Showing posts with label നഴ്സ്. Show all posts
Showing posts with label നഴ്സ്. Show all posts

Friday, January 8, 2021

അഭദ്ര തൊഴിലിടങ്ങളിലെ ജീവിത വ്യഥകൾ

അരനൂറ്റാണ്ടു മുന്നേയുള്ള വ്യാവസായിക മുന്നേറ്റം പിടിച്ചുകുലുക്കിയ കൽക്കട്ടയുടെ നാഗരിക ജീവിത
പശ്ചാത്തലത്തിൽ മാറിമറിയുന്ന സ്ത്രീപുരുഷ ബന്ധങ്ങളെയും  ആധുനികത അട്ടിമറിച്ച സദാചാരനിർമ്മിതികളെയും അടയാളപ്പെടുത്തിയതായിരുന്നു സത്യജിത് റേയുടെ പ്രതിദ്വന്ദി. കാലം 1970.  തൊഴിലില്ലായ്മയിൽ വലയുന്ന സിദ്ധാർത്ഥനെ സുഹൃത്ത് ഒരു സാഹസിക കൃത്യത്തിന് മോഹിപ്പിച്ച് കൂടെ കൂട്ടുന്നു. അയാൾ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിലേക്ക് സുഹൃത്തിനെ അനുഗമിക്കുന്നു. നഴ്സ് ആയും പ്രോസ്റ്റിറ്റ്യൂട്ട്  ആയും തൊഴിലെടുക്കുന്ന യുവതിയെ അവർ നേരിൽ കാണുന്നുസുന്ദരിയായ ലോതിക, നേഴ്സ് കം പ്രോസ്റ്റിറ്റ്യൂട്  അവരുടെ മുന്നിൽ വസ്ത്രമുരിയുന്നു.  വെറും ബ്രാസിയേഴ്സിലും പാവാടയിലുമായി തനിക്കു മുന്നിൽ നില്ക്കുന്ന പെൺമേനിയുടെ അഴകിന്റെ  തീക്ഷ്ണതയിൽ ആൺമിഴികൾ ലജ്ജാവിവിശമാവുന്നുആകെ പതറി നില്ക്കുന്ന സിദ്ധാർത്ഥനോട്  പതർച്ചയില്ലാതെ ലോതിക പറയുന്നു തന്റെ സിഗരറ്റ് ഒന്ന് കൊളുത്താൻ. സാമ്പത്തിക സാമൂഹിക രാഷ്ട്രീയ ജെൻഡർ സമവാക്യങ്ങളാകെ മാറിമറിയുമ്പോൾ  തന്റെ അതിരുകളിലേക്ക് ഞെരുങ്ങേണ്ടി വരുന്ന പുരുഷത്വത്തിലേക്കും അതിരുകൾ ഭേദിച്ചു വരുന്ന സ്ത്രീത്വത്തിലേക്കും അവ സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളിലേക്കും കടന്നു ചെന്ന റേയുടെ അന്വേഷണമായിരുന്നു  അത്കാലത്തിനു മുന്നേ നടന്ന റേയുടെ സൃഷ്ടി എന്നുവേണം പറയാൻ, നഴ്സിങ്ങ് മേഖല അഭിമുഖീകരിക്കുന്ന സമകാലിക പ്രശ്നങ്ങളുമായി ചേർത്തു നോക്കുമ്പോൾ

അരനൂറ്റാണ്ടു മുമ്പേയുള്ള പ്രതിദ്വന്ദിയിൽ നിന്നും അടുത്തകാലത്തെ നമ്മുടെ   22 ഫീമെയിൽ കോട്ടയം വരെ എത്തിനില്ക്കുമ്പോഴും ചൂഷണം ചെയ്യപ്പെടുന്ന നഴ്സുമാരുടെ ജീവിതം തന്നെ പ്രമേയമാവുമ്പോൾ, മാറാത്തത് ജാതിയും ജെൻഡറും ഒരുപോലെ നയിക്കുന്ന നമ്മുടെ പൊതുബോധമാണ്. സിറിലിന്റെ ലൈംഗിക ചൂഷണത്തിന്റെ, ആണധികാരങ്ങളുടെയത്രയും  സ്ത്രീവിരുദ്ധതയുടെയും ഇരയായിപ്പോവുകയാണ് ടെസ്സ. കനഡയിൽ പ്രൊഫഷണൽ ഭാവി ജീവിതം സ്വപ്നം കാണുന്ന, അതിനു സഹായകമാവുമെന്നു കരുതിപ്പോയ പ്രണയത്തിലേക്കു വളർന്ന സൌഹൃദം സമ്മാനിച്ച ദുരന്തസ്മരണകളുടെ മണ്ണിൽ നിന്നും ഗതകാലബന്ധങ്ങളുടെ പ്രതീകമായ സെൽഫോൺ അഴിച്ചെറിഞ്ഞ് കനഡയിലേക്ക് പറക്കുന്ന ടെസ്സയിലാണ് പടം അവസാനിക്കുന്നത്. ധീരയായ പെൺകുട്ടി ആണധികാരത്തിന്റെ സർവ്വ പ്രയോഗങ്ങളെയും അതിജീവിച്ച് പറന്നുയരുന്നുണ്ടെങ്കിലും  അതു കനഡയിലേക്കാണ്, ഇന്ത്യയിൽ നഴ്സിന് ഭാവിയില്ലെന്ന് ഉറപ്പായതുകൊണ്ടുമാവണം

പ്രതിദ്വന്ദിയിൽ പോസ്റ്റിറ്റ്യൂട്ട് ആയി നേഴ്സിനെ അവതരിപ്പിക്കുന്നതിനെതിരെ നേഴ്സുമാരുടെ പ്രതിനിധി സംഘം റേയെ കണ്ടു, പ്രതിഷേധം അറിയിച്ചു. അദ്ദേഹം എഡിറ്റു ചെയ്യാൻ നിർബന്ധിതനായി - മാറ്റിയത് ആകെ നഴ്സിനുള്ള ബാഡ്ജും ലാപൽപിന്നും. അതായത് ഒരു സർക്കാർ ആശുപത്രിയിലെ ട്രെയിൻഡ് നഴ്സാണ് അവൾ എന്നതു മാറി. നേഴ്സുമാരുടെ ഡെലിഗേഷനും അത്രയേ ആവശ്യപ്പെട്ടുള്ളൂ - അവൾ ഞങ്ങളുടെ കൂട്ടത്തിലാണെന്ന മുദ്രകൾ ഒഴിവാക്കണം. ജാതിബോധം ഹെൽത്ത് കെയർ ഇൻഡസ്ട്രിയെ ഗ്രസിച്ചതിന്റെ തെളിവാണത്, ഒപ്പം സ്ത്രീവിരുദ്ധതയുംഅതുതന്നെയാണ് നേഴ്സിങ്ങ് പ്രൊഫഷന്റെ ശാപവുംപ്രൊഫഷന്റെ മാന്യതയെ കാക്കണമെന്നില്ല, മറിച്ച് ഞാൻ താണ ഗ്രൂപ്പിൽ വരരുത് എന്ന ജാതിബോധമേയുള്ളൂ. സ്വാകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ പ്രശ്നങ്ങളോടുള്ള സർക്കാർ നഴ്സുമാരുടെ നിസ്സംഗത പോലെ. അകൽച്ചയുടെയും വേർതിരിവിന്റെയും രാഷ്ട്രീയം പ്രൊഫഷന്റെ വിലയില്ലാതാക്കിയ ഒരു ചരിത്രമുണ്ടവിടെറേയുടെ സീനിൽ നിന്ന് വികസിക്കുന്ന  പാഞ്ചാലി റേയുടെ ഗവേഷണമാണ് പൊളിറ്റിക്സ് ഓഫ് പ്രികാരിറ്റി. പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ നിന്നും നമ്മുടെ നേഴ്സുമാരുടെ അവസ്ഥയെ നോക്കിക്കാണുകയാണ് ഈയെഴുത്ത്. മുഴുവൻ ലേഖനവും ഇവിടെ വായിക്കാം അഭദ്ര തൊഴിലിടങ്ങളിലെ ജീവിത വ്യഥകൾ