സിനിമയിൽ, ഓപ്പൺഹൈമർ സൈക്കാട്രിസ്റ്റും ഫിസിഷ്യനും കമ്മ്യൂണിസ്റ്റുമായ കാമുകി ജീൻ ടാറ്റ്ലോക്കുമായി ശാരീരികബന്ധത്തിൽ ഏർപ്പെടുമ്പോൾ പറയുന്നത് ഭഗവദ് ഗീതയിലെ അതേ വാചകമാണ്. നല്ല വായനക്കാരനും സംസ്കൃതമടക്കം പലഭാഷകൾ അറിയുകയും ചെയ്ത ഓപ്പൺഹൈമറിൻ്റെ ഷെൽഫിൽ ഭഗവദ്ഗീതയും ഉണ്ടായിരുന്നു. ലൈംഗികബന്ധവേളയിൽ തൻ്റെ നഗ്നമാറിനു മുന്നിൽ ജീൻ ഭഗവദ് ഗീത തുറന്നുവച്ച ഒരു സീനുണ്ട്. അതിലെ ഒരു വരി അദ്ദേഹം മൊഴിമാറ്റി ചൊല്ലുന്നു -അയാം ബികം ഡെത്ത്, ഡിസ്ട്രോയർ ഓഫ് വേൾഡ്സ്. പിന്നീട് ട്രിനിറ്റി ടെസ്റ്റിൽ ബോംബ് പൊട്ടുന്നത് കാണുമ്പോൾ, അതേ വാചകം വീണ്ടും സിനിമാസ്വാദകരുടെ കാതുകളിൽ മുഴങ്ങുന്നുണ്ട്. രതിയിലും മൃതിയിലും അത് ആവർത്തിക്കുകയാണ്, സർവ്വലോകത്തെയും സംഹരിക്കുന്ന കാലമായി. ഗീതയിലെ വരിയിൽ, പക്ഷേ, ഒരു ചെറിയ മൊഴിമാറ്റ പിശക് വന്നിട്ടുണ്ട് - സംസ്കൃതത്തിലെ കാലത്തെ ഓപ്പൺഹൈമർ കാലനായി എടുത്തുപോയതാവാനാണ് സാധ്യത.
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
എന്നാണ് ഗീതയിലെ വാചകം. കാലോസ്മി എന്നാൽ ഞാൻ കാലമാണ് എന്നർത്ഥം. ഞാൻ കാലനാണ് എന്നു മാറിപ്പോയപ്പോൾ ഓപ്പൺഹൈമറുടെ മൊഴിമാറ്റം അയാം ബികം ഡെത്ത്, ഡിസ്ട്രോയർ ഓഫ് വേൾഡ്സ് എന്നായിപ്പോയി.
ഹിരോഷിമയിലും നാഗസാക്കിയിലും നേരിട്ട ജീവഹാനിയും ഭീകരതയും തീരാദുരിതങ്ങളും വേട്ടയാടിയ ഓപ്പൺഹൈമർ, കൂടുതൽ ശക്തമായ ആയുധങ്ങൾ വികസിപ്പിക്കുന്നതിനെതിരെ ട്രൂമാനോട് സംസാരിക്കുന്നുണ്ട്. . അത് ഓപ്പൺഹൈമറിൻ്റെ ബലഹീനതയായാണ് ട്രൂമാൻ കാണുന്നത്. അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ, ബോംബ് വർഷിച്ചതിൻ്റെ മുഴുവൻ ഉത്തരവാദിത്വവും തനിക്കുമാത്രമാണെന്ന് ട്രൂമാൻ അവകാശപ്പെടുമ്പോൾ ഓപ്പൺഹൈമർ ഒരു നിമിത്തം മാത്രമായി ചുരുങ്ങുന്നുണ്ട്. ഗീതയിലെ കൃഷ്ണൻ്റെ റോളിലേക്കാണ് അവിടെ ട്രൂമാൻ ഉയരുന്നത്. ഒരു ഷെയ്ക്സ്പീരിയൻ ട്രാജഡിയെ അനുസ്മരിപ്പിക്കും വിധം കൈകളിൽ ചോര പരാമർശം ഓപ്പൺഹൈമർ നടത്തിയപ്പോൾ ട്രൂമാൻ നീട്ടുന്നത് രണ്ടു ടിഷ്യൂ പേപ്പറുകളാണ്.
ബൌദ്ധികവ്യാപാരങ്ങളുടെ കേന്ദ്രമായി മസ്തിഷ്കത്തെ കാണുമ്പോൾ വികാരവ്യാപാരങ്ങളുടെ കേന്ദ്രമായാണ് നമ്മൾ കരളിനെ കാണുന്നത്. അതുകൊണ്ടാണ് പ്രണയലോകത്ത് കരളിൻ്റെ കരളും കരളിൻ്റെ കാതലും ഒക്കെയുണ്ടാവുന്നത്. ഭാരതീയ-ഗ്രീക്ക് ബൌദ്ധിക വ്യാപാരങ്ങളിൽ ഏറെ കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുണ്ട്. പ്രൊമിത്യൂസിൽ തുടങ്ങി കൃഷ്ണനിൽ അവസാനിക്കുന്ന, പ്രൊമിത്യൂസിനെ പോലെ കരൾ കൊത്തിവലിക്കപ്പെട്ട, കൃഷ്ണനെപ്പോലെ ശരമേറ്റ ഓപ്പൺഹൈമറുടെ ബയോപിക് ഒരു ദൃശ്യാനുഭവമാണ്. അഭിനയചാതുരിയാലും, അതിമനോഹരവും ചടലുവും തീവ്രവുമായ സംഭാഷണങ്ങളിലൂടെയും പ്രേക്ഷകരുടെ ചിന്തകളെ, ധാരണകളെയുമാണ് പടം പിടിച്ചുലയ്ക്കുന്നത്. സംവിധായകനായ ക്രിസ്റ്റഫർ നോളൻ പറയുന്നുണ്ട്, ഓപ്പൺഹൈമറുടെ ജീവിതം ഒരു സ്വപ്നമാണ്, അത്രതന്നെ പേടിസ്വപ്നവും.
ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന സത്യത്തെ വലിച്ചു പുറത്തിടുകയും ചരിത്രകാരരുടെ പരിമിതിയെ അതിജീവിക്കുകയും ചെയ്യുകയാണ് ബയോപിക്കുകളുടെ ധർമ്മം തന്നെ. ചരിത്രമായി നമ്മൾ കരുതിയത് മിത്താണെന്നറിയും, മിത്തായി പതിഞ്ഞത് ചരിത്രമാണെന്നും. ആ ഒരു കാഴ്ചയിൽ ഓപ്പൺഹൈമർ മുഴുവനായും വിജയമാണെന്നു പറയുക സാധ്യമല്ല. ഭഗവദ്ഗീതയെ സ്ക്രീനിലേക്ക് ആവാഹിച്ചെങ്കിലും, അതിനു കാരണമായ ഇന്ത്യൻ അണുശക്തിയുടെ പിതാവ് ഹോമി ജെ ഭാഭയെ മറന്നു എന്നതിലാണ്, ഒരു ഘട്ടത്തിൽ ഓപ്പൺഹൈമറെ ഇന്ത്യയിലേക്ക് ക്ഷണിച്ച നെഹറുവിനെയും മറന്നിടത്താണ് അതു ചരിത്രം മറന്നുപോവുന്നത്. പശ്ചാത്യബോധം ഇന്ത്യയോടു പുലർത്തുന്ന ഒരു ബൌദ്ധികഐത്തം ആവാനേ തരമുള്ളു.
പ്രതിഭകൾ, പ്രണയം, ആത്മസംഘർഷങ്ങളും
സ്വന്തം ലൈംഗികതയെ, സ്വയം ഒരു സ്വവർഗാനുരാഗിയാണോ എന്നു സംശയിച്ച ജീൻ ടാറ്റ്ലോക്ക് 1936 ലാണ് റോബർട്ട് ഓപ്പൺഹൈമറെ കാണുന്നത്. ഓപ്പൺഹൈമർ ബെർക്ക്ലിയിൽ ഫിസിക്സ് പ്രൊഫസറായിരിക്കുമ്പോൾ ജീൻ അവിടെ ബിരുദ വിദ്യാർത്ഥിയായിരുന്നു. കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്പാനിഷ് റിപ്പബ്ലിക്കൻമാർക്കായി നടത്തിയ ഒരു ധനസമാഹരണ വേളയിലാണ് അവർ കണ്ടുമുട്ടിയതും ഡേറ്റിംഗ് തുടങ്ങിയതും. അതത്രമേൽ പ്രണയാർദ്രമായൊരു ബന്ധമായിരുന്നെങ്കിലും അയാളുടെ വിവാഹാഭ്യർത്ഥനകൾ ജീൻ നിരസിക്കുകയായിരുന്നു. 1930-കളുടെ അവസാനത്തിൽ ഓപ്പൺഹൈമറിന് റാഡിക്കൽ രാഷ്ട്രീയത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലും താത്പര്യമുണർത്തിയതിൽ ജീനുമായുള്ള പ്രണയ ബന്ധം ഏറെ പങ്കുവഹിച്ചിരുന്നു.
1940 നവംബർ 1-ന് കിറ്റി ഹാരിസണെ വിവാഹം ചെയ്ത ഓപ്പൺഹൈമർ ശേഷവും ജീനുമായുള്ള കൂടിക്കാഴ്ചകൾ തുടർന്നു.
ജീനിൻ്റെ, അവരുടെ സുഹൃത്തുക്കളുമായുള്ള ഓപ്പൺഹൈമറിൻ്റെ ബന്ധമാണ് 1954-ലെ സെക്യൂരിറ്റി ഹിയറിംഗിൽ അദ്ദേഹത്തിനെതിരെ തെളിവായി ഉപയോഗിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോമിക് എനർജി കമ്മീഷൻ ജനറൽ മാനേജർ മേജർ ജനറൽ കെന്നത്ത് ഡി. നിക്കോൾസിന് എഴുതിയ കത്തിൽ, ഓപ്പൺഹൈമർ അവരുടെ അവരുടെ ബന്ധത്തെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്. “1936-ലെ വസന്തകാലത്ത്, യൂണിവേഴ്സിറ്റിയിലെ പ്രശസ്തനായ ഇംഗ്ലീഷ് പ്രൊഫസറുടെ മകൾ ജീൻ ടാറ്റ്ലോക്കിനെ ഞാൻ പരിചയപ്പെട്ടത് സുഹൃത്തുക്കൾ വഴിയാണ്. ആ ശരത്കാലത്താണ് ഞാൻ അവളെ പ്രണയിക്കാൻ തുടങ്ങിയത്, പരസ്പരം ഏറെയടുത്തതും. ഞങ്ങൾ രണ്ടുതവണയെങ്കിലും വിവാഹത്തോട് അടുത്തിരുന്നു. 1939-നും 1944-ൽ അവളുടെ മരണത്തിനും ഇടയിൽ വളരെ അപൂർവമായി മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ. അവളുടെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തെക്കുറിച്ച് അവൾ എന്നോട് പറഞ്ഞിരുന്നു. അവൾ പാർട്ടിയുമായി ചിലപ്പോൾ അടുത്തു, ചിലപ്പോൾ അകന്നു. അവൾ അന്വേഷിച്ചത് ഒരിക്കലും ലഭിച്ചതായി തോന്നിയിട്ടില്ല. അവളുടെ താൽപ്പര്യങ്ങൾ യഥാർത്ഥത്തിൽ രാഷ്ട്രീയമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവൾ ഈ നാടിനെയും രാജ്യത്തെ ജനങ്ങളെയും ജീവിതത്തെയും സ്നേഹിച്ചു. അവൾ, പല കമ്മ്യൂണിസ്റ്റുകാരുടെയും സഹയാത്രികരുടെയും സുഹൃത്തായിരുന്നു, പിന്നീട് ഞാൻ പരിചയപ്പെടാൻ ഇടയായ പലരുമടക്കം. എൻ്റെ ഇടതുപക്ഷ അനുഭാവത്തിനും കുടിയേറ്റ തൊഴിലാളികളോടുള്ള ഐക്യപ്പെടലിനും അങ്ങു ദൂരെ സ്പെയിനിലെ ലോയലിസ്റ്റുകളോടുള്ള അനുഭാവത്തിനും ഒക്കെയും കാരണം മുഴുവനായും ജീൻ ടാറ്റ്ലോക്ക് ആണെന്ന ധാരണ ശരിയല്ല. അതിലേക്ക് നയിച്ച മറ്റു ചില കാരണങ്ങളും ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. സൌഹൃദത്തിൻ്റെ പുതിയ ബോധം, ലോകത്തെയും ഞാൻ ഇഷ്ടപ്പെട്ടു. അപ്പോഴൊക്കെയും ഞാനെൻ്റെ രാജ്യത്തിൻ്റെയും സമയത്തിൻ്റെയും ജീവിതത്തിൻ്റെയും ഭാഗമാകാൻ പോവുകയാണെന്നാണ് തോന്നിയത്.
അകാലത്തിൽ പൊലിഞ്ഞ തൻ്റെ കാമുകിയുമായുള്ള ബന്ധത്തിൻ്റെ പേരിൽ ഓപ്പൺഹൈമറെ അമേരിക്ക വിചാരണ ചെയ്തത് നോക്കിയാൽ വർഗശത്രുഗണത്തിലുള്ള ഒരാളോടുള്ള പ്രണയത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത രീതിയായിരുന്നു അതും!. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കമ്മ്യൂണിസവുമായുള്ള ബന്ധം ഓപ്പൺഹൈമറിൻ്റെ പിൽക്കാല ജീവിതത്തിൽ ശാപമായി, ഒരു ന്യൂക്ലിയർ ഫിസിസിസ്റ്റെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കരിയറിനെ അതു പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സൈക്കാട്രിസ്റ്റും ഫിസിഷ്യനുമായ ജീനുമായുള്ള ബന്ധം ഏറെ ബൗദ്ധികമായിരുന്നു, അവരുടെ രാഷ്ട്രീയ ബോധത്തിൻ്റെ, ചിന്തകളുടെ നിഴലിലായിരുന്നു ഓപ്പൺഹൈമറിൻ്റെ രാഷ്ട്രീയ-സാമൂഹിക ബോധം. പക്ഷേ ചരിത്രത്തിലെ യഥാർത്ഥ ജീവിതത്തിൽ ബൌദ്ധികസാന്നിദ്ധ്യമായ ജീൻ, സ്ക്രീനിൽ ഏതാണ്ട് വെറും ലൈംഗികസാന്നിദ്ധ്യമാവുകയാണ് ചെയ്തത്. ഓപ്പൺഹൈമറിൻ്റെ സാന്നിധ്യവും വാത്സല്യവും പ്രതീക്ഷിച്ച്, ഒടുവിൽ മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനാവാതെ ജീൻ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുന്നു എന്നതുപോലെയായി സ്ക്രീനിലെ ജീൻ. സത്യത്തിൽ ഓപ്പൺഹൈമറുടെ രാഷ്ട്രീയബോധത്തിൻ്റെ സാമൂഹിക ചിന്തകളുടെയും സ്രോതസ്സായ ജീൻ, അദ്ദേഹത്തിൻ്റെ വിവാഹ അഭ്യർത്ഥനകൾ തള്ളുകയാണ് ചരിത്രത്തിൽ.
അണുക്കളെ എന്നപോലെ, മനുഷ്യരെയും ചേർത്തുനിർത്തുന്നത് ഒരു ആകർഷണശക്തിയാണ്. എത്ര മനോഹരമായാണ് ചില രംഗത്തിലൂടെ ആയൊരു സത്യം മൂവി സ്ഥാപിച്ചെടുക്കുന്നത്. വെറും രണ്ടുപേർക്കിടയിലെ ആ ആകർഷണ ശക്തി മതി പലപ്പോഴും ലോകത്തെ തന്നെ മാറ്റിമറിക്കാൻ. മസ്തിഷകത്തോടൊപ്പം മനസ്സും, തലയ്ക്കൊപ്പം ഹൃദയവും സമൂഹത്തെ മുന്നോട്ടു നയിക്കുന്നത് എന്തു സുന്ദരമായാണ്. വിരഹത്തിൻ്റെ വിസ്ഫോടനം എത്രമേൽ ദുരന്തവുമാണ്!
ലോകം എന്തുകൊണ്ട് ശാസ്ത്രത്തിൽ നിക്ഷേപിക്കണം എന്ന ചോദ്യത്തിനുള്ള എക്കാലത്തെയും ഉത്തരമാണ് മാൻഹാട്ടൻ പ്രൊജക്ട് - ഒരു ഭീകരതയെ മറ്റൊരു ഭീകരതയാൽ മാറ്റിയെഴുതിയ ലോകഗതി. യുഎസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയറിംഗ് മേജർ ജനറൽ ലസ്ലി ഗ്രോവ്സിൻ്റെ നിയന്ത്രണത്തിലെ പ്രൊജക്ടിന് കീഴിൽ ലോസ് അലാമോസ് ബോംബ് നിർമ്മാണ ലബോറട്ടറിയുടെ ഡയറക്ടർ ആയിരുന്നു ന്യൂക്ലിയർ ഫിസിസിസ്റ്റ് ആയിരുന്ന ജെ. റോബർട് ഓപ്പൺഹൈമർ, ഇന്നത്തെ കണക്കിന് ഏതാണ്ട് 2400കോടി യുസ് ഡോളർ ചിലവിട്ട ഒരു പദ്ധതി എന്നു പറയുമ്പോൾ, അതിൻ്റെ സാമൂഹിക-രാഷ്ട്രീയ പ്രാധാന്യം എന്തുമാത്രമായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
ഓപ്പൺഹൈമറിൻ്റെ പതനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായാണ് ലെവി സ്ട്രോസ്. ദേശീയ സുരക്ഷയോടുള്ള വഴങ്ങാത്ത നിലപാടിൽ വ്യക്തിഗത അവകാശങ്ങളെ അവഗണിക്കുന്ന ഒരാളായാണ് സ്ട്രോസ് കാണപ്പെട്ടത്. പ്രത്യയശാസ്ത്രപരമായ വൈരുദ്ധ്യങ്ങൾ, സുരക്ഷാ ആശങ്കകൾ, വ്യക്തിപരമായ സംശയങ്ങൾ എന്നിവയിൽ വേരൂന്നിയതാണ് കമ്മ്യൂണിസത്തെയും ഇടതുപക്ഷത്തെയും വെറുക്കുന്ന സ്ട്രോസിൻ്റെ നിലപാടുകൾ. വ്യക്തിപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രങ്ങൾക്ക് ചരിത്രത്തിൻ്റെ ഗതിയെ എങ്ങനെ രൂപപ്പെടുത്താം എന്നതിൻ്റെ വ്യക്തമായ ഓർമ്മപ്പെടുത്തലായി ആ ഭൌതികശാസ്ത്രജ്ഞനും നയതന്ത്രജ്ഞനും ഇടയിലെ രസതന്ത്രം.
ഒരു കുപ്പിയിലെ രണ്ടു തേളുകൾ
ഹിരോഷിമയെയും നാഗസാക്കിയെയും തീർത്തും തകർത്ത ബോംബുകൾ നിർമ്മിക്കുകയും പരീക്ഷിക്കുകയും പ്രയോഗിക്കുകയും ചെയ്ത ഓപ്പൺഹൈമർ, 1953-ൽ, റഷ്യ-അമേരിക്ക സൂപ്പർപവർ ആയുധ പന്തയത്തിൻ്റെ ശൈശവാവസ്ഥയിൽ എഴുതി - നമ്മുടെ ഇരുപതിനായിരാമത്തെ ബോംബ് യുഎസ്എസ്ആറിൻ്റെ രണ്ടായിരാമത്തെ ബോംബിനെ മറികടക്കുകയില്ല, ഒരു വിധത്തിലും. അതിന് അദ്ദേഹം പറഞ്ഞ ഉപമ നോക്കൂ - അമേരിക്കയും റഷ്യയും ഒരു കുപ്പിയിലെ രണ്ട് തേളുകളെ പോലെയാണ്, രണ്ടിനും പരസ്പരം കൊല്ലാൻ കഴിയും, പക്ഷേ സ്വന്തം ജീവൻ പണയപ്പെടുത്തി മാത്രം. ആ ഡയലോഗ് സിനിമയിലുണ്ട്, അതു പകരുന്ന ബോധം ലോകത്തിന് ഉൾക്കൊള്ളാനായെങ്കിൽ, ചുരുങ്ങിയത് യുഎസിനെങ്കിലും എന്നാരും ആഗ്രഹിക്കും. അത് ഉൾക്കൊള്ളാനായെങ്കിൽ ഈ ലോകം എത്രമേൽ സുന്ദരമായേനെ, ജീവിക്കാൻ കൊള്ളാവുന്നത് ആയേനെയെന്നും.
പക്ഷഭേദമില്ലാതെ ആജ്ഞാശക്തികളാവേണ്ട സാംസ്കാരികനായകരും എഴുത്തുകാരും സ്വകാര്യനേട്ടങ്ങൾക്കായി രാഷ്ട്രീയനേതാക്കളുടെ ആജ്ഞാനുവർത്തികളായി മാറുന്നത് നമ്മൾ കാണുന്നു. പക്ഷേ ശാസ്ത്രലോകത്തെ പ്രതിഭകൾ നമ്മുടെ കൺമുന്നിൽ ഇല്ലാത്തതു കൊണ്ട് അവരുടെ അടിമത്തം പൊതുവേ ചർച്ചചെയ്യപ്പെടാറില്ല. മഹാപ്രതിഭകളായ ശാസ്ത്രജ്ഞർ രാഷ്ട്രീയ നേതൃത്വങ്ങളുടെ ആജ്ഞാനുവർത്തികളായി മാറിയപ്പോഴാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ക്രൂരതയുടെ കൂടിയ അദ്ധ്യായങ്ങൾ എഴുതിച്ചേർത്തത്. കീഴടങ്ങാൻ നല്ല സമയം നോക്കിയിരുന്ന ജപ്പാനെയാണ്,ബോംബിട്ടത്. ജപ്പാൻ മനുഷ്യരാശിയോട് ചെയ്ത ക്രൂരതകളൊന്നും അമേരിക്കൻ ക്രൂരതയെ റദ്ദുചെയ്യുന്നില്ല.
ആദ്യകാല ജീവിതത്തിൽ, ഓപ്പൺഹൈമർ രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നില്ല. 1930-കളിലെ രാഷ്ട്രീയമാറ്റം, ലോകമെമ്പാടുമുണ്ടായ സാമ്പത്തിക മാന്ദ്യവും ഫാസിസത്തിൻ്റെ ഉയർച്ചയുമാണ് അദ്ദേഹത്തിൽ രാഷ്ട്രീയ താല്പര്യം ഉണർത്തിയത്[1]. പലപ്പോഴായി അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന, തൻ്റെ പ്രണയി ജീൻ ടാറ്റ്ലോക്കുമായുള്ള ബന്ധമാണ് ബെർക്ക്ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ അദ്ദേഹത്തിൻ്റെ സാമൂഹിക വലയം വിശാലമാക്കിയത്. അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും കമ്മ്യൂണിസ്റ്റ് സഹയാത്രികരുമായി അതു വിശാലമായി വളർന്നു. കൂട്ടത്തിൽ 1937 അവസാനത്തോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന അദ്ദേഹത്തിൻ്റെ സഹോദരൻ ഫ്രാങ്ക് ഓപ്പൺഹൈമറും ഉൾപ്പെടുന്നു. ബെർക്ക്ലിയിലെ ഓപ്പൺഹൈമറിൻ്റെ സുഹൃത്തായ ഡേവിഡ് ഹോക്കിൻസ് തൻ്റെയും ഓപ്പൺഹൈമറിൻ്റെയും രാഷ്ട്രീയ നിലപാടിനെ "“pulling the New Deal to the left. That was our mission in life.” എന്നായിരുന്നു വിശേഷിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് ദാർശനിക രാഷ്ട്രീയ ചർച്ചകൾക്ക് ഓപ്പൺഹൈമറുടെ വീട് പലതവണ ആതിഥേയത്വം വഹിച്ചു. മൂവിയിലെ അദ്ദേഹത്തിൻ്റെ കഥാപാത്രം ദാസ് ക്യാപിറ്റൽ താൻ മൂന്നുതവണ വായിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ട്. ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ലെങ്കിലും, മാൻഹട്ടൻ പ്രൊജക്റ്റ് സുരക്ഷാ ചോദ്യാവലിയിലെ ഒരു ചോദ്യത്തിന് അദ്ദേഹത്തിൻ്റെ ചിന്തയും നർമ്മവും നിറഞ്ഞ മറുപടി പ്രസിദ്ധമാണ് - ഒരുപക്ഷേ ഞാൻ പടിഞ്ഞാറൻ തീരത്തെ എല്ലാ കമ്മ്യൂണിസ്റ്റ്-മുന്നണി സംഘടനകളുടെയും ഭാഗമായിരിക്കാം.
1943-ൻ്റെ തുടക്കത്തിൽ, മാൻഹട്ടൻ പ്രോജക്റ്റിൻ്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, ഓപ്പൺഹൈമറിനെ ഫ്രഞ്ച് ബെർക്ക്ലി പ്രൊഫസറും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പഴയ സുഹൃത്തുമായ ഹാക്കോൺ ഷെവലിയർ സമീപിച്ചു. സോവിയറ്റിലേക്ക് വിവരങ്ങൾ കൈമാറുന്നതിനുള്ള ഒരു മാർഗം തനിക്ക് അറിയാമെന്ന് ഷെവലിയർ ഓപ്പൺഹൈമറോട് പറഞ്ഞു. ഷെവലിയറുടെ ഓഫർ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. ഓപ്പൺഹൈമറുടെ ശരിയായ ജീനിയസ് ആറ്റംബോംബിൻ്റെ അറിവ് സോവിയറ്റ് യൂണിയന് നല്കാതിരുന്നതിലാണ്. അതു സംഭവിച്ചിരുന്നെങ്കിൽ ആ ബോംബുകൾ ജനാധിപത്യത്തിനു മീതെയായിരുന്നു പിന്നീട് പതിക്കുക.
ഓപ്പൺഹൈമറിൻ്റെ കമ്മ്യൂണിസ്റ്റ് അഫിലിയേഷനുകളെ പറ്റി ഏറെ ഭയം ഉണ്ടായിരുന്നിട്ടുകൂടി മാൻഹട്ടൻ പ്രോജക്റ്റിലേക്ക് അദ്ദേഹത്തെ നിയമിക്കുന്നതിന് അതു തടസ്സമായില്ല. ജനറൽ ലെസ്ലി ആർ ഗ്രോവ്സ് ഓപ്പൺഹൈമറെ ആദ്യം പരിഗണിച്ചപ്പോൾ, അദ്ദേഹത്തിൻ്റെ കമ്മ്യൂണിസ്റ്റ് ഭൂതകാലം വിഷയമായി. അതു പരിഗണിക്കാതെ തന്നെ അദ്ദേഹത്തിന് ക്ലിയറൻസ് നൽകുവാൻ ജനറൽ ഗ്രോവ്സ് തൻ്റെ അധികാരം ഉപയോഗിച്ചു. സിനിമയിൽ ഒരിടത്ത് ഒരു ശാസ്ത്രജ്ഞൻ്റെ കാര്യത്തിൽ സംശയം വന്ന സാഹചര്യത്തിൽ പകുതി തമാശയായി, കാര്യമായും ജനറൽ ഓപ്പൺഹൈമറോട് പറയുന്നുണ്ട് - അയാളെ നമുക്ക് തട്ടിക്കളയാം. അതും ഒരു നയതന്ത്രമാവാം. അത്രമേൽ സുക്ഷ്മമായ തലത്തിലേക്ക് സിനിമ ആസ്വാദകരെ കൊണ്ടുപോവുന്നുണ്ട്.
കാൾ മാർക്സിൻ്റെ ദാസ് കാപ്പിറ്റലിനെക്കുറിച്ചുള്ള ചർച്ചാവേളയിൽ കമ്മ്യൂണിസ്റ്റായ തൻ്റെ കാമുകി ജീൻ ടാറ്റ്ലോക്കിനെ ഓപ്പൺഹൈമർ എതിർക്കുന്നത് ഒരു പുഞ്ചിരിയോടെയാണ്. ഉടമസ്ഥാവകാശം, സ്വകാര്യസ്വത്ത് ഒക്കെയും മോഷണമാണ് എന്ന് ജീൻ പറയുമ്പോൾ ചിരിച്ചുകൊണ്ടുള്ള ഓപ്പൺഹൈമറുടെ മറുപടി നോക്കണം - "ക്ഷമിക്കണം, ഞാൻ അത് ജർമ്മൻ ഭാഷയിൽ വായിച്ചു". സത്യത്തിൽ അന്ധൻ്റെ ആനക്കാഴ്ചയാക്കി കമ്മ്യൂണിസത്തെ മാറ്റിയത് മൊഴിമാറ്റമാണോ എന്നു ആരും സംശയിച്ചേക്കാം.[2]
ഇന്ത്യയും ഓപ്പൺഹൈമറും
ഡാനിഷ് ഫിസിസിസ്റ്റും ഫിലോസഫറും നോബൽ ജേതാവുമൊക്കയായ നീൽസ് ബോർ ഒരിക്കൽ പറഞ്ഞു- നമ്മൾ യാഥാർത്ഥമെന്ന് പറയുന്നതെല്ലാം യഥാർത്ഥമെന്ന് കണക്കാക്കാൻ കഴിയാത്ത വസ്തുക്കളാൽ നിർമ്മിതമാണ്. ഗീതയിൽ നിന്നും മുന്നോട്ടെടുത്ത മാനവികതയുടെ പുതിയ ചിന്തകളാവണം ഓപ്പൺഹൈമറെ ഉലച്ചത്, ജീവിതത്തിൽ വഴിത്തിരിവായത്. ലോകമനസ്സാക്ഷിയെ ഞെട്ടിച്ച, മനുഷ്യന് സങ്കൽപ്പിക്കാനാവാത്ത ദുരിതങ്ങൾ വിതച്ച അണുവിസ്ഫോടനത്തിൻ്റെ പ്രത്യാഘാതം താങ്ങാനുള്ള കരുത്ത് ഒരു പുരാണഗ്രന്ഥത്തിലെ രണ്ടുവരിക്കുണ്ടാവുക സാധ്യമല്ല. ബോംബിൻ്റെ നിർമ്മാണഘട്ടത്തിൽ ഉയർന്ന ധാർമ്മിക ആശങ്കകളെക്കുറിച്ച് സഹപ്രവർത്തകരെ ആശ്വസിപ്പിച്ചെങ്കിലും, ദുരന്തമുഖത്ത് പിടിച്ചു നില്ക്കാൻ അദ്ദേഹത്തിനായില്ല. വ്യാസൻ ഇന്നായിരുന്നെങ്കിൽ, കൃഷ്ണൻ്റെ സ്ഥാനത്ത് ഓപ്പൺഹൈമറും ആയിരുന്നെങ്കിൽ വേടൻ്റെ അമ്പിനായിരിക്കില്ല, വ്യാസൻ ഓപ്പൺഹൈമറെ വിട്ടുകൊടുക്കുക പൊട്ടാസ്യം സൈനൈഡിന് ആവുമായിരുന്നു.
കേംബ്രിഡ്ജിൽ കോസ്മിക് കിരണങ്ങളിൽ ഗവേഷണം നടത്തുന്ന സമയത്താണ് ഭാഭ കേംബ്രിഡ്ജിലെ സീനിയർ, പിന്നീട് ബെർക്ക്ലിയിൽ ജോലി ചെയ്തിരുന്ന ഓപ്പൺഹൈമറെ പരിചയപ്പെടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ പ്രമുഖ ഭൗതികശാസ്ത്രജ്ഞരുമായി ഭാഭയ്ക്ക് ബൗദ്ധികവും വ്യക്തിപരവുമായ ബന്ധമുണ്ടായിരുന്നു, 1940-ൽ ഒരു ഘട്ടത്തിൽ, ബെർക്ക്ലിയിൽ ഒരു റിസർച്ച് പൊസിഷനായി ഭാഭ നോക്കിയെങ്കിലും യുദ്ധം അദ്ദേഹത്തെ പിന്തിരിപ്പിച്ചു. ഫണ്ടമെൻ്റൽ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നിർമ്മാണത്തിന് തുടക്കമിട്ട ഭാഭ, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ പിന്തുണയോടെ ഇന്ത്യൻ ആണവോർജ്ജ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കി. ഓപ്പൺഹൈമർ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് മാർഗദർശിയായിട്ടുണ്ട്. മദ്രാസ് സർവകലാശാലയിലെ യുവ ഭൗതികശാസ്ത്രജ്ഞനായ അല്ലാടി രാമകൃഷ്ണന് പ്രിൻസ്റ്റണിൽ ഒരു വർഷത്തെ ഫെലോഷിപ്പ് ഓപ്പൺഹൈമർ വാഗ്ദാനം ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം 1962 ൽ മദ്രാസിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചത് ആ പ്രചോദനമാണ്.[3]
പി സി മഹലനോബിസിൻ്റെയും ശാന്തി സ്വരൂപ് ഭട്നാഗറിൻ്റെയും ആശയമായ ‘വിദേശശാസ്ത്രജ്ഞരുടെ ഹ്രസ്വസന്ദർശനം’ എന്ന പദ്ധതി നടപ്പിലായത് ആ കാലത്താണ്. ഇന്ത്യൻ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും സന്ദർശിക്കാൻ ക്ഷണിക്കപ്പെട്ട വിദേശ ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഓപ്പൺഹൈമർ ഉണ്ടായിരുന്നു. ഒപ്പം നീൽസ് ബോർ, നോബർട്ട് വീനർ, പിഎംഎസ് ബ്ലാക്കറ്റ്, ജോസഫ് നീധാം, ജെബിഎസ് ഹാൽഡെയ്ൻ എന്നിവരും. അവരിൽ ഭൂരിഭാഗത്തെയും നേരിട്ടറിയാവുന്ന പ്രധാനമന്ത്രി നെഹ്റുവാണ് ക്ഷണക്കത്തിൽ ഒപ്പിട്ടത്. ഓപ്പൺഹൈമർ ഒഴികെയുള്ള എല്ലാവരും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും മറ്റ് ഗവേഷണ കേന്ദ്രങ്ങളും സന്ദർശിച്ചു, കൂടുതൽ ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ആലോചനകളും നടന്നു. യു എസ് നിയന്ത്രണങ്ങളാൽ ഓപ്പൺഹൈമറിൻ്റെ സന്ദർശനം സാധ്യമായില്ല. ഓപ്പൺഹൈമറിനെയും 1945-ന് ശേഷമുള്ള അദ്ദേഹത്തിൻ്റെ നിലപാടിനെയും നെഹ്റു പരസ്യമായി അഭിനന്ദിച്ചു.[4] 1959-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസ് സെഷൻ ഉദ്ഘാടനം ചെയ്യവേ നെഹ്റു ഓപ്പൺഹൈമറുടെ ഗീതാജ്ഞാനത്തെ പരാമർശിച്ചുകൊണ്ടാണ്, ശാസ്ത്ര നേട്ടങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെ പറ്റി ഓർക്കണം എന്ന് ശാസ്ത്രജ്ഞരെ ഓർമ്മപ്പെടുത്തിയത്.
ഓപ്പൺഹൈമറുടെ പ്രക്ഷുബ്ധ ജീവിത പശ്ചാത്തലത്തിൽ, ഞെട്ടിപ്പിക്കുന്ന ഒരു ഓഫറാണ് ഇന്ത്യയിൽ നിന്നും പോയത്.[5] ഹോമി ജെ ഭാഭയുടെ ആവശ്യപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഓപ്പൺഹൈമറിന് വാഗ്ദാനം ചെയ്തത് ഇന്ത്യൻ പൌരത്വമായിരുന്നു, ഇഷ്ടമുള്ള കാലത്തോളം ഇന്ത്യയിൽ താമസിക്കാനുള്ള ക്ഷണം. ആരോപണങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കപ്പെടുന്നതിനു മുമ്പേ അമേരിക്ക വിടുന്നത് കൂടുതൽ സംശയങ്ങൾക്ക് വഴിതെളിക്കുമെന്നതിനാൽ അദ്ദേഹം ആ ഒഫർ സ്വീകരിച്ചില്ല. അധ്യാപനവും ഗവേഷണവുമായി അദ്ദേഹം തൻ്റെ ജോലി തുടർന്നു. ഇന്ത്യയിലേക്ക് താമസം മാറാനും ഒരു പുതിയ തുടക്കം സ്വീകരിക്കാനുമുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും, തൻ്റെ രാജ്യത്തോടുള്ള അർപ്പണബോധത്തിൽ, രാജ്യത്തെ താൻ വഞ്ചിച്ചില്ലെന്ന ബോധ്യത്തിൽ അദ്ദേഹം ഉറച്ചുനിന്നു.
ഏറ്റവും വലിയ തമാശ ഇത്രയൊക്കെ ഇന്ത്യൻ ബന്ധങ്ങൾ ഉണ്ടായിട്ടും അതൊന്നും ചർച്ചചെയ്യാതെ പോയ ഒരു ബയോപികിൽ ജീനിൻ്റെ മാറിലെ ഭഗവദ്ഗീതയാണ് പ്രശ്നമെങ്കിൽ പരിഹാരം എളുപ്പമാണ്, ബേപ്പൂർ സുൽത്താൻ്റെ ഒരു ഭഗവദ്ഗീതയും കുറേ മുലകളും ഒരാവർത്തി വായിപ്പിച്ചാൽ മാറിയേക്കാവുന്ന നിസ്സാര രോഗമാണത്. സംസ്കൃതത്തിൽ ഗീത വായിച്ച് വികാരങ്ങളെ വിചാരങ്ങളാൽ നേരിട്ട, ജർമ്മൻ ഭാഷയിൽ മാർക്സിനെ വായിച്ച, കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ഓപ്പൺഹൈമറുടെ മഹത്വവും ജീനിയസ്സും ആറ്റംബോബിൻ്റെ തീയ്യറി റഷ്യക്ക് നല്കിയില്ല എന്നതിലാണ്.
മധുസൂദൻ വി
[1] https://ahf.nuclearmuseum.org/ahf/history/oppenheimer-security-hearing/
[3]
https://www.tribuneindia.com/news/comment/oppenheimer-and-india-528957
[4]
https://www.tribuneindia.com/news/comment/oppenheimer-and-india-528957
[5]
https://economictimes.indiatimes.com/news/new-updates/physicist-robert-j-oppenheimers-connection-to-india-revealed-in-new-biography-amidst-renewed-interest/articleshow/102096311.cms?from=mdr