് എന്നിടത്ത് വിമോചനത്തിൻ്റെ ഭാഷയായി പ്രജാനന്ദൻ കണ്ടത് ഒരു ലോകഭാഷയെയാണ്. ബഹുഭൂരിപക്ഷത്തിനും സ്വന്തം ഭാഷ ശരിയമ്പ്രാൻ ഉണർത്തിക്കുവാനും റാൻമൂളുവാനും മാത്രമുള്ളതാവുന്നിടത്ത്, അല്ലാതപ്പോൾ ലോകത്തേറ്റവും ക്രൂരമായ, പ്രാകൃതമായ ശിക്ഷകൾ ഏറ്റുവാങ്ങേണ്ടിവന്ന, തിളച്ച എണ്ണയിൽ കൈ മുക്കി സത്യവും അസത്യവും വേർതിരിച്ച, കാതിലേക്ക് ഇയ്യം ഉരുകിയൊഴുകി എത്തിയ ‘ധർമ്മരാജ്യം’, വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയം ഏറെ അകലെയായിരുന്നില്ല. ‘കാപ്പാ മക്കളേ, കശേര വേണ്ടാ! കളസം വേണ്ടാ!’, തൻ്റെ മകനു ജീവൻ മതി എന്നു വിലപിക്കുന്ന കാപ്പൻ്റെ അമ്മയുടെ ദുഖത്തിൻ്റെ ആഴത്തെ അദ്ദേഹം ഉപമിക്കുന്നത് നമുക്ക് തിരിച്ചറിയാനാവാത്ത, പറഞ്ഞുതീർക്കാനാവാത്ത ഒരു മൃഗത്തിൻ്റെ ദു:ഖത്തോടാണ്. അവളിൽ നിന്നും താൻ പിടിച്ചുപറിച്ചു ധർമ്മപാലനായി വളർത്തിയ കാപ്പനോട് അവളോട് പ്രായശ്ചിത്തം ചെയ്യാൻ അദ്ദേഹം പറയുന്നതും മറ്റൊന്നുകൊണ്ടല്ല. മറ്റൊന്നും ചെയ്യാനാവാത്ത വിധം തകർക്കപ്പെട്ട ഒരു ജീവിയോട് അതുമാത്രമാണ് ചെയ്യാനാവുക.
വന്യമൃഗങ്ങൾക്ക് പേരിന് വനമെങ്കിലും ഉള്ള ലോകത്താണ് സ്വന്തമായി ഭൂമിയില്ല, പൊതുവഴിക്ക് അവകാശവുമില്ലാത്ത ബ്രാഹ്മണരിൽ നിന്നും 72 അടിമുതൽ 300 അടിവരെ അകലം ഐത്തം പാലിക്കാനുള്ള ഒരു വിഭാഗമായി നായാടി കേരളത്തിൽ ജീവിച്ചത്, ജീവിക്കുന്നത്. 2001 ലെ സെൻസസ് പ്രകാരം കേരളത്തിൽ 3322 നായാടികളാണെന്ന് 2008ലെ ചരിത്രകോൺഗ്രസിൽ അവതരിക്കപ്പെട്ട Continuiing Untouchability: The case of Nayadis of Kerala എന്ന പ്രബന്ധത്തിൽ കെ. രാജൻ എഴുതിയിട്ടുണ്ട്. പാലക്കാട് വിളയൂരിൽ നായാടിയുടെ സഞ്ചാരത്തിനു പരിധി നിശ്ചയിച്ച ഒരു പൊളൂഷൻ റോക് അഥവാ തീണ്ടൽ പാറയുള്ളതായി ചരിത്രമുണ്ട്. ഗാന്ധിജിയുടെ ഈ ഹരിജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിൽ പാലക്കാടാണ്, ഷെഡ്യൂൾഡ് കാസ്റ്റ്, അംബേദ്കർ ദളിത് കോളനികളൊന്നുമല്ല, കൃത്യമായി നായാടി കോളനി എന്നു വിളിപ്പേര്. നമുക്ക് ജാതിയില്ലെങ്കിലും അവസാനിക്കാത്ത അവരുടെ ഐത്തബോധമാണ് പ്രശ്നം, ഐത്തബോധം കളയാത്തത് അവരാണ് എന്നാണ് ചിലരുടെ പരാതി. നട്ടെല്ല് തകർത്തുകളഞ്ഞ ശരീരം എഴുന്നേറ്റു വരാത്തതുകൊണ്ടാണ് നമുക്ക് കൊടുക്കാൻ പറ്റാത്തത് എന്നു പറയുന്നതുപോലെ അപഹാസ്യമാണ് എല്ലാ അർത്ഥത്തിലും തകർത്തുകളഞ്ഞ സമൂഹത്തോട് ഉയിർത്തെഴുന്നേല്ക്കാൻ കല്പിക്കുന്നത്. ആ കാലു വച്ചാൽ പൊതുവഴി കൂടി അശുദ്ധമായെന്നു പറഞ്ഞു എറിഞ്ഞു കൊന്ന ഗതകാലം നായാടിയെ പഠിപ്പിച്ച ജീവൻരക്ഷാപ്രാർത്ഥന ആരുടെയും കണ്ണിൽ പെടാതെയിരിക്കാൻ മാത്രമായിരുന്നു. അങ്ങിനെയൊരു സമൂഹത്തിൻ്റെ കഥയാണ്, യാഥാർത്ഥ്യമാണ് നായാടി, നല്ലൊരു ശൌച്യാലയം പോലുമില്ലാത്ത അവരുടെ കോളനിയുടെ കരയിലിരുന്നാണ് നമ്മൾ വലിയവായിൽ പുരോഗമനം പറയുന്നത്.
വേണ്ടത് രാഷ്ട്രീയബോധം, രാഷ്ട്രീയപാർട്ടിയല്ല
കഴിഞ്ഞ മെയ് മാസത്തെ ഹിന്ദുവിൻ്റെ ഫ്രൻട്ലൈനിൽ വി ഡി സവർക്കറെ പറ്റി സുദീർഘമായി അദ്ദേഹം എഴുതിയിട്ടുണ്ട്. സവർക്കറെ അദ്ദേഹം വിശേഷിപ്പിച്ചത് ഹിന്ദു വഹാബി എന്നാണ്, തീർത്തും ഒരു ഫണ്ടമെൻ്റലിസ്റ്റ്, മൌലികവാദി. ഫ്രൻ്റ്ലൈനിൽ നിന്നും ഒരല്പം മൊഴിമാറ്റം “ഹിംസയുടെ വ്യത്യസ്ത രൂപങ്ങൾ തിരഞ്ഞെടുത്തവർക്ക് മൂന്ന് ഉദാഹരണങ്ങളായാണ് വി.ഡി. സവർക്കറെയും ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും ഞാൻ കാണുന്നത്. പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളായിരുന്നിട്ടും അവരെല്ലാം ലക്ഷ്യത്തിലേക്ക് ഒരേ മാർഗമാണ് തിരഞ്ഞെടുത്തത്. മൂവരും വീണു, എങ്കിലും വീര രക്തസാക്ഷികളായി വിവിധ രാഷ്ട്രീയ പാർട്ടികൾ അവരെ ആഘോഷിക്കുന്നു. നേരെമറിച്ച്, ഗാന്ധി, നെഹ്‌റു, അംബേദ്കർ എന്നിവരെ ജനാധിപത്യപാത തിരഞ്ഞെടുത്തവരായി ഞാൻ കാണുന്നു. പലപ്പോഴും വീക്ഷണങ്ങളിൽ അവരും പരസ്പരം വിയോജിച്ചിരുന്നു, എങ്കിലും അവരുടെ രീതികൾ സദാ ജനാധിപത്യപരമായിരുന്നു. ഞാൻ തിരഞ്ഞെടുക്കുന്നത് അവരുടെ പാതയാണ്. കേവലം മഹത്തായ ഇന്ത്യൻ നേതാക്കളായി മാത്രമല്ല ഞാൻ അവരെ വാഴ്ത്തുന്നത്. വ്യക്തമായ ചരിത്രവീക്ഷണത്താലും ജനാധിപത്യത്തെക്കുറിച്ചുള്ള സമഗ്രമായ ധാരണയാലും ആ കാലത്തെ ലോകനേതാക്കളുടെ ഇടയിൽ വേറിട്ടുനിന്നവരായിരുന്നു അവർ. വാസ്തവത്തിൽ, നമ്മുടെ രാഷ്ട്രം അവരുടെ ദർശനങ്ങളാൽ രൂപപ്പെട്ടതാണ് നമ്മുടെ ഭാഗ്യം.”
സവർക്കർ എന്ന വിഷത്തിനുള്ള മറുമരുന്നാണ് ഗാന്ധി എന്നു ജയമോഹൻ പറയുമ്പോഴും അദ്ദേഹം സവർക്കർ ഒരിക്കലും ഭീരുവായിരുന്നില്ല എന്നു കൃത്യമായി നിരീക്ഷിക്കുന്നത്, റഷ്യൻ വിപ്ലവം അതിരു കടത്തിയ ആവേശത്തിൻ്റെ ലോകമെങ്ങുമുണ്ടായ അലയടികളെ സാക്ഷിനിർത്തിയാണ്. ബ്രിട്ടീഷുകാരുമായി ഒരുഘട്ടത്തിലെങ്കിലും സന്ധിചെയ്യാത്ത ഒരാളും ഉണ്ടായിരുന്നില്ലെന്നതിന് ഉദാഹരണങ്ങളായി അദ്ദേഹം എടുക്കുന്നത് ഗാന്ധിയെയും നെഹ്റുവിനെയും അംബേദ്കറെയും, ഇ വി രാമസ്വാമിയെയും കമ്മ്യൂണിസ്റ്റുകാരെയും ആണ്.
ഒന്നുകിൽ കറുപ്പിൽ അല്ലെങ്കിൽ വെളുപ്പിൽ പെയിൻ്റു ചെയ്യപ്പെട്ട ഒരു പ്രതിച്ഛായയാണ് ചരിത്രത്തിൽ സവർക്കറിന്. ഒരു കൂട്ടർക്ക് ധൈര്യത്തിൻ്റെ, അതിസാഹസികതയുടെ, നിസ്വാർത്ഥയുടെ ഒക്കെയും ആൾരൂപം. മറ്റുള്ളവർക്ക് മഹാഭീരു, സകല തിന്മകളുടെയും ആൾരൂപം. ചരിത്രത്തിലെ ഇരുട്ടിൻ്റെയും വെളിച്ചത്തിൻ്റെയും ഷെയ്ഡുകളിൽ മങ്ങിപ്പോയ ഒരു യഥാർത്ഥ സവർക്കറെയും വീണ്ടെടുക്കുന്നുണ്ട് ജയമോഹൻ വായന.
“വാഴ്ത്തപ്പെടാതെ പോയ നായകനെന്ന് സവർക്കർ പ്രതിച്ഛായക്ക് വെള്ളപൂശാനുള്ള ശ്രമങ്ങൾക്കിടയിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ അദ്ദേഹത്തിൻ്റെ പങ്കിനെ മറ്റുള്ളവർ ഇകഴ്ത്തുന്നതും, പ്രത്യേകിച്ച് ബ്രിട്ടീഷുകാർക്കുള്ള അദ്ദേഹത്തിൻ്റെ ക്ലെമൻസി പെറ്റീഷനുകളെ പരിഹസിക്കുന്നതും നാം ഇന്ന് കാണുന്നു. നിസ്സംശയമായും സവർക്കർ പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു അതൊക്കെ തന്നെയും എന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഭീരുവും സ്വാർത്ഥനുമായിരുന്നില്ല. അദ്ദേഹത്തിൻ്റെ ത്യാഗത്തെ റദ്ദുചെയ്തുകളയുമ്പോൾ, മറുവശത്തെ പൂർണ്ണമായി തള്ളിക്കളയുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ വെളിവാകുന്നത് വെറും ഇടുങ്ങിയൊരു ചിന്താഗതിയാണ്.”
സവർക്കർ സായുധ പോരാട്ടത്തിൻ്റെ വഴി എടുത്ത കാലം, 1910-ൽ റഷ്യയിൽ ലെനിൻ ചെയ്തതും അതുതന്നെയാണ്. ഒടുക്കം സാറിസ്റ്റ് സാമ്രാജ്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു. അതു ലോകമെമ്പാടും സായുധ സംഘങ്ങളെ അവരുടെ സ്വന്തം സർക്കാരുകൾക്കെതിരെ പോരാടാൻ പ്രചോദിപ്പിച്ചു, എന്നാൽ അത്തരം ഗ്രൂപ്പുകൾക്ക് ക്യൂബ പോലുള്ള ചില രാജ്യങ്ങളിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, കോംഗോ, സ്പെയിൻ, ബൊളീവിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിൽ ഇത്തരം തീവ്രവാദ ഗ്രൂപ്പുകൾ പൂർണ്ണമായും തകർന്നു എന്നും ജയമോഹൻ നിരീക്ഷിക്കുന്നുണ്ട്. പ്രായോഗികതലത്തിൽ ബ്രിട്ടൻ്റെ സായുധ ശേഷിയെ, കരുത്തിനെ അളക്കുന്നതിൽ, പരാജയപ്പെട്ടവരായിരുന്നു ഹിംസയുടെ മാർഗം എടുത്ത പലരും. പക്ഷേ അതൊക്കെയും സ്വാതന്ത്ര്യസമരത്തെ ആളിക്കത്തിച്ച ഇന്ധനവുമായിരുന്നു എന്നത് സത്യമല്ലാതാവുന്നുമില്ല. ആയൊരു ധർമ്മത്താൽ പക്ഷേ ആ മാർഗം മഹത്തരവുമാവുന്നില്ല, രക്തസാക്ഷികൾ മഹാത്മാക്കളുമാവുന്നില്ല. സവർക്കറെയും മറ്റുള്ള സായുധപോരാളികളെയും നയിച്ചത് വികാരം മാത്രമായിരുന്നു, വിചാരമായിരുന്നില്ല - ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ കരുത്തിൻ്റെ സ്രോതസ്സ് ദശലക്ഷക്കണക്കിന് ഇന്ത്യൻ ജനതയിൽ അതിനുണ്ടായിരുന്ന ജനകീയസ്വീകാര്യതയായിരുന്നു എന്ന ചരിത്രബോധം അവർക്കില്ലാതെ പോയി എന്നും ജയമോഹൻ നിരീക്ഷിക്കുന്നുണ്ട്.
ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും മറ്റുള്ളവരുടെയും വർദ്ദിച്ചുവന്ന ജനപ്രീതി, ജനങ്ങൾക്ക് അഹിംസാമാർഗങ്ങളോടുള്ള ഇഷ്ടം ഒക്കെയുമാവാം സവർക്കറെ ആ മാർഗം ഉപേക്ഷിച്ച് പുറത്തുവരുവാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം കാണുന്നു. നിലവിലെ വഴി തെറ്റെന്നു തോന്നിയപ്പോൾ സ്വാഭാവികമായും ബ്രിട്ടീഷുകാരുമായി സന്ധിചെയ്ത്, മറുവഴികളിലേക്കായി പുറത്തു കടക്കുകയായിരുന്നു ബുദ്ധി. തെരുവിലെ സവർക്കർ ഒന്നുകിൽ മിത്രങ്ങളുടെ സവർക്കറാണ്, അല്ലെങ്കിൽ ശത്രുക്കളുടെ സവർക്കർ. ജയമോഹൻ പറയുന്നു - “സവർക്കറെ ഭീരുവായി ഞാൻ കണക്കാക്കുന്നില്ല, അദ്ദേഹത്തിൻ്റെ രാജ്യസ്‌നേഹത്തെ ഞാൻ സംശയിക്കുന്നുമില്ല. രാഷ്ട്രത്തിന് വേണ്ടി അദ്ദേഹം ത്യാഗങ്ങൾ സഹിച്ചുവെന്നതിൽ തർക്കമില്ല. എങ്കിലും, തികച്ചും അസ്വീകാര്യനായ ഒരു രാഷ്ട്രീയ വ്യക്തിത്വമായാണ് അദ്ദേഹത്തെ ഞാൻ വിലയിരുത്തുന്നത്. ചരിത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വികലമായ ധാരണയുടെയും അക്രമ രാഷ്ട്രീയത്തിൻ്റെയും അടിസ്ഥാനത്തിലുള്ള എൻ്റെ വിലയിരുത്തലാണിത്.
സവർക്കർ ഒരു മതമൗലികവാദിയായിരുന്നു. മതമൗലികവാദത്തിൻ്റെ ഏത് രൂപവും ജനാധിപത്യവിരുദ്ധമാണ്. സാധാരണക്കാരുടെ ക്ഷേമത്തിന് എതിരായി പ്രവർത്തിക്കുകയും ആത്യന്തികമായി അത് വിനാശകരമാവുകയും ചെയ്യുന്നു. മതം, ജാതി, ഭാഷ, വംശം, അല്ലെങ്കിൽ ദേശീയത - ഏത് രൂപത്തിലായാലും മൌലികവാദം അടിസ്ഥാനപരമായി വിനാശകരമാണ്. മൗലികവാദത്തിൻ്റെ എല്ലാ രൂപങ്ങളും പ്രായോഗികമായി ഒന്നുതന്നെയാണ്, കാരണം ആത്യന്തികമായി അവർ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ഔന്നത്യത്തിൽ ഒരു പ്രത്യയശാസ്ത്രത്തെ പ്രതിഷ്ഠിക്കുന്നു. തങ്ങളുടെ പ്രത്യയശാസ്ത്രത്തിനായി ദശലക്ഷങ്ങളുടെ ജീവൻ പോയാലും ആ ബലികളെല്ലാം ന്യായമാണെന്ന് മൗലികവാദികൾ വിശ്വസിക്കുന്നു; അങ്ങനെ അവർ ദശലക്ഷക്കണക്കിന് ആളുകളെ കരുണയേതുമില്ലാതെ കൂട്ടക്കൊല ചെയ്യുന്നു. കാലങ്ങളായുള്ള സർവ്വനാശങ്ങളുടെ ചാക്രികതയെ ചരിത്രം രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.”
ഹിംസയുടെ പാത തിരഞ്ഞെടുക്കുന്നവർ, സ്വന്തം പക്ഷത്തിനെതിരെ അവർ അഴിച്ചുവിടുന്ന ഏത് അക്രമത്തെയും ന്യായീകരിക്കും. ഹിംസയുടെ വഴി സ്വയം സ്വീകരിച്ചിട്ട്, എതിർസംഘം നടത്തുന്ന ഹിംസയെ പറ്റി പരാതിപ്പെടുന്നതിൽ എന്തു കാര്യം എന്ന് ഓർമ്മിപ്പിക്കുന്നുണ്ട് അദ്ദേഹം. തങ്ങൾ നടത്തുന്ന ഹിംസകളൊക്കെയും ധർമ്മാനുസൃതവും എതിരാളിയുടേത് അധർമ്മവും ആണെന്ന് പറയുന്നതിനേക്കാൾ അസംബന്ധം മറ്റൊന്നില്ല - ജയമോഹൻ കൂട്ടിച്ചേർക്കുന്നു.
ആരുടെ കൈയ്യടിക്കും അവാർഡുകൾക്കുമല്ലാതെ നിർഭയം, നിരന്തരം നിർമമതയോടെ എത്രയും സെൻസിറ്റീവായ വിഷയങ്ങളെ ജയമോഹൻ നോക്കിക്കാണുന്ന സാമൂഹിക-ചരിത്ര-കാലിക-ബോധം, കൈയ്യടികൾക്കായി കരുതിവച്ച കാലണവാക്കുകൾ മാത്രം കൈമുതലായുള്ള ദരിദ്രനാരായണൻമാരെ സമ്പന്നരാക്കേണ്ടതാണ്, അവർ കേൾക്കുന്നുണ്ടെങ്കിൽ. അസാധാരണമായ ഒരു ആശയ-ഭാഷാ-പ്രപഞ്ചം തന്നെയാണ് നൂറുസിംഹാസനങ്ങളിലേത്. അവിടെ വാക്കുകൾ വ്രണത്തിലെ ചലം പോലെ ചീറ്റിയടി’ക്കുന്നുണ്ട്, കാറുകൾ കൂറകൾ പോലെ പായുന്നുണ്ട്, മനുഷ്യർ പ്രാണികൾ പോലെയും. ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് നായാടിയും നില്ക്കുമ്പോൾ തന്നെ ധർമ്മങ്ങളിൽ ഏറ്റവും വലുതായ സമത്വത്തിൻ്റെ സമക്ഷം ആ ക്ഷണം നായാടി അനീതിക്കിരയായി കഴിഞ്ഞു, അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ് എന്നിടത്ത് നവലോകത്തിനു വേണ്ട ധർമ്മബോധമുണ്ട്. നായാടിയെ എലിയോട് ഉപമിക്കുന്നിടത്ത് എഴുത്താളുടെ നിരീക്ഷണപാടവം അതിൻ്റെ കൊടുമുടിയിലേക്കെത്തുന്നുണ്ട്. “എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്. ‘ഒന്നു് ജീവിച്ചാേട്ടെ’ എന്ന മട്ടുണ്ട്. കാലുകൾക്കു താഴെയാണു അതിൻ്റെ ലോകം, ചവറുകളിലാണ് അതിൻ്റെ ജീവിതം. എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും. നട്ടെല്ലു വളയ്ക്കേണ്ട കാര്യമില്ല. വളച്ചുതന്നെയാണു ദൈവം കൊടുത്തിട്ടുള്ളത്.” ആ എലിയെ മാത്രം പിടിച്ചു ചുട്ടു തിന്നുന്നതാണ് അന്നും ഇന്നും നായാടിയുടെ യഥാർത്ഥ ജീവിത നായാട്ട്.
അരികുവൽക്കരിക്കുപ്പെട്ടവരുടെ ജീവിതമെഴുതുമ്പോൾ
ആനഡോക്ടറിലെ ഡോക്ടർ കെയുടെ നിരീക്ഷണത്തെ പറ്റി ചോദ്യമുന്നയിച്ചയാളോട് അദ്ദേഹം കഴിഞ്ഞവർഷത്തെ കോഴിക്കോട് ലിറ്റററി ഫെസ്റ്റിവെലിൽ പറഞ്ഞത് പത്രഭാഷയിലുള്ള, ക്ലീഷേ ചോദ്യത്തിന് മറുപടിയില്ലെന്നാണ്. മലയാളിയുടെ കാപട്യത്തിനു മീതെയാണ് നിർഭയം ജയമോഹൻ ഇച്ചിരി ബോധത്തിൻ്റെ കനലു കോരിയിട്ടത്. കാടിനോടുള്ള മലയാളിയുടെ സ്നേഹം കാപട്യമാണെന്ന് തുറന്നടിക്കാൻ അദ്ദേഹമെടുത്തത് എത്ര വാക്കുകളാണ് - കാടുകയറലും, കാടനും, കാടത്തരവും ഒക്കെയും നെഗറ്റീവായി മാത്രം കാടിനെ കാണുന്ന പദങ്ങളാവുമ്പോൾ, മലയാളിക്ക് എവിടെയാണ് കാടിനെ കുറിച്ച് നല്ലതു പറയാനുള്ളത് - കള്ളുകുടിക്കാൻ കുപ്പിയുമായി കാടുകയറുന്ന മലയാളിയെ പരിഹസിക്കാനും, ശകാരിക്കാനും ജയമോഹൻ മറന്നില്ല.
സംസ്ഥാനമാവട്ടെ കേന്ദ്രമാവട്ടെ, താൻ ഒരു അവാർഡും ഭരണകൂടങ്ങളുടെ കൈയ്യിൽ നിന്നും സ്വീകരിക്കുകയില്ല എന്ന ധീരമായ പ്രഖ്യാപനം കേട്ടപ്പോൾ ഓർമ്മയിലേക്ക് ഓടിയെത്തിയത് എം.പി നാരായണ പിള്ളയുടെ നിരീക്ഷണങ്ങളാണ്. ജനത്തിൻ്റെ നികുതിപ്പണം തോന്നിയപോലെ എടുത്തു എഴുത്തുകാർക്കു എറിഞ്ഞു കൊടുക്കുന്നതും പട്ടിക്കു എല്ലിൻ കഷണം എറിഞ്ഞു കൊടുക്കുന്നതും തമ്മിൽ അന്തരമില്ല, വായിൽ എല്ലുള്ള പട്ടി കുരക്കുന്ന പതിവില്ലല്ലോ എന്നായിരുന്നു നാരായണ പിള്ളയുടെ നിരീക്ഷണം. അക്കാദമിയുടെ റോഗ്സ് ഗാലറിയിൽ എൻ്റെ പടം ഉണ്ടാവരുത് എന്നതാണ് എൻ്റെ അന്ത്യാഭിലാഷം എന്ന് എത്രപേർക്ക് പറയാൻ കഴിയും! സ്വന്തം വരുമാനത്തിന്റെ 10% മോ മറ്റോയെങ്കിലും എഴുത്തിൽ നിന്നുമുണ്ടാക്കുന്നവരാണ് പ്രൊഫഷണൽ എഴുത്തുകാർ എന്നൊരു നിരീക്ഷണവും നാരായണ പിള്ളയുടേതായി ഉണ്ടായിരുന്നു. അവിടെയാണ് ജയമോഹൻ, തൻ്റെ എഴുത്തിൽ നിന്നു മാത്രമുള്ള വരുമാനത്തിൽ നിന്നും കെഎൽഎഫ് പോലുള്ള പരിപാടികൾ സ്വന്തം നിലയിൽ തന്നെ നടത്തുന്നത്. ജയമോഹൻ്റെ കൃതികൾ പ്രസിദ്ധീകരിക്കുവാൻ മാത്രമായാണ് വിഷ്ണുപുരം പ്രസ് എന്നു പറയുമ്പോഴാണ്, ഇവിടുള്ള സ്വയം പ്രഖ്യാപിത നെറൂദമാരൂം മാർക്കേസുമാരും മോപ്പസാങ്ങുകളും എത്ര നിസ്സാരരാണെന്ന് മനസ്സിലാവുക. ജയമോഹൻ്റെ വാക്കുകൾ കേട്ടിറങ്ങുമ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് ചരിത്രത്തിൽ ഒരു ഭരണാധികാരിയും തത്വജ്ഞാനിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിൻ്റെ രസതന്ത്രമാണ് - അലക്സാണ്ടറും ഡയോജനീസും തമ്മിലുള്ളതാണത്.
താനേ നിലത്തു പതിക്കുന്ന ഈന്തപ്പഴങ്ങൾ മാത്രം ഭക്ഷിച്ചു നടന്ന ഒരു മഹാ സിനിക്കായിരുന്നു ഡയോജനീസ്. ജ്ഞാനികളുടെ സ്ഥാനം ആ കാലത്ത് രാജസദസ്സുകളിലായിരുന്നു. എന്നാൽ മഹാജ്ഞാനിയായ ഡയോജനീസ് ഒരിക്കൽപോലും രാജകൊട്ടാരത്തിൽ കയറിയിരുന്നില്ല. അങ്ങിനെ യാചകനെന്നോണം അലഞ്ഞുതിരിയവേ ഒരാൾ ഡയോജനീസിനോടു ചോദിച്ചു - “ആ കൊട്ടാരത്തിൽ രാജാവിനോടൊപ്പം കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങിനെ ഈന്തപ്പഴങ്ങൾ തിന്നു വിശപ്പടക്കേണ്ട ഗതികേട് വരുമായിരുന്നോ?".
സൗമ്യമായിരുന്നു ഡയോജനീസിൻ്റെ മറുപടി. "ഈന്തപ്പഴങ്ങൾ തിന്നാൻ അവർ പഠിച്ചിരുന്നുവെങ്കിൽ രാജാവിനോടൊപ്പം നടക്കേണ്ട ഗതികേട് അവർക്ക് ഉണ്ടാവുമായിരുന്നോ?"
സിനിക്കുകളിൽ ലോകമറിയുന്നവൻ ഡയോജനീസ്. പട്ടാപ്പകൽ ലാന്തറുമായി ഒരു നല്ല മനുഷ്യനെ തിരഞ്ഞു പരാജയപ്പെട്ടുകൊണ്ടിരുന്നു ഡയോജനീസ്. പുരാതന ഗ്രീസിലെ സിനിക്കുകൾക്ക് ധർമ്മാചരണമായിരുന്നു ആനന്ദത്തിൻ്റെ അടിസ്ഥാനം. ഈ തത്ത്വചിന്തയെ പിന്തുടർന്ന സിനിക്കുകൾ തങ്ങളിലെ സദ്ഗുണങ്ങളെ അതിൻ്റെ പൂർണതയിലേക്കു നയിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അതുവഴി പരമമായ ആനന്ദത്തിലേക്കും. സിനിക് എന്ന പദം ഉദ്ഭവിക്കുന്നത് ഗ്രീസിലെ നായ എന്നർത്ഥം വരുന്നൊരു പദത്തിൽ നിന്നാണെന്നു പറയപ്പെടുന്നു.
രസകരമാണത്, നമ്മൾ വലിയ വില കല്പിക്കുന്ന പലതിനോടും നായയുടെ സമീപനം എന്തായിരിക്കും? ഒരു തെരുവു പട്ടിക്ക് മുന്നിൽ രാഷ്ട്രത്തലവനും പിച്ചക്കാരനും സമൻമാരായിരിക്കും. എത്രവലിയ സോഷ്യലിസ്റ്റ് മൂത്ത് കമ്മ്യൂണിസ്റ്റ് ആയാലും മനുഷ്യന് ആയൊരു നീതിബോധം സാധ്യമാവുകയില്ല. അതു കടലാസിൽ, തള്ളിലും ഭാവനയിലും മാത്രം വിശ്രമിക്കുയാണ് പതിവ്. സാധാരണ ആർക്കും പ്രിയങ്കരമായ, ആദരവേറിയ പലതിനോടും ഒരു പട്ടിയുടെ നിസ്സംഗത കൈവരിക്കാൻ സാധിക്കുമ്പോഴാണ് മനുഷ്യൻ ഒരു സിനിക്കാവുക.
ഒരിക്കൽ കൂനയായിട്ടിരിക്കുന്ന മനുഷ്യൻ്റെ എല്ലുകളെ നോക്കി, ചക്രവർത്തീ, ഞാൻ ഈ എല്ലുകളിൽ തിരയുകയാണ്, പക്ഷേ താങ്കളുടെ പിതാവിൻ്റെയും പിച്ചക്കാരുടെയും എല്ലുകൾ തമ്മിൽ ഒരു വ്യത്യാസവും കാണുന്നില്ലല്ലോ എന്നു അലക്സാണ്ടറോട് പറയാൻ മാത്രം ഒരാളുണ്ടായിരുന്നത് ഡയോജനീസാണ്.
നമുക്ക് ക്ഷാമമുള്ളതും ആ ഡയോജനീസുമാർക്കാണ്. അവിടെയാണ് ജയമോഹനെപ്പോലുള്ളവർ പ്രതീക്ഷയുടെ കിരണങ്ങളാവുന്നത്.
മധുസൂദൻ. വി