Thursday, November 17, 2016

സഹകരണപ്രസ്ഥാനങ്ങളും വഴിതെറ്റുന്ന വിമര്‍ശനങ്ങളും

ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്‌
കേരളത്തിലെ സഹകരണപ്രസ്ഥാനം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. വെളുത്ത പണവും കറുത്ത പണവും നാടുവാഴുമ്പോള്‍, കറുത്തതുപോവട്ടെ, വെളുത്തതുതന്നെ കണികാണാനില്ലാതിരുന്ന കാലത്ത് അവരുടെ ആവശ്യങ്ങള്‍ക്കായി ഒരു ജനത കൈകോര്‍ത്തതിന്റ ഫലമാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങള്‍. എന്റെ സ്ഥലമായ പന്ന്യന്നൂര്‍ പഞ്ചായത്തിലെ മനേക്കരയില്‍ ഒരു ക്ഷീരോത്പാദക സഹകരണസംഘമുണ്ട്. ക്ഷീരകര്‍ഷകരുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തിയത് ആ സഹകരണപ്രസ്ഥാനമാണ്. ഞാനോര്‍ക്കുന്നുണ്ട്, അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന നാരായണേട്ടനെ, നാരായണന്‍ നമ്പ്യാര്‍ എന്ന നാട്ടുകാരുടെ ഓക്ക നമ്പ്യാര്‍. അവിടെ ഒരു നാടിന്റെ മുഖച്ഛായ തന്നെ മാറ്റുക എന്ന ദൗത്യമായിരുന്നില്ലെങ്കില്‍, നമുക്ക് അപ്രാപ്യമായ പദവിയില്‍ എവിടെയോ വിരാജിക്കേണ്ടിയിരുന്ന മഹാപ്രതിഭ. അദ്ദേഹവും സ്‌നേഹപൂര്‍വ്വം പതിറ്റാണ്ടുകള്‍ക്കിപ്പുറവും പാല്‍പവി എന്നു നാട്ടുകാര്‍ വിളിക്കുന്ന കൊഞ്ഞങ്കണ്ടി പവിയേട്ടനും പാലും തൂക്കി വീടുകളാകെ കയറിയിറങ്ങി വിതരണം തുടങ്ങിയേടത്തുനിന്നു തുടങ്ങുകയാണ് ആ സംഘത്തിന്റെ വിജയഗാഥ. മറ്റൊരു സ്ഥാപനം പന്ന്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. 1988 ല്‍ ഞാനോര്‍ക്കുന്നുണ്ട്, പത്തുരൂപ അംഗത്വത്തില്‍ എത്ര പേര്‍ ആ സ്ഥാപനത്തിന്റെ ഭാഗമായിരുന്നിട്ടുണ്ടെന്ന്. അന്നത്തെ കാര്‍ഷികവായ്പയായ 1000 രൂപയെ ആശ്രയിച്ച് ജീവിതം കെട്ടിപ്പടുത്ത എത്ര പേര്‍ നാട്ടിലുണ്ടായിരുന്നെന്നും. മനേക്കരയിലിന്നുള്ള ബാങ്കിന്റെ മെമ്പര്‍മാരില്‍ കുറച്ചുപേരുടെയെങ്കിലും അപേക്ഷാഫോറം പൂരിപ്പിച്ചിട്ടുണ്ടാവുക ഞാനായിരിക്കും. അന്നത്തെ നിക്ഷേപ സമാഹരണത്തിന്റ ബുദ്ധിമുട്ടുകളും നന്നായറിയാം. വീടുകളില്‍ പോയി ഉള്ളതു നിക്ഷേപിക്കുവാനും പരിചയമുള്ളവരെകൊണ്ട് നിക്ഷേപിപ്പിക്കുവാനുള്ള ശ്രമങ്ങളുമൊക്കെയാണ് നടന്നിരുന്നത്.

പിന്നീട് ഞാന്‍ അടുത്തറിഞ്ഞൊരു സ്ഥാപനമാണ് റബ്‌കോ. എത്രയോ ജീവനക്കാര്‍ ജോലിചെയ്യുന്നിടം. ഇനി, വാഗ്ഭടാനന്ദന്‍ എന്ന മഹാപ്രതിഭ തിരിതെളിച്ച് ഒരു സ്ഥാപനമുണ്ട്, ലോകത്തെ ഏതു കോര്‍പ്പറേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയോടും കിടപിടിക്കാന്‍ കെല്പുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി. ജീവിതം വഴിമുട്ടിയ തൊഴിലാളികള്‍ക്ക് ഒരുനേരം വച്ചുണ്ണാനുള്ള വക ലക്ഷ്യമുട്ടു തുടങ്ങിയ ഊരാളുങ്കല്‍ ഇന്നൊരു മഹാപ്രസ്ഥാനമാണ്, അതു കെട്ടിപ്പടുത്തതും വളര്‍ന്നതും വെള്ളപ്പണം കൊണ്ടുതന്നെയാണ്. ഇതൊന്നും കള്ളപ്പണത്തിന്റ പുറത്താണ് കെട്ടിപ്പടുത്തിയതെന്ന് ഞാന്‍ കരുതുന്നില്ല.  ഇപ്പറഞ്ഞവരുടെയൊന്നും ഹാജര്‍പട്ടികയില്‍ 10000 ഫിക്റ്റീഷ്യസ് ജീവനക്കാരുണ്ടായിരുന്നില്ല, അതുണ്ടായിരുന്നത് പേരില്‍ മാത്രം സത്യമുണ്ടായിരുന്ന ആ കോര്‍പ്പറേറ്റ് സ്ഥാപനത്തിലാണ് - സത്യത്തില്‍.

ഇനി ചരിത്രത്തിലേക്കു കടന്നാല്‍ സഹകരണപ്രസ്ഥാന ആശയങ്ങളും കടല്‍കടന്നെത്തിയതാവണം. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും സഹകരണസ്ഥാപനങ്ങളുടെ ആശയസംഹിതകളില്‍ വേരുകളുണ്ടാവാം. ന്യായമായും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ ചൂഷണത്തിനെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമാവണം സഹകരണപ്രസ്ഥാനങ്ങള്‍. കാരണം, ഐക്യകേരളം രൂപീകരിക്കപ്പെടുന്നതിനു മുന്നേതന്നെ ട്രാവന്‍കൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും കൊച്ചിന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും മദ്രാസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്ും നിലവിലുള്ളതായി കാണുന്നു. കേരളസംസ്ഥാന രൂപീകരണശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് 1969 വരുന്നത്. ഇന്നലത്തെ ഉദാരവല്ക്കരണ മഴക്കു മുളച്ച കോര്‍പ്പറേറ്റ് തവരകളും 'വീണുകിട്ടിയ' ഇടിക്കുമുളച്ച കൂണുകളും ചിലത് സഹസ്രകോടികളുടെ കഥപറയുമ്പോള്‍ സഹകരണപ്രസ്ഥാനങ്ങളുടെ വഴി അതായിരുന്നില്ല, അതാവാന്‍ കഴിയുകയുമില്ല. 

ഇനി ഇന്നത്തെ പ്രതിസന്ധിയിലേക്കു വരാം. 2016 ജനുവരി 10ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഡെക്കാണ്‍ ക്രോണിക്കിള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെ ക്വോട്ട് ചെയ്ത് എഴുതുന്നു - 30000 കോടിയോളം രൂപയുടെ കള്ളപ്പണം സഹകരണ ബാങ്കുകളിലുണ്ട്. റിപ്പോര്‍ട്ട് തുടരുന്നു, ഉറവിടം വെളിപ്പെടുത്തപ്പെടാത്ത മലബാര്‍ മേഖലയിലെ അക്കൗണ്ട് ഉടമകള്‍ക്ക് വകുപ്പ് 11000 നോട്ടീസുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ഒരു കാര്യം വ്യക്തമാണ്. ബാങ്കുകള്‍ അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ നല്കിയിട്ടുണ്ട്. പ്രചരണം മറിച്ചാണ്. എങ്ങിനെയാണ് അതു മറച്ചുപിടിക്കാന്‍ കഴിയുക? നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തില്ലാതായിപ്പോയോ?

ഇനി തിരിച്ചു പത്രത്തിലേക്ക്. ഈ നോട്ടീസ് അയച്ചുവിളിപ്പിച്ചവരില്‍ നിന്നും നികുതിയിനത്തില്‍ 29.62 കോടി രൂപ് പിരിച്ചെടുത്തിട്ടുണ്ട്. നോട്ടീസിനോടു പ്രതികരിക്കാത്ത 4000 നിക്ഷേപകര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നിരീക്ഷണത്തിലാണെന്നും ഡെക്കാണ്‍ ക്രോണിക്കിള്‍ പറയുന്നു. അപ്പോള്‍ മലബാര്‍ മേഖലയില്‍ KYC ഫോറം നല്കിയില്ലെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല. നല്കാത്തവര്‍ക്ക് ഇനിയും നല്കാവുന്നതേയുള്ളൂ. ഇനി നിലവിലെ ഇന്‍കം ടാക്‌സ് നിയമമനുസരിച്ച് അത്തരം നികുതിവെട്ടിപ്പു കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ ഇന്‍കംടാക്‌സ് വകുപ്പിനു നല്കിയാല്‍ അവരില്‍ നിന്നും വകുപ്പ് പിരിച്ചെടുക്കുന്ന നികുതിയുടെ 5% പ്രതിഫലമായി വിവരം നല്കിയ വ്യക്തിക്കു ലഭിക്കുന്നതുമാണ്. ചിലരുടെയെങ്കിലും പേരുവിവരം കൊടുത്താല്‍ തന്നെ ലക്ഷാധിപതികളാവാനുള്ള ചാന്‍സുള്ളപ്പോള്‍ ബാങ്ക് ജീവനക്കാര്‍ സ്വയം പേടിയുണ്ടെങ്കില്‍ ആരെയെങ്കിലും ബിനാമിയാക്കി അതു കൊടുക്കാനുള്ള ചാന്‍സുമുണ്ട്.

നിലവിലുള്ള നിയമം വച്ച് 3000 സ്‌ക്വയര്‍ ഫീറ്റിനു മീതെയുള്ള വീടുകള്‍ നിര്‍മ്മിച്ചവരോട് പണത്തിന്റെ ഉറവിടം നല്കാന്‍ വകുപ്പ് നോട്ടീസ് നല്കിയിട്ടുണ്ടെന്ന് ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നു. അതിനുമീതെയുള്ള വീടുകള്‍ സാധാരണക്കാര്‍ക്ക് പണിയാനാവില്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.  ഇതിന് ബാങ്കില്‍ പോവേണ്ട കാര്യമൊന്നുമില്ലല്ലോ?  അത്തരം വീടുകളുടെ വിവരങ്ങള്‍ നല്കാന്‍ വീടുകളുടെ പ്ലാന്‍ അംഗീകരിച്ച പഞ്ചായത്തുകളോടും മുനിസിപ്പാലിറ്റികളോടും മറ്റു സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടാല്‍ മതിയാവുന്നതാണെന്നു തോന്നുന്നു. അവര്‍ നല്കിയില്ലെങ്കില്‍ അതു പിടിച്ചെടുക്കാനുള്ള സംവിധാനങ്ങള്‍ ഈ രാജ്യത്തുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഇനി അവസാനിപ്പിക്കാം. 2015ല്‍ ഇന്ത്യാമഹാരാജ്യത്തിന്റെ സമ്പത്തില്‍ 53%വും കൈവശം വച്ചിരിക്കുന്നത് വെറും 1% പേരാണ്. കേരളം ഇന്ത്യയില്‍ തന്നെയായ സ്ഥിതിക്ക് ഈ കണക്ക് ശരിയാവാം, ചില്ലറ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം മാത്രം.  2015ല്‍ രാജ്യത്തിന്റെ 76.3 ശതമാനം സമ്പത്തും കെയടക്കിവച്ചിരിക്കുന്നത് വെറും 10 ശതമാനം പേരാണ്. മറ്റൊരു കണക്കു പ്രകാരം ഇന്ന് 90% ജനതയുടെ കൈയ്യിലുള്ളത് മൊത്തമെടുത്താല്‍ രാജ്യത്തെ ആകെ സമ്പത്തിന്റെ നാലിലൊന്നു മാത്രമേയുള്ളൂ. ഇതൊക്കെ സര്‍ക്കാരിന്റെ തന്നെ കണക്കുകളാവുമ്പോള്‍, മൈക്രോ മൈനോറിറ്റിയായ കള്ളപ്പണക്കാരെ ശിക്ഷിക്കാനായി, സഹകരണപ്രസ്ഥാനത്തെ, അതിലെ നിക്ഷേപകരും ഗുണഭോക്താക്കളും ജീവനക്കാരുമായവരെ പെരുവഴിയാധാരമാക്കേണ്ട അവസ്ഥ ഉണ്ടെന്നുതോന്നുന്നില്ല. നിലവിലുള്ള സര്‍ക്കാര്‍ നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിച്ചുവേണം നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ എന്ന് അതതു ഭരണസമിതികള്‍ കൃത്യമായി ജീവനക്കാരെ ബോധവല്ക്കരിക്കണം. അതുനുള്ള നടപടികള്‍ അടിയന്തിരമായി ഉണ്ടാവുകയും വേണം. പ്രതിസന്ധികള്‍ ഉടന്‍ അവസാനിക്കട്ടെ.


No comments: