മൊറോക്കോയുടെ അവികസിതമായ റിഫ് റീജിയനിലെ നദോര്‍ എന്ന ഗ്രാമത്തില്‍ നിന്നും ഫ്രാന്‍സിലേക്കു കുടിയേറിയ ഒരു നിര്‍മ്മാണ തൊഴിലാളിയുടെ ഏഴുമക്കളില്‍ രണ്ടാമത്തെ കുട്ടി ഇന്ന് ലോകത്തിന് ഫ്രാന്‍സിന്റെ മനോഹരമായ മുഖമാണ്. സ്വന്തം കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രം ദാരിദ്ര്യത്തെയും അതിന്റെ എല്ലാ ഇല്ലായ്മകളെയും മറികടന്ന് ഉന്നതവിദ്യാഭ്യാസം നേടി ഒടുവില്‍ ഫ്രാന്‍സിന്റെ വിദ്യാഭ്യാസ മന്ത്രിയായ മൊറോക്കന്‍ പെണ്‍കുട്ടിയെയാണ് ഇന്ന് ഫ്രാന്‍സിന്റെ മുഖമായി ലോകമാധ്യമങ്ങള്‍ കൊണ്ടാടുന്നത്. തികച്ചും സാധാരണക്കാരായവരുടെ അസാധാരണ നേട്ടങ്ങളാണ് ഇരുണ്ട ലോകത്തെ പ്രകാശമാനമാക്കുന്നത്. അത്തരം അനിതര സാധാരണമായ നേതൃപാടവം കാഴ്ചവെച്ചവരിലെ തിളങ്ങുന്ന ഏടാണ് നഷദ് വലൂദ് ബെല്‍കാസിം എന്ന മുപ്പത്തിയെട്ടുകാരി.
തിളങ്ങുന്ന നേട്ടങ്ങളോടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഫ്രാന്‍സിലെ അതിപ്രശസ്തമായ പാരീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സുമായി പുറത്തിറങ്ങി സഹപാഠിയായ ബോറിസ് വലൂദിനെ ജീവിതപങ്കാളിയാക്കി, ഇരട്ടക്കുട്ടികളുടെ അമ്മയായി, കുടുംബജീവിതവും രാഷ്ട്രീയനേതൃത്വവും അസാധാരണമായി സമീകരിച്ച് ലോകത്തിനു മാതൃകയാവുന്ന നഷദ് ബെല്‍കാസിമിന്റെ നേട്ടങ്ങളും നേതൃപാടവവും യുവതലമുറക്ക് പാഠപുസ്തകമാവേണ്ടതാണ്.
ഫ്രഞ്ച് പത്രപ്രവര്‍ത്തകനും മുന്‍ ടെലിവിഷന്‍ അവതാരകനുമായിരുന്ന ഓേ്രഡ പുല്‍വാറിന്റെ നിരീക്ഷണത്തില്‍ അവളുടെ മുന്നോട്ടുള്ള പ്രയാണം അതീവ രസകരമായിരുന്നു. രാഷ്ട്രീയം ചിലര്‍ക്കുമാത്രമായി മാറ്റിവെയ്ക്കപ്പെട്ട ഒരു രാജ്യത്ത്, വിശിഷ്യാ അതും വെള്ളക്കാരുടെ മാത്രം വ്യവഹാര മേഖലയാവുമ്പോള്‍, അവിടേക്കുള്ള ഒരു പെണ്‍കുട്ടിയുടെ കടന്നുവരവ് ശ്രദ്ധേയമായിരുന്നു. വനിതകളുടെ കടന്നുവരവ് തന്നെ അപൂര്‍വ്വം, മറ്റു വ്യത്യസ്ത ജനവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ അധികാരസ്ഥാനങ്ങളില്‍ ഇല്ലെന്നു തന്നെ പറയാവുന്ന സ്ഥിതി. പതിനെഴാം വയസ്സിലാണ് ആ മൊറോക്കന്‍ മുസ്ലീം വനിതക്ക് ഫ്രഞ്ച് പൗരത്വം ലഭിക്കുന്നതു തന്നെ.
സിരകളില്‍ വിവേചനം, പൗരാവകാശധ്വംസനം, മതതീവ്രവാദം തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഊര്‍ജവുമായി വലതു-തീവ്ര വലതു പക്ഷങ്ങള്‍ക്കെതിരെയുള്ള സോഷ്യലിസ്റ്റു ചേരിയുടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ നേതൃത്വത്തിലേക്കെത്തിയ നഷത് 58.52 വോട്ടുമായി സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ ബാനറില്‍ കണ്‍ടോണല്‍ ഇലക്ഷനില്‍ റോണ ഡിപ്പാര്‍ട്ടുമെന്റിലെ കോണ്‍സിലിയേ ജീനിറാലി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 2008 ലാണ്. അസാധാരണമായ നേതൃപാടവവും മികച്ച പ്രകടനവുമാണ് 16 മെയ് 2012 ന് ആ ആ വനിതയെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാസ്വ ഓലോദിന്റെ വനിതാവകാശ മന്ത്രിയും ഔദ്വോഗികവക്താവുമാക്കുന്നത്.
സ്വവര്‍ഗ വിവാഹവും സ്വവര്‍ഗപ്രേമികളുടെ അവകാശങ്ങളും ചര്‍ച്ചാവിഷയമാവുമ്പോള്‍ വിദ്വേഷജനകമായ പോസ്റ്റുകള്‍ സമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടിയപ്പോള്‍ ട്വിറ്ററിനെതിരെ ആഞ്ഞടിക്കാന്‍ നഷദിനു മടിയുണ്ടായില്ല. തനിക്കെതിരെ വന്ന വലതു-തീവ്രവലതുപക്ഷ യാഥാസ്ഥികരുടെ മതത്തിന്റെ പേരിലും മൊറോക്കന്‍ പൗരത്വത്തിന്റെ പേരിലും വന്ന തെറിവിളികളെ സമചിത്തതയോടെ നേരിട്ട് മുന്നോട്ടു പോയ ആ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ ഫ്രാന്‍സ് അവരിലേല്‍പിച്ചത് കൂടുതല്‍ ഉത്തരവാദിത്വമുള്ളൊരു വകുപ്പാണ്.
25 ആഗസ്ത് 2014 നഷദ് ചരിത്രത്തിലിടം പിടിച്ചു - ഫ്രാന്‍സിലെ ആദ്യത്തെ വനിതാ വിദ്യാഭ്യാസ മന്ത്രിയായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി 7 ജനുവരി 2015. ഫ്രാന്‍സിനെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടിച്ച മാനവികസംസ്‌കാരത്തിന്റെ മുഖത്തേറ്റ പ്രഹരം - ഷാര്‍ലി ഹെബ്ദു ആക്രമണം. ഫ്രാന്‍സിനെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ള മൂല്യബോധത്തിന്റെ പുനസ്ഥാപനം എന്ന മഹാദൗത്യം ആ വനിത സധൈര്യം എറ്റെടുത്തു. സമ്മര്‍ദ്ദത്തിലായ നഷദ് ഉടന്‍ പ്രഖ്യാപിച്ചത് ഫ്രഞ്ച് സ്‌കൂളുകള്‍ക്കായി ഫ്രഞ്ച് മൂല്യബോധത്തിലധിഷ്ഠിതമാ 250 മില്യന്‍ യൂറോയുടെ ട്രെയിനിംഗ് പ്രോഗ്രാമുകളായിരുന്നു.
ചെറുതിലേ ധാര്‍മ്മികതയും പൗരബോധവും വാര്‍ത്തെടുക്കാനുള്ള പാഠഭാഗങ്ങള്‍ സിലബസിന്റെ ഭാഗമാക്കി. മതാചാരങ്ങളും മതവിശ്വാസവും ക്ലാസ്‌റൂം ചൂവരുകള്‍ക്കപ്പുറത്തുമാത്രം എന്ന പ്രഖ്യാപനം അധ്യാപകരും വിദ്യാര്‍ത്ഥികളും ഒപ്പുവെക്കുന്നത് നിര്‍ബന്ധമാക്കി. സെക്യുലറിസത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, മതത്തെ വിദ്യാലയങ്ങളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചാല്‍, വിദ്യാര്‍ത്ഥികള്‍ ചിലപ്പോള്‍ അവര്‍ക്കു പകര്‍ന്നുകിട്ടുന്ന അറിവിനെ തന്നെ ചോദ്യംചെയ്യും എന്നു നിരീക്ഷിച്ച നഷത് സ്വയം വിശേഷിപ്പിക്കുന്നത് ഒരു നോണ്‍ പ്രാക്ടീസിംഗ് മുസ്ലീം എന്നാണ്.
സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രഞ്ച് ദേശീയതയുടെ അടിസ്ഥാനശിലകളായ ഇവ മൂന്നിനിടയില്‍ എവിടെയും തൊലിയുടെ നിറത്തിന് സ്ഥാനമില്ലായെന്ന് രാഷ്ട്രത്തിന്റെ വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ തന്റെ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍, ആ മൂല്യങ്ങളുടെ ആള്‍രൂപമാവേണ്ടതാണ് താനെന്ന ബോധ്യം തനിക്കുണ്ടെന്ന് അവര്‍ തെളിയിക്കുന്നത് ശ്രദ്ധേയമായ ഓരോ നീക്കങ്ങളിലൂടെയാണ്, അതിന്റെ നേട്ടങ്ങളിലൂടെയുമാണ്. മതശാസനകളെ മറികടന്ന് പാരീസ് അക്രമണത്തെ അപലപിച്ച നഷത് ആ ആക്ഷേപഹാസ്യ പ്രസിദ്ധീകരണം ഫ്രഞ്ച് സംസ്‌കാരത്തിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ചു, മാത്രമല്ല അതിന്റെ വേരുകളാണ്ടു കിടക്കുന്നത് ഫ്രഞ്ച് വിപ്ലവത്തിലാണെന്നും, താന്‍ ആ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നൂവെന്നും.
ചിലര്‍ക്കെങ്കിലുമുണ്ടാവുന്ന ഏറ്റവും വലിയ ദോഷം, എല്ലാമറിയുന്നവര്‍ എന്ന നാട്യമാണ്. പ്രഫെസറും പൊളിറ്റിക്കല്‍ കമന്റേറ്ററുമായ ഡൊമിനിക് മോയ്‌സിയുടെ വാക്കുകള്‍ നോക്കൂ. 'ആ വനിതയുടേത് അനിഷേധ്യമായ ആകര്‍ഷണീയതയാണ്, നല്ലൊരു രാഷ്ട്രീയക്കാരിയാണ് അവര്‍ എന്നത് വ്യക്തമാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം തനിക്കില്ലെന്നു പറയാന്‍ മടിയില്ല. പക്ഷേ തനിക്കതു പഠിക്കാന്‍ കഴിയും എന്നൊരു ബോധം അതേസമയം തന്നെ മറ്റുള്ളവരില്‍ സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. സദാ വിനീതയായി പ്രത്യക്ഷപ്പെടുവാനുള്ള വിവേകവുമുണ്ട്.' ഒരു നേതാവിന് അവശ്യം വേണ്ട ഗുണങ്ങളിലൊന്ന്, സര്‍വ്വജ്ഞരെന്ന ഭാവേന എല്ലാറ്റിലും കയറി അഭിപ്രായം പറയാനുള്ള അറിവില്ലായ്മയല്ല, മറിച്ച് തന്റെ അറിവിന്റെ പരിമിതികളെപറ്റിയുള്ള കൃത്യമായ ബോധമാണ്.
തന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനു ആ വനിതയുടെ മറുപടി ഇപ്രകാരമായിരുന്നു. 'രാഷ്ട്രീയം ഒരു തൊഴിലായി ഞാന്‍ കാണുന്നില്ല. സാഹചര്യങ്ങള്‍ ഒത്തുവരുമ്പോഴുള്ള ഒരു സാദ്ധ്യത മാത്രമാണത്. കൈയ്യില്‍ കിട്ടുന്ന ഒരു ബ്ലാങ്ക് ചെക്കല്ല രാഷ്ടീയം. കൃത്യമായി പ്രവര്‍ത്തിച്ചുനേടേണ്ടതാണ്.' കുടുംബമഹിമയുടെയും ഫ്യൂഡല്‍ ചിന്താഗതികളുടെയും നേരിയ പ്രതിഫലമുള്ളതാണ് പലപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വനിതാസാന്നിദ്ധ്യം. ഒന്നുകില്‍ പിതാവിന്റെ തണലില്‍, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ നിഴലില്‍, അതുമല്ലെങ്കില്‍ ഒരു ഗോഡ് ഫാദറുടെ കനിവില്‍ അല്ലാതെ രാഷ്ട്രീയപ്രവേശം നടത്തി നേതൃനിരയിലേക്കെത്തിയ വനിതകള്‍ ഇവിടെ എത്രപേരുണ്ട്? അവിടെയാണ് നജദിനെപ്പോലുള്ളവര്‍ പ്രകാശഗോപുരങ്ങളാവുന്നത്. നിത്യേനയുള്ള പീഢനങ്ങളുടെ കാരണം പെണ്‍കുട്ടികളുടെ ഉടുതുണിയില്‍ തപ്പികണ്ടെത്തിയ മഹാപ്രതിഭകളും അറിയണം ആ മൊറോക്കന്‍ യുവതിയുടെ വിജയഗാഥ.