Wednesday, February 24, 2021

മഹതികളുടെ കണ്ണിലൂടെ മഹാത്മാവിനെ നോക്കുമ്പോൾ

 
സ്വജീവിതം കൊണ്ട് പേർത്തും പേർത്തും നമ്മെ ചില മൂല്യങ്ങളെ പറ്റി നിരന്തരം ഓർമ്മിപ്പിക്കുന്നതും സംവദിപ്പിക്കുന്നതുമാണ് ഗാന്ധിയുടെ ഏറ്റവും വലിയ സംഭാവന.  നാവുകൊണ്ടു പറയുവാനുള്ളതല്ല, ജീവിതം കൊണ്ടു കാണിക്കുവാനുള്ളതാണ് ആശയം എന്ന ബോധമാണ് ബുദ്ധൻ. അതു പകർത്തിയപ്പോഴാണ് ഒരു ദുർബല ശരീരത്തിനു പിന്നിൽ ലോകത്തെ അഞ്ചിലൊന്നു ഭാഗം ജനത അണിനിരന്നതും, സൂര്യനസ്തമിക്കാത്ത നാടു മുട്ടുകുത്തിയതും. ചരിത്രത്തിൽ കാരണങ്ങൾ പലതുമുണ്ടാവാം, അതത്രയും ഉൾപ്രേരകങ്ങളാണ്, ഗാന്ധിയൻ മൂവ്മെൻ്റ് അനിഷേധ്യമായ ഒരു യാഥാർത്ഥ്യവും. മഹാൻമാരായി അനുയായികൾ തള്ളിമറിക്കുന്ന പലരെയും ജനത പരിഹസിക്കുന്നതിനു പിന്നിലെ ബോധത്തെ വഴിനടത്തുന്നതും ബുദ്ധനാവണം. പോയി ജീവിച്ചു കാണിക്കരുതോ എന്നു പറയിക്കുന്നതും ആ പാരമ്പര്യമാണ്. അതിജീവനത്തിൻ്റെ കരുത്ത് ആശയങ്ങൾക്കുണ്ടെങ്കിൽ കാലാതീതമായി അവ നിലകൊള്ളും. അല്ലാത്തത് കാലഹരണപ്പെടും. ഗാന്ധിയും ഗാന്ധിയൻ ചിന്തകളും ലോകം ശ്രദ്ധിക്കുന്നതും, ആരാധകർ ഏറുന്നതിനും കാരണം അതിൻ്റെ ആ കരുത്താണ്. അതിനെ മുന്നോട്ടെടുക്കാൻ വേണ്ടത് ഗാന്ധിയെ വിഗ്രഹവല്ക്കരിക്കുകയല്ല, മറിച്ച്  നിരന്തരമായി വായിക്കപ്പെടുകയാണ്.

ഗാന്ധി അവശേഷിപ്പിച്ച ഒരു ധാർമ്മിക ബോധമുണ്ട്.  അതിൻ്റെ മകുടോദാഹരണമാണ്  മോഹൻദാസ് ഗാന്ധിയും മകൻ ഹരിലാൽ ഗാന്ധിയും തമ്മിലുള്ള ബന്ധം. അച്ഛനും മകനും തമ്മിലുള്ള  പ്രായ വ്യത്യാസം വെറും 18 വർഷം. ഹരിലാൽ ഗാന്ധിജിയെ വെറുത്തു. കാരണം ഇംഗ്ലണ്ടിലെ ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പ് തനിക്ക് ഇല്ലാതാക്കിയത് ഗാന്ധിജിയാണെന്ന സംശയമാണ്. മദ്യപിച്ചു ലക്കുകെട്ട്  പിതാവിൻ്റെ ശവസംസ്കാരത്തിൽ ഹരിലാൽ പങ്കെടുത്തത് ഒരു കാഴ്ചക്കാരനായാണ്, ആർക്കും  അയാളെ മനസ്സിലായതുമില്ല.  ക്ഷയരോഗ ബാധിതനായി ഹരിലാലും ഗാന്ധിജി രക്തസാക്ഷിയാവുന്നതും 1948ൽ, വെറും നാലുമാസത്തെ വ്യത്യാസം. മുംബൈയിലെ കാമാത്തിപ്പുരയിൽ നിന്നും അവശനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹരിലാൽ ഒരിക്കലും ഗാന്ധിജിയുടെ മകനാണ് താനെന്ന് പറഞ്ഞില്ല. ഇന്ത്യയിലെ, ലോകത്തിലെ സകല സംവിധാനങ്ങളും, അയാൾ ഗാന്ധിജിയുടെ മകനാണെന്ന് അറിഞ്ഞെങ്കിൽ ഉണർന്നു പ്രവർത്തിച്ചേനെ, ലോകത്തിലെ മികച്ച ചികിത്സ ലഭിച്ചേനെ. ഹരിലാൽ ഗാന്ധി നാമം ദുരുപയോഗം ചെയ്തില്ല. സ്ഥാനം ജന്മാവകാശമാണെന്നു കരുതി നടക്കുന്ന ലോകത്ത്, ഗാന്ധിയെ ഉൾക്കൊള്ളാനാവാത്ത പിതാക്കളുടെ മക്കൾക്ക്,   അച്ഛൻ്റെ സ്ഥാനം ദുരുപയോഗിക്കാത്ത ഹരിലാലിനെയെങ്കിലും മാതൃകയാക്കാവുന്നതാണ്. സമകാലിക മലയാളം പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ ലിങ്ക് ഇവിടെ മഹതികളുടെ കണ്ണിലൂടെ മഹാത്മാവിനെ നോക്കുമ്പോൾ

Friday, January 8, 2021

അഭദ്ര തൊഴിലിടങ്ങളിലെ ജീവിത വ്യഥകൾ

അരനൂറ്റാണ്ടു മുന്നേയുള്ള വ്യാവസായിക മുന്നേറ്റം പിടിച്ചുകുലുക്കിയ കൽക്കട്ടയുടെ നാഗരിക ജീവിത
പശ്ചാത്തലത്തിൽ മാറിമറിയുന്ന സ്ത്രീപുരുഷ ബന്ധങ്ങളെയും  ആധുനികത അട്ടിമറിച്ച സദാചാരനിർമ്മിതികളെയും അടയാളപ്പെടുത്തിയതായിരുന്നു സത്യജിത് റേയുടെ പ്രതിദ്വന്ദി. കാലം 1970.  തൊഴിലില്ലായ്മയിൽ വലയുന്ന സിദ്ധാർത്ഥനെ സുഹൃത്ത് ഒരു സാഹസിക കൃത്യത്തിന് മോഹിപ്പിച്ച് കൂടെ കൂട്ടുന്നു. അയാൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് സുഹൃത്തിനെ അനുഗമിക്കുന്നു. നഴ്സ് ആയും പ്രോസ്റ്റിറ്റ്യൂട്ട്  ആയും തൊഴിലെടുക്കുന്ന യുവതിയെ അവർ നേരിൽ കാണുന്നുസുന്ദരിയായ ലോതിക, നേഴ്സ് കം പ്രോസ്റ്റിറ്റ്യൂട്  അവരുടെ മുന്നിൽ വസ്ത്രമുരിയുന്നു.  വെറും ബ്രാസിയേഴ്സിലും പാവാടയിലുമായി തനിക്കു മുന്നിൽ നില്ക്കുന്ന പെൺമേനിയുടെ അഴകിന്റെ  തീക്ഷ്ണതയിൽ ആൺമിഴികൾ ലജ്ജാവിവിശമാവുന്നുആകെ പതറി നില്ക്കുന്ന സിദ്ധാർത്ഥനോട്  പതർച്ചയില്ലാതെ ലോതിക പറയുന്നു തന്റെ സിഗരറ്റ് ഒന്ന് കൊളുത്താൻ. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ജെൻഡർ സമവാക്യങ്ങളാകെ മാറിമറിയുമ്പോൾ  തന്റെ അതിരുകളിലേക്ക് ഞെരുങ്ങേണ്ടി വരുന്ന പുരുഷത്വത്തിലേക്കും അതിരുകൾ ഭേദിച്ചു വരുന്ന സ്ത്രീത്വത്തിലേക്കും അവ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളിലേക്കും കടന്നു ചെന്ന റേയുടെ അന്വേഷണമായിരുന്നു  അത്കാലത്തിനു മുന്നേ നടന്ന റേയുടെ സൃഷ്ടി എന്നുവേണം പറയാൻ, നഴ്സിങ്ങ് മേഖല അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളുമായി ചേർത്തു നോക്കുമ്പോൾ

അരനൂറ്റാണ്ടു മുമ്പേയുള്ള പ്രതിദ്വന്ദിയിൽ നിന്നും അടുത്തകാലത്തെ നമ്മുടെ   22 ഫീമെയിൽ കോട്ടയം വരെ എത്തിനില്ക്കുമ്പോഴും ചൂഷണം ചെയ്യപ്പെടുന്ന നഴ്സുമാരുടെ ജീവിതം തന്നെ പ്രമേയമാവുമ്പോൾ, മാറാത്തത് ജാതിയും ജെൻഡറും ഒരുപോലെ നയിക്കുന്ന നമ്മുടെ പൊതുബോധമാണ്. സിറിലിന്റെ ലൈംഗിക ചൂഷണത്തിന്റെ, ആണധികാരങ്ങളുടെയത്രയും  സ്ത്രീവിരുദ്ധതയുടെയും ഇരയായിപ്പോവുകയാണ് ടെസ്സ. കനഡയിൽ പ്രൊഫഷണൽ ഭാവി ജീവിതം സ്വപ്നം കാണുന്ന, അതിനു സഹായകമാവുമെന്നു കരുതിപ്പോയ പ്രണയത്തിലേക്കു വളർന്ന സൌഹൃദം സമ്മാനിച്ച ദുരന്തസ്മരണകളുടെ മണ്ണിൽ നിന്നും ഗതകാലബന്ധങ്ങളുടെ പ്രതീകമായ സെൽഫോൺ അഴിച്ചെറിഞ്ഞ് കനഡയിലേക്ക് പറക്കുന്ന ടെസ്സയിലാണ് പടം അവസാനിക്കുന്നത്. ധീരയായ പെൺകുട്ടി ആണധികാരത്തിന്റെ സർവ്വ പ്രയോഗങ്ങളെയും അതിജീവിച്ച് പറന്നുയരുന്നുണ്ടെങ്കിലും  അതു കനഡയിലേക്കാണ്, ഇന്ത്യയിൽ നഴ്സിന് ഭാവിയില്ലെന്ന് ഉറപ്പായതുകൊണ്ടുമാവണം

പ്രതിദ്വന്ദിയിൽ പോസ്റ്റിറ്റ്യൂട്ട് ആയി നേഴ്സിനെ അവതരിപ്പിക്കുന്നതിനെതിരെ നേഴ്സുമാരുടെ പ്രതിനിധി സംഘം റേയെ കണ്ടു, പ്രതിഷേധം അറിയിച്ചു. അദ്ദേഹം എഡിറ്റു ചെയ്യാൻ നിർബന്ധിതനായി - മാറ്റിയത് ആകെ നഴ്സിനുള്ള ബാഡ്ജും ലാപൽപിന്നും. അതായത് ഒരു സർക്കാർ ആശുപത്രിയിലെ ട്രെയിൻഡ് നഴ്സാണ് അവൾ എന്നതു മാറി. നേഴ്സുമാരുടെ ഡെലിഗേഷനും അത്രയേ ആവശ്യപ്പെട്ടുള്ളൂ - അവൾ ഞങ്ങളുടെ കൂട്ടത്തിലാണെന്ന മുദ്രകൾ ഒഴിവാക്കണം. ജാതിബോധം ഹെൽത്ത് കെയർ ഇൻഡസ്ട്രിയെ ഗ്രസിച്ചതിന്റെ തെളിവാണത്, ഒപ്പം സ്ത്രീവിരുദ്ധതയുംഅതുതന്നെയാണ് നേഴ്സിങ്ങ് പ്രൊഫഷന്റെ ശാപവുംപ്രൊഫഷന്റെ മാന്യതയെ കാക്കണമെന്നില്ല, മറിച്ച് ഞാൻ താണ ഗ്രൂപ്പിൽ വരരുത് എന്ന ജാതിബോധമേയുള്ളൂ. സ്വാകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ പ്രശ്നങ്ങളോടുള്ള സർക്കാർ നഴ്സുമാരുടെ നിസ്സംഗത പോലെ. അകൽച്ചയുടെയും വേർതിരിവിന്റെയും രാഷ്ട്രീയം പ്രൊഫഷന്റെ വിലയില്ലാതാക്കിയ ഒരു ചരിത്രമുണ്ടവിടെറേയുടെ സീനിൽ നിന്ന് വികസിക്കുന്ന  പാഞ്ചാലി റേയുടെ ഗവേഷണമാണ് പൊളിറ്റിക്സ് ഓഫ് പ്രികാരിറ്റി. പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ നിന്നും നമ്മുടെ നേഴ്സുമാരുടെ അവസ്ഥയെ നോക്കിക്കാണുകയാണ് ഈയെഴുത്ത്. മുഴുവൻ ലേഖനവും ഇവിടെ വായിക്കാം അഭദ്ര തൊഴിലിടങ്ങളിലെ ജീവിത വ്യഥകൾ

Tuesday, October 20, 2020

ജാതി ഉന്മൂലനം, തെറ്റ് പറ്റിയത് അംബേദ്കറിനല്ല

യു.പിയിൽ നിന്നുള്ള ആ വാർത്ത ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയിട്ട് ദിവസങ്ങൾ ഏറെയായില്ല. അവളുടെ ശവസംസ്കാരം പോലും വിവാദമായി.  ഒരു പത്തൊമ്പതുകാരി ദളിത് പെൺകുട്ടിയെ ദുപ്പട്ട കഴുത്തിൽ മുറുക്കി സമീപത്തെ പാടത്തേക്ക് വലിച്ചുകൊണ്ടുപോയി ഒരു കൂട്ടം ഉയർന്ന ജാതിക്കാർ കൂട്ടബലാൽസംഗം ചെയ്തു. പീഡിപ്പിക്കപ്പെട്ട, പൊട്ടിപ്പോയ എന്നർത്ഥം വരുന്ന ദലാൻ എന്ന ഹിന്ദി പദത്തിൽ നിന്നാണ് ദളിത് ഉണ്ടാവുന്നത്. നാവറുത്തുപോയ,  നട്ടെല്ലു പൊട്ടിച്ച ആ ഭീകരപീഡനം അവശേഷിപ്പിച്ച നുറുങ്ങിയ ശരീരവുമായി മരണത്തോട് ഏറെനാൾ മല്ലടിച്ച്, ജീവിതത്തോടു വിടപറഞ്ഞ ആ പെൺകുട്ടി ഇന്ത്യൻ ദളിത് മുഖമാണ്.

തൻ്റെ അഞ്ചുമക്കളിലെ ഇളയവൾ അതിക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട് നാവും നട്ടെല്ലും തകർന്ന് കിടക്കുന്നതു കണ്ടലമുറയിടുമ്പോഴും ആ അമ്മ ഭയന്നത് അതു പുറത്തുപറഞ്ഞാലുള്ള അനന്തര ഫലത്തെക്കുറിച്ചാണ്, തൻ്റെ ബാക്കി മക്കളെ ഓർത്താണ്, കുടുംബത്തിൽ ആരെയെങ്കിലും അവർ ബാക്കിവെക്കുമോ എന്നാലോചിച്ചാണ്. ഹിന്ദുത്വത്തിൻ്റെ വിശ്വമാനവികതയെ ആഘോഷിക്കുന്നവരാരും ഹിന്ദുത്വത്തിൻ്റെ ഈ ഗോത്രജാതിഭീകരതയെ അപലപിക്കുന്നില്ല.  ദളിത്ജീവിതങ്ങൾ അനുഭവിക്കുന്ന, അവരുടെ പെൺകുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പുറത്തുവരാത്തതും വരുന്നതുമായ കൊടിയ പീഢനങ്ങളുടെ പിന്നിലെ ഭീകരമായ ജാതീയതയെ കാണുന്നില്ല.  ഒഡീഷയിൽ ഒരു പെൺകുട്ടി ഒരു പൂ പറിച്ചതിൻ്റെ പേരിൽ നാല്പതു ദളിത് കുടുംബങ്ങൾക്ക് ഉരുവിലക്കു പ്രഖ്യാപിച്ച ജാതിബോധത്തിൻ്റെയും  ഇങ്ങിവിടെ വട്ടവടയിലെ ബാർബർഷാപ്പുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട ദളിത് ജീവിതങ്ങളുടെയും സമകാലിക ലോകത്ത് പേർത്തും പേർത്തും വായിക്കപ്പെടേണ്ടതാണ്  ബാബാസാഹേബിൻ്റെ അന്നൈഹിലേഷൻ ഓഫ് കാസ്റ്റ്.  സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം ജാതി ഉന്മൂലനം, തെറ്റ് പറ്റിയത് അംബേദ്കറിനല്ല

Wednesday, September 16, 2020

ആൻഡ്രോയ്ഡ് ബാല്യം സൌഹൃദം പ്രണയം

മാനുഷികമായ വികാരങ്ങളുടെ പ്രതിഫലനങ്ങളത്രയും നമ്മുടെ സംഭാഷണങ്ങളിലും അതു   പകർന്ന ബന്ധങ്ങളിലെ ഊഷ്മളതയിലുമായിരുന്നു. കമ്മ്യൂണിക്കേഷൻ റവല്യൂഷന്റെ കൊടിയടയാളമായ  ഒരു  ചിന്നഫോണും  മടിഗണിനിയും എങ്ങനെയാണ് മനുഷ്യബന്ധങ്ങളിലെ ഊഷ്മളതയെ അപഹരിച്ചു കളയുന്നത് എന്നും അതെങ്ങിനെ വീണ്ടെടുക്കാമെന്നുമുള്ള അന്വേഷണമാണ് ഷെറി ടർക്ക്ളിന്റെ റീ ക്ലെയിമിങ്ങ് കോൺവെർസേഷൻ. സാങ്കേതികവിദ്യയുമായുള്ള ബന്ധത്തിന്റെ മനശ്ശാസ്ത്രത്തെ ആഴത്തിലറിയുന്ന ഷെറി ടർക്ക്ൾ പ്രസിദ്ധമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം..ടി)യിലെ ആബി റോക്ക്ഫെല്ലർ മോസ് സോഷ്യൽ സ്റ്റഡീസ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രൊഫസറാണ്, രചയിതാവും. ഓരോ നിമിഷവും നമ്മെ ജീവിപ്പിക്കുന്ന പ്രാണവായുവിന്റെയും  ജീവജലത്തിന്റെയും വിലയറിയാത്തവരാണ് നമ്മൾ. ബന്ധങ്ങളുടെ പ്രാണനാണ് മുഖാമുഖ സംഭാഷണങ്ങൾ, എങ്കിലും അതിന്റെയും മൂല്യം നമ്മളറിയാതെ പോവുകയാണ്.  ആകർഷകമായ, അയത്നലളിതവും സുന്ദരവുമായ ശൈലിയിൽ സംഭാഷണത്തിന്റെ ശക്തിയെ, നിലവിലെ ശക്തിക്ഷയത്തെ, അത് കാരണമാവുന്ന ബന്ധങ്ങളിലെ താളപ്പിഴകളെ  ഒക്കെയും അപഗ്രഥിച്ചുകൊണ്ട് നഷ്ടസംഭാഷണങ്ങളെ വീണ്ടെടുക്കുവാനുള്ള വഴികളിലൂടെ  ഷെറി ടർക്ക്ൾ സഞ്ചരിക്കുകയാണ്നമുക്ക് ഒപ്പം കൂടാം.

കാലം 1971. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിൽ ടെർക്ക്ളിന്റെ പ്രൊഫെസർ വിഖ്യാതനായ ബ്രൂണോ ബെറ്റൽഹേം ഒരു ചോദ്യമെറിയുന്നു. ഒരമ്മ കുഞ്ഞിനെ മുലയൂട്ടുവാനുള്ള ഏറ്റവും പ്രധാന കാരണം എന്താണ്ലഭിച്ച എല്ലാ ഉത്തരങ്ങളെയും അദ്ദേഹം തിരസ്കരിച്ചു. ഇറ്റ് ഫീൽസ് ഗുഡ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. അതു പകരുന്ന സുഖം. അമ്മ കുഞ്ഞിനു മുല നല്കുമ്പോൾ  അത് അമ്മയ്ക്ക് ആനന്ദദായകമായ നിമിഷങ്ങളാണ്, സംതൃപ്തിയുടെയും. കുഞ്ഞിന് അമ്മയെ തൃപ്തിപ്പെടുത്തുന്നതിന്റെ ശാരീരിക സംവേദനമുണ്ട്. മറ്റെല്ലാ ബന്ധങ്ങളുടെയും വാർപ്പുമാതൃക അതാണെന്ന് അദ്ദേഹംവിജയകരമായ ബന്ധങ്ങളിലത്രയും സ്വയം ആനന്ദവും സംതൃപ്തിയും പകരുന്ന എന്തിലൂടെയെ ഒരാൾ അപരനെ സന്തോഷിപ്പിക്കുന്നുണ്ട്ബന്ധങ്ങളുടെ ശ്വാസകോശമാണ് സംഭാഷണങ്ങൾ.  2020 ജൂലൈ 19-26ന് കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻ്റെ പൂർണരൂപം ഇവിടെ - ആൻഡ്രോയ്ഡ്  ബാല്യം സൌഹൃദം പ്രണയം

Friday, June 19, 2020

കീഴ്വഴക്കങ്ങളെ പ്രണയിക്കാത്ത നെഹറു, എഡ്വിനയും

സമാനതകളില്ലാത്ത കൊള്ളകൾക്കൊടുവിലായി അനിവാര്യമായും അടിയറവു പറയേണ്ടിവന്ന ബ്രിട്ടൻ, ഊരാക്കുടുക്കിൽ നിന്നും  സുരക്ഷിതവും മാന്യവുമായ ഒരു  വിടവാങ്ങലിലേക്കു തങ്ങളെ നയിക്കാൻ കണ്ടെത്തിയ മിശിഹയായിരുന്നു നീലക്കണ്ണുകളുള്ള രാജകുമാരൻ അഥവാ വൈസ്രോയ്. തന്റെ നീലക്കണ്ണാഴങ്ങളിലും ചെറുചിരിയിലും മനമറിയുന്ന വാക്കുകളിലും ആരെയും തളച്ചിടുന്ന മൌണ്ട് ബാറ്റൺ എന്ന നയതന്ത്ര മാന്ത്രികൻ. കൂടെ പടക്കത്തിനു   തീകൊടുത്ത് പെട്രോൾ ടാങ്കിലിട്ടതു  പോലെ എന്ന് എഴുത്തുകാരി വിശേഷിപ്പിച്ച എഡ്വിനയും. കാലം 1947, ഡൽഹിയിലെ മാർച്ച് ഏപ്രിൽ. മൌണ്ട് ബാറ്റൺ തിരക്കിട്ട ചർച്ചകളിലാണ്.  മറ്റേതു ലക്ഷ്യത്തെക്കാളുപരിയായി തന്നിലർപ്പിക്കപ്പെട്ട തലയൂരലിന്റെ ആദ്യപടി എല്ലാവരെയും ചേർത്തു നിർത്തുവാനുള്ള ഭഗീരഥ പ്രയത്നമാണ്, ജവഹർലാൽ നെഹറുവും മുഹമ്മദലി ജിന്നയും പിന്നെ മറ്റനവധി നേതാക്കളുമായി ഇഴയകൽച്ചയില്ലാത്ത ബന്ധത്തിന്റെ ഊടും പാവും നെയ്യുകയാണ് ഡിക്കി. ലക്ഷ്യം ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്ന ഒരു ഉടമ്പടി. ഓപ്പറേഷൻ സെഡക്ഷൻ തുടങ്ങിയിരിക്കുന്നു, ഓപ്പറേഷനിൽ എഡ്വിന തീർച്ചയായും ഒരു മാരകായുധവും.

കുറച്ചു ദിവസങ്ങൾ മുന്നേ ലണ്ടൻ മെയിൻ പോസ്റ്റ് ഓഫീസിലെ നീണ്ട ക്യൂ.   ക്യൂവിലെ ആൾക്കൂട്ടിത്തിനിടയിൽ വളരെ പ്രായമായ ഒരാൾ രണ്ടു സ്ത്രീകൾ അടക്കം പറയുന്നതു കേൾക്കുന്നു – അറിയുമോ ആ നിൽക്കുന്നതു ലേഡി മൌണ്ട്ബാറ്റണാണ്. അതു കേട്ട അയാൾ പതുക്കെ അങ്ങോട്ടേക്കു നടന്നു ചെന്നു, തൊപ്പിയൂരി ഉപചാരപൂർവ്വം ക്യൂവിൽ മുന്നിലുള്ള സ്വന്തം  സ്ഥാനം അവരോടു എടുത്തോളാൻ പറഞ്ഞു. ഹൃദ്യമായൊരു മന്ദസ്മിതത്തോടെ അവർ ആ വാഗ്ദാനം നിരസിച്ചു, അവരുടെ ഊഴം വന്നിട്ടു മതി എന്നു സവിനയം പറഞ്ഞു. പക്ഷേ വൃദ്ധൻ വിട്ടില്ല. തന്റെ വടി ഊന്നി ഒന്നു മുന്നോട്ടാഞ്ഞ്  പതുക്കെ പറഞ്ഞു,  എന്റെ മോൻ ആർതർ ബർമ്മയിലെ ജാപ്പനിസ് യുദ്ധത്തടവുകാരനായിരുന്നു. ഒരുപാടു നന്ദിയുണ്ട്...
അവർ പുഞ്ചിരിച്ചുകൊണ്ട് തന്റെ കൈകൾ അദ്ദേഹത്തിനു നേരെ നീട്ടി. ആ കണ്ണുകൾ പ്രകാശമാനമായി.. അവരൊന്നും പറഞ്ഞില്ല,  വൃദ്ധൻ തുടർന്നു.... ലേഡി മൌണ്ട് ബാറ്റൺ ആ കാമ്പിലേക്കു ചെന്ന ദിവസമാണ് ജീവൻ തിരിച്ചുകിട്ടും എന്ന പ്രതീക്ഷയുണ്ടായത് എന്നാണെന്നോടു മോൻ പറഞ്ഞത്.
അയാളുടെ മകനെ കുറിച്ചുള്ള ഉത്ക്കണ്ഠകൾ എഡ്വിനയുടെ നെറ്റിയിൽ  ചുളിവുകളായി മാറി.
അവൻ നന്നായിരിക്കുന്നു, അവൻ പെഗ്ഗിയെ, അവന്റെ പെണ്ണിനെ കെട്ടിയത് കഴിഞ്ഞ മാസമാണ്. വലിയ താമസമില്ലാതെ ഒരു മുത്തച്ഛനാവും എന്ന പ്രതീക്ഷയിലാണു ഞാനും.
നന്നായി, എന്തൊരദ്ഭുതമാണു ജീവിതം.. അവന്റെ പെഗ്ഗി അവനെയും കാത്തിരുന്നുവോ? ഇത്ര കാലവും?
ബർമീസ് കാടുകളിലെവിടെയോ വലിച്ചെറിയപ്പെടുമായിരുന്ന ഒരു ജീവനുവേണ്ടി ഒരു പെണ്ണിന്റെ കാത്തിരിപ്പിനെ പറ്റി ആ വൃദ്ധന് ഒരു പക്ഷേ ഒന്നും തോന്നണമെന്നില്ല. എഡ്വിനക്കാവട്ടെ അപ്പോൾ അതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
എഡ്വിന ഒന്നു മുന്നോട്ടാഞ്ഞ് ആ വൃദ്ധന്റെ കവിളിൽ ഒരു സ്നേഹചുംബനം പതിപ്പിച്ചു...
ഇതെന്നിൽ നിന്നും, അവനു കൊടുത്തേക്കുക....
അതായിരുന്നു എഡ്വിന.

അതിസമ്പന്ന കുടുംബ പാരമ്പര്യത്തിൽ നിന്നും ഇന്ത്യൻ രാഷ്ടീയത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ സോഷ്യലിസ്റ്റ്, സെക്യുലർ വീക്ഷണങ്ങളുടെ ആരാധകൻ നെഹറു,    സോഷ്യലിസ്റ്റ് വൈസ്രോയി ലോർഡ് മൌണ്ട് ബാറ്റൺ,  അതിസമ്പന്നയും  സോഷ്യലിസ്റ്റും  സോഷ്യലൈറ്റും സുന്ദരിയുമായ  വൈസറിൻ എഡ്വിന.  ദശകങ്ങളായി താനറിഞ്ഞ ബ്രിട്ടനായിരുന്നില്ല, താമസംവിനാ നെഹറു ഡിക്കിയിലൂടെയും എഡ്വിനയിലൂടെയും കണ്ട ബ്രിട്ടൻ.  ഒരു ഭാഗത്ത് നെഹറുവും ജിന്നയുമായി ഡിക്കി സംസാരിച്ചുകൊണ്ടിരിക്കുന്നു.

മറുഭാഗത്ത് ഒരു ചെറുചിരിയോടെ അങ്ങോട്ടു ചെന്നു വിജയലക്ഷ്മി പണ്ഡിറ്റിനെ തന്റെ വാക്കുകളിൽ വീഴ്ത്തുന്ന എഡ്വിനയെ  നോക്കുക.
താങ്കളറിയുമോ എന്നറിയില്ല, ഗാന്ധിജി തീർത്തും ശരിയാണ് എന്നു വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതു യാഥാർത്ഥ്യമാവാൻ, ഞങ്ങളാൽ കഴിയുന്ന എന്തും ഞങ്ങൾ ചെയ്യാൻ പോവുകയാണ്.”
ഒരു ബ്രിട്ടീഷ് വൈസറിന്റെ നാവിൽ നിന്നും അതു കേൾക്കുവാൻ കഴിയുമെന്നു ഒരിക്കലും പ്രതീക്ഷിക്കാനിടയില്ലാത്ത ഒരു നേതാവിനെയാണ് ഒരു മന്ദസ്മിതത്താൽ, നാലുവാക്കുകളുടെ തൂവൽത്തല്ലാൽ എഡ്വിന വീഴ്ത്തിയത്.