ദാമ്പത്യം എന്നതു തൃഷ്ണകളിൽ നിന്നും ഉടലെടുക്കുന്ന, ഉടലുകളെ ചേർത്തുനിർത്തുന്ന ഒരു സമർപ്പിത രതിഭാവവും ലയവുമാണ്. ഭാവി അനിശ്ചിതത്വങ്ങൾക്കു ആനുപാതികമായി ഏറിയും കുറഞ്ഞുമിരിക്കുന്നതാണ് തൃഷ്ണയുടെ തീവ്രത. ഒന്നിനുമൊരു നിശ്ചയവുമില്ലാത്ത, അനിശ്ചിതത്വവും അസ്ഥിരതയുമാണ് പ്രകൃതിയുടെ ശാശ്വത ഭാവം എന്നു നിരീക്ഷിച്ചിരുന്നു നമ്മുടെ തത്വചിന്തകർ. പ്രകൃതിയുടെ ഒരു സൂക്ഷ്മാംശമായി മനുഷ്യനെയും കണ്ടവർ ചഞ്ചലമായ പ്രകൃതിയിൽ അചഞ്ചലമായ ബന്ധത്തിനായുള്ള ശ്രമങ്ങളെ ചില്ലറ അഹങ്കാരമായാണു വീക്ഷിച്ചത്. ദൈവത്തെ ചിരിപ്പിക്കുവാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ഭാവിപരിപാടികൾ മൂപ്പരോടു പറഞ്ഞാൽ മതിയെന്ന പഴമൊഴിയുടെ ഉത്ഭവം അവിടെയാവണം. എന്തിലുമേറെയായി സ്വന്തം കഴിവിൽ വിശ്വാസമുള്ള മനുഷ്യൻ സ്വന്തം പദ്ധതികളുമായി മുന്നോട്ടു തന്നെ പോയി.
No comments:
Post a Comment