Showing posts with label ആനി എർണോ. Show all posts
Showing posts with label ആനി എർണോ. Show all posts

Wednesday, February 7, 2024

ആമിയുടെ ആനിയുടെയും ബൌദ്ധികാധിനിവേശങ്ങൾ

പാട്രിയാർക്കി കല്പിച്ച അതിർവരമ്പുകൾക്കപ്പുറത്തേക്ക് സ്വന്തം യുക്തികളിലൂടെയും അയുക്തികളിലൂടെയും നിർഭയം നിരന്തരം സഞ്ചരിക്കുന്നൊരു എഴുത്തുവഴി വിസ്മയിപ്പിക്കുന്നതാണ്, അതു ആമി അഥവാ   കമലാ ദാസാവാം, ആനി എർണോയുമാവാം. അതിർവരമ്പുകൾക്കപ്പുറത്തേക്ക് ബോധത്തെ നയിച്ച ആരെയും തെറിവിളിച്ച  ഒരു സാസ്കാരിക പരിസരത്തുനിന്നും, സ്ത്രൈണലൈംഗികതയും സ്ത്രീപുരുഷ തുല്യതയും ഒക്കെ ഒരു
യാഥാർത്ഥ്യം തന്നെയാണെന്ന ചിന്തയിലേക്കു നമ്മെ  നയിച്ചത്  ആരാണെന്നു ചോദിച്ചാൽ ഉത്തരം ആമി എന്നു തന്നെയാണ്അവർ നടത്തിയ ഫെമിനിസ്റ്റ് മഹാവിസ്ഫോടനങ്ങളാണ് കുറച്ചു ബോധോദയം ഉണ്ടാക്കിയത്. മലയാളിക്ക് ഇന്ന് ആനിയെ താങ്ങാനുള്ള ഊക്കുണ്ടാക്കിയത്, സ്ത്രൈണകാമനകളെ ഉദ്ഘോഷിച്ച ആമിയുടെ കവിതകളാണ്. അച്ഛൻ വകയിൽ കിട്ടിയ ഡ്യൂഷെയ്ൻ എന്ന പേര് ഏതാനും വർഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി മറ്റൊരാൺ പേര് കൂടെ പോന്നതിനെ പറ്റി ആനി എഴുതുന്നുണ്ട്. ഒരടിമ ഒരിക്കലും സ്വന്തം ആവശ്യങ്ങളെ സ്നേഹിച്ചിട്ടു കാര്യമില്ല, ഉടമയെ സ്നേഹിച്ചിട്ടും. പഴയ ബോധത്തിൽ നിന്നും പുതിയതിലേക്ക് മാറാത്തവർ പറിച്ചുനടാത്ത ഒരു ചെടിപോലെയാണെന്നു പറയുമ്പോൾ എഴുത്താളുടെ ഉൾക്കാഴ്ച വലിച്ചിടുന്നുണ്ട് കുടിയേറ്റ ജനതകൾ ലോകത്തുണ്ടാക്കിയ പുരോഗതി - ആൾടേർഡ് ജിയോഗ്രഫിക്കൽ ഐഡൻ്റിറ്റി. മണ്ണിന് മരങ്ങളെ മാത്രമല്ല മനസ്സിനെയും മാറ്റുന്ന കഴിവുണ്ടാവാം. 

കല യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവയ്ക്കുന്ന കണ്ണാടിയല്ല, മറിച്ച് യാഥാർത്ഥ്യത്തെ രൂപപ്പെടുത്താനുള്ള ഒരു കൂടമാണ് എന്ന് നിരീക്ഷിച്ചിരുന്നു ബ്രെഹ്ത്. എഴുത്ത് ക്ലാസിക് ആവുന്നത് എഴുത്താൾ ദൌത്യം ഏറ്റെടുക്കുമ്പോഴാണ്, പോരാ എഴുത്ത് ദൌത്യം നിറവേറ്റുമ്പോഴും. നമ്മളറിയാതെ കാലം ഒരു മതിലു പണിത് ഇന്നലെകളിലെ നമ്മെ ഇന്നത്തെ നമ്മിൽ നിന്നും മാറ്റിനിർത്തുന്നുണ്ട് മതിലിന്നപ്പുറമുള്ള ഇനിയൊരു ആവർത്തനമില്ലാത്ത ഭൂതകാലത്തെ വർത്തമാന  യാഥാർത്ഥ്യങ്ങളുമായി ചേർത്തുനിർത്തി എഴുത്താളുകൾക്ക് സൃഷ്ടിക്കാനാവുന്ന ഒരു ലോകമുണ്ട്. അവിടെ കൂടുതൽ സുന്ദരമാവുന്നൊരു ഭാവി ലോക കാഴ്ചയുണ്ടാവും. ലോകത്തു  വായനക്കാരൻ്റെ വാസം ഉറപ്പിക്കുക എഴുത്തിൻ്റെ കരുത്താണ്നോബൽ സമ്മാനിതയാണ് ആനി എർണോ, ഒരു സൂക്ഷ്മവായനയിൽ നോബലിൻ്റെ നഷ്ടമായി വരവുവെയ്ക്കാവുന്നൊരാളാണ് ആമി. 

അവിടുത്തെ പോലെ ഇവിടെയും എത്രയെളുപ്പമാണ് ഒരാണിൻ്റെ പേരുമാറ്റി മറ്റൊരാണിൻ്റെ പേരിലേക്ക് പെണ്ണിൻ്റെ ഉടമസ്ഥാവകാശത്തെ പ്രതിഷ്ഠിക്കാൻ, ഇന്നും? ആമിയുടെ വഴി പക്ഷേ മറ്റൊന്നായിരുന്നുമാധവിക്കുട്ടി എന്ന പേര് എഴുത്തിനായി സ്വീകരിച്ച  അവരാവാം ഒരു തൂലികാനാമത്തെ  ഏറ്റവും മികച്ചൊരു ആക്ഷേപഹാസ്യമാക്കിയത്.  15 വയസ്സുള്ളൊരു കുട്ടി തൻ്റെ ഇരട്ടിയിലധികം പ്രായമുള്ള  മാധവദാസ് എന്ന യുവാവിൻ്റെ വധു ആവേണ്ടി വന്നതിനോടുള്ള പരിഹാസമാവാം മാധവിക്കുട്ടിയെന്ന അവരുടെ തൂലികാനാമം. മലയാളിയുടെ കപടസദാചാരത്തിനെ കരിച്ചുകളയുന്ന ആക്ഷേപഹാസ്യം, ഓർക്കണം ഇംഗ്ലീഷിൽ അവർ കമലാ ദാസ് മാത്രമായിരുന്നു. അവരെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത് നിർഭയമായ എഴുത്താണ്, നിർദ്ദയമായ സാമൂഹികവിമർശനവുംഒരാണിന് പിതാവും ജീവിതപങ്കാളിയും കാമുകനും സഞ്ചാരിയും ഒക്കെ ആവാൻ ആവുമെങ്കിൽ, സ്വാഭാവികമായും ലോകത്ത് പെണ്ണിന് മാതാവും പങ്കാളിയും കാമുകിയും സഞ്ചാരിയും ഒക്കെയാവാമെന്ന് പ്രഖ്യാപിക്കുക, ആശയങ്ങളത്രയും എഴുത്തുകളിലേക്ക് ആവാഹിക്കുക, ആമിയുടെ തന്നെ കാവ്യ ഭാഷയിൽ  ‘ഇന്ത്യനും തവിട്ടുനിറക്കാരിയും സർവ്വോപരി മലബാറിൽ ജനിച്ചവളുമായ ഒരാൾക്ക് ഏതാണ്ട് അരനൂറ്റാണ്ടു മുൻപ് അസാധ്യമായ കാര്യമാണ്. അതൊക്കെയും പക്ഷേ ഫ്രാൻസിലെ ആനിയെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും നിഷ്പ്രയാസവുമാണ്. ആനിയുടേത് നമ്മൾ വായിക്കുന്നത് മൊഴിമാറ്റമാണ്ഫ്രഞ്ചിൽ നിന്ന് ഇംഗ്ലീഷിലേക്ക് വന്നത്അതിമനോഹരമായി ഇംഗ്ലീഷിൽ തന്നെ എഴുതിയിട്ടും എന്തുകൊണ്ട് ആമിയെ വേണ്ടവിധം ലോകമറിഞ്ഞില്ല?   ഉത്തരം മുകളിലുണ്ട് - ഇന്ത്യനും തവിട്ടുനിറക്കാരിയും സർവ്വോപരി മലബാറിൽ ജനിച്ചതും പോരാ കാലത്തിനു മുന്നേ നടന്നുപോയതുമാണ് ആമിയുടെ കുറ്റം. ആഗ്രഹങ്ങളുടെ, നഷ്ടങ്ങളുടെ, കണ്ടെത്തലുകളുടെ, നിരാശകളുടെ, വീണ്ടെടുക്കലുകളുടെ, തിരസ്കാരങ്ങളുടെ, പുരസ്കാരങ്ങളുടെയും  ഒക്കെ  ജീവിതം വാറ്റിയെടുത്ത വാക്കുകളിലൂടെയായിരുന്നു അവർ ലോകത്തോട് സംവദിച്ചത്. ആമിക്ക് നേരിടേണ്ടി വന്ന എതിർപ്പുകളുടെ, നിരർത്ഥകമായ വിമൾശങ്ങളുടെ ഭൂമികയൊന്നും അന്നും ആനിയുടെ  ഫ്രാൻസിലുണ്ടായിരുന്നില്ല, ഇന്നും. 

ഗേൾസ് സ്റ്റോറി

ലജ്ജയെ, ബൌദ്ധിക അഭിനിവേശങ്ങളെ ഒക്കെയും തൊട്ടുതലോടിയുള്ള അസാധാരണമായ ഒരന്വേഷണം, സ്ത്രൈണകാമനകളിലൂടെയുള്ള നിർഭയവും സത്യസന്ധവുമായൊരു പര്യവേഷണമാണ് ഗേൾസ് സ്റ്റോറി. താന്തോന്നലുകളുടെ അപാരതീരങ്ങളിലൂടെ നിർഭയം സഞ്ചരിച്ച ഒരു വനിതയിൽ നിന്നുമാവുമ്പോൾ അപൂർവ്വമായ ഒരു അനുഭവമാവും അത്, അതിൻ്റെ സത്യസന്ധതയാൽ കൃത്യതയാൽ സംഭവിക്കുന്ന ഒരു വായനാദ്ഭുതം, വായനാനുഭവവും. എഴുത്താളുടെ അസാധാരണമായ ഓർമ്മകളുടെ കരുത്ത്, എഴുത്തിന് താളവും വായനയ്ക്കു തുഴയുമാവുകയാണ്. ആത്മകഥകളുടെ (ഓട്ടോഫിക്ഷൻ) മഷി അസാധാരണ അനുഭവങ്ങളാവണം, ഒരാൾക്കു മാത്രം സാധ്യമാവുന്ന എഴുത്ത്. വാക്കുകളിലുള്ള എഴുത്താളുടെ പരമാധികാരവും അതിൻ്റെ മാന്ത്രികതയും നമുക്കു കാണാനാവും ആമിയിലും ആനിയിലും. 1958ലെ കൌമാരത്തിനും 2014ലെ മധ്യവയസ്സിനും ഇടയിലെ വൻമതിലിനെ ഭേദിച്ച് എർണോ  വീണ്ടെടുക്കുന്നൊരുആനിയെ സാധ്യമാക്കുന്ന വായനയാണ് ഗേൾസ് സ്റ്റോറി. സത്യസന്ധമായ ആവിഷ്കാരം, വിശകലനം ഒക്കെയും നമ്മുടെ ഓർമ്മകളെ തിരിച്ചുപിടിക്കുവാൻ മാത്രമല്ല, നമുക്ക് കാലാന്തരം അളക്കുവാനുള്ള ഒരു മുഴക്കോലുകൂടിയാണ്എഴുത്തിന് എവിടെയും ആഴമാവുന്നത് ഓർമ്മകളാണ്, പരപ്പ് അതിൻ്റെ അനുഭവങ്ങളാണ്, ചാരുതയാവട്ടെ അതിൻ്റെ സത്യസന്ധതയും. 

മറ്റുള്ളവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ  നമ്മളിൽ പലരെയും ഉലച്ചുകളയാറുണ്ട്. സംഭ്രമത്തോടെ, ഞെട്ടലോടെയാണ് നമ്മളത് കേൾക്കുക. എന്നിട്ട് അവരുടേതായ ലോകത്ത് നമ്മൾ നമ്മളെ പ്രതിഷ്ഠിച്ചു നോക്കും, സഹാനുഭൂതിയുടെ തലത്തിൽ രണ്ടിലൊന്നു സംഭവിക്കുംഅതൊരിക്കലും എനിക്കു സംഭവിക്കരുത്, അല്ലെങ്കിൽ അതു ഞാൻ തന്നെയല്ലേ എന്ന ചിന്തഅടുത്തകാലത്താണ് #metoo മൂവ്മെൻ്റ്  ഒരു തിരമാല കണക്കെ നമ്മുടെ പലരുടെയും ബോധതീരത്ത് ആഞ്ഞടിച്ചത്പെണ്ണനുഭവങ്ങളുടെ തീവ്രതയാണ്, അതിൻ്റെ ഭീകരതയാണ്, അതേസമയം തന്നെ അതു വിളിച്ചുപറയാനുള്ള ബോധത്തിൻ്റെ വളർച്ചയുമാണ് അത് വിളംബരം ചെയ്തത്. കിടന്നുകൊടുത്ത് സുഖിച്ച് കാര്യംനേടി പിന്നെ നിലവിളിച്ചിട്ടെന്താ എന്ന സാദാപുരുഷുവാക്യത്തിൽ അഭയം തേടിയ പുരുഷുപ്രജകളും അവരുടെ അവിഹിതദൃഷ്ടികളും ഇപ്പോഴും സുന്ദര ജീവിതങ്ങളിൽ ഒഴിക്കുവാൻ സദാചാരത്തിൻ്റെ കരിയോയിലുമായി നടക്കുന്നുണ്ട്. അതു ലോകനീതിയാണ്. പുരോഗതി എങ്ങും പമ്പരം പോലെയാണ്. അതു സംഭവിക്കുക നിന്നിടത്തുനിന്നു തന്നെ ഒട്ടേറെ തിരിഞ്ഞ് തലകറങ്ങി വീണിട്ടാണ്. ആധുനിക ലോകത്ത് എഴുത്തിൻ്റെയും വായനയുടെയും  ലക്ഷ്യവും മാർഗ്ഗവും മാറ്റത്തിന് മാറ്റുകൂട്ടുകയാണ്, വേഗവുംലോകത്ത് പ്രായപൂർത്തിയായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ഒരു പാഠഭാഗമാവണം താഴത്തെ രണ്ടു പാരഗ്രാഫുകൾ എന്നു തോന്നിപ്പോവുകയാണ്. 

