Thursday, November 17, 2016

ബുദ്ധിജീവികളുടെ കൈയ്യിലിരിപ്പുകള്‍

A snapshot of The Guardian's opinion page
ഇന്നലെയാണ് സായിപ്പിന്റെ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രൊഫസര്‍ ജയതി ഘോഷിന്റെ കടുപ്പപ്പെട്ട മുദ്രാവാക്യങ്ങള്‍ അച്ചടിച്ചുകണ്ടത്. ലേഖനം എന്നും പറയാം. സായിപ്പിന്റെ ഭാഷയില്‍ ഒപീനിയന്‍ സെക്ഷനിലാണ് സംഗതി. മുദ്രാവാക്യങ്ങളെല്ലാം വായിച്ചപ്പോഴേക്കും കണ്ണുതള്ളിപ്പോയി. ഇനി ആരാണ് ജയതി ഘോഷ്, ആരാണീ ഗാര്‍ഡിയന്‍ എന്നുകൂടി നോക്കണം.

എന്തുചെയ്യാം, സായിപ്പുണ്ടായിരുന്നതുവരെ സുന്ദരിയും സുശീലയുമായിരുന്നു ഇന്ത്യ. സായിപ്പ് നാടുനീങ്ങിയതോടെയാണ് കണ്ട തെണ്ടികളെല്ലാം കൈവെച്ച് ആ സുന്ദരി പെരുവഴിയിലെ അഭിസാരികയായിപ്പോയത് എന്നു മേനി നടിക്കുന്ന, ഇവിടുത്തെ നേട്ടങ്ങളും സംസ്‌കാരവുമെല്ലാം സായിപ്പിന്റെ സംഭാവനയാണെന്നു വിശ്വസിക്കുന്ന,  ഇവിടത്തുകാര്‍ പണ്ടുപണ്ടേ, വാത്മീകിയുടെ കാലം തൊട്ടെ കൊള്ളക്കാരും പാമ്പാട്ടികളും ഒന്നിനും കൊള്ളാത്തവരും അവരുടെ നേതാക്കള്‍ തലയില്‍ ചളിമാത്രമുള്ളവരും തൃണസമാനരും മാത്രമാണെന്നു പ്രഖ്യാപിച്ച, രാജ്ഞിദാസനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ നാട്ടിലെ കടലാസാണ് ഗാര്‍ഡിയന്‍. തൃശൂര്‍പൂരത്തിന്റെ ഫോട്ടോയെടുത്ത് ജനസംഖ്യാമഹാവിസ്‌ഫോടനത്തിന്റെ വക്കിലെ ഇന്ത്യയെ പറ്റി വേദനിച്ചവരുടെ മറ്റൊരു പതിപ്പ്. രാഷ്ട്രപുരോഗതിയില്‍ അസഹിഷ്ണുക്കളായവരുടെ പത്രം. അതിലപ്പുറം ഒരിന്ത്യാ സ്‌നേഹം ഗാര്‍ഡിയനുള്ളതായി അറിവില്ല.

ജയതി ഘോഷ് ഇന്ത്യയിലെ ജെ.എന്‍.യു കേന്ദ്ര സര്‍വ്വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം പ്രൊഫസറാണ്. അതായത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്നര്‍ത്ഥം. ഇന്ത്യാഗവണ്‍മെന്റിന്റെ ഒരു പോളിസി ഡിസിഷനാണ് ഡിമോണിറ്റൈസേഷന്‍ എന്നറിയാത്ത ഒരാളായിരിക്കില്ല ഘോഷ്. സായിപ്പിന്റെ കടലാസില്‍ അവര്‍ പ്രഖ്യാപിക്കുന്നത് മോദി പബ്ലിസിറ്റി ലക്ഷ്യമിട്ട് നടത്തിയ ഒരു നീക്കമല്ലാതെ മറ്റൊന്നുമല്ല ഡിമോണിറ്റൈസേഷന്‍ എന്നാണ്. അവരുടെ പ്രധാന ദു:ഖം എന്തുകൊണ്ട് ആവശ്യമായ സമയം നല്‍കി നോട്ടുകള്‍ പിന്‍വലിച്ചില്ലെന്നതും. അവിടെയാണ് കളി. ഡിമോണിറ്റൈസേഷന്‍ എന്ന സംഗതി തന്നെ അവസാനത്തെ ആയുധമാണ്. അത്തരം ഒരു സംഗതി, എവിടെയും നടപ്പിലാക്കുക കടുത്ത തീരുമാനം ആവശ്യമായി വരുമ്പോഴാണ്. ഒരു ലക്ഷ്യത്തിന്റെ തീവ്രതക്കനുസൃതമായാണ് അതിലേക്കുള്ള മാര്‍ഗം ലോകത്തെവിടെയായാലും നിശ്ചയിക്കപ്പെടുക. ഇന്നൊരു പേജ് വായിച്ചു മടക്കിവച്ച് രണ്ടാഴ്ചകഴിഞ്ഞ് ബാക്കി വായിക്കേണ്ട നോവലല്ല കടുത്ത നയതീരുമാനങ്ങള്‍ എന്നറിയാത്തവരല്ല സാമ്പത്തിക ശാസ്ത്രജ്ഞര്‍.  ചര്‍ച്ചില്‍ പറഞ്ഞ മെന്‍ ഓഫ് സ്‌ട്രോ മാത്രമാണ് താന്‍ എന്നു തെളിയിക്കുകയാണ് ഘോഷ് ഓരോ വരികളിലൂടെയും. ഇവിടുത്തെ ഫെയ്‌സുബുക്കു ബുദ്ധിജീവികള്‍ എഴുതിവച്ചതിലപ്പുറം ഒന്നും പറയാന്‍ അവര്‍ക്കില്ല.

85ശതമാനം തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്നത് കറന്‍സിയിലാണെന്നു ജയതി ഘോഷ് എഴുതുന്നു. തീര്‍ച്ചയായും അതേ, എന്നാല്‍ അവരുടെ കൂലി മിനിമം വേജസ് ആക്ട് പ്രകാരം വെറും 200ല്‍ താഴെയാണെന്നെത് സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. 200 രൂപ കൂലിക്കാര്‍ക്ക് 500 കൊടുത്ത് ബാക്കി ടിപ്പാക്കിയാവണം മുതലാളിമാര്‍ കൊടുത്തുകൊണ്ടിരിക്കുന്നത് എന്നു പറയാത്തതു ഭാഗ്യമായിവേണം കരുതാന്‍. ഇനി ഇതു പറഞ്ഞ ഘോഷ് മറ്റൊരിടത്തു പറയുന്നു - ചെറുകിട കച്ചവടക്കാര്‍ക്ക് ബ്ലേഡ് അഥവാ മണിലെന്‍ഡേഴ്‌സില്‍ നിന്നുകൂടി ആവശ്യത്തിനു കാശ കിട്ടാത്ത അവസ്ഥയാണുള്ളത്. ഈ ബ്ലേഡ് ഏര്‍പ്പാട് നിയമവിരുദ്ധവും, കള്ളപ്പണക്കാരുടെ പണിയാണെന്നും, രാജ്യം അതിനെതിരെയുള്ള പ്രവര്‍ത്തനത്തിലാണെന്നു അറയാത്ത പാവം സാമ്പത്തിക വിദഗ്ധയാവണം ഘോഷ്.

സായിപ്പില്ലേ, സന്തോഷായിക്കോട്ടെ എന്നു കരുതിക്കാണണം. ജയതി ഘോഷ് വച്ചുകാച്ചുകയാണ് -  ഇന്ത്യന്‍ സ്ത്രീകളില്‍ 80 ശതമാനത്തിനും ബാങ്ക് അക്കൗണ്ടില്ല. ഇനി ഈ പ്രപഞ്ചസത്യം ഗവേഷക കണ്ടെത്തിയതാവട്ടെ, ഒരു യു.എന്‍.ഡി.പി റിപ്പോര്‍ട്ടിനെ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യ ഡിസംബര്‍ 2015 എഴുതിയ ഒരു റിപ്പോര്‍ട്ടും.  ഗംഗ പിന്നെയുമൊഴുകിയ കാര്യമൊന്നും ഗവേഷകയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവില്ല. ജന്‍ധന്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടുകളെക്കുറിച്ചും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്, അധാര്‍ ലിങ്കിങ് എന്നതിനെക്കുറിച്ചൊന്നും പ്രൊഫസര്‍ അറിഞ്ഞതേയില്ലെന്നു തോന്നുന്നു. അക്കാര്യങ്ങളൊന്നും, ആ വഴിയിലെ ഇന്ത്യയുടെ മുന്നേറ്റമൊന്നും പ്രൊഫസര്‍ക്ക് വിഷയമല്ല. ഈ അറിവില്ലായ്മയും നമുക്കു പൊറുക്കാം - ഞാനുദ്ദേശിച്ച അറിവ്, വിവരമല്ല നന്ദിയാണ്. ഈ ജനതയുടെ നികുതിപ്പണമാണല്ലോ ശമ്പളമായി വാങ്ങുന്നത്. അതിനുള്ള നന്ദി വേണമെന്നില്ല, പക്ഷേ നന്ദികേടാവരുത് എന്നേയുള്ളൂ.

'And Indian women, 80% of whom don’t have a bank account, may now find they have to use their stashes of cash, and risk losing control of it, especially in the face of domestic abuse.' ഗാര്‍ഡിയന്റെ ഭാഷയില്‍ വേള്‍ഡ്‌സ് ലീഡിങ് ഇക്കണോമിസ്റ്റിന്റെ മഹത്തായ ഗവേഷണത്തിന്റെ കണ്ടെത്തലാണ് മുകളിലിട്ടത്. വയങ്കരം എന്നോ ഫീഗരം എന്നോ മലയാളത്തില്‍ പറയേണ്ടുന്ന സംഗതി.

അവര്‍ ലേഖനം അവസാനിപ്പിക്കുന്നത് ഈ വാചകത്തിലാണ് - Modi’s penchant for optics rather than substance was always annoying; but this time it has acquired truly damaging proportions. ഇനി എല്ലായിടത്തും മോദിയെ ഏതാണ്ടൊരു ഹിറ്റ്‌ലറാക്കി അവതരിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല മറുപടിയാണ്  ഗാര്‍ഡിയനിലെ ഈ ലേഖനം. എങ്ങിനെയെന്നാവും ഇല്ലേ?  എന്റെ അറിവില്‍ ജെ.എന്‍.യു കേന്ദ്രസര്‍വ്വകലാശാലയാണ്. ഇപ്പോഴത്തെ അവസ്ഥയെ അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യുന്ന പോസ്റ്റു മുതലാളിമാരും ലൈക്കു തൊഴിലാളികളും ഒന്നാലോചിക്കണം - ഇതെഴുതുവാനുള്ള അവരുടെ സ്വാതന്ത്രം ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ അവസ്ഥയാണ്.

No comments: