Wednesday, February 7, 2024

കെണികളുടെ കാഫ്കേസ്ക് ലോകത്തിന് നൂറുവയസ്സാവുമ്പോൾ

സഹസ്രാബ്ദങ്ങൾ പിന്നിലേയ്ക്കു തിരിഞ്ഞുനടക്കാൻ ഒരു വലിയ ശതമാനം തയ്യാറുള്ള ലോകം മുന്നോട്ടുതന്നെ പോവണമെന്നില്ല, ഒരു നൂറ്റാണ്ടൊക്കെ പിന്നോട്ടുപോവുക അത്ര ബുദ്ധിമുട്ടുള്ള കാര്യവുമല്ല. നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് പുതിയചിന്തകളുടെ തുറസ്സുകളിൽ നിന്നും പഴയചിന്തയുടെ കുടുസ്സുകളിലേക്കുള്ള തിരിച്ചുപോക്കുകൾബ്യൂറോക്രസിയെ ആയുധമാക്കി സൃഷ്ടിച്ചെടുക്കുന്ന സംവിധാനത്തിൻ്റെ വരവ് തികഞ്ഞ ആവശ്യകതയുടെ രൂപത്തിലാവും, വളർച്ച അതിനോടുള്ള വിനീതവിധേയരുടെ ആരാധനയിലും, പ്രശംസയിലുമാണ്ആവശ്യത്തിനു വേണ്ടി കള്ളം പറയുന്നത് അവിടെ ഉദാത്തമായ ഒന്നായി കാണപ്പെടുന്നു. സംവിധാനത്തിന്  കീഴ്പ്പെടൽ മരണം തന്നെയാണെങ്കിൽ കീഴ്പ്പെടാതിരിക്കൽ ഏതോ ദൈവിക ഉത്തരവിന് വഴങ്ങാത്ത പാപകൃത്യമായാണ് കണക്കാക്കപ്പെടുക. എങ്ങിനെയായാലും മോചനമില്ലാത്ത ദുരവസ്ഥ. കാഫ്കയുടെ ദി ട്രയലിലെ മുഖ്യകഥാപാത്രമായ കെ.യുടെ കാര്യത്തിൽ, സംവിധാനത്തിനുള്ള കീഴടങ്ങലിനു പിന്നിൽ അടിസ്ഥാനരഹിതമായ ഒരു ആരോപണത്തിന് സൃഷ്ടിക്കാനായ  കുറ്റബോധമാണെന്ന് നിരീക്ഷിക്കുന്നുണ്ട് ഹിസ്റ്റോറിയനും പൊളിറ്റിക്കൽ ഫിലോസഫറുമായ ഹന്നാ അറെൻ്റ് (Hannah Arendt). ഒരു കുറ്റാരോപിതനെ സൃഷ്ടിച്ചെടുക്കാൻ കുറ്റം വേണമെന്നില്ല, അടിസ്ഥാന രഹിതമായ കുറ്റാരോപണം തന്നെ ധാരാളമാവുകയാണ് അവിടെ. സുതാര്യതയുടെ സമകാലിക ലോകത്തും അതൊരു ലോകനീതിയായി തുടരുകയാണ്. തിരക്കുള്ള ഒരു ബാങ്ക് ജീവനക്കാരനായ കെ. യുടെ ചിന്തകൾ നിയതമായ ഒരു ബോധവഴിയിൽ സഞ്ചരിക്കണമെന്നില്ല, സ്വാഭാവികമായും പതറിയ അയാളുടെ മനസ്സ് അന്നോളം അപരിചിതമായ മേഖലകളിലൂടെയാവും സഞ്ചരിക്കുകചുറ്റുമുള്ള ലോകത്തിൻ്റെ സംഘടിതവും നീചവുമായ തിന്മയെ പൊതു കുറ്റബോധത്തിൻ്റെ അനിവാര്യമായ ആവിഷ്കാരമായി തെറ്റിദ്ധരിക്കുന്ന ഒരു ആശയക്കുഴപ്പത്തിലേക്ക് അതു നയിക്കുന്നു. അവിടെ നുണ പറയൽ ഒരു സാർവത്രിക തത്വമായി മാറുമ്പോൾ തന്നെ ഒക്കെയും നിരുപദ്രവകരമാണെന്ന, നേരിൻ്റെ വഴിയിലാണെന്ന ഒരു ബോധം സൃഷ്ടിക്കുകയും ചെയ്യുന്നു. വർത്തമാനത്തിലേക്കു തുറന്നു വച്ച കണ്ണുകളും കാതും നമ്മൾ സാധാരണക്കാരെ ദി ട്രയലിലെ മിസ്റ്റർ കെ. യിലേക്ക് വലിയ ദൂരമില്ലെന്നു തോന്നിക്കുന്നു എങ്കിൽ കാഫ്കയുടെ ദി ട്രയൽ വായന പ്രസക്തമാണ്, അത് കാലത്തിൻ്റെ  ആവശ്യവുമാണ് 

കാഫ്കേസ്ക് ലോകം

കാഫ്കയുടെ വ്യക്തിപരമായ ജീവിതത്തിലെ സംഘർഷങ്ങളും സങ്കീർണതകളുമാണ്  അദ്ദേഹത്തിൻ്റെ രചനകളിൽ പ്രതിഫലിച്ചത് എന്നൊരു വാദമുണ്ട്. ആവാം, അതൊക്കെയും സാർവ്വജനീനമായ ഒന്നായി കലയുടെ ഉദാത്തമായ തലത്തിലേക്ക് ഉയർത്തിയ കാലാതീതമായ ഒരു രചനയാണ് കാഫ്കയുടെ ദി ട്രയൽകെണിയിലകപ്പെട്ട മൃഗത്തിൽ നിന്നും ഏറെ വ്യത്യസ്തമല്ലാത്ത, എന്തിന് തനിക്കായി കെണി ഒരുക്കപ്പെട്ടു, ഞാനെന്തിന് കെണിയിലകപ്പെട്ടു എന്ന ചോദ്യത്തിന്  ഇരയ്ക്കും, താനെന്തിന് ഇരയെ തന്നെ പിടിച്ചു എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത വേട്ടക്കാരനും, ഒടുവിൽ കെണിയിൽ പെടാത്തവർ ഭാഗ്യം ചെയ്തവരും കെണിയിലകപ്പെട്ടവർ ഹതഭാഗ്യരും വേട്ടക്കാർ വാഴ്ത്തപ്പെടുന്നവരും ബഹുമാന്യരുമാവുന്നകെണി പുരോഗതിക്ക് അനിവാര്യമായ ഒന്നുമാവുന്ന ദുരവസ്ഥയെ ആണ് ദി ട്രയൽ തുറന്നുകാട്ടുന്നത്. 

ചില രചനകളെ കാലാതീതമാക്കുന്നത് അതിൻ്റെ സാർവലൗകികതയാണ്, സാർവ്വരാഷ്ട്രീയതയും. ലോകം കൂടുതൽ സ്വതന്ത്രമാവുമ്പോൾ, സുതാര്യമാവുമ്പോൾ നമ്മൾ ഒരു അടഞ്ഞ സമൂഹമാവാൻ ശ്രമിക്കുന്നതു പോലെ തോന്നുന്നു. ഒരു വിഷയവും ജനാധിപത്യപരമായി  ചർച്ച ചെയ്ത് തീരുമാനിക്കുന്നത് പൊതുവേ ഇന്ന് ആർക്കും ഇഷ്ടമല്ലഇതാണ് തീരുമാനം എന്നു അറിയിക്കുന്ന ഒരു  പുതിയ രീതിയിലേക്ക് നാം അറിയാതെ മാറുന്നുണ്ട്. പുതിയ കാലം ഒരുക്കുന്ന ഹിതങ്ങളുടെ ആധിക്യതയിൽ ഹിതപരിശോധനയല്ല, എളുപ്പം തീരുമാനം കെട്ടിയിറക്കുകയാണെന്ന ഒരു പുതിയ ബോധത്തിലേക്ക് നമ്മൾ നിങ്ങുകയാണെന്നു തോന്നുന്നു, തിരഞ്ഞെടുക്കുവാൻ ഏറെയുള്ള ബോധവൈവിധ്യങ്ങളുടെ മാളുകളിൽ നിന്നും നമുക്കുവേണ്ട എതെടുത്താലും നാലണ ബോധത്തിൻ്റെ പെട്ടിക്കടയിലേക്കാണ് നമ്മുടെ പ്രയാണം. 

ഒന്നു  നോക്കിയാൽ  മതി - തികഞ്ഞ ഫാസിസം എന്ന ബ്രാൻ്റിൽ പെടുത്താവുന്നവരെ ജനാധിപത്യപരമായി കീഴ്പ്പെടുത്തി അധികാരത്തിലെത്തിയവരും വിമതശബ്ദങ്ങളെ, വിയോജിപ്പിൻ്റെ സ്വരങ്ങളെ നേരിടാൻ അവലംബിക്കുന്നത്  ഫാസിസ്റ്റ് ശൈലി തന്നെയാണ്. ചരിത്രം ആവർത്തിക്കുകയാണെന്നു തോന്നിപ്പോകും വിധമാണ് കാര്യങ്ങൾ. ഒക്കെയും രാഷ്ട്രീയനേതൃത്വങ്ങളുടെ തലയിൽ കെട്ടിവെയ്ക്കുവാൻ എളുപ്പമാണ്, പക്ഷേ അവരൊക്കെയും നമ്മിൽപെട്ടവരല്ലാതെ അന്യഗ്രഹങ്ങളിൽ നിന്നും വന്നവരല്ല 

കാഫ്ക  ദി ട്രയൽ എഴുതാൻ തുടങ്ങിയത് 1914 , അവസാന അധ്യായവും എഴുതി എങ്കിലും അതു പ്രസിദ്ധീകരിക്കപ്പെട്ടത് പക്ഷെ 1925 ആണ്, 1924 അദ്ദേഹത്തിൻ്റെ മരണശേഷം. കാഫ്കയില്ലാത്ത 100 വർഷം, കാഫ്കേസ്ക് ലോകത്തിൻ്റെ 100 വർഷവുമാണ് 2024.   തൻ്റെ 41 വയസ്സിൽ  ക്ഷയരോഗ ബാധിതനായി അദ്ദേഹം മരണമടഞ്ഞ ശേഷം പ്രസിദ്ധീകരിക്കപ്പെട്ടതാണ് ദി ട്രയൽ. എഴുത്തുകാരനും കൃതിയും വിശ്വസാഹിത്യത്തിന്, ലോകസമൂഹത്തിന്നല്കിയ ഒരു പദമുണ്ട് - കാഫ്കേസ്ക്. ബോധത്തിൻ്റെ നിലാവെളിച്ചത്തിൽ കാഫ്കയുടെ ലോകത്തെ, കാഫ്കേസ്കിനെ ഒന്നു പരിശോധിച്ചാൽ മതി,   നമ്മുടെ സോഷ്യൽ ലാൻ്റ്സ്കേപ് മൊത്തമായും ചില്ലറയായും കാഫ്കേസ്ക് തന്നെയാണെന്ന് നമ്മൾ  തിരിച്ചറിയും 

വിചിത്രം, നിഗൂഢം, ദുഷ്കരം, ബ്യൂറോക്രാറ്റിക്, പേടിസ്വപ്നം, ഭയങ്കരം - അങ്ങിനെ സർവ്വതിനെയും സൂചിപ്പിക്കുന്ന ഒരു പദമായാണ് 'കാഫ്കേസ്ക്നെ ജർമ്മൻ നിരൂപകനായ ജെ.പി. സ്റ്റേൺ[1] നിർവ്വചിക്കാൻ ശ്രമിച്ചത്. വാക്കുകളത്രയും ദി ട്രയലിനെ വിശേഷിപ്പിക്കുവാൻ വേണ്ടിവരുന്നതുമാണ്. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യപദമായി വിരാജിച്ച കാഫ്കേസ്കിന്  മുന്നിൽ നിന്ന് ഇരുപത്തിയൊന്നാം നുറ്റാണ്ടിലേക്ക് വഴികാട്ടുവാൻ പോന്ന മറ്റൊരു സാഹിത്യപദം 'ഓർവെലിയൻ' മാത്രമാണെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. 

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പിൽ വികസിച്ച ഒരു സാംസ്കാരിക പ്രസ്ഥാനമാണ് സർറിയലിസംഅബോധമനസ്സിൻ്റെ ആത്മപ്രകാശനമായി എഴുത്തുകളിലും ചിത്രശില്പകലയിലുമൊക്കെ  അസ്വസ്ഥവും യുക്തിരഹിതവുമായ രംഗങ്ങളുടെ ആവിഷ്കരണം സർറിയലിസത്തിൻ്റെ സവിശേഷതയായി.   അയഥാർത്ഥത്തിനും അതിയാഥാർത്ഥ്യത്തിനും ഇടയിലുള്ള  ഒരു ലോകത്തെ, അനിശ്ചിതത്വങ്ങളുടെ അരക്ഷിതാവസ്ഥയുടെ നൂൽപാലത്തിലൂടെയുള്ള മനുഷ്യ ജീവിതയാത്രയെ, ഒരു കുറേ നിയമങ്ങളുടെ ബലിയാടുകളാവാൻ വിധിക്കപ്പെടുന്ന മനുഷ്യവ്യഥകളെ കാഫ്കദി ട്രയലിൽ  ആവിഷ്കരിക്കുന്നു.    ഒന്നും പ്രതീക്ഷിക്കാനാവാത്ത പ്രതീക്ഷകളെ തകിടം  മറിക്കുന്ന സംഭവപരമ്പരകളുടെ ലോകം അവിടെ  നിറഞ്ഞു നിന്നുവിചാരണയ്ക്ക്  വിധേയനാവുന്ന ജോസഫ് കെ എന്ന മിസ്റ്റർ കെ. ക്കോ അയാളുടെ ബന്ധുക്കൾക്കോ വിചാരണ ചെയ്യുന്നവർക്കോ ഇനി വായനക്കാർക്കുതന്നെയോ   മനസ്സിലാവുന്നില്ല എന്തായിരുന്നു അയാളുടെ കുറ്റമെന്ന്അങ്ങിനെയൊരു ലോകം, നിയമങ്ങൾ മനുഷ്യനു വേണ്ടിയല്ലാതെ മനുഷ്യൻ നിയമത്തിനു വേണ്ടിയാവുന്ന, രക്ഷിക്കുവാനുള്ള  നിയമം ശിക്ഷിക്കുവാൻ മാത്രമായി മാറുന്ന ഒരു ലോകത്തിൻ്റെ എഴുത്തു വഴിയായി, ആവിഷ്കാരശൈലിയുമായി സർറിയലിസം. 

സംരക്ഷണത്തിൻ്റെ ടൂളുകൾ സംഹാരത്തിൻ്റേതാവുമ്പോൾ

നമ്മളാലാവും വിധം നമ്മൾ കാഫ്സ്കെയ്ക് ലോകത്തേക്ക് തിരിച്ചു നടക്കുവാനുള്ള ഒരു ശ്രമം തുടങ്ങി എന്നു തോന്നുന്നു. നാളെ മാറാവുന്ന സ്പീഡ് ലിമിറ്റാവും, പക്ഷേ ഇന്ന് രണ്ടുകിലോമീറ്റർ അധിക സ്പീഡാണെന്നു പറഞ്ഞ് നിങ്ങളെ ചാർജ് ചെയ്യുകയും ജനാധിപത്യത്തിലെ അശ്ലീലമായവിഐപിബ്രാൻ്റ് വണ്ടികൾ യഥേഷ്ടം സർവ്വ റോഡ് സുരക്ഷാ നിയമങ്ങളും ലംഘിച്ച് പറന്നുപോവുകയുമാണെങ്കിൽ, നമ്മൾ കാഫ്കേസ്ക് ലോകത്തു തന്നെയാണ്. രണ്ടേരണ്ടു ഹിയറിങ്ങിൽ തീരേണ്ട ഒരു കേസുമായി കോടതിവരാന്തയിലും കൂട്ടിലും വർഷങ്ങൾ നിരങ്ങേണ്ടിവരുന്ന നിസ്സഹായരാണ് നമ്മളെങ്കിൽ സംശയിക്കേണ്ട, നമ്മൾ കാഫ്സ്കേയ്ക് ലോകത്തെ അന്തേവാസികളാണ്. ശാസ്ത്രം മുന്നോട്ടു പോയതു കൊണ്ട് ക്ഷയരോഗം  പ്രെയ്ഗിൽ  കാഫ്കയെയും പാറപ്പുറത്ത് സഞ്ജയനെയും കൊണ്ടുപോയതുപോലെ നമ്മളെ കൊണ്ടു പോവുന്നില്ലപക്ഷേ സാമൂഹികബോധം ഏതാണ്ട് നിന്നിടത്തു തന്നെ നില്കുന്നേയുള്ളൂനോക്കുക, നിസ്സാരമായി പരിഹരിക്കപ്പെടേണ്ട എത്രയെത്ര കാര്യങ്ങളിലാണ് നമ്മൾ  മാറാലയിൽ അകപ്പെട്ട പ്രാണിയെപ്പോലെ നിയമക്കുരുക്കിൽ കുരുങ്ങിക്കിടക്കുന്നത്, പ്രമാണിമാർ മാറാല ഭേദിച്ച്  പുറത്തു പോവുന്നതുംകാഫ് കാലാതീതനാവുന്നത് കഥാപാത്രങ്ങൾ ഞാനും നിങ്ങളും ആവുമ്പോഴാണ്, അവരുടെ വ്യഥകൾ എൻ്റേതും നിങ്ങളുടേതും ആവുമ്പോഴാണ് 

1999-, ലെ മോണ്ടെയുടെ ഇരുപതാം നൂറ്റാണ്ടിലെ 100 പുസ്തകങ്ങളിലൊന്നായിഇരുപതാം നൂറ്റാണ്ടിലെ മികച്ച ജർമ്മൻ നോവലുകളിൽ  രണ്ടാം സ്ഥാനവും ട്രയൽ നേടിയിരുന്നുനമുക്ക് നമ്മുടെ കാലാനുസൃതമായി മാറാത്തവികൃതമുഖം നോക്കുവാനുള്ള ഒരു കണ്ണാടിയാണ് ദി ട്രയൽ, കാഫ്കയുടെ മനഃശാസ്ത്രപരമായ, വായനക്കാരനെ അടിമുടി പിടിച്ചുലയ്ക്കുന്ന ഭയാനകമായ സൃഷ്ടി. ഒരു ദിവസം ഉറക്കമുണർന്ന് താൻ ചെയ്യാത്ത കുറ്റത്തിന് കെണിയിലാവുന്ന ഒരു സാധാരണക്കാരനായ കെ.യുടെ ജീവിതത്തിലേക്കുള്ള, ജീവിതത്തിലൂടെയുള്ള  മനഃശാസ്ത്ര പര്യവേഷണം എന്നു പറയാവുന്ന ഒരു രചനയാണത്. 

ജോസഫ് കെയെക്കുറിച്ച് ആരോ കള്ളം പറഞ്ഞിട്ടുണ്ടാകണം, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു, പക്ഷേ, ഒരു ദിവസം രാവിലെ അയാൾ അറസ്റ്റ് ചെയ്യപ്പെട്ടു” - ദി ട്രയൽ തുടങ്ങുന്നത് വാചകത്തോടുകൂടിയാണ്ഒരു നോവലിൻ്റെ അദ്യാവസാനം ആദ്യവാചകത്തിൽ തന്നെ അടയാളപ്പെടുത്തിയ ഒരു തുടക്കം. കള്ളത്തിലൂടെ തെറ്റുകൾ ആരോപിക്കുക, അറസ്റ്റു ചെയ്യുക, പിന്നീട് മരണം വരെയും വിചാരണക്കു വിധേയനാവുക, ഒടുവിൽ കുറ്റവാളിയാക്കി കൊലപ്പെടുത്തുക. അതിനെല്ലാറ്റിനും നിയമവഴി ഉണ്ടാവുക, നീതിയുടെ പേരിലാവുക. ദി ട്രയലിലെ ജഡ്ജിയുടെ കയ്യിലെ പരിപാവനമായ നീതിയുടെ പുസ്തകം, അവിടുള്ള വേലക്കാരൻ്റെ ഭാര്യ, ജഡ്ജിയുടെയും നിയമവിദ്യാർത്ഥികളുടെ ലൈംഗികഅടിമ കൂടിയായ സ്ത്രീ കാണിച്ചുകൊടുത്തപ്പോഴാണ് അതൊരു പിന്നിയ അശ്ലീലലൈംഗിക ഗ്രന്ഥമാണെന്ന്  കെ. തിരിച്ചറിയുന്നത്. 

സ്വർഗത്തിലെ ഇടപാടുകളിൽ അല്ലാതെ ഭൂമിയിലെ കാര്യത്തിൽ ഒരു പിടിയുമില്ല, സഹിച്ചുജിവിക്കുകയേ വഴിയുള്ളൂ എന്നു കെ. യെ ഉപദേശിക്കുന്ന  പുരോഹിതനെ പോലെ തന്നെ നിസ്സഹായനാണ് കേസിൻ്റെ കാരണമറിയാത്ത വക്കീലുംകെ.യുടെ 31-ാം ജന്മദിനത്തിൻ്റെ തലേ ദിവസമാണ്, കോട്ടും തൊപ്പിയും ധരിച്ച രണ്ടുപേർ അയാളുടെ വീട്ടിലെത്തിയത്. അവർ വഴി അയാൾക്കു തിരഞ്ഞെടുക്കുവാനായി വിട്ടുകൊടുക്കുന്നു. കെയുടെ വഴി എത്തുന്നത് ഒരു ക്വാറിയിലേക്കാണ്ഉപേക്ഷിക്കപ്പെട്ട ക്വാറിയിൽ ഒരു കല്ലിൽ തലവെച്ച് അവർ അയാളെ ഇരുത്തുന്നു. അവരിൽ ഒരാൾ ഒരു കത്തി കെ യുടെ ഹൃദയത്തിലേക്ക് ശക്തിയായി താഴ്ത്തി രണ്ടു തിരിതിരിച്ചു, കെ യുടെ ജീവിതം അവിടെ അവസാനിച്ചുതന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നോ എന്തിനാണ് കുറ്റം ചുമത്തിയതെന്നോ കെ ക്ക്  ഒരിക്കലും അറിയാനായില്ല, വിധിച്ചവർക്കും കത്തി ആഴ്ത്തിയവർക്കും തന്നെയും അറിയാനായില്ല. താൻ കെണിയിലായ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന തത്വങ്ങൾ മനസിലാക്കാൻ ഒരിക്കലും കഴിയാതെ, ഒടുവിൽ യുവാവ് തൻ്റെ മുപ്പത്തിയൊന്നാം ജന്മദിനത്തിൽ വധശിക്ഷയെ സ്വീകരിക്കുകയാണ്. 

കാഫ്കയുടെ കാലത്ത് അസംഭവ്യമെന്ന് വിലയിരുത്തപ്പെടാവുന്ന ഒരു സംഭവത്തെ നോവലാക്കിയതായി പലരും വിലയിരുത്തിയിരുന്നു. കാലാതീതമായ കൃതികൾ എഴുത്തുകാരനെ അതിജീവിക്കുന്നത് അതിൻ്റെ പ്രവാചക സ്വഭാവം കൊണ്ടാണ്. പിന്നീട് ലോകത്ത് ഫാസിസവും സാമ്രാജ്യത്വവും കമ്മ്യൂണിസവും മത്സരിച്ച് ജോസഫ് കെ മാരെ സൃഷ്ടിക്കുമ്പോഴേക്കും അതു രചിച്ച് ഏറെക്കാലം കഴിഞ്ഞിട്ടില്ല. അടിയന്തിരാവസ്ഥയിലൂടെ നമ്മളും കണ്ടു, കെ മാരുടെ അനിവാര്യമായ ഒരു ലോകത്തെ. വി വിജയൻ്റെ ധർമ്മപുരാണത്തിലെ പ്രജാപതി കാലാതീതനാവുന്നത് അതിൻ്റെ സാർവ്വജനീനത്വവും സാർവ്വരാഷ്ട്രീയതയും സാർവ്വലൌകികതയും കൊണ്ടാണ്. പുതിയ പ്രജാപതിമാരുടെ അമേദ്യം സുന്ദരസുരഭിലമാക്കുന്ന പാദസേവകരുടെ പുതിയ സൈബർ വേർഷനുകൾ കാണുന്നവരാണ് നമ്മൾ. 

കാഫ്കയുടെ പെൺജീവിതങ്ങൾ

റൂം ഓഫ് വൺസ് ഔൺഎന്ന തൻ്റെ വിഖ്യാതമായ കൃതിയിൽ  വിർജീനിയ വൂൾഫ് പറയുന്നുണ്ട്കല ഒരു ആൻഡ്രജൈനസ് (ഉഭയസ്വത്വമുള്ള) മനസ്സിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂഒന്നുകിൽ "സ്ത്രീത്വമുള്ള പുരുഷന്" അല്ലെങ്കിൽ "പൌരുഷമുള്ള സ്ത്രീക്ക്" മാത്രമാണ് അത് സൃഷ്ടിക്കാൻ ആവുക. അല്ലാത്തിടത്ത് സർഗ്ഗാത്മകത ഒന്നുകിൽ അന്ധമാവും അല്ലെങ്കിൽ അതൊരു ഓട്ടപ്പാത്രമാവും. മനസ്സിലൊരു ആൺപെൺ സംയോജനം നടക്കുമ്പോഴാണ് അത് വളക്കൂറുള്ളതാവുന്നത്, സർവ്വ കഴിവുകളും വിളയുന്ന ഒരിടമാവുന്നതും. ഒരു പക്ഷേ, പൂർണ്ണമായും ഒരു പൌരുഷ മനസ്സിന് സൃഷ്ടിക്കാൻ കഴിയുന്നതിലും മികച്ച ഒന്ന് പൂർണ്ണമായും സ്ത്രൈണമായ ഒരു മനസ്സിനും സാദ്ധ്യമല്ല. 

ദി ട്രയൽ പുരോഗമിക്കുമ്പോൾ, നോവലിലെ സ്ത്രീകൾക്ക് പ്രാധാന്യമേറുന്നുണ്ട്. ഫ്രൂ ഗ്രുബാച്ച്, എൽസ, ഫ്രൗലൈൻ ബസ്റ്റ്നർ, കോടതി കാവൽക്കാരൻ്റെ ഭാര്യ, ഒടുവിൽ ലെനിയുമാണ് നോവലിലെ പെൺജീവിതങ്ങൾ. കെ. താമസിക്കുന്ന വീടിൻ്റെ ഉടമസ്ഥയാണ് ഗ്രുബാച്ച്, ഏറെ വൈകാരികമായല്ല പ്രായം ചെന്ന അവർ, കെ.യുടെ അറസ്റ്റിനെ തുടർസംഭവങ്ങളെയും നോക്കിക്കാണുന്നത്മാനുഷികമായ മൂല്യങ്ങൾ, വികാരങ്ങളുമാണ് മറ്റുള്ളവരിൽ പ്രതിഫലിക്കുന്നത്. കാഫ്കയുടെ പെൺജീവിതങ്ങൾ ലൈംഗികതയെക്കുറിച്ച് തികഞ്ഞ ബോധമുള്ളവരാണ്, ആൺജീവിതങ്ങളിൽ സുരക്ഷിതത്വബോധവും അരക്ഷിതത്വബോധവും   ഉളവാക്കുവാനുള്ള  വൈകാരികമായ അവരുടെ കഴിവിനെക്കുറിച്ചും ബോധമുള്ളവരാണ്. മറ്റു നാട്ടുവ്യവഹാരങ്ങളിൽ വലിയ പങ്കില്ലെങ്കിലും അതു നടത്തുന്ന ആണിൻ്റെ ഹൃദയവ്യവഹാരങ്ങളെ  ഭരിക്കുന്നുണ്ട്. 

പാവപ്പെട്ട വേലക്കാരികളും, സെക്രട്ടറിമാരും, വീട്ടമ്മമാരുമാണ്, ദി ട്രയലിലെ സ്ത്രീ കഥാപാത്രങ്ങൾ, ലൈംഗിക തൊഴിലാളികൾ കൂടിയായി പകർന്നാടുന്നവർതന്നോളം സാമൂഹികമായി ഉയർന്ന  പെണ്ണിനെ വിവാഹം കഴിക്കുകയും സാമൂഹികമായി താഴ്ന്ന  പെണ്ണിനെ ലൈംഗിക അടിമയാക്കി വെക്കുകയും ചെയ്തിരുന്ന കാലത്തെ സാമൂഹികാവസ്ഥ  നോവൽ പകർത്തുന്നുണ്ട്. പക്ഷേ വേശ്യാവൃത്തിക്ക് (Prostitution) വൈശ്യവൃത്തിയുടെ (Profession) പരിവേഷം ഉണ്ടായിരുന്നുമില്ല. കാമുകി, വീട്ടമ്മഫ്രീ-ലാൻസർ, പ്രൊഫഷണൽ - അവർക്കിടയിലെ അതിരുകൾ വ്യക്തമായിരുന്നില്ല. ‘നീ വെറും പെണ്ണ്എന്ന ഏറെ പഴക്കമില്ലാത്ത നമ്മുടെ സിനിമാ ഡയലോഗുകളുടെ ജന്മഗേഹമായി യൂറോപ്പിരുന്ന കാലമായിരുന്നു അത്.   സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പിന്നാക്കമായിരുന്നു, അധികാരസ്ഥാപനങ്ങളുടെ അരികിലില്ലാത്ത പെണ്ണിനെയാണ് നോവൽ അടയാളപ്പെടുത്തുന്നത്. 

അവൻ്റെ (കെ.) കഴുത്ത് തൻ്റെ കരവലയത്തിലാക്കി, ഒന്നു പിന്നിലേക്ക് ചാഞ്ഞ്, അവൾ അവനെ ദീർഘമായി ഒന്നു നോക്കി.  "ഇനി ഞാൻ കുറ്റസമ്മതം നടത്തുന്നില്ലെങ്കിൽ, നിനക്ക് എന്നെ സഹായിക്കാനാവില്ലേ?" അവളെ ഒന്നു പരീക്ഷിക്കാനായി അവൻ ചോദിച്ചുഞാൻ സഹായികളായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നു, അവൻ ഏറെ ആശ്ചര്യത്തോടെ ആലോചിച്ചു, ആദ്യം മിസ് ബർസ്റ്റ്നർ, പിന്നെ കോടതി കാവൽക്കാരൻ്റെ ഭാര്യ, ഇപ്പോൾ ഇവൾ ചെറിയ കെയർ അസിസ്റ്റൻ്റ്, എന്തോ നിഗൂഢമായ ആവശ്യം എന്നെക്കൊണ്ട് അവൾക്കുണ്ടെന്നു തോന്നുന്നുഅവൾ എൻ്റെ മടിയിൽ ഇരിക്കുന്നതു നോക്കൂഅതവളുടെ സ്വന്തമെന്ന ഭാവത്തിലാണ്!” ( മൊഴിമാറ്റം ഇംഗ്ലീഷിൽ നിന്നുമാണ്) 

മുകളിലെ മൊഴിമാറ്റം വ്യക്തമാക്കുന്നുണ്ട്, തനിക്കു വേണ്ടി മാത്രമായ ബന്ധങ്ങൾ മാത്രമാണ് സ്ത്രീകളുമായി കെ. പുലർത്തിയത്. ബാറിലെ വെയ്റ്ററസ് ആയ കാമുകി എൽസയുമായും ഫ്രൗലൈൻ ബർസ്റ്റ്നറുമായും പുലർത്തിയ ബന്ധത്തിലും നിഴലിക്കുന്നത് ഇതേ രസതന്ത്രമാണ്. ബർസ്റ്റ്നർക്ക് ഏതാനും പുരുഷന്മാരുമായി ബന്ധമുള്ളതിൻ്റെ അഹങ്കാരമുള്ളതുകൊണ്ടാണ് മറ്റുള്ളവരുമായി ഇടപഴകാത്തതെന്ന് ഗ്രുബാച്ച്  പറയുന്നിടത്ത് അതൊരു അഭിമാനകരമായ കഴിവായി വരികയാണ്നോവലിൽ പെൺജീവിതങ്ങൾ പ്രകടിപ്പിക്കുന്നത് വൈകാരികമായ അകൽച്ചയും ശാരീരികമായ അടുപ്പവുമാണ്, പെണ്ണിൽ ആനന്ദവും ലൈംഗികതയും തേടുന്ന ആണിനെ കൃത്യമായി മനസ്സിലാക്കിയ ഒരു രീതിയാവാം വൈകാരികമായ അകൽച്ചയുടേത്. ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തിലും വൈകാരികവും ലൈംഗികവുമായ ഒരുതരം സ്വധീനം സാധ്യമാവുന്ന തലത്തിൽ കാഫ്കയുടെ സ്ത്രീകഥാപാത്രങ്ങളുണ്ട്, പക്ഷേ മുഖ്യധാരയിലെ ഒരു മേഖലയിലും അവരുടെ സാന്നിദ്ധ്യം ഇല്ല. മുകളിലെ വെർജീനിയ വൂൾഫിൻ്റെ നിരീക്ഷണത്തിലൂടെ ദി ട്രയലിലെ സ്ത്രീകഥാപാത്രങ്ങളെ നോക്കിയാൽ വൈകാരികവും ലൈംഗികവുമായ റോളിനപ്പുറം വികസിക്കാത്തവരാണ് അവരൊക്കെയും. അവരിൽ നിന്നും വ്യത്യസ്തമാണ് ഫ്രൗലൈൻ ബർസ്റ്റ്നർ എന്നു തോന്നിയിട്ടുണ്ട്, ഒരിക്കൽ ചുംബിക്കുവാനല്ലാതെ, പിന്നീട് കെ യുടെ ശ്രമങ്ങളോട് സഹകരിക്കാതിരുന്നവൾ 

മൊഴിമാറ്റത്തിൽ നഷ്ടമാവുന്ന കാഫ്ക

ഞാൻ വായിച്ചത്  കാഫ്കയുടെ ജർമ്മൻ ഭാഷയിലെ മൂലകൃതിയുടെ ഇംഗ്ലീഷ് വേർഷനാണ്. അതിദുർഗ്രഹമായ ഉള്ളടക്കത്തിൻ്റെ വിരസമായ, ചിലപ്പോൾ കൃത്യമല്ലെന്നു തോന്നുന്ന ഒരു മൊഴിമാറ്റത്തിൻ്റെ പ്രതീതി അതുളവാക്കിയിരുന്നു. അവസാന ഭാഗത്ത് കെ. യുടെ മരണത്തിലേക്കുള്ള യാത്രാവഴിയിൽ തനിക്ക് ഒരിക്കൽ മാത്രം ചുംബിക്കാൻ പറ്റിയ മിസ് ബസ്റ്റ്നറെ കാണുന്നുണ്ട് കെ. രംഗം കാഫ്കയുടെ ഭാഷയിൽ അങ്ങിനെ തന്നെയാവുമോ എന്ന സംശയം കാരണം, ഒരുപടി മുന്നോട്ടുപോയി, ദി ട്രയലിൻ്റെ ഒറിജിനൽ Der Process എന്ന ജർമ്മൻ കൃതി ഡൌൺലോഡ് ചെയ്തുപ്രസ്തുതഭാഗം ഗൂഗ്ൾ ട്രാൻസ്ലേറ്ററിൽ ഇട്ടുനോക്കിയപ്പോഴാണ് മൊഴിമാറ്റത്തിൻ്റെ ഇരയാവുന്ന ഒരു കാഫ്കയെ കാണുന്നത്. സത്യത്തിൽ ഒരു യഥാർത്ഥ കാഫ്കയെ, കാഫ്കയുടെ ട്രയലിനെ മലയാള സാഹിത്യത്തിലേക്ക് വീണ്ടെടുക്കണമെങ്കിൽ ജർമ്മൻ മൂലകൃതിയിൽ നിന്നും ഗൂഗ്ൾ ട്രാൻസ്ലേറ്റർ സഹായത്തോടെ ഇംഗ്ലീഷിലേക്കെടുത്ത്  നിലവിലെ ഇംഗ്ലീഷ് മൊഴിമാറ്റവുമായി താരതമ്യം ചെയ്ത് മലയാളത്തിലേക്ക് ആവാഹിക്കണംഒരു സാമ്പിൾ മാത്രം താഴെയിടുന്നു. കെ. യുടെ അന്ത്യയാത്രയിൽ മിസ് ബസ്റ്റ്നറെ കാണുന്ന ഭാഗം, ഇംഗ്ലീഷ് മൊഴിമാറ്റത്തിൽ നിന്നും. 

Just then, Miss Bürstner came up into the square in front of them from the steps leading from a small street at a lower level. It was not certain that it was her, although the similarity was, of course, great. But it did not matter to K. whether it was certainly her anyway, he just became suddenly aware that there was no point in his resistance. ………..

Now they permitted him to decide which direction they took, and he decided to take the direction that followed the young woman in front of them, not so much because he wanted to catch up with her, nor even because he wanted to keep her in sight for as long as possible, but only so that he would not forget the reproach she represented for him. "The only thing I can do now," he said to himself, and his thought was confirmed by the equal length of his own steps with the steps of the two others, "the only thing I can do now is keep my common sense and do what's needed right till the end.” 

ഇനി അതേഭാഗം ജർമ്മൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് ഗൂഗ്ൾ ട്രാൻസ്ലേറ്റർ സഹായത്തോടെ മൊഴിമാറ്റിയത് കാണുമ്പോഴാണ് ഭാഷാന്തരീകരണത്തിൽ ചോരുന്ന കാഫ്കയെ നാം കാണുക.. 

In front of them, Fraulein Bürstner climbed up a small stairway from a lower alley to the square. It wasn't quite sure if it was her, although the resemblance was great. But K. didn't care whether it was Fraulein Bürstner, he just realized right away that his resistance was worthless…….

They now tolerated him determining the direction of the journey, and he determined it according to the path the young lady was taking in front of them, not because he wanted to catch up with her, not because he wanted to see her for as long as possible, but only because of the reminder she meant to him not to forget. 'The only thing I can do now,' he said to himself, and the evenness of his steps and the steps of the other two confirmed his thoughts, 'the only thing I can do now is to keep my calm, dividing mind to the end. 

മുകളിലെ മെഷീൻ മൊഴിമാറ്റം പകർന്ന കാഫ്കയുടെ ഭാഷാ സൌന്ദര്യം ഒന്നു നോക്കൂ. ഇനി നമ്മൾ അതിനെ മലയാളത്തിലേക്കെടുത്താൽസാമാന്യബുദ്ധി’ ‘മനസ്സിൻ്റെ ശാന്തതയായി മാറുന്നതു കാണാം. 

അവർക്ക് മുന്നിലായി, താഴത്തെ ഇടവഴിയിൽ നിന്ന് ഫ്രൗലൈൻ ബർസ്റ്റ്നർ ഒരു ചെറിയ ഗോവണി വഴി ചത്വരത്തിലേക്ക് കയറിവന്നു. നല്ല സാമ്യം, എങ്കിലും അത് അവൾ തന്നെയാണോ എന്ന് ഉറപ്പിക്കുക സാധ്യമായിരുന്നില്ലഎന്നാൽ ബർസ്റ്റ്നർ തന്നെയാണോ അതെന്ന് കെ. കാര്യമാക്കിയില്ല, പക്ഷേ തൻ്റെ ചെറുത്തുനിൽപ്പ് വ്യർത്ഥമാണെന്ന് അയാൾക്ക് പെട്ടെന്നു തന്നെ മനസ്സിലായിഇപ്പോൾ അവർ അയാളോട് ക്ഷമിച്ചെന്നു തോന്നുന്നു, യാത്രയുടെ ദിശ തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അയാൾക്കു കിട്ടി, യുവതിയുടെ വഴിയിൽ അവൾക്കു പിന്നിലായി അയാൾ നടന്നു, അവൾക്ക് ഒപ്പം എത്താനായല്ല, കഴിയുന്ന അവസാനനിമിഷം വരെയും അവളെ കാണുവാനുമല്ല, പക്ഷേ ഒരിക്കലും മറക്കാൻ കഴിയാത്ത ഏതോ ഒരു ഓർമ്മയ്ക്കു പിന്നാലെയായിരുന്നു അയാളുടെ കാലുകൾ നീങ്ങിയത്. 'എനിക്കിനി ഈയൊന്ന്, ഇതുമാത്രമേ ചെയ്യാനാവൂ,' അയാൾ സ്വയം പറഞ്ഞു, അയാളുടെ കാൽവെപ്പുകൾക്ക് സമമായി നീങ്ങുന്ന മറ്റു രണ്ടു കാൽവെപ്പുകളും  അയാളുടെ ചിന്തകളെ സ്ഥിരീകരിച്ചു. 'ഞാനിനി ചെയ്യേണ്ടത് ഒന്നുമാത്രമാണ്, ചിതറിപ്പോവുന്ന മനസ്സിനെ അവസാനനിമിഷം വരെയും ശാന്തമാക്കി വെക്കണം”. നമ്മളിൽ പലരും ഇതുവരെയും  വായിച്ചതല്ല ദി ട്രയൽ എന്നറിയുവാൻ മുകളിലത്തെ രണ്ടു ഇംഗ്ലീഷ് താരതമ്യങ്ങൾ നോക്കിയാൽ മതിയാവുംപക്ഷേ ഒന്നുറപ്പാണ്, ദി ട്രയലിലെ അവസാന വാചകം പോലെ കാഫ്കേസ്ക് ലോകത്ത് മനുഷ്യൻ മരിച്ചുകൊണ്ടിരിക്കുന്നുണ്ട്, “Like a dog!” he said, it was as if the shame should outlive him.

മധുസൂദൻ. വി