അവനും അവളുമിപ്പോൾ  അവളുടെ മുറിയിലാണ്, ഇരുട്ടിൽ. അവൻ എന്താണു ചെയ്യുന്നത് അവൾ കാണുന്നില്ല. എന്നിട്ടും, കട്ടിലിൽ അവർ അവരുടെ വസ്ത്രങ്ങൾക്കിടയിലൂടെ പരസ്പരം തഴുകിയറിയുമെന്നും  ചുംബനങ്ങൾ ആസ്വദിക്കുമെന്നും അവൾ വിശ്വസിക്കുന്നുഅവൻ പറയുന്നു: 'നീ ഉടുപ്പ് അഴിച്ചുമാറ്റ്.'  നൃത്തം ചെയ്യാൻ അവനവളെ ക്ഷണിച്ച നിമിഷം മുതൽ, അവൾ ചെയതതൊക്കെയും അവൻ ആവശ്യപ്പെട്ടതു മാത്രമാണ്അവൾ ചെയ്യുന്നതും അവൾക്ക് സംഭവിക്കുന്നതും തമ്മിൽ യാതൊരു വ്യത്യാസമില്ല. ഇടുങ്ങിയ കട്ടിലിൽ അവൾ അവനരികിൽ നഗ്നയായി കിടക്കുന്നു. സമ്പൂർണ നഗ്നതയെ മനസാ വരിക്കുവാൻ, അവൻ്റെ നഗ്നമായ പുരുഷശരീരത്തെ ഒന്നറിയുവാനുള്ള സമയം അവൾക്കില്ലതൻ്റെ തുടകൾക്കിടയിലൂടെ അവൻ്റെ  വലുപ്പവും ദൃഢതയും അവൾ അനുഭവിക്കുന്നു. അവൻ ബലംപ്രയോഗിച്ച് തള്ളിക്കയറുന്നുഅത് അവളെ വേദനിപ്പിക്കുന്നു. ആത്മരക്ഷാർത്ഥമോ, അല്ലെങ്കിൽ അവൻ ഒന്നു മനസ്സിലാക്കാനോ വേണ്ടി താൻ ഒരു കന്യകയാണെന്ന് അവൾ അവനോട് പറയുന്നു. അവൾ നിലവിളിക്കുന്നു. അവൻ പിറുപിറുക്കുന്നു: 'ഇത്രേം കുഴപ്പമുണ്ടാക്കാതെ നിനക്കൊന്നു ഓർഗാസത്തിലേക്കെത്താൻ  നോക്കിയാൽ പോരേ..’ 

നിമിഷം അവിടെയല്ലാതെ, വെറെ എവിടെയെങ്കിലും ആയിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചുപോവുന്നു. പക്ഷേ അവൾ എങ്ങോട്ടും പോകുന്നില്ല. അവൾ ആകെ തണുത്തുമരവിച്ചു. അവൾക്ക് എഴുന്നേൽക്കാമായിരുന്നു. അണച്ച വെളിച്ചം തെളിച്ച്, അവനോട് വസ്ത്രം ധരിച്ച് പോകാൻ പറയാമായിരുന്നു. അല്ലെങ്കിൽ സ്വയം വസ്ത്രങ്ങൾ ധരിച്ച്, അവനെ അവിടെ ഉപേക്ഷിച്ച് അവൾക്ക് പാർട്ടിയിലേക്ക് മടങ്ങിപ്പോവാമായിരുന്നു. അവൾക്കത് ആവാമായിരുന്നു. പക്ഷേ അങ്ങിനെയൊരു ചിന്തയും അവളിലുദിച്ചില്ലെന്ന് എനിക്കറിയാം. അവളെ സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുപോക്ക് സാധ്യമായിരുന്നില്ല, കാര്യങ്ങൾ അതിൻ്റെ വഴിക്ക് നീങ്ങുക മാത്രമായിരുന്നു സാധ്യമായത്. മനുഷ്യനെ, അപ്പോഴത്തെ അവൻ്റെ കാമാതുരമായ അവസ്ഥയിൽ ഉപേക്ഷിച്ചുപോവാൻ അവൾക്ക് അവകാശമില്ലായിരുന്നു, ‘എല്ലാം അവൾ കാരണമായിരുന്നല്ലോ’. ഇവിടെ മറ്റെല്ലാ പെൺകുട്ടികൾക്കും മീതെയായി അവൻ അവളെ  കണ്ടെത്തിയതു പോലുമായിരുന്നില്ല എന്നൊന്ന്  ഊഹിക്കാൻ പോലും കഴിഞ്ഞില്ല. 

ബാക്കിയുള്ളവ ഒരു എക്സ്-റേറ്റഡ് ഫിലിം പോലെ ചുരുളഴിയുകയാണ്, അവിടെ പെണ്ണ് ആണുമായി ഒട്ടും താളൈക്യത്തിലായിരുന്നില്ല, അതുകൊണ്ടുതന്നെ  അടുത്തതായി എന്ത് സംഭവിക്കുമെന്ന് അവൾക്ക് അറിയില്ല. അവനു മാത്രമേ അറിയൂ. അവൻ മാസ്റ്ററാണ്, യജമാനൻഎപ്പോഴും ഒരു പടി മുന്നിൽ. അവളുടെ മുഖം അവൻ്റെ അടിവയറ്റിലേക്ക്, അവളുടെ വായ അവൻ്റേതിനു മുകളിലായി വരുന്നതുവരെ അവളെ താഴേക്ക് അവൻ തള്ളിനീക്കുന്നു. പിന്നെ അവളുടെ മുഖത്തേക്ക് ഒരു ചിതറിത്തെറിക്കലാണ്, അവളുടെ നാസാരന്ധ്രങ്ങളിലേയ്ക്ക് കൂടി കടന്നുകയറിയ ജീവാണുവിസ്ഫോടന പ്രവാഹം. അവർ മുറിയിലേക്ക് കടന്നിട്ട് അഞ്ചു മിനിറ്റു പോലും കഴിഞ്ഞിരുന്നില്ല. 

ചിന്തയെ അതിൻ്റെ വഴിയെ വിടാം, എന്തിന്, എൻ്റെ ഓർമ്മയിൽ വികാരത്തിൻ്റെ ഒരു കണികപോലുമുണ്ടായിരുന്നില്ല. വെറും ഒരു മണിക്കൂർ മുമ്പുപോലും ഒരിക്കലും തനിക്ക് സംഭവിക്കും എന്നു പ്രതീക്ഷിക്കാത്ത കാര്യങ്ങൾ തനിക്ക് സംഭവിക്കുന്നത്  കട്ടിലിൽ കിടക്കുന്ന പെൺകുട്ടി  നോക്കിക്കാണുന്നു. അത്രമാത്രം.” 

പ്രണയമാണ് കമലാ ദാസിൻ്റെ കവിതകളുടെ മുഖ്യപ്രമേയംനിത്യപ്രണയത്തിലേക്കുള്ള  ശാശ്വതമായ അന്വേഷണങ്ങളും  ആശങ്കകളും സന്ദേഹങ്ങളും അതു പങ്കുവെച്ചു. ബൌദ്ധികമായ അസാധാരണ കാഴ്ചപ്പാടുകളോ, ചെറുകിടവൻകിട തത്വചിന്തകളോ ഒന്നുമായിരുന്നില്ല, മറിച്ച്   വൈകാരികമായി സമ്പന്നമായ വരികളിലൂടെയുള്ള പാട്രിയാർക്കിയോടുള്ള കലഹങ്ങളാണ് കവിതകളെ അത്രമേൽ പ്രിയങ്കരമാക്കിയത്. കാണാമറയത്തുള്ള പ്രണയത്തിൻ്റെ അസംഖ്യം ഷേയ്ഡുകളെ അതിധീരമായി വലിച്ചു പുറത്തിട്ടതാണ് കവിതകൾ. പോസ്റ്റ് കൊളോണിയൽ തുടർച്ചയുടെ പുരുഷാധികാര കാഴ്ചയിലേക്ക് അവരുടെ കവിതകൾ നമ്മെ നയിക്കുമ്പോൾ നമ്മളവരെ കൺഫെഷണൽ പോയറ്റാക്കുകയായിരുന്നു, നമ്മളുടെതായ ദ്രവിച്ച ബോധത്തിൻ്റെ വഴിയിൽ എഴുത്താളെ നടയിരുത്തുവാനുള്ള ഒരു ശ്രമം. കൺഫെഷൻ കുറ്റസമ്മതമാണ്, കുമ്പസാരമാണ്, ഏറ്റുപറച്ചിലാണ്. പുരുഷാധിപത്യത്തിൻ്റെ സ്മൃതികൾക്കും സ്ഥലികൾക്കുമപ്പുറമുള്ള സഞ്ചാരങ്ങളൊക്കെയും കുറ്റമാവുന്നത്, ചിന്തകളുടെ, ബോധ്യങ്ങളുടെ ആവിഷ്കാരങ്ങളത്രയും കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും ആക്കുന്നതാണ് പാട്രിയാർക്കിയുടെ  കാപട്യം. പരമ്പരാഗത സാമൂഹിക കാപട്യത്തെയാണ് ആമിയുടെയും ആനിയുടെയും ആർജ്ജവവും സത്യസന്ധതയും മുറിവേല്പിക്കുന്നത്. ഏറിവരുന്ന അത്തരം രചനകളേല്പിക്കുന്ന മുറിവുകളിൽ നിന്നും രക്തം വാർന്ന് ഒടുങ്ങുക തന്നെയാവണം പാട്രിയാർക്കിയുടെ അന്ത്യഗതി. 

എനിക്ക് രാഷ്ട്രീയം അറിയില്ല, പക്ഷേ

അധികാരത്തിലുള്ളവരുടെ പേരുകളറിയാം.

നെഹ്റുവിൽ തുടങ്ങുന്ന പേരുകൾ

ആഴ്ചകൾ മാസങ്ങൾ തൻ പേരുകൾ പോൽ ഹൃദിസ്ഥം.. 

പുരുഷാധിപത്യത്തിൻ്റെ മറ്റൊരു ഷെയ്ഡു തന്നെയായാണ് പ്രണയത്തിൻ്റെ പനിനീർപൂവിന് ചോദിച്ച പതിനാറുകാരിക്ക് മുന്നിൽ വാതിൽ അടയുന്ന അതേ കവിതയിലെ രംഗവും. 

ഞാനൊരു കുഞ്ഞായിരുന്നു, പിന്നീട് നീണ്ടപ്പോൾ,

ഞാൻ വളർന്നെന്ന് പറഞ്ഞത് അവരാണ്.. 

എൻ്റെയംഗങ്ങൾ വീർത്തു, ഒന്നുരണ്ടിടങ്ങളിൽ മുടി മുളച്ചു.

എന്ത് ചോദിക്കണമെന്നറിഞ്ഞില്ല, ചോദിച്ചു സ്നേഹം

പതിനാറുകാരിയെ അയാൾ അകത്താക്കി

കിടപ്പുമുറിയുടെ വാതിലടച്ചു, എന്നെയടിച്ചില്ല..

പക്ഷേ, സങ്കടത്താലെൻ പെൺദേഹത്തിൽ

അടിമുടി അടിയേറ്റതായി തോന്നി..

മുലകളുടെ, ഗർഭപാത്രത്തിൻ്റെയും  ഭാരമെന്നെ

ഞെരിച്ചുഞാൻ ദയനീയമായി എന്നിലേക്കു വലിഞ്ഞു. 

അഴകോടെ,ആഴത്തോടെ ഓർമ്മകളെഴുതുമ്പോൾ

കൌമാരത്തെ, യൌവ്വനത്തെയും മനോഹരമാക്കുന്നത് വിചാരങ്ങളുടെ ചിന്താലോകമല്ല, ഭാവനകളുടെ വികാരതരളിത നിമിഷങ്ങളാണ്. ഓർമ്മകളുടെ തീരത്തേക്കുള്ള  പില്ക്കാല തീർത്ഥയാത്രകളാണ് മനോഹരസൃഷ്ടികൾ പലതും. മനുഷ്യൻ സ്വന്തം നിലയിൽ  ഓർമ്മകളുടെ ഒരു മ്യൂസിയമാണ്. ഓർമ്മകളുടെ മ്യൂസിയത്തിൽ നിന്നും ഗതകാലത്തെ വീണ്ടെടുത്ത് സമകാലിക ജീവിതത്തിനു മുന്നിൽ കുത്തിനിർത്തുമ്പോഴാണ് ലോകമെത്ര മാറിയെന്നും ഇനിയെത്ര മാറണമെന്നും വായനക്കാരൻ അറിയുക. പ്രകൃയയാണ് ആത്മകഥയെ ജീവചരിത്രത്തിൽ നിന്നും മാറ്റിനിർത്തുന്നത്. മനുഷ്യൻ്റെ മറ്റൊരാളെ പറ്റിയുള്ള ഓർമ്മകൾ അവരുടെ ശാരീരിക വളർച്ചപോലെയാണ്കാലം ഒരാളെ ശാരീരികമായും സാമൂഹികമായും പുതിക്കിപ്പണിയുമ്പോൾ, നമ്മുടെ പഴയ കണ്ണുകളിൽ തിരിച്ചറിയാവുന്നവർ ആവില്ല പലരും. ആകാരവും പ്രകൃതവും മാറുംപഴയവ്യക്തതയുടെ സ്ഥാനത്ത് ഒരു അവ്യക്തത കൈവരും. ഓർമ്മകളും അതുപോലെ അവ്യക്തമാവും. അവരെ പറ്റിയുള്ള നമ്മുടെ വികാരവിചാരങ്ങളും. ഒന്നും പലരും കരുതുന്നതുപോലെ സ്ഥായിയല്ലചന്ദ്രൻ്റെ വൃദ്ധിയും ക്ഷയവും പോലെയാണ് ഓർമ്മകൾ. ഒരു കാലത്ത് ത്രസിപ്പിച്ച, ഒരുപഗ്രഹം കണക്കെ പരസ്പരം ചുറ്റും കറക്കിയ, ജീവിതത്തിൻ്റെ സുഖാനുഭൂതി നിറഞ്ഞ നിമിഷങ്ങളത്രയും പങ്കുവെച്ചവരിൽ അതേ വികാരം എക്കാലവും ഉണ്ടാവണമെന്നില്ലനയനരശ്മികളുടെ സമാഗമത്തിൽ സൃഷ്ടിക്കപ്പെടുന്ന ഒരു  കാന്തികവലയവും നമുക്കായി മാത്രം ഒരിടത്തിനായുള്ള ത്വരയും ഉണ്ടാവണമെന്നില്ല. , പരസ്പരം വാരിപ്പുണർന്ന്, പഞ്ചേന്ദ്രിയങ്ങൾ  പഞ്ചവാദ്യം കൊട്ടിക്കയറി, ഒടുവിൽ കലാശക്കൊട്ടിൽ ശ്രീകോവിലിൻ്റെ ശാന്തതയിലേക്ക് വഴുതിവീഴുന്ന നിമിഷത്തിൻ്റെ പുനരാവിഷ്കരണം സാധ്യമല്ലാത്തപ്പോഴും അനശ്വരമായ ചില ഓർമ്മകളുണ്ടാവും. അതാവട്ടെ അവർക്കിടയിൽ മാത്രം തുടിക്കുന്ന, ഒരിക്കലും വളരാത്ത, പ്രായമാവാത്ത ഓർമ്മകളുമാവും 

പെണ്ണിൻ്റെ ഓർമ്മക്കുറിപ്പുകൾ ചെറുകിട സംരംഭങ്ങളും  ആണിൻ്റേത് വൻകിട ഏർപ്പാടുകളുമാണെന്ന ഒരു പൊതുധാരണയുണ്ട്. ലോകത്ത് എവിടെയും സംഭവിക്കാവുന്ന ചില ചെറുകിട ബന്ധങ്ങളിലൂടെ വികസിക്കുന്ന വെളിപാടുകളുടെ ഒരു പുതിയ ലോകം പുതിയ മനുഷ്യർക്കായി തുറന്നിടുകയാണ് ആനി. വേദാന്തചിന്തകളുടെ ആഴമറിഞ്ഞവർ സാഹിത്യത്തിലും സിനിമകളിലും  ചോദിച്ച, ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമുണ്ട് - ഞാനാരാണ്? ആനി എർണോ പറയുന്നുണ്ട്, നാളിതുവരെ ചെയ്തതിനെ കുറിച്ചൊന്നും ലജ്ജിക്കുന്നൊരാളല്ല ഞാൻ എന്നറിയാം. ഒന്നാലോചിച്ചാൽ   ‘ലജ്ജിക്കേണ്ടതൊക്കെയുംതന്നെയാണ് ഓർമ്മകളിലെ നിത്യഹരിത മേഖലകളാവുക, ഒരിക്കലും മറവി സാധ്യമല്ലാത്തത്. ഒരിക്കലും നിറം മങ്ങാത്ത ബ്ലാക് ആൻ്റ് വൈറ്റ്  ചിത്രങ്ങളാവും ലജ്ജയുടേത്. യുക്തിയെ പ്രണയിക്കുമ്പോഴും യുക്തിക്കതീതമായി പ്രണയിക്കുമ്പോഴുമാണത് സാധ്യമാവുക, മാതാപിതാക്കളെ മാറ്റി കൌമാരം സൌഹൃദങ്ങളെ പ്രതിഷ്ഠിക്കുന്ന കാലത്ത്. 

ഞാനാരാണെന്ന് ആണുങ്ങൾ തുടർന്നും അന്വേഷിക്കട്ടെ. ഞാനെന്താവരുത് എന്നതിന് പെണ്ണുങ്ങൾക്കുള്ള ഉത്തരമാണ് ഒരു പെൺകുട്ടിയുടെ കഥയിലൂടെ, ആനി പറഞ്ഞിട്ടുള്ളത്. ഒട്ടനവധി കവിതകളിലൂടെ കമല പണ്ടേ പറഞ്ഞതും. പക്ഷേ കാലം കമലയെ തെറിവിളിച്ചു, കാലത്തിനു മുന്നേ നടക്കുന്നവർ കേൾക്കാൻ ബാധ്യതപ്പെട്ടതാണ് തെറിയഭിഷേകം. ആളു ചത്തുപോയാലാണ് അതു കളഭാഭിഷേകം ആയിമാറുക. വാഴ്ത്തുപാട്ടുകളാണ് പിന്നീട് കേൾക്കുക, ഇവിടെയുള്ളതും. 

മെയ്ക ലവ് എന്ന ആംഗലേയത്തിന് തത്തുല്യമായ ഒരു പദം മലയാളത്തിലില്ല. മലയാളിക്ക് അതു ഭോഗമാണ്, അല്ലെങ്കിൽ സംഗമാണ്. രണ്ടിനും ബന്ധം സ്നേഹവുമായല്ല, ആർത്തിയും കച്ചവടവും യുദ്ധവുമായാണ്പ്രണയം പരിസരത്തില്ലാതെ, ലൈംഗിക സുഖം മാത്രം നേടുന്ന രതിക്കാണ് സായിപ്പ് ലൈംഗിക സംവാദം എന്നർത്ഥം വരുന്ന സെക്ഷ്വൽ ഇൻ്റർകോഴ്സ് എന്നു പറയുന്നത്. സംവാദവും സംഭോഗവും അല്ലാതാവുമ്പോഴാണ് അത് റെയ്പ്, ബലാൽസംഗമാവുന്നത്. തമ്മിൽ  പ്രതിബദ്ധതയുള്ള ബന്ധപ്പെടലാണ് മെയ്ക് ലവ്. അതിനു തുല്യമായ പദം മലയാളത്തിലെന്താണ്? ഭോഗത്തിന് സ്നേഹം വേണമെന്നില്ല, ലേശം ഭേദപ്പെട്ടസംയോജിച്ച് ചെയ്യുന്ന സംഭോഗത്തിലും സംഗത്തിലും തന്നെ സ്നേഹം വേണമെന്നില്ല, വേണ്ടതിൽ യോജിപ്പുണ്ടായാൽ മതി. അതിനപ്പുറത്ത് മനോവികാരങ്ങളും വിചാരങ്ങളും ചിന്തകളുമെല്ലാം ശരീരങ്ങൾ മാധ്യമമായി ഒഴുകുമ്പോൾ സംഭവിക്കുന്നതാണ് മെയ്ക് ലവ്. അവിടെ കഴിഞ്ഞെഴുന്നേറ്റ് പോവുകയല്ല, പതിവ് പ്രണയത്തിലേക്ക് തെന്നിവീഴുകയാണ്. 

ഒരാൾക്ക് മറ്റൊരാളുമായി പ്രണയത്തിലാകാതെ തന്നെ സന്തോഷകരമായ ഒരു ലൈംഗിക ബന്ധം ആസ്വദിക്കാം, അതിനുശേഷം എളുപ്പത്തിൽ വേർപിരിയുകയുമാവാം. എന്നാൽ, മെയ്ക് ലവ്, അഥവാപ്രണയരതിയിൽ  ശരീരങ്ങൾ മാത്രമല്ല, മനസ്സും ആത്മാവും ആഴത്തിലുള്ള വികാരങ്ങളും ചിന്തകളും ഒക്കെയും ഇണചേരുന്നുണ്ട്. ഓരോ ഇണചരലും  സൌഹൃദത്തിൻ്റെ ഇഴയടുപ്പത്തിൻ്റെ  ഒരു അധിക തലം സൃഷ്ടിക്കുന്നുണ്ട്, പരസ്പരാഭിനിവേശവും. ഒരാളുടെ ശാരീരിക ആവശ്യങ്ങളും ശരീരഭാഗങ്ങളും മറ്റൊരാളുമായി ലയിപ്പിക്കുന്നത് കേവലം സംഭോഗമാണ്, മനസ്സിനെ, ആത്മാവിനേയും ബന്ധിപ്പിക്കുന്ന പ്രണയത്തിൻ്റെ വൈദ്യുതാലിംഗനമാണ് ലവ് മേക്കിംഗ് അഥവാ പ്രണയരതി 

മേൽ ചിന്തകളൊക്കെയും കൊളുത്തിയത് ആനിയുടെ ഒരു വാചകത്തിൽ നിന്നാണ് She is dying to make love, but only out of love. പ്രണയരതിക്കായി അവൾ ഏറെ ആഗ്രഹിക്കുകയാണ്, പക്ഷേ സ്നേഹത്തിൽ നിന്നുദിക്കുന്ന ഒന്നുമാത്രം. കാമനകളും വിലക്കുകളും കൂടി സൃഷ്ടിച്ചെടുക്കുന്നൊരു പെൺകുട്ടിയുടെ മാനസികനിലയുടെ ചിത്രണമാണത്പാവനമായൊരു അനുഭവത്തിൻ്റെ പ്രതീക്ഷയോട് ചേർത്തുവെയ്ക്കുന്ന കന്യകാത്വമെന്ന ഭീതി. ആണിനില്ലാത്തത്. മാറുന്നത്, മാറേണ്ടത് പെണ്ണല്ല ആയൊരു ലോകമാണ്. ആയൊരു ബോധത്തിലേക്ക് ലോകത്തെ പണിതുയർത്തുന്നത് ഇത്തരം സൃഷ്ടികളാണ്. 

കുമ്പസാരമല്ല, പശ്ചാത്താപമില്ലാത്ത വിമർശനമാണ്

ചുരുങ്ങിയത് ആയിരത്തൊന്നു വഴികളിലൂടെ അമ്മയുടെ സർവ്വൈലൻസ് കണ്ണുകളെ അതിജീവിച്ച് ഒരു പയ്യനെ ചുംബിച്ച കഥ പറയുന്ന ആനി പിന്നീട്  കാമ്പിലെ ആദ്യാനുഭവത്തെ സംഗ്രഹിക്കുകയാണ്ആണെന്ന  നിലയിലുള്ള അവൻ്റെ ആർജ്ജിതബോധത്തിനു മുന്നിലാണ് അവളുടെ മുഴുവൻ ഇച്ഛാശക്തിയും കീഴടങ്ങിപ്പോയത്. അവൾ അവൻ്റെ ചിന്തകളിൽ പിന്നീട് ഒരിക്കലും ഉണ്ടാവുകയില്ല, പക്ഷേ അവളിൽ അതൊരു രഹസ്യമായി തുടരുകയും ചെയ്യും. 

തൻ്റെ കന്യകാത്വം ഇല്ലാതാക്കുവാനായി അവൾ എപ്പോഴാണ് ഉള്ളാലെ സമ്മതിക്കുന്നതെന്ന് എനിക്കറിയില്ല. അതൊരു സമർപ്പണമല്ല; അവളത് നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നു, അതിനായി സഹകരിക്കുന്നു. അവൻ എത്രയോ തവണ അവളിലേക്ക് തുളച്ചുകയറാൻ ശ്രമിച്ചു- എത്രയെന്ന് കൃത്യമായെനിക്ക് ഓർമയില്ല- അവനൊരിക്കലും അകത്തേക്ക് കടക്കാത്തതിനാൽ അവൾ അവനെ വായിലേക്കെടുത്തു.   അവളിലേക്ക് കടക്കാനാവാത്തതിൻ്റെ കാരണം അവൻ അവളോടുസമ്മതിച്ചു’ -  “എനിക്ക് നല്ല വണ്ണമുണ്ട്.” 

അവളോട് ഓർഗാസത്തിലേക്കെത്തുവാൻ അവൻ പറഞ്ഞുകൊണ്ടിരുന്നു. അവൾക്ക് കഴിയില്ല: അവൻ അവളെ പരുഷമായാണ് കൈകാര്യം ചെയ്തത്അവൻ അവളിലേക്ക്  ഒന്നു തൻ്റെ ചുണ്ടാൽ, നാവാൽ  ശ്രമിച്ചാൽ ഒരുപക്ഷേ അവൾക്ക് അതിനു കഴിയുമായിരുന്നു. പക്ഷേ അവൾ അവനോട് അതൊരിക്കലും ആവശ്യപ്പെടുന്നേയില്ലഒരു പെൺകുട്ടി അതു ചോദിക്കുന്നത് ലജ്ജാകരമാണ്. അവൾ അവൻ ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നു. അവളുടെ സമർപ്പണം അവനോടല്ല, അനിഷേധ്യവും സാർവത്രികവുമായ ശാസനകളോടാണ്ഇന്നോ നാളെയോ, എത്രയും വേഗം അവൾ വിധേയയമാവേണ്ട പുരുഷനിലെ കാട്ടാളത്വത്തിനോടുള്ള അവളുടെ സമർപ്പണം നിയമം ക്രൂരവും വൃത്തികെട്ടതുമാണ്, അങ്ങനെയാണ് പക്ഷേ കാര്യങ്ങൾ സംഭവിക്കുന്നത്.” 

പ്രണയത്തിലേക്ക് വഴുതിവീഴുമ്പോഴാണ്, അവൾ അതുവരെ സങ്കൽപ്പിച്ചിരുന്ന അതിൻ്റെ  സാധ്യമായ എല്ലാ പതിപ്പുകളിൽ നിന്നും  എറെ അകലെയാണ് അതെന്നറിയുന്നത്അന്നോളം  അവൾ ശ്രദ്ധാപൂർവ്വം ചേർത്തുവച്ച ബോദ്ധ്യങ്ങളൊക്കെയും അപ്രസക്തമാവുന്നതും പാഴാവുന്നതും കാണുന്നത്. അതുകൊണ്ടാവാം പ്രണയത്തിന് കണ്ണില്ലെന്ന് ആരോ പറഞ്ഞിട്ടുണ്ടാവുക, കാണുന്നതൊന്നുമല്ലത്, കാണാത്തതുമല്ല. ആനിയിലെ ചിന്തകൾ സമർപ്പണത്തെ ക്രൂരവും വൃത്തികെട്ടതുമായി കാണുമ്പോൾ, ആമിയിലെ ബോധം സമർപ്പണത്തെ ചിലയിടത്തെങ്കിലും സ്വീകരിച്ചിട്ടുണ്ട്, പ്രണയത്തിൻ്റെ അനിഷേധ്യമായൊരു തുരുത്തായി. 

ദി ഡിസൻഡൻ്റ്സ് എന്ന കവിതയിൽ അവർ ആഹ്വാനം ചെയ്യുന്നത് സമർപ്പണമാണ്. 

നിങ്ങളെ സ്ത്രീയാക്കുന്നതെന്തോ

അതവനു സമ്മാനിക്കുക.

നിൻ്റെ നീണ്ട മുടിയിലെ സുഗന്ധം

മുലയിടുക്കിലെ സ്വേദകണങ്ങൾ തൻ കസ്തൂരിഗന്ധം,

ആർത്തവ രക്തത്തിൻ ചുടുക്ഷോഭങ്ങൾ

അതിരറിയാത്ത, അവസാനമില്ലാത്ത

പെൺമോഹങ്ങൾ, ഉദരാഗ്നികൾ 

ആമി അവിടെ നിന്നുകളയാതെ, ആത്മബോധത്തിൻ്റെ നെറുകയിലിരുന്ന് പ്രണയത്തെയും രതിയെയും വിചാരണചെയ്യുന്നുണ്ട് പല കവിതകളിലുമായി. സ്വശരീരം മറ്റൊരാളുടെ ആനന്ദത്തിനു മാത്രമായി വിട്ടുകൊടുക്കുന്നരാളുടെ ആത്മാഭിമാനത്തിന് ഏൽക്കുന്ന ക്ഷതത്തെ അനുശോചിക്കുന്ന വരികളും സുലഭമാണ്. 

ആമി, കമല അല്ലെങ്കിൽ,

പിന്നെ നല്ലത് മാധവിക്കുട്ടിയാവാം

ഒരു പേരും റോളും തിരഞ്ഞടുക്കാനുള്ള സമയമാണ്

നാട്യങ്ങളുടെ കളികളരുത്,

ഭ്രാന്തിയായി ആടരുത്,

കാമഭ്രാന്തി അഭിനയിക്കയുമരുത്..

പ്രണയനിരാസത്തിൽ ഉഴറി കരയരുത്..

ഞാൻ ഒരാളെ കണ്ടുമുട്ടി, അവനെ സ്നേഹിച്ചു

ഞാനവനെ ഒരു പേരിലും വിളിക്കുന്നില്ല,

കാമാതുരനായ എല്ലാ ആണും അവനാണ്.

ഞാൻ എല്ലാവരെയും പോലെ ഒരു പെണ്ണ്,

അവനിൽ പ്രണയം തിരയുന്ന പെണ്ണ്.

അവനിലൊരു പുഴതൻ ആർത്തിപൂണ്ട തിടുക്കം

എന്നിലൊരു ആഴിതൻ തളരാത്ത കാത്തിരിപ്പും

നിങ്ങൾ ആരാണ്, ഞാൻ ഓരോരുത്തരോടുമായി ചോദിക്കുന്നു,

അത്ഞാൻഎന്നു മറുപടി.

സദാ, എങ്ങും കാണുന്നു ഞാനവനെ

ഞാൻഎന്നു സ്വയം വിശേഷിപ്പിക്കുന്നവനെ.

ഉറയിലെ വാൾ പോലെ, ലോകത്ത്

ഭദ്രമായി പൊതിഞ്ഞടുക്കപ്പെട്ടവൻ..

അപരിചിത നഗരികളിലെ ഹോട്ടലുകളിൽ

പാതിരാവിൽ പന്ത്രണ്ടുമണിക്ക് ഒഴിക്കുന്നത്,

ഒറ്റയ്ക്കിരുന്നു കുടിക്കുന്നത് ഞാനാണ്,

പൊട്ടിച്ചിരിക്കുന്നത് ഞാനാണ്,

പ്രണയരതിയാഘോഷിക്കുന്നത് ഞാനാണ്

പിന്നെയാണ്  നാണക്കേട്, തൊണ്ടയിൽ ഒരു ഞരക്കമോടെ

മരിക്കാൻ കിടക്കുന്നത് ഞാനാണ്..

ഞാൻ പാപിയാണ്, ഞാൻ പുണ്യവതിയാണ്.

ഞാൻ പ്രണയിനിയാണ്, ഞാൻ വഞ്ചിക്കപ്പെട്ടവളാണ്.

നിൻ്റേതല്ലാത്ത ഒരാനന്ദവും എനിക്കില്ല

നിൻ്റേതല്ലാത്ത ഒരുവേദനയും എനിക്കില്ല

ഞാൻ എന്നു ഞാനുമെന്നെ വിളിക്കുകയാണ്. 

വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്, പക്ഷേ ഏതാണ്ടൊരേ കാലഘട്ടമെന്നു പറയാം. 1934ലാണ് ആമിയുടെ ജനനം, ആനിയുടേത് 1940ലും. കഴിഞ്ഞ നൂറ്റാണ്ടിൻ്റെ രണ്ടാംപകുതി  ആഘോഷമാക്കിയ എഴുത്തുകാരിയായിരുന്നു ആമി. ആനി പ്രശസ്തിയിലേക്ക് ഉയരുന്നതിനും മുന്നേ നോബൽ പ്രതീക്ഷിക്കപ്പെട്ടയാളായിരുന്നു ആമി. ഇന്ത്യയുടെ സങ്കീർണ്ണമായ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുമായി ബന്ധപ്പെട്ട ഗഹനമായ വിഷയങ്ങളെ, വൈയക്തികമായ അനുഭവങ്ങളെ ചൂട്ടാക്കി പാട്രിയാർക്കിയെമറ്റ് സ്വത്വാസമത്വങ്ങളെയും അടിമത്തത്തെയും പൊള്ളിച്ച ധീരവും ക്ഷമാപണത്തിൻ്റെ ധ്വിനിപോലുമിമില്ലാത്ത ശബ്ദസാന്നിദ്ധ്യമായിരുന്നു ആമി. ജന്മസ്വത്വസമത്വത്തെ, സ്ത്രൈണലൈംഗികതയെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും അനുഭവങ്ങളുടെ ആഴത്തിൽ നിന്നുകൊണ്ട് വരച്ചിട്ടപ്പോൾ നമ്മൾ കൺഫെഷണിസ്റ്റ്കുമ്പസാര കവിയാക്കിയ ഒരാൾ. ആമിയുടെ കൺഫെഷണൽ അഥവാ കുമ്പസാര കവിതകൾ ഒരു  ആമുവിൻ്റേത് ആയിരുന്നെങ്കിൽ അതത്രയും ഇമേജറിക്കൽബിംബസാരമാവുമായിരുന്നു. പെണ്ണെഴുതുമ്പോൾ കുമ്പസാരവും ആണെഴുതുമ്പോൾ ബിംബസാരവും ആവുക ഒരേ കാര്യമാണ്. അതിൻ്റെ ഉറവിടം പെണ്ണിൻ്റേത് ചെറുകിട ചിന്തയും ആണിൻ്റേത് വൻകിട ചിന്തയുമാണെന്ന തോന്നലാണ്. 

ഫെമിനിസം ആമിയിൽ, ആനിയിലും

കമലാ ദാസ് ഇന്ത്യൻ സാഹിത്യത്തിലെ ഒരു വഴിത്തിരിവായിരുന്നു, സ്ത്രൈണ ലൈംഗികതയെക്കുറിച്ചുള്ള ആത്മാർത്ഥമായ അന്വേഷണങ്ങളിലൂടെ ഇന്ത്യൻ സാഹിത്യത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ സൃഷ്ടികൾ. അതിനെ ഫെമിനിസ്റ്റ് സാഹിത്യമെന്നു മാത്രമാക്കി ചുരുക്കുന്നത് അനീതിയാണ്. അത്മാനുഭവങ്ങളുടെ പരിസരത്തുനിന്നും, ഫിക്ഷനും ബയോഗ്രഫിക്കുമിടയിലെ അതിരുകൾ മായ്ച്ചെഴുതുന്ന ഒരു ശൈലി രണ്ടുപേരിലും പൊതുവായി കാണാം. ആനി എർണോ, തൻ്റെ രചനകളിൽ വൈയ്ക്തികാനുഭവങ്ങളെ സാമൂഹിക-രാഷ്ട്രീയ നിരീക്ഷണങ്ങളുമായി ചേർത്തുവെച്ചുകൊണ്ട്ഓർമ്മകളെ സാമൂഹിക വിമർശത്തിനുള്ള ആയുധമാക്കുകയാണ്. ആമിയുടേയും ആനിയുടേയും ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത് അവരുടെ തനതായ അനുഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയുമാണ്. ആമിക്ക് മുൻഗാമികൾ വെട്ടിയ വഴികളുണ്ടായിരുന്നില്ലപ്രണയം, ലൈംഗികത, യാഥാസ്ഥിതിക സമൂഹത്തിലെ പെണ്ണനുനുഭവങ്ങളത്രയും  പ്രമേയങ്ങളാക്കിയ പദ്യത്തിലൂടെയും ഗദ്യത്തിലൂടെയും  സ്ത്രൈണാഭിനിവേശങ്ങളെ സധൈര്യം ആഘോഷമാക്കിയതാണ് ആമി. സ്ത്രീകൾ സ്വന്തം വ്യക്തിത്വം  കാത്തു സൂക്ഷിക്കേണ്ടതിൻ്റെ, സമൂഹത്തിൻ്റ പരമ്പരാഗത പ്രതീക്ഷകളെ ധിക്കരിക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുന്ന വരികളിലൂടെ ആമി ഏറ്റുമുട്ടിയത് തൻ്റെ നൂറ്റാണ്ടിനോടു തന്നെയായിരുന്നു. ഏറെ വികസിച്ച, യൂറോപ്പിൽ മേരി വൂൾഫെൻസ്റ്റോൺ മുതൽ എത്രയോ പേർ ഉഴുതുമറിച്ച മണ്ണിൽ മാത്രമേ ആനിക്ക് വിത്തിറക്കേണ്ടി വന്നുള്ളൂ 

സാമൂഹവും ചരിത്രവും  കാഴ്ചപ്പാടുകളും  പ്രതീക്ഷകളും രൂപപ്പെടുത്തുന്ന വ്യക്തിഗത മനുഷ്യാനുഭവങ്ങളുടെ ഗാഥകളാണ് ആനി എർണോയുടെ കൃതികൾപെണ്ണനുഭവങ്ങൾ ഏറെ എഴുതപ്പെടാത്തതാവുമ്പോൾ  അതൊരു കണ്ണുതെളിക്കുന്ന വായനാനുഭവം കൂടിയാവുന്നു. ശരീരം, ബന്ധങ്ങൾ, സ്വത്വം, സാമൂഹിക പ്രതീക്ഷകൾ എന്നിവയുടെ സങ്കീർണ്ണതകളിലേക്ക് അത് ആഴ്ന്നിറങ്ങുന്നു. സാമൂഹിക ഘടനകൾ സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പരിശോധിക്കുന്ന ഒരു സോഷ്യോളജിക്കൽ ലെൻസാണ് ആമിയുടെ ആനിയുടെയും ഫെമിനിസത്തിൻ്റെ  സവിശേഷത. ആനിയുടെ കൃതികൾ പെണ്ണിൽ സമൂഹം അർപ്പിക്കുന്ന പ്രതീക്ഷകളെയും പെണ്ണിൻ്റെ ഇഷ്ടങ്ങളെ, പരിഗണനകളെ പരിമിതപ്പെടുത്തുന്ന, റദ്ദുചെയ്യുന്ന സാമൂഹിക മാനദണ്ഡങ്ങളെയും വിമർശിക്കുന്നുസമവും സ്വതന്ത്രവുമായ അനിവാര്യമായ അസ്തിത്വത്തിലേക്കുള്ള സൂചകങ്ങളാണവ. ലോകത്ത്, ഓരോ ദിവസം പുലരുമ്പോഴും, ആണുങ്ങളാൽ വളയപ്പെട്ട ഒരു പെണ്ണ്  കല്ലേറിനായി കാത്തിരിക്കുന്നുണ്ടാവും എന്ന് ആനി. ലോകത്തെ എല്ലാ തിരസ്കാരങ്ങളും പുരസ്കാരങ്ങളിലേക്കുള്ള വാതിൽപ്പടിയാണ്അതിനു പരിഹാരം ദേശാന്തരങ്ങളില്ലാതെ ആമിയാനിമാരുടെ നിർഭയം നിരന്തരമുള്ള എഴുത്തുകളാണ്. സ്വന്തം അഭിനിവേശങ്ങൾ അടയാളപ്പെടുത്തുന്നതു തന്നെ അതിലേക്കുള്ള പാതിദൂരം താണ്ടുകയാണ്. ഗതകാല യാഥാർത്ഥ്യങ്ങൾക്കും സമകാല എഴുത്തിനും ഇടയിലെ മധ്യസ്ഥരല്ല, ഓർമ്മകളെ പുനരുജ്ജീവിപ്പിച്ച്, അതിൻ്റെ തീവ്രതയാൽ വായനക്കാരെ പുതിയബോധത്തിലേക്ക് തള്ളിയിടുന്നവരാവണം എഴുത്താളുകൾ. (ഗദ്യപദ്യഭാഗങ്ങളുടെ മൊഴിമാറ്റം സ്വയം നിർവ്വഹിച്ചതാണ്) 

മധുസൂദൻ വി