ബാവ്ല മേമൻ തറവാട്ടിലെ കോടീശ്വരനായ പ്രമുഖ ടെക്സ്റ്റൈൽ വ്യവസായി, കൂടെയുണ്ടായിരുന്ന സുന്ദരി മുംതാസ് ബീഗം ഇൻഡോറിലെ കൊട്ടാര നർത്തകിയും മഹാരാജാവ് എച്ച്.എച്ച്. മഹാരാധിരാജ രാജ രാജേശ്വര്സവായ് ശ്രീ തുകോജിറാവു ഹോൾക്കർ മൂന്നാമൻ്റെ ഇഷ്ടവെപ്പാട്ടിയും ആയിരുന്നു. മഹാരാജാവിനൊപ്പം ഇംഗ്ലണ്ടിലടക്കം, പോവുന്നിടത്തൊക്കെയും കൂടെ പോവേണ്ടി വന്നവൾ എന്നത് രാജാവിന് മുംതാസിനോടുള്ള ഒബ്സെഷന് തെളിവുതന്നെയാണ്. അന്തപുരത്തിലെ അടിമ ജീവിതത്തിൽ നിന്നും ഒളിച്ചോടി ബാവ്ലക്കൊപ്പം സഹജീവനത്തിൽ ആയിരുന്നു മുംതാസ്. "ഒരുപക്ഷേ ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന ഏറ്റവും സെൻസേഷണൽ കുറ്റകൃത്യം" എന്നാണ് പത്രങ്ങളും മാസികകളും കൊലപാതകത്തെ വിശേഷിപ്പിച്ചത്, അന്വേഷണത്തിലും തുടർന്നുള്ള വിചാരണയിലും അതെങ്ങും സംസാരവിഷയമായി മാറി. സംഭവവികാസങ്ങൾ ആഗോള ശ്രദ്ധയാകർഷിച്ചു, പ്രശ്നത്തിൻ്റെ സങ്കീർണ്ണത അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളെ അലോസരപ്പെടുത്തുകയും ഒടുവിൽ മഹാരാജാവിനെ സ്ഥാനമൊഴിയാൻ നിർബന്ധിതനാക്കുകയും ചെയ്തു.
ഹിന്ദു പ്രതികൾക്ക് വേണ്ടി ഹാജരായത് മുസ്ലിം പക്ഷപാതി എന്ന ചരിത്രം വിലയിരുത്തിയ മുഹമ്മദലി ജിന്നയായിരുന്നു. പ്രതികളിലൊരാളും ഇൻഡോർ സൈന്യത്തിലെ ഉന്നത ജനറലുമായിരുന്ന ആനന്ദറാവു ഗംഗാറാം ഫാൻസെയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയത് ജിന്നയുടെ വാദമാണെന്ന് ചരിത്രം.
അന്നു പിച്ചവെയ്ക്കാൻ തുടങ്ങിയ ബോളിവുഡ് ഈ കേസിൽ കണ്ടെത്തിയത് ഒരു ക്രൈം ത്രില്ലറിൻ്റെ അനന്ത സാധ്യതകളായിരുന്നു. കൊല്ലപ്പെട്ടത് ധനികനായ യുവ വ്യവസായി, കൊലയ്ക്ക് പിന്നിൽ മഹാരാജാവ്, കൊലക്ക് കാരണമായത് മുംതാസ് എന്ന സുന്ദരിയോടുള്ള മഹാരാജാവിൻ്റെ അഭിനിവേശവും മുസ്ലിം യുവാവിൻ്റെ പ്രണയവും. ചരിത്രത്തിലെ ഒരു അസാധാരണ കൊലപാതകത്തിൻ്റെ ചേരുവകൾ എല്ലാം ചേരുംപടി ചേർന്ന സംഭവത്തിൻ്റെ ചലച്ചിത്രാവിഷ്കാരമായി കുലിൻ കാന്ത. ഒരു ഇന്ത്യൻ മഹാരാജാവിൻ്റെ കൊട്ടാരത്തിലെ ലൈംഗികപീഡനത്തിൻ്റെയും വധഗൂഢാലോചനയുടെയും തട്ടിക്കൊണ്ടുപോവലിൻ്റെയും കഥപറഞ്ഞ ഇന്ത്യയിലെ ആദ്യ നിശബ്ദ ക്രൈം ത്രില്ലർ ആവാം കുലിൻകാന്ത. 2025ൽ ആ സിനിമയ്ക്കും നൂറുവയസ്സ്.
മഹാരാജാവിന് ഒരു അന്തപ്പുരപ്പെണ്ണിനോടുള്ള ഒബ്സെഷൻ പ്രമാദമായൊരു കൊലയിൽ കലാശിച്ചതിൻ്റെ, ബ്രിട്ടീഷ് നിയമങ്ങൾ ഇന്ത്യൻ വനിതകളെ ശാക്തീകരിച്ചതിൻ്റെ, പത്രറിപ്പോർട്ടുകൾ കോടതിനിരീക്ഷണത്തെ ബാധിക്കുമെന്ന വാദങ്ങളുടെ ഒക്കെയും ഒരു നൂറ്റാണ്ട് തികയുകയാണ് ഈ വർഷം, അതിൻ്റെ പാഠങ്ങളെ സമകാലികബോധവുമായി ചേർത്തുള്ളൊരു സഞ്ചാരമാണ് ഈയെഴുത്ത്.
ബോംബെ ഹൈക്കോടതിയുടെ രേഖകളിൽ നിന്നും
1925-ലെ ബാവ്ല കൊലപാതക കേസിനേക്കാൾ വലിയ കോളിളക്കം സൃഷ്ടിച്ച മറ്റൊരു കേസും ഇന്നത്തെ തലമുറയുടെ ഓർമ്മയിലില്ല. ഒരു പ്രണയകഥയിലെ ഒരേടുപോലെയാണ് ഈ കേസിൻ്റെ വസ്തുതകൾ വായിച്ചെടുക്കാൻ കഴിയുന്നത്. ഡ്രൈവറെയും ക്ലീനറെയും കൂടാതെ രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും വഹിച്ച ഒരു കാർ മലബാർ ഹിൽസിൻ്റെ മുകളിലുള്ള ഹാങ്ങിംഗ് ഗാർഡൻസിലേക്ക് ഓടിച്ചുപോയി. തൊട്ടുപിന്നാലെ ഓടിവന്ന, ആറോ ഏഴോ പുരുഷന്മാരെ ഉൾക്കൊള്ളുന്ന ഒരു ചുവന്ന മാക്സ്വെൽ കാർ ആദ്യത്തെ കാറിൽ മനഃപൂർവ്വം ഇടിച്ചു. രണ്ട് കാറുകളും നിന്നു. ചുവന്ന മാക്സ്വെല്ലിലെ യാത്രക്കാർ പുറത്തേക്ക് ചാടിയിറങ്ങി, മറ്റേ കാറിലുണ്ടായിരുന്ന ഒരു പുരുഷനെയും സ്ത്രീയെയും അസഭ്യം പറഞ്ഞു. ചാടിയിറങ്ങിയ ശേഷം, അവർ ആദ്യത്തെ കാറിനെ ഇരുവശത്തും വളഞ്ഞു, രണ്ടോ മൂന്നോ പുരുഷന്മാർ ഇരുവശത്തും ഫുട്ബോർഡുകളിൽ കയറി. ആദ്യത്തെ കാർ ബോംബെയിലെ ഒരു ധനികനായ ബിസിനസുകാരനായ അബ്ദുൾ കാദർ ബാവ്ലയുടേതായിരുന്നു. കൂടെയുള്ള പുരുഷൻ മാനേജർ മാത്യു.
ബാവ്ലയുടെ കൂടെ കാറിലുണ്ടായിരുന്ന സ്ത്രീ മുംതാസ് ബീഗം എന്ന സുന്ദരിയായ മുസ്ലീം നർത്തകിയായിരുന്നു. 1925 ജനുവരി 12-ലെ സംഭവത്തിന് കുറച്ചു കാലം മുമ്പ് വരെ, ഏകദേശം 10 വർഷക്കാലം, ഇൻഡോർ മഹാരാജാവിൻ്റെ സംരക്ഷണത്തിലായിരുന്നു അവൾ. അവരുടെ കഥയനുസരിച്ച്, അന്തഃപുരത്തിലെ ജീവിതം അവൾക്ക് മടുത്തിരുന്നു, ഏതാനും മാസങ്ങൾക്ക് മുമ്പ് ആ കാഞ്ചനക്കൂട്ടിൽ നിന്നും രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞു. ഡൽഹി, നാഗ്പൂർ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ വിവിധ താമസങ്ങൾക്ക് ശേഷം, ഒടുവിൽ അബ്ദുൾ കാദർ ബാവ്ലയിൽ അഭയവും ഒരു അനൗദ്യോഗിക ഭർത്താവിനെയും അവൾ കണ്ടെത്തി. കൊലപാതക സമയത്ത്, ബാവ്ല അവളെ തൻ്റെ രഹസ്യപങ്കാളിയായി കൂടെ താമസിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ഈ ഒളിച്ചോട്ടം ഇൻഡോറിലെ ഉന്നതരിൽ കടുത്ത നീരസത്തിന് കാരണമായി, അതവളുടെ മുൻ രാജകീയ രക്ഷാധികാരിയുടെ അന്തസ്സിന് അപമാനമായി. കേസിലെ തെളിവുകളിൽ നിന്ന്, ദർബാറിൻ്റെ അന്തസ്സിന് നേരെയുള്ള ഈ അവഹേളനത്തിന് പ്രതികാരം ചെയ്യാനും, സാധ്യമെങ്കിൽ ഇൻഡോറിലെ ഒളിച്ചോടിയ ഹെലനെ തിരികെ എത്തിക്കുവാനും അവളെ ശിക്ഷിക്കുവാനുമായി ഒരു ഗൂഢാലോചന നടന്നത് വ്യക്തമാണ്. ബോംബെയിൽ അവളുടെ സ്ഥലങ്ങളും നീക്കങ്ങളും അവർ കണ്ടെത്തി. ഒരു രാജകുടുംബത്തിൻ്റെ സ്വകാര്യതയിൽ ഭാഗമായ ചലമിഴിയാളെ, ചഞ്ചലചിത്തയായി ഒളിച്ചോടിയവളെ, അവളുടെ ഇപ്പോഴത്തെ സംരക്ഷകനെയും അവിസ്മരണീയമായ ഒരുപാഠം പഠിപ്പിക്കാൻ വൻഗൂഢാലോചനയാണ് നടന്നത്. അക്രമണം മുംതാസിനെ മുഖത്തെ ഭാഗികമായി വികൃതമാക്കി. ഗുരുതരമായി വെടിയേറ്റ ബാവ്ല താമസിയാതെ മരിച്ചു.
ഭാഗ്യമെന്നോണം, ഭീകരമായ അക്രമം അതിൻ്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ, പിന്നിൽ നിന്ന് മറ്റൊരു കാർ പാഞ്ഞുവന്നു. വെടിയൊച്ചയും സ്ത്രീയുടെ നിലവിളിയും സഹായത്തിനായുള്ള നിലവിളിയും കേട്ട് ആ കാർ യാത്രികർ ചാടിയിറങ്ങി, അവരെ രക്ഷിക്കാൻ പാഞ്ഞുചെന്നു. ആ കാറിൽ മൂന്ന് ഇംഗ്ലീഷുകാർ ഉണ്ടായിരുന്നു, എല്ലാവരും സൈനിക ഓഫീസർമാർ: കാർ ഓടിച്ചിരുന്ന ലെഫ്റ്റനൻ്റ് സെയ്ഗെർട്ട്, അദ്ദേഹത്തിൻ്റെ അരികിൽ സൈനിക സഖാക്കളായ ലെഫ്റ്റനൻ്റ് ബാറ്റ്ലിയും ലെഫ്റ്റനൻ്റ് സ്റ്റീഫനും. സെയ്ഗെർട്ട് ഉടൻ തന്നെ സംഘർഷത്തിനിടയിലേക്ക് എടുത്തുചാടി അക്രമികളുമായി ഏറ്റുമുട്ടി, പെൺകുട്ടിയെ അക്രമികളുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിൽ വിജയിച്ചെങ്കിലും ഒന്നിലധികം വെടിയുണ്ടകൾ ശരീരത്തിൽ പതിക്കുകയും, ദേഹത്ത് മൂന്നോ നാലോ സ്ഥലങ്ങളിൽ പരിക്കേൽക്കുകയും ചെയ്തെങ്കിലും, മുംതാസിനെ സ്വന്തം കാറിലേക്ക് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തൻ്റെ സഖാക്കളുടെ സഹായത്തോടെ, സെയ്ഗെർട്ട് രണ്ടോ മൂന്നോ അക്രമികളെ കീഴടക്കി, അവരുടെ കൈകളിൽ നിന്ന് കൊലനടത്തിയ ആയുധങ്ങൾ തട്ടിയെടുത്തു. താമസിയാതെ മറ്റൊരു ഇംഗ്ലീഷ് സൈനിക ഉദ്യോഗസ്ഥനായ കേണൽ വിക്കറിയുടെ സഹായത്തോടെ, ധീരരായ സൈനികർ അക്രമികളിൽ ഒന്നോ രണ്ടോ പേരെ പിടികൂടി, അവരെ വൈകാതെ സ്ഥലത്തെത്തിയ പോലീസിന് കൈമാറി. ഏറ്റുമുട്ടലിനിടെ ലെഫ്റ്റനൻ്റ് സെയ്ഗെർട്ടിന് വെടിയേറ്റതിനു പുറമേ, തോളിൽ ആഴത്തിലുള്ള മുറിവുണ്ടാക്കിയ ഒരു കത്തിയാക്രമണത്തെയും നേരിടേണ്ടിവന്നു. ആക്രമണത്തിനും പ്രതിരോധത്തിനും ലെഫ്റ്റനൻ്റ് സെയ്ഗെർട്ട് ഉപയോഗിച്ചിരുന്ന ഒരു ഗോൾഫ് സ്റ്റിക്ക് കൊണ്ടാണ് അക്രമികളിൽ ചിലർക്ക് പരിക്കേറ്റത്.
ഈ ധീരരായ സൈനികർ സമയോചിതമായി സ്ഥലത്തെത്തിയിരുന്നെങ്കിൽ, ആ സംഘം പെൺകുട്ടിയെ ഇൻഡോറിലേക്ക് കൊണ്ടുപോയി ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമായിരുന്നു എന്നതിൽ സംശയമില്ല. സൈനികർ സംഭവസ്ഥലത്തെത്തിയത് ആകസ്മികമായാണ്, ദൈവാധീനവും. വില്ലിംഗ്ഡൺ ക്ലബ്ബിൽ ഗോൾഫ് കളിക്കാൻ പോയ അവർ കൊളാബയിലെ അവരുടെ ബാരക്കിലേക്ക് മടങ്ങുകയായിരുന്നു. കെമ്പ്സ് കോർണറിൽ വഴിതെറ്റിയ ലെഫ്റ്റനൻ്റ് സെഗെർട്ട്, ലോവർ ഹ്യൂസ് റോഡിലൂടെ പോകുന്നതിനുപകരം അബദ്ധത്തിൽ മുകളിലെ ഗിബ്സ് റോഡിലൂടെ സഞ്ചരിച്ച് ആകസ്മികമായി കൃത്യസമയത്ത് കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിപ്പെടുകയായിരുന്നു.
ഈ സാഹചര്യത്തിൽ, 1925 മെയ് മാസത്തിൽ ബോംബെ ഹൈക്കോടതിയുടെ ക്രിമിനൽ സെഷൻസിന് മുമ്പാകെ ഒമ്പത് പുരുഷന്മാരെ വിചാരണയ്ക്കായി ഹാജരാക്കി. മുംതാസ് ബീഗത്തെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ അംഗങ്ങളാണെന്ന് അവർക്കെതിരെ കുറ്റം ചുമത്തി, തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ അവർക്ക് ഗുരുതരമായി പരിക്കേറ്റതിനും, ബാവ്ലയെ കൊലപ്പെടുത്തിയതിനും അവർക്കെതിരെ കുറ്റം ചുമത്തി. ജസ്റ്റിസ് ക്രംപിൻ്റെയും ഒരു പ്രത്യേക ജൂറിയുടെയും മുമ്പാകെയാണ് അവരെ വിചാരണ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ജെ.ബി. കംഗയും കെന്നത്ത് കെമ്പും ഹാജരായി. കൽക്കട്ട ബാറിലെ ജെ.എം. സെൻ ഗുപ്ത, എസ്.ജി. വെലിങ്കർ, ജിന്ന എന്നിവർ പ്രതികൾക്കുവേണ്ടി വാദിച്ചു.
നാടകത്തിൻ്റെ ദൃക്സാക്ഷികൾ എന്നതിലുപരി, സംഭവത്തിൽ പങ്കാളികളായ മൂന്ന് സൈനിക ഉദ്യോഗസ്ഥരായിരുന്നു പ്രോസിക്യൂഷൻ്റെ പ്രധാന സാക്ഷികൾ. ഗൂഢാലോചനയുടെ വികാസത്തെയും വിവിധഘട്ടങ്ങളെയും അത് നടപ്പിലാക്കുന്നതിൽ കുറ്റാരോപിതരായ ഓരോ വ്യക്തിയും വഹിച്ച പങ്കിനെയും തെളിയിക്കാൻ ചില രേഖകൾ ഉൾപ്പെടെയുള്ള മറ്റ് നിരവധി തെളിവുകൾ ഉണ്ടായിരുന്നു. സാധാരണയായി, പതിനഞ്ചോ ഇരുപതോ പേർ സജീവമായി പങ്കെടുക്കുന്ന ഒരു സങ്കീർണ്ണമായ നാടകം ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കപ്പെടുമ്പോൾ, ദൃക്സാക്ഷികൾക്കും അഭിനേതാക്കൾക്കും പോലും പിന്നീട് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തവും ബന്ധിതവുമായ ഒരു വിവരണം നൽകുന്നത് അത്ര എളുപ്പമല്ല. വ്യത്യസ്ത സാക്ഷികളുടെ മൊഴികളിൽ വ്യക്തമായ പൊരുത്തക്കേടുകൾ ഉണ്ടാകും, കൂടാതെ അത്തരം കേസുകളിൽ ജൂറിക്ക് ചിലപ്പോൾ കുറ്റകൃത്യത്തെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ സാഹചര്യം ഉണ്ടാകും. ഇവിടെയും സൈനികർ ഒരു പ്രധാന പങ്ക് വഹിച്ചു. നിരവധി ആളുകൾ ഉൾപ്പെട്ട ഒരു സംഘർഷത്തിൻ്റെ നടുവിൽ, ശാന്തമായ മനസ്സും, കർമ്മനിരതമായ കൈയ്യും നിരീക്ഷണപാടവവും നിലനിർത്താൻ അവരുടെ സൈനിക പരിശീലനം അവരെ പഠിപ്പിച്ചതാവണം. ഒമ്പത് പ്രതികളിൽ ആറ് പേർക്കെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിൽ ലെഫ്റ്റനൻ്റ് സെയ്ഗെർട്ട്, ബാറ്റ്ലി, സ്റ്റീഫൻ എന്നിവരുടെയും ഒരു പരിധിവരെ കേണൽ വിക്കറിയുടെയും മൊഴികൾ വളരെയധികം സഹായിച്ചു; അവർ കൃത്യമായി ശിക്ഷിക്കപ്പെട്ടു എന്നതിൽ സംശയമില്ല. ഈ തെളിവുകളുടെയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളുടെയും മുന്നിൽ, പ്രതിഭാഗത്തിന് ആദ്യം മുതൽ തന്നെ പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഒരു ദൗത്യമായിരുന്നു. അവർക്ക് വിശ്വസനീയമായ ഒരു വാദം പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ബാവ്ല ഒരു പിസ്റ്റൾ കൈവശം വച്ചിരുന്നു, സ്വയം പ്രതിരോധത്തിനായി വെടിയുതിർത്തു എന്ന അവ്യക്തമായ സൂചനയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. റിവോൾവർ സൂക്ഷിക്കാൻ ബാവ്ലയ്ക്ക് നിസ്സംശയമായും ലൈസൻസ് ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒരു റിവോൾവർ ഹാജരാക്കിയെങ്കിലും സംഭവ സമയത്ത് അദ്ദേഹം ഏതെങ്കിലും പിസ്റ്റളോ റിവോൾവറോ കൈവശം വച്ചിരുന്നതായി തെളിവില്ല. കൂടാതെ, ആ ദൗർഭാഗ്യവാൻ്റെ ശരീരത്തിൽ നിന്ന് പുറത്തെടുത്ത വെടിയുണ്ടകളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മറ്റ് വെടിയുണ്ടകളും ലെഫ്റ്റനൻ്റ് സെഗെർട്ടിൻ്റെ ദേഹത്തു തറഞ്ഞ വെടിയുണ്ടകളും ചേർന്നപ്പോൾ ബവ്ലയുടെ റിവോൾവറിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് വ്യക്തമായി. അക്രമികളിൽ നിന്ന് പിടിച്ചെടുത്ത രണ്ട് പിസ്റ്റളുകളിൽ നിന്നാണ് വെടിയുതിർന്നത്.
മുംതാസിനെ സംബന്ധിച്ചിടത്തോളം, അവൾ ഇൻഡോറിലേക്ക് പോകാൻ തയ്യാറാണെന്നും ബവ്ല ഇടപെട്ട് അവളെ തടയുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. ഇതും ദുർബ്ബലവും ദയനീയവുമായൊരു അപേക്ഷയായിരുന്നു. മറ്റെന്തെങ്കിലും കൂടാതെ, അവളുടെ ഭ്രാന്തമായ നിലവിളികളും സഹായത്തിനായുള്ള മുറവിളികളും അവളുടെ മുഖത്തേറ്റ മുറിവുകളും ആ വാദത്തെ പൂർണ്ണമായും ഖണ്ഡിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ്, മുംതാസ് ബീഗം തന്നോട് ഉപദേശം തേടിയിരുന്നുവെന്ന് അക്കാലത്തെ അറിയപ്പെടുന്ന ഒരു ക്രിമിനൽ അഭിഭാഷകൻ ശ്രീ. നരിമാൻ്റെ തെളിവുകൾ കൂടിയുണ്ട്. "ഇൻഡോറിലേക്ക് മടങ്ങിപ്പോകുന്നതിനേക്കാൾ ഭേദം കടലിൽ ചാടിമരിക്കലാണെന്ന്" അവൾ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
പ്രോസിക്യൂഷൻ നയിച്ച വ്യക്തവും നേരിട്ടുള്ളതും കുറ്റമറ്റതുമായ തെളിവുകൾക്ക് പുറമേ, ജസ്റ്റിസ് ക്രമ്പിൻ്റെ സമർത്ഥമായ സംഗ്രഹം കുറ്റകൃത്യത്തെക്കുറിച്ചും കേസിൻ്റെ നിയമപരമായ വശങ്ങളെക്കുറിച്ചും വ്യക്തമായ ഒരു ചിത്രം രൂപപ്പെടുത്തുന്നതിൽ ജൂറിയെ സഹായിച്ചു. ബോംബെ ഹൈക്കോടതിയുടെ ചരിത്രത്തിൽ തന്നെ ഈ സംഗ്രഹത്തിന് ഏറെ പ്രാധാന്യമുണ്ട്. തീർച്ചയായും അതൊരു മാതൃകാ കുറ്റപത്രമായിരുന്നു, അതിൻ്റെ വ്യക്തത, കൃത്യത, പൂർണ്ണത, ആധികാരികത, സത്യസന്ധത എന്നിവ ചീഫ് ജസ്റ്റിസ് സർ നോർമൻ മക്ലിയോഡിൽ ഏറെ മതിപ്പുളവാക്കി. അതിൻ്റെ പകർപ്പുകൾ മൊഫ്യൂസിലെ സെഷൻസ് ജഡ്ജിമാർക്കിടയിൽ വിതരണം ചെയ്യാൻ ഉത്തരവുണ്ടായി.
ഒന്നാം നമ്പർ പ്രതി ഷാഫി അഹമ്മദ് നബി അഹമ്മദ്, രണ്ടാം നമ്പർ പുഷ്പശീൽ ബൽവന്ത്റാവു പോണ്ടെ, അഞ്ചാം നമ്പർ പ്രതി ഷംറാവു രേവജി ദിഘെ എന്നിവരെ വധശിക്ഷയ്ക്ക് വിധിച്ചു. മുംതാസിനെ ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന് തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന നടത്തിയതിനും കൊലപാതകത്തിന് പ്രേരണ നൽകിയതിനും ജൂറി സർദാർ ആനന്ദറാവു ഗംഗാറാം ഫാൻസെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സ്വാഭാവികമായും അയാൾ വധശിക്ഷയ്ക്ക് അർഹനാണെങ്കിലും യഥാർത്ഥ കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് അകലെയായിരുന്നു അയാൾ എന്ന വസ്തുത ജഡ്ജി പരിഗണിച്ചു. പീനൽ കോഡിലെ സെക്ഷൻ 111 പ്രകാരമാണ് കൊലപാതക പ്രേരണയ്ക്ക് അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. അതനുസരിച്ച്, ഫാൻസയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതിയായ ഫാൻസയെ സംബന്ധിച്ച്, അദ്ദേഹത്തിൻ്റെ അഭിഭാഷകൻ ജിന്ന കുറഞ്ഞ ശിക്ഷ നൽകണമെന്ന് ശക്തമായി വാദിച്ചു. ജഡ്ജി അനുഭാവം പ്രകടിപ്പിച്ചു, അഡ്വക്കേറ്റ് ജനറലും ഹർജിയെ എതിർത്തില്ല. എന്നാൽ നിയമത്തിൽ, കൊലപാതകത്തിനോ കൊലപാതക പ്രേരണയ്ക്കോ രണ്ട് ശിക്ഷകൾ മാത്രമേ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളൂ - വധശിക്ഷയോ ജീവപര്യന്തം തടവോ. ആ നിയമാവസ്ഥയിൽ, ജഡ്ജിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളിൽ രണ്ടാം പ്രതി പുഷ്പശീല്ബൽവന്ത്റാവു പോണ്ടെ വധശിക്ഷ വിധിച്ച ഉടനെ ഭ്രാന്തനായി. ആ സാഹചര്യത്തിൽ, അദ്ദേഹത്തെ അനിശ്ചിതമായി ശിക്ഷാ കസ്റ്റഡിയിൽ പാർപ്പിച്ചെങ്കിലും മറ്റ് രണ്ട് പ്രതികളായ ഷാഫി അഹമ്മദ് നബി അഹമ്മദ്, ഷംറാവു രേവാജി ദിഘെ എന്നിവരെ തൂക്കിലേറ്റി.
അങ്ങനെ ഈ അസാധാരണമായ കേസ് അവസാനിച്ചു. പക്ഷേ, വിചാരണയുടെ തിരശ്ശീല വീണതിനുശേഷം, കേസിലെ താൽപ്പര്യവും കുറ്റകൃത്യത്തിൻ്റെയും വിചാരണയുടെയും ഓർമ്മകളും ബോംബെയിൽ വളരെക്കാലം അലയടിച്ചു. കൊടിയ കുറ്റകൃത്യം, ചോര, പ്രണയം, പ്രതികാരം, രക്ഷാപ്രവർത്തനം എല്ലാം ചേരുന്ന വിചിത്രമായ കഥയിൽ സാമൂഹികരോഗാതുരതയുടെ അക്ഷയഖനി കണ്ടെത്തിയ പത്രങ്ങളുടെ അവധാനതയാണ് പൊതുതാൽപര്യവും പ്രക്ഷോഭവും അണയാതെ കാത്തത്.
പ്രണയത്തിൻ്റെയും ധീരതയുടെയും മേമ്പൊടി ചാലിച്ച, പശ്ചാത്തലത്തിൽ ഒരു ഭരണാധികാരിയുടെ കരിനിഴൽ പതിഞ്ഞ വ്യവഹാര വാർത്തകളുമായി ബോംബെ പത്രങ്ങൾ പാറിനടന്നു. 1925 ജനുവരി 12-ലെ സംഭവങ്ങൾക്ക് ശേഷമുള്ള ദിവസങ്ങളോളം, ബോംബെയിൽ രാവിലെയും വൈകുന്നേരവും പത്രങ്ങൾ ബാവ്ല കേസുമായി നിറഞ്ഞുനിന്നു, എല്ലാത്തരം കഥകളും വിവരിച്ചു, ആ രക്തരൂഷിത നാടകത്തിലെ ദുരന്ത നായികയുടെ ഭാവി സാധ്യതകളെക്കുറിച്ച് ഊഹാപോഹങ്ങൾ നടത്തി. പാവം ബാവ്ല മരിച്ച് വളരെക്കാലം കഴിഞ്ഞു, അദ്ദേഹത്തിൻ്റെ രണ്ട് കൊലയാളികളെ തൂക്കിലേറ്റി, കൊലയാളികളിൽ ഒരാൾ മാനസികരോഗിയായി ശിക്ഷാ കസ്റ്റഡിയിൽ അനിശ്ചിതമായി അടച്ചിട്ടും, പത്രങ്ങളിലെ കുറ്റാന്വേഷകരും ഫാൻ്റസിപ്രിയരും മുംതാസിനെ പിന്തുടർന്നു, അവളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറി, അവളുടെ നീക്കങ്ങളത്രയും നിരീക്ഷിച്ചു. അത്രയുമാണ് ആധുനിക പത്രപ്രവർത്തനത്തിൻ്റെ ചിരസ്ഥായിയായ, ദുരന്തവുമായ സ്വാധീനശേഷി.
മോഗണറ്റിക് മാര്യേജ് (Morganetic)അഥവാ ഇടംകൈ കല്യാണം
"മലബാർ ഹിൽ ദുരന്തവുമായി എനിക്ക് ആരോപിക്കപ്പെടുന്ന ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തില്ല എന്ന ധാരണയിൽ ഞാൻ സിംഹാസനം എൻ്റെ മകനായി ഉപേക്ഷിക്കുന്നു" മഹാരാജാവ് ബ്രിട്ടീഷ് സർക്കാരിന് എഴുതി. ആ സ്ഥാനത്യാഗത്തിനുശേഷം, ഒരു അമേരിക്കൻ വനിതയെ മഹാറാണിയാക്കി മഹാരാജാവ് കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ചു. ഒടുവിൽ, അവൾ ഹിന്ദുമതം സ്വീകരിച്ചെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു. കുപ്രസിദ്ധമായ മലബാറിൽ ഹിൽ കൊലപാതകം ഇന്ത്യയിൽ കുലിൻ കാന്ത എന്ന പേരിൽ സിനിമയായപ്പോൾ, ഹോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ച മുംതാസ് ബീഗം പിന്നീട് അമേരിക്കയിലേക്ക് പോയെന്ന് ചരിത്രം, അവിടെനിന്ന് അവൾ വിസ്മൃതിയിലേക്കും.
വിവേകശൂന്യമായ പ്രണയബന്ധങ്ങളുടെയും ലൈംഗിക താൽപര്യങ്ങളുടെയും രാഷ്ട്രീയ അനന്തരഫലങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും, തലയിലെ പരമാധികാരം അവരെ മുന്നോട്ടുതന്നെ നയിച്ചു. അടിമപ്പെണ്ണിൽ നിന്നും സ്വതന്ത്ര വനിതയാവാൻ ഇന്ത്യൻ സ്ത്രീത്വത്തെ സഹായിച്ചത് ഇന്ത്യയിലെ സ്ത്രീപുരുഷസമത്വ മുന്നേറ്റങ്ങൾ അല്ല മറിച്ച് ഉൽപതിഷ്ണുക്കളായ ഏതാനും പേരുടെ പ്രേരണയാൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന നിയമങ്ങളാണ് എന്ന് കോർട്ലി ഇന്ത്യൻ വിമൻ ഇൻ ലെയ്റ്റ് ഇംപീരിയൽ ഇന്ത്യ എന്ന പുസ്തകത്തിലെ ട്രബിൾസ് ഇൻ ഇൻഡോർ, ദി മഹാരാജാസ് വുമൺ: ലവിങ്ങ് ഡേഞ്ചറസ്ലി എന്ന അഞ്ചാം അധ്യായത്തിൽ അങ്മ ഡേ ജാല വിശദീകരിക്കുന്നുണ്ട്.
ഇൻഡോറിൽ നിന്നുള്ള മറ്റൊരു ഭരണാധികാരിയായ യശ്വന്ത് റാവു, മോഗണറ്റിക് നിയമപ്രകാരം രണ്ട് അമേരിക്കൻ വനിതകളെ മഹാറാണിമാരാക്കി വിവാഹം കഴിച്ചു. വ്യത്യസ്ത സാമൂഹിക ശ്രേണികളിൽ ഉള്ള, പദവികളിൽ ഉള്ള രണ്ടുപേർ തമ്മിലുള്ള, ഉയർന്ന ആളുടെ പദവിക്കോ, സ്വത്തിനോ താഴ്ന്നയാൾക്കും ഭാവിയിൽ ജനിക്കുന്ന കുട്ടികൾക്കും അവകാശം ഇല്ലാത്ത വിവാഹമാണ് മോഗണറ്റിക്. ഇവിടെ മഹാരാജാവായ ഒരാളും അമേരിക്കക്കാരികളായ രണ്ടു വനിതകളും തമ്മിലുള്ള മോഗണറ്റിക്ക് വിവാഹമാണ് നടന്നതെങ്കിലും അത് പിന്തുടർച്ചാവകാശത്തിൽ ഒരു മാറ്റത്തിന് കാരണമായി. പുരുഷ പിൻഗാമികൾക്ക് പകരം അദ്ദേഹത്തിൻ്റെ മകളെ രാജ്യാവകാശിയാക്കി, ഇത് രാജ്യത്തിൻ്റെ ഭാവിയെ സാരമായി ബാധിച്ചു. മഹാരാജാക്കളുടെ വഴിവിട്ട ബന്ധങ്ങളും, പ്രാകൃതാചാരങ്ങളും, പുരുഷാധിപത്യനിയമവ്യവസ്ഥയും ബ്രിട്ടന് കാര്യങ്ങൾ എളുപ്പമാക്കിയതിന്റെ ഉദാഹരണം കൂടിയാണ് മലബാർ ഹിൽ ദുരന്തം.
മുംതാസിൻ്റെ രക്ഷപ്പെടലും ബ്രിട്ടീഷ് ഇടപെടലുകളും
മുംതാസിനോടുള്ള മഹാരാജാവിൻ്റെ ഭ്രാന്തമായ അഭിനിവേശം വഴിവെച്ചത് അവളിലുള്ള സമ്പൂർണ്ണ നിയന്ത്രണത്തിലേക്കാണ്. മുംതാസിനെ വ്യക്തിസ്വാതന്ത്ര്യം സമ്പൂർണ്ണമായും ഇല്ലാതായി, നിരന്തരമായ നിരീക്ഷണങ്ങൾ അവർക്കിടയിലെ ബന്ധം വഷളാക്കിയതായി ദ ബവ്ല മർഡർ കേസ്: ലവ്, ലസ്റ്റ് ആൻഡ് ക്രൈം ഇൻ കൊളോണിയൽ ഇന്ത്യ രചിച്ച പത്രപ്രവർത്തകനായിരുന്ന ദാവല്കുൽക്കർണി.
"ഞാൻ നിരീക്ഷണത്തിലായിരുന്നു. സന്ദർശകരെയും എൻ്റെ ബന്ധുക്കളെയും കാണാൻ എന്നെ അനുവദിച്ചിരുന്നു, പക്ഷേ ആരെങ്കിലും എപ്പോഴും എന്നെ അനുഗമിച്ചിരുന്നു," മുംതാസ് ബീഗം കോടതിയിൽ മൊഴി നൽകി. ഇൻഡോറിൽ, അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, കുഞ്ഞ് താമസിയാതെ മരിച്ചു. "എൻ്റെ കുഞ്ഞ് ജനിച്ചതിന് ശേഷം, ജനിച്ച പെൺകുഞ്ഞിനെ നഴ്സുമാർ കൊന്നതിനാൽ ഇൻഡോറിൽ താമസിക്കാൻ ഞാൻ തയ്യാറായില്ല," മുംതാസ് ബീഗം കോടതിയെ അറിയിച്ചു. മസൂറിയിലേക്കുള്ള യാത്രാമധ്യേ മുംതാസ് അപ്രതീക്ഷിതമായി ഡൽഹിയിൽ ഇറങ്ങി മുംതാസ് അമ്മയുടെ ജന്മസ്ഥലമായ അമൃത്സറിലേക്ക് രക്ഷപ്പെടുകയായിരുന്നു, പക്ഷേ വേട്ടയാടലുകൾ തുടർക്കഥകളായി.
ഭാൻപുരയ്ക്കും ഡൽഹിക്കും ഇടയിലെ ട്രെയിനിൽ വച്ച് ഡൽഹിയിലെ പോലീസ് കമ്മീഷണർക്കും വൈസ്രോയിക്കും സഹായം തേടി മുംതാസ് എഴുതി. മനുഷ്യത്വരഹിതമായ ആചാരങ്ങൾ, ലൈംഗികവൈകൃതങ്ങൾ ഒക്കെയും നടമാടുന്ന ഒരു പുരാതന സ്ഥാപനമായി കൊട്ടാരത്തെ ആ പരാതിയിൽ മുംതാസ് ചിത്രീകരിച്ചു, ഭ്രാന്തമായ കുറ്റകൃത്യങ്ങളുടെ ഇരയാണ് താനെന്ന് കൃത്യവും സത്യവുമായി സ്ഥാപിച്ചു. ഒരു കിഴക്കൻ മഹാരാജാവിൻ്റെ ദയവിൽ കഴിയുന്ന കിഴക്കിൻ്റെ തന്നെ മകളായ തൻ്റെ ഏക വിമോചനപ്രതീക്ഷ ഇനി പടിഞ്ഞാറുനിന്നുള്ള രക്ഷകരിലാണെന്ന് മുംതാസ് വ്യക്തമാക്കി.
മഹാരാജാവ് കരഞ്ഞുകൊണ്ട് അവളോട് മടങ്ങിവരാൻ അപേക്ഷിച്ചതായി മുംതാസിൻ്റെ രണ്ടാനച്ചൻ കോടതിയിൽ മൊഴി കൊടുത്തിരുന്നു. ആഭ്യർത്ഥന നിരസിച്ച മുംതാസ് പിന്നീട് ബോംബെയിലേക്ക് മാറുകയായിരുന്നെങ്കിലിം മഹാരാജാവിൻ്റെ നിരീക്ഷണ റഡാറിൽ നിന്നും മാറാനായില്ല. കൊലപാതകത്തെ പ്രതി മാധ്യമങ്ങളുടെ ഊഹങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു വിചാരണ. മുംതാസ് ബീഗത്തിന് അഭയം നൽകുന്നത് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മഹാരാജാസിൻ്റെ പ്രതിനിധികൾ ബാവ്ലയെ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും അദ്ദേഹം മുന്നറിയിപ്പുകൾ അവഗണിച്ചു.
സർക്കാരിന് വിവിധ കോണുകളിൽ നിന്ന് സമ്മർദ്ദം നേരിടേണ്ടി വന്നു. ആധുനിക ഗുജറാത്തിൽ വേരുകളുള്ള സമ്പന്ന മുസ്ലീം സമുദായം, മേമൻ കുടുംബാംഗമായ ബാവ്ലയുടെ കൊലപാതകം സർക്കാരിന് കീറാമുട്ടിയായി. ഇന്ത്യൻ നിയമനിർമ്മാതാക്കൾ ബ്രിട്ടീഷ് ഇന്ത്യയുടെ നിയമനിർമ്മാണ സഭയുടെ ഉപരിസഭയിൽ ഉത്തരം ആവശ്യപ്പെടുകയും കേസ് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമൺസിൽ പോലും ചർച്ച ചെയ്യുകയും ചെയ്തു. അന്വേഷണം മന്ദഗതിയിലാകാൻ സമ്മർദ്ദമുണ്ടായിരുന്നുവെന്നും എന്നാൽ അന്നത്തെ പോലീസ് കമ്മീഷണർ കെല്ലി രാജി ഭീഷണി മുഴക്കി അതിനെ മറികടക്കുകയായിരുന്നു.
കോടതി മൂന്ന് പേർക്ക് വധശിക്ഷയും മൂന്ന് പേർക്ക് ജീവപര്യന്തവും വിധിച്ചു. ഒടുവിൽ "കൊലപാതകത്തിന് പിന്നിൽ പ്രവത്തിച്ചവർ ഉണ്ടായിരുന്നു, അതാരെന്ന് പക്ഷേ ഞങ്ങൾക്ക് കൃത്യമായി പറയാൻ കഴിയില്ല" എന്ന് വിചാരണയ്ക്ക് നേതൃത്വം നൽകിയ ജസ്റ്റിസ് എൽസി ക്രമ്പ് അഭിപ്രായപ്പെട്ടു. എന്നാൽ, ഒരു ദശാബ്ദമായി ഇൻഡോർ മഹാരാജാവിൻ്റെ സ്വകാര്യലൈംഗികപങ്കാളിയായിരുന്ന ഒരു വനിതയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചാൽ, സംശയത്തിൻ്റെ മുന ഇൻഡോറിലേക്ക് നീളുന്നത് തീർത്തും യുക്തിരഹിതമല്ല എന്നുകൂടി ജഡ്ജി നിരീക്ഷിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് സർക്കാർ മഹാരാജാവിനെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഘട്ടത്തിൽ മഹാരാജാവ് സ്ഥാനത്യാഗം ചെയ്യാൻ തയ്യാറാവുകയായിരുന്നു.
മലബാർ ഹിൽ കൊലയുടെ നൂറാംവർഷം മലബാറിൽ മുംതാസിന്റെ സമകാലിക പ്രസക്തി
അന്തപ്പുരസ്ത്രീകൾ കർശനമായ സാമൂഹികവും സാംസ്കാരികവുമായ നിയന്ത്രണങ്ങൾക്ക് വിധേയരായിരുന്നു. പരമമായ പാരതന്ത്ര്യത്തിൻ്റെ കൊട്ടാരക്കൂട്ടിലകപ്പെട്ട, പൊതുജീവിതത്തിൽ നിന്ന് അകറ്റി നിർത്തപ്പെട്ട അവരുടെ ദൗത്യം രാജാവിൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങുക മാത്രമായിരുന്നു. സ്വകാര്യജീവിതം, സ്വാതന്ത്ര്യവും പാടെ നഷ്ടമായ, മതിയായ വിദ്യാഭ്യാസവും അറിവും ഇല്ലാത്ത, മഹാരാജാവിൻ്റെ കാമപൂരണത്തിന് പാത്രമാവുന്നതല്ലാതെ മറ്റൊരു തൊഴിലും പരിചയമില്ലാത്ത സമ്പൂർണ അടിമപ്പെണ്ണിൽ ഒരാൾ തന്നെയായിരുന്നു മുംതാസും. നിശ്ശബ്ദരായി, വിനീതവിധേയരായി, രാജാവിന് വഴങ്ങുവാൻ വിധിക്കപ്പെട്ടൊരു പെണ്ണിൻ്റെ അന്തപ്പുരത്തിൽ നിന്നുള്ള രക്ഷപ്പെടൽ ഊഹിക്കാൻ പോലും അസാധ്യമായ ഒരു കാലത്ത് അതു ചെയ്യാനായതും, വിചാരണചെയ്ത് ശിക്ഷിപ്പിക്കാൻ ആയില്ലെങ്കിൽ കൂടിയും മഹാരാജാവിനെ സ്ഥാനത്യാഗം ചെയ്യിപ്പിക്കാൻ കഴിഞ്ഞതും മുംതാസിൻ്റെ നേട്ടമാണ്. അതിന് ഏറെ സഹായകമായത് അന്നത്തെ ആംഗ്ലോ-ഇന്ത്യൻ നിയമവ്യവസ്ഥയാണ്. ബാവ്ലയുടെ കൊലപാതകത്തിന് തെളിവുകളായത് യാദൃച്ഛികമായി വഴിതെറ്റിയെത്തിയ ബ്രിട്ടീഷ് പട്ടാളക്കാരാണ്, രാജഭരണത്തെ അപേക്ഷിച്ച് താരതമ്യേന പുരോഗമനപരമായ ആംഗ്ലോ-ഇന്ത്യൻ രീതികൾ കാരണമാണ്. അല്ലായിരുന്നെങ്കിൽ അന്ന്, 1925ൽ കോടീശ്വരനായിരുന്ന ബാവ്ലയെ ഇൻഡോറിൽ നിന്നെത്തി ബോംബെയിൽ കൊലപ്പെടുത്തിയവർ മുംതാസിനെ തട്ടിക്കൊണ്ടുപോയി മഹാരാജാവിന് കാഴ്ചവെയ്ക്കുമായിരുന്നു. ഈ ലോകത്ത് ഒന്നും സംഭവിക്കുമായിരുന്നില്ല.
ജാതിശ്രേണിബദ്ധമായ, തുല്യതാബോധം ലവലേശം ഇല്ലാത്ത, സ്ത്രീ-പുരുഷ തുല്യതയില്ലാതിരുന്ന ഹിന്ദു നിയമങ്ങളെ അപേക്ഷിച്ച് ബ്രിട്ടീഷ് കോടതികൾ വ്യക്തികളുടെ തുല്യത ഉയത്തിപ്പിടിച്ചു. ആണിനും പെണ്ണിനും വ്യത്യസ്ത ജാതികൾക്കും വേറിട്ട നിയമങ്ങളുണ്ടായിരുന്നില്ല. അത് മുംതാസിന്, മഹാരാജാവിൻ്റെ വെപ്പാട്ടിക്ക് മഹാരാജാവിനോട് ഏറ്റുമുട്ടുവാനുള്ള കരുത്തു നല്കി. നമുക്ക് സന്ന്യാസം തന്നത് അവരെന്ന ഗുരുവചനം പോലെ സത്യമാണ് പെണ്ണിന് സ്വാതന്ത്ര്യം നല്കിയതും ബ്രിട്ടീഷ് നിയമങ്ങളാണ്. സതി നിരോധിക്കാൻ വേണ്ടിയായിരുന്നില്ല, ഏറെപ്പേർ സതി നിരോധിച്ചതിന് എതിരെയായിരുന്നു. സതിക്കുവേണ്ടി വാദിക്കാൻ ഓർത്തഡോക്സ് ബംഗാളി ബ്രാഹ്മണർ ധർമ്മസഭ രൂപീകരിച്ചു, അവർ മൊത്തത്തിൽ സതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിനായി അന്നു വൻതുകയായ 30,000 രൂപയിൽ കൂടുതൽ നിഷ്പ്രയാസം പിരിച്ചെടുത്തപ്പോൾ , ഇംഗ്ലണ്ടിലെ പ്രിവി കൗൺസിലിന് മുമ്പാകെ ഹാജരായി സതിക്കെതിരെ വാദിക്കാൻ രാജാ റാം മോഹൻ റോയിക്ക് കിട്ടിയത് 5000 രൂപയായിരുന്നു.
ഇന്ത്യൻ സ്ത്രീകൾ സ്വന്തം രാജ്യത്തിൻ്റെ 'പിന്നോക്കാവസ്ഥ'യെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പലരും വാദിച്ചിരുന്നു. 1872 ലെ ഇന്ത്യയിലെ സെൻസസ് റിപ്പോർട്ട് ചെയ്തത്, 'തീർച്ചയായും, അനന്തരാവകാശ നിയമങ്ങൾ ഒഴികെ, മുഹമ്മദീയ സ്ത്രീ അവളുടെ തൊഴിലിലും ജീവിതരീതിയിലും ഹിന്ദുവിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല' എന്നാണ്. മുസ്ലീം സ്ത്രീകൾക്ക് വിവാഹമോചനം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യൻ പ്രവിശ്യകളിൽ അത് അപൂർവമായിരുന്നുവെന്ന് 1901 ലെ സെൻസസ് തുടർന്നു.
ഇന്ത്യൻ മുസ്ലീം സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ നൽകുന്ന ഇസ്ലാമിക വ്യക്തിനിയമത്തിൻ്റെ ആധുനിക പുനർവ്യാഖ്യാനത്തിനായി മുസ്ലീം പരിഷ്കർത്താക്കൾ സജീവമായി വാദിച്ചു. ഐറിഷ് ഇന്ത്യൻ എജുക്കേഷനിസ്റ്റും വോട്ടവകാശ പ്രക്ഷോഭകയും തിയോസഫിസ്റ്റുമായ മാർഗരറ്റ് കസിൻസ് 1926ൽ ഡൽഹി ആസ്ഥാനമായി സ്ഥാപിച്ചതാണ് ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് (എഐഡബ്ല്യുസി). സ്ത്രീകൾക്കും കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലക്ഷ്യമാക്കിയ സംഘടന സ്ത്രീകളുടെ മറ്റു അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമങ്ങളിലും മുഴുകി. രാജ്യത്തുടനീളം ശാഖകളുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ദേശീയ വനിതാ അവകാശ സംഘടനയാണിത്, ഇന്റർനാഷണൽ അലയൻസ് ഓഫ് വിമൻ അംഗവും.
1932-ൽ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് നേതാവായ ശ്രീമതി ഷെരീഫ ഹമീദ് അലി, മുസ്ലീം നിയമം പുനഃസ്ഥാപിക്കണമെന്ന് വാദിച്ചു, അത് തുടർന്നുവരുന്ന ആചാരങ്ങളേക്കാൾ കൂടുതൽ നീതിയുക്തമായിരുന്നു എന്നും. ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ പദവിയും റോളും മറ്റ് സമുദായങ്ങളിലെ സ്ത്രീകളുടേതിൽ നിന്നും കാര്യമായി വേർതിരിച്ചറിയാൻ കഴിഞ്ഞില്ല, പ്രദേശം, വർഗം, ജാതി എന്നിവയുടെ സ്വാധീനം മതത്തേക്കാൾ ഏറെയായിരുന്നു. എളുപ്പം ഇതു മനസ്സിലാക്കാൻ നമുക്ക് കേരളത്തിൻ്റെ ഉദാഹരണം എടുക്കാം, ബഹുഭാര്യാത്വം ഇസ്ലാം അനുവദിക്കുന്നുണ്ട് എങ്കിലും കേരളത്തിലെ മുസ്ലീം പുരുഷന്മാർ അതേറ്റെടുക്കുന്നില്ല, കാരണം അതുതന്നെയാണ് സാമൂഹികമായി രീതികൾ. പലമതസമൂഹങ്ങൾ ജീവിക്കുന്നിടത്ത് പൊതുസമൂഹത്തിൻ്റെ ആചാരങ്ങളെ സ്വാംശീകരിക്കുക പതിവാണ്. ഇസ്ലാം കൂടുതൽ സ്വത്വബോധത്തിലേക്ക്, ഇസ്ലാമിക ലോകത്തിലേക്ക് വിശ്വാസികളെ നയിക്കാൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും സമൂഹത്തിൽ ഒറ്റപ്പെടുകയാണ് ചെയ്യുക. കാരണം ബഹുസ്വരതയുടേതാണ് പൊതുസമൂഹം.
ഇന്ത്യയിലെ മുസ്ലീം സ്ത്രീകളും ഇന്ത്യൻ വനിതാ പ്രസ്ഥാനത്തിലെ അംഗങ്ങളും മതനിയമത്തെക്കുറിച്ചുള്ള ചർച്ചകളിൽ, പ്രത്യേകിച്ച് പർദ സമ്പ്രദായത്തെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കാളികളായി. 1920-കളിലെ വനിതാപ്രസ്ഥാനത്തിൻ്റെ ഉദയം 1900-ത്തിനുശേഷം പർദയ്ക്കെതിരായ, പർദവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് അനുകൂലമായ സംവാദങ്ങൾ അഴിച്ചുവിട്ടു. യൂറോപ്യൻ വനിതാ വോട്ടവകാശ പ്രസ്ഥാനം ബ്രിട്ടീഷ് വനിതാ പാർലമെൻ്റ് അംഗങ്ങളുടെ പിന്തുണ ഇന്ത്യൻ വനിതാ പ്രസ്ഥാനത്തിന് നൽകി, അങ്ങനെ ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു. 1921-ൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യത്തെ സംസ്ഥാനം മദ്രാസ് ആയിരുന്നു; 1920-ൽ വോട്ടവകാശം നൽകിയ ആദ്യത്തെ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ.
മലബാർ ഹിൽ കൊലപാതക കേസിൽ മുംതാസ് ബീഗത്തിൻ്റെ വിചാരണാ തെളിവുകൾ കൊളോണിയൽ നിയമ കോടതികൾ, ഒരു പുരുഷാധിപത്യ രാഷ്ട്രീയ വരേണ്യവർഗത്തിനെതിരെ തെളിവ് നൽകാൻ ഒരു സ്ത്രീയെ പ്രാപ്തമാക്കിയതിൻ്റെ തെളിവുകൾ കൂടിയാണ്. 1920 കളുടെ തുടക്കത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെയും നാട്ടുരാജ്യങ്ങളിലെയും പ്രദേശങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചതോടെ, സ്ത്രീകളുടെ വിദ്യാഭ്യാസം, പർദ, കുടുംബ നിയമം എന്നിവയെക്കുറിച്ചുള്ള സജീവമായ സംവാദങ്ങൾ നടന്നു. ഈ കേസ് അക്കാലത്തെ ലോകശ്രദ്ധ പിടിച്ചുപറ്റിയത് അതുകൊണ്ടൊക്കെയുമാണ്. ആംഗ്ലോ-ഇന്ത്യൻ നിയമത്തിൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വന്തം ഗതിയും വിധിയും മാറ്റിമറിച്ച്, തന്നെപ്പോലുള്ളവരുടെ ഭാവി പ്രതീക്ഷാനിർഭരമാക്കുവാനുള്ള പ്രേരണ പൊതുസമൂഹത്തിന് നൽകിയതാണ് മുംതാസ് ബീഗത്തിൻ്റെ പ്രസക്തി.
അവരുടെ വിചാരണ തെളിവുകൾ തുറന്നുകാട്ടിയത് അധഃപതിച്ച രാജകുടുംബത്തെയും അതിൻ്റെ ലൈംഗിക അതിക്രമങ്ങളെയുമാണ്. പർദ, ബഹുഭാര്യത്വം, ബാലവേശ്യാവൃത്തി, ശൈശവ വിവാഹം, പെൺകുട്ടികളുടെ നിരക്ഷരത, കൊട്ടാര ജീവിതത്തിലെ പഴഞ്ചൻ, കാലഹരണപ്പെട്ട ആചാരങ്ങൾ ഒക്കെയും സംവാദങ്ങളിലെ വിഷയമായി. ബ്രിട്ടീഷുകാർ അതിലൊക്കെയും രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുക സ്വാഭാവികവുമാണ്.
നൂറുവർഷം മുന്നേ ഇന്ത്യൻ സ്ത്രീകൾ നേടിയെടുത്ത അവകാശത്തെ, ശേഷം നൂറ്റാണ്ടിൻ്റെ സാമൂഹികസാംസ്കാരിക വിനിമയങ്ങളെ, മുന്നേറ്റത്തെയാണ് ഇന്ന് പണ്ഡിതരെന്നു പറയുന്നവർ അപഹസിക്കുന്നത്. നൂറ്റാണ്ടുകൾ പിന്നോട്ടേക്ക്, തങ്ങൾക്ക് പ്രിയമായ ഇരുണ്ടയുഗത്തിലേക്ക് സമൂഹം പോവണമെന്ന് പറയാതെ പറയുകയാണവർ. തിരിഞ്ഞുനോക്കുമ്പോൾ, പെണ്ണിന് നിയുക്തമാക്കിയ നിയന്ത്രിത റോളുകളിൽ നിന്ന് മോചനം നേടി, ആത്മാഭിമാനവും സ്വാതന്ത്ര്യവും നേടി വിമോചിതയായ മുംതാസ് ബീഗം സ്ത്രീ ശാരീരിക സ്വാതന്ത്ര്യത്തെ മാത്രമല്ല, മാനസിക, വൈകാരിക, ബൗദ്ധിക സ്വാതന്ത്ര്യത്തെയും വീണ്ടെടുക്കുകയായിരുന്നു. ആയൊരു വീക്ഷണകോണിൽ ഇരുപതാം നൂറ്റാണ്ടു കണ്ട ഒരു ഫെമിനിസ്റ്റ് ഐക്കണാണ് മുംതാസ്. ഇരുണ്ടയുഗം സ്വപ്നം കാണുന്നവരെ കാലികമായ ബോധത്തിലേക്ക് നയിക്കുന്ന വാക്സിൻ ആവട്ടെ ഹിന്ദുരാജാവിനെ വീഴ്ത്തിയ അന്തപ്പുരസുന്ദരി മുംതാസ്.
മധുസൂദൻ വി
Reference
https://www.bbc.com/news/articles/c70e0drd480o?utm_source=firefox-newtab-en-intl
https://bombayhighcourt.nic.in/libweb/historicalcases/cases/BAWLA_MURDER_CASE-1925.html
https://manuspillai.com/2019/08/26/an-abduction-on-malabar-hill-24-august-2019/
Courtly Indian Women in late imperial India, by Angma Dey Jhala
https://en.wikipedia.org/wiki/All_India_Women%27s_Conference