Monday, November 14, 2016

500 - 1000 നോട്ടൗട്ടും ശങ്കരാടിയന്‍ ദര്‍ശനങ്ങളും

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും  നമ്മുടെ റിസര്‍വ്വ് ബാങ്കിനു സമാനമായൊരു
 പണിപറ്റിച്ചിട്ട് നാളേറെയായിട്ടില്ല. 500 യൂറോ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.  യു.എസ് ട്രെഷറി സിക്രട്ടറി ലോറന്‍സ് സമ്മേഴ്‌സും പ്രഖ്യാപിച്ചു - നൂറു ഡോളറിന്റെ നോട്ടുകളെ തിരിച്ചുവിളിച്ചു മടക്കിവെക്കുന്നതായി.  എല്ലാവരും പറഞ്ഞത് ഒരേകാരണമാണ് - ഇമ്മിണി ബല്യ മൂല്യംവച്ച് ദൈനംദിന ഇടപാടുകളില്‍ ഉപകാരമില്ലെന്നു മാത്രമല്ല, ഉപദ്രവം അസാരം ഉണ്ടുതാനും. സംഗതി സത്യത്തില്‍ ദരിദ്രന്റെയും സാധാരണക്കാരന്റെയും ശത്രുവാണ്.  കൈയ്യില്‍ കിട്ടിയപ്പോള്‍ പൊട്ടിക്കാന്‍ നെട്ടോട്ടമോടിയതിന്റെ നാല്പതിലൊന്നു സാധനം പിന്‍വലിച്ചപ്പോള്‍ ഓടിയിട്ടില്ലെന്നതാണ് പരമമായസത്യം. വലിയമൂല്യമുള്ള കറന്‍സികള്‍, അത് യൂറോയായാലും ഡോളറായാലും സഹായിക്കുന്നതായി സായിപ്പ് കണ്ടെത്തിയ വിഭാഗം കള്ളപ്പണക്കാരും നികുതിവെട്ടിപ്പുകാരും വ്യാജനോട്ടടിക്കാരുമാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇതു വൈകിവന്ന വിവേകം എന്നു പറയാം. പക്ഷേ അതുമാത്രം നമ്മളാരും പറയരുത്. പകരം രചിക്കേണ്ടത് മോഡേണ്‍ നാരായണീയമാണ് - നയിച്ചു നിക്ഷേപിച്ച കോടിക്കണക്കിനു രൂപ പിന്‍വലിക്കാനായി ക്യൂനിന്ന് ബോധംകെട്ടുവീണ ദരിദ്രനാരായണന്റെ കദനകഥ പറയുന്ന നാരായണീയം.
രാമാ... ശ്രീരാമാ രാഗത്തില്‍ ആലപിക്കുക...
ബാങ്കേ, സ്റ്റേറ്റ് ബാങ്കേ, തേടിവരുന്നൂ ഞാന്‍...
നിന്‍ നോട്ടിന്‍ മലര്‍വാടീ.... തേടിവരുന്നൂ ഞാന്‍
ടെന്‍സ് റ്റു ഹണ്ട്രഡ്‌സ് (ഗദ്ഗദത്തോടെ)...തേടിവരുന്നൂ ഞാന്‍...

2013 ല്‍  ഇന്ത്യാമഹാരാജ്യത്തെ ശരാശരി കൂലി 255.65 രൂപയായിരുന്നു. 2014ല്‍ അത് 272.19 ആയി. പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മന്ത്രാലയമാണ്.  ഇമ്മിണി ബല്യ ഈ കണക്കു പോട്ടെ. ഈ രാജ്യത്തെ മിനിമം വേജസ് ആക്ട് പ്രകാരം പുതിക്കുയ കൂലിയെത്രയാണെന്നറിയുമോ ബുദ്ധിജീവികള്‍ക്ക്? അതു വെറും 137 ഉലുവയാണ്. അങ്ങിനെ ദിവസക്കൂലി മേടിച്ച മഹാഭൂരിപക്ഷമാണ്  അതെല്ലാം സ്വരുക്കൂട്ടി 500ന്റെയും 1000ത്തിന്റെയും നോട്ടുകെട്ടുകളാക്കി അട്ടിയിട്ട് അതിന്റെ മീതെ ഇപ്പോള്‍ സുഖമായി അന്തിയുറങ്ങുന്നത്.
 ചുരുങ്ങിയത് കേരളമല്ല ഇന്ത്യ എന്നറിയണമായിരുന്നു. തലയില്‍ നേര്‍ബുദ്ധിയൊഴിച്ച് ബാക്കി ഒരുവിധം നീരോട്ടമൊക്കെയുള്ള നമ്മുടെ ബുദ്ധി-മാന്‍മാര്‍ക്ക് പ്രതിഭകളുടെ വാദങ്ങള്‍ വച്ച് ശ്രീനിവാസന് അടുത്ത സിനിമയുടെ വക ഫ്രീയായി കിട്ടിക്കാണും.  500-1000 നോട്ടില്ലാത്തതുകൊണ്ടും ഉള്ളത് പുറത്തിറക്കാന്‍ പറ്റാത്തതുകൊണ്ടും മാത്രം ആത്മഹത്യയുടെ വക്കിന്റെവക്കില്‍ സ്ഥിതിചെയ്യുന്ന ആദിവാസികളുടെ കരളലിയിക്കുന്ന കഥകള്‍,  രണ്ടുകോണകം ഒരിക്കലും ഒന്നായെടുക്കാനില്ലാതിരുന്ന ആന്ധ്രയിലെ കര്‍ഷകരുടെ ആയിരം നോട്ടുപൊട്ടിക്കാനാവാതെയുള്ള ദീനരോദനം. ഹോ!കണ്ണു നിറഞ്ഞുപോവുകയാണ്...

അവര്‍ പറയുന്നതെല്ലാം കേള്‍ക്കുമ്പോള്‍ ആരായാലും ചോദിച്ചുപോവും... സത്യത്തില്‍ ഈ രാജ്യത്തെ കൊടുംഭീകരന്‍ ആരാണ്? ഈ മെഗാശോദ്യത്തിന് ഒരു ക്ലൂ വേണമെന്നു പറയുന്നവനെ താമസിയാതെ തൂക്കിക്കൊല്ലേണ്ടതാണ്, ആരാച്ചാര്‍ ഹാജരില്ലെങ്കില്‍ കല്ലെറിഞ്ഞോ കിട്ടിയിവടികൊണ്ട് തല്ലിക്കൊല്ലുകയോ ആവാം. ഓപ്ഷനില്ലാത്ത ഒറ്റ ഉത്തരമാണത്. കൊടുംഭീകരന്‍മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു. ആളൊരു ഒന്നൊന്നര ഫാസിസ്റ്റും കൂടിയാണ്. ഹിറ്റ്‌ലര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ബോലോ ഭാരത്മാതാ കീന്നും വിളിച്ചു പറന്നുവന്ന് അവിടുതതേക്കു ശിഷ്യപ്പെടുമായിരുന്നു.  ഇനി ഏറ്റവും വലിയ ഭീകരസംഘടന ഏതാണ്?  സംശയം വാക്കിലോ നോക്കിലോ കാണിച്ചെങ്കില്‍ മുക്കാലിയില്‍ കെട്ടി ചുരുങ്ങിയത് മൂവെട്ടിരുപത്തിനാലടിക്കണം. അതാണ് ആര്‍.ബി.ഐ. എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന റിസര്‍വ്വ് ബാങ്ക്.

ഈ ഭീകരസംഘടനയുടെ കണക്കു പ്രകാരം 2014-15ല്‍ ആകെയുള്ള പണത്തിന്റെ 39% 1000ന്റെ നോട്ടുകളും 45% 500ന്റെ നോട്ടുകളുമാണ്. അതായത് ചെറിയ ബുദ്ധിയില്‍ ഒരു കണക്കു കൂട്ടിയാല്‍ മഹാഭുരിപക്ഷത്തിനും ആവശ്യമില്ലാത്തതാണ്  ഈ 84% പണവും. ഇനി കണ്ണു തുറന്നു നോക്കണം. ലോകത്തിന്റെ കണക്കു വച്ച് 80ശതമാനത്തിലേറെ പണവും 20 ശതമാനത്തില്‍ താഴെവരുന്നവരുടെ കൈകളിലാണ്. അവിടെ നിന്നും നാം ഇന്ത്യയിലോട്ടു വന്നാല്‍ 2015 ഒക്ടോബറിലെ ക്രഡിറ്റ് സൂയിസ് റിപ്പോര്‍ട്ടു ഒന്നു നോക്കുന്നത് മനസ്സിനു നല്ലതാണ്. അതായത് 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്.  പോരാ, ഈ ഒരു ശതമാനത്തിന്റെ കൈയ്യില്‍ 2000ല്‍ ഉണ്ടായിരുന്നത് 36.8 ശതമാനം മാത്രമായിരുന്നു. അതാണ് അവസ്ഥ. ഇനി, 2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കൈയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. പോരാ, 2000ല്‍ ഈ 10 ശതമാനത്തിന്റെ കൈയ്യിലുണ്ടായുരുന്നത് 65.9 ശതമാനമായിരുന്നു. ഒന്നുകൂടി വൃത്തിയാക്കിയാല്‍ ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. അപ്പോള്‍ ഈ നടപടികള്‍ ഉറക്കം കെടുത്തുന്നത് ആരെയാണെന്ന്  സ്വന്തം ബുദ്ധി തട്ടിന്‍പുറത്തുകയറ്റിവയ്ക്കാത്ത ആര്‍ക്കും മനസ്സിലാവുന്നതേയുള്ളൂ.

ഈ സമ്പത്തിന്റെ ശതമാനക്കണക്കില്‍, ഒരു കഴഞ്ച് സാമൂഹ്യശാസ്ത്രം  ലയിപ്പിച്ചെടുത്താല്‍ കിട്ടുന്നതാണ് വ്യാപകമായ നെഞ്ചത്തടിയുടെയും നിലവിളിയുടെയും നിരര്‍ത്ഥകത. ആദ്യം പറയുന്നു. ജനം 500ഉം 1000വും മാറ്റാനാവാതെ പൊറുതിമുട്ടുന്നു, കള്ളപ്പണക്കാര്‍ക്കു ബേജാറില്ല. സംഗതി പൊളിഞ്ഞു.  പ്രധാനമന്ത്രിയെ വെടിവെച്ചുകൊല്ലണം. സത്യത്തില്‍ ഇന്ത്യാമഹാരാജ്യത്തെ ശരാശരി പ്രതിദിന വരുമാനം മുന്നൂറുരൂപയില്‍ താഴെയുള്ളവരെക്കൊണ്ടാണ് ഈ പറഞ്ഞത്. മന്ദബുദ്ധികളുടെ സംവാദം അവിടെനിന്നും ബഹുദൂരം പിന്നെയും മുന്നോട്ടുപോയി. നോട്ടുകള്‍ അസാധുവാക്കിയിട്ടും കള്ളപ്പണക്കാരാരും ബേജാറാവാത്തതു ഒന്നുകൊണ്ടുമാത്രം ബേജാറായിപ്പോയ ബുദ്ധിജീവികളുടെ അടുത്ത കടുപ്പപ്പെട്ട നിരീക്ഷണം വന്നു.  ഇത് കേരളത്തിലെ സഹകരണമേഖലയെ പൊളിക്കാനുള്ള നീക്കമാണ്, അതിനുമാത്രമുള്ള നീക്കമാണ്.  കേരളത്തിലെ സഹകരണബാങ്കുകള്‍ക്ക് ഇനി സിങ്കപ്പൂരിലെ നിയമമായിരിക്കുമോ ബാധകം എന്നു സംശയം ചിലര്‍ക്കെങ്കിലും തോന്നിക്കാണണം. റിസര്‍വ്വ് ബാങ്കിന്റെ കീഴിലുള്ള സഹകരണബാങ്കുകള്‍ക്ക് തോന്നിയപോലെ പ്രവര്‍ത്തിക്കാനുള്ള അനുമതിക്ക് നിലവില്‍ നിയമമുണ്ടോയെന്നറിയില്ല. ഇനി ഇല്ലെങ്കില്‍, എല്ലാ സഹകരണബാങ്കുകളുടെയും ബോര്‍ഡ് യോഗം കൂടി അതങ്ങു തീരുമാനിച്ചാല്‍ മതിയാവും. ആ മിനിറ്റ്‌സിന്റെ ഓരോ കോപ്പി, ഫോര്‍ ഇമ്മീഡിയറ്റ് ആന്റ് നെസസ്സറി ആക്ഷന്‍ എന്നൊരു കുറിപ്പോടെ ആര്‍.ബി..ഐ ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കാന്‍ മറക്കരുതെന്നുമാത്രം. സഹകരണബാങ്കുകളുടെ സകല പ്രശ്‌നങ്ങള്‍ക്കും അതോടുകൂടി ഒരു ശാശ്വതപരിഹാരമാവാതിരിക്കില്ല.

അങ്ങു വടക്കുനിന്നൊരു വാര്‍ത്ത കാണുന്നു. പണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം പേരെഴുതിയ കോട്ട് 4.3 കോടി രൂപക്ക് കച്ചവടം നടത്തി ഞെട്ടിച്ച  ലാല്‍ജിഭായ് പട്ടേലിനെ ഓര്‍ക്കുന്നുണ്ടാവും. രക്ഷയില്ലെന്നു കണ്ട് 500ും 1000വുമായി കൂട്ടിവച്ച ചില്ലറ സമ്പാദ്യം, അതായത് വെറും 6000 കോടി മൂപ്പര്‍ സര്‍ക്കാരിലേക്കടച്ചു എന്നു കേള്‍ക്കുന്നു. വാര്‍ത്ത സത്യമാണെങ്കില്‍, സപ്തംബര്‍ 30 വരെ കള്ളപ്പണം വെളുപ്പിക്കാനുള്ള അന്ത്യശാസനത്തിലും കുലുങ്ങാത്ത കേളനാണ്, ഇപ്പോ പാലം പൊളിഞ്ഞ് ഖജനാവില്‍ തന്നെ വീണിട്ടുള്ളത്.

ഇനി ഈ അദ്ഭുതപ്രവൃത്തിയില്‍ ഹലാക്കായ ഒരു വിഭാഗം
വിതുമ്പിക്കരയുന്നുണ്ട്, മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുമുണ്ട്.  നമ്മുടെ ആത്മീയാചാര്യരാണ്. തെക്കോട്ടുള്ള വാക്കും വടക്കോട്ടുള്ള പ്രവൃത്തിയും ഏറ്റുമുട്ടുമ്പോള്‍ ചിതറുന്ന ആത്മീയവെളിച്ചത്തില്‍ കണ്ണഞ്ചിപ്പോവുന്ന അനുയായികളുടെ കണ്‍കണ്ട ദൈവങ്ങളാണവര്‍. നേരെവാ നേരെപോ എന്നുചിന്തിക്കുന്നവരുടെ കണ്ണിലെ പക്കാ ക്രിമിനലുകളും. നാട്ടിലെ നിയമങ്ങള്‍ മുഴുവനായും ലംഘിച്ചുകൊണ്ട് നോട്ടുകള്‍ സ്വന്തം ഗോഡൗണുകളില്‍ അട്ടിയിട്ടുകൊണ്ട് ലോകത്തിനു ആത്മീയവെളിച്ചവും നേരിന്റെ മാര്‍ഗവും മുടങ്ങാതെ ഉപദേശിക്കുന്ന മഹാസന്ന്യാസികളും സന്ന്യാസി ശ്രേഷഠരും. ഒരു ഫെയ്‌സ്ബുക്ക് ബുദ്ധിമാന്‍ കണക്കുകൂട്ടിയതു കണ്ടു. ഒരു ദിവസത്തെ ഹര്‍ത്താലിനുള്ള നഷ്ടം വച്ച് ഈ സാമ്പത്തിക അടിയന്തരാവസ്ഥ അഥവാ ഹര്‍ത്താല്‍ 50 ദിവസം നിന്നാലുള്ള സഹസ്രകോടികളുടെ നഷ്ടത്തിന്റെ കണക്ക്. നമ്മുടെ പഴയ മലര്‍പ്പൊടിക്കാരന്റെ ആ കഥ പറഞ്ഞയാളോട് നാളിതുവരെയായി എനിക്കിത്ര ബഹുമാനം തോന്നിയിരുന്നില്ല.  നമ്മുടെ കടുപ്പപ്പെട്ട ബുദ്ധിജീവികള്‍ അഥവാ മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്‍മാര്‍ ആയിരത്തിന്റെ അകാലചരമത്തില്‍ വിലപിച്ചത് ആരെങ്കിലും ശേഖരിക്കുകയാണെങ്കില്‍, നമ്മുടെ സാഹിത്യത്തിന് അതൊരു മുതല്‍ക്കൂട്ടാവും. രമണന്‍ പോലൊരു മഹാകാവ്യം.

ആയിരം നോട്ടൊന്നു മാറീടുവാന്‍
ഞാനും വരട്ടെയോ നിന്റെ ക്യൂവില്‍
പാടില്ല, പാടില്ല ക്യൂവിന്‍ നിയമം
പാടെ മറന്നൊന്നും ചെയ്തുകൂടാ.....




No comments: