Thursday, November 10, 2016

ട്രംപ്: ദി ആര്‍ട് ഓഫ് ദ ഡീല്‍, കളിയും കാര്യവും






ട്രംപ്: ദി ആര്‍ട് ഓഫ് ദ ഡീല്‍ എന്നൊരു പുസ്തകമുണ്ട്. 1987ല്‍ പ്രസിദ്ധീകരിച്ചതും ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ തുടര്‍ച്ചയായി ആഴ്ചകളോളം ഒന്നാംസ്ഥാനം നേടിയ പുസ്തകം. ഡൊണാള്‍ഡ് ട്രംപ് പുസ്തകം ടോണി ഷ്വാര്‍ട്‌സുമായി ചേര്‍ന്നെഴുതി എന്നു ട്രംപും, അല്ല ഗോസ്റ്റ് റൈറ്ററായി താന്‍ മൂപ്പരെ ഇന്റര്‍വ്യൂ ചെയ്തും മൂപ്പരുടെ ഫോണ്‍സംഭാഷണങ്ങള്‍ ഒളിഞ്ഞുകേട്ടു തെളിച്ചെഴുതി എന്നു ഷ്വാര്‍ട്‌സും പറയുന്നു. ഒളിഞ്ഞുകേട്ടു എന്നുവച്ചാല്‍ ട്രംപിന്റെ സമ്മതപ്രകാരം ട്രംപിന്റെ ബിസിനസ് കാര്യ സംഭാഷണങ്ങളും മറ്റും എക്സ്റ്റന്‍ഷന്‍ ഫോണിലൂടെ കേട്ടു എന്നുമാത്രം. ട്രംപിന്റെ ശൈലിയും കൈയ്യിലിരിപ്പും വച്ചു നോക്കിയാല്‍ അതു സംഭവിക്കാവുന്നതേയുള്ളൂ. എങ്കിലും ട്രംപ് മാന്യനാണ്. കരാര്‍പ്രകാരമുള്ള കാശു കൃത്യം കൃത്യമായി കൊടുത്തു, പോരാത്തതിന് പുസ്തകത്തിന്റെ കവര്‍ പേജില്‍ ടോണി ഷ്വാര്‍ട്‌സിന്റെ പേര് തന്റെ പേരിന്റെ അതേ വലുപ്പത്തില്‍, അതേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തുകാരന്‍ സ്വയം അവകാശപ്പെടുന്നതുപോലെ വെറുമൊരു ഗോസ്റ്റ് റൈറ്ററായിരുന്നെങ്കില്‍ അതുതന്നെ ട്രംപിന്റെ ഔദാര്യം എന്നു പറയണം. പിന്നീടു കിട്ടിയ റോയല്‍റ്റി അതിലേറെ വലിയ ഔദാര്യവും.


ഒരു പകുതിപ്രജ്ഞയില്‍ ട്രംപിന്റെ ജീവിതവും മറുപകുതിപ്രജ്ഞയില്‍ ട്രംപിന്റെ കച്ചവടവുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഒട്ടനവധി ബിസിനസ്സുകാരില്‍ ഒരാള്‍മാത്രമായ ട്രംപിനെ അമേരിക്കയാകമാനം അറിയപ്പെടുന്ന വന്‍വിജയിയായ ബിസിനസ്സുകാരനാക്കിയത് ബിസിനസ്സായിരുന്നില്ല, ഈ പുസ്തകമായിരുന്നൂവെന്നു നിരീക്ഷിക്കപ്പെടുന്നു. ട്രംപിന്റെ കൂര്‍മ്മബുദ്ധിയുടെ വേരുകള്‍ അവിടെയാണ്. ഒട്ടനവധി വൈരുദ്ധ്യങ്ങളുടെ വിളനിലമായാണ് പിന്നീട് ടോണി ഷ്വാര്‍ട്‌സ് ട്രംപിനെ വിശേഷിപ്പിക്കുന്നത്. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമായതുകൊണ്ടായിരുന്നു മൂപ്പരുടെ ബിസിനസ് കാര്യങ്ങള്‍ നേരിട്ടുള്ള കോളുകളിലൂടെ തന്നെ അറിയാന്‍ ശ്രമിച്ചത് എന്നു ഷ്വാര്‍ട്‌സ് പറയുന്നതും നമുക്ക് തള്ളിക്കളയാനാവില്ല. കാരണം അതു ചെയ്യുവാന്‍ ട്രംപ് അനുവദിച്ചു എന്നതു തന്നെ. 

ബിസിനസ് സാമ്രാജ്യത്തില്‍ നിന്നും അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തലപ്പത്തേക്ക് ട്രംപിന് നടന്നുകയറാന്‍ ചവിട്ടുപടിയായതും ഈ പുസ്തകം തന്നെയെന്നു വിലയിരുത്തപ്പെടുന്നു. അത്രമേലാണ് ഒരു പുസ്തകത്തിന്റെ സ്വാധീനം എന്നറിയുന്നിടത്താണ് രസകരമായ വസ്തുത. കാരണം, എല്ലാവര്‍ക്കും താത്പര്യം വിജയത്തിലേക്കുള്ള കുറുക്കുവഴികളാണ്, ജീവിതവിജയത്തിലേക്കുള്ള നേര്‍വഴിയികളല്ല. മറ്റുള്ളവര്‍ വെട്ടിയ വഴിയിലൂടെ സുരക്ഷിതമായി നടന്നുകയറുന്ന തീര്‍ത്ഥാടനമാണ് ഭൂരിഭാഗത്തിന്റെ ജീവിതവും. സ്വന്തം വഴിവെട്ടുന്ന സാഹസികയാത്രികര്‍ അപൂര്‍വ്വമാണ്. ഇനി സ്വന്തം വഴി വെട്ടുന്നവര്‍കൂടി, മറ്റുള്ളവരുടെ സാഹസികയാത്രയുടെ അനുഭവം കണ്ടറിയുക സാഭാവികം. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവും കൂടുതല്‍ ഒരു പക്ഷേ വായിക്കപ്പെടുന്നത് ലീഡര്‍ഷിപ്പ്, ബിസിനസ് വിജയവിഭാഗത്തില്‍ പെട്ട പുസ്തകങ്ങളാവുന്നത് സ്വാഭാവികം. 

തിരഞ്ഞെടുപ്പു പ്രചരണവേളയില്‍, തന്റെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നായി ട്രംപ് ഉയര്‍ത്തിക്കാട്ടിയത് ഈ പുസ്തകമായിരുന്നു. സ്വന്തം കൃതിക്കു മീതെയൊരു ഗ്രന്ഥം അദ്ദേഹത്തിന്റെ കണക്കിലുള്ളത് ബൈബിള്‍ മാത്രമാണെന്നു തുറന്നുപറയുകയും ചെയ്തു. അങ്ങിനെ പ്രചരണത്തില്‍, ജീസസിനെയും കൂടെ കൂട്ടി. പുസ്തകം വീണ്ടും വിറ്റു. പ്രചരണവും പൊടിപൊടിച്ചു കച്ചവടവും. പുസ്തം മുന്നോട്ടുവെയ്ക്കുന്നത് 11 വിജയമന്ത്രങ്ങളാണ്. അതിലാദ്യത്തേത് തിങ്ക് ബിഗ്, അതായത് ഉന്നതമായ ചിന്ത. അതിലവസാനത്തെ മന്ത്രം ഹാവ് ഫണ്‍ എന്നതാണ്. ഇതു രണ്ടും എത്രത്തോളം തന്റെ വളര്‍ച്ചയില്‍ സഹായിച്ചു എന്നതിന് ഈ പ്രചരണകോലാഹലം തന്നെയായിരുന്നു സാക്ഷി.  കാരണം ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടാവുമെന്ന് ട്രംപല്ലാതെ ലോകത്താരും കരുതിയിരുന്നില്ല. അവസാനം പറഞ്ഞ ഹാവ് ഫണ്‍ ഒരു കുറവുമില്ലാതെ നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവും അദ്ദേഹത്തെ പറ്റി പ്രചരിച്ച കൈകളികഥകളാവണം. 

റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായ ഡൊണാള്‍ഡ് ട്രംപുമായി തനിക്കുണ്ടായിരുന്ന അനുഭവസമ്പത്തു പങ്കുവെക്കുവാന്‍ സ്റ്റാന്‍ഫോര്‍ഡ് ഡെയ്‌ലിയിലെത്തിയ ഷ്വാര്‍ട്‌സ് താന്‍ 30 വര്‍ഷം മുന്നേ എഴുതി പ്രശസ്തനാക്കിയ ബിസിനസ്സുകാരന്‍ ഇന്ന് അമേരിക്കന്‍ പ്രസിഡണ്ടാവാന്‍ മത്സരിക്കുമെന്നു തീരെ പ്രതീക്ഷിച്ചില്ലെന്നും, അതിനു കൊള്ളില്ലെന്നും തുറന്നടിച്ചു. മൂപ്പര്‍ പുസ്തകമെഴുതാനുണ്ടായ കാരണം സിമ്പിള്‍ - സരസ്വതിയെ തള്ളി മഹാലക്ഷ്മിയോടൊപ്പം ശയിച്ചു. പിന്നെ എഴുത്തുകാരനെന്ന് നാലാളറിയാനുള്ള കുറുക്കുവഴി. ന്യായമായും ഷ്വാര്‍ട്‌സിന്റെ ഒരു വിരല്‍ ട്രംപിനു നേരെ ഉയരുമ്പോള്‍ നാലുവിരലും അയാള്‍ക്കുനേരെ തന്നെ തിരിയുന്ന സ്ഥിതി. ധാര്‍മ്മികത ട്രംപിന്റേതുമാത്രമല്ല, ചോദ്യം ചെയ്യപ്പെട്ടത് ഷ്വാര്‍ട്‌സിന്റേതുകൂടിയാണ്.  താന്‍ ന്യൂയോര്‍ക്കില്‍ ഒരു പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഗാന്റ് സെന്‍ട്രല്‍ സ്റ്റേഷനിലെ സ്വപ്‌ന ഹോട്ടല്‍ സമുച്ചയപദ്ധതി നടപ്പിലാക്കാനായി അവിടുള്ള വാടകക്കാരെ ഒഴിപ്പിക്കാന്‍ ട്രംപ് നടത്തിയ കുതന്ത്രങ്ങളെക്കുറിച്ച് ഒരു ഫീച്ചര്‍ ട്രംപിന്റെ മുഖം കവര്‍ പേജാക്കി അച്ചടിച്ചുവന്നതോടെയായിരുന്നു ഗോസ്റ്റ് റൈറ്ററായി ഉയരുന്ന തലത്തിലേക്കു ബന്ധം വളര്‍ന്നതെന്ന് അയാള്‍ പറയുന്നു. അതായത് ആ വിമര്‍ശനത്തെ ട്രംപ് ഒന്നുകില്‍ സഹിഷ്ണുതയോടെ കണ്ടു അല്ലെങ്കില്‍ വലിയ വിലകൊടുത്തു അവസാനിപ്പിക്കുന്നതിലും നല്ലത് ചെറിയ വിലയ്ക്ക് കച്ചവടമുറപ്പിക്കലാണെന്നു ബുദ്ധിപൂര്‍വ്വം തീരുമാനിച്ചു. ഏതായാലും മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഒരുപക്ഷേ അതാകുമായിരുന്നു അയാളുടെ അവസാനത്തെ ഫീച്ചര്‍. 


കടപ്പാട്: ന്യൂയോര്‍ക്കര്‍.കോം
അസ്സലൊരു തഗ് അഥവാ തെമ്മാടിയുടെ അല്ലെങ്കില്‍ കൊള്ളക്കാരന്റെ പരിവേഷമായിരുന്നു മൂപ്പര്‍ മുഖചിത്രത്തിലൂടെയും, വിവരണത്തിലൂടെയും ട്രംപിനു ചാര്‍ത്തിക്കൊടുത്തതെന്നു അയാള്‍ തന്നെ പറയുന്നു.  പക്ഷേ വ്യത്യസ്തനാമൊരു കച്ചവടരക്കാരനാം ട്രംപ് അതേറെ ഇഷ്ടപ്പെട്ടു. വൃത്തികെട്ട സ്വന്തം ഫോട്ടോ വൃത്തിയായി ഫ്രെയിം ചെയ്ത് മൂപ്പര്‍ സ്വന്തം ഓഫീസില്‍ തലക്കുമുകളില്‍ പ്രതിഷ്ഠിച്ചു. ട്രംപിന്റെ നിരീക്ഷണത്തില്‍ നെഗറ്റീവ് പബ്ലിസിറ്റി എന്നൊന്നുണ്ടായിരുന്നില്ല. അതും ഒരു പബ്ലിസിറ്റി തന്നെയെന്നു കൂട്ടി. പിന്നെ താമസിച്ചില്ല, എഴുത്തുകാരനെ വിളിച്ച് ആത്മകഥയുടെ പണികൂടി അങ്ങേല്‍പിച്ചു. അങ്ങിനെ നോക്കുമ്പോള്‍ വൈരുദ്ധ്യങ്ങളുടെ തറയില്‍ കെട്ടിപ്പൊക്കിയ സമാനതകളില്ലാത്ത വ്യക്തിത്വമാവുന്നു ട്രംപ്. 18 മാസത്തോളം എട്ടുപത്തു മണിക്കൂര്‍ കൂടെ നടന്നിട്ടും പിടികിട്ടാത്ത നിഗൂഢതയായി എഴുത്തുകാരനു ട്രംപ്.  വാക്കു വടക്കോട്ടെങ്കില്‍ വാസു തെക്കോട്ടേക്കെന്ന ശൈലി. അപ്പോഴാണ്, അക്കാര്യം തുറന്നുപറഞ്ഞ് ഫോണ്‍സംഭാഷണങ്ങള്‍ സമാന്തരലൈനിലൂടെ കേള്‍ക്കാനുള്ള സമ്മതവും എഴുത്തുകാരന്‍ നേടിയത്. എല്ലാം നോക്കുമ്പോള്‍ ട്രംപ് അങ്ങിനെയാണ്, വൈരുദ്ധ്യങ്ങളുടെ രാജകുമാരന്‍.

വാ വിട്ട വാക്കും കൈവിട്ട പുസ്തകവുമെന്നായി പിന്നീട് കാര്യങ്ങള്‍. ഗോസ്റ്റ് റൈറ്റര്‍ അഥവാ അദൃശ്യരചയിതാവ് ട്രംപുമായി തെറ്റി. എങ്കിലും പുസ്തകം ഒരു ഡസനിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഷ്വാര്‍ട്‌സുമായി ചേര്‍ന്നെഴുതി എന്നു ട്രംപും, ചില്ലറ വരികള്‍ കുത്തിക്കളഞ്ഞതല്ലാതെ, ട്രംപ് ഒരു വരിപോലും എഴുതിയില്ലെന്നു ഷ്വാര്‍ട്‌സും, തനിക്കു ഒരു പോസ്റ്റുകാര്‍ഡുപോലും ട്രംപില്‍ നിന്നു കിട്ടിയിട്ടില്ലെന്നു ആദ്യ പബ്ലിഷറും - മൊത്തം ജഗപൊഗ.  2016 ജൂലൈയില്‍  ദ ന്യൂയോര്‍ക്കറില്‍ ഷ്വാര്‍ട്‌സ് തുറന്നടിച്ചു - ആ പുസ്തകം എഴുതിയതില്‍ ഞാനിന്നു ഖേദിക്കുന്നു. ഇന്നായിരുന്നെങ്കില്‍ ആ പുസ്തകത്തിന് ദി സോഷ്യോപത് (സാമൂഹ്യവിരുദ്ധന്‍)  എന്നു പേരിടുമായിരുന്നു എന്നും വച്ചു കാച്ചി. എ.ബി.സി യുടെ ഗുഡ് മോര്‍ണിങ് അമേരിക്ക എന്ന പരിപാടിയില്‍ ഒന്നുകൂടി ഷ്വാര്‍ട്‌സ് മുന്നോട്ടുപോയി ഒരു പന്നിക്ക് ലിപ്സ്റ്റിക് ഇട്ടുകൊടുത്ത പണിയായി പുസ്തകത്തെ സ്വയം വിലയിരുത്തി. ഒരാവേശത്തിന് കിണറ്റില്‍ ചാടി എന്നു പറഞ്ഞാല്‍ മതിയല്ലോ?  ഇന്നോളം പുസ്തകത്തിന്റെ പേരിലുള്ള മുഴുവന്‍ അവകാശവും ഉപേക്ഷിക്കുവാനും റോയല്‍റ്റിയായി ലഭിച്ചതു മുഴുവന്‍ തിരിച്ചടക്കാനുമായി ട്രംപിന്റെ അറ്റോര്‍ണി ഷ്വാര്‍ട്‌സിന് നോട്ടീസയച്ചിരിക്കുന്നു. രാജ്യം അമേരിക്കയായതുകൊണ്ടും പ്രസിഡണ്ട് ട്രംപ് ആയതുകൊണ്ടും ഷ്വാര്‍ട്‌സിന്റെ തല തല-സ്ഥാനത്തുതന്നെ തുടരുമെന്നു നമുക്കു പ്രതീക്ഷിക്കാം, നിയമം നിയമത്തിന്റെ വഴിക്കും. മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍, ഗോസ്റ്റ് റൈറ്ററിലെ റൈറ്റര്‍ ഇല്ലാതാവുകയും ഗോസ്റ്റ് അവശേഷിക്കുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിനു വലിയ താമസമുണ്ടാവുമായിരുന്നില്ല. 

തിരഞ്ഞെടുപ്പു പ്രചരണത്തില്‍ ട്രംപിനെതിരായി ഷ്വാര്‍ട്‌സ് ആവുന്നതെല്ലാം ചെയ്തു. തന്റെ പിഴയായി, വലിയ പിഴയായി ആ പുസ്തകത്തെ വിശേഷിപ്പിച്ചു. അതിലുള്ള വാചകങ്ങള്‍ വായിച്ചു വിവരിച്ചു. ഒടുവില്‍ നെഗറ്റീവ് പബ്ലിസിറ്റി എന്ന ഒരു സംഗതിയില്ലെന്നും എല്ലാം പബ്ലിസിറ്റിയൊന്നുമാത്രമാണെന്നുമുള്ള ട്രംപ് നീരീക്ഷണം ശരിയാക്കി ഹില്ലരി റോധം ക്ലിന്റണ്‍ അടിയറപറഞ്ഞു. ഹില്ലരിയുടെ വിജയം സുനിശ്ചിതമെന്നു കരുതിയ ലോകം വാപൊളിച്ചു, അത്രമേല്‍ ഉറപ്പില്ലാതെ ഷ്വാര്‍ട്‌സും എതിര്‍പ്രചരണത്തിനു തുനിയുമായിരുന്നില്ല. 


www.fortunedotcom.files.wordpress.com
             നിയുക്ത പ്രസിഡണ്ട് ജനതയെ അഭിസംബോധന
ചെയ്യുന്നു (കടപ്പാട്: ഫോര്‍ച്യൂണ്‍.കോം)
ആഹ്ലാദപ്രകടനത്തിനും രാജ്യത്തെ അഭിസംബോധനചെയ്യാനും തയ്യാറെടുപ്പു നടത്തിയിരുന്ന ഹില്ലരിയെ പരാജയപ്പെടുത്തിയ ട്രംപ് ജനതയെ അഭിസംബോധന ചെയ്ത ശൈലി കാണേണ്ടതാണ്. തന്നിലെ വൈരുദ്ധ്യങ്ങളുടെ ആകെത്തുകയും അവിടെ പ്രകടമാക്കി. പതിവിനു വിപരീതമായി, അക്രമണോത്സുകമായ ശൈലി വെടിഞ്ഞ് ആരെയും കൈയ്യിലെടുക്കുന്ന സംഭാഷണചാതുരിയോടെ തുടക്കം. അമിതാഹ്ലാദമേതുമില്ലാതെ, തന്റെ വിജയം കൂടെനിന്നവര്‍ക്കായി വീതിച്ചുകൊടുക്കുന്ന ഒരു മാതൃകാനേതാവായി ആയൊരൊറ്റ പ്രസംഗത്തിലൂടെ ട്രംപ്. തലേദിവസം വരെ ഹില്ലരിയെ ജയിലിലടക്കുമെന്നു പറഞ്ഞ ട്രംപ്, അവര്‍ രാഷ്ട്രത്തിനു നല്കിയ സംഭാവനകളെ വാഴ്ത്താനും മറന്നില്ല. ട്രംപിന്റെ ശൈലിവച്ച്, ഇനിയും പ്രതീക്ഷിക്കാം, ഒരു പക്ഷേ ഷ്വാര്‍ട്‌സ് തന്നെ ട്രംപിന്റെ ശിഷ്ടകാല പ്രഡിഡന്‍ഷ്യല്‍ ജീവിതവും അടയാളപ്പെടുത്തുന്നത്. 




No comments: