മനുഷ്യൻ ചന്ദ്രനിലേക്കു കാലുകുത്തിയത് 1969ലാണെങ്കിൽ, കൊറോണ വൈറസിനെ കണ്ടെത്തിയത് 1960ലാണ്. ചന്ദ്രനിൽ പിന്നെ കാലു കുത്തിയില്ല, കൊറോണയുടെ കാലു കൊത്തിയതുമില്ല. 60 വർഷം മുന്നെ, നമ്മളിൽ പലരും ജനിക്കുന്നതിനു മുന്നേ ശാസ്ത്രജ്ഞർ കണ്ടെത്തിയ കൊറോണയാണ് പല രൂപഭാവങ്ങളിൽ, ഒടുവിൽ കോവിഡ് 19 ആയി, അവതരിച്ചതായി ശാസ്ത്രം കണ്ടെത്തുന്നത്. കണ്ടെത്തലും തിരിച്ചറിവും രണ്ടാണ്. കണ്ടെത്തൽ ബുദ്ധിയുടെ കണക്കിലും തിരിച്ചറിവു വിവേകത്തിന്റെ കണക്കിലും വരവു വെക്കപ്പെടേണ്ടതാണ്. കണ്ടെത്തലുകളുടെ ധാരാളിത്തത്താൽ പരിഹരിക്കാവുന്നതല്ല തിരിച്ചറിവുകളുടെ ഇല്ലായ്മകളും വല്ലായ്മകളും കൊണ്ടുചെന്നെത്തിച്ച ഒരു പ്രതിസന്ധി. അറുപതു വർഷം മുന്നേ മനുഷ്യൻ കണ്ടെത്തിയ ഒരു വൈറസിന് ഇത്രമേൽ വലിയ ഒരാഘാതം മനുഷ്യരാശിക്കുമേൽ പതിപ്പിക്കാനായത് മറ്റെങ്ങിനെയാണ്? ഒന്നുകിൽ സംഭവ്യമായ അപകടങ്ങളെ നമ്മൾ അവഗണിച്ചു അല്ലെങ്കിൽ നമ്മുടെ മുൻഗണനകളെ അനർഹവും അവിഹിതവുമായ സർവ്വതും അപഹരിച്ചു. മനുഷ്യ ശരീരത്തെ മാത്രമല്ല, ബോധമില്ലാത്ത ഭരണസംവിധാനങ്ങളുടെയും, വിശ്വാസപ്രമാണങ്ങളുടെയും, തത്വദീക്ഷയില്ലാത്ത തത്വചിന്തകളുടെയും, അസ്തിത്വത്തെ കൂടിയാണ് കൊറോണ പിടിച്ചുലയ്ക്കുന്നത്.
No comments:
Post a Comment